പി രവികുമാര്‍
മലയാളസാഹിത്യത്തിൽ തന്റെ തലമുറയിലെ മറ്റെല്ലാ വിമർശകരിൽ നിന്നും വ്യത്യസ്ഥനായി , അതിദൂരം കാലത്തിനു മുൻപേ സഞ്ചരിച്ച വിമർശകനാണ് എം.കെ.ഹരികുമാർ. വിമർശകനായ ഹരികുമാറിന്റെ ആദ്യ നോവലായ 'ജലഛായ' അത്യസാധാരണമായ മൗലികതകൊണ്ട് മലയാളനോവലുകളുടെ മുന്നിൽ നിൽക്കുന്നു;ഏകാന്തവിസ്മയമായി ജ്വലിക്കുന്നു. നോവൽ എന്ന സാഹിത്യരൂപത്തിന്റെ ബാഹ്യവും ആന്തരികവുമായ സമസ്ത ഘടനകളെയും തകർത്തുകളഞ്ഞിരിക്കയാണ്'ജലഛായ'. അസാധാരണമായ ഉൾക്കാഴ്ചയും സദാ എരിയുന്ന ചിന്തയും തീവ്രമായ ജീവിതാനുഭവങ്ങളും ആഴമേറിയ വായനയും സ്വന്തം ആശയപ്രപഞ്ചത്തെ അനുനിമിഷം നവീകരിക്കാനുള്ള ദൃഢമായ ഇച്ഛാശക്തിയും ഉള്ള ഒരു എഴുത്തുകാരനുമാത്രമേ 'ജലഛായ' പോലൊരു സൃഷ്ടി നടത്താനാകൂ. നമ്മുടെ എല്ലാ മുൻ വിധികളെയും യാഥാസ്ഥികമായ ധാരണകളെയും അട്ടിമറിക്കുന്നതാണ് ഹരികുമാറിന്റെ 'ജലഛായ'. പരീക്ഷണമെന്ന നിലയ്ക്കല്ല, 'ജലഛായ' എഴുതപ്പെട്ടിരിക്കുന്നത്. എന്തെന്നാൽ മലയാളത്തിൽ നാം ഇന്നുവരെ വായിച്ച എല്ലാ പരീക്ഷണ നോവലുകളും വായനക്കാരെ കൊല്ലുന്ന വിരസതയിലേക്ക് ആഴ്ത്തിക്കളയുന്നവയാണ്.അവയെല്ലാം തന്നെ അടിമുടി കൃത്രിമങ്ങളാണ്.എന്നാൽ 'ജലഛായ' സർഗ്ഗാത്മകതയുടെ നൈസർഗ്ഗികപ്രവാഹമാണ്.'ജലഛായ 'അതിന്റെ ആദ്യവാക്യം തൊട്ട് നമ്മെ ആകാംക്ഷാഭരിതരാക്കുന്നു. അശാന്തവും അസ്വസ്ഥവും അതിസങ്കീർണവുമായ വഴികളിലൂടെ നാം സഞ്ചരിക്കുന്നു. ഒരു നിമിഷവും ഒരിടത്തും നിൽക്കാതെ ഏതോ അദമ്യമായ പ്രേരണയാൽ നാം മുന്നോട്ടു പോകുന്നു. നാം പരിചയപ്പെട്ട മിക്കവാറും നോവലുകളിൽ കാലവും സ്ഥലവും കഥാപാത്രങ്ങളും നോവലിസ്റ്റ് മുൻ കൂട്ടി നിർണയിച്ച് വച്ചിരിക്കുകയാണ്.എന്നാൽ 'ജലഛായ'യിൽ കാലവും സ്ഥലവും കഥാപാത്രങ്ങളും നിശ്ചിതങ്ങളല്ല; മുൻകൂട്ടി നിർണയിക്കപ്പെട്ടവയല്ല. അവയെല്ലാം തകിടം മറിയുന്നു.പ്രത്യക്ഷമായ ഒരു കാലം നാം ആദ്യം കാണുന്നു.പിന്നെ ആ കാലത്തിനുള്ളിൽ മറ്റൊരു കാലം പ്രത്യക്ഷമാകുന്നു. അതിനുള്ളിൽ മറ്റൊരു കാലം കടന്നു വരുന്നു.പൊടുന്നനെ എല്ലാ കാലങ്ങളും കൂടിക്കുഴഞ്ഞ് കാലസങ്കല്പം തന്നെ മാറിമറിയുന്നു. സ്ഥലവും കഥാപാത്രങ്ങളും നോവലിസ്റ്റിന്റെ പിടിയിൽ നിന്ന് കുതറി മാറുന്നു. നാം കണ്ടു നിൽക്കെ സ്ഥലവും കഥാപാത്രങ്ങളും പോയി മറയുന്നു. അവിടെ അപര കഥാപാത്രങ്ങളും അപര സ്ഥലങ്ങളും പ്രത്യക്ഷപ്പെടുന്നു. മനുഷ്യർ മാത്രമല്ല 'ജലഛായ'യിലെ കഥാപാത്രങ്ങൾ . മരങ്ങളും ചെടികളും പുഴുക്കളും ഉറുമ്പുകളും ചിത്രശലഭങ്ങളുമെല്ലാം കഥാപാത്രങ്ങളായി വന്നു നിറയുന്നു. മനുഷ്യന്റെ ജീവിതം പോലെ തന്നെ മരങ്ങളുടെയും ചിത്രശലഭങ്ങളുടെയും ഉറുമ്പുകളുടെയും ജീവിതങ്ങളും ദുരൂഹമായിത്തുടരുന്നു;പ്രഹേളി കകളായി വളരുന്നു. തൊടിയിലെ ശലഭങ്ങൾ പറന്നു പറന്നു വാകമരത്തിലെ ഇലകളായി പരിണമിക്കുകയും വാകമരം ആകാശത്തിന്റെ ചില്ലകളുടെ സഞ്ചയമായിത്തീരുകയും ചെയ്യുന്നിടത്താണ് നോവൽഅവസാനിക്കുന്നത്. ലൂക്ക് ജോർജ് എന്ന സുവിശേഷപ്രസംഗകനും എഴുത്തുകാരനുമായ ഒരാളുടെ കഥയാണ് നാം വയിച്ചു തുടങ്ങുന്നത്.എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന ലൂക്ക് ജോർജ് മാനസിക രോഗാശുപത്രിയിൽ നിന്ന് തന്റെ ചെറിയ വാടകമുറിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. അയാൾ അപകട സന്ധിയിലാണ്. സ്വന്തം അനുഭവത്തെപ്പറ്റി കൃത്യമായ ഒരു പ്രസ്താവന നടത്താൻ ലൂക്ക് ജോർജ് തീർത്തും അശക്തനാണ്. പാതി മറഞ്ഞ ബോധത്തിനിടയിലൂടെ അയാൾ ജീവിക്കുകയാണ്. അയാളുടെ വഴികൾ വ്യക്തവും അവ്യക്തവുമാണ്. സുവിശേഷ പ്രസംഗകനായിരുന്നുവെങ്കിലും ലൂക്ക് വിശ്വാസിയായിരുന്നില്ല. തന്റെ ജീവിതത്തിലെ അസാധാരണമായ സംഭവങ്ങൾക്കെല്ലാം ദൈവത്തെ മാത്രമാണ് അയാൾ കുറ്റപ്പെടുത്തുന്നത്.പ്രധാനമാ യും മൂന്നു കാര്യങ്ങളിലാണ് ലുക്ക് ദൈവത്തെ അപലപിച്ചത്. ഒന്ന്: ഏതു സുന്ദര വസ്തുവിനെ കണ്ടാലും , അതിന്റെ പിന്നിലെ തിന്മയും മാലിന്യവും മനസ്സിലേക്കു വന്ന് ആ അനുഭൂതിയെ തല്ലിക്കെടുത്തും, സഹതാപാർദ്രമായ കരച്ചിലായി പരിണമിക്കും. രണ്ട്: ഏതു വസ്തുവിനെ കണ്ടാലും മതി വരുകയില്ല;എത്ര സുഖകരമായ വസ്തുവും മനസ്സിൽ പിന്നെയും പിന്നെയും തെളിഞ്ഞ് വേദനയുണ്ടാക്കുന്നു. മൂന്ന്: ലൈംഗികമായ , ആത്മീയമായ തൃപ്തി ഒരിക്കലും ലഭിക്കുന്നില്ല- ലൂക്ക് ജോർജ് എന്ന സുവിശേഷ പ്രസംഗകനായ എഴുത്തുകാരൻ അനുഭവിക്കുന്ന തീവ്രമായ ഈ പ്രതിസന്ധികളാണ് , പ്രശ്നങ്ങളാണ് 'ജലഛായ'യെ മലയാളത്തിൽ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിനു നോവലുകളിൽ നിന്ന് വ്യതിരക്തമാക്കുന്നത്. ദാർശനികമായും സാഹിത്യപരമായും ശൈലീപരമായും 'ജലഛായ' അതുല്യമായ മാനം കൈവരിക്കുന്നു. ഈ ഒരൊറ്റ നോവലിലൂടേ തന്നെ ഹരികുമാർ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ നോവലിസ്റ്റായിക്കഴിഞ്ഞിരിക്കുന്നു. 'ജലഛായ'യുടെ ആദ്യ അദ്ധ്യായത്തിൽ നാം ഇങ്ങനെ വായിക്കുന്നു:'' ലൂക്ക് ജോർജ് എന്ന മനുഷ്യൻ തന്നെ യഥാർത്ഥമാണോ?അത് നിങ്ങൾ വായനക്കാർക്ക് വിടുകയാണ്....... ലൂക്ക് എന്ന വ്യക്തി ഒരു പക്ഷേ , നമ്മൾ ഓരോരുത്തരുമാകാം. നമ്മളിൽ ഇനിയും പിറക്കാത്ത മനുഷ്യനായിരിക്കാം.'' ഹരികുമാറിന്റെ 'ജലഛായ' ഓരോ വായനയിലും സ്വയം പരിണമിച്ചുകൊണ്ടിരിക്കുന്നു. (ജലഛായ (നോവൽ) എം.കെ.ഹരികുമാർ ഗ്രീൻ ബുക്സ്,തൃശൂർ rs 210/) |
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Friday, August 10, 2018
ജലഛായ : സ്വയം പരിണമിക്കുന്ന നോവല്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment