ഡി.എച്ച്.ലോറൻസിൻ്റെ ഭവിഷ്യജ്ഞാന സിദ്ധാന്തം
ഐറിഷ്
നോവലിസ്റ്റ് ജയിംസ് ജോയ്സിൻ്റെ കൃതികളെക്കുറിച്ചുള്ള ലേഖനത്തിൽ അമേരിക്കൻ
വിമർശകനായ യൂജിൻ ജൊലാസ്(Eugene Jolas) ജോയ്സിൻ്റെ സൗന്ദര്യസങ്കല്പം
വിശദീകരിക്കുന്നുണ്ട്. ജോയ്സിൻ്റെ A Portrait of the Artist as a Young Man
എന്ന നോവലിലെ കഥാപാത്രമായ സ്റ്റീഫൻ ഡെഡാലസിൻ്റെ ചിന്തകൾ എന്ന നിലയിലാണ്
അവതരിപ്പിക്കുന്നതെങ്കിലും അത് ഇറ്റാലിയൻ ചിന്തകൻ തോമസ് അക്വിനാസിൻ്റെ
കലയെക്കുറിച്ചുള്ള ആശയങ്ങളാണ് .അത് ഇപ്രകാരമാണ്: "കലയുടെ സൗന്ദര്യത്തിനു
മൂന്നു ഘടകങ്ങൾ ആവശ്യമാണ്- wholeness,harmony,radiance. Wholeness എന്നാൽ
ഒരു വസ്തുവിന്റെ അതിൽ തന്നെയുള്ള പൂർണ്ണതയാണ്. ഒരു വസ്തുവിൽ തന്നെ അത്
പൂർണമാണ് .അതിനെ മറ്റുള്ളവയിൽ നിന്നു വേർതിരിക്കുന്നത് ഈ പൂർണ്ണതയാണ് .ഒരു
പൂച്ച പൂച്ചയായിരിക്കുന്നതാണ് പൂർണത. രമ്യത അഥവാ harmony എന്നാൽ ഒരു
വസ്തുവിന്റെ ഘടനയാണ് .അതിൻ്റെ ആന്തരികമായ ക്രമമാണ് ,പൊരുത്തമാണ് .ഏതൊരു
വസ്തുവിനും ഉള്ളിൽ ഒരു ക്രമമുണ്ട്. അത് അതിൽതന്നെ ചിട്ടപ്പെടുത്തിയതു
പോലെയാണിരിക്കുന്നത് .അതിനെ പൂർണ്ണതയിൽ കാണുമ്പോൾ ഈ രമ്യതയും
വെളിപ്പെടുന്നു. ഒരു പൂച്ച ഒരു സ്വഭാവമാണ്. അതിനു ആ സ്വഭാവത്തെ
മറികടക്കാനാവില്ല. ഇതിനെ rhythm of its structure എന്നു പറയാം. ഒരു
വസ്തുവിനു തനതായ ഒരു സ്ഥാനമുണ്ട്. വിവിധ ഘടകങ്ങൾ പരസ്പരം
പൊരുത്തപ്പെട്ടിരിക്കുന്നതിന്റെ ലയമാണത്. മൂന്നാമത്തേതാണ് Radiance
.സൗന്ദര്യം ,തിളക്കം എന്നൊക്കെ വിളിക്കാം. മറ്റൊരു ലോകത്തു നിന്നു വളരുന്ന
വെളിച്ചമാണ് സൗന്ദര്യം.ഇത് ആന്തരപ്രഭയുടെ പ്രകടനമാണ്.ഉന്നതമായ ഒന്നിന്റെ
നിഴലാണത്. ഏതൊന്നിലും മഹത്തായ അതിഭൗതികമായ ഒരു ഉദ്ദേശ്യം ഒരു കലാകാരൻ
കണ്ടെത്തുന്നതിന്റെ ഫലമാണിത് .അജ്ഞാതമായ ഒരു പ്രകാശത്തിന്റെ
സാക്ഷാത്കാരമാണത്. കലയിൽ അലൗകികമായ ഒരു പ്രഭാവം കലാകാരൻ കൊണ്ടുവരുന്നു
.അത് അയാളുടെ മാത്രം കണ്ടുപിടുത്തമാണ്.
കലയുടെ പേരിൽ മുറിവേറ്റവൻ
കലാസൃഷ്ടിയെ
പ്രാപഞ്ചികമായ ഒരു പ്രതിനിധാനമാക്കുന്നത് ഈ ഘടകമാണ് .വസ്തുവിന്റെ
സൗന്ദര്യാത്മകമായ പ്രതിച്ഛായ കലാകാരൻ ഉൾക്കൊള്ളുകയാണ്. അതാണ് വരയ്ക്കാൻ
പ്രേരിപ്പിക്കുന്നത്.കലയുടെ നിർവ്വഹണത്തിലെ മറ്റു മൂന്നു ഘടകങ്ങൾ കൂടി
ഇവിടെ ചർച്ച ചെയ്യുന്നുണ്ട് .ഒന്ന്, ഭാവതല(lyrical)മാണ്. രണ്ടാമത്തേത്
epical തലമാണ്. മൂന്നാമത്തേത് നാടകീയതലമാണ്. കലാകാരൻ തൻ്റെ ആത്മാവിനോടു
സാദൃശ്യമുള്ള ഛായ കലയിൽ സൃഷ്ടിക്കുന്നതാണ് ഭാവതലം .കലാകാരന്റെ ഛായ തന്നെ
കലയിൽ നിലീനമാണ്. എപ്പിക്കൽ തലം ,സ്വന്തം പ്രതിച്ഛായയെ കലാകാരൻ്റെയും
അനുവാചകരുടെയും ഇടയിലെ കണ്ണിയായി അവതരിപ്പിക്കുന്നതാണ്. നാടകീയ തലമാകട്ടെ
സ്വന്തം പ്രതിച്ഛായയെ മറ്റുള്ളവരുമായി ബന്ധിപ്പിച്ചു കാണിക്കുകയാണ്.
വിശ്രുത ചിത്രകാരന്മാരുടെ രചനകൾ പരിശോധിച്ചാൽ wholeness,harmony radiance
എന്നിവ സജ്ജമാകുന്നത് കാണാം. ചിത്രങ്ങളിലേതു പോലെ പ്രത്യക്ഷവൽക്കരിച്ച്
കാണാൻ പ്രയാസമാണെങ്കിലും സാഹിത്യകൃതികളിലും ഇത് പ്രകടമാണ്. മഴയെക്കുറിച്ച്
എഴുതുമ്പോൾ മഴയെ പൂർണ്ണതയിൽ കാണുകയാണ് എഴുത്തുകാരൻ .കാക്കനാടൻ്റെ 'മഴയുടെ
ജ്വാലകൾ' ഉദാഹരണം. അതിൽ ഒരു ലയമുണ്ട്. അത് ചിത്രീകരിക്കുമ്പോൾ അഭൗമമായ ഒരു
പ്രകാശം കടന്നുവരുന്നു.
ജോയ്സിന്റെ നോവലിലെ
നായകനായ സ്റ്റീഫന് കലാപരമായ ഉദ്വിഗ്നതയാണുള്ളത്. അയാൾ കലയുടെ പേരിൽ
മുറിവേറ്റവനാണ്. അയാൾ സൗന്ദര്യത്തിന്റെ ആഘാതത്തിൽ എല്ലാവരിൽ നിന്നും
അകന്നുപോകാൻ ആഗ്രഹിക്കുന്നു.സത്യാന്വേഷണമാണ് കലയിലും സംഭവിക്കുന്നത്
.അടിസ്ഥാനപരമായി സത്യത്തെ സ്വീകരിക്കാനുള്ള ഒരു മനസ്സ് പ്രധാനമാണ് .വലിയ
കലാകാരന്മാർ ആ മനസ്സിൻ്റെ പൂർത്തീകരണത്തിനായി കഷ്ടപ്പെടുന്നു. അവർ
കലാസൃഷ്ടിയിൽ പിന്നെയും പിന്നെയും മിനുക്കുപണികളിലേർപ്പെടുന്നു. ഈ
ലോകത്തിലെ അതിസങ്കീർണമായ വിധിയെപ്പറ്റിയുള്ള വിചാരങ്ങളാണ് കലാകാരന്റെ
മനസ്സിൽ പുതിയ ഒരു കവാടം തുറക്കുന്നത് .തീർച്ചയായും, ഈ ലോകത്തോട്
സ്നേഹമുള്ള ഒരാൾക്ക് മാത്രമേ അറിയപ്പെടാത്ത സത്യത്തിനു വേണ്ടി
യാതനയനുഭവിക്കാൻ കഴിയുകയുള്ളൂ.
ഇംഗ്ലീഷ്
നോവലിസ്റ്റ് ഡി.എച്ച്.ലോറൻസ് എഴുതുന്നത് (Sketches of Etruscan Places and
Other Italian Essays) കലയിൽ divination -ഭവിഷ്യജ്ഞാനം -
പ്രവർത്തിക്കുന്നുണ്ടെന്നാണ്. അദ്ദേഹത്തിന്റെ വാക്കുകൾ: "നിങ്ങൾ ഈ
പ്രപഞ്ചത്തിൽ ജീവിക്കുകയാണെങ്കിൽ, ഈ പ്രപഞ്ചത്തിലേക്ക് നോക്കുന്നത് ഒരു
തുമ്പ് കിട്ടാൻ വേണ്ടിയാണ് .നിങ്ങൾ ഒരു ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ
അവനോട് പ്രാർത്ഥിക്കും. യുക്തിപരമായാണ് ചിന്തിക്കുന്നതെങ്കിൽ അതിലൂടെ
എല്ലാം ഗ്രഹിക്കാൻ നോക്കും. എന്നാൽ ഇതിന്റെയെല്ലാം ഒടുവിൽ ഫലം ഒന്നാണ്.
പ്രാർത്ഥന ,ചിന്ത, നക്ഷത്രങ്ങളെപ്പറ്റിയുള്ള പഠനം, പക്ഷിനിരീക്ഷണം
,ത്യാഗത്തിൻ്റെ അടിയിലുള്ള മനോനില പഠിക്കുന്നത് തുടങ്ങിയവ ഒരേ പ്രക്രിയ
തന്നെയാണ് -divination.ഇത് ഒരു വസ്തുവിൽ നിങ്ങൾക്ക് എത്രമാത്രം
സത്യസന്ധമായ, ആത്മാർത്ഥമായ, മതപരമായ ഏകാഗ്രത കൊണ്ടുവരാനാകും എന്നതിനെ
ആശ്രയിച്ചാണിരിക്കുന്നത്. പല വഴികളിലൂടെ നാം ഒരേയിടത്തു തന്നെ
എത്തിച്ചേരും."
അതുല്യമായ സാന്നിദ്ധ്യം
ആത്യന്തികമായി
ഉത്തരമില്ലാത്തതുകൊണ്ട് ഏതോ ദുർഗ്രഹത നമ്മെയെല്ലാം മൂടിയിരിക്കുന്നു. ഈ
പ്രപഞ്ചത്തിലായിരിക്കുന്ന നമുക്ക് കോടിക്കണക്കിന് ഗാലക്സികളെക്കുറിച്ചോ ,
നക്ഷത്രങ്ങളുടെ പിറവിയെക്കുറിച്ചോ, അവയുടെ നാശത്തെക്കുറിച്ചോ, അവയുടെ
ഉദ്ദേശങ്ങളെക്കുറിച്ചോ ഒന്നും അറിയില്ല. പലതരം വ്യാഖ്യാനങ്ങളും പഠനങ്ങളും
ഉണ്ടെങ്കിലും അതെല്ലാം മാറിക്കൊണ്ടിരിക്കുകയാണ് .എണ്ണമറ്റ ഗാലക്സികൾ
എന്തിനാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്? ഈ ഭൂമിയിൽ മാത്രമാണ് മനുഷ്യനു
ജീവിക്കാനാവുന്നുള്ളു.മറ്റെവിടെയും മനുഷ്യനില്ല. ഓരോ മനുഷ്യനും ജീവിയും
വിലപ്പെട്ടതാണ്. കാരണം, അതുപോലൊന്ന് വേറെ എവിടെയുമില്ല. ഈ അനന്തമായ
പ്രപഞ്ചത്തിൽ നമ്മെപ്പോലെ ഈ ഭൂമിയിൽ നാം മാത്രമേയുള്ളു. എത്ര അതുല്യവും
അമൂല്യവുമായ ഒരു സാന്നിധ്യമാണിത്. ഒരിക്കൽ പോലും ഇതിനുമുമ്പ്
ഉണ്ടായിട്ടില്ലാത്ത, ഇനി ഒരിക്കലും ഉണ്ടാകാത്ത ഒരു സൃഷ്ടിയെ
മാന്ത്രികമെന്നല്ലേ വിളിക്കേണ്ടത് ?ഓരോ സൃഷ്ടിയും വിസ്മയകരം മാത്രമല്ല
,അവിശ്വസനീയവും അതിശയകരവുമാണ്. ഒരു ജീവി യഥാർത്ഥമാണെന്നത് പോലും
വിശ്വസിക്കാനാവാത്ത വിധം അത് അതിശയകരമാണ് .അത് ആകെ ദുരൂഹതയാണ്. ഒന്നിനും
ഉത്തരമില്ല. എല്ലാം ആയിരമായിരം വ്യാഖ്യാനാത്മക പാഠങ്ങളായി
പിരിഞ്ഞുപോവുകയാണ്. വ്യാഖ്യാനങ്ങൾ യാഥാർത്ഥ്യത്തിൻ്റെ സ്ഥാനം നേടുകയാണ്.
നക്ഷത്രങ്ങൾ
നമുക്ക് അന്യരല്ല .നമ്മുടെ പിറവിക്കു കാരണമായ എത്രയോ മൂലകങ്ങൾ
നക്ഷത്രങ്ങളിൽ കാണാം. ഫോസ്ഫറസ്,മഗ്നീഷ്യം, ഹൈഡ്രജൻ, കാർബൺ ,സൾഫർ തുടങ്ങിയവ
നക്ഷത്രങ്ങളിലുണ്ട്, നമ്മളിലുമുണ്ട്. അതുകൊണ്ടു നമ്മളും നക്ഷത്രങ്ങളെ
പോലെയാണ് .പ്രപഞ്ചത്തെ ആരും മനസ്സിലാക്കരുതെന്നു ഉദ്ദേശമുള്ളതു പോലെ
തോന്നും. നമ്മൾ കഥയറിയാതെ ആട്ടം കാണുകയാണ്. ഈ ആട്ടം തന്നെയാണ് ജീവിതം.
ജീവിതത്തെ അറിയാൻ പല വഴികളിലൂടെ നടത്തുന്ന ശ്രമങ്ങളെല്ലാം എത്തിച്ചേരുന്ന
അമൂർത്തമായ ഒരു പ്രക്രിയയാണ് ഭവിഷ്യജ്ഞാനം അഥവാ divination.
ഭൗതികജീവിതത്തിനും
യഥാർത്ഥ്യത്തിനും അപ്പുറമുള്ള ഒരു തലത്തിലേക്ക് നാം
എടുത്തുയർത്തപ്പെടുകയാണ്. മണ്ണിൽ തൊട്ടു നിൽക്കുന്ന നാം പ്രാർത്ഥനയിലൂടെയും
ചിന്തയിലൂടെയും നക്ഷത്രങ്ങളിലേക്ക് ഉയർത്തപ്പെടുന്നു. നക്ഷത്രങ്ങൾ നമ്മുടെ
കൈകൾക്ക് അപ്രാപ്യമാണ്. പ്രാർത്ഥനയിലൂടെ നാം കൈയെത്താത്ത ലക്ഷ്യത്തെ
അംഗീകരിക്കുകയാണ്. കലാപ്രവർത്തനത്തിൽ ഇതാണുള്ളത്. ഏറ്റവും ഭൗതികമായ
ഒരനുഭവത്തിന്റെ ഉള്ളിലേക്ക് കയറി ഒരു പ്രപഞ്ചം സൃഷ്ടിക്കുന്നു. അതാകട്ടെ
ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ ഉയർത്തുന്നു. മഹാപ്രപഞ്ചങ്ങൾ ഓരോ
ആശയത്തിനുള്ളിലേക്കും നിർമ്മിക്കപ്പെടുന്നു. കോടാനുകോടി ആശയങ്ങളുടെ
ഗാലക്സികൾ മനുഷ്യൻ്റെ ആന്തരികവും ആത്മീയവുമായ ചിന്തകളിലൂടെ
സൃഷ്ടിക്കപ്പെടുന്നു. ഇത് കണ്ടെത്തുന്നതാണ് മനസ്സിൻ്റെ ശക്തി. ഒരു
വ്യത്യസ്ത മനസാണ് കലയ്ക്ക് അടിസ്ഥാനം. സവിശേഷ മനസ്സുള്ളവരാണ് ചലനങ്ങളോട്
ഉന്നതമായ നിലയിൽ പ്രതികരിക്കുന്നത്. എല്ലാത്തിനോടും പ്രതികരിക്കാൻ
എല്ലാവർക്കും സാധ്യമല്ല .അതിലോലമായ ചലനങ്ങളോടു പ്രതികരിക്കാൻ അതിസൂക്ഷ്മമായ
അർത്ഥങ്ങൾ സ്വരൂപിക്കാനുള്ള ശേഷി വേണം. അലറിവിളിക്കലോ മുദ്രാവാക്യങ്ങളോ
കലയിൽ പ്രധാനമല്ല. കലയിൽ അമൂർത്തതയ്ക്കെതിരെയാണ് യുദ്ധം. കലാകാരൻ തന്റെ
വസ്തുവിൽ എത്രമാത്രം ഏകാഗ്രതയോടെ ചേർന്നിരിക്കുന്നുവോ അത്രത്തോളം അയാൾക്ക്
അതിൻ്റെ അഭൗമമായ പ്രകാശത്തെ ഉൾക്കൊള്ളാൻ കഴിയും.
അലൗകികമായ പ്രകാശം
പതിനേഴാം
നൂറ്റാണ്ടിലെ ഡച്ച് കലാകാരൻ വാൻ ഡി വെൽദെ (Van De Velde) വരച്ച Peasants
and castle എന്ന ചിത്രം അലൗകികമായ മാനം വേർതിരിച്ചു മനസ്സിലാക്കി തരുന്നു.
divination ഈ ചിത്രത്തിൻ്റെ മഹത്തായ നേട്ടമാണ്. കർഷകരും അവരുടെ
കന്നുകാലികളുമാണ് വിഷയം. ഒരു ഗ്രാമപ്രദേശമാണ് ചിത്രത്തിലുള്ളത്. ഏതാനും
മരങ്ങൾ കാണാം .ഒരു സ്ത്രീ മുഖം നോക്കുകയാണ്. അവളുടെ ഭർത്താവ് അത് നോക്കി
നിൽക്കുന്നു. കറ്റകൾ ഒരു വശത്തുണ്ട്. കന്നുകാലികളിൽ മൂന്നെണ്ണം
കിടക്കുകയാണ്. ദൂരെ പാടങ്ങളും പറമ്പുകളും കാണാം. ആകാശത്തിന്റെ ഒരു
ഭാഗവുമുണ്ട് .വൃക്ഷങ്ങൾക്കിടയിൽ കാണുന്ന ആകാശവും പറമ്പും എത്ര തീവ്രമായി
നമ്മെ ആവേശിക്കുന്നു. ചിത്രകാരൻ എന്താണോ വരയ്ക്കാൻ ഉദ്ദേശിച്ചത്
അതിനപ്പുറമാണ് ഇത്. വസ്തുക്കളുടെ വിവരണത്തിനപ്പുറം സംവദിക്കുകയാണ്. ഒരു
സൗന്ദര്യതീവ്രത കൂടിച്ചേർക്കപ്പെട്ടിരിക്കുന്നു. അലൗകികമായ പ്രകാശം ഈ
ചിത്രത്തെ മനസ്സിലേക്ക് അടുപ്പിക്കുകയാണ്. മറ്റൊരാൾക്ക് സൃഷ്ടിക്കാനാവാത്ത
സൗന്ദര്യമാണിതിലുള്ളത്. കലാകാരൻ സൃഷ്ടിച്ച divination .ജീവിതത്തിന്റെ
അസ്ഥിരതയെയും ഭയാശങ്കകളെയും അതിനിടയിൽ കിട്ടാനിടയുള്ള സമാധാനത്തെയും
പ്രകാശിപ്പിക്കുന്ന ചിത്രമാണിത് .
ലോറൻസ്
തുടർന്ന് എഴുതുന്നു: "ശുദ്ധമായ ശ്രദ്ധയുടെ ഒരു പ്രക്രിയ, നിങ്ങൾക്ക് അതിനു
സിദ്ധിയുണ്ടെങ്കിൽ, തീർച്ചയായും അതിന്റേതായ ഒരു ഉത്തരം നൽകാതിരിക്കില്ല
.നിങ്ങൾ തിരഞ്ഞെടുക്കുന്ന വസ്തുവിലാണ് പരിപൂർണ്ണമായ ശ്രദ്ധയുണ്ടാവുന്നത്.
ഏതൊരു യഥാർത്ഥ കണ്ടെത്തലും ഏതൊരു മർമ്മപ്രധാനവും പ്രസക്തവുമായ തീരുമാനത്തിൽ
എത്തിച്ചേരുന്നതും ഈ ഭവിഷ്യദർശനത്തിലൂടെയാണ്. ആത്മാവ് പ്രകമ്പിതമാവുകയാണ്.
അതിലൂടെ ശുദ്ധമായ ശ്രദ്ധയുണ്ടാകുന്നു. ഇതാണ് കണ്ടെത്തൽ." ഒരു വസ്തുവിനെ
ശ്രദ്ധിക്കുക എന്നു പറയുന്നത് കലാപ്രവർത്തനത്തിന്റെ ഏറ്റവും സൂക്ഷ്മമായ
തലമാണ്. എന്തുകൊണ്ട് ശ്രദ്ധിക്കുന്നു ?അതിനു ഒരു മാനമുള്ളതുകൊണ്ടാണ് .ആ
മാനവുമായി കലാകാരൻ മാത്രമാണ് സംവദിക്കുന്നത് .
ജനസാമാന്യത്തിന്റെ
വിവക്ഷകൾക്കൊത്തല്ല ഫ്രഞ്ച് പെയിന്റർ ജോർജ് ലോഗി(Georges Laugee)Women in
the Fields(1900) എന്ന ചിത്രം വരച്ചത് .അപാരമായ ഒരു വിനിമയത്തിലേക്ക് ഈ
ലോകത്തെ ഉയർത്തിക്കൊണ്ടു പോകുന്ന ഒരന്തരദർശനമാണത്. ദൈവമെന്ന ഒന്നുണ്ടെങ്കിൽ
അത് ഈ ചിത്രത്തിലും അനുഭവിക്കാം. ജീവിതത്തിൽ നാം കാണാനാഗ്രഹിച്ച
അഭൗമരസാത്മകതന്തുക്കൾ ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. മനുഷ്യൻ അറിയാത്ത
ഒരു ലീലയുടെ പ്രത്യക്ഷതയാണിത്. ഏതാനും സ്ത്രീകൾ കറ്റ ചുമന്നുകൊണ്ടു
പോവുകയാണ്. കൊയ്യാൻ ബാക്കിയുള്ള പാടം പശ്ചാത്തലത്തിൽ കാണാം .എന്നാൽ
നടുക്കുന്ന ഒരാവിർഭാവം പോലെ ഭാഗികമായി കാർമേഘത്താൽ മൂടിയ ആകാശവും കാണാം.
എവിടെ നിന്നാണ് അതിമനോഹരമായ ഈ ആഖ്യാനം വരുന്നത്?കലയിൽ അർത്ഥമല്ല ആദ്യം
തിരയേണ്ടത്, ഈ ആഖ്യാനമാണ്. എന്തുകൊണ്ട് ചിത്രകാരൻ ഈ സ്ത്രീകളെ
തിരഞ്ഞെടുത്തു? അതിനു തീവ്രത വർദ്ധിപ്പിക്കാനായി തീ നിറമുള്ള ചെടികൾ
പശ്ചാത്തലത്തിൽ വരച്ചിരിക്കുന്നു. ആകാശമാകട്ടെ വളരെ മാനുഷികമാണ്. എല്ലാം
മാനുഷികമാക്കപ്പെട്ടിരിക്കുന്നു. ഏത് വസ്തുവും കലയിൽ
മാനുഷികമാക്കപ്പെടുകയാണ് ചെയ്യുന്നത്.
മനുഷ്യവിഷാദത്തെയും
ജീവിതത്തിൻ്റെ അസ്ഥിരതയെയും അത് അന്തർവഹിക്കുകയാണ്. തൊഴിലാളികൾ ജോലി
ചെയ്യുന്നതിൻ്റെ ഒരു നിമിഷമാണിത്.അവർ സഞ്ചരിക്കുന്നത് നമ്മുടെ
ഹൃദയത്തിലൂടെയല്ല ;ഈ മഹാപ്രപഞ്ചത്തിലെ അനന്യമായ ഒരു വിതാനത്തിലൂടെയാണ് .അവർ
പാടത്ത് നിന്നു ഒരു പാതയിലേക്ക് എത്തുകയാണ്. അവർ എന്തെങ്കിലും
പറയുന്നുണ്ടാകും ,തീർച്ച.ഇതിലെ പ്രകാശവിന്യാസവും വർണസഞ്ചയവും കലാകാരന്റെ
'ശ്രദ്ധ'യുടെ ഭാഗമാണ്. ലോറൻസ് പറയുന്ന പവിത്രമായ ശ്രദ്ധ ഇതാണ്. ശ്രദ്ധയുടെ
ഉത്തരം ഈ വർണ്ണ വിന്യാസവും പ്രകാശധാരയുമാണ്. ഇത് മനുഷ്യാസ്തിത്വത്തിനു
മഹത്വത്തിൻ്റെയും സൗന്ദര്യത്തിന്റെയും അധികമാനം നൽകുകയാണ്. ലോറൻസിന്റെ
ഉത്തരമാണിത്. കലാകാരൻ എത്തിച്ചേരുന്ന തീക്ഷ്ണ സൗന്ദര്യമുഹൂർത്തവും
ഇതുതന്നെയാണ് .ഈ ചിത്രത്തിലെ ഓരോ വസ്തുവിലും കലാകാരൻ ധ്യാനിച്ചു. അതിനു
സൗന്ദര്യമുണ്ടാകാനുള്ള കാരണം ഇതാണ് .കലാവസ്തുക്കളിൽ കലാകാരൻ ജീവിതം
തേടുകയാണ്. അയാൾക്ക് തുറക്കാനുള്ള ലോകമാണ തിലുള്ളത്. ഇത്
പ്രവചനാത്മകമാണെന്നു ലോറൻസ് നിരീക്ഷിക്കുന്നു .ഇത് നമ്മുടെ
കൺമുന്നിലുള്ളതല്ല .അതേസമയം നമ്മുടെ ഭാവിയിലുള്ളതാണ്. ആലോചനയിലൂടെയും
ദർശനത്തിലൂടെയുമാണ് ആ ഭാവിയിലെത്തിച്ചേരുന്നത് .അത് പ്രവാചകമനസ്സിൻ്റെ
സംഭാവനയാണ്. കലാകാരനിൽ പ്രവാചകൻ ജീവിക്കുന്നു. കലയാണ് ,സൗന്ദര്യമാണ് ആ
പ്രവാചകന്റെ മതം. ആത്മാവിൻ്റെ പ്രകമ്പനമാണ് സംഭവിക്കുന്നത് .വളരെ തീവ്രമായ,
ആസക്തമായ ,ഭ്രമിപ്പിക്കുന്ന കലാവിദ്യ ഈ ലോകത്തെ പ്രവചിക്കുകയാണ്. ലോകത്തിൽ
നിലീനമായിരിക്കുന്ന സൗന്ദര്യത്തെക്കുറിച്ച് ദീർഘദർശനം ചെയ്യുകയാണ്
കലാകാരൻ.
പരമമായ ശ്രദ്ധ
ലോറൻസ് തന്റെ കലാസിദ്ധാന്തം ഇവിടെ അവതരിപ്പിക്കുന്നുണ്ട്:
"It
is the same with the study of stars,or the sky of stars.Whatever object
will bring the consciousness into a state of pure attention ,in a time
of perplexity ,will also give back an answer to the perplexity."
നക്ഷത്രങ്ങളെക്കുറിച്ച്, ആകാശത്തെക്കുറിച്ച് പഠിക്കുമ്പോൾ ഇവിടെ തന്നെ നാം
എത്തിച്ചേരുമെന്നാണ് ലോറൻസിന്റെ ചിന്ത .ഒരു പരമമായ ശ്രദ്ധയിലേക്ക് നമ്മുടെ
ബോധത്തെ കൊണ്ടുവരുന്നത് ഏത് വസ്തുവായാലും, കുഴപ്പിക്കുന്ന ഒരു സമയത്ത് ,അത്
ഈ സമസ്യയ്ക്ക് ഉത്തരം തരും. കലാവസ്തു സൃഷ്ടിയുടെ വേളയിലേക്ക്
നയിക്കുകയാണ്. അത് ശുദ്ധമായ ശ്രദ്ധയാണ് തരുന്നത് .ഒരു
വ്യക്തികേന്ദ്രീകരണമാണത്. ഒരാളുടെ ശ്രദ്ധ അതിൽ കേന്ദ്രീകരിക്കുകയാണ്.
ഒരാളുടെ അസ്തിത്വം അതിൽ കേന്ദ്രീകരിക്കുകയാണ്. ഒരു അന്തർമണ്ഡലത്തിലേക്ക്
കലാകാരൻ ഉൾവലിയുന്നു. അത് ആന്തരിക ശ്രദ്ധയാണ് .അത് അറിവ് നൽകുകയാണ് .അത്
വെളിപാടായി മാറുകയാണ്. സമൂഹത്തിലെ ഒരു വ്യവസ്ഥയ്ക്കും നൽകാൻ കഴിയാത്ത
അറിവും ശാന്തിയുമാണ് സ്തോഭജനകമായ അവസ്ഥയിലൂടെ സഞ്ചരിച്ചു കലാകാരൻ
അനുഭവിക്കുന്നത്. കലാവസ്തു മനസ്സിലുണ്ടാക്കുന്ന പരമശാന്തത അല്ലെങ്കിൽ
ശ്രദ്ധ ഒരു സമസ്യയാണ്. ആ സമസ്യയ്ക്ക് ഉത്തരം ആ കലാവസ്തു തന്നെ തരുമെന്നാണ്
ലോറൻസിൻ്റെ സിദ്ധാന്തം. വിവരിക്കാനാവാത്ത അവസ്ഥയിലാണ് വസ്തു കലാകാരൻ്റെ
മനസ്സിലേക്ക് പ്രവേശിക്കുന്നത്. കറ്റയുമായി പോകുന്ന സ്ത്രീകളെ പലരും
പലപ്പോഴും കണ്ടിട്ടുണ്ടാകും .എന്നാൽ അവരാരും ലോഗിയുടെ കണ്ണിലൂടെ അത്
കണ്ടിട്ടില്ല. ലോഗിപോലും അത് ജീവിതത്തിൽ ഒരിക്കൽ മാത്രമാവും
അനുഭവിച്ചിട്ടുണ്ടാവുക. ആകസ്മികമായി അത് ഉണ്ടായതാണ്. അതിനായി മുൻകൂട്ടി
പ്ലാൻ ചെയ്തിരുന്നില്ല. ഒരു വസ്തുവിലേക്കുള്ള നോട്ടം ചിലപ്പോൾ വലിയ
തിരിച്ചറിവും അർത്ഥവുമായി പരിണമിക്കുകയാണ് .ഉന്നതമായ ശ്രദ്ധ എപ്പോഴും
ഉണ്ടാവുകയില്ല. അതിനൊരു നിമിഷം വേണം .അത് ഒരു ഉണർവ്വാണ്. ഉണർവ്വിൻ്റെ
സൂചിമുനയാണ്. അത് സൗന്ദര്യത്തിന്റെ ആഘാതമാണ്.
അർത്ഥമല്ല ,ആഖ്യാനം
അപൂർവ്വനിമിഷത്തിൽ
ഒരു വെളിപാടുപോലെ വസ്തു ഉരുത്തിരിയുമ്പോൾ കലാകാരൻ നടുക്കത്തോടെ പുതിയൊരു
സുവിശേഷം ഗ്രഹിക്കുന്നു .എന്തിനാണ്, എങ്ങനെയാണ് എന്നൊന്നും അറിയാത്ത
സൗന്ദര്യാനുഭവമാണത്. അതിൻ്റെ അർത്ഥം എന്താണെന്നു തിരയാൻ കലാകാരൻ അശക്തനാണ്.
ലോഗിയുടെ ചിത്രത്തിൻ്റെ അർത്ഥമെന്താണെന്നു ചോദിച്ചാൽ പലർക്കും പല
അർത്ഥങ്ങൾ കണ്ടെത്താൻ കഴിഞ്ഞേക്കും. എന്നാൽ ലോഗി ഒരർത്ഥം സൃഷ്ടിക്കാൻ
വേണ്ടിയല്ല അത് വരച്ചത്. അർത്ഥം കൈയിലുണ്ടായിരുന്നെങ്കിൽ വരയ്ക്കേണ്ട
ആവശ്യമുണ്ടായിരുന്നില്ല. ആ അർത്ഥം എഴുതിവെച്ചാൽ മതിയായിരുന്നു. അത് ആളുകൾ
മനസ്സിലാക്കുമായിരുന്നു. എന്നാൽ കലാകാരന് അർത്ഥമല്ല പ്രധാനം; അപൂർവവും
അഭൗമവുമായ രസാത്മകതന്തുക്കളാണ് .അതിലാണ് കലാകാരന്റെ പ്രാണനിരിക്കുന്നത്.
അർത്ഥമല്ല, അനുഭവമാണ് ലഭിക്കുന്നത്.കറ്റയുമായി പോകുന്ന സ്ത്രീകൾ ആശയപരമായ
ഒരു വ്യാഖ്യാനമല്ല .അത് ജീവിതത്തിൽ മറയ്ക്കപ്പെട്ട ഒരു വലിയ
പ്രലോഭനത്തിന്റെ, ചാരുതയുടെ, അപാരതയുടെ ദൃശ്യതയാണ്. അത് എവിടെയുമില്ലാത്ത
പ്രകാശധാരയായിരുന്നു. അതിനു വേണ്ടിയാണ് കലാകാരൻ അലഞ്ഞത്. സ്ത്രീകൾ
കറ്റയുമായി നടക്കുന്നത് , വരച്ചാൽ കിട്ടാത്ത മനോഹാരിതയായി ലോഗി
കണ്ടെത്തുന്നു. ഈ കണ്ടെത്തൽ അദ്ദേഹത്തിൻ്റെ ആന്തരികമായ രസാത്മകതയുടെ അലൗകിക
തലമാണ് കാണിച്ചുതരുന്നത് .അലൗകികത നമ്മുടെ കൈപ്പിടിക്കുള്ളിലല്ല, അത്
പ്രവചനാത്മകമാണ് .ലോറൻസ് ആ പ്രവചനാത്മകതയ്ക്ക് ഊന്നൽ
നൽകുന്നുണ്ട്.കറ്റയേന്തിയ സ്ത്രീകളുടെ ചലനത്തിൻ്റെ നൈമിഷികമായ ആകർഷണം
പകർത്തുകയാണ്. പശ്ചാത്തലത്തിലെ പ്രകൃതിയുടെ ഭംഗിയും വാക്കുകൾ കൊണ്ട്
പകരാനാവാത്തതാണ്. ഈ ഭംഗിയാണ് കലാകാരന്റെ അവ്യവസ്ഥയ്ക്ക്, സങ്കീർണതയ്ക്ക്
,സമസ്യയ്ക്ക് ഉത്തരമായി മാറുന്നത് .
ഒരു
വസ്തുവിലേക്ക് പരമശ്രദ്ധയിൽ നോക്കുമ്പോൾ അത് സമസ്ത ജീവിതങ്ങളുടെയും
അന്വേഷണങ്ങളുടെയും ആത്യന്തികമായ അറിവിൻ്റെ ചെറുരൂപമാകുകയാണ് ചെയ്യുന്നത്.
എല്ലാം കണ്ടും കേട്ടുമല്ല കലാകാരൻ്റെ അത്ഭുതകവിത പ്രവർത്തിക്കുന്നത്.
വാൻഗോഗ് ഉരുളക്കിഴങ്ങു വരയ്ക്കുമ്പോൾ അത് ഉരുളക്കിഴങ്ങിൽ ഒതുങ്ങുന്നില്ല.
സമസ്ത ജീവിതങ്ങളുടെയും വസ്തുക്കളുടെയും അർത്ഥമായി പരിണമിക്കുന്നു.
ഉരുളക്കിഴങ്ങിൽ വാൻഗോഗ് തന്റെ ശ്രദ്ധ കേന്ദീകരിക്കുന്നു. അത് വേദനാജനകമായ
പ്രാർത്ഥനയായിത്തീരുന്നു. അങ്ങനെ വാൻഗോഗ് തന്റെ ബോധത്തിന്റെ കേന്ദ്രത്തിൽ
അതിനെ പ്രതിഷ്ഠിക്കുന്നു. അപ്പോൾ ഉരുളക്കിഴങ്ങ് അനാവരണം ചെയ്യുന്നത് സമസ്ത
ജീവിതങ്ങളുടെയും വിധിയാണ് .ഇങ്ങനെയേ വലിയ കലാകാരന്മാർക്ക് സൃഷ്ടിയിൽ
ഏർപ്പെടാനാവൂ. ഒരു ചെറിയ വസ്തുവിനെയാണ് ചിത്രീകരിക്കുന്നതെങ്കിൽ പോലും അതിൽ
ലോറൻസ് സൂചിപ്പിക്കുന്ന ഭവിഷ്യകഥനം സംഗതമാണ്.
ഒരു പുല്ല് വെറും പുല്ലല്ല
സൂര്യനു
കീഴിലുള്ളതെല്ലാം വ്യർത്ഥമാണെന്ന പഴയനിയമത്തിലെ സഭാപ്രസംഗകന്റെ പ്രസ്താവന
സൃഷ്ടികർത്താവിൻ്റെയുള്ളിലും സ്വാഭാവികമായി രൂപപ്പെടുന്നു.ലോറൻസ്
നിരീക്ഷിക്കുന്നത് ഏറ്റവും ചെറിയ വസ്തുവിലും ഒരു കലാകാരനു സ്വയം ദർശിക്കാൻ
കഴിയുമെന്നാണ്. സ്വയം ദർശിക്കുക എന്നു പറഞ്ഞാൽ വ്യക്തിപരമായ കാര്യങ്ങളല്ല;
പ്രാപഞ്ചികമായ പ്രവചനമാണ്. കലാകാരൻ സ്വയം പ്രതിനിധാനം ചെയ്യുന്നതിനു പകരം
വിധിയെ പ്രതിനിധീകരിക്കുന്നു. സകല ജീവികളുടെയും ദ്വന്ദാത്മകതയെയും
അനശ്വരമായ വിധിയെയും പ്രതിനിധീകരിക്കുന്നു. കിരാതമായ പ്രവൃത്തികൾക്ക്
പലതിനെയും നശിപ്പിക്കാനാവും. പക്ഷേ അതിൻ്റെ ഫലം നിലനിൽക്കണമെന്നില്ല.
മനുഷ്യജീവിയല്ല ഈ ഭൂമുഖത്ത് എല്ലാ ജീവികളെയും താങ്ങിനിർത്തുന്നത്. ഇത്
വലിയൊരു സത്യമാണ്. ലോറൻസ് പറയുന്നു:
"It is the grass of the
field ,most frail of all things ,that supports all life all the time."
വെറും പുല്ല്, ഏറ്റവും ദുർബ്ബലമായ പുല്ല് എല്ലാ ജീവിതങ്ങളെയും
നിലനിർത്തുന്നുവെന്ന്. തൃണവൽഗണിക്കുക എന്ന് ഒരു ചൊല്ല് മലയാളത്തിലുണ്ട്
.തൃണവൽഗണിക്കുന്നവൻ്റെ മനസ്സ് ശരിയല്ല; പുല്ല് ആ അവഗണനയിൽ ഇല്ലാതാവില്ല.
വെറും പുല്ലായി തള്ളിക്കളയാനാവില്ല പുല്ലിനെ. പുല്ലിന്റെ മുന്നിൽ ഒരു
സാമ്രാജ്യവുമില്ല; ഒരുത്തനും ഭക്ഷണം കിട്ടുകയില്ല .എല്ലാ ധാന്യങ്ങളും
പുല്ലിൽ നിന്നാണ് വരുന്നത് .ധാന്യം തരുന്നതെല്ലാം പുല്ലായി
ജന്മമെടുക്കുന്നു. പുല്ല് ഉണ്ടായിരുന്നില്ലെങ്കിൽ ഹെർക്കുലീസിനോ
നെപ്പോളിയനോ ഹെൻറി ഫോർഡിനോ ഈ ഭൂമിയിൽ അസ്തിത്വം ഉണ്ടാകുമായിരുന്നില്ല.
ക്രൂരമായ ശക്തികൾ പല സസ്യങ്ങളെയും നശിപ്പിച്ചു. എന്നാൽ സസ്യങ്ങൾ പിന്നെയും
മുളച്ചുപൊന്തുന്നു. ബുദ്ധനും ക്രിസ്തുവിനും മുമ്പ് രാപ്പാടികൾ പാടി.
ബുദ്ധൻ്റെയും ക്രിസ്തുവിൻ്റെയും വാക്കുകൾ മറവിയിലേക്ക് പോയിക്കഴിഞ്ഞാലും
രാപ്പാടികൾ പാടിക്കൊണ്ടിരിക്കും. എന്തെന്നാൽ അവ ഒന്നും പ്രബോധനം
ചെയ്യുന്നില്ല , പഠിപ്പിക്കുന്നില്ല ,നിർബന്ധിക്കുന്നില്ല. അവ പാടുക മാത്രം
ചെയ്യുന്നു."
അവയ്ക്ക് വാക്കുകൾ പോലും വേണ്ട.
ശബ്ദം മതി. എത്ര ഉദാരവും സ്നിഗ്ദ്ധവും സുന്ദരവും സ്വാഭാവികവും മിതവും
സ്നേഹാത്മകവുമാണ് അവയുടെ ജീവിതം. ഇതാണ് കലാകാരൻ ആവിഷ്കരിക്കാൻ
ശ്രമിക്കുന്നത്. എല്ലാ തേരോട്ടങ്ങളുടെയും അടിയിൽ നിത്യമായി
സ്പന്ദിക്കുന്നതെന്തെന്ന ചോദ്യം ഒരു മിന്നൽ പോലെ അവൻ്റെ മനസ്സിൽ
ഉദിച്ചുയരുന്നു .അതിനുള്ള ഉത്തരം ലഭിക്കുന്നു. ഈ പ്രകൃതിയുടെ പരപ്പിൽ
അതിനുള്ള ഉത്തരമുണ്ട്. നിത്യമായ ചില ആവിർഭാവങ്ങളുണ്ട് .എത്ര തകർത്താലും
ജീവൻ പിന്നെയും ശേഷിക്കുന്നു. വിത്തായി ,മുട്ടയായി, തണ്ടായി അത്
ശേഷിക്കുന്നു. മണ്ണിനടിയിലേക്ക് തള്ളിയാലും എവിടെനിന്നോ അത് വീണ്ടും
മുളയ്ക്കുന്നു. എത്ര അതിജീവനശേഷിയാണ് അവയ്ക്ക്. ഈ കരുത്ത് ,അപ്രതിരോധ്യത ,
അതിജീവനശേഷി എന്നിവയാണ് കലാകാരൻ തന്റെ മൃദുവായ സംവേദനക്ഷമതയിലൂടെ
തൊട്ടറിയാൻ ശ്രമിക്കുന്നത്.
ലോറൻസിന്റെ
കലാസിദ്ധാന്തങ്ങളിൽ നാം കാണുന്നത് മനസ്സിന്റെ ഉന്നതമായ അവസ്ഥയിൽ തെളിയുന്ന
വസ്തുവിൻ്റെ ചിത്രമാണ്. ഉത്തരം കിട്ടാതെ അലയുന്ന നിമിഷത്തിൽ എത്തിച്ചേരുന്ന
ഒരു ബിന്ദുവുണ്ട്. അത് ഭാവിജീവിതത്തെയും പ്രതിപാദിക്കുന്ന ഒരു രൂപമോ ആശയമോ
ആയിരിക്കും. എട്രൂസൻ ശവകുടീരത്തിൽ വരച്ചുവച്ചിരിക്കുന്ന പക്ഷി എവിടെയാണ്
പറക്കുന്നത്?അത് ജീവിക്കുന്ന പ്രപഞ്ചത്തിലൂടെ വികാരങ്ങളായി പറക്കുന്നു;
പ്രതീക്ഷകളായി മനുഷ്യഹൃദയത്തിലൂടെ പറക്കുന്നു .അല്ലെങ്കിൽ ചിന്തകളായി
മനുഷ്യമനസ്സിലൂടെ പറക്കുന്നു. കുഴിമാടത്തിൽ വരച്ചുവച്ചിരിക്കുന്ന പക്ഷി ഒരു
ലെൻസാണ്. എല്ലാത്തിന്റെയും സങ്കീർണമായ ജീവിതവിധിയെ സൂക്ഷ്മമായി അറിയാനുള്ള
ലെൻസ് .
No comments:
Post a Comment