Followers

Saturday, April 27, 2019

ആശയത്തുറുങ്കുകൾ ഭേദിക്കുന്ന എഴുത്തുകാരൻഎം കെ ഹരികുമാറുമായി അഭിമുഖം:
 അജയൻ പനയറ*
ജീവിതം ഒരേസമയം നിർമാണവും നിരാസവുമാണ്‌; സാഹിത്യവും പറഞ്ഞുകേട്ട മൊഴിവഴക്കങ്ങളെയതിലംഘിക്കുമ്പോഴാണ്‌ എഴുത്ത്‌ നവീനമാകുക. 'പുതമേ പുൽകുക' എന്ന കവിവിളി ജീവിതമെന്ന നിത്യനൂതനതയുടേതാകുന്നു. എഴുതിയ കൃതി വായിക്കപ്പെടേണ്ടതും സിദ്ധാന്തങ്ങളുടെ കണ്ണടയിലൂടെയല്ല. സ്വന്തം ഉൾക്കണ്ണിന്റെ തെളിമയിലൂടെ എഴുതുകയും വായിക്കുകയും ചെയ്യുമ്പോഴാണ്‌ കൃതി നവീനമാകുന്നത്‌.

എഴുത്ത്‌ കേവലം കൈവേലയല്ല. അതിൽ ജീവിതത്തിന്റെ സങ്കീർണതയും സാരള്യവും സമ്മേളിക്കണം. കടലിൽ ഉപ്പുപോലെ അസ്തിത്വത്തിന്റെ അജ്ഞേയതകളെക്കുറിച്ചുള്ള അന്വേഷണവും ലാവണ്യത്തിന്റെ അപാരതകൾ തേടിയുള്ള സഞ്ചാരവും എഴുത്തിനെ സർഗാത്മകമാക്കുന്നു. ഒറ്റക്കണ്ണടയിലൂടെ എല്ലാം വായിക്കുകയും കാണുകയും ചെയ്യുന്നവരുടെ കാലത്ത്‌ ഓരോ എഴുത്തും വായനയും ഓരോ കാഴ്ചയായി മാറുന്ന അതീത രസതന്ത്രത്തിന്റെ കളയാണ്‌, കാലം ആവശ്യപ്പെടുന്നത്‌.
പുതിയ ഭാഷയും ദാർശനികവ്യവഹാരങ്ങളുമായി 1982 മുതൽ നമ്മുടെ എഴുത്തിടത്തിൽ  ഒരെഴുത്തുകാരനുണ്ട്‌. ആൾക്കൂട്ടത്തിൽ ആരവങ്ങൾ അകമ്പടി സേവിക്കാനില്ലെങ്കിലും ഈ മനുഷ്യൻ എഴുതുന്നു; പറയുന്നു; ചിന്തിക്കുന്നു; വായിച്ചുകൊണ്ടേയിരിക്കുന്നു. 1982 ൽ എഴുതിത്തുടങ്ങിയ എം.കെ. ഹരികുമാർ എന്ന കൂത്താട്ടുകുളത്തുകാരൻ ഒറ്റയാനായത്‌ യാദൃശ്ചികമല്ല. മീനച്ചിലാറിന്റെ എക്കൽ വീണ ഈ ഭൂമിയിലാണ്‌ 'ധിക്കാരിയുടെ കാതൽ' പൂതലിക്കാതെ സി.ജെ. എന്ന മറുപ്പാടുള്ള ഒറ്റയാൻ പിറന്നത്‌. ചോദ്യം ചെയ്യാനാകാതെ മതഘടനയുടെ മതിൽക്കെട്ടുകൾ നിയമപോരാട്ടത്തിലൂടെ തകർത്തെറിഞ്ഞ മേരി റോയിയുടെ നാടാണ്‌ കൂത്താട്ടുകുളം. അഭിനയകലയിലെ നടരാജ പൗരുഷമായ തിലകപ്പെരുന്തച്ചനും കൂത്താട്ടുകുളത്തിനു സ്വന്തം ഏറെയകലെയല്ലാതെ, അന്തർജനങ്ങളുടെ അന്തർഗതങ്ങൾ ചാർത്തിയ ലളിതാംബിക അന്തർജനവുമുണ്ട്‌.

ഈ പാരമ്പര്യത്തിലാണ്‌ എം.കെ. ഹരികുമാറിന്റെയും നില. എം.എ. കാലത്തെഴുതിയ 'ആത്മായനങ്ങളുടെ ഖസാക്ക്‌' ഒരു പുസ്തകം അർഹിച്ച ഏറ്റവും മൗലികമായ വായനയായിരുന്നു. വാക്കും വസ്തുവും എഴുത്തുകാരനും എഴുത്തിടവും ഒന്നാകുന്ന 'നവാദ്വൈത'ത്തിന്റെ ദർശനം മലയാളി രുചിച്ചതും ഈ മനുഷ്യന്റെ എഴുത്തിലൂടെയാണ്‌. മലയാള നോവലിൽ പുതിയ അനുഭവാകാശമായി പിറന്നുവീണ നോവലുകളാണ്‌ 'വാൻഗോഗിന്‌, ശ്രീനാരായണായ, ജലഛായ' എന്നിവ. നോവൽ പൊഴിഞ്ഞുപോകുന്ന 'മീശ' പോലെ ക്ഷണിക പ്രതികരണങ്ങളുടെ ഈയാമ്പാറ്റകളാകുമ്പോൾ സർഗാത്മാകതയുടെ പക്വതപുലർത്തുന്ന നോവലുകളാണിത്‌.
എഴുത്തിനെക്കുറിച്ചും സ്വന്തം രചനാലോകത്തെക്കുറിച്ചും പറയുന്നതിനേക്കാൾ, ജീവിതത്തിന്റെ ഉപപ്രദേശങ്ങളെക്കുറിച്ച്‌ പറയാനും ചിന്തിക്കാനുമാണ്‌ ഈ മനുഷ്യന്‌ ഇഷ്ടം. കാരണം എഴുത്തും ജീവിതവും പേനയുന്തലല്ലെന്നും, വിചാരങ്ങളുടെയും ചിന്തയുടെയും വിളഭൂമിയാണെന്നും കരുതുന്നു, എം.കെ. ഹരികുമാർ.
ജീവിതം എന്നതിന്‌ ഉത്തരം പലതാകാം.
എം.കെ: എഴുതിയപ്പോഴാണ്‌ ഞാൻ എങ്ങനെയാണ്‌ ജീവിച്ചതു എന്നു മനസിലാക്കിയത്‌. എനിക്ക്‌ എന്നെക്കുറിച്ച്‌ വലിയ അറിവില്ലായിരുന്നു. ഒരു പിടികിട്ടാത്ത, വഴുതിപ്പോകുന്ന സ്വഭാവം എന്നിലുണ്ട്‌. അതിനെ തോൽപ്പിച്ചതു എഴുതിയപ്പോഴാണ്‌. കാരണം എഴുതിയത്‌ സ്ഥിരമായിരിക്കുന്നു.
ജീവിതവും എഴുത്തും രണ്ടാമതാകുന്ന അദ്വൈതമാണ്‌ ഈ വാക്കുകളിൽ തെളിയുന്നത്‌. ജീവിതം മടുപ്പിക്കും. മടുപ്പില്ലാതെ ജീവിക്കുവാൻ കഴിയുമ്പോഴാണ്‌ ജീവിതം ഒഴുകിപ്പരക്കുന്നത്‌.
എം.കെ: എപ്പോഴും മടുപ്പുണ്ട്‌. മടുപ്പിനെതിരെയുള്ള യുദ്ധമെന്നത്‌ സർഗാത്മകമാകുകയാണ്‌. എഴുത്ത്‌ മടുപ്പില്ലെന്നു സ്ഥാപിക്കാനുള്ള യത്നമാണ്‌.
എഴുത്ത്‌ ജീവിതത്തിന്റെ സജീവതയും സഫലതയുമായെണ്ണുന്ന ഈ എഴുത്തുകാരൻ മരണത്തെക്കുറിച്ച്‌ സവിശേഷമായ ഒരു ഉപദർശനം മുന്നോട്ടുവയ്ക്കുന്നു.

മരണം
എം.കെ: ജീവിതത്തിനുള്ളിൽ നിരവധി മരണങ്ങളെ കണ്ടുകഴിഞ്ഞു. ജീവിതം ബോണസാണ്‌. മുടക്കുമുതൽ എന്നേ കിട്ടിയതാണ്‌. മരണത്തിനും അപ്പുറത്തുള്ള ജീവിതമാണ്‌ ചിലപ്പോഴൊക്കെ ജീവിച്ചതു. എന്നാൽ മരണമില്ല. ഭൗതികമരണം കഴിഞ്ഞാലും മനുഷ്യർ ജീവിക്കും. അതവരുടെ മരണത്തിന്റെ ജീവിതമാണ്‌. എന്നാൽ മരണമില്ല. ഭൗതികമരണം കഴിഞ്ഞാലും മനുഷ്യന്‌ ജീവിക്കാം. അതവരുടെ മരണത്തിന്റെ ജീവിതമാണ്‌. മൃതിക്ക്‌ ഒരു ജീവിതമുണ്ട്‌. അത്‌ മൃതരായവർക്കുള്ളതാണ്‌.

മരിച്ചാലും മരിക്കുന്നില്ല മനുഷ്യൻ എന്നാണ്‌ എം.കീയുടെ ദർശനം. മൃതിക്കും ജീവിതമുണ്ട്‌ എന്നത്‌ ഭാരതീയമായ ദർശനത്തിന്റെ മറുപുറം കണ്ടവന്റെ ഉന്നത വിചാരമാണ്‌, ബോധമാണ്‌.
അജയൻ പനയറ: മരണം പോലെ ജീവിതത്തിൽ പ്രധാനമാണല്ലോ പ്രണയവും. പ്രണയത്തെ താങ്കളെങ്ങനെയാണ്‌ തിരിച്ചറിയുന്നത്‌?
എം.കെ: പ്രണയം എപ്പോഴുമുണ്ട്‌. പ്രണയം ഇല്ലാതാകൽ മരണം പോലെയാണ്‌. അവയവങ്ങൾ നഷ്ടപ്പെടുന്നതുപോലെയാണ്‌. പ്രണയം കുറെക്കഴിയുമ്പോൾ ഒന്നും വിനിമയം ചെയ്യാനാകാത്തവിധം സ്തംഭിക്കും. അതാണ്‌ അപകടമേഖല. അതൊരു ഗുഹയാണ്‌. എങ്കിൽ, വായു കിട്ടാത്ത അറയാണ്‌, വിനിമയം നഷ്ടപ്പെടുന്ന അവസ്ഥ. വിനിമയരാഹിത്യം പ്രണയരാഹിത്യമാണ്‌.
അജയൻ: അപ്പോഴാണോ കാമുകൻ കാമുകിയെ/കാമുകി കാമുകനെ കൊല്ലേണ്ടിവരുന്നത്‌.
എം.കെ: പ്രണയിക്കുന്നവർക്ക്‌ പ്രണയത്തെ കൊല്ലാനുള്ള അഗാധമായ ഒരു വാസനയുണ്ട്‌. അതിലേക്ക്‌ ഒരാൾ ചെന്നെത്തുന്നത്‌ ആത്മഹത്യാപരമാണ്‌.
അജയൻ: പ്രണയത്തിന്റെ അടിസ്ഥാനശ്രുതി രതിയാണല്ലോ. രതിയില്ലാതെ പ്രണയമില്ല. ആ രതി ശാരീരികമാകാം, അല്ലാതെയുമാകാം. എന്നാൽ ഇന്ന്‌ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പരികൾപനയാണത്‌. എന്താണ്‌ രതിയെക്കുറിച്ച്‌ താങ്കളുടെ സങ്കൽപം?
എം.കെ: രതി സ്വച്ഛന്ദസൗന്ദര്യമാണ്‌. അതൊരു സിദ്ധിയാണ്‌. അവിടെ കുശുമ്പും അസൂയയുമില്ല. ശരീരമുള്ളപ്പോഴുള്ള രതിയാണ്‌ പ്രധാനം. മരിച്ചവർക്ക്‌ രതിയുണ്ടെങ്കിലും നമ്മൾ അറിയുന്നില്ല.
സ്നേഹത്തെക്കുറിച്ച്‌ ഈ മനുഷ്യന്‌ ചിലത്‌ പറയാനുണ്ട്‌. സ്നേഹത്തെക്കുറിച്ച്‌ പറഞ്ഞുകേട്ടതിൽ നിന്നൊക്കെ വേറിട്ട്‌, ലളിതമായ ഒന്നാണ്‌ ഹരികുമാറിന്‌ സ്നേഹം.
എം.കെ: സ്നേഹം ഒരു നിശ്ശബ്ദമായ ബന്ധമാണ്‌. സ്നേഹിക്കുന്നവർ വഞ്ചിക്കാറില്ല. സ്നേഹം ഒരു പശയാണ്‌. അതിൽ ഒട്ടണം.
പരസ്പരം ഒട്ടിപ്പിടുത്തത്തിന്റെ പശിമയാണ്‌ സ്നേഹത്തെ കാലാതിവർത്തിയാക്കുന്നത്‌ എന്ന്‌ വിശ്വസിക്കുകയാണ്‌ എം.കെ. ഹരികുമാർ. 
സ്നേഹത്തിന്റെയും പ്രണയത്തിന്റെയും അടയാളമാണല്ലോ, ചുംബനം. തെരുവിൽ ചുംബനമത്സരങ്ങൾ നടന്ന നാട്ടിൽ ചുംബനത്തെ ഈ എഴുത്തുകാരൻ അടയാളപ്പെടുത്തുന്നത്‌ ഇങ്ങനെ:
എം.കെ: ഒരു ആണ്‌ കാമുകിയെ ചുംബിക്കുമ്പോൾ ലോകം അവിടേയ്ക്ക്‌ വരാതെ നോക്കണം. അതൊരു സ്വാതന്ത്ര്യ പ്രഖ്യാപനവും ജീവിതവുമാണ്‌. ഏറ്റവും ശ്രേഷ്ഠമായ ജീവിതം ചുംബനത്തിലുണ്ട്‌.
ചുംബനം സ്വകാര്യതയുടെ സൗന്ദര്യനിമിഷമായും ജീവിതത്തിന്റെ ശ്രേഷ്ഠതയായും കരുതുമ്പോഴാണ്‌ അതിന്‌ പ്രായം കൂടുന്നതെന്നാണ്‌ ഈ ചിന്ത തെളിയിക്കുന്നത്‌.
അജയൻ: ജീവിതത്തിൽ ഏറെ വായിക്കുന്നയാളാണ്‌ താങ്കൾ. വായന താങ്കൾക്ക്‌ എന്താണ്‌?
എം.കെ: അഗാധമായി തപസിലെന്നപോലെ വായിക്കണം. ഓരോ വായനയും ഓരോ ജന്മം കടക്കലാണ്‌.

അജയൻ: അക്ഷരജാലകത്തിലൂടെ പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ എഴുത്തുകാരെ അങ്ങ്‌ പരിചയപ്പെടുത്തിയിട്ടുണ്ട്‌. വായിച്ച എഴുത്തുകാരിൽ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ?
എം.കെ: ഹെന്റി ഡേവിഡ്‌ തോറോ. തോറോ ദൈവത്തിന്റെ പ്രത്യേക വരദാനമാണ്‌. ഇതുവരെയുള്ളതിൽവച്ച്‌ ഏറ്റവും വലിയ മനസ്‌ ഞാൻ കണ്ടത്‌ തോറോയിലാണ്‌. മൃഗങ്ങൾ, ശബ്ദങ്ങൾ, കാട്‌, നിശബ്ദത, വായന, ചെടികൾ, ചരിത്രം, ഭൂമിശാസ്ത്രം, പര്യടനം തുടങ്ങി എല്ലാറ്റിലേക്കും ഒരുപോലെ സഞ്ചരിച്ച മനസ്‌. ഷേക്സ്പിയർ വലിയ മനസിനുടമയാണെങ്കിലും തോറോയാണ്‌ എനിക്ക്‌ പ്രിയങ്കരൻ. ഷേക്സ്പിയർക്ക്‌ മനഃശാസ്ത്രപരമായ അറിവാണ്‌ കൂടുതൽ. അദ്ദേഹത്തിന്റെ മുന്നിൽ പ്രകൃതിയില്ല.
അജയൻ: ജ്ഞാനത്തിന്റെ ബഹുസ്വരതയിലാണ്‌ എം.കെ. ഹരികുമാറിന്റെ രചനാലോകം നിലകൊള്ളുന്നത്‌. ജ്ഞാനം എന്ന സത്തയെ താങ്കൾ എങ്ങനെ കാണുന്നു.
എം.കെ: ജ്ഞാനത്തിനു സ്വതന്ത്രമായി മനസിനെ വിടണം. വിടുതലാണ്‌ 
ജ്ഞാനത്തിലേക്കുള്ളവഴി. എല്ലാ ബന്ധങ്ങളും ജ്ഞാനത്തിനു തടസമായേക്കാം.
എം.കെ. ഹരികുമാറിന്റെ ജീവിതത്തിൽ ആത്മീയതയുടെ അടിയടരുകൾ കാണാം. എഴുത്തിലൂടെ അദ്ദേഹം തേടുന്നതും സവിശേഷമായ ഒരു ആത്മീയതയാണ്‌. ആ ആത്മീയത കമ്പോളയുക്തിയുടെ ആത്മീയതയല്ല. അതുകൊണ്ടുതന്നെ ആത്മീയതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിചാരങ്ങൾ സവിശേഷ ശ്രദ്ധയർഹിക്കുന്നു.
എം.കെ: ഒരു ശലഭത്തിന്റെ ആത്മീയ ഔന്നത്യം മനുഷ്യനില്ല. മനുഷ്യർ ആത്മീയതയെ ഒരു ദ്വീപായിക്കണ്ട്‌ അവിടെയെത്താൻ പരിശീലിക്കുകയാണ്‌. പ്രകൃതിയിലെ ചെടികളും പക്ഷികളും ആത്മീയതയെ സ്വാഭാവികമായ ഭൗതികതയായി അനുഭവിക്കുന്നു.
സാമൂഹികജീവിതത്തിലെ അനിവാര്യതയായ രാഷ്ട്രീയത്തെക്കുറിച്ചും ഈ എഴുത്തുകാരൻ ചിന്തിക്കുന്നുണ്ട്‌. അതിങ്ങനെയാണ്‌.
എം.കെ.: രാഷ്ട്രീയം ഉന്നതമായ വ്യവഹാരമാണ്‌. പക്ഷേ, രാഷ്ട്രീയക്കാർ സ്വന്തമായി സ്വത്ത്‌ സമ്പാദിക്കരുത്‌. ആർഭാടം ഉപേക്ഷിക്കണം. ബുദ്ധൻ ബുദ്ധനാകുന്നത്‌ ആ ജീവിതം കൊണ്ടുകൂടിയാണ്‌.
മലയാള നോവൽ സാഹിത്യത്തിൽ സ്വന്തം ദർശനം വിളക്കിച്ചേർത്ത നോവൽത്രയത്തിന്റെ കർത്താവാണ്‌ ഹരികുമാർ. ആ നോവലുകളെക്കുറിച്ച്‌ അദ്ദേഹം പറയുന്നു.
എം.കെ: സർഗാത്മകകൃതികളിലേക്ക്‌ കടന്നത്‌ എന്നിലെ ആന്തരിക നിർബന്ധം കൊണ്ടാണ്‌. എന്റെ നോവൽത്രയം - ജലഛായ, ശ്രീനാരായണായ, വാൻഗോഗിന്‌ ഇവ ഒരു അത്ഭുതം തന്നെയായി എനിക്കു തോന്നുന്നു. മലയാള ഭാവനയ്ക്ക്‌ അജ്ഞാതമായ ലോകങ്ങളാണ്‌ അതിലുള്ളത്‌. ജലഛായ നൂറുവർഷം കഴിഞ്ഞാലും മലയാളത്തിൽ സാഹിത്യപര്യവേഷണത്തിനുള്ള അത്ഭുതദേശമായി നിലനിൽക്കും. ശ്രീനാരായണായ സാഹിത്യരചനയുടെ പാരമ്യമാണ്‌. സാഹിത്യത്തിന്‌ ഇതിനപ്പുറം പോകാൻ സാധിക്കില്ല. ലോകത്തിലെ ഏത്‌ എഴുത്തുകാരന്റെ കൃതിയോടും ഇത്‌ മത്സരിക്കും, വിജയിക്കും.
വാൻഗോഗിന്‌ - ചിത്രകലയുടെയും ആത്മീയതയുടെയും ഏറ്റവും ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന കൃതിയാണ്‌. ഇതുവരെ കാണാത്ത വാൻഗോഗ്‌ എന്ന കലാകാരനെയാണ്‌ അതിൽ ആവിഷ്കരിക്കുന്നത്‌.
ഈ മൂന്നു നോവലിലും ഉള്ളത്‌ എന്റേതന്നെ ദർശനമാണ്‌.
ആത്മായനങ്ങളുടെ ഖസാക്കും നവാദ്വൈതവും
ആദ്യപുസ്തകമാണെങ്കിലും ആത്മായനങ്ങളെ ജയിക്കാൻ ഇപ്പോഴും കഴിയുന്നില്ല. മലയാള വിമർശന പാരമ്പര്യത്തെയാകെ തള്ളിക്കളഞ്ഞുകൊണ്ട്‌ വൈയക്തികകലയെ ആഘോഷമാക്കാൻ എനിക്ക്‌ അതിലൂടെ കഴിഞ്ഞു. മലയാളത്തിലെ ആദ്യത്തെ വിമർശക കലാസൃഷ്ടി ആത്മായനങ്ങളുടെ ഖസാക്ക്‌ ആണ്‌ എന്നു ഞാൻ വിശ്വസിക്കുന്നു.
ഞാൻ ദൈവത്തെ വിളിക്കാറുണ്ട്‌. എന്റെ ജഡതയെ അത്‌ സചേതനമാക്കുന്നു. 2010ൽ മൂകാംബികയിലും കുടജാദ്രിയിലും പോയിവന്നശേഷമാണ്‌ എനിക്ക്‌ നവാദ്വൈത ദർശനം കിട്ടിയത്‌ എന്നത്‌ സത്യമാണ്‌. അതുവരെ നവാദ്വൈതത്തെക്കുറിച്ച്‌ അവ്യക്തമായ ധാരണയായിരുന്നു.
എം.കെ. ഹരികുമാർ വിശ്രമിക്കുകയല്ല. ഒരു നോവലും ഉപനിഷത്തിനെ കേന്ദ്രീകരിച്ചുള്ള ഒരു ദീർഘകാവ്യവും ഇപ്പോൾ ഉള്ളിൽ വഹിക്കുകയാണ്‌.
അവാർഡുകളെക്കാൾ തന്നെയറിഞ്ഞ്‌ വായിക്കുന്ന നൂറ്‌ വായനക്കാരാണ്‌ വലുതെന്ന്‌ വിശ്വസിക്കുന്നയാളാണ്‌ ഈ എഴുത്തുകാരൻ. ഭാഷയിൽ ജീവിക്കാനാഗ്രഹിക്കുന്ന ഈ മലയാളിക്ക്‌ ഭാഷതന്നെയാണ്‌ ജീവിതം. ഭാഷകൊണ്ട്‌ തന്നെത്തന്നെ അന്വേഷിക്കാനും കണ്ടെത്താനും ശ്രമിക്കുകയാണ്‌ ഈ കൂത്താട്ടുകുളംകാരൻ. 
ഹരികുമാറിന്റെ എഴുത്തുലോകം വിസ്തൃതവും വിപുലവുമാണ്‌. 24 കൃതികൾ ഹരികുമാർ എഴുതിയിട്ടുണ്ട്‌. ഓരോന്നും മറ്റൊന്നിൽ നിന്ന്‌ വ്യത്യസ്തമാകുന്നു. ഓരോ കൃതിയിലും സവിശേഷമായ ഒരു ദർശനം അവതരിപ്പിക്കാനും ഹരികുമാർ ശ്രദ്ധിക്കുന്നു. തന്റെ നോവലുകളിലൂടെ നോവൽ എന്ന കലയുടെ അത്ഭുതകരമായ വഴികളിലൂടെ സഞ്ചരിക്കാനാണ്‌ ഈ എഴുത്തുകാരൻ ശ്രദ്ധിച്ചതു. സ്യൂഡോറിയലിസത്തെ - അവാസ്തവ യാഥാർത്ഥ്യത്തെ - വ്യാജയാഥാർത്ഥ്യത്തെ - നോവലിന്റെ 'നിൽപുതറയായി' അവതരിപ്പിക്കാൻ കഴിഞ്ഞൂ അദ്ദേഹത്തിന്‌. യാഥാർത്ഥ്യം തന്നെ വ്യാജമാകുകയും അത്‌ യാഥാർത്ഥ്യമായിത്തന്നെ പരിഗണിക്കുകയും ചെയ്യേണ്ടിവരുന്ന കലാപരമായ ദുരൂഹതാസൗന്ദര്യമാണ്‌ നോവലുകളിൽ അദ്ദേഹം തേടിയത്‌.
ഇന്ന്‌ ഉത്തരാധുനികതയുടെ പേരിൽ ഒട്ടേറെ എഴുത്തുകളും വായനകളും കളം നിറഞ്ഞാടുമ്പോൾ നാം ഓർക്കുക: മലയാളത്തിൽ ആദ്യമായി 'ഉത്തര-ഉത്തരാധുനികത' എന്ന പുസ്തകമെഴുതിക്കൊണ്ട്‌ ആ ദർശനം അവതരിപ്പിച്ചതു ഹരികുമാറാണ്‌.
ഉത്തരാധുനിക വിമർശകരും ചിന്തകരുമായ ഇഷെൽമാൻ, അലൻ കിർബി, നിക്കോള  ബോറിയ എന്നിവരെ അഭിമുഖത്തിലൂടെ പരിചയപ്പെടുത്തിയതും എം.കെ. ഹരികുമാറാണ്‌.
അക്ഷരജാലകം എന്ന പംക്തിക്ക്‌ ഇരുപത്‌ വയസാകുകയാണ്‌. ഇരുപതുവർഷങ്ങളായി സാഹിത്യവും ചിന്താഭേദങ്ങളുംകൊണ്ട്‌ മലയാളിയെ പുതുക്കിക്കൊണ്ടിരിക്കുകയാണ്‌ ഈ എഴുത്തുകാരൻ. അക്ഷരജാലകം എങ്ങനെയാണ്‌ വായനക്കാർ സ്വീകരിച്ചതെന്ന്‌ ഹരികുമാർ തന്നെ പറയുന്നതു കേൾക്കുക:
"അക്ഷരജാലകം വായിച്ച്‌ അത്യാവേശത്തോടെ വിളിച്ച ധാരാളം വായനക്കാരുണ്ട്‌. വായനക്കാരുടെ സ്നേഹം ആ പംക്തിയിലൂടെ പൂർണമായും എനിക്ക്‌ കിട്ടുകയായിരുന്നു. ഒരിക്കൽ ബാംഗ്ലൂരിൽ ചെന്നപ്പോൾ അക്ഷരജാലകത്തിന്റെ കട്ടിംഗുകളുമായി ഒരു സുഹൃത്ത്‌ കാണാൻ വന്നു. അക്ഷരജാലകം വായിക്കാൻ വേണ്ടി മാത്രമാണ്‌ വാരിക വാങ്ങുന്നതെന്ന്‌ പറഞ്ഞ ധാരാളം പേരുണ്ട്‌. അക്ഷരജാലകത്തിൽ എന്താണ്‌ എഴുതിയിട്ടുള്ളതെന്ന്‌ പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ വിളിച്ചുചോദിച്ചവരുമുണ്ട്‌.
എം.കെ. ഹരികുമാർ എന്ന നിരൂപകനെ, വായനക്കാരനെ, എഴുത്തുകാരനെ മലയാളത്തിലെ വലിയ പ്രതിഭകൾ തിരിച്ചറിഞ്ഞിട്ടുണ്ട്‌. വീണപൂവിലെ പൂവ്‌ പ്രതീകമല്ല, പൂവുതന്നെയാണെന്ന എം.കീയുടെ നിലപാടുകളെ ഗൗരവമാർന്ന നിരീക്ഷണമെന്ന്‌ തിരിച്ചറിഞ്ഞത്‌ കെ.പി. അപ്പനാണ്‌. വിമർശനത്തിന്റെ ഭാവി എം.കെ. ഹരികുമാറിനെപ്പോലുള്ളവരിലാണ്‌ എന്ന്‌ പറഞ്ഞത്‌ സുകുമാർ അഴീക്കോടാണ്‌. എം.കെ. ഹരികുമാറിന്റെ നവാദ്വൈതവും ശങ്കരാചാര്യരുടെ അദ്വൈത്വവും ഭിന്നദർശനങ്ങളാണെന്ന്‌ അംഗീകരിച്ചൂ ചാത്തനാത്ത്‌ അച്യുതനുണ്ണി.
ഇങ്ങനെയൊക്കെ പറയപ്പെടുന്നതിനു പിന്നിൽ എം.കെ. ഹരികുമാർ എന്ന എഴുത്തുകാരന്റെ എഴുത്തുസ്വത്വത്തിന്റെ തനിമയുണ്ട്‌. സ്വന്തം കലയ്ക്ക്‌ ഒരു മാനിഫെസ്റ്റോയുണ്ടെന്ന്‌ പ്രഖ്യാപിച്ചയാളാണ്‌ എം.കെ.  

'എന്റെ മാനിഫെസ്റ്റോ' എന്ന കൃതി ഈ ആത്മബോധത്തിന്റെ പ്രകാശനമാണ്‌. സൂര്യോദയത്തിനു പിന്നിലും സൗന്ദര്യാത്മകതയുടെ മഴവിൽ പ്രപഞ്ചം ദർശിക്കാൻ പോന്നത്ര സൗന്ദര്യബോധമാണ്‌ ഈ എഴുത്തുകാരന്റെ കൈമുതൽ എന്നു പറയാം. 'സൂര്യോദയത്തിന്റെ സൗന്ദര്യശാസ്ത്രം' എന്ന സർഗാത്മകലേഖനം മലയാളത്തിൽ ഒരപൂർവതയാണ്‌. അസാധാരണതയാണ്‌. ഭാഷയാൽ വിളിക്കപ്പെടുന്നവരാണ്‌ എഴുത്തുകാരൻ എന്നു കരുതുന്നതുകൊണ്ടാണ്‌ കലയെക്കുറിച്ച്‌ പറയുമ്പോൾ, ഭാഷയെക്കുറിച്ച്‌ ഇദ്ദേഹം നിരന്തരം പറഞ്ഞു പോകുന്നത്‌. എം.കെ. ഹരികുമാറിന്റെ കലാവിചാരങ്ങൾ ഇങ്ങനെയാണ്‌:
"ഓരോ വസ്തുവിലും ജീവിക്കുകയാണ്‌ കലാകാരന്റെ, എഴുത്തുകാരന്റെ മുഖ്യകർത്തവ്യം. ഭാഷയാണ്‌ ഒരാളുടെ ലോകം ദൃശ്യപ്പെടുത്തുന്നത്‌. മനുഷ്യൻ ഭാഷയാണ്‌. അവൻ എങ്ങനെ ചിന്തിക്കുന്നുവേന്നത്‌ അവന്റെ ഭാഷയാണ്‌ തീരുമാനിക്കുന്നത്‌. ചിലപ്പോൾ അവന്റെ ജ്ഞാനത്തിനപ്പുറം പോകാനും ആ ഭാഷ തയ്യാറാകുന്നു. എഴുത്തുകാരനെ ആന്തരികമായി വിളിക്കുകയാണ്‌ ഭാഷ. ഭാഷകൊണ്ടും ഭാവനകൊണ്ടും ജീവിതത്തിന്റെ വിതാനഭേദങ്ങളെ അളക്കുന്ന ഹരികുമാറിന്റെ ദർശനം നൂറു ചിറകുകളായി, വസന്തങ്ങളായി വിടരുന്നവയും വിഹരിക്കുന്നവയും ആകുന്നു. ഒറ്റയൊറ്റ ചിന്തകളുടെയും ആശയങ്ങളുടെയും സൗന്ദര്യം കൂടിയാകുന്നു അദ്ദേഹത്തിന്റെ സർഗ്ഗാത്മകതയുടെ ലോകം. അതിനു തെളിവാണ്‌ എം.കെ. ഹരികുമാറിന്റെ ഈ വാചകങ്ങൾ.
* ജലം ഒരു ചാവേറാണ്‌. എവിടെയും എങ്ങനെയും നുഴഞ്ഞു കയറി മരിക്കാൻ തയ്യാർ
* പൂവിന്റെ സൗന്ദര്യം എന്തിനുവേണ്ടിയാണെന്ന്‌ ദൈവം തന്നെ വിശദീകരിക്കേണ്ടിവരും
* എല്ലാ സംഗീതത്തിന്റെയും കരച്ചിലിന്റെയും ആകെത്തുകയായ പൊരുൾ
* രോഗം ഏകാന്തത്തയുടെ മറ്റൊരു ഭാഷയാണ്‌
* എം.ആർ.ബി. വിധവയെ കല്യാണം കഴിച്ചതു ഒരു നാടകം രചിക്കുന്നതുപോലെയാണ്‌
* അറിവിന്റെ തനുവിൽ പദാർത്ഥലോകത്തിന്റെ സപ്തസ്വരങ്ങൾ
* ഓരോ വസ്തുവും ദുഃഖത്തിന്റെ സമുദ്രത്തിലേക്കുള്ള കടത്തുവഞ്ചിയാണ്‌
* മരിക്കുന്നവർ നമ്മുടെ മരണവും കൊണ്ടുപോകുന്നു
* നാം വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ കർമ്മങ്ങളിൽ ദൈവത്തിനു അഹിതമായി എന്തുണ്ട്‌ എന്ന്‌ തിരയാൻ ദൈവം വിധിക്കപ്പെട്ടിരിക്കുന്നു
ഇങ്ങനെ പറയാനേറെയുണ്ട്‌, ചിന്തയുടെ ചിറകുകളിലേറി സഞ്ചരിക്കുന്ന ഈ എഴുത്തുകാരന്‌. 
എഴുത്തും കഴുത്തും, ആൾക്കൂട്ടത്തിനും ആശയങ്ങൾക്കും വൻകിട പ്രസാധകർക്കും മുമ്പിൽ കുനിച്ചുകൊടുക്കുന്നവർക്കിടയിൽ ഇവിടെ ഇങ്ങനെയും ഒരെഴുത്തുകാരൻ ഉണ്ട്‌ എന്ന്‌ ആശ്വസിക്കാനാവുന്നതുതന്നെ എത്ര ആനന്ദകരമാണ്‌.
*published in metro vartha annual, 2018 


ഡോ. അജയൻ പനയറ
തെങ്ങുവിള
പനയറ പി.ഒ.
വർക്കല - 695145

വകുപ്പുമേധാവി, മലയാള വിഭാഗം, ഗവ. കോളേജ്‌, കട്ടപ്പന, ഇടുക്കി-685508

എം.കെ. ഹരികുമാറിന്റെ നവനോവലുകൾ, നവാദ്വൈതം: റഷീദ്‌ പാനൂർ


അഭിമുഖം*

മുപ്പത്തഞ്ച്‌ വർഷമായി എഴുതുന്ന എം.കെ. ഹരികുമാർ നവാദ്വൈതം എന്ന മൗലിക ദർശനത്തിലൂടെ പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്‌. വിമർശനരംഗത്ത്‌ പതിറ്റാണ്ടുകൾ പ്രവർത്തിച്ചശേഷം, അദ്ദേഹം ഇപ്പോൾ മൂന്നു വ്യത്യസ്ത നോവലുകൾ എഴുതി ആ രംഗത്ത്‌ ഒരു സമാന്തര സാഹിത്യം പുറത്തുകൊണ്ടുവന്നിരിക്കുന്നു. പുതിയ ദർശനം, പുതിയ ക്രാഫ്റ്റ്‌ എന്നീ കാര്യങ്ങളിൽ എം.കെ. ഹരികുമാർ ഒറ്റപ്പെട്ട്‌ നിൽക്കുന്നു. 
അപാര സൗന്ദര്യമുള്ള അനേകം വാക്യങ്ങൾ ഹരികുമാർ എഴുതിയിട്ടുണ്ട്‌. ലോകനിലവാരത്തിലുള്ള ഒരു സാഹിത്യവിമർശകന്റെ ജീവിതത്തിൽനിന്ന്‌ താങ്കൾ എന്തുകൊണ്ടാണ്‌ സർഗാത്മക കൃതികളുടെ രചയിതാവ്‌ എന്ന നിലയിലേക്ക്‌ ചുവടുമാറ്റുന്നത്‌?
എം.കെ. ഹരികുമാർ: ഞാൻ വിമർശകന്റെ ജീവിതം അവസാനിപ്പിച്ചിട്ടില്ലല്ലോ. എന്റെ പ്രശസ്തമായ 'അക്ഷരജാലകം' ഇപ്പോൾ ഇരുപതാം വർഷത്തിലേക്ക്‌ കടന്നിരിക്കുന്നു. കലാകൗമുദിയിലൂടെ ജനപ്രിയത നേടിയ ആ കോളം ഇപ്പോൾ മെട്രോ വാർത്ത പത്രത്തിൽ (ഞായറാഴ്ചകളിൽ) പ്രസിദ്ധീകരിക്കുന്നുണ്ട്‌. വിമർശന ലേഖനങ്ങൾ ഇപ്പോഴും എഴുതുന്നുണ്ട്‌. നിത്യചൈതന്യയതിയുടെ കവിതകളെക്കുറിച്ച്‌ രണ്ട്‌ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതു കഴിഞ്ഞ മാസമാണ്‌. പ്രസിദ്ധീകരിച്ചതും പുസ്തകമാക്കാനുള്ളതുമായ വിമർശനലേഖനങ്ങൾ ഇരുന്നൂറിലേറെയാണ്‌.
ചോദ്യം: ജലഛായ, ശ്രീനാരായണായ, വാൻഗോഗിന്‌ എന്നിങ്ങനെ മൂന്ന്‌ നോവലുകൾ താങ്കൾ എഴുതി. വിമർശനവും നോവലും തമ്മിലുള്ള ബന്ധമെന്താണ്‌?
എം.കെ: വിമർശനം ഒരാളുടെ ഉള്ളിലെ വളരെ സത്യസന്ധവും നിഷ്കളങ്കവുമായ ചിന്തകളുടെയും അപഗ്രഥനങ്ങളുടെയും അവസ്ഥയാണ്‌. അതെപ്പോഴുമുണ്ട്‌. എനിക്ക്‌ തത്ത്വചിന്താപരമായ ഒരു ടേസ്റ്റ്‌ എന്നുമുണ്ടായിരുന്നു. 1984-ൽ 'ആത്മായനങ്ങളുടെ ഖസാക്ക്‌' പ്രസിദ്ധീകരിക്കുമ്പോഴേ നവാദ്വൈതത്തിന്റെ ആദ്യകിരണങ്ങളുണ്ടായിരുന്നു. തത്ത്വചിന്താപരമായ വളർച്ച ഉണ്ടായിട്ടുണ്ട്‌. പിന്നീട്‌ സ്വന്തം ദർശനങ്ങൾ ആവിഷ്കരിക്കാൻ അത്‌ സഹായകമായി. 'എം.കെ. ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ' എന്ന പുസ്തകമാണ്‌ ഏറ്റവുമൊടുവിൽ ഇറങ്ങിയത്‌. ഒരു മലയാള എഴുത്തുകാരൻ സ്വന്തം ദർശനങ്ങൾ ആവിഷ്കരിക്കുന്നതും അതൊരു പുസ്തകമായി വരുന്നതും ആദ്യമാണ്‌. ഉത്തര-ഉത്തരാധുനികത എന്ന താത്ത്വിക പരിസരത്തെ വിശദീകരിച്ചുകൊണ്ട്‌ മലയാളത്തിൽ ആദ്യമായി എഴുതിയത്‌ (2012) ഞാനാണ്‌. ദാർശനികമായ ഒരു പ്രയാണമാണ്‌ ഞാൻ അവലംബിച്ചിട്ടുള്ളത്‌. സ്വയം അന്വേഷിക്കുന്നതും സകലതിന്റെയും ആത്മാവിനെ വീണ്ടും വീണ്ടും തിരയുന്നതും അതിന്റെ ഭാഗമാണ്‌. നോവൽ എന്റെ ആന്തരികമായ ആവശ്യമാണ്‌. നോവൽ മാത്രമല്ല, കഥകളും കവിതകളും എഴുതിയിട്ടുണ്ട്‌. എന്റെ മൂന്നു നോവലുകളും ചേർന്ന അനുഭവം ഒരു പുതിയ നോവൽ പ്രസ്ഥാനത്തിനു വഴിതുറന്നിരിക്കുകയാണെന്ന്‌ ചലച്ചിത്ര നിരൂപകൻ എം.സി. രാജനാരായണൻ നിരീക്ഷിച്ചതു ഓർക്കുകയാണ്‌. ഇതെല്ലാം ഇതുവരെയുള്ള നോവൽ രചനയിൽനിന്ന്‌ വഴിമാറുന്ന സൃഷ്ടികളാണ്‌. പുതിയ രൂപം പരീക്ഷിച്ചിരിക്കുകയാണ്‌. ജലഛായ സാഹിത്യാനുഭൂതിയുടെ അതിസങ്കീർണമായ വഴികളിലൂടെ നീങ്ങുകയാണ്‌. ശ്രീനാരായണായ എന്റെ രചനാപരമായ കഴിവുകളുടെ പാരമ്യമാണ്‌. വാൻഗോഗിന്‌ വാൻഗോഗ്‌ എന്ന ചിത്രകാരനെ പുതിയ രീതിയിൽ കണ്ടെത്തുകയാണ്‌. അദ്ദേഹത്തെപ്പറ്റി നിലവിലുള്ള ഒരു മിത്ത്‌ പൊളിച്ചുകളയുകയാണ്‌.

ചോദ്യം: എന്തുകൊണ്ടാണ്‌ താങ്കൾ നവാദ്വൈതം, തനിമനസ്‌, മാധ്യമമാണ്‌ കല, നവാധുനികത തുടങ്ങിയ ദർശനങ്ങൾ ആവിഷ്കരിച്ചതു? വ്യക്തിപരമായ ഒരു ലക്ഷ്യമായി ഇതിനെ കാണാമോ?
എം.കെ: ഞാൻ എന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ അത്‌ തത്ത്വചിന്താപരമായ ഒരു എത്തിച്ചേരലാണെന്ന എന്റെ ചിന്തയാണ്‌ അതിനു പിന്നിൽ. ഒരു ദർശനത്തിലെത്തണമെന്ന ആന്തരിക നിർബന്ധമുണ്ടായിരുന്നു.
ചോദ്യം: എം.കെ. ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ എന്ന പുസ്തകമെഴുതിയതിനുശേഷമുള്ള സാഹചര്യം എന്താണ്‌?
എം.കെ: ഇതുപോലൊരു അപരാധം ചെയ്തത്‌ എന്തിനാണെന്ന്‌ പലരും ചോദിക്കുന്നപോലെ തോന്നുന്നു. സിദ്ധാന്തങ്ങൾ വായിച്ചതിനോടുള്ള നിരൂപണമല്ല ഇത്‌. മറിച്ച്‌ അസഹിഷ്ണുതയാണ്‌. നമ്മുടെ ഇന്നത്തെ കലാലയ വിദ്യാഭ്യാസത്തിനകത്ത്‌ ബുദ്ധി വല്ലാതെ കണ്ടീഷൻ ചെയ്തുവച്ചിരിക്കുകയാണ്‌. സ്വന്തമായി ഒരു സിദ്ധാന്തത്തെപ്പറ്റി ആലോചിച്ചുപോകരുത്‌. ഞങ്ങൾക്കില്ലാത്തത്‌ നിനക്കെന്തിനാണ്‌ എന്നാണ്‌ പലരുടെയും നിലപാട്‌. മഹാത്മാഗാന്ധി സ്കൂൾ ഓഫ്‌ ലെറ്റേഴ്സിലെ ഡയറക്ടർക്കും ഒരു അധ്യാപകനും ഞാൻ ഈ പുസ്തകത്തിന്റെ കോപ്പികൾ അയച്ചുകൊടുക്കുകയുണ്ടായി. അയച്ചശേഷം വിളിച്ചപ്പോൾ, കിട്ടിയിട്ട്‌ അറിയിക്കാം എന്ന്‌ ഡയറക്ടർ പറഞ്ഞിരുന്നു. എന്നാൽ ബുക്ക്‌ കയ്യിൽ കിട്ടിയശേഷം അദ്ദേഹം മിണ്ടുന്നില്ല. ഫോണിൽ മെസേജ്‌ കൊടുത്തിട്ട്‌ മറുപടി ഇല്ല. തീർത്തും വെറുക്കപ്പെട്ടവനായ അനുഭവം. ഫോൺ വിളിച്ചാൽ എടുക്കില്ല. എന്റെ സിദ്ധാന്തങ്ങളോട്‌ വിയോജിപ്പുണ്ടെങ്കിൽ വ്യക്തിപരമായ അകൽച്ച എന്തിനാണ്‌? ഈ പുസ്തകം കണ്ട ഉടനെ ശത്രുവാകുകയാണ്‌.
ചോദ്യം: താങ്കളുടെ കാഴ്ചപ്പാടിൽ സാഹിത്യം ജീവിതവുമായി എങ്ങനെയാണ്‌ ബന്ധം സ്ഥാപിക്കുന്നത്‌?
എം.കെ: എഴുതുന്നതുകൊണ്ടാണ്‌ സാഹിത്യം ഉണ്ടാകുന്നത്‌. അതുകൊണ്ട്‌ എഴുതുമ്പോൾ അതിനൊരു വ്യക്തിത്വം വേണം. എഴുതിയശേഷം കഥ ഒരാൾക്ക്‌ പറഞ്ഞുകൊടുക്കുകയാണെങ്കിൽ ആഖ്യാനം വേറൊരു രീതിയിലായിരിക്കും സംഭവിക്കുക. എഴുത്തിന്റെ ക്രാഫ്റ്റ്‌ പരമപ്രധാനമാണ്‌. വിവരങ്ങൾ കൈമാറാനോ, സ്ഥലവിവരണത്തിനോ അല്ല കഥ എഴുതുന്നത്‌. കഥ എഴുത്തിലൂടെയാണ്‌ അസ്തിത്വം തേടുന്നത്‌. അത്‌ എങ്ങനെ സൂക്ഷ്മമായി ഘടിപ്പിക്കുന്നു എന്നത്‌ വളരെ പ്രധാനമാണ്‌. ഒരു സൗന്ദര്യാത്മക അവബോധമാണ്‌ എഴുത്തുകാരന്റെ കൈമുതൽ. അനുഭവങ്ങൾ ഉണ്ടായതുകൊണ്ടായില്ല. അതിനെ സൗന്ദര്യശാസ്ത്രമാക്കി പുനരവതരിപ്പിക്കണം. മനുഷ്യന്റെ അനൈഹികമായ സഞ്ചാരങ്ങളെ ഓർമ്മപ്പെടുത്തണം. ക്രാഫ്റ്റ്‌ പഠിക്കുകയാണ്‌ എഴുത്തുകാരന്റെ പ്രാഥമിക കടമ.
ചോദ്യം: മലയാളത്തിൽ ഇപ്പോൾ കഥകൾ ആഘോഷിക്കപ്പെടുകയാണല്ലോ.
എം.കെ: സാഹിത്യത്തിന്റെ നിലനിൽപ്പ്‌ എന്ന അർത്ഥത്തിൽ അതുകൊള്ളാം. പക്ഷേ, ലോകത്ത്‌ കഥകൾ ഇന്ന്‌ നിർണായകമല്ല. കഥയെഴുത്ത്‌ വിപ്ലവകരമാകുന്നേയില്ല. വായനയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ദർശനത്തെക്കുറിച്ചുമുള്ള ഗ്രന്ഥങ്ങളാണ്‌ ലോകത്തെ മാറ്റിയത്‌. ഇവാൻ ഇല്ലിച്ച്‌, ഇ.എഫ്‌. ഷൂമാക്കർ, ഫുക്കുവോക്ക, തോറോ, ബാർത്ത്‌, ദറിദ, തോമസ്‌ ഫ്രീഡ്മാൻ, അലൻ കിർബി തുടങ്ങിയവരുടെ കൃതികൾ പുതിയ ചിന്തകൾ അവതരിപ്പിച്ചു. ഇതു വല്ലാതെ സ്വാധീനിക്കപ്പെട്ടു.

ചോദ്യം : താങ്കളുടെ രചനകൾ മുഖ്യധാരയിൽ വേണ്ടപോലെ വന്നില്ല എന്ന്‌ തോന്നുന്നുണ്ടോ?
എം.കെ: എന്റെ ചിന്തകൾക്ക്‌ നല്ല പ്രചാരം കിട്ടിയിട്ടുണ്ട്‌. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ഇരുപത്‌ വർഷം കോളം എഴുതിയില്ലേ? ഇരുപത്തിനാല്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ബ്ലോഗുകളിലും ഇന്റർനെറ്റ്‌ ഇടങ്ങളിലും നിരന്തരമായി, പത്തു വർഷമായി സജീവമാണ്‌. എന്നാൽ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ കമൽറാം സജീവ്‌ വന്നശേഷം ഉപരോധം ഏർപ്പെടുത്തി. ഭാഷാപോഷിണിയിൽ കെ.സി. നാരായണനും സഹകരിക്കാൻ ക്ഷണിച്ചില്ല. ഇവരൊക്കെ തടഞ്ഞിട്ടും എന്റെ എഴുത്തിനു ഒരു കുറവും വന്നിട്ടില്ല. പുതിയ പുതിയ ഇടങ്ങൾ കണ്ടെത്തി അത്‌ വളരുകയാണ്‌. മറ്റു ചിലരുടെ താത്പര്യം നോക്കിയാണ്‌ ഈ പ്രസിദ്ധീകരണങ്ങൾ യാതൊരു കാര്യവുമില്ലാതെ ഈ കൊടുംക്രൂരത ചെയ്തത്‌.
ചോദ്യം: സാഹിത്യോത്സവങ്ങളെപ്പറ്റി എന്താണ്‌ അഭിപ്രായം?
എം.കെ: സാഹിത്യം വളരെ ആഘോഷിക്കപ്പെടുമ്പോൾ, എഴുത്തുകാർക്ക്‌ അതുൾക്കൊള്ളാനുള്ള പക്വത ഉണ്ടോ എന്ന്‌ നോക്കണം. ഇപ്പോഴും കക്ഷിരാഷ്ട്രീയത്തിന്റെ പ്ലേഗ്‌ ബാധിച്ച എഴുത്തുകാരെ കാണാം. സാഹിത്യത്തിന്റെ ഏറ്റവും അഗാധവും തീവ്രവുമായ ഭാവം ഈ ലോകത്തോടുള്ള നിരൂപമമായ അഭിനിവേശമാണ്‌. വിഭാഗീയമായ മനസുള്ളവർക്ക്‌ സവിശേഷമായ ബൗദ്ധിക പരിസരത്ത്‌ എത്താനാവില്ല. ചിലരെ വെട്ടിനിരത്താൻ സാഹിത്യോത്സവങ്ങൾ ഒരു ഉപകരണമാക്കപ്പെടുകയാണോ എന്ന്‌ ചിലർക്കെങ്കിലും തോന്നുന്നുണ്ട്‌. പക്ഷം പിടിക്കാതെ വ്യക്തികളെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അർത്ഥമില്ല. ഒരു കഥ മാത്രം എഴുതിയവരൊക്കെ ഇന്റർവ്യൂ ചെയ്യപ്പെടുന്നു. വ്യവഛേദിച്ച്‌ മനസിലാക്കാനോ, ചിന്താപരമായി സ്വയം വ്യതിരക്തമാവാനോ സാധ്യമല്ലാത്തവിധം ആരവങ്ങൾകൊണ്ട്‌ മൂടപ്പെടുകയാണ്‌ സാഹിത്യോത്സവങ്ങളെന്ന്‌ തോന്നുന്നു.
ചോദ്യം: താങ്കളുടെ എഴുത്തിന്റെ പ്രേരകശക്തി എന്താണ്‌?
എം.കെ.: മരണത്തിലേക്ക്‌ എത്തുന്നതിനു മുമ്പുള്ള സമയം എങ്ങനെ ദീർഘിപ്പിക്കാമെന്ന്‌ ആലോചിക്കുന്നതോടെയാണ്‌ എഴുത്ത്‌ വരുന്നത്‌. അത്‌ സൗന്ദര്യത്തെയാണ്‌ തേടുന്നത്‌. സാഹിത്യത്തിന്റെ നവാദ്വൈതം, എന്റെ മാനിഫെസ്റ്റോ, മറവിയുടെ നിർമ്മാണം തുടങ്ങിയ കൃതികൾ എന്റെ തത്ത്വശാസ്ത്ര നിർമ്മാണമാണ്‌. എന്നാൽ ആത്മായനങ്ങളുടെ ഖസാക്ക്‌, വീണപൂവ്‌ കാവ്യങ്ങൾക്ക്‌ മുമ്പേ, നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ എന്നിവ സാഹിത്യ ആസ്വാദനവും വിമർശനവുമാണ്‌.
എഴുതാൻ മനസ്‌ സദാ ഉണർന്നിരിക്കുകയാണ്‌. ചുറ്റുപാടും ഒന്ന്‌ കണ്ണോടിച്ചാൽ മതി, പുതിയ വസ്തുതകൾ ഉയർന്നുവരും.
ചോദ്യം: താങ്കളുടെ നോവലുകൾ ഒരു പ്രസ്ഥാനമാണെന്ന്‌ സൂചിപ്പിച്ചു. അതിന്‌ പ്രത്യേക പേരുണ്ടോ?
എം.കെ: വ്യാജറിയലിസം അഥവാ സ്യൂഡോ റിയലിസം എന്ന്‌ പറയാം. കഥയിൽനിന്ന്‌ വീണ്ടും വ്യാജ യാഥാർത്ഥ്യങ്ങൾ ഉണ്ടാവുകയാണ്‌. യാഥാർത്ഥ്യംതന്നെ വ്യാജമാവുകയും അത്‌ കഥയിൽ യഥാർത്ഥമായിതീരുകയും ചെയ്യുന്ന അവസ്ഥയാണിത്‌. 

ചോദ്യം: ഭാരതീയ ദർശനങ്ങൾ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ?
എം.കെ: ഭാരതീയ ദർശനങ്ങളുടെ ഒരു സ്പന്ദനം എപ്പോഴുമുണ്ട്‌. കാറ്റിൽപ്പോലും അതുണ്ട്‌. അദ്വൈതവുമായുള്ള ഒരു പാരസ്പര്യം എപ്പോഴുമുണ്ടായിരുന്നു. ഉപനിഷത്തിനെ ഓരോ നിമിഷവും ജീവിക്കുക എന്ന സാരത്തിലേക്ക്‌ ഞാൻ വ്യാഖ്യാനിച്ചു. എല്ലായിടത്തുമുള്ളത്‌ നാം അനുഭവിച്ചാൽ മതി. അത്‌ അനുഭൂതിയായി സ്പന്ദിച്ചുകൊണ്ടിരിക്കും. എന്നാൽ അതിനെ നവീനമായ സൗന്ദര്യശാസ്ത്രവുമായും സൈദ്ധാന്തികമായ ജ്ഞാനവുമായും കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്‌. അപ്പോഴാണ്‌ സൃഷ്ടിപ്രക്രിയ പൂർത്തിയാകുന്നത്‌. ഈ നിലയിലാണ്‌ എന്റെ മൂന്നു നോവലും പ്രസക്തി തേടുന്നത്‌.
ചോദ്യം: പുരോഗമന സാഹിത്യം, റിയലിസ്റ്റ്‌ സാഹിത്യം, കാൽപനിക സാഹിത്യം എന്നൊക്കെ പറയുന്നതിനു ഇന്ന്‌ സാംഗത്യമുണ്ടോ?
എ.കെ: ബുദ്ധിയുള്ള ഒരാൾ വന്നാൽ ക്രാഫ്റ്റിൽ ഒരു അത്ഭുതമുണ്ടാകും. പുരോഗമന സാഹിത്യത്തിൽ ക്രാഫ്റ്റിന്റെ മികവ്‌ ഇതുവരെ ഉണ്ടായിട്ടില്ല. ഹെമിംഗ്‌വേയുടെ 'കിളിമഞ്ചാരോയിലെ മഞ്ഞ്‌' പോലെ ഒരു കഥയെഴുതാൻ അനുഭവം മാത്രം പോരാ. സർഗാത്മകവും സൗന്ദര്യശാസ്ത്രപരവുമായ അറിവ്‌ നല്ലപോലെ വേണം. 
ചോദ്യം: കേരള സാഹിത്യ അക്കാദമി, യൂണിവേഴ്സിറ്റികൾ തുടങ്ങിയവയുടെ പ്രവർത്തനം എങ്ങനെ കാണുന്നു.
എം.കെ: ചുരുങ്ങിയത്‌ കാൽനൂറ്റാണ്ട്‌ കാലമായിട്ട്‌ സാഹിത്യ അക്കാദമികളും യൂണിവേഴ്സിറ്റികളുമൊക്കെ ചിന്തിക്കുന്ന, നവമാനങ്ങളോടെ സൃഷ്ടിയിലേർപ്പെടുന്ന എഴുത്തുകാരെ അപമാനിച്ചുവിടുകയാണ്‌. ഒരു മൗലികശക്തിയുള്ള എഴുത്തുകാരന്‌ അങ്ങോട്ട്‌ കയറാൻ വയ്യ. കയറിയാൽ അവർ നിരാശരാക്കും.

ചോദ്യം: കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിൽ എഴുത്തുകാർക്ക്‌ സേൻസർഷിപ്പ്‌ ഏർപ്പെടുത്തിയിരുന്നല്ലോ. പിന്നെങ്ങനെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഇവർക്ക്‌ വാദിക്കാനാകും?
എം.കെ: കമ്മ്യൂണിസ്റ്റ്‌ ഭരണം ലോകത്തെവിടെയും വന്നിട്ടില്ല. ഒന്നുകിൽ സ്വേച്ഛാധിപത്യം അല്ലെങ്കിൽ മുതലാളിത്തം. കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ അഹിംസയിൽ വിശ്വസിക്കുന്നില്ലല്ലോ?
ചോദ്യം: കേരളത്തിലെ എഴുത്തുകാർ അരുംകൊലകൾ കണ്ടിട്ടും മിണ്ടാത്തതെന്തായിരിക്കും?
എം.കെ: എഴുത്തുകാരുടെ സംഘടനകളിലും പ്രവർത്തനങ്ങളിലും വളരെ രഹസ്യമായിട്ടുള്ള ഒരു അധോലോകസ്വഭാവമുണ്ട്‌. വിമർശിച്ചാൽ നിങ്ങളെ അവർ നിശ്ശബ്ദമായി കൊല്ലും.  ഒരിടത്തും പ്രവേശിപ്പിക്കുകയില്ല. പാർട്ടിയുടെ സാഹിത്യസമ്മേളനങ്ങളിൽ സ്വന്തം പാർട്ടിക്കാരെ മാത്രം പങ്കെടുപ്പിക്കുന്നത്‌ സംസ്കാരത്തിനു എതിരാണ്‌. സംസ്കാരം ആരുടെയും കുത്തകയല്ല. എല്ലാ വിഭാഗങ്ങൾക്കും അഭിപ്രായം പറയാനുള്ള വേദികൾ വേണം. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സാഹിത്യ സമ്മേളനങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമാണ്‌ പങ്കെടുക്കുന്നതെങ്കിൽ, അത്‌ സങ്കുചിതത്വമാണ്‌.
ചോദ്യം: കേരളത്തിൽ ണല്ലോരു പുരോഗമന സാഹിത്യകാരനുണ്ടോ?
എം.കെ: കാണണമെന്ന്‌ ആഗ്രഹമുണ്ട്‌.
*published in janmabhumi daily 2018