Followers

Friday, December 21, 2007

രതിഗന്ധംdec 21


രതിഗന്ധം

ഈ ഡിസംബര്‍
മഞ്ഞിനൊപ്പം ഒരു കാറ്റ്‌
മണ്ണിരയെപ്പോലെ
എത്തുന്നു.
കാറ്റ്‌ പ്രണയമാണ്‌.
എന്തിനും ധൃതിവച്ച്‌
എങ്ങും പോകാനില്ലാതെ
വരുന്ന ആ മണ്ണിരയെ
ഞാന്‍ ആത്മാവിന്‍റ്റെ
അസംസംസ്‌കൃതവസ്‌തുക്കളുടെ
ശേഖരത്തിലൊളിപ്പിച്ചു.
മുയല്‍കുട്ടികള്‍ പുല്ലു തിന്നുന്ന
ചിത്രം എന്‍റ്റെ
മനസ്സിലേക്കിട്ടത്‌
ഈ കാറ്റാണ്‌.
അദൃശ്യതയുടെ ശുദ്ധമദ്ദളവുമായെത്തിയ
ആ കാറ്റ്‌ നിമിഷംതോറും
ഗന്ധം മാറ്റുകയും
പല തരം ഹിമകണങ്ങളെ
തൂവിയിടുകയും ചെയ്‌തു.

രാത്രിയില്‍ ഞാന്‍
ആ മണ്ണിരക്കൊപ്പം
സവാരി നടത്തി.
മണ്ണിര എന്നെയും കൊണ്ട്‌
ഏതോ ഭൂഗര്‍ഭ അറയില്‍
പുരാതന ഭീമാകാര
ജീവികള്‍ അന്ത്യവിശ്രമംകൊള്ളുന്ന
ഇടനാഴികളിലൊക്കെ പോയി.
ഞാന്‍ കുതിക്കുക
മാത്രം ചെയ്തു.
വേഗം എന്‍റ്റെ ഭാഷയായി
പുനര്‍ജനിച്ചു.
എനിക്ക്‌ തിരിച്ചു വരാനായി
പണിപ്പെടേണ്ടിവന്നു.
ഞാന്‍ പുലര്‍ച്ചെ തിരിച്ചെത്തിയെങ്കിലും,
ആകാശത്തിന്റെ
രോമകൂപങ്ങളില്‍ നിറഞ്ഞു നിന്ന
ജലകണങ്ങളില്‍ രതിഗന്ധം
തളം കെട്ടി നിന്ന്
എന്നെ മത്തു പിടിപ്പിച്ചു.




മുഖചിത്രം: കടപ്പാട്‌-വി എം രാജേഷ്‌