Followers

Saturday, September 5, 2026

അഗാധതകൾ അജ്ഞാതമാക്കപ്പെട്ട യാദൃശ്ചികതയുടെ സമുദ്രം/എം.കെ.ഹരികുമാർ


 
ഭാരതീയചിന്തകളിൽ, മനുഷ്യന് ഒരു അന്തിമവിശ്രാന്തി(ultimate peace) യുള്ളതായി നിരീക്ഷിക്കപ്പെടുന്നുണ്ട്. പരമമായ ഒരു ബിന്ദുവാണത്. അതിനോടുള്ള ജീവകോടികളുടെ ആഭിമുഖ്യം എത്തിച്ചേരുന്നത് അവിഭാജ്യമായ ഒരു ഉണ്മയിലാണ്. ജീവനെകൊണ്ടുനടക്കുന്നവയ്ക്ക് ഒരു ഉണ്മയുണ്ടെന്ന് വിശ്വസിക്കുന്നതിൽ ഭാവനയും ചമൽക്കാരവുമുണ്ട്.എല്ലാം ആ അനുവദനീയമായ ഒന്നിലേക്ക് ദൃഷ്ടിയൂന്നിയിരിക്കുന്നു.എങ്ങോട്ടും വേർപെട്ടു പോകാനില്ല.ജനിയുടെ അർത്ഥമറിയില്ല ,മൃതിയുടെയും അറിയില്ല.
ഒരാൾക്കും ചോദിച്ചു വാങ്ങിയ ജീവിതമില്ല. മഹാഋഷികളും കലാകാരവ്യക്തിത്വങ്ങളും അവർക്ക് സൗജന്യമായി കിട്ടിയ വേളയെ അർത്ഥപൂർണ്ണമാക്കുകയാണ് ചെയ്തത്. അർത്ഥമില്ലെന്ന് വാദിക്കുന്നവർക്കും അവരുടെ വഴിയിൽ തുടരാം. ഏത് മഹാനായാലും ശാരീരികവേദനയും മാനസികമായ അലട്ടലും ഇല്ലാതാവുന്നില്ല ശരീരം എല്ലാവർക്കും ഒരുപോലെയാണ്.ശരീരം തിരിച്ചറിവ് നൽകും. എവിടെ നിൽക്കണം ,നടക്കണം, ചാടണം എന്നെല്ലാം മുന്നറിയിപ്പുണ്ടാകുന്നത് ശരീരമുള്ളതുകൊണ്ടാണ്. നമ്മൾ അശരീരികളായിരുന്നെങ്കിൽ ഒരു കുന്നിൽ നിന്ന് താഴേക്ക് ചാടുന്നതിലെ അപകടത്തെക്കുറിച്ച് ആലോചിക്കുകയില്ല. അശരീരികൾക്ക് മാനസികമായ ഞാണിന്മേൽ കളിയും ആവശ്യമില്ല. ഒരു വലിയ ഗർത്തത്തിന് മുകളിൽ കുറുകെ കെട്ടിയ ചരടിലൂടെ നടക്കുന്നതിന്റെ സാഹസികത അശരീരിക്കില്ല. ചിന്തയുടെ കാര്യത്തിലും അങ്ങനെയാണ്. സാഹസികമായ ചിന്തകൾക്കിടമില്ല. കാരണം ചിന്തയെ ഒരിടത്തും വസ്തുവകരിക്കുകയോ തെളിയിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തു മൂർത്തമാക്കേണ്ടതില്ല.അതുകൊണ്ട് അദ്വൈതത്തിന് അർത്ഥമുണ്ടാകുന്നത് ശരീരത്തിൽ നാം നിലനിൽക്കുന്നത് കൊണ്ടാണ്. ശരീരമില്ലെങ്കിൽ നമുക്ക് നാശത്തപ്പറ്റി ആലോചിക്കേണ്ട; നാശം എന്ന അനുഭവം തന്നെയില്ല. ബ്രഹ്മത്തിൽ നിന്ന് ആംശികമായി പിറവിയെടുത്ത ജീവി പിന്നീട് ബ്രഹ്മത്തിൽ തന്നെ എത്തുന്നില്ല; പലതായി പിരിഞ്ഞ് ഈ പ്രപഞ്ചത്തിൽ പല ജീവികൾക്കും വസ്തുക്കൾക്കും രൂപം നൽകുകയാണ്.
മണ്ണിലാണ് ജീവികൾ എത്തിച്ചേരുന്നത്. മണ്ണിൽ നിന്ന് ആഹാരം സ്വീകരിച്ച് മണ്ണിനു തന്നെ തിരികെ കൊടുക്കുന്നു. ആത്മാവിന് അന്തമവിശ്രാന്തിയായ ബ്രഹ്മമുണ്ടാകുന്നത് നല്ലതാണ് ;അത് പ്രതീക്ഷ തരുന്നുണ്ട്. പക്ഷേ ആത്മാവ് ജനിക്കുന്നില്ല, മരിക്കുന്നില്ല എന്ന തത്വമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.കഠോപനിഷത്തിൽ പറയുന്നു:
 
"ന ജായ മ്രിയതേ വാ വിപശ്ചിന്നായം
കുതച്ശിന്ന ബദൂവ കശ്ചിത്
അജോ നിത്യ: ശാശ്വതോടയം പുരാണ
ന ഹന്യതേ ഹന്യമാനേ ശരീരേ ."
 
ആത്മാവ് ജനിക്കുന്നില്ല ,മരിക്കുന്നുമില്ല.അത് ശാശ്വതമാണ്. ശരീരം നശിച്ചാലും ആത്മാവ് ഇല്ലാതാകുന്നില്ല.ആത്മാവിനെ സാക്ഷാത്കരിക്കുന്നവർക്ക് ജനന, മരണ ചക്രത്തിൽ നിന്ന് രക്ഷപ്പെടാമെന്നാണ് ഉപനിഷത്ത് പറയുന്നത്. എന്നാൽ പൂർത്തിയാക്കാത്ത ആഗ്രഹങ്ങളുടെയും കർമ്മങ്ങളുടെയും അടിസ്ഥാനത്തിൽ ആത്മാവ് പിന്നെയും പുതിയ ശരീരങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. ആത്മാവ് മനുഷ്യൻ്റെ അഹത്തിൽ നിന്ന് മുക്തമായതാണെന്ന സങ്കല്പത്തെ നിരാകരിക്കുന്ന ആശയമാണിത്. പഞ്ചഭൂതങ്ങൾക്ക് സ്പർശിക്കാനോ അറിയാനോ കഴിയാത്ത ആത്മാവ് എന്തിനാണ് ഒരു ശരീരത്തിൽ തങ്ങിനിന്ന് പൂർത്തിയാകാത്ത അഭിലാഷങ്ങൾക്കും കർമ്മങ്ങൾക്കും വേണ്ടി വീണ്ടും ജനിക്കുന്നതിന് അനുവദിക്കുന്നത്. ആത്മാവിനെ അറിയാത്തവർ ഈഗോയുള്ളവരാണല്ലോ.ഈഗോയില്ലാതെ ജീവിക്കുക പ്രയാസമാണ്. ഞാൻ എന്ന് ചിന്തിക്കാതിരുന്നാൽ ഭക്ഷണം കഴിക്കാനാവില്ല. മനുഷ്യനിലാണ് പ്രകൃതിയും ആകാശവുമുള്ളത്. വ്യക്തിയില്ലാത്തപ്പോൾ പ്രകൃതിയോ ആകാശമോ ഇല്ല .ഒരാളുടെ ദൈവം അയാളുടെ ഉള്ളിലാണ് അനുഭവപ്പെടുന്നത്.ഈഗോയുടെ വർധിച്ച പ്രഭാവം കുറച്ച് ബുദ്ധിപരമായി മനസ്സിനെ നിയന്ത്രിച്ചു ക്രമപ്പെടുത്താം. എന്നാൽ സാധാരണ മനോവികാരങ്ങളും ചിന്തകളും ഒഴിവാക്കിയാൽ, പിന്നെ നാം സാധാരണ അറിയുന്ന മനസില്ല .
 
മനസ്സ് ഒരു വ്യാജരൂപമാണ്. ഉള്ളിൽ മറ്റൊരാൾ ജീവിക്കുന്നത് പോലെയാണ് മനസ്സ് പ്രവർത്തിക്കുന്നത്.ആ ആളുടെ മേധാവിത്വത്തിന് പൂർണമായും കീഴടങ്ങിയാൽ നാം വലിയ തെറ്റുകളിൽ അമരും. മനസ്സ് ഒരു അപര(other)നാണ്. ആ അപരനെ നിയന്ത്രിച്ച് അവന് മുകളിൽ ആന്തരയുക്തി അല്ലെങ്കിൽ ആന്തരമനസ് പ്രവർത്തിക്കുകയാണെങ്കിൽ കുറച്ചൊക്കെ നമ്മെത്തന്നെ അറിയാനൊക്കും. മനസ്സിനെ പാടേ ഇല്ലാതാക്കിയാൽ, മറ്റൊരു ശാന്തവും നിർഗുണവുമായ തലത്തിലെത്താം.
അതിലൂടെ ആത്മാവിനെ അറിയാമെന്ന് ഉപനിഷത്ത് അറിയിക്കുന്നു. ആത്മാവ് നമ്മളിൽ തന്നെയുണ്ട്. എന്താണ് ആത്മാവ്? അത് നാം സ്വയം നിയന്ത്രിച്ച് , ആഗ്രഹങ്ങളെ കടിഞ്ഞാണിട്ട് കിട്ടാവുന്ന പരമാവധി ശാന്തതയാണ്. ഈ ശാന്തതയിൽ നാം സ്വതന്ത്രനും ജ്ഞാനിയുമാണ്. പക്ഷെ ശരീരത്തിന് ശേഷം ,ഈ ആത്മാവ് ഒരു അന്തിമവിശ്രാന്തിയിൽ എത്തുന്നു എന്നത് ദുരൂഹമാണ്. നല്ല കർമ്മങ്ങൾ ചെയ്തവർ സ്വർഗ്ഗത്തിനു സമാനമായ ഒരിടത്ത് എത്തുമത്രേ. 
 
പൂർണമായും നല്ലത് മാത്രം പ്രവർത്തിച്ചവരുണ്ടോ? മനുഷ്യന് പാപം ചെയ്യാതിരിക്കാനാവില്ല. ജനിപ്പിച്ച മാതാപിതാക്കളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ ഒരു സന്തതിക്കും കഴിയില്ല. ഏറ്റവും ഭംഗിയായി ശുശ്രൂഷിച്ചാലും അതിൽ പൂർണ്ണതകൾ ഉണ്ടാകില്ല. ശാരീരികവും മാനസികവുമായ തകർച്ചയിൽ കഴിയുന്ന മാതാപിതാക്കളുടെ വേദന ആർക്കും ഉൾക്കൊള്ളാനാവില്ല. ഒരു ഉറുമ്പിനെയോ ജീവനെയോ കൊല്ലാതെ ഒരാളും കടന്നു പോകുന്നില്ല. എത്രയോ ജീവികൾ നമ്മുടെ സാന്നിദ്ധ്യം ഭയന്നു ജീവിക്കുന്നു! അതുകൊണ്ട് നമ്മൾ പാപികൾ തന്നെയാണ്. പിന്നെ എങ്ങനെയാണ് ജനിമൃതി ചക്രത്തിൽ നിന്ന് രക്ഷപ്പെടാനാവുന്നത്? യഥാർത്ഥത്തിൽ അന്തിമവിശ്രാന്തിയല്ല ,പലായനവും അനന്തയാത്രയുമാണുള്ളത്. നമ്മൾ പല സംഘങ്ങളായി ,ഒറ്റകളായി പിരിഞ്ഞ് യാത്ര ചെയ്യുകയാണ്. ഒരിടത്തും നാം എത്തിച്ചേരുന്നില്ല. പലയിടങ്ങളിലേക്ക് ചിതറിപ്പൊയ്ക്കൊണ്ടിരിക്കുന്നു. നമ്മളിലെ മൂലകങ്ങൾക്ക് ബോധമുണ്ടെങ്കിൽ അവയ്ക്ക് പറയാൻ സാധിച്ചേക്കും അതിൻ്റെ ഉടമസ്ഥനെക്കുറിച്ച്. ജീവനുള്ള ശീരത്തിലെ ബോധം അനന്തമായി സഞ്ചരിക്കുന്നു .അതുപോലെ മരണശേഷം നമ്മുടെ മൂലകങ്ങളും അനന്തമായി സഞ്ചരിക്കുന്നു.
 
നാം ഒരിക്കലും രക്ഷപ്പെടാനാവാത്ത ഒരു കെണിയിലാണ്. അപ്രതിരോധ്യമായ ജനനവും അപ്രതിരോധ്യമായ മരണവും നമ്മുടെ ഇരുകരകളിലും അനന്തതയെ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നാം അഗാധതകൾ അജ്ഞാതമാക്കപ്പെട്ട യാദൃശ്ചികതയുടെ സമുദ്രമാണ് .നമുക്ക് നക്ഷത്രങ്ങളിലേക്കും വിചാരങ്ങളിലേക്കും ഉയരാം .സ്വയം ശ്രമിക്കാം. അതോടൊപ്പം താഴേക്ക് പതിക്കുകയും ചെയ്യാം. ജീവിതത്തിൻ്റെ ഈ നൈമിഷികതയുടെ ശാബ്ദികമായ സമുദ്രത്തിൽ നാം ഓരോരുത്തരും ഒറ്റയ്ക്കാണ്. ആരും ഉയർത്താനില്ല ,ലക്ഷ്യം കാണിച്ചു തരാനില്ല. ഓരോരുത്തർക്കും ഓരോ സമുദ്രമായി തിരയടിക്കാം. ഇംഗ്ലീഷ് സംഗീതകാരനും കലാകാരനുമായ ജോൺ ലെനൻ പറഞ്ഞു ,നിങ്ങൾ എത്രത്തോളം യഥാർത്ഥമാകുന്നുവോ അത്രത്തോളം ലോകം നിങ്ങൾക്ക് അയഥാർത്ഥമായിത്തീരുമെന്ന്. അത് ഓരോരുത്തർക്കും മാത്രമായി അടഞ്ഞ ലോകമാണ്. മറ്റൊരാൾക്ക് ആ സമുദ്രത്തെക്കുറിച്ച് ഒന്നുമറിയില്ല.
 
 




 
adwaitha, eternal journy, god, brahma, seeking, buddha, m k harikumar, truth, body , mind  

ഭയാത്മകമായ ലാവണ്യാനുഭവം/പദായനങ്ങൾ /എം.കെ.ഹരികുമാർ

 



 
പ്രസിദ്ധ ബ്രിട്ടീഷ് – അമേരിക്കന് നാഡീരോഗവിദഗ്ധനായിരുന്ന ഒലിവര് സാക്‌സ് തന്റെ നാല്പതുവര്ഷത്തെ വൈദ്യശാസ്ത്ര ജീവിതത്തില് നിന്നുകൊണ്ട് മനോഹരമായ ഒരു നിരീക്ഷണം നടത്തി : 'മരുന്നുകള്ക്കപ്പുറത്ത്, രണ്ടു തരം ചികിത്സകളുണ്ട്: സംഗീതവും പൂന്തോട്ടവും.' ഇത് രണ്ടും ബോധത്തെ വൈദ്യുതിയാലെന്നപോലെ പ്രകാശപൂര്ണമാക്കും.'സിദ്ധാര്ത്ഥ' എന്ന വിശ്രുത നോവലിലൂടെ ധാരാളം വായനക്കാരുടെ കണ്ണുതുറപ്പിച്ച ജര്മന്-സ്വിസ് നോവലിസ്റ്റ് ഹെര്മ്മന് ഹെസ്സെ മരങ്ങളെപ്പറ്റി പറഞ്ഞത് ശ്രദ്ധേയമാണ്: 'ഒരു വലിയ മരത്തെപ്പോലെ സുന്ദരവും അസാധാരണവും വിശുദ്ധവുമായി വേറൊന്നും തന്നെയില്ല.' ഈ പ്രസ്താവങ്ങളിൽ കലയെപ്പറ്റിയുള്ള വലിയ ഒരു ആശയമുണ്ട്. നാം പ്രത്യക്ഷത്തിൽ കാണുന്നതു പോലെയല്ല ഈ ലോകം ;അതിന് മറ്റൊരു നിഗൂഢസൗന്ദര്യമുണ്ട്. നാം പരിചിതമായതിൻ്റെ അടിയിലുള്ള മറ്റൊരു തലത്തെ അന്വേഷിക്കണം. അപ്പോൾ ലോകം കുറേക്കൂടി സുന്ദരമാകും. ഒരുവൻ പ്രേമിക്കുമ്പോഴാണ് ഒരു പെണ്ണിന് കൂടുതൽ സൗന്ദര്യമുണ്ടാകുന്നത്. വളരെ ഉയരത്തിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടുമ്പോൾ നേരത്തെ കണ്ട പ്രകൃതിക്ക് ഭയാത്മകതയും ഉന്മാദത്തെ ഉണർത്തി വിടാനുള്ള ശക്തിയുമുള്ളതായി മനസിലാക്കാമെന്ന് അനുഭവസ്ഥർ വിവരിച്ചിട്ടുണ്ട്. നിർജീവമെന്ന് തോന്നിയ ശൂന്യത നമ്മോട് സംസാരിക്കുകയാണ്. ഭീകരലാവണ്യത്തിൻ്റെ അനുഭവം മനുഷ്യമനസിനെ ദാർശനികമാക്കുന്നു.ഭയത്തെക്കുറിച്ചുള്ള ഓർമ ,ഭയപ്പെടുത്തുന്ന വസ്തു നേർക്കു വരുന്നു എന്ന ചിന്ത മനസിൻ്റെ ദാർശനിക തലങ്ങളെയാണ് അഭിമുഖീകരിക്കുന്നത്.
അവനവന്റെയുള്ളിലെ മഹത്തായ സംസ്‌കൃതിയെ അറിയാന് കഷ്ടപ്പെടേണ്ടിവരും. അതിനായി രാഗ ബോധത്തോടെ വസ്തുക്കളെ നമ്മുടെ അടുത്തേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതുല്യവും അഭൗമവുമായ ഒരു ബാന്ധവം തിരിച്ചറിയുമ്പോള്, സൃഷ്ടിയുടെ വിളികേള്ക്കാനാവും. ഒരാള് തന്നെക്കുറിച്ചുള്ള പൊയ് വിശ്വാസങ്ങള് ഉപേക്ഷിച്ച് സ്വയം ദര്ശിക്കുകയാണ്. കേശവദേവ് ‘ഓടയില് നിന്ന്’ എന്ന നോവലില് റിക്ഷാക്കാരനായ പപ്പുവിനെ അവതരിപ്പിക്കുന്നു. എന്നാല് അയാള്, വായനക്കാര് ഒരിക്കലും കണ്ടിട്ടില്ലാത്ത പുതിയൊരു റിക്ഷാക്കാരനാണ്. അയാളുടെ തത്വശാസ്ത്രം വേറെയാണ്; ആദര്ശം വേറെയാണ്.അയാള് ജീവിതത്തെ സമീപിക്കുന്നതും വ്യത്യസ്തമായാണ്. അതുകൊണ്ടാണ് വായനക്കാര് ആ പപ്പുവിനെ സ്‌നേഹിച്ചത്; അയാള് തൊഴിലാളിയായതുകൊണ്ടല്ല. ഈ സത്യമാണ് പുരോഗമന സാഹിത്യകാരന്മാര്ക്ക് മനസ്സിലാവാത്തത്.
പോര്ച്ചുഗീസ് കവി ഫെര്ണാണ്ടോ പെസ്സോവ (1888-1935)ഒരിക്കല് എഴുതി, നിത്യവും കാണുമായിരുന്ന പാറകളും കല്ലുകളും നദികളും വൃക്ഷങ്ങളും ഒരു ദിവസം 'യഥാര്ത്ഥത്തില്' നിലനില്ക്കുന്നതായി തോന്നിയെന്ന്!. തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും, കണ്ടിരുന്നെങ്കിലും അവയുടെ സാന്നിദ്ധ്യം മനസിനെ സ്പർശിച്ചിരുന്നില്ല. ജീവിക്കുന്നതായി അനുഭവപ്പെട്ടിരുന്നില്ല. അത് യഥാര്ത്ഥത്തില് ഉണ്ടെന്ന്, നമ്മെ പോലെ ജീവിക്കുന്നു എന്ന് ബോധ്യപ്പെട്ട നിമിഷം ഒരു വലിയ അറിവാണ്. ഇത് മനസ്സിന്റെ സാന്നിദ്ധ്യമാണ് കാണിക്കുന്നത്. നാം നിത്യവും പലതും കാണുന്നു. അതൊന്നും നമ്മെ സ്പര്ശിക്കുന്നില്ല. കാരണം, അതോടൊപ്പം നാം ജീവിക്കുന്നില്ല. ഒരു നിമിഷത്തില് അതിനെ തിരിച്ചറിയുകയാണെങ്കില് ഒരു ലോകം പെട്ടെന്ന് ഉയര്ന്നുവരും.
റഷ്യന് സാഹിത്യപ്രസ്ഥാനമായ ഫോര്മലിസത്തിന്റെ വക്താവായിരുന്ന പ്രമുഖ വിമര്ശകന് വിക്ടര് ഷ്‌ളോവ്‌സ്‌കി(1893-1984) ഡീഫെമിലിയറൈസേഷന് (Defamiliarization) എന്നൊരു ആശയം മുന്നോട്ടു വയ്ക്കുന്നു – അപരിചിതത്വവത്ക്കരണം. അദ്ദേഹത്തിന്റെ അഭിപ്രായത്തില് നമ്മള് പതിവായി കാണുന്ന ഒരു വസ്തുവിനെക്കുറിച്ചുള്ള കാഴ്ചപ്പാട് ഓട്ടോമാറ്റിക്കാവുകയും സാമാന്യവല്ക്കരിക്കപ്പെടുകയും ചെയ്യുന്നതാകയാല് വിശേഷപ്പെട്ട കാഴ്ച അഥവാ പ്രത്യക്ഷബോധം (Perception) ഉണ്ടാകുന്നില്ല. അതുകൊണ്ട് കവികളും എഴുത്തുകാരും സാമാന്യവല്ക്കരിക്കപ്പെട്ടതിനെ, പുതിയ സംവേദനത്തിനു സാധ്യമല്ലാത്ത വിധം നിര്ജീവമായതിനെ നവമായി കാണാന് വഴി തേടുന്നു. അതിനായി അവര് വസ്തുക്കളെ അപരിചിതമാക്കുന്നു. ഇങ്ങനെയാണ് വേറിട്ട കാഴ്ചയുടെ അനുഭവമായ പരിപ്രേക്ഷ്യമു(Perspective)ണ്ടാകുന്നത്.സ്ഥിരമായി കാണുന്നതാകയാല് വിശേഷിച്ചൊന്നും തിരയേണ്ടെന്ന് കരുതുന്നത് ഭാഷയെയും ചീത്തയാക്കും. അവര് ആദ്യന്തം വിരസമായ ഭാഷയാണ് അതിന്റെ ഫലമായി ഉല്പാദിപ്പിക്കുന്നത്. ഒരു വസ്തുവിനെ കണ്ടിട്ട് അതുതന്നെയാണെന്ന് സ്ഥാപിച്ചു കൊടുക്കുകയല്ല കവിയുടെ ജോലി; അപരിചിതമായ കാഴ്ചാനുഭവം ഉണ്ടാക്കണം. അങ്ങനെ വസ്തുവിനെ നവീകരിക്കണം; ഭാഷയെയും നവീകരിക്കണം.
ഫ്‌ളോവിസ്‌കി 1917 ല് എഴുതിയ Art as Technique എന്ന ലേഖനത്തിലാണ് അപരിചിതമാക്കലിന്റെ കലയെക്കുറിച്ച് സൈദ്ധാന്തികമായി സംസാരിക്കുന്നത്. ഈ അപരിചിതമാക്കലാണ്, അതിന്റെ ആഴവും പരപ്പുമാണ് സര്ഗാത്മകതയുടെ കാതല്. ഇതിനുദാഹരണമായി ടോള്സ്റ്റോയി ‘യുദ്ധവും സമാധാനവും’ എന്ന കൃതിയില് യുദ്ധത്തെ മുന്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം നവമായി ആവിഷ്‌കരിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'സൃഷ്ടിക്കണമെങ്കിൽ ,ഞാൻ എന്നെത്തന്നെ നശിപ്പിക്കണമെന്ന്' പെസ്സോവ എഴുതിയത് ഈ നവാനുഭവത്തിനു വേണ്ടിയാണ്. സൃഷ്ടി നടത്തുന്നതിന് ഞാന് എന്നെ മറ്റൊന്നായി മാറ്റണമെന്നർത്ഥം. എൻ്റെ ഭൂതകാലത്തിൻ്റെ തടവറയിൽ നിന്ന് ഞാൻ പുറത്തുവരണം. കലയില് ഈ അപരിചിതവത്ക്കരണത്തിന് പ്രസക്തിയുണ്ട്. ഒരു പൂവിനെ പലരും കണ്ട രീതിയില് തന്നെ എല്ലാവരും വരയ്‌ക്കേണ്ടതുണ്ടോ? മറ്റൊരു കാഴ്ച വേണം. വസ്തുവിന്റെ നവവിശേഷമാണ് കല. വസ്തുവിന്റെ അറിയപ്പെടാത്ത സുവിശേഷമാണത്. ഓരോ വസ്തുവിനും നവീനതയുണ്ട്. വര്ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട്, തുരുമ്പുപിടിച്ചു കിടക്കുന്ന ഒരു വാഹനത്തിലും നവീനതയുണ്ട്; അതു കാഴ്ചയുടേതാണ്. അതു കണ്ടുപിടിക്കുമ്പോഴാണ് കലയുണ്ടാകുന്നത്. അതില് സൗന്ദര്യാനുഭവത്തിന്റെ ഒരു നാടകം ഒളിഞ്ഞിരിപ്പുണ്ട്. അത് നമ്മൾ ആരായാതെ പുറത്തുവരില്ല.
ഒരു വസ്തുവിന്റെ വളരെ പരിചിതമായ ജീവിതം എഴുതേണ്ടതില്ല; അതെല്ലാവര്ക്കും അറിയാം. അപരിചിതമായത് കണ്ടുപിടിക്കണം. അതാണ് അസ്തിത്വത്തിൻ്റെ സമസ്യ. ഇതുതന്നെയാണ് കവി തന്റെ മനസ്സിലേക്ക് നോക്കുമ്പോഴും സംഭവിക്കുന്നത്. ഫെര്ണാണ്ടോ പെസ്സോവയുടെ ചില വരികള് ഉദ്ധരിക്കാം:
'എന്റെ മനസ്സ് ഒരു നിഗൂഢ സംഗീത-
സഭയാണ്.
ഉപകരണങ്ങള് എന്തെല്ലാ-
മുണ്ടെന്ന് അറിയില്ല.
വയലിനിലും വീണയിലും
മദ്ദളത്തിലും തട്ടി ഞാ-
നെങ്ങനെയാണ്
ശബ്ദമുണ്ടാക്കുന്നതെന്ന്
അറിയില്ല.
എന്നാല് ഒരു
വാദ്യഘോഷമൊരുങ്ങുന്നുണ്ട്.'
ആത്മാവിന്റെ അറിയപ്പെടാത്ത ലോകത്തേക്ക് നമ്മെ ക്ഷണിക്കുകയാണ്. നമുക്ക് നമ്മെക്കുറിച്ച് ഏറെയൊന്നും അറിയില്ലല്ലോ.അറിയാമായിരുന്നെങ്കില്, ഓരോരുത്തര്ക്കും അവരുടെ ഇപ്പോഴത്തെ പരിമിതികള് മുന്കൂട്ടി കണ്ട് കൂടുതല് മികവു വരുത്താനാവുമായിരുന്നല്ലോ. അജ്ഞാതത്വമാണ് മനസ്സിനെ ചുറ്റിവരിഞ്ഞു നില്ക്കുന്നത്.പെസ്സോവ സ്വന്തം ഉള്ളിലേക്ക് നോക്കിയപ്പോള് യാതൊന്നാണോ തന്നെ ഉത്തമമായ സ്വരൈക്യത്തിലും അവബോധാത്മകമായ സംസ്‌കാര വിശേഷത്തിലും ഉറപ്പിച്ചു നിര്ത്തുന്നത്, അത് വ്യക്തമാവുന്നില്ല. അത്ഭുതകരമെന്നു പറയട്ടെ, താന് ഉചിതവും ലയാനുസാരിയുമായ ഒരു സംഗീതപ്രവാഹമായിരിക്കുകയും ചെയ്യുന്നു.
a



കലയുടെ രസാത്മകതന്തുക്കൾ എവിടെ നിന്നു വരുന്നു ? /എം.കെ.ഹരികുമാർ



പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരൻ ഡി.എച്ച്. ലോറൻസിൻ്റെ ദർശനവും കലാനുഭവവും വിചാരണ ചെയ്യുന്നു .
 
 
ഡി.എച്ച്. ലോറൻസിന്റെ ഒരു പ്രസ്താവം ഓർമ്മ വരുന്നു:"നമ്മുടേത് ഒരു ദുഃഖപര്യവസായിയായ കാലമാണ്. എന്നാൽ നാം അതിനെ അങ്ങനെയല്ല സ്വീകരിക്കുന്നത്. ഒരു ആപത്ത് സംഭവിക്കുന്നു; നാം നാശനഷ്ടങ്ങൾക്കിടയിലാണ്. എങ്കിലും നാം നമ്മുടേതായ വാസസ്ഥലങ്ങൾ കണ്ടുപിടിക്കാൻ തുടങ്ങും, ചെറിയ പ്രതീക്ഷകളോടെ. ഇത് ഒരു പരിധിവരെ കഠിനമായ പണിയാണ്. ഭാവിയിലേക്ക് വളരെ എളുപ്പത്തിൽ ചെല്ലാവുന്ന ഒരു വഴിയില്ല .എന്നാലും നാം നടക്കുന്നു; പ്രതിബന്ധങ്ങൾക്കിടയിലൂടെ ഒരു വഴി കണ്ടുപിടിക്കുന്നു. എത്ര ആകാശങ്ങൾ ഇടിഞ്ഞുവീണാലും വേണ്ടില്ല, നാം ജീവിക്കാൻ പഠിക്കുന്നു." ജീവിതാവലോകനമാണെങ്കിലും ഇതിൽ ലോറൻസിന്റെ സാഹിത്യചിന്തയുമുണ്ട്. നാശനഷ്ടങ്ങൾക്കിടയിലൂടെ പ്രതീക്ഷ കൈവിടാതെ നാം ജീവിതസൗന്ദര്യത്തെ സ്പർശിക്കണമെന്ന് സാരം.
ഐറിഷ് നോവലിസ്റ്റ് ജയിംസ് ജോയ്സിൻ്റെ കൃതികളെക്കുറിച്ചുള്ള ലേഖനത്തിൽ അമേരിക്കൻ വിമർശകനായ യൂജിൻ ജൊലാസ്(Eugene Jolas) ജോയ്സിൻ്റെ സൗന്ദര്യസങ്കല്പം വിശദീകരിക്കുന്നുണ്ട്. ജോയ്സിൻ്റെ A Portrait of the Artist as a Young Man എന്ന നോവലിലെ കഥാപാത്രമായ സ്റ്റീഫൻ ഡെഡാലസിൻ്റെ ചിന്തകൾ എന്ന നിലയിലാണ് അവതരിപ്പിക്കുന്നതെങ്കിലും അത് ഇറ്റാലിയൻ ചിന്തകൻ തോമസ് അക്വിനാസിൻ്റെ കലയെക്കുറിച്ചുള്ള ആശയങ്ങളാണ് .അത് ഇപ്രകാരമാണ്: "കലയുടെ സൗന്ദര്യത്തിനു മൂന്നു ഘടകങ്ങൾ ആവശ്യമാണ്- wholeness,harmony,radiance. Wholeness എന്നാൽ ഒരു വസ്തുവിന്റെ അതിൽ തന്നെയുള്ള പൂർണ്ണതയാണ്. ഒരു വസ്തുവിൽ തന്നെ അത് പൂർണമാണ് .അതിനെ മറ്റുള്ളവയിൽ നിന്നു വേർതിരിക്കുന്നത് ഈ പൂർണ്ണതയാണ് .ഒരു പൂച്ച പൂച്ചയായിരിക്കുന്നതാണ് പൂർണത. രമ്യത അഥവാ harmony എന്നാൽ ഒരു വസ്തുവിന്റെ ഘടനയാണ് .അതിൻ്റെ ആന്തരികമായ ക്രമമാണ് ,പൊരുത്തമാണ് .ഏതൊരു വസ്തുവിനും ഉള്ളിൽ ഒരു ക്രമമുണ്ട്. അത് അതിൽതന്നെ ചിട്ടപ്പെടുത്തിയതു പോലെയാണിരിക്കുന്നത് .അതിനെ പൂർണ്ണതയിൽ കാണുമ്പോൾ ഈ രമ്യതയും വെളിപ്പെടുന്നു. ഒരു പൂച്ച ഒരു സ്വഭാവമാണ്. അതിനു ആ സ്വഭാവത്തെ മറികടക്കാനാവില്ല. ഇതിനെ rhythm of its structure എന്നു പറയാം. ഒരു വസ്തുവിനു തനതായ ഒരു സ്ഥാനമുണ്ട്. വിവിധ ഘടകങ്ങൾ പരസ്പരം പൊരുത്തപ്പെട്ടിരിക്കുന്നതിന്റെ ലയമാണത്. മൂന്നാമത്തേതാണ് Radiance .സൗന്ദര്യം,തിളക്കം എന്നൊക്കെ വിളിക്കാം. മറ്റൊരു ലോകത്തു നിന്നു വളരുന്ന വെളിച്ചമാണ് സൗന്ദര്യം.ഇത് ആന്തരപ്രഭയുടെ പ്രകടനമാണ്.ഉന്നതമായ ഒന്നിന്റെ നിഴലാണത്. ഏതൊന്നിലും മഹത്തായ അതിഭൗതികമായ ഒരു ലക്ഷ്യം കലാകാരൻ കണ്ടെത്തുന്നതിന്റെ ഫലമാണിത് .അജ്ഞാതമായ ഒരു പ്രകാശത്തിന്റെ സാക്ഷാത്കാരമാണത്. കലയിൽ അലൗകികമായ ഒരു പ്രഭാവം കലാകാരൻ കൊണ്ടുവരുന്നു .അത് അയാളുടെ മാത്രം കണ്ടുപിടുത്തമാണ്.
 
സൗന്ദര്യത്തിൻ്റെ ആഘാതം 
 
കലാസൃഷ്ടിയെ പ്രാപഞ്ചികമായ ഒരു പ്രതിനിധാനമാക്കുന്നത് ഈ ഘടകമാണ്. വസ്തുവിന്റെ സൗന്ദര്യാത്മകമായ പ്രതിച്ഛായ കലാകാരൻ ഉൾക്കൊള്ളുകയാണ്. അതാണ് വരയ്ക്കാൻ പ്രേരിപ്പിക്കുന്നത്.കലയുടെ നിർവ്വഹണത്തിലെ മറ്റു മൂന്നു ഘടകങ്ങൾ കൂടി ഇവിടെ ചർച്ച ചെയ്യുന്നുണ്ട് .ഒന്ന്, ഭാവതല(lyrical)മാണ്. രണ്ടാമത്തേത് epical തലമാണ്. മൂന്നാമത്തേത് നാടകീയതലമാണ്. കലാകാരൻ തൻ്റെ ആത്മാവിനോടു സാദൃശ്യമുള്ള ഛായ കലയിൽ സൃഷ്ടിക്കുന്നതാണ് ഭാവതലം .കലാകാരന്റെ ഛായ തന്നെ കലയിൽ നിലീനമാണ്. എപ്പിക്കൽ തലം ,സ്വന്തം പ്രതിച്ഛായയെ കലാകാരൻ്റെയും അനുവാചകരുടെയും ഇടയിലെ കണ്ണിയായി അവതരിപ്പിക്കുന്നതാണ്. നാടകീയ തലമാകട്ടെ സ്വന്തം പ്രതിച്ഛായയെ മറ്റുള്ളവരുമായി ബന്ധിപ്പിച്ചു കാണിക്കുകയാണ്. വിശ്രുത ചിത്രകാരന്മാരുടെ രചനകൾ പരിശോധിച്ചാൽ wholeness,harmony radiance എന്നിവ സജ്ജമാകുന്നത് കാണാം. ചിത്രങ്ങളിലേതു പോലെ പ്രത്യക്ഷവൽക്കരിച്ച്‌ കാണാൻ പ്രയാസമാണെങ്കിലും സാഹിത്യകൃതികളിലും ഇത് പ്രകടമാണ്. മഴയെക്കുറിച്ച് എഴുതുമ്പോൾ മഴയെ പൂർണ്ണതയിൽ കാണുകയാണ് എഴുത്തുകാരൻ .കാക്കനാടൻ്റെ 'മഴയുടെ ജ്വാലകൾ' ഉദാഹരണം. അതിൽ ഒരു ലയമുണ്ട്. അത് ചിത്രീകരിക്കുമ്പോൾ അഭൗമമായ ഒരു പ്രകാശം കടന്നുവരുന്നു.
ജോയ്സിന്റെ നോവലിലെ നായകനായ സ്റ്റീഫന് കലാപരമായ ഉദ്വിഗ്നതയാണുള്ളത്. അയാൾ കലയുടെ പേരിൽ മുറിവേറ്റവനാണ്. അയാൾ സൗന്ദര്യത്തിന്റെ ആഘാതത്തിൽ എല്ലാവരിൽ നിന്നും അകന്നുപോകാൻ ആഗ്രഹിക്കുന്നു.സത്യാന്വേഷണമാണ് കലയിലും സംഭവിക്കുന്നത് .അടിസ്ഥാനപരമായി സത്യത്തെ സ്വീകരിക്കാനുള്ള ഒരു മനസ്സ് പ്രധാനമാണ് .വലിയ കലാകാരന്മാർ ആ മനസ്സിൻ്റെ പൂർത്തീകരണത്തിനായി കഷ്ടപ്പെടുന്നു. അവർ കലാസൃഷ്ടിയിൽ പിന്നെയും പിന്നെയും മിനുക്കുപണികളിലേർപ്പെടുന്നു. ഈ ലോകത്തിലെ അതിസങ്കീർണമായ വിധിയെപ്പറ്റിയുള്ള വിചാരങ്ങളാണ് കലാകാരന്റെ മനസ്സിൽ പുതിയ ഒരു കവാടം തുറക്കുന്നത് .തീർച്ചയായും, ഈ ലോകത്തോട് സ്നേഹമുള്ള ഒരാൾക്ക് മാത്രമേ അറിയപ്പെടാത്ത സത്യത്തിനു വേണ്ടി യാതനയനുഭവിക്കാൻ കഴിയുകയുള്ളൂ.
 
ഇംഗ്ലീഷ് നോവലിസ്റ്റ് ഡി.എച്ച്.ലോറൻസ് എഴുതുന്നത് (Sketches of Etruscan Places and Other Italian Essays) കലയിൽ divination -ഭവിഷ്യജ്ഞാനം - പ്രവർത്തിക്കുന്നുണ്ടെന്നാണ്. അദ്ദേഹത്തിന്റെ വാക്കുകൾ: "നിങ്ങൾ ഈ പ്രപഞ്ചത്തിൽ ജീവിക്കുകയാണെങ്കിൽ, ഈ പ്രപഞ്ചത്തിലേക്ക് നോക്കുന്നത് ഒരു തുമ്പ് കിട്ടാൻ വേണ്ടിയാണ് .നിങ്ങൾ ഒരു ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അവനോട് പ്രാർത്ഥിക്കും. യുക്തിപരമായാണ് ചിന്തിക്കുന്നതെങ്കിൽ അതിലൂടെ എല്ലാം ഗ്രഹിക്കാൻ നോക്കും. എന്നാൽ ഇതിന്റെയെല്ലാം ഒടുവിൽ ഫലം ഒന്നാണ്. പ്രാർത്ഥന ,ചിന്ത, നക്ഷത്രങ്ങളെപ്പറ്റിയുള്ള പഠനം, പക്ഷിനിരീക്ഷണം ,ത്യാഗത്തിൻ്റെ അടിയിലുള്ള മനോനില പഠിക്കുന്നത് തുടങ്ങിയവ ഒരേ പ്രക്രിയ തന്നെയാണ് -divination.ഇത് ഒരു വസ്തുവിൽ നിങ്ങൾക്ക് എത്രമാത്രം സത്യസന്ധമായ, ആത്മാർത്ഥമായ, മതപരമായ ഏകാഗ്രത കൊണ്ടുവരാനാകും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. പല വഴികളിലൂടെ നാം ഒരേയിടത്തു തന്നെ എത്തിച്ചേരും."
 
ആശയങ്ങളുടെ ഗാലക്സികൾ 
 
ആത്യന്തികമായി ഉത്തരമില്ലാത്തതുകൊണ്ട് ഏതോ ദുർഗ്രഹത നമ്മെയെല്ലാം മൂടിയിരിക്കുന്നു. ഈ പ്രപഞ്ചത്തിലായിരിക്കുന്ന നമുക്ക് കോടിക്കണക്കിന് ഗാലക്സികളെക്കുറിച്ചോ , നക്ഷത്രങ്ങളുടെ പിറവിയെക്കുറിച്ചോ, അവയുടെ നാശത്തെക്കുറിച്ചോ, അവയുടെ ഉദ്ദേശങ്ങളെക്കുറിച്ചോ ഒന്നും അറിയില്ല. പലതരം വ്യാഖ്യാനങ്ങളും പഠനങ്ങളും ഉണ്ടെങ്കിലും അതെല്ലാം മാറിക്കൊണ്ടിരിക്കുകയാണ് .എണ്ണമറ്റ ഗാലക്സികൾ എന്തിനാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്? ഈ ഭൂമിയിൽ മാത്രമാണ് മനുഷ്യനു ജീവിക്കാനാവുന്നുള്ളു.മറ്റെവിടെയും മനുഷ്യനില്ല. ഓരോ മനുഷ്യനും ജീവിയും വിലപ്പെട്ടതാണ്. കാരണം, അതുപോലൊന്ന് വേറെ എവിടെയുമില്ല. ഈ അനന്തമായ പ്രപഞ്ചത്തിൽ നമ്മെപ്പോലെ ഈ ഭൂമിയിൽ നാം മാത്രമേയുള്ളു. എത്ര അതുല്യവും അമൂല്യവുമായ ഒരു സാന്നിധ്യമാണിത്. ഒരിക്കൽ പോലും ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത, ഇനി ഒരിക്കലും ഉണ്ടാകാത്ത ഒരു സൃഷ്ടിയെ മാന്ത്രികമെന്നല്ലേ വിളിക്കേണ്ടത് ?ഓരോ സൃഷ്ടിയും വിസ്മയകരം മാത്രമല്ല ,അവിശ്വസനീയവും അതിശയകരവുമാണ്. ഒരു ജീവി യഥാർത്ഥമാണെന്നത് പോലും വിശ്വസിക്കാനാവാത്ത വിധം അത് അതിശയകരമാണ് .അത് ആകെ ദുരൂഹതയാണ്. ഒന്നിനും ഉത്തരമില്ല. എല്ലാം ആയിരമായിരം വ്യാഖ്യാനാത്മക പാഠങ്ങളായി പിരിഞ്ഞുപോവുകയാണ്. വ്യാഖ്യാനങ്ങൾ യാഥാർത്ഥ്യത്തിൻ്റെ സ്ഥാനം നേടുകയാണ്.
നക്ഷത്രങ്ങൾ നമുക്ക് അന്യരല്ല .നമ്മുടെ പിറവിക്കു കാരണമായ എത്രയോ മൂലകങ്ങൾ നക്ഷത്രങ്ങളിൽ കാണാം. ഫോസ്ഫറസ്,മഗ്നീഷ്യം, ഹൈഡ്രജൻ, കാർബൺ ,സൾഫർ തുടങ്ങിയവ നക്ഷത്രങ്ങളിലുണ്ട്, നമ്മളിലുമുണ്ട്. അതുകൊണ്ടു നമ്മളും നക്ഷത്രങ്ങളെ പോലെയാണ് .പ്രപഞ്ചത്തെ ആരും മനസ്സിലാക്കരുതെന്നു ഉദ്ദേശമുള്ളതു പോലെ തോന്നും. നമ്മൾ കഥയറിയാതെ ആട്ടം കാണുകയാണ്. ഈ ആട്ടം തന്നെയാണ് ജീവിതം. ജീവിതത്തെ അറിയാൻ പല വഴികളിലൂടെ നടത്തുന്ന ശ്രമങ്ങളെല്ലാം എത്തിച്ചേരുന്ന അമൂർത്തമായ ഒരു പ്രക്രിയയാണ് ഭവിഷ്യജ്ഞാനം അഥവാ divination.
ഭൗതികജീവിതത്തിനും യഥാർത്ഥ്യത്തിനും അപ്പുറമുള്ള ഒരു തലത്തിലേക്ക് നാം എടുത്തുയർത്തപ്പെടുകയാണ്. മണ്ണിൽ തൊട്ടു നിൽക്കുന്ന നാം പ്രാർത്ഥനയിലൂടെയും ചിന്തയിലൂടെയും നക്ഷത്രങ്ങളിലേക്ക് ഉയർത്തപ്പെടുന്നു. നക്ഷത്രങ്ങൾ നമ്മുടെ കൈകൾക്ക് അപ്രാപ്യമാണ്. പ്രാർത്ഥനയിലൂടെ നാം കൈയെത്താത്ത ലക്ഷ്യത്തെ അംഗീകരിക്കുകയാണ്. കലാപ്രവർത്തനത്തിൽ ഇതാണുള്ളത്. ഏറ്റവും ഭൗതികമായ ഒരനുഭവത്തിന്റെ ഉള്ളിലേക്ക് കയറി ഒരു പ്രപഞ്ചം സൃഷ്ടിക്കുന്നു. അതാകട്ടെ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ ഉയർത്തുന്നു. മഹാപ്രപഞ്ചങ്ങൾ ഓരോ ആശയത്തിനുള്ളിലേക്കും നിർമ്മിക്കപ്പെടുന്നു. കോടാനുകോടി ആശയങ്ങളുടെ ഗാലക്സികൾ മനുഷ്യൻ്റെ ആന്തരികവും ആത്മീയവുമായ ചിന്തകളിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഇത് കണ്ടെത്തുന്നതാണ് മനസ്സിൻ്റെ ശക്തി. ഒരു വ്യത്യസ്ത മനസാണ് കലയ്ക്ക് അടിസ്ഥാനം. സവിശേഷ മനസ്സുള്ളവരാണ് ഉള്ളിലെ ചലനങ്ങളോട് ഉന്നതമായ നിലയിൽ പ്രതികരിക്കുന്നത്. എല്ലാത്തിനോടും പ്രതികരിക്കാൻ എല്ലാവർക്കും സാധ്യമല്ല .അതിലോലമായ ചലനങ്ങളോടു പ്രതികരിക്കാൻ അതിസൂക്ഷ്മമായ അർത്ഥങ്ങൾ സ്വരൂപിക്കാനുള്ള ശേഷി വേണം. അലറിവിളിക്കലോ മുദ്രാവാക്യങ്ങളോ കലയിൽ പ്രധാനമല്ല. കലയിൽ അമൂർത്തതയ്ക്കെതിരെയാണ് യുദ്ധം. കലാകാരൻ തന്റെ വസ്തുവിൽ എത്രമാത്രം ഏകാഗ്രതയോടെ ചേർന്നിരിക്കുന്നുവോ അത്രത്തോളം അയാൾക്ക് അതിൻ്റെ അഭൗമമായ പ്രകാശത്തെ ഉൾക്കൊള്ളാൻ കഴിയും.
 
കൂട്ടിച്ചേർക്കപ്പെടുന്ന സൗന്ദര്യതീവ്രത
 
പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് കലാകാരൻ വാൻ ഡി വെൽദെ (Van De Velde) വരച്ച Peasants and cattle എന്ന ചിത്രം അലൗകികമായ മാനം വേർതിരിച്ചു മനസ്സിലാക്കി തരുന്നു. divination ഈ ചിത്രത്തിൻ്റെ മഹത്തായ നേട്ടമാണ്. കർഷകരും അവരുടെ കന്നുകാലികളുമാണ് വിഷയം. ഒരു ഗ്രാമപ്രദേശമാണ് ചിത്രത്തിലുള്ളത്. ഏതാനും മരങ്ങൾ കാണാം .ഒരു സ്ത്രീ മുഖം നോക്കുകയാണ്. അവളുടെ ഭർത്താവ് അത് നോക്കി നിൽക്കുന്നു. കറ്റകൾ ഒരു വശത്തുണ്ട്. കന്നുകാലികളിൽ മൂന്നെണ്ണം കിടക്കുകയാണ്. ദൂരെ പാടങ്ങളും പറമ്പുകളും കാണാം. ആകാശത്തിന്റെ ഒരു ഭാഗവുമുണ്ട് .വൃക്ഷങ്ങൾക്കിടയിൽ കാണുന്ന ആകാശവും പറമ്പും എത്ര തീവ്രമായി നമ്മെ ആവേശിക്കുന്നു. ചിത്രകാരൻ എന്താണോ വരയ്ക്കാൻ ഉദ്ദേശിച്ചത് അതിനപ്പുറമാണിത്. വസ്തുക്കളുടെ വിവരണത്തിനപ്പുറം സംവദിക്കുകയാണ്. ഒരു സൗന്ദര്യതീവ്രത കൂടിച്ചേർക്കപ്പെട്ടിരിക്കുന്നു. അലൗകികമായ പ്രകാശം ഈ ചിത്രത്തെ മനസ്സിലേക്ക് അടുപ്പിക്കുകയാണ്. മറ്റൊരാൾക്ക് സൃഷ്ടിക്കാനാവാത്ത സൗന്ദര്യമാണിതിലുള്ളത്. കലാകാരൻ സൃഷ്ടിച്ച divination .ജീവിതത്തിന്റെ അസ്ഥിരതയെയും ഭയാശങ്കകളെയും അതിനിടയിൽ കിട്ടാനിടയുള്ള സമാധാനത്തെയും പ്രകാശിപ്പിക്കുന്ന ചിത്രമാണിത് .
ലോറൻസ് തുടർന്ന് എഴുതുന്നു: "ശുദ്ധമായ ശ്രദ്ധയുടെ ഒരു പ്രക്രിയ, നിങ്ങൾക്ക് അതിനു സിദ്ധിയുണ്ടെങ്കിൽ, തീർച്ചയായും അതിന്റേതായ ഒരു ഉത്തരം നൽകാതിരിക്കില്ല .നിങ്ങൾ തിരഞ്ഞെടുക്കുന്ന വസ്തുവിലാണ് പരിപൂർണ്ണമായ ശ്രദ്ധയുണ്ടാവുന്നത്. ഏതൊരു യഥാർത്ഥ കണ്ടെത്തലും ഏതൊരു മർമ്മപ്രധാനവും പ്രസക്തവുമായ തീരുമാനത്തിൽ എത്തിച്ചേരുന്നതും ഈ ഭവിഷ്യദർശനത്തിലൂടെയാണ്. ആത്മാവ് പ്രകമ്പിതമാവുകയാണ്. അതിലൂടെ ശുദ്ധമായ ശ്രദ്ധയുണ്ടാകുന്നു. ഇതാണ് കണ്ടെത്തൽ." ഒരു വസ്തുവിനെ ശ്രദ്ധിക്കുക എന്നു പറയുന്നത് കലാപ്രവർത്തനത്തിന്റെ ഏറ്റവും സൂക്ഷ്മമായ തലമാണ്. എന്തുകൊണ്ട് ശ്രദ്ധിക്കുന്നു ?അതിനു ഒരു മാനമുള്ളതുകൊണ്ടാണ് .ആ മാനവുമായി കലാകാരൻ മാത്രമാണ് സംവദിക്കുന്നത് .
ജനസാമാന്യത്തിന്റെ വിവക്ഷകൾക്കൊത്തല്ല ഫ്രഞ്ച് പെയിന്റർ ജോർജ് ലോഗി(Georges Laugee)Women in the Fields(1900) എന്ന ചിത്രം വരച്ചത് .അപാരമായ ഒരു വിനിമയത്തിലേക്ക് ഈ ലോകത്തെ ഉയർത്തിക്കൊണ്ടു പോകുന്ന ഒരാന്തരദർശനമാണത്. ദൈവമെന്ന ഒന്നുണ്ടെങ്കിൽ അത് ഈ ചിത്രത്തിലും അനുഭവിക്കാം. ജീവിതത്തിൽ നാം കാണാനാഗ്രഹിച്ച അഭൗമരസാത്മകതന്തുക്കൾ ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. മനുഷ്യൻ അറിയാത്ത ഒരു ലീലയുടെ പ്രത്യക്ഷതയാണിത്. ഏതാനും സ്ത്രീകൾ കറ്റ ചുമന്നുകൊണ്ടു പോവുകയാണ്. കൊയ്യാൻ ബാക്കിയുള്ള പാടം പശ്ചാത്തലത്തിൽ കാണാം .എന്നാൽ നടുക്കുന്ന ഒരാവിർഭാവം പോലെ ഭാഗികമായി കാർമേഘത്താൽ മൂടിയ ആകാശവും കാണാം. എവിടെ നിന്നാണ് അതിമനോഹരമായ ഈ ആഖ്യാനം വരുന്നത്?കലയിൽ അർത്ഥമല്ല ആദ്യം തിരയേണ്ടത്, ഈ ആഖ്യാനമാണ്. എന്തുകൊണ്ട് ചിത്രകാരൻ ഈ സ്ത്രീകളെ തിരഞ്ഞെടുത്തു? അതിനു തീവ്രത വർദ്ധിപ്പിക്കാനായി തീ നിറമുള്ള ചെടികൾ പശ്ചാത്തലത്തിൽ വരച്ചിരിക്കുന്നു. ആകാശമാകട്ടെ വളരെ മാനുഷികമാണ്. എല്ലാം മാനുഷികമാക്കപ്പെട്ടിരിക്കുന്നു. ഏത് വസ്തുവും കലയിൽ മാനുഷികമാക്കപ്പെടുകയാണ് ചെയ്യുന്നത്.
മനുഷ്യവിഷാദത്തെയും ജീവിതത്തിൻ്റെ അസ്ഥിരതയെയും അത് അന്തർവഹിക്കുകയാണ്. തൊഴിലാളികൾ ജോലി ചെയ്യുന്നതിൻ്റെ ഒരു നിമിഷമാണിത്.അവർ സഞ്ചരിക്കുന്നത് നമ്മുടെ ഹൃദയത്തിലൂടെയല്ല ;ഈ മഹാപ്രപഞ്ചത്തിലെ അനന്യമായ ഒരു വിതാനത്തിലൂടെയാണ് .അവർ പാടത്ത് നിന്നു ഒരു പാതയിലേക്ക് എത്തുകയാണ്. അവർ എന്തെങ്കിലും പറയുന്നുണ്ടാകും ,തീർച്ച.ഇതിലെ പ്രകാശവിന്യാസവും വർണസഞ്ചയവും കലാകാരന്റെ 'ശ്രദ്ധ'യുടെ ഭാഗമാണ്. ലോറൻസ് പറയുന്ന പവിത്രമായ ശ്രദ്ധ ഇതാണ്. ശ്രദ്ധയുടെ ഉത്തരം ഈ വർണ്ണ വിന്യാസവും പ്രകാശധാരയുമാണ്. ഇത് മനുഷ്യാസ്തിത്വത്തിനു മഹത്വത്തിൻ്റെയും സൗന്ദര്യത്തിന്റെയും അധികമാനം നൽകുകയാണ്. ലോറൻസിന്റെ ഉത്തരമാണിത്. കലാകാരൻ എത്തിച്ചേരുന്ന തീക്ഷ്ണ സൗന്ദര്യമുഹൂർത്തവും ഇതുതന്നെയാണ് .ഈ ചിത്രത്തിലെ ഓരോ വസ്തുവിലും കലാകാരൻ ധ്യാനിച്ചു. അതിനു സൗന്ദര്യമുണ്ടാകാനുള്ള കാരണം ഇതാണ് .കലാവസ്തുക്കളിൽ കലാകാരൻ ജീവിതം തേടുകയാണ്. അയാൾക്ക് തുറക്കാനുള്ള ലോകമാണ തിലുള്ളത്. ഇത് പ്രവചനാത്മകമാണെന്നു ലോറൻസ് നിരീക്ഷിക്കുന്നു .ഇത് നമ്മുടെ കൺമുന്നിലുള്ളതല്ല .അതേസമയം നമ്മുടെ ഭാവിയിലുള്ളതാണ്. ആലോചനയിലൂടെയും ദർശനത്തിലൂടെയുമാണ് ആ ഭാവിയിലെത്തിച്ചേരുന്നത് .അത് പ്രവാചകമനസ്സിൻ്റെ സംഭാവനയാണ്. കലാകാരനിൽ പ്രവാചകൻ ജീവിക്കുന്നു. കലയാണ് ,സൗന്ദര്യമാണ് ആ പ്രവാചകന്റെ മതം. ആത്മാവിൻ്റെ പ്രകമ്പനമാണ് സംഭവിക്കുന്നത് .വളരെ തീവ്രമായ, ആസക്തമായ ,ഭ്രമിപ്പിക്കുന്ന കലാവിദ്യ ഈ ലോകത്തെ പ്രവചിക്കുകയാണ്. ലോകത്തിൽ നിലീനമായിരിക്കുന്ന സൗന്ദര്യത്തെക്കുറിച്ച് ദീർഘദർശനം ചെയ്യുകയാണ് കലാകാരൻ.
 
വെളിപാടിൻ്റെ നിമിഷം 
 
ലോറൻസ് തന്റെ കലാസിദ്ധാന്തം ഇവിടെ അവതരിപ്പിക്കുന്നുണ്ട്:
"It is the same with the study of stars,or the sky of stars.Whatever object will bring the consciousness into a state of pure attention ,in a time of perplexity ,will also give back an answer to the perplexity." നക്ഷത്രങ്ങളെക്കുറിച്ച്, ആകാശത്തെക്കുറിച്ച് പഠിക്കുമ്പോൾ ഇവിടെ തന്നെ നാം എത്തിച്ചേരുമെന്നാണ് ലോറൻസിന്റെ ചിന്ത .ഒരു പരമമായ ശ്രദ്ധയിലേക്ക് നമ്മുടെ ബോധത്തെ കൊണ്ടുവരുന്നത് ഏത് വസ്തുവായാലും, കുഴപ്പിക്കുന്ന ഒരു സമയത്ത് ,അത് ഈ സമസ്യയ്ക്ക് ഉത്തരം തരും. കലാവസ്തു സൃഷ്ടിയുടെ വേളയിലേക്ക് നയിക്കുകയാണ്. അത് ശുദ്ധമായ ശ്രദ്ധയാണ് തരുന്നത് .ഒരു വ്യക്തികേന്ദ്രീകരണമാണത്. ഒരാളുടെ ശ്രദ്ധ അതിൽ കേന്ദ്രീകരിക്കുകയാണ്. ഒരാളുടെ അസ്തിത്വം അതിൽ കേന്ദ്രീകരിക്കുകയാണ്. ഒരു അന്തർമണ്ഡലത്തിലേക്ക് കലാകാരൻ ഉൾവലിയുന്നു. അത് ആന്തരിക ശ്രദ്ധയാണ് .അത് അറിവ് നൽകുകയാണ് .അത് വെളിപാടായി മാറുകയാണ്. സമൂഹത്തിലെ ഒരു വ്യവസ്ഥയ്ക്കും നൽകാൻ കഴിയാത്ത അറിവും ശാന്തിയുമാണ് സ്തോഭജനകമായ അവസ്ഥയിലൂടെ സഞ്ചരിച്ചു കലാകാരൻ അനുഭവിക്കുന്നത്. കലാവസ്തു മനസ്സിലുണ്ടാക്കുന്ന പരമശാന്തത അല്ലെങ്കിൽ ശ്രദ്ധ ഒരു സമസ്യയാണ്. ആ സമസ്യയ്ക്ക് ഉത്തരം ആ കലാവസ്തു തന്നെ തരുമെന്നാണ് ലോറൻസിൻ്റെ സിദ്ധാന്തം. വിവരിക്കാനാവാത്ത അവസ്ഥയിലാണ് വസ്തു കലാകാരൻ്റെ മനസ്സിലേക്ക് പ്രവേശിക്കുന്നത്. കറ്റയുമായി പോകുന്ന സ്ത്രീകളെ പലരും പലപ്പോഴും കണ്ടിട്ടുണ്ടാകും .എന്നാൽ അവരാരും ലോഗിയുടെ കണ്ണിലൂടെ അത് കണ്ടിട്ടില്ല. ലോഗിപോലും അത് ജീവിതത്തിൽ ഒരിക്കൽ മാത്രമാവും അനുഭവിച്ചിട്ടുണ്ടാവുക. ആകസ്മികമായി അത് ഉണ്ടായതാണ്. അതിനായി മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നില്ല. ഒരു വസ്തുവിലേക്കുള്ള നോട്ടം ചിലപ്പോൾ വലിയ തിരിച്ചറിവും അർത്ഥവുമായി പരിണമിക്കുകയാണ് .ഉന്നതമായ ശ്രദ്ധ എപ്പോഴും ഉണ്ടാവുകയില്ല. അതിനൊരു നിമിഷം വേണം .അത് ഒരു ഉണർവ്വാണ്. ഉണർവ്വിൻ്റെ സൂചിമുനയാണ്. അത് സൗന്ദര്യത്തിന്റെ ആഘാതമാണ്. 
 
അപാരതയുടെ ദൃശ്യത 
 
അപൂർവ്വനിമിഷത്തിൽ ഒരു വെളിപാടുപോലെ വസ്തു ഉരുത്തിരിയുമ്പോൾ കലാകാരൻ നടുക്കത്തോടെ പുതിയൊരു സുവിശേഷം ഗ്രഹിക്കുന്നു .എന്തിനാണ്, എങ്ങനെയാണ് എന്നൊന്നും അറിയാത്ത സൗന്ദര്യാനുഭവമാണത്. അതിൻ്റെ അർത്ഥം എന്താണെന്നു തിരയാൻ കലാകാരൻ അശക്തനാണ്. ലോഗിയുടെ ചിത്രത്തിൻ്റെ അർത്ഥമെന്താണെന്നു ചോദിച്ചാൽ പലർക്കും പല അർത്ഥങ്ങൾ കണ്ടെത്താൻ കഴിഞ്ഞേക്കും. എന്നാൽ ലോഗി ഒരർത്ഥം സൃഷ്ടിക്കാൻ വേണ്ടിയല്ല അത് വരച്ചത്. അർത്ഥം കൈയിലുണ്ടായിരുന്നെങ്കിൽ വരയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആ അർത്ഥം എഴുതിവെച്ചാൽ മതിയായിരുന്നു. അത് ആളുകൾ മനസ്സിലാക്കുമായിരുന്നു. എന്നാൽ കലാകാരന് അർത്ഥമല്ല പ്രധാനം; അപൂർവവും അഭൗമവുമായ രസാത്മകതന്തുക്കളാണ് .അതിലാണ് കലാകാരന്റെ പ്രാണനിരിക്കുന്നത്. അർത്ഥമല്ല, അനുഭവമാണ് ലഭിക്കുന്നത്.കറ്റയുമായി പോകുന്ന സ്ത്രീകൾ ആശയപരമായ ഒരു വ്യാഖ്യാനമല്ല .അത് ജീവിതത്തിൽ മറയ്ക്കപ്പെട്ട ഒരു വലിയ പ്രലോഭനത്തിന്റെ, ചാരുതയുടെ, അപാരതയുടെ ദൃശ്യതയാണ്. അത് എവിടെയുമില്ലാത്ത പ്രകാശധാരയായിരുന്നു. അതിനു വേണ്ടിയാണ് കലാകാരൻ അലഞ്ഞത്. സ്ത്രീകൾ കറ്റയുമായി നടക്കുന്നത് , വരച്ചാൽ കിട്ടാത്ത മനോഹാരിതയായി ലോഗി കണ്ടെത്തുന്നു. ഈ കണ്ടെത്തൽ അദ്ദേഹത്തിൻ്റെ ആന്തരികമായ രസാത്മകതയുടെ അലൗകിക തലമാണ് കാണിച്ചുതരുന്നത് .അലൗകികത നമ്മുടെ കൈപ്പിടിക്കുള്ളിലല്ല, അത് പ്രവചനാത്മകമാണ് .ലോറൻസ് ആ പ്രവചനാത്മകതയ്ക്ക് ഊന്നൽ നൽകുന്നുണ്ട്.കറ്റയേന്തിയ സ്ത്രീകളുടെ ചലനത്തിൻ്റെ നൈമിഷികമായ ആകർഷണം പകർത്തുകയാണ്. പശ്ചാത്തലത്തിലെ പ്രകൃതിയുടെ ഭംഗിയും വാക്കുകൾ കൊണ്ട് പകരാനാവാത്തതാണ്. ഈ ഭംഗിയാണ് കലാകാരന്റെ അവ്യവസ്ഥയ്ക്ക്, സങ്കീർണതയ്ക്ക് ,സമസ്യയ്ക്ക് ഉത്തരമായി മാറുന്നത് .
ഒരു വസ്തുവിലേക്ക് പരമശ്രദ്ധയിൽ നോക്കുമ്പോൾ അത് സമസ്ത ജീവിതങ്ങളുടെയും അന്വേഷണങ്ങളുടെയും ആത്യന്തികമായ അറിവിൻ്റെ ചെറുരൂപമാകുകയാണ് ചെയ്യുന്നത്. എല്ലാം കണ്ടും കേട്ടുമല്ല കലാകാരൻ്റെ അത്ഭുതകവിത പ്രവർത്തിക്കുന്നത്. വാൻഗോഗ് ഉരുളക്കിഴങ്ങു വരയ്ക്കുമ്പോൾ അത് ഉരുളക്കിഴങ്ങിൽ ഒതുങ്ങുന്നില്ല. സമസ്ത ജീവിതങ്ങളുടെയും വസ്തുക്കളുടെയും അർത്ഥമായി പരിണമിക്കുന്നു. ഉരുളക്കിഴങ്ങിൽ വാൻഗോഗ് തന്റെ ശ്രദ്ധ കേന്ദീകരിക്കുന്നു. അത് വേദനാജനകമായ പ്രാർത്ഥനയായിത്തീരുന്നു. അങ്ങനെ വാൻഗോഗ് തന്റെ ബോധത്തിന്റെ കേന്ദ്രത്തിൽ അതിനെ പ്രതിഷ്ഠിക്കുന്നു. അപ്പോൾ ഉരുളക്കിഴങ്ങ് അനാവരണം ചെയ്യുന്നത് സമസ്ത ജീവിതങ്ങളുടെയും വിധിയാണ് .ഇങ്ങനെയേ വലിയ കലാകാരന്മാർക്ക് സൃഷ്ടിയിൽ ഏർപ്പെടാനാവൂ. ഒരു ചെറിയ വസ്തുവിനെയാണ് ചിത്രീകരിക്കുന്നതെങ്കിൽ പോലും അതിൽ ലോറൻസ് സൂചിപ്പിക്കുന്ന ഭവിഷ്യകഥനം സംഗതമാണ്.
 
പുല്ലിൻ്റെ മുന്നിൽ ഒരു സാമ്രാജ്യവുമില്ല 
 
സൂര്യനു കീഴിലുള്ളതെല്ലാം വ്യർത്ഥമാണെന്ന പഴയനിയമത്തിലെ സഭാപ്രസംഗകന്റെ പ്രസ്താവന സൃഷ്ടികർത്താവിൻ്റെയുള്ളിലും സ്വാഭാവികമായി രൂപപ്പെടുന്നു.ലോറൻസ് നിരീക്ഷിക്കുന്നത് ഏറ്റവും ചെറിയ വസ്തുവിലും ഒരു കലാകാരനു സ്വയം ദർശിക്കാൻ കഴിയുമെന്നാണ്. സ്വയം ദർശിക്കുക എന്നു പറഞ്ഞാൽ വ്യക്തിപരമായ കാര്യങ്ങളല്ല; പ്രാപഞ്ചികമായ പ്രവചനമാണ്. കലാകാരൻ സ്വയം പ്രതിനിധാനം ചെയ്യുന്നതിനു പകരം വിധിയെ പ്രതിനിധീകരിക്കുന്നു. സകല ജീവികളുടെയും ദ്വന്ദാത്മകതയെയും അനശ്വരമായ വിധിയെയും പ്രതിനിധീകരിക്കുന്നു. കിരാതമായ പ്രവൃത്തികൾക്ക് പലതിനെയും നശിപ്പിക്കാനാവും. പക്ഷേ അതിൻ്റെ ഫലം നിലനിൽക്കണമെന്നില്ല. മനുഷ്യജീവിയല്ല ഈ ഭൂമുഖത്ത് എല്ലാ ജീവികളെയും താങ്ങിനിർത്തുന്നത്. ഇത് വലിയൊരു സത്യമാണ്.
 
 ലോറൻസ് പറയുന്നു: "It is the grass of the field ,most frail of all things ,that supports all life all the time." വെറും പുല്ല്, ഏറ്റവും ദുർബ്ബലമായ പുല്ല് എല്ലാ ജീവിതങ്ങളെയും നിലനിർത്തുന്നുവെന്ന്. തൃണവൽഗണിക്കുക എന്ന് ഒരു ചൊല്ല് മലയാളത്തിലുണ്ട് .തൃണവൽഗണിക്കുന്നവൻ്റെ മനസ്സ് ശരിയല്ല; പുല്ല് ആ അവഗണനയിൽ ഇല്ലാതാവില്ല. വെറും പുല്ലായി തള്ളിക്കളയാനാവില്ല പുല്ലിനെ. പുല്ലിന്റെ മുന്നിൽ ഒരു സാമ്രാജ്യവുമില്ല; ഒരുത്തനും ഭക്ഷണം കിട്ടുകയില്ല .എല്ലാ ധാന്യങ്ങളും പുല്ലിൽ നിന്നാണ് വരുന്നത് .ധാന്യം തരുന്നതെല്ലാം പുല്ലായി ജന്മമെടുക്കുന്നു. പുല്ല് ഉണ്ടായിരുന്നില്ലെങ്കിൽ ഹെർക്കുലീസിനോ നെപ്പോളിയനോ ഹെൻറി ഫോർഡിനോ ഈ ഭൂമിയിൽ അസ്തിത്വം ഉണ്ടാകുമായിരുന്നില്ല. ക്രൂരമായ ശക്തികൾ പല സസ്യങ്ങളെയും നശിപ്പിച്ചു. എന്നാൽ സസ്യങ്ങൾ പിന്നെയും മുളച്ചുപൊന്തുന്നു. ബുദ്ധനും ക്രിസ്തുവിനും മുമ്പ് രാപ്പാടികൾ പാടി. ബുദ്ധൻ്റെയും ക്രിസ്തുവിൻ്റെയും വാക്കുകൾ മറവിയിലേക്ക് പോയിക്കഴിഞ്ഞാലും രാപ്പാടികൾ പാടിക്കൊണ്ടിരിക്കും. എന്തെന്നാൽ അവ ഒന്നും പ്രബോധനം ചെയ്യുന്നില്ല , പഠിപ്പിക്കുന്നില്ല ,നിർബന്ധിക്കുന്നില്ല. അവ പാടുക മാത്രം ചെയ്യുന്നു."
 
അവയ്ക്ക് വാക്കുകൾ പോലും വേണ്ട. ശബ്ദം മതി. എത്ര ഉദാരവും സ്നിഗ്ദ്ധവും സുന്ദരവും സ്വാഭാവികവും മിതവും സ്നേഹാത്മകവുമാണ് അവയുടെ ജീവിതം. ഇതാണ് കലാകാരൻ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. എല്ലാ തേരോട്ടങ്ങളുടെയും അടിയിൽ നിത്യമായി സ്പന്ദിക്കുന്നതെന്തെന്ന ചോദ്യം ഒരു മിന്നൽ പോലെ അവൻ്റെ മനസ്സിൽ ഉദിച്ചുയരുന്നു .അതിനുള്ള ഉത്തരം ലഭിക്കുന്നു. ഈ പ്രകൃതിയുടെ പരപ്പിൽ അതിനുള്ള ഉത്തരമുണ്ട്. നിത്യമായ ചില ആവിർഭാവങ്ങളുണ്ട് .എത്ര തകർത്താലും ജീവൻ പിന്നെയും ശേഷിക്കുന്നു. വിത്തായി ,മുട്ടയായി, തണ്ടായി അത് ശേഷിക്കുന്നു. മണ്ണിനടിയിലേക്ക് തള്ളിയാലും എവിടെനിന്നോ അത് വീണ്ടും മുളയ്ക്കുന്നു. എത്ര അതിജീവനശേഷിയാണ് അവയ്ക്ക്. ഈ കരുത്ത് ,അപ്രതിരോധ്യത , അതിജീവനശേഷി എന്നിവയാണ് കലാകാരൻ തന്റെ മൃദുവായ സംവേദനക്ഷമതയിലൂടെ തൊട്ടറിയാൻ ശ്രമിക്കുന്നത്.
 
ലോറൻസിന്റെ കലാസിദ്ധാന്തങ്ങളിൽ നാം കാണുന്നത് മനസ്സിന്റെ ഉന്നതമായ അവസ്ഥയിൽ തെളിയുന്ന വസ്തുവിൻ്റെ ചിത്രമാണ്. ഉത്തരം കിട്ടാതെ അലയുന്ന നിമിഷത്തിൽ എത്തിച്ചേരുന്ന ഒരു ബിന്ദുവുണ്ട്. അത് ഭാവിജീവിതത്തെയും പ്രതിപാദിക്കുന്ന ഒരു രൂപമോ ആശയമോ ആയിരിക്കും. എട്രൂസൻ ശവകുടീരത്തിൽ വരച്ചുവച്ചിരിക്കുന്ന പക്ഷി എവിടെയാണ് പറക്കുന്നത്?അത് ജീവിക്കുന്ന പ്രപഞ്ചത്തിലൂടെ വികാരങ്ങളായി പറക്കുന്നു; പ്രതീക്ഷകളായി മനുഷ്യഹൃദയത്തിലൂടെ പറക്കുന്നു .അല്ലെങ്കിൽ ചിന്തകളായി മനുഷ്യമനസ്സിലൂടെ പറക്കുന്നു. കുഴിമാടത്തിൽ വരച്ചുവച്ചിരിക്കുന്ന പക്ഷി ഒരു ലെൻസാണ്. എല്ലാത്തിന്റെയും സങ്കീർണമായ ജീവിതവിധിയെ സൂക്ഷ്മമായി അറിയാനുള്ള ലെൻസ് .


പ്രസാധകൻ ഓണപ്പതിപ്പിലെ ലേഖനം (2026)
d h lawrence, home library, library council, reading , readers, instagram , museum library, college , kottayam. calicut, ministers, 
 
 

 
 






, press conference, m k harikumar