Followers

Monday, November 13, 2023

അവ്യയാനന്ദ സ്വാമിയുടെ ഓർമ്മകൾ : ആശ്രമജീവിതത്തിൽ നിന്നു ബാല്യത്തിലേക്ക് /എം.കെ.ഹരികുമാർ






'ശിവഗിരിയുടെ താഴ്വരയിൽ'(1993) എന്ന കൃതിയിലൂടെയാണ് അവ്യയാനന്ദ സ്വാമി സാഹിത്യരംഗത്തേക്ക് കടന്നു വരുന്നത്. ഭാഷയോടും ദർശനത്തോടും എന്നും പ്രത്യേകമായ ഒരു താത്പര്യം സ്വാമിക്കുണ്ടായിരുന്നു .സാഹിത്യത്തോടും എഴുത്തുകാരോടും ബന്ധം പുലർത്തുന്നതിൽ ശിവഗിരി സന്യാസിമാരിൽ പ്രഥമസ്ഥാനം അവ്യയാനന്ദ സ്വാമിക്കാണ്. അദ്ദേഹം ആനുകാലികങ്ങളും പത്രങ്ങളും വായിക്കുകയും സമകാലിക സംഭവങ്ങളെപ്പറ്റി വിമർശനാത്മകമായി പ്രതികരിക്കുകയും ചെയ്യാറുണ്ട്. ആത്മീയചിന്തകളിൽ നിന്നു സാഹിത്യകൃതികളിലെ  വൈകാരികലോകത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ സ്വാമിക്ക് പ്രയാസമില്ല. അദ്ദേഹത്തിൻ്റെ ചിന്താരീതിയാണത്.  അദ്ദേഹം സന്യാസിയുടെ വിഷയങ്ങളെ സൗന്ദര്യാത്മകമായി നവീകരിക്കാൻ എപ്പോഴും ശ്രമിക്കുന്നു. പുതിയ അറിവുകൾ നേടുന്നു.

ആത്മീയത ,ധ്യാനം ,പ്രാർത്ഥന ,തപസ്സ് തുടങ്ങിയ വിഷയങ്ങളെ സമീപിക്കുമ്പോൾ അതിൽ സൗന്ദര്യബോധം ഉണ്ടാകുന്നത് പുതിയൊരു മാനം നൽകും .സ്വാമി അതിനാണ് ശ്രമിക്കുന്നത്. എന്റെ 'ശ്രീനാരായണായ' എന്ന നോവൽ പുറത്തുവന്നപ്പോൾ സ്വാമി ദിവസവും അതിരാവിലെ ഓരോ ഭാഗം വായിച്ച ശേഷം എന്നെ വിളിക്കുമായിരുന്നു. വായിച്ചതിന്റെ അനുഭവം വിവരിക്കാനായിരുന്നു വിളിച്ചിരുന്നത്.  വായിച്ചഭാഗങ്ങളിൽ ആകർഷകമായി തോന്നുന്നത് അടിവരയിട്ട് പോകുന്നതാണ് സ്വാമിയുടെ രീതി. വായന തീർന്നപ്പോൾ സ്വാമി എന്നോട് പറഞ്ഞത് ,അടിവരിയിടാത്തതായി ഒരു വാചകം പോലുമില്ല എന്നാണ്!. ഇതെന്നെ പ്രചോദിപ്പിച്ചു .നിത്യവും ഗുരുവിനെക്കുറിച്ചും ഗുരുകൃതികളെക്കുറിച്ചും ചിന്തിച്ചും മനനം ചെയ്തും ജീവിക്കുന്ന ഒരു സന്യാസി ,ലൗകികജീവിയായ എൻ്റെ നോവലിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് ഒരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു. 'ശ്രീനാരായണായ' ശ്രീനാരായണഗുരുവിൻ്റെ ജീവചരിത്രത്തെ ആസ്പദമാക്കി എഴുതിയ റിയലിസ്റ്റിക് നോവലല്ല ;അത് നവസാഹിത്യത്തിൻ്റെ  ആവിഷ്കാരസ്വാതന്ത്ര്യത്തിലും സൗന്ദര്യാത്മകമായ സ്വതന്ത്ര സഞ്ചാരത്തിലും അധിഷ്ഠിതമാണ്. ഒരു പുതിയ ഗുരു അനുഭവമാണ് അത് ആരായുന്നത്. ഗുരുകൃതികളുടെ വിവരണമോ ഗുരുചരിതത്തിലെ സന്ദർഭങ്ങളോ അതേപടി ആ  നോവലിലില്ല. അത് ഗുരുവിൻ്റെ  ആത്മീയലോകത്തേക്ക് ഒരു കലാകാരൻ നിസ്വനായി, അതേസമയം സ്വതന്ത്രനായി ധ്യാനാത്മകമായ ഭാഷയോടെ പ്രവേശിച്ചതിന്റെ ഫലമാണ്.സർഗാത്മകമായ ഒരു മാറിനടപ്പായിരുന്നു അത്. അവ്യയാനന്ദ സ്വാമി അത് ഉൾക്കൊള്ളുകയും അതിനെ പ്രശംസിക്കുകയും ചെയ്തത് ഓർക്കുകയാണ്. 

അവ്യയാനന്ദ സ്വാമി



അവ്യയാനന്ദ സ്വാമി എഴുതിയ 'എൻ്റെ ബാല്യം'(2016)എന്ന കൃതിയെപ്പറ്റി എഴുതണമെന്ന് നേരത്തെ തന്നെ വിചാരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഒത്തുവന്നത്. ഒരു വിഷയത്തെക്കുറിച്ച് എഴുതാൻ ഒരു സമയമുണ്ട് എന്ന കാര്യം തള്ളിക്കളയാനാവില്ല. നമ്മൾ വിചാരിച്ചാൽ പോലും അത് സംഭവിക്കണമെന്നില്ല .എന്നാൽ കാലം അതാവശ്യപ്പെടുന്നു, ചിലപ്പോൾ .ഒരു ഘട്ടത്തിൽ നമ്മെക്കൊണ്ട് എഴുതിക്കുന്നു. 'ശ്രീനാരായണായ' അങ്ങനെയുണ്ടായ നോവലാണ്. അതിനു ഒരു അനിവാര്യസമയമേയുള്ളൂ. അതുപോലെയാണ് 'എൻ്റെ ബാല്യം' എന്ന കൃതിയെക്കുറിച്ചുള്ള ഈ കുറിപ്പും. ഭൗതികജീവിതത്തിന്റെ പ്രലോഭനങ്ങളെല്ലാം ഉപേക്ഷിച്ചു ഗുരുവിന്റെ ഏകലോകദർശനത്തിലും  ഏകാത്മകതയിലും സാർവദേശീയമായ സർവമതസാരം എന്ന മതത്തിലും ആകൃഷ്ടനായി ജീവിക്കുന്ന സ്വാമി ബാല്യത്തെക്കുറിച്ച് എന്തുകൊണ്ട് ഇങ്ങനെയൊരു പുസ്തകമെഴുതി?.
ഒരു സന്യാസിയായിട്ടും അദ്ദേഹത്തെ ബാല്യകാലജീവിതത്തിന്റെ ഓർമ്മകൾ സ്വാധീനിക്കുന്നത് എന്തുകൊണ്ടാണ്?. അദ്ദേഹം ബാല്യത്തെ പൂർണമായി ജീവിച്ചുതീർക്കാത്തതാണോ കാരണം?. അല്ലെങ്കിൽ ബാല്യം എന്ന കാലത്തെ അതിജീവിച്ചതിന്റെ അത്യത്ഭുതകരമായ അനുഭവങ്ങൾ പിന്തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചതാണോ ? പഴയ ജീവിതചിത്രങ്ങളിൽ സ്നേഹവും അനുകമ്പയും അറിവും നൽകിയ പലരുണ്ട്. സന്യാസജീവിതം തിരഞ്ഞെടുത്തതുകൊണ്ട് ആ കടപ്പാടുകൾ ഇല്ലാതാകുന്നില്ല. സ്നേഹം എങ്ങനെയാണ് മരിക്കുന്നത് ? ഓർമ്മകൾ എവിടെയൊളിക്കും ?

സന്യാസിയും മനുഷ്യനാണ്. ഗുരുവിന്റെ ചിന്തയിലും ഈ 'മനുഷ്യൻ' ഉണ്ടായിരുന്നു. അനുകമ്പയുള്ളവനാണല്ലോ മനുഷ്യൻ.
ഗുരു 'അനുകമ്പാദശക'ത്തിൽ എഴുതി:
"അരുളില്ലയതെങ്കിലസ്ഥിതോൽ
സിരനാറുന്നൊരുടമ്പു താനവൻ ;
മരുവിൽ പ്രവഹിക്കുമംബുവ -
പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം ."
സ്നേഹമില്ലാത്തവൻ നാറുന്ന ഒരു ഉടൽ മാത്രമാണെന്ന് .അതുകൊണ്ട് സന്യാസിക്ക് സ്നേഹവും ഓർമ്മയും ഒഴിവാക്കാനാവില്ല. മനുഷ്യൻ നന്നായാൽ മതി എന്ന ആത്യന്തികമായ സൗഖ്യസന്ദേശമാണ് ഗുരു ചൂണ്ടിക്കാണിച്ചത്. ജീവിതത്തിൻ്റെ യാദൃശ്ചികതയിൽ കണ്ണുനട്ട് വിസ്മയഭരിതനായിരിക്കുന്ന ഒരു കുട്ടിയെ അവ്യയാനന്ദ സ്വാമിയുടെ കുറിപ്പുകളിൽ കാണാം.

സ്വാമി അതിനെ ഇങ്ങനെ നിരീക്ഷിക്കുന്നു: "പല കോടിജന്മങ്ങൾ നീർക്കുമിളകളായി ഉണർന്ന് ഉടയുന്ന ഈ സംസാരസാഗരത്തിന്റെ ജലരാശിയിൽ കുറെ കാര്യങ്ങൾ ഞാൻ എഴുതി. കുറെ വികാരങ്ങൾ പങ്കിട്ടു. കുറച്ചു സങ്കടങ്ങൾ ,അല്പം സന്തോഷങ്ങൾ. ഇനിയും ജീവിതത്തിൽ പല സംഭവങ്ങളും ഉണ്ടാകും."
പോയകാലത്തെ ശൂന്യതയായി കാണാതെ ,അതിൽ നിന്ന് ഓർമ്മച്ചിത്രങ്ങൾ നെയ്തെടുക്കുകയാണ് ഗ്രന്ഥകാരൻ .ഭൂതകാലം, വേറൊരു അർത്ഥത്തിൽ ,വിളിക്കുകയാണ് കൂടുതൽ നിഷ്കളങ്കവും സ്വാഭാവികവുമായ ഒരു ആവാസ വ്യവസ്ഥയിലേക്ക്. കുട്ടിക്കാലത്തെ കഷ്ടപ്പാടുകളും ഇടറിയ കാൽവയ്പുകളും സ്വാമി മറന്നിട്ടില്ല .താൻ ആന്തരികതയിൽ പടം പൊഴിച്ച് എങ്ങനെയെല്ലാം രൂപാന്തരപ്പെട്ടു എന്നു പരിശോധിക്കുകയാണ് .ഇളയച്ഛൻ എം. കെ. വാസുവും അമ്മയും അച്ഛനും ആ ബാലന്റെ മനസ്സിൽ വലിയ സാന്നിധ്യങ്ങളായിരുന്നു.




കുട്ടിക്കാലത്ത് തന്നെ സ്വാമി വായനാശീലം നേടിയിരുന്നു.അത് ആത്മീയമായ അഭയമായിരുന്നു. തന്നിൽ നിന്നു പുറത്തെ ലോകത്തേക്കുള്ള യാത്രയായിരുന്നു അത്. വായിച്ചപുസ്തകത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ സ്വാമിക്ക് സ്വസ്ഥത കിട്ടില്ല. ഇപ്പോഴും ആ ശീലമുണ്ടത്രേ. "ഇന്നു നല്ല ഒരു പുസ്തകം വായിച്ചു കഴിഞ്ഞാൽ സമാനസ്വഭാവമുള്ള സഹോദരസന്യാസിമാരെ കൂടി വായിച്ചു കേൾപ്പിക്കാനുള്ള ഒരു ത്വരയുണ്ടാകും. ലോകേശാനന്ദ സ്വാമിജിയും സുഗുണാനന്ദ സ്വാമിജിയും പരാനന്ദ സ്വാമിജിയും ഈ പീഡനത്തിനു പലപ്പോഴും ഇരയായിട്ടുള്ളത് ഞാനോർക്കുന്നു "-സ്വാമി എഴുതുന്നു.

വായനയില്ലാത്തവന്റെ മനസ്സ് വാതായനമില്ലാത്ത വീടു പോലെയാണെന്നു സ്വാമി അഭിപ്രായപ്പെടുന്നു. കുട്ടിക്കാലത്തു തന്നെ ആത്മീയതയും സൗന്ദര്യാനുഭവവും കൂടിക്കലർന്ന അനുഭൂതി അവ്യയാനന്ദയ്ക്കുണ്ടായിരുന്നു.  സന്താനഗോപാലം കഥകളി വല്യമ്മയോടൊപ്പം നേരം പുലരുവോളം  കണ്ടതിനെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്:
"പുത്രനഷ്ടത്താൽ തേങ്ങുന്ന ബ്രാഹ്മണമുഖം ഇന്നും ചമയങ്ങളില്ലാതെ മുന്നിൽ. ഉത്സവപ്പറമ്പുകളിൽ ഒറ്റയ്ക്കലയുന്നത്  ഒരാനന്ദമാണ്. ക്ഷണികമെങ്കിലും ഓർമ്മകളിലെന്നും ഓടിവരുന്ന  ഒരനുഭവം. അത് പലപ്പോഴും ആനച്ചന്ത മൊരുക്കിയ സന്ധ്യകളുടെ വരദാനമാവാമെന്നതാണ് വസ്തവം. അച്ഛൻ്റെ ചുമലിലിരുന്ന് ആറാട്ടു കണ്ട ഒരനുഭവം ഇന്നലെ എന്നപോലെ തിടമ്പേറ്റി വരുന്നു. അനുഭവങ്ങളെ ഞാനൊരു മഷിപ്പാത്രമാക്കുകയായിരുന്നു.  അതിൽ മുക്കിയാണല്ലോ ഞാനിത്രയും കുറിച്ചുപോയത് എന്നോർക്കുമ്പോൾ ആ എഴുത്തുമഷിയുടെ നീലിമ കടലാസുകളിൽ നിന്ന് ഉയിരിട്ടുണരും പോലെ. "ബാല്യം ഒരനാഥമായ അവസ്ഥയാണെന്ന് സ്വാമി തിരിച്ചറിയുന്നുണ്ട്. സമപ്രായക്കാരായ കുട്ടികളെപ്പോലെ കളികളിലോ തമാശകളിലോ മുഴുകാൻ അവസരം ലഭിച്ചിട്ടില്ല. എൻ്റെ ബാല്യം മൗനത്തിൻ്റേതായിരുന്നു. ആത്മീയതയുടെ മൗനമായിരുന്നില്ല. വേദനകൊണ്ട് മരവിച്ച മനസ്സിന്റെ മിണ്ടാട്ടമില്ലായ്മ. അങ്ങനെ വലിയ കൂട്ടുകാരൊന്നുമില്ല. എന്നാൽ ഉണ്ടു താനും. ശരിക്കും, പുസ്തകങ്ങളായിരുന്നു എൻ്റെ കൂട്ടുകാർ. വീട്ടിൽ ഒറ്റപ്പെട്ട ഞാൻ വീടിൻ്റെ മുക്കിലും മൂലയിലും തിരഞ്ഞു. അങ്ങനെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ കസ്തൂർബാഗാന്ധിയെ വായിച്ചു. സഹോദരിമാരുടെ ഏതോ ഉപപാഠപുസ്തകമായിരുന്നു അത്. "

ഓരോ ജീവിതവും അതിൻ്റേതായ ഓർമ്മകൾ കൊണ്ടു ദുർഗ്രഹമാണ്; അതേസമയം സുന്ദരവുമാണ്. ഓർമ്മകൾ വീണ്ടും ഓർക്കാനുള്ളതാണ് .വീണ്ടും ഓർക്കുമ്പോൾ ഓർമ്മകൾക്ക് രൂപാന്തരം സംഭവിക്കുന്നു. ഓർമ്മകളിലൂടെ ഓരോ വ്യക്തിയും അയാളെ തന്നെ നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്നു .ഓർമ്മകൾ ജീവിതത്തെക്കുറിച്ചുള്ള അറിവിനനുസരിച്ച് വിപുലീകരിക്കപ്പെടുകയും പുതിയ അർത്ഥങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.സ്വാമിയുടെ ഓർമ്മകൾ ആത്മീയവഴികളിലേക്ക് പ്രകാശം ചൊരിയുകയാണ്. പരിത്യാഗത്തിന്റെയും ഏകാന്ത ധ്യാനത്തിന്റെയും പാതകളിൽ ഈ ഓർമ്മകളുടെ ഗാഢസ്പർശമുണ്ട്. ജ്ഞാനത്തിനും സത്യത്തിനും പിന്നാലെ അലയാൻ, ജീവിതം ചൂണ്ടുപലകകളായി വിഭജിക്കപ്പെട്ടതിന്റെ പശ്ചാത്തലമാണ്  ഈ കൃതിയിൽ കാണാനാകുന്നത്.

മേടമാസത്തിലെ പൂജപ്പാടങ്ങളും പൂജയപ്പവും സൂര്യപൂജയും സ്വാമിയുടെ മനസ്സിൽ എല്ലാ വിശദാംശങ്ങളോടെയും  ജ്വലിച്ചു നിൽക്കുകയാണ്. പൂജപ്പാടങ്ങളിലെ സന്ധ്യകളും ഭക്തിഗീതങ്ങളും ആർപ്പുവിളികളും  ആ മനസ്സിനെ ഓർമ്മകളുടെ വസന്തകാലത്തേക്ക് കൊണ്ടു പോവുകയാണ്.സ്വാമി എഴുതുന്നു :"പാതിരാവ് കഴിഞ്ഞ് നേരം പ്രഭാതവുമായി സംഗമിക്കുമ്പോൾ നിലാവ് സാക്ഷിയായി അപ്പത്താലങ്ങൾ ഉയരും .പൂജക്കാരൻ ഇരുകൈകളിലും നിറയെ അപ്പങ്ങളും കത്തുന്ന കോൽത്തിരിയും കവുങ്ങിൻ പൂക്കുലയും കൊണ്ടലംകൃതമായ  താലക്കിണ്ണങ്ങൾ മെല്ലെ ഉയരുമ്പോൾ നിലാസ്തോത്രങ്ങൾ അകമ്പടിയാകും.  കാണാൻ നല്ല ചേലുള്ളതാണീ നിലാപ്പൂജ .കത്തുന്ന കോൽത്തിരികൾ കിണ്ണത്തിൻ്റെ വൃത്തത്തിൽ കുത്തി നിർത്തും .ഒത്ത നടുക്ക് പാതി മുറിച്ച  നാളികേരമുറിയിൽ - നാന്താമുറി - നെയ്ത്തിരി കത്തുന്നുണ്ടാവും. നക്ഷത്രങ്ങളെ വെല്ലുന്ന നക്ഷത്രത്തിളക്കമാവും പൂജപ്പാടം നിറയെ ."

അവ്യയാനന്ദ സ്വാമിയുടെ വഴിയിൽ ഇളയച്ഛൻ അറിവിന്റെ തണൽ മരവും ആശ്വാസവുമായിരുന്നു .ശ്രീനാരായണഗുരുവിൻ്റെ കളവങ്കോടം പ്രതിഷ്ഠയെപ്പറ്റി ഇളയച്ഛൻ പറഞ്ഞത് ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. കളവങ്കോടത്തെ യുവജനങ്ങൾ ക്ഷേത്ര പ്രതിഷ്ഠയെ എതിർത്തുവത്രേ . അപ്പോൾ ഗുരു കണ്ണാടി വാങ്ങി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എറണാകുളത്തുള്ള നിന്നാണ് കണ്ണാടി വാങ്ങിയത്. അതിൻ്റെ രസം ചുരണ്ടിക്കളഞ്ഞ് ഓം എന്ന് എഴുതാനാണ് ഗുരു അവരോട് നിർദ്ദേശിച്ചത്. എഴുതിക്കൊണ്ടു വന്നത് ഒ0എന്നാണ്. പുതിയ കണ്ണാടി വാങ്ങി ഓം എന്ന് വീണ്ടും എഴുതാമെന്നു പറഞ്ഞപ്പോൾ ഗുരു വിലക്കി,ഒ0 എന്നതും ശരിയാണെന്ന് പറഞ്ഞു. ഈ സംഭവത്തെപ്പറ്റി അവ്യയാനന്ദ സ്വാമി എഴുതുന്നത് ഇപ്രകാരമാണ്: "ഇതിനകം  കണ്ണാടിയാണ് ഗുരു പ്രതിഷ്ഠിക്കാൻ പോകുന്നതെന്ന് എല്ലാവരും അറിഞ്ഞു. യാഥാസ്ഥിതികർക്കും യുവജനങ്ങൾക്കും ഒരുപോലെ തൃപ്തിയായി .യാഥാസ്ഥിതികർ അതിനെ അദ്വൈതത്തിന്റെ പ്രതീകമായി വ്യാഖ്യാനിച്ചു. യുവജനങ്ങൾ അതിനെ ഒരു വിപ്ലവമായി കണ്ടു. വിഗ്രഹത്തിനു പകരം കണ്ണാടി. എന്നാൽ ഗുരുവിനു അതൊരു ഒത്തുതീർപ്പായിരുന്നു. സമൂഹത്തിലെ കാലുഷ്യമകറ്റാനുള്ള ഒരു വഴി."

ആശ്രമത്തിലെത്തുന്നതു വരെ സ്വാമിയെ നയിച്ചത് ഇളയച്ഛനായിരുന്നു. ആ ഓർമ്മകളിൽ സ്വാമി ജീവിതത്തിന്റെ എല്ലാ സമസ്യകൾക്കും ഉത്തരം കണ്ടെത്തുന്നു. "മനുഷ്യനിലേക്ക് ഊന്നിയ ഗുരുദർശനത്തിന്റെ വലിയ ചുവടുകൾക്ക് അളക്കാനാവാത്ത ഇടങ്ങളില്ലെന്ന് എനിക്ക് തോന്നി. മണ്ണിൻ്റെ മനസ്സറിഞ്ഞ ഒരു കമ്മ്യൂണിസ്റ്റിന്റെ സ്നേഹനൊമ്പരങ്ങൾ എൻ്റെ വരുംകാല പ്രഭാതങ്ങൾക്ക് ദിശാബോധം നൽകും, തീർച്ച."ഈ പുസ്തകത്തിൽ ഒരു സന്യാസി പൂർവ്വാശ്രമത്തെ അനുഭൂതികളുടെയും മനുഷ്യത്വത്തിന്റെയും വ്യാമിശ്രതലങ്ങളിൽ വ്യാഖ്യാനിക്കുകയാണ്. ചിതറിപ്പോയ വേദനകളുടെയും അറിവുകളുടെയും  പൂർവ്വകാലത്തെ നന്ദിയുടെയും സ്നേഹത്തിന്റെയും നൂലുകൾ കൊണ്ട് കൊർത്തെടുക്കുകയാണ് .സന്യാസം ഓർമ്മകളുടെ നാശമല്ല ,ഓർമ്മകളുടെ ആശ്രമജീവിതമാണ്.

എൻ്റെ ബാല്യം 
(ഓർമ്മ)
സ്വാമി അവ്യയാനന്ദ 
ചിന്ത പബ്ളിഷേഴ്സ് 
തിരുവനന്തപുരം 
വില 80 / 




സൂക്ഷ്മാനന്ദ സ്വാമിയുടെ പുസ്തകം: ചില ആത്മീയസഞ്ചാരങ്ങൾ /എം.കെ.ഹരികുമാർ

 


ശിവഗിരിജീവിതത്തിലെ സന്യാസാനുഭവങ്ങളിൽ നിന്നുളവായ ആത്മീയമായ അവബോധത്തെ ഉപാധികളില്ലാതെ അപഗ്രഥിക്കാനും  സ്വന്തം നിലയിൽ അനുധാവനം ചെയ്യാനുമാണ് സൂക്ഷ്മാനന്ദ സ്വാമി What We Are All About എന്ന കൃതിയിൽ ശ്രമിക്കുന്നത് .സ്വാമി ഇതിനു മുമ്പ് രചിച്ച Mind the Gap  മനസ്സിന്റെ തന്നെ സഞ്ചാരത്തെ പിന്തുടരുന്ന രീതിയാണ് അവലംബിച്ചത്. ബോധമണ്ഡലം എന്നു പറയുന്നത് അനുഭവത്തിന്റെ സത്തയാണെന്ന് സ്വാമി സൂചിപ്പിക്കുന്നുണ്ട്. അത് പൂർണമായി വാക്കുകളിൽ പകരാനാവില്ല. നമ്മുടെ എല്ലാ അന്വേഷണങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഈ നിമിഷത്തിൽ അന്തർലീനമാണെന്ന അറിവാണ് സ്വാമി പങ്കുവയ്ക്കുന്നത്.നമ്മൾ എന്താണോ, അതിൻ്റെ അകം ലോകത്തെ ശരിയായി അനുഭവിക്കാൻ 'ഈ നിമിഷ'ത്തെ ശ്രദ്ധിക്കണമെന്ന് സാരം.

 നമ്മൾ ഒരു വസ്തുവിനെ നോക്കുമ്പോൾ ആ വസ്തുവിനെയും അതിൻ്റെ കർമ്മത്തെയും ഒരുപോലെ, ഒരേ സമയം നിരീക്ഷിക്കണമെന്നാണ് സ്വാമിയുടെ നിലപാട്. ഈ നിമിഷത്തിന് ഒരു രൂപാന്തരീകരണം (Transformative  power) അല്ലെങ്കിൽ പരിവർത്തനശക്തിയുണ്ട്. നമ്മൾ ഉറച്ചതും സ്ഥിരവുമായി കണ്ട യാഥാർത്ഥ്യങ്ങൾക്ക് സ്വപ്നസമാനമായ അസ്തിത്വമാണുള്ളതെന്ന് സ്വാമി എഴുതുന്നുണ്ട്. നമ്മുടെ ജീവിതവും ചുറ്റും കാണുന്ന ലോകവും യഥാർത്ഥമാണോ ? സ്വന്തം ചിന്തയിൽ നിന്നുകൊണ്ട് സ്വാമി പറയുന്നു:
''Realizing that our lives and the world around us are nothing but lengthy dreams."

ശ്രീനാരായണഗുരുവിന്റെ ചിന്തകളും ഉദ്ബോധനങ്ങളും അദ്വൈതത്തിൽ നിന്നു വളർന്ന് പുതിയ ഇടങ്ങൾ കണ്ടെത്തിയതായി സ്വാമി വിശദീകരിക്കുന്നു. ഗുരുവിൻ്റെ പാഠങ്ങൾ തത്ത്വചിന്താപരമായ  പഥങ്ങൾക്കപ്പുറം പോവുകയാണ്. അദ്വൈതമായ സാരത്തെ ഗുരു  സാമൂഹിക പശ്ചാത്തലത്തിൽ പരിശോധിക്കുകയും ആലോചിക്കുകയുമാണ് ചെയ്തത്. സാമൂഹിക സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും ജാതിവിവേചനത്തിനെതിരായ ആശയങ്ങളും അത് വ്യക്തമാക്കുന്നു.സാമൂഹികനീതിയും തുല്യ അവസരങ്ങളുമുള്ള ഒരു സമൂഹത്തെ ഗുരു മുന്നിൽ കണ്ടു .ഗുരു അതിലുപരി ജീവിതത്തെ ആത്മീയമായ ഒരു മാനത്തിൽ വീക്ഷിച്ചു. വ്യക്തികൾക്ക് അവരുടെ സർഗാത്മകവും അവബോധാത്മകവുമായ സിദ്ധികൾക്കനുസരിച്ച് സ്വന്തം നിലയിൽ ആത്മാവിനെ അറിയാനും ആന്തരികമായ ജ്ഞാനം നേടാനും' ഏകാന്തയാത്രകളിലേർപ്പെടാനാവും,
മതങ്ങളുടെ വേലിക്കെട്ടുകൾക്കപ്പുറത്ത്. ഇത്  ഗുരുവിൻ്റെ മാത്രം പ്രത്യേകതയാണ്.

ആത്മീയാനുഭവങ്ങൾക്ക് അഗാധമായ വ്യക്തിതലമുണ്ടെന്ന് സ്വാമി എഴുതുന്നുണ്ട്. ബുദ്ധനും യേശുക്രിസ്തുവും ജലാലുദ്ദീൻ റൂമിയും മറ്റും ,ശാസ്ത്രീയമായ അറിവുകൾ പോലെ മറ്റുള്ളവർക്ക് എളുപ്പത്തിൽ  പറഞ്ഞുകൊടുക്കാവുന്നതിനപ്പുറത്ത് അഗാധമായ കണ്ടെത്തലുകൾ നടത്തി. 
ആത്മീയമായ ഉൾവെളിച്ചം വ്യക്തമായ വ്യക്തിഗത അനുഭവങ്ങളിൽ നിന്നാണുണ്ടാവുന്നത്. അത് മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കാൻ പ്രയാസമാണ്. വ്യക്തിയാണ് ആ അറിവിനാധാരം."The highly  subjective  nature of spiritual experiences necessitates individual exploration and personal realization" - സ്വാമിയുടെ വാക്കുകൾ .




ദ്വൈതഭാവത്തെ മറികടന്ന് ബോധത്തെക്കുറിച്ച് കൂടുതൽ പര്യവേക്ഷണം നടത്തുന്നതിലൂടെയാണ് അദ്വൈതത്തിലെത്തുന്നത്. നമ്മുടെ ബോധത്തിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ വസ്തുക്കളും -ബാഹ്യലോകം, ശരീരം, ചിന്തകൾ - ബോധത്തിന്റെ തന്നെ സൃഷ്ടിയാണെന്ന് സ്വാമി വിവരിക്കുന്നുണ്ട് .അറിവ് സ്വതന്ത്രമായ അസ്തിത്വമല്ല .എന്നാൽ അതുണ്ടാകുന്നത് ബോധത്തിന്റെ പരിധിയില്ലാത്ത വികാസത്തിലാണ്. നമ്മുടെ ബോധം, അതുകൊണ്ടുതന്നെ ,വിസ്തൃതമാണ്. അതിനു ഈ പ്രപഞ്ചത്തെ ഉൾക്കൊള്ളാനാവും. ആ രീതിയിൽ ചിന്തിക്കുമ്പോൾ ഈ മനസ്സ് ലോകത്തേക്കാൾ വലുതും കൂടുതൽ യഥാർത്ഥവുമായിത്തീരുന്നു.

നമുക്ക് സ്വാതന്ത്ര്യം വേണോ? എങ്കിൽ നാം നമ്മുടെ തന്നെ അനുഭവങ്ങളിൽ നിന്നു വേർപെടാൻ പഠിക്കണം. അല്ലെങ്കിൽ അനുഭവങ്ങളുടെ ആകർഷണവലയത്തിനകത്ത് കുടുങ്ങിക്കിടക്കും. ഇത് അനുഭവങ്ങളെ തന്നെ തെറ്റായി മനസ്സിലാക്കാൻ കാരണമാകും. അതിന്റെ ഫലമായി ഒരാൾക്ക് തന്നെക്കുറിച്ച് തന്നെ തെറ്റായ ചിന്തയുണ്ടാവും; ഇത് ഭ്രമമാണ് .സ്വാമി എഴുതുന്നു: "This illusionary identity serves as the foundation for suffering and life's problems. ജീവിതപ്രശ്നങ്ങൾക്കും ദുഃഖങ്ങൾക്കും കാരണം തെറ്റായ സ്വത്വബോധമാണ്. നാം സ്വയം തെറ്റായി മനസ്സിലാക്കിയിരിക്കുന്നു .അബദ്ധ ധാരണകൾ നിർമ്മിച്ചെടുത്ത ഒരു വ്യാജ പ്രസ്താവനയായി നാം മാറുകയാണ്. ഇതിനെ മറികടക്കാൻ തെറ്റായ സ്വത്വത്തിൽ (False Identity) നിന്നു നാം വിട്ടുപോരണം ,സ്വതന്ത്രനാകണം.

സംസ്കൃതത്തിൽ, ദുഃഖം നിശ്ചലമായ, മണ്ണിൽ പുതഞ്ഞുപോയ ഒരു ചക്രത്തെ ഓർമിപ്പിക്കുന്നതായി സ്വാമി കുറിക്കുന്നു. സുഖമാകട്ടെ ചലിക്കുന്ന ചക്രമാണ് .ഒരു ചക്രം എപ്പോഴും ചലനാത്മകമാകണം.അതാണല്ലോ ചക്രത്തിന്റെ സ്വഭാവം.ശ്രദ്ധയെ പരിചരിക്കേണ്ടതുണ്ട്.ചുറ്റിനുമുള്ള വസ്തുക്കളെ ശ്രദ്ധിക്കാൻ പരിശീലിക്കണം. എന്നാൽ അവബോധത്തിനു പരിശീലനമില്ല .അതിനു  അതിർത്തിയുമില്ല. നാം ഒരു വസ്തുവിനെ ശ്രദ്ധിക്കുമ്പോഴാണ്  അതിനെപ്പറ്റി അറിയുന്നതെങ്കിൽ, അവബോധത്തിനു അതിൻ്റെ ആവശ്യമില്ല. അത് നമ്മുടെ മനസ്സ് സ്വയം കണ്ടെത്തുന്നതാണ്. 

ധ്യാനം എന്തിനാണ് ?സ്വാമി എഴുതുന്നു:
"The purpose of meditation is to bring us to a state of awareness."വിവേകത്തിലേക്ക് എത്തിച്ചേരാൻ ധ്യാനം വേണം. സൂക്ഷ്മജ്ഞാനത്തിലേക്ക് എത്തിക്കുന്നതെന്തും ജ്ഞാനമാണ്. ഇത് സൂക്ഷ്മമായ നിരീക്ഷണമാണ്. ഇത് സ്വാമിയുടെ ചിന്തയുടെ അടിത്തട്ട് കാണിച്ചു തരുന്നു. ധ്യാനം എന്നത്  പ്രത്യക്ഷത്തിലോ പ്രകടമായോ അനുഷ്ഠിക്കുന്ന ഒരു കർമ്മമല്ല .അത് സൂക്ഷ്മാവബോധത്തിലേക്കുള്ള സഞ്ചാരമാണ് .ധ്യാനത്തിന്റെ മറ്റൊരു രൂപമാണത്. അതുകൊണ്ട് ധ്യാനത്തിന്റെ പേരിൽ ചില വസ്തുക്കളെ ഒഴിവാക്കുകയോ, അവയിൽ നിന്നു അകലം പാലിക്കുകയോ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല.




നമ്മെ ഉന്നതമായ അറിവിലേക്ക് നയിക്കുന്നതിന് സഹായിക്കുന്നതെന്തും ആത്മീയമായ അനുഭവത്തെ സാക്ഷ്യപ്പെടുത്തുന്നു. നമ്മൾ ആരാണ്? സ്വാമി മൂന്ന് തലങ്ങൾ ചൂണ്ടിക്കാണിക്കുന്നു: ഒന്ന് ,ശരീരം. രണ്ട്,മനസ്. മൂന്ന്,അറിവ് അഥവാ ബോധം. ഇതെല്ലാം ആത്മവത്ത  അഥവാ 'ഞാൻ' എന്ന തലത്തിൽ നാം തിരിച്ചറിയുകയാണ്. ഇതിൽ ഓരോന്നിനും ഓരോ കാഴ്ചപ്പാടാണുള്ളത്, വസ്തുക്കളോട് . ലോകത്തോടുള്ള വീക്ഷണങ്ങളെല്ലാം പരിമിതമാണെന്ന് ഓർക്കണം ,ഒരാൾ നേടിയ അറിവിൻ്റെ ,ബുദ്ധിയുടെ അളവ് ഏതുവിധത്തിലാണെങ്കിലും. നമ്മൾ ശരീരമാണ്, അല്ലെങ്കിൽ മനസ്സാണ് എന്ന് പറയുന്നത് പൂർണമായി തെറ്റല്ല .നമ്മൾ അത്തരം വീക്ഷണങ്ങളിൽ കുടുങ്ങിക്കിടക്കുന്നതാണ് അപകടകരം .മനുഷ്യശരീരം  പരിമിതമാണ് .ശരീരത്തിനോടും  മനസ്സിനോടും ,നമ്മൾ ഇത് രണ്ടുമാണെന്ന തരത്തിൽ താദാത്മ്യം പ്രാപിക്കുകയാണെങ്കിൽ നമ്മുടെ കാഴ്ചപ്പാടുകൾ പരിമിതപ്പെടും .വസ്തുനിഷ്ഠതയും നമ്മുടെ  യഥാർത്ഥപ്രകൃതിയും തമ്മിലുള്ള വ്യത്യാസം അറിയണമെന്ന് സ്വാമി എഴുതുന്നു .വസ്തുനിഷ്ഠത ഒരു പുതിയ വീക്ഷണം നൽകുന്നുണ്ട്. അതിൽ വ്യക്തിഗതമായ യാതൊന്നുമില്ല .ധ്യാനം നമ്മെ എത്തിക്കുന്നത് വസ്തുനിഷ്ഠതയിൽ നിന്ന് ഉയർന്ന് നമ്മൾ എന്താണെന്ന അറിവിലേക്കാണ്.

നവീനകാലത്ത്, വിവരസാങ്കേതിക വിദ്യയുടെ പ്രവാഹകാലത്ത് നമുക്ക് എങ്ങനെ സ്വയം നഷ്ടപ്പെടുന്നുവെന്ന് ഈ പുസ്തകത്തിൻ്റെ ഒടുവിൽ സ്വാമി സൂചിപ്പിക്കുന്നുണ്ട് .അനന്തമായ വിവരങ്ങളാണ് നമുക്കുമേൽ  കുടഞ്ഞിടുന്നത്. ബാഹ്യമായ സ്വാധീനങ്ങൾ പലതാണ്.അത് നമ്മെ നമ്മുടെ തന്നെ പകർപ്പുകളാക്കുകയാണ്. നമ്മുടെ യഥാർത്ഥമായ ആത്മീയതയിൽ നിന്ന് അകറ്റിനിർത്തുകയാണ്. ചിന്തകളുടെയും പ്രവൃത്തികടെയും അവസാനമില്ലാത്ത പ്രവാഹം ശരീരത്തെയും മനസ്സിനെയും കേന്ദ്രീകരിച്ചുണ്ടാകുകയാണ്. ഇത് നമ്മെ വിശ്വസിപ്പിക്കുന്നത് നാം ശരീരവും മനസ്സും മാത്രമാണ് എന്നാണ്.എന്നാൽ യഥാർത്ഥത്തിൽ ,നമ്മൾ എന്താണോ അത് ശരീരത്തിന്റെയും മനസ്സിന്റെയും പരിധികൾക്ക് അപ്പുറത്താണുള്ളത് .സ്വാമി പറയുന്നു: "ധ്യാനം ചിന്തകളെ പിന്തുടരുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന പ്രവൃത്തിയല്ല. ധ്യാനം അതിൻ്റെ ചലനത്തെക്കുറിച്ച് അറിയുകയാണ്. നമ്മുടെ പ്രകൃതിയെക്കുറിച്ചുള്ള അറിവാണത്. അത് മനസ്സിൻ്റെ കുഴപ്പങ്ങളിലേക്ക് അമര്‍ന്നു പോവുകയല്ല.ശ്രീനാരായണഗുരു 'ആത്മോപദേശ ശതക'ത്തിൽ എഴുതി:
"ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്മറിക്കും
വെളിവുരുവേന്തിയകം വിളങ്ങിടേണം "

ഇന്ദ്രിയങ്ങളാകുന്ന കിളികളെ അരിഞ്ഞു വീഴ്ത്തി അറിവ് നേടണമെന്നാണ് ഗുരു ഉദ്ബോധിപ്പിക്കുന്നത്.

ചിന്തയുടെയും ബോധ്യത്തിന്റെയും അനുഭവങ്ങളെ ആത്മീയതയുടെയും അപാരമായ അറിവിൻ്റെയും സമസ്യകളിലേക്ക് സന്നിവേശിപ്പിക്കുന്ന, പുതുമയാർന്ന കൃതിയാണ് സൂക്ഷ്മാനന്ദ സ്വാമിയുടെ What we Are All About.വേദത്തിലെയോ ,ഉപനിഷത്തിലെയോ ശ്രീനാരായണ ഗുരുസാഹിത്യത്തിലെയോ തത്ത്വങ്ങളെ സൂക്ഷ്മാനന്ദ സ്വാമി അതേപടി  ഉദ്ധരിക്കുകയോ സ്വന്തമാക്കുകയോ ചെയ്യുന്നില്ല .സ്വാമി സ്വകാര്യമായ നിമിഷങ്ങൾ സൃഷ്ടിക്കുകയാണ്. ഏകാഗ്രമായി കണ്ടെത്തുന്ന നിമിഷങ്ങൾ ചില സത്യങ്ങൾ പറയുന്നു. അത് വ്യവസ്ഥാപിതമായ ചിന്തകളുടെ, പൂർവ്വകാല പഠനങ്ങളുടെ പിന്നാലെ പോവുന്നുമില്ല. സാഹസികമായ ഒരു യാത്രയാണിത്. ഈ ഉദ്യമം സ്വതന്ത്രമായ ഒരാത്മീയ വിചാരത്തിനു ചെയ്യുന്ന സംഭാവന ചെറുതല്ല. 


What We Are All About
sukshmananda Swami 
Sivagiri Madam Publications
Sivagiri,Varkala
Rs 275/



സച്ചിദാനന്ദ സ്വാമിയുടെ ഗുരുസ്തവവായന :എം.കെ.ഹരികുമാർ

 





കുമാരനാശാൻ്റെ കവിതകളിൽ  എനിക്ക് ഏറെ പ്രിയം 'ഗുരുസ്തവ'മാണ്.  മലയാളഭാഷയിലുണ്ടായ അസാധാരണവും അത്ഭുതകരവുമായ രചനയാണത്. എപ്പോൾ വായിച്ചാലും രോമം എഴുന്നു വരും. ഓരോ വരിയിലും അന്തർനാദമായി മറ്റേതോ സാരം ത്രസിക്കുന്നു .അപാരവും ഗഹനവുമായ ഒരു ഒഴുക്കാണത്.  ഭാഷയുടെ സാരസ്വതകേന്ദ്രങ്ങളുടെ അടിത്തട്ടിലൂടെ ഒഴുകുന്ന ഈ അരുവി നമ്മുടെ ശരീരത്തിൽ പ്രകമ്പനം സൃഷ്ടിക്കുകയാണ്. ലോകകവിതയിൽ തന്നെ ഈ ചെറുകവിത ഒരു വിശുദ്ധവും ആലോചനാസാന്ദ്രവുമായ  സൃഷ്ടിയാണ് .കുമാരനാശാനു മാത്രം എഴുതാൻ കഴിയുന്ന കവിത. ആദരവും സ്നേഹവും സൗന്ദര്യബോധവും അറിവും വിവേകവും ചിന്തയും ഒരാളിൽ ചേർന്ന് വരുമ്പോഴാണ് ഇതുപോലുള്ള രചനകൾ ഉണ്ടാകുന്നത്.

'ഗുരുസ്തവ'ത്തിനു തുല്യമായ കവിത രചിക്കാൻ പിന്നീട് ആർക്കും കഴിഞ്ഞിട്ടില്ല .വികാരം തുടിച്ചുണരുകയാണ്. എന്നാൽ വികാരത്തിന്റെ അമിതപ്രവാഹമില്ല. വികാരങ്ങൾ സംസ്കാരത്തിന്റെ ഉന്നത ശ്രേണിയിൽ പ്രകാശിക്കുകയാണ്. ഉചിതമായ പദക്കൂട്ടുകൾ എവിടെനിന്നോ വരികയാണ്. ഗുരുവിനെ അടുത്തുനിന്നു കണ്ടു ഗ്രഹിച്ച ഒരു കവിയുടെ സത്യസാക്ഷാത്കാരങ്ങളും  ഉണർവിനാൽ പ്രസാദാത്മകമായ വാങ്മയങ്ങളും തിരയടിക്കുന്ന കവിതയാണിത്.

"അന്യർക്ക് ഗുണം ചെയ്വതിനായുസ്സു വപുസ്സും 
ധന്യത്വമൊടങ്ങാത്മതപസ്സും ബലി ചെയ്വൂ
സന്യാസികളില്ലങ്ങനെയില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീ ഗുരുമൂർത്തേ "

ഗുരുവിനെ എത്ര സംക്ഷിപ്തമായി വിവരിക്കുന്നു. ഒരു കവിയുടെ ഭാഷാപരവും ഭാവനാപരവുമായ അറിവ് മുഴുവൻ ഇവിടെ പ്രസരിക്കുകയാണ്. ഈ കവിതയെക്കുറിച്ച് സച്ചിദാനന്ദ സ്വാമി എഴുതിയ 'ശ്രീനാരായണദർശനം - ആശാന്റെ ഗുരുസ്തവത്തിലൂടെ' എന്ന കൃതി സൂക്ഷ്മമായ അവലോകനം കൊണ്ടും വൈദാന്തികമായ അപഗ്രഥനം കൊണ്ടും കാവ്യാനുഭൂതിയുടെ പിന്നാമ്പുറങ്ങളിലേക്കുള്ള നിരുപാധികമായ അന്വേഷണമായിത്തീരുകയാണ്. 

ഈ കൃതിയുടെ ആരംഭത്തിൽ സച്ചിദാനന്ദ സ്വാമി ഇങ്ങനെ കുറിക്കുന്നു: "ഇവിടെ ഗുരുസ്തവമെന്ന  ഈ സ്തോത്രത്തിൽ ബഹുലക്ഷം ജനങ്ങളുടെ പരദൈവം എന്ന നിലയിൽ ഗുരുദേവനെ കുമാരനാശാൻ സ്തുതിക്കുന്നു. ഒപ്പം ശ്രീനാരായണദർശനം അവതരിപ്പിക്കുകയും ചെയ്യുന്നു. അതെത്രയേറെ സംഗതമായിരിക്കുന്നു എന്നുള്ള ഒരു ലഘുപഠനമാണ് ഈ  ഗ്രന്ഥം."ഗുരുസ്തവത്തിലെ ഓരോ വരിയും പദബന്ധവും സ്വാമി ഇഴപിരിച്ച് പരിശോധിക്കുകയാണ്. ഓരോ വാക്കിനെക്കുറിച്ചും സ്വാമിക്ക് പറയാൻ ഏറെയുണ്ട് .സ്വാമിയുടെ വൈദാന്തികമായ ജ്ഞാനവും പൂർവ്വമീമാംസയിലുള്ള അറിവും ഇതിൽ കലർന്നു വരികയാണ് .ഗുരുവിനെക്കുറിച്ച് വായിക്കുന്നവർ ആശാന്റെ ഈ കൃതി നിശ്ചയമായും പഠിക്കണം. ഇതിനു തുല്യമായ ഒരു ഉന്നതവീക്ഷണം വേറെയില്ല .വീടുകളിൽ പതിറ്റാണ്ടുകളായി ചൊല്ലുന്ന സന്ധ്യാനാമമാണിത്. പദസംസ്കാരത്തിൻ്റെ അത്യുന്നതമായ അവബോധത്തിൽ ഈ കവിത ദൈവികമായ അനുഭവം നൽകുകയാണ്. ഗഹനതയിലും ഈ കവിത ജനകീയമാണ്. 

"നാരായണമൂർത്തേ!ഗുരുനാരായണമൂർത്തേ ! നാരായണമൂർത്തേ! പരമാചാര്യ നമസ്തേ!"
എന്നു ചൊല്ലിക്കൊണ്ടാണ് ആശാൻ കവിത ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും .ഇതിനുപുറമേ ഓരോ ശ്ലോകവും അവസാനിക്കുന്നിടത്ത് 'ഗുരുനാരായണമൂർത്തേ' എന്നു ആവർത്തിക്കുന്നുണ്ട് . എന്തുകൊണ്ടാണ് നാരായണഗുരുവിനെ ആശാൻ നാരായണമൂർത്തേ എന്നു  സംബോധന ചെയ്യുന്നത്? നാരം  എന്നാൽ ജീവാത്മാവ്; അതിൻ്റെ  അയനമായിട്ടുള്ളവൻ നാരായണൻ. ആത്മാവ് ആരിൽ വസിക്കുന്നുവോ അവൻ .അത് പരംപൊരുളാണ്. അത് നാരായണമൂർത്തിയാണ്. സച്ചിദാനന്ദ സ്വാമി നിരീക്ഷിക്കുന്നു: " ഗുരുദേവന്റെ സ്വരൂപം പരമാത്മസുരൂപമാണ്. പരമാത്മാവ് നാമരൂപരഹിതനും സർവ്വവ്യാപിയും സർവ്വശക്തനുമാണ്. നാമരൂപാത്മകമായ കാര്യപ്രപഞ്ചത്തിൻ്റെ പരമകാരണമാണ് പരമാത്മ സത്ത.നാരത്തിനു ജ്ഞാനം എന്നും അർത്ഥമുണ്ട്. ജ്ഞാനത്തിനു ആശ്രയമായ മൂർത്തിയാണ് നാരായണമൂർത്തി."

ഈ നാരായണമൂർത്തിയാണ് ആശാൻ്റെ ഗുരു. ആശാനു ആശയപരമായ കാപട്യമില്ല. വിദ്യാഭ്യാസത്തിൻ്റെ കപട സംസ്കാരമില്ല. ആശാൻ സത്യത്തിന്റെ നേർസാക്ഷിയാണ്. അതുകൊണ്ടു തൻ്റെയുള്ളിലെ ഗുരുവിനെ അവതരിപ്പിക്കുമ്പോൾ സത്യത്തെ കൈവിടില്ല .ആത്മപ്രഭാവമാണ് ഗുരു.വസ്തുവിൻ്റെ ഹൃദയത്തെക്കുറിച്ച് അറിവ് പകരുന്നത് ഗുരുവാണ്. അറിവിനുള്ളിലെ ദേവനാണ് ഗുരു. 
ആ ഗുരുവിനെ ആശാൻ ദൈവമായി കാണുന്നു. തനിക്ക് വഴിയും വെളിച്ചവുമായ ഗുരുവിൽ ആശാൻ പൂർണമായി സമർപ്പിക്കുകയാണ്. അന്ധത്വത്തെ മറികടന്ന് ആദിമഹസ്സിലേക്ക് വഴി തുറക്കുന്ന ഗുരുവാണത് .ഭോഗരൂപമായ ലൗകിക ജീവിതത്തെ മൂടിക്കിടക്കുന്ന അന്ധതയെ മാറ്റുന്ന ഗുരു പരദൈവമാണെന്നു ആശാൻ തുറന്നെഴുതുന്നു. ഇത് ആശാന്റെ സത്യസാക്ഷാത്കാരമാണ്, ബോധ്യമാണ്, അറിവാണ്. ഗുരുവിനോടുള്ള ആരാധനയുടെ രഹസ്യം ആശാൻ ഇവിടെ വെളിപ്പെടുത്തുകയാണ്. അന്ധതയെ ഭേദിക്കാനായി ഉഴറുന്നവന് അന്ധത മാറ്റിക്കൊടുത്ത് ആദിമഹസ്സിലേക്ക് നയിക്കുന്ന ഗുരുവിനെ ഓർക്കുമ്പോൾ ആരാധന തോന്നുമെന്നാണ് ആശാൻ പറയുന്നത്.

സച്ചിദാനന്ദ സ്വാമി

ആശാൻ്റെ 'ആരായുകിൽ' എന്ന പ്രയോഗത്തെപ്പറ്റി സച്ചിദാനന്ദ സ്വാമി എഴുതുന്നത് ശ്രദ്ധേയമാണ്: "ആരായുന്നവർക്ക് ,സത്യത്തെ സൂക്ഷ്മമായി അവധാനതയോടെ അന്വേഷിക്കുന്നവർക്ക് മാത്രമേ ഗുരു ദൈവമാണെന്ന സത്യം വെളിപ്പെട്ടു കിട്ടുകയുള്ളൂ. ഗുരുദേവ പ്രസ്ഥാനത്തിലേക്ക് വരും നൂറ്റാണ്ടുകളിൽ കടന്നുവരുന്ന 'ഭൗതികവാദം' എന്ന മാനിയ പിടിപെട്ടവർക്ക് ഉപയോഗിക്കാനുള്ള കായകല്പചികിത്സയല്ലേ കവിയുടെ 'ആരായുകിൽ 'എന്നുള്ള ഈ ആദി പ്രയോഗം? ആരായുന്നത് സത്യദർശനത്തിനു വേണ്ടിയാണ്. ഗുരുവിൻ്റെയും ദൈവത്തിൻ്റെയും സ്വരൂപം തന്നെയാണ് ഇവിടെ അന്വേഷണവിഷയം. ശിഷ്യന്റെ ജിജ്ഞാസ ,ആത്മസുഖലാഭത്തിനുള്ള ആഗ്രഹം കൊണ്ടാണ് ഗുരുവും ദൈവവും അന്വേഷണ വിഷയമാകുന്നത്. ഇതുവരെയും ഭൗതികജീവിത വ്യാപാരങ്ങളുമായി കഴിഞ്ഞുകൂടി. പക്ഷേ ,അതുകൊണ്ടൊന്നും  ആത്യന്തികമായി സുഖമോ സ്വസ്ഥതയോ ലഭിക്കുന്നില്ല."

സത്യത്തെ നിരന്തരമായി ആരായണം .  അപ്പോഴാണ് വ്യർത്ഥതകൾ ഒടുങ്ങി  സത്യത്തിലേക്കുള്ള നോട്ടം സജീവമാവുകയുള്ളൂ.സന്യാസി എന്നാൽ പരോപകാരാർത്ഥം  പ്രവർത്തിക്കുന്നവൻ എന്നു ഗുരു അർത്ഥം പറഞ്ഞതായി സച്ചിദാനന്ദ സ്വാമി സൂചിപ്പിക്കുന്നുണ്ട്. അന്യർക്ക് ഗുണം ചെയ്തു കൊണ്ടിരിക്കണം. പറഞ്ഞാൽ പോരാ;പ്രവൃത്തിയിൽ വേണം .കർമ്മങ്ങളിൽ നിന്ന് ഓടി രക്ഷപ്പെട്ടു സ്വന്തം മോക്ഷം തേടുന്നവനല്ല ഗുരുവിൻ്റെ സങ്കല്പത്തിലെ സന്യാസി. കർമ്മങ്ങൾ നിരന്തരമായി ചെയ്ത് അന്യർക്ക്  ഉപകാരം ചെയ്യണം. വേദജ്ഞാനത്തിന്റെയും ബ്രഹ്മജ്ഞാനത്തിന്റെയും തലത്തിൽ ഗുരു നേടിയതെല്ലാം കർമ്മത്തെ ഉൽകൃഷ്ടമാക്കുകയാണ്. മനുഷ്യരെ മഹത്വമുള്ളവരാക്കുക എന്ന കർമ്മപരമ്പരയാണത്.

ഗുരുവിൻ്റെ ജീവിതവും പ്രവൃത്തിയും കണ്ട് എത്രയോ പേർ ജീവിതാർത്ഥത്തെക്കുറിച്ചും കർമ്മമഹത്വത്തെക്കുറിച്ചും ജ്ഞാനമുള്ളവരായി! .അതുകൊണ്ട് ഗുരുവിൻ്റെ മാർഗം വ്യത്യസ്തമാണ്. സച്ചിദാനന്ദ സ്വാമി പറയുന്നത് ഇതാണ്: "നരൻ നാരായണനായി സത്യസാക്ഷാത്കാരം നേടി വീണ്ടും നരനെ നാരായണനാക്കുവാനുള്ള കർമ്മത്തിൽ പ്രാരാബ്ധവശാലല്ല ബോധപൂർവ്വമായി തന്നെ മുഴുകണം. ഇത് ശ്രീനാരായണദർശനത്തിന്റെ ഒരു അപൂർവ്വതയാണ് .തനിമയാർന്ന സംഭാവനയാണ്. ആശാൻ നിർദ്ദേശിക്കുന്ന ആത്മതപസ്സിൻ്റെ ബലിയും ഇതു തന്നെയാണ്."

വൻപാകെ വെടിഞ്ഞ ഗുരുവിനെക്കുറിച്ച് ആശാൻ എഴുതുന്നുണ്ട് .സ്വന്തമായി ഒരുതരത്തിലുമുള്ള കാമനയോ മോഹമോ ഇല്ലാതിരുന്ന ഗുരു തന്നിലേക്ക് വന്നുചേർന്നതെല്ലാം സമൂഹത്തിൻ്റെ ക്ഷേമത്തിനായി തിരിച്ചു നൽകി. സന്യാസിമാർ ഇങ്ങനെയുമുണ്ട്.പല മേഖലകളിൽ പ്രമുഖരായിത്തീർന്ന വ്യക്തികളിൽ പലപ്പോഴും സ്വന്തമെന്ന താൽപര്യം കാണാറുണ്ട്.ഗുരുവാകട്ടെ ,ആത്മജ്ഞാനവും ജീവിതാർത്ഥവും ഗ്രഹിച്ച യോഗിയാകയാൽ മോഹങ്ങളെ വെടിഞ്ഞ് ശുദ്ധനായിത്തീരുകയാണ് ചെയ്തത് .





"ആത്മധർമ്മങ്ങളെ ശരീരത്തിലും ശരീരധർമ്മങ്ങളെ ആത്മാവിലും അധ്യസിച്ചു കൊണ്ടുള്ള ലൗകിക ലോകവ്യവഹാരങ്ങളിൽ നിന്നും നിർമുക്തനായി ആത്മലോക വ്യാപൃതനായ ഗുരുവിൻ്റെ ജീവബോധം നിവാദദീപം പോലെയായിരുന്നു'എന്നു  സച്ചിദാനന്ദ സ്വാമി വിലയിരുത്തുന്നു. കുളത്തിൽ കിടക്കുന്ന താമരയിലെ പോലെയാണ് ജ്ഞാനിയുടെ കർമ്മമെന്ന് തുടർന്ന് എഴുതുന്നുണ്ട്. "വെള്ളം ഇലയെ സ്പർശിക്കാത്തതുപോലെ കർമ്മം ആത്മാവിനെ സ്പർശിക്കുന്നതേയില്ല."

ഗുരുസ്തവത്തെക്കുറിച്ച് ഇതാദ്യമായാണ് മലയാളത്തിൽ ഒരു പഠനം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഇത് വെറുമൊരു പഠനമല്ല ;വേദാന്തവും ബ്രഹ്മജ്ഞാനവും പൂമ്പൊടി പോലെ വിതറിയ അറിവിൻ്റെ വഴിയാണ്.ഇത് ആഴമുള്ള കാഴ്ചകൾ ഒരുക്കുകയാണ്. മലയാളസാഹിത്യത്തിൽ ഗുരുസ്തവ ത്തെക്കുറിച്ച് ഇത്രയും സൂക്ഷ്മമായി അപഗ്രഥിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. സാഹിത്യതത്പരരും വേദാന്തികളും കൈയിൽ കൊണ്ടു നടക്കേണ്ട കൃതിയാണ് സച്ചിദാനന്ദ സ്വാമി എഴുതിയിരിക്കുന്നത്. ആശാനെക്കുറിച്ചുള്ള സാഹിത്യപരമായ അന്വേഷണങ്ങളിൽ സ്വാമിയുടെ ഈ കൃതിക്ക് ഉയർന്ന സ്ഥാനമുണ്ട്. ചരിത്രപരമായ സാംഗത്യം ഈ കൃതിക്ക് മാറ്റുകൂട്ടുന്നു. ഗുരുവിനെയും ആശാനെയും മനസ്സിൽ ഉറപ്പിച്ചു നിർത്തിക്കൊണ്ടുള്ള ഒരു സാഹിത്യവിചാരം എന്ന അപൂർവത വേറെയും .യോഗാത്മകമായ അനുരണനങ്ങൾ ഇതിൽ കേൾക്കാം.  ആത്മാനുഭവങ്ങളുടെ ചരിത്രത്തെ പ്രകാശനം ചെയ്യുന്ന സച്ചിദാനന്ദ  സ്വാമി 'അങ്ങേത്തിരുവുള്ളൂറിയ അൻപിൻ വിനിയോഗം എന്ന ശീർഷകത്തിനു താഴെ ഇങ്ങനെ എഴുതുന്നു:
"ഗുരുവിന്റെ വിശുദ്ധമായ ഉള്ളം ഊറിയതുകൊണ്ടാണ്, ആ അനുഗ്രഹ വിശേഷം കൊണ്ടാണ് ആ യോഗം കൈവന്നത് ". ഏത് യോഗം? ഭാഗ്യം എന്ന യോഗം. ഗുരുവിൻ്റെ  പാതയിലൂടെ സഞ്ചരിച്ച് ഏകലോകത്തെയും ബ്രഹ്മാനുഭവത്തെയും  സാക്ഷാത്ക്കരിക്കാനാഗ്രഹിക്കുന്നവർക്ക് ഈ ഗുരുസ്തവവ്യാഖ്യാനം പ്രചോദനമാവും .ഓരോ ശ്ളോകവും ഉദ്ധരിച്ച ശേഷം ഓരോ വാക്കിൻ്റെയും അർത്ഥം പറഞ്ഞാണ് സ്വാമി വ്യാഖ്യാനത്തിലേക്ക് കടക്കുന്നത്. ഓരോ വാക്യത്തിലും സ്വാമിയുടെ ഗാഢമായ ഗുരുസ്മരണയും ഗുരുഭക്തിയും ഗുരുചിന്തയും അലയടിക്കുകയാണ്. 

ഗുരു സമൂഹത്തിൽ എങ്ങനെ പ്രത്യക്ഷമായ അനുഭവമാകുന്നു എന്നതിന് സ്വാമി നൽകുന്ന വിശദീകരണത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം :അവിടുത്തെ അൻപ് ജനകോടികൾക്ക് ശുഭവും ഭൗതികവും ആത്മീയവുമായ പുരോഗതി കൈവരിക്കുവാൻ പര്യാപ്തമായി .അതിൻ്റെ പ്രതിഫലനമെന്നോണം അനേകങ്ങൾക്ക് ആത്മാനുഭൂതി ഉളവായി. "


ശ്രീനാരായണദർശനം ആശാൻ്റെ ഗുരുസ്തവത്തിലൂടെ 
(പഠനം)
സച്ചിദാനന്ദ സ്വാമി 
ഗായത്രി ആശ്രമം ,ചാലക്കുടി
വില : 50/

രാമൻ ഇളയത് കേരളത്തിൻ്റെ പ്രബുദ്ധമനസിൻ്റെ പ്രതീകം :എം.കെ.ഹരികുമാർ


a

വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു. അഡ്വ.കെ.എ. ബാലൻ ,പി.സുജാതൻ എന്നിവർ സമീപം .


റിപ്പോർട്ട് :എൻ.രവി

തൃപ്പൂണിത്തുറ: തിരുവിതാംകൂർ രാജാക്കന്മാർ കാലത്തിൻ്റെ ചുവരെഴുത്തുകൾ മനസിലാക്കാതെ  ജാതിവിവേചനത്തിൻ്റെ അന്ധതയിലമരുകയായിരുന്നുവെന്നു വിമർശകനും സാഹിത്യകാരനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു .

അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ 'അരികിൽ നിന്നു മുഖ്യധാരയിലേക്ക്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


തിരുവിതാംകൂർ ഭരണാധികാരികൾ പതിറ്റാണ്ടുകളായി അന്ധതയിലായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ (1787-1799) മുദ്രാവാക്യങ്ങളായ സമത്വം, സാഹോദര്യം ,സ്വാതന്ത്ര്യം പോലുള്ള ആശയങ്ങൾ തിരുവിതാംകൂറിലെ അധികാരികൾക്ക് അറിയില്ലായിരുന്നു. അവർ ലോകത്തെക്കുറിച്ച് അറിവ് നേടാത്തവരായിരുന്നു. അവർ വെറുപ്പാണ് പ്രചരിപ്പിച്ചത്. ഈഴവരോട് ഈ രാജവംശം കടുത്ത വിദ്വേഷം പുലർത്തിയതായി കാണാം. ഈഴവർക്കും മറ്റു പിന്നോക്ക വിഭാഗക്കാർക്കും വൈക്കം ക്ഷേത്രത്തിനടുത്തുള്ള റോഡുകളിലൂടെ  നടക്കാൻ നൂറ്റാണ്ടുകളായി അനുമതി ലഭിച്ചിരുന്നില്ല .ഇതിൽ പ്രതിഷേധിച്ച്, സ്വാതന്ത്രരാകാൻ മോഹിച്ച ഇരുനൂറ് ഈഴവ യുവാക്കൾ 1806 ൽ വൈക്കത്തെ നിരോധിത റോഡിലൂടെ സഞ്ചരിക്കുമെന്ന് അധികാരികളെ അറിയിച്ച ശേഷം അവിടേക്ക് മാർച്ച് ചെയ്തു. എന്നാൽ ആ മാർച്ച് കാണാൻ വേലുത്തമ്പി ദളവ നേരിട്ടെത്തി .അദ്ദേഹം ആ ഇരുനൂറ്  പേരെയും രാജാവിൻ്റെ കുതിരപ്പട്ടാളത്തെ ഉപയോഗിച്ച് നേരിട്ടു. ആ യുവാക്കളെ വെട്ടിക്കൊന്നു കുളത്തിൽ താഴ്ത്തുകയാണ് ചെയ്തത്.അതാണ് പിന്നീട് ദളവാക്കുളം എന്നറിയപ്പെടുന്ന.ത് ഇങ്ങനെയൊക്കെ ചെയ്യാൻ ഒരു ഭരണാധികാരി തയ്യാറാവുന്നത് ലോകാവബോധമില്ലാത്തതു കൊണ്ടാണ്. ലോകം എങ്ങനെ ജ്ഞാനോദയത്തിലേക്ക് വളരുന്നുവെന്നു അറിയാത്തവരാണ്. ഫ്രഞ്ച് നവോത്ഥാനത്തെ കുറിച്ചും ബോധോദയത്തെക്കുറിച്ചും തിരുവിതാംകൂർ ഭരണാധികാരികൾക്ക് ഒന്നുമറിയില്ലായിരുന്നു. മനുഷ്യൻ എന്ന പദത്തിൻ്റെ അർത്ഥം അവർക്കറിയില്ലായിരുന്നു .ശ്രീനാരായണഗുരു മനുഷ്യൻ എന്നു പ്രയോഗിക്കുന്നത് പ്രത്യേക അർത്ഥത്തിലാണ്. മതമേതായാലും  മനുഷ്യൻ നന്നായാൽ മതി എന്നു പറയുമ്പോൾ അവിടെ ഒരു 'മനുഷ്യനു'ണ്ട്. ആ 'മനുഷ്യൻ' അനുകമ്പയുള്ളവനാണ്. അനുകമ്പയില്ലാത്തവനെ ഗുരു നാറുന്ന ഉടൽ എന്നാണു വിളിച്ചത് -ഹരികുമാർ  പറഞ്ഞു.


തിരുവിതാംകൂർ രാജാക്കന്മാർ ഈഴവരെ നിരന്തരമായി വേട്ടയാടിയെന്ന് ഹരികുമാർ പറഞ്ഞു. ഡോ. പല്പു എം.ബി.ബി.എസ് പാസായിട്ടും തിരുവിതാംകൂർ സർക്കാർ ജോലി കൊടുത്തില്ല. പല്പുവിൻ്റെ
അച്ഛനും ജോലി നിഷേധിക്കപ്പെട്ടിരുന്നു.പല്പുവിൻ്റെ മകൻ നടരാജഗുരുവിനും ജോലി നല്കിയില്ല . ഒരു വീട്ടിലെ മൂന്നു തലമുറയിൽപ്പെവർക്ക് ജാതിയുടെ പേരിൽ ജോലി നല്കാത്ത തിരുവിതാംകൂർ രാജകുടുംബത്തെ അന്ധതയുടെ പ്രതീകമായേ കാണാനൊക്കൂ .

വൈക്കം സത്യാഗ്രഹത്തിലേക്ക് നയിച്ചത് നയിച്ചത് ഈഴവരുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും അസ്പൃശ്യതയായിരുന്നു. വഴിനടക്കാൻ  രാജാവ് സമ്മതിക്കുകയില്ല. വഴി നടന്നാൽ അവരുടെ പട്ടാളം വെട്ടിക്കൊല്ലും. 1917 ൽ കുമാരനാശാൻ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചു. ഫലമുണ്ടായില്ല. ടി.കെ.മാധവൻ ഈ പ്രശ്നം പരിഹരിക്കാനായി രാജാവിനെ കാണാൻ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് ദിവാനെ കണ്ട് ഈ കാര്യം പറഞ്ഞു. ഇവിടെ ഇങ്ങനെ പോയാൽ ജീവിക്കാൻ പ്രയാസമാകുമെന്ന് പറഞ്ഞപ്പോൾ, എങ്കിൽ നാടുവിട്ടു പോകാനാണ് ആദിവാൻ ദിവാൻ ഉപദേശിച്ചത്. ഏത് യുഗത്തിലാണ് ആ ദിവാൻ ജീവിച്ചത്? ഫ്രഞ്ച് വിപ്ലവത്തിലൂടെ  സ്വാതന്ത്ര്യത്തിന്റെ ഒരു പുതിയ യുഗം ആവിഷ്കരിച്ചത് അവർ അറിഞ്ഞിരുന്നില്ല -ഹരികുമാർ പറഞ്ഞു. 


ഈഴവരെ രാജകുടുംബം അകറ്റി നിർത്താൻ കാരണം ജാതിമാത്രമാണെന്ന് കരുതാനാവില്ല.  ഈഴവർ ആവശരായിരുന്നുവെന്ന് പറയാനാവില്ല.അക്കാലത്ത് ഈഴവർക്കിടയിൽ ധാരാളം സംസ്കൃത പണ്ഡിതന്മാരും ആയുർവേദ വൈദ്യന്മാരും ഉണ്ടായിരുന്നു. ചാന്നാന്മാർക്കിടയിൽ എത്രയോ ഭൂവുടമകളും സമ്പന്നരും ഉണ്ടായിരുന്നു! ആറാട്ടുപുഴ വേലായുധപ്പണിക്കർക്ക് സമ്പത്ത് മാത്രമല്ല ആൾബലവുമുണ്ടായിരുന്നു. ശ്രീനാരായണഗുരു പഠിക്കാനായി വന്ന വാരണപള്ളി തറവാടിനു നല്ല ധനശേഷിയുണ്ടായിരുന്നു. ഈഴവരുടെ ഉല്പതിഷ്ണുത്വവും അനീതിക്കെതിരായ പോരാട്ടവും അവരെ അധികാരികൾക്ക് അപ്രിയരാക്കിയിട്ടുണ്ടാവും.വൈക്കം സത്യാഗ്രഹം ഒരു വലിയ ജനവിഭാഗത്തെ അരികിൽ നിന്ന് മുഖ്യധാരയിലെത്തിച്ചു. വൈക്കത്ത്  സമരം ചെയ്തവർ ജാതി നോക്കിയിട്ടില്ല.വിവിധ ജാതികളിൽപ്പെട്ടവർ ആ സമരത്തിൽ പങ്കെടുത്തു. ഈഴവർക്ക് വേണ്ടി മറ്റു വിഭാഗങ്ങൾ സമരത്തിലേക്ക് ആകൃഷ്ടരായി. കൂത്താട്ടുകുളത്ത് നിന്നു വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ പോയ രാമൻ ഇളയതിനെ മറക്കാനാവില്ല. അദ്ദേഹത്തിൻ്റെ കണ്ണിൽ അധികാരികൾ ചുണ്ണാമ്പെഴുതി. രാമൻ ഇളയത് അന്ധനായി .എന്തിനാണ് രാമൻ ഇളയത് അന്ധനായതെന്ന ചോദ്യത്തിനു ഉത്തരം തേടിയാൽ വൈക്കം സത്യാഗ്രഹത്തിൻ്റെ മാത്രമല്ല  കേരളത്തിന്റെ തന്നെ ഉന്നതമായ മനസ് കാണാം. അനീതിക്കെതിരെ പ്രബുദ്ധരായവർ ഒന്നിക്കുന്ന ചിത്രമാണവിടെ തെളിയുന്നത്. ഫ്രഞ്ച് വിപ്ലവത്തിലും അത് കാണാം. ചക്രവർത്തിക്കെതിരെ ഫ്രാൻസിൽ പോരാടാനിറങ്ങിയത് മുതലാളിമാരും ബുദ്ധിജീവികളുമാണ്. അതിൻ്റെ ഗുണഭോക്താക്കൾ പ്രധാനമായും അടിമകളും കർഷകരുമായിരുന്നു. ഇങ്ങനെയാണ് സമരങ്ങൾ  ഉണ്ടാകേണ്ടത്. വൈക്കം സത്യാഗ്രഹം ഹിന്ദുവിഭാഗത്തിലെ ഉത്പതിഷ്ണുക്കളെ അനീതിക്കെതിരെ ഒന്നിപ്പിച്ചു എന്നത് വലിയ കാര്യമാണ്. കോൺഗ്രസിന്റെ അയിത്തോച്ചാടന സമരത്തിൻ്റെ ഭാഗമായി വൈക്കത്ത് ജാഥ നടത്താൻ തീരുമാനിച്ചപ്പോൾ അതിനെതിരെ പരാതിയുമായി യാഥാസ്ഥിതിക ഹിന്ദുക്കൾ വന്നതിന്റെ അർത്ഥമെന്താണ്?

ഒരു വിഭാഗം ഹിന്ദുക്കൾ എല്ലാ മാറ്റങ്ങൾക്കും എതിരായിരുന്നു. അവിടെയാണ് നീതിക്കുവേണ്ടി ജാതി വ്യത്യാസം മറന്ന് ഒരു വലിയ വിഭാഗം ജനങ്ങൾ ഒന്നിച്ച് പ്രക്ഷോഭത്തിലേക്ക് വരുന്നത്. ഇത് പിന്നീട് കേരളത്തിൻ്റെ വീക്ഷണത്തിൽ വലിയ മാറ്റം സൃഷ്ടിച്ചു - ഹരികുമാർ ചൂണ്ടിക്കാട്ടി.

അരികിൽ നിന്നു മുഖ്യധാരയിലേക്ക് ഒരു വലിയ വിഭാഗം എത്തിച്ചേർന്നു എന്നത് സത്യമാണ്. എന്നാൽ ആ വലിയ ആൾക്കൂട്ടം ഇപ്പോൾ ഇവിടെ തങ്ങളുടെ ഭൂതകാലത്തിലെ ആദർശങ്ങൾക്കൊപ്പം സഞ്ചരിക്കാനാവാത്ത സാഹചര്യത്തിലാണ്. അവർക്ക് ഒരു പത്രമോ വാരികയോ പ്രസാധനശാലയോ സാംസ്കാരിക സംഘടനയോ ഇല്ല.

a




കേരളത്തിലെ നവീന മാധ്യമപ്രവർത്തനം ചിന്തകളിൽ നിന്നും ആശയങ്ങളിൽ നിന്നും അകന്നു പോവുകയാണ് .അറിവിൻ്റെയും  ജ്ഞാനത്തിന്റെയും ശോഭയുള്ള ഒരു വാക്യം പോലും ഇന്ന് ജേർണലുകളിൽ വരില്ല. വിപ്ളവത്തെക്കുറിച്ച് ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു  പറഞ്ഞത് ശ്രദ്ധേയമാണ്: സൗന്ദര്യത്തിനു വിപ്ലവം സൃഷ്ടിക്കാനാവില്ല; എന്നാൽ വിപ്ലവത്തിനു സൗന്ദര്യം ആവശ്യമായ ഒരു സമയം വരും. എന്താണ് ഇതിനർത്ഥം? കവിത എഴുതിയാൽ വിപ്ലവം വരികയില്ല. അതേസമയം വിപ്ലവത്തിനു സൗന്ദര്യം വേണം - മനുഷ്യമുഖം വേണം. മാനവികതയില്ലാതായാൽ വിപ്ളവം  പരാജയപ്പെടും. കമ്യുവിൻ്റെ വാചകം പോലെ ഒന്ന് മലയാളം ജേർണലുകളിൽ വരാൻ പ്രയാസമാണ്. ഇവിടെ ഗൗരവമായി എഴുതിയാൽ, അഗാധമായി ചിന്തിച്ചാൽ ചില മാധ്യമങ്ങൾ നന്മെ നോട്ടപ്പുള്ളിയാക്കുകയോ പിന്നാലെ  നടന്ന് തമസ്കരിക്കുകയോ ചെയ്യും.എന്നാൽ അനാവശ്യ കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ചർച്ച ചെയ്യുകയാണെങ്കിൽ നിങ്ങൾ ഏവർക്കും സ്വീകാര്യനാവും.  ഇതാണ് ഇന്നത്തെ അവസ്ഥ -ഹരികുമാർ പറഞ്ഞു.

പി.സുജാതൻ മോഡറേറ്ററായിരുന്നു.