ഗർഭത്തിൽ
കഴിയാനുള്ള അവസരം ഓരോ ജീവിയുടെയും സ്ഥിരനിക്ഷേപമാണ്. പൂർവ്വകാലത്തെ ആ
അവസ്ഥ ഇല്ലാതാകുന്നില്ല. അത് നമുക്ക് പിന്തിരിഞ്ഞു ചെല്ലാനാവാത്തതാണ്
.എന്നാൽ അത് സത്യമായിരുന്നു. ആണും പെണ്ണും സംഭോഗത്തിൽ ഏർപ്പെട്ടാലുടനെ
കുട്ടി ഉണ്ടാകുന്നില്ലല്ലോ .ഒരു നിശ്ചിതസമയം വേണം. പാകപ്പെടാനുള്ള കാലം.ആ
സമയം നമ്മുടെ കാലം സുഷുപ്തിയിലാണ്. കാലത്തെ അറിയുന്നില്ല. അതേസമയം കാലം
സഞ്ചരിക്കുന്നുണ്ട്. അവിടെ ഭ്രൂണം നിസ്സഹായമാണ് .സ്വയം പ്രതിരോധിക്കാനും
കഴിയില്ല. യാതൊന്നിനും കഴിയാതെ ,മറ്റൊരാളിൻ്റെ ഉദരത്തിൽ കഴിയുകയാണ്.
ആരെയെങ്കിലും ആശ്രയിക്കാതെ പിറക്കാനാവില്ല .പിറവിയിൽ തന്നെ നാം
ബന്ധിക്കപ്പെട്ടിരിക്കുന്നു. പിറവി യിൽ നമ്മുടെ വിധേയത്വവും ദൈവികതയും
നിലീനമാണ്.
ആരിൽ നിന്നും വേർപെട്ടു പോരാൻ
കഴിയാത്ത വിധം നാം ബന്ധനത്തിലാണ് .നമ്മുടെ മനസ്സും ശരീരവും മറ്റാരോ
തന്നതാണ്. എന്നാൽ ആ തിരഞ്ഞെടുപ്പിൽ നമുക്ക് പങ്കില്ല. ഏതോ ഒരു നിയോഗമാണത്.
ഗർഭപാത്രത്തിനു ജാതിയോ മതമോ ഇല്ല. ശരീരത്തിന് അതിൻ്റെ നിയമങ്ങളേയുള്ളു.
ശരീരം തന്നെ നാശോന്മുഖമാണ്. ഓരോ നിമിഷവും നശിക്കുന്ന ശരീരത്തിൽ മറ്റൊരു
ജീവൻ, ഭ്രൂണം അള്ളിപ്പിടിച്ചു വളരുന്നു. പിറവി പ്രകൃതിക്ക് അനുകൂലമാണ്. പൂ
വിരിയുന്നത് തണ്ടിന് പുറത്തേക്കാണല്ലോ .പൂവ് തിരിച്ചു തണ്ടിലേക്ക്
പോകുന്നില്ല. ഭ്രൂണം നമ്മുടെ പൂർവ്വബന്ധത്തെ ഓർമ്മിപ്പിക്കാനുള്ളതാണ്.
ഭ്രൂണം വളർച്ച പൂർത്തിയാക്കി പുറത്തിറങ്ങുന്നത് പുതിയ ഒരു ലോകത്തിലേക്കാണ്.
ആ ലോകം നിറയെ വിഷാദമാണ്. എന്നിട്ടും നമ്മൾ ആശയങ്ങൾ കൊണ്ട് ജീവിതത്തെ
നിർമ്മിച്ചെടുക്കുന്നു .യാതൊന്നും അറിയാതെ ഗർഭപാത്രത്തിൽ കിടന്നവർ പിന്നീട്
ജ്ഞാനികളായി വളരുന്നു. ഗുരു എഴുതുന്നു:
"ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതു വളർന്നതഹോ!വിചിത്രം;
എന്തമ്പുരാൻ്റെ കളിയൊക്കെയിതെന്നറിഞ്ഞാ
ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ!"
ഒരു
ഭ്രൂണത്തിനു വളരാൻ ഗർഭപാത്രത്തിൽ ബന്ധുക്കളില്ല. സമുദായമോ
രാഷ്ട്രീയപാർട്ടിയോ ആരാധനാലയങ്ങളോ സഹായത്തിനില്ല. ഭ്രൂണം ഏത് ഉപദേശം
കേട്ടിട്ടാണ് പിറന്നു വീഴുന്നത്? ഒരു ഭ്രൂണത്തിന് യാതൊരു ബന്ധുബലവുമില്ല;
ധനവുമില്ല .ആരുടെയും ഉടമസ്ഥതയിലുമല്ല. ഗർഭപാത്രത്തിൻ്റെ ഉടമസ്ഥയിലല്ല
ഭ്രൂണം .കാരണം ,ഭ്രൂണത്തെ സംരക്ഷിക്കാനോ നിയന്ത്രിക്കാനോ ആരാണുള്ളത്?
ആർക്കും ചെന്ന് സംരക്ഷിക്കാനുമാവില്ല. പിന്നെ എങ്ങനെയാണ് വളർന്നത്?
ലോകം നമ്മളിലൂടെ പിറക്കുന്നു
നമുക്കൊരു
ജീവിയെ കൂട്ടിലിട്ട് വളർത്താം. വളരുന്നത് നോക്കിയിരിക്കാം. നമുക്ക് അതിന്
ഭക്ഷണം നേരിട്ട് കൊടുക്കാം. നമ്മുടെ അധീനതയിലാണെന്ന് പറയാം. അതിന് രോഗം
വന്നിട്ടുണ്ടെങ്കിൽ കണ്ടറിയാം.എന്നാൽ ഭ്രൂണത്തിൻ്റെ കാര്യത്തിൽ ഈ കാണൽ
അസാധ്യമാണ്. നമ്മുടെ അധീനതയിലല്ലല്ലോ. അതുകൊണ്ട് പ്രകൃതിയുടെ സ്വാഭാവികമായ
ദയയ്ക്ക് വിടുകയേ മാർഗമുള്ളു.ഒരു ഗർഭപാത്രത്തിൽ എത്തിച്ചേരാൻ
കഴിഞ്ഞതുകൊണ്ടാണ് നമുക്ക് ഈ ലോകമുണ്ടെന്ന് ബോധ്യപ്പെട്ടത്. അല്ലെങ്കിൽ
നമ്മൾ അറിയാതെ ഈ ലോകം നിലനിൽക്കുമായിരുന്നു. നമ്മൾ പിറന്നു എന്നതാണ് ഈ
ലോകത്തിൻ്റെ യാഥാർത്ഥ്യത്തിന് അടിസ്ഥാനം. ഈ ലോകം നമ്മളിലൂടെ പിറക്കുകയാണ്.
നമുക്ക് മുമ്പ് ഈ ലോകമില്ല. നമ്മുടെ ആകാശത്താൽ മാത്രമാണ് ഈ ലോകം
നിലനിൽക്കുന്നത്. നമുക്ക് ശേഷമുള്ള ലോകം മറ്റാരുടേതോ ആയിരിക്കാം. അതുകൊണ്ട്
നമ്മൾ പിറക്കാത്ത ലോകങ്ങളെല്ലാം നമ്മുടെ അജ്ഞാതത്വമായി തുടരുകയാണ്.നമ്മൾ ഈ
ലോകത്തിലെ ഒരു പ്രജയായത് ,ഗർഭപാത്രത്തിൽ എത്തിച്ചേർന്നതുകൊണ്ടാണ്. നമ്മെ
ആരെങ്കിലും കണ്ടുപിടിച്ച് ഗർഭപാത്രത്തിൽ എത്തിച്ചതല്ല. നമ്മൾ
ആരാണെന്നറിയാതെയാണ് ഭ്രൂണത്തിൽ എത്തിയത്.ആരാണെന്ന് അറിയേണ്ട കാര്യം
ഭ്രൂണത്തിനില്ല. ഭ്രൂണമായിരിക്കാൻ വേണ്ടി നമ്മൾ ഒന്നും ചെയ്തില്ല .ഭ്രൂണം
ജീവൻ്റെ ഒരവസ്ഥയാണ്. ജീവനെ സൃഷ്ടിക്കുന്നതിൽ അതിനു ഉത്തരവാദിത്തമില്ല. അത്
അണ്ഡ - ബീജ സംയോഗത്താൽ സൃഷ്ടിക്കപ്പെടുകയാണ്.
എങ്ങനെ ഈ ഗർഭപാത്രത്തിൽ ?
അതുകൊണ്ട്
നമ്മുടെ പിറവിയുടെ പേരിൽ നമുക്ക് യാതൊരു അഹങ്കാരത്തിനും ഇടമില്ല. ചിലർ
പറയുന്നതുപോലെ ,കുലമഹിമയും ജാതിപാരമ്പര്യവും അവർക്ക് അവകാശപ്പെടാനാവില്ല.
ഒരു പിതാവിന്റെ മകനായി ജനിച്ചുവെന്ന് പറയുന്നത് ഭൗതികമായി ശരിയാണ്. ഒരു
യോനിയിൽ നിന്നു പിറന്നു എന്ന് പറയാം. എന്നാൽ അതിന് മുമ്പ് നാം അവിടേക്ക്
തിരഞ്ഞെടുക്കപ്പെട്ടതിനു ഒരു കാരണവും ചൂണ്ടിക്കാട്ടാനില്ല. നമ്മൾ എങ്ങനെ
ഒരു പ്രത്യേക ഗർഭപാത്രത്തിൽ വന്നു എന്ന് ചോദിച്ചാൽ ഉത്തരമില്ല. അവിടെ
ദൈവത്തിൻ്റെ അദൃശ്യത ഗുരു കാണുകയാണ്.
അളക്കാനാവാത്ത
ഏതോ ശക്തിയാണത്. അത് നമ്മെ വർഗപരമായി സ്വയം സമ്പൂർണ്ണമാക്കുന്നു. നമ്മുടെ
ഇന്ദ്രിയങ്ങളുടെ തരംഗദൈർഘ്യം നമുക്ക് ജീവിതയോഗ്യമായ വിധം
ക്രമീകരിക്കപ്പെട്ടിരിക്കുന്നു .ചിലതെല്ലാം നാം കാണുകയോ കേൾക്കുകയോ
ചെയ്യുന്നില്ല. അതാണ് നമ്മുടെ ഏകാന്തത .ഏകാന്തതയെ കവികൾ
മഹത്വവത്ക്കരിക്കാറുണ്ട്. ഏകാകിയായിരിക്കുന്നതിന് സൗന്ദര്യാത്മകമായ മാനം
നൽകാൻ കലാകാരന്മാർ എന്നും ശ്രമിച്ചിട്ടുണ്ട്.ഏകാകിയാകുന്നതെങ്ങനെയാണ്?
നമുക്ക് എല്ലാറ്റിനോടുമുള്ള ബന്ധം അറ്റുപോകുന്നതു കൊണ്ടാണ്.ചുറ്റിനുമുള്ള
സമൂഹത്തോട് എല്ലാ വൈയക്തികബന്ധവും അറ്റു പോകുന്ന ഘട്ടത്തിൽ അന്യനാകാനേ
കഴിയൂ.
ആരോടും ബന്ധം തോന്നുന്നില്ലെങ്കിൽ
ഏകാകിയാവും. അതുകൊണ്ട് ഏകാകിത ഒരു മഹത്തായ കാര്യമല്ല.
ഏകാന്തനായിരിക്കുന്നവൻ തൻ്റെ ഇന്ദ്രിയങ്ങളുടെ പരിചിത വൃത്തത്തിലേക്ക്
ഒതുങ്ങുകയാണ്. നമുക്ക് ചുറ്റും അനേകകോടി ജീവികൾ അവരുടെ ജീവനുവേണ്ടി കരഞ്ഞു
വിളിക്കുകയാണ്. ജീവൻ വെടിയുന്നത് വേദനാജനകമാണ്. അത് ആരും
ഇഷ്ടപ്പെടുന്നില്ല. ജീവൻ നിലനിർത്താൻ ജീവികൾ അതിവേഗം ഓടുന്നു, പിന്നിൽ ഒരു
ഇരയുണ്ടെന്ന് അറിഞ്ഞുകൊണ്ട്. മനുഷ്യനും ആ പരിഭ്രാന്തിയുണ്ട്. അവനെ കൊല്ലാൻ
വരുന്ന പലതുമുണ്ട്,പിന്നിൽ. അവൻ ആ ഓട്ടത്തിന്റെ വേഗത വർദ്ധിപ്പിച്ച്
വാർദ്ധക്യത്തിലേക്ക് ഓടിക്കയറുകയാണ് .അവന് പിന്തിരിഞ്ഞ് നോക്കാൻ നേരമില്ല.
അവനെ കാലം വിഴുങ്ങാൻ വരുന്നു.ജരാനരകൾ ആക്രമിക്കാൻ വരുന്നു. ഭയം
കെട്ടിവരിയാൻ വരുന്നു. എല്ലാം നമ്മുടെയുള്ളിൽ തിളച്ചു മറിയുകയാണ് .
ദൈവം എന്ന മരം
ഒരു
ഭ്രൂണത്തെ ഈ ഭയം വേട്ടയാടുന്നില്ല. എന്നാൽ നിഷ്കളങ്കമായ അവസ്ഥയിൽ
അപ്രതിരോധ്യമായവിധം നിലകൊണ്ടു പുറത്തേക്കു വരുന്ന ഈ ഭ്രൂണത്തെ ലോകം
എങ്ങനെയാവും കാണുക? പ്രപഞ്ചത്തിന്റെ അദൃശ്യമായ ആനുകൂല്യത്താൽ മാസങ്ങൾ
കഴിച്ചുകൂട്ടാൻ അവസരം ലഭിക്കാതെ ഒരു ഭ്രൂണത്തിന് വളർച്ച പൂർത്തിയാക്കി
പുറത്തേക്ക് വരാൻ പര്യാപ്തമാണോ ഈ ലോകംഅവിടെയാണ് ഗുരു ദൈവത്തെ
വിളിച്ചുപോവുന്നത്. 'സ്വാനുഭവഗീതി'യിൽ ഇങ്ങനെ എഴുതുന്നു:
"നൽകണമടിയനു നിൻ പൂ ' പ്പൈങ്കഴലിണ നീരണിഞ്ഞ വെൺമലയേ!
കൂകും പൂങ്കുയിലേറി -
പ്പോകും പൊന്നിൻ കൊടിക്ക് പുതുമരമേ !
പുതുമരമേ പൂംകൊടി വ-
ന്നതുമിതുമൊക്കെപ്പരന്ന നിൻകൃപയേ പദമലരിണയെൻ തലയിൽ
പതിയണമെൻമെയ് കലർന്നു കൊള്ളണമേ! "
ഒരു
പൊന്നിൻ കൊടിയെക്കുറിച്ച് ഗുരു സൂചിപ്പിക്കുന്നു. അത് പ്രാണന്റെ
വള്ളിയാണ്. അത് നമ്മുടെ ശരീരത്തിൽ പടർന്നിരിക്കുകയാണ്. ആ പൊന്നിൻ കൊടിക്ക്
ചുറ്റിപ്പുണരാൻ പറ്റിയ ബലത്തിൽ ദൈവം സന്നിഹിതമായിരിക്കേണ്ടതുണ്ട്.ദൈവത്തെ
ഒരു മരമായി ഗുരു സങ്കൽപ്പിക്കുന്നു. ആ മരത്തിലേക്ക് നമുക്ക് ചുറ്റിപ്പടരാം.
ഇത് എങ്ങനെ സാധ്യമാകും? അതിനൊക്കെ അവസരം കിട്ടിയാലായി. അതുകൊണ്ടാണ്
അവിടുത്തെ പൂപ്പൈങ്കഴലിണ,പദമലരിണ തന്റെ തലയിൽ സ്പർശിക്കണമെന്ന് ഗുരു
അപേക്ഷിക്കുന്നത്. കലുഷിതമായ ഒരു ലോകമാണ് ചുറ്റിനുമുള്ളത്. അതിൽ നേരേത്
എന്ന് അറിയാൻ മാർഗമില്ല. തെറ്റുകളിലൂടെ ശരിയേതെന്ന് കണ്ടെത്താൻ
കഴിഞ്ഞേക്കും. പക്ഷേ, ഉറപ്പില്ല. അതിനു സാഹചര്യമുണ്ടാകണമെങ്കിൽ ബോധത്തിൽ
സൂര്യനുദിക്കണം. ഭ്രൂണത്തിന് ഈ വെളിച്ചം കിട്ടാനാണ് ഗുരുവിൻ്റെ പ്രാർത്ഥന.
ആരാലും നശിപ്പിക്കപ്പെടാത്തതുകൊണ്ടാണ് ഊരും പേരുമില്ലാത്ത ഒരു പിണ്ഡം
മനുഷ്യാകാരത്തിലെത്തുന്നത്.
ഇനിയും ജനിച്ചിട്ടില്ല
ഐറിഷ്
കവി ലൂയി മക്നീസ്(Louis MacNeice)എഴുതിയ Prayer Before Birth എന്ന കവിത ഈ
സന്ദർഭത്തിൽ വായിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു.
ജനിക്കുന്നതിനുമുമ്പ് ഭ്രൂണം ചിന്തിക്കുന്ന രീതിയിലാണ് കവിത
എഴുതിയിരിക്കുന്നത്. കവിത ആരംഭിക്കുന്നത് :I am not yet born ; o hear me
-ഞാൻ ഇനിയും ജനിച്ചിട്ടില്ല, എന്നെ കേൾക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് .പിന്നീട്
എഴുതുന്നു:
"I am not yet born; provide me
With water to dandle me, grass to grow for me,trees to talk
to me,
Sky to sing to me ,birds and a white light
in the back of my mind to guide me."
ഞാൻ
ഇനിയും ജനിച്ചിട്ടില്ല. എന്നെ വെള്ളത്തിൽ താലോലിക്കാനും എനിക്ക് വേണ്ടി
പുല്ലുകൾ വളരാനും മരങ്ങൾക്ക് എന്നോട് സംസാരിക്കാനും ആകാശം എനിക്കുവേണ്ടി
പാടാനും എന്നെ നയിക്കാൻ പക്ഷികളും മനസ്സിനുള്ളിലെ വെളിച്ചവും ഉണ്ടാകാനും
അനുവദിക്കുക.മക്നീസ് ലോകത്തിന്റെ ഭീകരതയിൽ നിന്ന് രക്ഷപ്പെടാനാണ്
പ്രാർത്ഥിക്കുന്നത്. ഈ ലോകം ഇരുട്ടു നിറഞ്ഞിരിക്കുന്നു. അവിടെ പ്രകാശമാണ്
വേണ്ടത്. എൻ്റെ മനസ്സിൻ്റെ അടിയിൽ ഒരു ധൂസരപ്രഭ ഉണ്ടാകട്ടെ എന്നാണ്
പ്രാർത്ഥന. അതാണ് നമ്മെ ജീവിപ്പിക്കേണ്ടത് .
മരത്തിൽ
പടർന്നു കയറിക്കൊള്ളാമെന്ന അർത്ഥത്തിൽ ഒരു ലതയായി ഗുരു സ്വയം
സങ്കല്പിക്കുന്നതും മക്നീസിൻ്റെ കവിതയിലെ പ്രാർത്ഥനയും ഒരേ പാതയിൽ
സഞ്ചരിക്കുകയാണ്. മക്നീസ് ദൈവത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നില്ല
.എന്നാൽ ഗുരുവിനു ദൈവബോധമുള്ളതുകൊണ്ട് അത് എപ്പോഴും കടന്നു വരും.ഗുരുവിനു
എല്ലാം ദൈവത്തിൻ്റെ അംശമാണ്. ഭ്രൂണത്തെ പൊതിഞ്ഞു നിൽക്കുന്ന കാലവും ഇടവും
ഭാഗധേയവുമെല്ലാം ആംശികമായ ദൈവമൂല്യങ്ങളാണ്. അത് നമ്മിൽ ചൊരിഞ്ഞ
പ്രകൃതിയാണ്. ഒരു കുശവൻ കലമുണ്ടാക്കുമ്പോൾ അവൻ്റെ ബോധത്തിൽ ഒരു രൂപം
ഉണ്ടായിരിക്കണം. ആ രൂപം എവിടെ നിന്ന് വന്നു? മറ്റുള്ളവർ ഉണ്ടാക്കുന്നത്
കണ്ടു പഠിച്ചതാണെങ്കിൽ അയാൾ നിർമ്മിക്കുമ്പോഴും അത് ഉണ്ടാകുന്നുണ്ടല്ലോ.
ഒരു രൂപം അതേപോലെ ആവർത്തിക്കുന്നു. ആവർത്തനത്തിലും ദൈവികതയുണ്ട്.
സൃഷ്ടിപ്രക്രിയയിൽ ഈ ആംശിക വസ്തുതയുണ്ട് .യാതൊന്നാണോ നാം പുതിയതായി
സൃഷ്ടിക്കുന്നത്, അത് എവിടെ നിന്ന് വരുന്നു ?നമ്മൾ നേരിട്ട് കണ്ട്
മനസ്സിലാക്കിയ കാര്യങ്ങൾ മാത്രമല്ല സൃഷ്ടിക്കു കാരണമാകുന്നത്. മനസ്സിൽ
നിന്ന് തനിയെ വരുന്നതാണ്. മനസിൽ അത് നേരത്തെ അടക്കം ചെയ്തിട്ടുള്ളതാണ്. അത്
കണ്ടുപിടിക്കേണ്ട ജോലി മാത്രമാണ് നമുക്ക് ചെയ്യാനുള്ളത് .സംഗീതം നമ്മുടെ
മനസ്സിൽ നേരത്തെ തന്നെയുണ്ട്. എന്നാൽ അത് കണ്ടെത്താൻ പല മാർഗങ്ങളിലൂടെ
കഷ്ടപ്പെട്ട് സഞ്ചരിക്കണം.
No comments:
Post a Comment