
“കൊല്ലായ്കിലവൻ ഗുണമുള്ള പുമാ-
നല്ലായ്കിൽ മൃഗത്തൊട് തുല്യനവൻ
കൊല്ലുന്നവനില്ല ശരണ്യത മ –
റ്റെല്ലാവക നന്മയുമാർന്നീടിലും.”
ഗുരുവിൻ്റെ മനുഷ്യൻ ആരെയും കൊല്ലാത്തവനാണ്. അവൻ പുതിയൊരു യുഗത്തിന്റെ ഉദ്ഘാടകനാണ്. അവനിലൂടെ ലോകം ചുറ്റിത്തിരിയേണ്ടതുണ്ട്.അരബിന്ദോ പറഞ്ഞ ആ വലിയ മനുഷ്യൻ , ഇന്നത്തെ മനുഷ്യരിൽ നിന്ന് പരിണമിച്ചുണ്ടാകുന്ന വിവേകി, അതാണ് ഗുരുവിൻ്റെ മനുഷ്യൻ. ഗുരു അതിനു സമാനമായാണ് ദീർഘദർശനം ചെയ്തത്. തിന്മയും അപകർഷതയും ഉള്ളിൽ കൊണ്ടുനടക്കുന്ന ആളുകളെ ബോധോദയത്തിലൂടെ യഥാർത്ഥ മനുഷ്യരാക്കുകയാണ് ഗുരുവിൻ്റെ ലക്ഷ്യം. അതിനാണ് ക്ഷേത്രപ്രതിഷ്ഠകളും സൂത്രവാക്യങ്ങളും കവിതകളും ഗുരു ഉപയോഗിച്ചത്.ഗുരുവിന്റെ മനുഷ്യൻ വളരെ ഉയരത്തിലാണ് .ആ മനുഷ്യനിലേക്ക് നമുക്ക് യഥാർത്ഥമായി ഉയരാനാവില്ല. കാരണം, അത് ആദർശമനുഷ്യനാണ്. ജാതിവെറി പിടിപെട്ടവർക്ക് ഗുരുവിൻ്റെ മനുഷ്യനിലേക്ക് പെട്ടെന്ന് എത്താനാവില്ല.സർവ്വരും സോദരത്വേന വാഴുന്ന സ്വതന്ത്രലോകമാണ് ഗുരു ഭാവന ചെയ്തത്. അവിടെ നമ്മളുണ്ടോ എന്ന് ആലോചിക്കാവുന്നതാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞതിലും ഒരു മനുഷ്യനുണ്ട്. ആ മനുഷ്യൻ നമ്മളാണോ? നമ്മൾ ശരിക്കും മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ചിന്തിക്കേണ്ടവരല്ലേ?
സ്വന്തം മതത്തോടൊപ്പം മറ്റു മതങ്ങളെയും മാനിക്കണം. അവിടെ ഗുരു മനുഷ്യനെ കുറേക്കൂടി ഉയരത്തിൽ പ്രതിഷ്ഠിക്കുന്നത്.
ഗുരു മനുഷ്യനിൽ ദൈവത്തെ കണ്ടു. മനുഷ്യൻ ശ്രമിച്ചാൽ ദൈവത്വം ആർജിക്കാം .അതിനു വേണ്ട പ്രധാന ഗുണം ദൈവത്തെ അറിയുകയാണ്. നല്ല പ്രവൃത്തികൾ ചെയ്യുന്നതാണ് ദൈവത്തെ അറിയാനുള്ള വഴി. നാം ആത്മപരിശോധന നടത്തണം. സ്വയം ശുദ്ധി വരുത്തണം. അതിനായി എല്ലാ ഇന്ദ്രിയങ്ങളെയും ശുദ്ധമാക്കണം.ഭിന്നതയില്ലാതെ മനുഷ്യരെ നോക്കണം.പാവപ്പെട്ടവനെയും ധനികനെയും ഒന്നുപോലെ നോക്കണം. എല്ലാവരിലും ഒരേ ദൈവത്തിൻ്റെ ചൈതന്യമാണുള്ളത്. ആ ചൈതന്യത്തെ തിരിച്ചറിഞ്ഞാൽ നാം ഗുരുവിൻ്റെ മനുഷ്യൻ എന്ന സങ്കല്പത്തിലേക്കുയരും. ആ മനുഷ്യൻ ദയാലുവാണ്. അവൻ മതങ്ങളെ തുല്യതയോടെ കാണുന്നു. അവൻ തൻ്റെയുള്ളിലെ അധമചിന്തകളെ നിയന്ത്രിക്കുകയും നല്ല ചിന്തകളെ വളർത്തിയെടുക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു.
ഗുരു ദൈവത്തെ സ്രഷ്ടാവെന്ന് വിളിക്കുന്നുണ്ട്,’ദൈവദശക’ത്തിൽ. ദൈവത്തെ പോലെ നമ്മളും സ്രഷ്ടാവാണ്. നമ്മൾ ലോകത്തെ സർഗാത്മകമായി പുന:സൃഷ്ടിക്കുന്നു. കലയും ശാസ്ത്രവും നമ്മുടെ സൃഷ്ടികളാണ്. അതുകൊണ്ട് നമ്മളിൽ ദൈവമാണ് പ്രവർത്തിക്കുന്നത്. നമുക്ക് ദൈവികതയിലേക്ക് എത്താനാവും. അനുകമ്പയും സ്നേഹവും അതിൻ്റെ വഴികളാണ്. നാം പ്രവർത്തിക്കുന്നതിനനുസരിച്ച് നമ്മുടെ ദൈവികതയും വളരുകയാണ്.
ജീവിതത്തിന്റെ സമസ്ത മേഖലകളെയും നവീകരിച്ചതാണ് ഗുരുവിൻ്റെ പ്രായോഗിക ജീവിത സമീപനങ്ങളുടെ വിജയമായി കാണുന്നത്. ഗുരുജയന്തി നമുക്ക് നൽകുന്ന വലിയൊരു ഉൽകൃഷ്ടതയാണത്. ജീവിതത്തിൽ പാലിക്കേണ്ട മര്യാദകൾ , അന്ധവിശ്വാസങ്ങളിൽ നിന്നുള്ള വിടുതൽ, സംഘടിക്കാനും പോരാടാനുമുള്ള വീര്യം പകരൽ എന്നിവ അതിലടങ്ങിയിരിക്കുന്നു. ആരാധനാരീതി സമ്പൂർണ്ണമായി പരിഷ്കരിച്ചു. വളരെ ഉയരത്തിൽ ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന ക്ഷേത്രങ്ങൾക്ക് പകരം ചെറിയ, വിശുദ്ധിയുള്ള മന്ദിരമാണ് ആരാധനയ്ക്കായി പ്രാർത്ഥനയ്ക്കായി ഗുരു നിർദേശിച്ചത്.പ്രാർത്ഥനയ്ക്ക് വേണ്ടത് മമതയും സ്നേഹവും ത്യാഗവുമാണ്. ആരാധന വിശുദ്ധമായിരിക്കണം.
സന്യാസിമാരുടെ വേഷത്തിൽ പോലും ഗുരു സ്വതന്ത്രമായ നിലപാടെടുത്തു. ഗുരു വെള്ള വസ്ത്രം ധരിച്ചിട്ടുണ്ട്. സന്യാസിമാർക്ക് ഇഷ്ടം പോലെ വസ്ത്രം ധരിക്കാമെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. ഒരു വിദേശിക്ക് സന്യാസദീക്ഷ നൽകിയപ്പോൾ ഗുരു തിരഞ്ഞെടുത്ത് ആശീർവദിച്ചത് പാൻറ്സും ഷർട്ടും ടൈയുമാണ്. സന്യാസം വേഷത്തിലല്ല കർമ്മത്തിലാണെന്ന് അവിടെ ഓർമിപ്പിക്കുകയും ചെയ്തു. മതം അന്ധനാകാനുള്ളതല്ല, വിവേകത്തിനുള്ള സൂക്ഷദർശിനിയാണെന്ന് ഉദ്ബോധിപ്പിച്ചു. മതം വേണ്ടെന്ന് പറഞ്ഞിട്ടില്ല ;മതസൗഹാർദ്ദത്തിലാണ് ഊന്നിയത്. എല്ലാ മതങ്ങളെയും സ്നേഹിക്കുകയാണ് വേണ്ടത്. എല്ലാ മതങ്ങളിലും ഉൾപ്പെട്ടവരെ സഹോദരങ്ങളായി കാണുക. അതാണ് മതസാരത്തിന് ഇണങ്ങുന്നത്. ഗുരുവിൻ്റെ ആത്മമന്ത്രമാണ് ഈ മതസങ്കല്പം. മനുഷ്യരെല്ലാം ഒരു സമുദായമാണ് എന്ന ദർശനമാണ് ഗുരു മുന്നോട്ടു കൊണ്ടുപോയത്. മനുഷ്യൻ നന്നാവുന്നത് ഇവിടെയാണ്. ആരാധന ദൈവത്തിൻ്റെ അനുഭവമാകണം. ക്ഷേത്രത്തിൽ വരുന്നവർക്ക് കാറ്റുകൊള്ളാനും പുസ്തകം വായിക്കാനും അവസരമുണ്ടാകണമെന്ന് ഗുരു സംഭാഷണത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഇത് നവീകരണമല്ലേ? ക്ഷേത്രത്തിനു ‘ഭംഗിയും വൃത്തിയും’ വേണം. അവിടെ വരുമ്പോൾ നല്ല ചിന്തകളുണ്ടാകണം. ക്ഷേത്രമുറ്റത്ത് പൂന്തോട്ടവും വായനശാലയും വേണമെന്ന കാഴ്ചപ്പാട് എത്ര നവീനമാണ്!
മറ്റൊരു പ്രധാന കാര്യം -ഗുരുവിൻ്റെ പ്രസ്ഥാനയാത്രയും പുതിയ ഉണർവ്വും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു.അത് വിപ്ലവകരമായ മുന്നേറ്റമായിരുന്നു. ഒരു പ്രത്യേക ജാതിവിഭാഗത്തിന്റെ മാത്രം പ്രക്ഷോഭമായിരുന്നില്ല.എല്ലാ സമുദായങ്ങളുടെയും പ്രബുദ്ധതയാണ് ഗുരുവിലേക്ക് ഒഴുകിയെത്തിയത്. ഗുരുവിന് ഇതര മതങ്ങളിൽപ്പെട്ട ശിഷ്യന്മാരുണ്ടാവാൻ കാരണമതാണ്. ഗുരുവിൻ്റെ അനുയായികളായി വന്ന് പിന്നീട് സന്യാസിമാരായ പലരും ബ്രാഹ്മണരും ഉയർന്ന സമുദായത്തിൽപ്പെട്ടവരുമായിരുന്നു. എന്തുകൊണ്ടാണ് അവർ ഗുരുവിനെ മഹാഗുരുവായി കണ്ട് പിൻപറ്റിയത് എന്നു ചോദിച്ചാൽ പ്രബുദ്ധയ്ക്ക് ജാതിയില്ല എന്നാണ് ഉത്തരം.
ഭേദചിന്ത ഉണ്ടായാൽ അത് ഭ്രമമാണ് .ഈ ജീവിതത്തിൽ എങ്ങനെ ഭേദചിന്ത ഒഴിവാക്കാമെന്നാണ് ആലോചിക്കേണ്ടത്. ഇത് ഉപേക്ഷിച്ച് തത്വശാസ്ത്രപരമായി ലോകസാരത്തെ ബ്രഹ്മത്തിൽ അന്വേഷിച്ചാൽ ഒരാശയത്തിൻ്റെ സൂക്ഷ്മരൂപത്തിലാണ് എത്തുന്നത്. അത് പ്രായോഗികമായി മറ്റൊരാൾക്ക് കാണിച്ചുകൊടുക്കാനാവില്ല.
വ്യക്തിപരമായ യാത്രയാണത്. ഒരാൾ ഈ മാർഗത്തിലൂടെ സഞ്ചരിച്ചാൽ ലോകത്ത് ഒരു മാറ്റവുമുണ്ടാകില്ല. അതുകൊണ്ട് ഗുരു തത്വത്തെ പ്രായോഗികമായി അവതരിപ്പിച്ചു.
ഗുരു പ്രത്യേകമായി പറഞ്ഞിട്ടുള്ളത് വേദാന്തത്തെക്കുറിച്ച് അമിതമായ ചർച്ച വേണ്ടെന്നാണ്. കടലിലെ തിരകൾ പോലെയാണ് നാം. തിരകൾ കടലിൽ നിന്ന് അന്യമല്ല. തിരകൾ കടലിൽ തന്നെ ചേരുകയാണ്. ഇത് മനസ്സിലാക്കിയാൽ മതി, ദൈവവുമായി അടുക്കാൻ കഴിയും .ഈ ജ്ഞാനം ജീവിതത്തിൽ എപ്പോഴുമുണ്ടായിരിക്കണം. നാം സർവത്ര ജീവിക്കുന്നവരല്ല; നശ്വരരാണ്. നശ്വരതയ്ക്ക് അർത്ഥം കണ്ടെത്താൻ വിധിക്കപ്പെട്ടവരാണ്. ഈ നശ്വരമായ ജീവിതത്തിൽ എങ്ങനെ നല്ല മനുഷ്യനാകാമെന്നാണ് ഗുരു ആലോചിച്ചത്.എന്താണ് മനുഷ്യൻ? ഗുരു മിക്കപ്പോഴും അത് പറഞ്ഞിട്ടുണ്ട് .മനുഷ്യൻ എന്നത് ഒരു കേവലപദമാണ്. മനുഷ്യനിൽ നമ്മളൊക്കെയുണ്ടെന്ന് പറയാനാവില്ല. ഓരോരുത്തരും വേറിട്ട ആളുകളാണ്. എന്നാൽ ഗുരു സ്വാതന്ത്ര്യത്തെ വ്യാഖ്യാനിച്ചത് മറ്റൊരു രീതിയിലാണ്.ആരാധിക്കാൻ മറ്റാരുടെയും അനുമതി പത്രം ആവശ്യമില്ല. വളരെ ലഘുവായ ഒരു ബോധമാണത്. ഒരു കല്ലിൽ ശിവനെ കണ്ടെത്തിയ ഗുരു അത് ലോകജനതയ്ക്കാകെ മാതൃകയാണെന്ന് പറയുകയാണ്. അത്രയേയുള്ളൂ ആരാധനയ്ക്ക് വേണ്ടതായ സ്വാതന്ത്ര്യം.വലിയ സ്ഥാപനങ്ങൾ വച്ചുനീട്ടുന്നതല്ല ആ സ്വാതന്ത്ര്യം. അത് നാം കണ്ടെത്തുന്നതാണ്.
keralam, heritage, one caste one religion,one god, man, human, reformation, hindu