കുണ്ഡലിനിപ്പാട്ടിനെപ്പറ്റിയുള്ള
ഈ രസാത്മകമായ അന്വേഷണം പൂർവ്വപാഠങ്ങളെ അനുകരിച്ചുകൊണ്ടുള്ളതല്ല. ഇപ്പോൾ
വേദാന്തഗ്രന്ഥങ്ങൾ ധാരാളമുണ്ട്. ഉപനിഷത്ത് പഠനങ്ങൾ എത്രയോ ഉണ്ട്.
ഗുരുവിൻ്റെ കൃതികളെക്കുറിച്ച് പണ്ഡിതന്മാരുടെ ദീർഘപഠനങ്ങൾ പുസ്തകശാലകളിലും
ലൈബ്രറികളിലും ലഭ്യമാണ്. അതൊക്കെ അവിടെ ഇരിക്കട്ടെ. ഗുരുവിന്റെ കൃതികളിൽ
വേദാന്തത്തിൻ്റെ വ്യാഖ്യാനവും സ്വകീയമായ ഛന്ദസ്സുമാണ് പ്രധാനമായിട്ടുള്ളത്.
പ്രാപഞ്ചിക രഹസ്യങ്ങൾ തേടാൻ ഗുരു എഴുതിയ കൃതികളിൽ ഉപനിഷത്
,വേദാന്തതത്ത്വങ്ങൾ അന്തർഭവിച്ചിട്ടുണ്ട്. ഗുരുവിനു ആശയം കടമെടുക്കേണ്ടി
വന്നിട്ടില്ല. ഗുരു അനുഭവിച്ചത് ,ദർശിച്ചത് എഴുതുകയായിരുന്നു. ആ നിലയ്ക്ക്
അതിനു മൗലികതയുണ്ട്. അത് ഗുരുവിൻ്റെ ധിഷണയിൽ നിന്നുത്ഭവിച്ചതാണ്
.ജ്ഞാനത്തിന്റെ പ്രസരം അതിൽ കാണാം. ഗുരുവിലൂടെ ഉപനിഷത്ത്, സാരാസർവ്വസ്വ
അർത്ഥങ്ങൾ ഒഴുകുകയാണ് .ഗുരു പൗരാണികവും പ്രാപഞ്ചികവുമായ ആലോചനകളിലേക്ക്
നൈസർഗികമായി പ്രവേശിക്കുകയായിരുന്നു. അതിനു ഗുരു പ്രത്യക്ഷത്തിൽ തന്നെ
വേദാന്തത്തിന്റെ ഭാഷ ഉപയോഗിക്കുന്നില്ല. മറ്റൊരു ഭാഷ കണ്ടെത്തുകയാണ്
.ഉപനിഷത്തിൻ്റെ ഭാഷയെ മാനവികമായ സംവേദനത്തിന്റെയും ആത്മീയ യുക്തിയുടെയും
തലത്തിലേക്ക് മാറ്റുന്നത് കാണാം. അത് ഗുരുവിൽ ഉദിച്ചതാണ്. സത്യങ്ങൾ ചില
മനസ്സുകളിൽ തനിയെ കടന്നുവരും. അത്തരം പുസ്തകങ്ങൾ വായിച്ചാൽ കിട്ടുന്ന വിവരം
ഒരു നിമിഷത്തിൽ തന്നെ ചില മനസ്സുകളിൽ പ്രത്യക്ഷപ്പെടുകയാണ്.
മാനസപ്പൂക്കൾ
ഗുരു
അങ്ങനെയൊരു മനസ്സാണ്. അതുകൊണ്ടാണ് കുണ്ഡലിനിയെപ്പറ്റിയുള്ള ചിന്തകൾക്ക്
ഗുരു കവിതയുടെ ഉന്നതമായ ഒരു ഹൃദയരാഗം കണ്ടെത്തിയത്
.കുണ്ഡലിനിയെപ്പറ്റിയുള്ള പഠനങ്ങളിലോ രചനകളിലോ ഇങ്ങനെയൊരു ഭാവന കാണാനില്ല.
ഇത് ഗുരു പറയാനുദ്ദേശിച്ച ഭാഷയാണ്. വേദാന്തത്തിന്റെയോ ഉപനിഷത്തിന്റെയോ
ഭാഷയുടെ നിശ്ചലതയെ ഗുരു മനനത്തിലൂടെ മറികടക്കുകയാണ്. ഏതൊരാശയത്തിനും ഗുരു
തൻ്റേതായ ഒരു ആവിഷ്കാരഭാഷ കണ്ടെടുക്കുമായിരുന്നു .
'ആത്മോപദേശശതക'ത്തിലെ ഈ വരികൾ നോക്കുക :
മനമലർ കൊയ്തു മഹേശപൂജ ചെയ്യും
മനുജനു മറ്റൊരു വേല ചെയ്തിടേണ്ട,
വനമലർ കൊയ്തുമതല്ലയായ്കിൽ മായാ-
മനുവരുവിട്ടുമിരിക്കിൽ മായ മാറും."
ചിന്തിച്ചു
മനസ്സിലാക്കാൻ പ്രയാസമേറിയ തുര്യബോധത്തെ ഗുരു ലളിതമായ ഉദാഹരണത്തിലൂടെ
പറയുന്നു .മനസ്സിൻ്റെ പൂക്കൾ കൊണ്ട് അർച്ചനചെയ്യാൻ ഉപദേശിക്കുന്നു. മനസ്സ്
എപ്പോഴാണ് പൂക്കളാകുന്നത്? മനസ്സിൽ നല്ലതും ചീത്തയുമുണ്ടല്ലോ. ഉപദേശവും
ശകാരവും നന്മയും തിന്മയും മനസ്സിൽ തന്നെയാണുള്ളത്. മനസ്സിലെ പൂക്കൾ എന്നാൽ
നല്ല ചിന്തകളാണ്. ആരാധന പോലെ വിശുദ്ധമായ ചിന്തകൾ അവിടെ തേടണം. ഇനിയും
നഷ്ടപ്പെട്ടിട്ടില്ലാത്ത മനസ്സിനു അതിനു കഴിയും.
മനസ്
നശിക്കുന്നതാണ് .സദ്ചിന്തകൾ ഇല്ലാതാകുന്നതോടെ മനസ്സ് കെട്ടിക്കിടന്ന്
ചീത്തയായ വെള്ളം പോലെയാകും. രോഗമുണ്ടാക്കുന്ന ജീവികൾ അതിൽ
പ്രത്യക്ഷപ്പെടും. നശിച്ച മനസ്സിനു എന്ത് ദുഷ്ടതയും പ്രവർത്തിക്കാനാവും.
അത് ഒന്നിലും പശ്ചാത്തപിക്കുന്നില്ല. പശ്ചാത്തപിക്കേണ്ടതായ ഒരാവശ്യം
അതിനില്ലല്ലോ. അതുകൊണ്ട് മനസ്സിൻ്റെ സദ്ചിന്തകളെ നമ്മോടു ചേർക്കണം.
സദ്വിചാരങ്ങളുടെ പൂക്കൾ സദ്ഫലങ്ങളുണ്ടാക്കും. മാനസപ്പൂക്കൾ കൊണ്ട് അർച്ചന
ചെയ്താൽ ഫലമുണ്ട് .മനസ്സ് വിശുദ്ധമാവും. സമാധാനവും പ്രതീക്ഷയും അവിടെ
ഉയർന്നുവരും. അല്ലെങ്കിൽ മനസ്സിലെ പൂക്കൾ മനനം ചെയ്ത് കണ്ടെത്താൻ
പ്രയാസമാണെങ്കിൽ അവർക്കും വഴിയുണ്ട് .കാട്ടിൽ കാണപ്പെടുന്ന പൂക്കൾ പൂജ
ചെയ്യുക .ഒരു ശുദ്ധീകരണമാണത്. പ്രവൃത്തികളിൽ ആരാധനയും ദൈവവും നിറയാൻ അത്
സഹായിക്കും.പ്രവൃത്തിയിലെ ദൈവത്തെ അന്വേഷിക്കുകയാണ്. ഈ വിവരണത്തിൽ
വേദാന്തത്തിന്റെ ഭാഷയില്ല എന്നത് ശ്രദ്ധേയമാണ്.
ഞാൻ
'കുണ്ഡലിനിപ്പാട്ടി'നെക്കുറിച്ചോ ഗുരുവിൻ്റെ മറ്റു കൃതികളെക്കുറിച്ചോ
എഴുതുമ്പോൾ വേദാന്തത്തിൻ്റെ ഭാഷ സ്വീകരിക്കാറില്ല .എന്തുകൊണ്ടെന്നാൽ അത്
ഇവിടെ പലരും എഴുതിയിട്ടുണ്ട്. ഗുരുവിന്റെ മുഴുവൻ കൃതികളെക്കുറിച്ചും
എഴുതിയവരുണ്ട്. ഭൂരിപക്ഷം പേരും വേദാന്തത്തിന്റെ ചുവടുപിടിച്ച്
വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത് .കഴിഞ്ഞ നൂറ്റാണ്ടിൽ ഗുരുകൃതികൾ
വ്യാഖ്യാനിച്ചവരെ അനുകരിച്ച് എഴുതുന്നവരാണ് അധികവും. ഒരേ രീതിയിൽ
എഴുതിക്കൊണ്ടിരിക്കുകയാണ് .തു രീയം ,ത്രിപടി എന്നൊക്കെ എഴുതുന്നവർക്ക് ആ
അനുഭവമില്ല. ഞാൻ ഈ രീതി സ്വീകരിക്കാറില്ല. എൻ്റെ സൗന്ദര്യബോധവും മനോവിശകലന
രീതിയും യുക്തിബോധവും ആത്മീയമായ സമീപനവുമാണ് ഞാൻ ഗുരുവിനെക്കുറിച്ച്
എഴുതുമ്പോൾ പുറത്തുകൊണ്ടുവരുന്നത്.പലരുടെയും നിലവാരപ്പെട്ടതും പഴകിയതുമായ
ഭാഷ ഉണ്ടാകരുതെന്നു നിർബന്ധമുണ്ട്. ഞാൻ എഴുതുന്ന ലേഖനങ്ങൾ വായിച്ച് ഇത്
വേദാന്തികളുടെ വ്യാഖ്യാനമോ ഭാഷയോ അല്ലെന്നു വിചാരിക്കുന്നവരുണ്ടെങ്കിൽ അവർ
മനസ്സിലാക്കാനാണ് ഇതെഴുതിയത്. മറ്റൊരു വ്യാഖ്യാതാവിന്റെ വഴിയെ നടക്കാൻ ഞാൻ
ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.
ദൈവവുമായി പ്രതിപ്രവർത്തിക്കാം
'കുണ്ഡലിനിപ്പാട്ടി'നെക്കുറിച്ചുള്ള
ലേഖനത്തിൻ്റെ തലവാചകത്തിൽ ഞാൻ സൂചിച്ചിരിക്കുന്ന 'സൗന്ദര്യാത്മകമായ ദൈവം'
എൻ്റെ ആന്തരമായ അന്വേഷണങ്ങളുടെ ഫലമായ കണ്ടെത്തലാണ് .ഗുരുവിന്റെ ദൈവത്തെ
അറിയാൻ ശ്രമിച്ചതിൻ്റെ ഫലമാണിത്. ഇത് പാണ്ഡിത്യമല്ലെന്നറിയിക്കട്ടെ.
ശ്രദ്ധയുടെ ശുദ്ധതയും നിഷ്കളങ്കതയുമാണ് ഇതിനു പിന്നിലുള്ളത്. ഒരു
സാഹിത്യവിമർശകൻ്റെ ലേഖനങ്ങളിൽ സൗന്ദര്യബോധത്തിനായിരിക്കും പ്രാധാന്യം.
ഗുരുവിൻ്റെ ദൈവത്തെക്കുറിച്ചാണ് 'കുണ്ഡലിനിപ്പാട്ടി'ൽ വിവരിക്കുന്നത്. ഒരു
വിഗ്രഹമോ മൂർത്തിയോ എന്ന നിലയിലല്ല ഗുരു ദൈവത്തെ കാണുന്നത് .അത് ഒരു
രസതന്ത്രമാണ്. ദൈവവുമായി പ്രതിപ്രവർത്തിക്കാനുള്ള അവസരമാണ് ഗുരു
ഒരുക്കുന്നത്. നിങ്ങളുടെയുള്ളിൽ ദൈവം ഉണ്ടാവുകയാണ്. ദൈവം സകലതുമാണ്.സകല
കാലങ്ങളുമാണ്. സകല ജീവികളുമാണ്. എന്നാൽ നാം ആ സകല വസ്തുക്കളിലൊന്നാണ്.
അതുകൊണ്ട് നമ്മളും ദൈവത്തിൻ്റെ അംശം ഉൾക്കൊള്ളുന്നു. ദൈവത്തിലേക്കുള്ള ഒരു
നിശ്ശബ്ദയാത്ര നമ്മളിലുണ്ട്. ദൈവം ജ്ഞാനവും ആനന്ദവുമാണ് .അത് നമ്മളിലുണ്ടോ
?എങ്ങനെയാണ് അതുണ്ടാകുന്നത്? ജ്ഞാനവും ആനന്ദവും ദൈവത്തെ ഉള്ളിൽ
സൃഷ്ടിക്കണം. നമ്മൾ ചീത്തക്കാര്യങ്ങൾ കൊണ്ടുനടന്നാൽ നമ്മുടെ ദൈവവും
ചീത്തയാകും. നാം ദൈവത്തോട് ചീത്തക്കാര്യങ്ങൾ ആവശ്യപ്പെട്ടാൽ ദൈവം
അതായിരിക്കും തരുക .കാരണം, നാം ചോദിക്കുന്നതാണല്ലോ ദൈവം തരുക .അതാണല്ലോ
വിശ്വാസം. നമ്മളിൽ ദുഷ്ടബുദ്ധി പ്രാമുഖ്യം നേടിയാൽ ദൈവത്തിലും
അതിനായിരിക്കും കൂടുതൽ ബലം. നല്ല ചിന്തകളുമായി ദൈവത്തെ സമീപിക്കാൻ
കഴിഞ്ഞാൽ, അത് വളരെ ബുദ്ധിമുട്ടാണല്ലോ, ദൈവവും നല്ല ചിന്തകളുമായി
പ്രത്യക്ഷപ്പെടും. മനുഷ്യനുമായി പ്രതിപ്രവർത്തിച്ചാണ് ദൈവം മാറുന്നത് .ഈ
മാറ്റത്തെ നാം ഉൾക്കൊള്ളണം. നമ്മുടെ പ്രവൃത്തിയും ചിന്തയും മാറുന്നതിനൊപ്പം
നമ്മുടെ ആരാധനയും പ്രാർത്ഥനയും ദൈവവും മാറുകയാണ്." നീ തന്നെ വർത്തമാനവും"
എന്നു ഗുരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ.അതുകൊണ്ട് സ്വയം ശുദ്ധീകരിച്ചാൽ
മാത്രമേ നമുക്ക് നല്ല ദൈവത്തെ തേടാനാവൂ.
"ആയിരംകോടിയനന്തൻ നീയാനന
മായിരവും തുറന്നാടുപാമ്പേ "
എന്നു ഗുരു ഉപദേശിക്കുന്നു.
ഇവിടെ
ഗുരു മനസ്സിൻ്റെ അനന്തമായ മുഖങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയാണ്. ആയിരം
ഫണമുള്ള സർപ്പത്തെപ്പോലെയാണ് മനസ്സ്. അതിനു സ്ഥിരമായ ഒരു മുഖമില്ല. അത് ഓരോ
നിമിഷവും, ഓരോ വസ്തുവിന്റെ പേരിൽ മാറുകയാണ്. പല വ്യക്തികളോട് മനുഷ്യർക്ക്
പല മുഖങ്ങളാണുള്ളത്. മനസ്സ് അതിൻ്റെ തന്നെ മുഖങ്ങളെ വഞ്ചിക്കുകയാണ്.
അതിനുപോലും അറിയില്ല ഏതാണ് തൻ്റെ മുഖമെന്ന്. മനസ്സ് അതിനുതന്നെ
അപരിചിതമാണ്. അത് ഒരു കൂട്ടം തോന്നലുകളാണ്. പരസ്പരവിരുദ്ധമായ തോന്നലുകൾ ഒരു
കൂട്ടിൽ പാർക്കുകയാണ്. ഗുരു പറയുന്നത്, മനസ്സ് ഈ പരസ്പര വിരുദ്ധമായ
ഭാവങ്ങളെ വിട്ട ശേഷം എല്ലാറ്റിനെയും സൃഷ്ടിപരമായി കാണണമെന്നാണ്. പരമമായ
ശക്തിയെ തേടുന്നതിനായി മനസ്സ് അതിൻ്റെ ആയിരം കോടി വദനം തുറന്നാടണം .എല്ലാ
സൂക്ഷ്മതകളിലും സദ്ചിന്തയും പ്രാർത്ഥനയും തിരയണമെന്നാണ് സാരം. മനസ്സിനു
ആയിരം കോടി വദനം ഉണ്ടാകുന്നത് സൂക്ഷ്മതകളിലാണ്. നമ്മൾ അത്യാനന്ദത്തോടെ
നൃത്തം ചെയ്യണമെന്നു ഇംഗ്ലീഷ് എഴുത്തുകാരൻ ഡി.എച്ച്.
ലോറൻസ്(D.H.Lawrence)പറഞ്ഞതിൽ ഒരു പൊരുളണ്ട്. അദ്ദേഹം പറഞ്ഞത് ജീവിച്ചു
എന്ന തോന്നലിനു ഇത് വേണമെന്നാണ്. ഈ ജീവിതത്തിന്റെ ഭാഗമാകാനും പ്രപഞ്ചത്തിൽ
മാനുഷികത നേടാനും നൃത്തം എന്ന ആന്തരചേതന ആവശ്യമാണത്രേ.
ഭാഷ പരാജയപ്പെടുമ്പോൾ
ബോധങ്ങൾക്കിടയിൽ
വേരുകളാഴ്ത്തിയിരിക്കയാണ് മനസ്സ്; അതിനു അതിസൂക്ഷ്മതകളുണ്ട്. എല്ലാ
സൂക്ഷ്മതകളിലും പൂവ് വിരിയട്ടെ. എല്ലാ പൂർണമായി ശുദ്ധമാകട്ടെ. നമുക്ക്
ബോധത്തിൽ ശുദ്ധമാകാൻ കഴിയും. വിദ്യാഭ്യാസവും മര്യാദയും ശീലിച്ചാൽ ഒരാൾക്ക്
പുറമേ നല്ല വ്യക്തിയാണെന്ന് ഭാവിക്കാം. സംസ്കാരം എന്നൊക്കെ നാം പറയുന്നത്
മനസിലെ അതൃപ്തികളെ ,അരുതായ്കകളെ മറച്ചു പിടിക്കുന്നതിനെയാണ്. ഏറ്റവും
നന്നായി മറച്ചുപിടിക്കുന്നവൻ സംസ്കാരസമ്പന്നനാണ് .അതുകൊണ്ട് അയാളിൽ നിന്നു
അരുതായ്കകൾ ഒഴിഞ്ഞുപോയി എന്നർത്ഥമില്ല. അയാളിൽ എല്ലാം അടങ്ങിയിരിക്കുന്നു.
അയാൾ ശുദ്ധിയുടെ പാത ആഗ്രഹിക്കുന്നവനാണ്. അതൊരു നല്ല തുടക്കമാണ്. ഗുരു
ഉപദേശിക്കുന്നത് മനസ്സ് എന്ന ആയിരം കോടി അനന്തന്മാരും ഈ ശുദ്ധിയുടെ
പാതയിലേക്ക് വരണമെന്നാണ്. സൂക്ഷ്മതകളെ അറിഞ്ഞ ആവിഷ്കാരങ്ങൾ
പ്രസാദസൗഖ്യത്തിലെത്താനുള്ള ആഹ്വാമാണ് .മനസ്സിൽ ഒളിപ്പിക്കപ്പെട്ടതും
പ്രത്യക്ഷപ്പെട്ടതുമായ എല്ലാം പരമമായ ഒരു സാത്വികഭാവത്തിലേക്ക്
ഉയരുമ്പോഴാണ് കുണ്ഡലിനിയുടെ നൃത്തം പൂർണമാകുന്നത്.
കുണ്ഡലിനിയുടെ
നൃത്തത്തിനു ഒരു ഉള്ളടക്കമുണ്ട് .അത് മനസ്സിൻ്റെ മഹാപ്രപഞ്ചത്തിലെ എല്ലാ
ത്വരകളെയും ഉണർത്തി ആത്മീയതയുടെയും സൗഖ്യത്തിന്റെയും
സഹസ്രാരപത്മത്തിലെത്തിക്കുന്നതാണ് ആ നൃത്തം .സഹസ്രാരപത്മം
ഐഹികജീവിതത്തിന്റെ സമസ്യകളിൽ നിന്നും കാലുഷ്യങ്ങളിൽ നിന്നുമുള്ള വിടുതലിനെ
ഓർമ്മിപ്പിക്കുന്നു.
"നൃത്തം ഒരു വെളിച്ചമാണ്
.ജീവിതം നൃത്തം തന്നെയാണ്"- ഇംഗ്ലീഷ് എഴുത്തുകാരനും സാമൂഹ്യ
പരിഷ്ക്കർത്താവുമായ ഹാവ്ലോക് എല്ലിസ്(Havelock Ellis) പറഞ്ഞു. ഈ
വെളിച്ചമാണ് ഗുരു കുണ്ഡലിനിയുടെ നൃത്തത്തിലൂടെ പരമമായി
അനുഭവിപ്പിക്കുന്നത്.
നാം ലൗകികജീവിതത്തിൽ കൈകാലിട്ടടിച്ച്
പിറുപിറുക്കുന്നവരാണ്. നമുക്ക് വ്യക്തമായ ഒരു ഭാഷ പോലുമില്ല. നമ്മുടെ ഭാഷ
കൃത്രിമമാണ്. നമുക്ക് ആശയ സംവേദനത്തിനുള്ള ശക്തമായ ഒരു
മാർഗമുണ്ടായിരുന്നെങ്കിൽ മറ്റുള്ളവരെ കൂടുതൽ കൃത്യമായി കാര്യങ്ങൾ
ധരിപ്പിക്കാമായിരുന്നു. എന്നാൽ സംഭവിക്കുന്നതെന്താണ്? ആർക്കും ആരെയും
മനസ്സിലാകുന്നില്ല. സ്നേഹമല്ലാതെ എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ?
സ്നേഹിക്കുമ്പോൾ എല്ലാ ജീവജാലങ്ങളും കാതോർക്കും. പ്രാപഞ്ചികമായ ഒരു
കണ്ണിയാണത്. ഒരുമിച്ച് താമസിച്ചതുകൊണ്ടോ ,ഇടപഴകിയതുകൊണ്ടോ രണ്ടുപേർ
തമ്മിലുള്ള ഐക്യം നിലനിൽക്കണമെന്നില്ല. സ്നേഹിതരാണല്ലോ
പിണങ്ങിപ്പിരിയുന്നത്. പിണങ്ങിപ്പിരിഞ്ഞാൽ പിന്നീടൊരു
കൂടിച്ചേരലുണ്ടാകുന്നില്ല. ഭാഷ മരിക്കുകയാണ് .ഭാഷ നിഷ്പ്രയോജനമായി
കിടക്കുന്നു. മനുഷ്യർക്ക് പരസ്പരം മനസ്സിലാക്കാനാവില്ല .ഇതാണ് മഹാദുരന്തം
.സ്നേഹിക്കുന്നവരെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താൻ കഴിയാത്തതാണ് പ്രശ്നം.
സ്നേഹിക്കുന്നവർക്ക് പോലും കുറെ കഴിയുമ്പോൾ മനസ്സ് നഷ്ടപ്പെടും. പരസ്പരം
അറിയാൻ വിസമ്മതിക്കുന്ന എന്തോ പ്രശ്നം പൊന്തിവരും .മനസ്സ് നഷ്ടപ്പെട്ടാൽ
പിന്നെ ഒരു തുടക്കമോ ഒടുക്കുമോ ഇല്ല ;പിന്നെ അകലുകയാണ്.
നാം
നമ്മെക്കുറിച്ച് വലിയ വിവരമുള്ളവരല്ല. സത്യമറിയാതെ അടുത്തവരാണ് നാം. ഈ
ആട്ടത്തിൻ്റെ ബദലാണ് കുണ്ഡലിനിയുടെ ആട്ടം. അത് എല്ലാ വൈജാത്യങ്ങളെയും
നിർമാർജനം ചെയ്ത് സാക്ഷാത്കാരത്തെ തേടുന്നു. കലഹിക്കുന്നതിൽ
അർത്ഥമില്ലെന്നു അറിഞ്ഞാടണം .മനസ്സിൻ്റെ അടിയിൽനിന്ന് ആ നൃത്തം
ആരംഭിക്കണം.
എന്താണ് മിഥ്യ?
"ഓമെന്നുതൊട്ടൊരു കോടി മന്ത്രപ്പൊരുൾ
നാമെന്നറിഞ്ഞു കൊണ്ടാടുപാമ്പേ "
ഓം
എന്ന മന്ത്രത്തിന്റെ പൊരുൾ നാം തന്നെയാണ്. പൊരുളുകൾ നമ്മിൽ നിന്നു
ഉത്ഭവിക്കുന്നു .പൊരുളിനു സാക്ഷി നാമാണല്ലോ .നാം
ചിന്തിക്കുന്നതുകൊണ്ടാണല്ലോ ഈ ലോകം നമുക്ക് അനുഭവപ്പെടുന്നത്.നാം
ജനിക്കുന്നതിനു മുമ്പ് ഈ ലോകം ഉണ്ടായിരുന്നില്ലല്ലോ. നമ്മുടെ കാലത്താ ണ് ഈ
ലോകമുള്ളത്. നമുക്ക് മുമ്പേ ജനിച്ചു മരിച്ചവരുടെ ലോകത്ത് നമ്മളില്ല.എന്തൊരു
ശൂന്യതയാണിത്!മൂന്ന് തലമുറകൾക്ക് മുമ്പ് , എങ്ങനെയെല്ലാം ചിന്തിച്ചവർ
കടന്നുപോയിരിക്കുന്നു. അവർ ജീവിതകാലത്ത് കണ്ട ലോകം അവർക്ക് ഇല്ലാതായി.
പിന്നീട് വന്നവർ കണ്ടലോകം വേറൊന്നാണ് .ആ ലോകത്ത് അവരും അവരുടെ അനുഭവങ്ങളും
ഓർമ്മകളും മാത്രമേയുള്ളൂ. അതും അസ്തമിക്കുന്നതാണല്ലോ. ഈ ജീവിക്കുന്ന
കാലമാണ് ഈ ലോകമുള്ളത്. എല്ലാത്തിനും സാക്ഷി മാത്രമായ നാം വളരെ ഹ്രസ്വമായ
ഒരു കാലഘട്ടത്തിലാണ് അതറിയുന്നത്. ലോകം നിലനിൽക്കുന്നത് നാം ഈ ചെറിയ
കാലഘട്ടത്തിലുള്ളതുകൊണ്ടാണ്. നമുക്ക് മുന്നേ വന്നുപോയവരുടെയും ഇനി
വരാനുള്ളവരുടെയും ലോകത്ത് നമ്മളില്ല. അതുകൊണ്ട് അവരുടെ അനുഭവത്തിൽ നമ്മുടെ
ജീവിതമോ നമ്മുടെ അനുഭവത്തിൽ അവരുടെ ജീവിതമോ ഇല്ല. ഇതാണ് മിഥ്യ.
ഈ
ലോകം മിഥ്യയാണെന്നു പറയുന്നതിൻ്റെ അർത്ഥം ഇവിടെ ഗ്രഹിക്കാം.ഫോട്ടോയും
വീഡിയോയും എടുക്കാൻ കഴിഞ്ഞതുകൊണ്ടാണ് നമുക്ക് കുറെ പേരെയെങ്കിലും
ഓർക്കാനാകുന്നത് .എന്നാൽ ജന്തു,സസ്യലോകത്തിനു ഇതുമില്ല. അവിടെ വിസ്മൃതി
മാത്രമാണുള്ളത്. എല്ലാ പൊരുളും, നാം ജീവിച്ചിരിക്കുമ്പോൾ, നാം തന്നെയാണ്.
നമ്മിൽ നിന്ന് അന്യമായി യാതൊന്നുമില്ല. പ്രണവമന്ത്രത്തിന്റെ അർത്ഥം
നമ്മളാണ്. എല്ലാം ഒന്ന് എന്നാണ് അത് മന്ദ്രമായി അറിയിക്കുന്നത്.
പ്രണവമന്ത്രം മാത്രമല്ല, അതുപോലെയുള്ള ഒരു കോടിമന്ത്രവും അർത്ഥമാക്കുന്നത്
നമ്മെത്തന്നെയാണ്. നമ്മളല്ലാതെ വേറെ എന്ത് പൊരുളാണുള്ളത്?
'ആത്മോപദേശശതക'ത്തിൽ ഗുരു അത് വിശദമാക്കുന്നു.
"ധ്വനിമയമായ്ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിങ്കലശേഷദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂർത്തി നൽകും
സ്വനവുമടങ്ങുമിടം സ്വയം പ്രകാശം ."
അറിവു
ലഭിക്കുന്നതോടെ എല്ലാം ആകാശത്തിൽ ലയിക്കും. ദൃശ്യമായതെല്ലാം അതിലേക്ക്
അപ്രത്യക്ഷമാകും .ശബ്ദമില്ലാതാകും. അറിവ് ,അറിയപ്പെടുന്ന വസ്തു
,അതറിയുന്നവൻ എന്നീ വേർതിരിവുകൾ ഇല്ലാതാകും. ഇതിൻ്റെയർത്ഥമെന്താണ്?
നമ്മളിൽ നിന്നു വേർപ്പെട്ട ഒരു പൊരുളുമില്ല. അതുകൊണ്ട് സകലമന്ത്രങ്ങളും
നാമാണെന്നറിഞ്ഞു പരമസാത്വികതയുടെ സൗഖ്യത്തിനായി ആടണമെന്നു കുണ്ഡലിനിയോടു
ഉണർത്തുന്നു.
No comments:
Post a Comment