Followers

Friday, October 5, 2018

ആത്മാവിന്‍റെ വനാന്തരത്തില്‍ അറിയപ്പെടാത്ത ദൈവത്തിന്‍റെ അപാരപ്രസന്നത/ എം.കെ. ഹരികുമാര്‍ഏപ്രില്‍ അവസാനവാരം കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലാത്തടം കാമ്പസില്‍ (നീലേശ്വരം) ശ്രീനാരായണഗുരുവിന്‍റെ ദര്‍ശനങ്ങളെ ആസ്പദമാക്കി ത്രിദിന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ശിവഗിരി മഠത്തിന്‍റെ സഹകരണത്തോടെയാണ് പരിപാടികള്‍ നടന്നത്. ഉദ്ഘാടനയോഗത്തില്‍തന്നെ മുഖ്യപ്രഭാഷണം ചെയ്യാന്‍ എനിക്ക് സന്ദര്‍ഭമൊത്തത് പ്രത്യേക ലക്ഷ്യത്തോടെയായിരുന്നുവെന്ന് മലയാളം വകുപ്പ് അദ്ധ്യക്ഷന്‍ ഡോ.എ.എം. കൃഷ്ണന്‍ എന്നോടു പറയുകയുണ്ടായി. "ശ്രീനാരായണായ" എന്ന ബൃഹത് നോവല്‍ എഴുതിയതാണ് ശ്രീധരന്‍ സാറിനെ പ്രകോപിതനാക്കിയത്. അദ്ദേഹം വ്യത്യസ്ത വായന പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി. കുട്ടികളും അദ്ധ്യാപകരുമടങ്ങുന്ന മുന്നൂറിലേറെ പേര്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ ഞാന്‍ എന്‍റെ വ്യത്യസ്തമായ ഗുരുവായന പങ്കുവച്ചു.

ഗുരുവിനു ഒരു മതമുണ്ടെന്നും അത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധമതങ്ങളൊന്നുമല്ലെന്നാണ് ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ശ്രീനാരായണായയില്‍ ആ വഴിക്കുള്ള ശ്രമങ്ങളുണ്ട്. ഒരു സാമ്പ്രദായിക നോവലെഴുതാന്‍ ഇന്ന് പലര്‍ക്കും എളുപ്പമാണ്. ഒരു കഥ പറഞ്ഞുപോകുക എന്നതില്‍ കവിഞ്ഞൊന്നുമില്ല. എന്നാല്‍ 'ശ്രീനാരായണായ'യില്‍ ഗുരുവിന്‍റെ ഭൗതികജീവിതത്തിന്‍റെ ഒരു നിഴല്‍ മാത്രമേയുള്ളൂ. ബാക്കിയെല്ലാം ആന്തരികമായ യാത്രകളും മനനവേളകളുമാണ്. ഭൗതികമായി ഗുരു ചെയ്തതെല്ലാം കേരളം കണ്ടതാണ്. അരുവിപ്പുറത്ത് തുടങ്ങിയ പ്രതിഷ്ഠകളും സാമൂഹ്യനവീകരണ പ്രവര്‍ത്തനങ്ങളും ഉദ്ബോധനങ്ങളുമെല്ലാം ജീവചരിത്രകാരډാര്‍ വിവരിച്ചിട്ടുണ്ട്. ഗുരുവിന്‍റെ സഹായികളായിനിന്ന ധാരാളം പേരെക്കുറിച്ച് നമുക്കറിയാം. ഇതൊക്കെ പുറമേ നോക്കിയാല്‍ കാണുന്ന കാര്യങ്ങളാണ്. എന്നാല്‍ അദൃശ്യനായ വേറൊരു ഗുരു നിലനില്‍ക്കുന്നുണ്ട്. ഇതാണ് അദൃശ്യതയുടെ ഗുരു. എന്‍റെ നോവലില്‍ ഈ ഗുരുവിനെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത് കേരള ചരിത്രത്തിലേക്ക് നോക്കിയാല്‍ കാണുന്ന ഗുരുവല്ല. അന്തര്‍ഭാവങ്ങളുടെ ഗുരുവാണ്. സാംസ്കാരികമായും തത്ത്വചിന്താപരമായും ഗുരു എങ്ങനെ ആന്തരലോകത്ത് വിന്യസിക്കപ്പെട്ടു എന്നാണ് അന്വേഷിച്ചത്. ജീവചരിത്രം വച്ച് ഒരു നോവലെഴുതാന്‍ ഒരു സീരിയല്‍ നോവലിസ്റ്റിന്, അതായത് ആഴ്ചപ്പതിപ്പുകളില്‍ ഖണ്ഡശഃ നോവലെഴുതുന്ന ഏതൊരു റിയലിസ്റ്റ് എഴുത്തുകാരനും സാധിക്കും. അവര്‍ നോവലെഴുതാന്‍ തുടങ്ങുമ്പോഴേ അതിന്‍റെ അന്ത്യവും നിശ്ചയിച്ചിട്ടുണ്ടാകും. എന്‍റെ നോവലില്‍ എഴുതിത്തുടങ്ങിയശേഷമാണ് അതിന്‍റെ രൂപവും അന്ത്യവും ഉരുത്തിരിഞ്ഞത്. ശ്രീനാരായണായയില്‍ ആദിമദ്ധ്യാന്ത കഥയില്ല. അതിനുപിന്നില്‍ കഥപറയുന്ന ഒരു വ്യക്തി ഏകവചനത്തിലിരിക്കുന്നില്ല. എന്‍റെ നോവലിന് പതിനഞ്ച് രചയിതാക്കളുണ്ട്. പതിനഞ്ച് പേരുടെ രചനകളുടെ സമാഹാരം എന്ന നിലയിലാണ് നോവല്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ നോവല്‍ ഇങ്ങനെയേ എനിക്ക് എഴുതാനൊക്കൂ. ഇത് റിയലിസ്റ്റിക്കല്ല. ഇതില്‍ ഒരാള്‍ പറയുന്ന സമ്പൂര്‍ണ കഥാ ഘടനയോ പ്രത്യക്ഷ തുടര്‍ച്ചയോ ഇല്ലെങ്കിലും ഇതില്‍ നിറയെ കഥകളാണ്. നുണകള്‍ പറഞ്ഞുകൊണ്ട് നേര് കണ്ടെത്തുന്ന കലാവിദ്യയാണ് പരീക്ഷിച്ചിരിക്കുന്നത്. ഗുരുവിന്‍റേത് ഒരു പ്രത്യേക മതമാണ്. അതാണ് ഞാന്‍ കണ്ണൂര്‍ യോഗത്തില്‍ പറഞ്ഞത്.അവിടെ കുട്ടികളോടായതുകൊണ്ട് എന്താണ് മായ, ആത്മാവ്, അദ്വൈതം, ദൈവചിന്ത, മതം, ജാതി എന്നെല്ലാം വളരെ ലളിതമായി വിശദീകരിച്ചു. നമ്മുടെ ജീവിത്തതില്‍ മായയുണ്ട്. ഇന്നലെകളിലെ നമ്മുടെ ഇഷ്ടം എവിടെയാണുള്ളത്? ഇന്നലെകളില്‍ നാം ശരിയെന്ന് പറഞ്ഞതൊക്കെ എവിടെയാണ്? ചുരുക്കത്തില്‍ ഇന്നലെകളിലെ ഞാന്‍ എന്ന വ്യക്തി ഒരു സങ്കല്പമാണ്; ഭാവനകലര്‍ത്തിയ സങ്കല്പം. അത് മായയാണ്. അങ്ങനെയാണ് ജീവിതം. ജീവിതത്തിന് ഇന്നലെകളില്ല. ജനിക്കുന്നതിനുമുമ്പുള്ള കാലമില്ല. മരണാനന്തര കാലവുമില്ല. മരിക്കുന്നതോടെ ജീവിതം മറ്റൊരു മായയാകുന്നു. ജീവിതം മറ്റാരുടേതോ ആണ്. കാരണം, നമ്മെ കാണുന്നവരാണ് നമ്മുടെ ജീവിതത്തെ സങ്കല്പിക്കുന്നത്. നമ്മളില്‍ അത് മിഥ്യയാണ്. ആത്മാവ് ഒരിക്കലും നശിക്കാത്ത, വേറെ എവിടെയോ ഉള്ള ഒരു വസ്തുവാണെങ്കില്‍, അതിനായി എന്തിനു ഉഴറണം? മറ്റുള്ളവരെ സ്നേഹിക്കാനാണ് ആത്മാവിന്‍റെ ആവശ്യം. തേജസ്സാര്‍ന്ന സഹവര്‍ത്തിത്വം മനസിലുണ്ടാകുമ്പോഴാണ് ആത്മാവ് യാഥാര്‍ത്ഥ്യമാകുന്നത്. ആത്മാവ് മറ്റുള്ളവരോട് സമരസപ്പെടാനുള്ളതാണ്. ഇതാണ് ഗുരു പറഞ്ഞ ആത്മാവ്. ഗുരു അത് പറഞ്ഞ ഭാഷ വേറൊരു രീതിയിലാണെന്ന് മാത്രം.

ഗുരുവിന്‍റെ ജാതി മനുഷ്യത്വമാണ്; അതായത് ക്രൂരതചെയ്തുകൊണ്ടിരിക്കും. അതുകൊണ്ട് ദൈവത്തെ അപകീര്‍ത്തിപ്പെടുത്തരുത്. നമ്മുടെ ദൈവങ്ങള്‍ നല്ലതാകട്ടെ. അതിനു നമ്മളും നല്ലതാകണം. മനസില്‍ വരുന്ന ദുഷ്ടചിന്തകളെ ദൂരീകരിക്കുന്നതാണ് ദൈവികതയിലേക്കുള്ള ആദ്യപടി. അതിലൂടെ സ്വയം ശുദ്ധിനേടാനുള്ള പരീക്ഷണത്തിലേര്‍പ്പെടാം. നിരന്തരം ശുദ്ധീകരിക്കുമ്പോള്‍, ആത്മതാപവും ആത്മവിമര്‍ശനവുമുണ്ടാകും. ഇതിലൂടെ അവനവന്‍റെ ദൈവികത സാവധാനം തെളിഞ്ഞുവരും.

ദൈവം ഇവിടെ മൂര്‍ത്തിയല്ല. അത് ദൈവികതയുടെ ഭാവത്തിന്‍റെ പ്രത്യക്ഷതയാണ്. ഒരു പൂവ് വിരിഞ്ഞ് നില്‍ക്കുന്നത് കണ്ടാല്‍ കോപം വരുന്നില്ലെങ്കില്‍ അത് ദൈവികതയാണ്. അത് ദൈവഭാവത്തിന്‍റെ പ്രത്യക്ഷതയാണ്. ഇങ്ങനെ മനസ് ശുദ്ധീകരിച്ച് ദൈവഭാവത്തിന്‍റെ പ്രത്യക്ഷപ്രസന്നതയില്‍ സ്വയം തിരിച്ചറിയപ്പെടാന്‍ കഴിയുമ്പോള്‍ നമ്മിലേക്ക് സംസ്കാരം കടന്നുവരുന്നു. ഉന്നതമായതെന്തോ നാം അറിഞ്ഞുതുടങ്ങുന്നു. ആത്മാവിന്‍റെ വനാന്തരത്തില്‍ ഒരു ദീപം തെളിയുകയാണ്. ഏതോ ഒരില ഒരു വലിയ പാറയില്‍വച്ച്, അതിനെ നനച്ച് ഒരു തിരി തെളിക്കുമ്പോള്‍, അറിയത്തക്കതല്ലാത്ത ദൈവികതയുടെ ആപാരമായ പ്രസാദത്തിലേക്കും പ്രശാന്തിയിലേക്കും നാം എത്തുകയാണ്.

ആൽബം

No comments: