ബുദ്ധൻ എന്താണ് പഠിപ്പിച്ചത് ?
ബുദ്ധചിന്തകൾ
ഒരു വെളിച്ചമായിരുന്നു. വ്യക്തിയുടെ ശുദ്ധീകരണമായിരുന്നു അത്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കി ഒരു ശുദ്ധമനുഷ്യനെ വിഭാവന
ചെയ്യുകയാണ് ബുദ്ധൻ ചെയ്തത്. മനുഷ്യൻ ഒരു യാഥാർത്ഥ്യമായിരിക്കാം.; എന്നാൽ
അത് പലപ്പോഴും ശിഥിലമാകുന്നു. സ്ഥിരമായതല്ല അത്. അത് മലിനവും
അസത്തുമായിരിക്കുന്ന അവസ്ഥയുണ്ട്. ഉള്ളിലെ ബുദ്ധി തെറ്റായ മാർഗങ്ങളിലൂടെ
സഞ്ചരിക്കാം; ആ സഞ്ചാരത്തെ തിരുത്താനാവാത്ത അവസ്ഥ വന്നേക്കാം .സ്വന്തം
മാർഗം തെറ്റിപ്പോയി എന്നറിയുന്നതുതന്നെ വിരളമാണ്. തെറ്റും ശരിയും ആരു
നിശ്ചയിക്കും? സകലതിൻ്റെയും ഉത്തരവാദിത്വം നമ്മുടെ തലയിൽ തന്നെ വരും
.നമുക്ക് എവിടേക്കും ഓടിപ്പോകാനാവില്ല;അപ്രത്യക്ഷമാകാനാവില്ല. ഒരു തത്ത്വം
അല്ലെങ്കിൽ കർമ്മം തെറ്റിപ്പോകുന്നത് സ്വാഭാവികമാണ് . എന്നാൽ അതിനെ
ഉപേക്ഷിച്ച് രക്ഷപ്പെടാനാവില്ല. വേണമെങ്കിൽ രണ്ടാമതൊന്നുകൂടി
പ്രവർത്തിക്കാൻ കഴിയുമോ എന്നു പരിശോധിക്കാം. പക്ഷേ ആദ്യമുണ്ടായ സാഹചര്യം
രണ്ടാമതൊന്നുകൂടി ആവർത്തിക്കില്ല. അതുകൊണ്ടാണ് ബുദ്ധൻ ഇങ്ങനെ പറഞ്ഞത്:
'ഒരുവൻ അവൻ്റെ തന്നെ അഭയമാണ്.' മനുഷ്യൻ സ്വയം ഒരു അഭയമാകണമെന്നാണ് ബുദ്ധൻ
അനുയായികളെ പഠിപ്പിച്ചത് .മറ്റൊരാളെ അഭയമായി കാണരുത് .
ശ്രീലങ്കൻ
ബുദ്ധിസ്റ്റ് സന്യാസിയും പണ്ഡിതനമായ വാൽപോല രാഹുല എഴുതിയ 'വാട്ട് ദ് ബുദ്ധ
ടോട്ട് (What the Buddha Taught)എന്ന പുസ്തകം ബുദ്ധമതത്തിലേക്കല്ല,
ബുദ്ധതത്ത്വങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. എന്താണ് ബുദ്ധമാനസം? മനുഷ്യൻ
അവൻ്റെ പരമാധികാരമാണ് .മനുഷ്യൻ അവൻ്റെ ഉത്തരവാദിത്തമാണ്. ശാശ്വതമായ ദുഃഖം,
ദുഃഖത്തിന്റെ കാരണം ,പരമമായ സത്യം, നിർവ്വാണം, ദയ ,അനാത്മാവ് തുടങ്ങിയ
തത്ത്വങ്ങളാണ് ഈ കൃതിയിൽ പരിശോധിക്കുന്നത്.മനുഷ്യൻ അവന്റെ തന്നെ
മാസ്റ്ററാണ്. മനുഷ്യൻ്റെ വിധിയെ നിശ്ചയിക്കാൻ ഉന്നതമായ യാതൊരു അധികാരമോ
ശക്തിയോ നിലനിൽക്കുന്നില്ലെന്നാണ് ബുദ്ധൻ പ്രാഥമികമായി പഠിപ്പിക്കുന്നത്. ഈ
ചിന്ത ഒരു വലിയ വിപ്ലവമാണ് ഇന്നും .ഭൗതികശാസ്ത്രങ്ങളുടെയെല്ലാം അടിത്തറ
ഇതാണല്ലോ. മനുഷ്യൻ അവൻ്റെ തന്നെ സൃഷ്ടിയാണ്. മറ്റൊരിടത്തും അഭയം തേടാൻ
ശ്രമിക്കരുത് .ബുദ്ധൻ ഓരോ വ്യക്തിയോടും പറയുന്നത് സ്വയം
വിമോചിപ്പിക്കാനാണ്. സ്വയം വികാസപാതകൾ കണ്ടെത്തണം. മനുഷ്യനു സ്വയം
വിമോചിപ്പിക്കാനുള്ള ശേഷിയുണ്ട്.
ആർക്കും ബുദ്ധനാകാം
ഒരു
തഥാഗതൻ അല്ലെങ്കിൽ സത്യത്തെ അറിഞ്ഞവൻ നമ്മെ രക്ഷിക്കുമെന്നു കരുതേണ്ട. അവൻ
നമുക്ക് മാർഗ്ഗനിർദേശം തരുമായിരിക്കും. അവൻ വിമോചനം എവിടെയാണെന്നു
ചൂണ്ടിക്കാണിച്ചേക്കാം. എന്നാൽ പാത കണ്ടെത്തുന്നത് നമ്മൾ ഓരോരുത്തരുമാണ്.
ബുദ്ധൻ പറഞ്ഞിട്ടുണ്ട്, ഒരു തത്ത്വമോ രഹസ്യമോ തൻ്റെ കൈവെള്ളയിൽ
ഒളിപ്പിച്ചുവെച്ചിട്ടില്ലെന്ന്. ബുദ്ധനെ ഒരു തത്ത്വത്തിന്റെ സൂക്ഷിപ്പുകാരൻ
എന്ന മട്ടിൽ സമീപിക്കുന്നതിനോടു അദ്ദേഹം യോജിച്ചില്ല .ആർക്കും ബുദ്ധനാകാം
.നിർവ്വാണം പ്രാപിക്കുന്നതിനു തൊട്ടു മുൻപ് അദ്ദേഹം ആശങ്കയോടെ തന്റെ
അനുയായികളോട് തിരക്കിക്കൊണ്ടിരുന്നത് താൻ ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ
എന്തെങ്കിലും സംശയമുണ്ടോ എന്നാണ്. പിന്നീട് ആ സംശയങ്ങൾ തീർത്തു തരാൻ
കഴിഞ്ഞില്ലെങ്കിലോ എന്നായിരുന്നു ബുദ്ധൻ്റെ ചിന്ത.
മതങ്ങളിൽ
പൊതുവേ ചിന്താസ്വാതന്ത്ര്യം അനുവദിക്കാറില്ല. മതത്തിനു പുറത്താണ്
ചിന്താസ്വാതന്ത്ര്യം. തോന്നിയപോലെ ചിന്തിക്കുന്നവനെ മതങ്ങൾ
ഉൾക്കൊള്ളുകയില്ല .ബുദ്ധൻ തൻ്റെ ചിന്തകൾക്ക് ഒരു മതത്തിൻ്റെ ചട്ടക്കൂട്
ഉണ്ടാക്കിയില്ല. പകരം സ്വാതന്ത്ര്യമാണ് അനുവദിച്ചത് .മതങ്ങൾക്കു അപരിചിതമായ
സ്വാതന്ത്ര്യമാണത്. നമ്മുടെ വ്യക്തിബന്ധങ്ങളിലോ കുടുംബബന്ധങ്ങളിലോ ഈ
സ്വാതന്ത്ര്യമില്ലെന്നോർക്കണം. സ്വതന്ത്രമായി അഭിപ്രായം പറയുന്നവനെ
ശത്രുവായി കാണുകയാണല്ലോ പതിവ്. ബുദ്ധൻ അനുയായികളെ സ്വതന്ത്രമായി
ചിന്തിക്കാനാണ് പരിശീലിപ്പിച്ചത്. എന്തെന്നാൽ വിമോചനം സാധ്യമാകണമെങ്കിൽ
സത്യത്തെ സ്വന്തം നിലയിൽ അനുഭവിക്കണം; മറ്റെന്തെങ്കിലും ശക്തി
സമ്പാദിക്കാനല്ല. ഇതാകട്ടെ ദൈവത്തിൻ്റെ പ്രീതി നേടാനോ മറ്റെന്തെങ്കിലും
ശക്തി സ്വരൂപിക്കാനോ അല്ല.
നല്ലത് സ്വീകരിക്കുക
കോസല
രാജ്യത്ത് കേശപുത്ത എന്ന ചെറിയ പട്ടണം സന്ദർശിച്ച വേളയിൽ പട്ടണവാസികൾ
ബുദ്ധനെ കണ്ട് ഒരു സംശയമുന്നയിച്ചു .തങ്ങളുടെ പട്ടണത്തിൽ ചില തപസ്വികളും
ബ്രാഹ്മണരും വന്ന് അവരുടെ തത്ത്വങ്ങളെ ആധികാരികമായി അവതരിപ്പിക്കുകയും
മറ്റുള്ളവരുടെ തത്ത്വങ്ങളെ നിന്ദിക്കുകയും ചെയ്യാറുണ്ട്.ഇവർ പോയ ശേഷം
വേറൊരു കൂട്ടർ വന്ന് അവരുടെ സിദ്ധാന്തങ്ങളും ചിന്തകളും അവതരിപ്പിക്കുകയും
മറ്റുള്ളവരുടെ തത്ത്വങ്ങളെ ദൂരെയെറിയണമെന്നു ഉപദേശിക്കുയും ചെയ്യും.
അതുകൊണ്ട് ആരാണ് ശരി, ആരാണ് തെറ്റ് എന്നു മനസ്സിലാകുന്നില്ല. ഇതിനു
മറുപടിയായി ബുദ്ധൻ പറഞ്ഞത് ഇതാണ്: 'സംശയിക്കത്തക്ക വസ്തുതകളുടെ മേൽ
സംശയമുണ്ടാകുന്നത് സ്വാഭാവികമാണ് .എന്നാൽ റിപ്പോർട്ടുകളെയോ പാരമ്പര്യത്തെയോ
കേട്ടുകേൾവികളെയോ ആശ്രയിക്കരുത്. മതഗ്രന്ഥങ്ങളിലെ സൂക്തങ്ങളോ വെറും
യുക്തിയോ അഭ്യൂഹമോ പ്രത്യക്ഷകാഴ്ചയോ അദ്ധ്യാപകരോ നമ്മെ നയിക്കാൻ
അനുദിക്കരുത്. ചില സംഗതികൾ ദോഷകരമായി തോന്നുന്നുണ്ടെങ്കിൽ അത്
സ്വീകരിക്കാതിരിക്കുക; അതേപോലെയുള്ള ചില കാര്യങ്ങൾ നല്ലതാണെന്നു ,നന്മയുടെ
പേരിൽ തോന്നുകയാണെങ്കിൽ അത് സ്വീകരിക്കുക.' ബുദ്ധൻ പറയുന്നത്
സത്യത്തെക്കുറിച്ച് ജ്ഞാനം നേടിയ ആളെപ്പോലും അന്ധമായി പിന്തുടരാൻ
പാടില്ലെന്നാണ്. ആ വ്യക്തിയെ ശരിയായി പരിശോധിക്കണം.
നിരന്തരം നിരീക്ഷിക്കുന്നത് ധ്യാനം
ബുദ്ധനു
സ്വന്തമായ ഒരു ധ്യാനമാർഗമുണ്ട്. ഒരു മുറിയിൽ അടച്ചിരിക്കുന്നതല്ല ധ്യാനം
.ഒരു മലമുകളിൽ പോയി ഏകാന്തനായി നിശബ്ദത പാലിക്കുന്നതല്ല ധ്യാനം.
ജീവിതത്തിൻ്റെ സാധാരണ കാര്യങ്ങളിൽ നിന്നുള്ള രക്ഷപ്പെടലാണ് ധ്യാനം എന്നു
ധരിക്കുന്നവരുണ്ടെങ്കിൽ അവർക്ക് തെറ്റി; അതല്ല ബുദ്ധന്റെ ധ്യാനം. ഒരു
ഗുഹയിലിരിക്കുന്ന പ്രതിമ പോലെയാകുന്നതല്ല ധ്യാനം.ഏതെങ്കിലും അലൗകിക
വിഷയത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതല്ല ധ്യാനം.ബുദ്ധിസ്റ്റ്
ധ്യാനത്തെ പലരും തെറ്റിദ്ധരിച്ചതിന്റെ ഫലമായി അതൊരു ആചാരമായോ ചടങ്ങായോ
അധ:പതിച്ചു. ബുദ്ധൻ ധ്യാനം കൊണ്ടുദ്ദേശിക്കുന്നത് വസ്തുക്കളുടെ
പ്രകൃതിയിലേക്കുള്ള ഉൾക്കാഴ്ചയാണ്. മനസ്സിനെ പൂർണമായി മോചിപ്പിക്കുന്ന
അവസ്ഥയാണിത്. ഇതൊരു മാനസിക സാംസ്ക്കാരമാണ് .
ജീവിതത്തെ
നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല .അതേസമയം നമ്മുടെ
ജീവിതവുമായി നാം കണ്ണിചേർക്കപ്പെട്ടിരിക്കുകയാണ്. മനസ്സിനെ
ശുദ്ധീകരിക്കുകയാണ്. അശുദ്ധമാക്കുന്നതിൽ നിന്നു മോചിപ്പിക്കുകയാണ് .മനസ്സിൽ
ഊർജ്ജവും സന്തോഷവും ശാന്തിയുമാണ് ഉണ്ടാകേണ്ടത്. എന്ത് ചെയ്യുമ്പോഴും അത്
മനസ്സ് അറിയുന്നതാണ് ധ്യാനം. ഇതിനെയാണ് ബുദ്ധൻ മൈൻഡ്ഫുൾനസ് എന്നു
പറയുന്നത്. ഭാവിയിലോ ഭൂതകാലത്തിലോ ഒരു പിടി ആകുലതകളുമായി അലയുന്നത്
ധ്യാനമല്ല. ഈ നിമിഷത്തിലാണ് ശ്രദ്ധിക്കേണ്ടത്. ഉയർന്ന മാനസികാവസ്ഥയിലെത്താൻ
ഏതൊരു സാധാരണ മനുഷ്യനും സാധിക്കുമെന്നാണ് ബുദ്ധൻ പറഞ്ഞിട്ടുള്ളത്.
മാതാപിതാക്കളെയും ഗുരുക്കന്മാരെയും ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും
ബന്ധുക്കളെയും അയൽക്കാരെയും ആരാധിക്കണമെന്നാണ് ബുദ്ധൻ്റെ ഉപദേശം
.ആരാധിക്കുന്നത് അമ്പലം പണിതുകൊണ്ടല്ല; ഒരുവൻ അവന്റെ ചുമതലകൾ നിറവേറ്റിയാൽ
മതി. അപ്പോൾ സ്വന്തം ചുമതലകൾ നിർവഹിക്കുകയും അതിൽ നിന്നു ആനന്ദം
കണ്ടെത്തുകയും ചെയ്യുകയാണെങ്കിൽ അത് ധ്യാനമാണ്.
ജീവിതസൗഖ്യം
നേടാൻ നാലു കാര്യങ്ങൾ ബുദ്ധൻ നിർദ്ദേശിക്കുന്നു. ഒന്ന് ,ധാർമികവും
ആത്മീയവുമായ കാര്യങ്ങളിൽ വിശ്വാസമുണ്ടായിരിക്കണം .രണ്ട്, ചതി, മോഷണം ,മായം
ചേർക്കൽ തുടങ്ങിയവയിലൂടെ ജീവിതത്തെ നശിപ്പിക്കുന്നതിൽ നിന്നു
വിട്ടുനിൽക്കണം.മൂന്ന് ,സമ്പത്തിനോടു താൽപര്യമില്ലാതെ, യാതൊന്നും
പ്രതീക്ഷിക്കാതെ ദാനം ചെയ്യണം. നാല്, ആത്യന്തികസത്യത്തെ അറിയാൻ
ശ്രദ്ധിക്കണം. യാതനകൾ ഇല്ലാതാക്കാനുള്ള ജ്ഞാനമാണത്. മനുഷ്യൻ പാപിയാണെന്നു
ബുദ്ധൻ ചിന്തിച്ചിട്ടില്ല. തെറ്റുകൾ ചെയ്യുന്നതിനു കാരണം അജ്ഞതയാണ്.
മനസിലേക്കു നോക്കൂ
ചലിക്കാതെ
നിന്ന് നമ്മെ ചലിപ്പിക്കുന്ന ഒരു ശക്തിയില്ല.ചലനം മാത്രമേയുള്ളു. ജീവിതം
തന്നെയാണ് ചലനം. ജീവിതവും ചലനവും രണ്ടല്ല. മരണാനന്തരം ,ബുദ്ധൻ ഒരു
പറുദീസയോ സ്വർഗ്ഗരാജ്യമോ വാഗ്ദാനം ചെയ്തിട്ടില്ല .എന്നാൽ മരണാനന്തരവും
നമുക്ക് ജീവിതമുണ്ട്, നാം നശിക്കുന്നില്ല എന്നാണ് അദ്ദേഹത്തിൻ്റെ വാദം
.വാൽപോല രാഹുല പറയുന്നു:'ചിന്തയ്ക്ക് പിറകിൽ ചിന്തിക്കുന്ന ഒരാളില്ല. ചിന്ത
തന്നെയാണ് ചിന്തിക്കുന്നയാൾ. നിങ്ങൾ ചിന്തയെ ഒഴിവാക്കിയാൽ ചിന്തിച്ചയാളിനെ
കാണാനാകില്ല.'
സ്വയം ബോധത്തിൽനിന്നു ഒഴിഞ്ഞു നിന്നതുകൊണ്ടാണ്
കലാകാരന്മാർക്ക് മഹത്തായ കലാസൃഷ്ടികളിലേർപ്പെടാനാവുന്നത്. സൃഷ്ടികർത്താവ്
തൻ്റെ പ്രവർത്തനത്തിൽ സ്വയം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. വർത്തമാനത്തിൽ
ജീവിക്കുന്നതിന്റെ ഉന്നതമായ തലമാണിത്. മനുഷ്യൻ അവൻ്റെ മനസ്സിനെ ഒരു
കണ്ണാടിയിൽ എന്നപോലെ നോക്കാൻ തുടങ്ങിയാൽ ബുദ്ധിസത്തിലേക്കുള്ള വാതിൽ
തുറന്നു എന്നർത്ഥം. പലപ്പോഴും നമുക്ക് അതിനു കഴിയുന്നില്ല. നമ്മൾ ചിന്തകളെ
പേടിക്കുന്നു. എന്നാൽ അതിനെ അഭിമുഖീകരിക്കാനുള്ള ധൈര്യം നാം
നേടേണ്ടിയിരിക്കുന്നു.
ഇംഗ്ലീഷ് എഴുത്തുകാരൻ
എച്ച്.ജി. വെൽസ് എഴുതി:'ബുദ്ധനിൽ നമ്മൾ കാണുന്നത് വളരെ തെളിഞ്ഞ ഒരു
മനുഷ്യനെയാണ് .അദ്ദേഹം പ്രകാശത്തിനായി പോരാടുകയാണ്. ബുദ്ധൻ ഒരു മിത്തല്ല
;വ്യക്തമായ ഒരു മനുഷ്യനാണ്. മനുഷ്യനു ഒരു പ്രാപഞ്ചികഭാവം നൽകുകയാണ് ബുദ്ധൻ
ചെയ്തത്. ആധുനികമായ മിക്ക ആശയങ്ങളും ബുദ്ധനിൽ കാണാം. നമ്മുടെ
ദുരിതങ്ങൾക്കും അതൃപ്തികൾക്കും കാരണം സ്വാർത്ഥതയാണ്.മനുഷ്യനു ശാന്തത
വേണമെങ്കിൽ ഇന്ദ്രിയസുഖം തേടിയുള്ള യാത്ര അവസാനിപ്പിക്കുകയാണ് വേണ്ടത്.
അപ്പോൾ അവൻ ഒരു വലിയ മേഖലയിലേക്ക് ഉയരും.
അസ്തിത്വചിന്ത
ഒരു
ബാഹ്യശക്തിയുടെയോ ആത്മാവിന്റെയോ ദൈവത്തിന്റെയോ ഉന്നതമായ
അധികാരകേന്ദ്രത്തിന്റെയോ സഹായമില്ലാതെ തന്നെ മനുഷ്യനു ഉന്നതമായ അവസ്ഥ
പ്രാപ്യമാണെന്നു ബുദ്ധൻ പഠിപ്പിച്ചു.മനുഷ്യനു എത്രവേണമെങ്കിലും ഉയരാം;
അവനാണ് അത് തീരുമാനിക്കേണ്ടത്. ദുരിതത്തിൽ നിന്നു കരകയറാൻ അവൻ വിചാരിക്കണം
.മനുഷ്യനിലുള്ള വിശ്വാസമാണത്.മനുഷ്യൻ ആത്മവിശ്വാസവും ഉത്തരവാദിത്വവും
നേടുകയാണ് വേണ്ടതെന്ന പാഠമാണ് ബുദ്ധൻ നൽകുന്നത്. ജീവിതം ദു:ഖവും
നിരാശയുമാണെന്നും അതുകൊണ്ടു എല്ലാം അർത്ഥരഹിതമാണെന്നുമല്ല ബുദ്ധൻ പറഞ്ഞത്.
ജീവിതത്തിനു അർത്ഥം കൊടുക്കുകയാണ് മനുഷ്യൻ്റെ വിധി.ഈ നിമിഷത്തിൽ ,നമ്മുടെ
ശരീരത്തിൽ മാനസികമായ ഊർജം നശിക്കുകയും വീണ്ടും ഉണ്ടാകുകയുമാണ്
ചെയ്യുന്നതെന്ന തത്ത്വമാണിതിൽ അടങ്ങിയിരിക്കുന്നത്. ഈ നിമിഷം കഴിഞ്ഞാൽ
മറ്റൊന്നാണ്.
ഈ നിമിഷം മരിക്കുന്നു; അടുത്ത നിമിഷത്തിൽ വീണ്ടും ജനിക്കുന്നു .
ബുദ്ധിസം
ആധുനികതയാണ്.അത് മനുഷ്യനെയും ലോകത്തെയും വിശ്വദർശനം ചെയ്യുന്നു. മനുഷ്യൻ
നിരന്തരമായി മാറണമെന്ന ആഹ്വാനമാണ് അതിലുള്ളത് .മനുഷ്യനിൽ മാറ്റത്തിനുള്ള
അനിയന്ത്രിതമായ ശക്തിയുണ്ട് .മനുഷ്യനെ എഴുതി തള്ളാൻ കഴിയില്ല. മനുഷ്യനിലെ
ശക്തി ഉപയോഗിക്കുമ്പോഴാണ് ഒരവൻ വിമോചിപ്പിക്കപ്പെടുന്നത്. അവൻ്റെ
അസ്തിത്വത്തെക്കുറിച്ചുള്ള എല്ലാ തത്ത്വചിന്തകളും ബുദ്ധനിൽ ചെന്നെത്തും.
മനുഷ്യൻ തന്നിൽ വന്നുചേർന്ന ചരിത്രപരവും നരവംശശാസ്ത്രപരവുമായ തിന്മകളിൽ
നിന്നു മോചനം നേടാൻ ഓരോ നിമിഷവും പ്രവർത്തിക്കണമെന്നു പറയുന്നതിലെ നവീനത
ഒരിക്കലും അപ്രസക്തമാകുന്നില്ല.
രജതരേഖകൾ
1)ഹെൻറി
റൂസോയുടെ വിഖ്യാതമായ 'നാടോടി സ്ത്രീയുടെ ഉറക്കം' എന്ന ചിത്രത്തെക്കുറിച്ച്
പ്രൊഫ.കാട്ടൂർ നാരായണപിള്ള എഴുതിയിരിക്കുന്നു (പ്രഭാവം ,ജനുവരി).ആ
കലാകാരൻ്റെ നൂറ്റി എൺപതാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ലേഖനം .ഈ ചിത്രം
അമൂർത്തമല്ല. എന്നാൽ റിയലിസവുമല്ല.തൻ്റെ ഗിറ്റാർ അരികിൽ വച്ച് ഒരു ഗ്രാമീണ
സ്ത്രീ തെരുവിൽ ക്ഷീണിതയായി ഉറങ്ങുകയാണ്.അവരുടെ അടുത്ത് ഒരു സിംഹം
പ്രത്യക്ഷപ്പെട്ടിരിക്കുന്നു .എല്ലാത്തിനും സാക്ഷിയായി ചന്ദ്രബിംബത്തെയും
കാണാം. അമൂർത്ത ചിത്രത്തിൽ നിന്നു നമുക്ക് ഇതുപോലുള്ള ഫീൽ കിട്ടുകയില്ല.
കേരളത്തിലെ ചിത്രകാരന്മാർ ഇപ്പോഴും അമൂർത്തകലയിൽ അഭിരമിക്കുന്നത് ഒരു നല്ല
പ്രവണതയല്ല. യാഥാർത്ഥ്യത്തെ ധ്വംസിക്കുകയോ അന്ധാളിപ്പിക്കുകയോ ചെയ്യുകയാണ്
കലാകാരന്റെ മൗലികമായ കടമ. അപ്പോഴാണ് സൗന്ദര്യാനുഭൂതിയിലേക്ക്
പ്രവേശിക്കുന്നത്. യാഥാർത്ഥ്യം എങ്ങനെ ഉരുത്തിരിയുന്നു എന്ന ചോദ്യമാണ് ഒരു
ചിത്രത്തിൽ ഉയരുന്നത്. എന്നാൽ അതിൻ്റെ ഉത്തരം ചിത്രകാരനൊപ്പം കാണിയും
അന്വേഷിക്കുകയാണ്.
2)ദിവാകരൻ
വിഷ്ണുമംഗലത്തിൻ്റെ കവിത 'അവിചാരിതം'(എഴുത്ത്, ഫെബ്രുവരി) നിർവ്വികാരമായ
,പൊട്ടി പഞ്ചറായ ഒരു കാവ്യഭാഷയെ പ്രത്യാനയിക്കുകയാണ് .കാലത്തിൻ്റെ സൂചനകൾ
,ഭാഷകൾ ,ആംഗ്യങ്ങൾ, മനോരോഗങ്ങൾ, വിശ്ലേഷണങ്ങൾ എന്നിവ വായിച്ചു
മനസ്സിലാക്കാൻ കഴിവില്ലാത്ത കവിയാണ് ദിവാകരൻ വിഷ്ണുമംഗലം. ഈ വരികൾ നോക്കുക :
'ഹൃദയത്തിൽനിന്നു നിനവുകൾ സ്വപ്ന-
നിറങ്ങൾ ചാലിച്ചുമറഞ്ഞ സന്ധ്യയിൽ
വരുവാനുള്ളതു കൊടുംരാവാണെന്ന- തറിയാമെങ്കിലും കിനാവു ചൂഴുന്നു.'
എന്തൊരു
തകർന്ന ഭാഷയാണിത് !.ഈ ഭാഷ ഇന്നത്തെ ഒരു സമൂഹത്തിനു മുമ്പിൽ കാണിക്കാൻ
കൊള്ളില്ല. രചനയിൽ സ്വന്തം ഭാഷ സൃഷ്ടിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണെന്നു
കവി മനസ്സിലാക്കണം. ഹൃദയത്തിൽനിന്നു നിനവുകൾ, സ്വപ്നനിറങ്ങൾ, ചാലിച്ചു
മറഞ്ഞ സന്ധ്യ, കൊടും രാവ്, കിനാവ് ചൂഴുന്നു ... ഇതിൽ ഒന്നു പോലും ഈ കവിക്ക്
അവകാശപ്പെട്ട പദപ്രയോഗങ്ങളല്ല. ഏതു തെരുവിലും ഈ കാവ്യഭാഷ വാങ്ങാൻ കിട്ടും.
അല്ലെങ്കിൽ ഒരു കാവ്യച്ചന്തയുടെ തെരുവിലെ ഓടയ്ക്കരികിൽനിന്നു
പെറുക്കിയെടുക്കാവുന്ന വാങ്മയങ്ങളാണ് ഇതെല്ലാം .ഈ കാലത്ത് ഇതൊക്കെ എന്തിനു
എഴുതുന്നുവെന്നു മനസ്സിലാകുന്നില്ല. കവിത ഒരു പുറപ്പാടാണ് .അത്
തിരിച്ചുവരാനാകാത്ത വിധം അപരിചിതത്വത്തെയാണ് തേടുന്നത്. പക്ഷേ ദിവാകരൻ
വിഷ്ണുമംഗലത്തിൻ്റെ കവിതയിൽ അതൊന്നും കാണാനാവുന്നില്ല.
3)മലയാളത്തിലെ
വാരികകളിൽ എഴുതുകയോ ,ഇവിടുത്തെ എഴുത്തുകാരെ അറിയുകയോ ,ചരിത്രം
മനസിലാക്കുകയോ ഒന്നും വേണ്ട ,ഒറ്റയടിക്ക് മലയാള എഴുത്തുകാർക്ക് ആദ്യ
കൃതികൊണ്ടു തന്നെ ദേശീയ ,അന്തർദേശീയ പുരസ്കാരങ്ങൾ നേടാൻ കഴിയുമെന്നു
തെളിഞ്ഞിരിക്കുകയാണ്. ഒരുമ്പെട്ടാൽ ദേശീയത താഴെ വരും. ചിലർ സർക്കാരിനും
പ്രതിപക്ഷത്തിനുമൊപ്പം നീന്തിയിട്ടു പോലും രക്ഷയില്ല.
4)മറ്റുള്ളവരെ
സുഖിപ്പിക്കാൻ വേണ്ടി യാതൊന്നും ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്നു
ചിന്തിക്കാൻ ധൈര്യം ഉണ്ടാകുമ്പോഴാണ് ഒരു കലാകാരൻ തൻ്റെ യഥാർത്ഥ പ്രതിഭ
കണ്ടെത്തുന്നതെന്നു ഫ്രഞ്ച് കലാചരിത്രകാരനായ ആന്ദ്രേ മാൽറോ പറഞ്ഞു.
ഇതിൻ്റെയർത്ഥം ഒരു കലാസൃഷ്ടി കാണുകയോ ആസ്വദിക്കുകയോ ചെയ്യുന്നത് പാപമാണ്
എന്നല്ല; വെറുതെ സന്തോഷിപ്പിക്കാൻ വേണ്ടി മനപ്പൂർവം ശ്രമിക്കുന്നവരെ
ഉദ്ദേശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കലാകാരൻ്റെ ജോലി കലാപരമായ
സൗന്ദര്യം ആവിഷ്കരിക്കുകയാണ്. അതിനിടയിൽ ഇൻഷുറൻസ് ഏജൻറിനെ പോലെ
വിനയത്തോടെയും ഉദാരതയോടെയും പെരുമാറി കാണികളെ കൂട്ടേണ്ടതില്ല എന്നാണ്
അദ്ദേഹം അർത്ഥമാക്കുന്നത് .
5)പി.എ.ബക്കർ
കമ്പനീനദി ചുവന്നപ്പോൾ ,ചാരം ,മണിമുഴക്കം തുടങ്ങിയ സിനിമകൾ സംവിധാനം
ചെയ്തപ്പോൾ അത്തരം പ്രശ്നങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന പ്രേക്ഷകരുടെ ഒരു
യുവനിരയുണ്ടായിരുന്നു. ഇപ്പോൾ കലയിലെ യുവത്വം എവിടെയോ
അപ്രത്യക്ഷമായിരിക്കുന്നു. എല്ലാവരും മാമൂലുകളിലേക്ക്
മടങ്ങിപ്പോയിരിക്കുന്നു. നിലവിലുള്ള അവസ്ഥയോടു ,അനീതിയോടു പ്രതിഷേധിക്കുന്ന
യുവജനങ്ങളെ കാണാനില്ല. ഇപ്പോൾ യുവാക്കൾ പ്രതിഷേധിക്കുന്നത് ഹോട്ടലിൽ
ഭക്ഷണം കിട്ടാൻ താമസിക്കുമ്പോഴാണ്.
6)ഫ്രഞ്ച്
സാഹിത്യകാരനും ചിന്തകനുമായ ഷാങ് പോൾ സാർത്ര് പറഞ്ഞു: 'കല പ്രകോപനം
സൃഷ്ടിക്കണം. അത് നമ്മുടെ കാഴ്ചപ്പാടുകളെയും ലോകവീക്ഷണത്തെയും ചോദ്യം
ചെയ്യുന്നതിനു നമ്മെത്തന്നെ വെല്ലുവിളിക്കണം.'
ഇതാണ് കലയുടെ പ്രയോജനമെന്നാണ് സാർത്ര് വിശദീകരിച്ചത്. കല കെട്ടിക്കിടന്നു നശിക്കുന്ന ജലാശയമല്ല;അത് പൊരുതുന്ന കൈകളാണ്.
No comments:
Post a Comment