
ഫ്രഞ്ച് എഴുത്തുകാരനും കലാചിന്തകനുമായ ആന്ദ്രേ ബ്രെട്ടൻ (1896- 1966)എഴുതുന്നു: "അതിശയകരമായത് എപ്പോഴും സുന്ദരമാണ്. അതിശയകരമായത് എന്തും സുന്ദരമാണ്; അതിശയകരമായത് മാത്രമാണ് സത്യത്തില്‍ സുന്ദരമായിട്ടുള്ളത്. അതിശയകരമായതിനു മാത്രമേ സര്‍ഗാത്മകമേഖലയില്‍ കൂടുതല്‍ വിളവെടുപ്പ് നടത്താനാകൂ." ഈ പ്രസ്താവത്തെ ഇങ്ങനെ സമീപിക്കാം. ഒരു നിലവാരപ്പെടലിനു വേണ്ടി ഉണ്ടാക്കിയ യഥാതഥവും ഭാവനാശൂന്യവും പ്രായോഗികവുമായ സമീപനങ്ങള്‍ നമ്മുടെ മനസ്സുകള്‍ക്ക് ആഴം നഷ്ടപ്പെടുത്തിയിരിക്കുന്നു. അത് വെറും ഗതാനുഗതികത്വമായി ചുരുങ്ങുന്നു. മനസ്സിന്റെ രസമുകുളങ്ങള്‍ നഷ്ടപ്പെടാന്‍ അതിടയാക്കിയിരുന്നു.
അദ്ദേഹം കുറേക്കൂടി കറയറ്റതും ആത്മാര്‍ത്ഥവും പ്രചരണാംശമില്ലാത്തതുമായ കലയ്ക്ക് വേണ്ടി വാദിച്ചു. സറിയലിസം (Surrealism)എന്ന പ്രസ്ഥാനം തന്നെ സൃഷ്ടിച്ചു. മനുഷ്യൻ്റെ അബോധ മനസിനെ കലാസൃഷ്ടിക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന സങ്കേതമാണിത്. സ്വപ്നം കാണുമ്പോൾ അബോധമനസാണ് പ്രവർത്തിക്കുന്നത്. അപ്പോൾ സാധാരണ ലോകത്തെ യുക്തിയില്ല.എന്നാൽ സ്വപ്നം കാണുമ്പോൾ യുക്തിയുണ്ട്. മറ്റു വിലക്കുകളില്ലാതെ ,സ്വപ്നത്തിലെന്ന പോലെ സൃഷ്ടി നടത്തണമെന്നാണ് അദ്ദേഹം വാദിച്ചത്. ഇവിടെ കലയിലെ സൗന്ദര്യത്തോടുള്ള ആസക്തി മാത്രമേയുള്ളു. അത് അതിശയകരമാണ്. മനുഷ്യൻ്റെ വിഭാഗീയമായ രാഷ്ട്രീയമില്ല.
ബ്രെട്ടൻ രണ്ടു തവണ മാനിഫെസ്റ്റോ എഴുതി. ചിന്തകളുടെ നിരുപാധികമായ ഒഴുക്കാണ് അദ്ദേഹത്തിന്റെ കല. ഇതിലൂടെ പ്രത്യക്ഷമായ ആഹ്വാനമില്ലാതെ തന്നെ, സമൂഹത്തിനു കൂടുതല്‍ അവബോധപരമായ ശുദ്ധി നേടാനും പ്രാര്‍ത്ഥനാപരമായ വെണ്മ നിലനിര്‍ത്താനും കഴിയും. കലയിലെ റിയലിസം അഥവാ യഥാതഥവാദത്തെ വലിയ കാര്യമായി ബ്രെഹ്തണ്‍ കാണുന്നില്ല. അമിതമായ യുക്തിക്ക് പകരം ചിന്ത അതേപടി കടന്നുവരണം. അതിനെ സ്വതന്ത്രമായി വിടണം. യഥാതഥമാക്കുന്നവര്, കലയില്‍ ബൗദ്ധികവും ധാര്‍മ്മികവുമായ ഏത് മുന്നേറ്റത്തിനും തടയിടുകയാണ് ചെയ്യുന്നതെന്ന് ബ്രെഹ്തൻ പറയുന്നു.
"ശരാശരിയെക്കുറിച്ചുള്ള അമിത പ്രതീക്ഷ ,മറ്റുള്ളതിനോടുള്ള വെറുപ്പ്, ദുഷിച്ച അഭിമാനബോധം എന്നീ ഘടകങ്ങളാല്‍ നിര്‍മ്മിച്ചതാണത്. അത് ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള അഭിരുചിയെയാണ് വാഴ്ത്തുന്നത്.പത്രവാര്‍ത്തകളില്‍ നിന്ന് ഊര്‍ജ്ജം ശേഖരിക്കുകയും ശാസ്ത്രത്തെയും കലയെയും നിസ്സാരവത്ക്കരിക്കുകയുമാണ് യഥാതഥവാദികള്‍ ചെയ്യുന്നത് "– ബ്രെഹ്തൻ ചിന്തിക്കുന്നു.
റഷ്യൻ എഴുത്തുകാരൻ ദസ്തയെവ്സ്കിയുടെ 'ക്രൈം ആന്റ് പണിഷ്മെന്റി'ല്‍ ഒരു മുറിയുടെ വിവരണം തന്നെ വല്ലാതെ മുഷിപ്പിച്ചു എന്ന് ബ്രെഹ്തൻ എഴുതിയിട്ടുണ്ട്. "എന്റെ മനസ്സ് അതേറ്റെടുക്കാന്‍ തയ്യാറല്ല. ഈ എഴുത്തുകാരന് എന്റെ സമയം പാഴാക്കുകയാണ് ചെയ്തത്.എനിക്ക് ആ മുറിയിലേക്ക് പോകാന്‍ ഇഷ്ടമല്ല."
ബ്രെഹ്തൻ പറയുന്നത് ഒരാള്‍ക്ക് സൃഷ്ടിയില്‍ അനുഭൂതി ജനിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മിണ്ടാതിരിക്കുകയാണ് നല്ലതെന്നാണ്. ജീവിതത്തിലെ വരണ്ട നിമിഷങ്ങളെക്കുറിച്ച് ദീര്‍ഘമായി പ്രതിപാദിക്കുന്നതില്‍ അര്‍ത്ഥമില്ല. സാഹിത്യകൃതികളില്‍ കഥാപാത്രങ്ങളെ വിന്യസിക്കുന്നത് ചെസ്സില്‍ കരുക്കള്‍ നീക്കുന്നത് പോലെയാകരുത്. തന്റെ 'സറിയലിസ്റ്റ് മാനിഫെസ്റ്റോ'യിലാണ് ബ്രെഹ്തൻ കലാതത്വവിചാരം അവതരിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ കലാചിന്തയെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് അദ്ദേഹം. സറിയലിസത്തിന് ഒരിക്കലും പ്രാമുഖ്യം നഷ്ടപ്പെടില്ല. കാരണം അത് കലയുടെ മേഘവര്‍ണമുള്ള ചിറകാണ്. അതില്‍ മനുഷ്യന് സ്നിഗ്ദ്ധതയായി, സ്നേഹപരാഗമായി, സ്വപ്നമായി അവശേഷിക്കുന്നു.
സാഹിത്യത്തില്‍ യുക്തിയുടെ ആധിപത്യം ജീവിതത്തെ വരട്ടിക്കളയും. ജീവിതം വസ്തുസ്ഥിതിവിവരക്കണക്കല്ല. അങ്ങനെ ലഘൂകരിച്ചാല്‍ അപകടമാണ്. പ്രായോഗിക ചിന്തകളുടെ ഒരു കൂടാരമാണ് നമ്മുടെ നാഗരികത. അവിടെ എല്ലാം കണക്കുകളില്‍ ഒതുങ്ങുന്നു. അവിടെ മനസ്സിന്റെ ആഭ്യന്തരമായ ആകുലതകള്‍ക്ക് ഇടമില്ല. എന്നാല്‍ മനഷ്യനിലെ കലാകാരനു സത്യത്തെക്കുറിച്ച് അന്വേഷിക്കാതിരിക്കാനാവില്ല. അവന് ആത്മാവില്‍ ദാഹാര്‍ത്തനാണ്. മനുഷ്യന്, സാമ്പ്രദായിക കലാപ്രസ്ഥാനങ്ങളില്‍ ഒരു സോദ്ദേശ്യ യുക്തിപ്രസ്ഥാനമായി ചുരുങ്ങുന്നതിനെതിരെയാണ് ബ്രെഹ്തൻ ചിന്തിച്ചത്.
സാമാന്യവത്ക്കരിക്കപ്പെട്ട ധാരണകള്‍ക്കകത്ത് വട്ടം കറങ്ങുന്ന നമുക്ക് സത്യം എന്താണെന്ന് തിരയാനുള്ള ത്രാണിയില്ല. ഇനിയൊരിക്കലും പരിഗണിക്കേണ്ടതില്ല എന്ന ചിന്തയില്‍ ഒഴിവാക്കിയ മനസ്സിന്റെ ഒരു ഭാഗം സറിയലിസത്തിലൂടെ വെളിച്ചത്ത് കൊണ്ടുവന്നത്, അതിനു താത്വികമായ ഗഹനത നല്‍കിയത് ബ്രെഹ്തനാണ്. മനസ്സിന്റെ ഭാവന, യുക്തിരഹിതമായ ചിന്തകള്‍, തോന്നലുകള്‍, ഓര്‍മ്മകള്‍, ക്രമംതെറ്റലുകള്‍, മതിഭ്രമങ്ങള്‍, ഭ്രാന്ത്, മിഥ്യകള്‍ തുടങ്ങിയവയെല്ലാം കലയില്‍ പ്രസക്തമാണ്. കാരണം അവയില്‍ അര്‍ത്ഥങ്ങള്‍ അന്തര്‍ഭവിച്ചിരിക്കുന്നു.
ഇത് വിശദീകരിക്കാന്‍ ഭാരതീയ പാരമ്പര്യത്തില്‍ നിന്ന് ഒരു ഉദാഹരണം നല്‍കാം. നളനെ കലി ബാധിക്കുന്നത് നോക്കൂ. അവിടെ യുക്തിയുടെ തലമില്ല. കലയുടെ ആന്തരികയുക്തിയാണുള്ളത്. കലിയുടെ വരവ് മനുഷ്യാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്നു. മനുഷ്യ മനസ്സില്‍ നടക്കുന്ന യുദ്ധമാണിത്.
സ്വപ്നവും യാഥാര്‍ത്ഥ്യവും പരസ്പര വിരുദ്ധമല്ലെന്ന നിലപാടാണ് ബ്രെഹ്തൻ സ്വീകരിച്ചത്. മനസ്സിന്റെ അഗാധതലങ്ങളില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളും ആള്‍മാറാട്ടവും സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ പരമമായ നിമിഷത്തില്‍ സ്വപ്നവും യാഥാര്‍ത്ഥ്യവും ചേര്‍ന്ന് മറ്റൊരു അനുഭവമാകുന്നതാണ് സറിയലിസം.
പ്രമുഖ ഫ്രഞ്ച് കവിയായിരുന്ന സെയിന്റ് പോള്‍ റോ(Saint Pol Roux)യുടെ വീടിനു മുന്നില്‍ ,കവി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ,കവി ജോലിയിലാണ് (The poet is working) എന്നെഴുതിയ ഒരു ബോര്‍ഡ് തൂക്കിയിരുന്നു എന്ന് കേട്ടിട്ടുള്ളതായി ബ്രെഹ്തൻ രേഖപ്പെടുത്തിയത് സ്വപ്നവും കൂടി ചേര്‍ന്നതാണ് കവിത എന്നു സ്ഥാപിക്കാനാണ്. ഒരു കവി ഉറങ്ങുമ്പോഴും കവിതയുടെ പ്രക്രിയ നടക്കുന്നു. കവിക്ക് സ്വപ്നം ഒരു സര്‍ഗലോകമാണ്. അയഥാര്‍ത്ഥമായതില്‍ നിന്ന് ജീവിതത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ ലഭിക്കുന്ന വിദ്യയാണല്ലോ സ്വപ്നം
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-. A literary blog focused strictly on ideas, books, and art centers on critical discourse, deep reading, and creative analysis. ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് . എം കെ ഹരികുമാർ /
Followers
Tuesday, October 20, 2026
പദായനങ്ങൾ -7/എം.കെ.ഹരികുമാർ /കലയുടെ മേഘവർണമുള്ള പരാഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment