Followers

Thursday, October 29, 2009

വൃക്ഷാഗ്രങ്ങൾ

aathmaayanangalute khasak/ m k harikumar

വൃക്ഷാഗ്രങ്ങൾ -10


ഖസാക്കിന്റെ മണ്ണിൽ നിന്ന്‌ പുരാതനമായ വിഗ്രഹങ്ങളും തച്ചുടക്കപ്പെട്ട ക്ഷേത്രങ്ങളും വീണ്ടും ജന്മം കൊള്ളുകയാണ്‌. അത്‌ ജീവിതത്തിന്റെ നൈരന്തര്യത്തിന്‌ ആവശ്യമായി വന്നു. ഭൂതകാലത്തിന്റെ ശിലകളും മൂലകങ്ങളും ആത്മാവിന്റെ മാർഗ്ഗത്തെ നിർണ്ണയിക്കുകയായിരുന്നു.വീഴ്‌ച്ചകളിൽ നിന്ന്‌ വർത്തമാനത്തിന്റെ ഗതി രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനായി അവർ പ്രാകൃതമായ അനുഷ്ഠാനങ്ങളുടേയും വിശ്വാസങ്ങളുടേയും പ്രസാദം നിറഞ്ഞ കൊട്ടാരങ്ങളിലേക്ക്‌ യാത്രയായി. കുട്ടാടൻ പൂശാരിയേയും ലക്ഷ്മിയേയും ഗോപാലപ്പണിക്കരേയും കോർത്തുകൊണ്ട്‌ വിജയൻ നെയ്യുന്ന കത്തുന്ന ജീവിതമാല ആത്മാവിന്റെ തൃഷ്ണകളിൽ നിന്ന്‌ പ്രാർത്ഥനയുടെ ശിഖരങ്ങളിലേക്ക്‌ ഭ്രാന്തമായി കുതിക്കുന്ന സ്മൃതിയാണ്‌ കൊണ്ടുവരുന്നത്‌. മനസ്സിന്റെ വ്രണിതമൗനം ഭേദിച്ചുയരുന്ന രതിയും ബാഹ്യാവസ്ഥയുടെ കരുണാരഹിതമായ ഖരാവസ്ഥയും ചേർന്ന്‌ നിഷ്‌പ്രഭമാക്കുന്ന ഐഹികതയെ വിജയൻ ബോദ്ധ്യപ്പെടുത്തുന്നുണ്ട്‌. പ്രാർത്ഥനയുടേയും, ആചാരങ്ങളുടേയും പുക കെട്ടിയ അന്തരീക്ഷത്തിലും കുട്ടാടന്റെ ഉള്ളിൽ ലക്ഷ്മിയുടെ ഗതകാലം പൂത്തുതിണർത്തു നിൽക്കുന്നു. സത്യത്തിൽ ജീവിതം നൽകിയ ഭ്രാന്തിൽ നിന്ന്‌ ധർമ്മാനുഷ്‌ഠാനങ്ങളുടെ വയൽവരമ്പിലൂടെ യാത്ര ചെയ്യുകയാണ്‌ കുട്ടാടൻ. എന്നാൽ കുട്ടാടനോ , ലക്ഷ്മിയോ ഗോപലപ്പണിക്കരോ ദൈവത്തിന്റെ ചേതഃശ്രുതികളിലെത്തുന്നില്ല. അവരുടെ വർത്തമാനത്തിന്റെ മറവിന്‌ ദൈവം അത്ര പ്രിയപ്പെട്ട മിഥ്യയല്ലായിരുന്നു. ദൈവത്തിന്റെ കോവിലിൽ അവരെ ധ്യാനമൂകരാക്കിയത്‌ ഗതകാലത്തിന്റെ ഇച്ഛാഭംഗങ്ങളും കത്തിയമർന്ന തൃഷ്‌ണകളുമായിരുന്നു.

വിജയന്റെ കലാചേതനയിൽ ഒരിക്കലും, വിശ്വാസം മൂർത്തമായ വിഗ്രഹപ്രതിഷ്‌ഠകളിലേക്ക്‌ കടന്നുവരുന്നില്ല. അത്‌` അന്വേഷണങ്ങളുടെ രംഗങ്ങളിലാണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌. സത്യത്തിന്റെ മലമുകളിൽ അന്തിയുറങ്ങാനുള്ള ആദ്ധ്യാത്മികാന്വേഷണങ്ങളുടെ പ്രവർത്തനം ദൈവത്തിന്റെ സൃഷ്ടിയിൽ സംഭരിച്ചിരിക്കുന്നു. ഉള്ളിന്റെ ഭഗ്നകേന്ദ്രങ്ങളിൽ നിന്ന്‌ ഏകാഗ്രതയുടെ ശാലകളിലേക്കുള്ള പ്രയാണം സംഗതമാവുന്നു. .അതു മനുഷ്യരുടെ ഇടയിലെ സത്യവും മിഥ്യയും വേർത്തിരിച്ചില്ല. മനുഷ്യന്റെ നന്മ തിന്മകളെക്കാൾ സംസാരത്തിന്റെ നിദ്രാസക്തിയെ ഉത്തേജിപ്പിക്കുകയാണ്‌` ചെയ്‌തത്‌. അത്‌` ഐഹികമായ വിശ്വാസമായിത്തീർന്നു. ചൂടുള്ള പകലുകൾപോലെ വിശ്വാസം മനസ്സിന്റെ ഭൂമിയിൽ കിടന്നുപുളച്ചു. അതു സംഹാരത്തിന്റേയോ ,ഹിംസയുടേയോ, വാലുകൾക്കുവേണ്ടി അലയുകയായിരുന്നു. രൗദ്രമായ ,പ്രചണ്ഡമായ തേരോട്ടങ്ങളുടെ അന്ധവേഗങ്ങൾ വിശ്വാസത്തിന്റെ കർമ്മത്തിലുണ്ടെന്ന്‌ വിജയൻ രേഖപ്പെടുത്തുന്നു. അതു സംയമനത്തിനു പകരം പ്രവർത്തനത്തിന്റെ കാർക്കോടകൻമാരെ കാലത്തിന്റെ പുഴയിൽ ഇറക്കിവിട്ടു . ഇവിടെ ,വിശ്വാസത്തിന്റെ ആസക്തിയും പ്രവർത്തനങ്ങളിലുള്ള ദുഃഖവും, ലൗകികവുമായ വിലക്കുകളല്ല. അതു മർത്ത്യനെ ജീവിതത്തിൽ നിന്ന്‌ പിന്തിരിപ്പിക്കുന്ന മാർഗ്ഗമോ, ലക്ഷ്‌യമോ അല്ല.
അധോവ്യഗ്രതയുടെ പീഠഭൂമികളിൽ നിന്ന്‌ പ്രാർത്ഥനയുടെ ഏകാഗ്രങ്ങളിലേക്കുള്ള ജിജ്ഞാസയാണ്‌. ഖസാക്കിന്റെ ആതുരമായ നിമിഷങ്ങളെ അറിയുമ്പോൾ ഇത്‌ ബോധ്യമാകുന്നുണ്ട്‌. ഇവിടെ നേരിൽ നിന്നും മിഥ്യയിൽ നിന്നും അകലുന്ന മനസ്സിന്റെ പ്രാർത്ഥനകൾ ദൈവത്തിന്റെ സ്വകാര്യതയാവുന്നു. ദൈവവുമായി ഒരുമിക്കുന്ന നിമിഷത്തിലൂടേ നഷ്‌ടമായ ഗതകാലത്തിന്റെ ഹരിതകങ്ങളെ തഴുകാനിടവന്നു. ഈ വിശ്വാസങ്ങളെല്ലാം ഖസാക്കിന്റെ തലത്തിൽ വിലോലതകളാണ്‌. ശിശുവിന്റെ നിഷ്‌ക്കളങ്കത പോലെ ആർദ്രമാണിവിടെ വിശ്വാസം.അതിനു പിന്നിൽ വ്യസനങ്ങളുടെ അള്ളിപ്പിടിക്കുന്ന തീയുണ്ട്‌.ഏകാഗ്രതയുടെ ഓരോ അടരിലും മറഞ്ഞുപോയ കിനാവുകളുടെ തുരുമ്പുകൾ പറ്റിയിരിപ്പുണ്ട്‌. വർത്തമാനം പരിത്യക്തയുടെ ആണിമുനകളിൽ വിശ്രമിക്കുകയാണ്‌. ഈ വിശ്വാസങ്ങളുടേ ഭാണ്ഡത്തിൽ ദൈവവും ഒരഭയാർത്ഥിയാണ്‌. അവളുടെ സാഹോദര്യമാണ്‌ രവിയെ അങ്ങോട്ടടുപ്പിക്കുന്നത്‌. പൊരുളുകളുടെ മിഥ്യകളും യാഥാർത്ഥ്യങ്ങളും അനന്തത കളും നൽകിയ ഭർത്‌സനങ്ങൾ രവിയെ മുക്തിയുടെ മന്ത്രങ്ങൾ പഠിപ്പിക്കുകയായിരുന്നു. അതൊരു തൃഷ്‌ണയുടെ വെളിമ്പുറങ്ങളിൽ മയങ്ങിയ ശാന്തതയായിരുന്നു.

ഏത്‌ നിരർത്ഥകതയാണ്‌ മുറിവേറ്റ മനസ്സിന്റെ അത്യാഹിതത്തിലേക്ക്‌ പ്രാവായി കടന്നുവരാത്തത്‌? അറിവുകൾക്കെല്ലാമപ്പുറത്ത്‌ ,വ്യഗ്രതകളുടെ തണലിൽ നുരഞ്ഞുകിടക്കുന്ന അർത്ഥശൂന്യതകളെല്ലാം പൊള്ളുന്ന ആശങ്കകളുടെ ആലയങ്ങളായി മാറുകയാണ്‌. ഖസാക്കിന്റെ പ്രകൃതിയിൽ അലിഞ്ഞ പ്രാക്തനശ്രദ്ധകളുടെ കർമ്മങ്ങൾ ഇത്തരത്തിൽ അധോലോകത്തിന്റെ സന്ദർഭങ്ങളെയാണ്‌ തുറന്നു കാണിക്കുന്നത്‌. ഖസാക്കിന്റെ ഏകാഗ്രതയെ വിജയൻ നെയ്‌തെടുത്തിരിക്കുന്നത്‌ വർണ്ണങ്ങളും നനവുകളും പടർന്ന മനുഷ്യയാനങ്ങളുടെ ആസക്തിധാരകളിൽ നിന്നുമാണ്‌.

വർഗ്ഗസ്മൃതികളും ഗോത്രാചാരങ്ങളും മിഥ്യകളും ലയിച്ചുകിടക്കുന്ന ഏകാഗ്രതയാണ്‌ വിജയൻ അവതരിപ്പിക്കുന്നത്‌. ഏകാഗ്രത സംസാര രൂപിണിയായെങ്കിലെന്ന്‌ രവി ഓർത്തുപോകുന്നു. ഈ ഏകാഗ്രതയിലൂടേ പ്രാണവേദനകളെ കഴുകിയെടുക്കാനാവുമോ? സമാധി തേടുന്ന പ്രജ്ഞപോലും ഇത്ര ദുഃഖഭരിതമോ? അതിന്റെ സ്മൃതിനാദങ്ങളിൽ കൈവിരലുകൾപോലും പൊടിഞ്ഞുപോകുന്നു. ശാന്തിയുടെ ഇലത്തട്ടുകളിൽ ആത്മാവിനെ നടുവാനായി മനസ്സ്‌ വെമ്പുന്നു. സഞ്ചാരങ്ങളുടെ വഴികളിലെല്ലാം ശരീരവും മനസ്സും കൊഴിഞ്ഞുപോവുകയാണ്‌. അറിവിൽ നിന്ന്‌ വമിച്ച അനശ്വരസ്മൃതികൾ, അതായിരുന്നു രവിയുടെ പ്രതിഷ്ഠകൾ. എന്നാൽ ദൈവത്തിന്റെ സുരക്ഷിതമായ ഇടം ഖസാക്കിന്റെ ഏതു തിരിവിലാണ്‌ ഒളിഞ്ഞിരിക്കുന്നത്‌? ഞരമ്പുകൾ തോറും ഒഴുകി നിറയുന്ന സന്ദിഗ്‌ദ്ധതകളുടെ ലൗകിക മൊഴികൾ ഖസാക്കിന്റെ ഭൂപ്രകൃതിയിലലിയുന്നു. വാസ്തവത്തിൽ , ഇത്‌ ഖസാക്കിന്റെ ഏകാഗ്രതയുടെ അനേകം ധാതുക്കളിലൊന്നു മാത്രമാണ്‌. അറിവിന്റേയും വിശ്വാസത്തിന്റേയും പ്രാർത്ഥനയുടേയും കാമങ്ങളുടേയും സ്നേഹദ്വേഷങ്ങളുടേയും അനേകം വൃക്ഷാഗ്രങ്ങൾ ഖസാക്കിലുണ്ട്‌. ഭൗതികപ്രത്യക്ഷങ്ങളുടെ ഗ്രാമപ്രകൃതിക്കപ്പുറത്ത്‌ , ഖസാക്കിൽ താളവും താളഭംഗവും നിറഞ്ഞ ഏകാഗ്രത തളം കെട്ടി നിൽക്കുന്നു. അപ്പുക്കിളിയും ഭൗതികപ്രത്യക്ഷങ്ങളുടെ ആബിദയും ജീവിതരീതിയുടെ സരളതയും ആർദ്രമായ മോഹഭംഗങ്ങളും കൊണ്ട്‌ താളം സൃഷ്ടിക്കുന്നുണ്ട്‌. എന്നാൽ രവിയുടെ ദുഃഖപരിസരങ്ങളിൽ ഓർമ്മകളുടെ കറ അവശേഷിക്കുന്നു. അതുകൊണ്ട്‌ താളത്തിന്റെ നീലാംബരത്തിലേക്ക്‌‍ ശ്രദ്ധ പറന്നുചെല്ലുന്നില്ല. ഇവിടെ വാൻഗോഗിന്റെ താളം ഓർമ്മിച്ചുപോകുകയാണ്‌. വയലിലെ കർഷകന്റെ ചിത്രമെഴുതുമ്പോൾ മണ്ണും കർഷകനും പരസ്പരം ലയിക്കുന്നതു കാണാം.
മണ്ണ്‌ കർഷകനെ പുണരുമ്പോൾ കർഷകൻ മണ്ണിന്റെ നിറങ്ങളിലേക്ക് ചെല്ലുന്നു. സൂര്യൻ കർഷകനേയും വയലിനേയും തഴുകിയുറക്കുന്നു. കർഷകനും വയലും ചേർന്ന്‌ സൂര്യനെ ആത്മഗീതം വായിച്ചു കേൾപ്പിക്കുന്നു. രവി, ഈ താളബോധത്തിൽ നിന്നാണ്‌ പതിച്ചത്. ദേവിയുടെ മുമ്പിലെത്തിമ്പോൾ ദേവിയും തന്നെപ്പോലെ ഒരഭയാർത്ഥിയാണെന്നറിയുന്ന ഏകാകിയുടെ ശ്രദ്ധ താളഭംഗങ്ങളില്‍ നിന്നുൽഭവിച്ചതാണ്‌. ദൈവത്തിന്റെ മിഥ്യപോലും ശാന്തിക്ക്‌ മരുന്നാകാത്ത ഐഹികതയുടെ ബീജം ഖസാക്കിൽ വീണുകിടക്കുന്നു. അതിൽ താളവും താളഭംഗവും ഏകാഗ്രതയുടെ വിശാലമായ ശരീരത്തിൽ ശ്വസിച്ചു കഴിയുകയാണ്‌.

നീറിപ്പിടിക്കുന്ന ആദ്ധ്യാത്മിക വീഴ്‌ച്ചകൾ നരന്റെ ശാപഗ്രസ്തമായ വർത്തമാനമായി നിൽക്കുന്നു. പിന്നെ സം വത്സരങ്ങളുടെ സംയമനത്തിലൂടെ ആത്മായനങ്ങളുടെ ഋതു. പഥികന്റെ നീരാഴങ്ങളുടേ തെളിമ. കറുത്ത പുഷ്പ്പങ്ങളുടെപരാഗണങ്ങൾ. മഥനങ്ങളുടെ ഇഴനിഴലുകളിലൂടെ പ്രാണന്റെ ഭാരവുമായി ഖസാക്കിന്റെ ശരീരത്തിലേക്ക്‌ ഒരു യാത്ര. ഖസാക്കിൽ സ്പന്ദിക്കുന്ന ജൈവലോകത്തിന്റേയും പദാർത്ഥലോകത്തിന്റേയും ആത്മാവ്‌. വിശ്വാസവും കർമ്മവും ചേർന്ന വൃക്ഷാഗ്രങ്ങളുടെ ലൗകികാവസ്ഥ ഒരുക്കുന്നതിലൂടെ തെളിഞ്ഞെത്തുന്ന അപൂർവ്വമായ ആത്മബോധങ്ങൾ. പ്രവർത്തനത്തിന്റെ ശബ്ദഘോഷങ്ങളിൽ നിന്ന്‌ ദുഃഖവിമുക്തി നേടിയവരുടെ പലായനങ്ങൾ. വിശ്വാസങ്ങളാകുന്ന പ്രാർത്ഥനകളും നിഷ്ഠകളകന്ന രതിതൃഷ്ണകളും ഈണമിടുന്ന ശരീരവും മനസ്സും .
ഖസാക്കിന്റെ പ്രജ്ഞാപരമായ വിചാരങ്ങൾ മനുഷ്യരിലൂടേയും വസ്തുക്കളിലൂടേയും പരിണമിക്കുകയാണ്‌. കേഴുന്ന ,ആലോചനകളിലകപ്പെട്ടുപോയ പ്രകൃതിയെ വേർതിരിച്ചറിയാൻ വയ്യാത്ത ദുരൂഹത. അത്‌ വിശ്വാസത്തിന്റെ ദുഃഖമായിത്തീരുകയാണ്‌. സ്വയമറിയാതെ പേറുന്ന സത്യബോധങ്ങളുടേ പ്രവർത്തനോൻമുഖമായ മൂല്യങ്ങൾ. അത്‌ വിഷാദാത്മകമായ മൂല്യങ്ങളായിത്തീരുകയാണ്‌. നിദ്രയുടെ ഏകാന്തതയിലേക്ക്‌ പോകാൻ രവിയെ പ്രേരിപ്പിച്ചതു ഇതാണ്‌. ഖസാക്കിലെ ഗ്രാമീണരും കുട്ടാടൻ പൂശാരിയും ചേർന്നൊരുക്കുന്ന മാന്ത്രിക വിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങളിലേക്ക്‌ രവി ഏതോ നിലയിൽ കടന്നുചെല്ലാനാഗ്രഹിക്കുന്നു. രതിയിൽ നിന്ന്‌ പൂജയിലേക്ക്‌ ,പൂജയിൽ നിന്ന്‌ വീണ്ടും രതിയിലേക്ക്‌, പിന്നെ വീണ്ടും- പ്രാർത്ഥനകളിലേക്ക്‌. അങ്ങനെ നീളുന്ന യാത്രയുടെ സ്വരം ഖസാക്കിനെ വിശ്വാസങ്ങളുടെ വൃക്ഷാഗ്രങ്ങളിലേക്കെത്തിക്കുന്നു. തോമസ്‌ ഹാർഡി ധ്വനിപ്പിച്ചതുപോലെ വിശ്വാസത്തിനു വേണ്ടി മനസ്സുരുകുമ്പോൾ ഓരോരുത്തരും ദൈവികതയുടെ അസംസ്കൃത വസ്‌തുവാകുകയാണ്‌. മനുഷ്യരും വസ്തുക്കളും ഖസാക്കിൽ പുതിയ ജൈവസംയുക്തങ്ങളായിത്തീരുന്നുണ്ട്‌. അങ്ങനെ ഖസാക്ക്‌ പ്രാണയാനങ്ങളുടെ വഴിത്തിരിവിൽ വെച്ച്‌ ദൈവികതയുടെ അസംസ്കൃതവസ്തുവായി മാറുന്നു. പ്രപഞ്ചത്തെ സമാഹരിക്കുകയോ , ആത്മപക്ഷങ്ങൾക്കുവേണ്ടി പോരാടുകയോ ചെയ്യുന്നത്‌ വിജയന്റെ വിശ്വാസസംബന്ധമായ വിഷമതക‌ളോട് ചേർന്നു നിൽക്കുന്നില്ല. ഏകാകിയായിരിക്കുന്നതിനിടയിൽ , മനസ്സിനെ നയിക്കാൻ ഭൗതികലോകത്തില്‍ നിന്ന്‌ എന്താണ്‌ കാംക്ഷിക്കാനുള്ളതെന്ന അന്വേഷണമാണ്‌ വിശ്വാസത്തിന്റെ പ്രവർത്തനങ്ങളിലെത്തിക്കുന്നത്‌.

ഖസാക്കിനെ വിശ്വാസങ്ങളുടെ മാതാവായിട്ടാണ്‌ കാണേണ്ടത്‌. ഉൾപ്രേരണകളുടെ ബാല്യം കളം വരയ്ക്കുന്ന ദുഃഖം ഖസാക്കിനെ ചരിത്രവും ജീവിതവും കാലവും നിറയുന്ന തടാകമാക്കി മാറ്റുന്നു. കഥാപാത്രങ്ങളുടെ സഞ്ചാരം , അവർ സൃഷ്ടിച്ചെടുക്കുന്ന ബന്ധങ്ങൾ , എല്ലാം വഴിച്ചാലുകളൊരുക്കുന്നു.ഓർക്കുക, ഖസാക്കിലെ ഒരു പാത്രവും തീക്ഷണമായ ബന്ധം ദാഹിക്കുന്നില്ല. വിജയൻ എഴുതുന്നതു പോലെ വരും വരായ്‌കകളുടേ ഋതുഭ്രമണങ്ങളിലൂടെ അവർ ബന്ധങ്ങളിലും വിശ്വാസങ്ങളിലും വന്നു മുട്ടുക മാത്രമാണ്‌ ചെയ്‌തത്‌. മനസ്സിൽ പ്രതിരോധം നഷ്ടപ്പെടാതിരിക്കാൻ, മുറിവേൽക്കാതിരിക്കാൻ ഓരോ ജൈവതന്തുവും ധാരണയുടെ മേലങ്കിയിടുന്നു. നൈസാമലി ഹിംസയുടെ നിശ്ശബ്ദതയിലൂടെ മനസ്സിന്റെ പ്രവേഗങ്ങൾ മറച്ചുപിടിക്കുന്നു. അപ്പുക്കിളി അജ്ഞേയതയിൽ നിന്ന്‌ സരളമായ വാങ്ങ്‌മയങ്ങളിലേക്ക്‌ പതിച്ചിരിക്കുന്നതുകൊണ്ട്‌ അറിവിന്റെ ബാല്യത്തിലാണ്‌ കഴിയുന്നത്‌.
ഖസാക്കിന്റെ പുരാതന വിശ്വാസങ്ങളുടെ ഉള്ളുറപ്പ്‌ തുറന്നു കാണിക്കാനും കൂടിയാണ്‌ ഈ സൃഷ്ടി. മൊല്ലാക്ക സമാന്തര യാനങ്ങളുടെ അകൃത്രിമ സന്ദേശങ്ങളിലൂടേ എല്ലാരിൽ നിന്നും അകന്നുപോകുന്നു. സ്നേഹത്തിന്റെ വ്രണം എന്നോ കണ്ടെത്തിയപ്പോൾ മനുഷ്യൻ പാപിയുടെ വിത്താണെന്ന്‌ ബോദ്ധ്യപ്പെട്ടു. എന്നിട്ടും മൊല്ലാക്കക്ക്‌ സ്നേഹത്തിന്റെ പ്രലോഭനത്തിൽ നിന്ന്‌ രക്ഷപ്പെടാനാവില്ല. മാധവൻനായർ ജ്ഞേയമായ ഓർമ്മകളുടെ ഇടിഞ്ഞുപൊളിഞ്ഞ ചുമരുകൾ കാൺകെ ദുഃഖിതനാണ്‌. എങ്കിലും അജ്ഞേയമായ പൊരുളുകളുടെ തിരകൾക്കൊപ്പം സൗഹൃദങ്ങളിലൂടെ ജീവിക്കുകയാണ്‌. ഇതിലൂടെ ഖസാക്കിന്റെ പ്രകൃതാവസ്ഥകളുടെ പുരാവൃത്തം പ്രത്യക്ഷമാകുന്നുണ്ട്‌. നിരർത്ഥക ദുഃഖങ്ങളെന്ന്‌ രവി ഓർക്കുന്നുണ്ടെങ്കിലും അതിൽ ഭൂതകാലത്തിന്റെ സ്നേഹസ്പർശങ്ങൾ മുറിവുകളായി വന്ന്‌ എത്തിനോക്കുന്നു. അച്ഛൻ, അമ്മ,ചിറ്റമ്മ, പത്‌മ-അങ്ങനെ നീണ്ടുപോകുന്ന ബന്ധങ്ങളുടെയിഴയിൽ തന്റെ സ്പർശങ്ങൾ എന്തെല്ലാമായിരുന്നു? മിഥ്യകളിലൂടേ നടന്നലയുമ്പോഴും രവിയെ ശൂന്യതയുടെ ആഴം അളക്കാൻ നോവലിസ്റ്റ്‌ നിയോഗിക്കുന്നില്ല. രവിയുടെ മനസ്സ്‌ സ്നേഹങ്ങളും സ്നേഹശമനങ്ങളും നിറഞ്ഞ സമയ മുനയിലാണ്‌ കുടികൊള്ളുന്നത്‌ . അത്‌ ആർദ്രമായ പ്രാണയാനമാണ്‌.
ജീവിതത്തോടുള്ള ആസക്തി , ഇവിടെ ജീവിതത്തിന്റെ അറിവിലേക്കുള്ള ആസക്തിയായിത്തീരുന്നെന്നു മാത്രം. അറിവിന്റെ അനുഭവം ,ദുഃഖങ്ങളും പാപങ്ങളും ഏൽപിച്ച്‌ നരനെ അനാഥനാക്കുകയാണ്‌. എങ്കിലും രവിയിൽ പാപസ്മൃതിയുടെ സ്ഥായിയായ രാഗമില്ല. പാപത്തെക്കുറിച്ചുള്ള ഓർമ്മകൾ കടന്നുവരുകയേ ചെയ്യുന്നുള്ളു. അല്ലെങ്കിൽ ആസക്തിയുടെ പാപബോധവും രവിയിൽ ഒരുപോലെയാണ്‌. അന്തിമമായി ,ഈ ബോധാവസ്ഥ , ഖസാക്കിന്റെ കാലബോധത്തെ ഘനപ്പെടുത്തുന്നുണ്ട്‌.

No comments: