Followers

Showing posts with label എം.കെ. ഹരികുമാര്‍. Show all posts
Showing posts with label എം.കെ. ഹരികുമാര്‍. Show all posts

Wednesday, October 17, 2018

കുറ്റിപ്പുഴ: സ്വന്തം ജ്ഞാനവ്യൂഹം ചമയ്ക്കുന്നവിധം/ എം.കെ. ഹരികുമാര്‍

 


''ഒരു ആഗോള മാനവന്‍ എന്ന ആശയം അദ്ദേഹത്തെ നിരന്തരം പ്രലോഭിപ്പിച്ചു. ആധുനിക മനുഷ്യന്‍ എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് സ്വയം പരിശോധിക്കേണ്ട ഘട്ടമാണിത്. ആചാരങ്ങള്‍ മനുഷ്യനെ ചീത്തയാക്കുന്നു എന്ന ഒരു വാദം നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ചിന്തയാണ്. ആചാരങ്ങള്‍ അന്ധമാകരുത്. അത് ഒരു സൗന്ദര്യമാകാം. തുടര്‍ന്നുവരുന്നതെല്ലാം നല്ലതല്ല. ചിലതെല്ലാം യുക്തിയോടെ വിചാരണ ചെയ്യണം.''



സാഹിത്യത്തിലെയും കലയിലെയും ദന്തഗോപുരവാസികളെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്ത അത്ഭുത പ്രതിഭയാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള. സാഹിത്യ വിമര്‍ശനത്തിന്‍റെ മഹനീയമായ ഒരു പാരമ്പര്യമായി കുറ്റുപ്പുഴ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരാശയം ഇതാണ്: ജീവിതത്തിലെ നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ സാഹിത്യത്തില്‍ ചിത്രീകരിക്കേണ്ടവയാമ്. അത് കലാഭംഗിയോടെ നിര്‍വഹിക്കണമെന്നേ നിര്‍ബന്ധമുള്ളൂ. കുറ്റിപ്പുഴയുടെ മതമനുസരിച്ച്, ഒരാള്‍ കലയില്‍ അതിസډാര്‍ഗവാദിയാകേണ്ടതില്ല. എഴുത്തുകാരന്‍ അവന്‍റെ രഹസ്യജീവിതത്തിന്‍റെ അനിഷ്ടഫലങ്ങളെ നോക്കണം. അതിന്‍റെ ഉത്തരാവാദിത്തം കലാപരമായി നിര്‍വഹിക്കണം

സാഹിത്യരചനയില്‍ അന്തഃകരണത്തിന്‍റെ അവസ്ഥ ചിത്രീകരിക്കപ്പെടണമെന്നാണ് കുറ്റിപ്പുഴ വാദിച്ചത്. സ്വയം ഉള്ളിലേക്ക് നോക്കിയാലേ അത് അനാവൃതമാകുകയുള്ളൂ. അതുകൊണ്ടുതന്നെ കുറ്റിപ്പുഴ റിയലിസ്റ്റ് സാഹിത്യത്തെയാണ് പ്രധാനമായി കണ്ടത്. ജീവിതത്തിലെ അസുഖകരവും ക്രൂരവുമായ യാഥാര്‍ത്ഥ്യങ്ങളെ എഴുത്തുകാരന്‍ എങ്ങനെ സര്‍ഗാത്മകമായി കലയില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ചിന്തിച്ചു. അന്തഃകരണ ഭീരുത്വം ഉള്ളവരാണ് ഒളിച്ചോടാന്‍ ശ്രമിക്കുന്നത്
.
ഫ്രഞ്ച് നോവലിസ്റ്റ് ഫ്ളോബേറിന്‍റെ പ്രസിദ്ധമായ 'മാഡം ബോവറി' ഫ്രഞ്ച് സര്‍ക്കാര്‍ നിരോധിച്ച സംഭവം കുറ്റിപ്പുഴ പരിശോധിക്കുന്നുണ്ട്. സാമൂഹ്യജീവിതത്തിലെ കൃത്രിമ അന്തസ് ചുമന്നുകൊണ്ടുനടക്കുന്ന ചിലരാണ് അതിനു കളമൊരുക്കിയത്. ഫ്രാന്‍സിലെ ഉന്നതവര്‍ഗക്കാരുടെ ലൈംഗിക ജീവിതം നിര്‍വ്യക്തീകരിക്കപ്പെട്ടതും ആത്മീയദരിദ്രവുമായിരുന്നു എന്ന വസ്തുതയാണ് ഫ്ളോബര്‍ അതില്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്. അത് പലരുടെയും ഉള്ളിലേക്ക് കടന്നുള്ള വിമര്‍ശനമായി. ചില മുഖംമൂടികള്‍ അഴിഞ്ഞുവീഴുകയും ചെയ്തു. തൊട്ടാല്‍ പൊട്ടുന്നപോലെ സദാചാരത്തെ കൊണ്ടുനടക്കുന്നവര്‍, സദാചാരത്തിനേല്‍ക്കുന്ന ചെറിയ കുത്തുകള്‍പോലും വലിയ മാനസികപ്രശ്നമായി മാറ്റാന്‍ കഴിവുള്ളവര്‍ നോവലിനെതിരെ തിരിഞ്ഞു. ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഒരു നായികയെ ഫ്രഞ്ച് മുതലാളിത്ത അന്തസ്സിനു താങ്ങാനാവുമായിരുന്നില്ല. അവര്‍ മൂടിവച്ചത് ഫ്ളോബേര്‍ തുറന്നുകാണിച്ചതാണ് ചൊടിപ്പിച്ചത്. ഒരു സ്ത്രീക്ക് എന്തുകൊണ്ട് കാമുകനെ അല്ലെങ്കില്‍ കാമുകډാരെ ആവശ്യമായി എന്ന ചോദ്യം ഫ്രഞ്ച് ജനതയിലെ അസംതൃപ്തര്‍ക്കുവേണ്ടി നോവലിസ്റ്റ് ചോദിച്ചു. കുറ്റിപ്പുഴ അതിനെക്കുറിച്ച് ഇങ്ങനെ എഴുന്നു: ശുദ്ധവും സ്വാഭാവികവുമായ ഒരു ലൈംഗികജീവിതം ഇന്നത്തെ സാമൂഹ്യവ്യവസ്ഥയില്‍ ആര്‍ക്കും സാധ്യമാകുന്നില്ല. പ്രണയമെന്ന ആ ചെറിയ വാക്കില്‍ നിറഞ്ഞിരിക്കുന്നിടത്തോളം നുണയും ചതിയും ഇന്ന് മറ്റൊരു വാക്കിലുമില്ല എന്ന് ഇബ്സന്‍ പറഞ്ഞിട്ടുള്ളത് കുറ്റിപ്പുഴ ഉദ്ധരിക്കുന്നുണ്ട്
.
പട്ടിണി കിടക്കുന്നവനോട് ദൈവത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും സംസാരിക്കുന്നത് ഉചിതമല്ലെന്ന് കുറ്റിപ്പുഴ എഴുതിയിട്ടുണ്ട്. ബുദ്ധിപരമായ സത്യസന്ധത ഒരു വലിയ മൂലധനമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സ്വാമി വിവേകാനന്ദനെ അദ്ദേഹം ഉദ്ധരിക്കുന്നു. ആ വാക്യം ഇതാണ്: എന്‍റെ നാട്ടില്‍ വിശപ്പുകൊണ്ട് വലയുന്ന ഒരു പട്ടിയെങ്കിലും ഉള്ള കാലത്തോളം അതിനാഹാരം കൊടുക്കുക എന്നതായിരിക്കും എന്‍റെ മതം. വിവേകാനന്ദന്‍റെ ഈ വീക്ഷണം കുറ്റിപ്പുഴയെ സ്വാധീനിച്ചിട്ടുണ്ട്. ദര്‍ശനശേഷിപ്പുള്ളവര്‍ സമൂഹത്തെ ഗൗരവമായി കാണണമെന്ന വാദം ഉയര്‍ത്താന്‍ ഇതും പ്രേരകമായിട്ടുണ്ടാകാം.

ആലുവയ്ക്കടുത്ത് കുന്നുകര എന്ന ഗ്രാമത്തിലാണ് കുറ്റിപ്പുഴ പിറന്നത്. അമ്മാവന്‍റെ സംരക്ഷണയിലാണ് വളര്‍ന്നത്. അമ്മാവന്‍റെ സാമ്പത്തികമായ പതനം കൃഷ്ണപിള്ളയുടെ കുടുംബത്തെയും പ്രതിസന്ധിയിലാക്കി. അയിരൂര്‍, കോട്ടപ്പുറം എന്നിവിടങ്ങളിലെ പ്രാദേശിക വിദ്യാഭ്യാസത്തിനുശേഷം ആലുവയില്‍ പഠനം തുടര്‍ന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയതാണ് കുറ്റിപ്പുഴയിലെ വിജ്ഞാനദാഹിയെ വഴിതിരിച്ചുവിട്ടത്. സെക്കന്‍ഡ് ഫോമില്‍ പഠിക്കുമ്പോള്‍ യുവജനമിത്രം മാസികയില്‍ കുറ്റിപ്പുഴയുടെ ആദ്യലേഖനം അച്ചടിച്ചുവന്നു. സ്കൂള്‍ ഫൈനലിനുശേഷം ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃതം സ്കൂളില്‍ അധ്യാപകനായി. 1922ല്‍ ശ്രീനാരായണഗുരുവാണ് ആ നിയമനത്തിനു കാരണമായത്. ആശ്രമം സ്കൂളിലെ ജീവിതം കുറ്റിപ്പുഴയെ ആത്മീയ ചിന്താമണ്ഡലത്തിലെ നിരവധി ചോദ്യങ്ങളും അവയിലുള്ള ഉത്തരങ്ങളും കണ്ടെത്താന്‍ സഹായിച്ചു. ശ്രീനാരായണ ഗുരുവുമായി സംവാദം നടത്താന്‍ കഴിഞ്ഞത് വഴിത്തിരിവായി. സ്കൂളില്‍ പഠിച്ച കാലത്ത് വായിച്ചിരുന്ന ശ്രീരാമകൃഷ്ണ വചനവും ഭഗവത്ഗീതയും വിവേകാനന്ദ സാഹിത്യവുമെല്ലാം പ്രായോഗിക ജീവിതത്തില്‍ എങ്ങനെ വിജയകരമായി പ്രയോഗിക്കാം എന്ന് കുറ്റിപ്പുഴ ആലോചിച്ചത് അപ്പോഴാണ്. ആറു കിലോമീറ്റര്‍ നടന്ന് സ്കൂളിലെത്തിയുന്ന കുറ്റിപ്പുഴയോട് ആശ്രമത്തില്‍ താമസിക്കാന്‍ നിര്‍ദ്ദേശിച്ചതും ഗുരുവാണ്. ഗുരുവുമൊത്ത് ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ 'ജാതിപോയോ' എന്ന വ്യംഗ്യമായ ചോദ്യം, തന്നെ മാറ്റിമറിച്ചുവെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

സാഹിത്യജീവിതത്തില്‍ മാര്‍ഗദര്‍ശകമായി ഭവിച്ചത് വള്ളത്തോളുമായുള്ള പരിചയമാണ്. സംസ്കൃത പാഠശാലയില്‍ ഉള്ളപ്പോള്‍ വള്ളത്തോളിനെക്കുറിച്ച് എഴുതിയ ലേഖനം ആത്മപോഷിണി മാസികയില്‍ അച്ചടിച്ചുവന്നു. പില്‍ക്കാലത്ത് വള്ളത്തോള്‍ കുറ്റിപ്പുഴയെക്കുറിച്ച് ഇങ്ങനെ എഴുതി: ഇദ്ദേഹം നമ്മുടെ പത്രങ്ങളിലും ഗ്രന്ഥങ്ങളിലും അപ്പപ്പോള്‍ എഴുതിയിട്ടള്ള സാഹിത്യോപന്യാസങ്ങളുടെ സംഖ്യ സാമാന്യം വലുതാണ്. അവയോരോന്നും കൃഷ്ണപിള്ള അവര്‍കളുടെ ഭാഷാനൈപുണ്യത്തിനും സഹൃദയത്വത്തിനും മര്‍മ്മജ്ഞതയ്ക്കും പരമോദാഹരണമായി പരിലസിക്കുന്നുണ്ട്. ഇംഗ്ലീഷ്, മലയാളം, സംസ്കൃതം എന്നീ മൂന്നു ഭാഷകളില്‍ ഗണനീയമായ പാണ്ഡിത്യവും വിശേഷിച്ച് പ്രകൃതിദത്തമായ സഹൃദയത്വവും നിമിത്തം മാതൃഭാഷയെ കലോചിതമായി ആരാധിപ്പാന്‍ ത്രാണിയും താത്പര്യവുമുള്ള ചുരുക്കം ചില യുവാക്കളുടെ മുന്നണിയില്‍ ഒരു പ്രധാന സ്ഥാനമാണ് ശ്രീമാന്‍ കൃഷ്ണപിള്ളയ്ക്ക് കേരളീയ ലോകത്തില്‍ കല്പിക്കപ്പെട്ടിട്ടുള്ളത്
.
ഭാരതീയ വേദാന്തം നല്ലപോലെ ഗ്രഹിച്ച കുറ്റിപ്പുഴ അതിനെ അന്ധമായി പിന്തുടരാതെ സ്വതന്ത്രമായി സമീപിച്ചത് ആലുവ അദ്വൈതാശ്രമത്തിലെ ജീവിതപശ്ചാത്തലത്തിലാണ്. വേദ,അദ്വൈത വ്യാഖ്യാനത്തില്‍ ഗുരു, ശങ്കരാചാര്യരില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്ന് കുറ്റിപ്പുഴതന്നെ എഴുതിയിട്ടുണ്ട്. ജാതിക്കും, മതത്തിനും വന്നുചേര്‍ന്നിരിക്കുന്ന ദുരവസ്ഥ ഗുരുവില്‍നിന്ന് മനസിലാക്കിയ കുറ്റിപ്പുഴ പുതിയൊരു മാനവികതയ്ക്കായി ഗര്‍ജിക്കുന്നതാണ് നാം പിന്നീട് കാണുന്നത്. ജാതിയും മതവും ദൈവവും വേണ്ട എന്ന് പ്രഖ്യാപിച്ച സഹോദരന്‍ അയ്യപ്പനെ പരിചയപ്പെടുന്നതും ആശ്രമത്തില്‍ വച്ചാണ്. ഈ സമ്പര്‍ക്കം കുറ്റിപ്പുഴയിലെ അദ്വൈതചിന്തകനെ ഉല്പതിഷ്ണത്വത്തിലേയ്ക്ക് നയിച്ചു. യുക്തിവാദിയും കമ്മ്യൂണിസ്റ്റുമായി കുറ്റിപ്പുഴ രൂപാന്തരപ്പെടുകയായിരുന്നു.


മനനം കൊണ്ട് സ്വന്തം ജാതകം മാറ്റിയെഴുതാന്‍ കുറ്റിപ്പുഴയ്ക്ക് കഴിഞ്ഞു. വിവാഹം കഴിക്കാതെ ഒരു സന്യാസിക്ക് തുല്യമായി അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്‍റെ ദൈവം അറിവായിരുന്നു. മനുഷ്യസ്നേഹവും മനുഷ്യോപകാരപ്രദമായ പെരുമാറ്റവും കുറ്റിപ്പുഴയെ വേര്‍തിരിച്ചു നിര്‍ത്തുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിമര്‍ശിച്ചുകൊണ്ട് കുറ്റിപ്പുഴ എത്രയോ പ്രസംഗങ്ങള്‍ ചെയ്തു. അദ്ദേഹം ദൈവത്തെ തത്കാലം ഉപേക്ഷിച്ച് മനുഷ്യയാതനയുടെ കാരണങ്ങള്‍ അന്വേഷിച്ച് പുറപ്പെട്ടു. ആര്‍ഭാടമോ ആസക്തിയോ തീണ്ടാത്ത, ഒരു ഉറച്ച വ്യക്തിത്വമാകാന്‍ കഴിഞ്ഞു. ദൈവമില്ലാതെ ഒരു സന്യാസിക്ക് എങ്ങനെ ലോകക്ഷേമത്തിനായി പ്രവര്‍ത്തിക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. കുറ്റിപ്പുഴയ്ക്ക് ജീവിതച്ചെലവ് കുറവായിരുന്നു. അനാവശ്യവസ്തുക്കള്‍ സ്വന്തമാക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. വേഷവും ജീവിതശൈലിയും ചെലവു കുറഞ്ഞതായിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. ചിന്തയിലും സംസ്കാരത്തിലുമാണ് വലിപ്പം വേണ്ടത്; പൊങ്ങച്ചങ്ങളിലല്ല എന്ന് കുറ്റിപ്പുഴ പ്രവൃത്തിയില്‍ കാണിച്ചു. ആഗ്രഹങ്ങള്‍ സുഖങ്ങളെക്കുറിച്ചുള്ള കൃത്രിമ ചിന്തകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ത്യാഗങ്ങള്‍ നമ്മെ ആത്മബലമുള്ളവരും സുഖത്തില്‍ സംപ്രീതിയില്ലാത്തവരുമാക്കുന്നു. ആഗ്രഹങ്ങള്‍ കുറയുന്നതോടെ അമിതമായ മിഥ്യാബോധം നശിക്കുന്നു. യഥാര്‍ത്ഥ മനുഷ്യാവസ്ഥയെ മനസിലാക്കാന്‍ അത് സഹായിക്കുന്നു

1926-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് വിദ്വാന്‍ പരീക്ഷ ഒന്നാം ക്ലാസ്സോടെ പാസായ കുറ്റിപ്പുഴ 1928-ല്‍ ആലുവ യു.സി. കോളേജില്‍ മലയാളം പണ്ഡിറ്റായി ചേര്‍ന്നു. 1948-ല്‍ മലയാളം വകുപ്പ് അധ്യക്ഷനായി. കുറ്റിപ്പുഴയുടേത് ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു. എന്നാല്‍ സ്വന്തം പാരമ്പര്യത്തില്‍നിന്ന് ചിന്തകൊണ്ട് വളര്‍ന്ന് നവമാനവികതയുടെ വക്താവാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

തന്‍റെ നവമാനവികദര്‍ശനത്തെക്കുറിച്ച് കുറ്റിപ്പുഴ ഇങ്ങനെ കുറിക്കുന്നു: ആദ്യകാലത്ത് ഞാനൊരു ആശയവാദിയായിരുന്നു. ഈശ്വരഭക്തിയിലും വേദാന്തത്തിലും മുഴുകി അങ്ങനെ കഴിഞ്ഞുകൂടി. അന്ന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗ്രന്ഥമാണ് ഭഗവദ്ഗീത. പിന്നീട് ഉപനിഷത്തും ശാങ്കരഭാഷ്യവും പഠിച്ചു. അദ്വൈത്തിനപ്പുറം ഒരു സിദ്ധാന്തവുമില്ലെന്നറിയുകയും ചെയ്തു. ഇങ്ങനെ കുറെ കഴിഞ്ഞപ്പോഴാണ് ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം പഠിക്കാനിടയായത്. എന്‍റെ വീക്ഷണഗതിയില്‍ ആദ്യമായി ഒരു പരിവര്‍ത്തനം വരുത്തിയത് പ്രസ്തുത സിദ്ധാന്തമാണ്. പിന്നീട് ശാസ്ത്രീയവും ബുദ്ധിപരവുമായ ഗ്രന്ഥങ്ങള്‍ ധാരാളം വായിക്കാന്‍ തുടങ്ങി. എച്ച്.ജി. വെല്‍സിന്‍റെ നേതൃത്വത്തില്‍ അനേകം ശാസ്ത്രജ്ഞډാര്‍ ചേര്‍ന്നെഴുതിയ സയന്‍സ് ഓഫ് ലൈഫ് എല്ലാ ഭാഗങ്ങളും ഞാന്‍ നിഷ്കര്‍ഷയോടെ പഠിച്ചു. ഒരു ശാസ്ത്രീയ മനോഭാവത്തിനു അടിത്തറകെട്ടിയത് ആ ഗ്രന്ഥങ്ങളാണ്. ആയിടക്ക് ഞാന്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ട ഗ്രന്ഥകാരനാണ് ബര്‍ട്രാന്‍ഡ് റസ്സല്‍. അദ്ദേഹത്തിന്‍റെ യുക്തിവാദ മനോഭാവം എന്നെ ഒട്ടധികം ആകര്‍ഷിച്ചു. ഞാന്‍ മാര്‍ക്സിസം പഠിക്കാന്‍ തുടങ്ങിയത് ഇത്രയും കഴിഞ്ഞതിനുശേഷമാണ്. കാള്‍ മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍ ഈ ഗ്രന്ഥകാരډാര്‍ എന്‍റെ വിജ്ഞാനമാര്‍ഗത്തില്‍ കുറെയധികം വെളിച്ചം വീശിയിട്ടുണ്ട്. ഇവരോട് താരതമ്യപ്പെടുത്തുമ്പോള്‍ എനിക്കിതുവരെ പരിചിതരായ മിക്ക ഗ്രന്ഥകാരډാരും ഒരുപടി താഴെ മാത്രമേ നില്‍ക്കുന്നുള്ളൂ.

ആശയവാദിയായിരുന്ന കുറ്റിപ്പുഴ, ചിന്താഗതിയില്‍ ആഴത്തിലുള്ള വ്യതിയാനം വന്നതിനെ തുടര്‍ന്ന് ഭൗതികവാദത്തിലേക്കും മാനവികദര്‍ശനങ്ങളിലേക്കും വഴിമാറി. അദ്വൈതം എന്ന പേരില്‍ താന്‍ എഴുതിയ ലേഖനത്തിലെ ആശയങ്ങളോട് തനിക്കിപ്പോള്‍ യോജിക്കാന്‍ കഴിയുന്നില്ലെന്ന് കുറ്റിപ്പുഴ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് എഴുതിയത്. കുറ്റിപ്പുഴയില്‍ വൈരുദ്ധ്യമില്ല. കാരണം, തന്‍റെ വിചാരപരമായ വളര്‍ച്ചയെ അദ്ദേഹം തന്നെ തിരിച്ചറിയുന്നുണ്ട്. തിരിച്ചറിയാതിരുന്നെങ്കില്‍ അത് ചിന്തയിലെ വൈരുദ്ധ്യമാകുമായിരുന്നു.

ജനങ്ങള്‍ക്ക് മനസിലാക്കാന്‍ പ്രയാസമായതുകൊണ്ടാണ് ഇന്ത്യയില്‍ അദ്വൈതം അധഃപതിച്ചതെന്ന് ഒരിടത്ത് അദ്ദേഹം എഴുതി. സാഹസികനായ ഒരു ബൗദ്ധിക സന്യാസിക്ക് മാത്രമേ ഇതുപോലെ പ്രതിഷ്ഠകള്‍ ഇളക്കുന്ന വാക്യങ്ങളെഴുതാന്‍ കഴിയൂ. അദ്വൈതത്തിന്‍റെ മായാവാദം ഈ ലോകത്തിനു ഒരു വിലയും കല്പിക്കാത്തതാണെന്ന് കുറ്റിപ്പുഴ തുറന്നെഴുതി. കുറ്റിപ്പുഴ നവോത്ഥാനത്തിനാണ് വില കല്പിച്ചത്. ഒരു ആഗോള മാനവന്‍ എന്ന ആശയം അദ്ദേഹത്തെ നിരന്തരം പ്രലോഭിപ്പിച്ചു. ആധുനിക മനുഷ്യന്‍ എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് സ്വയം പരിശോധിക്കേണ്ട ഘട്ടമാണിത്. ആചാരങ്ങള്‍ മനുഷ്യനെ ചീത്തയാക്കുന്നു എന്ന ഒരു വാദം നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ചിന്തയാണ്. ആചാരങ്ങള്‍ അന്ധമാകരുത്. അത് ഒരു സൗന്ദര്യമാകാം. തുടര്‍ന്നുവരുന്നതെല്ലാം നല്ലതല്ല. ചിലതെല്ലാം യുക്തിയോടെ വിചാരണ ചെയ്യണം. ആധുനികശാസ്ത്രം, വൈദ്യശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ മേഖലകളുടെ സംഭാവന ഉള്‍ക്കൊണ്ടുവേണം യുക്തിപൂര്‍വമായ ഒരു ജീവിതവീക്ഷണം രൂപപ്പെടുത്താന്‍ എന്ന് കുറ്റിപ്പുഴ നിഷ്കര്‍ഷിച്ചു. സ്വന്തം കാലഘട്ടത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ, ശാസ്ത്രീയമായ, നവീനമായ ആശയങ്ങള്‍ സ്വായത്തമാക്കി. ജീര്‍ണിച്ചതില്‍ നിന്നെല്ലാം മോചനം നേടി.

എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന പുസ്തകം പഠിപ്പിക്കുന്നതിനിടയില്‍ ശ്രീബുദ്ധന്‍റെ തത്ത്വത്തെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്:

കേള്‍ക്കുന്നതെല്ലം വിശ്വസിക്കരുത്. പല തലമുറകളായി കൈമാറിവന്നത് കൊണ്ടുമാത്രം പാരമ്പര്യത്തെ വിശ്വസിക്കരുത്. പലരും പറഞ്ഞു പരത്തിയ കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കരുത്. യുക്തിയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത്, എല്ലാവരുടെയും നډയ്ക്കും ഗുണത്തിനും ഉപയോഗപ്രദമായത് മാത്രം സ്വീകരിക്കുക, അതാണ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടത്. ലോകത്തിലെ ശ്രേഷ്ഠമൂല്യങ്ങള്‍ എന്തുകൊണ്ട് നമുക്ക് സ്വന്തമാക്കിക്കൂടാ എന്ന മനോഭാവം ഭാവിയോടുള്ള പ്രതിബദ്ധതയാണ്.

കുറ്റിപ്പുഴയ്ക്ക് തന്‍റെ മനന, ചിന്തകളുടെ ബലത്തില്‍ ലോകസാഹിത്യ വായനയിലൂടെ ചില നല്ല സൗന്ദര്യമൂലകങ്ങള്‍ സ്വാംശീകരിക്കാനായി. വിചാരവിപ്ലവം എന്ന പുസ്തകമെഴുതിയത് 1944ലാണ്. ശരിക്കും അദ്ദേഹം വിചാരവിപ്ലവമുണ്ടാക്കി. എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും, ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലെ കേരളത്തെ ഇളക്കിമറിച്ചു. പ്രക്ഷുബ്ധമായ ഒരു മനസ് ചിന്തിക്കുന്നവരിലേക്കു പകരാന്‍ അതിനു സാധിച്ചു. ചിന്തിക്കുന്നവരുടെ തലമുറയുണ്ടാകാന്‍ അത് കാരണമായി.

സാഹിത്യകലയില്‍ ഒരിടത്തും രാജിയാകാനോ, പിന്തിരിയാനോ തയ്യാറാകാത്ത ഒരു ഉഗ്രവിമര്‍ശകനായിരുന്നു കുറ്റിപ്പുഴ. വിമര്‍ശനം ഒത്തുതീര്‍പ്പിന്‍റെ കലയല്ല. അവിടെ സ്വാഭിപ്രായത്തിന്‍റെ വേറിടലിനും സ്വതന്ത്രമായ ഇച്ഛാശക്തിക്കുമാണ് വില. ഒരാള്‍ എല്ലാറ്റിനോടും താദാത്മ്യപ്പെടുന്നിടത്ത് വിമര്‍ശനമില്ല
.
റഷ്യന്‍ സാഹിത്യകാരډാരായ തുര്‍ജനീവിനെയും ടോള്‍സ്റ്റോയിയെയും താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇതാണ്. തുര്‍ജനീവിന്‍റെ യഥാലോകം പ്രശാന്തപ്രസന്നമായി പ്രവഹിക്കുന്ന ഒരു തടിനിയെപ്പോലെയാണ്. കാറ്റും കോളും കൊണ്ടുള്ള ക്ഷോഭങ്ങളൊന്നും അവിടെ കാണുന്നില്ല. എന്നാല്‍ ശക്തിയേറിയ ചില അടിയൊഴുക്കുകള്‍ ആ പ്രസന്നതയില്‍ ദൃഷ്ടിഗോചരമാകുന്നുണ്ട്. ഈ വക സംഗതികളില്‍ ഗ്രന്ഥകാരന്‍ ടോള്‍സ്റ്റോയിയില്‍ നിന്ന് തുലോം ഭിന്നനാണ്. യുദ്ധങ്ങളും പ്രക്ഷോഭങ്ങളും വര്‍ണിച്ച് ജീവിതത്തിന്‍റെ ഭയാനക ഭാഗങ്ങളെ പൊന്തിച്ചുകാണിക്കുവാന്‍ തുര്‍ജനീവ് ഇഷ്ടപ്പെടുന്നില്ല. അതിമൃദുലങ്ങളായ ഭാവങ്ങളുടെ ഉത്തേജനത്തിലാണ് അദ്ദേഹം ദത്തദൃഷ്ടനായിരിക്കുന്നത്. തുര്‍ജനീവിന്‍റെ നായികമാരും ടോള്‍സ്റ്റോയിയുടെ തോതില്‍പ്പെട്ടവരല്ല. അവര്‍ സാത്വികമായ പ്രേമത്തിന്‍റെ സന്ദേശവാഹിനികളാകുന്നു. മൃഗീയമായ കാമത്തിളപ്പിന്‍റെ ഉഗ്രദോഷങ്ങളെ ആത്മീയമായ പ്രേമപ്രകാശത്താല്‍ പ്രമാര്‍ജനം ചെയ്യുന്നതിനുള്ള ശക്തി അവര്‍ക്കുണ്ട്. ഇങ്ങനെയുള്ള നായകډാരുടെ സാന്നിധ്യത്തില്‍ ദുര്‍മ്മാര്‍ഗചാരികളായ നായകډാരുടെ സ്വഭാവംകൂടി പവിത്രീകൃതമാകുന്നു. ഇതാണ് തുര്‍ജനീവിന്‍റെ നോവലുകള്‍ക്കുള്ള ഒരു വിശേഷം. കുറ്റിപ്പുഴയ്ക്ക് ഭാരതീയ ചിന്തകരുമായി, ഒടുവില്‍ ബന്ധമുണ്ടായിരുന്നില്ലെന്ന് പറയരുത്. അദ്ദേഹം ചാര്‍വാക കാഴ്ചപ്പാടിനെ അനുകൂലിച്ചിരുന്നു. വേദം, ഈശ്വരന്‍, ആത്മാവ് എന്നിവയെ തള്ളിപ്പറഞ്ഞ ചാര്‍വാകമതം വേറിട്ട് നില്‍ക്കുകയാണ്. ഭാരതത്തില്‍ നിലനിന്ന തര്‍ക്കം അറിയണമെങ്കില്‍ ആശയവാദികളായ വൈജ്ഞാനികരും ചാര്‍വാകډാരും തമ്മിലുള്ള ഉരസല്‍ കണ്ടെത്തണം. ഭാരതീയ പാരമ്പര്യത്തെ എങ്ങനെയാണ് നിര്‍വചിക്കുക. പരസ്പര വിരുദ്ധമായ ധാരകളുടെ സംഗമവും വിയോഗമവുമാണത്.

ഏതെങ്കിലും ഒരു പ്രത്യേക ദര്‍ശനമല്ല കുറ്റിപ്പുഴയെ രൂപപ്പെടുത്തിയത്. വിഭിന്നങ്ങളായ ദര്‍ശനങ്ങളെ, അദ്ദേഹം തത്ത്വചിന്താപരമായി കൂട്ടിയോജിപ്പിച്ചു. ചിന്തയെയും സൗന്ദര്യത്തെയും സമന്വയിപ്പിക്കുമ്പോഴാണ് രസാനുഭൂതി സ്ഥിരമായി നിലനില്‍ക്കുന്നതെന്ന് കുറ്റിപ്പുഴ പറയുന്നു. അദ്ദേഹം നിരത്തുന്ന വാദം ഇതാണ്: ഒരു പാട്ട് കേള്‍ക്കുമ്പോള്‍ മനസ് സന്തോഷിക്കുമെങ്കിലും, അതുകഴിഞ്ഞ് മനസ് പഴയ അവസ്ഥയിലേക്ക് പിന്‍വാങ്ങും. ഒരു ചിത്രം കാണുമ്പോഴും ഇതുതന്നെ സംഭവിക്കും. മനസിനെ സ്ഥിരമായി ഒരു രസാനുഭവത്തില്‍ ബന്ധിച്ചുനിര്‍ത്താന്‍ ആ കലാരൂപങ്ങള്‍ക്ക് കഴിയാത്തത് ചിന്താശക്തിയെ ഉദ്ദീപിപ്പിക്കാത്തതുകൊണ്ടാണത്രേ. ചിന്തയില്ലെങ്കില്‍ സാഹിത്യത്തിനു വലിയ പ്രസക്തിയില്ല. നേരമ്പോക്കിനുള്ള കൃതികള്‍, പെട്ടെന്ന് തന്നെ രംഗം കാലിയാക്കിക്കൊള്ളും. വായിക്കുമ്പോള്‍ മാത്രമല്ല, തദനന്തരവും കവിത സഹൃദയനെ ആനന്ദിപ്പിക്കുന്നു - കുറ്റിപ്പുഴ എഴുതുന്നു. ഒരു കവിതയുടെ പരമമായ സൗന്ദര്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ തത്ത്വചിന്തവേണം. കവിത നിര്‍വഹിക്കുന്നത് പവിത്രമായ ഒരു കര്‍മ്മമാണ്. അതിന് മനുഷ്യനെ അവന്‍റെ കര്‍മ്മബന്ധങ്ങളില്‍ കൂടുതല്‍ നിര്‍മ്മലമാക്കാനാവും. ടാഗോര്‍ പറഞ്ഞു, കവികള്‍ മനുഷ്യനെ അവന്‍റെ ആഗ്രഹങ്ങളില്‍ നിന്ന് മോചിപ്പിക്കുമെന്ന്. ഇത് കുറ്റിപ്പുഴ മിക്കപ്പോഴും ഉദ്ധരിച്ചിട്ടുണ്ട്.

സാഹിത്യത്തിന് ഒരാത്മീയതയുണ്ട്. അത് മതങ്ങളുടെ മേഖലയിലുള്ളതല്ല. വിചാരപരമാണത്. കുറ്റിപ്പുഴ അത് ഇങ്ങനെ നിരീക്ഷിക്കുന്നു; ആത്മീയവും അനാത്മീയവുമായ രണ്ട് പരസ്പര പ്രതികൂല ശക്തികളുടെ ഒരു യുവരംഗമാണ് മനുഷ്യന്‍. ഒന്ന് ജീവിതത്തെ പ്രകാശത്തിലേക്കും മറ്റേതു തമസ്സിലേക്കും വലിച്ചുകൊണ്ടുപോകുന്നു. ജീവിതമെന്ന് പറയുന്നതു ഈ ഭിന്നശക്തികളുടെ അനോന്യ മത്സരമാണെന്ന് പറയാം. മത്സരം നിലയ്ക്കുമ്പോള്‍ ജീവിതവും അവസാനിക്കുന്നു. ആത്മാവും അനാത്മാവും തമ്മിലുള്ള ഈ സൂക്ഷ്മ സംഘട്ടനത്തെ വര്‍ണിച്ച് വ്യാഖ്യാനിക്കുകയെന്നതാണ് ഒരു കവിയുടെ പ്രധാന ധര്‍മ്മം
.
ഇത് കുറ്റിപ്പുഴയുടെ സൗന്ദര്യദര്‍ശനമായി കണക്കാക്കാം. ജീവിതത്തിലെ രണ്ട് ശക്തികളെക്കുറിച്ചാണ് ചര്‍ച്ച. ഒന്ന് പ്രകാശവും മറ്റേത് തമസ്സുമാണ്. എപ്പോഴും ഏത് വിജയിക്കുമെന്ന് പറയുകവയ്യ. എന്നാല്‍ സംഘട്ടനമുണ്ട്. അത് നിന്നുപോയാല്‍ ജീവിതത്തിന്‍റെ സൗന്ദര്യം അസ്തമിക്കും. അതുകൊണ്ട് ആ സംഘട്ടനത്തെ നിലനിര്‍ത്താനായിരിക്കും എഴുത്തുകാരന്‍റെ ശ്രമം. കാരണം അതാണ് അവന്‍റെ അസംസ്കൃത വസ്തു. അവന് സംഘട്ടനം അവസാനിപ്പിക്കാനാവില്ല. അവന്‍ അതിന്‍റെ വ്യാഖ്യാതാവും നിരീക്ഷകനുമാണ്. അവന്‍ അതില്‍ നിന്നാണ് സൗന്ദര്യം തേടുന്നത്.

Friday, October 5, 2018

ആകാശം എല്ലാവരെയും സ്നാനപ്പെടുത്തുന്നു/എം.കെ. ഹരികുമാര്‍




ആത്മായനങ്ങളുടെ ഖസാക്ക് എന്‍റെ തന്നെ അവ്യക്തമായ ആന്തരലോകമാണ് ആവിഷ്കരിച്ചത്. അത് ഖസാക്കിന്‍റെ ഇതിഹാസത്തെക്കുറിച്ചുള്ള ഒരു പഠനമാണെന്നത് ക്ലിനിക്കലായി ശരിയാണ്. പക്ഷേ, അത് ഞാനാണ്. എന്നെക്കുറിച്ചാണത്. എന്നെയാണ് ഞാന്‍ തേടിയത്. എഴുതുന്ന വേളയില്‍ എന്‍റെ അവ്യക്തതകള്‍ ഒരു വലിയ മഞ്ഞുമലപോലെ പ്രതിബന്ധമായി. എങ്ങോട്ടാണ് എഴുതി സഞ്ചരിക്കേണ്ടതെന്ന ചോദ്യമുണ്ടായി. എന്‍റെ ചിന്തകള്‍ എന്ന് പറയുന്നതെന്താണ്? അത് ഞാന്‍ തന്നെയാണോ? എന്നിലെ എന്നെ സ്ഥിരമായി നിലനിര്‍ത്തുന്നതെന്താണ്? ഇതെല്ലാം ഒരു വാക്യത്തിലോ ഖണ്ഡികയിലോ പറയാനാവില്ല. അതുകൊണ്ടാണ് ഞാന്‍ ആത്മായനങ്ങളുടെ ഖസാക്ക് എഴുതിയത്.

എനിക്ക് സായംസന്ധ്യകളെ നോക്കാന്‍ കഴിയും. ഒ.വി. വിജയന്‍ സായാഹ്നയാത്രകളുടെ അച്ഛാ എന്ന് വിളിക്കുന്നുണ്ട്. സായാഹ്ന യാത്രകള്‍ ഒരു വിടുതലാണ്. അവനവനില്‍ നിന്നുള്ള യാത്രകള്‍ അവിടെയുണ്ട്. എന്നാല്‍ അതിനെക്കുറിച്ചെഴുതിയപ്പോള്‍ ഞാന്‍ എന്‍റെ സായാഹ്നദര്‍ശനങ്ങളും യാത്രകളും തേടിപ്പിടിച്ചു. ഏതൊരാള്‍ക്കും ദര്‍ശനങ്ങളുണ്ട്. പക്ഷേ അത് പുറത്തുവരണമെന്നില്ല. ആകാശം എല്ലാവരെയും സ്നാനപ്പെടുത്തുന്നു. പക്ഷേ അതിന്‍റെ പൊരുള്‍ വേര്‍തിരിച്ചെടുക്കാന്‍ ഭാഷവേണം. ഭാഷയില്ലാത്തവര്‍, വികാരത്തിന്‍റെ ആഘാതത്തില്‍ വീണുപോയേക്കാം.

ഭാഷയുണ്ടെങ്കില്‍ നമുക്ക് മറ്റൊരു രീതിയില്‍ ജീവിക്കാം. കവിക്കായാലും വിമര്‍ശകനായാലും അനുഭൂതിയെ പുനഃസൃഷ്ടിക്കാന്‍ ഭാഷവേണം. ഭാഷയുള്ളതുകൊണ്ടാണ് കവി നില്‍നില്‍ക്കുന്നത്. അസ്തമയത്തെ ഭാഷകൊണ്ടാണ് ഞാന്‍ അളന്നത്. എന്‍റെ അനുഭവം എന്‍റെ ഭാഷയാണ്. ഭാഷ നമ്മുടെ വിദൂരഗേഹമാണ്. അവിടേക്കെത്താന്‍ നാം യത്നിക്കണം. അതിനാണ് എഴുതുന്നത്. എല്ലായ്പ്പോഴും ഒരു തീവണ്ടിയുടെ ചക്രങ്ങള്‍ പാളത്തിലെന്നപോലെ കൃത്യമായി പറ്റിച്ചേര്‍ന്നിരിക്കാന്‍ വാക്കുകള്‍ക്ക് കഴിയണമെന്നില്ല. വാക്കുകളുടെ ചക്രങ്ങള്‍ പറ്റിച്ചേരേണ്ടത് അനുഭവം എന്ന പാളത്തിലാണ്. ഇതില്‍ കൃത്യത പാലിക്കാന്‍ കഴിയാതെ വരുമ്പോള്‍ എഴുതുന്നത് പാളം തെറ്റും.

എന്‍റെ ഭാഷകൊണ്ട് ഞാന്‍ എന്നെക്കുറിച്ചുള്ള ആലോചനകള്‍ നിര്‍മ്മിച്ചെടുത്തു. എന്‍റെ ഭാഷ എന്നേക്കാള്‍ പ്രബുദ്ധമാണെന്ന വസ്തുതയുണ്ട്. അത് എന്നെക്കാള്‍ പുരാതനവും സംസ്കൃതവും നവീനവുമാണ്. അതിന്‍റെ ധ്വനികളും അലകളും പൂര്‍ണമായി ഗ്രഹിക്കാനും പ്രയാസമാണ്. എങ്കിലും ഞാന്‍ 'ആത്മായനങ്ങളുടെ ഖസാക്കി'ല്‍ എഴുതി: "ഭോഗാലസ്യത്തില്‍, ഓര്‍മ്മകളുടെ മഞ്ഞില്‍, അകലെ ഖസാക്ക് ചലനമറ്റുവെന്ന് സൂചിതമാവുന്നു. ഇവിടെ മനുഷ്യരും വസ്തുക്കളും എല്ലാം അപ്രത്യക്ഷമായി. ഖസാക്കിന്‍റെ വിലോലമായ തന്ത്രികളുണര്‍ത്തിയ ജീവിതരതിയാണ് തെളിയുന്നത്. ഖസാക്ക് പ്രത്യക്ഷങ്ങള്‍ക്കുപരിയായി ആസക്തമായ ജൈവശരീരമാണെന്ന് നാമറിയുന്നു. അറിവിന്‍റെ ദേവനിലേക്ക് അഭയാര്‍ത്ഥിയായി നീങ്ങുന്ന ഖസാക്കിന്‍റെ പ്രാര്‍ത്ഥന സുരതത്തിന്‍റെ പ്രവര്‍ത്തനശാലയായി മാറുകയാണ് ചെയ്തത്. സുരതം അറിവിന്‍റെ ക്ഷേത്രങ്ങള്‍ കൊണ്ട് മര്‍ത്ത്യനെ നവീകരിക്കുന്നു." ഈ ഭാഷ എന്‍റെ സര്‍വകലാശാല പഠനത്തിന്‍റെ സംഭാവനയല്ല; ആന്തരികതയുടെ സ്വഭാവത്തില്‍ നിന്നുണ്ടായതാണ്. ഒരു സ്കൂളിലും ഉള്‍പ്പെടാത്ത ഈ ഭാഷ പ്രത്യേക അര്‍ത്ഥം ഉല്പാദിപ്പിക്കുന്നുണ്ടോ എന്ന് അറിയില്ല. അല്ലെങ്കില്‍തന്നെ, അര്‍ത്ഥം എന്താണ്? അര്‍ത്ഥം അറിയാമായിരുന്നെങ്കില്‍ അതുമാത്രം എഴുതിയാല്‍ മതിയായിരുന്നല്ലോ. ഏതോ കാലത്തിന്‍റെ അറിയാത്ത ഇടനാഴിയില്‍വച്ച് ഞാന്‍ എന്നെ അറിയുന്നതിന്‍റെ ഭാഷാപരമായ വീണ്ടെടുപ്പും അറിവുമാണ് ഇവിടെ തെളിയുന്നത്. ഇനി വ്യാഖ്യാനമെല്ലാം ഭാഷകൊണ്ടുമാത്രമേ സാധിക്കൂ എന്ന് അറിയണം. പക്ഷേ ഈ ഭാഷ എന്‍റെ വൈയക്തികമായ ഒരു ആന്തരലാവണ്യത്തിന്‍റെ സൃഷ്ടിയാണ്. എന്‍റെ അറിവുകളെ സൗന്ദര്യാത്മകമാക്കുന്നത് ഈ ഭാഷയാണ്. അതുകൊണ്ട് ഭാഷയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു. അസ്തിത്വത്തിന്‍റെ പ്രധാനഗുണം അത് പൂര്‍ണമായി ഒരിക്കലും അനാവൃതമാകുന്നില്ല എന്നതാണ്. അതിനെ അല്പാല്പമായി കണ്ടെത്താനാണ് എഴുതുന്നത്. നോവലിസ്റ്റ് മാത്രമല്ല, വിമര്‍ശനകനും ആ വഴിക്ക് നീങ്ങേണ്ട സന്ദര്‍ഭമുണ്ട്. ആത്മായനങ്ങളുടെ ഖസാക്ക് അതിന്‍റെ പാതയാണ് ചൂണ്ടിക്കാണിച്ചുതരുന്നത്.

ഒരുഭാഗം എടുത്തെഴുതുകയാണ്: അറിവിന്‍റെ ഏത് മുനയിലാണ് ലോകം തിരോഭവിക്കുന്നത്? ശരീരത്തിലെ രക്തം മുഴുവന്‍ വിരല്‍ത്തുമ്പുകളിലും ചുമലിലുമായി ഒഴുകിക്കൂടുന്നപോലെ. വിരലുകള്‍ അടര്‍ന്നുലഞ്ഞ് താഴെ വീഴുന്നതുപോലെ.

ഇത് എന്‍റെ ഭാഗമാണ്. എന്‍റെ ജീവിതത്തിന്‍റെ അജ്ഞാതത്വത്തെ പിന്തുടര്‍ന്നു ചെല്ലുന്ന ഭാഷാപരമായ യാത്ര.

സകലവായനയും ശകലവായനയും/എം.കെ. ഹരികുമാര്‍


ഒരു സമ്പൂര്‍ണ സര്‍ഗാത്മകത ഇനിയുമകലെയാണ്. എഴുത്തുകാര്‍ പലര്‍ കൂടിച്ചേര്‍ന്നാണ് സകലവായന ഉണ്ടാക്കുന്നത്. അതായത്, ഏറ്റവും മികച്ചതെന്ന് കരുതുന്ന കൃതിപോലും അന്തിമമല്ല. അത് രണ്ടാമതൊരു വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കും. നാമെല്ലാം മഹാക്ലാസിക്കായി ഇപ്പോഴും കരുതുന്ന ദസ്തയെവ്സ്കിയുടെ \'കരമസോവ് സഹോദരډാര്‍\' എന്ന നോവലിനെപ്പറ്റി പ്രമുഖ നോവലിസ്റ്റ് വ്ളാഡിമിര്‍ നബോക്കോവ് പറഞ്ഞത് ഇതാണ്: ഞാന്‍ ശരിക്കും കരമസോവ് സഹോദരډാരെ ഇഷ്ടപ്പെടുന്നില്ല. അതുപോലെ ക്രൈം ആന്‍ഡ് പണീഷ്മെന്‍റിനെയും. ആത്മന്വേഷണത്തെയോ ആത്മാവിന്‍റെ വെളിപ്പെടുത്തലുകളെയോ ഞാന്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ ഈ കൃതികളിലെ പാപം, അതിവൈകാരികത, റിപ്പോര്‍ട്ടിംഗ് സ്വഭാവത്തോടെയുള്ള അമിതാഖ്യാനം തുടങ്ങിയവ വായനയെ തടസ്സപ്പെടുത്തുന്നു.


ഇതിന്‍റെയര്‍ത്ഥം, ദസ്തയെവ്സ്കി ഒരു സമ്പൂര്‍ണ സര്‍ഗാത്മകത ഉറപ്പുതരുന്നില്ല എന്നാണ്. അത് ഭാഗികമായ ഒരവതരണമാണ്. ആ ആഖ്യാനം ഒന്നിനെയും വിവരിച്ച് അവസാനിപ്പിക്കുന്നില്ല. ഇതുപോലെയാണ് എല്ലാ കൃതികളും. വായന എന്ന പ്രക്രിയ കേവലമായിട്ടെടുത്താല്‍, ഓരോരുത്തരുടെയും വായനയാണ്. എന്നാല്‍ അത് വളരെ ഭാഗികമാണ്. അസ്തിത്വത്തിന്‍റെ ചെറിയ ഒരു കണം മാത്രമേ അതിലൂടെ ലഭിക്കുന്നുള്ളൂ. സാഹിത്യകൃതികള്‍ ഒറ്റയ്ക്ക് എടുത്താല്‍, ഇതുപോലുള്ള ശകലഭാവനയാണ് തരുന്നത്. മനുഷ്യരാശി നൂറ്റാണ്ടുകളിലൂടെയാണ് ഒരു സകലവായന പൂര്‍ത്തിയാക്കുന്നത്; രചനയും അങ്ങനെതന്നെ. സാഹിത്യരചനയേക്കാള്‍, അതിനെക്കുറിച്ച് നൂറ്റാണ്ടുകളിലൂടെ ഉണ്ടാകുന്ന ചര്‍ച്ചയാണ് സകലവായനയെ അര്‍ത്ഥപൂര്‍ണമാക്കുന്നത്. ഒരിടത്തും അത് അവസാനിക്കുകയില്ല. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന കൃതികളും കളഞ്ഞുപോയ കൃതികളും ചേര്‍ന്ന് സമഗ്രവും സാധ്യവുമായ ഒരാലോചനതരുന്നു. അവ തമ്മില്‍ പരസ്പരം ഐക്യമില്ലെങ്കില്‍പ്പോലും സമഗ്രത അവിടെയാണുള്ളത്. കാലങ്ങളിലൂടെയാണ് സകലവായന രൂപപ്പെടുന്നത്. പലതരം സര്‍ഗാത്മക പ്രവണതകളുടെയും ആവിഷ്കാരങ്ങളുടെയും കൂടിച്ചേരലിലൂടെ ഒരു നവമാനവന്‍ ഉണ്ടാകുന്നു. യഥാര്‍ത്ഥ മനുഷ്യന് അങ്ങോട്ട് പരിണമിക്കാന്‍ പ്രയാസമാണ്. അത് വിദൂരമായ ഏതോ മാനവികതയുടെ മുഖമാണ്. കളങ്കങ്ങളില്‍ നിന്ന് കടഞ്ഞെടുത്ത നډകള്‍ മനുഷ്യത്വത്തിന്‍റെ അതീതലോകമായി അവതരിക്കുകയാണ്.

കഥാപാത്രങ്ങള്‍ മാത്രമല്ല, സാഹിത്യകൃതികളുടെ ഭാഷ, വിവരണം എന്നിവയിലെല്ലാം ഈ സകലവായന ചിതറിക്കിടക്കുന്നു. അത് അടുത്ത ഘട്ടത്തിലെ മാനവികതയാണ്. ക്രൂദ്ധനും ദയാരഹിതനുമായ യഥാര്‍ത്ഥ മനുഷ്യന് എത്തിപ്പിടിക്കാനാവാത്ത ഒരു മേഖലയാണത്. സാഹിത്യരചയിതാക്കള്‍ കൃതികളില്‍ അവതരിപ്പിച്ചു എന്നതുകൊണ്ട് അത് അവരുടെയും സ്വന്തമല്ല. ഭാവനയായി അവശേഷിക്കുകയാണ്. എന്നാല്‍ ഈ സമ്പാദ്യം മാനവരാശിയുടെ വലിയ സംഭാവനയാണ്. മനുഷ്യന്‍ എങ്ങനെയെല്ലാമാണ് മുന്നേറേണ്ടതെന്ന് ഇത് വ്യക്തമാക്കിതരും. സകലവായന ഒരു പ്രലോഭനമാണ്. അത് പൂര്‍ണതയുടെ ഒരു സാങ്കല്പിക പ്രപഞ്ചമാണ്. അത് യഥാര്‍ത്ഥത്തിലുള്ളതുമാണ്. രചനകളില്‍ വിന്യസിക്കപ്പെട്ടിരിക്കയാണ്. എന്നാല്‍ ഒരു വ്യക്തിക്ക് അത് പൂര്‍ണമായി കീഴടക്കാനാവില്ല. അവന്‍റെ സമയോ അഭിരുചിയോ അതിനനുവദിക്കില്ല. അതുകൊണ്ട് വ്യക്തി ശകലവായനയിലേക്ക് ചുരുക്കപ്പെടാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.

ശകലവായന എന്നാല്‍ ഒരു വ്യക്തിയുടെ പരിമിതമായ അഭിരുചിയും സമയവും ചേരുന്നതാണ്. ഒരാള്‍ തന്‍റെ ജീവിതകാലത്ത് അറിയുന്ന കലകളും കൃതികളും വളരെ കുറച്ചുമാത്രമാണ്. അതെല്ലാം ചേര്‍ന്നാല്‍ അയാളുടെ വായനയായി. അതുപക്ഷേ ശകലവായനയാണ്. അതിന് സമഗ്രതയില്ല. അതേ സാധ്യമാവുകയുള്ളൂ. ഇതിനെ അടിസ്ഥാനമാക്കിയാണ് ഒരാള്‍ വിമര്‍ശനത്തിന്‍റെ വായന സൃഷ്ടിക്കുന്നത്. പലയിടത്തുനിന്നും വായിച്ചത് കൂട്ടിച്ചേര്‍ക്കുന്നു. ചുവരെഴുത്തുകള്‍, നഗരനിര്‍മ്മാണ രീതികള്‍, പാട്ടുകള്‍, പരസ്യബോര്‍ഡുകള്‍ കലാശില്പങ്ങള്‍, യാത്രകള്‍ എല്ലാം ചേര്‍ന്നാണ് വിമര്‍ശകന്‍റെ വായന ഉണ്ടാകുന്നത്. ശകലവായനകള്‍ അയാളെ പരിമിതമായ ഒരു സകലവായനയിലെത്തിക്കുന്നു.

വിമര്‍ശകന്‍ പലയിടങ്ങളില്‍ നിന്ന് വായിക്കുന്നത്, ഒരു രചനയായിത്തീരുന്നു. അത് പലവിധത്തില്‍ തുടരുകയും ചെയ്യുന്നു. പല വിഷയങ്ങളും ആശയങ്ങളും അറിവുകളും വിമര്‍ശകരചനയില്‍ ഒരു ശരീരമായി രൂപാന്തരപ്പെടുന്നു. വിരുദ്ധമായ ആശയങ്ങള്‍പോലും വിമര്‍ശനത്തില്‍ ഉദ്ധരിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നതോടെ അത് വൈരുദ്ധ്യത്തിനതീതമായ രമ്യതയിലെത്തുന്നു. ഇതിന്‍റെ സംയുക്താനുഭവമാണ് വിമര്‍ശകന്‍റെ സകലവായന.

നുറുങ്ങുകളോ, പുസ്തകങ്ങളോ, ചെറുകവിതകളോ, ലേഖനങ്ങളോ വായിക്കുമ്പോള്‍ വിമര്‍ശകന്‍ അയാളുടെ ശകലവായനയാണ് ഉണ്ടാക്കുന്നത്. ഇത് അനുഭൂതിക്ക് ആവശ്യമായ തലത്തില്‍ സംയോജിപ്പിച്ച് വേറൊന്ന് ആലോചിക്കുകയാണ്. അതിന്‍റെ ഫലമായി സകലവായന ഉണ്ടാവുന്നു. ഇതാകട്ടെ വ്യക്തിപരമായ സകലവായനയാണ്. വിമര്‍ശകന്‍ ഒരേസമയം ശകലവായനയിലും സകലവായനയിലുമാണെന്ന് പറയാവുന്നതാണ്.

Leave a Comments

ആത്മാവിന്‍റെ വനാന്തരത്തില്‍ അറിയപ്പെടാത്ത ദൈവത്തിന്‍റെ അപാരപ്രസന്നത/ എം.കെ. ഹരികുമാര്‍



ഏപ്രില്‍ അവസാനവാരം കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലാത്തടം കാമ്പസില്‍ (നീലേശ്വരം) ശ്രീനാരായണഗുരുവിന്‍റെ ദര്‍ശനങ്ങളെ ആസ്പദമാക്കി ത്രിദിന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ശിവഗിരി മഠത്തിന്‍റെ സഹകരണത്തോടെയാണ് പരിപാടികള്‍ നടന്നത്. ഉദ്ഘാടനയോഗത്തില്‍തന്നെ മുഖ്യപ്രഭാഷണം ചെയ്യാന്‍ എനിക്ക് സന്ദര്‍ഭമൊത്തത് പ്രത്യേക ലക്ഷ്യത്തോടെയായിരുന്നുവെന്ന് മലയാളം വകുപ്പ് അദ്ധ്യക്ഷന്‍ ഡോ.എ.എം. കൃഷ്ണന്‍ എന്നോടു പറയുകയുണ്ടായി. "ശ്രീനാരായണായ" എന്ന ബൃഹത് നോവല്‍ എഴുതിയതാണ് ശ്രീധരന്‍ സാറിനെ പ്രകോപിതനാക്കിയത്. അദ്ദേഹം വ്യത്യസ്ത വായന പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി. കുട്ടികളും അദ്ധ്യാപകരുമടങ്ങുന്ന മുന്നൂറിലേറെ പേര്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ ഞാന്‍ എന്‍റെ വ്യത്യസ്തമായ ഗുരുവായന പങ്കുവച്ചു.

ഗുരുവിനു ഒരു മതമുണ്ടെന്നും അത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധമതങ്ങളൊന്നുമല്ലെന്നാണ് ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ശ്രീനാരായണായയില്‍ ആ വഴിക്കുള്ള ശ്രമങ്ങളുണ്ട്. ഒരു സാമ്പ്രദായിക നോവലെഴുതാന്‍ ഇന്ന് പലര്‍ക്കും എളുപ്പമാണ്. ഒരു കഥ പറഞ്ഞുപോകുക എന്നതില്‍ കവിഞ്ഞൊന്നുമില്ല. എന്നാല്‍ 'ശ്രീനാരായണായ'യില്‍ ഗുരുവിന്‍റെ ഭൗതികജീവിതത്തിന്‍റെ ഒരു നിഴല്‍ മാത്രമേയുള്ളൂ. ബാക്കിയെല്ലാം ആന്തരികമായ യാത്രകളും മനനവേളകളുമാണ്. ഭൗതികമായി ഗുരു ചെയ്തതെല്ലാം കേരളം കണ്ടതാണ്. അരുവിപ്പുറത്ത് തുടങ്ങിയ പ്രതിഷ്ഠകളും സാമൂഹ്യനവീകരണ പ്രവര്‍ത്തനങ്ങളും ഉദ്ബോധനങ്ങളുമെല്ലാം ജീവചരിത്രകാരډാര്‍ വിവരിച്ചിട്ടുണ്ട്. ഗുരുവിന്‍റെ സഹായികളായിനിന്ന ധാരാളം പേരെക്കുറിച്ച് നമുക്കറിയാം. ഇതൊക്കെ പുറമേ നോക്കിയാല്‍ കാണുന്ന കാര്യങ്ങളാണ്. എന്നാല്‍ അദൃശ്യനായ വേറൊരു ഗുരു നിലനില്‍ക്കുന്നുണ്ട്. ഇതാണ് അദൃശ്യതയുടെ ഗുരു. എന്‍റെ നോവലില്‍ ഈ ഗുരുവിനെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത് കേരള ചരിത്രത്തിലേക്ക് നോക്കിയാല്‍ കാണുന്ന ഗുരുവല്ല. അന്തര്‍ഭാവങ്ങളുടെ ഗുരുവാണ്. സാംസ്കാരികമായും തത്ത്വചിന്താപരമായും ഗുരു എങ്ങനെ ആന്തരലോകത്ത് വിന്യസിക്കപ്പെട്ടു എന്നാണ് അന്വേഷിച്ചത്. ജീവചരിത്രം വച്ച് ഒരു നോവലെഴുതാന്‍ ഒരു സീരിയല്‍ നോവലിസ്റ്റിന്, അതായത് ആഴ്ചപ്പതിപ്പുകളില്‍ ഖണ്ഡശഃ നോവലെഴുതുന്ന ഏതൊരു റിയലിസ്റ്റ് എഴുത്തുകാരനും സാധിക്കും. അവര്‍ നോവലെഴുതാന്‍ തുടങ്ങുമ്പോഴേ അതിന്‍റെ അന്ത്യവും നിശ്ചയിച്ചിട്ടുണ്ടാകും. എന്‍റെ നോവലില്‍ എഴുതിത്തുടങ്ങിയശേഷമാണ് അതിന്‍റെ രൂപവും അന്ത്യവും ഉരുത്തിരിഞ്ഞത്. ശ്രീനാരായണായയില്‍ ആദിമദ്ധ്യാന്ത കഥയില്ല. അതിനുപിന്നില്‍ കഥപറയുന്ന ഒരു വ്യക്തി ഏകവചനത്തിലിരിക്കുന്നില്ല. എന്‍റെ നോവലിന് പതിനഞ്ച് രചയിതാക്കളുണ്ട്. പതിനഞ്ച് പേരുടെ രചനകളുടെ സമാഹാരം എന്ന നിലയിലാണ് നോവല്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ നോവല്‍ ഇങ്ങനെയേ എനിക്ക് എഴുതാനൊക്കൂ. ഇത് റിയലിസ്റ്റിക്കല്ല. ഇതില്‍ ഒരാള്‍ പറയുന്ന സമ്പൂര്‍ണ കഥാ ഘടനയോ പ്രത്യക്ഷ തുടര്‍ച്ചയോ ഇല്ലെങ്കിലും ഇതില്‍ നിറയെ കഥകളാണ്. നുണകള്‍ പറഞ്ഞുകൊണ്ട് നേര് കണ്ടെത്തുന്ന കലാവിദ്യയാണ് പരീക്ഷിച്ചിരിക്കുന്നത്. ഗുരുവിന്‍റേത് ഒരു പ്രത്യേക മതമാണ്. അതാണ് ഞാന്‍ കണ്ണൂര്‍ യോഗത്തില്‍ പറഞ്ഞത്.അവിടെ കുട്ടികളോടായതുകൊണ്ട് എന്താണ് മായ, ആത്മാവ്, അദ്വൈതം, ദൈവചിന്ത, മതം, ജാതി എന്നെല്ലാം വളരെ ലളിതമായി വിശദീകരിച്ചു. നമ്മുടെ ജീവിത്തതില്‍ മായയുണ്ട്. ഇന്നലെകളിലെ നമ്മുടെ ഇഷ്ടം എവിടെയാണുള്ളത്? ഇന്നലെകളില്‍ നാം ശരിയെന്ന് പറഞ്ഞതൊക്കെ എവിടെയാണ്? ചുരുക്കത്തില്‍ ഇന്നലെകളിലെ ഞാന്‍ എന്ന വ്യക്തി ഒരു സങ്കല്പമാണ്; ഭാവനകലര്‍ത്തിയ സങ്കല്പം. അത് മായയാണ്. അങ്ങനെയാണ് ജീവിതം. ജീവിതത്തിന് ഇന്നലെകളില്ല. ജനിക്കുന്നതിനുമുമ്പുള്ള കാലമില്ല. മരണാനന്തര കാലവുമില്ല. മരിക്കുന്നതോടെ ജീവിതം മറ്റൊരു മായയാകുന്നു. ജീവിതം മറ്റാരുടേതോ ആണ്. കാരണം, നമ്മെ കാണുന്നവരാണ് നമ്മുടെ ജീവിതത്തെ സങ്കല്പിക്കുന്നത്. നമ്മളില്‍ അത് മിഥ്യയാണ്. ആത്മാവ് ഒരിക്കലും നശിക്കാത്ത, വേറെ എവിടെയോ ഉള്ള ഒരു വസ്തുവാണെങ്കില്‍, അതിനായി എന്തിനു ഉഴറണം? മറ്റുള്ളവരെ സ്നേഹിക്കാനാണ് ആത്മാവിന്‍റെ ആവശ്യം. തേജസ്സാര്‍ന്ന സഹവര്‍ത്തിത്വം മനസിലുണ്ടാകുമ്പോഴാണ് ആത്മാവ് യാഥാര്‍ത്ഥ്യമാകുന്നത്. ആത്മാവ് മറ്റുള്ളവരോട് സമരസപ്പെടാനുള്ളതാണ്. ഇതാണ് ഗുരു പറഞ്ഞ ആത്മാവ്. ഗുരു അത് പറഞ്ഞ ഭാഷ വേറൊരു രീതിയിലാണെന്ന് മാത്രം.

ഗുരുവിന്‍റെ ജാതി മനുഷ്യത്വമാണ്; അതായത് ക്രൂരതചെയ്തുകൊണ്ടിരിക്കും. അതുകൊണ്ട് ദൈവത്തെ അപകീര്‍ത്തിപ്പെടുത്തരുത്. നമ്മുടെ ദൈവങ്ങള്‍ നല്ലതാകട്ടെ. അതിനു നമ്മളും നല്ലതാകണം. മനസില്‍ വരുന്ന ദുഷ്ടചിന്തകളെ ദൂരീകരിക്കുന്നതാണ് ദൈവികതയിലേക്കുള്ള ആദ്യപടി. അതിലൂടെ സ്വയം ശുദ്ധിനേടാനുള്ള പരീക്ഷണത്തിലേര്‍പ്പെടാം. നിരന്തരം ശുദ്ധീകരിക്കുമ്പോള്‍, ആത്മതാപവും ആത്മവിമര്‍ശനവുമുണ്ടാകും. ഇതിലൂടെ അവനവന്‍റെ ദൈവികത സാവധാനം തെളിഞ്ഞുവരും.

ദൈവം ഇവിടെ മൂര്‍ത്തിയല്ല. അത് ദൈവികതയുടെ ഭാവത്തിന്‍റെ പ്രത്യക്ഷതയാണ്. ഒരു പൂവ് വിരിഞ്ഞ് നില്‍ക്കുന്നത് കണ്ടാല്‍ കോപം വരുന്നില്ലെങ്കില്‍ അത് ദൈവികതയാണ്. അത് ദൈവഭാവത്തിന്‍റെ പ്രത്യക്ഷതയാണ്. ഇങ്ങനെ മനസ് ശുദ്ധീകരിച്ച് ദൈവഭാവത്തിന്‍റെ പ്രത്യക്ഷപ്രസന്നതയില്‍ സ്വയം തിരിച്ചറിയപ്പെടാന്‍ കഴിയുമ്പോള്‍ നമ്മിലേക്ക് സംസ്കാരം കടന്നുവരുന്നു. ഉന്നതമായതെന്തോ നാം അറിഞ്ഞുതുടങ്ങുന്നു. ആത്മാവിന്‍റെ വനാന്തരത്തില്‍ ഒരു ദീപം തെളിയുകയാണ്. ഏതോ ഒരില ഒരു വലിയ പാറയില്‍വച്ച്, അതിനെ നനച്ച് ഒരു തിരി തെളിക്കുമ്പോള്‍, അറിയത്തക്കതല്ലാത്ത ദൈവികതയുടെ ആപാരമായ പ്രസാദത്തിലേക്കും പ്രശാന്തിയിലേക്കും നാം എത്തുകയാണ്.

ആൽബം

വാന്‍ഗോഗ് അനുഭവവും സ്യുഡോ റിയലിസവും/ എം.കെ. ഹരികുമാര്‍




ഒരു കലാകാരനെന്ന നിലയിലുള്ള നിയോഗം ഏറ്റെടുക്കുക പ്രയാസമാണ്. ഒരെഴുത്തുകാരന്‍റെ ജീവിതത്തില്‍ ഇത് എപ്പോഴും പ്രാവര്‍ത്തികമാകില്ല. കാരണം എഴുത്തുകാരുടെ പ്രൊഫഷണല്‍ ജീവിതം ഒരു കെണിയാവുകയും ആവശ്യമുള്ളതൊന്നും എഴുതാന്‍ കഴിയാതാവുകയും ചെയ്യാറുണ്ട്. ഒരാള്‍ നിലനില്‍ക്കുന്ന പ്രത്യേക കൂട്ടത്തിനും അതിന്‍റെ സദാചാരപരമായ സംവാദ ഒത്തുതീര്‍പ്പുകള്‍ക്കും ഇടയില്‍ സജീവമായതെന്തോ, ആത്മീയമായി സ്വതന്ത്രവും ആത്മവിശ്വാസപരമായി ധീരമായതെന്തോ നഷ്ടപ്പെടുത്തി കളയുകയാണ് ചെയ്യുന്നത്. അവനവന്‍റെ ശബ്ദം എന്ന ഒരു നിലീനസൗന്ദര്യമുണ്ട്.

ഒരിക്കല്‍പ്പോലും ആ വഴിക്ക് സഞ്ചരിക്കാത്തവരുണ്ട്. വ്യക്തിപരമായി ഒരു സൃഷ്ടികര്‍ത്താവാകുക എന്ന നിലയിലേക്ക് വളരാതെ, കാലികവിഷയങ്ങളില്‍ പ്രതികരിക്കുക എന്ന ഉത്തരവാദിത്തം മാത്രം ഏറ്റെടുത്ത് സംഘടനകളുടെയും മാധ്യമങ്ങളുടെയും താത്കാലിക ലക്ഷ്യങ്ങളെ നിറവേറ്റി കൊടുക്കുന്നവരുടെ കൂടെ സഞ്ചരിക്കാന്‍ എന്തുകൊണ്ടോ പ്രയാസമാണ്. സ്വകാര്യവും ധിഷണാപരവുമായ ഉദ്യമങ്ങളിലേക്ക് വ്യക്തി എന്ന നിലയില്‍ സര്‍ഗാത്മകമായി സഞ്ചരിക്കാന്‍ തടസ്സം നില്‍ക്കുന്നതെല്ലാം തിډയാണ്. ആ നിലയ്ക്കാണ് എന്‍റെ സാഹിത്യവിമര്‍ശനത്തെയും നോവല്‍ രചനയെയും കാണേണ്ടത്. വളരെ സൂക്ഷ്മവും ദര്‍ശനപരമായി വേറിടുന്നതുമായ അനുഭവങ്ങളിലേക്ക് എല്ലാ വേലികളെയും മറികടന്ന് പോകുമ്പോഴാണ് രചന അര്‍ത്ഥവത്താകുന്നത്. എന്‍റെ 'വാന്‍ഗോഗിന്' എന്ന നോവല്‍ ഇങ്ങനെയുണ്ടായതാണ്.

വാന്‍ഗോഗ് നല്ലൊരു വായനക്കാരനും ഗദ്യകാരനുമായിരുന്നു. ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ബൃഹത്തായ കഴിവുകള്‍ ഒരു കാഴ്ചപ്പാടിലൂടെ വേണം നോക്കിക്കാണാന്‍. ഡെലക്രോയിക്സ്, മില്ലറ്റ് തുടങ്ങിയ ചിത്രകാരന്മാരോട് ആദരവ് കാണിച്ച വാന്‍ഗോഗ് തന്‍റെ ഇടം വേറെയാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരു മുഴുവന്‍ സമയ അന്വേഷകനും ചിന്തകനുമാകുകയായിരുന്നു. വാന്‍ഗോഗ് ജീവിതത്തെ അറിയാന്‍ ദരിദ്രരോടൊത്ത് ജീവിച്ചു. ചെറിയ വീടുകളിലെ അസംതൃപ്തമായ ജീവിതം നേരിട്ടുകണ്ട് ഗ്രാമങ്ങളിലെ കാഴ്ചപ്പാടുകള്‍ എന്താണെന്ന് മനസിലാക്കി. പക്ഷെ, വെറുതെ വരച്ചതുകൊണ്ടായില്ല, എന്താണ് വരയ്ക്കുന്നതെന്ന് തിരിച്ചറിയണം.

ഈ വാക്യങ്ങള്‍ നോക്കൂ: "സഹനത്തോടും മരണത്തോടുമുള്ള അഗാധമായ അര്‍പ്പണത്തിലൂടെയാണ് ഒരാള്‍ ആത്മവിശ്വാസത്തിലധിഷ്ഠിതമായ സുഖം പ്രാപിക്കലിനു തയ്യാറാകേണ്ടത്. ഉള്ളില്‍നിന്ന് സ്വയം രൂപപ്പെടുത്തേണ്ടതാണിത്." വരയ്ക്കാതെ ജീവിക്കുന്നത്, വാന്‍ഗോഗിനു ആനന്ദം നല്‍കുകയില്ല. പകരം വരകള്‍കൊണ്ട് ഒരു സമാന്തരലോകം സൃഷ്ടിക്കുകയാണ് ചെയ്തത്. ഒരു ചിത്രകാരന്‍ എന്താണ് വരയ്ക്കേണ്ടതെന്ന് പറഞ്ഞുകൊടുക്കാന്‍ വാന്‍ഗോഗ് അയാളോടൊപ്പം യാത്ര ചെയ്ത് മുപ്പത് ചിത്രങ്ങള്‍ക്കുള്ള വിഷയങ്ങള്‍ കാണിച്ചുകൊടുത്തു. ദൗര്‍ഭാഗ്യങ്ങള്‍ ചിലപ്പോഴെങ്കിലും നല്ലതാണെന്ന ഒരു വാദം വാന്‍ഗോഗില്‍നിന്നുണ്ടായി. ഇരുണ്ടതും നികൃഷ്ടവുമായ ജീവിതാന്തര്‍ഭാഗങ്ങളിലേക്ക് നീങ്ങുന്നത് ഒട്ടും പ്രതീക്ഷിക്കാനിടയില്ലാത്ത ഫലം കൊണ്ടുവന്നുതരും.

വാന്‍ഗോഗ് എപ്പോഴും ആത്മസംഘര്‍ഷങ്ങളെയാണ് നേരിട്ടുകൊണ്ടിരുന്നത്. തന്‍റെ മുന്‍പുണ്ടായിരുന്ന റാഫേലൈറ്റുകളെയും സമകാലീനരെയും സ്വാധീനവലയത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് അദ്ദേഹം കണ്ടുപിടിച്ച ഉപായം പ്രകൃതിയെ നിരീക്ഷിക്കുക എന്നതു മാത്രമായിരുന്നു. ഇതിനായി ഡെലക്രോയിക്സിനെ ഉദാഹരിക്കുന്നു. 'ഗെഥ്സെമേന്‍' എന്ന ചിത്രം വരയ്ക്കാന്‍ അദ്ദേഹം അവിടെപ്പോയി ഒലിവുമരങ്ങള്‍ നില്‍ക്കുന്നതെങ്ങനെയാണെന്ന് പരിശോധിക്കാന്‍ താത്പര്യം കാണിച്ചു. ആ മരങ്ങളില്‍നിന്ന് ഒരു തുടക്കം കിട്ടുകതന്നെചെയ്തു. വാന്‍ഗോഗും ഈ മാര്‍ഗമാണ് സ്വീകരിച്ചത്. ഖനിതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ വരച്ച ചിത്രങ്ങള്‍ അത് വ്യക്തമാക്കുന്നു. ഉറങ്ങുന്ന തൊഴിലാളിയെ ഓര്‍ക്കുക. വാന്‍ഗോഗ് വരച്ച സൈപ്രസ് മരങ്ങളും ഗോതമ്പുപാടവും പ്രകൃതിയുടെ നിറങ്ങള്‍കൊണ്ട് കലാവിഷ്കാരം തേടുകയാണ്. മനുഷ്യചിന്തയെ പ്രകൃതിയിലേക്ക് സംക്രമിപ്പിച്ച ചിത്രകാരനാണ് അദ്ദേഹം. തന്‍റെ വിഭ്രാമകമായ അസ്തിത്വ പ്രതിസന്ധികള്‍ എവിടെ നോക്കിയാലും തെളിഞ്ഞുവരുമായിരുന്നു.

കലങ്ങിമറിയുകയായിരുന്നു ആ മനസ്. ഒന്നും നേരെയാക്കാന്‍ കഴിയാത്തതുകൊണ്ട് ഹതാശനായി കാന്‍വാസിലേക്ക് തിരിയുകയായിരുന്നു. കാന്‍വാസ് പുതുലോകവും പുതുജീവിതവും നല്‍കി. എന്നാല്‍ ആ സന്തോഷം നീണ്ടുനില്‍ക്കില്ല. വര പൂര്‍ത്തിയാകുന്നതോടെ അതുമായി ബന്ധപ്പെട്ട എല്ലാ പ്രതീക്ഷകളും മിഥ്യ എന്നപോലെ മനസില്‍ നിന്നിറങ്ങിപ്പോകും. ഭാവനകൊണ്ട് ജീവിക്കാന്‍ മോഹിച്ച വാന്‍ഗോഗ് അതുകൊണ്ടുതന്നെ മുറിവേറ്റവനായി. ഒന്നിലും സ്ഥിരമായ ഒരസ്തിത്വമില്ല എന്ന ദുഃഖമാണ് അദ്ദേഹത്തെ വേട്ടയാടിയത്. എപ്പോഴും അസ്ഥിരപ്പെടുത്തുന്നതെന്താണോ, അതില്‍ നിന്ന് വിടുതല്‍ നേടാനാണ് വരയ്ക്കുന്നത്. അതാകട്ടെ, പിന്നീട് മറ്റൊന്നിന് പ്രേരണയാവുകയാണ്.

നിറങ്ങള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല. നിറത്തിനു അതിന്‍റെ തന്നെ സ്ഥിരതയുണ്ട്. എന്നാല്‍ സാധാരണ നിറങ്ങള്‍ എവിടെയാണുള്ളത്? ഒരു നിറവും അതിന്‍റെ ക്ലാസിക്കല്‍ ഐഡന്‍റിറ്റിയില്‍ ചിത്രകാരന് ആവശ്യമില്ല. നിറങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങളും പ്രകൃതിയിലെ നിറവൈവിധ്യവും ഒരാള്‍ തന്‍റെ സര്‍ഗാത്മകമായ കര്‍ത്തൃത്വത്തിനു അനുഗുണമായവിധം അഴിച്ചു പണിയേണ്ടതുണ്ട്. സ്വാഭാവിക നിറങ്ങളില്‍ നിന്നുള്ള വളര്‍ച്ചയാണത് വ്യക്തമാക്കുന്നത്. ഒരാള്‍ ഒന്നും വിശേഷിച്ച് ചെയ്തില്ലെങ്കിലും നിറം അതിന്‍റെ സഹജമായ സംസ്കാരത്തില്‍ ചിലതെല്ലാം ധ്വനിപ്പിക്കുന്നു.

നിറങ്ങളില്‍നിന്ന് നിപതിച്ച്, ആത്മാവിന്‍റെ നഗ്നതയില്‍ ആലംബമറ്റ് വീണ ഒരു കലാകാരന്‍റെ ഏറ്റവും നിഗൂഢമായ സ്വകാര്യജീവിതമാണ് 'വാന്‍ഗോഗിന്' എന്ന നോവിലിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്. വാന്‍ഗോഗിന്‍റെ മരണശേഷം, മൂന്നുദിവസത്തിനുള്ളില്‍ പത്രങ്ങളില്‍ ആ മരണത്തെക്കുറിച്ച് വന്ന വ്യത്യസ്ത സ്വഭാവങ്ങളുള്ള ഏതാനും റിപ്പോര്‍ട്ടുകളാണ് ഈ നോവലിന്‍റെ രൂപം. യഥാര്‍ത്ഥത്തില്‍ വാന്‍ഗോഗ് എഴുതിയ കത്തുകളല്ല, ചില വിഷമഘട്ടങ്ങളില്‍ അദ്ദേഹം എഴുതിയേക്കാവുന്ന കത്തുകള്‍ എങ്ങനെയായിരിക്കും എന്നാണ് ഞാന്‍ ആലോചിച്ചത്. ഹൂര്‍ണി എന്ന ഗര്‍ഭിണിയായ വേശ്യയെ കല്യാണം കഴിച്ച് കൂടെ താമസിച്ചിരുന്നല്ലോ. അതിനുശേഷം വാന്‍ഗോഗ് തന്‍റെ പില്‍ക്കാല അലച്ചിലുകളെക്കുറിച്ച് ഹൂര്‍ണിയുമായി സംവദിച്ചിരുന്നില്ലെന്ന് പറയുന്നവരുണ്ടാകാം.

പക്ഷേ, ഒരു സാധ്യത നിലനില്‍ക്കുന്നു.
വാന്‍ഗോഗിന് ചെവി നഷ്ടമായ സംഭവം ഇന്ന് ഒരു മിത്താണ്. പല നിഗമനങ്ങള്‍ കണ്ടു. എന്‍റെ നോവലില്‍ ആ ചെവി മുറിച്ചത് സുഹൃത്ത് ഗോഗിന്‍ ആണെന്ന് വിവരിക്കുന്നു. കാരണം ആ സംഭവത്തോടെ അവര്‍ അകലുകയാണ്. ഒരു കാര്യം താന്‍ ആരോടും പറയാതെ സൂക്ഷിക്കുകയാണെന്ന് വാന്‍ഗോഗ് സുഹൃത്തിനെഴുതിയിട്ടുണ്ട്. ഇവിടെയെല്ലാം മൗനങ്ങളാണ് നിറയുന്നത്. റേച്ചല്‍ എന്ന യുവതി അവരുടെ അയല്‍ക്കാരിയായിരുന്നു. റേച്ചല്‍ ഒരു പ്രണയവസ്തുവായി മാറാതിരിക്കുമോ? ലൈംഗികമോഹമോ ലൈംഗികശേഷിക്കുറവോ ഒന്നുമല്ല, മോഡിലിംഗിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍പോലും കലഹത്തിനുള്ള തീപ്പൊരിയാണ്. വാള്‍പ്പയറ്റില്‍ കഴിവുണ്ടായിരുന്ന ഗോഗിനു ഒരു വീശലില്‍ വാന്‍ഗോഗിന്‍റെ ചെവിയരഞ്ഞുകളയാനാവും, അബദ്ധത്തില്‍പ്പറ്റിയ ഒരു ചുവടുവയ്പിലാണെങ്കില്‍പ്പോലും.

കലാകാരനാവുന്നവര്‍ വാന്‍ഗോഗിനെ അറിയുന്നത് നല്ലതാണ്. മറ്റെന്തിനേക്കാളും വലിയ സ്ഥാനം അതിനു നല്‍കിയാലേ പ്രസക്തിയുള്ളൂ. കലയും കലാകാരനും ദൈവപദത്തിലേക്ക് ഉയരുന്നത് അവിടെയാണ്. വാന്‍ഗോഗിന് എന്ന നോവല്‍ എന്‍റെ 'ശ്രീനാരായണായ', 'ജലഛായ' എന്നീ നോവലുകളെപ്പോലെ രൂപത്തില്‍ ഒരു പരീക്ഷണമാണ്; നവനോവല്‍ പ്രസ്ഥാനത്തിന്‍റെ മുഹൂര്‍ത്തമാണ്. സ്യുഡോ റിയലിസം എന്ന പ്രസ്ഥാനത്തിന്‍റെ ഉദയമാണിത്.