Followers

Sunday, June 14, 2026

അക്ഷരജാലകം / എം.കെ.ഹരികുമാർ

 





ഖസാക്കിൻ്റെ ഇതിഹാസത്തിനു ശേഷം ഗോവർധൻ്റെ യാത്രകൾ 


പുതിയൊരു ഭാഷയാണ് ഒ.വി. വിജയൻ്റെ 'ഖസാക്കിന്റെ ഇതിഹാസം'(1969) സംഭാവന ചെയ്തത്. അതുവരെ നോവൽ എഴുതാൻ ഉപയോഗിച്ച ഭാഷയല്ലായിരുന്നു അത് ; അതുവരെ പ്രചാരത്തിലിരുന്ന വിവരണരീതിയുമല്ലായിരുന്നു. അതിൽ ഒരു സോദ്ദേശ്യ നായകനില്ലായിരുന്നു. വിപ്ലവത്തിൽ ഏർപ്പെടുന്ന, സമരം ചെയ്യുന്ന ,സ്ത്രീ സുരക്ഷയ്ക്കായി നിലകൊള്ളുന്ന നായകനല്ലായിരുന്നു രവി. രവി അയാളുടെ മാത്രം പ്രശ്നത്തിനകത്ത് കുതിർന്ന്, ദ്രവിച്ച് പോവുകയായിരുന്നു.നിസ്സഹായതയുടെ പുതിയൊരു മുഖമായിരുന്നു ആ നായകൻ. ജീവിതത്തിൻ്റെ പ്രകൃതത്തിലേക്ക് തുറന്നു വച്ച കഥാപാത്രം. ഒരു സന്ദേശവുമില്ല.അതൊരു ജീവിത മാതൃകയല്ലായിരുന്നു.അയാൾ വിജയിക്കാൻ വേണ്ടി ഒന്നും ചെയ്തില്ല. അതുകൊണ്ട് പരാജയം എന്ന് വിളിക്കാവുന്ന തരത്തിൽ അയാൾ വീണു കൊടുക്കുന്നു. ഖസാക്കിലെ ഈ ഭാഷ നോക്കൂ:
"രവി ഉറങ്ങാൻ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു, തുടിക്കുന്നു. ഈശ്വരാ, ഒന്നുമറിയരുത് .ഉറങ്ങിയാൽ മതി .ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തലചായ്ക്കുക. കാടായി ,നിഴലായി ,മണ്ണായി ആകാശമായി വിശ്രമം കൊള്ളുക.  അറിവിൻ്റെ കണ്ണുകൾ പതുക്കെ പൂടി. മിന്നിത്തുടിക്കുന്ന ബഹിരാകാശം  കയ്തപ്പൊന്തകളിലേക്കിറങ്ങി വന്ന് ഖസാക്കിലെ മിന്നാമിനുങ്ങുകളായി.ആ അനന്തരാശിയിൽ നിന്ന് ഏതോ സാന്ദ്രതയുടെ കിനിവുകൾ അയാളുടെ നിദ്രയിലിറ്റുവീണു. അവ ആ മനുഷ്യനെ സ്നാനപ്പെടുത്തി."

ഒരു പ്രവചനാത്മക ആത്മീയ ഭാഷയാണിത്. മനസിൽ പതിഞ്ഞ ബിംബങ്ങൾ ആവിഷ്കരിക്കുകയാണ്. വസ്തുവിന്റെ ഉള്ളിലേക്ക് യാത്ര ചെയ്യുന്ന അനുഭവമാണ്. അതീതമായ ആനന്ദത്തെ ലക്ഷ്യം വയ്ക്കുന്ന വാക്കുകളായി അത് നിറഞ്ഞുനിന്നു. ജീവിതത്തിൻ്റെ നശ്വരതയിൽ മറഞ്ഞിരിക്കുന്ന ആനന്ദവും സൗന്ദര്യവും തേടുകയാണ് നോവലിസ്റ്റ് .ഒരു ഗ്രാമത്തിലെ നൂറ്റാണ്ടുകളായുള്ള മിത്തുകളും ആചാരങ്ങളും ഓർമ്മകളും സംഭാഷണങ്ങളും പ്രകൃതിയും ചേർന്നുണ്ടാകുന്ന സവിശേഷമായ ഒരു ഭാവുകത്വമാണ് 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിലുള്ളത്.

നോവൽ ഒരു കലാരൂപമാണ്

എല്ലാ സൗന്ദര്യാസ്വാദകർക്കും ആവശ്യമുള്ളതത്രയും ആ നോവലിൽ നിന്ന് ലഭിച്ചു .പല തലമുറകളെ അത് വായിപ്പിച്ചു. സൂക്ഷ്മമായ ലോകങ്ങൾ അനാവരണം ചെയ്യപ്പെട്ടു. നഷ്ടപ്പെടുമായിരുന്ന ഗ്രാമ്യതയുടെ കാണാകുടുക്കുകൾ സുന്ദരമായി തിരിച്ചെടുത്തു തരുകയായിരുന്നു നോവലിസ്റ്റിൻ്റെ ഉദ്യമം. സൗന്ദര്യാരാധകൻ്റെ നോവലാണ് 'ഖസാക്കിൻ്റെ ഇതിഹാസം'.

ഇതിനു ബദലായി ചിലർ സ്വാതന്ത്ര്യസമരം, പുന്നപ്ര - വയലാർ സമരം, ജാലിയൻ വാലാബാഗ്, ഇന്ത്യ - ബംഗ്ലാദേശ് യുദ്ധം ,നെഹ്റുവിൻ്റെ ജീവിതം ,വയനാട്ടിലെ ആദിവാസി ജീവിതം, ആശുപത്രിയിലെ ജീവിതം ,കുട്ടനാടൻ ജീവിതം തുടങ്ങി പല മേഖലകളെ പരിചയപ്പെടുത്തിയെങ്കിലും അതെല്ലാം നോവൽ എന്ന കലയുടെ 200 മീറ്റർ അകലെ പോലും എത്തിയില്ല .നോവൽ ഒരു കലയാണെന്ന തലത്തിൽ ഭാവന ചെയ്യാൻ കഴിയണം. നോവൽ ചരിത്രം എഴുതി നിറയ്ക്കാനുള്ള മാധ്യമമല്ല; അതൊക്കെ കാലഹരണപ്പെട്ട സങ്കല്പമാണ്.രാഷ്ട്രീയസമരങ്ങളെ ഓർത്തു വയ്ക്കാനുള്ള ഇടമല്ല നോവൽ. അത്  ഒരു കലാകാരന്റെ തനിച്ചുള്ള ആന്തരയാത്രയും വെളിപാടുമാണ്. ദുർഗ്രഹമായ ജീവിതത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പറയുന്നതിനേക്കാൾ, അത് എങ്ങനെ വിചിത്രവും ദുരൂഹവുമായിരിക്കുന്നു എന്ന് എഴുതി അവതരിപ്പിക്കുന്നതാണ് മാജിക്. പ്രമുഖ ചെക്ക് നോവലിസ്റ്റ് മിലാൻ കുന്ദേര എഴുതി, അധുനിക നോവൽ അസ്തിത്വത്തെക്കുറിച്ചുള്ള ധ്യാനമാണെന്ന്.അത് ഖസാക്കിലുണ്ട്. അതിനു പകരം കുറെ ചരിത്രം ഭാവന ചെയ്യാൻ കൊള്ളാത്ത ഭാഷയിൽ സ്ഥൂലമായി വിവരിക്കുന്നത് കലയാവില്ല. നോവലിന് വേണ്ടത് പൊതു വ്യവഹാരത്തിനുപയോഗിക്കുന്ന നിശ്ചലമായ ഗദ്യമല്ല. അത് വസ്തുവിനെ കണ്ണാടിയിലെന്ന പോലെ പ്രതിബിംബിക്കുകയും അതിൻ്റെ വിസ്തൃതമായ ഋതുഭേദങ്ങളിലേക്ക് നയിക്കുകയും വേണം.

'ഖസാക്കിൻ്റെ ഇതിഹാസം' മലയാളനോവലിൻ്റെ ഒരേയൊരു വസന്തഋതുവാണ്. അത് വന്യമായ സൗന്ദര്യവും സംഗീതവുമാണ്. സൗന്ദര്യത്തിൻ്റെ പൂക്കളാണ് അതിൽ വിടർന്നത്. ഖസാക്കിന് ശേഷമുണ്ടായ ഏറ്റവും മികച്ച നോവൽ ഏതെന്ന  ചോദ്യം പ്രസക്തമായിരിക്കുന്നു. അതിനു ശേഷം പ്രത്യക്ഷപ്പെട്ട ഏറ്റവും വലിയ സർഗാത്മക നോവൽ ആനന്ദിന്റെ 'ഗോവർധൻ്റെ യാത്രകളാ'ണ്. ഖസാക്ക് ഒരു ഇന്ത്യൻ നോവലാണെങ്കിൽ 'ഗോവർധൻ്റെ യാത്രകൾ' ഇന്ത്യൻ പശ്ചാത്തലമുള്ള അന്താരാഷ്ട്ര നോവലാണ്. സംവേദനക്ഷമത നഷ്ടപ്പെട്ട മലയാള വിമർശകരും എഴുത്തുകാരും 'ഗോവർധന്റെ യാത്രകൾ' വേണ്ടപോലെ വായിച്ചിട്ടില്ല. 1995 ൽ  പ്രസിദ്ധീകരിച്ച ഈ നോവൽ മുപ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. താരതമ്യേന നല്ലൊരു കാലഘട്ടമാണിത്. ഈ കാലത്തിനിടയിൽ ഇതിനെ മറികടക്കുന്ന കൃതികൾ എഴുതാൻ ശേഷിയുള്ളവർ ഉണ്ടായിട്ടില്ലെന്ന് അനുമാനിക്കാൻ പ്രേരിപ്പിക്കുന്നതാണ് 'ഗോവർധന്റെ യാത്രകളു'ടെ  വേറിട്ടുള്ള നിൽപ്പ്.

പുതിയ ആഖ്യാനം 

നോവൽ എന്ന കലാശില്പത്തിൻ്റെ വിവിധ തലങ്ങളിലുള്ള സൗന്ദര്യം പ്രത്യക്ഷമാക്കുന്ന ഈ നോവൽ മനുഷ്യാനുഭവത്തിന്റെയും സ്വഭാവത്തിൻ്റെയും ദ്വന്ദങ്ങൾ എടുത്തുകാണിക്കുന്നു. സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടം ഈ നോവലിലാണ് ഏറ്റവുമധികം കാണാൻ കഴിയുക. 'ഗോവർധൻ്റ യാത്രകൾ' ഇന്ത്യൻ നോവലിലുണ്ടായ ഒരു അത്ഭുതമാണ്. നോവലിൻ്റെ രചനയിൽ ഇതുവരെ കണ്ടെത്തിയ സങ്കേതങ്ങളിൽ വച്ച് ഏറ്റവും പുതുമയുള്ളതാണ് ഇതിൻ്റെ ആഖ്യാനം. ഇത് ആനന്ദ് കടമെടുത്ത ഒരു കഥാപാത്രത്തിന്റെ കഥയാണ്.പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച ഹിന്ദി നാടകകൃത്ത് ഭാരതേന്ദു ഹരിച്ഛന്ദ്ര (1850-1888) എന്ന നാടകകൃത്തിൻ്റെ 'അംധേർ നഗരി'(1881) എന്ന രചനയാണ് നോവലിന് വഴികാട്ടിയാകുന്നത് .ഇത് ബി.വി. കാരന്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. അതിലെ ഒരു കഥാപാത്രമാണ് ഗോവർധൻ. ചെയ്യാത്ത കുറ്റത്തിന് രാജാവ് അയാളെ ജയിലിട്ടിരിക്കുകയാണ്. നാടകകൃത്ത് ചിന്തയുടെ ഒരു നിമിഷത്തിൽ തൻ്റെ നാടകത്തിൽ നിന്ന് ഈ കഥാപാത്രത്തെ സ്വതന്ത്രമാക്കുന്നു. ഇനി ഗോവർധന് സ്വതന്ത്രമായി ജീവിക്കാം. അതിനു നാടകകൃത്ത് തടസ്സമായിരിക്കില്ല. ഈ നാടകത്തിൻ്റെ കഥ ഇങ്ങനെ സംഗ്രഹിക്കാം: 'അംധേർ നഗരിയിലെ ചൗപട് രാജാവിൻ്റെ മുന്നിൽ വരുന്ന ഒരു കേസിൽ നിന്നാണ് തുടക്കം.ആ നഗരം നീതിയുക്തമായ ബസാർ എന്ന നിലയിൽ പ്രസിദ്ധമാണ്. കഥയിലേക്ക് കടക്കാം. 'കല്ലുവിന്റെ മതിൽ വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനു ശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാൾക്ക് കൂടുതൽ വെളളമൊഴിച്ചു കൊടുത്ത ദിശ്തിയെയും ദിശ്തിക്ക്   വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും, കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയനെയും ഒടുവിൽ വിൽക്കുന്ന സമയത്ത് ഇടയൻ്റെ ശ്രദ്ധ തെറ്റിച്ച കോത്വാലിനെയും തൂക്കി കൊല്ലുവാൻ വിധിച്ച നീതിബോധമില്ലാത്ത ചൗപട് രാജാവ്. അവസാനം, തൂക്കുകയറിന്റെ കുടുക്ക് കോത്വാലിന്റെ കഴുത്തിൽ കടക്കുന്നില്ലെന്നതിനാൽ കഴിവിലേറ്റുവാൻ കൊണ്ടുപോകപ്പെടുന്ന കുടുക്കിനിണങ്ങിയ കഴുത്തുള്ള വഴിപോക്കനാണ് ഗോവർധൻ.'

ഇപ്പോൾ ഗോവർധൻ ആരാണെന്ന് മനസ്സിലായല്ലോ. ഈ പശ്ചാത്തലം വിവരിച്ചുകൊണ്ട് ആനന്ദ് താൻ അഭിമുഖീകരിക്കുന്നത് കാലഭേദമില്ലാത്ത നീതിയുടെ പ്രശ്നമാണെന്ന് സൂചിപ്പിക്കുന്നു. അങ്ങനെ അദ്ദേഹം ഭാരതേന്ദ്ര ഹരിച്ഛന്ദ്രയുമായി ഭാവനയിൽ സംസാരിക്കുന്നു .സാധാരണക്കാർക്ക് നീതി ലഭിക്കുമോ എന്ന വിഷയത്തെക്കുറിച്ച് അവർ ആഴത്തിൽ ചർച്ച ചെയ്തു .ഗോവർധൻ്റെ കാര്യത്തിൽ ഭാരതേന്ദു ഹരിച്ഛന്ദ്രയ്ക്ക് കുറ്റബോധം തോന്നി. അനീതിയുടെ കൽതുറുങ്കുകൾ ഭേദിക്കാൻ നീതിമാന്മാർ വരുമെന്ന് കരുതിയിരിക്കുന്നത് വ്യർത്ഥമാണ്. ഗോവർധനെ സൃഷ്ടിച്ച ഭാരതേന്ദു തന്നെ അതിന് മുന്നോട്ടുവരുന്നു. അദ്ദേഹം ഗോവർധനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ ചെന്ന്  വാതിൽ തുറന്നിടുന്നു. ഗോവർധൻ പുറത്തിറങ്ങി. അനീതിയും ഇരുട്ടും തിന്ന് ശോഷിച്ച ആ മനുഷ്യനുമായി സംസാരിക്കാൻ പലർക്കും അവസരമുണ്ടാകുന്നു. അയാൾ നീതി നിഷേധിക്കപ്പെടുന്നതിന് ഇരയാകുന്ന പലരിലൂടെ ജീവിക്കുന്നു.

നീതിയുടെ യുക്തി 

'നീതിയും അനീതിയും തിരിച്ചറിയാനാവാത്ത വിധം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ,ശരിയും തെറ്റും, പ്രകാശവും തമസ്സും തമ്മിൽ വേർതിരിക്കേണ്ട ആവശ്യം മനസ്സിലാക്കപ്പെടുക കൂടി ചെയ്യാത്ത ലോക'മാണിതെന്ന് ആനന്ദ് ആമുഖത്തിൽ എഴുതുന്നത് ഈ നോവലിൻ്റെ മേഖല ഏതാണെന്ന് വ്യക്തമാക്കി തന്നു. 'ആടിനെ കൊന്ന കുറ്റത്തിന് ആരെയെങ്കിലും കഴിവിലേറ്റാതെ പോയാൽ അത് അന്യായമാകുമെന്ന്' ചൗപട് രാജാവിന്റെ കോടതിയിലെ സിപാഹി പറഞ്ഞത് ഭാരതേന്ദുവിനെ സ്തബ്ദനാക്കുകയാണ്.

ഗോവർധൻ പിന്നീട് കണ്ടത് നീതിയുടെയും ശരിയുടെയും ലോകത്ത് നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട മനുഷ്യരെയാണ്.ഇരുപത്തിനാലാം  അധ്യായത്തിൽ രാജാവിന്റെ ഭടൻ, ഗോവർധൻ രക്ഷപ്പെട്ട കാര്യം വിവരിക്കുന്നത് വായിക്കാം. ഇത് ആനന്ദും ഭാരതേന്ദു ചേർന്ന് എഴുതുകയാണെന്ന് സങ്കല്പിച്ചാലും തകരാറില്ല .ഭാരതേന്ദുവിൻ്റെ കഥാപാത്രമായ ഗോവർധൻ ഇപ്പോൾ ആനന്ദിന്റെ കൈയിലെ ഉപകരണമാണ്. അയാൾ ജയിൽ ചാടിയവനാണ്. അതുകൊണ്ട് അയാളെ പിടിക്കാൻ ജയിലധികാരികൾ ശ്രമിക്കാതിരിക്കില്ല.

'കേൾക്കുവിൻ, കേൾക്കുവിൻ! മഹാരാജാവിന്റെ അടിയന്തര കൽപ്പന! ഇന്നേക്ക് 14 ദിവസത്തിനകം ജയിൽ ചാടിപ്പോയ കൊലപ്പുള്ളി ഗോവർധനെ  പിടികിട്ടിയില്ലെങ്കിൽ, വധശിക്ഷ തിരിയെ കോത്വാലിന് നൽകുന്നതായിരിക്കും.കോത്വാൽ  ഇതിനകം ചാടിപ്പോവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, ആട്ടിടയനെ വധിക്കുന്നതായിരിക്കും. ആട്ടിടയൻ ഇതിനകം അപ്രത്യക്ഷനാവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, കസായിയെ വധിക്കുന്നതായിരിക്കും. കസായി ഇതിനകം അപ്രത്യക്ഷനാവുകയും ,അടുത്ത 14 ദിവസത്തിനകം അയാളെ  പിടികിട്ടാതിരിക്കുകയും ചെയ്താൽ കുമ്മായക്കാരനെ വധിക്കുന്നതായിരിക്കും. കുമ്മായക്കാരൻ ഇതിനകം അപ്രത്യക്ഷനാവുകയും ,അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, ആശാരിയെ വധിക്കുന്നതായിരിക്കും. ആശാരി ഇതിനകം അപ്രത്യക്ഷനാവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, കല്ലുബനിയായെത്തന്നെ വധിക്കുന്നതായിരിക്കും. കല്ലുവിന്റെ മതിൽ വീണു വഴിയെ പോയ ആട് ചത്ത കുറ്റത്തിന് ആരെയെങ്കിലും ശിക്ഷിക്കാതെ നിവൃത്തിയില്ലാത്തതിനാൽ ,രാജ്യത്ത് ഇനിമേൽ കൊലക്കുടുക്ക് ഉപയോഗിച്ചല്ല ,ശിരച്ഛേദം ചെയ്തിട്ടായിരിക്കും നടത്തുക എന്ന് രാജാവ് സദയം ഉത്തരവായിരിക്കുന്നു.'

ഗോവർധൻ ഒരു  കഥാപാത്രമാണെങ്കിലും അയാൾ ജീവിക്കുന്ന ഒരു മനുഷ്യനാണ്. അയാളെക്കുറിച്ച് കടലാസിലാണ് രേഖകൾ ഉള്ളതെങ്കിലും അയാളും  ജീവിക്കുകയാണ് .അയാൾ കടലാസിൽ പലവിധത്തിലുള്ള ദുരന്തങ്ങളെ അഭിമുഖീകരിച്ചിരിക്കുന്നു.
അയാൾ രക്ഷപ്പെട്ടെത്തിയ ഒരു പട്ടണത്തിലെ കാഴ്ചകൾ ആ വിധിയെ ശരിവെക്കുന്നതായിരുന്നു. അവിടെ പേടിപ്പിക്കുന്ന ഒരു നിശബ്ദതയാണ് തങ്ങി നിന്നത് .അവിടെ കണ്ട  ആളുകളുടെ മുഖങ്ങളിൽ വിരക്തി എന്ന രോഗം പ്രകടമായിരുന്നു. വൃത്തികേട് പോലെ സൗന്ദര്യവും അവർക്ക് അസഹ്യമായിരുന്നു .ഒന്നും സുന്ദരമാക്കണമെന്ന് ആഗ്രഹിക്കാത്തവർ .വീടുകളും തെരുവുകളും വൃത്തിഹീനമായിരുന്നു. കാണുവാനും കേൾക്കുവാനും കഴിഞ്ഞിരുന്നെങ്കിലും മൂകരെയോ ബധിരരെയോ പോലെയാണ് അവർ നടന്നത്.

ഗോവർധൻ ഉറുമ്പുകളോടൊത്ത് 

ഏറ്റവും ഭയപ്പെടുത്തിയത് തെരുവ് പട്ടികളാണ്. അവയെല്ലാം കാഴ്ചയില്ലാത്തവയായിരുന്നു. ഓടുമ്പോൾ അവ എവിടെയോ ചെന്നിടിച്ച് വീണു .ആ പട്ടണത്തിൽ സകല മൃഗങ്ങളും എങ്ങനെയാണ് അന്ധരായതെന്ന് അയാൾക്ക് പിടികിട്ടിയില്ല. നീതിയുടെ യുക്തിയെ തന്നെ അന്ധമാക്കുന്ന തരം കാഴ്ചകൾ ഈ നോവലിൽ ധാരാളമുണ്ട്. ഇത് നമ്മുടെ നോവൽ സാഹിത്യത്തിന് പുതിയൊരു മുഖമാണ് നൽകുന്നത്. ഇതിന് സമാനമായ ' മറ്റൊരു നടുക്കം സൃഷ്ടിക്കാൻ പിന്നീട് ഒരു നോവലിസ്റ്റിനും കഴിഞ്ഞിട്ടില്ല. മലയാളസാഹിത്യത്തിൽ മഹത്തായ ഒരു പാഠമാണ് ആനന്ദ് നിർമ്മിച്ചിരിക്കുന്നത്.

ഗോവർധൻ്റെ യാത്രകൾക്ക് ശേഷമുള്ള ശൂന്യതയെക്കുറിച്ചല്ല നാം സംസാരിക്കേണ്ടത് ;ഇത് 'ഖസാക്കിൻ്റെ  ഇതിഹാസ'ത്തിനു ശേഷം സ്പഷ്ടമായ ഉത്തരങ്ങളോടെ നോവൽ വായനയെ വഴിതിരിച്ചുവിട്ടു എന്നതിലാണ്. ആനന്ദ് ഈ നോവൽ അവസാനിപ്പിക്കുന്നത് തന്റെ കഥാപാത്രത്തെ ഭാരതേന്ദുവിൻ്റെ  നാടകത്തിലേക്ക് പറഞ്ഞയച്ചു കൊണ്ടല്ല ,ഉപേക്ഷിച്ചുകൊണ്ടാണ്. ഗോവർധൻ ഒടുവിൽ ഗത്യന്തരമില്ലാതെ ,ദുഃഖഭാരം പോലും വികാരമുണർത്താത്ത ഘട്ടത്തിൽ ഉറുമ്പുകളോടൊപ്പം യാത്ര പോവുകയാണ് .ഉറുമ്പുകൾ അയാളോട് പറഞ്ഞത് അവരുടെ കൂടെ ചേർന്നാൽ രാത്രി അയാൾ ഗ്രാമത്തിൽ എത്തുകയില്ല എന്നാണ്.  അപ്പോൾ അയാൾ പറയുന്നത്, ഏതെങ്കിലും ഒരു രാത്രിയിൽ ഏതെങ്കിലും ഒരു ഗ്രാമത്തിൽ എത്തിയാൽ മതിയെന്നാണ്! ഉറുമ്പുകളുടെ യുക്തി ഗോവർധനെ ഞെട്ടിച്ചു :'ഞങ്ങളുടെ കൂടെ നടന്നു തുടങ്ങിയ നിങ്ങൾ കണ്ടേക്കും, നിങ്ങൾ നടന്നുവന്ന വഴികൾ പലതും ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂവെന്ന്!

ആനന്ദ് പറയുന്നത് വായനക്കാർക്ക് ഗോവർധനെ വിട്ടുതരുന്നു എന്നാണ്. കാരണം ഗോവർധനെ അറിയുന്ന വായനക്കാർക്ക് അയാളോടൊപ്പം നടക്കാനാവും.

രജതരേഖകൾ

1)ബി.രാജീവൻ 

ഇടതുപക്ഷ പാർട്ടികൾക്ക് ഇന്നത്തെ നവജനാധിപത്യമുന്നേറ്റ പ്രക്ഷോഭങ്ങളിൽ പങ്കാളിത്തമില്ലെന്നും ലോകമെങ്ങുമുള്ള സാധാരണ ജനങ്ങളുടെ നേതൃത്വരഹിത സമരങ്ങളിൽ ഇടതു പാർട്ടികൾ  ഒറ്റപ്പെട്ടുവെന്നും ബി.രാജീവൻ (മോഹൻലാലിൻ്റെ പിണറായി വിജയൻ അഭിമുഖം, പ്രസാധകൻ ,ഏപ്രിൽ) അഭിപ്രായപ്പെടുന്നു.യഥാർത്ഥത്തിൽ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടികളും അവരുടെ ഒഫീഷ്യൽ ചട്ടങ്ങളിലും മുൻവിധികളിലും ജീവിക്കുകയല്ലാതെ പുതിയ ബഹുജനങ്ങളെ തങ്ങളോടൊപ്പം കൂട്ടാൻ ഒന്നും ചെയ്യുന്നില്ല .അധികാരം നേടാൻ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുകയും അത് ലഭിച്ചു കഴിയുമ്പോൾ കാലാവധി തീരും വരെ തങ്ങളിൽപ്പെട്ടവരെ അല്ലാതെ മറ്റാരെയും ആവശ്യമില്ലെന്ന് തീരുമാനിക്കുകയും മറ്റുള്ളവരോട്  യാതൊരു വിധ സമ്പർക്കവുമില്ലാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്.ഇതിൻ്റെ ഫലമായി വായു കടക്കാത്ത ഒരു അടഞ്ഞ ലോകം സൃഷ്ടിക്കപ്പെടുന്നു. ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ 'അയിത്ത'ത്തെ ഒരു പ്രധാന മൂല്യമായി സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളിൽ പോലും വെച്ച് വാഴിച്ചു .തങ്ങൾ മാത്രം മതി, മറ്റുള്ളവരെല്ലാം അസ്പൃശ്യർ എന്ന തികച്ചും ജനാധിപത്യവിരുദ്ധവുമായ സമീപനം ഇടതുപക്ഷത്തെയും അതിൻ്റെ സാംസ്കാരിക നേതൃത്വത്തെയും പുതിയ ഫ്യൂഡൽ മനോഭാവത്തിൻ്റെ അടയാളം എന്ന നിലയിൽ പിടികൂടിയിട്ടുണ്ട്. പുറമേ സാംസ്കാരിക മുഖംമൂടി അണിഞ്ഞ പലരും തങ്ങളുടെ രാഷ്ട്രീയത്തോട് അന്ധമായ അടിമത്വം കാണിക്കാത്തവരെ അന്യരായി കാണുകയും അവരുമായി ഒരു സംഭാഷണത്തിന് പോലും തയ്യാറാവാതിരിക്കുകയും ചെയ്യുന്ന പ്രവണത ഇന്നത്തെ പശ്ചാത്തലത്തിൽ നിരാശയോടെ ഓർക്കാവുന്നതാണ്.  

2)പി.ജെ.ആൻ്റണി 

നാടകകാരനും കവിയും ചലച്ചിത്രനടനുമായ പി. ജെ. ആന്റണിയുടെ സർഗാത്മക ജീവിതത്തെ അടുത്തുനിന്ന് വീക്ഷിക്കുന്ന ലേഖനമാണ് ഡോ. പോൾ മണലിൽ എഴുതിയ 'തീച്ചൂളയിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ജീവിതം'(തന്മ മാസിക ,മെയ്).ഇത് തീവ്രമായ ഒരു വികാര വിസ്ഫോടനമാണ്. ആൻറണി എഴുതിയ 'ശവം സംസാരിക്കുന്നു' എന്ന ഗദ്യഗവിതയിലെ അവസാന വരികൾ തൻ്റെ ശവക്കല്ലറയിൽ എഴുതിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നല്ലോ. ആ വരികൾ അതുപ്രകാരം ശവക്കല്ലറയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പോൾ മണലിൽ ഉദ്ധരിക്കുന്നുണ്ട്: 'വിലമതിക്കാനാവാത്ത അനേകം കഴിവുകളുണ്ടായിരുന്നിട്ടും യാതൊന്നും നേടാതെയും എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങളിൽ ഒന്നുപോലും നിറവേറാതെയും , ആയുഷ്കാലത്തിൽ ഒരു നിമിഷമെങ്കിലും ആശ്വസിക്കാൻ കഴിയാതെയും സ്വന്തമെന്ന് പറയാനും സ്നേഹിക്കാനും ഒരു ജീവിപോലുമില്ലാതെയും ആരംഭം മുതൽ അവസാനം വരെ തീച്ചൂളയിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു.' ജീവിതത്തെ ആഴത്തിൽ പഠിച്ച ഒരു ജീനിയസിന്റെ വരികളാണിത്.എന്താണ് ആഴക്കാഴ്ച!

3)ജോൺ ലെനൻ 

ഇംഗ്ലീഷ് സംഗീതകാരൻ ജോൺ ലെനന്(1940-1980) മരണത്തെ ഭയമില്ലായിരുന്നു .ഒരു കാറിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതുപോലെയാണത്രേ മരണം.

4)പി.എ.ബക്കർ 

പി.എ.ബക്കറുടെ 'മണിമുഴക്കം'(1976)എന്ന ചിത്രത്തിനു സാമൂഹ്യപ്രസക്തിയുണ്ട്. അനാഥനായ ഒരുവൻ്റെ തിരിച്ചടികളാണ് അതിൽ ചിത്രീകരിക്കുന്നത്. ഹരികേശൻ തമ്പി (ഹരി)യാണ് പ്രധാന വേഷം ചെയ്തത്. ശ്രീനിവാസനും അതിൽ അഭിനയിച്ചിട്ടുണ്ട്. സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവലിനെ ആധാരമാക്കിയാണ് ബക്കർ ചിത്രം സംവിധാനം ചെയ്തത്. ആ ചിത്രത്തെക്കുറിച്ച് എം.സി. രാജനാരായണൻ എഴുതിയ ലേഖനത്തിന് (മാതൃഭൂമി ഓൺലൈൻ) കാലിക പ്രസക്തിയുണ്ട്.മലയാളിയുടെ മികച്ച സിനിമയെ തനതായി നിർവ്വചിച്ച സിനിമകളിലൊന്നാണ് 'മണിമുഴക്കം'.

5)ഡോ. വി.രാജകൃഷ്ണൻ ,ആഷാമേനോൻ 

ഇനി എഴുത്തച്ഛൻ പുരസ്കാരം കൊടുക്കേണ്ടത് സാഹിത്യവിമർശകരായ ഡോ.വി. രാജകൃഷ്ണനും ആഷാമേനോനമാണ്. 

6)ഡോ. ജോർജ് മരങ്ങോലി 

ഡോ. ജോർജ് മരങ്ങോലിയുടെ കഥകളുടെ സമാഹാരമാണ് 'ഇനി  ഒരിക്കൽ'(സൺഷൈൻ ബുക്സ്). മുണ്ടക്കൈ ,ചൂരൽമല ഉരുൾപൊട്ടൽ  ദുരന്തം പശ്ചാത്തലമാക്കി എഴുതിയതാണ് ടൈറ്റിൽ കഥയായ 'ഇനി ഒരിക്കൽ'.കുത്തൊഴുക്കിൽപ്പെട്ട് പരസ്പരം വേർപെടാൻ നേരം അവർ പറഞ്ഞു: ഇനി ഒരു ജന്മത്തിൽ കൂടിച്ചേരാമെന്ന്! മരങ്ങോലിയുടെ  കഥകൾ മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്നു. അത് സരളവും ആത്മാർത്ഥവുമാണ് .

7)പി.ജി.സദാനന്ദൻ 

പി.ജി. സദാനന്ദൻ എഴുതിയ രാഷ്ട്രീയ, സാംസ്കാരിക വിവക്ഷകളടങ്ങിയ സാഹിത്യലേഖനങ്ങളുടെ  സമാഹാരമാണ് 'പാപബോധത്തിന്റെ സ്നാനഘട്ടങ്ങൾ'(ഒരുമ). കക്കാടിന്റെയും പണ്ഡിറ്റ് കറുപ്പന്റെയും കരൂർ ശശിയുടെയും കവിതകളെക്കുറിച്ചുള്ള പഠനങ്ങളും ഗാന്ധിജിയെക്കുറിച്ചുള്ള വിചാരങ്ങളും അടങ്ങുന്ന 18 ലേഖനങ്ങൾ ഇതിലുണ്ട്. എന്നാൽ 'വിമർശകർ ഏത്  മാളത്തിൽ പോയി ഒളിച്ചിരിക്കുന്നു? ' എന്ന ലേഖനം വായിച്ചപ്പോൾ സദാനന്ദൻ ഈ രംഗത്ത് വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടില്ല എന്ന് തോന്നി. മലയാളവിമർശനം ഉത്തര- ഉത്തരാധുനികതയിലും നവാദ്വൈതത്തിലും എത്തിയത് അദ്ദേഹം അറിഞ്ഞിട്ടില്ല എന്ന് പറയേണ്ടിവരും.

8)ആസ്വാദനക്ഷമത 

കാക്കനാടന്റെ കഥകൾ ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് ഒരു മുതിർന്ന കഥാകൃത്ത് എഴുതിയത് ഞെട്ടിച്ചു! കഥയുടെ നവീനമായ ഭാവുകത്വത്തെപ്പറ്റി ഒന്നുമറിയാത്തവർ എന്തിനെഴുതുന്നു എന്ന ചോദ്യം ഉയരേണ്ടതുണ്ട്. 

9)ജയകുമാർ മേലൂട്ടത്ത് 

കഴുകൻ പക്ഷികുടുംബത്തെ വെടിവയ്ക്കാൻ ഉത്തരവുണ്ടായിട്ടും മാതൃത്വത്തെയും കുഞ്ഞുങ്ങളെയും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ഓർത്ത് അയാൾ അവയെ കൊല്ലാതെ വിട്ടു. അനുകമ്പയുടെ ഒരു കണം പുറത്തെടുക്കാൻ മനുഷ്യന് കഴിയുക എന്നത് ചെറിയ കാര്യമല്ല. അനുകമ്പ ആകസ്മികമാണ്. ജയകുമാർ മേലൂട്ടത്ത് എഴുതിയ 'കഴുകമാനം'(പച്ചമലയാളം, മെയ്) എന്ന കഥയാണ് ഈ ചിന്തകൾ മനസ്സിലേക്ക് പടർത്തി വിട്ടത്.  അഭിനന്ദനങ്ങൾ!




നിശ്ശബ്ദതയുടെ ഉരഗം ഇഴഞ്ഞ പാട് / എം.കെ.ഹരികുമാർ

 





കുമാരനാശാൻ്റെ 'വീണപൂവ്'  വായിച്ചപ്പോൾ വിമർശക മനസിലുണ്ടായ സൃഷ്ടിപരമായ അലട്ടലുകളെ തത്വചിന്താപരമായി അപഗ്രഥിക്കുകയാണിവിടെ. 


എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക് ' എന്ന കൃതി 1964 ലാണ്  പ്രസിദ്ധീകരിച്ചത്. വിമർശനസർഗ്ഗത്തിൽ ചെയ്തതിന്റെ തുടർച്ചയോ ആ ബിന്ദുവിൽ നിന്നുള്ള  വളർച്ചയോ ആയിട്ട് സമീപകാലത്ത് പ്രസിദ്ധീകരിച്ച 'കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന' എന്ന കൃതിയെ കാണാൻ തോന്നുന്നു. വിമർശനത്തെ ആന്തരികമായ സാഹിത്യകലയുടെ, അനുഭവമായി കാണുകയാണ് എൻ്റെ രീതി. ഒരു പ്രബന്ധകാരന്റെ മുൻകൂട്ടി തീരുമാനിച്ച ആശയങ്ങളോ മറ്റുള്ളവരുടെ ചിന്തകളിലൂടെയുള്ള സഞ്ചാരമോ ഇവിടെ കാണാനാവില്ല. നമ്മുടെ ഭാഷയിൽ ധാരാളം വിമർശന ലേഖനങ്ങൾ വരുന്നുണ്ട് .എന്നാൽ 99 ശതമാനവും സ്റ്റാറ്റസ്കോ നിലനിർത്താനുള്ള വെപ്രാളം മാത്രമാണ്. പ്രതിഷേധിക്കുന്ന ,നവീകരിക്കുന്ന ഒരു തലം കാണാനില്ല.പുതിയൊരു ആലോചനയില്ല .വൈലോപ്പിള്ളിയുടെ 'മാമ്പഴ'ത്തെ പോലും ഒരേ രീതിയിൽ ചർച്ച ചെയ്യുകയാണ്.'വീണപൂവ്','കരുണ' എന്നീ കാവ്യങ്ങൾക്ക് ക്ളീഷേ ആസ്വാദനമാണുള്ളത്. ഒരു കവിതയെക്കുറിച്ച് നൂറ് വർഷത്തിനിടയിൽ പോലും വ്യത്യസ്തമായ ഒരു വായന ഉണ്ടാകുന്നില്ല. 'വീണപൂവി'നെക്കുറിച്ച് അസഹനീയമായ വിധം പഴയ പാഠങ്ങൾ ആവർത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിനെതിരെയാണ് ഞാൻ 'വീണപൂവ് കാവ്യങ്ങൾക്കു മുമ്പേ' എന്ന പുസ്തകമെഴുതിയത്.  അതിൽ ഒരു പൂവിൻ്റെ അനന്യതയാണ് അന്വേഷിച്ചത്. ഒരു വസ്തുവിന് കേവലം അതായിരിക്കാനുള്ള അവകാശമുണ്ട്. വസ്തുവിന്റെ പ്രാഥമികമായ പ്രകൃതി, അസ്തിത്വം നിഷേധിക്കപ്പെടുന്നിടത്ത് കലയില്ല. നമ്മുടെ വായന മറ്റൊരു വഴിക്കാണ് പോകുന്നത്. അത് വളരെ അപക്വവും വഴിതിരിഞ്ഞു പോകുന്നതുമായ  അർത്ഥവിചാരമാണ്. ഒരു കാവ്യത്തിലെ ബിംബങ്ങളെ അർത്ഥപരമായോ അതിവൈകാരികമായോ സമീപിക്കുന്നതിന്റെ കുഴപ്പമാണിത്. 

വീണപൂവ് ആശാൻ്റെ കാമുകിയാണെന്ന് സമർത്ഥിക്കുന്നത് അർത്ഥശൂന്യമാണ് .ഒരു മഹത്തായ കവിതയ്ക്ക് അങ്ങനെ നിലനിൽക്കാനാവില്ല. കവിതയെ അങ്ങനെ ലഘൂകരിക്കാനാവില്ല. പൂവ് കാമുകിയാണെന്ന് പറയുന്നതോടെ അതിന് പ്രണയകാവ്യങ്ങളുടെ പട്ടികയിൽ ഇടം കിട്ടിയേക്കാം.ആ ലേബൽ പതിപ്പിച്ചാൽ അതെഴുതുന്നവന് കൂടുതൽ വായനക്കാരെ കിട്ടുമായിരിക്കും. ഒരു ദുരന്ത പ്രണയകാവ്യം വായിക്കാൻ താത്പര്യപ്പെടുന്നവരുണ്ട്. അല്ലെങ്കിൽ മറ്റൊരു സാധ്യതയുള്ളത് അതിവൈകാരികമായ ഉപഭോഗമാണ്.


പകൽ പോലെയുള്ള സത്യങ്ങൾ കലയിൽ വേണ്ട 


കവിതയിൽ അമിതമായ വൈകാരികഭാരം അടിച്ചേൽപ്പിക്കുമ്പോൾ അതിൽ വിമർശകന്റെ ആന്തരമായ സൂക്ഷ്മദർശനമോ ദാർശനികമായ പര്യവേക്ഷണമോ ഇല്ലാതാകുന്നു. എന്നാൽ 'വീണപൂവ് കാവ്യങ്ങൾക്കു മുമ്പേ' എന്ന കൃതി എഴുതിയപ്പോൾ ഈ ലേഖകനെ അലട്ടിയത്, ഒരു കവിയും പ്രകൃതിയിലെ ഒരു വസ്തുവും തമ്മിലുള്ള സംവേദനത്തിലൂടെ ജീവിതത്തിന്റെ മറഞ്ഞിരിക്കുന്ന പോരളുകളെപ്പറ്റി ആലോചിക്കാനാവുമോ എന്ന പ്രശ്നമാണ്. വസ്തുവിന്റെ ജീവതത്വപരമായ (ontological) അർത്ഥമാണ് കവിതയ്ക്ക് വേണ്ടത്. ജീവതത്വപരം, അല്ലെങ്കിൽ പ്രകൃതത്തിലുള്ള ,അസ്തിത്വപരമായ അർത്ഥം നിശ്ചിതമായ ചതുരവടിവിലുള്ളതല്ല. അത് ഒരു  ത്രികോണം വരയ്ക്കുന്നത് പോലെ ക്ലിപ്തമായിരിക്കില്ല. ത്രികോണത്തിന്റെ മൂന്ന് ബിന്ദുക്കൾ എവിടെയാണെന്നറിയാത്ത ഒരു വിദ്യാർത്ഥിയുടെ ആശയക്കുഴപ്പമാണ് അതിലുള്ളത്.അത് എങ്ങനെ പൂർത്തിയാക്കാം എന്നിടത്താണ് കവിത ആരംഭിക്കുന്നത്. അതുകൊണ്ടാണ് പലരും പറഞ്ഞതും നമുക്ക് നേരത്തെ തന്നെ ഉറച്ചധാരണകളുള്ളതുമായ വസ്തുതയെക്കുറിച്ച് എഴുതരുതെന്ന് വിവരമുള്ളവർ പറയുന്നത്. പകൽ പോലെയുള്ള സത്യങ്ങൾ വിവരിക്കുന്നതിൽ കലയില്ല. അറിയാത്തതിനെക്കുറിച്ചുള്ള അന്വേഷണമാണ് കലയെ മഹത്തരമാക്കുന്നത്. അതിവൈകാരികത കവിതയുടെ ശത്രുവാണ്.

നമുക്ക് അറിയാത്തതാണ് സൃഷ്ടിപരമായ തലത്തിലേക്ക് ഉയരേണ്ടത്‌. അതുകൊണ്ടാണ് പല യുക്തികൾ ഉപയോഗിച്ച് ആശാൻ സങ്കീർണമായ ആ വസ്തുതയെ വിശകലനം ചെയ്യുന്നത്. ഔപനിഷദോക്തികൾ, ചിലപ്പോൾ സമാധാനം തന്നേക്കാം എന്നാണ് അശാൻ പറയുന്നത്. വസ്തുവിൻ്റെ പ്രകൃതത്തിലുള്ള ,പ്രത്യക്ഷത്തിലുള്ള അനന്യതയുടെ തത്വചിന്ത പല വിധത്തിൽ കവി പരിശോധിക്കുന്നത് കാണാം.അപ്പോൾ പോലും പൂർണമായ അർത്ഥമോ ആശയപരമായ ശാന്തിയോ ലഭിക്കുന്നില്ല.  അതുകൊണ്ടാണ് പല യുക്തികൾ ഉപയോഗിച്ച് ആശാൻ സങ്കീർണമായ ആ പ്രകൃതിയെ വിശകലനം ചെയ്യുന്നത്. 


തത്വചിന്താപരമായ അശാന്തി 


വീണപൂവ് അവശേഷിപ്പിക്കുന്നത് അശാന്തിയാണ് .അത് ആശയപരവും തത്വചിന്താപരവുമായ അശാന്തിയാണ്. എന്നാൽ കവിതയിൽ ഒരു കാമുകിയുടെ സ്ഥാനത്താണ് പൂവെന്നും പൂവ് വീണതോടെ കവിയുടെ പ്രണയമാണ് തകർന്നതെന്നും വ്യാഖ്യാനിച്ചാൽ 'വീണപൂവി'ൽ വ്യാപരിക്കുന്ന ജീവതത്വപരമായ ആരായലുകൾ അപ്രത്യക്ഷമാകും. അത് ആണും  പെണ്ണും തമ്മിലുള്ള ബന്ധത്തിൻ്റെ ലോകമായി വഴിമാറിപ്പോകും. ഇത് കവിതയെ അപഹസിക്കുന്നതിന് തുല്യമാണ് .ഇത്തരം വായനയിൽ യാതൊരു ശ്രേഷ്ഠതയുമില്ല. അത് വാണിജ്യവൽക്കരിക്കപ്പെട്ട മനസ്സുകളുടെ പ്രത്യേകതയായി കണ്ടാൽ മതി.

അതിവൈകാരികവും വാണിജ്യപരവുമായ താൽപര്യങ്ങളുള്ള മനുഷ്യർക്ക് കലയുടെ പ്രകൃതത്തെ അറിയാനൊക്കില്ല .ഇവിടുത്തെ വിമർശകർക്ക് ഒരു കവിയുടെ കലാപരവും സൗന്ദര്യാത്മകവുമായ അത്തരം ചോദനകളെ അതിന്റെ അർത്ഥപരതയിൽ സമീപിക്കാൻ ശേഷിയില്ല. അതിനുപകരം അവർ കവിതയിലെ വസ്തുതളെയെല്ലാം മാനുഷിക ജീവിതത്തിലെ കൊടുക്കൽ വാങ്ങലുകളുടെയും വാണിജ്യ താൽപര്യങ്ങളുടെയും ബിംബങ്ങളായി കാണുന്നു.ഇത് കവിതയ്ക്ക് ബാഹ്യമായ ആലോചനകളാണ്. അവിടെ കവിയോ ആസ്വാദകനോ ഇല്ല. 

ആശാൻ പൂവിനെയാണ് അഭിസംബോധന ചെയ്യുന്നത്.ആ  അഭിസംബോധനയ്ക്ക് ആവശ്യമായ യുക്തിയും തത്വചിന്തയും ഭാവനയുമാണ് തേടുന്നത്. അതാണ് കവിതയ്ക്ക് ആവശ്യമുള്ളത്. ഒരു യുക്തി മറ്റൊന്നിന് പരിഹാരമല്ല. ദുർഗ്രഹമായ ഒരു ലോകത്ത് എവിടേക്ക് തിരിയണമെന്ന് ആലോചിച്ച് സന്ത്രാസപ്പെട്ടു നിൽക്കുന്ന അവസ്ഥ 'വീണപൂവി'ലുണ്ട്. അതുകൊണ്ടാണ് ആശാൻ ഇങ്ങനെ എഴുതുന്നത്:

"ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില - ഉന്നതമായ കുന്നു -മെന്നല്ലയാഴിയുമൊരിക്കൽ 
നശിക്കുമോർത്താൽ."

ജീവിത നശ്വരതയെക്കുറിച്ചോർത്താൽ അശാന്തി അകലും. ശാശ്വതമായത് ഒന്നുമില്ലെങ്കിൽ പിന്നെന്തിന്  ആഗ്രഹിക്കണം ,ദു:ഖിക്കണം ? സ്വാർത്ഥത ഒരു മിന്നലാട്ടം മാത്രമാണ്. അതും വ്യർത്ഥമാണ്.

"ഉല്പന്നമായത് നശിക്കു- മണുക്കൾ നിൽക്കും
ഉല്പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉല്പത്തി കർമഗതി പോലെ വരും ജഗത്തിൽ,
കൽപ്പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ."

ഇതും ഒരു യുക്തിയാണ്. കർമ്മഗതിയെ അഭയം പ്രാപിക്കുന്നു. കാമുകിയുടെ മരണത്തിൽ വേദനിക്കുന്ന കവിക്ക് ഇങ്ങനെ ചിന്തിക്കാനാവില്ല. കാരണം കാമുകിയോടുള്ള ബന്ധം വൈകാരികമാണ്. ആശാനാകട്ടെ വൈകാരിക വിച്ഛേദമാണ് അവതരിപ്പിക്കുന്നത്.

പൂവ് ഒരു മറയാണ് 

പൂവ് പ്രതീകമല്ലെന്ന നിലപാടാണ് ഈ ലേഖകൻ്റെ 'വീണപൂവ് കാവ്യങ്ങൾക്ക് മുമ്പേ' എന്ന കൃതിയിൽ കൈക്കൊണ്ടത്. മലയാളവിമർശനത്തിന്റെ ചരിത്രവും, വിശേഷിച്ച് ആശാൻ കൃതികളുടെ വിമർശനത്തിൻ്റെ ചരിത്രവും ഗൗരവത്തോടെ ഉൾക്കൊണ്ട ഒരാൾക്ക് ഇത് വളരെ പുതിയ വീക്ഷണമാണെന്ന് കാണാൻ വിഷമമില്ല. അതുകൊണ്ടാണ് സുകുമാർ അഴീക്കോടും കെ.പി.അപ്പനും എൻ്റെ പ്രതീകവാദവിരുദ്ധ നിലപാട് പ്രസക്തവും പുതിയതുമാണെന്ന് എഴുതിയത്. "ഈ വിമർശനത്തിൽ അസന്നിഗ്ദ്ധമായ ഒരു പൂർവ്വാന്വേഷണ നിരാസവും ഒരു നവദര്‍ശന കൗതുകവും നമുക്ക് കാണാൻ കഴിയുമെന്ന് " അഴീക്കോട് എഴുതുന്നുണ്ട് .വീണപൂവ് ഒന്നിൻ്റെയും പ്രതീകമല്ല - ഇതാണ് എൻ്റെ നിലപാട്.

ഈ കാര്യത്തിൽ 'വീണപൂവി'നെ അതിൻ്റെ തനതായ ജീവതത്വ ബോധത്തിലേക്ക് നയിക്കുന്ന മറ്റൊരു വിമർശനവും മലയാളത്തിൽ ഉണ്ടായിട്ടില്ല.' വീണപൂവ് കാവ്യങ്ങൾക്ക് മുൻപേ' എന്ന കൃതി ഒരു വഴിത്തിരിവ് എന്ന നിലയിലാണ് ഞാൻ സമീപിച്ചിട്ടുള്ളത്. പുസ്തകത്തിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ:

"പൂവ് ഏതിന്റെയെങ്കിലും പ്രതീകമാണെങ്കിൽ കവിക്ക് പൂവിനെപ്പറ്റിയുള്ള പല നിഗമനങ്ങളിൽ ഏർപ്പെടേണ്ടതില്ല. മറിച്ച് പൂവിന് പൂവ്  മാത്രമായാൽ മതിയെന്നും അത് മറ്റെന്തിനെയും പോലെ കാവ്യവസ്തുവായല്ല ജനിച്ചതെന്നും കവി മനസ്സിലാക്കുന്നു.കാവ്യവസ്തുവാകാതെ ജീവിച്ചതിന്റെ യഥാർത്ഥ ചിത്രമാണ് ആശാൻ വരച്ചു കാണിക്കുന്നത്. കാവ്യവസ്തുവായ പൂവ് എപ്പോഴും അന്യവസ്തുക്കളുടെ ഭാരം ചുമക്കുകയാവും. പൂവിനെ ആശാൻ ആ ഭാരം ഏൽപ്പിക്കുന്നില്ല." 

ഇതാണ് കാവ്യപരമായ സ്വതന്ത്രത . കവിത മറ്റൊന്നിനെ ചാരിനിൽക്കുന്നതല്ല. അതിന് അനന്യതയുണ്ട്. കവിതയിലെ വസ്തു അതിൽതന്നെയാണ് ആസ്വദിക്കപ്പെടേണ്ടത് .കവിത അതിൻ്റെ തന്നെ ഘടനയിലാണ് വസ്തുവിനെ പ്രതിഷ്ഠിക്കുന്നത് . വസ്തു മറ്റൊന്നല്ല. ഒരു വസ്തു മറ്റൊന്നിന് വേണ്ടി നിലനിൽക്കുകയാണെന്ന് പറയുന്നത്  മനുഷ്യൻ്റെ ഉപഭോഗ ആവശ്യത്തിന് വേണ്ടിയുള്ള കാഴ്ചപ്പാടാണ്.

കവികൾ എന്നും വാഴ്ത്തിയിട്ടുള്ള വസ്തുവാണ് പൂവ്. മറ്റൊന്നും എഴുതാനില്ലാതെ കഷ്ടപ്പെടുമ്പോൾ കവികൾ പൂവിനെ ആശ്രയിക്കാറുണ്ട്. പൂവിനെക്കുറിച്ചുള്ള ചിന്തയ്ക്ക് അതിൽ തന്നെ ഉത്തരം തേടാൻ ശ്രമിക്കുകയാണ് പോംവഴി. 

കവി പൂവിനെ സ്നേഹിച്ചത് അതിൻ്റെ സ്നിഗ്ദ്ധസൗന്ദര്യത്തിലും നശ്വരയിലുമാണ്. ദുരന്തത്തെ മുൻകൂട്ടി കാണുന്ന കവികൾ പൂവിലൂടെ അത് മറയ്ക്കാൻ ശ്രമിച്ചു. അതിന്റെയർത്ഥം പുവ് മറയ്ക്കുന്നത് ദുരന്തമാണ് എന്നാണ്. പൂവ് ഒരു മറയാണ്. അതിനടിയിൽ ജീവിതത്തിൻ്റെ ഭയപ്പെടുത്തുന്ന നശ്വരതയും  അമൂല്യമായ ജീവൻ്റെ അനിവാര്യമായ പതനവും അടങ്ങിയിരിക്കുന്നു. പൂവിനെ കാണുമ്പോൾ ഭയമുണ്ടാകും. കാരണം അത് വീഴ്ചയുടെ അവസാനത്തെ മുനമ്പാണ്. വലിയ യുദ്ധങ്ങൾക്ക് മുമ്പുള്ള പുറപ്പാടാണ്. യുദ്ധം കഴിഞ്ഞാൽ പടക്കളം എല്ലാവരും വിസ്മരിക്കുന്നു. യുദ്ധം നടന്നതിന്റെ ഓർമ്മകൾക്ക് അവകാശികളില്ല .നിശ്ശബ്ദതയുടെ ഉരഗം തകർന്ന വസ്തുക്കൾക്കിടയിലൂടെ  കടന്നുപോകുന്നുണ്ടാവും. ആ ഉരഗങ്ങൾ ഇഴഞ്ഞുപോയ പാടുകൾ തേടിച്ചെല്ലാൻ കവിക്ക് കഴിയണം. 


മറ്റുള്ളവർ എഴുതിയത് മായ്ച്ചുകളയാനാണ് എഴുതേണ്ടത്

ആത്യന്തികമായ ഫലശൂന്യതയെക്കുറിച്ചുള്ള വെളിപാട് വിധ്വംസകമാണ്. സൗന്ദര്യത്തിന്റെ ഇരുണ്ട വശമാണത്. സൗന്ദര്യത്തെ ആസ്വദിക്കുന്നതിൽ നിന്ന് നമ്മെ വിലക്കുന്നതിലെ സൗന്ദര്യമാണ് ആശാൻ ചർച്ച ചെയ്യുന്നത്. ലോകത്തിൻ്റെ അറിയാത്ത സമുദ്രങ്ങളെക്കുറിച്ചാണ് എഴുതേണ്ടത്. എഴുതുക എന്ന് പറഞ്ഞാൽ വലിയൊരു അർത്ഥമുണ്ട് .അത് നേരത്തെ എഴുതിയതിന്റെ ആവർത്തനമല്ല .നാം എഴുതുകയാണെന്ന് പറഞ്ഞാൽ പുതിയ ഒരു കാര്യമാണ് എഴുതുന്നത്. അതുവരെ ആരും എഴുതാത്തതാണത്.  അപ്പോഴാണല്ലോ എഴുത്തിനർത്ഥം ഉണ്ടാകുന്നത് .എഴുതുമ്പോൾ അത് പുതിയൊരു കടലാസിലാണ് പിറക്കുന്നത്;മറ്റൊരാൾ എഴുതിയതിന്റെ പുറത്തല്ല .ഒഴിഞ്ഞ ഇടങ്ങളിലേ എഴുതാനൊക്കൂ; അങ്ങനെയാണ് എഴുതേണ്ടത്. അതിൻ്റെയർത്ഥം ഇങ്ങനെ വിശദമാക്കാം: നിങ്ങൾ എഴുതുമ്പോൾ അത് വ്യക്തമായി കാണണമെങ്കിൽ ഒഴിഞ്ഞ ഇടമായിരിക്കണം .ശൂന്യമായ പ്രതലത്തിലാണ് എഴുതുന്നത്. അപ്പോഴാണ് അത് ദൃശ്യമാകുന്നത്. അതുകൊണ്ട് എഴുത്ത് പുതിയ ആവിർഭാവമാണ്. മറ്റൊരാൾ എഴുതാത്തത് എഴുതുമ്പോൾ അതുവരെ പലർ എഴുതിയത് മായ്ച്ചു കളയുകയാണ്. 

അങ്ങനെ നോക്കുമ്പോൾ എഴുതുക എന്ന പ്രക്രിയയിലൂടെ പുതിയ സുവിശേഷമാണ് പുറത്തു വരേണ്ടത്.  മറ്റുള്ളവർ പറയാത്തതാണ് അതിലൂടെ വെളിച്ചം തേടേണ്ടത്. ധാരാളം പേർ പറഞ്ഞത് ആവർത്തിക്കുന്നത് എഴുത്തല്ല. അത്  വാക്കുകളുടെ ആവർത്തനം മാത്രമാണ്. എഴുതുമ്പോൾ ഒരു തുടച്ചു നീക്കൽ സംഭവിക്കുന്നു. ആവർത്തിക്കപ്പെട്ടതും എവിടെ നോക്കിയാലും കാണാവുന്നതുമായ ചിന്തകളുടെ അഴുക്കാണ് തുടച്ചു മാറ്റപ്പെടുന്നത്. അത് ആശാൻ സാധ്യമാക്കിയത് കൊണ്ട് അതിനെക്കുറിച്ച് ഒരു വിമർശനാത്മക സർഗവിചാരം ആവശ്യമായി വരുന്നു. ആ കൃതി വിമർശകമനസ്സിൽ വന്നു വീഴുന്നതിന്റെ അനുരണനങ്ങളാണ് എഴുതുന്നത്. അതിൻ്റെ ഉള്ളടക്കമോ സാമൂഹിക പ്രസക്തിയോ ഒന്നുമല്ല.

വിമർശകൻ മറ്റൊരു കവിത എഴുതുന്നു 

കവിത വായിച്ചുകൊണ്ട് വിമർശകൻ മറ്റൊരു കവിത സൃഷ്ടിക്കുകയാണ്.അത് കവിതയുടെ സൂക്ഷ്മത്തിലും ഗദ്യത്തിന്റെ രാഗത്തിലുമാണ് സംഭവിക്കുന്നത്. വിമർശകൻ്റെ ഗദ്യം ഭാവനയുടേതാണ്.അത് കവിതയുടെ വിശദീകരണമല്ല. കവിത അനുഭവിച്ചതിന്റെ ഫലമായി സ്വയം വായിക്കുന്നതിന്റെ ഫലമാണിത്.  വിമർശകൻ തന്നെത്തന്നെ വായിക്കുന്നു. അമേരിക്കൻ വിമർശകനായ ദാനിയേൽ ഗ്രീൻ (Daniel Green) പറയുന്നു, The experience of reading is always the experience of language.വായിക്കുമ്പോൾ നമുക്ക് കിട്ടുന്ന അനുഭവം ഭാഷയുടെ അനുഭവമാണ്. ഇതാകട്ടെ ഓരോരുത്തർക്കും വ്യത്യസ്തമാണ്.

ജീവിതനശ്വരതയെപ്പറ്റിയുള്ള എൻ്റെ വ്യഥയെ എൻ്റെ വഴിയിൽ അന്വേഷിക്കുകയാണ് ഞാൻ ഈ കൃതിയിൽ ചെയ്തത്. ജീവിതത്തിന്റെ അർത്ഥമെന്തെന്ന് ചോദിക്കുന്നതുപോലെ ദുർഗ്രഹമാണ് എന്തുകൊണ്ടാണ് അത് നശ്വരമായിരിക്കുന്നതെന്ന്  തിരയുന്നത്. ഏതൊരു മനീഷിയെയും ഈ ചോദ്യങ്ങൾ കുഴയ്ക്കുന്നു. സ്നേഹത്തെ നൈമിഷികമോ താൽക്കാലികമോ ആക്കുന്നത് ഈ ചോദ്യങ്ങളാണ്. ജീവിതത്തിൻ്റെ അനിശ്ചിതത്വവും നശ്വരതയും മൂല്യങ്ങളുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നു. ഒരു പക്ഷിയെ  സ്നേഹിക്കുന്നു .എന്നാൽ തൊട്ടടുത്ത നിമിഷം അതിനെ ഒരാൾ അമ്പെയ്ത് കൊല്ലുന്നു. ഒരു മീനിനെ, അതിൻ്റെ  ചലനത്തെ സ്നേഹിക്കുന്നു. പൊടുന്നനെ ഒരുവൻ അതിനെ ചൂണ്ടയിട്ടോ വലയിൽ കുടുക്കിയോ  പിടിച്ചു കൊല്ലുന്നു. എത്ര ക്ഷണികമാണ് ജീവിതം ? ഈ അനിശ്ചിതാവസ്ഥ തരുന്ന മരവിപ്പും മടുപ്പും ഭീകരമാണെന്നിരിക്കെ അതിനെ സമാശ്വസിപ്പിക്കാനുള്ള ആശയം തേടിയാണ് ഞാൻ ഈ കവിത വായിച്ചത്. വീണുകിടക്കുന്ന പൂവിനെക്കുറിച്ചുള്ള ദുഃഖം എന്റേതുമാണ്. എൻ്റെ മനസ്സിൻ്റെ അടിയിലൂടെ വിഷാദാത്മകതയെക്കുറിച്ച് അന്വേഷിക്കാൻ ഇത് പ്രേരണയായി.

മറ്റൊരു വീണപൂവായി ഞാൻ ഓരോന്നിനെയും സങ്കൽപ്പിക്കാൻ തുടങ്ങി. ബാല്യകൗമാരങ്ങളും സ്നേഹബന്ധങ്ങളും ഇതുപോലെ വീണുപോകുന്നത് കണ്ടു. വീണതിന് പിന്നീട് ഉയർപ്പില്ല .മനസ്സിൽ നിന്ന്  വിഷാദത്തിന്റെ ഉയിർപ്പ് ഒഴിവാക്കാൻ  സ്വയം തേടുകയാണ് ചെയ്തത്. ലോകജീവിതത്തിന്റെ അർത്ഥശൂന്യതയും വിളിച്ചാൽ വിളി കേൾക്കാത്ത അവസ്ഥയും എന്നിൽ സംഘർഷം സൃഷ്ടിച്ചു. അത് പരിഹരിക്കാൻ വാക്കുകളുടെ സഹായമില്ലാതെ മനസ്സിൽ കവിത രചിച്ചുകൊണ്ടിരുന്നു. അസ്തമയങ്ങളിലും കൊഴിയുന്ന ഇലകളിലും സ്നേഹിതരുടെ മൃത്യുവിലും ലോകത്തിൻ്റെ മറവിയിലും ഞാൻ തിരഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ആശാൻ്റെ വരികൾ പ്രതിധ്വനിച്ചു.

"സാധിച്ചു വേഗമഥവാ നിജ്ജന്മകൃത്യം
സാധിഷ്ഠർ പോട്ട് - ഇഹ നിശിപാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്വതിൽ നിന്ന് മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം"

പരാജയപ്പെട്ട ജീവിതങ്ങൾക്കെല്ലാം ഇത് സാന്ത്വനമായി തീരുന്നതായി വായിക്കാം ."പൂവിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും പറയാനില്ലെന്ന് സൂചിപ്പിക്കുന്ന കവി കവിതയിലെ ഏത് പ്രവണതയെയും അതിജീവിക്കുകയാണ്. വിഭിന്ന  ഭാവങ്ങളുള്ള പൂവ് അങ്ങനെ അനേകം സ്വരങ്ങളെ ഓർമ്മിപ്പിക്കുന്നു. പൂവിനെക്കുറിച്ചല്ലാതെ മറ്റൊന്നും പറയാതിരിക്കുക ,പൂവിൻ്റെ തന്നെ പല ജീവിതങ്ങൾ ധ്വനിപ്പിക്കുക എന്നീ മാർഗങ്ങളിലൂടെയാണ് കവിത സാർവലൗകിക പ്രസക്തിയിലേക്ക് വരുന്നത്.സാർവകാലികാനുഭവങ്ങളുടെ സാരാംശത്തിലേക്ക് എത്തുന്ന കവി എല്ലാ മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങളെയും ഉപേക്ഷിക്കുന്നു. ഇങ്ങനെ കവിത സ്വതന്ത്രമാകുന്നു."

എന്നാൽ കവിതയുടെ ഈ സ്വാതന്ത്ര്യം വിമർശകന്റെ മനസ്സിലാണ് വിചിത്രമായ പദകോശങ്ങളോടെ ഉദിച്ചുയരുന്നത്. വിമർശകൻ അതിൽ സ്വയം ദർശിക്കുന്നു. അത് വിമർശകൻ്റെ  സ്വാതന്ത്ര്യവുമാണ്. പാരമ്പര്യത്തിൻ്റെ  നിശ്ചലമായ ആശയലോകത്ത് നിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ വിമർശകൻ തിരഞ്ഞെടുക്കുന്ന നിമിഷമാണിത്. വിമർശകൻ സ്വന്തം മനസ്സിന്റെ സർഗാത്മക സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ വായന. വിമർശകൻ സ്വന്തം സ്വാതന്ത്ര്യസങ്കല്പത്തെ വായിക്കുകയാണ്. അയാളുടെ സംവേദനാത്മകതയുടെ ആകസ്മികമായ എത്തിച്ചേരലാണിത്.  അങ്ങനെ അയാളിലെ പ്രക്ഷോഭകാരിയെ ശരിക്കും സാക്ഷാത്കരിക്കുന്നു.

ഒരു ഭാഗം കൂടി ഉദ്ധരിക്കുന്നു: " നിരന്തരം അന്യവൽക്കരിക്കുക എന്നതാണ് ജീവിതത്തിൻ്റെ സ്വഭാവം. അങ്ങനെയുള്ള പ്രക്രിയയിൽ നഷ്ടപ്പെടുന്നത് മാനുഷികതയാണ്. അകന്നുപോകുന്നത് ,നഷ്ടപ്പെടുന്നത് എവിടെയെന്ന ചോദ്യം വീണപൂവ് എന്ന കാവ്യത്തിന്റെ ആദിമധ്യാന്തം മുഴങ്ങുന്നതായി ഞാൻ കേൾക്കുന്നു." അമേരിക്കൻ തത്വചിന്തകനായ 
ജോൺ ഡിവി (John Dewy) പറഞ്ഞതുപോലെ കവിത നിഗൂഢതയിലേക്കാണ് ആഴ്ന്നിറങ്ങുന്നത് .It(poetry)has served the purpose of penetrating the mysterious depths of things