പ്രണയമോ
അപ്പമോ പോലെ കവിത പ്രധാനമല്ലെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു
പ്രമുഖ കവിയും ബ്രിട്ടനിലെ മുൻ പോയറ്റ് ലോറേറ്റുമായ സൈമൺ ആർമിറ്റേജ്
(Simon Armitage) പറഞ്ഞു. മനുഷ്യനു നേരിടേണ്ടി വരുന്ന ഒരു പ്രത്യാഘാത
(consequence)മാണ് കവിതയെന്ന് അദ്ദേഹം വാദിച്ചത് ശ്രദ്ധിക്കണം. കവിത
പരിണമിച്ചതിന്റെ സൂചനയാണിത് .ജീവിതത്തിൻ്റെ അർത്ഥം തേടിയവരുണ്ട് .എന്നാൽ
നിങ്ങൾ ഒരു മതവിശ്വാസിയല്ലെങ്കിൽ ജീവിതത്തിനു ഒരർത്ഥമോ പ്രസക്തിയോ
കണ്ടെത്താനാകില്ല. അതുകൊണ്ട് അദ്ദേഹം കവിതയിലൂടെ ജീവിതത്തിൻ്റെ പ്രസക്തി
കണ്ടുപിടിക്കാമെന്ന് ആഗ്രഹിക്കുന്നു:
"I think
it's a way of not finding significance but actually inventing
it,inventing significance and sort of proving it to youself and I think
it's a way of manifesting ourselves to ourselves,so it's important on
that level "
കവിതയെ കവി തന്നെയാണ് കണ്ടു
പിടിക്കുന്നത് .അത് കവിയുടെ ആവശ്യമാണ്. കവിക്ക് ബോധ്യമാകുന്ന തലത്തിൽ
മാത്രമാണ് കവിതയുടെ പ്രസക്തി. ഇന്നത്തെ കവിതയിൽ സ്വബോധമുള്ള ആരും വൃത്തമോ
മറ്റു ഛന്ദസ്സുകളോ പ്രതീക്ഷിക്കുമെന്നു തോന്നുന്നില്ല. വൃത്തവും മറ്റും ഒരു
കാലത്തിൻ്റെ ജീവിതവേഗത്തെയാണ് ആലേഖനം ചെയ്തത് .ഒരു താളത്തിൽ, തുടയിൽ
കൈയടിച്ചു പാടാവുന്ന വരികൾ തന്നെ ഇന്നില്ലാതാവുകയാണ് .ലോകജീവിതം ഉത്തര-
ഉത്തരാധുനികമായ ഒരു തലത്തിലേക്ക് കടന്നുകഴിഞ്ഞു. ഇതറിയാത്തവരാണ് പരമ്പരാഗത
ബിംബങ്ങളുമായി കൂട്ടുകൂടി സ്വാസ്ഥ്യം നേടാൻ ശ്രമിക്കുന്നത്.ഇന്നത്തെ
ജീവിതരീതിയിൽ ,ഒരാൾക്ക് സഹസ്രാബ്ദങ്ങൾക്കു മുമ്പുള്ള ആവാസവ്യവസ്ഥയിലേക്ക്
പോയി വിഹരിക്കാൻ സൗകര്യമുണ്ട്. ആളൊഴിഞ്ഞ പ്രദേശത്ത് സ്ഥലം മേടിച്ചു വീട്
വെച്ച് ഒറ്റയ്ക്ക് താമസിച്ചാൽ മതി. നിയമപ്രകാരം അനുവദനീയമാണത്. എന്നാൽ ലോകം
അതിനെ മറികടന്ന് പോയിരിക്കുന്നു. മനുഷ്യരുടെ മന:ശാസ്ത്രത്തിലും
അന്തരംഗഘടനയിനിലും വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. മനുഷ്യനു
നന്നാവണമെങ്കിൽ ,കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെങ്കിൽ ജനിതകഘടനയുടെ
പാരമ്പര്യം ആവശ്യമില്ലെന്നാണ് ആസ്ട്രേലിയൻ ജീവശാസ്ത്രജ്ഞനായ ജെറിമി
ഗ്രിഫിത്ത് (Gereme Griffith) പറയുന്നത്. മനുഷ്യാവസ്ഥ (Human
condition)യെക്കുറിച്ചുള്ള അന്ധവിശ്വാസം മാറി .ഓരോ വ്യക്തിയും സ്വയം
നിർമ്മിക്കേണ്ടിയിരിക്കുന്നു. ജീനുകൾ ഒരു തടസ്സമല്ല.
പിതാവ്
വൃത്തത്തിൽ കവിതയെഴുതി മദോന്മത്തനായി നടന്നവനായിരുന്നതുകൊണ്ട് എന്ത്
പ്രയോജനം ? ആ പിതാവിൻ്റെ തല്ലുകൊണ്ട് കാലൊടിഞ്ഞ് ആശുപത്രിയിൽ കിടന്നു
നിലവിളിച്ച്, നാട്ടുകാരുടെ സഹായംകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന
കുട്ടി പിതാവിനെ പോലെ തുടയിലടിച്ച് കാകളിയിൽ പാടണമെന്നില്ല . ആശുപത്രിയിൽ
ചോരയൊലിപ്പിച്ചു കിടന്നപ്പോൾ അവൻ്റെ കാകളിയൊക്കെ പോയി കഴിഞ്ഞിരുന്നു. അവൻ
തൻ്റെ രക്തത്തിലേക്ക് നോക്കി സ്വന്തം ജീവിതത്തെ ശപിച്ചിട്ടുണ്ടാവും. ഒരു
രാജാവോ, ഫ്യൂഡൽ പ്രഭുവോ , സാഹിത്യനായകനോ തന്നെ ശ്രദ്ധിക്കാതിരുന്നത് അവൻ
കാണുന്നുണ്ടായിരുന്നു .ലോകത്തിനു അവനെ ഈ അപകടത്തിൽ നിന്നു രക്ഷപ്പെടുത്താൻ
എന്ത് താല്പര്യം ?
അവൻ്റെ വൃത്തത്തിനു വേണ്ടി കാത്തിരിക്കുന്ന
റിട്ടയേർഡ് അധ്യാപകരും വരേണ്യരും സ്വന്തം കാര്യമല്ലാതെ മറ്റൊന്നും
നോക്കുന്നത് അവൻ കണ്ടിട്ടില്ലല്ലോ.
അതുകൊണ്ട്
അവൻ എഴുതാൻ തീരുമാനിക്കുമ്പോൾ തന്റെ വികൃതമായ, നിറയെ അസംബന്ധങ്ങൾ നിറഞ്ഞ
ഭൂതകാലത്തെ പിന്നിലുപേക്ഷിക്കുകയാണ് ചെയ്യുന്നത്. അതാണ് ഇന്നത്തെ കവിതയെ
ഒരു പരിണാമത്തിനു വിധേയമാക്കുന്ന ഘടകം. കവിത ഏതൊരു ഇന്ത്യക്കാരനും
വഴങ്ങുമെന്നറിയാം .എന്നാൽ കവിതയെ പുതിയൊരു തലത്തിലേക്ക്, ഘട്ടത്തിലേക്ക്
,മാനത്തിലേക്ക് പരിവർത്തിപ്പിക്കുകയാണ് ഈ ഉത്തര- ഉത്തരാധുനികതയുടെ
പ്രത്യേകത. റിയലിസമോ ,കാല്പനികതയോ ,ആധുനികതയോ ,ഉത്തരാധുനികതയോ അല്ല പുതിയ
കവിതയെ പരിണാമത്തിലേക്ക് നയിച്ചതെന്നു കാണാം .ഉത്തര-ഉത്തരാധുനികമായ ഒരു
ജീവിതമാണ് കവിതയുടെ അലകും പിടിയും മാറ്റിയത്.
ഇത്
ഒരു കവി ഒറ്റയ്ക്ക് സൃഷ്ടിച്ചതല്ല. ഉത്തരാധുനികതയുടെ മരണത്തിനു ശേഷം
ഉരുത്തിരിഞ്ഞ ലോകസാഹചര്യത്തിൻ്റെ അനിവാര്യമായ സൃഷ്ടിയാണ്. ഈ കവിത പലർ
പലകാലത്ത് സംഭാവന ചെയ്യുകയാണ്. ആധുനികതയുടെയും ഉത്തരാധുനികതയുടെയും കാലത്ത്
ഇതിന്റെ സൂചനകൾ കാണാം ,മാറുന്ന ജീവിതത്തിൻ്റെ ചിഹ്നങ്ങൾ എന്ന നിലയിൽ .
ഒരു
കവിതയിൽ അതിൻ്റെ സമ്പൂർണ്ണത ഉണ്ടാകണമെന്നില്ല. ഒന്നിൽ തന്നെ പല കവിതകൾ
വായിക്കാം. പല പാറ്റേണുകൾ പ്രത്യക്ഷപ്പെടുകയാണ്. വായനക്കാരന്റെ
പ്രതിഭയ്ക്കൊത്ത് അവൻ ഇഷ്ടമുള്ള പാറ്റേൺ തിരഞ്ഞെടുക്കുകയാണ്. ദീർഘിച്ച ഒരു
സംഭവമോ, ചരിത്രഘട്ടമോ, മാമൂലോ ,സാരോപദേശമോ , അസംബന്ധദർശനമോ ,നിരാശയോ
ബൃഹത്പ്രമേയമായി പുതിയ കവികൾ കാണുന്നില്ല .ആശാൻ 'കരുണ'യിലും ചങ്ങമ്പുഴ
'വാഴക്കുല 'യിലും ഇടശ്ശേരി 'പൂതപ്പാട്ടി'ലും വൈലോപ്പിളളി
'കുടിയൊഴിക്കലി'ലും സൃഷ്ടിച്ചതു പോലുള്ള ദീർഘപ്രമേയങ്ങൾ ഇന്നത്തെ
കവിതയ്ക്കാവശ്യമില്ല.
അയ്യപ്പപ്പണിക്കരുടെ
'കുരുക്ഷേത്രം', സച്ചിദാനന്ദൻ്റെ 'മലയാളം' തുടങ്ങിയ കവിതകളുമായും പുതിയ
കവിതയ്ക്ക് ബന്ധമില്ല .അയ്യപ്പപ്പണിക്കരെ ബാധിച്ച തത്ത്വചിന്താപരമായ
നർമ്മത്തെയും ശൂന്യതാബോധത്തെയും പുതിയ കവികൾ മറ്റേതൊരു വികാരത്തെയും പോലെ
സാധാരണമായി കാണുന്നു.
കാല്പനികതയും സർവ്വനിഷേധവും ഒരു
പോലെയാണിവിടെ.യാതൊന്നിനും പ്രാമുഖ്യമില്ല.പഴയ കാലത്ത് നാം കണ്ട
കാവ്യപരമായ അഗാധത , വരികൾക്കിടയിലെ ദുരൂഹത , മിത്തുകളുടെ കളി,
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വ്യക്തിപരമായ നിലപാടുകൾ തുടങ്ങിയവയൊന്നും
പുതിയ കവിതയ്ക്ക് ഒരു അലട്ടലല്ല. സ്വയം അറിയുകയും അതുപേക്ഷിക്കുകയുമാണ്
പുതിയ കവികൾ ചെയ്യുന്നത് .സ്വയം നിരസിക്കുകയും നിർമ്മിക്കുകയും
ചെയ്യുകയെന്ന നവാദ്വൈതദർശനവുമായി ഇതിനു സാമ്യമുണ്ട്.'സാഹിത്യത്തിൻ്റെ
നവാദ്വൈതം' എന്ന പുസ്തകത്തിൽ ഒരു നിമിഷം നിരസിക്കാനും
നിർമ്മിക്കാനുമുള്ളതാണെന്ന എൻ്റെ നവാദ്വൈത തത്ത്വചിന്ത അവതരിപ്പിച്ചത്
ഓർക്കുമല്ലോ.
ഭൂതകാലത്തെ പിന്നിലുപേക്ഷിക്കുന്നവർ
ഭൂതകാലത്തെ
കൊണ്ടുനടക്കുന്നതായിരുന്നു പൂർവ്വകാലങ്ങളിലെ കവിതയുടെ പൊതുപ്രവണത. പഴയ
ടെക്സ്റ്റുകൾ ആവർത്തിച്ചുകൊണ്ടിരുന്നു. കവിത അനക്കമില്ലാത്തതും വികാസ
മില്ലാത്തതുമായ ഒരു സ്ഥിരം ഭാവനയാണെന്ന നിലപാടിലാണ് പലരും എഴുതിയത്. ഒരു കഥ
വിസ്തരിച്ചു കവിതയാക്കുന്നത് പതിവായിരുന്നു. അതെല്ലാം ഇപ്പോൾ ചരിത്രത്തിൽ
ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. വേഗത കുറഞ്ഞ ഒരു കാലത്തിൽ നിന്നു വേഗതയേറിയ
കാലത്തിലേക്ക് മാറുമ്പോൾ മസ്തിഷ്കത്തിൽ സംഭവിക്കുന്ന ത്വരിത
പ്രവർത്തനങ്ങളുടെ ഇരയാവുകയാണ് മനുഷ്യൻ .
വർദ്ധിച്ച
വാഹനാപകടങ്ങളും കൊലപാതകങ്ങളും ക്രൂരതകളും ഈ വേഗതയേറ്റത്തിന്റെ ഫലമായി
സംഭവിക്കുന്നുണ്ട് .എത്ര സമയമുണ്ടെങ്കിലും സ്വസ്ഥത ലഭിക്കാത്ത വിധം മനുഷ്യൻ
അവൻ്റെ ബോധത്തെ പലതിനുമായി പകുത്ത് നല്കിയിരിക്കുകയാണ്;കാലത്തെ ഒടിച്ചു
മടക്കിയിരിക്കയാണ്.
എപ്പോഴും മനസ്സ് നിറഞ്ഞു
തുളുമ്പുകയാണ് .ഇടപെടലുകളുടെ ആധിക്യം അത്രയുമുണ്ട്. ഡിജിറ്റൽ ഡേറ്റയുടെയും
വിവരങ്ങളുടെയും ഫലമായുണ്ടായ ഇൻഫർമേഷൻ ചവറുകൂന ഓരോ വ്യക്തിയും പേറുകയാണ്
.ഒരാൾ എല്ലാമറിയണം. വ്യാജമായ വാർത്തകളും ചിത്രങ്ങളും മുതൽ അനാവശ്യമായ
അഭിപ്രായങ്ങളും പ്രയോജനമില്ലാത്ത തർക്കങ്ങളും വരെ വ്യക്തികൾ പങ്കിടണം
.മാത്രമല്ല ,അവർ അതിനെക്കുറിച്ച് അഭിപ്രായം പറയണം. അഭിപ്രായം
പറഞ്ഞില്ലെങ്കിൽ പിന്തളളപ്പെടും .ഈ മാനസികാവസ്ഥയിൽ ,നമ്മൾ ഇന്നു
മാധ്യമജീവിയായി മാറിയിരിക്കുന്നു. അവൻ എപ്പോഴും വാർത്തയിലേക്കോ
,യൂട്യൂബിലേക്കോ ഒഴുകിപ്പോവുകയാണ്.അവൻ സദാ വേഗതയിൽ ലയിക്കുകയാണ്
.സ്ഥലകാലങ്ങളെ അപ്രസക്തമാക്കി ഇൻറർനെറ്റ് കുതിക്കുകയാണ്. ഏത്
സ്ഥലത്തിരുന്നും പ്രവർത്തിക്കാം, ഒരു ഫോൺ ഉണ്ടായാൽ മതി. മനുഷ്യൻ്റെ
മസ്തിഷ്കം എന്നു പറയുന്നത് ഈ മൊബൈൽ ഫോണാണ്!.
അതിലാണ്
മനുഷ്യനുള്ളത് .അവൻ ഓൺലൈനിൽ മാത്രമേ ജീവിക്കുന്നുള്ളു .ഓഫ് ലൈനിനെ അവൻ
ഇന്ന് മരിച്ചലോകമായിട്ടാണ് അനുഭവിക്കുന്നത്. ഇതെല്ലാം വേഗത്തെ
ഭ്രാന്തമാക്കുന്നു. ഒരു നിമിഷത്തിനുള്ളിൽ അനേകം നിമിഷങ്ങൾ
ഉൾച്ചേർന്നിരിക്കുകയോ സംഭവിക്കുകയോ ചെയ്യുന്നു. ഒരു നിമിഷത്തിൽ ചെയ്യാൻ
കഴിയുന്ന കാര്യങ്ങൾ നിരവധിയാണ്. ഒരു ബട്ടണിൽ അമർത്തിയാൽ ഒരേ നിമിഷത്തിൽ പല
രാജ്യങ്ങളിലുള്ള നൂറുകണക്കിന് സുഹൃത്തുക്കൾക്ക് സന്ദേശമയയ്ക്കാം. ഇത്
നമ്മെ വളരെ ഭാരം കുറഞ്ഞവരാക്കുകയാണ് .കാത്തിരുപ്പോ ,മൗനമോ ,ചിന്തയോ
ഇല്ലാത്ത ഒരു കാലത്തിലേക്ക് വ്യക്തികൾ എത്തിച്ചേരുന്നു. അങ്ങനെ അവർ ഒരു
ആശയാനന്തര (Post Idea)കാലത്തിൻ്റെ ഉപഭോക്താക്കളായി മാറുകയാണ്. അഗാധമായി
ചിന്തിക്കാൻ താല്പര്യമില്ല .ചിന്ത ഒരു ഉപഭോഗം മാത്രമാണ് .എല്ലാം തന്നെ
ഉപഭോഗത്തിനുള്ളതാണ് ,സ്നേഹം ,പ്രണയം ,സെക്സ് എല്ലാം .തൊഴിലിന്റെ ഭാഗമായി
ചിലർ ഗവേഷണമോ, വായനയോ എഴുത്തോ ഏറ്റെടുക്കുന്നുണ്ടാവും. അതിനപ്പുറത്ത്
അഗാധമായ ചിന്തയില്ലാതാവുകയാണ്. സാഹിത്യത്തിലും ചിന്തയുടെ ഈ ഒഴിഞ്ഞുപോക്ക്
സംഭവിച്ചിരിക്കുന്നത് കാണാം.
സാഹിത്യകൃതികളിൽ
സത്യവുമായി ഒരു മുഖാമുഖം തന്നെ വേണമെന്നില്ല. വ്യക്തിപരമായ തോന്നലുകൾ
ധാരാളം. ഒരു സമൂഹമാധ്യമ മനസാണത്. ഒരു ഞെട്ടലോടെയാണ് ഞാൻ ഈ
നവയാഥാർത്ഥ്യത്തിലേക്ക് ഏതാനും വർഷങ്ങൾക്കു മുമ്പ് എത്തിച്ചേർന്നത്.
ജീവിതത്തിൻ്റെ വേഗത്തിനനുസരിച്ചാണ് എല്ലാം ക്രമീകരിക്കപ്പെടുന്നത്.
വേഗതയില്ലാത്തവരെ, ഒപ്പമെത്താത്തവരെ ഒഴിവാക്കി മുന്നോട്ടു പോകാൻ ലോകം
ശീലിച്ചിരിക്കുന്നു. വേഗതയില്ലാത്തവരെ ആക്രമിക്കാനും മടിക്കില്ല.
വാഹനത്തിനു സൈഡ് കൊടുത്തില്ലെങ്കിൽ മുന്നേ പോകുന്ന വാഹനം തടഞ്ഞു നിർത്തി
ഡ്രൈവറെ മർദ്ദിക്കുന്നത് ഒരു സാധാരണ സംഭവമായത് മസ്തിഷ്കത്തിൽ സംഭവിച്ച
പരിവർത്തനത്തിൻ്റെ ഫലമായാണ്.
അതുകൊണ്ടാണ് കവിതകൾ
ഭൂതകാലത്തെ പിന്നിൽ ഉപേക്ഷിക്കുന്നത്. ഇവിടെ കവി ധർമ്മ മോ ,നീതിയോ ,സത്യമോ
സംരക്ഷിക്കാൻ ഒരുമ്പെടുന്നില്ല. കാരണം ,അതൊക്കെ കവിയുടെ കൈകൾക്ക്
എത്തിപ്പിടിക്കാനാവാത്ത വിധം ഉയരത്തിലാണ് .അല്ലെങ്കിൽ അങ്ങനെയുള്ള ആശയങ്ങൾ
ഇല്ലാതായിരിക്കുന്നു .സത്യം ഇല്ലാതായപ്പോൾ ശേഷിച്ചത് വെറും കാണിയും അവൻ്റെ
നോട്ടങ്ങളും മാത്രമാണ് .ഇതാ ഒരു കാണി സംസാരിക്കുന്നു:
"പൂന്തോട്ടങ്ങൾ ബോംബിങ്ങിൽ കരിഞ്ഞു പോയതിനാൽ
മരിച്ച കുട്ടികളുടെ ശവകുടീരങ്ങളിൽ
പൂക്കൾ പോലും വെക്കാനായില്ല
ഭാവിയിലേക്ക് കൈപിടിച്ചു നടത്തേണ്ട,
അവരുടെ പുസ്തകത്തിലെ അക്ഷരമാലകൾ
തകർന്ന സ്കൂൾ മൈതാനങ്ങളിൽ
ദുഃഖത്തോടെ അലയുന്നു "
(യുദ്ധവും ജീവിതവും, പി.ടി. പ്രമീഷ്)
സത്യങ്ങൾ
മരിച്ചതോടെ മനുഷ്യൻ ഭൂതകാലത്തെ കൊണ്ടുനടക്കുന്നതിൽ വിമുഖനായിത്തീരുന്നു.
അവൻ ഒന്നിൻ്റെയും പിന്തുടർച്ചക്കാരനല്ലെന്നറിയുകയാണ്. സ്വന്തം കാമുകനെ
കിട്ടാൻ വേണ്ടി ഭർത്താവിനെയും മകനെയും കൊല്ലാമെന്നു ചിന്തിക്കുന്നത്
ഭൂതകാലം മരിച്ചതിന്റെ തെളിവാണ്.
സത്യമാകട്ടെ ,മുഖാവരണങ്ങൾ
ധരിച്ചെത്തുകയാണ്. ആരാണ് ശത്രു, മിത്രം എന്നതിനേക്കാൾ ആരെക്കൊണ്ടാണ്
ജീവിതത്തിനു വേഗത കിട്ടുക എന്നാണ് ചിന്തിക്കുക.
ഇവിടെ കവി തൻ്റെ
കാലത്തിനോട് ഒത്തുപോവുകയാണ്. എല്ലാ തൂവലുകളും പൊഴിച്ചു നിൽക്കുന്ന ഒരു
പക്ഷിയെ പോലെ മനസ്സ് അനാഥമായിത്തീർന്നിരിക്കുന്നു. അല്പം പോലും സ്നേഹമോ
ദയയോ അനുഭവിക്കാൻ അവസരമില്ലാത്ത മനസ്സുകൾ തന്നിലേക്ക് വരുന്നതിനെ
പ്രതിബിംബിപ്പിക്കുകയാണ് ചെയ്യുന്നത്.
"ആൾക്കാർ ക്യൂവിൽ
വന്നു നിൽക്കാത്തതിലൊന്നും
ഒരസ്വാഭാവികതയും അയാൾക്ക് തോന്നിയില്ല.
തെളിഞ്ഞ നിലാവോ കുറ്റാകുറ്റിയിരുട്ടോ
രാത്രിയിൽ മാത്രം വീശുന്ന
കാറ്റിന്റെ നനവോ
രാത്രിയിൽ മാത്രമുണ്ടാകുന്ന മണമോ
അയാളെ ഉലച്ചതേയില്ല
കൂജയിൽ നിന്നു വെള്ളമെടുത്ത്
ഒരു സിഗരറ്റ് പാതി വലിച്ചെറിഞ്ഞ്
എന്തൊക്കെയോ
ചെയ്യുന്നുണ്ടായിരുന്നു .
(ഇരുട്ടെന്നോ വെളിച്ചമെന്നോ
തീർച്ചയില്ലാത്ത ഒരാൾ ,കളത്തറ ഗോപൻ )
കവിത സ്വയം അപൂർണ്ണമായിരിക്കുന്നു
എന്നാൽ
ഇന്ന് കവിത അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം' പോലെയോ ചങ്ങമ്പുഴയുടെ
'രമണൻ' പോലെയോ പൂർണമായിരിക്കുന്നില്ല. കവിത സ്വയം ധ്വംസിക്കുകയാണ്. അതിൻ്റെ
തുടർച്ചകളെ അത് ധ്വംസിക്കുന്നു .ഒരു സ്കൂളിൽ പഠിക്കാൻ പോയി ഇടയ്ക്കു വച്ച്
നിർത്തി മറ്റു പല പഠനങ്ങൾക്കായി മാറിപ്പോകുന്ന കുട്ടിയെയാണ് അത്
ഓർമ്മിപ്പിക്കുന്നത്. കഥാപരമായ തുടർച്ചകൾ ആധുനികതയിലും നാം കണ്ടിരുന്നു.
വീട് വിട്ടു പോകുന്ന കുട്ടിയുടെ വിഹ്വലതകൾ ഒരു സമ്പൂർണ്ണ വിവരണമായാണ് അന്ന്
അവതരിപ്പിക്കപ്പെട്ടത്. ഒരാളിൽ തന്നെ അത് കേന്ദ്രീകരിക്കുമായിരുന്നു.
അല്ലെങ്കിൽ കവിയുടെ അന്തരംഗം നിമിഷം തോറും വീർത്തുവരുന്ന പ്രതീതി
സൃഷ്ടിക്കുമായിരുന്നു. കവിയുടെ അന്തരംഗത്തിൽ ചില നിഗൂഢതകൾ ഉണ്ടെന്നും അത്
അനാവരണം ചെയ്യാനാണ് വായനക്കാർ ശ്രമിക്കേണ്ടതെന്നും ധ്വനിപ്പിക്കുന്ന
കവിതകളാണ് അന്ന് ഉണ്ടായിക്കൊണ്ടിരുന്നത്.
വിമർശകർ
,അതുകൊണ്ട് ,കവിതയേക്കാൾ കവിയെ അന്വേഷിച്ചു. കവിയായിരുന്നു കവിത;അയാളുടെ
ഉത്പന്നമായ കവിത അയാളുടെ തന്നെ ഒരു പതിപ്പായിരുന്നു. എൻ. എൻ. കക്കാടിൻ്റെ
വജ്രകുണ്ഡലത്തെപ്പറ്റി എഴുതുന്നവർ കക്കാടിൻ്റെ ദാർശനിക മനസ്സിനെയാണ്
അന്വേഷിച്ചത്. എന്നാൽ ഉത്തര- ഉത്തരാധുനികതയിൽ ഇപ്പോൾ കവിയുടെ അന്തരംഗം
അടയ്ക്കപ്പെട്ടിരിക്കുന്നു. അവിടേക്ക് പോയി ഖനനം ചെയ്യാനൊന്നുമില്ല. അയാൾ
ഒരു ഗൃഹസ്ഥനോ ,പഥികനോ, ഗുമസ്ഥനോ മാത്രമാണ് .അയാൾക്ക് റേഷൻ കടയിൽ ക്യൂ
നിന്നുകൊണ്ട് എന്ത് തത്ത്വചിന്തയാണ് ഉല്പാദിപ്പിക്കാനാവുക ? അയാളെ
അന്ധാളിപ്പിക്കുന്ന നോട്ടങ്ങളിൽ നിന്ന് എവിടേക്കും
ഓടിപ്പോകാനില്ലാത്തതുകൊണ്ട് പരിമിതികളെ സിദ്ധികളായി പരാവർത്തനം
ചെയ്യുന്നതിൽ മിടുക്ക് കാണിച്ച വ്യക്തിയാണയാൾ.അയാൾക്ക് ഒഴിഞ്ഞുമാറാനേ അറിയൂ
.എന്ത് കണ്ടാലും കേട്ടാലും നിശ്ശബ്ദത പാലിക്കാനും വികാരമില്ലാതിരിക്കാനും
അയാൾ എത്ര ഭംഗിയായി പഠിച്ചിരിക്കുന്നു!
"അതിശൈത്യത്തിൽ
വിറങ്ങലിക്കുന്നവർ
തെരുവോരത്ത്
വിശ്രമിക്കുന്നവർ
അന്തിയുറങ്ങുന്നവർ
വീടില്ലാത്തവർ
അനാഥർ
അതെ
തെരുവിൻ്റെ സന്തതികൾ ...
എല്ലാം വരിവരിയായി നീങ്ങുകയാണ്. പഴകിയ കീറച്ചാക്കിനാൽ മുഖം മറച്ച്
ഇരുട്ടിലേക്ക് നടന്നു പോകുന്നത്
ഏതോ പുരാതന ദൈവമാണ്. എവിടേക്കാണവർ പോകുന്നത്?"
(ഏതോ ഒരു പക്ഷി ,കെ. സജീവ് കുമാർ )
ഈ
നൂറ്റാണ്ടിലെ ഒരു പ്രധാന കവിയും സ്കോട്ടിഷ് മുൻ പോയറ്റ് ലോറേറ്റുമായ കരോൾ
ആൻ ദുഫി (Carol Ann Duffy)കവിത ആശയങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തോടെ
വിട്ടുപോകുന്നത് ഒരു വിധിയാണെന്ന അർത്ഥത്തിൽ ഇങ്ങനെ പറഞ്ഞു:
"when
you are writing a poem you are solving the problem of writing a poem,
so it is the poet and the piece of paper and the language and what
happens in that event in language when you're writing . There isn't
really the sense of anything other than that when I'm writing " .
ഒരു
കവിതയും പൂർണ്ണമേയല്ല; പി. കുഞ്ഞിരാമൻ നായരുടെ 'കളിയച്ഛൻ' പോലൊരു
പൂർണ്ണശില്പം ഇനിയില്ല. കവിത അതിൻ്റെ പ്രമേയത്തെ തന്നെ
ശകലീകരിക്കുകയാണിപ്പോൾ. കവിത ജീവിതത്തിൻ്റെ ശകലിത രൂപമാവുകയാണ് .അത്
കലയുടെ പൂർണ്ണശില്പമല്ല; അത് അപൂർണമായിരിക്കുന്നത് ഇന്നത്തെ ജീവിതത്തിന്റെ
സ്വഭാവമായി കണ്ടാൽ മതി. ഒന്നും ഒന്നിനും വേണ്ടിയല്ലാതെ , വെറും
ചടങ്ങുകൾക്കായി മാറ്റപ്പെട്ടിരിക്കുന്ന ഈ അവസ്ഥയിൽ ഉപരിതലത്തിലുള്ള
ആചാരങ്ങൾ മാത്രമാണുള്ളത്. ഒന്നിനും ആത്മാവില്ല; ആത്മാവ് ആവശ്യവുമില്ല.
എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്ന ഗൂഗിളൈസേഷൻ്റെ സ്വഭാവം ഓർക്കണം.
ഗൂഗിൾ നോക്കുന്നവൻ എന്ത് തിരയുന്നുവോ അതാണവൻ്റെ തുടക്കം. അത് മറ്റൊരാളുടെ
തുടക്കമല്ല .എവിടെ അവസാനിപ്പിക്കുന്നുവോ അതാണ് ഒടുക്കം. ഇതും
തീരുമാനിക്കുന്നത് അയാളാണ്. ഇത് ഓരോരുത്തർക്കും വിഭിന്നമാണ്. ഗൂഗിൾ
തിരച്ചിലുകൾക്കോ വിഭവങ്ങൾക്കോ തുടക്കവുമില്ല ,ഒടുക്കവുമില്ല. ആദിയും
അന്തവുമില്ലാത്ത അലച്ചിലും തിരച്ചിലും മാത്രമാണുള്ളത്. ഇന്നു അതിൻ്റെ
ഭാഗമാണ് കവിതയും. കവിതയ്ക്ക് എന്തിനാണ് ഒരു രൂപഭദ്രത ?.അത് എന്തിനെയോ
പ്രതിബിംബിപ്പിക്കുകയാണ്; കവികൾ അവനവനിലേക്ക് ലോകത്തെ
പ്രതിഫലിപ്പിക്കുകയാണ്, വ്യാഖ്യാനിക്കുകയല്ല. കവിതയുടെ ആകെ പ്രമേയത്തെയല്ല
വായനക്കാരൻ തേടുന്നത്;ശകലീകരിക്കപ്പെട്ട അനുഭവങ്ങളെയാണ് . ഒരു
യാഥാർത്ഥ്യമോ അതിന്റെ മൂർത്തതയോ ആദിമധ്യാന്തമോ ആയിരിക്കുന്നത് വൈയക്തികമായ
അസ്വാസ്ഥ്യമാകയാൽ സ്വയം നിരസിച്ചു മറ്റൊന്നാകുകയാണ് ഇന്നത്തെ കവിയുടെ
ഭാവനകൾ .അതിനു പിന്നിൽ മറ്റു ആഖ്യാനങ്ങൾ തേടിപ്പോകുന്നത് വലിയ
കണ്ടുപിടുത്തമല്ല.
ഒരു കവിതയിൽ തന്നെ പല കവിതകൾ
ഇന്നത്തെ
കവിതയുടെ മറ്റൊരു പ്രധാന സവിശേഷത അതിൽ തന്നെയുള്ള പലഘടനകളാണ്. ഒരു
കോണിലൂടെ നോക്കിയാൽ ഒരു കവിത ലഭിക്കുമെങ്കിൽ, മറ്റൊരു കോണിലൂടെ നോക്കുമ്പോൾ
വേറൊന്നും ലഭിക്കും. അപൂർണമായിരിക്കുന്ന കവിതയിൽ ഒന്നിലധികം മറ്റു രചനകളും
കലർന്നിരിക്കുന്നു .അതിൻ്റെയർത്ഥം ഇതാണ് :കവിക്ക് പ്രത്യേകമായി യാതൊന്നും
സ്ഥാപിക്കാനില്ല. ആധുനികതയിൽ ജീവിതത്തിൻ്റെ ലക്ഷ്യരാഹിത്യവും തീവ്രമായ
ദുഃഖവും ഒരു പ്രമേയമായിരുന്നു. ഉത്തരാധുനിക കവിതയിൽ വ്യക്തിപരമായ അഹംബോധവും
പ്രാദേശികമായ വർത്തമാനങ്ങളും ഭാഷയും വ്യക്തിത്വ സ്വഭാവങ്ങളും
സ്ഥാപിക്കണമായിരുന്നു. മന:ശാസ്ത്ര ടൈപ്പുകൾ വ്യാപകമായി സ്വീകരിക്കപ്പെട്ടു.
ഇതെല്ലാം പ്രതിബിംബ കവിതകൾ നിരാകരിക്കുകയാണ് .ഉത്തര- ഉത്തരാധുനികമായ ഈ
ഇടപെടൽ വെറും കാണിയുടേതാണ്.അത് ഗാലറിയിലിരുന്ന് കളി കാണുന്നതിനു ഒരു പടി
കൂടി കടന്ന് കമ്പ്യൂട്ടർ ഗെയിമിലെ കളി നിയന്ത്രിച്ച് തൻ്റെ ഇഷ്ടത്തിനൊത്ത്
സ്വയം നിശ്ചയിക്കുന്നതാണ് .പ്രാപഞ്ചികമായ ലക്ഷ്യം അവിടെയില്ല.
എന്തെങ്കിലും ആശയം ഉറപ്പിച്ചെടുക്കാൻ വേണ്ടി ഇന്നത്തെ കവി എഴുതുന്നില്ല.
അയാൾ സ്വാഭാവികമായി എഴുതുകയാണ് , യാതൊന്നും സ്ഥാപിക്കാനില്ലാത്തതുകൊണ്ട്.
താൻ
ചിന്തിക്കുന്നതുകൊണ്ട് നിലനിൽക്കുന്നു എന്ന അസ്തിത്വദർശനവും ഇവിടെയില്ല;
പകരം താൻ ചിന്തിക്കുന്നതു തന്നെ തൻ്റെ നിയന്ത്രണത്തിലല്ല എന്നാണ് കവിയുടെ
വിചാരം. തനിക്കൊന്നും തന്നെ വ്യവസ്ഥാപിതമാക്കാനില്ല. താൻ തന്നെ വ്യവസ്ഥയോ
അവ്യവസ്ഥയോ അല്ല. താൻ വെറുമൊരു പ്രതിബിംബമാണ്. തന്നിൽ നിന്നു
പുറപ്പെടുന്നത് എന്തിൻ്റെയോ പ്രതിഫലനമാണ്.
അതിൻ്റെ ഉത്തരവാദിത്വമോ ലക്ഷ്യമോ കവി ഏറ്റെടുക്കുന്നില്ല .കാരണം, അത് നിഷ്ഫലമാണെന്ന് കവിക്കറിയാം.
ഒരു കവിതയിൽ ഏകപ്രമേയം ,ഏകാത്മകത തുടങ്ങിയവയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടു.
മനുഷ്യൻ
എല്ലാം മറക്കുന്നതിലാണ് ഇപ്പോൾ വ്യാപരിക്കുന്നത്. മറവിയാണ് ഭക്ഷണം
.ഓർക്കാൻ ധാരാളമുള്ളപ്പോൾ മറക്കുന്നത് അതിജീവനമാണ്. ഓർമ്മകൾ വീണ്ടെടുത്ത്
,ഓരോന്നും ചികഞ്ഞെടുത്ത് സ്വന്തം മുറിവുകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന
ആധുനിക കവികളുടെ ദുശ്ശീലം ഇവിടെയില്ല. ആധുനിക കവികൾ സങ്കടമാണ് എവിടെയും
പതിച്ചുവച്ചത്. ഉച്ചത്തിൽ കരയുന്നത് അവരുടെ ശീലമായിരുന്നു. അതിവൈകാരികതയെ
അവർ ഒരു പാഠമായി വികസിപ്പിച്ചു.അതിവൈകാരികമായാൽ ഒരു വിവരണത്തിനു ബലം
കിട്ടുമെന്ന ധാരണയാണത്. പഴയതെല്ലാം സമാഹരിക്കണമെന്ന വാശിയിൽ കവിത
പിന്നോട്ട് നോക്കിയിരിക്കുന്നതിലാണ് അർത്ഥം കണ്ടെത്തിയത് .മിത്തുകളും
പാരമ്പര്യവുമാണ് തന്നെ നിയന്ത്രിക്കുന്നതെന്ന ചിന്തയിൽ എങ്ങനെയാണ് ഒരാധുനിക
കവി എത്തിച്ചേർന്നത്?. മിത്തുകൾക്ക് പുതിയ അർത്ഥം നല്കിയും
വ്യാഖ്യാനങ്ങൾ ചമച്ചും അവർ മിത്തുകളുടെ തടവറയിലായി.
പാരമ്പര്യത്തോടുള്ള
നിഷേധം എന്ന മുദ്രാവാക്യത്തിൻ്റെ മറവിൽ പാരമ്പര്യത്തിലേക്കു തന്നെ
മടങ്ങിപ്പോയവരുണ്ട് .എല്ലാ അനുഷ്ഠാനങ്ങളും കവിതയിലൂടെ മറ്റു പലതുമായി
പുനർജനിച്ചു.
ഭൂതകാലത്തിന്റെ വ്യക്തിപരമായ വായനയായി കവിതയെ കണ്ടവരുണ്ട്. ഇപ്പോൾ കവിതയ്ക്ക് ആ ഭാരമില്ല.
വ്യക്തി
എന്ന നിലയിലുള്ള തന്റെ ജീവിതം ഒരു കണ്ണാടിയായി കവി നോക്കി കാണുകയാണ്.
കണ്ണാടിയിൽ സ്വയം കാണുന്നത് വിരസമായതിനാൽ ആ കണ്ണാടിയിലൂടെ
പ്രതിഫലിക്കുന്നതെല്ലാം വീക്ഷിക്കുന്നു.
പുറം ലോകത്തേക്ക് തിരിച്ചുപിടിച്ചാൽ മതി, വേരറ്റതും വാലറ്റതും പറന്നു പോയതുമെല്ലാം തെളിഞ്ഞുവരും.
"പ്രായമേറുന്തോറും
ഞങ്ങൾ വലുതാവുകയും
മുത്തച്ഛൻ ചെറുതാവുകയും
മുത്തശ്ശിയില്ലാതാവുകയും
കാലം തണുത്ത ചായയാവുകയും
ചൂടുള്ളതൊന്നും മുത്തച്ഛന്
പഥ്യമല്ലാതാവുകയുമായി "
(തണുത്തു പോകും ,രാജൻ സി.എച്ച് )
കവിത
ഏകശിലാരൂപമല്ല എന്ന വീക്ഷണമാണ് ഉത്തര- ഉത്തരാധുനിക കവിക്കുള്ളത്. അയാൾ
സ്വയമൊരു ശിലാഖണ്ഡമല്ലല്ലോ .വ്യക്തി തന്നെ ഇല്ലാതായല്ലോ .വ്യക്തിക്ക്
അവരുടെ ശരീരമോ മനസോ ഒരു മറയായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ശരീരമില്ലാതെ
ജീവിക്കാം. ആ അർത്ഥത്തിൽ അവർ അശരീരികളാണ്. സ്വന്തം വികാരങ്ങൾക്ക് പകരം
വ്യാജ ബിംബങ്ങൾ ഇമോജികളിലൂടെ അവതരിപ്പിക്കാം. ഏറ്റവും
അടുപ്പമുള്ളവരുടെയടുത്തും ഇമോജികൾ ധാരാളമെന്നു വന്നതോടെ വൈകാരിക
പ്രകടനത്തിന്റെ പ്രതിബിംബങ്ങളാണ് സ്വീകരിക്കപ്പെടുന്നത്.സ്നേഹം ഒരു
ഇമോജിയിലൂടെ സംവേദനം ചെയ്യുമ്പോൾ സ്നേഹത്തിൻ്റെ ആവശ്യമില്ല, സ്നേഹത്തിന്റെ
പ്രതിബിംബം മതി. പ്രതിബിംബത്തിനു ജീവനില്ല. ഇമോജികളിലൂടെ സ്വയം
പ്രതിഫലിക്കുന്നത് കൊണ്ട് മനസ്സും ആവശ്യമില്ല. അങ്ങനെ സ്നേഹം ഒരു അയഥാർത്ഥ
വികാരമായിത്തീരുന്നു. അത് കൊടുക്കുന്നതിലോ വാങ്ങുന്നതിലോ ആർക്കും ഒരു
ലഹരിയുമില്ല.
വായനക്കാരൻ പൂരിപ്പിക്കേണ്ടത്
വായനക്കാരൻ
ഇന്ന് കവിതയെ തൻ്റെ സങ്കല്പങ്ങൾക്കും സ്വപ്നങ്ങൾക്കൊപ്പം
പൂരിപ്പിക്കുകയാണ്. അവൻ ഒരു കാണിയാണ്.കാണി കളിയിൽ ഇടപെടുന്നു. കവിത
വായിക്കുന്നവൻ്റേതാണ്. അതുകൊണ്ട് അവൻ തനിക്കിഷ്ടമുള്ള വാചകങ്ങളും ചിന്തകളും
അതിൽ തേടുന്നു. എല്ലാ ഡിജിറ്റൽ ഓവർലോഡും ചുമന്നു മടുത്ത വായനക്കാരൻ അത്
ഇറക്കിവയ്ക്കാൻ തന്റെ മനസ്സിൽ ഒഴിഞ്ഞ ഇടങ്ങൾ സൃഷ്ടിക്കാനാണ് കവിത
വായിക്കുന്നത്. അവനു പ്രത്യയശാസ്ത്രമോ, തത്ത്വചിന്തയോ സൗന്ദര്യശാസ്ത്രമോ
വേണ്ട.അതൊക്കെ ഇവിടെ സുലഭമാണ്. ഏത് പുസ്തകശാലയിലും കെട്ടുകണക്കിനു
പുസ്തകങ്ങൾ ഈ വിഭാഗങ്ങളിലുണ്ട്. അതെല്ലാം കവിതയിൽ തേടുന്നത് വ്യർത്ഥമാണ്.
ഇതിൽ നിന്നെല്ലാം സ്വതന്ത്രമായ കവിതയാണ് അവൻ തേടുന്നത്.
അവനു
ചിന്തിക്കാൻ വയ്യാത്ത ഒരു ലോകമാണിത്. അവൻ വാക്കുകളിലൂടെ ലഹരി തേടുകയാണ്;
ഒരു മുറിവേൽക്കൽ സംഭവിക്കാം. മുൻകാലങ്ങളിൽ വർദ്ധിച്ച തോതിലുള്ള
പ്രഭാഷണങ്ങളും ചർച്ചകളും കേട്ട അവൻ്റെ മനസ്സിപ്പോൾ കലുഷിതമാണ്. അതിൽ നിന്ന്
ഒഴിഞ്ഞുമാറിയ കവിയെയാണ് അവൻ തേടുന്നത്.അങ്ങനെ അവനു സ്വന്തം
ആശയക്കുഴപ്പങ്ങളെ നേർക്കുനേർ കാണാനാവും.
"വീട് പൂട്ടിയിറങ്ങുന്നു
അകത്തുനിന്നാരോ താക്കോൽപഴുതിലൂടുറ്റു നോക്കുന്നു.
പോയെന്നു തീർച്ചയാക്കി
വീടോരോന്ന് ചെയ്യുന്നു
അടുക്കളയിൽ പാത്രങ്ങൾ
ഒച്ചവയ്ക്കുന്നു
ക്ളോക്കിൽ മണി പന്ത്രണ്ടാകുന്നു
അരി അടുപ്പിൽ തിളയ്ക്കുന്നു
ടിവിയിരുന്നു ചിലക്കുന്നു
കറി വറ്റിപോമെന്നൊരു തോന്നൽ
വന്നു മുട്ടുന്നു
ഗ്യാസ് ഓഫ് ചെയ്യുന്നു
മുറി പൂട്ടിയിറങ്ങിയ ആൾ
എന്തോ ഓർത്തിട്ടെന്ന പോലെ
സംശയിച്ചു നിൽക്കുന്നു
വീണ്ടും ചെന്നു മുറി തുറന്നു
എല്ലായിടത്തും പരതുന്നു
അരി അടുപ്പത്തിരിക്കുവത്
ഒന്നുമേ അവൾ കാണുന്നില്ല" .
(ഇലകൾക്കിടയിലൂടെ കണ്ണുകൾ, കളത്തറ ഗോപൻ)
ഒരു നോട്ടം
ഒരു വെറും നോട്ടം
ഒരുന്മാദ നോട്ടം
ഇന്നത്തെ
കവിത പരിണമിക്കയാണ്. അത് ഛന്ദസ്സിൽ നിന്ന് ,നിഗൂഢതത്ത്വങ്ങളിൽ നിന്ന്
സ്വതന്ത്രപദ്യത്തിൽ നിന്ന് പരിണമിക്കുകയാണ്. സ്ഥൂലമായതോ ,മറവിയിലേക്ക്
മറഞ്ഞതോ ഒന്നും തന്നെ ഇവിടെ അന്വേഷിക്കുന്നില്ല. മനുഷ്യൻ തൽസമയമാണ്
ജീവിക്കുന്നത്. അവൻ്റെ അസ്തിത്വവും മന:ശാസ്ത്രവും തൽസമയമാണ്. ഒരു
നിമിഷത്തിലാണ് അവൻ നിലനിൽക്കുന്നത്. അതിനപ്പുറമോ ഇപ്പുറമോ അവനില്ല. വളരെ ആ
പൽക്കരമായ ഒരു തിരഞ്ഞെടുപ്പാണ് ജീവിതം .ഒരു നിമിഷത്തിലെ തിരഞ്ഞെടുപ്പ്
യുക്തിയുടെ ബലത്തിലായിരിക്കില്ല .ട്രാഫിക് കുരുക്കുള്ള ഒരു നഗരത്തിൽ ഒരു
ഡ്രൈവറുടെ നൊടിനേരത്തെ തീരുമാനമാണ് അയാളുടെ ആയുസിനെ
നിയന്ത്രിക്കുന്നത്.അപ്പോൾ അയാൾക്ക് ഒരു ഡോക്ടറുടെ മുന്നിലിരുന്ന് രോഗവിവരം
വിസ്തരിച്ച് പറഞ്ഞ് ,ശരീരാവയവങ്ങൾ പരിശോധിച്ച് അതിൻ്റെ തുടർ
ചികിത്സകളിലേക്ക് പോയി ഒരഭിജാത രോഗിയാവാനുള്ള സാവകാശം കിട്ടുന്നില്ല.
ഒരു
തീരുമാനം ഒരു നിമിഷത്തിൽ തന്നെയാണ് എടുക്കേണ്ടതെന്നത് പ്രധാന കാര്യമാണ്
.മിക്കപ്പോഴും അത് അനിവാര്യമാകുന്നു. അപകടങ്ങളിലെല്ലാം ഈ നിമിഷാത്മകത
കാണാം. മനുഷ്യൻ ഒരു നിമിഷമാണ് .ഈ നിമിഷത്തെ കവി നോക്കുകയാണ് പുതിയ
കവിതയിലൂടെ. ഒരു നോട്ടം, ചിലപ്പോൾ ഗഹനമായ നോട്ടമാകാം. അല്ലെങ്കിൽ അലസമായ
നോട്ടമാകാം. അതുമല്ലെങ്കിൽ ഉന്മാദനോട്ടമാകാം.
ഒരു നിമിഷത്തിലാണ്
അതിന് ആയുസ്സുള്ളത് .അതുകഴിഞ്ഞാൽ ലോകം മാറുകയാണ്. ലോകത്തിൻ്റെ
മാറ്റത്തിനൊപ്പം ഇന്ന് കവിക്ക് സഞ്ചരിക്കാനാവില്ല. കാരണം ,കവി ഒരു വ്യക്തി
മാത്രമാണ്. ലോകത്തിൻ്റെ മാറ്റം സാങ്കേതികമാണ് .
ലോകം
പ്രതീതിയായും ജീവിക്കുന്നു. മനുഷ്യൻ ഒരു ഡേറ്റയാകുകയാണ്. അവൻ തൻ്റെ
സ്വാതന്ത്ര്യം ഉപേക്ഷിച്ച് തന്നെക്കുറിച്ചുള്ള ഡേറ്റയ്ക്കും
സന്ദേശങ്ങൾക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ചവനാണ്. അവൻ്റെ ചിന്തകളും
ചലനങ്ങളും ഇന്ന് രഹസ്യമല്ല. കൈയിലുള്ള ഫോൺ അവൻ്റെ എല്ലാ വിവരങ്ങളും
ചോർത്തി മറ്റൊരു കേന്ദ്രത്തിനു കൈമാറുന്നു.
അവൻ ഒരുന്മാദനോട്ടമെറിയുന്നത് തന്നേക്കാൾ ബൃഹത്തായ പലതരം പ്രതിച്ഛായകൾ നിമിഷം തോറും വളരുന്നത് കൊണ്ടുള്ള അന്ധാളിപ്പ് മൂലമാണ് .
ദീർഘകാലത്തെ
കാത്തിരിപ്പിനൊടുവിൽ സംഭവിക്കുന്ന സർഗ്ഗാത്മകതയുടെ പാരമ്യം എന്ന
നിലയിലുള്ള സൃഷ്ടിപ്രക്രിയയല്ല ഇപ്പോഴുള്ളത് .ഒരു നോട്ടത്തിന്റെ നിമിഷത്തെ
ആവാഹിക്കുന്ന കവി അതിൻ്റെ മുന്നിൽ വിനീതനാവുകയാണ്. കവിതയിലൂടെ എന്തെങ്കിലും
ഒരു മാറ്റമുണ്ടാക്കാമെന്ന ധാരണ ഇപ്പോഴില്ല. കാരണം, കവിതയുടെ ഭാവുകത്വം
മരിച്ചു. ഈ കാലഘട്ടത്തിൽ കവിതയുടെ ഒരു ധ്രുവമോ അനേകം ധ്രുവസമാനമായ
കേന്ദ്രങ്ങളോ നിലനിൽക്കുന്നില്ല. ടി.എസ്. എലിയറ്റ്, മാത്യു അർനോൾഡ്
തുടങ്ങിയവരെപ്പോലെ ലോകം ഉറ്റുനോക്കുന്ന കവികൾ ഇപ്പോഴില്ല. എല്ലാവരുടെയും
കവികൾ ഇന്നില്ല;ഇനി ഉണ്ടാകാനും സാധ്യതയില്ല ;ഭാവുകത്വം ഇല്ലാതായല്ലോ.
വള്ളത്തോൾ
എല്ലാവരുടെയും കവിയായിരുന്നെങ്കിൽ ഇപ്പോൾ അത്തരം ധ്രുവങ്ങളില്ല. കവി ഒരു
നിഴലാണ് സൃഷ്ടിക്കുന്നത്. തന്നേക്കാൾ വലുതായ ഒരു ലോകത്തെ മനസ്സിലാക്കാനുള്ള
പ്രയത്നത്തിലാണ് അയാൾ .അതിനിടയിൽ സംഭവിക്കുന്ന ചില പ്രതിബിംബങ്ങളാണ്
കവിതയായി മാറുന്നത്. ഈ കവിതയുടെ പ്രയോജനമെന്താണ്? ലോകം ഡിജിറ്റൽ
ആശയവിനിമയങ്ങളിലേക്ക് അമർന്നു കഴിഞ്ഞ ഈ കാലത്ത് അതിന്റെ അനുഭവങ്ങളാണ്
കവിതകൾ പങ്കുവെക്കുന്നത് .അത് വ്യക്തിദുഃഖമോ പ്രത്യയശാസ്ത്ര ചിന്തയോ അല്ല.
മനുഷ്യൻ്റെ പ്രശ്നങ്ങൾ തന്നെ .പക്ഷേ, മനുഷ്യൻ്റെ വളരെ ചെറുതും
നിസ്സാരവുമായ പ്രശ്നങ്ങൾ പോലും കവിയുടെ നോട്ടം കൊണ്ട് അർത്ഥവത്തായി
മാറുന്നു എന്നു വിലയിരുത്താവുന്നതാണ്. നമ്മെ സ്വയം കാണാനാണ് ഈ കവിതകൾ
സംസാരിക്കുന്നത്. നമ്മെയൊഴിച്ച് മറ്റെല്ലാറ്റിനെക്കുറിച്ചും സംസാരിക്കാൻ
ഓടി നടക്കുന്ന നമുക്ക് നൈമിഷികമായ അനുഭവങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി
വരുന്നു.
പൊരുളകൾ ഇല്ലാതായ ഒരു ലോകമാണെന്ന വേവലാതി
കവിക്കില്ല.കാരണം ,അയാൾ പൊരുൾ തേടുന്നില്ല .ഇല്ലാത്ത പൊരുളിനെ തേടി
വിലപിക്കുന്നത് അർത്ഥശൂന്യമാണല്ലോ. പൊരുളില്ല എന്നറിഞ്ഞുകൊണ്ടുതന്നെ
എഴുതുകയാണ്; ആത്മാവിന്റെ ഭാരമില്ലാതെ എഴുതുകയാണ്. അപ്പോൾ എല്ലാറ്റിനെയും
ഭാരമില്ലാതെ നോക്കിക്കാണാനാവും. കാണുന്ന വസ്തുക്കളുടെ ഭാരം
കുറയ്ക്കാനുമാവുന്നു.
കവിതയുടെ സ്വാഭാവികതയ്ക്കും
വിധിക്കും കാലങ്ങളിലൂടെ മാറ്റമില്ല. അത് വലിയ കവികൾ
തിരിച്ചറിഞ്ഞിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോർ Poet Yeats എന്ന ലേഖനത്തിൽ
എഴുതുന്നത് ഇന്നത്തെ പ്രതിബിംബ കവിതയുടെ ജനിതകമായ ഘടനയ്ക്ക് യോജിച്ച ചില
ആശയങ്ങൾ നിരത്തുന്നു :
whenever a poet writes
out of a direct response to life , his poetry blooms like the flowers
and fruits on a tree .It is not conscious of itself ,nor does it feel
obliged to present itself a being beautiful or deeply felt whatever it
appears to be , it is " .
ജീവിതത്തോട്
നേരിട്ടുള്ള ഒരു പ്രതികരണം ഒരു മരത്തിൽ പുഷ്പങ്ങളും ഫലങ്ങളും
ഉണ്ടാകുന്നതുപോലെ എത്രമാത്രം സ്വാഭാവികമാണെന്ന് കവി വിശദീകരിക്കുന്നു. അത്
സ്വയം എന്താണെന്ന് ബോധ്യപ്പെട്ടതിന്റെ ഫലമായല്ല പുറത്ത് വരുന്നത്.
സുന്ദരമെന്നോ അഗാധമായി അനുഭവിച്ചതെന്നോ വിവരിക്കാവുന്ന തരത്തിൽ യാതൊന്നും
അവതരിപ്പിക്കാനും അത് ശ്രമിക്കുന്നില്ല. ഒരു നോട്ടമാണത്. ആ നോട്ടത്തിൽ
കണ്ടത് അതേ നിലയിൽ പകർത്തുകയാണ്.