
അനന്തതയും ഊരാക്കുടുക്കുകളും
അറ്റകുറ്റപ്പണികളും
അഭിമുഖം/തുളസീധരൻ ഭോപ്പാൽ
താങ്കൾ സാഹിത്യരംഗത്തും ദാർശനികരംഗത്തും വിവിധ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചല്ലോ ?വിമർശനത്തിൽ സിദ്ധാന്തം അനിവാര്യമാണോ ?
എം.കെ. ഹരികുമാർ :നമ്മുടെ ചിന്തകൾക്ക് തത്ത്വചിന്താപരമായ ദിശാബോധം ഉണ്ടാകുമ്പോഴാണ് സിദ്ധാന്തങ്ങൾക്ക് സാധ്യത തെളിയുന്നത് .സിദ്ധാന്തങ്ങൾ നമ്മുടെ അറിവിൻ്റെ പാകപ്പെടലാണ്. ക്ലാസ് റൂമുകളിൽ പഠിച്ചതുകൊണ്ട് നമുക്ക് സൃഷ്ടികർത്താവാനാവില്ല .അവിടെ എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കുന്നില്ലല്ലോ .പലരുടെയും ചിന്തകൾ, അതും പതിറ്റാണ്ടുകൾക്ക് മുൻപുള്ളത് ,പഠിക്കുന്നു. ചരിത്രത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതുകൊണ്ട് പ്രയോജനവുമുണ്ട്. പക്ഷെ ,എന്താണ് നമ്മൾ ചിന്തിക്കേണ്ടതെന്ന് അതിലൊന്നും ആരും പറഞ്ഞിട്ടുണ്ടാകില്ല. നമ്മൾ ചിന്തിക്കേണ്ട ഒരാശയം തെളിഞ്ഞു കിട്ടുമ്പോഴാണ് വിദ്യാഭ്യാസത്തിന് അർത്ഥമുണ്ടാകുന്നത്.

എൻ്റെ സിദ്ധാന്തങ്ങൾ ഇവിടെ വല്ലാതെ എതിർക്കപ്പെട്ടു. കലാശാലകളിലുള്ളവർക്ക് ആ പുസ്തകത്തിൻ്റെ നേരെ നോക്കുന്നതു പോലും അസ്വാസ്ഥ്യജനകമാണ്. ധാരാളം സിദ്ധാന്തങ്ങൾ പഠിക്കാനുള്ളപ്പോൾ പുതിയതിൻ്റെ ആവശ്യമെന്താണ് എന്നാണ് പലരും ചോദിക്കുന്നത്.ഞാൻ സൈദ്ധാന്തികനിർമ്മിതിയിലേക്ക് തിരിഞ്ഞതോടെ എൻ്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പറ്റാതായി. സംഘടിത ഭൂരിപക്ഷത്തിൻ്റെ മുന്നിൽ ഞാനൊറ്റപ്പെടുകയായിരുന്നു.എന്നാൽ ഞാൻ ഇങ്ങനെ തന്നെ എഴുതണമെന്ന് പറഞ്ഞ് എന്നെ നിരന്തരം വായിക്കുന്നവരെയും എനിക്കറിയാം. ഇപ്പോൾ ‘എം.കെ.ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ ‘ അന്വേഷിച്ചു നടക്കുന്നവരുണ്ട് .അതു പക്ഷേ, കലാശാലാ അധ്യാപകരോ അവരുടെ പിന്നാലെ നടക്കുന്നവരോ അല്ല. സ്വതന്ത്രവായനക്കാരാണ്.സിദ്ധാന്തമില്ലാതെയും എഴുതാം ;വല്ലവരുടെയും ഉപകരണങ്ങളും ചിന്തകളും കടമെടുത്ത് വിമർശനം എഴുതുന്നവരുണ്ടല്ലോ.
മലയാളത്തിൽ ഉത്തരാധുനികതയുടെ മരണം താങ്കളാണല്ലോ പ്രഖ്യാപിച്ചത് ? അതിൻ്റെ പ്രസക്തി എന്താണ് ?
എം.കെ.ഹരികുമാർ :ഉത്തരാധുനികതയുടെ മരണം രണ്ടായിരാമാണ്ടോടെ സംഭവിച്ചു.അതിൻ്റെ പ്രാദേശിക ,സ്വത്വ, ഫെമിനിസ്റ്റ് വാദങ്ങളൊക്കെ ആഗോള, ഡിജിറ്റൽ, സമൂഹമാധ്യമരംഗങ്ങളിൽ പിന്തള്ളപ്പെട്ടു. ഇൻസ്റ്റഗ്രാമിൽ ഫെമിനിസവും സ്വത്വവുമില്ലല്ലോ.

എന്നാൽ ഉത്തര- ഉത്തരാധുനികത ഇനിയും കലാശാലകളിൽ പഠിക്കാൻ എടുത്തിട്ടില്ല. അതുകൊണ്ട് അദ്ധ്യാപകർക്ക് അതിനെക്കുറിച്ചു പറയാൻ നിവൃത്തിയില്ല. അവർ അത് പഠിക്കേണ്ടിയിരിക്കുന്നു. ഞാൻ ‘ഉത്തര- ഉത്തരാധുനികത’ എന്ന പുസ്തകമെഴുതിയിട്ട് പത്തു വർഷമായി. പലരും ഇതു കണ്ടു ഭയന്നു മാറിനില്ക്കുകയാണ്. ഉത്തര – ഉത്തരാധുനികത എങ്ങനെയാണ് നമ്മുടെ സമൂഹത്തിൽ വന്നതെന്ന് അറിയാത്ത പലരും ഇപ്പോഴും ഉത്തരാധുനികതയെക്കുറിച്ച് ലേഖനമെഴുതി കാലം കഴിക്കുകയാണ്.
സംസ്കാരപഠനങ്ങൾ ഉത്തരാധുനികതയുടേതാണ്. ആ കാലഘട്ടം അവസാനിച്ചു. ഇപ്പോൾ സംസ്കാരം ഒരു ഉപകരണപ്പെട്ടി മാത്രമാണ്. അത് ഒരു വർഗത്തിൻ്റെയോ ദേശത്തിൻ്റെയോ കുത്തകയല്ല ;പൊതുസ്വത്താണ് . സാംസ്കാരികചിഹ്നങ്ങൾ കലാകാരന്മാർക്കും വ്യവസായസംരംഭകർക്കും വാസ്തുശില്പികൾക്കുമെല്ലാം ആവശ്യമാണ്. മനുഷ്യവർഗ്ഗം ഒരിടത്ത് സ്ഥിരമായി താമസിക്കുന്നവർ എന്ന സങ്കല്പം ഇപ്പോഴില്ല. മനുഷ്യവംശം യാത്രയിലാണ്; ഒരു ദേശത്തു നിന്നു മറ്റൊരിടത്തേക്ക്.

വായനക്കാരൻ്റെ കൃതി എന്നൊരു പുതിയ ആശയം താങ്കൾ അവതരിപ്പിച്ചത് ഓർക്കുന്നു. അതൊന്നു വിശദീകരിക്കാമോ ?
എം.കെ.ഹരികുമാർ:എഴുത്തുകാരൻ എഴുതുന്നത് അയാളുടെ സാങ്കല്പികലോകമാണ്. ശരിക്കും അതൊരു അടഞ്ഞലോകമാണ്. വായിച്ചാലേ തുറക്കു .ഒരാൾ വായിക്കുന്നതോടെ അതയാൾക്ക് മാത്രമായി തുറക്കുന്നു. വായിക്കുന്ന വേളയിൽ അയാൾ വീണ്ടും ജനിക്കുകയോ ചിന്താപരമായി രൂപാന്തരപ്പെടുകയോ ചെയ്യും. യേറ്റ്‌സിൻ്റെ കവിതകൾ വായിച്ചപ്പോൾ ബർണാഡ് ഷാ സസ്യഭുക്കായതുപോലെ .

വായനക്കാരൻ മറ്റൊരു കൃതി എഴുതുന്നുണ്ട്. അത് വായനയ്ക്കിടയിൽ സംഭവിക്കുന്നതാണ്. അതിൻ്റെ ഹാർഡ് കോപ്പി ഇല്ല. അത് അയാളുടെ മനസ്സിലുണ്ടാകും. അയാൾ അതിനെയാണ് ആസ്വദിക്കുന്നതും വിമർശിക്കുന്നതും .അതുകൊണ്ട് ഒരു സാഹിത്യകൃതി എപ്പോഴും അതിൻ്റെ നിഷ്കളങ്കതയിൽ ഒറ്റപ്പെട്ട് നിൽക്കുകയാണ്. അതിൻ്റെ ടെക്സ്റ്റ് അതേപടിയല്ല വായനക്കാരൻ സ്വീകരിക്കുന്നത്. അവൻ അതിൽ ഭാവനയുടെ അംശം കലർത്തുന്നു. എൻ്റെ ‘ആത്മായനങ്ങളുടെ ഖസാക്ക് ‘ (1984)അങ്ങനെയുണ്ടായതാണ്.
വൈദികദർശനവും താങ്കളുടെ നവാദ്വൈതവും തമ്മിലുള്ള വ്യത്യാസം എങ്ങനെ മനസ്സിലാക്കാം ?
എം.കെ.ഹരികുമാർ :ഒരു ദർശനവും അതിൻ്റെ മൗലികാവകാവസ്ഥയിൽ തുടരാൻ വിധിക്കപ്പെടുന്നില്ല. അനുഭൂതിയാണ് നമ്മെ നയിക്കുന്നത്. വേദാന്തരഹസ്യം ഒരു പഠനശാഖയായി ഞാൻ പിന്തുടർന്നിട്ടില്ല. എന്നാൽ കുറെ വായിച്ചിട്ടുണ്ട്. വേദാന്തത്തെ ഒരു ചിട്ടയായ ശാസ്ത്രമായല്ല ,അനുഭൂതിയായാണ് ഞാൻ തേടുന്നത്.
പ്രാപഞ്ചികമായ ഒരു രമ്യതയെക്കുറിച്ചുള്ള ജ്ഞാനം എനിക്കുണ്ട്. ഒരില ചലിക്കുന്നതു മുതൽ നക്ഷത്രസമൂഹം വരെയുള്ള പ്രപഞ്ചഘടനയുമായി ഒരു മനുഷ്യവ്യക്തി എങ്ങനെയാണ് രമ്യതയിലെത്തുന്നത് ? അത് അനുഭൂതിയിൽ അറിയണം. എൻ്റെ വേദാന്തം ഇതാണ്. ഈ ലോകവുമായി നമുക്ക് അഭേദ്യമായ ബന്ധമുണ്ടെന്ന തത്ത്വം എന്നെ സ്വാധീനിച്ചിട്ടുണ്ട്.

എന്നാൽ നവാദ്വൈതം മറ്റൊരു തത്ത്വമാണ്. നവാദ്വൈതത്തിൽ ആത്യന്തികമായ സത്യമോ ബ്രഹ്മമോ കുണ്ഡലിനിയോ ആറു പടികളോ ഇല്ല. ഓരോ വസ്തുവും അതിൻ്റെ ആന്തരികാവസ്ഥയെ നിഷേധിച്ച് മറ്റൊന്നാകുകയാണവിടെ.അത് അനന്തമായ പ്രക്രിയയാണ്.
ഹെർമ്മൻ ഹെസ്സെ ,ദസ്തയെവ്സ്കി എന്നീ എഴുത്തുകാരെ താരതമ്യം ചെയ്യാനൊക്കുമോ ?
എം.കെ.ഹരികുമാർ :ഹെർമ്മൻ ഹെസ്സെ ഭാരതീയ തത്ത്വചിന്തയെ അനുഭൂതിയിലൂടെ
തേടിയ എഴുത്തുകാരനാണ് .’സിദ്ധാർത്ഥ ‘ എന്ന നോവലും ചില കഥകളും ആത്മീയമായ
സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന മാനവനെ കാണിച്ചുതരുന്നു. ഈ പ്രപഞ്ചവുമായി
മനുഷ്യനുള്ള സ്വരൈക്യം ഹെസ്സെയുടെ കൃതികളിലുണ്ട്. നദി ഒഴുകുന്ന ശബ്ദത്തിൽ
ഓങ്കാരം കേൾക്കുന്ന അനുഭവമാണ് സിദ്ധാർത്ഥയിലുള്ളത്.
മാത്രമല്ല ,ഹെസ്സെ പ്രകൃതിയുമായി സാത്മ്യം അന്വേഷിച്ച എഴുത്തുകാരനാണ്.
ദസ്തയെവ്സ്കിയുടെ വഴി അതല്ല. അദ്ദേഹത്തിൽ ഭാരതീയദർശനമൊന്നുമില്ല .അദ്ദേഹം ക്രൈസ്തവമായ സത്യത്തെ തേടുന്നതോടൊപ്പം മനുഷ്യൻ അതിലെത്തിച്ചേരാൻ അശക്തനാണെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്.മനുഷ്യൻ പാപിയാണ് ,അവനെത്തന്നെ നിന്ദിക്കുന്നവനാണ്. അവൻ സത്യത്തിനുമുന്നിൽ കപടവേഷമാടുകയാണ്.മനുഷ്യൻ ഒരു നരകമാണെന്ന് അദ്ദേഹം ചിന്തിക്കുന്നു. താരതമ്യം ചെയ്യാൻ എനിക്ക് താല്പര്യമില്ല. കാഫ്കയും ദസ്തയെവ്സ്കിയും തമ്മിൽ താരതമ്യം സാധ്യമാണ് .

താങ്കളുടെ പംക്തി ‘അക്ഷരജാലകം’ ഇരുപത്തിനാലാം വർഷത്തിൽ പ്രവേശിച്ചതായറിഞ്ഞു.
എം.കെ.ഹരികുമാർ :എൻ്റെ വീക്ക്ലി കോളം ‘അക്ഷരജാലകം’ 1998 ഫെബ്രുവരിയിൽ ‘കേരളകൗമുദി’യിലാണ് തുടങ്ങിയത്.2005 ൽ കലാകൗമുദിയിൽ ആരംഭിച്ചു. ഇപ്പോൾ ‘മെട്രോവാർത്ത’ പത്രത്തിൽ ആഴ്ചതോറും എഴുതുന്നു.
അക്ഷരജാലകം ഇപ്പോൾ ഇരുപത്തിനാലാം വർഷത്തിൽ പ്രവേശിച്ചിരിക്കുന്നു .ഇത്രയും ദീർഘമായി തുടരുന്ന സാഹിത്യപംക്‌തി ഇന്ന് വേറെയില്ല. എല്ലാവരും സ്വീകരിച്ചു കോളമാണത്. അക്ഷരജാലകം എന്ന പേരുപോലും പലരെയും മോഹിപ്പിക്കുന്നു. ഇതുമായി സാമ്യമുള്ള പേരുണ്ടാക്കി എഴുതുന്നവരുണ്ട്. ജാലകം എന്ന വാക്ക് ചേർക്കാതെ ഒരു കോളം ആലോചിക്കാൻ പറ്റാത്ത അവസ്ഥയുണ്ടായി.

അക്ഷരജാലകം എന്ന പേരിൽ തന്നെ ചിലർ സമീപകാലത്ത് കോളമെഴുതി. ഈ കോളത്തിൻ്റെ സ്വീകാര്യതയാണ് ഇതു കാണിക്കുന്നത്. അക്ഷരജാലകം എന്ന പേരിട്ടാൽ രക്ഷപ്പെട്ടു എന്നാണ് പലരുടെയും വിചാരം.
നമ്മുടെ സാഹിത്യരംഗത്ത് കാതലായ പരിവർത്തനങ്ങൾ എന്തെങ്കിലും നടക്കുന്നുണ്ടോ ?
സാഹിത്യചർച്ചകൾക്ക് ആധികാരികത പൂർണമായി നഷ്ടപ്പെട്ട കാലമാണിത്. ഏതു പുസ്തകവും ലക്ഷക്കണക്കിന് കോപ്പിയടിച്ചു വില്ക്കാം ,പ്രസാധകൻ തയ്യാറാകുമെങ്കിൽ .മൂല്യത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചു. പദവിയും പണവുമാണ് ഘടകങ്ങളായി വരുന്നത്. ഫിസിക്സ് ക്ലാസിലിരുന്ന് പാഠങ്ങൾ പഠിക്കുന്ന കുട്ടികൾ ഫിസിക്സിനെപ്പറ്റി പറയുന്നത് കേട്ടിട്ടുണ്ട്. അവർ പഠിച്ച പാഠങ്ങൾ ഏകദേശം മനസ്സിലാക്കി പറയുന്നു.എന്നാൽ അതല്ല ഒരു ഫിസി സിസ്റ്റിൻ്റെ ചിന്താലോകം. അവിടേക്കെത്താൻ അവർക്കാവുന്നില്ല. സാഹിത്യചർച്ചകൾക്ക് ഈ നിലവാരമേയുള്ളു.
അത്മകഥകൾ എഴുതുന്നതിൽ കഴമ്പില്ലെന്നു പറഞ്ഞല്ലോ ?എന്താണ് എഴുതേണ്ടത് ?
എം.കെ.ഹരികുമാർ :അവനവനെക്കുറിച്ചു മാത്രം പറയുന്നവരുണ്ട്. അവർക്ക് ലോകം തന്നെ അറിയില്ല .അവനവൻ്റെ അനുഭവം മാത്രമാണ് അവർ കാണുന്നത്. എന്താണ് അവനവനെക്കുറിച്ച് ഇത്ര പൊക്കിപ്പറയാനുള്ളത് ? ഇത്തരം പൊള്ളയായ ആത്മകഥകൾ അസുഖകരമായ രുചിയാണ് തരുന്നത്. പകരം, ലോകം നമ്മളിലേക്ക് വരണം. ലോകത്തിൻ്റെ സമസ്ത, നാനാതരത്തിലുള്ള വിഷാദത്തെയും സമസ്യകളെയും ജ്ഞാനത്തെയും നേരിടണം .നമുക്ക് അജ്ഞാതമായതിനെ അന്വേഷിക്കാനാവണം. അവിടെയാണ് സർഗാത്മകസാഹിത്യമുള്ളത്.
നോവലിസ്റ്റ് അയാളുടെ നോവലിലെ കഥാപാത്രമാണെന്ന ദർശനം താങ്കളാണ് മുന്നോട്ടുവച്ചത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
എം.കെ.ഹരികുമാർ:എഴുത്തുകാരൻ കഥാപാത്രമാണെന്ന സങ്കൽപ്പത്തിൽ വിമർശനം എഴുതിതുടങ്ങിയ ആളാണ് ഞാൻ .അങ്ങനെയൊരു സമീപനം മലയാള സാഹിത്യത്തിൽ ഞാനാണ് അവതരിപ്പിച്ചത്. എൻ്റെയൊരു സിദ്ധാന്തമായി ഞാനത് വികസിപ്പിച്ചതും പ്രയോഗിച്ചതും ‘ആത്മായനങ്ങളുടെ ഖസാക്കി’ലാണ്. അതിൽ വിജയൻ മറ്റു കഥാപാത്രങ്ങളായ രവി, നൈസാമലി ,മൈമുന തുടങ്ങിയവരോടൊപ്പമാണുള്ളത്. വിജയനെ ഞാനതിൽ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. വിജയൻ ചിന്തിച്ചതൊക്കെ ഞാൻ വിളിച്ചുപറയുന്ന രീതിയാണുള്ളത്. ‘ഖസാക്കിൻ്റെ ഇതിഹാസ ‘ത്തിൻ്റെ ഓരോ പേജിലും, ഓരോ സന്ദർഭത്തിലും വിജയൻ അദൃശ്യനായി ഇടപെടുന്നതായി ഞാൻ മനസ്സിലാക്കി. ആ നോവലിൽ ജീവിക്കുന്ന വിജയൻ എന്ന കഥാപാത്രം പത്രപ്രവർത്തകനായ ഒ.വി.വിജയനല്ല ;വിജയനിലെ മറ്റൊരാളാണ്.

ആ വ്യക്തിയാണ് നോവലിനു കാരണമാകുന്നത്. നോവൽ കല്പനകളുടെ ഭൂമിയാണ്. ആ ഭൂമിയിൽ നോവലിസ്റ്റ് തന്നെ തൻ്റെ മറ്റൊരു രൂപത്തെ ഉള്ളടക്കം ചെയ്തിരിക്കുകയാണ്. യഥാർത്ഥ വിജയൻ്റെ തന്നെ കല്പിതരൂപമാണ് നോവലിലെ കഥാപാത്രമായി മാറുന്നത്. ആ കഥാപാത്രം വിചാരഭാവനകളുടെ ഒരു കൂട്ടമാണ്.
എല്ലാം സാഹിത്യമാണെന്ന വിചിത്രമായ വാദം താങ്കൾ ഉയർത്തിയതോർക്കുന്നു ? അത് എങ്ങനെ വിശദീകരിക്കാം ?അതിൻ്റെ ആശയപരമായ പ്രസക്തി എന്താണ് ?
എം.കെ.ഹരികുമാർ :സാഹിത്യം സർവ്വവ്യാപിയാണ്. എല്ലാം സാഹിത്യമാണ്. ഒരു പോത്തു നോക്കുന്നതുപോലും സാഹിത്യമാണ്. വീണുകിടക്കുന്ന പൂവ് സാഹിത്യമല്ലേ ? കാരണം ,ഓരോ ചലനവും വസ്തുവും അസ്തിത്വവും ഉല്പാദിപ്പിക്കുന്നത് ,പരസ്പര വിരുദ്ധവും സമ്മിശ്രവും അനന്തവുമായ ചർച്ചകളാണ്, ചിന്തകളാണ്. ഭാവനകളുടെ ഒരു കൂടാണ് എല്ലാ ശബ്ദങ്ങളും നോട്ടങ്ങളും ഗന്ധങ്ങളും. ഘടനയിൽതന്നെ അതെല്ലാം ആഖ്യാനമാണ്.

ആഖ്യാനത്തിനു ഏകതാന സ്വഭാവമല്ല ഉള്ളത്. അത് ഓരോ വ്യക്തിയുടെയും സ്വഭാവംപോലെ മാറിക്കൊണ്ടിരിക്കും. ആഖ്യാനമാണ് സാഹിത്യം ; രചനയിലെ ശൈലിയും സ്വരഭേദവും സാഹിത്യമാണ് . മുൻധാരണകളനുസരിച്ചല്ല ,അത് പ്രവർത്തിക്കുന്നത്. നോട്ടവും ചലനവും ആഖ്യാനം ആകുന്നതോടൊപ്പം അർത്ഥങ്ങളാണ്,ആശയങ്ങളാണ്. അർത്ഥങ്ങൾ വികാരപരമായി വീക്ഷിക്കപ്പെടേണ്ടതുണ്ട്. അതിൽ മനുഷ്യനും പ്രകൃതിയുമുണ്ട്.
എന്താണ് താങ്കളെ അസ്വസ്ഥപ്പെടുത്തുന്നത് ?
എംകെ.ഹരികുമാർ: ഓരോ വസ്തുവിലെയും അനന്തമായ സ്വയം നിരാസങ്ങളും സ്വയം നിർമ്മാണങ്ങളും എന്നെ അസ്വസ്ഥപ്പെടുത്തുന്നു. പ്രപഞ്ചം ഓരോ നിമിഷവും ആശയങ്ങളിലും സ്വപ്നങ്ങളിലും അറ്റകുറ്റപ്പണി നടത്തുകയാണ്. കാലം അതിൻ്റെ ഉപകരണമാണ്. ഇന്നലെത്തെ ഞാനല്ല ഇന്നത്തെ ഞാൻ .ഇന്നലത്തെ സൂര്യനല്ല ഇന്നുള്ളത്. കഴിഞ്ഞ കാലം പോലും അറ്റകുറ്റപ്പണിക്കു വിധേയമാണ്.
No comments:
Post a Comment