Followers

Friday, May 6, 2011

നിരൂപകന്റെ പ്രത്യഭിജ്ഞാദർശനംദേശമംഗലം രാമകൃഷ്ണൻ

 "...പോയതിൽനിന്നിനിയെന്നോ വിരിയു-
ന്നായതിലേയ്ക്കു കുതിക്കുകയാണി
ന്നായത്തവിശ്വാസത്തോടു ഞങ്ങടെ
ഭാസുരചിന്താസങ്കൽപങ്ങൾ..." (വൈലോപ്പിള്ളി)

 പുതിയ പൊടിപ്പുകൾ, വിടർച്ചകൾ. അവയിലേയ്ക്കുള്ള ഓരോ കുതിപ്പും എത്തിച്ചേരുന്നത്‌ പുതിയ ലോകങ്ങളിലാണ്‌. ദൃഢീഭവിച്ച അവസ്ഥയിൽനിന്ന്‌, മൗലികവാദത്തിൽ നിന്ന്‌, നിരന്തരസ്വാതന്ത്ര്യവും നൂതനവുമായ ലോകത്തിലേയ്ക്കുള്ള അന്വേഷണയാത്രയാണത്‌. ഇങ്ങനെ സ്വയം പരിവർത്തനത്തിനു വിധേയമായില്ലെങ്കിൽ നവമായ അനുഭവം അസാധ്യമാകും. വസ്തുവിന്റെ, വ്യക്തിയുടെ, മൗലികവാദം ഉപേക്ഷിച്ച്‌ നടത്തുന്ന ആത്മീയാന്വേഷണമാണിത്‌. ഇതിനെയാണ്‌ ശ്രീ.എം.കെ.ഹരികുമാർ നവാദ്വൈതം എന്നു വിളിക്കുന്നത്‌. ആന്തരീകമാറ്റത്തിനു ശ്രമിക്കുന്തോറും സ്വയം നിരസിക്കപ്പെടുന്ന അവസ്ഥ കൈവരും. സ്വത്വനിരാസത്തിലൂടെ മാത്രമേ ഏതു യാഥാർത്ഥ്യവുമായും സഹവസിക്കാനും ലയിക്കാനും കഴിയൂ. ഇവിടെ മൗലികവാദനിരാസത്തിന്റെ പര്യായമായിട്ടാണ്‌ അദ്ദേഹം സ്വത്വനിരാസത്തെ പ്രതിഷ്ഠിക്കുന്നത്‌. അദ്വൈതവും നവാദ്വൈതവും തമ്മിൽ അടുപ്പവും അകലവുമുണ്ട്‌. ആദ്യത്തേതിന്റെ പൂരണമാണ്‌ രണ്ടാമത്തേതുകൊണ്ട്‌ സാധിക്കേണ്ടത്‌. അദ്വൈതത്തിൽ ഒരു ഭൂതസത്തയുണ്ട്‌. അതിൽനിന്നു ജനിച്ച വർത്തമാനഭാവികളാണ്‌ നവാദ്വൈതത്തിന്റെ അന്വേഷണമേഖല. വിരിഞ്ഞതിൽ നിന്നും വിരിയാനിരിക്കുന്നതിലേയ്ക്കുള്ള ത്വരയാണത്‌. "ഇന്നലെ വിരിഞ്ഞ പൂവിൽ ഇന്ന്‌ പുതിയൊരു പൂവിനെ കാണാൻ കഴിയുന്നില്ലെങ്കിൽ അവിടെ എഴുത്തിനു പ്രസക്തിയില്ല" (പുറം 42).
 "ഒന്നല്ലി നാമയി സഹോദരല്ലി പൂവേ
 ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം" (വീണപൂവ്‌: ആശാൻ)
 ഇതാണ്‌ അറിവിന്റെ അദ്വൈതം. "അദ്വൈതത്തിൽ വിഭിന്നങ്ങളായ വസ്തുക്കളും ആശയങ്ങളും ഇല്ലെന്നും എല്ലാം ബൃഹത്തായ ഒന്നിൽ നിക്ഷ്പിതമാണെന്നും പറയുന്നു. എന്നാൽ ഇതു മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണ്‌. അതായത്‌ നാം പിറവിയിൽതന്നെ അദ്വൈതത്തിന്റെ ഭാഗമാണ്‌. നാമത്‌ അറിയുകയേ വേണ്ടൂ. അതേസമയം നവാദ്വൈതത്തിൽ ഈ അറിവിനുവേണ്ടിയല്ല പോരാട്ടം... നാം ചിന്തിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്തതു കൊണ്ടുമാത്രം മൗലികവാദത്തിൽനിന്നു രക്ഷപ്പെടാനോക്കില്ല. സ്വയം നിരസിക്കണം. ഇതിന്‌ കർമ്മം വേണം. നാം മൗലികവാദപരമായ ആശയമാകാതിരിക്കുക എന്ന ശ്രമകരമായ ജോലിയാണത്‌. അതിൽ നിന്നു വികസിച്ചാണ്‌ നവാദ്വൈതിയാകുന്നത്‌." (പു.58). അദ്വൈതമെന്ന അറിവിനുവേണ്ടിയല്ല ഹരികുമാർ വീണപൂവിനെ ദർശിക്കുന്നത്‌. ആ പൂവിന്‌ അതിന്റേതായ അസ്തിത്വവും ആത്മീയതയുമുണ്ടെന്നും അത്‌ മറ്റൊന്നിനും ബദലായി നില കൊള്ളുന്നതല്ലെന്നുമാണ്‌ ഹരികുമാറിന്റെ കാഴ്ചപ്പാട്‌. ഭീഷണമായ ഒരു ലോകത്തിലെ പുഷ്പജന്മത്തിന്റെ ദർശനമാണത്‌. മൗലികവാദപരമായ ഭാവുകത്വത്തിന്റെയൊപ്പം നിൽക്കുന്ന നിരൂപകനല്ല അദ്ദേഹം.


 അദ്വൈതത്തിൽ പ്രതിഷ്ഠയുണ്ട്‌. ഓരോ വസ്തുവിന്റെയും അകത്തും പുറത്തും ഈ ബ്രഹ്മപ്രതിഷ്ഠയുണ്ട്‌. ഇതാണ്‌ മൗലികാവസ്ഥ. "നവാദ്വൈതത്തിൽ സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല. സ്വയമായി എന്താണോ, അതല്ലാതാകാനാണ്‌ ശ്രമിക്കുന്നത്‌'. (പുറം 76). നിരന്തര പ്രവൃത്തികളിലൂടെ മാറിക്കൊണ്ടിരിക്കണം. മാറ്റത്തിലൂടെ ലോകവുമായി കൂടിക്കലരണം. സ്വയംനിരസമുണ്ടെങ്കിലേ മാറ്റമുണ്ടാകൂ. ആ നിരാസപ്രക്രിയക്ക്‌ അന്ത്യമില്ല. ലോകസാത്മീകരണമാണ്‌ അതിന്റെ ലക്ഷ്യം. ഞാൻ ബ്രഹ്മമാണ്‌ എന്നുരുവിട്ടു നിലകൊണ്ടാൽ ജാഡ്യവും ജീർണ്ണതയുമാകും ഫലം. പലതായതെല്ലാം കൂടി ഒന്നാവുന്ന അദ്വൈതത്തിൽ ഈ ജീർണ്ണതയുണ്ടെന്നാകാം ഹരികുമാർ വിവക്ഷിക്കുന്നത്‌. 'ഏകോഹം ബാഹുസ്യാം' ആണ്‌ നവാദ്വൈതം എന്ന്‌ വിവക്ഷിക്കുന്നുണ്ടാവാം. വിവക്ഷിതമായ സാത്മീകരണത്തിന്‌ തടസ്സമായതെല്ലാം പരിവർജ്ജിക്കണം. ആ പരിത്യാഗം സാധ്യമല്ലായ്കയാൽ വിപ്ലവകാരിയും കലാകാരനുമെല്ലാം ജീർണ്ണതയിൽപ്പെട്ടു പോകുന്നു എന്നു ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നുണ്ടാവാം.
 മാറ്റം പ്രവാഹസദ്യശമാണ്‌. 'വെള്ളത്തിന്റെ ഒഴുക്കുപോലെ പുതുതാകുകയാണ്‌ ഓരോ നിമിഷവും (പുറം 76). ഒരിടത്തു തുടങ്ങി ഒരിടത്ത്‌ അവസാനിക്കാത്ത പ്രവാഹമാകണം അത്‌. ഒരു മതത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റെയും കെട്ടുപാടുകളില്ലാത്ത ആത്മീയതയുടെ ആവേഗമാണത്‌. 'നിർവ്യക്തീകരിക്കപ്പെട്ട ബദൽ ആത്മീയത.' എന്ന്‌ ഹരികുമാർ ഇതിനെ വിളിക്കുന്നു. ശരീരവും മനസ്സും, ഭൗതികതയും ആത്മീയതയും - ഈ ദ്വന്ദീകരണത്തിൽ അർത്ഥമില്ല. അവയുടെ സമന്വയത്തിലൂടെയാണ്‌ ജീവിതസംവേദനത്തിനുള്ള കരുത്തു നേടുന്നത്‌. എല്ലാവിധ ദർശനങ്ങളുടെയും സാഹിത്യങ്ങളുടേയും നൂതനമായ അർത്ഥസമന്വയങ്ങൾ സാധിക്കേണ്ടതുണ്ടെന്ന്‌ ഗ്രന്ഥകാരൻ രൂപകാത്മകമായി പ്രതിപാദിക്കുന്നു. "എല്ലാം ഒന്നാണ്‌ എന്നു പറയുന്നതിനെക്കാൾ, എല്ലാം പലതായിരിക്കെത്തന്നെ വിവിധ ആത്മീയതകളെ ഉൾക്കൊള്ളുന്നു എന്നതിനാണ്‌ നവാദ്വൈതം ഊന്നൽ നൽകുന്നത്‌. എന്നാൽ അപ്പോഴും ജീവിതത്തിന്‌ അതിന്റെ അതീതത്തലങ്ങളോട്‌ വൈരുദ്ധ്യം കാണുന്നുമില്ല" (പുറം-94) ഇപ്പോൾ ഹരികുമാറിന്റെ ആശയലോകത്തിന്റെ മർമ്മം തെളിമയോടെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

ചില നോട്ടങ്ങൾ
 ഒന്ന്‌: അനുഭങ്ങൾ അറിവുകളായിത്തീരുകയല്ല, നാം താൽക്കാലികമായി നിർമ്മിച്ചെടുക്കുന്ന അറിവുകളാണ്‌ അനുഭവമായിത്തീരുന്നതെന്ന ഒരു വ്യാഖ്യാനത്തിലൂന്നിയാണ്‌ ഹരികുമാറിന്റെ 'ആലോചന' ചലിക്കുന്നത്‌. യാഥാർത്ഥ്യം ഏകതാനമല്ലാതായി. അത്‌ ബഹുസ്വരങ്ങളെ ഉൽപ്പാദിപ്പിക്കുന്നു. വ്യക്തിത്വം എന്ന യാഥാർത്ഥ്യത്തിന്‌ അഥവാ സങ്കൽപത്തിന്‌ സാംഗത്യമില്ലാതായി. അതോടെ ഏകതാനമായ ഭാഷയും നഷ്ടപ്പെട്ടിരിക്കുന്നു. വിനിമയശേഷിയില്ലാത്ത 'വാക്കുകളുടെ മാംസപ്രദർശനം' നടക്കുകയാണ്‌. 'അതിവേഗം മുതലാളിത്തവൾക്കരിക്കുന്ന സമൂഹത്തിൽ ഭാഷയ്ക്കുമാത്രമായി അതിന്റെ ആന്തരികമായ ഹരിതസമൃദ്ധി നിലനിർത്താനാവില്ല" എന്ന തിരിച്ചറിവ്‌ പടരുകയാണ്‌. ഈവിധമായ നാശത്തിന്‌ എതിരെ സംസ്കൃതിയുടെ പുനർനിർമ്മാണം ആവശ്യമായിരിക്കുന്നു എന്നാണ്‌ ഹരികുമാർ ഉന്നയിക്കുന്നത്‌. സാഹിത്യത്തിൽ, പ്രത്യേകിച്ച്‌ കവിതയിൽ 'ഏതോ അർത്ഥം കുഴിച്ചിട്ടിരിക്കുന്നു' എന്ന ധാരണയ്ക്ക്‌ സാഗത്യമില്ലാതായിരിക്കുന്നു. സ്ഥാപനവൽക്കരണത്തിനെതിരെ അസ്തിത്വസ്വാതന്ത്ര്യത്തോടെ പോരാടണം. അപ്പോൾ സ്വയം നിരാസത്തിലൂടെ പുതിയ അർത്ഥങ്ങൾ അസ്തിത്വത്തിനും  സ്വാതന്ത്ര്യത്തിനും കണ്ടെത്താനാകും. ഓരോ ജീവിതപ്രക്രിയയിലും പാരായണ പ്രക്രിയയിലും ഈ മൗലികവാദനിരാസം (സ്വയംനിരാസം) ഉണ്ടാവണമെന്ന ഹരികുമാറിന്റെ കാഴ്ചപ്പാട്‌ സംഗതമാണ്‌. മൗലികവാദഭാവുകത്വം നമ്മെ എത്തിക്കുന്നത്‌ യാഥാസ്ഥിതികത്വത്തിലായിരിക്കും. ഇവിടെ ഭാവുകത്വത്തെപ്പറ്റിയുള്ള ഗ്രന്ഥകാരന്റെ നിലപാട്‌ നോക്കുക: പ്രത്യേക ചിന്തകളുള്ളവർക്കുമാത്രമായി എഴുതാനോക്കില്ല'. 'ഭാവുകത്വം ഭീഷണിയാണ്‌'- വിശേഷവൾകൃതമാണെന്നും അങ്ങനെ സ്വത്വം കൊഴിഞ്ഞ ഭാവുകത്വമാണ്‌ ഉള്ളതെന്നും വാദിക്കപ്പെടുന്നു. ആത്മാവ്‌ ഒഴിഞ്ഞുപോയ ശരീരങ്ങളാണ്‌ എല്ലാ ഭാവുകന്മാരുമെന്നാണെങ്കിൽ ഭാവുകത്വവും സാമാന്യവത്കൃതമാകും. ആനന്ദവർദ്ധനനും അഭിനവഗുപ്തനും ഭാവുകത്വത്തിന്‌ ഭീഷണിയാണ്‌ എന്നു കരുതുന്നുണ്ടെങ്കിൽ സംവേദനപ്രാപ്തിക്ക്‌ സംവരണം ഏർപ്പെടുത്തിയിട്ടു കാര്യമില്ലല്ലോ.


 രണ്ട്‌: 'ഭാവന മരിക്കുന്നില്ല' നേരത്തെ യാഥാർത്ഥ്യത്തിന്റെ ഏകതാനതയ്ക്കെതിരെ ബഹുസ്വരതയെ പ്രതിഷ്ഠിച്ചതുപോലെ, ഭാവനയുടെ ഏക രൂപത്തിനെതിരെ ഭാവനയുടെ വൈരുദ്ധ്യാത്മകമായ മിശ്രണം എന്ന സങ്കൽപനമാണ്‌ ഹരികുമാർ മുന്നോട്ടുവയ്ക്കുന്നത്‌. മുതലാളിത്തത്തിന്റെ വാണിജ്യവൽകൃതമായ ലോകത്ത്‌ 'മാനസികമായി പലതിനു വേണ്ടി ചിതറേണ്ടിവരുന്നത്‌' സാധാരണമായിരിക്കുന്നു. ഭാവനയിൽ കൂട്ടിക്കലർത്തലുകളും വൈരുദ്ധ്യങ്ങളുടെ വളഞ്ഞുപിടിക്കലും ആവശ്യമായിരിക്കുന്നു. ഭാവനാമിശ്രണത്തിലൂടെയാണ്‌ പുതിയ കാലത്തിന്റെ സങ്കീർണ്ണതകൾ ആവിഷ്കരിക്കേണ്ടിവരുന്നതെന്ന നിലപാട്‌ ഏറെക്കുറെ സംഗതമാണ്‌. ഉപയോഗശൂന്യമായ വിവിധതരം പാഴ്‌വസ്തുക്കളെ റീസൈക്കിളിലൂടെയോ പുനഃക്രമീകരണങ്ങളിലൂടെയോ പുതുവസ്തുക്കളാക്കിയെടുക്കുംപോലെ കലയുടെ ചവറുകളെ ഉപയോഗിച്ച്‌ പുതിയ കലകൾ ഉണ്ടാക്കാമെന്ന ഹരികുമാറിന്റെ ദൃഷ്ടാന്തപ്രക്രിയ രസാവഹമായിരിക്കുന്നു. ചുരുക്കത്തിൽ 'വസ്തുവിന്റെ വ്യവസായിക കമ്പോളമൂല്യം' കലയുടെ കമ്പോളമൂല്യമായി മാറിയിരിക്കുന്നു എന്ന കാഴ്ചയാണ്‌ ഹരികുമാർ അവതരിപ്പിക്കുന്നത്‌ (പുറം.50). സ്വയം തിരഞ്ഞെടുക്കുന്നതെന്തോ അതു തന്നെ അവനവന്റെ തത്ത്വവും പ്രയോഗവും-ശരിതന്നെ. 'എല്ലാതത്ത്വങ്ങളെയും പ്രയോഗങ്ങളെയും ഒരുവണ്ടിയിൽ പുറത്തേക്കു തള്ളാൻ' ഒരുമ്പെടുന്ന വഴിവാണിഭക്കാരന്റെ (പുറം.60). മിശ്രിതഭാവനയും വ്യാമിശ്രമായ യാഥാർത്ഥ്യവും ഒരുവേള എഴുത്തുകാരനും വാണിജ്യമുദ്രാവാക്യത്തോടെ അനുകരിക്കേണ്ടിവരും. വാണിജ്യവൽകൃതമായ, പ്രദർശനപരമായ, ഇന്നത്തെ മനുഷ്യപ്രകൃതിയുടെ വ്യാമിശ്രണക്കണ്ടുപിടുത്തങ്ങൾക്ക്‌ ഭീതിദവും കരുണാമയവുമായ ഫാന്റസികൾ സൃഷ്ടിക്കാൻ കഴിയും. ("വെട്ടുതുണികൾ ചേർത്തു തുന്നിയ, കണങ്കാലോളം വരുന്ന അങ്കിക്കുപ്പായമായിരുന്നു അത്‌. മുൻവശത്ത്‌ അരിവാളും ചുറ്റികയും ത്രിശൂലവുമുണ്ടായിരുന്നു. പിന്നിൽ, തുണിസഞ്ചിയിൽ നിന്ന്‌ വെട്ടിയെടുത്ത മയിലിന്റെയും ഗാന്ധിയുടെയും ചിത്രങ്ങളും"-ഖസാക്കിന്റെ ഇതിഹാസത്തിൽ അപ്പുക്കിളിക്ക്‌ മാധവൻനായർ തുന്നിക്കൊടുത്ത കുപ്പായത്തിലെ സൊ‍ാചക മിശ്രണം വായിച്ചെടുക്കാൻ എല്ലാവർക്കും ഒരേമട്ടിൽ സാധിക്കുമെന്ന്‌ തോന്നുന്നില്ല. അഭിവ്യഞ്ജക പ്രക്രിയ വിശേഷവൾകൃതഭാവുകത്വത്തിന്റെ കുത്തകയല്ല, അതു സർവ്വസാധാരണമാണ്‌ എന്ന്‌ പറയാമോ? - ശങ്കയുണ്ട്‌). 'ഖസാക്കിന്റെ ഇതിഹാസം' വൈരുദ്ധ്യാത്മകമായ ഘടകങ്ങളുടെ സൗന്ദര്യാത്മകമായ ഒരു എഞ്ചിനിയറിങ്ങാണെന്ന്‌ സമർത്ഥിക്കുന്നതിന്‌ ഹരികുമാറിന്റെ കലാപരമായ യുക്തികൾക്ക്‌ സാധിച്ചിരിക്കുന്നു.

 മൂന്ന്‌: സ്വയംനിരാസം, പരിവർത്തനം-ജീവിതത്തിനും കാവ്യജീവിതത്തിലും ആ രണ്ടു സങ്കൽപനങ്ങളും പ്രായോഗികമാക്കേണ്ടതുണ്ട്‌. പ്രായോഗികതയിലൂടെ മാത്രമേ അതിജീവിക്കാനാകൂ. നിശ്ചലതയെ നിരാകരിക്കുന്ന ജലപ്രവാഹമാണ്‌, ജലാത്മകതയാണ്‌, ഇവിടെ നിരൂപകന്റെ രൂപകം. സ്വയം നിരാകരണത്തിന്റെ കാതൽ വിശദമാക്കാൻ ഈ അന്യാപദേശരൂപകത്തിന്‌ കഴിയുന്നു. ജലം ഓർമ്മയിലൊന്നും സൂക്ഷിച്ചുവയ്ക്കുന്നില്ലെന്നും ഒഴുക്കിന്റെ സമസ്യകളും സ്വന്തം രൂപപരമായ സാധ്യതകളുമാണ്‌ അത്‌ സ്വപ്നം കാണുന്നതെന്നും ഹരികുമാർ ആരോപിക്കുന്നു. ഈ ആരോപം ഒരു 'വ്യാജനിർമ്മിതി' യാണെന്നു പറയാമെങ്കിലും അതിനും പൊരുൾ ഉണ്ടെന്നാണ്‌ ആഖ്യാനത്തിന്റെ അടരുകൾ പ്രതീതമാക്കുന്നത്‌. 'സ്വന്തം രൂപത്തെ എപ്പോൾ, എവിടെ വേണമെങ്കിലും നിരാകരിച്ച്‌, പുതിയതൊന്നായി മാറാമെന്നതാണ്‌ ജലാത്മകതയുടെ മന്ത്രം... 'ജലം സ്വന്തം നരകത്തെ ബാഹ്യവൽക്കരിക്കുന്നതിനായാണ്‌ തുളുമ്പുന്നത്‌'... 'വെള്ളത്തിന്റെ ഒരു നിമിഷം പലതാണ്‌. പലവെള്ളങ്ങളുണ്ട്‌ അതിൽ അവിടെ തന്നെ പല അസ്തിത്വങ്ങളുണ്ട്‌. പല നിരാസങ്ങളുണ്ട്‌' - പ്രതിഭാസിക ഭാവനകൊണ്ട്‌ ചമയ്ക്കുന്ന പ്രതീതി രൂപകങ്ങളെന്നോ ജലപ്രതീതികൾ കൊണ്ടുള്ള വെളിപ്പാടുകൾ എന്നോ വിളിയ്ക്കാവുന്ന ഈ ആഖ്യാന - വ്യാഖ്യാനത്തിൽ മനുഷ്യനെയാണ്‌, എഴുത്തുകാരനെയാണ്‌ അധ്യവസായം ചെയ്തിരിക്കുന്നത്‌ എന്ന്‌ പറയേണ്ടതില്ലല്ലോ. നിരന്തരഗതിയുടെ പ്രത്യഭിജ്ഞയാണ്‌ ജലാത്മകത. ഭിന്നതകൾക്കപ്പുറത്തേക്കുള്ള പ്രവാഹം - അത്‌ എത്ര ജലാത്മകമായ ആത്മീയത എന്നു നവാദ്വൈത്വം.'ജലം ഒരു ചാവേറാണ്‌' എന്ന അരുൾ ('വാക്യങ്ങൾ': പുറം.109) ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്‌. അനിശ്ചിതമായ ഭാവിയിലേക്കുള്ള മനുഷ്യന്റെ - എഴുത്തുകാരന്റെ - സ്വയം തിരസ്കൃതമായ പോരാട്ടക്കുതിപ്പുകളുടെ സൊ‍ാചകമാണിത്‌. മൗലികവാദത്തിന്റെ നിരാസവും പരിവർത്തനത്തിന്റെ നൈരന്തര്യവും ധ്വനിപ്പിക്കുവാൻ അതിനു കഴിയുന്നു. ഹരികുമാർ എഴുതിയ ഈ ആഖ്യാന-വ്യാഖ്യാനത്തിന്റെ കേന്ദ്രീകൃത മോട്ടീഫ്‌ ജലബിംബമാണ്‌.
 ഹരിയുടെ ചിന്തകളും അവയുടെ വ്യന്യാസരീതിയും മൗലികമായിരിക്കുന്നു എന്നു പറഞ്ഞാൽ അത്‌ മൗലികവാദപരമാകുമോ എന്നു പേടിക്കുന്നു. വാക്കും ആത്മാവും ബദ്ധവൈരികളാകുന്ന ഈ വാണിജ്യവൽകൃതകാലത്തിൽ, തന്റെ കൃതിയെ മനസ്സൊഴിഞ്ഞുപോയ വാക്കുകളുടെ മാംസപ്രദർശനമാകാതെ നോക്കാൻ ഹരികുമാറിനു കഴിഞ്ഞിട്ടുണ്ട്‌.എന്റെ മാനിഫെസ്റ്റോ:
എം.കെ.ഹരികുമാർ
പ്രസാ: ഗ്രീൻ ബുക്സ്‌, തൃശൂർ

No comments: