Followers

Monday, February 3, 2025

ആശാൻകവിതയുടെ വായന - സച്ചിദാനന്ദ സ്വാമിയുടെ പുസ്തകം പുതിയ പാത തുറക്കുന്നു /എം.കെ.ഹരികുമാർ

 




കുമാരനാശാൻ്റെ  സാഹിത്യജീവിതത്തിലെ ഏറ്റവും വലിയ അദ്ധ്യായമാണ് ശ്രീനാരായണഗുരു. ഒരു  വിശ്വാസിയായിരുന്ന ആശാൻ തൻ്റെ  പ്രബുദ്ധവും അന്വേഷണാത്മകവും ദാർശനികവുമായ പ്രജ്ഞയിലൂടെ  വേർതിരിവുകളുടെയും സങ്കുചിത സങ്കൽപ്പങ്ങളുടെയും മതിൽക്കെട്ടുകൾ ചാടിക്കടന്നു വലിയൊരു മാനവിക യാഥാർത്ഥ്യത്തിലേക്ക് ഉയരുകയാണ് ചെയ്തത്. മലയാളകവിതയിൽ ഏറ്റവും കൂടുതൽ എഴുതപ്പെട്ടിട്ടുള്ളത് ആശാനെക്കുറിച്ചാണ്. ആശാൻ്റെ വരികളിൽ അർത്ഥവും അതീതമായ അർത്ഥവുമുണ്ട് .അത് വിഭിന്നതലങ്ങളിൽ വ്യാഖ്യാനിക്കാൻ കഴിയും. ജോസഫ് മുണ്ടശ്ശേരി ,മാരാര് ,സുകുമാർ അഴീക്കോട് ,പി.കെ.ബാലകൃഷ്ണൻ ,തുടങ്ങിയവർ വിഭിന്നങ്ങളായ പദ്ധതികളിലൂടെ ആശാൻകവിതയെ സമീപിച്ചിട്ടുള്ളത് ഓർക്കുമല്ലോ.മതം, ദൈവം, സത്യം, ദർശനം തുടങ്ങിയ ആശയസംഹിതകളുടെ സങ്കീർണമായ ആവിഷ്കാരവും വ്യക്തിഗതവും പ്രാപഞ്ചികവുമായ നോട്ടങ്ങളുടെ സമന്വയവുമാണ് ആശാൻകവിതകളെ കൂടുതൽ വ്യാഖ്യാനത്തിനും അന്വേഷണത്തിനും ആസ്വാദകരെ പ്രേരിപ്പിക്കുന്നത്.

ആശാനെക്കുറിച്ച് ഇവിടെ എഴുതാനും ചിന്തിക്കാനും കാരണമായത് ,സച്ചിദാനന്ദ സ്വാമി എഴുതിയ 'കുമാരനാശാൻ കണ്ട ഗുരുദേവൻ'*എന്ന പുസ്തകമാണ്. യാദൃച്ഛികമായി ലഭിച്ച ഈ പുസ്തകം അതിൻ്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ആശാനും ഗുരുദേവനും അടങ്ങിയ ലോകമാണ് ഉൾക്കൊള്ളുന്നത്.കുമാരനാശാൻ  എങ്ങനെയാണ് ഗുരുവിനെ മനസ്സിലാക്കിയത്, പിന്തുടർന്നത് എന്ന് ഈ പുസ്തകം പറഞ്ഞുതരുന്നുണ്ട്.  ആശാൻ ഗുരുവിനെക്കുറിച്ച് എഴുതിയ കവിതകളും ലേഖനങ്ങളും മുഖപ്രസംഗങ്ങളും വ്യാഖ്യാനങ്ങളുമാണ് സച്ചിദാനന്ദ സ്വാമി സമാഹരിച്ചിരിക്കുന്നത്.വളരെ വിലപ്പെട്ട ഒരു രേഖയാണിത്. ആശാൻ സാഹിത്യത്തിൽ ചിതറിക്കിടക്കുന്ന ഈ രചനകളെ വളരെ സൂക്ഷ്മമായി കോർത്തെടുക്കുകയാണ് സ്വാമി. ഗുരുവിനെ അറിയാൻ  സാധിക്കുന്നതുപോലെ തന്നെ ഈ കൃതി ആശാനെയും നന്നായി മനസ്സിലാക്കാൻ ഉപകരിക്കും. എന്തുകൊണ്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്നതിനു സ്വാമി ഇങ്ങനെ ഉത്തരം നൽകുന്നു:"സർവതിനും ആധാരമായ പരബ്രഹ്മമൂർത്തി തന്നെയാണ് ശ്രീനാരായണഗുരുവെന്ന് ഇത്രയും സുവ്യക്തമായി മറ്റൊരു ശിഷ്യനും പറഞ്ഞിട്ടില്ലായെന്നു തോന്നുന്നു. അത്രയും അഗാധമായ ബോധത്തിൻ്റെ തികവിലാണ് കുമാര മഹാകവി ഗുരുസ്വരൂപത്തെ ലോകത്തിനു പകർന്നു നൽകിയത്.ഭക്തികൊണ്ടും വിശ്വാസംകൊണ്ടുമല്ല കവി ഇപ്രകാരം എഴുതുന്നത് .അനുഭവജ്ഞാനത്തിൻ്റെയും വേദാന്തശാസ്ത്രത്തിൻ്റെയും അവബോധത്തിലുള്ള പിൻബലം കൊണ്ടുമാണ് ഗുരുദേവസ്വരൂപത്തെ കുമാരനാശാൻ അവതരിപ്പിക്കുന്ന്."

വിശ്വദർശനം

കുമാരനാശാൻ രചിച്ച 'ഗുരുസ്തവം', 'ഗുരുപാദദശകം' എന്നീ കവിതകളിൽ അസാമാന്യമായവിധം ഗഹനവും പ്രസാദാത്മകവുമായി ഗുരു നിറഞ്ഞു നിൽക്കുകയാണ്. ഗുരുദർശനത്തിന്റെ സാമാന്യവും സാംസ്കാരികവും പ്രാപഞ്ചികവുമായ അർത്ഥവ്യാപ്തി ഈ കവിതകളിൽ സ്വാംശീകരിക്കപ്പെട്ടിരിക്കുകയാണ്. ഇതിനേക്കാൾ മികവോടെ മറ്റാരും ഗുരുവിനെക്കുറിച്ച് എഴുതിയിട്ടില്ല. ആശാൻ്റെ ഭാഷാപരമായ തുളച്ചിറങ്ങൽ ,പദഭംഗിയിലൂടെയുള്ള സത്യസാക്ഷാത്കാരം, ഗ്രഹണശക്തി മറ്റെവിടെയും കാണാൻ കഴിഞ്ഞിട്ടില്ല.എന്നാൽ ഈ കൃതികളിൽ തത്ത്വചിന്തയും മനനവും മാത്രമല്ല , വൈകാരികമായ സൂചനകളും അടങ്ങിയിരിക്കുന്നു. 'കുമാരനാശാൻ കണ്ട ഗുരുദേവൻ' എന്ന കൃതിയിൽ  സച്ചിദാനന്ദസ്വാമിയുടെ വ്യാഖ്യാനവും അടങ്ങിയിട്ടുണ്ട്. 'കുമാരനാശാൻ്റെ  ഗുരുദർശനം' എന്ന ലേഖനത്തിൽ സച്ചിദാനന്ദസ്വാമി ഇങ്ങനെ കുറിക്കുന്നു: " ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നതാണ് ആ  വിശ്വദർശനത്തിന്റെ അടിസ്ഥാനതത്ത്വം. ഈ  വിശ്വദർശനത്തെ ചാലിച്ചെടുക്കുന്നതാണ് കുമാരനാശാൻ്റെ വിശ്വപ്രതിഭ എന്നു കാണാനാവും. ആശാൻകൃതികളെ അനുപമേയമാക്കുന്നത് ഗുരുദേവന്റെ ഈ വിശ്വദർശനമാണ്.ഗുരുദേവദർശനത്തിന്റെ അടിസ്ഥാനതത്ത്വം ഒരേ അറിവ് പലതായി പ്രകാശിക്കുന്നു എന്നതാണ്. അറിവ് ,അറിയുന്നവൻ, അറിയപ്പെടുന്ന വസ്തു എന്ന ത്രിപുടിയാണീ പ്രപഞ്ചം."

സച്ചിദാനന്ദ സ്വാമിയുടെ ഈ വീക്ഷണം ആശാൻകവിതയുടെ പാരായണത്തെ ഒരു പുതിയ ദിശയിലേക്ക് നയിച്ചുകൊണ്ട് പോവുകയാണ്. ആശാൻകവിതയിൽ ഗുരുവിൻ്റെ സ്വാധീനമുണ്ടെന്നത് പരക്കെ അംഗീകരിച്ച വസ്തുതയാണ്. എന്നാൽ ആശാന്റെ കൃതികളിൽ വേറെയും അടിത്തട്ടുകളുണ്ട് .വേദാന്തത്തിന്റെ മാത്രം തലമല്ല ആ കവിതകളിലുള്ളത്. അത് സാമൂഹികമായ അനാചാരങ്ങൾക്കെതിരെ പോരാടുന്നു. ആത്മീയപ്രശ്നങ്ങളിൽപ്പെട്ട് അലയുന്നു. മനുഷ്യരുടെയുള്ളിൽ പരിശുദ്ധമായ സ്നേഹം അലയടിക്കുന്നത് വിവരിക്കുന്നു. മനുഷ്യത്വത്തിന്റെ പരമമായ സ്ഥാനം എവിടെയാണെന്നു തിരയുന്നു. ബുദ്ധമതവിശ്വാസിയല്ലാത്ത ആശാൻ 'കരുണ'യിൽ ഉപഗുപ്തനെ പരോക്ഷമായി വിമർശിക്കുകയാണ് ചെയ്യുന്നത്. ഒരു ബുദ്ധിസന്യാസിക്ക് മനുഷ്യരുടെ സ്നേഹത്തിനു വേണ്ടിയുള്ള വിളി കേൾക്കാൻ കഴിഞ്ഞില്ലെന്ന ആരോപണം ഉയരുന്നുണ്ട് .




സച്ചിദാനന്ദ സ്വാമി ഉറച്ചുപോയ ഒരു  ചിന്താധാരയെ മറികടന്നു മറ്റൊരു ദിക്കിലേക്കു ആശാൻകവിതയുടെ ഭാവി വായനയെ വഴിതെളിക്കുകയാണ് .ആശാൻകൃതികളെ അനുഭവവേദ്യമാക്കുന്നത് ഗുരുവിൻ്റെ വിശ്വദർശനമാണെന്ന സ്വാമിയുടെ അഭിപ്രായം കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഈ പുസ്തകം ആ വഴിക്കുള്ള തിരച്ചിലിനു  മാർഗ്ഗനിർദേശം നൽകുകയാണ്. ഗുരു  ദൈവത്തെ ചിന്താസന്താനമായി വിലയിരുത്തുമ്പോൾ ആശാൻ ചിന്തയുടെ മണിമന്ദിരത്തിൽ  വിളങ്ങുമീശനായി കാണുന്നുവെന്ന നിരീക്ഷണം ഈ പുതിയ പന്ഥാവിലേക്കുള്ള ചൂണ്ടുപലകയാണ്.ഇതിനോടനുബന്ധിച്ചാണ് ആശാൻ 'ആത്മോപദേശശതക'ത്തിലെ ആദ്യശ്ളോകത്തിനെഴുതിയ വ്യാഖ്യാനത്തെ കാണേണ്ടത്. ഈ  കൃതിയിൽ അത് ചേർത്തിട്ടുണ്ട്. ഈ വ്യാഖ്യാനത്തിൻ്റെ ആദ്യവാക്യത്തിൽ തന്നെ ആശാൻ സൂചിപ്പിക്കുന്നത് ഗുരുവിൻ്റെ അന്യാദൃശമായ സരസ്വതീവിലാസത്തെക്കുറിച്ചാണ്. ഒരു വിഷയത്തെക്കുറിച്ച് എഴുതുമ്പോൾ അതിൽ ശബ്ദങ്ങളുടെ ഗുണദോഷങ്ങളുടെ പ്രാധാന്യമുണ്ടെന്നാണ് ആശാന്റെ അഭിപ്രായം. ആത്മോപദേശശതകം  അച്ചടിക്കുന്നതിനു മുമ്പ് ഭക്തന്മാരും ആസ്വാദകരും അത് പല സ്ഥലങ്ങളിൽ ചൊല്ലുന്ന കാലമായിരുന്നു. ഇതിൻ്റെ വിഷയഗഹനത സാധാരണ വായനക്കാർക്ക് ക്ളേശകരമാവാനിടയുണ്ട് എന്നറിഞ്ഞുകൊണ്ടാണ് ആശാൻ വ്യാഖ്യാനം എഴുതാൻ തയ്യാറായതെന്നറിയിക്കുന്നുണ്ട്.ഈ വ്യാഖ്യാനം വായിക്കുന്ന ശ്രദ്ധാലുവായ ഒരാൾക്ക് മനസ്സിലാക്കാൻ കഴിയുന്ന വസ്തുത ഗുരുവിന്റെ പ്രപഞ്ചജ്ഞാനം ആശാന്റെയും ദാർശനിക പദ്ധതികളുടെ ഭാഗമായിരുന്നു എന്നതാണ്. എല്ലാം അറിവ് മാത്രമാണ് എന്ന മന്ത്രത്തിലേക്ക് ചുരുങ്ങുകയാണ്.  ആശാനും അതാണ് അന്വേഷിച്ചത്.'ചണ്ഡാലഭിക്ഷുകി'യിൽ താഴ്ന്ന ജാതിയിൽപ്പെട്ട ഒരു പെണ്ണിൽ നിന്നു വെള്ളം ചോദിക്കുന്ന ബുദ്ധഭിക്ഷുവിനെ കാണാം .ബുദ്ധഭിക്ഷുവിനു വെള്ളം കൊടുക്കാൻ സമുദായമര്യാദ അനുവദിക്കുന്നില്ല എന്നാണ് അവൾ പറയുന്നത്. എന്നാൽ വെള്ളത്തിനു ജാതിയില്ല. മനുഷ്യർക്കാണ് ജാതി. വെള്ളം ആർക്ക് കൊടുക്കുന്നുവെന്നതാണ് പ്രശ്നം. ഇത് അന്ധതയാണ്. ഇതിനെതിരെയാണ് ആ കാവ്യം നീങ്ങുന്നത്. ഒടുവിൽ അവർക്ക് അറിവ് ലഭിക്കുന്നു. അവർ ലോകതത്ത്വം തിരിച്ചറിയുന്നു .ഇത് തന്നെയാണ് ഗുരുവിൻ്റ തത്ത്വവും. മനഷ്യർക്ക് ഒരു ജാതിയേയുള്ളു ,അത് അൻപാണെന്ന ദർശനമാണ്.

ഏതോ വിസ്മയചിഹ്നങ്ങൾ

ആശാൻ എഴുതുന്നു: "അറിയുന്നവൻ, അറിയപ്പെടുന്നത് ,അറിവ് എന്നു പദാർത്ഥങ്ങൾ മൂന്നാകുന്നു. സംസ്കൃതത്തിൽ ഇവയ്ക്ക് ക്രമേണ ജ്ഞാതാവ് ,ജ്ഞാനം ,ജ്ഞേയം ഇങ്ങനെ പേർ പറയുന്നു. ഇവയല്ലാതെ നാലാമതായിട്ട് ഒരു പദാർത്ഥം ഉണ്ടാവാൻ പാടില്ല .ഈ മൂന്നിനെയും തന്നെ അറിയുന്നത്, അറിയപ്പെടുന്നത് (അല്ലെങ്കിൽ ദൃക്ക് ,ദൃശ്യം എന്ന രണ്ടു പദാർത്ഥമായിട്ടും ചിലർ വിഭജിക്കുന്നു. തന്നെ (അല്ലെങ്കിൽ) അറിയുന്നതിനെ ഒഴിച്ച് മറ്റെല്ലാവും അറിയപ്പെടുന്നതാകുന്നു. അറിവ് (അറിയുന്ന)ദൃക്കിനെക്കാൾ അന്യമല്ല. അറിയപ്പെടുന്നതും അറിവിനേക്കാൾ അന്യമല്ല .അപ്പോൾ എല്ലാം അറിവാകുന്ന ഒന്നുമാത്രം ആകുന്നു." ഈ ദർശനം ആശാൻ്റെ കലയെയും ആവിഷ്കാരത്തെയും ആഴത്തിൽ സ്പർശിച്ചിട്ടുണ്ട് .കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉപയോഗിച്ച് ആശാൻ തൻ്റെ കൃതികളിൽ സൃഷ്ടിച്ചത് ഈ  ദർശനമാണ്. വേദാന്തവും ജീവിതപ്പൊരുളും ഒരു മനസ്സിനെ ആവേശിക്കുകയാണ് .അത് മുൻകൂട്ടി തീരുമാനിച്ചതിന്റെ ഫലമല്ല .മനസ്സിലേക്ക് വന്നുചേരുകയാണ്. മനസ്സിൻ്റെ വാതിലുകൾ താനേ തുറക്കുകയാണ്. ആകാശവും നക്ഷത്രങ്ങളുമെല്ലാം  അതിവിദൂരമായ, എന്നാൽ നമ്മുടേതായിരിക്കുന്ന ഏതോ ഒന്നിന്റെ വിസ്മയചിഹ്നങ്ങളാണെന്ന അറിവ് ഒരു പുസ്തകത്തിൽ നിന്നു കിട്ടുകയില്ല. അതുകൊണ്ട് ആശാൻ്റെ ആനന്ദം അലൗകികമാണ്. പല വിമർശകർക്കും ഈ ആനന്ദം എന്താണെന്നു പിടികിട്ടിയില്ല .

"ഒരു വഴി തിരിയുമ്പോഴോമലാൾക്ക
ങ്ങുരുതരചമ്പകഗന്ധമോടുമുളളം
പരിചിലഥഹരിച്ചു 'നർമ്മദോ'ർമ്മീ
പരിചയശൈത്യമിയന്നമന്ദവായു

സുഖദമയി! വരുന്നിതെങ്ങു നിന്നോ
സഖി,യിതചമ്പകഗന്ധ,മെന്തു ചിത്രം !
മുഖരസമിതുമാറ്റി മിന്നുകല്ലീ
നിഖിലവനാവലി നിദ്രവിട്ട പോലെ."

എന്നു 'ലീല'യിൽ എഴുതിയിരിക്കുന്നത് ലൗകികാതീതമായ ആനന്ദത്തെയാണ് സൂചിപ്പിക്കുന്നത് .സ്വാർത്ഥ മോഹങ്ങ ളും ലക്ഷ്യങ്ങളും മനസ്സിൽ കട്ടപിടിച്ചു കിടക്കുന്ന ഒരാൾക്ക് ഈ ചമ്പക ഗന്ധം അനുഭവപ്പെടുകയില്ല. മനസ്സിൻ്റെ അടിത്തട്ടിൽ നിന്നു പ്രപഞ്ചരചനകളുടെ വിസ്തൃതയിലേക്ക് ഉയർന്നുവരുന്ന ഒരു പൂവാണ് അപ്പോൾ മനസ് .

'വീണപൂവി'ൽ "ഒന്നല്ലി നാമയി സഹോദരരല്ലി ?പൂവേ ഒന്നല്ലി കൈയിഹ രചിച്ചത് നമ്മെയെല്ലാം." എന്നെഴുതിയതും അന്തിമമായ ഒരു വിശ്രാന്തിസ്ഥാനത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. എത്തിച്ചേരാൻ ഒരിടമുള്ളതുകൊണ്ട് സുഖദുഃഖങ്ങളെ  സമചിത്തതയോടെ കാണണം. എല്ലാവരും ഒരിടത്തു നിന്നു വന്നവരാണ്; ഒരിടത്തേക്ക് പോകുന്നവരാണ്. ഗുരുവിൻ്റെ പ്രപഞ്ചതത്ത്വം ആശാൻ ലൗകികപ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് സാക്ഷാത്കരിക്കുന്നു. ആശാന്റെ സ്നേഹം ലൗകികമായ ഒരു ശപഥമായി വെട്ടിച്ചുരുക്കിയവരുണ്ട്.'വീണപൂവി'ൽ തൻ്റെ കാമുകിയെക്കുറിച്ചാണ് ആശാൻ വിവരിക്കുന്നതെന്നു പറയുന്നത് ഈ വെട്ടിച്ചുരുക്കലിൻ്റെ തെളിവാണ്. മറ്റുള്ളവരെ സ്നേഹിക്കുക എന്ന ആഹ്വാനമാണ് ആശാൻ്റെ സ്നേഹസങ്കല്പത്തിൽ തുടിക്കുന്നതെന്നും എഴുതിക്കാണാറുണ്ട്. ദൈവത്തെ സ്നേഹമായി കണ്ടവരുണ്ട്. എന്നാൽ ആശാൻ സ്നേഹത്തെ കുറെക്കൂടി ഉയർത്തുന്നു. അസ്തിത്വത്തിൻ്റെ അറിയപ്പെടാത്ത അർത്ഥമായി സ്നേഹത്തെ പരിവർത്തനപ്പെടുത്തുകയാണ്. വ്യക്തികൾ തമ്മിലുള്ള സ്നേഹമല്ല പരിചയപ്പെടുത്തുന്നത്. അത് തൻ്റെയുള്ളിൽ കവിഞ്ഞൊഴുകുന്ന അലൗകികസ്നേഹമാണെന്നു കവി അറിയിക്കുന്നത് ഇങ്ങനെയാണ്:

"സ്നേഹത്തിൽ നിന്നുദിക്കുന്നു -ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ - സ്വയം
സ്നേഹം താനാനന്ദമാർക്കും
സ്നേഹം താൻ ജീവിതം ശ്രീമാൻ -
സ്നേഹ
വ്യാഹതി തന്നെ മരണം."

ഈ സ്നേഹം കേവല മർത്യസ്നേഹമല്ല. സകല ചരാചരങ്ങളെയും ഒരു ചരടിൽ കോർക്കുന്ന സ്നേഹമാണ് .സ്നേഹം മാത്രമാണ് ജീവികൾക്കിടയിൽ നല്ലപോലെ മനസ്സിലാക്കാവുന്ന വികാരം. ഒരു നായയെയോ പൂച്ചയെയോ കാക്കയെയോ സ്നേഹിക്കുക .അത് സ്നേഹമെന്ന ചരടിലേക്ക് കോർക്കപ്പെടും. അവ തിരിച്ചു സ്നേഹിക്കും. എന്തെന്നാൽ അവയ്ക്ക് ആ വികാരം ബോധ്യപ്പെടും.  ജീവനുള്ള വസ്തുക്കൾക്കെല്ലാം സ്നേഹം ഏറിയോ കുറഞ്ഞോ  അനുഭവപ്പെടും.അചേതന വസ്തുക്കൾക്ക് സ്നേഹം അറിയാം. നിരന്തരം നാം ഉപയോഗിക്കുന്ന വസ്തുവിനോട് നമുക്ക് സ്നേഹമുണ്ട്. നാം അത് തുടച്ചു വൃത്തിയാക്കും. പ്രധാനപ്പെട്ട ഇടം നല്കും .അതിന്മേൽ ഒരു ശ്രദ്ധയുണ്ടാകും .നമ്മുടെ മനസ്സിൻ്റെ ശക്തിയിൽ നിന്നു അതിലേക്ക് പ്രവഹിക്കുന്ന ഊർജമുണ്ട്. എന്നാൽ അതിനെ ഒരു മാസമോ രണ്ടുമാസമോ അതിലും കൂടുതൽ കാലമോ പരിഗണിക്കാതെ, ഉപേക്ഷിക്കുകയാണെങ്കിലോ? തീർച്ചയായും അത് പ്രാപഞ്ചികമായ ഒരു ശൂന്യത സൃഷ്ടിക്കും. ആ വസ്തു താനേ പിൻവാങ്ങും. എങ്ങും പോകാനില്ലാത്തതുകൊണ്ട് ആ വസ്തു സ്വയം സൃഷ്ടിച്ച കാരാഗൃഹത്തിലാകും. അതിനു പഴയ ഭംഗിയോ നിലനിൽപ്പോ ഉണ്ടാവുകയില്ല. അത് സ്വയം സ്വീകരിച്ച ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. കാലത്തിൻ്റെ ക്രുദ്ധമായ പാടുകൾ അതേറ്റു വാങ്ങും. മരിക്കാൻ തയ്യാറെടുക്കുകയാണെന്നു തോന്നുമെങ്കിലും അത് ആത്മഹത്യ ചെയ്യുകയാണ് .എല്ലാം സ്നേഹത്തിൽ ബന്ധിതമാണെന്നു ആശാൻ സൂചിപ്പിക്കുന്നത് ഈ അർത്ഥത്തിലാണ്.

ക്ഷണികത ലീലയെ പ്രോത്സാഹിപ്പിക്കുന്നു

"പോകുന്നിതു മാറിമാറിപ്പല പാകത്തിലേകബീജം താൻ!" എന്നെഴുതുന്നതും വിശ്വതത്ത്വത്തിൻ്റെ  പ്രഘോഷണമാണ്. ഏത് ജന്മമെടുത്താലും അതിനെല്ലാം കാരണമായ ബീജം ഒന്നുതന്നെ. പല രൂപങ്ങളിലായിരിക്കുന്നത് ഭൗതികജീവിതത്തിന്റെ ഒരു ലീലയാണ്. പ്രതിപ്രവർത്തനവും സംഭാഷണവും ഭാവനയുമുണ്ടാകുന്നത് ജീവിതത്തിനു ഒരു വനഭംഗി നൽകുന്നു .എന്നാൽ സത്ത് മറഞ്ഞിരിക്കുകയാണ്. അബദ്ധ ലീലകളിൽപ്പെടാനാണ് നമ്മുടെ വിധി. കാരണം നാം ലൗകികജീവികളാണ്. നാം അനശ്വരരല്ല;നമുക്ക് ക്ഷണികജീവിതം തന്നിരിക്കുന്നതിൽ പോലും ഈ അർത്ഥമുണ്ട് .ക്ഷണികത ലീലയെ പ്രോത്സാഹിപ്പിക്കുന്നു. കണ്ണുകെട്ടി നടക്കുന്നവർ തട്ടിവീഴുന്നത് സ്വാഭാവികമാണ് .നമ്മളും കണ്ണുകൾ കെട്ടിയിരിക്കുന്നു .അത് ആരാണെന്നു  കണ്ടുപിടിക്കാൻ ശേഷിയുള്ള ഒരു കവിക്കാണ് 'പലപാകത്തിലേക ബീജം താൻ' എന്നെഴുതാൻ പറ്റുകയുള്ളൂ .ഇങ്ങനെ ആശാൻകവിതകളിലാകെ ഈ തത്ത്വം നിറഞ്ഞു നിൽക്കുകയാണ്.ഭൗതികരംഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളെ നേർക്കുനേർ കണ്ട കവിയാണല്ലോ  കുമാരനാശാൻ. ജാതിമതാന്ധതയുടെ കാലത്ത് സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കാതിരിക്കാനാവില്ല. സ്വാതന്ത്ര്യം ഉണ്ടെങ്കിലേ ജീവിതത്തിനു അർത്ഥമുള്ളൂ. ആത്മഹത്യ ചെയ്യാനാവാത്തതുകൊണ്ട് ജീവിച്ചേ മതിയാകൂ.ജീവിക്കണമെങ്കിൽ അനീതിയെ എതിർക്കണം. അനീതിയെ എതിർക്കുകമ്പോഴാണ് സ്വാതന്ത്ര്യം പുലരുന്നത്. മനുഷ്യർ തമ്മിലുള്ള ഭിന്നതകൾ മാറണമെന്നു പറയുന്നത് വിശ്വസ്നേഹത്തിലേക്ക് ഉയരാനുള്ള പ്രധാന ചവിട്ടുപടിയാണ്. മനുഷ്യർ തമ്മിൽ വ്യത്യാസമില്ലെന്നു അറിയുന്നവനു അടുത്ത പടിയായി ഇതര ജീവജാലങ്ങളിലേക്ക് സ്നേഹത്തോടെ നോക്കാം. അത് വിശ്വപ്രേമമാണ്. സകല ജീവികളെയും സസ്യജാലങ്ങളെയും നമ്മുടെ തന്നെ അംശമായി കാണുക.പാരസ്പര്യവും സമന്വയവുമാണ് പ്രധാനം. അതിനപ്പുറം എവിടെയാണ് സാഹിത്യം? പരമമായ മൈത്രിയിൽ ലയിക്കുന്ന ആനന്ദമാണ് കുമാരനാശാൻ തന്റെ കൃതികളിലൂടെ പകർത്തിയത്.

'ആത്മോപദേശശതക'
ത്തിൻ്റെ ആദ്യശ്ളോകത്തിൻ്റെ വ്യാഖ്യാനത്തിൽ ആശാൻ ഇങ്ങനെ കുറിക്കുന്നു: "ഒരു കർപ്പൂരഖണ്ടം എടുക്കുക. അത് വെളുപ്പും സൗരഭ്യവും മറ്റുമുള്ള ഒരു വസ്തുവായി കാണുന്നു. അതിനെ കത്തിക്കുക .ധൂമവും ജ്വാലയുമായി അത് വായുവിൽ മറഞ്ഞു പോകുന്നു .ഒരു വസ്തു ഏതായി മറയുന്നുവോ അതാണ് അതിൻ്റെ പരമാർത്ഥം. ഇത് സാർവത്രികമായ ന്യായമാണ്.ആകയാൽ കർപ്പൂരം സ്ഥൂലദൃഷ്ടിയിൽ തന്നെ കേവലം വായുവാകുന്നു. ഇതുപോലെ കരിമരുന്ന് മുതലായതും അതിൻ്റെ രൂപവും ഗന്ധവും വെടിഞ്ഞു കാരണമായ വായുവിൽ അഴിയുകയാൽ എല്ലാം വായു തന്നെ. കരകം അല്ലെങ്കിൽ മഞ്ഞുകട്ടിയെ  എടുക്കുക .അത് സ്ഫടികം പോലെ ധവളമായും കഠിനമായുമിരിക്കുന്നു."ആത്മീയചിന്തയിൽ ഗാഢമായ അനുഭവമില്ലാത്തയാൾക്ക് ഇതുപോലെ വിലയിരുത്താനാവില്ല. ആത്യന്തിക വസ്തുവിനെക്കുറിച്ചാണ് ആശാൻ എഴുതുന്നത്. അദ്ദേഹം തുടർന്നു എഴുതുന്നു: "രസതന്ത്രപ്രകാരം കരിക്കട്ടയും വൈരക്കല്ലും ഒന്നാകുന്നു. ഇവയ്ക്ക് തമ്മിലുള്ള അത്ഭുതകരമായ ഭേദം സ്ഥിതിഭേദം മാത്രമാണ് .വൈരം പാകത്തിൽ കരിക്കട്ടയായും അത് അതിനു കാരണമായ വായു വിശേഷമായും വായുവിൽ തന്നെ അഴിഞ്ഞു പോവുകയും ചെയ്യും. ഇങ്ങനെ പര്യാലോചിച്ചാൽ ഈ പ്രപഞ്ചം മുഴുവൻ വിചാരാഗ്നിയിൽപ്പെട്ട്  കർപ്പൂരമലപോലെയെരിഞ്ഞ് വായു മാത്രമായി ശേഷിച്ചു നിൽക്കുന്നതു കാ
ണാം.ഈ വായു അണുക്കളാകുന്നു."

ഇതിനു മറ്റൊരു വ്യാഖ്യാനം കൊടുക്കാവുന്നതാണ്. നാം ഒരു പ്രത്യേക അനുപാതത്തിൽ സമ്മേളിച്ചിരിക്കുന്ന കണികകളാണ്. ഓരോ വ്യക്തിയും അയാളുടെ രൂപത്തിൽ കൂടിയിരിക്കുന്ന കണികകളാണ്. അങ്ങനെ കണികകൾ രൂപവ്യതിരക്തതയോടെ സമ്മേളിക്കുന്നത് ഒരിക്കൽ മാത്രമാണ്. എയും ബിയും രണ്ടു മനുഷ്യരാണെന്നു  സങ്കല്പിക്കുക .എ എന്ന കണികാസമുച്ചയം  പ്രപഞ്ചചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് എ ആയിരിക്കുന്നത് .അതിനു മുമ്പും ശേഷവും അത് കണികകളായി വിഘടിക്കപ്പെട്ടിരിക്കും .ബിയും അങ്ങനെ തന്നെയാണ്. അമേരിക്കൻ ഗ്രന്ഥകാരനും ചരിത്രകാരനുമായ ബിൽ ബ്രൈസൺ(Bill Bryson) എഴുതുന്നു: "നിങ്ങൾ സ്വന്തമാക്കിയിരിക്കുന്ന ഓരോ കണികയും നിശ്ചയമായും ഇതിനോടകം പല നക്ഷത്രങ്ങളിലൂടെ കടന്നുവന്നതാണ്. നിങ്ങൾ ആയിത്തീരാൻ വേണ്ടി ആ കണികകൾ ദശലക്ഷക്കണക്കിനു ജീവരൂപങ്ങളുടെ ഭാഗമായിരുന്നിട്ടുണ്ട്. നമ്മൾ എന്ന ജീവി കണികകളുടെ തലത്തിൽ അസംഖ്യമാണ്, അത്  മരണത്തോടെ കഠിനമായി പുന:ചംക്രമണം ചെയ്യുന്നതാണ്." നമ്മൾ എന്നു പറയുന്നത് ഒരു സ്വതന്ത്രമായ വസ്തുവല്ല; അതിലെ കണികകൾക്ക് ആരോടെല്ലാം ബന്ധമുണ്ടെന്നു പറയാനാവില്ല. പലതരം ജീവികളിലൂടെ കടന്നുവന്ന കണികകൾ നമ്മളായി രൂപംകൊള്ളാൻ, താൽക്കാലികമായി സഹായിച്ചിരിക്കുന്നു. കണികകൾ മാത്രമാണ് എല്ലാകാലത്തേക്കുമായി നിലനിൽക്കുന്നത്. "So we are all reincarnations -though shortlived ones." നമ്മൾ പുനരവതാരങ്ങളാണ് ,ഹ്രസ്വകാലജീവികളാണെങ്കിലും .നമ്മൾ മരിക്കുമ്പോൾ നമ്മൾ എന്ന കണികാസമുച്ചയം ചിതറുന്നു. മറ്റു ഉപയോഗങ്ങൾക്കായി അത് പലയിടത്തേക്കു മാറുന്നു - ഒരിലയുടെയോ, മനുഷ്യജീവിയുടെയോ, മഞ്ഞുതുള്ളിയുടെയോ ഭാഗമാകാൻ .

വൃഥാ ചലിക്കുന്ന അണുക്കൾ

ഈ തത്ത്വം ആശാൻ എത്രയോ വർഷം മുമ്പ് ഉൾക്കൊണ്ടു!. അദ്ദേഹം പറയുന്നത് 'ഈ വായു അണുക്കളാകുന്നു' എന്നാണ്. ഏതാണ് ഈ വായു? വസ്തുക്കൾ വായുവിൽ ലയിച്ച ശേഷമുള്ളതാണത്. ആശാൻ അത് കുറേക്കൂടി സ്പഷ്ടമാക്കുന്നു: "ഈ അഖണ്ഡ ചിന്മാത്രവ്യാപ്തിയിൽ ,അതിൻ്റെ അവാങ്മനസഗോചരമായ വൈഭവത്താൽ ഈ വിചിത്രമായ നാമരൂപപ്രപഞ്ചം മുഴുവൻ സമുദ്രത്തിൽ തരംഗാദികൾപോലെയും മരുഭൂമിയിലെ സൂര്യപ്രകാശ വ്യാപ്തിയിൽ ജലപ്രവാഹംപോലെയും കല്പിതമാകുന്നു. അതുകൊണ്ട് എല്ലാം ചിന്മാത്രം തന്നെ .ഈ മഹാതത്ത്വത്തെയാകുന്നു ബ്രഹ്മം എന്നും പരമാത്മാവ് എന്നും അദ്വൈതികൾ പറയുന്നത്." ഈ ആശയത്തിന്റെ ഏറ്റവും ഉന്നതമായ കാവ്യസന്നിവേശമാണ് നളിനിയിലെ വരികളിൽ നാം കാണുന്നത്.

"സ്വന്തകർമ്മവശരായ് തിരിഞ്ഞിടു - ന്നന്തമറ്റ ബഹുജീവകോടികൾ,
അന്തരാളഗതി തന്നിലൊന്നൊടൊ-
ന്നന്തരാപെടുമണുക്കളാണു നാം .

സ്നേഹമെങ്കിലുമിയന്നു ഖിന്നനായ്
സാഹസങ്ങൾ തുടരുന്നു സന്തതം
ദേഹി ,ഈശകൃപയാലെ തന്മഹാ- മോഹിനിദ്രയുണരുന്ന നാൾവരെ."

ഏതോ കർമ്മത്തിന്റെ ബന്ധത്തിൽ വന്നുപെട്ടിരിക്കുന്ന നമുക്ക് പൊരുൾ ഇനിയും വ്യക്തമായിട്ടില്ല. പൊരുളുകൾ വരികയും മങ്ങുകയുമാണ് .എത്രയോ കോടി ജീവികൾ ജീവിതത്തിൻ്റെ പൊരുളറിയാതെ ചുറ്റിത്തിരിയുന്നു. പ്രപഞ്ചത്തിനുള്ളിലെ നിയോഗത്തിനനുസരിച്ച് വൃഥാ ചലിക്കുന്ന അണുക്കളാണ് നാം എന്നു വീണ്ടും എഴുതിയിരിക്കുന്നു .ഇവിടെയും ആശാൻ അണു എന്ന ആത്യന്തിക അവസ്ഥയെ വിടുന്നില്ല.നമ്മൾ ഏതോ സ്വപ്നത്തിലാണ്. നിദ്ര വിട്ടുണരുമ്പോൾ സത്യം ഗ്രഹിക്കാം.ഭൗതികജീവിതത്തിനുള്ളിൽ പൊരുളായി എന്തെങ്കിലുമുണ്ടോ എന്ന   അന്വേഷണം കവിതയിൽ സാധ്യമാണ്.അതേസമയം വ്യക്തിഗതമായി യാതൊന്നും സമ്പാദിക്കാനാവില്ല. കാരണം നമ്മൾ മോഹനിദ്രയിലാണല്ലോ.



സച്ചിദാനന്ദ സ്വാമി

ഉപനിഷത്തിന്റെ സാരം എന്താണെന്നു കുമാരനാശാൻ എഴുതിയിട്ടുണ്ട്, 'ആത്മോപദേശശതക'ത്തിൻ്റെ ആദ്യശ്ലോക വ്യാഖ്യാനത്തിൽ. അത് ഇപ്രകാരമാണ് :"ഭേദം ശരീരാദികളായ ഉപാധികളാൽ കൽപിക്കപ്പെട്ടതും ഉപാധികൾ തത്ത്വചിന്തയിൽ മിഥ്യയും ആകയാൽ നാം നിർവികാരവും പ്രശാന്തവും അത് ഹേതുവായിട്ട് പരമാനന്ദ രൂപവുമായ അദ്വൈതാഖണ്ഡചിന്മാത്ര ബ്രഹ്മമാകുന്നു. ഇതാണ് ഉപനിഷത്തുകളുടെ രഹസ്യം. ഇതാണ് ലോകത്തിന്റെ തത്ത്വം. ഇതാണ് ആത്മാവിൻ്റെ പരമാർത്ഥം. ഇത്രയും വ്യക്തമായ ബോധമുണ്ടായിരുന്ന ആശാൻ ഇതു വിട്ടു മറ്റേതെങ്കിലും തത്ത്വം സ്വീകരിക്കുമെന്നു കരുതുന്നതിൽ അർത്ഥമില്ല.കുറേക്കൂടി ഇത് വിശദീകരിക്കുന്നുണ്ട് ,തുടർന്നുള്ള ഭാഗത്ത്. "ഇപ്രകാരമുള്ള തത്ത്വചിന്തനയെക്കൊണ്ട് നമ്മുടെ ആത്മാവും പരമാത്മാവും ഒന്നാണെന്നും കല്പിതമായ പ്രപഞ്ചം മുഴുവനും പരമാർത്ഥത്തിൽ ആ പരമധാമംതന്നെയാണെന്നുമുള്ള സ്വാനുഭവസിദ്ധമായ നിശ്ചയത്തോടുകൂടി ജീവിക്കുന്നതിനു അദ്വൈതികൾ ജീവന്മുക്തി എന്നും ആ സ്ഥിതിയിൽ ശരീരതാപം സംഭവിക്കുന്നതിനു വിദേഹമുക്തി എന്നും പറയുന്നു. അതാണ് പരമപുരുഷാർത്ഥം." ഇതാണ് ആശാൻ സ്വായത്തമാക്കിയ ദർശനം. ജീവിതം ഒരു പ്രയാണമാണല്ലോ. എന്നാൽ അതിൻ്റെ ആരംഭത്തിനു മുൻപും  അവസാനത്തിനു ശേഷവും ശൂന്യമാണ്. വ്യക്തതയില്ലാത്തതുകൊണ്ട് ഒരു അസഹനീയത, പരാജയഭീതി മനുഷ്യനിൽ എപ്പോഴുമുണ്ട്. ഇതിനെ അതിജീവിക്കുമ്പോഴാണ് ആത്മീയമായ സൗഖ്യമുണ്ടാകുന്നത്.പലവിധ വിഷയങ്ങളാൽ നാം ബന്ധിതരാണ്. ഒരു കീറു വെളിച്ചത്തിനു വേണ്ടി എല്ലായിടത്തേക്ക് നോക്കുകയാണ് മനുഷ്യാത്മാവ്. വിദ്യാഭ്യാസം, കല, സൗന്ദര്യബോധം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി ആരായപ്പെടാനുള്ളതാണ്.  മഹാപ്രപഞ്ചത്തിന്റെ രഹസ്യത്തിലേക്ക് കടന്നു ചെല്ലാൻ ഒരു ചെറുവാതിൽ എവിടെ ലഭിക്കും? പഠിച്ച അറിവുകൾ പോരാതെ വരുമ്പോൾ ,സ്വാഭാവികമായി ഒരിക്കലും നശിച്ചിട്ടില്ലാത്ത, പൂർണമായി ആരും കണ്ടെത്തിയിട്ടില്ലാത്ത സ്വന്തം മനസ്സിനുള്ളിലേക്ക് തന്നെ സഞ്ചരിക്കാൻ തോന്നും. എന്നാൽ മനസ്സ് സത്യമാണോ? മനസ്സിനു സ്ഥിരഭാവമില്ലല്ലോ. അപ്പോൾ മനസ്സിൻ്റെ അർത്ഥരഹിതമായ ഓളങ്ങളെ നിയന്ത്രിക്കേണ്ടിവരും. മനസ്സിന്റെ അലങ്കോലങ്ങളിൽ നിന്നു മറ്റൊരു ശുദ്ധമായ മനസ്സ് കണ്ടെടുക്കേണ്ടതുണ്ട്. അതിനാണ് ജ്ഞാനികൾ എപ്പോഴും ശ്രമിച്ചിട്ടുള്ളത്.

മാലിന്യവും പാപവും തെറ്റും അബദ്ധവും മിഥ്യയും ഏതെല്ലാമാണെന്നറിഞ്ഞാൽ അതിനെയെല്ലാം ഒഴിവാക്കാൻ സർവ്വശക്തിയുമാർജിച്ച് പ്രയത്നിക്കാം.അവിടെയാണ് ആശാൻ ശൂന്യതകളെ എങ്ങനെ ചാടിക്കടക്കാമെന്നു ആലോചിക്കുന്നത് .അദ്ദേഹത്തിൻ്റെ വാക്കുകൾ:"വിഷയപിണ്ഡങ്ങളുടെ അവയവ വിവേചനദിശയിൽ അണുപര്യന്തങ്ങളായ എല്ലാ അവയവങ്ങളെയും വിട്ടു ദൃങ്മാത്രമായി വിഷയപിണ്ഡം ശേഷിക്കുന്നതു കാണാം. അതുകൊണ്ടു ദൃശ്യം മുഴുവൻ മായോപാധിരഹിതമായി ശേഷിക്കുന്ന ദൃക് അല്ലെങ്കിൽ ചിത്താണെന്നു ദർശിക്കുന്നു." ഇവിടെ സൂചിപ്പിച്ച 'ശേഷിക്കുന്ന ദൃക് ,ശ്രീനാരായണഗുരുവിൻ്റെ 'ദൈവദശക'ത്തിൽ നാം കാണുന്നുണ്ട്.

"ഒന്നൊന്നായെണ്ണിയെണ്ണിത്തൊ- ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കു പോലുള്ളം
നിന്നിലസ്പന്ദമാകണം."

കണ്ണുകൾ എവിടെ നിശ്ചലമാകുന്നുവെന്നു കാണിച്ചുതരുന്നു. ഇനി എണ്ണാൻ  പൊരുളില്ലാതാകുന്ന അവസ്ഥയാണത്. അതിനർത്ഥം നമ്മുടെ മനസ്സിനും ഇനി മുന്നോട്ടുപോകാൻ ഇടമില്ലെന്നാണ്. അതാണ് പരംപൊരുൾ .ആശാൻ പിന്നീട് എഴുതുന്നത് 'ചിത്തു തന്നെ സ്ഫുരിക്കുന്നു. ചിത്തിനു ഭിന്നമായ യാതൊന്നും സ്ഫുരിക്കുന്നില്ല' എന്നാണ് .അതുകൊണ്ട് ചിത്തല്ലാതെ മറ്റൊന്നുമില്ല. ഈ ചിത്ത് മാലിന്യങ്ങൾ ഒഴിഞ്ഞ ചിത്താണ്. ശ്രീനാരായണഗുരുവിനെക്കുറിച്ച് കുമാരനാശാൻ എഴുതിയ കൃതികൾ ഈ ഗ്രന്ഥത്തിൽ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമി തിരുനാൾ വഞ്ചിപ്പാട്ട് ,ഗുരുപാദദശകം, ഗുരുസമാജസ്തുതി, ഗുരുദേവ ജയന്തി മംഗളാശംസകൾ, ഗുരുവന്ദനങ്ങൾ, നിജാനന്ദവിലാസത്തിൽ നിന്നും ഭക്തിവിലാസത്തിൽ നിന്നും ഷഷ്ഠിപൂർത്തി മംഗളം എന്നീ സ്തുതികൾ ചേർത്തിട്ടുണ്ട്.

സർവസനാതനമായ ഒരുണ്മയുടെ സഹവർത്തിത്വം

ഗുരുവിനെക്കുറിച്ച് ആശാൻ പുലർത്തിയ സങ്കല്പവും പ്രയോഗത്തിലുള്ള സാക്ഷാത്കാരവും ഒന്നു തന്നെയായിരുന്നു. ആശാൻ്റെ ഗുരുസങ്കല്പം സർവസനാതനമായ ഒരു ഉണ്മയുടെ സഹവർത്തിത്വവും നിരന്തരമായ അസ്തിത്വവുമാണ്. 'ഗുരുപാദദശക'ത്തിൽ അത് വ്യക്തമാക്കുന്നു:

"മാതാവെപ്പോൽ മനസ്സിൽക്കരുണ, ജനകനെപ്പോലവേ ക്ഷേമചിന്താ
ഭ്രാതാവെപ്പോലെ യേന്തുന്നിതു ഹൃദിസഹജ
സ്നേഹവും മോഹമെന്യേ,
വേദത്തെപ്പോലെയോതുന്നറിവു, നൃപതിയെ-
പ്പോലെ പാലിച്ചിടുന്നി-
ന്നേതല്ലോർത്താലെനിക്കെൻ ഗുരുപാദമതിനെ -
സ്സന്തതം ഞാൻ തൊഴുന്നേൻ ."

ഈ കാലഘട്ടം ഗുരുവിനെക്കുറിച്ച് ഉൾക്കൊണ്ടതിലപ്പുറമാണ് ആശാൻ അറിഞ്ഞത് .മാതാവിനെപ്പോലെ കരുണയുണ്ടായിരുന്ന ഗുരു ,ജനകരാജാവിനെ പോലെ ക്ഷേമകാര്യങ്ങൾ നോക്കുന്ന ഗുരു, ഭ്രാതാവിനെ പോലെ യാതൊരു വ്യക്തിഗത മോഹങ്ങളുമില്ലാതെ സ്നേഹിക്കുന്ന ഗുരു, വേദത്തെ പോലെ അറിവു നൽകുന്ന ഗുരു, രാജാവിനെ പോലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ കൊടുക്കുന്ന ഗുരു- ഈ ഗുരുവിനെയാണ് താൻ വന്ദിക്കുന്നതെന്നു ആശാൻ പറയുന്നു .ആശാനു മുമ്പോ അതിനുശേഷമോ ഇതുപോലെ സത്യത്തിനു മുന്നിൽ ആരാധനയോടെ നിന്ന ഒരു കവിയെ കാണാനാവില്ല. ഗുരുവിലുള്ള വിശ്വാസം, ഗുരുവിനോടുള്ള ഭക്തി ആശാനെപ്പോലെ നിലനിർത്തിയ വേറൊരു കവിയില്ല.ഈ മഹത്വമാണ് ആശാനു മരണാനന്തരജീവിതത്തിൽ കാവ്യാസ്വാദകരുടെ പ്രീതിയായി തിരിച്ചുകിട്ടിക്കൊണ്ടിരിക്കുന്നത്. 




പുലയക്കുട്ടികളുടെ സ്കൂൾ പ്രവേശനത്തിൽ ഈഴവസമുദായത്തിലെ ചിലർ തടസ്സം നിന്നതായുള്ള വാർത്തയോട് ആശാൻ തീക്ഷ്ണമായി പ്രതികരിക്കുന്നത് 'വിവേകോദയം' മാസിക(1080 മിഥുനം) യിലെഴുതിയ മുഖപ്രസംഗത്തിലാണ്: "പത്തു പ്രസവിച്ച ഒരമ്മയ്ക്ക് തൻ്റെ ഇളയ സഹോദരിയുടെ പ്രസവവേദനയിൽ അനുകമ്പയല്ല കൗതുകമാണ്. ഉയർന്ന ജാതിക്കാർ നിങ്ങളുടെ മുതുകിൽ ചവിട്ടിച്ചതച്ച വ്രണം ഇനിയും ഉണങ്ങാൻ കാലമായില്ലല്ലോ. അതിനിടയിൽ നിങ്ങൾ അതെല്ലാം മറന്നു അവരെ സഹായിക്കുകയും നിങ്ങളേക്കാൾ കഷ്ടപ്പെടുന്ന ഈ സാധുക്കളെ വീണ്ടും ദ്വേഷിക്കുകയും ചെയ്വാനാണ് ഒരുങ്ങുന്നതെങ്കിൽ നിങ്ങൾക്ക് തിരിച്ചറിവുണ്ടോ, ഈശ്വരഭയമുണ്ടോ? വിശേഷിച്ചും ബ്രഹ്മശ്രീ നാരായണഗുരു സ്വാമി തൃപ്പാദങ്ങൾക്കു പുലയരോടും  ഉയർന്നതോ താണതോ ആയ സർവ്വവർഗ്ഗക്കാരോടുമുള്ള തുല്യമായ മമതയെയും അനുകമ്പയെയും പറ്റി നിങ്ങൾ അറിയുന്നില്ലേ ?വിശേഷിച്ചു നിങ്ങളുടെ യോഗക്ഷേമത്തിനായി രാപ്പകൽ അധ്വാനിക്കുന്ന സമുദായസ്നേഹികളായ യോഗം പ്രവർത്തകന്മാർ എല്ലാവരുടെയും ഞങ്ങളുടെയും ഉദ്ദേശം പാടുള്ളപ്പോളെല്ലാം നമ്മേക്കാൾ സാധുക്കളായവർക്ക് കഴിയുന്ന സഹായം ചെയ്യുകയാണെന്നുള്ള പരമാർത്ഥവും നിങ്ങൾ അറിഞ്ഞിട്ടുള്ളതല്ലേ? പ്രിയ സഹോദരരേ നിങ്ങളിൽ താഴ്ന്നവരെ നിങ്ങൾ സഹായിച്ചില്ലെങ്കിൽ ഉയർന്നവരുടെ സഹായത്തിനു നിങ്ങൾ ഒരിക്കലും അർഹരാകുന്നതല്ല." കുമാരനാശാൻ സകലവിഭാഗങ്ങളോടും അനുകമ്പയുള്ള കവിയായിരുന്നു. ആശാന് സാമൂഹിക വീക്ഷണത്തിന്റെ ഭാഗമായി മാത്രമേ വസ്തുതകൾ നിരത്താൻ കഴിയൂ. ആശാൻ സമൂഹത്തിലെ അധ:സ്ഥിതർക്ക് നീതി ലഭിക്കണമെന്നു വാദിക്കുകയാണ് ചെയ്തത് .അതിനായി എഴുതുക മാത്രമല്ല ,പ്രവർത്തിക്കുകയും ചെയ്തു. ഉന്നതമായ കലാവബോധം നേടിയ ആശാൻ ആഗോളതലത്തിൽ ഉന്നതമായ കാവ്യരചനയിൽ ഏർപ്പെടുമ്പോഴും സാധുക്കളായ മനുഷ്യരോടു കാരുണ്യം കാണിച്ചു.

ഈ പുസ്തകത്തെ ആകർഷകമാക്കുന്ന രണ്ടു ഖണ്ഡങ്ങൾ  സച്ചിദാനന്ദ സ്വാമിയുടെ  ആഭിമുഖ്യങ്ങളാണ്. ഒന്ന്, ഗുരുവിനു നേർക്കുള്ള ചിന്താപരവും ആത്മീയവുമായ അനുധാവനമാണ്. രണ്ട് ,കുമാരനാശാനെക്കുറിച്ചുള്ള ചിന്തകളാണ്. സച്ചിദാനന്ദ സ്വാമിയുടെ ഗുരുദർശനം ഈ വാക്കുകളിൽ പ്രകടമാണ്: "ഗുരുവിനു എല്ലാം ആത്മഭാവമാണ്. അതിനാൽ എല്ലാവർക്കുമായി പുരോഗതിക്ക് വേണ്ടി ആയുസ്സും വപുസ്സും ആത്മതപസ്സും ബലിയർപ്പിച്ചു ഗുരുദേവൻ ലോകസേവ ചെയ്യുന്നു .ഗുരുവിനു വേണമെങ്കിൽ ഒരു സവർണ്ണ ഗുരുവായി ജീവിക്കാമായിരുന്നു. സാമൂഹിക സേവനങ്ങൾക്കിറങ്ങാതെ അരുവിപ്പുറം പ്രതിഷ്ഠയോ, എസ്എൻഡിപി യോഗ സ്ഥാപനമോ കൂടാതെ ആത്മീയഗുരുവായി മാത്രം ജീവിക്കാമായിരുന്നു. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന അടിച്ചമർത്തപ്പെട്ട ഈഴവ, പറയ ,പുലയ അധ:സ്ഥിതരായ ജനകോടികളെ സമുദ്ധരിക്കുവാൻ ഗുരുദേവൻ കാരുണ്യം കാട്ടി. അത് യേശുക്രിസ്തുവിന്റെ കുരിശാരോഹണം പോലെയുള്ള ബലിയർപ്പണമായിരുന്നു." ഗുരുവിന്റെ കൃതികളിലെ പ്രബോധനാത്മക സൂക്തങ്ങളും ആ കർമ്മമണ്ഡലത്തിലെ അമൂല്യമായ നിമിഷങ്ങളും നല്ലപോലെ വ്യാഖ്യാനിക്കുന്നതിൽ സച്ചിദാനന്ദ സ്വാമി മുൻനിരയിലാണ്.സ്വാമി എപ്പോഴും ചിന്തിക്കുന്നു, എഴുതുന്നു. സ്വാമി ഇന്നു തിരക്കുള്ള ജീവിതമാണ് നയിക്കുന്നത്. വ്യക്തിഗതമായ യാതൊരു ലക്ഷ്യവും ഇല്ലാതെതന്നെ സ്വാമി ഗുരുവിനെക്കുറിച്ചും ഗുരുശിഷ്യന്മാരെക്കുറിച്ചും പുസ്തകങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു; പ്രഭാഷണങ്ങൾ ചെയ്യുന്നു.പതിറ്റാണ്ടുകളായി ഈ പ്രവൃത്തികളിൽ ഏർപ്പെടുന്നതുമൂലം സ്വാമിക്ക് ശാരീരിക പ്രയാസങ്ങളുണ്ട്.എങ്കിലും കഠിനമായ ദിനചര്യകൊണ്ടും പ്രാർത്ഥനകൊണ്ടും സദുദ്ദേശപരമായ പ്രവർത്തനങ്ങൾകൊണ്ടും സ്വാമി അവയെയെല്ലാം അതിജീവിച്ച് നമുക്കിടയിൽ സഞ്ചരിക്കുന്നു. അത് വളരെ സന്തോഷമുള്ള കാര്യമാണ്.

ആശാൻ ബുദ്ധമതക്കാരനെന്ന പ്രചാരണം അവസാനിപ്പിക്കണം

ഈ പുസ്തകത്തെ അവലോകനം ചെയ്തുകൊണ്ട് അവ്യയാനന്ദ സ്വാമി എഴുതിയ ലേഖനത്തിൽ (ആശാൻ കണ്ട ഗുരുദേവൻ സച്ചിദാനന്ദത്തിൽ , ശിവഗിരി മാസിക,നവംബർ,2024) സച്ചിദാനന്ദസ്വാമിയുടെ അന്വേഷണത്വരയെ പ്രശംസിച്ചുകൊണ്ട്, ഗുരുശിഷ്യബന്ധത്തിൻ്റെ അത്യപൂർവമായ വായനാനുഭവമാണ് ഇത് പകരുന്നതെന്നു പ്രസ്താവിക്കുന്നുണ്ട്. ആശാനെക്കുറിച്ച് സച്ചിദാനന്ദ സ്വാമി എഴുതുന്നത് വലിയ ആദരവോടെയാണ്. നൂറ്റാണ്ടിനെ കീഴടക്കിയ കവിയാണ് ആശാൻ. കടലിനൊപ്പം മത്സ്യങ്ങൾ എന്ന പോലെയാണ് സാഹിത്യത്തിൽ ആശാൻ്റെ സ്ഥാനം. ആശാൻ  കവിതകൾക്ക് ചുറ്റും ഭ്രമണം ചെയ്യുകയാണ് മലയാളം കാവ്യലോകം. ആശാൻ്റെ ഓരോ രചനയും  പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിൽ അധ്യാപകരും വിമർശകരും വിദ്യാർത്ഥികളും ഗവേഷകരും ഇന്നു മുഴുകിക്കഴിയുകയാണ്.ഗുരുദർശനത്തിൽ ഉറച്ചു നിന്ന് അതിൽ നിന്നു ജലം സ്വീകരിച്ച് ആശാനെഴുതിയ കൃതികളിൽ ഗുരുവിന്റെ മഹത്തായ ആശയങ്ങളുടെ സൗന്ദര്യാത്മകമായ ആവിഷ്കാരമാണുള്ളതെന്ന ചിന്തയാണ് സച്ചിദാനന്ദ സ്വാമിയുടെ ഈ പുസ്തകത്തിൽ പ്രസക്തി. സ്വാമി എഴുതുന്നു: "ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും ഗുരുദേവന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെ'ന്ന വിശ്വദർശനത്തിൻ്റെ വിജയവൈജയന്തി പാറിക്കളിക്കുന്ന രണ്ടു രചനകളാണ്.കുമാരനാശാൻ എന്ന ദാർശനിക മഹാകവിയെ ജനകീയവിപ്ളവ മഹാകവിയാക്കുന്നതാണ് ഈ രണ്ടു രചനകളും. 'ചണ്ഡാലഭിക്ഷുകി ' യിലൂടെ 'ജാതി ചോദിക്കുന്നില്ല ഞാൻ സോദരി' എന്നത് ഗുരുവിൻ്റെ ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്ന ദർശനത്തെ സാന്ദർഭികമായി അവതരിപ്പിക്കുന്നു."

ആശാനെ വായിക്കുന്നവർ ഇനി ഗുരുദർശനവുമായുള്ള ബന്ധമാവും പരിശോധിക്കേണ്ടി വരുക .ആശാൻ ബുദ്ധമതക്കാരനാണെന്നുള്ള വ്യാജ പ്രസ്താവങ്ങൾ അവസാനിപ്പിക്കണം.  കേവലം ഒരു വിഷാദകവിയല്ല ആശാനെന്നറിയുക. ആശാൻ പ്രാപഞ്ചികജ്ഞാനത്തിലേക്കാണ് കവിതയെ കൊണ്ടുവരുന്നത്. അജ്ഞേയമായ പൊരുളിനു നേർക്കുള്ള മനുഷ്യാത്മാവിൻ്റെ  നിസ്സഹായമായ നോട്ടവും ആരോഹണവുമാണ് അതിൽ നിറയുന്നത്. സച്ചിദാനന്ദ സ്വാമി അത് വേറൊരു ഭാഷയിൽ പറഞ്ഞിരിക്കുന്നു. ഒരു മഹർഷിയുടെയും കവിയുടെയും ഒരേ ലക്ഷ്യത്തിലേക്കുള്ള സഞ്ചാരത്തെ രണ്ടു ധാരകളിലൂടെ പിന്തുടർന്നു ചെന്നു സ്വാമി കണ്ടെത്തുകയാണ്.

* കുമാരനാശാൻ കണ്ട ഗുരുദേവൻ

ഗുരുപ്രണാമം ബുക്സ്
ഗായത്രി ആശ്രമം ,ചാലക്കുടി
ഫോൺ :9447409973
8848274729
പേജ് 276
വില 250

No comments: