Followers

Wednesday, August 19, 2026

പദായനങ്ങൾ -2-/എം.കെ.ഹരികുമാർ /മന:ശാസ്ത്രപരമായ പുനരധിവാസം

 



 
മനുഷ്യർക്ക് ഉയർന്ന ആദർശമുണ്ട്.നാം സ്നേഹത്തെയും സഹകരണത്തെയും വിലപ്പെട്ട അറിവുകളായി അടുത്തറിയുന്നവരാണ്. നാം എത്ര ദു:ഖകരമായ സാഹചര്യത്തിലാണെങ്കിലും മറ്റൊരാൾക്ക് ഒരു നല്ല കാര്യം സംഭവിച്ചാൽ അയാളെ അഭിനന്ദിക്കണം എന്ന് പഠിച്ചിട്ടുണ്ട്. നാം തകർന്നിരിക്കുകയാണെങ്കിലും  പ്രിയപ്പെട്ടവരെ ഒഴിവാക്കുകയോ  നിന്ദിക്കുകയോ ചെയ്യുന്നത് പാപമാണെന്ന് ധരിച്ചിട്ടുണ്ട് .നാം നല്ലതിന് വേണ്ടി പ്രയത്നിക്കുന്നു, പ്രാർത്ഥിക്കുന്നു. എന്തെന്നാൽ നമ്മളിൽ നന്മയുണ്ട് .എന്നാൽ മനുഷ്യസ്വഭാവത്തിൽ അക്രമവും അസൂയയും തിന്മയും മത്സരവും വെറുപ്പും കലർന്നിട്ടുണ്ട്. നൂറ്റാണ്ടുകളായി ഈ സ്വഭാവത്തെ വിലയിരുത്തിയത് നാം മൃഗപൈതൃകമുള്ളവരാണെന്നും മൃഗവാസന നമ്മളിൽ ഇപ്പോഴും മായാതെ നിൽക്കുന്നു എന്നുമാണ്. 

നമ്മുടെ ജീനുകൾ മൃഗീയമായ വാസനകളെ ഉൾക്കൊള്ളുന്നുണ്ടത്രേ. അതുകൊണ്ട് മൃഗസമാനമായ പെരുമാറ്റങ്ങളിൽ നിന്ന് നമുക്ക് മോചനമില്ല. തെറ്റ് ചെയ്യുന്നത് ജീനുകളുടെ ആജ്ഞയിൽ സംഭവിക്കുന്നതാകയിൽ ,നാം  നിസ്സഹായരാണ്. എന്നാൽ ആസ്ട്രേലിയൻ ബയോളജിസ്റ്റ് ജെറിമി ഗ്രിഫിത്ത് എഴുതിയ " ഫ്രീഡം :ദ് എൻ ഡ് ഓഫ് ദ് ഹ്യൂമൻ കണ്ടീഷൻ " എന്ന കൃതിയിൽ അദ്ദേഹം മറ്റൊരു വാദം മുന്നോട്ടുവെക്കുന്നു. മനുഷ്യൻ്റെ പെരുമാറ്റത്തിന് ജീനുകളെ കുറ്റപ്പെടുത്തേണ്ടതില്ല. അത് അവൻ ബോധപൂർവ്വം ചെയ്യുന്നതാണ്. ഒരു പെൺകുട്ടിയെ പ്രേമിക്കുന്നത് ബോധപൂർവ്വമായാണ്. അവളെ തനിക്ക് വേണം എന്ന് ചിന്തിക്കുന്നത് ജീനുകൾ പറഞ്ഞിട്ടല്ല; കൃത്യമായി ചിന്തിച്ചുറപ്പിച്ചിട്ട് തന്നെയാണ്. മന:ശാസ്ത്രപരമായാണ് മനുഷ്യൻ നീങ്ങുന്നത് .അവനെ ആകർഷിക്കുന്ന ചിലതുണ്ട്. ഇണയെ, സുഹൃത്തിനെ ആകർഷിക്കാൻ പലതും ചെയ്യും. അവന് ബുദ്ധിയുള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അവൻ ആസൂത്രണം ചെയ്യുന്നു. അവന് ലക്ഷ്യമുണ്ട്. ലക്ഷ്യത്തിലെത്താൻ കുറുക്കുവഴികളുണ്ടെന്നറിയാം. അവൻ ചിലപ്പോൾ ശകാരിക്കുകയും ചതിക്കുകയും ചെയ്യും. തീവ്രമായി സ്നേഹിച്ചു പിന്നാലെ നടന്ന ശേഷം  പെൺകുട്ടി പ്രേമത്തിലാവുന്നതോടെ  അവൻ ആശ്വസിക്കുന്നു. എന്നാൽ അവൾ പ്രേമത്തിൽ നിന്ന് പിന്മാറുമ്പോൾ അവന് താങ്ങാനാകുന്നില്ല, എന്നു മാത്രമല്ല അവൻ പ്രകോപിതനാവുകയും അവളെ ആക്രമിക്കുകയും ചിലപ്പോൾ കൊല്ലുകയും ചെയ്യുന്നു.രണ്ടു കാര്യത്തിൽ, അവന് നിശ്ചയദാർഢ്യമുണ്ടായിരുന്നു: പ്രേമിക്കാനും പിന്നീട് പ്രേമം നഷ്ടപ്പെട്ടപ്പോൾ ആക്രമിച്ച് വധിക്കാനും. ജീനകളുടെ നിർദ്ദേശമനുസരിച്ച് ഈ രണ്ട് കാര്യങ്ങളും ചെയ്യാനൊക്കില്ല. ജീനുകൾ നിയന്ത്രിക്കുന്ന ജന്മവാസനകൾ ഒരു പ്രത്യേക ചട്ടക്കൂടിലാണുള്ളത്. അത് നൈസർഗികമായ ഒരാവേശമാണ്. അത് ആസൂത്രണത്തിലൂടെ ഉണ്ടാകുന്നതല്ല.

ജെറിമി ഗ്രിഫിത്ത് നൂറ്റാണ്ടുകളായുള്ള മനുഷ്യാവസ്ഥയെ പുതിയ രീതിയിൽ വ്യാഖ്യാനിക്കുകയാണ്. മനുഷ്യാവസ്ഥയിൽ ഒരു സംഘട്ടനമുണ്ട്. അത് നൂറ്റാണ്ടുകളായി തുടരുന്നു. ഈ സംഘട്ടനത്തിൻ്റെ ഫലമായി മനുഷ്യമനസ്സിൽ ഭയവും അരക്ഷിതാവസ്ഥയുമുണ്ടായിരിക്കുന്നു. മൃഗങ്ങളിൽ കാണുന്നതിന് സമാനമായ ജന്മവാസനയും, ബുദ്ധിയുദിച്ചതിന്റെ ഫലമായി പ്രത്യേക ലക്ഷ്യത്തോടെയുള്ള പെരുമാറ്റവും തമ്മിലുള്ള സംഘർഷമാണത്. മനുഷ്യൻ ജീനുകളുടെ ഇരയല്ല; അവൻ ബുദ്ധിപരമായ ആസക്തിയുടെ ഇരയാണ്. ചിന്തിച്ച് പ്രവർത്തിക്കുന്നതിലൂടെ മനുഷ്യൻ  അകപ്പെടുന്ന മന:ശാസ്ത്രപരമായ ഏടാകൂടത്തെപ്പറ്റിയാണ് ഗ്രിഫിത്ത്  വിശദീകരിക്കുന്നത് .

ഒരു കാര്യം നടപ്പിലാക്കാൻ പ്രവർത്തിക്കുമ്പോൾ എല്ലായ്പ്പോഴും വിജയിക്കുന്നില്ല. അപ്പോൾ വിഷാദമുണ്ടാകും; സുരക്ഷിതത്വം നഷ്ടപ്പെട്ടതായി തോന്നും. ഇത് ആധിയുണ്ടാക്കുന്നു. ഇതിൽ നിന്ന് രക്ഷനേടാൻ മനുഷ്യൻ അക്രമകാരിയാവുന്നു.തൊട്ടടുത്തുള്ളവനെ വകവരുത്താൻ ശ്രമിക്കും. സുഹൃത്തുക്കളെ പോലും തിരിച്ചറിയാതെ ചിലതൊക്കെ ചെയ്യുന്നു. ഓർമ്മകൾക്ക് സ്നേഹം നഷ്ടപ്പെടുന്നു.തൻ്റെ പ്രവൃത്തി മൂലം ജീവിതത്തിൽ പിന്തള്ളപ്പെടുന്നു എന്ന  തോന്നലുണ്ടാക്കുന്ന അരാജകത്വത്തിൽ നിന്ന് രക്ഷനേടാൻ സഹജീവികളോട് മത്സരിക്കുകയും വേണ്ടിവന്നാൽ ആക്രമിക്കുകയും ചെയ്യുന്നു.ഇതാണ് ഗ്രിഫിത്ത് നിരീക്ഷിക്കുന്ന മനുഷ്യാവസ്ഥ. മനുഷ്യൻ്റെ പെരുമാറ്റത്തിന്റെ ഉറവിടം മൃഗീയവാസനകളല്ല; ജീനുകളുടെ അടിസ്ഥാനത്തിലുള്ള സഹവർത്തിത്വവും നാഡീപരമായ വേരുകളുള്ള ബുദ്ധിയും തമ്മിലുള്ള സംഘർഷമാണ് മനുഷ്യാവസ്ഥയുടെ കാതൽ .

മനുഷ്യർക്ക് ബുദ്ധിയുദിച്ചപ്പോൾ ജന്മവാസനകൾക്ക് പകരം യുക്തിയിൽ കാര്യങ്ങൾ പഠിച്ചു പെരുമാറി. ഇത് അവനെ മന:ശാസത്രപരമായി കുഴപ്പത്തിലാക്കിയിരിക്കുന്നു. ചെയ്യുന്ന പ്രവൃത്തി തനിക്ക് നേരെ തൊടുക്കുന്ന അസ്ത്രമായി മാറുന്നു.എന്തുകൊണ്ടാണ് നാം ഇങ്ങനെ പരിതാപകരമായ കുറ്റകൃത്യത്തിലേക്കും ആത്മമഥനത്തിലേക്കും പതിച്ചതെന്ന് ചിന്തിക്കുന്നവർക്ക് കുറ്റബോധമുണ്ടാകും. ഇത് തിരിച്ചറിയുകയാണ് വേണ്ടത്. ജന്മവാസനയെയോ ബുദ്ധിപരമായ തിരഞ്ഞെടുപ്പിനെയോ നിരാകരിക്കുന്നതുകൊണ്ട് പ്രയോജനമില്ല. ഈ മനുഷ്യാവസ്ഥ തിരിച്ചറിയണം .അപ്പോൾ നമുക്ക് സ്വയം വിധി ക്രമീകരിക്കാനാവും.  മുന്നിൽ വന്നു നിൽക്കുന്ന അപരൻ ശത്രുവല്ല;ആ തോന്നൽ അരക്ഷിതബോധത്തിൻ്റെ ഫലമാണെന്ന് മനസ്സിലാക്കുന്നതോടെ  മനുഷ്യനു മുന്നിൽ സഹകരണത്തിന്റെ, സ്നേഹത്തിന്റെ വാതിൽ തുറക്കുന്നു.

മനുഷ്യർക്ക് മന:ശാസ്ത്രപരമായ ഒരു പുതിയ വാസസ്ഥലം സംഭാവന ചെയ്യുകയാണ് ഗ്രിഫിത്ത്. മന:ശാസ്ത്രപരമായ പുനരധിവാസം എന്ന് വിളിക്കാം. അതുകൊണ്ട് ഏത് തലത്തിലും നാമെല്ലാം നല്ല വ്യക്തികളാണ്. ചീത്തയാക്കുന്ന ഒരു ഘടകവും നമ്മളിലില്ല. ഇത്  മനുഷ്യാവസ്ഥയിൽ നിന്നുള്ള മോചനമാണ്. മനുഷ്യൻ വിചാരിച്ചാൽ അവൻ്റെ പെരുമാറ്റത്തെ നന്നാക്കാനാവുമെന്ന് മനുഷ്യാസ്ഥയെക്കുറിച്ചുള്ള ഈ ബോധം തെളിയിക്കുന്നു. ഭൗതികമായ പ്രതാപമാണ് വലുതെന്ന് വിചാരിക്കുന്നത് കിടമത്സരത്തിൻ്റെ ഫലമാണ് .ഇവിടെ ആത്മീയമായ അവബോധമാണ് പ്രധാനമാകുന്നത്. ദാരിദ്ര്യമോ ഭൗതികമായ പ്രതിബന്ധകളോ അല്ല മനുഷ്യരാശിയുടെ ബന്ധനത്തിന് കാരണം.



പദായനങ്ങൾ {1 }/എം.കെ.ഹരികുമാർ /സത്യത്തിൻ്റെ ഒഴുക്കുചാൽ

 




എഴുത്തുകാർ ചെറിയ മോഹങ്ങളുടെ പേരിൽ രാഷ്ട്രീയനേതാക്കളുടെ പിന്നാലെ നടന്ന് പ്രീതി പിടിച്ചു പറ്റാൻ  അനവസരത്തിലും അബദ്ധത്തിലും പക്ഷം പിടിച്ചതിന്റെ ഫലമായി സമൂഹത്തിൽ അവരെക്കുറിച്ച് വലിയ അളവിൽ വെറുപ്പുണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ തുറന്നു നോക്കിയാൽ അത് മനസ്സിലാകും.പതിറ്റാണ്ടുകൾ  എഴുതിയതിനൊന്നും ഒരു വിലയുമില്ല. എഴുത്തുകാരെ ആകെ പുച്ഛിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന തരത്തിലേക്ക് ഈ പ്രവണത മാറിയിരിക്കുന്നു. രാഷ്ട്രീയലാഭത്തിനുവേണ്ടി ഇങ്ങനെ സ്വയം നഗ്നരായ ഈ എഴുത്തുകാർ മറ്റ് എഴുത്തുകാരുടെ അന്തസ്സും ഇടിച്ചുതാഴ്ത്തിയിരിക്കുന്നു. അവസരവാദവും പറ്റിക്കൂടലുമാണ് അവരെ ഈ നിലയിലേക്ക് അധ:പതിപ്പിക്കുന്നത്. സ്വതന്ത്രമായി എഴുതണമെങ്കിൽ സത്യത്തെക്കുറിച്ചുള്ള ആധി ഉണ്ടായിരിക്കണം. സത്യം നമ്മുടെ കൈയിലില്ല. അത് അന്വേഷിച്ചുകൊണ്ടിരിക്കണം. സത്യത്തിനു വേണ്ടി ആത്മാവിൽ നഗ്നമാകണം. അതിന് രാഷ്ട്രീയപക്ഷപാതം തടസ്സമാണ്.അപ്പോഴാണ് ആത്മാവിൽ ദരിദ്രമാകുന്നത്. അപ്പോൾ മാത്രമാണ് ശരിയായ ജ്ഞാനത്തിലേക്ക് നമുക്ക് എത്താനാവുകയുള്ളൂ. 

വലിയ പ്രതിഭകൾ സത്യത്തെ ഉൾക്കൊണ്ടത് ഭൂമിക്കടിയിലൂടെ ഒഴുകുന്ന ഒരു നദി കണ്ടെത്തുന്നതു പോലെയാണ്. എല്ലായിടത്തും കിണർ കുഴിച്ചാൽ വെള്ളം കിട്ടുകയില്ല. എന്നാൽ വെള്ളം ഭൂമിക്കടിയിൽ ഉറവയായി ഒഴുകുന്നു. അവിടെ എത്തിയാൽ വെള്ളം കിട്ടും. അത് പോലെയാണ് സത്യവും. അത് മണ്ണിനടിയിലുണ്ട്. എന്നാൽ നാം പാറയിൽ കിളച്ചാൽ സത്യം തെളിയുകയില്ല. അതിന് പാറ തുരക്കുകയോ കൂടുതൽ മണ്ണിളക്കുകയോ വേണം. മണ്ണിളക്കി  ഒരു അഴത്തിലെത്തുമ്പോൾ വെള്ളത്തിൻ്റെ ചാൽ ദൃശ്യമാകും. സത്യത്തെ സ്പർശിച്ചവരെല്ലാം മണ്ണിളക്കി പാറ തുരന്ന് ഈ പ്രത്യേക നിലയിൽ എത്തിയവരാണ്. അവർ ഒരിടത്ത് ഒന്നിക്കുന്നു. അവരുടെ ഭാഷണങ്ങൾക്കു സമാനത തോന്നുന്നത് അപ്പോഴാണ്.

മഹാനായ ഓസ്ട്രിയൻ കവി റെയ്നർ മരിയ റിൽകെ ഒരു യുവകവിക്ക് എഴുതിയ കത്തിൽ ഇങ്ങനെ സൂചിപ്പിച്ചു: "ഏറ്റവും പ്രധാന കാര്യം ഏകാന്തതയെ അറിയുകയാണ്. അതിനെ ആലിംഗനം ചെയ്യുക. അത് ഉള്ളിലെ മഹത്തായ അവസ്ഥയാണ്. ഇതിനായി മണിക്കൂറുകളോളം അദ്ധ്വാനിക്കുക. അതിന് വേണ്ടതായ വേദന സഹിക്കുക. അതിന്റെ ഗാനാത്മകതയിൽ അലിഞ്ഞുചേരുക. നിങ്ങൾക്ക് പരിഹരിക്കാൻ കഴിയാത്ത പല കാര്യങ്ങളുണ്ട് .അതിനെല്ലാം വേണ്ടി ക്ഷമയോടെയിരിക്കുക.ആ പ്രശ്നങ്ങളെ തന്നെ സ്നേഹിക്കുക - അടച്ചിട്ട മുറി പോലെയോ ,നിങ്ങൾക്ക് മനസ്സിലാകാത്ത ഭാഷയിൽ എഴുതിയ പുസ്തകം പോലെയോ കണ്ട്. ഉത്തരങ്ങൾക്ക് വേണ്ടി അലയരുത്. നിങ്ങൾക്ക് ആ ഉത്തരങ്ങൾ നൽകാത്തത്, അത് നിങ്ങൾ ജീവിച്ചിട്ടില്ലാത്തതുകൊണ്ടാണ്. അത് എന്തും അനുഭവിക്കുന്നതിനെക്കുറിച്ചുള്ള പ്രശ്നമാണ്. ഇപ്പോൾ നിങ്ങൾ ആ പ്രശ്നത്തോടൊപ്പം ജീവിക്കുകയാണ് പ്രധാനം. ഒരു പക്ഷേ ,ക്രമേണ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് നിങ്ങൾ പോലും ശ്രദ്ധിക്കാത്ത അവസരത്തിൽ ആ ഉത്തരം നിങ്ങളെ തേടിവരും."

ഇവിടെ റിൽകെ പറയുന്ന ക്ഷമയും കാത്തിരിപ്പും സ്വന്തം അവസ്ഥയോടുള്ള മമതയും പല എഴുത്തുകാർക്കും  തിരിച്ചറിയാനാവാത്ത വിധം അകലെയാണെന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ സ്വന്തം പ്രമോഷനും പ്രശസ്തിയും മാത്രമാണ് ഭൂരിപക്ഷവും നോക്കുന്നത്. മറ്റുള്ളവരെ  വായിക്കുകയില്ല ,അതിനെക്കുറിച്ച് എഴുതുകയുമില്ല.റിവ്യൂ എഴുതുന്ന എഴുത്തുകാരില്ലാത്ത ഭാഷയാണ് മലയാളം. സൽമാൻ റുഷ്ദി ,മാർഗരറ്റ് അറ്റ്വുഡ്, വിർജിനിയ വുൾഫ് തുടങ്ങിയ വലിയ എഴുത്തുകാർ മറ്റ് എഴുത്തുകാരുടെ രചനകളെക്കുറിച്ച് ആവേശത്തോടെ എഴുതിയിട്ടുണ്ട്. റുഷ്ദി എത്രയോ പുസ്തകനിരൂപണങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഓർക്കണം. നമ്മൾ മാത്രമായിട്ട് ഒരു നിലനില്പില്ല. ഒരു എഴുത്തുകാരനും അങ്ങനെ ചിന്തിക്കരുത്. നാം ഒരു ചരിത്രത്തിലാണ്. നമുക്ക് ഒരു പാരമ്പര്യമുണ്ട് .ജോസഫ് മുണ്ടശ്ശേരിയും സി.ജെ. തോമസും  ഇല്ലാതെ കെ.പി.അപ്പനോ എം.എൻ. വിജയനോ ഇല്ല. ആശാനും  വള്ളത്തോളും ഇല്ലാതെ ഒരു ചങ്ങമ്പുഴയോ എ. അയ്യപ്പനോ ഇല്ല. ഈ നൈരന്തര്യം പ്രധാനമാണ്. എഴുത്തുകാർ പൂർവ്വകാല എഴുത്തുകാരെ വായിക്കുകയും എഴുതുകയും വേണം. നമ്മുടെ ഭാഷയിൽ നടക്കുന്ന സാഹിത്യക്യാമ്പുകളിൽ പോലും ബഷീർ അല്ലെങ്കിൽ പൊൻകുന്നം വർക്കി പരാമർശിക്കപ്പെടുന്നില്ല. ചില കഥാകൃത്തുക്കൾ വന്ന് അവരെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഓരോ പ്രസംഗവും സ്വന്തം പ്രശസ്തിക്കുവേണ്ടിയാണ്. ഇത് നല്ലതല്ല.

റിൽകെ ചൂണ്ടിക്കാട്ടിയത് വലിയ ഒരു മാനത്തെക്കുറിച്ചാണ്. നാം എങ്ങനെയാണ് സത്യത്തെ മെരുക്കാൻ സ്വയം ഒരുങ്ങേണ്ടതെന്ന പാഠമാണത്.  നാം അഭിമുഖീകരിക്കുന്ന സൗന്ദര്യം ഭയാനകമാണ്. അത് നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല. അതുകൊണ്ടാണ് ചില കലാകാരന്മാർ രചന നിർവഹിച്ച ശേഷം തൃപ്തി വരാതെ അത് നശിപ്പിക്കുന്നത്. ഡാവിഞ്ചിയുടെ പ്രത്യേകത ഈ തൃപ്തിക്കുറവായിരുന്നു. അദ്ദേഹം ഒരു ചിത്രവും മതിയാവോളം വരച്ചു പൂർത്തിയാക്കിയിട്ടില്ല. ഓർഡർ പ്രകാരം പള്ളിയിൽ നിന്ന് ചിത്രം എടുത്തുകൊണ്ടു പോകാൻ പലപ്പോഴും വരാറുണ്ടായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം മിനുക്കിക്കൊണ്ടിരിക്കുകയായിരിക്കും. ഒടുവിൽ പള്ളി അധികൃതർ ആ ചിത്രം ബലമായി എടുത്തുകൊണ്ടു പോവുകയാണ് പതിവ്. 'മോണാലിസ'ലോകപ്രശസ്തമാണല്ലോ. എന്നാൽ അതും ഡാവിഞ്ചി വരച്ച് തീർത്തത് എന്ന് പറയാനാവില്ല. കാരണം അദ്ദേഹത്തിന് വരച്ചു പൂർത്തിയാക്കാനാവില്ല. സൗന്ദര്യത്തെ തന്നെക്കാൾ വലിയ പ്രതിച്ഛായയായി ഉൾക്കൊള്ളുന്ന കലാകാരന്മാരുടെ വിധിയാണിത്.സത്യത്തെ തേടുന്നതിന് മനുഷ്യരുടെ പൊതുവായ ഇടത്തിനപ്പുറത്ത് ,പാറ തുരന്ന് ഒരു നിലത്ത് എത്തണമെന്ന് പറഞ്ഞല്ലോ. അതുപോലെ വലിയ കലാകാരന്മാർ കഷ്ടപ്പെട്ട് ആ ചാലിൽ എത്തുന്നു. അവിടെ അവർ സമാന ഹൃദയമുള്ളവരെ കാണുന്നു.

റിൽകെ പറഞ്ഞ താദാത്മ്യം  മനുഷ്യൻ്റെ അസ്തിത്വപരമായ അറിവാണ്. ചിലപ്പോൾ നമ്മെക്കുറിച്ച് തന്നെ ഓർത്ത് അസ്വസ്ഥനാകേണ്ടിവരും. അത് സൃഷ്ടിപരമായ ആവശ്യമാണ്. ഉത്തരങ്ങൾ നമ്മെ തേടി വരികതന്നെ ചെയ്യും. നമ്മുടെ മനസ്സ് നാം തേടുന്ന ഉന്നതമായ അവസ്ഥയിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്നതിൽ സർഗ്ഗാത്മകത അന്തർഭവിച്ചിരിക്കുന്നു. പ്രമുഖ ഇംഗ്ലീഷ് സംഗീതകാരനും ഗീതികാരനുമായിരുന്ന ജോൺ ലെന്നൻ പറഞ്ഞു: "എപ്പോഴും പ്രചോദിപ്പിക്കുന്ന രണ്ട് ശക്തികളുണ്ട് - ഭയവും സ്നേഹവും. ഭയപ്പെട്ടാൽ നാം ജീവിതത്തിൽ നിന്ന് പിന്തള്ളപ്പെടും. നമ്മൾ സ്നേഹത്തിലാണെങ്കിൽ ജീവിതം നല്കുന്ന അഭിനിവേശത്തിലേക്കും അതിശയത്തിലേക്കും  സ്വീകാര്യതയിലേക്കും എത്തിച്ചേരും. പ്രാഥമികമായി ,നാം നമ്മെ തന്നെ സ്നേഹിക്കണം .നമ്മുടെ നേട്ടങ്ങളിലും പരിമിതികളിലും ഒരുപോലെ നമുക്ക് സ്വയം സ്നേഹിക്കാനാവുന്നില്ലെങ്കിൽ, മറ്റുള്ളവരെ സ്നേഹിക്കാനുള്ള പൂർണസിദ്ധിയിലേക്കോ സൃഷ്ടിപരമായ ഔന്നത്യത്തിലേക്കോ  എത്തിച്ചേരനാവില്ല .ജീവിതത്തിന്റെ ഉന്നതിയും പ്രതീക്ഷയുമായിരിക്കുന്നത്  എല്ലാറ്റിനെയും ആലിംഗനം ചെയ്യാൻ പാകത്തിലുള്ള ഭയരാഹിത്യത്തിലും തുറന്ന മനസ്സിലുമാണ്."

ലെന്നൻ അറിയിക്കുന്ന തുറന്ന സ്നേഹവും റിൽകെ ചൂണ്ടിക്കാണിച്ച പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്കുള്ള ഉത്തരവും എത്തിച്ചേരുന്നത് ഒരേ സത്യത്തിലാണ്. രണ്ടു വലിയ മനസ്സുകൾ സത്യത്തിന്റെ നീരൊഴുക്കിൽ യാദൃശ്ചികമായി ഒത്തുചേരുന്നു.വലിയ സിദ്ധിയുടെ അടയാളമാണത്. അവർ സാധാരണ ജീവിതത്തിൻ്റെ ഭൂമിക്കടിയിൽ ശുദ്ധമായി ഒഴുകുന്ന നീർച്ചാലിൽ വന്നു നിൽക്കുന്നു. ദൈവം അവരെ അവിടെ  എത്തിച്ചതാണ്. ലെന്നൻ  സർവാശ്ളേഷിയായ മനസ്സിനെ വാഴ്ത്തുന്നു .റിൽകെ ഉത്തരങ്ങൾ തേടിപ്പോകുന്നതിന് പകരം ഏകാന്തതയിൽ അലട്ടുന്ന പ്രശ്നത്തെ  സ്നേഹിക്കാൻ പറയുന്നു. ഈ സർവ്വമമത ,ഗാനാത്മകത ,ലയം, സത്യത്തോടുള്ള പ്രതിബദ്ധത മഹത്തായ സർഗാത്മകതയിൽ ഉണർവായി വർത്തിക്കുന്നു.