Followers

Thursday, May 22, 2025

ഭാരതീയ ദർശനവിചാരം/എം.കെ.ഹരികുമാർ





സ്വാമി ബോധിതീർത്ഥ എഴുതിയ 'ഭാരതീയ ദർശനമഞ്ജരി' എന്ന പുസ്തകത്തെക്കുറിച്ച്

ഭാരതീയചിന്തയിൽ അന്തിമമായ തീർപ്പ് കൽപ്പിക്കുന്നത് ചർച്ചകളിലൂടെയാണ്. ധർമ്മം എന്ന ആശയം ഭാരതത്തിൻ്റെ അടിസ്ഥാനമാണ് .ബുദ്ധൻ ധർമ്മത്തിൽ വിശ്വസിച്ചു, ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും.ധർമ്മമാകട്ടെ പണ്ഡിതന്മാർക്കു പലപ്പോഴും വ്യക്തമാവുന്നില്ല. മഹാഭാരതവും രാമായണവും ധർമ്മത്തിൽ അധിഷ്ഠിതമാണ്. ഭഗവത്ഗീതയിൽ ശ്രീകൃഷ്ണനും ധർമ്മത്തിനു സംഭവിക്കുന്ന വ്യതിയാനങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകുന്നു .അത് വളരെ ലളിതമല്ല; ഗഹനവും തർക്കത്തിലൂടെ വിടരുന്നതുമാണ്.

ശ്രീകൃഷ്ണൻ പോലും പലതും ചർച്ച ചെയ്ത ശേഷമാണ് ഉറപ്പിക്കുന്നത്. കൗരവപക്ഷത്തുള്ളവർ ശ്രീകൃഷ്ണനെ വിശ്വസിക്കുകയോ മനസിലാക്കുകയോ ചെയ്യുന്നില്ല .ശ്രീകൃഷ്ണൻ വിചാരണ ചെയ്യപ്പെടുകയാണ്. ഇതാണ് ഭാരതത്തിലെ തർക്ക പാരമ്പര്യം.എന്തിനും തർക്കം ഉണ്ടാവുകയാണെങ്കിൽ ഭാരതീയ ദർശനം വിജയിച്ചു എന്നു പറയാം. ചാർവാകൻ, ബുദ്ധൻ, മഹാവീരൻ എന്നിവർ തർക്കിച്ചാണ് ദൈവത്തെ നിരാകരിക്കുന്നത് .പ്രത്യക്ഷാനുഭവങ്ങളെ പരിഗണിക്കുന്നതുകൊണ്ട് മരണാനന്തരജീവിതം വേണ്ട.ഈ ലോകത്ത് നന്നായി, ധർമ്മം അനുസരിച്ച് ,ജീവിക്കുകയാണെങ്കിൽ  ആശയക്കുഴപ്പവും പ്രതിസന്ധികളും പരിഹരിക്കാമെന്നാണ് അവർ പറയുന്നത് .മനുഷ്യൻ വിചാരിക്കണം. അവൻ്റെ ജീവിതത്തെപ്പറ്റി മുൻകൂട്ടിയുള്ള ചിന്തകൾക്കൊന്നും പ്രസക്തിയില്ലെന്നാണ് അവരുടെ മതം.

ഭാരതീയ ദർശനങ്ങളെക്കുറിച്ചും അതിൻ്റെ ആചാര്യന്മാരെക്കുറിച്ചും എഴുതിയ പതിനഞ്ച് ലേഖനങ്ങളുടെ  സമാഹാരമാണ് സ്വാമി ബോധിതീർത്ഥയുടെ 'ഭാരതീയ ദർശനമഞ്ജരി'.ബോധിതീർത്ഥ തൻ്റെ കർമ്മമണ്ഡലത്തിൽ അനുവർത്തിക്കുന്ന വിചാരപരമായ അന്വേഷണത്തിൻ്റെ നൈരന്തര്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നത്. ഒരു സന്യാസി എന്ന നിലയിൽ അദ്ദേഹത്തിൻ്റെ ചിന്താപരമായ നിത്യപ്രയോഗനിപുണത ഇവിടെ പ്രകടമാണ്. തത്ത്വചിന്താപരമായ നിയോഗമാണിത്. ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദൻ ,ചട്ടമ്പിസ്വാമികൾ, ശ്രീശങ്കരാചാര്യർ ,ശ്രീരാമാനുജാചാര്യർ, അഭിനവഗുപ്തൻ, ക്ഷേമരാജൻ (പ്രത്യഭിജ്ഞാദർശനം),ബുദ്ധൻ, മഹാവീരൻ, ചാർവാകൻ, ഗൗതമഹർഷി, കണാദമഹർഷി, കപിലമഹർഷി,പതഞ്ജലിമഹർഷി, ജൈമിനിമഹർഷി, വ്യാസൻ എന്നിവരെക്കുറിച്ചാണ് ബോധിതീർത്ഥ  ലേഖനങ്ങൾ എഴുതിയിരിക്കുന്നത്.

ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്ന ജീവിതോത്സവമാണ് ചാർവാകദർശനമെന്നു ബോധിതീർത്ഥ എഴുതുന്നുണ്ട്. ശരീരത്തെ അവഗണിച്ചാൽ രോഗം പിടിപെട്ടേക്കാം.  അപ്പോൾ മറ്റുള്ളവരുടെ സഹായം വേണ്ടിവരും. അലഞ്ഞുതിരിയണമെങ്കിൽ, സന്യാസിക്കണമെങ്കിൽ ആരോഗ്യം വേണം .പ്രതികൂല സാഹചര്യങ്ങളോടു മല്ലിട്ടു കഴിയണമെങ്കിൽ മാനസികവും ശാരീരികമായ കരുത്ത് വേണം. മാധവാചാര്യരുടെ സർവദർശന സംഗ്രഹത്തിലാണ് ചാർവാകദർശനമുള്ളത്. ചാർവാകൻ ഈ ലോകത്തിലെ ഭൗതികമായ കാഴ്ചയുടെ താക്കോലാണ്. മരണത്തിനപ്പുറമല്ല ,ഇപ്പുറമാണ് നാം യഥാർത്ഥത്തിൽ ജീവിക്കുന്നതെന്ന ചിന്തയാണിത് .ഈ ശരീരത്തിനകത്ത് ഒരാത്മാവുണ്ടെന്നോ ,അത് മരണാനന്തരം നശിക്കുന്നില്ലെന്നോ ചാർവാകൻ വിശ്വസിക്കുന്നില്ല .ജീവിക്കുക ,പ്രാഥമികമായി ജീവിക്കുക എന്ന ചിന്തയാണ് ചാർവാകനെ നയിക്കുന്നത് .ഈ ലോകം നിലനിൽക്കണമെങ്കിൽ ചാർവാകൻ വേണം. മനുഷ്യർക്ക് ദുഃഖമല്ല വേണ്ടത് ,സുഖമാണ്. അതിനായി അവൻ എന്തും ചെയ്യാൻ തയ്യാറാവുന്നു. സുഖം നഷ്ടപ്പെടുമെന്ന ഭീതിയിൽ അവൻ പാപം ചെയ്യുന്നു. സുഖം തേടുന്നവൻ ,നിയന്ത്രണങ്ങളറ്റ്  നരകം സൃഷ്ടിച്ചേക്കാം. പക്ഷേ ഇതൊന്നും ചാർവാകനെ തടയുന്നില്ല. ഈ ജീവിതം നശ്വരമാകയാൽ അത് ആസ്വദിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നാണ് ചാർവാകൻ്റെ നിലപാട് .

ലോകത്ത് ജീവിക്കുന്ന ഓരോ വ്യക്തിക്കും ഒരു ദർശനമുണ്ട്. അത് ചിലപ്പോൾ ഭൗതികമാകാം ,അല്ലെങ്കിൽ ആത്മീയമാകാം.ജീവിതത്തിൽ പണവും പ്രശസ്തിയും ഭോഗവും പ്രധാനമായി കാണുന്നവർ ചാർവാകദർശനത്തിൽ വിശ്വസിക്കുന്നു. അവർ മരണത്തോടെ എല്ലാ തീരുമെന്നും അതുകൊണ്ടു ജീവിതം നഷ്ടപ്പെടുത്തരുതെന്നുമുള്ള ചിന്തയിൽ സ്വസ്ഥരാണ്. ബോധിതീർത്ഥ എഴുതുന്നു: "എന്നാൽ യഥാർത്ഥത്തിലുള്ള കെട്ടുകൾ ചാർവാകൻ പൊട്ടിച്ചില്ല. അത് മനസ്സിൻ്റേതാണ്, ഹൃദയത്തിൻ്റേതാണ് .അത് പൊട്ടിച്ചെറിയാനായിരിക്കണം ദർശനം ആഹ്വാനം ചെയ്യേണ്ടത്." സത്യം ഗ്രഹിക്കുമ്പോൾ സംശയം മാറിപ്പോകുന്നു.

പതഞ്ജലിമഹർഷി യോഗദർശനത്തെക്കുറിച്ച് ഇങ്ങനെ കുറിക്കുന്നു:"വ്യക്തിക്കു എങ്ങനെ വിശ്വവിശാലതയിലേക്ക് ഉയരാമെന്ന  പാഠങ്ങൾ യോഗദർശനം ചൊല്ലിക്കൊടുക്കുന്നു." അഹിംസയും  സത്യവുമാണ് യോഗയിൽ അടങ്ങിയിരിക്കുന്നത്. മഹർഷി ദാനം സ്വീകരിക്കരുതെന്നു പറയാൻ കാരണം അത് സത്യാന്വേഷണത്തെ  വികലമാക്കുമെന്നതിനാലാണ്. ഇതിനെക്കുറിച്ച് ബോധിധീർത്ഥ എഴുതുന്നു: "ദാനം പോലും സ്വീകരിക്കാതിരിക്കുന്നതാണ് അപരിഗ്രഹം.വിധേയത്വവും കർമ്മബന്ധവും ദാനസ്വീകരണത്തിൽ സ്വാഭാവികമായി വന്നുചേരുന്നു .ആ മനോഭാവത്തെ അതിവർത്തിക്കാൻ അദ്ധ്യാത്മ കേന്ദ്രങ്ങൾക്ക് പോലും ആവുന്നില്ലെന്നള്ളത് വാസ്തവമായിരിക്കുന്നു."

തെറ്റായ രീതിയിലുണ്ടാക്കുന്ന പണം വാങ്ങി സദുദ്ദേശത്തോടെയുള്ള കാര്യങ്ങൾ ചെയ്താൽ അവിടെ സത്യം നിഷ്കാസനം ചെയ്യപ്പെടും.യോഗദർശനം മനുഷ്യൻ്റെ സദാചാരത്തെയും ത്യാഗത്തെയുമാണ് ഉദ്ഘോഷിക്കുന്നത്. അത് ആശയക്കുഴപ്പമുണ്ടാക്കുന്നില്ല .

ഈ ഗ്രന്ഥത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ ദർശനത്തിൻ്റെ കാതൽ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്:
"ശാസ്ത്രബോധത്തോടെ സ്വയം അറിഞ്ഞയാൾ ആരുടെയും കീഴാളോ  മേലാളോ ആകുന്നില്ല. മനുഷ്യൻ എന്ന പദത്തിൻ്റെ അർത്ഥം സ്വയം അറിഞ്ഞയാൾക്ക് 'മനുഷ്യത്വം' വിട്ടു പ്രവർത്തിക്കാനാവില്ല .ലോകത്തിൻ്റെ മംഗളത്തിനു വേണ്ടിയായിരിക്കും എല്ലാ കർമ്മങ്ങളും .സ്വതന്ത്രൻ്റെ വാക്കിലും പ്രവൃത്തിയിലും ചിന്തയിലും സമതയുടെ സന്ദേശമുണ്ടായിരിക്കും .കരുണരസം അതിലെല്ലാം തുളുമ്പി നിൽക്കുന്നത് ദൃശ്യമാണ്." ജാതി, മതം ,ദൈവം എന്നീ സംജ്ഞകളെ ദർശിച്ചു പുതിയ രമ്യതയുടെ പാഠം നൽകുകയാണ് ഗുരു ചെയ്തത് ."ജാതിപ്പേരുകൾ വെറും സങ്കല്പങ്ങളാണ് ,ഭ്രമ കല്പനകളാണ് " - ബോധിതീർത്ഥ എഴുതുന്നുണ്ട്. സ്വന്തം സുഖത്തിനു വേണ്ടി ആചരിക്കുന്നത് മറ്റുള്ളവരുടെ സുഖത്തിനും വേണ്ടിയുള്ളതാകണമെന്ന ഗുരുതത്ത്വത്തിൽ ആ മനസ്സും ചിന്തയും അടങ്ങിയിരിക്കുന്നു.

ഓരോ ദർശനത്തെയും സമഗ്രമായി പ്രതിപാദിക്കുന്ന ഈ കൃതി ഭാരതീയ ദർശനത്തിലേക്കുള്ള അർത്ഥവത്തായ  പ്രവേശികയാണ്. എഴുതി വക്രീകരിക്കുകയോ സങ്കീർണമാക്കുകയോ ചെയ്യുന്നില്ല. പകരം ,സാമാന്യമായ തത്വങ്ങൾ ഏത് സാധാരണക്കാരനും വ്യക്തമാകുന്ന തരത്തിൽ എഴുതിയിരിക്കുന്നു.

ഭാരതീയന്റെ ആത്മാവി(Psyche)ലൂടെ രണ്ടു ധാരകൾ കടന്നു പോകുന്നു.നാസ്തികദർശനങ്ങളുടെ ധാരയും ആസ്തികദർശനങ്ങളുടെ ധാരയും .ചാർവാകൻ്റെ ചിന്തകൾ ഒരു ധാരയാണെങ്കിൽ യോഗാനുഭവത്തിന്റെ മുനകൂർപ്പിച്ച ബുദ്ധി മറ്റൊരു ധാരയാണ് .അതുകൊണ്ട് ഒരു ഭാരതീയന്റെ മനസ്സിൽ ,അവൻ്റെ മജ്ജയിൽ, ചിന്തയുടെ കോശസ്തകീട (pupa)ത്തിൽ ഈ രണ്ടു ധാരകളും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നു.ഏതാണ് ശരി ,തെറ്റ് എന്ന ചിന്ത ഒഴിയുന്നില്ല.ഒരുവൻ സന്ദേഹിയാവുന്നത് ,ഇതുകൊണ്ടാണ്. ഏതൊരു വസ്തുതയെയും നാം ആദ്യം തന്നെ നിരാകരിക്കുകയാണ് ചെയ്യുന്നത്. അതിനെ ജയിക്കാനായി ഏതു മാർഗവും സ്വീകരിക്കുന്നു. സൗഹൃദത്തിനോ സ്നേഹത്തിനോ അപ്പുറം സംശയത്തിനും വെറുപ്പിനും ഇടം കണ്ടെത്തുന്നു. ഭാരതീയൻ്റെ ചിന്തയുടെ പ്യൂപ്പയിൽ നിരാനന്ദവും തൃഷ്ണയുമാണ് ഏറ്റുമുട്ടുന്നത്. ഇത് ആത്യന്തികമായി ആത്മാവിൻ്റെ സ്വാതന്ത്യത്തിലും വിമോചനത്തിലുമാണ് എത്തുന്നത്.ബ്രിട്ടീഷ് ആത്മീയ ഗ്രന്ഥകാരനായ പോൾ ബ്രണ്ടൻ (Paul Brunton) പറഞ്ഞു: The greatest certainty in knowledge comes only in the sphere of self .അത്മാവിൽ നാം ജീവിക്കുമ്പോഴാണ് അറിവിനെക്കുറിച്ചുള്ള ചിന്തകൾ ഉണരുന്നത്. അത് പല ഘട്ടങ്ങളിലൂടെയാണ് വളരുന്നത്.

ബോധിതീർത്ഥയുടെ ലേഖനങ്ങൾ മലയാളഭാഷയുടെ വൈജ്ഞാനിക മേഖലയെ ബലപ്പെടുത്തുകയാണ്. ഭാരതദർശനം എന്നത് ഒരു പുസ്തകത്തിൽ ,സംക്ഷിപ്തമായി ഉൾക്കൊള്ളിക്കുന്നത് എളുപ്പമല്ലെന്നോർക്കണം.

പ്രസാധകർ:ഓപ്പൺ ഡോർ മീഡിയ ,കാക്കനാട്

ഫോൺ:8547854006
ബോധിതീർത്ഥ സ്വാമി:7907863589