കലാരചനയെ മറികടന്നു ജീവിത വേഗം മുന്നോട്ട്
എഴുത്തുകാരൻ
പുതിയ പ്രമേയമൊന്നും കണ്ടെത്തേണ്ട .ആ കാഴ്ചപ്പാട് കലഹരണപ്പെട്ടു.
സോഷ്യലിസ്റ്റ് റിയലിസവും പുരോഗമനസാഹിത്യവുമൊക്കെ
അപ്രസക്തമാക്കപ്പെട്ടിരിക്കയാണ്. മനുഷ്യൻ്റെ സമയം, സ്ഥലം, അനുഭവം,
സംസ്കാരം, വേഗത, കല തുടങ്ങിയ വ്യവഹാരങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറി
എന്നതാണ് കാരണം .ഇന്നു മാധ്യമം ഒരു സന്ദേശമല്ല ;മാധ്യമം തന്നെ കലയാണ്.
ഫെയ്സ്ബുക്ക് എന്ന മാധ്യമം കലയാണ് .ഇൻസ്റ്റഗ്രാം കലയാണ്. വാട്സപ്പ് കലയാണ്
.അത് ഉപയോഗിക്കുന്ന നമ്മളൊക്കെ ആ കലയുടെ വസ്തുക്കളാണ്.
ഫെയ്സ്ബുക്കിലേക്ക് പ്രവേശിക്കുന്നതോടെ ഒരാൾ കലാവസ്തുവായി
.ഫെയ്സ്ബുക്കിന്റെ ലേഔട്ടും ഡിസൈനിങ്ങും ലുക്കും ഒരു കലാവസ്തു പോലെയാണ്
രൂപകല്പന ചെയ്തിരിക്കുന്നത്. അത് അഭിപ്രായങ്ങളുടെയും ചിത്രങ്ങളുടെയും
വൈവിധ്യം കൊണ്ടാണ് വ്യതിരിക്തമാവുന്നത്. എന്നാൽ അത് ഓരോ വ്യക്തിയെയും
കലാകാരനാക്കുന്നു ,കലാകാരിയാക്കുന്നു. പി ജയചന്ദ്രൻ വന്നു പാടണമെന്നില്ല.
ജയചന്ദ്രനെ അനുകരിച്ചു പാടിയാൽ മതി. നിങ്ങൾ കലാകാരൻ എന്ന തലത്തിലേക്ക്
ഉയരുകയാണ്. വാൻഗോഗ് ജീവിച്ചിരിക്കണമെന്നില്ല ,വാൻഗോഗിൻ്റെ പെയിൻ്റിംഗുകൾ
ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നാൽ മതി. നിങ്ങൾക്കും
ക്യൂറേറ്ററാവാം. വാൻഗോഗ് ഫെയ്സ്ബുക്ക് എന്ന കലാരൂപത്തിൻ്റെ ഒരു
ഘടകമായിരിക്കുകയും ചെയ്യും.
നിങ്ങൾ പാടിയാലും
ആരാധകരെ കിട്ടും .കാരണമെന്താണ് ? അവിടെ ജഡ്ജോ, എഡിറ്ററോ ,സംഘാടകരോ, ഇല്ല.
നിങ്ങളെ ആത്യന്തികമായി വിലയിരുത്തേണ്ട ആവശ്യമില്ല .അവിടെ സ്നേഹിതരുടെ
സാന്നിധ്യമുണ്ടായാൽ മതി .ഒരു പാട്ടുകാരൻ എന്ന നിലയിൽ നിങ്ങൾ
തിരിച്ചറിയപ്പെടുകയാണ്. അത് അംഗീകരിച്ചു തരാൻ അവിടെ ഫ്യൂഡൽ സ്ഥാപനങ്ങളോ
പുരോഹിതന്മാരോ മഹാത്മാക്കളോ വേണ്ട. അവരുടെ ആവശ്യം പോലുമില്ല. നിങ്ങൾ
ജീവിച്ചിരിക്കുകയും കലാരൂപത്തിൽ ഒരു ഘടകമായി ചേരുകയും ചെയ്യുന്നതാണ്
ഏറ്റവും വലിയ യാഥാർത്ഥ്യം. പരമ്പരാഗതമായി ചെയ്യുന്നതുപോലെ, ഒരു സംഗീത
അധ്യാപകന്റെ അടുത്ത് പോയി പഠിച്ച് ,അരങ്ങേറ്റം കഴിഞ്ഞ്, പലരുടെയും
ആശിർവാദത്തോടെ രംഗത്തുവന്ന് അംഗീകാരം നേടേണ്ടതില്ല .സ്വന്തമായി
ആവിഷ്ക്കരിച്ച് റീൽ ചെയ്യാം. അംഗീകാരം തരുന്നവരെ, അതിനു വേണ്ടി സ്ഥാപനങ്ങൾ
കെട്ടി ഉയർത്തിയവരെ മുഴുവൻ റദ്ദാക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്യുന്നത്.
എഴുത്തുകാരൻ
താൻ വായിച്ചതും കേട്ടറിഞ്ഞതുമായ പ്രമേയങ്ങളെ പുനരേകീകരിച്ചാൽ മതി. പുതിയ
പ്രമേയങ്ങൾ വേണമെന്നില്ല. ഇൻറർനെറ്റ്, സാറ്റലൈറ്റ്, മെഡിക്കൽ സയൻസ്
തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ പോലും പുതുമ നേടാൻ
പ്രയാസമാണ്. ഒരാൾ എഴുതുന്ന കവിത അത് പുറത്തു വരുന്നതിനു മുമ്പേ തന്നെ
പഴയതാകുകയോ കാലഹരണപ്പെടുകയോ ചെയ്യുകയാണ്.ജീവിതത്തിൻ്റെ വേഗം യാഥാസ്ഥിതികമായ
കലാരചനയെ മറികടന്നു മുന്നോട്ടു പോകുന്നതാണ് കാരണം .ചരിത്രത്തിൽ ആയിരം
പുസ്തകങ്ങൾ എഴുതാനുള്ള വിഷയങ്ങളുണ്ട്. എഴുതപ്പെട്ട കൃതികൾ തന്നെ പുതിയ
കൃതികൾക്കുള്ള വിഷയമാക്കാവുന്നതാണ്. പഴയകാല കൃതികൾ പ്രമേയങ്ങളുടെ
സ്ഥിരനിക്ഷേപമാണ്. ഇതിൽനിന്നു തിരഞ്ഞെടുക്കുന്ന പ്രമേയങ്ങൾ
പുന:ക്രമീകരിക്കുന്നതോടെ പുതിയ ലോകം സൃഷ്ടിക്കപ്പെടും .ഫിക്ഷ്ൻ എന്നാൽ
യാഥാർത്ഥ്യമല്ല; അത് വിശ്വസനീയമായ നുണയാണ്. അല്ലെങ്കിൽ യാഥാർത്ഥ്യത്തെക്കാൾ
വിശ്വസനീയമായ നുണയാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ക്ലാസിക് നോവൽ പിറന്നു
ആധുനികമായ
അവബോധമില്ലാത്തവർ സാഹിത്യരചനയിൽ പ്രവേശിക്കുന്നതുകൊണ്ട് ഒരു
പ്രയോജനവുമില്ല .പുസ്തകപ്രകാശനം ചെയ്യാമെന്നല്ലാതെ വേറെ ഒരു ഗുണവുമില്ല
.സാഹിത്യരചനയ്ക്ക് ആധുനിക അവബോധം വേണം. അല്ലെങ്കിൽ കഥാപാത്രവിവരണവും
ഭാഷയും ശൈലിയും നിറംകെട്ടു പോകും.മൂർച്ചയുള്ള അനുതാപമാണ് കലയിലുണ്ടാകേണ്ടത്
.ഈ നൂറ്റാണ്ടിൽ നോവലിന്റെ മരണം സംഭവിച്ചുവെന്നു ചിന്തിച്ച നിമിഷങ്ങളുണ്ട്.
ഒരു നല്ല വായനക്കാരനെ വശീകരിക്കാനോ ചിന്തിപ്പിക്കാനോ കഴിയുന്ന നോവലുകൾ
കാണാത്തതായിരുന്നു കാരണം. ഇപ്പോൾ അതിനു ഒരു ഉത്തരം ലഭിച്ചിരിക്കുന്നു. എം.
ആർ. അനിൽകുമാർ എഴുതിയ 'ഏകാന്തതയുടെ മ്യൂസിയം'(ഡി.സി)എന്ന നോവൽ ഈ
നൂറ്റാണ്ടിൽ മലയാളത്തിലുണ്ടായ ആദ്യത്തെ ക്ലാസിക്ക് എന്നു ഉറപ്പിച്ചു പറയാൻ
ആഗ്രഹിക്കുന്നു.ഇത് പരമ്പരാഗതമായ പ്രമേയമല്ല .പ്രമേയങ്ങളുടെ പ്രമേയമാണ്.
മുഖ്യ കഥാപാത്രം ഒരു പത്രപ്രവർത്തകനാണ്. അയാൾ ഒരു ബ്ലോഗിൽ കണ്ട ഒരു
നോവലിന്റെ ഏതാനും ഭാഗങ്ങൾ വായിക്കുന്നതാണ് വഴിത്തിരിവാകുന്നത്. ആ
നോവലാകട്ടെ വഴിയിൽ ഉപേക്ഷിക്കപ്പെട്ടതായിരുന്നു .അത് കിട്ടിയപ്പോൾ
ബ്ലോഗർക്ക് പ്രസിദ്ധീകരിക്കാൻ തോന്നി .എന്നാൽ ഈ നോവലാകട്ടെ ഒറിജിനലല്ല.അത്
ഒരു ആംഗ്ലോ -ഇന്ത്യൻ എഴുത്തുകാരന്റെ കൃതിയുടെ പരിഭാഷയായിരുന്നു. ആ
എഴുത്തുകാരനെ തേടിപ്പോകുന്നതും കണ്ടെത്തുന്നതുമാണ് നോവലായി വികസിക്കുന്നത് .
ഈ
കൃതി ഒരു വായനക്കാരനെന്ന നിലയിൽ എന്നെ പുതിയതാക്കി. ഒരു വിമർശകനെന്ന
നിലയിൽ നവീനമായ കലാനുഭവങ്ങളിലേക്ക് നയിക്കുകയാണ്. 'ഏകാന്തതയുടെ മ്യൂസിയം'
നമ്മുടെ പാരമ്പര്യത്തിലുള്ള നോവലുകളുമായി സാമ്യമുള്ളതല്ല .ഇത് ആദ്യന്തം
നവാനുഭവമാണ് തരുന്നത്. എന്നാൽ അമിതമായ പരീക്ഷണതാത്മകതയോ കലാപമോ പ്രകടമല്ല.
നോവലിനുള്ളിൽ നോവലിനെ അന്വേഷിക്കുകയാണ്. എഴുത്തുകാരനും കഥാപാത്രങ്ങളും
ഒന്നാവുകയാണ്. എഴുത്തുകാരനെ തേടി കഥാപാത്രങ്ങൾ സഞ്ചരിക്കുന്ന പോലെ തോന്നും
.ഇതുപോലെ വായനയെ നവീകരിക്കുന്ന കൃതികളാണ് ഉണ്ടാകേണ്ടത് .എഴുന്നൂറ്റി
നാല്പത്തഞ്ച് പുറങ്ങളിൽ വ്യാപിക്കുന്ന ഈ നോവൽ വൃഥാസ്ഥൂലമല്ല;
ആഖ്യാനത്തിന്റെ ലാവണ്യമാണ് പകരുന്നത് .എന്തിനാണ് ഒരു കഥ വിവരിക്കുന്നത്?
നമ്മുടെ ജീർണമായ ജീവിതസാഹചര്യങ്ങളിൽനിന്നു ബോധോദയത്തോടെ വളർത്തി അഭൗമവും
അസുലഭവുമായ മാനുഷികലോകങ്ങൾ കാണിച്ചുതരാൻ വേണ്ടിയാണ് ആഖ്യാനം.അതിവിടെ
സാക്ഷാത്കരിച്ചിരിക്കുന്നു. മനസ്സ് ഉന്നതമായ ഇടങ്ങളിലേക്ക് കുതികൊള്ളുവാൻ
സഹായിക്കുന്ന വാക്കുകൾ ആവിർഭവിക്കുകയാണ്. റോബർട്ടോ ബൊലാനോയും ബോർഹസും
കാഫ്കയും ക്ലാരിസ് ലിസ്പെക്ടറുമെല്ലാം നമ്മുടെ ബുദ്ധിയുടെ രസമുകുളങ്ങളിൽ
ഒരുമിച്ചു സംവദിക്കുന്ന അവസ്ഥ.
നോവലിൽ പ്രധാന
കഥാപാത്രത്തിൻ്റെ പ്രസ്താവന ഇങ്ങനെ: "എൻ്റെ ലാംഗ്വേജ് ഫാക്കൽറ്റി
പൂർവ്വികരായ ഏതോ വെള്ളക്കാരുടേതുമായി കെട്ടുപിടഞ്ഞു കിടക്കുകയായിരുന്നു.
വേണ്ടത്ര ജലമില്ലാത്ത ഒരു തടാകത്തിലെ വഴുക്കൻ മത്സ്യത്തെപോലെയായിരുന്നു
എനിക്കെൻ്റെ ഭാഷയും വാക്കുകളും. " ഇത് സ്വന്തം ഭാഷയിൽ ആത്മപ്രകാശനത്തിനു
സത്യസന്ധതമായി ശ്രമിക്കുന്ന ഒരുവൻ്റെ അരാജകത്വമായി കണ്ടാൽ മതി.
സർഗാത്മകതയുടെ അതീതതലമാണ് അരക്ഷിതാവസ്ഥ. നോവലിലെ എഴുത്തുകാരൻ ആധുനിക
മനുഷ്യരെ ഇങ്ങനെ വിലയിരുത്തുന്നു: "സദാനേരവും ആൾക്കൂട്ടത്തിലാണവർ. പക്ഷേ
ആൾക്കൂട്ടത്തിലും അവരോടൊപ്പം ഒരാൾ പോലുമില്ല .ഏകാന്തതയിലൂടെ നിർത്താതെ
ഒഴുകിക്കൊണ്ടേയിരിക്കുക. ഒരു തകരച്ചെണ്ട പോലെ
ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുക. അതാണവരുടെ ധർമ്മം .അതാണവരുടെ ആഹ്ലാദം.
പ്രതീതികളുടെ സമുദ്രച്ചുഴികളിൽപ്പെട്ട് നട്ടം തിരിയുക. തൻ്റെ തന്നെ
യഥാർത്ഥ സ്വത്വമെന്തെന്നറിയാതെ മറ്റേതിന്റെയൊക്കെയോ പിന്നാലെ
ആഞ്ഞുപാഞ്ഞു നടന്നു അതിൻ്റെ വിഭ്രാന്തികളിൽ വീണടയുക. തങ്ങൾക്ക് ചുറ്റും
അവ്യക്തങ്ങളായ നിഴലുകൾ മാത്രമാണവർ കാണുന്നത്. വല്ലപ്പോഴും മാത്രം പരസ്പരം
കണ്ടുമുട്ടുന്ന ഒരേകാന്ത ബിംബം."
ഭാഷയെ,
ആഖ്യാനത്തെ ഒരു പടി ഉയർത്തുന്ന ഈ നോവൽ ദൈവശാസ്ത്രം, എഴുപതുകൾ, സംഗീതം,
തത്ത്വശാസ്ത്രം, എഴുത്ത് , യുദ്ധം ,പ്രണയം, ഭയം, ഏകാന്തത, മതങ്ങൾ തുടങ്ങി
സ്പർശിക്കാത്ത വിഷയങ്ങളില്ല .എന്നിട്ടും 2019 ൽ പ്രസിദ്ധീകരിച്ച ഈ
നോവലിൻ്റെ ഒരു റിവ്യൂ പോലും പ്രത്യക്ഷപ്പെടാത്തത് എന്തുകൊണ്ടാണ്? ഉത്തരം
ചിലർക്കെങ്കിലുമറിയാവുന്ന പോലെ എനിക്കും അറിയാം .പ്രതിഭ അവസാനിക്കുന്നില്ല
.മലയാളനോവൽ മരിക്കുന്നില്ല.
പരിപ്രേക്ഷ്യം സൃഷ്ടിക്കണം.
സാഹിത്യകലയിൽ
പുതിയ പ്രമേയങ്ങൾ ഉണ്ടായില്ലെങ്കിലും പുതിയ പരിപ്രേക്ഷ്യം
(perspective)ആവശ്യമാണ് .എന്താണ് പരിപ്രേക്ഷ്യം ?അത് ഒരു ആശയത്തിൻ്റെയോ
സാഹചര്യത്തിന്റെയോ സന്ദർഭത്തിൻ്റെയോ വ്യാഖ്യാനമാണ്. അത് അതുല്യമായ ഒരു
കാഴ്ചയാകണം. എല്ലാവരും കണ്ടതുപോലെ കാണുന്നതിൽ പരിപ്രേക്ഷ്യമില്ല. അത്
ക്ലീഷേയായിരിക്കും. ഒരു കഥാസന്ദർഭത്തെ ഏത് നിലയിലേക്ക് ഉയർത്തണമെന്നു
തീരുമാനിക്കുന്നതിൽ എഴുത്തുകാരന്റെ മനോഭാവം പ്രസക്തമാണ്. വ്യക്തികളുടെ
പശ്ചാത്തലം നിർണായകമാണ്. വായിച്ച പുസ്തകങ്ങൾ, ഗ്രഹിച്ച കാര്യങ്ങൾ,
കണ്ടുമുട്ടിയ വ്യക്തികൾ, അനുഭവങ്ങൾ തുടങ്ങിയവ ഒരുപോലെയായിരിക്കില്ല.
പുസ്തകം വായിച്ചതുകൊണ്ട് സൗന്ദര്യബോധമോ കലാബോധമോ
ഉണ്ടാകണമെന്നില്ല.ഗ്രഹിക്കാൻ കഴിയണം. 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിലെ ഒരു
വാക്യം ഉദ്ധരിക്കാം: " മന്ദാരത്തിന്റെ ഇലകൾ ചേർത്തു തുന്നിയ ഈ പുനർജനിയുടെ
കൂടുവിട്ടു ഞാൻ വീണ്ടും യാത്രയാകുന്നു ."
വിജയന്റെ
വിദ്യാഭ്യാസമോ ഭാഷ സൃഷ്ടിക്കുന്ന വിദ്യയോ അല്ല ഇവിടെ കാണുന്നത്.
ജീവിതത്തോടുള്ള മനോഭാവമാണ്. താൻ ഏതോ പൊരുളിന്റെ ഭാഗമാണ് ,താൻ ഒരു
പ്രാപഞ്ചിക യാത്രയിലാണ് തുടങ്ങിയ ചിന്തകളുടെ അലൗകികമായ അനുരണനങ്ങൾ
അദ്ദേഹത്തിൻ്റെ മനസ്സിനെ ആവേശിച്ചിരുന്നു. അതുകൊണ്ട് റിയലിസം എന്നു
വിളിക്കുന്ന ഒരു വൃത്തത്തിനകത്ത് ഒതുങ്ങാൻ വിജയനു സാധ്യമല്ലായിരുന്നു.
പുതിയ പരിപ്രേക്ഷ്യമാണിത്. അദ്ദേഹം ഒരനുഭവത്തെ ഏതെല്ലാം സാമഗ്രികൾ കൊണ്ടാണ്
സമീപിക്കുന്നതെന്ന വസ്തുത വെളിപ്പെടുകയാണ്.ഇങ്ങനെ നൂതനമായ പരിപ്രേക്ഷ്യം
സൃഷ്ടിക്കുന്നവനാണ് സാഹിത്യത്തിൻ്റെ ആന്തര സുവിശേഷം പകരുന്നത്.റൊളാങ്
ബാർത്ത് എഴുതി:
Literature is the question without the
answer.വലിയ സമസ്യങ്ങൾ വലിയ മനസ്സുകളുടെ അലട്ടലാണ് .അത്
ചോദ്യങ്ങളായിരിക്കും; ഉത്തരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കാം
,കിട്ടുകയില്ലെങ്കിലും.
ഗോപീകൃഷ്ണൻ എന്തിനാണ് പാവങ്ങളെ അപഹസിക്കുന്നത് ?
വലിയ
പ്രതീക്ഷയോടെയാണ് പി.എൻ. ഗോപീകൃഷ്ണന്റെ പുതിയ ഴാങ് വാൽ ഴാങും പാവങ്ങളിലെ
രാഷ്ട്രീയശരിയും'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 8-14) വായിച്ചത്. വിക്ടർ
യൂഗോയുടെ 'പാവങ്ങളാ'കുമ്പോൾ മലയാളവും കടന്നു വരും .നാലപ്പാട്ട്
നാരായണമേനോൻ ഉണ്ടല്ലോ.എന്നാൽ ഗോപീകൃഷ്ണൻ ആ പ്രതീക്ഷയെല്ലാം തെറ്റിച്ചു.
ഴാങ് വാൽ ഴാങിനെ പുന്നയൂർക്കുളത്തിനടുത്ത് വച്ച് കണ്ടുവെന്നും അയാൾ
കുറ്റസമ്മതം നടത്തിയെന്നും എഴുതിവച്ചിരിക്കുന്നു. ഈ കവിതയുടെ
കാവ്യവിരുദ്ധത അതിൻ്റെ ടൈറ്റലിൽ തന്നെ വ്യക്തമാണ്.രാഷ്ട്രീയശരി എന്നു ഒരു
കവിതയ്ക്കു പേരിടുന്നത് അരസികത്വമാണ്. ഗോപികൃഷ്ണന്റെ മനസ്സിൽ
സ്വാഭാവികമായുണ്ടായ രചനയല്ല ഇത്; കൃത്രിമമായി നിർമ്മിച്ചതാണ്. യുക്തിയും
ചിന്തയുമാണ് കവിതയ്ക്കായി ഉപയോഗിച്ചത്. ഴാങ് വൽ ഴാങ്ങ് ഇങ്ങനെയൊക്കെ
ചിന്തിച്ചുകാണുമെന്നു അനുമാനിക്കുന്നു. ഒരു സാധാരണ ഭാവന മാത്രമാണിത്.
തെറ്റ് ചെയ്തവൻ കുമ്പസാരിക്കുമെന്നത് പഴയ സിദ്ധാന്തമാണ്. ഈ ലോകം നിറയെ
കള്ളന്മാരാണ് .പല പേരുകളിൽ അവർ വിലസുന്നു. അവരെ ആരും പിടിക്കുന്നില്ല.
ബ്രഡ് മോഷ്ടിക്കുന്നവനെ മാത്രമേ നിങ്ങൾക്കു പിടിക്കാനാവൂ. അവനെക്കൊണ്ടു
മാത്രമേ കുമ്പസാരിപ്പിക്കാനാവൂ. വ്യവസ്ഥിതി കപടവും ചതിക്കുന്നതുമായ ഒരു
ഏടാകൂടമാണ്. തെറ്റ് ചെയ്യാത്തവനെ വിചാരണ ചെയ്ത് ശിക്ഷിക്കും. തെറ്റ്
ചെയ്തവനെ സുന്ദരനാക്കി മാധ്യമങ്ങളിലൂടെ പ്രകീർത്തിക്കും .ഗോപീകൃഷ്ണൻ
വല്ലാത്ത ആത്മവഞ്ചനയാണ് ചെയ്തത്. ഒരു ഗതികെട്ട കഥാപാത്രത്തെ സമൂഹമധ്യത്തിൽ
ക്രൂരമതദ്രോഹവിചാരണയിലെന്ന പോലെ അപഹസിക്കുന്നു.
"ആ മോഡേൺ ബ്രഡിൻ്റെ പാക്കറ്റ്
എന്റെ കൈയിൽ തന്ന് അയാൾ പോയി .
ഞാൻ തിരിച്ചും മറിച്ചും അത് നോക്കി .
രാഷ്ട്രീയശരിയാണ്.
വില അടയാളപ്പെടുത്തിയിട്ടുണ്ട്.
ഉണ്ടാക്കിയ തീയതിയും
കെട്ടുന്ന തീയതിയും ഉണ്ട്.
തൂക്കം ഉണ്ട് .
പോഷകപ്പട്ടികയുണ്ട് .
എന്നാൽ അതിനൊപ്പം
അയാൾ മറ്റെന്തോ കൂടി
കൈയിൽ തന്നിട്ടുണ്ട്.
എന്താണത് ?
ഒരു മഞ്ഞ പാസ്പോർട്ട്
അത് കവലയിൽ
വിഷണ്ണനായി നിൽക്കുന്ന
രാഷ്ട്രീയശരിയല്ലാത്ത
അതിഥിത്തൊഴിലാളിക്ക്
സമ്മാനിച്ചു."
എന്തിനാണ്
,സ്വന്തം നാട്ടിൽ ഗതികിട്ടാതെ അലഞ്ഞു വന്ന അതിഥിത്തൊഴിലാളിയെ ഇതിലേക്ക്
വലിച്ചിഴയ്ക്കുന്നത്? അവനു വിക്ടർ യൂഗോയുടെ ലോകത്ത് എന്താണ് പ്രസക്തി? അവൻ
എന്ത് തെറ്റാണ് ചെയ്തത്? തെറ്റു ചെയ്യാത്തവനെ അനാവശ്യകാര്യങ്ങളുടെ പേരിൽ
കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നത് ആധുനിക രാഷ്ട്രീയ
വ്യവസ്ഥകളുടെ സ്ഥിരം ഏർപ്പാടായിരിക്കുകയാണ്. കവിയും അറിഞ്ഞോ അറിയാതെയോ ഈ
ദുഷ്പ്രവണത ഉള്ളില്‍ പേറുകയാണ്.
നെറോണയുടെ എന്ത് കഥ ?
ഫ്രാൻസിസ്
നെറോണ പത്രറിപ്പോർട്ട് പോലെ പത്ത് പേജ് നിരത്തി എഴുതിയ കഥ
'വെറുതെയല്ല'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ ,15-21) വായിച്ചതുകൊണ്ട് ഒരു
പ്രയോജനവുമുണ്ടായില്ല. ഒരു ഫീലും തരാത്ത കഥ. ഒരു എഴുത്തുകാരനാണ് ഇവിടെ കഥ
പറയുന്നത്. അയാളെ ആരോ തള്ളിയിട്ടു പരുക്ക് പറ്റുന്നതായി അറിയിക്കുന്നുണ്ട്.
ആരാണെന്നറിയില്ല. പിന്നീട് അയാൾ ഒരു കള്ളൻ പറഞ്ഞ കഥ കുട്ടിക്ക്
വിശദീകരിച്ചു കൊടുക്കുകയാണ്. ഇവിടെ ഒരു കാര്യം വ്യക്തമാണ്. വീണ് അപകടം
പറ്റി കട്ടിലിൽ വിശ്രമിക്കുന്ന ഒരാളുടെ കഥ പറയാനാണ് ശ്രമിച്ചത്; അത്
മുന്നോട്ടു പോകാനാവാതെ വന്നു. ഉടനെ ഒരു കള്ളൻ പറഞ്ഞ കഥ ഏച്ചുകെട്ടുന്നു. ആ
കള്ളൻ കയറിയ വീട്ടിൽ രണ്ട് കുട്ടികൾ അവശനിലയിൽ കട്ടിലിൽ കിടക്കുകയാണ്.
അവിടെ കള്ളൻ കണ്ടെത്തിയ സ്വർണം എന്തു ചെയ്തുവെന്നു വായനക്കാർ പറയണമത്രേ .
ഇതുപോലുള്ള
കഥകൾ വായിക്കാൻ നിർബന്ധിക്കുന്നതു അർത്ഥശൂന്യമാണ്. അത്യന്തം ദയനീയമായ
രണ്ട് ജീവിതചിത്രങ്ങളാണ് കഥാകൃത്ത് എഴുതാൻ ആഗ്രഹിച്ചത്. എന്നാൽ
അതെഴുതിയപ്പോൾ മനുഷ്യമനസ്സിനെ സ്പർശിക്കാനുള്ള മനസ്സാക്ഷിയില്ലാതായി.
ജീവിക്കാത്ത ജീവിതം എഴുതിയാൽ നല്ല വായനക്കാർക്ക് അത് തിരിച്ചറിയാൻ
കഴിയും.പി.എഫ്. മാത്യൂസ് ,സന്തോഷ് ഏച്ചിക്കാനം ,ഉണ്ണി ആർ ,ഇ . സന്തോഷകുമാർ
തുടങ്ങിയവരുടെ കഥകളും ഇതിൽനിന്നു വിഭിന്നമല്ല. ഈ കഥാകൃത്തുക്കളെ നിരന്തരം
അലട്ടുന്ന പ്രശ്നങ്ങളില്ലെന്നു കഥകളിൽ നിന്നു മനസിലാക്കാം. അതുകൊണ്ട്
അവർക്ക് അന്യമായ വിഷയങ്ങൾ കൃത്രിമമായി സൃഷ്ടിക്കേണ്ടിവരുന്നു. അക്കാരണം
കൊണ്ടു തന്നെ അത് പാളിപ്പോകുന്നു. ഈ കാലഘട്ടത്തിലെ ഒരു പ്രശ്നവും ഇത്തരം
കഥാകൃത്തുകളെ അലട്ടുന്നില്ല എന്നു അവരുടെ കഥകൾ തന്നെ വിളിച്ചു പറയുന്നു.
ഇത് എന്റെ സത്യസന്ധമായ നിരീക്ഷണമാണ്. ഇവിടെ വ്യക്തിപരമായി ഒരു
പ്രശ്നവുമില്ല .ആത്മാവിൽ സ്പർശിക്കുന്ന ഒരു വാക്യം എഴുതിയാൽ പോലും ഞാൻ
നമസ്കരിക്കും. എൻ്റെ സംസ്കാരമതാണ്. എൻ്റെ മുന്നിൽ വ്യക്തികളില്ല,
രചനകളാണുള്ളത്. ചീത്തക്കഥകൾ നല്ലതാണെന്നു പറയാൻ കൂലിവിമർശകർ കണ്ടേക്കും.
ജീവിതത്തിൻ്റെ
ആമാശയത്തിലേക്ക് ചെന്നു സ്കാൻ ചെയ്ത് സത്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ളവർക്ക്
മാത്രമേ ജീവിതകാലത്ത് ഒരു കഥയെങ്കിലും എഴുതാനൊക്കൂ. നൂറു കഥകൾ കണക്കിൽ
കാണിക്കാനുണ്ടാവും. പക്ഷേ ഒരു മികച്ച കഥ എടുക്കാനുണ്ടാവില്ല.
"A
story is a kind of biopsy of human life " എന്നു അമേരിക്കൻ എഴുത്തുകാരി
ലോറെ മൂർ (Lorre Moore) പറഞ്ഞത് ഓർക്കുകയാണ്. മനുഷ്യജീവിതത്തിന്റെ
കോശപരിശോധനയാണ് കഥ. അതിനു വൈദഗ്ദ്ധ്യം വേണം. തന്നെ അഭിമുഖം ചെയ്യാൻ വന്ന
സുഹൃത്തിനോട് ലോറെ മൂർ പറഞ്ഞത് ,'എൻ്റെ ജീവിതത്തെ മറ്റുള്ളവർക്ക് താല്പര്യം
തോന്നുന്ന വിധം അവതരിപ്പിക്കാൻ പ്രയാസമായിരിക്കു'മെന്നാണ്. അതുകൊണ്ട്
മൂർ ആത്മകഥ എഴുതിയില്ല .തനിക്ക് പോലും അരസികമായി തോന്നുന്ന ജീവിതത്തെ
മറ്റുള്ളവർക്ക് എങ്ങനെ ശിപാർശ ചെയ്യും?
അനന്തപത്മനാഭൻ്റെ
സംവേദനക്ഷമമാകാത്ത വേദനകൾ
ചിലർ
വ്യക്തിജീവിതത്തിൽ അമ്പരിപ്പിക്കുന്ന മാനസികാഘാതത്തിലൂടെ
കടന്നുപോയിട്ടുണ്ടാവും. ഈ കാലഘട്ടത്തിലെ ജീവിതം പരിഷ്കൃതമാണെങ്കിലും
ആഘാതത്തിനു കുറവില്ല .എല്ലാം വിരസവും വിരഹവുമായി മടങ്ങിയെത്തും.
ജീവിതത്തിലെ വേദനയും ദുരിതവും മുറിവും ഓർമ്മകളായി വേർപിരിഞ്ഞ് ശരീരത്തിലൂടെ
പറ്റിപ്പിടിച്ച് കയറിക്കൊണ്ടിരിക്കും. അത് ഒഴിവാക്കാനാവില്ല .എന്നാൽ ഈ
സംഭവങ്ങൾ, അനുഭവങ്ങൾ ഒരു കഥയായി എഴുതുമ്പോൾ വായനക്കാരനു അതിൻ്റെ തീവ്രത
അനുഭവപ്പെടണമെന്നില്ല. ജീവിതാനുഭവവും കഥയെഴുത്തും രണ്ടാണ്. അനുഭവത്തെ
അതിൻ്റെ പ്രാപഞ്ചികമായ ഉണ്മയിൽ സമാഹരിക്കാനും അതിനെ അങ്ങേയറ്റം
മാനവികമാക്കാനും കഴിയുമ്പോഴാണ് സർഗ്ഗാത്മകമായ ഒരു നല്ല കഥയുണ്ടാവുന്നത്. കഥ
ഫീൽ ചെയ്യാനുള്ളതാണ് .മനുഷ്യജീവിതത്തെ, ഹൃദയത്തെ ലക്ഷ്യം വച്ചാണ് ഓരോ
വാക്കും നീങ്ങേണ്ടത്.
ചിലപ്പോൾ ധൈഷണികമായ
ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം. കണ്ടേക്കാം. പക്ഷേ കഥയുടെ പ്രാഥമികമായ
ലക്ഷ്യമതാണ്. കഥയ്ക്കുള്ളിൽ വായനക്കാരന്റെ ആത്മാവിനു നേർക്ക്, അവൻ്റെ
പൊരുളിനു നേർക്ക് കുതികൊള്ളുന്ന ഒരു ചേതനയുണ്ട് .ഈ പാരസ്പര്യത്തെ കാണണം.
ബർഗ്സൺ പറഞ്ഞ
reciprocal interpenetration ഇതുമായി ബന്ധിപ്പിച്ച് മനസ്സിലാക്കേണ്ടതാണ്. വായനക്കാരനും കഥയും തമ്മിലുള്ള പാരസ്പര്യമുണ്ട് .
അനന്തപത്മനാഭൻ
എഴുതിയ 'കൊരലാരം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 8-14)മനസ്സിനെ
സ്പർശിച്ചില്ല എന്നറിയിക്കട്ടെ .കഥാകൃത്ത് രോഗവും ആശുപത്രിയും ഏകാന്തതയും
മരണവുമെല്ലാമാണ് വിവരിക്കുന്നത്. എന്നാൽ ഇതിൽ ഒന്നു പോലും വായനക്കാരനിൽ
ചലനമുണ്ടാക്കുന്നില്ല .കഥയിലെ വസ്തുതകളോടല്ല വായനക്കാരൻ്റെ മനസ്
പ്രതികരിക്കുന്നത്; അതിനുള്ളിലെ മാനുഷികതയോടാണ്, ജീവനപ്രക്രിയയോടാണ്
,ജീവദായകമായ വാക്കുകളോടാണ്.
അനന്തപത്മനാഭൻ്റെ
ഭാഷ നിർജീവമാണ്. രണ്ടുപേർ അലസമായി വർത്തമാനം പറയുന്ന ഗൗരവമേ കഥയിൽ
കാണാനാകുന്നുള്ളൂ. നിലവിൽ എല്ലാവരും ഉപയോഗിക്കുന്ന ഏതാണ്ടു മരിച്ച ഭാഷയിൽ
എന്തിനാണ് എഴുതുന്നത് ?വിക്ടർ ലീനസിൻ്റെ കഥകൾ വായിച്ചാലറിയാം കഥയിലെ
ഭാഷയുടെ പശയിൽ വായനക്കാരൻ്റെ മനസ് ഒട്ടുന്നതെങ്ങനെയെന്ന് .അങ്ങേയറ്റം
വിഷാദാത്മകവും നീറ്റലുണ്ടാക്കുന്നതുമായ സന്ദർഭങ്ങളിൽ കഥാകൃത്ത്
ഡോക്ടർമാരുടെ കുറിപ്പടി പോലെ അതിനെ നിർവികാരവും ജഡീഭാവതുല്യവുമാക്കുന്നു.
ഇത് കഥയെ ആപൽക്കരമായ വിധം നശിപ്പിക്കുകയാണ് ചെയ്യുന്നത്.അനന്തപത്മനാഭനു
ഭാഷയില്ല. വെറുതെ ഭാഷ സൃഷ്ടിക്കാനാവില്ല. ഭാഷ സൃഷ്ടിക്കാൻ വേണ്ടി
എഴുതാനാവില്ല. മിസ്റ്റിക് ദർശനമില്ലാത്ത ഒരാൾക്ക് മിസ്റ്റിക് അനുഭവം ഭാഷയിൽ
ആവിഷ്ക്കരിക്കാനാവില്ല. ഭാഷ മനസിൻ്റെ സ്വഭാവത്തിനനുസരിച്ച് ,വിഷയത്തിൻ്റെ
ഗൗരവത്തിനനുസരിച്ച് സൃഷ്ടിക്കപ്പെടുകയാണ്.
ഹരാരി :മനുഷ്യൻ ഭാവന ചെയ്ത ഒരു ചിത്രത്തിനു പോലും എന്തു ശക്തി !
പ്രമുഖ
നരവംശ ചരിത്രകാരനായ യുവാ നോവാ ഹരാരിയുടെ ഫേയ്സ്ബുക്ക് പേജിലെ ഒരു വീഡിയോ
കണ്ടത് ശ്രദ്ധേയമായി തോന്നി. യേശുവിൻ്റെ മുഖമോ രൂപമോ ആരും
കണ്ടിട്ടില്ലെങ്കിലും കലാകാരന്മാർ സൃഷ്ടിച്ച ഛായാചിത്രങ്ങൾ ലോകത്തെ
ഒന്നിപ്പിക്കാൻ ഉപകരിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ലോകത്ത് ഏറ്റവും
കൂടുതൽ പ്രിൻറ് ചെയ്ത ഛായാചിത്രം ,വരയ്ക്കപ്പെട്ട ചിത്രം യേശുവിൻ്റേതാണ്.
ലോകചരിത്രത്തിൽ ഇത്രയധികം സ്ഥാപിക്കപ്പെട്ട , വീടുകളിലും പള്ളികളിലും
സ്ഥാപനങ്ങളിലും നിരത്തുകളിലും ഇതുപോലെ അലങ്കരിക്കപ്പെട്ട ഒരു ചിത്രം
വേറെയില്ല .ലോകത്ത് ഏറ്റവും പ്രശസ്തമായ മുഖമാണത്. എന്നാൽ ഇത് യഥാർത്ഥ
യേശുവിൻ്റെ മുഖമല്ല. പൂർണമായും കലാകാരൻ്റ ഭാവനയാണ്. യേശുവിൻ്റെ
ജീവിതകാലത്തെ ഒരു ചിത്രവും നമുക്ക് ലഭിച്ചിട്ടില്ല. ബൈബിളിൽ ഒരിടത്തു പോലും
യേശുവിന്റെ നിറത്തെക്കുറിച്ചോ , രൂപത്തെക്കുറിച്ചോ, ഉയരത്തെക്കുറിച്ചോ ഒരു
വാക്കു പോലുമില്ല. ലോകത്തിൽ ഏറ്റവും പ്രശസ്തമായ മുഖം മനുഷ്യന്റെ
ഭാവനയിലുള്ളതാണെന്നു ഹാരാരി ഓർമ്മിപ്പിക്കുന്നു. ഇത് ഇപ്പോഴും ആളുകളെ
പ്രചോദിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നതിൽ വൻ വിജയമായി
തുടരുന്നു. നല്ല ഉദ്ദേശങ്ങൾക്ക് ,നിർധനരെ സഹായിക്കുന്നതിനും
പോറ്റുന്നതിനും ഈ ചിത്രം ഉപയോഗിക്കുന്നുണ്ട്. അതുപോലെ ആളുകളെ
പീഡിപ്പിക്കുന്നതിനും കുരിശുയുദ്ധങ്ങൾക്കും മതദ്രോഹ വിചാരണയ്ക്കും ശിക്ഷ
നടപ്പാക്കാനും അത് ഉപയോഗിച്ചിട്ടുണ്ട് ."ഏത് വിധത്തിലായാലും ,മനുഷ്യരെ
ഒന്നിപ്പിക്കുന്നതിൽ സാങ്കല്പിക സൃഷ്ടിയായ ഒരു ചിത്രത്തിനു വലിയ
പങ്കുവഹിക്കാൻ കഴിഞ്ഞു. "
എന്താണ് ഇതിനർത്ഥം ?
മനുഷ്യൻ ഭാവനയിലാണ് ജീവിക്കുന്നത്. അവനു യാഥാർത്ഥ്യം വേണമെന്നില്ല.
അതിനേക്കാൾ വിശ്വസനീയമായ നുണകൾ മതി. യാഥാർത്ഥ്യങ്ങളെ അവൻ ഭാവനയിലാണ്
കാണുന്നത്. അവൻ അതിനെ മഹത്വവത്ക്കരിക്കുന്നു, വലുതാക്കുന്നു.
പി.പി. രവീന്ദ്രൻ്റെ കൊളോണിയൽ ക്ഷീരബല
പി.പി.രവീന്ദ്രന്റെ
ഉത്തരാധുനിക , യുജിസി ലേഖനത്തിന്റെ പേര് 'ആഖ്യാനവും അപകോളനികരണവും'
(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 1) എന്നാണ്. ഈ ടൈറ്റിൽ തന്നെ സാഹിത്യവുമായി
യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ് പറയുന്നതെന്ന സൂചന തരുന്നു. അല്പം പോലും
ആസ്വാദനക്ഷമതയോ ഭാവനയോ ഇല്ലാത്ത തലക്കെട്ട് . രവീന്ദ്രൻ മാത്രമല്ല, വേറെയും
ചില കോളജ് അധ്യാപകരുടെ ലേഖനങ്ങളിൽ കൊളോണിയലൈസേഷൻ , അധിനിവേശം എന്നെല്ലാം
ആവർത്തിച്ചു പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്. കോളനിവാഴ്ചയും അനന്തര
സാഹിത്യവും കോളജ് ക്ലാസുകളിലെ പഠന വിഷയമായിരിക്കാം. ഉത്തരാധുനികത മരിച്ച
ശേഷവും കൊളോണിയലിസത്തിന്റെ കുറ്റിയിൽ എല്ലാത്തിനെയും കെട്ടിയിടാനുള്ള
ശ്രമമാണിത്.മഞ്ഞപ്പിത്തം ബാധിച്ചവൻ കാണുന്നതെല്ലാം മഞ്ഞനിറം എന്നു പറഞ്ഞു
കേട്ടിട്ടുണ്ട്.
പാശ്ചാത്യരെ
നിരാകരിച്ചുകൊണ്ടാണ് എൺപതുകളിൽ അധിനിവേശാനന്തര ചിന്ത നിലവിൽ വന്നതെന്നു
രവീന്ദ്രൻ എഴുതുന്നു. ഏതു തരം പ്രക്ഷോഭവാസനയെയും ഇങ്ങനെ അധിനിവേശാനന്തരം
എന്നു ചാപ്പ കുത്തുന്നത് ചിന്താപരമായ നിശ്ചലതയുടെ ലക്ഷണമാണ് .അധിനിവേശം
കഴിഞ്ഞു .കോളനിവാഴ്ചയും അവസാനിച്ചു. ആ കാലഘട്ടത്തിലെ എഴുതപ്പെടാതെ പോയ
വിഷയങ്ങളൊക്കെ അതേപോലെ അവശേഷിക്കുകയാണ്. വൈക്കത്ത് റോഡിലൂടെ നടന്നു എന്ന
കുറ്റത്തിനു ദിവാൻ്റെ സൈന്യം പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവാക്കളെ
വെട്ടിക്കൊന്നു കുളത്തിലിട്ട സംഭവത്തെക്കുറിച്ച് നൂറു വർഷം കഴിഞ്ഞിട്ടും
പുരോഗമനക്കാരനോ, ആധുനികനോ ,യുജിസിയോ ,ഉത്തരാധുനികനോ ഒരു കഥയെഴുതിയില്ലല്ലോ
.പ്രചോദിപ്പിച്ചില്ലായിരിക്കും.
ഇപ്പോൾ
ഉത്തരാധുനികതയല്ല പ്രസക്തം ;ഉത്തര- ഉത്തരാധുനികതയാണ്. ബൃഹദാഖ്യാനങ്ങളെ
ചോദ്യം ചെയ്തുകൊണ്ടുള്ള രചനകൾ ക്ളീഷേയാണ്. "കൊളോണിയലിസവുമായുള്ള
സമ്പർക്കത്തിന്റെ ഫലമായി വികസിച്ചു വന്ന റിയലിസ്റ്റ് ആഖ്യാനശൈലിയിൽ
നിന്നുള്ള മാറിനടത്തം" എന്ന നിലയിലാണ് രവീന്ദ്രൻ സമീപകാല രചനകളെ കാണുന്നത്.
ഇത് ഒരു പാളിച്ചയാണ് .എവിടെയാണ് റിയലിസ്റ്റ് ശൈലി കണ്ടതെന്നു അദ്ദേഹം
പറയുന്നില്ല. കേശവദേവിന്റെ ശൈലിയാണ് ഉദ്ദേശിച്ചതെങ്കിൽ അദ്ദേഹം
കൊളോണിയലിസത്തിന്റെ കാലത്ത് ജീവിച്ചയാളാണ്. അദ്ദേഹം ഈ പറഞ്ഞത്
അംഗീകരിക്കില്ല. പിന്നീട് ആധുനികതയാണ് പ്രബലമായത്. അത് റിയലിസമല്ലല്ലോ.
രവീന്ദ്രൻ പറയുന്ന സാഹചര്യം ഇവിടെയില്ല. "പാശ്ചാത്യരുടെ സംരക്ഷകഭാവം
നിരാകരിച്ചുകൊണ്ടാണ് എൺപതുകളിൽ അധിനിവേശാനന്തര ചിന്ത നിലവിൽ വന്നതെന്ന "
വാദവും ശരിയാവുകയില്ല .പാശ്ചാത്യരെ എങ്ങനെയാണ് നിരാകരിക്കുന്നത്
?പാശ്ചാത്യരെ സ്വീകരിക്കുകയല്ലേ നാം ചെയ്തത്? ഈസ്റ്റിന്ത്യാ കമ്പനിയുടെ
പശ്ചാത്തലത്തിൽ ജീവിച്ച മാനസികാവസ്ഥയിൽനിന്നു നമ്മുടെ സാഹിത്യകാരന്മാരോ
പോലീസോ നിയമവ്യവസ്ഥയോ സർക്കാർ സ്ഥാപനങ്ങളോ ഇപ്പോഴും മുക്തമായിട്ടില്ല
.ജനതയുമായുള്ള അന്യവത്ക്കരണം പ്രകടമാണ്.
"ചരിത്രത്തെയും
ഭൂതകാലത്തെയും സർഗാത്മകമായി പുനർനിർമ്മിക്കുന്നത് പുതിയ അധിനിവേശാനന്തര
എഴുത്താണെന്നു " പറയുന്നത് തരക്കേടില്ലാത്ത അസംബന്ധമാണ്. ചരിത്രത്തെയും
ഭൂതകാലത്തെയും പുനർനിർമ്മിച്ച എത്രയോ കൃതികൾ ഉണ്ടായി .സാഹിത്യത്തിൻ്റെ
പൊതുവായ ഒരു സവിശേഷതയാണ് ഈ പുനർനിർമാണം .കുമാരനാശാൻ്റെ 'ദുരവസ്ഥ' നോക്കൂ
,'ചിന്താവിഷ്ടയായ സീത' നോക്കൂ .അതു അധിനിവേശത്തോടുള്ള പ്രതിഷേധമായി
കാണേണ്ടതില്ല. അധിനിവേശം കഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. എന്നിട്ടും
അദ്ധ്യാപകർ അതിൽ തന്നെ കടിച്ചുതൂങ്ങുകയാണ്.ഈ മനോഭാവത്തെ ഇങ്ങനെ
കൊണ്ടുനടക്കേണ്ട ആവശ്യമില്ല .
അത് ഇന്നത്തെ കൃതികൾക്ക്
ഇണങ്ങുകയില്ല. യു.പി .ജയരാജിന്റെ കഥകൾ അധിനിവേശത്തിനെതിരെയല്ല
പടപ്പുറപ്പാട് നടത്തിയത്. അത് ഇന്ത്യൻ ഫ്യൂഡൽ മൂല്യങ്ങൾക്കും ജന്മിമാരുടെ
ക്രൂരതയ്ക്കും ജാതിവെറിക്കും എതിരെയാണ് വാളോങ്ങിയത്. അത് രവീന്ദ്രൻ
കാണുകയില്ല.
എന്നാൽ ഉത്തര- ഉത്തരാധുനികതയുടെ ഈ
കാലത്ത് മൂന്നാം ലോകമോ അധിനിവേശമോ ഒന്നുമില്ല. എല്ലാവരും ഡിജിറ്റൽ
മാനുഷികതയുടെ അടയാളങ്ങളാണ്. ഇൻ്റർനെറ്റും ഡേറ്റയും ചേർന്ന ഡിജിറ്റൽ
മാനുഷികതയുടെ അടയാളങ്ങളാണ് മനുഷ്യർ. പി.പി. രവീന്ദ്രൻ്റെ ലേഖനത്തിൽ
സാഹിത്യകൃതി ആസ്വദിക്കുന്ന ഒരു മനസ്സ് കണ്ടില്ല. ഏത് വീക്ഷണകോണിലൂടെ
നോക്കിയാലും ആത്യന്തികമായി ശേഷിക്കേണ്ടത് ആസ്വാദനക്ഷമതയാണ്.
ജയൻ
ജയൻ
മഠത്തിൽ എഴുതിയ 'മരണത്തിൻ്റെ പെൺ കടലാഴങ്ങൾ - പ്രണയമേ മരണമേ എന്നെയൊന്നു
പുണരൂ'(സൈകതം ബുക്സ്) എന്ന കൃതി നഷ്ടപ്പെട്ട ആത്മാവിനെ വീണ്ടെടുക്കുന്നു.
ജീവിതത്തിൻ്റെ പൈശാചികവും യാന്ത്രികവുമായ ബുദ്ധിയുടെ അതിപ്രസരത്തിൽ നഷ്ടമായ
ലോലഭാവങ്ങളുടെ രസന കണ്ടെടുക്കുകയാണ്. പ്രണയത്തിൽ ഒരു മരണമുണ്ട്.
പ്രണയിക്കുന്നവൻ / പ്രണയിക്കുന്നവൾ അതുവരെയുണ്ടായിരുന്ന ജീവിതത്തിൽ
മരിക്കുക തന്നെയാണ്. അവർ ചിത്രശലഭങ്ങളും ശംഖനാദവും ഉന്മേഷമുണ്ടാക്കുന്ന
പ്രകൃതിയുമുള്ള ഒരു പുതിയ ഭൂവിഭാഗം കണ്ടെത്തുകയാണ്. മനുഷ്യർക്ക് ചിറകുകൾ
വയ്ക്കുന്നു .സ്വപ്നങ്ങൾക്ക് ചിറകുകൾ സാർവത്രികമാണ് . സ്വപ്നത്തിലെ
ആഴക്കാഴ്ചകളും മതിഭ്രമങ്ങളും ജീവിതത്തിൽ നേരിട്ടനുഭവിക്കണമെങ്കിൽ
പ്രേമിക്കണം. പ്രണയത്തിൽ മറ്റൊരു മരണം കൂടിയുണ്ട്. പ്രണയം നഷ്ടപ്പെടുന്നതും
മരണമാണ് .പിന്നീടെങ്ങനെ ജീവിക്കും? ചിറകുകൾ നഷ്ടപ്പെട്ടവർ പറക്കില്ലല്ലോ.
സിദ്ധികൾ നഷ്ടപ്പെട്ടവർ പാഴ് വസ്തുക്കളായി തരം താഴ്ത്തപ്പെടും. ജയൻ തന്റെ
ഭാഷയെ മിസ്റ്റിക്, സൗന്ദര്യാത്മക തലത്തിലേക്കു പറത്തി വിടുകയാണ്.
നാടകീയതയുടെ പിരിമുറുക്കം, അദ്ദേഹം
അനുഭവിക്കുന്നുണ്ടാകണം.വികാരവിക്ഷോഭത്തിൽ നിന്നുകൊണ്ടുള്ള ആത്മാവിൻ്റെ
പ്രഭാഷണമായി ഈ പുസ്തകത്തിലെ ഗദ്യം തിളങ്ങുന്നു .ഓരോ വാചകവും എഴുത്തുകാരനെ
ഉള്ളിൽ നിന്നു കൂട്ടിക്കൊണ്ടുവരുന്നു.
വിസ്ളാവ്
സിംബോർസ്കയുടെ ജീവിതത്തെയും കവിതയെയും കുറിച്ചുള്ള ലേഖനത്തിൻ്റെ പേര്
"കരയിൽ ജീവിക്കുകയും പറക്കാൻ മോഹിക്കുകയും ചെയ്ത കടൽ ജീവിയുടെ
ഡയറിക്കുറിപ്പ്" എന്നാണ്. ഇങ്ങനെ ആത്മീയതയുടെ പശയുള്ള പദങ്ങൾ
കോർത്തെടുക്കുന്നതിൽ ജയൻ മഠത്തിലിനു പ്രത്യേക സിദ്ധിയുണ്ട്. സിംബോർസ്ക
ഏകാന്തതയെ ലഹരി പോലെ കോരിക്കുടിച്ചെന്നു എഴുതുന്ന ഗ്രന്ഥകാരൻ അവരുടെ കവിതയെ
നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: " ബൗദ്ധിക തേജസ്സുള്ള മരണം അവരുടെ കവിതകളിൽ
ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു .മരണത്തിനുമേൽ ആർക്കും യാതൊരു
നിയന്ത്രണവുമില്ലെന്നും എന്നാൽ ആ യാഥാർത്ഥ്യത്തെ നിരന്തരം ചോദ്യം ചെയ്യാൻ
നമുക്ക് കഴിയുമെന്നും സിംബോർസ്ക കുറിക്കുമ്പോൾ അവരുടെ ചിന്തയിലെ
മിസ്റ്റിക് റോസിനെ വായനക്കാരൻ അറിയാതെ ചുംബിച്ചു പോകും. ഇത്തരം സമൃദ്ധമായ
ജീവിതരൂപങ്ങളുണ്ടായിട്ടും മനുഷ്യനെന്തേ എല്ലും മുള്ളുമില്ലാത്തതായി പോയി
എന്ന് അവർ സംശയം പ്രകടിപ്പിച്ചു. "
രാജലക്ഷ്മിയെക്കുറിച്ച്
എഴുതുമ്പോൾ ജയൻ ഏകാന്തതയുടെ നീലവെളിച്ചം എന്നു പ്രയോഗിക്കുന്നുണ്ട്.
സിൽവിയാ പളാത്ത് ,സാഫോ ,എമിലി ഡിക്കൻസൺ, വെർജിനിയ വുൾഫ് ,സൂസൻ സൊൻടാഗ്,
മായാ ആഞ്ചലോ, ടോണി മോറിസൺ തുടങ്ങിയ എഴുത്തുകാരെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ
പ്രതിപാദിക്കുന്നുണ്ട്. ശ്രേഷ്ഠമായ ആത്മദലമർമ്മരത്തിൽ സാഹിത്യത്തെ
ഏകാന്തധ്യാനമാക്കുന്നവരുടെ വിധിയെക്കുറിച്ചാണ് ജയൻ എഴുതിയിരിക്കുന്നത്.
വിമീഷ് മണിയൂരിൻ്റെ
പൈങ്കിളി അപ്പൻ വിരോധം
വിമീഷ്
മണിയൂരിൻ്റെ 'അപ്പൻ ആത്മഹത്യ ചെയ്താലുള്ള സൗകര്യങ്ങൾ'(എഴുത്ത്, ഏപ്രിൽ )
ഒരു പൈങ്കിളി കവിതയാണെന്നു കുറിക്കട്ടെ. വാസ്തവത്തിൽ ഇതൊരു കഥയാണ്;
വരിമുറിച്ച് കവിതയാക്കിയിരിക്കുകയാണ്. കവിത എത്രയും അനായാസമായി ആർക്കും
എങ്ങനെയും എഴുതാവുന്ന ഒരു സാധനമാണെന്നു തെളിയിക്കാൻ ഈ കവിത മതിയാകും. പല
പെൺ കഥാകൃത്തുക്കളും പലവട്ടം പറഞ്ഞാണ് ഈ അപ്പൻ വിരോധം. അപ്പൻ നന്നായാൽ മതി
താൻ നന്നായിക്കൊള്ളാമെന്നാണ് ഇക്കൂട്ടരുടെ വാദം. അപ്പനെ വിട്ട് സ്വയം
നന്നാവാൻ നോക്കുന്നതിനു പകരം അനാവശ്യമായ ക്ളീഷേകളിൽ
കുടുങ്ങിക്കിടക്കുകയാണ് ചില കവികൾ. ഉത്തര - ഉത്തരാധുനിക പരിപ്രേക്ഷ്യത്തിൽ
അപ്പനെ വെറുത്ത് അമ്മയെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള ഒരു
മെലോഡ്രാമയുണ്ടല്ലോ. അതൊക്കെ പൈങ്കിളി ടെലിവിഷൻ പരിപാടികൾക്കു കൊള്ളാം.
അപ്പനെ തെറി പറഞ്ഞാൽ ഒപ്പം കൂടാൻ ധാരാളം പേർ വരും. കാരണം ,അപ്പനെ
അധികാരത്തിന്റെ ക്രൂരരൂപമായി പലരും ഉറപ്പിച്ചിരിക്കുകയാണല്ലോ. അമ്മയെ
ഉപദ്രവിച്ചവരും അമ്മയെക്കുറിച്ച് സ്നേഹത്തിൻ്റെ കവിതയെഴുതി
കൊഴുപ്പിക്കുന്നത് കണ്ടിട്ടുണ്ട്. ഇതൊക്കെ ആവർത്തന വിരസമായ ,നിസ്സാരമായ
,യാതൊരു പ്രതീക്ഷയും നൽകാത്ത വിഷയങ്ങളാണ് .ലോകത്തെയാണ് കാണേണ്ടത്.
വിമീഷിന്റെ വാക്കുകൾ :
" ചിലേ ദിവസങ്ങളിൽ,
അപ്പൻ അമ്മച്ചിയുടെ
വായിലേക്ക് കാലിറക്കി
അന്നനാളം വരെ ചെന്ന് കുത്തിയിളക്കിക്കഴുകുന്നത് കണ്ടിരിക്കാൻ വയ്യാഞ്ഞിട്ടാണ്.
ഒരിക്കലയാൾ കേറിക്കിടക്കാൻ
വേറൊരു കറുമൂസത്തണലുപോലു-
മില്ലാതിരുന്ന
അമ്മൂമ്മയുടെ വിരല് വിരിച്ചുവച്ച്
ചുറ്റികകൊണ്ട് നഖത്തിലൊറ്റയടി..."
ഇതുപോലുള്ള
വാചകങ്ങൾക്ക് സ്വയം കവിതയാകാനുള്ള സിദ്ധിയുണ്ടോ? പലതവണ കേട്ട
പുരാവൃത്തമാകയാൽ കേൾക്കുമ്പോൾ മടുപ്പാണ് തോന്നുന്നത്. കവിത വസ്തുവിൻ്റെ
ആന്തരസത്യം, ഒളിപ്പിക്കപ്പെട്ട മൂല്യമാണ് (hidden ontological meaning)
തേടേണ്ടത് .എല്ലാവർക്കും അറിയാവുന്ന സാധാരണ വിഷയങ്ങളല്ല.
രാജഗോപാലിൻ്റെ കവിത ക്ളീഷേ
മലയാളിയുടെ
പൂർവ്വകാലങ്ങളെ, കവിതയുടെ പഴയ പദക്കൂട്ടുകളിലൂടെ, വികാരരഹിതമായി
,അലക്ഷ്യമായി കടത്തിക്കൊണ്ടുവരാനാണ് കെ. രാജഗോപാൽ ശ്വമിക്കുന്നത്.
അദ്ദേഹത്തിൻ്റെ 'വീട്ടിലൂണ്'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 15)എന്ന കവിത
ഉദാഹരണം. ഇത്തരം കവിതകൾ ആധുനിക അഭിരുചിയുള്ള വായനക്കാർ എങ്ങനെ ഉൾക്കൊള്ളും?
കവിതയുടെ ആധുനികസംസ്കാരമോ, ആഴത്തിലുള്ള അനുഭവമോ, വിചിന്തനമോ രാജഗോപാലിൻ്റെ
കവിതയിലില്ല. കവിതയെക്കുറിച്ച് എം.ഗംഗാധരൻ ,ജി.എൻ .പിള്ള തുടങ്ങിയവർ
എഴുതിയ ലേഖനങ്ങൾ വായിക്കണം.
"നാട്ടിലേക്കു പോകുന്നതെന്നാണീ -
മാസമാണ് മോരമ്മയ്ക്ക് ശ്രാദ്ധം
നോമ്പെടുത്തു തൊഴാനുണ്ട് കാവിൽ
നേർച്ചയുണ്ടൊരു പന്തിരുനാഴി ,
വീട്ടിലാരും തുറക്കാതിനിയും ബാക്കിയില്ലേ മുറിയൊന്നുകൂടി?
കൊണ്ടുപോകണ,മൊന്നവിടേക്കെന്ന്
അമ്മ ശാഠ്യം പിടിച്ചുതുടങ്ങി."
രാജഗോപാലിന്റെ
കവിത അദ്ദേഹത്തിന്റെ പേരിലാണുള്ളത് ,ഹൃദയത്തിലല്ല. കവിയെ ആധിപിടിപ്പിച്ച
വിഷയമല്ല ഇത്. ഈ ഭാഷയിൽ അത് വ്യക്തമാണ്. കവിത മജ്ജയിൽ നിന്നാണ് വരേണ്ടത്;
ഹൃദയം അതിൻ്റെ വാഹിനി മാത്രമാണ്. കവിതയുടെ ഉഗ്രഭാഷണം കാണാനില്ല. ഇതുപോലുള്ള
ഒത്തുതീർപ്പ് കവിതകൾ വായിക്കുന്നത് തീക്ഷ്ണസൗന്ദര്യം തേടുന്ന വായനക്കാരുടെ
അഭിരുചിയെ ക്ഷയിപ്പിക്കുകയേയുള്ളു. രാജഗോപാലിനു ആധുനിക സംസ്കാര മില്ല.
സാഹിത്യകലയിൽ ആധുനികസംസ്കാരം അനിവാര്യമാണ്. എന്നാൽ കടമ്മനിട്ട 'മകനോട്'
എന്ന കവിതയിൽ എഴുതിയിരിക്കുന്നത് നോക്കൂ:
"ദുരിതത്തിൻ വേർപാകി ജടയുലച്ചാടുന്ന
വൃഷവൃക്ഷവ്യൂഹത്തിൻ നടുവിൽ തലപൊക്കുവാൻ പൂത്തുവിടരുവാനാകാതെ
ഫലവൃക്ഷമാകെത്തളർന്നു
മുരടിച്ചുപോയ് സ്നേഹലതകളും ചെടികളും
മുളചീഞ്ഞ മൂകമാം പാടും
വിഷവൃക്ഷവൃന്ദത്തിൻ വേരറുത്തീടുവാൻ
മുരടിൽ കോടാലിയായ് വീഴൂ"
ആത്മാവിലെ തീവ്രമായ വികാരം കവിതയുടെ ഊർജമായി പത്തിവിടർത്തുകയാണ്. എ.അയ്യപ്പൻ്റെ 'പുഴയുടെ കാലം' എന്ന കവിത എത്ര മഹത്തരമാണ്.
"ഞാൻ തടാകമായിരുന്നു.
എൻ്റെ മുകളിൽ
നീയൊരു മഴവില്ലായിരുന്നു.
ഒരു കർക്കിടകത്തിൽ
നമ്മൾ മാത്രം
മഴത്തുള്ളികളായിരുന്നു.
ഒരു ഋതുവിലൂടെ
നിൻ്റെ ചിരിക്ക്
വസന്തമാകാൻ കഴിഞ്ഞിരുന്നു.
ഒരു മഞ്ഞത്ത്
നമ്മൾ മാത്രം
പുൽക്കൊടികളായിരുന്നു
ഒഴിവുകാലത്ത് നമ്മളും
ഒരു ഋതുവിൽനിന്ന്
ആൾക്കൂട്ടവും പിരിഞ്ഞു.
ഒരു ശൈത്യത്തിൽ
മരപ്പൊത്തിലൂടെ
വലംകൈയിലെ
ചൂണ്ടുവിരലിലൂടെ
നിനക്ക് നീലയാകാൻ കഴിഞ്ഞു. "
ഇതാണ്
കവിത .മനസ്സിന്റെ എല്ലാ ഇന്ദ്രിയങ്ങളും സദാ പ്രവർത്തിക്കുന്ന വിധം
വാക്കുകൾ നിരക്കുകയാണ്. പിന്നീടാണ് അത് ഭാഷയായിത്തീരുന്നത്. മനസ്സിനെ
പ്രലോഭിപ്പിച്ച കവിതയാണ് അയ്യപ്പൻ്റേത്.
സക്കറിയയുടെ നവീനത
ശരീരത്തിനു
പ്രായമേറുന്നുണ്ടെങ്കിലും മനസ്സിൽ ,ബുദ്ധിയിൽ ജരാനര ബാധിക്കാത്ത
എഴുത്തുകാരനാണ് സക്കറിയ. അദ്ദേഹം മലയാളകഥയിൽ ഒരു പുതിയ ആഖ്യാനതന്ത്രം
പരീക്ഷിച്ചു വിജയിപ്പിച്ചു.'യേശുപുരം പബ്ലിക് ലൈബ്രറിയെക്കുറിച്ച് ഒരു
പരാതി','അ എന്ന വേട്ടക്കാരൻ' തുടങ്ങിയ കഥകൾ ഉദാഹരണം. ഒരു അഭിമുഖത്തിൽ
(സത്യം അന്വേഷിക്കാതെ ശക്തരായ എഴുത്തുകാരാകാൻ പറ്റില്ല,പച്ചമലയാളം ,പ്രമീളാ
ഗോവിന്ദ് എസ് ,ജൂൺ)തന്റെ സാഹിത്യദർശനം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
"അടിസ്ഥാനപരമായി എഴുത്തുകാരന്റെ ദൗത്യം ഭാഷയുമായുള്ള അവൻ്റെ ഇടപെടലാണ്
.രണ്ടാമത് സാഹിത്യരൂപവുമായുള്ള അവൻ്റെ ഇടപെടലാണ്. നല്ല ഭംഗിയുള്ള,
സൗന്ദര്യമുള്ള, അർത്ഥമുള്ള മലയാളം സൃഷ്ടിക്കുക എന്നത്
പ്രധാനപ്പെട്ടതാണല്ലോ." സാഹിത്യരൂപത്തെ പുതുക്കുന്ന കാര്യമാണ് സക്കറിയ
പിന്നീട് പറയുന്നത്. കഥാകൃത്താണെങ്കിൽ അതിൻ്റെ രൂപം പുതുക്കണം. "പഴയത്
ആവർത്തിക്കാതെ നോക്കണം." അദ്ദേഹം പറയുന്ന മറ്റൊരു പ്രധാന നിരീക്ഷണം ഇതാണ്:
"എൻ്റെ ഭാഷയെ ഓരോ തവണ പേന എടുക്കുമ്പോഴും എങ്ങനെയാണ് ഞാൻ പുതുക്കുന്നത്
എന്നത് സംബന്ധിച്ച് ബോധ്യമുണ്ടാകണം. ഇത് കഴിഞ്ഞാലുള്ള ദൗത്യമാണ് സത്യം
തിരിച്ചറിയാനെങ്കിലും ശ്രമിക്കുക എന്നത്. അവനവൻ്റെ മനസ്സിൽ അതുണ്ടെങ്കിൽ
എഴുത്തിൽ എവിടെയെങ്കിലുമൊക്കെ അത് പ്രതിഫലിക്കും."
ഇന്നത്തെ
മലയാളകഥയിൽ ഈ സത്യാന്വേഷണം ഇല്ലെന്ന് പറയാം.ഇത് സക്കറിയ
നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിനറിയാം ,മനസ്സിൽ
കളവാണുള്ളതെങ്കിൽ ആ എഴുത്തുകാരൻ്റെ രചന പരാജയപ്പെടുമെന്ന്.
ജോസഫ് ഗൂയെൻ :കവിത ഒരു തെറാപ്പി
വിയറ്റ്നാമീസ്
കവിയും എഴുത്തുകാരനുമായ ജോസഫ് ഗൂയെൻ (Joseph Nguyen)എഴുതിയ Beyond
Thoughts എന്ന കവിതാസമാഹാരം നമ്മുടെ മനസ്സുകളെ, മുറിവേറ്റ അന്തർമുഖ
മനസ്സുകളെ സുഖപ്പെടുത്തുന്ന രചനകളാണ് ഉൾക്കൊള്ളുന്നത്. കവിത ഒരു
തെറാപ്പിയാവുകയാണ്. പുസ്തകത്തിനു ഒരു ഉപശീർഷകവുമുണ്ട്:An expression of who
we are beyond our minds.
ഈ കൃതിയിലെ ചില വരികൾ ഇവിടെ ചേർക്കാം:
"മറ്റുള്ളവരെക്കുറിച്ച് നാം പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങൾ നാം നമ്മെക്കുറിച്ച് നേരത്തെ തന്നെ സ്വരൂപിച്ചതാണ്."
"എല്ലാം നല്ലതാണ് .ഞാൻ അതിനെ വിലയിരുത്തുന്നില്ലെങ്കിൽ ."
"എന്തുകൊണ്ട് നാം ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണെന്നു തിരിച്ചറിയുന്നില്ല. ഒരേ ശിഖരത്തിലെ രണ്ടിലകൾ ?
ഒരേ കടലിലെ രണ്ട് തിരകൾ ?
ഒരേ രാഗത്തിലെ രണ്ട് നോട്ടുകൾ.
ഒരേ പ്രപഞ്ചകേന്ദ്രത്തിലെ
രണ്ടാത്മാക്കൾ."
ഗൂയെൻ
എഴുതിയ why we suffer when we do things for love എന്ന ചെറുലേഖനവും
വായിക്കാൻ സാധിച്ചു. സ്നേഹിക്കുമ്പോൾ നാം യാതനയനുഭവിക്കുന്നത്
എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് അദ്ദേഹം ഉത്തരം പറയുന്നത് . "മറ്റൊരാളുടെ
സ്നേഹം കിട്ടാൻ വേണ്ടി നാം പരിശ്രമിക്കുമ്പോൾ യാതന അനുഭവിക്കേണ്ടിവരും.
സ്നേഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നത് പ്രതീക്ഷയുണ്ടാക്കും,
തിരിച്ച് എന്തെങ്കിലും കിട്ടുമെന്ന്. ഇത് നിരാശ ഉണ്ടാക്കും. എന്നാൽ
പ്രേമത്തിൽ നിന്നുകൊണ്ടാണ് എന്തെങ്കിലും പ്രവർത്തിക്കുന്നതെങ്കിൽ, നാം
നമ്മളിലുള്ള അന്തമറ്റ പ്രേമത്തിൽ നിന്നാണ് പ്രേമം കൊടുക്കുന്നതെങ്കിൽ
തിരിച്ചു ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടി വരില്ല. മറ്റു
ഭൗതികലക്ഷ്യങ്ങളില്ലാതെ പ്രേമിക്കുമ്പോഴാണ് യഥാർത്ഥ പ്രേമത്തെ അറിയാനൊക്കൂ.
ഇവിടെ ബന്ധനമില്ല. ഇതാണ് യഥാർത്ഥ സമ്മാനം. പ്രേമത്തിൽ നിന്നാണ് പ്രേമം
കൊടുക്കേണ്ടത്. ഇങ്ങനെ എപ്പോഴെങ്കിലും നാം പ്രേമിച്ചിട്ടുണ്ടോ എന്നു
ചിന്തിക്കുക ."
നിലപാടുകൾ നിദർശനങ്ങൾ
1)ഒരു
ചെറുപ്പക്കാരൻ നോവലെഴുതി മാസങ്ങൾ കഴിഞ്ഞതേയുള്ളൂ, 25 പതിപ്പുകൾ
ഇറങ്ങിയെന്ന് ! ആരാണ് വായിച്ചത്?ഇക്കൂട്ടത്തിൽപ്പെട്ട ഒരു വായനക്കാരനെയും
കാണാൻ കഴിഞ്ഞില്ല .നോവൽ പുറത്തിറങ്ങി ഉടനെ സിനിമാതാരത്തിന്റെ കൈയിൽ
പിടിപ്പിച്ച് ഫോട്ടോ എടുത്ത് സമൂഹമാധ്യമത്തിൽ ഇടുന്നത് കാണാറുണ്ട്. ഇത്തരം
നോവലുകൾ ഞാൻ വായിക്കുകയില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്. സിനിമാ
താരത്തോടുള്ള എതിർപ്പുകൊണ്ടല്ല. ഈ നോവലിസ്റ്റിനു സഹ എഴുത്തുകാരോടുള്ള
പുച്ഛം നാം കാണാതെ പോകരുത്. ഇത്തരം കാര്യങ്ങളിൽ ഒരു മിനിമം പക്വത
പ്രതീക്ഷിക്കുന്നു. ഒരു നോവലോ കഥാസമാഹാരമോ ടി.പത്മനാഭൻ്റെയോ സക്കറിയയുടെയോ
കൈയിൽ പിടിപ്പിച്ച് ഫോട്ടോയെടുത്താൽ അതിനു ഒരു അർത്ഥമുണ്ട്.
2)പ്രായമാകുന്നതോടെ
മനുഷ്യൻ നിരാശനും കലാവിരുദ്ധനും മൗനിയുമാകുന്നതിൻ്റെ രഹസ്യം
വെളിപ്പെടുത്തുകയാണ് സതീശൻ മോറായി 'തർക്കം'(പച്ചമലയാളം, ജൂൺ )എന്ന കവിതയിൽ
.
"കുട്ടിക്കാലത്ത് ഞാൻ
ജയനും
നീ പ്രേം നസീറുമായിരുന്നു
ഒരു ആനയെ കിട്ടിയിരുന്നെങ്കിൽ...
പുഴുങ്ങിത്തിന്നാമായിരുന്നു എന്നു നീയും
മണ്ടിപ്പെണ്ണേ എന്നു ഞാനും
പരിഹസിച്ചു പറയുമായിരുന്നു. ഏറെക്കാലത്തിനിപ്പുറം
പിന്നെയും കണ്ടുമുട്ടിയപ്പോൾ ഭഞ്ജിക്കുവാനാവാത്ത മൗനം കൊണ്ട്
എന്തായിരിക്കും നമ്മൾ തർക്കിച്ചിട്ടുണ്ടാവുക?"
3)അജേഷ് പിയുടെ 'പൂച്ചവീട്'(പച്ചമലയാളം,ജൂൺ) എന്ന കവിതയിൽ ഇങ്ങനെ കാണാം:
"വീടൊരു പൂച്ചയായതു പോലെ,
പൂച്ച ഒരു വീടായതുപോലെ ."
സൂക്ഷ്മമായ ഒരു നിരീക്ഷണമാണിത്.
4)'ജീവിച്ചിരിക്കെ
കാലഹരണപ്പെട്ടു പോയ ഒരാളുടെ ആത്മകഥ' എന്ന പേരിൽ മുഞ്ഞിനാടു പത്മകുമാർ
എഴുതിയ സ്വന്തം ജീവിതകഥ രചനാരീതിയിലും സൗന്ദര്യാത്മകമായ കാഴ്ചപ്പാടിലും
വ്യത്യസ്തമാണ് .സാമ്പ്രദായിക ഭാഷയിൽ നിന്നും വഴക്കങ്ങളിൽ നിന്നും
വ്യതിചലിച്ച് ഒരു ആത്മലോക പുരാവൃത്തം സൃഷ്ടിക്കുന്നതിൽ ഗ്രന്ഥകാരൻ
വിജയിച്ചിരിക്കുന്നു.
എം.കെ.ഹരികുമാർ
9995312097
No comments:
Post a Comment