Followers

Monday, July 21, 2025

ഇന്ത്യയെ തിരഞ്ഞു ചെല്ലുമ്പോൾ /അക്ഷരജാലകം/ എം.കെ.ഹരികുമാർ (june 1, 2025)






മഹത്തായ ആശയം ഉല്പാദിപ്പിച്ച രാജ്യമാണ് ഇന്ത്യ. സ്വാമി രംഗനാഥാനന്ദ  കാലിഫോർണിയയിൽ 1980 ൽ ചെയ്ത പ്രഭാഷണത്തിൽ ഇങ്ങനെ  വ്യക്തമാക്കുന്നു :'സത്യം മനസ്സിലാക്കുക .ദൈവം നിങ്ങളുടെ ഉള്ളിലുണ്ട്. അത് അനുഭവിക്കുകയാണ് വേണ്ടത് .വെറുതെ വിശ്വസിച്ചാൽ പോരാ .ഇത് ഇന്ത്യയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരാശയമാണ് .അതുകൊണ്ടാണ് ഇന്ത്യയിൽ ആചാര പരിഷ്ക്കരണം  നടത്തിയ ആരും കൊല്ലപ്പെടാതിരുന്നത്.  മതങ്ങളുടെ പരിമിതിയെക്കുറിച്ച് പറഞ്ഞ കുറെ ആചാര്യപരിഷ്കർത്താക്കൾ നമുക്കുണ്ട്. മതങ്ങൾ ഇവിടെ ഗോത്രവർഗ്ഗ സ്വഭാവത്തോടെയാണ് പ്രവർത്തിച്ചത്. അവർ പ്രാപഞ്ചികം എന്നു പറയുമെങ്കിലും വംശീയമായ വേർതിരിവുകളുണ്ടായി.അവരുടെ ചിന്തയിൽ അപരനു ഒരു സ്ഥാനവുമില്ലായിരുന്നു .ഉപനിഷത്തിലും വേദങ്ങളിലും യോഗാത്മക ഭാവത്തിന്റെ മേൽക്കൈ ഉണ്ടായിരുന്നു, പരിമിതവും വിഭാഗീയവുമായ ആചാരങ്ങൾക്കുമേൽ.ദൈവം നിങ്ങൾക്ക് പ്രകാശം തന്നിരിക്കുന്നു. അത് മറ്റുള്ളവർക്ക് പകരുക എന്ന വലിയ സന്ദേശമാണ് ആ ലിഖിതങ്ങളിൽ അടങ്ങിയിട്ടുള്ളത്.അദ്വൈതദർശനം എല്ലാ മതങ്ങളെയും ആദരിക്കുന്നു. അത് ആചാരങ്ങൾക്കെല്ലാം മുകളിലാണ്. ഉപനിഷത് വിശാലമായ മാനവൈത്രിയിലാണ് നിൽക്കുന്നത്. ഒരുതരത്തിലുമുള്ള ഭേദം എവിടെയും അത് കാണുന്നില്ല .ദൈവത്തെ വിഭജിക്കാൻ കഴിയില്ല; അത് അനന്തമാണ്.'സമസൃഷ്ടി' എന്നു സംസ്കൃതത്തിൽ പറയും. ആത്മാവ് എല്ലാവരിലും തുല്യതയിൽ, പൂർണ്ണതയിൽ സന്നിഹിതമാണ്. എല്ലാവരെയും ഒരുപോലെ കാണുക. ഒരു വ്യക്തിയെ നോക്കുന്നത് ചഞ്ചലമായ ബാഹ്യവസ്തുക്കളുടെ അടിസ്ഥാനത്തിലാകരുത്. ആന്തരികമായ ,മാറ്റമില്ലാത്ത യാഥാർത്ഥ്യത്തിന്റെ തലത്തിലായിരിക്കണം.'

നിത്യതയുടെ പ്രശാന്തി 

ഇന്ത്യയെ ആഴത്തിൽ തിരഞ്ഞുചെല്ലുന്ന ഒരുവനു ഈ സത്യത്തെ കാണാതിരിക്കാനാവില്ല. അഭിന്നേന: ചക്ഷുഷ എന്നു ഭാഗവതത്തിൽ പറയുന്നത് ഈ സത്യത്തിൻ്റെ ഉദ്ഘോഷണമാണ്. ഭിന്നതയില്ലാതെ നോക്കണമെന്നു സാരം. ചഞ്ചലമായ ബാഹ്യവസ്തുക്കളുടെ പേരിലല്ല, ആന്തരികമായ ,ചലനമില്ലാത്ത നിത്യതയെയാണ് കാണേണ്ടതെന്നു ഇന്ത്യ പഠിപ്പിക്കുന്നു. അന്തരംഗ പ്രശാന്തി പ്രപഞ്ചത്തിൻ്റെ അംശമാണ്. ഒരു വ്യക്തിക്കു ചിലപ്പോൾ പണമുണ്ടായിരിക്കും ,പണമില്ലായിരിക്കും. വെളുത്ത നിറമായിരിക്കും, കറുത്ത നിറമായിരിക്കും, തവിട്ടു നിറമായിരിക്കും. ഭാഷ ഹിന്ദിയോ  മലയാളമോ ഇംഗ്ളിഷോ ,മറാത്തിയോ ആയിരിക്കാം. ആണായിരിക്കാം , പെണ്ണായിരിക്കാം. ഇത്തരം വ്യത്യസ്തതകൾ ചഞ്ചലമാണ് ,ബാഹ്യമാണ് .ഇതിൽ മ മാറ്റം വരാവുന്നതാണ് .ഇതല്ല ഒരു  വ്യക്തിയെ നോക്കുമ്പോൾ പരിഗണിക്കേണ്ടത് .അയാളിൽ ദൈവികമായ ഒരു പ്രകാശം ഒട്ടും കുറവില്ലാതെ തന്നെ സന്നിവേശിക്കപ്പെട്ടിരിക്കുന്നു. അതിനെയാണ് മാനിക്കേണ്ടത്. ഏതൊരു വ്യക്തിയിലും അനർഘമായ ഈ മൂല്യമുണ്ട് .ഇത് ഭാരതത്തിൻ്റെ അസാധാരണവും ഉന്നതവുമായ കാഴ്ചയാണ് .ഭാരതം സമഭാവനയാണ് പഠിപ്പിച്ചിട്ടുള്ളത്.ഈ ഇടം നമുക്ക് നഷ്ടപ്പെടാൻ പാടില്ല .ഇന്ത്യയുടെ സാംസ്കാരിക ഉന്നതിയെക്കുറിച്ചാണ് പറയുന്നത് .രംഗനാഥാനന്ദ സ്വാമി വേറൊരു കാര്യം സൂചിപ്പിച്ചത്, യൂറോപ്പിൽ ഒരു ക്രിസ്ത്യൻ അദ്വൈത വീക്ഷണം ഒരിക്കലും വേര് പിടിക്കാത്തതിനെക്കുറിച്ചാണ്. എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളെയും സ്വീകരിക്കുന്ന, ഒരുപോലെ കാണുന്ന, സ്നേഹിക്കുന്ന ഒരു വീക്ഷണം അവിടെ കാണാനില്ല .എല്ലാവരും അവരവരുടെ വ്യത്യസ്തതകളിൽ അകന്നു നിൽക്കുകയാണ്. 

എന്നാൽ ഉപനിഷത്തുകളിൽ എല്ലാ വേർതിരിവുകളെയും മറികടക്കുന്ന ദർശനം കാണാം.ഈ ദർശനത്തിന്റെ മറ്റൊരു ബൃഹത്തായ രൂപമാണ് ബുദ്ധനിൽ കാണുന്നത് .എഡ്വിൻ ആർനോൾഡ് എഴുതിയ 'ദ് ലൈഫ് ഓഫ് ഏഷ്യ'(1879) എന്ന കഥാകാവ്യത്തിൽ ബുദ്ധൻ്റെ വളർച്ചയുടെ കഥയാണ് വിവരിക്കുന്നത് .ബുദ്ധൻ ഒരു അടയാളമാണ് .ഇന്നു നഗരത്തിൽ ഫാഷൻ പോലെ ആഘോഷിക്കുന്ന ബുദ്ധപ്രതിമയിൽ യഥാർത്ഥ ബുദ്ധനില്ല. ഗ്രാമങ്ങളിലും ജനപഥങ്ങളിലും അലഞ്ഞ ബുദ്ധൻ്റെ യഥാർത്ഥ ആയിത്തീരലിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കൊട്ടാരം വിട്ട് സകലതും ഉപേക്ഷിച്ചു ഒരാൾ പോകണമെങ്കിൽ ആ ആന്തരികമായ പ്രകമ്പനം എത്ര ശക്തമായിരുന്നുവെന്നു ആലോചിക്കണം .സിദ്ധാർത്ഥൻ ഭിക്ഷ യാചിച്ചുചെല്ലുമ്പോൾ ആ വിനീതവും ശാന്തവുമായ ഭാവം കണ്ട് ഇനി എന്താണ് വേണ്ടതെന്നു വീട്ടുകാർ  ആവർത്തിച്ചു ചോദിക്കുമായിരുന്നുവത്രേ. വീട്ടമ്മമാർ കുട്ടികളോട് പറയുന്നത് ആ പാദങ്ങളിൽ ചെന്നു ഉമ്മ വയ്ക്കു എന്നാണ്.പാത്രം നിറഞ്ഞാൽ സിദ്ധാർത്ഥൻ ദൂരെയുള്ള തന്റെ സഹജീവികളുടെ അടുത്തേക്ക് പോയി അഗാധമായ സത്യങ്ങളെക്കുറിച്ച് ചർച്ചയിലേർപ്പെടും.

അന്യർക്കുവേണ്ടി ഭിക്ഷ 

ഒരു ദിവസം സിദ്ധാർത്ഥൻ താൻ ഉപേക്ഷിച്ച കൊട്ടാരത്തിനു മുന്നിൽ വന്നു ഭിക്ഷ യാചിച്ചു.അദ്ദേഹത്തിൻ്റെ മഹാമനസ്കനായ പിതാവ് സിദ്ധാർത്ഥനോടു പറഞ്ഞു: ഇതെല്ലാം നിൻ്റേതാണ് .നിനക്കു ആവശ്യമുള്ളത് എടുക്കാമല്ലോ. എന്തിനാണ് യാചിക്കുന്നത്? അപ്പോൾ സിദ്ധാർത്ഥൻ പറഞ്ഞു : ഞാൻ എനിക്കു വേണ്ടിയല്ല യാചിക്കുന്നത്. എനിക്കു പിറകിൽ ഭിക്ഷയ്ക്കായി കാത്തു നിൽക്കുന്ന അനേകം പേരുണ്ട്. അവർക്കെല്ലാം കൊടുക്കണം.' ഇതാണ് ഇന്ത്യ എന്നു പറയാൻ ആഗ്രഹിക്കുന്നു. തനിക്കു വേണ്ടിയല്ല ,തന്നോടൊപ്പമുള്ള അന്യർക്കു വേണ്ടി ഭിക്ഷ യാചിക്കുന്ന സിദ്ധാർത്ഥൻ ഇന്ത്യയെ ആത്മീയമായി എങ്ങനെയാണ് ശുദ്ധീകരിക്കേണ്ടതെന്നു കാണിച്ചു തരുന്നു .

ഇന്ന് നാം കാണുന്നതെന്താണ്? എത്ര കിട്ടിയാലും മതിവരാതെ എല്ലാം സ്വന്തം പോക്കറ്റിലേക്ക് അമർത്തുകയാണ്. അമെരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വലിയൊരു സമ്പന്നനാണല്ലോ. ധാരാളം സ്വത്തുണ്ട്, അനേകം വാഹനങ്ങളുണ്ട് ,വിമാനങ്ങളുണ്ട്. പ്രസിഡൻ്റിൻ്റെ അധികാരവും പദവിയും പുറമെ. എന്നിട്ടും അദ്ദേഹത്തിനു ഖത്തർ ഭരണകൂടം മൂവായിരം കോടി രൂപ വിലയുള്ള ഒരു വിമാനം സമ്മാനമായി കൊടുത്തപ്പോൾ അത് രണ്ടു കൈ നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. ത്യജിക്കാൻ മനസില്ല .അത് ലോകത്ത് ഏതെങ്കിലും പാവപ്പെട്ട രാജ്യത്തിനു സംഭാവനയായി കൊടുക്കാൻ തോന്നിയില്ല. ഇവിടെയാണ് സിദ്ധാർത്ഥൻ കാണിച്ചുതന്ന മാതൃക ലോകത്തിൻ്റെ നെറുകയിലാണെന്നു മനസ്സിലാകുന്നത്.

സിദ്ധാർത്ഥൻ ഭിക്ഷ യാചിച്ചു എന്നു പറഞ്ഞല്ലോ. അന്നന്നത്തെ ആവശ്യത്തിനാണ് അവർ യാചിച്ചിരുന്നത്. അവർക്ക് ഭിക്ഷയല്ല മുഖ്യം; ആശയപരമായ അന്വേഷണവും സാക്ഷാത്കാരവുമാണ്. കടലിനക്കരെയുള്ള സത്യത്തെക്കുറിച്ച് യാതൊന്നും അറിയില്ല. അതുകൊണ്ട് ജീവിച്ചു മനസ്സിലാക്കണം.മരണാനന്തരം എന്തു സംഭവിക്കുമെന്നു ആലോചിച്ച് തല പുകയ്ക്കേണ്ടതില്ല.  അതിനുപകരം ഈ ജീവിതം എങ്ങനെ നന്നായി ജീവിക്കാമെന്നു ആലോചിക്കുക. ഒരു യഥാർത്ഥ മനുഷ്യൻ എങ്ങനെയായിരിക്കണമെന്നു  ആലോചിക്കുക. ധർമ്മത്തിന്റെ സ്ഥാനമെന്താണ് ?എത്രമാത്രം നമുക്ക് ത്യജിക്കാനാവും? പതിതരോടു സഹാനുഭൂതി എത്രത്തോളമാകാം? ദരിദ്രനിലും നിരാലംബനിലും നാം  സ്വയം ദർശിക്കുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കണം. അതാണ് ആ ഭിക്ഷയും ചർച്ചയും സൂചിപ്പിക്കുന്നത്. ജീവിതത്തെ മജ്ജയിൽ അറിയുകയാണ് പ്രധാനം. ജീവിതം പിന്നീട് കിട്ടുകയില്ല. ഒരിക്കൽ മാത്രമാണുള്ളത്. ജീവിതത്തിന്റെ പ്രണയവും സന്തോഷവും രസവും മറ്റെവിടെയും കിട്ടില്ല. സ്നേഹമുള്ളവർ വേറൊരിടത്തുമില്ല. നമുക്കു പകരം നഷ്ടബോധം അനുഭവിക്കാൻ വേറെങ്ങും ആരുമില്ല. നമ്മൾ തന്നെ നമ്മുടെ വ്യക്തിഗത വേദനയും അതൃപ്തിയും കൈപ്പറ്റേണ്ടിവരും.

ശരികളെ അറിയിക്കുന്ന ശരീരം 

സിദ്ധാർത്ഥന്റെ ഗണത്തിലുണ്ടായിരുന്നവർ ഏത് തരക്കാരായിരുന്നു? അവർ സ്വന്തമായി യാതൊന്നും വേണമെന്ന് ആഗ്രഹിക്കാത്തവരായിരുന്നു .ശരീരം മതി ,ആത്മാവ് അവർക്ക് വേണ്ട. അവർ ശരീരത്തെ പീഡിപ്പിക്കുകയാണ്. ശരീരത്തിൻ്റെ സുഖം ഉപേക്ഷിക്കുന്നു. എന്നാൽ വേദന അവർ വിസ്മരിക്കുകയാണ്. അതവരെ തളർത്തുന്നില്ല. വേദനിക്കാൻ വേണ്ടിയല്ല ജീവിക്കുന്നത്. ഒരാൾ സ്വയം രൂപപ്പെടണമത്രേ.എല്ലാ കഠിന യാഥാർത്ഥ്യങ്ങളെയും നേരിടണം. അനുഭവങ്ങളിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ടു തിരുത്തുകയാണ്. ചിലർ ശരീരത്തിന്റെ യാഥാർത്ഥ്യത്തെ ഓർമിപ്പിച്ചുകൊണ്ട് എഴുന്നേറ്റു നിൽക്കുന്നു മണിക്കൂറുകളോളം. ചിലർ കൈ പൊക്കി പിടിച്ചു ധ്യാനിക്കുന്നു. അവർ മെലിഞ്ഞവരും ക്ഷീണിതരുമായേക്കാം. പക്ഷേ മനസ്സിൻ്റെ ഏകാഗ്രത നശിക്കുന്നില്ല. എന്തിനാണ് അവർ സ്വയം പീഡിപ്പിക്കുന്നത് ? ശരീരം എന്ന  അറിവിൽ ,അതിനപ്പുറം എന്താണുള്ളതെന്നറിയാൻ അവർ ശ്രമിക്കുകയാണ്. സ്വന്തം ശരീരത്തിൽ മുറിവുണ്ടാക്കി അതിൽ തീകൊണ്ട് പൊള്ളിക്കും. ചിലർ ശവങ്ങളോടൊപ്പം ശയിക്കുന്നു .മനുഷ്യജീവിതത്തിന്റെ നശ്വരതയെ അറിയുകയാണ്. അവർ കേവലം ശരീരങ്ങളല്ല; ശരീരത്തിലെ ജീവികളാണ്. സ്വർഗ്ഗത്തിനോ നരകത്തിനോ വേണ്ടി കരുതിക്കൂട്ടി മിനുക്കിയെടുക്കുന്ന യാഥാർത്ഥ്യത്തിൻ്റെ ശരീരമാകാൻ വിസമ്മതിക്കുന്നവർ അനുഭവങ്ങളുടെ നഗ്നതയിൽ സ്വയം മനസിലാക്കുന്നു. അവരിൽ ഒരാളോട് സിദ്ധാർത്ഥൻ  ചോദിച്ചു: എന്താണ് നിങ്ങൾ ഇങ്ങനെ ജീവിക്കുന്നത് ?ഇതിൻ്റെ അർത്ഥം  എന്താണ്? ആ മുനി പറഞ്ഞു: 'സുഖകരമായ ജീവിതം നയിച്ചാലും അത് പാപപങ്കിലമായിരിക്കും. പാപം നീങ്ങിക്കിട്ടാൻ വേണ്ടി ഞങ്ങൾ ശരീരത്തെ സ്വയം പീഡിപ്പിക്കുന്നു. അപ്പോൾ സിദ്ധാർത്ഥൻ പറഞ്ഞത് നിങ്ങൾ ശരീരത്തെ പീഡിപ്പിക്കുന്നത് ശരിയല്ലെന്നാണ്. ശരീരം ശരികളെ അറിയാനായി തന്ന ഒരു ജാലകമാണ്. അത് ഉന്നതമായ കാഴ്ചയ്ക്ക് ഉപയോഗിക്കുക. സിദ്ധാർത്ഥൻ  മരങ്ങളെയും പൂക്കളെയും നോക്കി പറഞ്ഞു. നിങ്ങൾ വളർന്നു വന്ന നാൾ മുതൽ സ്വന്തം അസ്തിത്വത്തിൽ  വിശ്വസിച്ചു, സ്വയം നശിപ്പിച്ചില്ല. നിങ്ങൾ ജീവമന്ത്രം ചൊല്ലി സംതൃപ്തി   നേടുന്നു.'

ആധുനികലോകവും അപരിഷ്കൃതരായ മുനിമാരെ പോലെ സ്വയം പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത്? മറ്റുള്ളവരെ പരിഗണിക്കാതെയും അതിർത്തികളെ ബഹുമാനിക്കാതെയും പടവെട്ടുന്നു ,അസംബന്ധം നിറഞ്ഞ ആത്മനിർവൃതി തേടുന്നു.ചെയ്ത പാപത്തെ മറയ്ക്കാൻ വെറുതെ വഴക്കുണ്ടാക്കുന്നു. വർഗീയമായ ചേരിതിരിവിലൂടെ അവനവനോടു യുദ്ധം ചെയ്യുന്നു.അവനവനിലാണ് ക്രൂരമായ ശസ്ത്രക്രിയകൾ ചെയ്യുന്നത്. 

ഭാരതത്തിൻ്റെ ആത്മാവ് ഏതൊരു യാചകനെയും ബഹുമാനിച്ചുകൊണ്ടാവണം ദാനം ചെയ്യേണ്ടത് എന്നതിൽ ജ്വലിക്കുന്നു. ഭാഗവതത്തിൽ വ്യാസമുനി മകൻ ശുകൻ ഉപനയനം ചെയ്യാതെ  സന്യസിക്കാൻ പോകുന്ന സന്ദർഭത്തിൽ തിരിച്ചുവിളിക്കുന്നുണ്ട്. പുത്രാ എന്നു വിളിക്കുമ്പോൾ മരങ്ങളാണ് പിതാവേ എന്നു വിളികേൾക്കുന്നത്. ഇത് എല്ലാത്തിലും ഒരേ ചൈതന്യമാണുള്ളതെന്നും ബാഹ്യമായ വിഭിന്നതകളല്ല ,ആന്തരികമായ ഏകത്വമാണ് പ്രധാനമെന്നും സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് ആത്മീയ ഗ്രന്ഥകാരനായ പോൾ ബ്രണ്ടൻ പറഞ്ഞു: 'മനസിൻ്റെ അഗാധതകളിൽ ഒരു നിശ്ചലതയുണ്ട്. അത് നമ്മുടെ മുറിവുണക്കാൻ ശക്തിയുള്ളതാണ്. അത് പ്രപഞ്ചത്തിന്റെ നിയമങ്ങളിൽ  വിശ്വസിക്കുന്നു. അത് പാറയെപ്പോലെ ബലമുള്ളതാണ്.പക്ഷേ അത് വളരെ അഗാധമായതിനാൽ അതിനു വേണ്ടി കുഴിക്കുമ്പോൾ ക്ഷമയും നിരന്തര പ്രയത്നവും വേണം.' കലുഷിതമായ ,കുഴഞ്ഞുമറിഞ്ഞ, അവ്യവസ്ഥകൾ മാത്രമുള്ള ഒരു ജീവിതശ്ര്യംഖലയിൽ നമുക്ക് മനസ്സിൻ്റെ ആഴത്തിലുള്ള ഇടങ്ങൾ ആവശ്യമാണ്. ഭാരതം അവിടെയാണ്. അത് രാഗാർദ്രമാണ് ,മധുരതരമാണ്.

രജതരേഖകൾ 

1)സക്കറിയയുടെ 'ഒരെഴുത്തുകാരന്റെ കമ്യൂണിസവും മറ്റു കുറിപ്പുകളും'(എസ്.പി.സി.എസ്) എന്ന പുസ്തകത്തെപ്പറ്റി സന്ദീപ് സലീം അവലോകനം എഴുതിയത് എൻ.ബി.എസ് ബുള്ളറ്റിനിൽ വായിച്ചു. സമകാലീനരായ പല മുതിർന്ന എഴുത്തുകാരേക്കാൾ രാഷ്ട്രീയബോധം സക്കറിയയ്ക്കുണ്ട്. അദ്ദേഹം മാധ്യമങ്ങളെ നിശിതമായി വിമർശിക്കുന്നത് പ്രത്യേകം കാണണം. പക്ഷേ മാധ്യമങ്ങളുടെ ഏകപക്ഷീയമുഖമാണ് ഇവിടെ വിജയിക്കുന്നത്. ശരിയായ രാഷ്ട്രീയബോധത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ടിംഗ് ഉണ്ടാവണം. എന്നാൽ വോട്ടിംഗിനെ ജാതി തിരിച്ചാണ് മാധ്യമങ്ങൾ എണ്ണുന്നത്. 

2)മാധ്യമ പ്രവർത്തകനായ എം.ജി.രാധാകൃഷ്ണൻ എഴുതിയ 'ബാപ്പുവിൻ്റെ സ്വന്തം എസ്തർ' (എസ്.പി.സി.എസ്) എന്ന നോവൽ ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിലെ ചർച്ച ചെയ്യാത്ത ഒരു അദ്ധ്യായത്തെക്കുറിച്ചാണ് .ഡെന്മാർക്ക് സ്വദേശിനിയായ മിഷണറി യുവതി എസ്തർ ഫെയറിംഗ് ഗാന്ധിജിയുമായി ആത്മബന്ധം സ്ഥാപിച്ചു. ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ എത്തിയ ഈ യുവതി ഗാന്ധിജിയുടെ സ്വാധീനത്തിൽപ്പെട്ട് ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്ക് മനം മാറ്റപ്പെട്ടു എന്ന ചിത്രമാണ് രാധാകൃഷ്ണൻ നൽകുന്നത് .1917 മുതൽ 1940 വരെയാണ് എസ്തറിൻ്റെ ഇന്ത്യൻ ദിനങ്ങൾ .

3)എ.സി. ഭക്തിവേദാന്തസ്വാമി പ്രഭുപാദർ (കൊൽക്കത്ത) എഴുതിയ 'കുന്തീദേവിയുടെ ഉപദേശങ്ങൾ' എന്ന പുസ്തകം ജ്ഞാനത്തിന്റെ മറ്റൊരു മേഖല തുറക്കുകയാണ്. കലിയുഗത്തിന്റെ ഒരു ലക്ഷണം ഭാഗവതത്തിലെ 'ദാക്ഷ്യം കുടുംബഭരണം' എന്ന വാക്യത്തിൽ അടങ്ങിയിട്ടുണ്ടെന്നു ഗ്രന്ഥകാരൻ എഴുതുന്നു: 'തൻ്റെ കുടുംബം വേണ്ടപോലെ പോറ്റുവാൻ കഴിഞ്ഞാൽ മാത്രം മതി ഒരാൾ പുണ്യവാനെന്ന  പ്രശസ്തിക്ക് പാത്രമായി കഴിഞ്ഞു. ദാക്ഷ്യം എന്ന പദം ദക്ഷ പദത്തിൽ നിന്നും ഉല്പന്നമാണ്. ദക്ഷൻ എന്ന കുശലൻ.'
ഒരു ഗൃഹസ്ഥൻ സകല സംഘർഷങ്ങളും ഏറ്റെടുക്കുന്നു. അവൻ്റെ അന്തരംഗഭാരം വിവരിക്കാനാകില്ല. കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങളിൽപ്പെട്ട്  അവൻ ഒരു സർക്കസ് അഭ്യാസിയെ പോലെ, കണ്ണുകളും അവയവങ്ങളും പല ഇടങ്ങളിൽ കേന്ദ്രീകരിക്കുമ്പോൾ അവയെ അത്ഭുതകരമായി നിയന്ത്രിക്കേണ്ടി വരും. യഥാർത്ഥ തപസ്സാണ് ഗൃഹസ്ഥൻ്റേത്.

4)വേദങ്ങളിൽ പരക്കെ ഉപയോഗിക്കുന്ന പദമാണ് 'സമാനം'. എല്ലാവരും ഒരുപോലെ, തുല്യമായ എന്നൊക്കെയാണ് അർത്ഥമെങ്കിലും അതിനപ്പുറം ഒരു അർത്ഥമുണ്ടെന്നു മഹർഷി അരബിന്ദോ സൂചിപ്പിച്ചതായി സുകുമാർ അഴീക്കോട് എഴുതുന്നുണ്ട്. 'ഈ പദം, ഈ രാജ്യത്തിൻ്റെ മഹാസ്മൃതിയിലെ അസ്പഷ്ടവിഭൂതികളിൽ ഒന്നായി, യുഗങ്ങളിലൂടെ സന്നിധാനം ചെയ്തുകൊണ്ടിരിക്കുന്നതായി' അഴീക്കോട് അറിയിക്കുന്നു. സൂക്ഷിച്ചുനോക്കുന്നവർക്ക് കാണാൻ കഴിയുമെന്നും അശോകചക്രവർത്തി ഇത് കണ്ടെടുത്തുവെന്നും അദ്ദേഹം തുടർന്നെഴുതുന്നു.

5)വൈക്കം ചന്ദ്രശേഖരൻ നായരുടെ പത്രാധിപത്യത്തിൽ പുറത്തുവന്ന 'ചിത്രകാർത്തിക'യെക്കുറിച്ചോർക്കുമ്പോൾ ശരിക്കും ഗൃഹാതുരത്വം തോന്നുന്നു. ഒരു കാലത്ത് ധാരാളം പേർ ആവേശത്തോടെ വായിച്ചതാണ് ഈ പ്രസിദ്ധീകരണം .വൈക്കത്തിൻ്റെ സാഹിത്യകൃതികളും അദ്ദേഹത്തിൻ്റെ സാഹിത്യസംസ്കാരവും പ്രഭാഷണവും രൂപവും പരസ്പരം വേറിട്ടതല്ല; ഒന്നായി ലയിച്ചുചേർന്നതാണ്. വൈക്കത്തിൻ്റെ 'സ്മൃതികാവ്യം'എന്ന നോവൽ അസാധാരണമായ അവബോധവും അനുഭൂതിയുമാണ് നമ്മളിൽ നിറയ്ക്കുന്നത്.എന്തുകൊണ്ടോ ,വൈക്കത്തിന്റെ പേരിൽ അവാർഡോ, ഫലകമോ, ഫൗണ്ടേഷനോ ,സ്മാരകമോ ഇല്ല. 

6)'പ്രണയം പ്രണയം' എന്നു പറഞ്ഞ് എഴുത്തുകാർ അവതരിപ്പിക്കുന്നത് സ്വപ്നങ്ങളുടെ കച്ചവടം എന്ന നിലയിൽ കണ്ടാൽ മതി. ഒരു യഥാർത്ഥ പ്രേമത്തെ നേരിൽ അനുഭവിക്കാൻ കഴിയാത്തവർ , സ്വന്തം ഭീരുത്വം മറച്ചുവെച്ച് പ്രണയത്തെക്കുറിച്ച് അവാസ്തവമായ വർത്തമാനം കെട്ടഴിച്ചുവിടുകയാണ്. ജീവിതത്തിലെ പ്രേമം മുൻകൂട്ടി നിശ്ചയിക്കുന്നതല്ല ;അത് സംഭവിക്കുന്നതാണ്. ഈ അനുഭവമില്ലാത്തവർ ഇന്നു ധാരാളം 'പ്രണയ'കവിതകളും 'പ്രണയ' കഥകളും എഴുതുന്നു .

7)ഈ ലോകത്തിലെ ഏറ്റവും വലിയ കവികളിലൊരാളാണ് റെയ്നർ മരിയ റിൽക്കെ. അദ്ദേഹത്തിൻ്റെ 'പ്രണയഗീതം' എന്ന കവിത (പച്ചമലയാളം, ഏപ്രിൽ ,പരിഭാഷ: നടരാജൻ ബോണക്കാട്) ഇരുമ്പു തുളയ്ക്കുന്ന ആണി പോലെ നമ്മെ ചൂഴുന്നു. '

'പക്ഷെ എന്നെയും നിന്നെയും 
സ്പർശിക്കുന്ന ഓരോന്നും 
നമ്മെ ഒരുമിച്ചു കൊണ്ടുപോകുന്നു,
ഒരു വയലിൻ ബോ പോലെ.
അത് വലിച്ചെടുക്കുന്നു ഒരു ശബ്ദം ,
രണ്ടു വെവ്വേറെ തന്തികളിൽ നിന്നും. എന്തുപകരണത്തിന്മേലാണ് നമ്മൾ കിടക്കുന്നത് ?
ഏത് സംഗീതജ്ഞനാണ് നമ്മെ കൈയിലേന്തിയിരിക്കുന്നത് ?
ഓ മാധുര്യമേറിയ ഗാനം.'

ഇതാണ് കവി പുന:സൃഷ്ടിക്കുന്ന മാനുഷികമായ ആവിഷ്കാരത്തിന്റെ വളരെ സ്വതന്ത്രവും വ്യക്തിപരവുമായ അനുഭവം. കവിയും കലാകാരനും ഇതിൽ കൂടിച്ചേരുന്നു.ഇത് പൊതുമണ്ഡലത്തിൽ ബോക്സോഫീസിൽ ഹിറ്റായ പ്രണയമല്ല; വളരെ വ്യക്തിപരമായ അനുഭവമാണ്. 

No comments: