Followers

Thursday, October 29, 2009

മഹത്തായ അന്തർധാരകൾaathmayangalude khasak/ m k harikumar


മഹത്തായ അന്തർധാരകൾ -5

ദുഃഖഭ്രമങ്ങളുടെ ക്രമത്തകർച്ചയിൽ വീണ്ടുമൊരു ജന്മം വേണ്ടിവരുമെന്ന്‌ മനസ്സുകൾ മോഹിക്കാതിരിക്കുക. ഏതു വ്യസനങ്ങളുടെ സന്ധ്യകളിലാണ്‌ ആനന്ദത്തിന്റെ ഋതു മനുഷ്യനെ ആശ്വസിപ്പിക്കുന്നത്‌? നിശ്ച്ചയങ്ങളുടെ വ്രണിതമായ മൂകതയിൽ വിജയൻ ലോകത്തിന്റെ സംവത്സരങ്ങളോടും കൗശലങ്ങളോടും ആദ്ധ്യാത്മികമായി സംവേദിച്ചു. നീണ്ട കാത്തിരിപ്പുകളുടെ യൗവ്വനങ്ങൾ താണ്ടി ആത്മാവ്‌ തളരുന്നു. പ്രപഞ്ചത്തിന്റെ ആജ്ഞേയമായ ഈ കർമ്മ ബന്ധങ്ങളിൽ ലൗകികത എവിടെയാണ്‌? ഒടുവിൽ വിജയന്റെ മൗനം സാകല്യമായൊരു ലോകനാഗരികതയുടെ ഇന്ധനമന്വേഷിച്ചു . അജ്ഞത മാർദ്ദവമുള്ളൊരു കനിയാണെന്നും മനുഷ്യൻ സ്പർശിക്കുന്നതോടെ അതിന്റെ ഇലഞെട്ടുകൾ ചുവടെ അടരുന്നുവെന്നും ഓസ്‌കാർ വൈൽഡ്‌ ഓർമ്മിപ്പിച്ചിട്ടുണ്ട്‌. നോവലിസ്‌റ്റ്‌ അറിയത്തക്കതല്ലാത്ത ബന്ധങ്ങളുടെ ഐഹികപൊരുത്തം തേടാനുള്ള വ്യഗ്രതയിൽ അജ്ഞതയുടെ കനി തന്നെയാണ്‌ പറിച്ചുകളയുന്നത്‌. അതിലൂടെ ലോകാവസ്ഥയുടെ ആദി സരളത ഒപ്പിയെടുക്കുകയും ചെയ്‌തു.

വ്യസനങ്ങളുടെ ആലോചനാ സന്ധികളിലൂടെ , ലോകത്തിന്റെ അദൃശ്യസ്പർശനങ്ങളിലൂടെ പ്രപഞ്ചത്തിന്റെ മഹത്തായ അന്തർധാരകൾ തേടുകയാണ്‌ കഥാപാത്രങ്ങളും വസ്തുക്കളും. തങ്ങളുടേതായ ദൗത്യവുമായി ലോകാവസരങ്ങളുടെ തുറസ്സുകളിലൂടെ എത്തിനോക്കുന്നു. സ്വകാര്യതയുടെ വിശുദ്ധമായ ശിശുവും പേറി അവർ വിദൂരമായ മോഹക്കാഴ്‌ച്ചകളിലേക്ക്‌` നടന്നുചെല്ലുന്നു.പുരാതന മെസോപ്പൊട്ടാമിയൻ സംസ്ക്കാരത്തിന്റെ ഓർമ്മകളിൽ മനസ്സ്‌ നടുമ്പോൾ പ്രപഞ്ചത്തിന്റെ മഹത്തായ അന്തർധാരയുടെ സ്പർശനം അനുഭവപ്പെടുന്നുണ്ട്‌. ദൈവങ്ങളുടെ അമ്പലങ്ങൾ ,ധാന്യപ്പുരകൾ, ശിൽപശാലകൾ, അക്ഷരഗൃഹങ്ങൾ, കൃഷിഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന ദൈവങ്ങൾ ,ദൈവത്തിനിഷ്‌ട വിശുദ്ധദാനമായിത്തീർന്ന പുൽത്തോട്ടം ,ആയുധപ്പുരകൾ, പരിശുദ്ധവേദനയുടെ വിരലുകൾ, ദൈവകാമനയുടെ ചിറകുകൾ, വരദാനസന്ദേശത്തിന്റെ മുഖപദ്‌മങ്ങൾ, സാന്ത്വനത്തിന്റെ പാദാരവിന്ദങ്ങൾ- എല്ലാം വിശുദ്ധ നിയോഗങ്ങളുടെ തണൽ വഴികളിലൂടെ അദൃശ്യവര്‍ത്തമാനങ്ങളുടെ വാത്സല്യം പേറി പ്രയാണം ചെയ്യുന്നു. ഓരോ വേളയിലും പ്രപഞ്ചത്തിന്റെ മഹത്തായ ജൈവശേഖരങ്ങളുടെ ഉൾപ്രേരണകൾ ലോകത്തിന്റെ ഹൃദയത്തിലേക്ക്‌ ഗമിക്കുന്നു. ഖസാക്കിന്റെ രചനാസാഹചര്യങ്ങളിൽ വന്നു നിറയുന്ന ഭൗതിക ചോദനകളും രൂപങ്ങളും ഈ വിധം പ്രപഞ്ചത്തിന്റെ ആന്തരവസ്തുവിവരങ്ങളിലേക്ക്‌ ചെന്നെത്തുകയാണ്‌ ചെയ്യുന്നത്‌. കഥാപാത്രങ്ങളെല്ലാം കഥയുടെ ഹൃദയബിന്ദുവിൽ നിന്ന്‌ പ്രാർത്ഥനയുടെ സാരള്യത സൃഷ്‌ടിച്ചുകൊണ്ട്‌ വിദൂരമായ പ്രകാശനക്ഷത്രങ്ങളിലേക്ക്‌ പ്രസരിക്കുന്നു, സന്ദേശം അതിന്റെ ഐഹിക മാന്ത്രികതയിൽ ജീവിതം തൂവലിന്റെ ദിവ്യഭൂമിയായി മാറുന്നു. ആലോചനാപരമായ സംയമനങ്ങൾ കഥാപാത്രത്തിന്റെ സ്വഭാവത്തിലോ , പരിതഃസ്ഥിതിയിലോ പ്രകടമാകുന്നില്ല . നോവലിസ്‌റ്റിനെ കാണണമെങ്കിൽ പ്രപഞ്ചത്തിന്റെ ആന്തരസന്ദർഭങ്ങളിലേക്ക്‌ ചുഴിഞ്ഞു നോക്കണം. കലാകാരന്റെ യാത്ര ഭൗതികരൂപങ്ങളുടെ ലയവ്യന്യാസങ്ങളിൽ നിന്ന്‌ ആന്തരമുഹൂർത്തങ്ങളുടെ തണൽമരങ്ങളിലേക്കാണ്‌. എന്നാൽ അതോടൊപ്പം ജീവിതത്തിന്റെ ബാഹ്യമായ ക്ഷേത്രഗണിതങ്ങളിൽ സ്വച്ഛമായ അന്തർധാരകളുടെ രതിച്ചിത്രങ്ങൾ വരച്ചിടാനും മടിക്കുന്നില്ല.

ധനവാഞ്ചയും- നിന്ദയും, ദയയും ,സൗഹൃദവും, സാമർത്ഥ്യ വും, ഒരു ബിന്ദുവിൽ സമ്മേളിക്കുന്നുവെന്ന്‌ കരുതു. എങ്കിൽ അവിടെ നിശ്ച്ചയമായും സ്നേഹത്തിന്റെ അടിയൊഴുക്കുണ്ട്‌. ഫോസ്റ്ററുടെ ഈ വാക്യം ഓർമ്മയിലെത്തുകയാണ്‌. പ്രപഞ്ചത്തിന്റെ മുഖാവരണങ്ങളുടെ ഉള്ളിലെ നിത്യമായ ഗമനങ്ങളും ശാന്തസംവാദങ്ങളുമാണ്‌ അവിടെ അന്തർഭവിച്ചിരിക്കുന്നത്‌. പ്രപഞ്ചത്തിന്റെ നിത്യമായ അന്തർധാരകളിലെത്തിച്ചേരാനുള്ള മനസ്സിന്റെ അനുരാഗമാണ്‌ ഖസാക്കിന്റെ പ്രകൃതിനിഷ്ഠയിലും മനുഷ്യരുടെ സ്വഭാവങ്ങളിലും നിറഞ്ഞുനിൽക്കുന്നത്‌. പ്രപഞ്ചത്തിന്റെ ബാഹ്യാവസ്ഥകളിൽ ജീവിതത്തിന്റെ മൗനം നിറഞ്ഞ ചാഞ്ചാട്ടവും , ആന്തരികരംഗങ്ങളിൽ രഹസ്യമായ പ്രവാഹധാരകളും നിർമ്മിച്ചുവെക്കുന്നു. ആമോസ്‌ പ്രപഞ്ചത്തെക്കുറിച്ച്‌ സംസാരിക്കുമ്പോഴും അന്തർധാരകൾ സ്പഷ്‌ടമാക്കുന്നുണ്ട്‌.മനുഷ്യൻ യഹോവയുടെ ഐശ്വരമായ വചനങ്ങൾക്കായി കാതോർക്കുന്നു. ഇസ്രേലിന്റെ പാപങ്ങൾ കഴുകിക്കളയുവാനായി യഹോവ വന്നെത്തുന്നു. യുദ്ധങ്ങളിൽ ശത്രുക്കളെ ജയിക്കാൻ അവന്റെ കൈകൾ വർഷിക്കുന്നു. എന്നാൽ എവിടെ യഹോവ? അവൻ ഇസ്രേലിന്റെ മിത്രമല്ല. രക്ഷകനുമല്ല. ദേശത്തിന്റെ അംഗരക്ഷകരുടെ പ്രഭുവാകാതെ , അവൻ സ്വർഗ്ഗത്തിലേയും ഭൂമിയിലേയും ദൈവമായിരിക്കുന്നു. ദൈവവും ദേശങ്ങളും രക്ഷകരും സൈന്യങ്ങളും വിന്യസിച്ച്‌ മനുഷ്യന്റെ ക്ഷണികമായ തൃഷ്‌ണകൾ വീണ്ടെടുക്കുമ്പോൾ പ്രപഞ്ചത്തിന്റെ ശാശ്വതമായ അന്തർധാരയുടെ ലൗകികസ്വരം കേൾക്കുന്നു. ജീവിക്കുന്നവന്റെ നിത്യമായ യവനികകളിലൂടെ അവൻ പ്രപഞ്ചത്തോട്‌ ഉരസുന്നു. സ്പർശനങ്ങളുടെ ആദിബീജം വീണ്‌ മനുഷ്യന്റെ ബോധം ക്രിയകളുടെ സ്ഫുലിംഗങ്ങളിലേക്ക്‌ പോകുകകയാണ്‌.

വിജയന്റെ നോവലിലും ആമോസിന്റെ ലോകത്തിലെ പ്രപഞ്ചസ്പർശനങ്ങളുടെ അന്തർധാരകൾ കണ്ടെത്താം. നൈസാമലി കൂമൻകാവിൽ നിന്ന്‌ അന്തർദ്ധാനം ചെയ്‌തപ്പോൾ അയാളുടെ സഹപ്രവർത്തകർ താന്താങ്ങളുടെ തൊഴിലുകളിലേക്ക്‌ അലക്ഷ്യമായി നിഷ്‌ക്രമിച്ചുവെന്ന്‌ വിജയൻ എഴുതുന്നു. വീണ്ടും അയാൾ അത്തരിന്റെ ജീവിതത്തിൽ പറ്റിക്കൂടി. വീണ്ടും പിണങ്ങി പുതിയ വ്യതിരിക്തതകൾക്ക്‌ വശംവദനാകുന്നു. അങ്ങനെ വിന്യാസത്തിന്‍‌റെ ക്രൂശിതമായ സ്മൃതികൾ അവശേഷിപ്പിച്ചുകൊണ്ട്‌ ഇഴ പിരിഞ്ഞു നിൽക്കുന്ന ലോകത്തെ അവതരിപ്പിക്കുന്നതിലൂടെ ഭഗ്നമായ അന്തർദ്ധാരകളുടെ സ്വച്ഛമായ തണലും വിഷാദവും കൊയ്‌തെടുക്കുന്നു.

ജന്മങ്ങളുടെ നൈരന്തര്യവും മോഹങ്ങളുടെ കവചവും ശരീരത്തിന്റെ പൂക്കളും പൊഴിഞ്ഞുകിടക്കുന്ന ഭൂമി പ്രപഞ്ചത്തിന്റെ അന്തർദ്ധാരകളെ വഹിക്കുകയാണ്‌, ഖസാക്ക്‌ എന്ന ഗ്രാമത്തിനും അവിടത്തെ സാധാരണ മനുഷ്യർക്കും പ്രകൃതിനിഷ്‌ഠകൾക്കും ചേരുന്ന ലൗകിക ചിലങ്ക ഭൂമിയുടേതാണ്‌. ഖസാക്കിലൂടെ വിജയൻ , ആമോസിനെപ്പോലെ കൂടുതൽ കൂടുതൽ വ്യക്തമായ നിത്യയാഥാർത്ഥ്യത്തിലേക്കും ഉൾപ്രവാഹങ്ങളിലേക്കും നടന്നടുക്കുകയാണ്‌. ഖസാക്കിലെ പ്രകൃതി അന്തർദ്ധാരകളുടെ നിറം മുഴുവൻ ആവാഹിക്കുന്നു. പക തണുക്കുന്നു. ക്രോധം മായാതെ വീണ്ടുമുണരുന്നു സ്നേഹം വാത്സല്യമായി അനുരാഗമായി, മോഹഭംഗമായി പരിണമിക്കുന്നു. അങ്ങനെ വ്യത്യസ്ത വഴികളുടെ മർമ്മരങ്ങളിൽ ശയിച്ചുകൊണ്ട്‌ വസ്തുക്കളുടെ ഭ്രമണം പൂർത്തിയാവുന്നു,
മൈമൂനയുടെ അന്വേഷണം ആർദ്രവും, ഭഗ്നവുമാവുന്നത്‌ കാണാം. കാമത്തിന്റെ മസൃണമായ മുഖം ചുവക്കുകയാണ്‌. പ്രപഞ്ചത്തിന്റെ പാദചലനങ്ങൾ
ക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഏതോ വഴിയിലാണ്‌` കാമം. പുലരിയുടെ ഉദ്വ്വേഗം വഴിവെട്ടുമ്പോൾ സ്മരണകളുടെ പൂമ്പൊടി ശേഖരിക്കാം. മോഹങ്ങളുടെ നഖങ്ങൾ നീണ്ടുവരുന്നതു ശ്രദ്ധിക്കാം. മോഹത്തിന്റെ നന്മ മുറ്റിയ പുഞ്ചിരി ക്രമാധികം വിളറിയിട്ടുണ്ട്‌. സൂക്ഷിച്ചുനോക്കുക. ആസക്തിയുടെ മിഥുനങ്ങൾ ലോകത്തിന്റെ അനാഥത്വത്തിൽ , ദൈവത്തിന്റെ സൃഷ്‌ടിയിൽ പകലുകളുടെ അനുസ്യൂത യാത്രകളിൽ വിശ്വാസം പരസ്പരം മാറിയണിയുന്നു. തൊങ്ങലുകൾ നഷ്‌ടപ്പെട്ടപക്ഷി ഇന്നും വന്ന്‌ ആലിന്റെ ചില്ലയിലിരുന്നു. വാക്കുകളുടെ ഇളംനീല തടാകത്തിൽ നഷ്‌ടപ്പെട്ടുപോയ പ്രാക്തനമായ മോഹകവചങ്ങളെ തേടി മനസ്സ്‌ തീരത്തിരിക്കുന്നു. എന്നാൽ അതോടൊപ്പം സ്വച്ഛഭംഗങ്ങളുടെ നിരയും കാണാം. ജൈവധാരണകളുടെ അനേകം നടുക്കങ്ങൾക്ക്‌ നടുവിൽ എന്നെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണമെന്ന്‌ തോമസ്‌ കൊപിസിനെപ്പോലെ ആത്മാവിന്റെ ദിവ്യശരീരം പ്രാർത്ഥിക്കുകയാണ്‌.
ഖസാക്കിന്റെ പരിശുദ്ധമായ ശരീരത്തിൽ പാദസ്പർശങ്ങളുടെ അണിവ്‌ കേൾക്കുന്നുണ്ട്‌. മൊല്ലാക്കയുടെ മൗനത്തിൽ കാലത്തിന്റെ വ്രണം പ്രത്യക്ഷപ്പെട്ടു. ചെതലിയുടെ പുറകിൽ പാദസ്പർശമേൽക്കാത്ത പെരുവഴികൾ. വാർദ്ധക്യത്തിന്റെ നൊമ്പരങ്ങളിൽ കുംഭമുടഞ്ഞ ദുഃഖകന്യകകൾ. ഷെയ്‌ഖിന്റെ തുഷാര സ്മൃതികൾക്കു ചുറ്റും കാവൽ നിൽക്കുന്ന രാത്രിയുടെ സംഗീതം മൊല്ലാക്ക ശ്രദ്ധിച്ചു. ചെതലിയുടെ നെറുകയിൽ നിന്ന്‌ പ്രപഞ്ചത്തിന്റെ രക്തം താഴോട്ടൊഴുകി. ദിവ്യമായ അന്തർദ്ധാരയുടെ തനുവിൽ കഴിയുക. ,ആയിരിക്കുക, അതുമാത്രമാണ്‌ പൂർണ്ണതയുടെ ബിന്ദുവെന്ന്‌ വിജയൻ ധ്വനിപ്പിക്കുന്നു.

ദ്വേഷം സ്നേഹത്തിന്റെ മേലങ്കിയണിഞ്ഞ്‌ അജ്ഞാതമായ മേഖലകളിലൂടെ ,ഉൾപ്പിരിവുകളുടെ ഉഷ്‌ണജലപ്രവാഹങ്ങളിലൂടെ കുതിരപ്പുറത്ത്‌ യാത്രയാവുന്നു. ഒരിക്കലും അവസാനിക്കാത്ത സംസാരത്തിന്റെ നിശ്ശബ്‌ദമായ ഭൂമി. ഉൾഭ്രമങ്ങളുടെ വയമ്പു രുചിച്ച്‌ കാലം വീണ്ടും സന്ധ്യകളിലൂടെ നടന്നു നടന്നു പോവുന്നു. മോഹവലയ ങ്ങളിൽ നിന്ന്` അനൈഹികമായ തുരുത്തുകൾ അന്വേഷിച്ച്‌ വ്യസനത്തിന്റെ പക്ഷി ചിറകടിച്ച്‌ പറക്കുന്നുണ്ട്‌. നൈസാമലിയുടെ പ്രവാസം പുതിയൊരു ഉൾപ്പിരിവിന്റെ വിഷാദസന്ധിയിലെത്തി ഗതി മാറുന്നു. പ്ലേറ്റോ അറിയിക്കുന്നുണ്ട്‌, മനുഷ്യ നിയോഗത്തിന്റെ സമാപ്തി ഐന്ദ്രിയലോകത്തിന്റെ ഇരുൾ വേളകളിൽ നിന്ന്‌ ദിവ്യരൂപങ്ങളുടെ വെൺമയിലേക്ക്‌ പറന്നുച്ചെല്ലുമ്പോഴാണെന്ന്‌. വിജയനും ലൗകികതയുടെ ഇലപ്പുറങ്ങളിൽ ദിവ്യരൂപങ്ങളുടെ വ്യോമതലങ്ങളിലേക്ക്‌ മനസ്സ്‌ മാറ്റുന്നുണ്ട്‌.

"ദൂരെ കാളികാവെന്ന സ്ഥലത്ത്‌ ,കുറുന്തോട്ടിയും നന്നാറിയും വളർന്നുപിടിച്ചൊരു കുന്നിൻപുറത്ത്‌ ,പാടെ നശിച്ചുപോയൊരു പത്തായപ്പുരയുടെ അവശിഷ്‌ടങ്ങളുണ്ടായിരുന്നു. ചുവരുകളുടെ മുരടുകൾ ,അവയ്ക്കകത്ത്‌ വൈക്കോലു മേഞ്ഞ ഒരൊറ്റപ്പുര. അവിടെ അവളുടെ മുത്തിയമ്മയും അമ്മാവനും പാർത്തു പോന്നു. മുത്തിയമ്മയ്ക്ക്‌ കണ്ണുകാണാൻ വയ്യ. അമ്മാവനും കുഷ്‌ഠമാണ്‌. ചുമരുകളുടെ അവശിഷ്‌ടങ്ങൾ ആ കുടിലിനു ചുറ്റും അതിരിട്ടു. ആ അതിർ കടന്ന്‌ ആരും അകത്ത്‌ ചവിട്ടിയിട്ടില്ല. കാറില്ലാത്ത സന്ധ്യകളിൽ അസ്തമയത്തിന്റെ ചൂടുൾക്കൊള്ളാൻ , വിരലുകൾ തേഞ്ഞ കൈപ്പടങ്ങളുമായി അമ്മാവൻ കുടിലിനു മുമ്പിലെ പാറക്കെട്ടുകളിൽ ഇരുന്നു.

ജൈവസ്മൃതിയുടെ ആരവം കേൾക്കുകയാണ്‌. കാലം സരളമായ പാഠം പഠിക്കുകയാണ്‌. കാലത്തിന്റെ കാലിലെ വ്രണം നൊന്തോ? തുരുത്തുകളിലൂടെയുള്ള യാത്ര വിജയൻ ഓർക്കുകയാണ്‌. ആബിദയുടെ മഥനങ്ങൾ , അവളുടെ അത്തയുടെ ഏകാകികത, ഇരുട്ടിന്റെ കണ്ണുമിഴിച്ചാൽ കാണാവുന്ന ദുഃഖം, എല്ലാം രവി ഉൾക്കൊണ്ടു. വിലങ്ങുകളുടെ ദശാസന്ധികളിൽ താൻ ഏതോ അന്തർദ്ധാരയുടെ ഉഷ്‌ണജലം പേറുന്നുണ്ടെന്ന്‌ അയാളറിഞ്ഞു. വിദൂരമായ വിരഹക്കാഴ്‌ച്ചകളുടെ ഭൂതം ആബിദയുടെ സ്മൃതിയിലലിയുന്നു. അവളുടെ ഭൂതകാലത്തിന്‌ സംസാരിക്കാനറിയാം. തന്റെ സന്നിഗ്‌ദ്ധമായ തനുവിൽ ഉറങ്ങികിടക്കുന്ന വിഫലതയുടെ എല്ലാ അക്ഷരങ്ങളും പുറത്തു ചാടുന്നു. നാമമാത്രമായ പരിചയങ്ങളുടെ ഭ്രമണങ്ങളിൽ നിന്ന്‌ രവി ഒന്നു പിൻതിരിഞ്ഞു. എന്തെല്ലാമോ ഓർമ്മകൾ ചീവീടുകളായി വന്ന്‌ നിലവിളിച്ചു. ഏകാന്തതയുടെ രാത്രിപ്പക്ഷികൾ അറിവിന്റെ സംശയങ്ങളായി നിന്നു. ചുമരുകളും, അവശിഷ്‌ടങ്ങളും മങ്ങിയ നിഴൽ പതിച്ച , തണൽ വീണ ഓർമ്മകളും ദുരിതങ്ങളുടെ ശൈത്യം പുറത്തെടുത്തു. സ്നേഹവിശ്വാസത്തിന്റെ ആഗ്നേയ ശസ്ത്രങ്ങൾ , മന്ദഹാസത്തിന്റെ അലൗകികമായ വിങ്ങലുകൾ , അഴിഞ്ഞലിയുന്ന മൗനപരിസരം - പരിത്യക്തമായ ജൈവബന്ധങ്ങളുടെ നിലാവിൽ മനസ്സ്‌ എന്തോ ചിലത്‌ അറിയുന്നു.

സ്വന്തം വഴികളിൽ ഉപേക്ഷിക്കപ്പെട്ട ആത്മാവിന്റെ രഹസ്യവും പ്രശാന്തവുമായ യാത്രകൾ വ്യാമിശ്രമായ പ്രാപഞ്ചികാവസ്ഥയുടെ ധമനികളായിരിക്കുന്നു.ആബിദയുടെ ചിത്രം നിലാവിന്റെ നൃത്തം പോലെ വാൽസല്യവും സാന്ത്വനവും നിറഞ്ഞതാണ്‌. വെറും പരിചയങ്ങളിൽ നിന്ന്‌ അതിരൂഢമായ ആത്മ ബന്ധങ്ങളിലേക്കും പ്രണയങ്ങളിൽ നിന്ന്‌ അസ്പഷ്‌ടമായ വിരഹങ്ങളിലേക്കും കാലം മാറിവീഴുമ്പോൾ , അവ ശാശ്വതമായ ദുഃഖങ്ങളും, അകലെയുള്ള സന്നിഗ്‌ദ്ധതകളും കൊണ്ട്‌ നിറഞ്ഞ്‌ , പ്രപഞ്ചത്തിന്റെ അന്തർധാരകളുടെ പ്രസാദപൂർണ്ണമായ ആത്മ സംയോജനങ്ങളായിത്തീരുകയാണ്‌. വരുമ്പോഴും പോകുമ്പോഴും മനുഷ്യൻ ഒന്നും പറയുന്നില്ലല്ലോ. നിത്യമായ സംശയങ്ങളുടെ കൊളുത്തിൽ നിന്ന്‌ സത്യത്തിന്റെ ശരീരം മുക്തമാകാത്തതെന്താണ്‌? ചോദ്യങ്ങൾ മുനയൊടിഞ്ഞ്‌ സംസാരത്തിന്റെ മുറ്റത്ത്‌ കമിഴ്‌ന്ന്‌ കിടക്കുന്നു. മൗനം കൊണ്ട്‌ തൊട്ടാൽ പ്രതികരിക്കുന്നത്‌ കുട്ടികളുടെ മുഖങ്ങൾ മാത്രമാണെന്ന്‌ പറഞ്ഞ ഫ്രാൻസിസ്‌ തോംപ്‌സണിലാണ്‌ ഇത്‌ ചെന്നെത്തുന്നത്‌. നിസ്സംഗതയും ഉച്ചാരണവും ഒന്നായിത്തീരുകയാണല്ലോ. ഭൗമബന്ധങ്ങളുടെ സരളമായ പാഠങ്ങളിലൂടെ മനുഷ്യന്റെ ദൗത്യം വിനയത്തിന്റെ ശിഖയിലെത്തുന്നു. നേരമ്പോക്കുകളുടെ ക്രോധം ശിരസ്സിലിട്ടുകൊണ്ട്‌ വഴിയിലിറങ്ങി ശകാരിക്കുക. സത്യത്തിന്റെ ചില്ല സൂര്യനഭിമുഖമായി ഉയർത്തിപിടിച്ചുകൊണ്ട്‌ ഉറക്കെ നിലവിളിക്കുക. ഇരുട്ടിന്റെ മിന്നാമിനുങ്ങുകളെ വകഞ്ഞുമാറ്റി രാത്രിയുടെ നെൽപ്പാടങ്ങളിലൂടെ ഇരങ്ങിനടക്കുക. അപ്പോഴും ദിവ്യരൂപങ്ങളുടെ കൃഷ്ണമണികളും മഞ്ഞുത്തു‍ള്ളികളും പറ്റിച്ചേർന്നിരിക്കുന്ന മനസ്സും പുലരിയുടെ ശരീരത്തിൽ സൂക്ഷിക്കുന്നുണ്ടാവും.നീ എവിടെ പോകുന്നുവെന്ന്‌ നിങ്ങൾ ആരും എന്നോട്‌ ചോദിക്കുന്നില്ല.
എങ്കിലും അത്‌ നിങ്ങളോട്‌ സംസാരിക്കുന്നതുകൊണ്ട്‌ നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നുവെന്ന്‌ യോഹന്നാന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. (യോഹന്നാൻ 16;6)പ്രപഞ്ചത്തിന്റെ അന്തര്‍ദ്ധാരയായി വർത്തിച്ചുകൊണ്ട്‌ ചോദിക്കാതെ പോകുന്ന ചോദ്യം ലൗകികമായ വിഷാദജ്വരങ്ങളുടേയും ജൈവബന്ധങ്ങളുടേയും മൗനമാണ്‌. പ്രപഞ്ചത്തിന്റെ അന്തർപ്രവാഹങ്ങളുടെ ഗതികളിൽ അലയുമ്പോൾ മൗനം പ്രവർത്തനവും പ്രവർത്തനം മൗനവുമാകുന്നതു കൊണ്ടാ‍ണിങ്ങനെ സംഭവിക്കുന്നത്‌. ആന്തരമായ ഇഷ്‌ടബന്ധങ്ങളുടെ ചുമരുകളിൽ ജൈവസ്പർശങ്ങൾ ശിൽപ്പത്തിന്റെ ഏകാന്തതയിലേക്ക്‌ , ദുഃഖത്തിന്റെ വസന്തർത്തുവായി മനസ്സ്‌ ലയിച്ചു ചേരുന്നു. രവി ഓർത്തു ഏകാകിതയുടെ നിശ്ശബ്‌ദചോദനകളുമായി ഞാനിതാ വരുന്നു. അജ്ഞേയമായ പൊരുളുകളുടെയിടയിൽ ,പ്രാർത്ഥനയുടെ അനാഥമായ നാഴികളുടെയിടയിൽ വേദനയുടെ വത്സലയായൊരു പക്ഷിയായി, ശാന്തതയുടെ മാതാവിനെ കാണുവാനും സത്യഭാഷണം നടത്തുവാനും ഞാനിതാ വരുന്നു.


No comments: