ഭാവുകത്വത്തിൻ്റെ അദൃശ്യത
ഇന്നത്തെ
അതിവേഗ, വിവിധധ്രുവലോകത്ത് ഏതെങ്കിലും വൈകാരികക്ഷമതയ്ക്കോ ആദർശത്തിനോ
പ്രമാണത്തിനോ അധീശത്വമില്ല. എല്ലാം എല്ലായിടത്തും പ്രത്യക്ഷമോ ലഭ്യമോ ആണ്.
ഒന്നും ഒളിച്ചുവയ്ക്കപ്പെടുന്നില്ല. ഒന്നിനും പ്രത്യേകമായ പദവിയില്ല. ഒന്നു
മറ്റൊന്നിന്റെ മേലെയാണെന്ന് വാദിക്കാൻ അക്കാദമിക് രംഗത്തുള്ളവർക്ക്
ന്യായങ്ങളുണ്ടെങ്കിലും അത് മനുഷ്യരുടെ വ്യവഹാരജീവിതത്തിൽ പ്രധാനമല്ല.
അക്കാദമിക്ക്, പ്രോലിറ്റേറിയറ്റ് ,പരമ്പരാഗതം, ആധുനികം എന്നിങ്ങനെയുള്ള
വേർതിരിവുകളോടെ യാതൊന്നും ഒരിടത്തും അവതരിപ്പിക്കപ്പെടുന്നില്ല.
ഓരോന്നിനെയും പ്രതിനിധാനം ചെയ്യുന്നത് അത് മാത്രമാണ്. മറ്റൊരു
മാനദണ്ഡമില്ല. ഒരു ഉൽപ്പന്നം അതിനെ മാത്രമാണ് പ്രതിനിധാനം ചെയ്യുന്നത്.
അത് ഒരു തത്ത്വമോ നിർദ്ദേശമോ വികാരകേന്ദ്രീകരണമോ അല്ല .ഒരു വൈകാരികലോകത്തെ
നിർവ്വചിക്കുന്നതിന് പകരം അത് സ്വന്തം പ്രത്യക്ഷതയിൽ നിറയുകയാണ്. അതുകൊണ്ട്
വൈകാരികക്ഷമത ഇന്ന് ഒരു കേന്ദ്രമോ ധ്രുവമോ അല്ല .
കഴിഞ്ഞ
നൂറ്റാണ്ടിൽ സൃഷ്ടിയുടെ പ്രത്യേകത അതിൻ്റെ ഭാവുകത്വമായിരുന്നു. ഒരു
വിഷയത്തോടുള്ള, വസ്തുവിനോടുള്ള പ്രതികരണമാണത്. ഒരു സാഹിത്യസൃഷ്ടി
ആസ്വദിക്കണമെങ്കിൽ അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു സവിശേഷ വൈകാരികാനുഭവം
ആവശ്യമായിരുന്നു. ഒരു കലാസൃഷ്ടിക്ക് പിന്നിലെ വൈകാരികത അതിൻ്റെ
സ്രഷ്ടാവിന്റേതാണ്. അത് സാമാന്യജനത്തിന്റേതല്ല. കവിക്ക് നിഗൂഢവും
വൈയക്തികവുമായ തലങ്ങളുണ്ട് .കവി വികാരത്തിലൂടെ സൂക്ഷ്മദർശനം നടത്തുകയാണ്.
ഭൂരിപക്ഷത്തിന് അത് അനുഭവപ്പെടണമെന്നില്ല. തനിക്ക് മാത്രം വികാരം കൊള്ളാൻ
കഴിയുന്ന ചിലതുള്ളതുകൊണ്ടാണ് ചങ്ങമ്പുഴ ഇങ്ങനെ എഴുതിയത്:
"താരകളേ, കാണ്മിതോ,നിങ്ങൾ താഴെയുള്ളൊരീ പ്രേത കുടീരം ?
ഹന്ത,യിന്നതിൻ ചിത്തരഹസ്യ
മെന്തറിഞ്ഞു ,ഹാ,ദുരസ്ഥർ നിങ്ങൾ?
പാലപൂത്ത പരിമളമെത്തി -
പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ മഞ്ഞണിഞ്ഞു, മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ
മന്ദമന്ദം പൊടിപ്പതായിക്കേൾക്കാം
സ്പന്ദനങ്ങളിക്കല്ലറയ്ക്കുള്ളിൽ."
ഈ
ഭാഷയിലെ വൈകാരികത ചങ്ങമ്പുഴയുടേതാണ്. അദ്ദേഹത്തിനു മാത്രം
അനുഭവിക്കാനായതാണ്. എന്നാൽ ആ ഭാവുകത്വം സ്വാധീനശക്തിയുള്ളതായിരുന്നു.
അനുവാചകർക്ക് അത് പുതുമയുള്ളതായി തോന്നി. അവർ ഇങ്ങനെ നക്ഷത്രത്തെയും
അസ്ഥിമാടത്തെയും ബന്ധിപ്പിച്ച് ചിന്തിച്ചിരുന്നില്ല. അവർക്ക് അങ്ങനെ വികാരം
കൊള്ളാൻ അറിയില്ലായിരുന്നു. ഇത് അനുവാചകരെ കൂട്ടിയോജിപ്പിച്ച
വികാരമായിരുന്നു. ചങ്ങമ്പുഴയുടെ വരികൾ മറ്റൊന്നിന്റെ
പ്രതിനിധാനമാവുകയായിരുന്നു. സങ്കൽപ്പത്തിൽ അധിഷ്ഠിതമായ ഒരു സ്വപ്നാത്മകമായ
ജീവിതാനുഭവത്തെ ഈ പരുക്കൻ ലോകത്ത് കണ്ടെത്തുന്നതിന്റെ
സൗന്ദര്യാത്മകതയായിരുന്നു അത്. അനുവാചകരെ സ്വാധീനിച്ചതോടെ അതൊരു
ഭാവുകത്വമായി ഉറച്ചു.
പകർപ്പുകൾ ,അനുകരണങ്ങൾ
ആ
ഭാവുകത്വം നേടിയവരാണ് ചങ്ങമ്പുഴ കവിത ആസ്വദിച്ചത് .ദാരിദ്ര്യവും
അലച്ചിലും നിറഞ്ഞ ഒരു ലോകത്ത് പരാതി പറയാനും സ്വന്തം അവസ്ഥയിൽ നിന്ന്
മോചനം നേടാനും നക്ഷത്രങ്ങളിലേക്ക് നോക്കിയാൽ മതിയെന്ന് ചങ്ങമ്പുഴ
പഠിപ്പിച്ചു.ഈ വൈകാരിക മൂർച്ചയിൽ ആ കാലം മാത്രമല്ല ,പിന്നീട് വന്ന കവികളും
ആസ്വാദകരും ആവേശം കൊണ്ടു .ആ സങ്കല്പം ഒരാത്മീയമായ
രക്ഷാമാർഗമായിരുന്നു.അതൊരു ഭാവുകത്വജാലകമാണ്. അത് മനുഷ്യരുടെ ആകെ
വീക്ഷണജാലകമാവുകയാണ്.അത് കവിതയുടെ മാത്രമല്ല ,കവിത എഴുതാൻ
ആഗ്രഹിക്കുന്നവരുടെയും സങ്കേതമാകുന്നു. അവരെല്ലാം ധിഷണയുടെയും
സർഗാത്മകതയുടെയും ഒരു ഇന്ദ്രിയമായി ഈ ഭാവുകത്വത്തെ കാണുകയാണ്. ഇത്
ചിന്തയുടെയും വായനയുടെയും ഒരു ധ്രുവമായിരുന്നു, കഴിഞ്ഞ നൂറ്റാണ്ടിൽ.ഈ
വീക്ഷണത്തിൽ ചിന്തിച്ച,ഭാവന ചെയ്ത ചിത്രയോ കവികളുണ്ട് !.ഇത് ഇരുപതാം
നൂറ്റാണ്ടിലെ ഒരു ഭാവുകത്വമായിരുന്നെങ്കിൽ ഈ നൂറ്റാണ്ടിൽ അങ്ങനെയൊന്നില്ല.
ഇപ്പോൾ ഭാവുകത്വരാഹിത്യമാണുള്ളത്. ഒരു കവി ഒറ്റയ്ക്ക് വൈകാരികവും
ബുദ്ധിപരവുമായ വിച്ഛേദം സൃഷ്ടിച്ചുകൊണ്ട്, തനിക്കു മാത്രം സംവേദനം
ചെയ്യാനാവുന്ന തരത്തിൽ എഴുതാനാവില്ല. കാരണം,എല്ലാം
സാമാന്യവൽക്കരിക്കപ്പെട്ടിരിക്കുകയാണ് ,വ്യതിരക്തമായതില്ല. എല്ലാം
ഒന്നിന്റെ തന്നെ പുന:സംവിധാനമോ പുന:ക്രമീകരിക്കപ്പെട്ട വാർപ്പോ ആണ്.
പകർപ്പായാലും അനുകരണമായാലും അതൊന്നും ആരും ശ്രദ്ധിക്കാൻ പോകുന്നില്ല.
ആർക്കും തന്നെ ഉള്ളിൽ മുറിവേൽപ്പിക്കുന്ന ഭാവുകത്വപ്രശ്നങ്ങളില്ല.
ഭാവുകത്വത്തിൻ്റെ അടിസ്ഥാനത്തിൽ ജീവിതത്തെ കാണുന്ന ശീലം ഇപ്പോഴില്ല. ഒരു
കവിത ഒരു ഉൽപ്പന്നം പോലെ അതിനെ തന്നെയാണ്
പ്രതിനിധീകരിക്കുന്നത്;ഭാവുകത്വത്തെയല്ല.അയ്യപ്പപ്പണിക്കരുടെ
'കുരുക്ഷേത്രം' പ്രതിനിധീകരിക്കുന്നത് കവിത എന്ന കേവലത്വത്തെയല്ല ,ഒരു
പ്രത്യേക അഭിരുചിയെയാണ്. കവിത എന്ന ആന്തരികാനുഭവത്തെ എങ്ങനെ ഉൾക്കൊള്ളണം,
എങ്ങനെ വികസിപ്പിക്കണം, എത്രമാത്രം ആവിഷ്കരിക്കണം തുടങ്ങിയ
കാര്യങ്ങളെക്കുറിച്ചുള്ള ഒരു പദ്ധതിയാണത്.തനിക്ക് എന്താണ് കവിത എന്ന
വിളംബരമാണത്. അത് മറ്റു കവികളുടെ പക്ഷമല്ല.
'കുരുക്ഷേത്രം'
അയ്യപ്പപ്പണിക്കരുടെ ഭാവുകത്വപരമായ സവിശേഷതയാണ്. 'കുരുക്ഷേത്രം'
പുറത്തുവന്ന കാലത്ത് അതിനെ കേന്ദ്രീകരിച്ച് ധാരാളം ചർച്ചകൾ നടന്നു .അനേകം
കവികൾ അത് ചൊല്ലി നടന്നു. പലരെയും അത് സ്വാധീനിച്ചു .പല വിമർശകരും ആ കവിതയെ
ഒരു വിശേഷപ്പെട്ട വൈകാരികപ്രതികരണമായി കണ്ടു. ഇത് കവികളുടെയും
ചർച്ചാവിഷയമായിരുന്നു .'കുരുക്ഷേത്ര'ത്തെ ഒരു ഭാവുകത്വത്തിന്റെ
പ്രഖ്യാപനമായി സാഹിത്യലോകം കണ്ടു എന്നാണ് ഇതിനർത്ഥം .ആ കവിതയിലൂടെ
നോക്കിയാൽ കാണുന്ന ലോകമാണ് കൂടുതൽ യഥാർത്ഥമെന്ന് ചിന്തിച്ചവരുണ്ട്. ചിലർ
കവിതയുടെ ഇനിയുള്ള വഴി 'കുരുക്ഷേത്രം' നിശ്ചയിക്കുമെന്ന് പറഞ്ഞു .
പ്രചോദനം ആവശ്യമില്ലാത്തവർ
ഇതെല്ലാം
ചൂണ്ടിക്കാണിക്കുന്നത് കവിതയുടെ ഭാവുകത്വം ഒരു ധ്രുവീകരണമുണ്ടാക്കുന്നു
എന്നാണ്. ഈ ഡിജിറ്റൽ സ്വതന്ത്രലോകത്ത് ജീവിക്കുന്ന നമ്മൾക്ക്
ഭാവുകത്വത്തിന്റെ പ്രതിനിധാനമായി വരുന്ന കവിതകളില്ല .ജീവിതത്തോടുള്ള
തത്ത്വചിന്താപരമായ സമീപനവും വ്യർത്ഥതാബോധവും നിഴലിക്കുന്ന
അയ്യപ്പപ്പണിക്കരുടെ ഭാവുകത്വം ഇപ്പോഴില്ല .അത് ഒരു ഗൃഹാതുരത്വമായി
കഴിഞ്ഞിരിക്കുന്നു. അയ്യപ്പപ്പണിക്കർക്ക് പ്രസക്തിയില്ലെന്നല്ല ഇത്
സൂചിപ്പിക്കുന്നത് ;ഈ കാലത്തിന് അത് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്.
നമ്മുടെ
കാലം കവിതയെ ഒരു ഉൽപ്പന്നമായി കണ്ടു ഉപഭോഗം ചെയ്യുകയാണ്. വായിച്ചു
കഴിഞ്ഞാൽ അത് വിസ്മരിക്കപ്പെടുന്നു. എണ്ണമറ്റ രചനകൾ ഉണ്ടാകുന്നത്
അതുകൊണ്ടാണ്. സൃഷ്ടിപരമായ വേദനയോ പ്രതിസന്ധിയോ ആർക്കും തന്നെയില്ല.
എല്ലാവരും എണ്ണയിട്ട് യന്ത്രം കണക്ക് രചനയ്ക്കായി പ്രവർത്തിക്കുകയാണ്
.മനസ് ഒരു സാങ്കല്പികമേഖലയായി. ഒരാൾ അനുഭവിക്കുന്നതല്ല ഇപ്പോൾ എഴുതുന്നത്
;അനുഭവിക്കുന്നതിനെക്കുറിച്ചുള്ള സങ്കല്പമാണ്.എത്ര വേണമെങ്കിലും കവിതകളോ
കഥകളോ ഇങ്ങനെ എഴുതാം. ഒരു വാരികയിൽ വന്ന കഥയെ ആരെങ്കിലും വിമർശിച്ചാൽ
അതിൻ്റെ ക്ഷീണം തീർക്കാൻ ആ വാരികയിൽ തന്നെ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ
മറ്റൊരു കഥ പ്രസിദ്ധീകരിക്കുകയാണ്. എന്തെന്നാൽ, എത്ര കഥ വേണമെങ്കിലും
എഴുതാനുള്ള മെറ്റീരിയൽ കഥാകൃത്തിന്റെ കൈയിലുണ്ട്.
അയാളെ
ബാധിക്കുന്ന പ്രശ്നമൊന്നുമല്ല എഴുതുന്നത്. വൈക്കം മുഹമ്മദ് ബഷീർ
പറഞ്ഞിട്ടുണ്ട് ,ഞാൻ അനുഭവിച്ചതാണ് എഴുതിയതെന്ന്. ഇപ്പോൾ എഴുത്തുകാർക്ക്
നേരിട്ട് അനുഭവങ്ങളില്ല .മിക്കവാറും സുരക്ഷിതമായ ഇടങ്ങളിലാണ് ജോലി;
അല്ലാത്തവർക്ക് കൈയിൽ കിട്ടിയ അനുഭവം എന്ന ഉരുപ്പടിയെ
വ്യാഖ്യാനിക്കാനറിയില്ല .അതിൽ നിന്ന് കഥയെഴുതാനുള്ള പ്രചോദനം
നേടാനാവുന്നില്ല.ശരിയായ പ്രചോദനം, മറ്റു പല പ്രലോഭനങ്ങളിൽപ്പെട്ട്,
നഷ്ടപ്പെടുകയാണ് .അതിനെ വീണ്ടെടുക്കാൻ വായിച്ചിട്ടും പ്രയോജനമില്ല.വായിച്ചു
എന്നു നടിക്കുന്നവർ യാന്ത്രികമായ രചനകളാണ് തരുന്നത്. ഒന്നും മനസ്സിലേക്ക്
പ്രവേശിക്കാനാവാത്തവർക്ക് എന്തെങ്കിലും നമ്മെ സ്പർശിക്കുന്ന തരത്തിൽ
എഴുതാനൊക്കുമോ?
ഒറിജിനൽ വേണ്ട ,ഡ്യൂപ്ളിക്കേറ്റു മതി
സഹൃദയത്വം
നഷ്ടപ്പെട്ടു കഴിഞ്ഞു.പാരഡിയോ മിമിക്രിയോ ആണ് ഇന്ന് ആസ്വദിക്കപ്പെടുന്നത്.
യഥാർത്ഥമായതിനു മൂല്യം വേണ്ട; പാരഡിക്ക് മൂല്യമുണ്ട് എന്നതാണ് ഇപ്പോഴത്തെ
ആചാരം .ആരെയെങ്കിലും അനുകരിക്കാതെ ജീവിക്കാനൊക്കില്ല. പിതാവിനെ
തല്ലുന്നവനു ,പിതാവിനെ അനുകരിച്ചാൽ പ്രശംസ കിട്ടും. അനുകരിക്കുന്നതോടെ
കലയിലേക്ക് ഉയർത്തപ്പെടുകയാണ്.ഒറിജിനലുള്ളപ്പോൾ ഡ്യൂപ്ലിക്കേറ്റിന് വില
കൂടുന്ന സാഹചര്യമാണ് സഹൃദയത്വം നഷ്ടപ്പെട്ടു എന്ന് പറയാൻ കാരണം.
ഒരു
സാഹിത്യകൃതിയും ഇന്ന് ആസ്വദിക്കപ്പെടുന്നില്ല.സാഹിത്യകൃതികൾ ഇന്ന്
മാനവരാശിക്ക് ഒരു വൈകാരിക ലോകത്തിൻ്റെ പുതുമ സമ്മാനിക്കുന്നില്ല. സ്വന്തം
നിലയിൽ അനുഭവിക്കാത്ത കാര്യങ്ങൾ, യാതൊരു പ്രചോദനത്തിന്റെയും
സമ്മർദ്ദത്താലല്ലാതെ ബാഹ്യപ്രേരണയിൽ (പ്രശസ്തി,പണം, പദവി)ഉന്മത്തരായി
എഴുതുന്നതാണ് ഭൂരിപക്ഷം സാഹിത്യരചനകളും. ഇത് വായിക്കപ്പെടണമെന്ന് അത്
എഴുതുന്നയാൾ പോലും ആഗ്രഹിക്കുന്നില്ല .അയാൾക്ക് പുസ്തകത്തിൻ്റെ കൂടുതൽ
കോപ്പി വിറ്റാൽ മതി ,പുരസ്കാരങ്ങൾ കിട്ടിയാൽ മതി .ഒരു വായനക്കാരനെ
കണ്ടെത്താൻ അയാൾ ശ്രമിക്കുക പോലുമില്ല. കണ്ടെത്തിയാൽ തന്നെ വായനക്കാരനെ
ഉപചാരവാക്കുകൾ പറഞ്ഞ് ഒഴിവാക്കും. കാരണം, വായനക്കാരൻ ഒരു സ്ഥാപനമോ,
പണാധിപത്യത്തിൻ്റെ ഹുങ്കോ ആയിരിക്കില്ലല്ലോ .നോവലിസ്റ്റ് വ്യവസായിയാവാൻ
ശ്രമിക്കുമ്പോൾ വായനക്കാരൻ വെറും റീട്ടെയ്ൽ കടയിൽ സാധനങ്ങൾ വാങ്ങാൻ
വരുന്നവൻ മാത്രം.രചനകളെക്കുറിച്ച് വിമർശകരോ ,ആസ്വാദകരോ ലേഖനങ്ങൾ എഴുതിയാൽ
അത് എഴുത്തുകാരൻ വായിക്കുമെന്ന് കരുതനാവില്ല .കാരണം ,അത് വായിച്ചതുകൊണ്ട്
എഴുത്തുകാരന് യാതൊരു പ്രയോജനവുമില്ല .ഇത് ഭീകരമായ ഒരു സാഹചര്യമാണ്.
ബാർത്തിൻ്റെ സങ്കല്പം തകർന്നു
അഭിരുചി
,സഹൃദയത്വം, വൈകാരികക്ഷമത എന്നിവ നശിച്ച ഒരു കാലത്ത് നാം ആരെയാണ്
പ്രതീക്ഷിക്കേണ്ടത്? എന്തിനാണ് എഴുതുന്നത്? ആർക്കുവേണ്ടി എഴുതുന്നു എന്ന്
ഫ്രഞ്ച് സാഹിത്യകാരൻ സാർത്ര് ചോദിച്ചതുപോലെയല്ല ഇത്. അതിനേക്കാൾ
സങ്കീർണ്ണമായ പ്രശ്നമാണ് .ക്ലാസിക് സാഹിത്യവിമർശകർ ഒരിക്കലും വായനക്കാരനെ
ഗൗനിച്ചിട്ടില്ലെന്ന് ഫ്രഞ്ച് സാഹിത്യസൈദ്ധാന്തികനായ റൊളാങ് ബാർത്ത്
(Roland Barth)പറയുന്നുണ്ട്(The death of the Author).അതിന് കാരണമായി
അദ്ദേഹം പറയുന്നത് അന്നത്തെ വിമർശകൻ സാഹിത്യത്തിൽ എഴുത്തുകാരനെ മാത്രമാണ്
പരിഗണിച്ചിരുന്നതെന്നാണ്. ഇത് തെറ്റാണെന്ന് വാദിച്ചുകൊണ്ട് ബാർത്ത്
പറയുന്നത് ഇതാണ്:
"We know that to give writing it's future ,it
is necessary to overthrow the myth: the birth of the reader must be at
the cost of the death of the Author." എഴുത്തുകാരൻ മരിച്ചാലേ വായനക്കാരൻ
ജനിക്കുകയുള്ളൂ എന്ന്.എഴുത്തുകാരനെ മറന്നുകൊണ്ട് പുസ്തകം വായിക്കണം.
വായനക്കാരൻ ഒരു യാഥാർഥ്യമാണെന്ന് അംഗീകരിച്ചു കൊണ്ടാണ് ബാർത്ത് എഴുതുന്നത്.
ഈ സങ്കല്പമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. ഉത്തര- ഉത്തരാധുനിക കാലത്ത്
എന്ത് എഴുതിയാലും, അത് ആരെയും വൈകാരികമായി ബാധിക്കില്ല. വായനക്കാർ
കാണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടിയോടെയിരിക്കുകയാണ്. അവർക്ക് ഇനി വികാരം
കൊള്ളാൻ ഒന്നും തന്നെയില്ല. തീവ്രമായി, അഗാധമായി സാഹിത്യചിന്തകളിലും
അനുഭവങ്ങളിലും മുഴുകുന്ന ഒരാൾക്ക് വേണമെങ്കിൽ സ്വയം വികാരം കൊള്ളാം;
മറ്റാരെയും പ്രതീക്ഷിക്കേണ്ട. ജഡസമാനമായ ഒരവസ്ഥയാണുള്ളത് .മൂല്യനിർണയം എന്ന
മാന്ത്രികവടി ഉയർത്തുന്നില്ല. സത്യസന്ധമായി ജീവിതത്തോട് പ്രതികരിക്കുന്നവർ
വേണ്ടേ? അതും ഉണ്ടാകുന്നില്ല .ബാർത്ത് പറഞ്ഞ ശിക്ഷണം നേടിയ വായനക്കാരൻ
മരിച്ചു.കാരണം ,അഭിരുചിയില്ല; ഭാവുകത്വമില്ല. വികാരങ്ങളുടെ അറിയപ്പെടാത്ത
സ്പർശങ്ങൾ എവിടെയുമില്ല .പുതിയൊരു ഭാഷയില്ല; പറയാൻ പുതിയ കാര്യങ്ങളില്ല.
ചങ്ങമ്പുഴയുടെ ഭാഷ അന്ന് കോരിത്തരിപ്പിച്ചെങ്കിൽ ഇപ്പോഴത് ആവർത്തനവിരസവും
ജീർണവുമായി .മഞ്ഞണിഞ്ഞ, മഞ്ജുചന്ദ്രിക ,മന്ദം മന്ദം എന്നൊക്കെ എഴുതിയാൽ
ഇപ്പോൾ അത് കളിയാക്കപ്പെടും. സകലരും ധാരാളിത്തത്തോടെ ചങ്ങമ്പുഴയുടെ ഭാഷ
ഉപയോഗിച്ച് അതിൻ്റെ ഭംഗിയും വൈകാരികവിനിമയശേഷിയും നശിപ്പിച്ചു. ചങ്ങമ്പുഴ
തൻ്റെ കാലത്തുണ്ടാക്കിയ വൈകാരിക പ്രതികരണങ്ങൾ ഇപ്പോൾ നിശ്ചലമായിരിക്കുന്നു
.ആ ഭാവുകത്വം മരിച്ചു എന്നാണ് ഇതിന്റെ അർത്ഥം. ഇത് ചങ്ങമ്പുഴയുടെ മാത്രം
കാര്യമല്ല. അതിനുശേഷം പുതിയ പ്രവണതകളുടെയെല്ലാം വൈകാരികമായ പരിശുദ്ധി
ഇപ്പോൾ ഇല്ലാതായിരിക്കുന്നു.വസ്തുക്കളുടെ ഡിജിറ്റൽ ഓവർഫ്ലോ എല്ലാ
വികാരങ്ങളെയും സ്റ്റീരിയോ ടൈപ്പുകളാക്കിയിരിക്കയാണ്. സ്വയം കളിയാക്കി
കൊണ്ടുള്ള അവതരണങ്ങൾക്ക്, വികാരപ്രകടനങ്ങൾക്ക് ഇപ്പോൾ വിലയില്ല
.സാഹിത്യകലാരചയിതാക്കളേക്കാൾ മാധ്യമങ്ങളാണ് വികാരങ്ങളെ വ്യാജമായ
പരിവേഷത്തോടെ വിൽക്കാൻ ശ്രമിക്കുന്നത്. മാധ്യമങ്ങൾ അപകടമരണങ്ങളും
ദുരിതങ്ങളും ബോധപൂർവ്വം വികാരവിസ്ഫോടനമാക്കാൻ ശ്രമിക്കുന്നു.
പത്രങ്ങളിലൂടെയും ചാനലുകളുടെയും ഇത് സ്ഥിരമായി ആവർത്തിക്കപ്പെടുന്നത്
കൊണ്ട് അതിന് ഇപ്പോൾ പഴയ ആകർഷണമില്ല .
മോണാലിസയ്ക്ക് ഡാവിഞ്ചി അറിയാത്ത പാറ്റേൺ
ഒരു
ഉത്തര- ഉത്തരാധുനിക പരിപ്രേക്ഷ്യത്തിൽ ഒറിജിനൽ ആവശ്യമേയില്ല
.പൂർവ്വകാലത്തെ ഏത് കലാവസ്തുവും അനുകരിക്കാനുള്ളതാണ്. ഒരു സൃഷ്ടിയുടെ
വിഭിന്നമായ അനേകം ഡിജിറ്റൽ പ്രിൻ്റുകൾ തയ്യാറാക്കാമെന്നിരിക്കെ, ഡാവിഞ്ചി
പോലും അത്ഭുതപ്പെടുന്ന കാഴ്ചയാവും സംഭവിക്കുക .മോണാലിസിയുടെ എത്രയെത്ര
വിഭിന്നതകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു .വാൻഗോഗിൻ്റെ 'നക്ഷത്രാങ്കിതമായ
രാത്രി'(Starry Night) പല നിറങ്ങളും പാറ്റേണുകളും കൂട്ടിച്ചേർത്ത്
പുന:സൃഷ്ടിക്കുകയാണ്. ഏറ്റവും വിചിത്രമായ കാര്യം ,ഈ ഡ്യൂപ്ലിക്കേറ്റ്
ഡിജിറ്റൽ പ്രിന്റുകൾക്കും ആവശ്യക്കാർ ഉണ്ടെന്നതാണ്. അതും
ആസ്വദിക്കപ്പെടുന്നു. 'മോണാലിസ'യ്ക്ക് ഡാവിഞ്ചി വരയ്ക്കാത്ത അമ്പതോ അറുപതോ
വ്യത്യസ്ത പാറ്റേണുകൾ സൃഷ്ടിക്കാൻ സാധ്യമാണെന്ന് ഡിജിറ്റൽ ആർട്ടിസ്റ്റുകൾ
തെളിയിച്ചിരിക്കുന്നു. ഡിജിറ്റൽ ക്രിയേറ്റേഴ്സ് എന്ന ഒരു പുതിയ വിഭാഗം
തന്നെ ഉണ്ടായിരിക്കുന്നു .എന്തും ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ
മറ്റൊന്നായി, പുതുതായി മാറുന്നു. സോക്രട്ടീസിൻ്റെ യൗവനകാലം സൃഷ്ടിക്കാൻ
ഡിജിറ്റൽ ക്രിയേറ്റർക്ക് വളരെ എളുപ്പമാണ്. ഒരു ഡിജിറ്റൽ കലാവസ്തുവാണ്
നമ്മൾ. നമ്മൾ അവിടെയാണ് നിലനിൽക്കുന്നത്. നമ്മുടെ ഭാവി അവിടെയാണ്.
ഒരു
ഡിജിറ്റൽ കലാവസ്തുവിനു മേന്മ കുറവാണെന്ന് പറയേണ്ടതില്ല. അത് ഒരു കലാകാരൻ
കഷ്ടപ്പെട്ട് വരയ്ക്കുന്നതല്ല. അത് സാങ്കേതിക വിദ്യയിലൂടെ ജനിക്കുന്നതാണ്.
അതിനും ഉപയോഗമുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പുതിയ
പെയിൻ്റിംഗ് നിർമ്മിച്ചെടുക്കാം. ആരും ബ്രഷ് എടുക്കുന്നില്ല, നിറം വാങ്ങി
ഉപയോഗിക്കുന്നില്ല. സമയം ചെലവഴിക്കുന്നില്ല. ഒരു കലാകാരൻ്റെ അനുകരണം എന്നു
പറയാവുന്ന ബുദ്ധിയാണത്.
കലാകാരന്
പകരം ഡിജിറ്റൽ 'ബുദ്ധി' നിലവിൽ വന്നിരിക്കുകയാണ് .ഈ സാഹചര്യത്തിൽ ഒരു
ഭാവുകത്വം എങ്ങനെയാണ് നിലനിൽക്കുന്നത്? ഡിജിറ്റൽ കല ആസ്വദിക്കാം;
മറക്കുകയും ചെയ്യാം .ഡിജിറ്റൽ കലയ്ക്ക് ഒരു സൃഷ്ടികർത്താവില്ല. അത്
ഉപഭോക്താവിന് ആവശ്യത്തിനനുസരിച്ച് നിർമ്മിക്കാവുന്നതാണ്. അത് ബിസിനസ്
മാത്രമാണ്. കലയും ബിസിനസും ചേരുകയാണ്. അവിടെ കലാകാരൻ ഇല്ലാതാവുന്നു.
ഇതുപോലെയാണ് മറ്റു കലകളും. സാങ്കേതിക മികവോടെ നിർമ്മിക്കുന്ന സിനിമകളിൽ
ദൃശ്യങ്ങളുടെ വേഗതയും രൂപപരിണാമങ്ങളും സംഗീതവും ശബ്ദവുമെല്ലാം
സ്റ്റുഡിയോയിൽ സൃഷ്ടിക്കുന്നതാണ് .ഡിജിറ്റൽ കലാവിദഗ്ദ്ധൻ്റെ സഹായത്തോടെ
ഒരു സ്റ്റുഡിയോയിൽ കടൽദൃശ്യങ്ങൾ ചിത്രീകരിക്കാം. കപ്പൽ കാണിക്കാം .
യുദ്ധരംഗങ്ങൾ സൃഷ്ടിക്കാം . അവിടെ ചലച്ചിത്രകാരൻ എന്ന ഒരാളില്ല. അടൂർ
ഗോപാലകൃഷ്ണൻ 'സ്വയംവരം' സംവിധാനം ചെയ്യുന്നതുപോലെയുള്ള ഒരു കലാപ്രവർത്തനം
അവിടെയില്ല. ഈ വ്യത്യാസം പ്രേക്ഷകൻ ശ്രദ്ധിക്കാത്ത കാലമാണിത്. അവൻ ഈ
ഭാവുകത്വരഹിത യാന്ത്രികതയിൽ തൃപ്തി നേടിയിരിക്കുന്നു .