ശിവഗിരിജീവിതത്തിലെ
സന്യാസാനുഭവങ്ങളിൽ നിന്നുളവായ ആത്മീയമായ അവബോധത്തെ ഉപാധികളില്ലാതെ
അപഗ്രഥിക്കാനും സ്വന്തം നിലയിൽ അനുധാവനം ചെയ്യാനുമാണ് സൂക്ഷ്മാനന്ദ സ്വാമി
What We Are All About എന്ന കൃതിയിൽ ശ്രമിക്കുന്നത് .സ്വാമി ഇതിനു മുമ്പ്
രചിച്ച Mind the Gap മനസ്സിന്റെ തന്നെ സഞ്ചാരത്തെ പിന്തുടരുന്ന രീതിയാണ്
അവലംബിച്ചത്. ബോധമണ്ഡലം എന്നു പറയുന്നത് അനുഭവത്തിന്റെ സത്തയാണെന്ന് സ്വാമി
സൂചിപ്പിക്കുന്നുണ്ട്. അത് പൂർണമായി വാക്കുകളിൽ പകരാനാവില്ല. നമ്മുടെ
എല്ലാ അന്വേഷണങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഈ നിമിഷത്തിൽ
അന്തർലീനമാണെന്ന അറിവാണ് സ്വാമി പങ്കുവയ്ക്കുന്നത്.നമ്മൾ എന്താണോ, അതിൻ്റെ
അകം ലോകത്തെ ശരിയായി അനുഭവിക്കാൻ 'ഈ നിമിഷ'ത്തെ ശ്രദ്ധിക്കണമെന്ന് സാരം.
നമ്മൾ
ഒരു വസ്തുവിനെ നോക്കുമ്പോൾ ആ വസ്തുവിനെയും അതിൻ്റെ കർമ്മത്തെയും ഒരുപോലെ,
ഒരേ സമയം നിരീക്ഷിക്കണമെന്നാണ് സ്വാമിയുടെ നിലപാട്. ഈ നിമിഷത്തിന് ഒരു
രൂപാന്തരീകരണം (Transformative power) അല്ലെങ്കിൽ പരിവർത്തനശക്തിയുണ്ട്.
നമ്മൾ ഉറച്ചതും സ്ഥിരവുമായി കണ്ട യാഥാർത്ഥ്യങ്ങൾക്ക് സ്വപ്നസമാനമായ
അസ്തിത്വമാണുള്ളതെന്ന് സ്വാമി എഴുതുന്നുണ്ട്. നമ്മുടെ ജീവിതവും ചുറ്റും
കാണുന്ന ലോകവും യഥാർത്ഥമാണോ ? സ്വന്തം ചിന്തയിൽ നിന്നുകൊണ്ട് സ്വാമി
പറയുന്നു:
''Realizing that our lives and the world around us are nothing but lengthy dreams."
ശ്രീനാരായണഗുരുവിന്റെ
ചിന്തകളും ഉദ്ബോധനങ്ങളും അദ്വൈതത്തിൽ നിന്നു വളർന്ന് പുതിയ ഇടങ്ങൾ
കണ്ടെത്തിയതായി സ്വാമി വിശദീകരിക്കുന്നു. ഗുരുവിൻ്റെ പാഠങ്ങൾ
തത്ത്വചിന്താപരമായ പഥങ്ങൾക്കപ്പുറം പോവുകയാണ്. അദ്വൈതമായ സാരത്തെ ഗുരു
സാമൂഹിക പശ്ചാത്തലത്തിൽ പരിശോധിക്കുകയും ആലോചിക്കുകയുമാണ് ചെയ്തത്. സാമൂഹിക
സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും ജാതിവിവേചനത്തിനെതിരായ ആശയങ്ങളും
അത് വ്യക്തമാക്കുന്നു.സാമൂഹികനീതിയും തുല്യ അവസരങ്ങളുമുള്ള ഒരു സമൂഹത്തെ
ഗുരു മുന്നിൽ കണ്ടു .ഗുരു അതിലുപരി ജീവിതത്തെ ആത്മീയമായ ഒരു മാനത്തിൽ
വീക്ഷിച്ചു. വ്യക്തികൾക്ക് അവരുടെ സർഗാത്മകവും അവബോധാത്മകവുമായ
സിദ്ധികൾക്കനുസരിച്ച് സ്വന്തം നിലയിൽ ആത്മാവിനെ അറിയാനും ആന്തരികമായ ജ്ഞാനം
നേടാനും' ഏകാന്തയാത്രകളിലേർപ്പെടാനാവും,
മതങ്ങളുടെ വേലിക്കെട്ടുകൾക്കപ്പുറത്ത്. ഇത് ഗുരുവിൻ്റെ മാത്രം പ്രത്യേകതയാണ്.
ആത്മീയാനുഭവങ്ങൾക്ക്
അഗാധമായ വ്യക്തിതലമുണ്ടെന്ന് സ്വാമി എഴുതുന്നുണ്ട്. ബുദ്ധനും
യേശുക്രിസ്തുവും ജലാലുദ്ദീൻ റൂമിയും മറ്റും ,ശാസ്ത്രീയമായ അറിവുകൾ പോലെ
മറ്റുള്ളവർക്ക് എളുപ്പത്തിൽ പറഞ്ഞുകൊടുക്കാവുന്നതിനപ്പുറത്ത് അഗാധമായ
കണ്ടെത്തലുകൾ നടത്തി.
ആത്മീയമായ ഉൾവെളിച്ചം വ്യക്തമായ വ്യക്തിഗത
അനുഭവങ്ങളിൽ നിന്നാണുണ്ടാവുന്നത്. അത് മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കാൻ
പ്രയാസമാണ്. വ്യക്തിയാണ് ആ അറിവിനാധാരം."The highly subjective nature of
spiritual experiences necessitates individual exploration and personal
realization" - സ്വാമിയുടെ വാക്കുകൾ .
ദ്വൈതഭാവത്തെ
മറികടന്ന് ബോധത്തെക്കുറിച്ച് കൂടുതൽ പര്യവേക്ഷണം നടത്തുന്നതിലൂടെയാണ്
അദ്വൈതത്തിലെത്തുന്നത്. നമ്മുടെ ബോധത്തിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ
വസ്തുക്കളും -ബാഹ്യലോകം, ശരീരം, ചിന്തകൾ - ബോധത്തിന്റെ തന്നെ
സൃഷ്ടിയാണെന്ന് സ്വാമി വിവരിക്കുന്നുണ്ട് .അറിവ് സ്വതന്ത്രമായ അസ്തിത്വമല്ല
.എന്നാൽ അതുണ്ടാകുന്നത് ബോധത്തിന്റെ പരിധിയില്ലാത്ത വികാസത്തിലാണ്.
നമ്മുടെ ബോധം, അതുകൊണ്ടുതന്നെ ,വിസ്തൃതമാണ്. അതിനു ഈ പ്രപഞ്ചത്തെ
ഉൾക്കൊള്ളാനാവും. ആ രീതിയിൽ ചിന്തിക്കുമ്പോൾ ഈ മനസ്സ് ലോകത്തേക്കാൾ വലുതും
കൂടുതൽ യഥാർത്ഥവുമായിത്തീരുന്നു.
നമുക്ക്
സ്വാതന്ത്ര്യം വേണോ? എങ്കിൽ നാം നമ്മുടെ തന്നെ അനുഭവങ്ങളിൽ നിന്നു വേർപെടാൻ
പഠിക്കണം. അല്ലെങ്കിൽ അനുഭവങ്ങളുടെ ആകർഷണവലയത്തിനകത്ത്
കുടുങ്ങിക്കിടക്കും. ഇത് അനുഭവങ്ങളെ തന്നെ തെറ്റായി മനസ്സിലാക്കാൻ
കാരണമാകും. അതിന്റെ ഫലമായി ഒരാൾക്ക് തന്നെക്കുറിച്ച് തന്നെ തെറ്റായ
ചിന്തയുണ്ടാവും; ഇത് ഭ്രമമാണ് .സ്വാമി എഴുതുന്നു: "This illusionary
identity serves as the foundation for suffering and life's problems.
ജീവിതപ്രശ്നങ്ങൾക്കും ദുഃഖങ്ങൾക്കും കാരണം തെറ്റായ സ്വത്വബോധമാണ്. നാം
സ്വയം തെറ്റായി മനസ്സിലാക്കിയിരിക്കുന്നു .അബദ്ധ ധാരണകൾ നിർമ്മിച്ചെടുത്ത
ഒരു വ്യാജ പ്രസ്താവനയായി നാം മാറുകയാണ്. ഇതിനെ മറികടക്കാൻ തെറ്റായ
സ്വത്വത്തിൽ (False Identity) നിന്നു നാം വിട്ടുപോരണം ,സ്വതന്ത്രനാകണം.
സംസ്കൃതത്തിൽ,
ദുഃഖം നിശ്ചലമായ, മണ്ണിൽ പുതഞ്ഞുപോയ ഒരു ചക്രത്തെ ഓർമിപ്പിക്കുന്നതായി
സ്വാമി കുറിക്കുന്നു. സുഖമാകട്ടെ ചലിക്കുന്ന ചക്രമാണ് .ഒരു ചക്രം എപ്പോഴും
ചലനാത്മകമാകണം.അതാണല്ലോ ചക്രത്തിന്റെ സ്വഭാവം.ശ്രദ്ധയെ
പരിചരിക്കേണ്ടതുണ്ട്.ചുറ്റിനുമുള്ള വസ്തുക്കളെ ശ്രദ്ധിക്കാൻ പരിശീലിക്കണം.
എന്നാൽ അവബോധത്തിനു പരിശീലനമില്ല .അതിനു അതിർത്തിയുമില്ല. നാം ഒരു
വസ്തുവിനെ ശ്രദ്ധിക്കുമ്പോഴാണ് അതിനെപ്പറ്റി അറിയുന്നതെങ്കിൽ, അവബോധത്തിനു
അതിൻ്റെ ആവശ്യമില്ല. അത് നമ്മുടെ മനസ്സ് സ്വയം കണ്ടെത്തുന്നതാണ്.
ധ്യാനം എന്തിനാണ് ?സ്വാമി എഴുതുന്നു:
"The
purpose of meditation is to bring us to a state of
awareness."വിവേകത്തിലേക്ക് എത്തിച്ചേരാൻ ധ്യാനം വേണം.
സൂക്ഷ്മജ്ഞാനത്തിലേക്ക് എത്തിക്കുന്നതെന്തും ജ്ഞാനമാണ്. ഇത് സൂക്ഷ്മമായ
നിരീക്ഷണമാണ്. ഇത് സ്വാമിയുടെ ചിന്തയുടെ അടിത്തട്ട് കാണിച്ചു തരുന്നു.
ധ്യാനം എന്നത് പ്രത്യക്ഷത്തിലോ പ്രകടമായോ അനുഷ്ഠിക്കുന്ന ഒരു കർമ്മമല്ല
.അത് സൂക്ഷ്മാവബോധത്തിലേക്കുള്ള സഞ്ചാരമാണ് .ധ്യാനത്തിന്റെ മറ്റൊരു
രൂപമാണത്. അതുകൊണ്ട് ധ്യാനത്തിന്റെ പേരിൽ ചില വസ്തുക്കളെ ഒഴിവാക്കുകയോ,
അവയിൽ നിന്നു അകലം പാലിക്കുകയോ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല.
നമ്മെ
ഉന്നതമായ അറിവിലേക്ക് നയിക്കുന്നതിന് സഹായിക്കുന്നതെന്തും ആത്മീയമായ
അനുഭവത്തെ സാക്ഷ്യപ്പെടുത്തുന്നു. നമ്മൾ ആരാണ്? സ്വാമി മൂന്ന് തലങ്ങൾ
ചൂണ്ടിക്കാണിക്കുന്നു: ഒന്ന് ,ശരീരം. രണ്ട്,മനസ്. മൂന്ന്,അറിവ് അഥവാ ബോധം.
ഇതെല്ലാം ആത്മവത്ത അഥവാ 'ഞാൻ' എന്ന തലത്തിൽ നാം തിരിച്ചറിയുകയാണ്. ഇതിൽ
ഓരോന്നിനും ഓരോ കാഴ്ചപ്പാടാണുള്ളത്, വസ്തുക്കളോട് . ലോകത്തോടുള്ള
വീക്ഷണങ്ങളെല്ലാം പരിമിതമാണെന്ന് ഓർക്കണം ,ഒരാൾ നേടിയ അറിവിൻ്റെ
,ബുദ്ധിയുടെ അളവ് ഏതുവിധത്തിലാണെങ്കിലും. നമ്മൾ ശരീരമാണ്, അല്ലെങ്കിൽ
മനസ്സാണ് എന്ന് പറയുന്നത് പൂർണമായി തെറ്റല്ല .നമ്മൾ അത്തരം വീക്ഷണങ്ങളിൽ
കുടുങ്ങിക്കിടക്കുന്നതാണ് അപകടകരം .മനുഷ്യശരീരം പരിമിതമാണ്
.ശരീരത്തിനോടും മനസ്സിനോടും ,നമ്മൾ ഇത് രണ്ടുമാണെന്ന തരത്തിൽ താദാത്മ്യം
പ്രാപിക്കുകയാണെങ്കിൽ നമ്മുടെ കാഴ്ചപ്പാടുകൾ പരിമിതപ്പെടും .വസ്തുനിഷ്ഠതയും
നമ്മുടെ യഥാർത്ഥപ്രകൃതിയും തമ്മിലുള്ള വ്യത്യാസം അറിയണമെന്ന് സ്വാമി
എഴുതുന്നു .വസ്തുനിഷ്ഠത ഒരു പുതിയ വീക്ഷണം നൽകുന്നുണ്ട്. അതിൽ വ്യക്തിഗതമായ
യാതൊന്നുമില്ല .ധ്യാനം നമ്മെ എത്തിക്കുന്നത് വസ്തുനിഷ്ഠതയിൽ നിന്ന്
ഉയർന്ന് നമ്മൾ എന്താണെന്ന അറിവിലേക്കാണ്.
നവീനകാലത്ത്,
വിവരസാങ്കേതിക വിദ്യയുടെ പ്രവാഹകാലത്ത് നമുക്ക് എങ്ങനെ സ്വയം
നഷ്ടപ്പെടുന്നുവെന്ന് ഈ പുസ്തകത്തിൻ്റെ ഒടുവിൽ സ്വാമി സൂചിപ്പിക്കുന്നുണ്ട്
.അനന്തമായ വിവരങ്ങളാണ് നമുക്കുമേൽ കുടഞ്ഞിടുന്നത്. ബാഹ്യമായ സ്വാധീനങ്ങൾ
പലതാണ്.അത് നമ്മെ നമ്മുടെ തന്നെ പകർപ്പുകളാക്കുകയാണ്. നമ്മുടെ യഥാർത്ഥമായ
ആത്മീയതയിൽ നിന്ന് അകറ്റിനിർത്തുകയാണ്. ചിന്തകളുടെയും പ്രവൃത്തികടെയും
അവസാനമില്ലാത്ത പ്രവാഹം ശരീരത്തെയും മനസ്സിനെയും
കേന്ദ്രീകരിച്ചുണ്ടാകുകയാണ്. ഇത് നമ്മെ വിശ്വസിപ്പിക്കുന്നത് നാം ശരീരവും
മനസ്സും മാത്രമാണ് എന്നാണ്.എന്നാൽ യഥാർത്ഥത്തിൽ ,നമ്മൾ എന്താണോ അത്
ശരീരത്തിന്റെയും മനസ്സിന്റെയും പരിധികൾക്ക് അപ്പുറത്താണുള്ളത് .സ്വാമി
പറയുന്നു: "ധ്യാനം ചിന്തകളെ പിന്തുടരുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന
പ്രവൃത്തിയല്ല. ധ്യാനം അതിൻ്റെ ചലനത്തെക്കുറിച്ച് അറിയുകയാണ്. നമ്മുടെ
പ്രകൃതിയെക്കുറിച്ചുള്ള അറിവാണത്. അത് മനസ്സിൻ്റെ കുഴപ്പങ്ങളിലേക്ക്
അമര്‍ന്നു പോവുകയല്ല.ശ്രീനാരായണഗുരു 'ആത്മോപദേശ ശതക'ത്തിൽ എഴുതി:
"ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്മറിക്കും
വെളിവുരുവേന്തിയകം വിളങ്ങിടേണം "
ഇന്ദ്രിയങ്ങളാകുന്ന കിളികളെ അരിഞ്ഞു വീഴ്ത്തി അറിവ് നേടണമെന്നാണ് ഗുരു ഉദ്ബോധിപ്പിക്കുന്നത്.
ചിന്തയുടെയും
ബോധ്യത്തിന്റെയും അനുഭവങ്ങളെ ആത്മീയതയുടെയും അപാരമായ അറിവിൻ്റെയും
സമസ്യകളിലേക്ക് സന്നിവേശിപ്പിക്കുന്ന, പുതുമയാർന്ന കൃതിയാണ് സൂക്ഷ്മാനന്ദ
സ്വാമിയുടെ What we Are All About.വേദത്തിലെയോ ,ഉപനിഷത്തിലെയോ ശ്രീനാരായണ
ഗുരുസാഹിത്യത്തിലെയോ തത്ത്വങ്ങളെ സൂക്ഷ്മാനന്ദ സ്വാമി അതേപടി
ഉദ്ധരിക്കുകയോ സ്വന്തമാക്കുകയോ ചെയ്യുന്നില്ല .സ്വാമി സ്വകാര്യമായ
നിമിഷങ്ങൾ സൃഷ്ടിക്കുകയാണ്. ഏകാഗ്രമായി കണ്ടെത്തുന്ന നിമിഷങ്ങൾ ചില
സത്യങ്ങൾ പറയുന്നു. അത് വ്യവസ്ഥാപിതമായ ചിന്തകളുടെ, പൂർവ്വകാല പഠനങ്ങളുടെ
പിന്നാലെ പോവുന്നുമില്ല. സാഹസികമായ ഒരു യാത്രയാണിത്. ഈ ഉദ്യമം സ്വതന്ത്രമായ
ഒരാത്മീയ വിചാരത്തിനു ചെയ്യുന്ന സംഭാവന ചെറുതല്ല.
What We Are All About
sukshmananda Swami
Sivagiri Madam Publications
Sivagiri,Varkala
Rs 275/
No comments:
Post a Comment