Followers

Thursday, July 16, 2026

ആദിവാസി യുവാവ് മധുവും കാഫ്കയെസ്ക് ലോകവും /എംകെ.ഹരികുമാർ

 

m k harikumar 

അക്ഷരജാലകം

ലോകസാഹിത്യത്തെ മറ്റൊരു വഴിക്ക് തിരിച്ചുവിട്ട ഒരേയൊരു എഴുത്തുകാരനേയുള്ളൂ, അത് ജർമൻ സംസാരിക്കുന്ന ചെക്ക് നോവലിസ്റ്റ്  ഫ്രാൻസ് കാഫ്ക (1883-1824)യാണ് . അധികമൊന്നും എഴുതി പ്രസിദ്ധീകരിക്കാൻ ആഗ്രഹമില്ലാതിരുന്ന കാഫ്കയ്ക്ക് പക്ഷേ വാക്കുകൾ, ആമാശയത്തിലെ ദഹിക്കാതെ ഭക്ഷണം പോലെ,  അസ്വസ്ഥജനകമായിരുന്നു. തലയിൽ  കൊമ്പുകളുമായി ജീവിക്കുന്ന മനുഷ്യനെ സങ്കല്പിക്കാമെങ്കിൽ ,കാഫ്ക അതായിരുന്നു. അദ്ദേഹം  ഞെരുങ്ങുകയും ഇടറുകയും ചെയ്തു.
എഴുതണമെങ്കിൽ തനിക്ക് ഒരു ശവത്തിൻ്റെ ഏകാന്തത വേണമെന്ന് പറഞ്ഞ കാഫ്കയ്ക്ക് ഒരു രചന വായനക്കാരൻ്റെ മനസിൽ തണുത്തുറത്ത് കിടക്കുന്ന മഞ്ഞുപാളി വെട്ടിപ്പൊളിക്കാനുള്ള മഴുവായിരുന്നു.

ഒരു മികച്ച സാധൂകരണം അല്ലെങ്കിൽ ശരിയായ ഉത്തരം ലഭിക്കാത്തതു കൊണ്ടുള്ള ശാരീരിക പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. കാഫ്കയുടെ ക്ഷയരോഗം അദ്ദേഹത്തിന് ജ്ഞാനം നൽകിക്കൊണ്ടിരുന്നു. ആ രോഗത്തെ  നിലനിർത്തിയതും വളർത്തിയതും കാഫ്കയിൽ അലിഞ്ഞു ചേർന്ന വ്യഗ്രതയും അന്തിമമായ വിധിതീർപ്പിലെത്താൻ കഴിയാത്ത മാനസികാവസ്ഥയുമായിരുന്നു. ഒരു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബാക്കി തുകയുമായി മടങ്ങിപ്പോകുന്ന ഒരു സാധാരണ പ്രവൃത്തിയിൽ പോലും അസ്വസ്ഥപ്പെടാനും പിരിമുറുക്കത്തിലകപ്പെടാനും ധാരാളം കാര്യങ്ങളുണ്ടെന്ന് കാഫ്ക ഒരു കഥയിലൂടെ സൂചിപ്പിക്കുന്നുണ്ട്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ എല്ലാം താനെടുത്ത് ബാഗിൽ വച്ചോ, ബാക്കി കിട്ടിയ തുക കൃത്യമായിരുന്നോ തുടങ്ങിയ പ്രശ്നങ്ങൾ അലട്ടലുകൾക്ക് കാരണമാകുന്നു. തുക കൊടുത്തതും ബാക്കി കിട്ടിയതും പലവട്ടം മനസ്സിലിട്ട് കശക്കി നോക്കുന്നു. താൻ അയാളുടെ  മുന്നിൽ എങ്ങനെയാണ് പ്രത്യക്ഷപ്പെട്ടത് ,തന്നെ അയാൾ എങ്ങനെയാണ് കണ്ടത്, ആരാണ് ശരിക്കും കബളിപ്പിക്കപ്പെട്ടത് ,തനിക്ക്  ബാക്കി കിട്ടിയ തുകയിൽ കൃത്യതയില്ലെങ്കിൽ അതെങ്ങനെ പരിഹരിക്കും തുടങ്ങിയ പ്രശ്നങ്ങൾ പൊന്തിവന്ന് മനസ്സ് നീറ്റുകയാണ്. ഇതാണ് കാഫ്കയുടെ മാനസികാവസ്ഥ. ഇത് അദ്ദേഹം എഴുതിയപ്പോൾ പുതിയൊരു വ ഴിച്ചാൽ നിർമ്മിക്കപ്പെടുകയായിരുന്നു.

കുറ്റം ചെയ്തില്ലെങ്കിലും 

'ദ് ട്രയൽ' എന്ന നോവലാണ് കാഫ്കയുടെ സവിശേഷമായ മാനസികാവസ്ഥയെ വിളംബരം ചെയ്യുന്നത്. അതിൽ ജോസഫ് കെ എന്ന ബാങ്ക് ക്ലാർക്ക് ഒരു ദിവസം അറസ്റ്റ് ചെയ്യപ്പെടുന്നു. എന്താണ് താൻ ചെയ്ത കുറ്റം എന്ന് അറസ്റ്റ് ചെയ്യാൻ വന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നില്ല.ജോസഫ് കെ  യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് അയാൾക്ക് ഉറപ്പുണ്ട് .എന്നാൽ കുറ്റം ചെയ്യാതെയും അറസ്റ്റ് ചെയ്യപ്പെടാം. അതിൻ്റെ യുക്തി എവിടെയും വിശദീകരിക്കപ്പെടണമെന്നില്ല. അങ്ങനെയൊരു യുക്തി നിലനിൽക്കുന്നുപോലുമുണ്ടായിരിക്കില്ല.
അയാൾക്ക് കോടതി നടപടികൾ നേരിടേണ്ടി വരുന്നു .കോടതിക്കും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് ബോധ്യപ്പെടുത്താനാവുന്നുന്നില്ല. ഒരു ദു:സ്വപ്നം പോലെ കോടതി നടപടികൾ മാറുന്നു. അയാളെ ഒരു വക്കീലിനും സഹായിക്കാനാവുന്നില്ല. അയാൾ തൻ്റെ മുപ്പത്തിയൊന്നാം  ജന്മദിനത്തിൽ കൊലചെയ്യപ്പെടുകയാണ്. അയാൾക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, അനീതിയെ നേരിടേണ്ടി വരുകയും അതിൻ്റെ ഉറവിടത്തെക്കുറിച്ച്, ലക്ഷ്യത്തെക്കുറിച്ച് യാതൊരു അറിവും ലഭിക്കാൻ അർഹതയില്ലെന്ന്  സ്ഥാപിക്കപ്പെടുകയും ചെയ്തു.

കാഫ്ക ഈ നോവൽ എഴുതിത്തുടങ്ങിയത് 1914 ലാണെങ്കിൽ ജീവിതകാലത്ത് അത് പ്രസിദ്ധീകരിച്ചില്ല. എന്തുകൊണ്ടായിരിക്കും അത് പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ചത്? താൻ എഴുതിയ ഒരു നോവൽ എന്ന നിലയിലല്ല അദ്ദേഹത്തെ അത് ബാധിച്ചത്;താൻ അറിഞ്ഞ ജീവിതം എന്ന തലത്തിലാണ്. അതുകൊണ്ടുതന്നെ അതിനെക്കുറിച്ചുള്ള വ്യക്തതയ്ക്കും നിഗമനങ്ങൾക്കുമായി അദ്ദേഹം കാത്തിരുന്നിട്ടുണ്ടാകും. നോവൽ അറിയപ്പെടുന്നത് 'ദ് ട്രയൽ' എന്ന പേരിലാണെങ്കിലും അത് ജർമൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് 'ഡെർ പ്രോസസ്' എന്ന പേരിലാണ്. 
ഈ പേരാണ് കാഫ്ക ഉപയോഗിച്ചത്. ജർമൻ ഭാഷയിൽ ഇതിൻ്റെയർത്ഥം കോടതി വ്യവഹാരം എന്നാണ്.ഇത് 
ഒരു സാങ്കല്പിക കഥയായല്ല  എഴുതുന്നത്; അതിനേക്കാൾ ഭീകരവും അസ്ഥിയിലേക്ക് കയറുന്നതുമായ ഒരു ജീവിതാനുഭവത്തെ അല്ലെങ്കിൽ വിധിയെ എഴുതുകയാണ് ചെയ്തത്; അല്ലെങ്കിൽ തന്നെത്തന്നെയാണ് അദ്ദേഹം എഴുതിയത്. കാഫ്കയുടെ മരണാനന്തരം സുഹൃത്ത് മാക്സ് ബ്രോഡ് ജർമ്മനിയിൽ പ്രസിദ്ധീകരിച്ച കൃതിക്ക് ഒരു ഇംഗ്ലീഷ് പരിഭാഷയുണ്ടായത് 1937 ലാണ്. വില്ല, എഡ്വിൻ മൂർ എന്നിവർ ചേർന്ന് പരിഭാഷ ചെയ്തപ്പോൾ അവർ കുറേക്കൂടി വ്യക്തതയോടെ, കൃത്യതയോടെ ,മൂർച്ചയോടെ ട്രയൽ (വിചാരണ) എന്ന പേര് നല്കുകയായിരുന്നു.

മാർകേസ് ,ക്രാസ്നാഹോർകെ 

കാഫ്ക ധാരാളം എഴുത്തുകാരെ  സ്വാധീനിച്ചു .ക്ലാരിസ് ലിസ്പെക്ടർ ,ഇഷിഗുറെ ,മാർകേസ്, ക്രാസ്നാഹോർകെ തുടങ്ങിയവർ അവരിൽ ചിലർ മാത്രം. പുതിയ ഒരു എഴുത്ത് അദ്ദേഹം സംഭാവന ചെയ്തു. അതുവരെയുണ്ടായിരുന്ന കല്പിത സാഹിത്യത്തെ ,അതിൻ്റെ പരമ്പരാഗതമായ ഊഹങ്ങളെ, സങ്കല്പങ്ങളെ, മാനസികാവസ്ഥയെ മായ്ച്ചു കളഞ്ഞു എന്നതാണ് പ്രത്യേകത .കഴിഞ്ഞ വർഷം നോബൽ സമ്മാനം ലഭിച്ച ക്രാസ്നാഹോർകെ  ഇങ്ങനെ പറഞ്ഞു: 'കാഫ്കയില്ലായിരുന്നെങ്കിൽ ഞാനൊരു എഴുത്തുകാരനാകില്ലായിരുന്നു. കുട്ടിക്കാലത്ത് മുതിർന്ന കുട്ടികൾ പുസ്തകങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത് കേൾക്കുമായിരുന്നു. ഒരു കൗതുകത്തിന് വേണ്ടി. എന്നാൽ എന്താണ് അവർ ചർച്ച ചെയ്യുന്നതെന്ന്  മനസ്സിലാക്കണമെന്ന തോന്നലുണ്ടായി. അങ്ങനെയാണ് ഒരു രാത്രിയിൽ ഒരു പുസ്തകം വായിക്കാൻ എടുത്തത്.  ഭാഗ്യമോ നിർഭാഗ്യമോ, ആ പുസ്തകത്തിൻ്റെ പേര് 'ദ് കാസിൽ' എന്നായിരുന്നു. അത് കാഫ്കയുടെ നോവലായിരുന്നു. അന്ന് എനിക്ക് പതിനൊന്നോ പന്ത്രണ്ടോ വയസ്സു കാണും. ഞാൻ അത് മുഴുവൻ വായിച്ചു .എനിക്കൊന്നും മനസ്സിലായില്ല .എന്താണ് ഇതിൽ പറയുന്നത്? എന്താണ് ഈ ദുർഗ്ഗം? എന്തുകൊണ്ടാണ് അതിലേക്ക് പ്രവേശനം ലഭിക്കാത്തത് ?അത് എനിക്ക് ഒരു വലിയ രഹസ്യമായി തോന്നി. മുതിർന്നവരുടെ ചർച്ചകളിലേക്കും സൗഹൃദങ്ങളിലേക്കും  പ്രവേശനം കിട്ടാൻ അത് സഹായിച്ചെങ്കിലും എനിക്ക് ഒരിക്കലും കാഫ്കയുടെ കാസിൽ (ദുർഗം) എന്താണെന്ന് മനസ്സിലായില്ല. ഇന്നും എനിക്ക് കാഫ്കയുടെ കാസിൽ സാഹിത്യത്തിലെ ഏറ്റവും മനോഹരമായ ഒരു രഹസ്യമായി അനുഭവപ്പെടുന്നു. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, കാസിൽ വായിച്ചിരുന്നില്ലെങ്കിൽ ഞാൻ ഒരു സാഹിത്യകാരനാകുമായിരുന്നില്ല എന്ന്.'

ലോകത്തിലെ പ്രധാന എഴുത്തുകാരിലൊരാളായ ഗാർസിയ  മാർകേസ് കാഫ്കയെ വായിച്ചതിനെപ്പറ്റി എഴുതിയിട്ടുള്ളത് ഇങ്ങനെയാണ്:'ഒരു രാത്രിയിൽ എൻ്റെ ഒരു സുഹൃത്ത് എനിക്ക് വായിക്കാൻ തന്നത് കാഫ്കയുടെ  ചെറുകഥകളായിരുന്നു .അന്ന് ഞാൻ കാഫ്കയുടെ 'ദ് മെറ്റാമോർഫോസിസ്'(രൂപാന്തരം)എന്ന കഥ വായിച്ചു. ആദ്യവാചകം വായിച്ചപ്പോൾ തന്നെ ഞാൻ തകർന്നുപോയി!.ഞാൻ അത്രയ്ക്ക് അതിശയിച്ചു. ആദ്യവാചകം ഇങ്ങനെയാണ്: കുഴപ്പം പിടിച്ച സ്വപ്നങ്ങളിൽ നിന്ന് രാവിലെ ഉറക്കമുണർന്ന ഗ്രിഗർ സാംസ  തിരിച്ചറിഞ്ഞു, താൻ ഒരു വലിയ ഷഡ്പദമായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്ന്. ഈ വാചകം വായിച്ചശേഷം ഞാനോർത്തത് ഇതുപോലെ ഒരാളും എഴുതിയിട്ടില്ല എന്നാണ്; ഉണ്ടായിരുന്നെങ്കിൽ ഞാൻ നേരത്തെ തന്നെ എഴുതിത്തുടങ്ങിയേനെ.
അങ്ങനെ ഞാൻ പെട്ടെന്ന് തന്നെ ചെറുകഥകൾ എഴുതാൻ തുടങ്ങി.'

മർദ്ദകരുടെ ലഹരി 

ജീവിതത്തെക്കുറിച്ചുള്ള നിശിതവും സത്യസന്ധവുമായ നിരീക്ഷണമാണ് കാഫ്ക അവതരിപ്പിക്കുന്നത്. ലോകത്ത് അനീതി ഏത് സമയത്തും ഭീമാകാരമായി പ്രത്യക്ഷപ്പെടാം. അനീതിയുടെ രാക്ഷസൻ സമീപത്ത് തന്നെയുണ്ട്. നീതിക്ക് വേണ്ടി അലയാമെങ്കിലും  അത് കിട്ടണമെന്നില്ല .നീതി തേടി ചെല്ലുന്നവനെ കുറ്റവാളിയായി ചിത്രീകരിച്ചു ശിക്ഷിക്കാനും സാധ്യതയുണ്ട്. ഒരാൾ കുറ്റം ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കാൻ അയാൾക്ക് ഒന്നും തന്നെ ചെയ്യാനില്ല.  അതിന് മറ്റുള്ളവരുടെ സഹായം വേണം .കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ സത്യസന്ധമായി ആഗ്രഹിക്കുന്ന ഒരാൾക്ക് , കുറ്റാരോപിതന് ഒരിടത്തു നിന്നും സഹായം കിട്ടണമെന്നില്ല. കാരണം അയാൾ കുറ്റം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.ഒരു നിരപരാധിക്ക്, തൻ്റെ നിരപരാധിത്വത്തിന് നിരത്താവുന്ന തെളിവ് അയാളെത്തന്നെയാണ്.അതാകട്ടെ , ആർക്കും വിശ്വസിക്കാൻ കഴിയാത്തതാണ്. ഒരു വ്യക്തിയുടെ സങ്കീർണമായ ഒറ്റപ്പെടലാണിത്.  മനുഷ്യബന്ധങ്ങളിലും കുടുംബജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഈ കാഫ്കയെസ്ക് (കാഫ്കയുടെ കൃതികളിൽ കാണുന്ന വിചിത്രമായ ,പേടിപ്പിക്കുന്ന ,ദുസ്വപ്ന സമാനമായ അവസ്ഥ)ലോകം ജീവിക്കുന്നുണ്ട്. അത് എല്ലാവർക്കും തിരിച്ചറിയാനൊക്കില്ല.എന്നാൽ അങ്ങനെ ഒരവസ്ഥയുണ്ട്. ചിലർ അതിനെ ദുർവ്യാഖ്യാനം ചെയ്തേക്കാം; പരിഹസിക്കാനും മുതിരും. ധാരാളം പേർ ഒരുമിച്ച് കൂടി ഒരാളെ വിചാരണ ചെയ്യുകയാണെങ്കിൽ പ്രതിരോധിക്കാനാവില്ല.

ആദിവാസി യുവാവ് മധു ആൾക്കൂട്ട വിചാരണയിൽ കൊലചെയ്യപ്പെട്ട സംഭവം നമ്മുടെ നാട്ടിൽ കൺമുന്നിലുണ്ടായ ഒരു കാഫ്കയെസ്ക് ലോകത്തിൻ്റെ നിർദ്ദയമായ പ്രവൃത്തിക്ക് ഉദാഹരണമാണ്. മധുവിന് വിദ്യാഭ്യാസമോ വിനിമയസാമർത്ഥ്യമോ ഇല്ല. ഉണ്ടെങ്കിൽ പോലും ക്രുദ്ധമായ ആൾക്കൂട്ടത്തെ പറഞ്ഞു ധരിപ്പിക്കാൻ എളുപ്പമല്ല .മധുവിൻ്റെ കൈകൾ ബന്ധിച്ചിരുന്നു, അതുകൊണ്ട് മർദ്ദിക്കുന്നവർക്ക് കുറേക്കൂടി ആവേശമുണ്ടാകാൻ ഇടയാക്കി. പ്രതികരിക്കാൻ നിസ്സഹായനായ ഒരുവരെ മർദ്ദിക്കുന്നതിൽ മർദ്ദകർക്ക് എന്നും പ്രത്യേക ലഹരിയുണ്ടാകും. മർദ്ദിക്കുന്നവർ മനുഷ്യരുടെ വംശത്തിൽ നിന്ന് മാറി മാംസഭുക്കായ ഒരു മൃഗത്തിന്റെ സ്വാഭാവിക പരാക്രമത്തിലേക്കാണ് എത്തിച്ചേരുന്നത്.
അപ്പോൾ അവർക്ക് കാതുകൾ ഉണ്ടായിരിക്കില്ല .മനസ്സ് അലറി വിളിക്കും. മനസ്സിൽ നിന്ന് ക്രൂരത പ്രവഹിക്കുന്നതിൽ അവർ അഭിമാനം കൊള്ളുന്നുണ്ടാവും. അപ്രതിരോധ്യനും  ബന്ധുബലമില്ലാത്തവനും നിസ്സഹായനും നിരക്ഷരനുമായ ഒരുവനെ പരിഷ്കൃതരായ ജനക്കൂട്ടം ആക്രമിച്ചു കൊല്ലുന്നത് ജനാധിപത്യത്തിനകത്ത് പടരുന്ന ഭ്രാന്താണ്.

രാഷ്ട്രീയത്തിൻ്റെ വെള്ളിക്കൊലുസ് 

മധുവിന് ഒന്നിനും ഉത്തരം കിട്ടിയില്ല. ഭക്ഷണം കഴിക്കാത്തതുകൊണ്ട് വിശപ്പുണ്ടായിരുന്നു. അതുകൊണ്ട് ഭക്ഷണത്തോട് താല്പര്യം തോന്നാം. എന്തുകൊണ്ടാണ് തനിക്ക് മാത്രം ഭക്ഷണം കിട്ടാത്തതെന്ന് മധുവിന് അറിയില്ലായിരുന്നു .മധുവിൻ്റെ അടുത്തേക്ക് രാഷ്ട്രീയം അതിൻ്റെ വെള്ളിക്കൊലുസുകൾ കിലുക്കി എത്തിയില്ല. മധു രാഷ്ട്രീയത്തിന് പുറത്തായിരുന്നു. മധുവിനെ മർദ്ദിച്ചവർക്ക് അത് പറഞ്ഞു കൊടുക്കാനുള്ള ബാധ്യതയില്ലല്ലോ. അവർക്ക് തെളിയിക്കാനുണ്ടായിരുന്നത് തങ്ങൾ മധുവിനേക്കാൾ വലിയ കുടുംബപശ്ചാത്തലമുള്ളവരും ധനസ്ഥിതിയുള്ളവരും  ആരോഗ്യമുള്ളവരുമാണെന്ന അഹന്ത മാത്രമായിരുന്നു. അവർ സാധാരണ മനുഷ്യശരീരങ്ങളല്ലായിരുന്നു; അഹന്തയുടെ മനുഷ്യശരീരങ്ങളായിരുന്നു. അവർക്ക് ഒന്നും ഓർമ്മയുണ്ടായിരുന്നില്ല .ഒരു ഇരയെ കിട്ടുന്നതോടെ തങ്ങൾ ഉന്നതരും പുണ്യവാളന്മാരുമാണെന്ന് സമർത്ഥിക്കാൻ അവർ ഏത് മാർഗവും സ്വീകരിക്കുന്നത് പതിവാണ്. തൻ്റെ പേരിൽ ചാർത്തപ്പെട്ട കുറ്റം എന്താണെന്ന് അവന് അറിയില്ലായിരുന്നു .അവൻ്റെ  നിഷ്കളങ്കതയിലേക്ക് ചോര തെറിപ്പിക്കാൻ ആൾക്കൂട്ടത്തിന് കഴിഞ്ഞു.അവൻ്റെ അറസ്റ്റും കോടതിയും വക്കീലും നിയമവ്യവഹാരവും എല്ലാം ആ കാട്ടിൽ തന്നെ പൂർത്തിയായി. അവന് സ്വന്തം പ്രവൃത്തിയുടെ അർത്ഥം എന്താണെന്ന് മനസ്സിലാവാതെ വിടവാങ്ങേണ്ടി വന്നു. അത് അറിയിക്കാൻ ഒരു ഭരണകൂടവും ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. കാഫ്കയുടെ സാഹിത്യത്തിലൂടെ രൂപപ്പെട്ട ജീവിതരഹസ്യത്തെക്കുറിച്ചുള്ള ഈ വെളിപാട്, ഈ കാഫ്കയെസ്ക് ലോകം ഏതു ജനാധിപത്യ രാജ്യത്തും  ഏതുസമയത്തും സംഭവിക്കാവുന്നതാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് മധുവിൻ്റെ കൊലപാതകം. 

No comments: