Followers

Wednesday, December 25, 2024

ഉത്തര- ഉത്തരാധുനികത - 7 /എം.കെ.ഹരികുമാർ




ഓട്ടോ മോഡേണിറ്റി 


ഇൻസ്റ്റഗ്രാം ,ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും വാട്സപ്പ് പോലെയുള്ള വ്യക്തിഗത ആശയവിനിമയ ഉപകരണങ്ങളിലും നമ്മൾ എന്തെങ്കിലും എഴുതുന്നത്  ഓട്ടോ മോഡേണിറ്റിയുടെ ഭാഗമാണ്. ഒരു സന്ദേശമോ ചിത്രമോ പോസ്റ്റ് ചെയ്യുമ്പോൾ അത് ഒരു സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിലൂടെ സ്വയം പ്രവർത്തിക്കുകയാണ്.ഒരു സെക്കൻഡ് കൊണ്ട് ലക്ഷ്യം കാണുന്ന പോസ്റ്റ് ഒളിപ്പിച്ചുവെക്കുന്നത് ഈ എൻജിനീയറിംഗാണ്. ഈ  എഞ്ചിനീയറിംഗിനെക്കുറിച്ച് ഉപയോക്താവ്  ബോധവാനാകണമെന്നില്ല. അവൻ്റെ മുന്നിൽ വൃത്തിയുള്ള സ്ക്രീൻ ടെംപ്ലേറ്റുകളും റിങ്ടോണുകളും ബാക്കപ്പ് ഫയലുകളും മാത്രമേയുള്ളൂ. ഉപയോക്താവ് തന്നെ എൻജിനീയറിങ്ങിന്റെ ഭാഗമാണ് .എന്തെന്നാൽ ഉപയോക്താവ് വിരൽത്തുമ്പ് ചലിപ്പിക്കുമ്പോഴാണ് അത് പ്രവർത്തിക്കുന്നത്.

ഒരാൾ ഒരു സന്ദേശം ടൈപ്പ് ചെയ്യുമ്പോൾ തന്നെ അത് ഓട്ടോമോഡേണിറ്റിയായിത്തീരുന്നു.ഇതിനും അപ്പുറത്ത് അയാളുടെ സന്ദേശങ്ങൾ പലയിടങ്ങളിലും ഷെയർ ചെയ്യപ്പെടുന്നു,അഭിപ്രായങ്ങൾ സ്വരൂപിക്കുന്നു .ഇതെല്ലാം  സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിന്റെയും ഡേറ്റ  വിനിമയത്തിന്റെയും മറ്റൊരു അന്തർലോകത്തിൻ്റെ ഫലമാണ്. ഇത് അദൃശ്യതയിൽ യഥേഷ്ടം തുടരുകയാണ് .

നമ്മൾ ഗൂഗിളിൽ സെർച്ച് ചെയ്യുന്നത് എന്താണെന്ന് കണ്ടുപിടിച്ചു ഗൂഗിൾ നമുക്ക് വേണ്ട വിഭവങ്ങൾ കൺമുന്നിലേക്ക് കൊണ്ടുവരുന്നതിൽ ഈ ഓട്ടോമോഡേണിറ്റിയുണ്ട്. നമ്മുടെ  താല്പര്യങ്ങൾ ശ്രദ്ധിക്കുകയും അതനുസരിച്ച് നമ്മുടെ തിരഞ്ഞെടുപ്പുകളെ സഹായിക്കുകയും ചെയ്യുന്ന ഈ യന്ത്രസംവിധാനം നമ്മെ സ്വയമറിയാതെ തന്നെ പുതിയൊരു സ്വയം നിയന്ത്രിത ആധുനികതയിലേക്ക് നയിക്കുകയാണ്. നാളിതുവരെയുള്ള ചരിത്രത്തിൽ, മനുഷ്യൻ്റെ വ്യാവഹാരിക ജീവിതത്തിലെ സമ്പൂർണ്ണ പൊളിച്ചെഴുത്താണ് ഉത്തര- ഉത്തരാധുനികതയിൽ സംഭവിച്ചിരിക്കുന്നത്. മനുഷ്യർ പൂർണമായി മനസ്സിലാക്കാതെ തന്നെ അവർ മാറ്റപ്പെട്ടിരിക്കുന്നു. അവരുടെ മന:ശാസ്ത്രഘടനയിൽ പൊളിച്ചെഴുത്ത്  സംഭവിച്ചിരിക്കുന്നു. മൂല്യങ്ങളും മുൻഗണനാക്രമങ്ങളും മാറിപ്പോയിരിക്കുന്നു.

മനുഷ്യനും യന്ത്രവും ഒന്നായി 

Auto -Modernity after post modernism:Autonomy and Automation in Culture ,Technology and Education എന്ന പ്രബന്ധത്തിൽ ചിന്തകനും സൈദ്ധാന്തികനുമായ റോബർട്ടു സാമുവൽസ് (Robert Samuels) ഇങ്ങനെയാണ് എഴുതുന്നത്:
"To be precise,we can no longer base our analysis of culture, identity and technology on the tradional conflicts between the public and the private ,the subject and the object,and the human and the machine."

ഇതുവരെ മനുഷ്യരാശി, പ്രത്യേകിച്ചും  കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിൽ പുലർത്തിയിരുന്ന സമീപനങ്ങൾ അമ്പേ പരാജയപ്പെട്ടു എന്നാണ് ഇവിടെ നിരീക്ഷിക്കുന്നത്. പൊതുമണ്ഡലത്തിൻ്റെയും സ്വകാര്യതയുടെയും തലങ്ങളിൽ നമ്മൾ മനസ്സിലാക്കാൻ ശ്രമിച്ച സംസ്കാരം, സ്വത്വം ,സാങ്കേതികത തുടങ്ങിയവയെല്ലാം പുതിയകാലത്ത് പുതിയ സമീപനങ്ങൾ ആവശ്യപ്പെടുന്നു. വ്യക്തിയും വസ്തുവും അല്ലെങ്കിൽ മനുഷ്യനും യന്ത്രവും തുടങ്ങിയ വൈരുദ്ധങ്ങളിൽ ഊന്നിയാണ് നമ്മൾ ആത്മീയതയെ പോലും അറിയാൻ ശ്രമിച്ചിട്ടുള്ളത്. ഇനി അത്തരം വിഭജനങ്ങളും മാനദണ്ഡങ്ങളും മതിയാവാതെ വരുമെന്ന് സാമുവൽസ് മുന്നറിയിപ്പു നൽകുന്നു .ഈ കാലം ഓട്ടോ മോഡേണിറ്റിയുടേതാണ് .നമ്മൾ തന്നെ പുതിയ ആധുനികതയാവുകയാണ്. ആധുനികതയുടെ പ്രക്രിയകൾ സ്വയം നിർവ്വചിക്കപ്പെടുകയാണ്. ആരും ഒന്നും ചെയ്യാതെ തന്നെ ആധുനികത സംഭവിക്കാം. സാങ്കേതികവും മാനവികവുമായ തലങ്ങളിൽ സ്വയം രൂപപ്പെടുന്ന ആധുനികതയാണിത്.വ്യക്തിസ്വാതന്ത്ര്യവും യാന്ത്രികതയും ഇതുവരെ വൈരുദ്ധ്യങ്ങളായി കണ്ടിരുന്നെങ്കിൽ ഇപ്പോൾ ഡിജിറ്റൽ അതിയാന്ത്രികത (Automation)യിലൂടെ പുതിയൊരു സ്വയം നിയന്ത്രിത സംവിധാനം ഉണ്ടായിരിക്കുന്നു. അവിടെ വ്യക്തിസ്വാതന്ത്ര്യവും യാന്ത്രികതയും  ഒന്നായി ചേർന്നിരിക്കുന്നു. 

പരമ്പരാഗതമായ പൊതുമണ്ഡലമോ സാമൂഹികമായ മധ്യസ്ഥതയോ ഇപ്പോഴില്ല. എല്ലാം വ്യക്തികൾ സ്വകാര്യമായി തീർപ്പാക്കുന്നു ,ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിൽ .ഇതുവരെ പരസ്പരവിരുദ്ധമെന്ന് കരുതിയിരുന്നത് ഒന്നായി മാറിയത്, പരമ്പരാഗതമായ വ്യക്തിനിഷ്ഠത, വസ്തുനിഷ്ഠത തുടങ്ങിയ വിഭജനങ്ങളിലൂന്നിയുള്ള പഠനങ്ങളെ  ദുർബ്ബലപ്പെടുത്തിയിരിക്കുന്നു.ഇന്നത്തെ വിദ്യാഭ്യാസത്തിൽ ഈ ഓട്ടോമേഷൻ വളരെ പ്രകടമാണ് .ക്ലാസ് റൂമിൽ ഡിജിറ്റൽ പാഠങ്ങളുണ്ട്. വിവിധതരം പ്ലാറ്റ്ഫോമുകൾ ഒരേസമയം ഉപയോഗിക്കാം. ഗൂഗിളിൽ പരതാം. മൊബൈൽ ഫോണിൽ സ്പെല്ലിംഗ് ചെക്ക് ചെയ്യാം. ചാറ്റ് ചെയ്യാം.  വാക്കുകളുടെ അർത്ഥം നോക്കാം. ഇതെല്ലാം അതിയാന്ത്രികതയുടെ  ആവിർഭാവമായി കാണാം.വ്യക്തിയും യന്ത്രവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതായിരിക്കുകയാണ്. മൊബൈൽഫോണിൽ യാന്ത്രികബുദ്ധിയുടെ സാങ്കേതികതയുണ്ട്. എന്നാൽ അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നു.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഈ കാലഘട്ടം അതിയാന്ത്രികതയെ നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ്. ഉപയോക്താവ് ആവശ്യപ്പെടുന്ന മുറയ്ക്ക് ഏത് വിഷയത്തെക്കുറിച്ചും എഴുതി നല്കുന്ന ചാറ്റ്ബോട്ടുകൾ വ്യക്തിയും യന്ത്രവും ഒന്നിക്കുന്ന നിമിഷങ്ങളാണ് പകരുന്നത്. 

ഓട്ടോ മോഡേൺ ഉപകരണങ്ങളായി സാമുവൽസ് ചൂണ്ടിക്കാണിക്കുന്നത് കമ്പ്യൂട്ടർ, വേർഡ് പ്രോസസർ , മൊബൈൽഫോൺ, ഐപോഡ്, ബ്ലോഗ്, ടിവിയുടെ റിമോട്ട് ,കമ്പ്യൂട്ടർ ഗെയിം തുടങ്ങിയവയാണ്. ഇതെല്ലാം പ്രവർത്തിപ്പിക്കാൻ വേണ്ടി അലയേണ്ട. നമ്മൾ അനുവദിച്ചാൽ മതി ,സ്വയം പ്രവർത്തിച്ചു കൊള്ളും. ഒരു ബ്ലോഗിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യണമെങ്കിൽ ഒന്ന് ക്ലിക്ക് ചെയ്താൽ മതി .ഏറ്റവും ഉയർന്ന തരത്തിലുള്ള യാന്ത്രിക പ്രവർത്തനമാണ് ഈ ഡിജിറ്റൽ ഉപകരണങ്ങളിലുള്ളത്. എന്നാൽ ഇത്  വ്യക്തികളുടെ ജീവിതാനുഭവത്തിൽ ഇഴുകിച്ചേർന്നിരിക്കുകയാണ്.

വ്യക്തി ഒരു മൊബൈൽ ഫോൺ തന്നെ 

വസ്തുവും വ്യക്തിയും ഒന്നായ അനുഭവമാണിത്. ഒരു ലാപ്ടോപ്പുമായി ഓഫീസിൽ പോകുന്ന ഒരാൾക്ക് വീടും ഓഫീസും ഒരുപോലെയാണ് .അയാൾക്ക് സ്ഥലം ഒരു പ്രശ്നമല്ല .അയാൾ എവിടെയിരിക്കുന്നുവോ അതാണ് ഓഫീസ്. ഇമെയിൽ ഉപയോഗിക്കുന്നവർക്ക് പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട് ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ  നിന്ന് രക്ഷപ്പെടാം. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സന്ദേശം അയയ്ക്കുന്നത് മറ്റാരും അറിയുന്നില്ല. ഇത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ലാപ്ടോപ്പ് കമ്പ്യൂട്ടർ ഒരു വ്യക്തിയുടെ സ്വകാര്യസംസ്കാരമായി രൂപാന്തരപ്പെടുകയാണ്.പൊതുമണ്ഡലത്തിൽ നിന്നുകൊണ്ട് ഒരാൾക്ക് ലാപ്ടോപ്പിലൂടെ സ്വകാര്യമായ വിനിമയങ്ങളിൽ ഏർപ്പെടാം. അതോടെ അയാൾക്ക് രണ്ട് ജീവിതങ്ങൾ കിട്ടുന്നു. സിവിൾ സമൂഹത്തിലെ ഒരംഗം എന്ന നിലയിലും സ്വകാര്യ വ്യക്തി എന്ന നിലയിലും അയാൾക്ക് നിലനിൽക്കാം. അയാൾ ലാപ്ടോപ്പിലൂടെ തുടരുന്ന ആശയവിനിമയങ്ങൾ സ്വകാര്യതയുടെ അടയാളങ്ങളായി മാറുന്നു. ഒരു സ്വകാര്യ പ്രവൃത്തിയിടമായി ലാപ്ടോപ്പിനെ കാണണം. വ്യക്തികൾ സമൂഹത്തിനും സ്ഥലത്തിനും സ്വത്വത്തിനും അടിമയാണെന്ന ഉത്തരാധുനികതയുടെ കാഴ്ചപ്പാടുകൾ ഉത്തര- ഉത്തരാധുനികതയുടെ ഓട്ടോ മോഡേണിറ്റി തിരുത്തുകയാണ്.

ഒരാൾ സാംസ്കാരികമായി വ്യത്യസ്തനാവുകയോ, പ്രത്യേക  മുദ്രവഹിക്കുകയോ ചെയ്യുന്നതാണ് അയാളുടെ ബന്ധങ്ങളുടെ അടിസ്ഥാനമെന്ന ധാരണയും അട്ടിമറിക്കപ്പെടുകയാണ്.നവമാധ്യമങ്ങളുടെ വരവ് ഇതിനെ അപ്രസക്തമാക്കി.  സൈബർ ലോകം ഒരു പ്രത്യേക കാലത്തെയോ സ്ഥലത്തെയോ സംസ്കാരത്തെയോ ലക്ഷ്യമാക്കുന്നില്ല. അത് എല്ലായിടത്തും എപ്പോഴും ഒരുപോലെയാണ്.അതിന് വ്യക്തിപരമായ പരിഗണനകളോ മുൻകൂട്ടിയുള്ള ബന്ധങ്ങളോ ഇല്ല. ഏതൊരു വ്യക്തിക്കും യഥേഷ്ടം ഏത് ആശയത്തെയും സംസ്കാരത്തെയും പരിശോധിക്കാനാവും. ഇന്നത്തെ വ്യക്തികളിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നത് അവർ തങ്ങളുടെ മൊബൈൽഫോൺ തന്നെയാണെന്നാണ്. ഫോണിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഒരിടമോ വ്യക്തിത്വമോ അവർക്കില്ല.കൊല്ലുമ്പോഴും മരിക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുണ്ട്. കൂട്ടക്കൊല നടത്തുന്നതിൻ്റെ ദൃശ്യം മൊബൈലിൽ പകർത്തി ഫേസ്ബുക്ക് ലൈവിൽ കൊടുക്കുന്നവനെ കണ്ടു. അയാളെ ഫോൺ അതിയാന്ത്രികതയിൽ എത്തിച്ചിരിക്കയാണ്. 

എല്ലാ രഹസ്യങ്ങളും പരസ്യമാണ് 

പരസ്യം,രഹസ്യം തുടങ്ങിയ വിഭജനങ്ങൾ ഇല്ലാതാക്കിയത് ഓട്ടോ മോഡേണിറ്റിയാണ്. ആർക്കും എന്തും പരിശോധിക്കാവുന്ന വിധം ഇൻറർനെറ്റ്  എല്ലാം പരസ്യപ്പെടുത്തിയിരിക്കുന്നു. യു ട്യൂബ് നോക്കി പ്രസവിച്ച വിദ്യാർത്ഥിയെ ഓർക്കുകയാണ്. ബഹുസ്വരതയിലും ഐഡൻ്റിറ്റിയിലും സാമ്രാജ്യത്വാനന്തര പ്രാദേശികതയിലും ഊന്നിയ ഉത്തരാധുനികതയ്ക്ക് ഈ പുതിയ ലോകത്തെ സമീപിക്കാനാവില്ല.എന്നാൽ ഇപ്പോൾ നമുക്ക് വേൾഡ് വൈഡ് വെബ് (www),ഗൂഗിളൈസേഷൻ എന്നിവയുണ്ട്. ലോകത്തുള്ളതെന്തും ഡേറ്റയായും വിവരമായും ഇൻ്റർനെറ്റിലെത്തുകയാണ്. ഒരു അറിവ് ഇൻറർനെറ്റിൽ തിരച്ചിലിനു സജ്ജമാകുന്നതോടെയാണ് അതിൻ്റെ  യാത്രയാരംഭിക്കുന്നത്. ലോകം ഒരു വലയിൽ വിന്യസിക്കപ്പെട്ടിരിക്കുകയാണ്. എല്ലാം ആ വലയിൽ ഒരുപോലെയാണ്. രാജാവിനും മോഷ്ടാവിനും ഒരേ സ്ഥാനം നൽകുന്ന വലയാണത്. കാരണം, അവിടെ വ്യക്തികൾക്കല്ല പ്രാധാന്യം അറിവുകൾക്കാണ്.കള്ളനെക്കുറിച്ചും കൊലപാതകിയെക്കുറിച്ചുമുള്ള വിവരങ്ങൾ ഒരു ഭരണാധികാരിയെക്കുറിച്ചുള്ള വിവരങ്ങൾ പോലെ പ്രധാനപ്പെട്ടതാണെന്ന് ഗൂഗിൾ പറയുന്നു. എല്ലാം തിരച്ചിലിനുള്ളതാണ്. വ്യക്തികളുടെ മികവ് അവരുടെ സ്വകാര്യതയായി തന്നെ നിലനിൽക്കുന്നു .വേൾഡ് വൈഡ് വെബ്ബിൽ അതിനു പ്രത്യേക പ്രാധാന്യമില്ല. ഗൂഗിൾ, വസ്തുക്കളുടെ മൂല്യത്തിന് വിലയിടുന്നില്ല. വിവരങ്ങൾക്കാണ് പ്രാധാന്യം.അതിൻ്റെ ഉപയോഗത്തെക്കുറിച്ച് ഒരു ഉപദേശവും തരുന്നില്ല .പല ഉറവിടങ്ങളിലുള്ള (സൈറ്റുകളിലുള്ളത്)വിവരങ്ങൾ നമ്മുടെ ആവശ്യാനുസരണം അത് നിരത്തുന്നു. അത്  ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നത് ഉപയോക്താവിൻ്റെ  താത്പര്യമാണ് .എല്ലാത്തരം ഉപയോക്താക്കൾക്കും തുല്യപ്രാധാന്യമാണുള്ളത്. ചന്ദ്രനിൽ പോകുന്നതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ഒരു ഉപയോക്താവിനും ,ബോംബ് ഉണ്ടാക്കാൻ പഠിക്കുന്നവനും ഗൂഗിൾ ഒരേ സ്ഥാനമാണ് കൊടുക്കുന്നത്.

സെക്സ് വ്യക്തിയുടെ ഇഷ്ടം 

ഗൂഗിളിൽ തിരയാൻ സ്വാതന്ത്ര്യവും സ്വകാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.  ഒരാൾ ബോംബ് ഉണ്ടാക്കുന്നത് പഠിക്കാൻ ഗൂഗിളിൽ പരതുന്നത് മറ്റാരും കാണുന്നില്ല .അയാളുടെ സ്വാതന്ത്ര്യമായാണ് അത്  വ്യാഖ്യാനിക്കപ്പെടുന്നത്. വേൾഡ് വൈഡ് വെബ് ലോകത്തെ തന്നെ വിപുലീകരിക്കുകയാണ്. ലോകത്തിലെ എല്ലാ വിഭാഗീയതകളെയും മറികടക്കുന്ന ലോകമാണത്.ഇവിടെയാണ് സമൂഹത്തിൻ്റെ നിർമിതി എന്ന നിലയിലുളള യഥാർത്ഥ്യങ്ങൾ  അണിനിരക്കുന്നത്. ലൈംഗികത ഒരു സാമൂഹികനിർമ്മിതിയാണെന്ന പഴയ ചിന്തയെ ഉത്തര- ഉത്തരാധുനികത തകർക്കുകയാണ്. ലൈംഗികത ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. ഒരാൾക്ക് ഏത് തരം സെക്സ് വേണം, ഏത് ലിംഗത്തിൽ ജീവിക്കണം എന്നെല്ലാം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ ആ സ്വാതന്ത്ര്യം ഇല്ലായിരുന്നു. യാഥാർത്ഥ്യത്തെ വ്യക്തികൾ അവരുടെ സ്വാതന്ത്ര്യം കൊണ്ട് നിർമ്മിക്കുകയാണ്.

വ്യക്തികൾ ഫോൺ ഉപയോഗിച്ചെടുക്കുന്ന ഫോട്ടോകൾ അവരുടെ യാഥാർഥ്യമാണ്. അതുപോലെയാണ് അവരുടെ സെക്സും. ട്രാൻസ്ജെൻഡറുകളും വിവിധ തരം ലൈംഗിക ഗ്രൂപ്പുകളും പുതിയ അതിയാന്ത്രികതയുടെ സംഭാവനയാണ്. നൂതനമായ  വൈദ്യശാസ്ത്രശസ്ത്രക്രിയകൾ പുതിയ പൗരത്വം ജനിപ്പിക്കുകയാണ് .ആൺ ,പെൺ എന്നിങ്ങനെയുള്ള ഐഡൻ്റിറ്റികൾ താത്കാലികമാണെന്ന് ഇത് കാണിച്ചുതരുന്നു. വ്യക്തികൾ അവരുടെ സ്വാതന്ത്ര്യത്തെ നിർമ്മിക്കുകയാണ്. ഒരു എക്സ്പെർട്ടിനെയും ആവശ്യമില്ല എന്ന നിലയിലേക്ക് ഇത് ലോകത്തെ എത്തിച്ചിരിക്കുകയാണ്. സാമുവൽസ് എഴുതുന്നു:
"Instead of relying on experts or modern sorting systems like library card catalogues ,automated search engines appear to put the power of cultural filtering in to the hands of the autonomous user.

ഓട്ടോ മോഡേണിറ്റി മനുഷ്യരെത്തന്നെ ആധുനികവൽക്കരിക്കുകയാണ്. സംസ്കാരത്തെ ഇനി പ്രത്യേക ജീവിതരീതിയായി വീക്ഷിക്കാനാവില്ല. കലയുടെയോ പ്രത്യേക ആചാരങ്ങളുടെയോ വ്യവഹാരമാണ് സംസ്കാരം എന്ന് പറയുന്നത് തെറ്റാണ്. സംസ്കാരം നമ്മെ ആധുനികവൽക്കരിക്കുന്നുണ്ടോ എന്ന് അറിയേണ്ടതുണ്ട്. സംസ്കാരം ഡിജിറ്റൽ അതിയാന്ത്രികതയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്.

വിവിധ തരം ഓൺലൈൻ പ്ളാറ്റ്ഫോമുകളിലൂടെയാണ് ലോകത്ത് ഭൂരിപക്ഷവും കലയെയും സംസ്കാരത്തെയും അനുഭവിക്കുന്നത് .ഒരു പ്രദേശത്തിൻ്റെ മാത്രമായ സംസ്കാരം എന്ന നിലയിലല്ല ,ഒരു ആഗോള ഉത്പന്നമായാണ് എന്തിനെയും ആളുകൾ സ്വീകരിക്കുന്നത്. തീയേറ്ററുകളിലെന്ന പോലെ സിനിമകൾ ഇപ്പോൾ ഓൺലൈനിലും  കാണുന്നു .കൊഞ്ചു വളർത്തുന്നതും കൊഞ്ചിനെ പിടിക്കുന്നതും വീഡിയോയിൽ ചിത്രീകരിക്കുന്നു. ആ വീഡിയോ ലോകത്തെവിടെയിരുന്നും വീക്ഷിക്കാമല്ലോ .അപ്പോൾ അത് ഒരാഗോള കാഴ്ചയാണ്. ഇത് സാധ്യമാക്കിയത് യാന്ത്രികതയുടെ കണ്ടുപിടിത്തമാണ്. എന്നാൽ ഇത് ഷൂട്ട് ചെയ്യുന്നതും അപ്‌ലോഡ് ചെയ്യുന്നതും എളുപ്പത്തിൽ സാധ്യമാണ്. മനുഷ്യൻ്റെ സ്വകാര്യമായ ജോലി ഇന്ന് ആഗോളവിഭവമായി മാറിയിരിക്കുന്നു.  ഇതിനു സന്ദർഭമൊരുക്കിയത് പുതിയ ഡിജിറ്റൽ സാങ്കേതിക ഉപകരണങ്ങളാണ്. ഉളളിൽ ആധുനികതയെ നിർമ്മിച്ചുവച്ചിരിക്കുന്ന ഉപകരണങ്ങളാണ് ഓട്ടോ മോഡേണിറ്റി യാഥാർത്ഥ്യമാക്കുന്നത്.

No comments: