ഓണത്തിന് മലയാളിയെ പോലെ ബഹുസ്വരതയുണ്ട്. ഓണത്തിൽ പൂവും കായും വളവും വിളയും പാട്ടും നൃത്തവും സൂര്യനും വെയിലും പൂക്കളും മഴയും കാറ്റും എല്ലാം കൂടിച്ചേരുന്നതാണ് ഓണം. ഓണത്തിന് സൗന്ദര്യമുണ്ട്. അതുപോലെ മലയാളിയുടെ ഐക്യത്തിനും സഹിഷ്ണുതയ്ക്കും ഒരോണസൗന്ദര്യമുണ്ട്.
മലയാളിക്ക് ഐക്യവും സഹിഷ്ണുതയുമുണ്ട്. ഒരു ട്രെയിനിലോ ബസ്സിലോ സഞ്ചരിക്കുമ്പോൾ, സിനിമാതീയേറ്ററിൽ സിനിമ കാണാനിരിക്കുമ്പോൾ തൊട്ടടുത്തുള്ളവനെ നമ്മൾ സഹോദരനെ പോലെയാണ് പരിഗണിക്കുന്നത്. അവൻ്റെ ജാതിയോ മതമോ തിരക്കുന്നില്ല. നാട്ടിൽ വെള്ളം പൊങ്ങിയാൽ നാം സാഹോദര്യം വീണ്ടും പ്രകടിപ്പിക്കും. വീടില്ലാത്തവർക്ക് വീട് വച്ചുകൊടുക്കാൻ തയ്യാറാവുന്ന വ്യവസായികളും സാമൂഹ്യപ്രവർത്തകരുമുള്ള നാടാണിത്. എവിടെയാണ് ഇതുപോലെ സാമൂഹ്യബോധമുള്ള, സ്ത്രീകളെ സംരക്ഷിക്കുന്ന ജനതയുള്ളത് ! ഇപ്പോൾ സ്ത്രീകൾക്ക് പിങ്ക് ബസും പ്രിയദർശിനി സൗജന്യയാത്രയും അനുവദിച്ചിരിക്കുന്നു.ഓരോ മലയാളിയും ഒരു മാവേലിയെ മനസിൽ സൂക്ഷിക്കുന്നു. എപ്പോൾ വേണമെങ്കിലും 'പാതാള'ത്തിലേക്ക് പോയേക്കാവുന്ന ദുർഘടസന്ധിയെ അവൻ വലം വയ്ക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകൾ, തൊഴിൽ പ്രശ്നങ്ങൾ,കുടുംബ സംഘർഷങ്ങൾ തുടങ്ങിയവ ഉണ്ടെങ്കിലും, അപ്പോഴും അവൻ കുടുംബത്തിനും സ്നേഹിതർക്കും വേണ്ടി അധ്വാനിക്കുന്നു ,സന്തോഷിക്കുന്നു.
എല്ലാവരും സമന്മാരാകില്ല, ഒരിക്കലും .ആ സങ്കല്പം ഉട്ടോപ്യയാണ്; നടക്കാത്ത സ്വപ്നം. ആളുകൾക്ക് വേറിട്ട അഭിരുചിയും ചിന്തയും മത്സരബുദ്ധിയും ഉള്ളിടത്തോളം കാലം സമത്വം ഉണ്ടാവുകയില്ല .സമത്വം വിപ്ലവത്തിലൂടെ വരികയില്ല. ഇത് മഹാതത്വജ്ഞാനി ബർട്രാൻഡ് റസ്സൽ നിരീക്ഷിച്ചിട്ടുണ്ട്. റസ്സൽ പറഞ്ഞത് , ഒരു വിപ്ലവത്തിൽ കുറെ പേർ പുറത്താക്കപ്പെടുകയോ മരിക്കുകയോ നിന്ദിക്കപ്പെടുകയോ ചെയ്യുന്നു. അവരുടെ കൂട്ടത്തിൽ കഴിഞ്ഞിരുന്നവരും കൂടി ഉൾപ്പെട്ട സമൂഹത്തിലാണ് വിപ്ലവം നയിച്ചവർ പിന്നീട് താമസിക്കുന്നത്. ഒരു വിഭാഗത്തിന് അപമാനവും ദു:ഖവും നഷ്ടവുമുള്ളപ്പോൾ അവർ അസന്തുഷ്ടരായിരിക്കും. അത് പരിഹരിക്കാനാവുകയില്ല. അങ്ങനെ സമൂഹം വീണ്ടും അസ്വസ്ഥതകളിലേക്ക് നീങ്ങും. മറ്റൊരു പ്രതിവിപ്ളവം അവിടെനിന്ന് ആരംഭിക്കുന്നു. വിപ്ലവത്തിന് കാരണമായ വസ്തുത എന്താണോ അതിലേക്കു തന്നെ സമൂഹം താമസിയാതെ എത്തിച്ചേരുന്നു. അതേസമയം ഒരു സുന്ദരസ്വപ്നത്തിന്റെ പിന്നാലെ പോവുക എന്നത് നമ്മുടെ കാല്പനികവും അനുഷ്ഠാനപരവുമായ അവസ്ഥയാണെന്ന് തിരിച്ചറിയുക . നമുക്ക് പ്രകൃതിയെ സ്നേഹിക്കാം. തുമ്പിയെക്കുറിച്ച് കവിതകൾ എഴുതാം. ഓണടച്ചുള്ള ഒരാകാശം ഇളം നീല കലർന്ന വെണ്മയിൽ വെട്ടിത്തിളങ്ങുന്നത് ആഘോഷത്തിന് അർത്ഥം നൽകുകയാണ് .മനുഷ്യർക്ക് പാപിയാകാതിരിക്കാൻ കഴിയില്ല എന്ന വിലപ്പെട്ട ആശയത്തെ കൈവിടാനൊക്കില്ല. എപ്പോഴെങ്കിലും ഒരു ജീവിയെ വേദനിപ്പിക്കാത്തവർ, ഉപദ്രവിക്കാത്തവർ ആരുമുണ്ടാകില്ല . മാതാപിതാക്കളെ നന്നായി ശുശ്രൂഷിക്കുമെങ്കിലും, സംസാരിക്കാനും ചലിക്കാനും ശേഷിയില്ലാതെ ശയ്യയിൽ ആശ്രയം തേടുന്ന അവരുടെ മനസ്സിലെ നൂറുകൂട്ടം ആശങ്കകളും നഷ്ടപ്പെടുന്ന പ്രതീക്ഷകളും അവസാനിക്കാത്ത വേദനകളും മക്കൾക്ക് പരിഹരിക്കാനാവുകയില്ല. അവരുടെ മനസ്സിലൂടെ എന്തൊക്കെയാണ് കടന്നു പോകുന്നതെന്ന് ആർക്കെങ്കിലും ഊഹിക്കാനാകുമോ? ഇതൊക്കെ പാപമായി നമ്മെ പിന്തുടരും .നീരസം പുറത്ത് പ്രകടിപ്പിക്കാതിരിക്കാനുള്ള ഔചിത്യമാണോ അവരുടെ മൗനത്തിലൂടെ സംക്രമിക്കുന്നത്? മക്കൾ പാപം ചെയ്യാൻ വിധിക്കപ്പെട്ടിരിക്കുന്നു .മക്കൾക്ക് ആരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാനാവുകയില്ല. ഈ യാഥാർത്ഥ്യത്തിന്റെ മുറിവായ കൂടിച്ചേരുന്നതിന് മുമ്പ് നാം പ്രസാദത്തിലേക്ക് കുതിക്കുകയാണ്. നമ്മെ വലയം ചെയ്ത പരിമിതികളെ മറികടന്ന് ഒരു ഓണത്തല്ല് ,ഓണക്കളി ,വള്ളംകളി ,ഓണസദ്യ നമ്മെ എവിടെയെങ്കിലും എത്തിക്കാതിരിക്കില്ല. പുതുവസ്ത്രവും പുഞ്ചിരിയും സിനിമയും സാധനങ്ങളും നമുക്ക് അവകാശപ്പെട്ട മാവേലിത്തമാണ്. നമ്മളിലാണ് മാവേലി. നമ്മളിലാണ് സഹോദരൻ. നമ്മളിലാണ് മതമൈത്രി.ഓണസദ്യ നമ്മെ ജനാധിപത്യപരമായ ഉയർത്തുകയാണ്. ഓരോ സമുദായത്തിന്റെയും ദേശത്തിന്റെയും കറികൾ ഒരു ഇലയിൽ വിളമ്പുമ്പോൾ നാം ജനാധിപത്യപരമായി ഒന്നിക്കുന്നു. എല്ലാവർക്കും പ്രാതിനിധ്യം ലഭിക്കുന്നു. വല്ലതും ചെറുതുമില്ല -തുല്യത മാത്രം .
ഓണത്തിൻ്റെ സമത്വവും സാഹോദര്യവും സത്യവും എല്ലാം ഒരു കവിയുടെ ഭാവനയാകാനാണ് സാധ്യത .മഹാബലി ഒന്നുകിൽ ഒരു മന:ശാസ്ത്രജ്ഞനായിരിക്കണം; അല്ലെങ്കിൽ ഒരു മജീഷ്യനായിരിക്കണം. കാരണം ,ഒരു രാജ്യത്തെ ജനങ്ങളെയാകെ സത്യസന്ധരും സന്തോഷമുള്ളവരും സാഹോദര്യ ബോധമുള്ളവരുമാക്കി മാറ്റാൻ ആർക്കും കഴിയില്ല. മനുഷ്യപ്രകൃതിയെ മനസ്സിലാക്കുന്നവർ അത് അംഗീകരിക്കുകയില്ല .മനുഷ്യനിൽ സമത്വബോധമോ സാഹോദര്യമോ ഇല്ല. മനുഷ്യൻ പ്രകൃതിക്കു എതിരാണ്. മനുഷ്യനു സത്യം മാത്രം പറഞ്ഞുകൊണ്ട് ജീവിക്കാനാവില്ല. ജീവിതത്തിൽ ദൈവം ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഏടാകൂടമാണിത്. നമുക്ക് ആരോടെങ്കിലും അനീതി ചെയ്യാതെ ജീവിക്കാനാകില്ല .മനുഷ്യപ്രകൃതി അങ്ങനെയാണ്. മനുഷ്യനു ധർമ്മം പാലിക്കണമെങ്കിൽ മറ്റാരോടെങ്കിലും അധർമ്മം പ്രവർത്തിക്കേണ്ടിവരും. അതാണ് അവന്റെ ധർമ്മസങ്കടം. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നു ശ്രീനാരായണഗുരു പറയുന്നത് ഒരാശയമാണ്. എന്നാൽ മനുഷ്യനു ഉറുമ്പിനെ കൊല്ലാതിരിക്കാനാവില്ല. മനുഷ്യൻ ക്രൂരനാണ് ,ഈ ഭൂമുഖത്തുള്ള ഏത് ജീവിയേക്കാൾ. അവൻ്റെ വീടിൻ്റെ ചുറ്റുമതിൽ കടന്നു ഏത് ജീവി വന്നാലും കൊല്ലപ്പെടും. മനുഷ്യനിൽ ദയ ഇല്ല .അതുകൊണ്ടാണ് മദർ തെരേസ സ്വന്തം ജീവിതകാലം മുഴുവൻ ദയ എന്താണെന്നു പഠിപ്പിക്കാൻ തീരുമാനിച്ചത്. മദർ തെരേസ ദയയെ മഹത്വപ്പെടുത്തി കാണിച്ചു. തനിക്കു വേണ്ടി മാത്രമാണ് ഈ ഭൂമി എന്നു മനുഷ്യൻ ചിന്തിക്കുന്നു. അവൻ പഞ്ചഭൂതങ്ങളെയും മലിനമാക്കിയിരിക്കുകയാണ്. മറ്റൊരു ജീവിക്കും ഇതിൽ പങ്കില്ല. കടലിൽ വലിയ രാജ്യങ്ങളുടെ വലിപ്പത്തിൽ പ്ലാസ്റ്റിക് കുന്നുകൂടി കിടക്കുകയാണ് .പ്ലാസ്റ്റിക് സുന്ദരമായ ജീവിതമാണ് കഴിഞ്ഞകാലങ്ങളിൽ സമ്മാനിച്ചതെങ്കിൽ ഇപ്പോൾ അത് ദുരന്തമായിരിക്കുന്നു.
ഓണത്തിൻ്റെ സന്ദർഭം നമ്മെ സ്വയം നിരീക്ഷിക്കാൻ സഹായിക്കുന്നു. അതിനുള്ള അവസരമാണിത്. സമത്വബോധമില്ലാത്ത നമുക്ക് അത് ഭാവനയിൽ ആചരിക്കാം. നമ്മൾ എന്നാണ് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയത് ?എന്നാണ് പാത്രത്തിൽ ഭക്ഷണം കഴിച്ചത്? അതിനുമുമ്പ് ഓണത്തിനായി നമ്മൾ ഒരുമിച്ചിരുന്നു എന്നു പറയുന്നത് അവിശ്വസനീയമാണ്. നമ്മുടെ ഓണം ഒരു നവകേരള സങ്കൽപ്പമാണ്. നാം എങ്ങനെയാണ് മുന്നേറേണ്ടതെന്നു അത് ഓർമിപ്പിക്കുന്നു. ഒരു പുതിയ വസന്തകാലത്തെയാണ് ഓണം മനസിലേക്കു കൊണ്ടുവരുന്നത് .
ഓണം പുതിയ ഒരു രാഷ്ട്രീയവും സംസ്കാരവുമാണ്. ഉറുമ്പിനും പക്ഷിക്കും പട്ടിക്കും ഓണമുണ്ട്. അവർക്കും ഇടം കിട്ടുകയാണ്. എല്ലാവർക്കും അവകാശവും നീതിയും ഉറപ്പാക്കാനുള്ള അഭിലാഷം. ഒന്നിച്ചിരുന്ന് ഉണ്ടിട്ടില്ലാത്ത മലയാളി ഒരു ഇലയിൽ ചോറും കറികളും വിളമ്പി ഒരുമിച്ചിരിക്കാമെന്നു തീരുമാനിക്കുന്നത് പുതിയ കേരളത്തിൻ്റെ നല്ല വാർത്തയാണ്. എല്ലാവർക്കും എല്ലാ രുചികളും ലഭ്യമല്ലാതിരുന്ന കേരളമായിരുന്നു ഇവിടെ നേരത്തെ ഉണ്ടായിരുന്നത്. പശുവില്ലാത്തവനു പാല് കിട്ടുമോ? അതുകൊണ്ട് വിവിധ സമുദായങ്ങളുടെ രചികൾ ഒരു ഇലയിൽ വിളമ്പുന്നതോടെ ഒരു പുതിയ ജനാധിപത്യകേരളം ഉണ്ടാവുകയാണ്.
deepika, padayanangal, m k harikumar
