Followers

Thursday, July 16, 2026

ഗോവർധൻ്റെ യാത്രകൾ നാഴികക്കല്ല് / എം.കെ.ഹരികുമാർ





'ഖസാക്കിൻ്റെ ഇതിഹാസ'ത്തെപ്പറ്റി ഞാനെഴുതിയ പുസ്തകം 'ആത്മായനങ്ങളുടെ ഖസാക്ക് '(1984) മലയാളനോവലിൻ്റെ പുതിയൊരു ദിശ ചൂണ്ടിക്കാണിച്ച കൃതി എന്ന നിലയിലാണ് എഴുതിയത്. അതിന് ഇന്നും പ്രസക്തിയുണ്ട്. പിന്നീട്  പുതിയൊരു ഭാഷയും ശൈലിയും സൃഷ്ടിക്കാൻ ശ്രമിച്ച ചിലരൊക്കെ ഖസാക്കിനെ അനുകരിക്കുകയാണ് ചെയ്തത്. ആർക്കും അനുകരിച്ചാൽ കിട്ടുന്നതല്ല 'ഖസാക്കിൻ്റെ ഇതിഹാസം'.അത് എഴുത്തുകാരൻ കലയുടെ അനാസക്തിയിലേക്ക് ,അപാരതയിലേക്ക് ,ധ്യാനത്തിലേക്ക് നിരുപാധികം നടത്തിയ യാത്രയായിരുന്നു. അതേസമയം ആനന്ദിന്റെ 'ഗോവർധൻ്റെ യാത്രകൾ '(1995) പ്രസിദ്ധീകരിച്ചിട്ട് 30 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. മലയാള എഴുത്തുകാരുടെ സംവേദനക്ഷമതയെ ഈ കൃതി സ്പർശിച്ചില്ല എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.മാർകേസ് ,കാഫ്ക ,ബോർഹസ് തുടങ്ങിയവരെപ്പറ്റി പത്രങ്ങളിലെഴുതുന്നവർ കേരളത്തിലുണ്ട്. ഇത് വെറും കാപട്യമാണ്. യഥാർത്ഥത്തിൽ അവരുടെ കൃതികൾ ആസ്വദിച്ചതുകൊണ്ടല്ല എഴുതുന്നത്; അവർക്ക് അന്താരാഷ്ട്ര പ്രശസ്തിയുള്ളതുകൊണ്ടാണ് .ഈ മലയാളലേഖകർക്ക് ശരിയായ സാഹിത്യഭാവുകത്വം ഉണ്ടായിരുന്നെങ്കിൽ അവർ ആനന്ദിൻ്റെ 'ഗോവർധൻ്റെ യാത്രകൾ' വായിക്കുമായിരുന്നു, എഴുതുമായിരുന്നു.

ഇതുപോലൊരു നോവൽ പിന്നീട് ഇവിടെ എഴുതപ്പെട്ടിട്ടില്ല.വളരെ ഉന്നതമായ ഒരു ക്രാഫ്റ്റും ശൈലിയും ഭാഷയുമാണ് ആനന്ദ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ എഴുത്തിന്റെ വർത്തമാന മുഖമാണിത്.  ഇത് പുരാതനവും സമകാലികവുമായ ഇന്ത്യയുടെ ആഴത്തിലുള്ള അന്വേഷണമാണ്. നീതിയുടെ വഴിയിൽ സഞ്ചരിച്ച് ,ഉടുവസ്ത്രം നഷ്ടപ്പെട്ട്  അനാഥനായി നിൽക്കുന്ന കഥാപാത്രമാണ് ഇതിലുള്ളത് .ഗോവർധൻ എന്ന ആ കഥാപാത്രം ഇന്ത്യൻ ആത്മാവിൻ്റെ പ്രാചീനമായ മുറിവുകൾ ഏറ്റെടുക്കുന്നു. മാധ്യമങ്ങളും വ്യവഹാര സ്ഥാപനങ്ങളും സൃഷ്ടിച്ച പുറംമോടിയുള്ള ഇന്ത്യയ്ക്ക്  വിരുദ്ധമായി നിസ്സഹായന്റെ ദുഃഖം നിറഞ്ഞൊഴുകുന്ന കൃതിയാണ് 'ഗോവർധൻ്റെ യാത്രകൾ'.

നീതി ഒരിടത്തും ലഭിക്കുന്നില്ല എന്നതിനപ്പുറത്ത് അനീതി നിരുപാധികമായി വന്നു പതിക്കുകയാണ്. അനീതിയെക്കുറിച്ച് പറയാൻ ഒരിടവുമില്ല .നീതി നടപ്പാക്കുമെന്ന് വിശേഷിപ്പിപ്പെടുന്ന സ്ഥാപനങ്ങളും വ്യക്തികളും പരാതിക്കാരനെ ശിക്ഷിക്കാൻ എന്താണ് വഴിയെന്ന് അന്വേഷിക്കുകയാണ് .പരാതി പറയാൻ ചെല്ലുന്നവൻ കുറ്റവാളിയാവുകയും തുടച്ചുനീക്കപ്പെടുകയും ചെയ്യുന്ന അവസരമാണ് നോവലിലുള്ളത്. കുറ്റകൃത്യങ്ങൾ കണ്ട് നിസ്സംഗനാവുകയും അതിൻ്റെ പേരിലുള്ള വേദനയും നിരാശയും ഒറ്റയ്ക്ക് അനുഭവിക്കുകയും ചെയ്യുന്നു. ഒരുവനിൽ ബാക്കിയാവുന്നത് ഭൂമിയുടെ അടിയിലേക്ക് വരെ തുളച്ചു കയറാൻ ശേഷിയുള്ള നിശബ്ദത മാത്രമാണ്.

ഈ കഥാപാത്രത്തെ സൃഷ്ടിച്ച ഭാരതേന്ദു ഹരിച്ഛന്ദ്ര ,താൻ ചെയ്ത തെറ്റ് ബോധ്യപ്പെട്ട് അയാളെ പാർപ്പിച്ചിരിക്കുന്ന തടവറയിൽ ചെന്ന് തുറന്നു വിടുന്നു.ഒരു നാടകമെഴുതിയത് കൊണ്ട് തെറ്റുകളോട് സമരം ചെയ്തു എന്ന് കരുതേണ്ട .നിരപരാധിയെ കൊലയ്ക്ക് കൊടുത്താൽ അതിൻ്റെ പേരിൽ കുറ്റബോധമുണ്ടാകും. നാടകകൃത്തിന് കഥാകൃത്തിനെ കൈയൊഴിയാനാവില്ല .കഥാപാത്രവും ജീവിക്കുകയാണ്. അവർ യഥാർത്ഥ മനുഷ്യർ തന്നെയാണ്. അതുകൊണ്ടാണ് ഭാരതേന്ദു  ഗോവർദ്ധനെ മോചിപ്പിക്കുന്നത്. തൻ്റെ നാടകത്തിൽ നിന്ന്  ദുരന്തവാഹകനായ ഒരു കഥാപാത്രത്തെ മോചിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. നാടകത്തിനുമപ്പുറം ഒരു യാഥാർത്ഥ്യമുണ്ട്. നാടകത്തിൻ്റെ സാങ്കല്പികലോകത്ത് നിന്ന് ഗോവർധൻ യഥാർത്ഥ ലോകത്തിലേക്കാണ് എത്തിച്ചേരുന്നത്.എന്നാൽ പിന്നീട് അയാൾക്ക് ആരാണ് തുണയായുള്ളത്? അയാൾക്ക് ആരെയും സ്വയം പരിചയപ്പെടുത്താൻ പോലുമാവില്ല .അതിനു വിശ്വസനീയതയുണ്ടാവില്ല. നമ്മളും ആരുടെയെങ്കിലുമൊക്കെ കഥാപാത്രമാണെന്ന് സങ്കൽപ്പിച്ചു നോക്കൂ. നമ്മൾ ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടും. ഒരു കഥാപാത്രമാവുകയെന്ന വിധിയാണ് നമുക്കുള്ളതെങ്കിൽ ,അതിൽ നാമെന്ത് മാറ്റം വരുത്തിയാലും അതിൻ്റെ ആത്യന്തികമായ വിധിയിൽ നിന്ന് മോചനം കിട്ടുകയില്ല.നമ്മൾ നാടകകൃത്തിനോട് കയർത്താലും രക്ഷയില്ല. അപ്പോൾ നാടകകൃത്തിന് നമ്മെ രക്ഷിക്കാനാവില്ല. നാടകകൃത്തിൻ്റെ കഥയ്ക്കുള്ളിൽ നാം എന്നന്നേക്കുമായി തളച്ചിടപ്പെടുകയാണ് ചെയ്യുന്നത് .വല്ലാത്തൊരു ശൂന്യതയാണ് അയാൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഭാരതേന്ദുവിൻ്റെ കഥാപാത്രത്തിന്റെ പിന്നാലെ അലയുന്ന ആനന്ദ് നോവലിൽ എഴുതുന്നത് ഇതാണ്:" ഭയാനകമായ ഒരു ശൂന്യത ഭാരതേന്ദുവിനെ വലയം ചെയ്തു. അദ്ദേഹം ജനലിൽ ചെന്ന് കമ്പികൾ പിടിച്ചു പുറത്തേക്ക് നോക്കി. പുറത്ത് ഇരുട്ടും തണുപ്പും കൂടിക്കലർന്ന് ഉറയ്ക്കുകയാണ്.കോഠിയിൽ ഭാരതേന്ദുവിൻ്റെയൊഴിച്ച് എല്ലാ മുറികളിലും വിളക്ക് അണഞ്ഞിരിക്കുന്നു.വീട്ടുകാരും വേലക്കാരും ഉറങ്ങിയിരിക്കുന്നു. വിശാലവും കട്ടിയുള്ളതുമായ ഉറക്കം എല്ലാവരുടെയും മേൽ വീണു കിടക്കുന്നു. മനുഷ്യൻ, മൃഗങ്ങൾ, മരങ്ങൾ എല്ലാത്തിന്റെയും. ഒന്നു മാത്രം ഉണർന്നിരിക്കുന്നു :നിയമം. നിരപരാധികളെ ശിക്ഷിക്കുന്ന നിയമം. തണുപ്പും ഇരുട്ടും അതിനെ ബാധിക്കുന്നില്ല. അഥവാ, അതുതന്നെയല്ലേ തണുപ്പും ഇരുട്ടും?"

എല്ലാത്തിന്റെയും മേൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ക്രൂരമായ നിയമം നോട്ടമയച്ച് കാത്തുനിൽക്കുകയാണ്. ഒന്ന് അനങ്ങുകയേ വേണ്ടൂ,നിയമം ചാടി വീണിരിക്കും. നിയമത്തിന്റെ ദേവതയുടെ കണ്ണുകൾ കെട്ടിയിരിക്കുന്നതിനനുസരിച്ച് വിധിയും ആളുകളുടെ മുഖമനുസരിച്ച് മാറുന്നതാകരുതെന്നാണ് രാജാവിൻ്റെ ശാസന. ഒരാൾ കുറ്റം ചെയ്തിട്ടുണ്ടോ നിരപരാധിയാണോ എന്നീ വിഷയങ്ങൾ നിയമത്തിൻ്റെ നിഷ്പക്ഷതയുടെ മുന്നിൽ നിലനിൽക്കുന്നില്ല എന്നാണ് രാജാവ് പറയുന്നത് .നിയമത്തിന് ഒരു ഇരയെയാണ് വേണ്ടത്. അയാളെ ശിക്ഷിക്കുകയാണ് ആത്യന്തികമായ കർത്തവ്യം. ഇതിനിടയിൽ തടവറയിൽ നിന്ന് രക്ഷപ്പെട്ട ഗോവർധനെ അന്വേഷിച്ച് മഹംത് എത്തുന്നുണ്ട്, ഭാരതേന്ദുവിൻ്റെ ബംഗ്ലാവിൽ.

എന്നാൽ ഭാരതേന്ദു ഒരു നാടകകൃത്ത് മാത്രമാണ്. കഥാപാത്രങ്ങളെ സൃഷ്ടിച്ചത് കൊണ്ട് അവരെ എന്തും ചെയ്യാമെന്ന് കരുതരുത് .ഒരാളുടെ നീതിയെക്കുറിച്ചുള്ള ബോധമാണ് കഥാപാത്രത്തെ മനുഷ്യനാക്കുന്നത്. നാടകകൃത്തു തൻ്റെ മാനുഷികതയെ ഒരു പരീക്ഷണ വസ്തുവാക്കുകയാണ്. അപ്പോൾ ഭാരതേന്ദുവിന് നിരപരാധിയായ ഗോവർധനെ നീതിപീഠത്തിന്റെ ക്രൂരതയ്ക്ക് എറിഞ്ഞ് കൊടുക്കേണ്ടി വന്നു .നീതിക്ക് കണ്ണില്ല. അതുകൊണ്ട് ആരാണോ കുറ്റവാളിയായി മുന്നിൽ വരുന്നത്, അവനെ അത് ശിക്ഷിക്കും! .നാടകകൃത്തിന് തന്റെയുള്ളിലെ മുറിവായി കഥാപാത്രം മാറുകയാണ്. അതുകൊണ്ട് അയാളെ മോചിപ്പിക്കേണ്ടത് അത്യാവശ്യമായി. അതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു:ഗോവർധനെ എന്റെ പേനയിൽ നിന്ന് ഞാൻ ഇറക്കി വിട്ടു. എൻ്റെ പേനയുടെ മഷിയിൽ നിന്നെന്നപോലെ, സ്ഥലകാലങ്ങളുടെ വരകളിൽ നിന്നും കുറികളിൽ നിന്നും അവൻ വേർപെട്ടുപോയി, എവിടത്തെയും എക്കാലത്തെയും ഗോവർദ്ധനാണ് ഇന്ന് അവൻ. അവൻ  നിങ്ങളുടെ സഹായം ചോദിച്ച് കരഞ്ഞു കൊണ്ടിരിക്കും ,തീർച്ച. നിങ്ങളുടെ ധർമ്മം അവനെ രക്ഷിക്കുവാനായി പിടഞ്ഞുകൊണ്ടുമിരിക്കും. പക്ഷേ നിങ്ങൾ കണ്ടുമുട്ടുകയില്ല."

ഭാരതേന്ദു പറയുന്നതിൽ നിന്ന് വ്യക്തമാവുന്നത് ഗോവർധൻ കേവലം ഒരു കഥാപാത്രമല്ലെന്നും നിരപരാധിയാണെങ്കിലും ഒരിക്കലും നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ള ഒരു മനുഷ്യനാണെന്നുമാണ്. അയാൾ പല പേരുകളുള്ള മനുഷ്യരായി പലയിടത്തും കാണും. സ്ഥലകാലങ്ങളുടെ വരകളിൽ നിന്നും കുറികളിൽ നിന്നും അവൻ വേർപെട്ടുപോയി എന്ന പ്രസ്താവം  സാർവകാലികകമായ ഒരു മനുഷ്യാവസ്ഥയെയാണ് ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യാസ്തിത്വത്തെക്കുറിച്ച് സനാതനമായ ഒരു വെളിപ്പെടുത്തൽ നടത്താനാണ് ഭാരതേന്ദു ആലോചിച്ചത്. വിധിയെ ഒരു സർവതലസ്പർശിയായ അനുഭവമായി പരിഗണിക്കണം. അതിൻ്റെ പൊരുൾ വ്യക്തമല്ല. വിധിയുടെ യുക്തി,വിന്യാസം, നീതി എന്നീ കാര്യങ്ങൾ എല്ലാവർക്കും അജ്ഞാതമാണ് .എവിടത്തെയും എക്കാലത്തെയും ഗോവർധനാണ് അവൻ എന്ന് പറയുന്നതോടെ ഭാരതേന്ദുവിൻ്റെ കഥാപാത്രത്തെ ഏതുകാലത്തും ഏതു സമയത്തും പ്രതീക്ഷിക്കാം. അവൻ നമ്മുടെ മുന്നിൽ യാദൃശ്ചികമായി പ്രത്യക്ഷപ്പെടുന്ന മനുഷ്യരിൽ ഉണ്ടായിരിക്കും. ഗോവർധൻ ഓരോ  വാതിലിലും വന്നു മുട്ടുന്നുണ്ടാവണം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിക്കേണ്ടിവരുന്നതിന്റെ ദുരന്തം അയാൾ ആരോടൊക്കെയോ പറയാൻ ഓടുകയാണ്. അയാൾ തന്നെയാണ് പലരിലുമുള്ളത്. അയാളെപ്പോലെ അനേകം പേരുണ്ട്. അങ്ങനെ അത് മനുഷ്യാവസ്ഥയുടെ കേന്ദ്ര അനുഭവമായിത്തീരുന്നു. അവൻ്റെ കരച്ചിലും അനാഥമായ യാത്രയും ഒരുവശത്ത് അനന്തമായി നീങ്ങുന്നു. അവൻ ഒരു വലിയ ശ്രംഖലയിലെ കണ്ണിയാണ് .അവല്ലെങ്കിൽ മറ്റൊരാൾ അവൻ്റെ വിധി ഏറ്റെടുത്ത്  നീങ്ങുന്നുണ്ടാവും.

ധർമ്മം ഒരു സ്ഥാപനത്തെ പോലെയാണ് .അത് സ്ഥാപനത്തിൻ്റെ ഔപചാരികതകളാണ് പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും അവിടങ്ങളിലേക്ക് വരുന്ന മനുഷ്യർക്ക് നീതി കൊടുക്കുക എന്നതിനപ്പുറത്ത് അവയുടെ നിയമപരവും വ്യവസ്ഥാപിതവുമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും അത് ക്രമപ്പെടുത്തി വയ്ക്കാനുമാണ് തിടുക്കപ്പെടുക. വ്യവസ്ഥാപിതമായ നടപടിക്രമങ്ങളുടെ പട്ടികയിൽ ഇടം കണ്ടെത്തുന്നതോടെ ധർമ്മത്തിന്റെ ജോലി മിക്കവാറും അവസാനിക്കും. ധർമ്മത്തിന് രക്ഷിക്കാനൊന്നുമില്ല. ധർമ്മത്തിന്റെ മുന്നിൽ വരുന്നവൻ യോഗ്യനാണോ എന്ന് മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശോധിക്കുകയാണ് മുഖ്യമായി ചെയ്യുക. ധർമ്മം കിട്ടാതെ ഒരാൾ മടങ്ങുന്നത് യാതൊരു വ്യസനവുമുണ്ടാക്കുന്നില്ല. അയാൾ അതിന് അർഹനല്ലെന്ന കുറിപ്പ് എഴുതിയാൽ ധർമ്മം ഭാവി പ്രവചിക്കുന്നയാളുടെ തത്തയെപ്പോലെ തിരിച്ചു കൂട്ടിൽ കയറിക്കൊള്ളും. 

നമുക്ക് യുക്തിയിൽ വിശ്വസിക്കാം; എന്നാൽ യുക്തിക്ക് നമ്മളിൽ വിശ്വാസമുണ്ടാവുകയില്ല .കാരണം യുക്തി നമ്മെ തന്നെ റദ്ദാക്കി കളയും. യുക്തിയോടെ തിരഞ്ഞാലും യുക്തി തന്നെ നമ്മെ പുറത്താക്കി കൊണ്ടിരിക്കും. എന്തിനാണ് നാം പീഡിപ്പിക്കപ്പെടുന്നതെന്ന് ആരും പറഞ്ഞുതരികയില്ല. ആരെങ്കിലും പറഞ്ഞാൽ തന്നെ അത് നമുക്ക് മനസ്സിലാവുകയില്ല .യുദ്ധം ചെയ്യുന്നതുപോലും എന്തിനെന്ന് ഭടന്മാർ അറിയണമെന്നില്ല. അവർ തല വെട്ടുന്നതും ബലാത്സംഗം ചെയ്യുന്നതും യുക്തിപൂർവ്വമായാണ്. തല വെട്ടാൻ കൈ ഉയർത്തണമെന്നും തല വേർപെണമെന്നും യോദ്ധാവിന് നിശ്ചയമുണ്ട്. എന്നാൽ എന്തിനാണ് ഒരു കുറ്റം ചെയ്തുവെന്ന് ബോധ്യമില്ലാത്ത ഒരാളെ കൊല്ലുന്നതെന്നോ, അയാളെ കൊന്നശേഷം തനിക്ക് എന്താണ് അതിൽ നിന്ന് കിട്ടുന്നതെന്നോ ചിന്തിച്ചാൽ പിടികിട്ടുകയില്ല .ഒരു യുക്തിക്ക് തല വെട്ടാം; എന്നാൽ അത് എന്തിനാണെന്ന് ബോധ്യപ്പെടാനാണ്  പ്രയാസം. ഗോവർധന്റെ സഹോദരനായ അലിദോസ്ത് യുദ്ധം ചെയ്തത് എന്തിനെന്ന് അയാൾക്ക് ബോധ്യപ്പെട്ടിട്ടില്ല. യുദ്ധം ചെയ്യേണ്ടതുണ്ടായിരുന്നതുകൊണ്ട് അത് പരമാവധി വൃത്തിയായി ചെയ്തു.

അലിദോസ്ത് ഒരു പട്ടാളക്കാരനായി മാറിയതോടെ അയാളുടെ മുൻഗണനാക്രമങ്ങൾക്ക് മാറ്റം സംഭവിച്ചു.അയാൾ സ്വാതന്ത്ര്യമാണ് ആഘോഷിച്ചത് .അങ്ങനെയേ അയാൾക്ക് സ്വാതന്ത്ര്യം ആഘോഷിക്കാൻ കഴിയുമായിരുന്നുള്ളൂ. അതിനുമുമ്പ് അയാൾ മാലിക്കിന്റെ അടിമയായിരുന്നു .അയാൾ തൻ്റെ ചക്രവർത്തിയെ ആദരിച്ചു. യുദ്ധത്തിൽ  പങ്കെടുക്കുക മാത്രമല്ല, അത് കഴിഞ്ഞ് അവിടെ കുടുംബമുണ്ടാക്കി താമസിക്കുകയും ചെയ്യുമായിരുന്നു.മറ്റൊരു യുദ്ധം വരെയാണ് അയാളുടെ പാർപ്പ് .ഗുജറാത്തിലെ ഒരു സുൽത്താൻ, അലിയുടെ ഹൃദയത്തിലെ 'വികാരരഹിതമായ നൈർമല്യം' കണ്ടെത്തി. എന്താണ് ആ നൈർമല്യം?പടക്കളത്തിൽ സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി വാളേന്തിയ ഒരു സാധാരണ ഭടനല്ല അലിദോസ്ത്; അയാൾ തനിക്ക് ഒരു ദ്രോഹവും ചെയ്യാത്തവനെയും, ചങ്ങലയിൽ ബന്ധിക്കപ്പെട്ട് കിടന്നവനെയും കൊന്നുതള്ളി. അതാണ് സുൽത്താന് അയാളോട് താൽപര്യം തോന്നാൻ കാരണം .അലിദോസ്തിന് സ്ഥാനക്കയറ്റം കിട്ടാൻ അത് കാരണമായി .അലിദോസ്തിന് സുൽത്താൻ്റെ കൊട്ടാരത്തിൽ വേറൊരു ജോലിയുണ്ടായിരുന്നു. "യുദ്ധത്തിൽ പിടിച്ചുകെട്ടി കൊണ്ടുവന്ന പ്രധാന വ്യക്തികളുടെ തലകൾ അറുത്തു കളയുവാനും കൈകാലുകൾ ഛേദിച്ചുകളയുവാനും വരിയുടയ്ക്കുവാനും അവരെ കുന്തത്തിൽ കയറ്റുവാനും തൂണിൽ കെട്ടി കത്തിക്കുവാനും ഒക്കെ നിയുക്തനായി അയാൾ."

ഇവിടെ അയാളെ രക്ഷിച്ചത് യുക്തിയാണ്. അയാൾ ഒരു ഭടനാണത്രേ.ഭടന് കൊല്ലാതിരിക്കാനാവില്ലല്ലോ. കൊന്നാലും ആരും അത്ഭുതപ്പെടില്ല .തന്റെ മുന്നിൽ എത്തിയ ഇരകൾ ആരാണെന്ന് അയാൾ അന്വേഷിക്കാറില്ലായിരുന്നു. ഇതായിരുന്നു അയാളുടെ വികാരരഹിതമായ നൈർമല്യം! .എന്താണ് കുറ്റമെന്ന് അയാൾ തിരക്കാതിരിക്കുന്നതും അതുകൊണ്ടാണ് .അവർ നിരപരാധിയോ കുറ്റവാളിയോ ആയിരുന്നാലും അലിദോസ്തിന് ഒരുപോലെയാണ്. നിരപരാധിയാവുക എന്നത് വെല്ലുവിളിയാണ്. കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കാനാകില്ല എന്ന പ്രശ്നമാണതിലുള്ളത് .



ഖസാക്കിൻ്റെ ഇതിഹാസത്തിനു ശേഷം ഗോവർധൻ്റെ യാത്രകൾ /എം.കെ.ഹരികുമാർ

 

എം.കെ.ഹരികുമാർ 

അക്ഷരജാലകം 

പുതിയൊരു ഭാഷയാണ് ഒ.വി. വിജയൻ്റെ 'ഖസാക്കിന്റെ ഇതിഹാസം'(1969) സംഭാവന ചെയ്തത്. അതുവരെ നോവൽ എഴുതാൻ ഉപയോഗിച്ച ഭാഷയല്ലായിരുന്നു അത് ; അതുവരെ പ്രചാരത്തിലിരുന്ന വിവരണരീതിയുമല്ലായിരുന്നു. അതിൽ ഒരു സോദ്ദേശ്യ നായകനില്ലായിരുന്നു. വിപ്ലവത്തിൽ ഏർപ്പെടുന്ന, സമരം ചെയ്യുന്ന ,സ്ത്രീ സുരക്ഷയ്ക്കായി നിലകൊള്ളുന്ന നായകനല്ലായിരുന്നു രവി. രവി അയാളുടെ മാത്രം പ്രശ്നത്തിനകത്ത് കുതിർന്ന്, ദ്രവിച്ച് പോവുകയായിരുന്നു.നിസ്സഹായതയുടെ പുതിയൊരു മുഖമായിരുന്നു ആ നായകൻ. ജീവിതത്തിൻ്റെ പ്രകൃതത്തിലേക്ക് തുറന്നു വച്ച കഥാപാത്രം. ഒരു സന്ദേശവുമില്ല.അതൊരു ജീവിത മാതൃകയല്ലായിരുന്നു.അയാൾ വിജയിക്കാൻ വേണ്ടി ഒന്നും ചെയ്തില്ല. അതുകൊണ്ട് പരാജയം എന്ന് വിളിക്കാവുന്ന തരത്തിൽ അയാൾ വീണു കൊടുക്കുന്നു. ഖസാക്കിലെ ഈ ഭാഷ നോക്കൂ:
"രവി ഉറങ്ങാൻ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു, തുടിക്കുന്നു. ഈശ്വരാ, ഒന്നുമറിയരുത് .ഉറങ്ങിയാൽ മതി .ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തലചായ്ക്കുക. കാടായി ,നിഴലായി ,മണ്ണായി ആകാശമായി വിശ്രമം കൊള്ളുക.  അറിവിൻ്റെ കണ്ണുകൾ പതുക്കെ പൂടി. മിന്നിത്തുടിക്കുന്ന ബഹിരാകാശം  കയ്തപ്പൊന്തകളിലേക്കിറങ്ങി വന്ന് ഖസാക്കിലെ മിന്നാമിനുങ്ങുകളായി.ആ അനന്തരാശിയിൽ നിന്ന് ഏതോ സാന്ദ്രതയുടെ കിനിവുകൾ അയാളുടെ നിദ്രയിലിറ്റുവീണു. അവ ആ മനുഷ്യനെ സ്നാനപ്പെടുത്തി."

ഒരു പ്രവചനാത്മക ആത്മീയ ഭാഷയാണിത്. മനസിൽ പതിഞ്ഞ ബിംബങ്ങൾ ആവിഷ്കരിക്കുകയാണ്. വസ്തുവിന്റെ ഉള്ളിലേക്ക് യാത്ര ചെയ്യുന്ന അനുഭവമാണ്. അതീതമായ ആനന്ദത്തെ ലക്ഷ്യം വയ്ക്കുന്ന വാക്കുകളായി അത് നിറഞ്ഞുനിന്നു. ജീവിതത്തിൻ്റെ നശ്വരതയിൽ മറഞ്ഞിരിക്കുന്ന ആനന്ദവും സൗന്ദര്യവും തേടുകയാണ് നോവലിസ്റ്റ് .ഒരു ഗ്രാമത്തിലെ നൂറ്റാണ്ടുകളായുള്ള മിത്തുകളും ആചാരങ്ങളും ഓർമ്മകളും സംഭാഷണങ്ങളും പ്രകൃതിയും ചേർന്നുണ്ടാകുന്ന സവിശേഷമായ ഒരു ഭാവുകത്വമാണ് 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിലുള്ളത്.

നോവൽ ഒരു കലാരൂപമാണ്

എല്ലാ സൗന്ദര്യാസ്വാദകർക്കും ആവശ്യമുള്ളതത്രയും ആ നോവലിൽ നിന്ന് ലഭിച്ചു .പല തലമുറകളെ അത് വായിപ്പിച്ചു. സൂക്ഷ്മമായ ലോകങ്ങൾ അനാവരണം ചെയ്യപ്പെട്ടു. നഷ്ടപ്പെടുമായിരുന്ന ഗ്രാമ്യതയുടെ കാണാകുടുക്കുകൾ സുന്ദരമായി തിരിച്ചെടുത്തു തരുകയായിരുന്നു നോവലിസ്റ്റിൻ്റെ ഉദ്യമം. സൗന്ദര്യാരാധകൻ്റെ നോവലാണ് 'ഖസാക്കിൻ്റെ ഇതിഹാസം'.

ഇതിനു ബദലായി ചിലർ സ്വാതന്ത്ര്യസമരം, പുന്നപ്ര - വയലാർ സമരം, ജാലിയൻ വാലാബാഗ്, ഇന്ത്യ - ബംഗ്ലാദേശ് യുദ്ധം ,നെഹ്റുവിൻ്റെ ജീവിതം ,വയനാട്ടിലെ ആദിവാസി ജീവിതം, ആശുപത്രിയിലെ ജീവിതം ,കുട്ടനാടൻ ജീവിതം തുടങ്ങി പല മേഖലകളെ പരിചയപ്പെടുത്തിയെങ്കിലും അതെല്ലാം നോവൽ എന്ന കലയുടെ 200 മീറ്റർ അകലെ പോലും എത്തിയില്ല .നോവൽ ഒരു കലയാണെന്ന തലത്തിൽ ഭാവന ചെയ്യാൻ കഴിയണം. നോവൽ ചരിത്രം എഴുതി നിറയ്ക്കാനുള്ള മാധ്യമമല്ല; അതൊക്കെ കാലഹരണപ്പെട്ട സങ്കല്പമാണ്.രാഷ്ട്രീയസമരങ്ങളെ ഓർത്തു വയ്ക്കാനുള്ള ഇടമല്ല നോവൽ. അത്  ഒരു കലാകാരന്റെ തനിച്ചുള്ള ആന്തരയാത്രയും വെളിപാടുമാണ്. ദുർഗ്രഹമായ ജീവിതത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പറയുന്നതിനേക്കാൾ, അത് എങ്ങനെ വിചിത്രവും ദുരൂഹവുമായിരിക്കുന്നു എന്ന് എഴുതി അവതരിപ്പിക്കുന്നതാണ് മാജിക്. പ്രമുഖ ചെക്ക് നോവലിസ്റ്റ് മിലാൻ കുന്ദേര എഴുതി, അധുനിക നോവൽ അസ്തിത്വത്തെക്കുറിച്ചുള്ള ധ്യാനമാണെന്ന്.അത് ഖസാക്കിലുണ്ട്. അതിനു പകരം കുറെ ചരിത്രം ഭാവന ചെയ്യാൻ കൊള്ളാത്ത ഭാഷയിൽ സ്ഥൂലമായി വിവരിക്കുന്നത് കലയാവില്ല. നോവലിന് വേണ്ടത് പൊതു വ്യവഹാരത്തിനുപയോഗിക്കുന്ന നിശ്ചലമായ ഗദ്യമല്ല. അത് വസ്തുവിനെ കണ്ണാടിയിലെന്ന പോലെ പ്രതിബിംബിക്കുകയും അതിൻ്റെ വിസ്തൃതമായ ഋതുഭേദങ്ങളിലേക്ക് നയിക്കുകയും വേണം.

'ഖസാക്കിൻ്റെ ഇതിഹാസം' മലയാളനോവലിൻ്റെ ഒരേയൊരു വസന്തഋതുവാണ്. അത് വന്യമായ സൗന്ദര്യവും സംഗീതവുമാണ്. സൗന്ദര്യത്തിൻ്റെ പൂക്കളാണ് അതിൽ വിടർന്നത്. ഖസാക്കിന് ശേഷമുണ്ടായ ഏറ്റവും മികച്ച നോവൽ ഏതെന്ന  ചോദ്യം പ്രസക്തമായിരിക്കുന്നു. അതിനു ശേഷം പ്രത്യക്ഷപ്പെട്ട ഏറ്റവും വലിയ സർഗാത്മക നോവൽ ആനന്ദിന്റെ 'ഗോവർധൻ്റെ യാത്രകളാ'ണ്. ഖസാക്ക് ഒരു ഇന്ത്യൻ നോവലാണെങ്കിൽ 'ഗോവർധൻ്റെ യാത്രകൾ' ഇന്ത്യൻ പശ്ചാത്തലമുള്ള അന്താരാഷ്ട്ര നോവലാണ്. സംവേദനക്ഷമത നഷ്ടപ്പെട്ട മലയാള വിമർശകരും എഴുത്തുകാരും 'ഗോവർധന്റെ യാത്രകൾ' വേണ്ടപോലെ വായിച്ചിട്ടില്ല. 1995 ൽ  പ്രസിദ്ധീകരിച്ച ഈ നോവൽ മുപ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. താരതമ്യേന നല്ലൊരു കാലഘട്ടമാണിത്. ഈ കാലത്തിനിടയിൽ ഇതിനെ മറികടക്കുന്ന കൃതികൾ എഴുതാൻ ശേഷിയുള്ളവർ ഉണ്ടായിട്ടില്ലെന്ന് അനുമാനിക്കാൻ പ്രേരിപ്പിക്കുന്നതാണ് 'ഗോവർധന്റെ യാത്രകളു'ടെ  വേറിട്ടുള്ള നിൽപ്പ്.

പുതിയ ആഖ്യാനം 

നോവൽ എന്ന കലാശില്പത്തിൻ്റെ വിവിധ തലങ്ങളിലുള്ള സൗന്ദര്യം പ്രത്യക്ഷമാക്കുന്ന ഈ നോവൽ മനുഷ്യാനുഭവത്തിന്റെയും സ്വഭാവത്തിൻ്റെയും ദ്വന്ദങ്ങൾ എടുത്തുകാണിക്കുന്നു. സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടം ഈ നോവലിലാണ് ഏറ്റവുമധികം കാണാൻ കഴിയുക. 'ഗോവർധൻ്റ യാത്രകൾ' ഇന്ത്യൻ നോവലിലുണ്ടായ ഒരു അത്ഭുതമാണ്. നോവലിൻ്റെ രചനയിൽ ഇതുവരെ കണ്ടെത്തിയ സങ്കേതങ്ങളിൽ വച്ച് ഏറ്റവും പുതുമയുള്ളതാണ് ഇതിൻ്റെ ആഖ്യാനം. ഇത് ആനന്ദ് കടമെടുത്ത ഒരു കഥാപാത്രത്തിന്റെ കഥയാണ്.പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച ഹിന്ദി നാടകകൃത്ത് ഭാരതേന്ദു ഹരിച്ഛന്ദ്ര (1850-1888) എന്ന നാടകകൃത്തിൻ്റെ 'അംധേർ നഗരി'(1881) എന്ന രചനയാണ് നോവലിന് വഴികാട്ടിയാകുന്നത് .ഇത് ബി.വി. കാരന്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. അതിലെ ഒരു കഥാപാത്രമാണ് ഗോവർധൻ. ചെയ്യാത്ത കുറ്റത്തിന് രാജാവ് അയാളെ ജയിലിട്ടിരിക്കുകയാണ്. നാടകകൃത്ത് ചിന്തയുടെ ഒരു നിമിഷത്തിൽ തൻ്റെ നാടകത്തിൽ നിന്ന് ഈ കഥാപാത്രത്തെ സ്വതന്ത്രമാക്കുന്നു. ഇനി ഗോവർധന് സ്വതന്ത്രമായി ജീവിക്കാം. അതിനു നാടകകൃത്ത് തടസ്സമായിരിക്കില്ല. ഈ നാടകത്തിൻ്റെ കഥ ഇങ്ങനെ സംഗ്രഹിക്കാം: 'അംധേർ നഗരിയിലെ ചൗപട് രാജാവിൻ്റെ മുന്നിൽ വരുന്ന ഒരു കേസിൽ നിന്നാണ് തുടക്കം.ആ നഗരം നീതിയുക്തമായ ബസാർ എന്ന നിലയിൽ പ്രസിദ്ധമാണ്. കഥയിലേക്ക് കടക്കാം. 'കല്ലുവിന്റെ മതിൽ വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനു ശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാൾക്ക് കൂടുതൽ വെളളമൊഴിച്ചു കൊടുത്ത ദിശ്തിയെയും ദിശ്തിക്ക്   വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും, കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയനെയും ഒടുവിൽ വിൽക്കുന്ന സമയത്ത് ഇടയൻ്റെ ശ്രദ്ധ തെറ്റിച്ച കോത്വാലിനെയും തൂക്കി കൊല്ലുവാൻ വിധിച്ച നീതിബോധമില്ലാത്ത ചൗപട് രാജാവ്. അവസാനം, തൂക്കുകയറിന്റെ കുടുക്ക് കോത്വാലിന്റെ കഴുത്തിൽ കടക്കുന്നില്ലെന്നതിനാൽ കഴിവിലേറ്റുവാൻ കൊണ്ടുപോകപ്പെടുന്ന കുടുക്കിനിണങ്ങിയ കഴുത്തുള്ള വഴിപോക്കനാണ് ഗോവർധൻ.'

ഇപ്പോൾ ഗോവർധൻ ആരാണെന്ന് മനസ്സിലായല്ലോ. ഈ പശ്ചാത്തലം വിവരിച്ചുകൊണ്ട് ആനന്ദ് താൻ അഭിമുഖീകരിക്കുന്നത് കാലഭേദമില്ലാത്ത നീതിയുടെ പ്രശ്നമാണെന്ന് സൂചിപ്പിക്കുന്നു. അങ്ങനെ അദ്ദേഹം ഭാരതേന്ദ്ര ഹരിച്ഛന്ദ്രയുമായി ഭാവനയിൽ സംസാരിക്കുന്നു .സാധാരണക്കാർക്ക് നീതി ലഭിക്കുമോ എന്ന വിഷയത്തെക്കുറിച്ച് അവർ ആഴത്തിൽ ചർച്ച ചെയ്തു .ഗോവർധൻ്റെ കാര്യത്തിൽ ഭാരതേന്ദു ഹരിച്ഛന്ദ്രയ്ക്ക് കുറ്റബോധം തോന്നി. അനീതിയുടെ കൽതുറുങ്കുകൾ ഭേദിക്കാൻ നീതിമാന്മാർ വരുമെന്ന് കരുതിയിരിക്കുന്നത് വ്യർത്ഥമാണ്. ഗോവർധനെ സൃഷ്ടിച്ച ഭാരതേന്ദു തന്നെ അതിന് മുന്നോട്ടുവരുന്നു. അദ്ദേഹം ഗോവർധനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ ചെന്ന്  വാതിൽ തുറന്നിടുന്നു. ഗോവർധൻ പുറത്തിറങ്ങി. അനീതിയും ഇരുട്ടും തിന്ന് ശോഷിച്ച ആ മനുഷ്യനുമായി സംസാരിക്കാൻ പലർക്കും അവസരമുണ്ടാകുന്നു. അയാൾ നീതി നിഷേധിക്കപ്പെടുന്നതിന് ഇരയാകുന്ന പലരിലൂടെ ജീവിക്കുന്നു.

നീതിയുടെ യുക്തി 

'നീതിയും അനീതിയും തിരിച്ചറിയാനാവാത്ത വിധം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ,ശരിയും തെറ്റും, പ്രകാശവും തമസ്സും തമ്മിൽ വേർതിരിക്കേണ്ട ആവശ്യം മനസ്സിലാക്കപ്പെടുക കൂടി ചെയ്യാത്ത ലോക'മാണിതെന്ന് ആനന്ദ് ആമുഖത്തിൽ എഴുതുന്നത് ഈ നോവലിൻ്റെ മേഖല ഏതാണെന്ന് വ്യക്തമാക്കി തന്നു. 'ആടിനെ കൊന്ന കുറ്റത്തിന് ആരെയെങ്കിലും കഴിവിലേറ്റാതെ പോയാൽ അത് അന്യായമാകുമെന്ന്' ചൗപട് രാജാവിന്റെ കോടതിയിലെ സിപാഹി പറഞ്ഞത് ഭാരതേന്ദുവിനെ സ്തബ്ദനാക്കുകയാണ്.

ഗോവർധൻ പിന്നീട് കണ്ടത് നീതിയുടെയും ശരിയുടെയും ലോകത്ത് നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട മനുഷ്യരെയാണ്.ഇരുപത്തിനാലാം  അധ്യായത്തിൽ രാജാവിന്റെ ഭടൻ, ഗോവർധൻ രക്ഷപ്പെട്ട കാര്യം വിവരിക്കുന്നത് വായിക്കാം. ഇത് ആനന്ദും ഭാരതേന്ദു ചേർന്ന് എഴുതുകയാണെന്ന് സങ്കല്പിച്ചാലും തകരാറില്ല .ഭാരതേന്ദുവിൻ്റെ കഥാപാത്രമായ ഗോവർധൻ ഇപ്പോൾ ആനന്ദിന്റെ കൈയിലെ ഉപകരണമാണ്. അയാൾ ജയിൽ ചാടിയവനാണ്. അതുകൊണ്ട് അയാളെ പിടിക്കാൻ ജയിലധികാരികൾ ശ്രമിക്കാതിരിക്കില്ല.

'കേൾക്കുവിൻ, കേൾക്കുവിൻ! മഹാരാജാവിന്റെ അടിയന്തര കൽപ്പന! ഇന്നേക്ക് 14 ദിവസത്തിനകം ജയിൽ ചാടിപ്പോയ കൊലപ്പുള്ളി ഗോവർധനെ  പിടികിട്ടിയില്ലെങ്കിൽ, വധശിക്ഷ തിരിയെ കോത്വാലിന് നൽകുന്നതായിരിക്കും.കോത്വാൽ  ഇതിനകം ചാടിപ്പോവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, ആട്ടിടയനെ വധിക്കുന്നതായിരിക്കും. ആട്ടിടയൻ ഇതിനകം അപ്രത്യക്ഷനാവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, കസായിയെ വധിക്കുന്നതായിരിക്കും. കസായി ഇതിനകം അപ്രത്യക്ഷനാവുകയും ,അടുത്ത 14 ദിവസത്തിനകം അയാളെ  പിടികിട്ടാതിരിക്കുകയും ചെയ്താൽ കുമ്മായക്കാരനെ വധിക്കുന്നതായിരിക്കും. കുമ്മായക്കാരൻ ഇതിനകം അപ്രത്യക്ഷനാവുകയും ,അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, ആശാരിയെ വധിക്കുന്നതായിരിക്കും. ആശാരി ഇതിനകം അപ്രത്യക്ഷനാവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, കല്ലുബനിയായെത്തന്നെ വധിക്കുന്നതായിരിക്കും. കല്ലുവിന്റെ മതിൽ വീണു വഴിയെ പോയ ആട് ചത്ത കുറ്റത്തിന് ആരെയെങ്കിലും ശിക്ഷിക്കാതെ നിവൃത്തിയില്ലാത്തതിനാൽ ,രാജ്യത്ത് ഇനിമേൽ കൊലക്കുടുക്ക് ഉപയോഗിച്ചല്ല ,ശിരച്ഛേദം ചെയ്തിട്ടായിരിക്കും നടത്തുക എന്ന് രാജാവ് സദയം ഉത്തരവായിരിക്കുന്നു.'

ഗോവർധൻ ഒരു  കഥാപാത്രമാണെങ്കിലും അയാൾ ജീവിക്കുന്ന ഒരു മനുഷ്യനാണ്. അയാളെക്കുറിച്ച് കടലാസിലാണ് രേഖകൾ ഉള്ളതെങ്കിലും അയാളും  ജീവിക്കുകയാണ് .അയാൾ കടലാസിൽ പലവിധത്തിലുള്ള ദുരന്തങ്ങളെ അഭിമുഖീകരിച്ചിരിക്കുന്നു.
അയാൾ രക്ഷപ്പെട്ടെത്തിയ ഒരു പട്ടണത്തിലെ കാഴ്ചകൾ ആ വിധിയെ ശരിവെക്കുന്നതായിരുന്നു. അവിടെ പേടിപ്പിക്കുന്ന ഒരു നിശബ്ദതയാണ് തങ്ങി നിന്നത് .അവിടെ കണ്ട  ആളുകളുടെ മുഖങ്ങളിൽ വിരക്തി എന്ന രോഗം പ്രകടമായിരുന്നു. വൃത്തികേട് പോലെ സൗന്ദര്യവും അവർക്ക് അസഹ്യമായിരുന്നു .ഒന്നും സുന്ദരമാക്കണമെന്ന് ആഗ്രഹിക്കാത്തവർ .വീടുകളും തെരുവുകളും വൃത്തിഹീനമായിരുന്നു. കാണുവാനും കേൾക്കുവാനും കഴിഞ്ഞിരുന്നെങ്കിലും മൂകരെയോ ബധിരരെയോ പോലെയാണ് അവർ നടന്നത്.

ഗോവർധൻ ഉറുമ്പുകളോടൊത്ത് 

ഏറ്റവും ഭയപ്പെടുത്തിയത് തെരുവ് പട്ടികളാണ്. അവയെല്ലാം കാഴ്ചയില്ലാത്തവയായിരുന്നു. ഓടുമ്പോൾ അവ എവിടെയോ ചെന്നിടിച്ച് വീണു .ആ പട്ടണത്തിൽ സകല മൃഗങ്ങളും എങ്ങനെയാണ് അന്ധരായതെന്ന് അയാൾക്ക് പിടികിട്ടിയില്ല. നീതിയുടെ യുക്തിയെ തന്നെ അന്ധമാക്കുന്ന തരം കാഴ്ചകൾ ഈ നോവലിൽ ധാരാളമുണ്ട്. ഇത് നമ്മുടെ നോവൽ സാഹിത്യത്തിന് പുതിയൊരു മുഖമാണ് നൽകുന്നത്. ഇതിന് സമാനമായ ' മറ്റൊരു നടുക്കം സൃഷ്ടിക്കാൻ പിന്നീട് ഒരു നോവലിസ്റ്റിനും കഴിഞ്ഞിട്ടില്ല. മലയാളസാഹിത്യത്തിൽ മഹത്തായ ഒരു പാഠമാണ് ആനന്ദ് നിർമ്മിച്ചിരിക്കുന്നത്.

ഗോവർധൻ്റെ യാത്രകൾക്ക് ശേഷമുള്ള ശൂന്യതയെക്കുറിച്ചല്ല നാം സംസാരിക്കേണ്ടത് ;ഇത് 'ഖസാക്കിൻ്റെ  ഇതിഹാസ'ത്തിനു ശേഷം സ്പഷ്ടമായ ഉത്തരങ്ങളോടെ നോവൽ വായനയെ വഴിതിരിച്ചുവിട്ടു എന്നതിലാണ്. ആനന്ദ് ഈ നോവൽ അവസാനിപ്പിക്കുന്നത് തന്റെ കഥാപാത്രത്തെ ഭാരതേന്ദുവിൻ്റെ  നാടകത്തിലേക്ക് പറഞ്ഞയച്ചു കൊണ്ടല്ല ,ഉപേക്ഷിച്ചുകൊണ്ടാണ്. ഗോവർധൻ ഒടുവിൽ ഗത്യന്തരമില്ലാതെ ,ദുഃഖഭാരം പോലും വികാരമുണർത്താത്ത ഘട്ടത്തിൽ ഉറുമ്പുകളോടൊപ്പം യാത്ര പോവുകയാണ് .ഉറുമ്പുകൾ അയാളോട് പറഞ്ഞത് അവരുടെ കൂടെ ചേർന്നാൽ രാത്രി അയാൾ ഗ്രാമത്തിൽ എത്തുകയില്ല എന്നാണ്.  അപ്പോൾ അയാൾ പറയുന്നത്, ഏതെങ്കിലും ഒരു രാത്രിയിൽ ഏതെങ്കിലും ഒരു ഗ്രാമത്തിൽ എത്തിയാൽ മതിയെന്നാണ്! ഉറുമ്പുകളുടെ യുക്തി ഗോവർധനെ ഞെട്ടിച്ചു :'ഞങ്ങളുടെ കൂടെ നടന്നു തുടങ്ങിയ നിങ്ങൾ കണ്ടേക്കും, നിങ്ങൾ നടന്നുവന്ന വഴികൾ പലതും ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂവെന്ന്!

ആനന്ദ് പറയുന്നത് വായനക്കാർക്ക് ഗോവർധനെ വിട്ടുതരുന്നു എന്നാണ്. കാരണം ഗോവർധനെ അറിയുന്ന വായനക്കാർക്ക് അയാളോടൊപ്പം നടക്കാനാവും.

രജതരേഖകൾ

1)ബി.രാജീവൻ 

ഇടതുപക്ഷ പാർട്ടികൾക്ക് ഇന്നത്തെ നവജനാധിപത്യമുന്നേറ്റ പ്രക്ഷോഭങ്ങളിൽ പങ്കാളിത്തമില്ലെന്നും ലോകമെങ്ങുമുള്ള സാധാരണ ജനങ്ങളുടെ നേതൃത്വരഹിത സമരങ്ങളിൽ ഇടതു പാർട്ടികൾ  ഒറ്റപ്പെട്ടുവെന്നും ബി.രാജീവൻ (മോഹൻലാലിൻ്റെ പിണറായി വിജയൻ അഭിമുഖം, പ്രസാധകൻ ,ഏപ്രിൽ) അഭിപ്രായപ്പെടുന്നു.യഥാർത്ഥത്തിൽ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടികളും അവരുടെ ഒഫീഷ്യൽ ചട്ടങ്ങളിലും മുൻവിധികളിലും ജീവിക്കുകയല്ലാതെ പുതിയ ബഹുജനങ്ങളെ തങ്ങളോടൊപ്പം കൂട്ടാൻ ഒന്നും ചെയ്യുന്നില്ല .അധികാരം നേടാൻ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുകയും അത് ലഭിച്ചു കഴിയുമ്പോൾ കാലാവധി തീരും വരെ തങ്ങളിൽപ്പെട്ടവരെ അല്ലാതെ മറ്റാരെയും ആവശ്യമില്ലെന്ന് തീരുമാനിക്കുകയും മറ്റുള്ളവരോട്  യാതൊരു വിധ സമ്പർക്കവുമില്ലാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്.ഇതിൻ്റെ ഫലമായി വായു കടക്കാത്ത ഒരു അടഞ്ഞ ലോകം സൃഷ്ടിക്കപ്പെടുന്നു. ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ 'അയിത്ത'ത്തെ ഒരു പ്രധാന മൂല്യമായി സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളിൽ പോലും വെച്ച് വാഴിച്ചു .തങ്ങൾ മാത്രം മതി, മറ്റുള്ളവരെല്ലാം അസ്പൃശ്യർ എന്ന തികച്ചും ജനാധിപത്യവിരുദ്ധവുമായ സമീപനം ഇടതുപക്ഷത്തെയും അതിൻ്റെ സാംസ്കാരിക നേതൃത്വത്തെയും പുതിയ ഫ്യൂഡൽ മനോഭാവത്തിൻ്റെ അടയാളം എന്ന നിലയിൽ പിടികൂടിയിട്ടുണ്ട്. പുറമേ സാംസ്കാരിക മുഖംമൂടി അണിഞ്ഞ പലരും തങ്ങളുടെ രാഷ്ട്രീയത്തോട് അന്ധമായ അടിമത്വം കാണിക്കാത്തവരെ അന്യരായി കാണുകയും അവരുമായി ഒരു സംഭാഷണത്തിന് പോലും തയ്യാറാവാതിരിക്കുകയും ചെയ്യുന്ന പ്രവണത ഇന്നത്തെ പശ്ചാത്തലത്തിൽ നിരാശയോടെ ഓർക്കാവുന്നതാണ്.  

2)പി.ജെ.ആൻ്റണി 

നാടകകാരനും കവിയും ചലച്ചിത്രനടനുമായ പി. ജെ. ആന്റണിയുടെ സർഗാത്മക ജീവിതത്തെ അടുത്തുനിന്ന് വീക്ഷിക്കുന്ന ലേഖനമാണ് ഡോ. പോൾ മണലിൽ എഴുതിയ 'തീച്ചൂളയിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ജീവിതം'(തന്മ മാസിക ,മെയ്).ഇത് തീവ്രമായ ഒരു വികാര വിസ്ഫോടനമാണ്. ആൻറണി എഴുതിയ 'ശവം സംസാരിക്കുന്നു' എന്ന ഗദ്യഗവിതയിലെ അവസാന വരികൾ തൻ്റെ ശവക്കല്ലറയിൽ എഴുതിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നല്ലോ. ആ വരികൾ അതുപ്രകാരം ശവക്കല്ലറയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പോൾ മണലിൽ ഉദ്ധരിക്കുന്നുണ്ട്: 'വിലമതിക്കാനാവാത്ത അനേകം കഴിവുകളുണ്ടായിരുന്നിട്ടും യാതൊന്നും നേടാതെയും എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങളിൽ ഒന്നുപോലും നിറവേറാതെയും , ആയുഷ്കാലത്തിൽ ഒരു നിമിഷമെങ്കിലും ആശ്വസിക്കാൻ കഴിയാതെയും സ്വന്തമെന്ന് പറയാനും സ്നേഹിക്കാനും ഒരു ജീവിപോലുമില്ലാതെയും ആരംഭം മുതൽ അവസാനം വരെ തീച്ചൂളയിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു.' ജീവിതത്തെ ആഴത്തിൽ പഠിച്ച ഒരു ജീനിയസിന്റെ വരികളാണിത്.എന്താണ് ആഴക്കാഴ്ച!

3)ജോൺ ലെനൻ 

ഇംഗ്ലീഷ് സംഗീതകാരൻ ജോൺ ലെനന്(1940-1980) മരണത്തെ ഭയമില്ലായിരുന്നു .ഒരു കാറിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതുപോലെയാണത്രേ മരണം.

4)പി.എ.ബക്കർ 

പി.എ.ബക്കറുടെ 'മണിമുഴക്കം'(1976)എന്ന ചിത്രത്തിനു സാമൂഹ്യപ്രസക്തിയുണ്ട്. അനാഥനായ ഒരുവൻ്റെ തിരിച്ചടികളാണ് അതിൽ ചിത്രീകരിക്കുന്നത്. ഹരികേശൻ തമ്പി (ഹരി)യാണ് പ്രധാന വേഷം ചെയ്തത്. ശ്രീനിവാസനും അതിൽ അഭിനയിച്ചിട്ടുണ്ട്. സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവലിനെ ആധാരമാക്കിയാണ് ബക്കർ ചിത്രം സംവിധാനം ചെയ്തത്. ആ ചിത്രത്തെക്കുറിച്ച് എം.സി. രാജനാരായണൻ എഴുതിയ ലേഖനത്തിന് (മാതൃഭൂമി ഓൺലൈൻ) കാലിക പ്രസക്തിയുണ്ട്.മലയാളിയുടെ മികച്ച സിനിമയെ തനതായി നിർവ്വചിച്ച സിനിമകളിലൊന്നാണ് 'മണിമുഴക്കം'.

5)ഡോ. വി.രാജകൃഷ്ണൻ ,ആഷാമേനോൻ 

ഇനി എഴുത്തച്ഛൻ പുരസ്കാരം കൊടുക്കേണ്ടത് സാഹിത്യവിമർശകരായ ഡോ.വി. രാജകൃഷ്ണനും ആഷാമേനോനമാണ്. 

6)ഡോ. ജോർജ് മരങ്ങോലി 

ഡോ. ജോർജ് മരങ്ങോലിയുടെ കഥകളുടെ സമാഹാരമാണ് 'ഇനി  ഒരിക്കൽ'(സൺഷൈൻ ബുക്സ്). മുണ്ടക്കൈ ,ചൂരൽമല ഉരുൾപൊട്ടൽ  ദുരന്തം പശ്ചാത്തലമാക്കി എഴുതിയതാണ് ടൈറ്റിൽ കഥയായ 'ഇനി ഒരിക്കൽ'.കുത്തൊഴുക്കിൽപ്പെട്ട് പരസ്പരം വേർപെടാൻ നേരം അവർ പറഞ്ഞു: ഇനി ഒരു ജന്മത്തിൽ കൂടിച്ചേരാമെന്ന്! മരങ്ങോലിയുടെ  കഥകൾ മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്നു. അത് സരളവും ആത്മാർത്ഥവുമാണ് .

7)പി.ജി.സദാനന്ദൻ 

പി.ജി. സദാനന്ദൻ എഴുതിയ രാഷ്ട്രീയ, സാംസ്കാരിക വിവക്ഷകളടങ്ങിയ സാഹിത്യലേഖനങ്ങളുടെ  സമാഹാരമാണ് 'പാപബോധത്തിന്റെ സ്നാനഘട്ടങ്ങൾ'(ഒരുമ). കക്കാടിന്റെയും പണ്ഡിറ്റ് കറുപ്പന്റെയും കരൂർ ശശിയുടെയും കവിതകളെക്കുറിച്ചുള്ള പഠനങ്ങളും ഗാന്ധിജിയെക്കുറിച്ചുള്ള വിചാരങ്ങളും അടങ്ങുന്ന 18 ലേഖനങ്ങൾ ഇതിലുണ്ട്. എന്നാൽ 'വിമർശകർ ഏത്  മാളത്തിൽ പോയി ഒളിച്ചിരിക്കുന്നു? ' എന്ന ലേഖനം വായിച്ചപ്പോൾ സദാനന്ദൻ ഈ രംഗത്ത് വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടില്ല എന്ന് തോന്നി. മലയാളവിമർശനം ഉത്തര- ഉത്തരാധുനികതയിലും നവാദ്വൈതത്തിലും എത്തിയത് അദ്ദേഹം അറിഞ്ഞിട്ടില്ല എന്ന് പറയേണ്ടിവരും.

8)ആസ്വാദനക്ഷമത 

കാക്കനാടന്റെ കഥകൾ ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് ഒരു മുതിർന്ന കഥാകൃത്ത് എഴുതിയത് ഞെട്ടിച്ചു! കഥയുടെ നവീനമായ ഭാവുകത്വത്തെപ്പറ്റി ഒന്നുമറിയാത്തവർ എന്തിനെഴുതുന്നു എന്ന ചോദ്യം ഉയരേണ്ടതുണ്ട്. 

9)ജയകുമാർ മേലൂട്ടത്ത് 

കഴുകൻ പക്ഷികുടുംബത്തെ വെടിവയ്ക്കാൻ ഉത്തരവുണ്ടായിട്ടും മാതൃത്വത്തെയും കുഞ്ഞുങ്ങളെയും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ഓർത്ത് അയാൾ അവയെ കൊല്ലാതെ വിട്ടു. അനുകമ്പയുടെ ഒരു കണം പുറത്തെടുക്കാൻ മനുഷ്യന് കഴിയുക എന്നത് ചെറിയ കാര്യമല്ല. അനുകമ്പ ആകസ്മികമാണ്. ജയകുമാർ മേലൂട്ടത്ത് എഴുതിയ 'കഴുകമാനം'(പച്ചമലയാളം, മെയ്) എന്ന കഥയാണ് ഈ ചിന്തകൾ മനസ്സിലേക്ക് പടർത്തി വിട്ടത്.  അഭിനന്ദനങ്ങൾ!


ആദിവാസി യുവാവ് മധുവും കാഫ്കയെസ്ക് ലോകവും /എംകെ.ഹരികുമാർ

 

m k harikumar 

അക്ഷരജാലകം

ലോകസാഹിത്യത്തെ മറ്റൊരു വഴിക്ക് തിരിച്ചുവിട്ട ഒരേയൊരു എഴുത്തുകാരനേയുള്ളൂ, അത് ജർമൻ സംസാരിക്കുന്ന ചെക്ക് നോവലിസ്റ്റ്  ഫ്രാൻസ് കാഫ്ക (1883-1824)യാണ് . അധികമൊന്നും എഴുതി പ്രസിദ്ധീകരിക്കാൻ ആഗ്രഹമില്ലാതിരുന്ന കാഫ്കയ്ക്ക് പക്ഷേ വാക്കുകൾ, ആമാശയത്തിലെ ദഹിക്കാതെ ഭക്ഷണം പോലെ,  അസ്വസ്ഥജനകമായിരുന്നു. തലയിൽ  കൊമ്പുകളുമായി ജീവിക്കുന്ന മനുഷ്യനെ സങ്കല്പിക്കാമെങ്കിൽ ,കാഫ്ക അതായിരുന്നു. അദ്ദേഹം  ഞെരുങ്ങുകയും ഇടറുകയും ചെയ്തു.
എഴുതണമെങ്കിൽ തനിക്ക് ഒരു ശവത്തിൻ്റെ ഏകാന്തത വേണമെന്ന് പറഞ്ഞ കാഫ്കയ്ക്ക് ഒരു രചന വായനക്കാരൻ്റെ മനസിൽ തണുത്തുറത്ത് കിടക്കുന്ന മഞ്ഞുപാളി വെട്ടിപ്പൊളിക്കാനുള്ള മഴുവായിരുന്നു.

ഒരു മികച്ച സാധൂകരണം അല്ലെങ്കിൽ ശരിയായ ഉത്തരം ലഭിക്കാത്തതു കൊണ്ടുള്ള ശാരീരിക പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. കാഫ്കയുടെ ക്ഷയരോഗം അദ്ദേഹത്തിന് ജ്ഞാനം നൽകിക്കൊണ്ടിരുന്നു. ആ രോഗത്തെ  നിലനിർത്തിയതും വളർത്തിയതും കാഫ്കയിൽ അലിഞ്ഞു ചേർന്ന വ്യഗ്രതയും അന്തിമമായ വിധിതീർപ്പിലെത്താൻ കഴിയാത്ത മാനസികാവസ്ഥയുമായിരുന്നു. ഒരു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബാക്കി തുകയുമായി മടങ്ങിപ്പോകുന്ന ഒരു സാധാരണ പ്രവൃത്തിയിൽ പോലും അസ്വസ്ഥപ്പെടാനും പിരിമുറുക്കത്തിലകപ്പെടാനും ധാരാളം കാര്യങ്ങളുണ്ടെന്ന് കാഫ്ക ഒരു കഥയിലൂടെ സൂചിപ്പിക്കുന്നുണ്ട്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ എല്ലാം താനെടുത്ത് ബാഗിൽ വച്ചോ, ബാക്കി കിട്ടിയ തുക കൃത്യമായിരുന്നോ തുടങ്ങിയ പ്രശ്നങ്ങൾ അലട്ടലുകൾക്ക് കാരണമാകുന്നു. തുക കൊടുത്തതും ബാക്കി കിട്ടിയതും പലവട്ടം മനസ്സിലിട്ട് കശക്കി നോക്കുന്നു. താൻ അയാളുടെ  മുന്നിൽ എങ്ങനെയാണ് പ്രത്യക്ഷപ്പെട്ടത് ,തന്നെ അയാൾ എങ്ങനെയാണ് കണ്ടത്, ആരാണ് ശരിക്കും കബളിപ്പിക്കപ്പെട്ടത് ,തനിക്ക്  ബാക്കി കിട്ടിയ തുകയിൽ കൃത്യതയില്ലെങ്കിൽ അതെങ്ങനെ പരിഹരിക്കും തുടങ്ങിയ പ്രശ്നങ്ങൾ പൊന്തിവന്ന് മനസ്സ് നീറ്റുകയാണ്. ഇതാണ് കാഫ്കയുടെ മാനസികാവസ്ഥ. ഇത് അദ്ദേഹം എഴുതിയപ്പോൾ പുതിയൊരു വ ഴിച്ചാൽ നിർമ്മിക്കപ്പെടുകയായിരുന്നു.

കുറ്റം ചെയ്തില്ലെങ്കിലും 

'ദ് ട്രയൽ' എന്ന നോവലാണ് കാഫ്കയുടെ സവിശേഷമായ മാനസികാവസ്ഥയെ വിളംബരം ചെയ്യുന്നത്. അതിൽ ജോസഫ് കെ എന്ന ബാങ്ക് ക്ലാർക്ക് ഒരു ദിവസം അറസ്റ്റ് ചെയ്യപ്പെടുന്നു. എന്താണ് താൻ ചെയ്ത കുറ്റം എന്ന് അറസ്റ്റ് ചെയ്യാൻ വന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നില്ല.ജോസഫ് കെ  യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് അയാൾക്ക് ഉറപ്പുണ്ട് .എന്നാൽ കുറ്റം ചെയ്യാതെയും അറസ്റ്റ് ചെയ്യപ്പെടാം. അതിൻ്റെ യുക്തി എവിടെയും വിശദീകരിക്കപ്പെടണമെന്നില്ല. അങ്ങനെയൊരു യുക്തി നിലനിൽക്കുന്നുപോലുമുണ്ടായിരിക്കില്ല.
അയാൾക്ക് കോടതി നടപടികൾ നേരിടേണ്ടി വരുന്നു .കോടതിക്കും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് ബോധ്യപ്പെടുത്താനാവുന്നുന്നില്ല. ഒരു ദു:സ്വപ്നം പോലെ കോടതി നടപടികൾ മാറുന്നു. അയാളെ ഒരു വക്കീലിനും സഹായിക്കാനാവുന്നില്ല. അയാൾ തൻ്റെ മുപ്പത്തിയൊന്നാം  ജന്മദിനത്തിൽ കൊലചെയ്യപ്പെടുകയാണ്. അയാൾക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, അനീതിയെ നേരിടേണ്ടി വരുകയും അതിൻ്റെ ഉറവിടത്തെക്കുറിച്ച്, ലക്ഷ്യത്തെക്കുറിച്ച് യാതൊരു അറിവും ലഭിക്കാൻ അർഹതയില്ലെന്ന്  സ്ഥാപിക്കപ്പെടുകയും ചെയ്തു.

കാഫ്ക ഈ നോവൽ എഴുതിത്തുടങ്ങിയത് 1914 ലാണെങ്കിൽ ജീവിതകാലത്ത് അത് പ്രസിദ്ധീകരിച്ചില്ല. എന്തുകൊണ്ടായിരിക്കും അത് പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ചത്? താൻ എഴുതിയ ഒരു നോവൽ എന്ന നിലയിലല്ല അദ്ദേഹത്തെ അത് ബാധിച്ചത്;താൻ അറിഞ്ഞ ജീവിതം എന്ന തലത്തിലാണ്. അതുകൊണ്ടുതന്നെ അതിനെക്കുറിച്ചുള്ള വ്യക്തതയ്ക്കും നിഗമനങ്ങൾക്കുമായി അദ്ദേഹം കാത്തിരുന്നിട്ടുണ്ടാകും. നോവൽ അറിയപ്പെടുന്നത് 'ദ് ട്രയൽ' എന്ന പേരിലാണെങ്കിലും അത് ജർമൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് 'ഡെർ പ്രോസസ്' എന്ന പേരിലാണ്. 
ഈ പേരാണ് കാഫ്ക ഉപയോഗിച്ചത്. ജർമൻ ഭാഷയിൽ ഇതിൻ്റെയർത്ഥം കോടതി വ്യവഹാരം എന്നാണ്.ഇത് 
ഒരു സാങ്കല്പിക കഥയായല്ല  എഴുതുന്നത്; അതിനേക്കാൾ ഭീകരവും അസ്ഥിയിലേക്ക് കയറുന്നതുമായ ഒരു ജീവിതാനുഭവത്തെ അല്ലെങ്കിൽ വിധിയെ എഴുതുകയാണ് ചെയ്തത്; അല്ലെങ്കിൽ തന്നെത്തന്നെയാണ് അദ്ദേഹം എഴുതിയത്. കാഫ്കയുടെ മരണാനന്തരം സുഹൃത്ത് മാക്സ് ബ്രോഡ് ജർമ്മനിയിൽ പ്രസിദ്ധീകരിച്ച കൃതിക്ക് ഒരു ഇംഗ്ലീഷ് പരിഭാഷയുണ്ടായത് 1937 ലാണ്. വില്ല, എഡ്വിൻ മൂർ എന്നിവർ ചേർന്ന് പരിഭാഷ ചെയ്തപ്പോൾ അവർ കുറേക്കൂടി വ്യക്തതയോടെ, കൃത്യതയോടെ ,മൂർച്ചയോടെ ട്രയൽ (വിചാരണ) എന്ന പേര് നല്കുകയായിരുന്നു.

മാർകേസ് ,ക്രാസ്നാഹോർകെ 

കാഫ്ക ധാരാളം എഴുത്തുകാരെ  സ്വാധീനിച്ചു .ക്ലാരിസ് ലിസ്പെക്ടർ ,ഇഷിഗുറെ ,മാർകേസ്, ക്രാസ്നാഹോർകെ തുടങ്ങിയവർ അവരിൽ ചിലർ മാത്രം. പുതിയ ഒരു എഴുത്ത് അദ്ദേഹം സംഭാവന ചെയ്തു. അതുവരെയുണ്ടായിരുന്ന കല്പിത സാഹിത്യത്തെ ,അതിൻ്റെ പരമ്പരാഗതമായ ഊഹങ്ങളെ, സങ്കല്പങ്ങളെ, മാനസികാവസ്ഥയെ മായ്ച്ചു കളഞ്ഞു എന്നതാണ് പ്രത്യേകത .കഴിഞ്ഞ വർഷം നോബൽ സമ്മാനം ലഭിച്ച ക്രാസ്നാഹോർകെ  ഇങ്ങനെ പറഞ്ഞു: 'കാഫ്കയില്ലായിരുന്നെങ്കിൽ ഞാനൊരു എഴുത്തുകാരനാകില്ലായിരുന്നു. കുട്ടിക്കാലത്ത് മുതിർന്ന കുട്ടികൾ പുസ്തകങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത് കേൾക്കുമായിരുന്നു. ഒരു കൗതുകത്തിന് വേണ്ടി. എന്നാൽ എന്താണ് അവർ ചർച്ച ചെയ്യുന്നതെന്ന്  മനസ്സിലാക്കണമെന്ന തോന്നലുണ്ടായി. അങ്ങനെയാണ് ഒരു രാത്രിയിൽ ഒരു പുസ്തകം വായിക്കാൻ എടുത്തത്.  ഭാഗ്യമോ നിർഭാഗ്യമോ, ആ പുസ്തകത്തിൻ്റെ പേര് 'ദ് കാസിൽ' എന്നായിരുന്നു. അത് കാഫ്കയുടെ നോവലായിരുന്നു. അന്ന് എനിക്ക് പതിനൊന്നോ പന്ത്രണ്ടോ വയസ്സു കാണും. ഞാൻ അത് മുഴുവൻ വായിച്ചു .എനിക്കൊന്നും മനസ്സിലായില്ല .എന്താണ് ഇതിൽ പറയുന്നത്? എന്താണ് ഈ ദുർഗ്ഗം? എന്തുകൊണ്ടാണ് അതിലേക്ക് പ്രവേശനം ലഭിക്കാത്തത് ?അത് എനിക്ക് ഒരു വലിയ രഹസ്യമായി തോന്നി. മുതിർന്നവരുടെ ചർച്ചകളിലേക്കും സൗഹൃദങ്ങളിലേക്കും  പ്രവേശനം കിട്ടാൻ അത് സഹായിച്ചെങ്കിലും എനിക്ക് ഒരിക്കലും കാഫ്കയുടെ കാസിൽ (ദുർഗം) എന്താണെന്ന് മനസ്സിലായില്ല. ഇന്നും എനിക്ക് കാഫ്കയുടെ കാസിൽ സാഹിത്യത്തിലെ ഏറ്റവും മനോഹരമായ ഒരു രഹസ്യമായി അനുഭവപ്പെടുന്നു. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, കാസിൽ വായിച്ചിരുന്നില്ലെങ്കിൽ ഞാൻ ഒരു സാഹിത്യകാരനാകുമായിരുന്നില്ല എന്ന്.'

ലോകത്തിലെ പ്രധാന എഴുത്തുകാരിലൊരാളായ ഗാർസിയ  മാർകേസ് കാഫ്കയെ വായിച്ചതിനെപ്പറ്റി എഴുതിയിട്ടുള്ളത് ഇങ്ങനെയാണ്:'ഒരു രാത്രിയിൽ എൻ്റെ ഒരു സുഹൃത്ത് എനിക്ക് വായിക്കാൻ തന്നത് കാഫ്കയുടെ  ചെറുകഥകളായിരുന്നു .അന്ന് ഞാൻ കാഫ്കയുടെ 'ദ് മെറ്റാമോർഫോസിസ്'(രൂപാന്തരം)എന്ന കഥ വായിച്ചു. ആദ്യവാചകം വായിച്ചപ്പോൾ തന്നെ ഞാൻ തകർന്നുപോയി!.ഞാൻ അത്രയ്ക്ക് അതിശയിച്ചു. ആദ്യവാചകം ഇങ്ങനെയാണ്: കുഴപ്പം പിടിച്ച സ്വപ്നങ്ങളിൽ നിന്ന് രാവിലെ ഉറക്കമുണർന്ന ഗ്രിഗർ സാംസ  തിരിച്ചറിഞ്ഞു, താൻ ഒരു വലിയ ഷഡ്പദമായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്ന്. ഈ വാചകം വായിച്ചശേഷം ഞാനോർത്തത് ഇതുപോലെ ഒരാളും എഴുതിയിട്ടില്ല എന്നാണ്; ഉണ്ടായിരുന്നെങ്കിൽ ഞാൻ നേരത്തെ തന്നെ എഴുതിത്തുടങ്ങിയേനെ.
അങ്ങനെ ഞാൻ പെട്ടെന്ന് തന്നെ ചെറുകഥകൾ എഴുതാൻ തുടങ്ങി.'

മർദ്ദകരുടെ ലഹരി 

ജീവിതത്തെക്കുറിച്ചുള്ള നിശിതവും സത്യസന്ധവുമായ നിരീക്ഷണമാണ് കാഫ്ക അവതരിപ്പിക്കുന്നത്. ലോകത്ത് അനീതി ഏത് സമയത്തും ഭീമാകാരമായി പ്രത്യക്ഷപ്പെടാം. അനീതിയുടെ രാക്ഷസൻ സമീപത്ത് തന്നെയുണ്ട്. നീതിക്ക് വേണ്ടി അലയാമെങ്കിലും  അത് കിട്ടണമെന്നില്ല .നീതി തേടി ചെല്ലുന്നവനെ കുറ്റവാളിയായി ചിത്രീകരിച്ചു ശിക്ഷിക്കാനും സാധ്യതയുണ്ട്. ഒരാൾ കുറ്റം ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കാൻ അയാൾക്ക് ഒന്നും തന്നെ ചെയ്യാനില്ല.  അതിന് മറ്റുള്ളവരുടെ സഹായം വേണം .കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ സത്യസന്ധമായി ആഗ്രഹിക്കുന്ന ഒരാൾക്ക് , കുറ്റാരോപിതന് ഒരിടത്തു നിന്നും സഹായം കിട്ടണമെന്നില്ല. കാരണം അയാൾ കുറ്റം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.ഒരു നിരപരാധിക്ക്, തൻ്റെ നിരപരാധിത്വത്തിന് നിരത്താവുന്ന തെളിവ് അയാളെത്തന്നെയാണ്.അതാകട്ടെ , ആർക്കും വിശ്വസിക്കാൻ കഴിയാത്തതാണ്. ഒരു വ്യക്തിയുടെ സങ്കീർണമായ ഒറ്റപ്പെടലാണിത്.  മനുഷ്യബന്ധങ്ങളിലും കുടുംബജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഈ കാഫ്കയെസ്ക് (കാഫ്കയുടെ കൃതികളിൽ കാണുന്ന വിചിത്രമായ ,പേടിപ്പിക്കുന്ന ,ദുസ്വപ്ന സമാനമായ അവസ്ഥ)ലോകം ജീവിക്കുന്നുണ്ട്. അത് എല്ലാവർക്കും തിരിച്ചറിയാനൊക്കില്ല.എന്നാൽ അങ്ങനെ ഒരവസ്ഥയുണ്ട്. ചിലർ അതിനെ ദുർവ്യാഖ്യാനം ചെയ്തേക്കാം; പരിഹസിക്കാനും മുതിരും. ധാരാളം പേർ ഒരുമിച്ച് കൂടി ഒരാളെ വിചാരണ ചെയ്യുകയാണെങ്കിൽ പ്രതിരോധിക്കാനാവില്ല.

ആദിവാസി യുവാവ് മധു ആൾക്കൂട്ട വിചാരണയിൽ കൊലചെയ്യപ്പെട്ട സംഭവം നമ്മുടെ നാട്ടിൽ കൺമുന്നിലുണ്ടായ ഒരു കാഫ്കയെസ്ക് ലോകത്തിൻ്റെ നിർദ്ദയമായ പ്രവൃത്തിക്ക് ഉദാഹരണമാണ്. മധുവിന് വിദ്യാഭ്യാസമോ വിനിമയസാമർത്ഥ്യമോ ഇല്ല. ഉണ്ടെങ്കിൽ പോലും ക്രുദ്ധമായ ആൾക്കൂട്ടത്തെ പറഞ്ഞു ധരിപ്പിക്കാൻ എളുപ്പമല്ല .മധുവിൻ്റെ കൈകൾ ബന്ധിച്ചിരുന്നു, അതുകൊണ്ട് മർദ്ദിക്കുന്നവർക്ക് കുറേക്കൂടി ആവേശമുണ്ടാകാൻ ഇടയാക്കി. പ്രതികരിക്കാൻ നിസ്സഹായനായ ഒരുവരെ മർദ്ദിക്കുന്നതിൽ മർദ്ദകർക്ക് എന്നും പ്രത്യേക ലഹരിയുണ്ടാകും. മർദ്ദിക്കുന്നവർ മനുഷ്യരുടെ വംശത്തിൽ നിന്ന് മാറി മാംസഭുക്കായ ഒരു മൃഗത്തിന്റെ സ്വാഭാവിക പരാക്രമത്തിലേക്കാണ് എത്തിച്ചേരുന്നത്.
അപ്പോൾ അവർക്ക് കാതുകൾ ഉണ്ടായിരിക്കില്ല .മനസ്സ് അലറി വിളിക്കും. മനസ്സിൽ നിന്ന് ക്രൂരത പ്രവഹിക്കുന്നതിൽ അവർ അഭിമാനം കൊള്ളുന്നുണ്ടാവും. അപ്രതിരോധ്യനും  ബന്ധുബലമില്ലാത്തവനും നിസ്സഹായനും നിരക്ഷരനുമായ ഒരുവനെ പരിഷ്കൃതരായ ജനക്കൂട്ടം ആക്രമിച്ചു കൊല്ലുന്നത് ജനാധിപത്യത്തിനകത്ത് പടരുന്ന ഭ്രാന്താണ്.

രാഷ്ട്രീയത്തിൻ്റെ വെള്ളിക്കൊലുസ് 

മധുവിന് ഒന്നിനും ഉത്തരം കിട്ടിയില്ല. ഭക്ഷണം കഴിക്കാത്തതുകൊണ്ട് വിശപ്പുണ്ടായിരുന്നു. അതുകൊണ്ട് ഭക്ഷണത്തോട് താല്പര്യം തോന്നാം. എന്തുകൊണ്ടാണ് തനിക്ക് മാത്രം ഭക്ഷണം കിട്ടാത്തതെന്ന് മധുവിന് അറിയില്ലായിരുന്നു .മധുവിൻ്റെ അടുത്തേക്ക് രാഷ്ട്രീയം അതിൻ്റെ വെള്ളിക്കൊലുസുകൾ കിലുക്കി എത്തിയില്ല. മധു രാഷ്ട്രീയത്തിന് പുറത്തായിരുന്നു. മധുവിനെ മർദ്ദിച്ചവർക്ക് അത് പറഞ്ഞു കൊടുക്കാനുള്ള ബാധ്യതയില്ലല്ലോ. അവർക്ക് തെളിയിക്കാനുണ്ടായിരുന്നത് തങ്ങൾ മധുവിനേക്കാൾ വലിയ കുടുംബപശ്ചാത്തലമുള്ളവരും ധനസ്ഥിതിയുള്ളവരും  ആരോഗ്യമുള്ളവരുമാണെന്ന അഹന്ത മാത്രമായിരുന്നു. അവർ സാധാരണ മനുഷ്യശരീരങ്ങളല്ലായിരുന്നു; അഹന്തയുടെ മനുഷ്യശരീരങ്ങളായിരുന്നു. അവർക്ക് ഒന്നും ഓർമ്മയുണ്ടായിരുന്നില്ല .ഒരു ഇരയെ കിട്ടുന്നതോടെ തങ്ങൾ ഉന്നതരും പുണ്യവാളന്മാരുമാണെന്ന് സമർത്ഥിക്കാൻ അവർ ഏത് മാർഗവും സ്വീകരിക്കുന്നത് പതിവാണ്. തൻ്റെ പേരിൽ ചാർത്തപ്പെട്ട കുറ്റം എന്താണെന്ന് അവന് അറിയില്ലായിരുന്നു .അവൻ്റെ  നിഷ്കളങ്കതയിലേക്ക് ചോര തെറിപ്പിക്കാൻ ആൾക്കൂട്ടത്തിന് കഴിഞ്ഞു.അവൻ്റെ അറസ്റ്റും കോടതിയും വക്കീലും നിയമവ്യവഹാരവും എല്ലാം ആ കാട്ടിൽ തന്നെ പൂർത്തിയായി. അവന് സ്വന്തം പ്രവൃത്തിയുടെ അർത്ഥം എന്താണെന്ന് മനസ്സിലാവാതെ വിടവാങ്ങേണ്ടി വന്നു. അത് അറിയിക്കാൻ ഒരു ഭരണകൂടവും ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. കാഫ്കയുടെ സാഹിത്യത്തിലൂടെ രൂപപ്പെട്ട ജീവിതരഹസ്യത്തെക്കുറിച്ചുള്ള ഈ വെളിപാട്, ഈ കാഫ്കയെസ്ക് ലോകം ഏതു ജനാധിപത്യ രാജ്യത്തും  ഏതുസമയത്തും സംഭവിക്കാവുന്നതാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് മധുവിൻ്റെ കൊലപാതകം. 

Wednesday, July 8, 2026

ഉത്തര- ഉത്തരാധുനികത/ഉത്തരാധുനികത മരിച്ചു/new books

 

ഉത്തരാധുനികത മരിച്ചു എന്ന് പറഞ്ഞത് അമേരിക്കൻ സാഹിത്യ സൈദ്ധാന്തികനായ റെയോൾ ഇഷത്മാനാ(Raoul Eshelman)ണ്. അദ്ദേഹം പെർഫോമാറ്റിസം എന്ന സിദ്ധാന്തമാണ്  അവതരിപ്പിച്ചത്. കൃതിയിലെ ആഖ്യാനപരമായ മികവ് ,അതിൻ്റെ രസാനുഭവങ്ങൾ, അതിൽ തന്നെയുള്ള കലയുടെ മാന്ത്രികത തുടങ്ങിയവ പുതിയൊരു മേഖലയായി അദ്ദേഹം വ്യാഖ്യാനിച്ചു .അതീതത്വം ,കല ,സൗന്ദര്യം എന്നിവ നിരുപാധികമായി അനുഭവിപ്പിക്കുന്നതാകണം സാഹിത്യമെന്ന് അദ്ദേഹം പറഞ്ഞു. ഐഡൻ്റിറ്റിയെ നിരാകരിക്കുകയാണ്, അദ്ദേഹം ചെയ്തത്. 

ബ്രിട്ടീഷ് സാഹിത്യചിന്തകനായ അലൻ കിർബി ഡിജിമോഡേണിസം എന്ന പുസ്തകമെഴുതിയത് നവകാലഘട്ടത്തിലെ ഡിജിറ്റൽ ആധുനികത എങ്ങനെയെല്ലാം മനുഷ്യബുദ്ധിയിൽ പുതിയ മുന്നേറ്റമുണ്ടാക്കി എന്ന് സ്ഥാപിക്കാനാണ് .ഫ്രഞ്ച് കലാചിന്തകനും ക്യൂറേറ്ററുമായ  നിക്കോളൈ ബോറിയ 'റിലേഷണൽ എയ്സ്തെറ്റിക്സ്' എന്ന സിദ്ധാന്തമാണ് മുന്നോട്ടുവച്ചത്.കലാ വസ്തുവും അതിൻ്റെ ഇടവും പരസ്പര പൂരകമാണെന്നും കലയിൽ നിന്നുണ്ടാകുന്ന അനുഭൂതി  ആപേക്ഷികമാണെന്നും അദ്ദേഹം വാദിച്ചു.

 അമേരിക്കൻ സൈദ്ധാന്തികനായ ജിൽസ് ലിപോവെറ്റ്സ്കി Hyper Modern Times എന്ന ഒരു പുസ്തകമെഴുതി. പരിധിയില്ലാത്ത വികസനമാണ് ആധുനിക സമൂഹങ്ങളിൽ സംഭവിക്കുന്നതെന്ന് വാദിച്ച അദ്ദേഹം വ്യക്തികളുടെ സമ്പൂർണ്ണമായ ആഗ്രഹ പൂർത്തീകരണവും വാണിജ്യവൽക്കരണവുമാണ് ഇപ്പോൾ പ്രധാനമായി കാണപ്പെടുന്നതെന്ന് പറഞ്ഞു. 

Bookinn publications

07736300323