സിനിമയിലെ ക്രൂരത ;കലയുടെ സാധ്യതകൾ
ക്രൂരതയുടെ
നാടകവേദി എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ടത് ഫ്രഞ്ച് നാടകകൃത്ത് അൻ്റോനിൻ
അർത്തോയാണ്. പ്രേക്ഷകരെ അവരുടെ ചിന്തയുടെ സുരക്ഷിതമായ കേന്ദ്രങ്ങളിൽ നിന്നു
പുറത്തിറക്കുകയും ഏതോ ആഭിചാരകർമ്മത്തിലെന്നപോലെ അന്ധാളിപ്പിക്കുകയും
ചെയ്യുക എന്ന ലക്ഷ്യമാണതിലുള്ളത്. ഈ വ്യാമിശ്രമായ ലോകത്ത്, ദാർശനികമായി
പറഞ്ഞാൽ തിന്മ മാത്രമാണ് ശക്തി പ്രാപിക്കുന്നതെന്നും അതാണ് സ്ഥിരമായ
നിയമമെന്നും അർത്തോ വിശദീകരിക്കുന്നുണ്ട് .നന്മ ചെയ്യാനുള്ള നമ്മുടെ
ശ്രമങ്ങൾക്ക് പ്രസക്തിയുണ്ട്. എന്നാൽ അപ്പോഴും ക്രൂരതയ്ക്ക് മേൽ ക്രൂരതയാണ്
ഉണ്ടാകുന്നത്.
മനുഷ്യൻ്റെ അടിസ്ഥാനസ്വഭാവം
ക്രൂരതയാണോ എന്നു ശങ്കിക്കേണ്ടിയിരിക്കുന്നു. ദയ, അഹിംസ തുടങ്ങിയവ നാം
ആർജിക്കേണ്ടതാണ്. അത് മനസിലേക്ക് ഉറപ്പിച്ചു നിർത്തണ്ടതുണ്ട്. അത്
സ്വാഭാവികമായി രൂപപ്പെടാൻ പ്രയാസമാണ്. മനസ്സ് ഒരു അണുവിലും സ്വസ്ഥമല്ല.
ഒരു അണുവിനെ കണ്ടാൽ വേറൊരു അണു യുദ്ധം ചെയ്യും; ക്രൂരമായി പെരുമാറും.
ക്രൂരത കാണിക്കാതെ ജീവിക്കാനാകുന്നില്ല. ബ്രസീലിയൻ സാഹിത്യകാരി ക്ലാരിസ്
ലിസ്പെക്റ്റർ പറഞ്ഞു, പ്രകൃതിയിൽ യെസ് എന്നു പറയുമ്പോഴാണ് സൃഷ്ടി
നടക്കുന്നതെന്ന്. ഒരു ബീജം അണ്ഡവുമായി ചേരണമല്ലോ. അതിനു അണ്ഡം യെസ് പറയണം ;
ബീജം യെസ് പറയണം .പ്രകൃതിയാണതിനു സൂത്രധാരത്വം വഹിക്കുന്നത്.ഇവിടെ
സ്വാഭാവികമായ ഒരു ചാക്രികതയുണ്ട്. ഒരിടത്ത് നിശ്ചലമാകുമ്പോൾ മറ്റൊരിടത്ത്
വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നതാണ് പ്രകൃതി. സർഗാത്മകത വറ്റുന്നില്ല.
അത് പുതിയ രൂപഭാവങ്ങളിൽ ആവർത്തിക്കപ്പെടുന്നുണ്ട്. ഇതിഹാസ കൃതികൾ
ഉണ്ടാകുന്നില്ലായിരിക്കാം .എന്നാൽ പാബ്ലോ നെരൂദയുടെ 'ഓഡ് ടു ടുമാറ്റോ'
,അയ്യപ്പപ്പണിക്കരുടെ 'പകലുകൾ രാത്രികൾ' ഉണ്ടാകുന്നു. 'മഹാഭാരതം'
ഉണ്ടാകുന്നില്ലായിരിക്കാം .'മാർകേസിന്റെ 'ഏകാന്തതയുടെ ഒരു നൂറ് വർഷങ്ങൾ'
ഉണ്ടായല്ലോ. ഒരു സർഗാത്മക സിദ്ധിയും ഇല്ലാതാകുന്നില്ല.ചില അഭിരുചികൾ
മരിക്കുമ്പോൾ വേറെ ചിലത് പൊട്ടിമുളയ്ക്കുന്നു. കൃഷ്ണനാട്ടവും
വഞ്ചിപ്പാട്ടും കഥകളിയും ചില കേന്ദ്രങ്ങളിലേക്ക് ഒതുങ്ങിയെങ്കിലും,
അതിനുവേണ്ടതായ അഭിരുചി ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമാണെങ്കിലും ഡിജിറ്റൽ
ചിത്ര നിർമ്മാണം ,മോർഫിംഗ് തുടങ്ങിയ സാങ്കേതങ്ങൾ ആവിർഭവിച്ചിരിക്കുന്നു.
മാർസൽ പ്രൂസ്തിന്റെ 'റിമമ്പ്രൻസ് ഓഫ് തിംഗ്സ് പാസ്റ്റ്' ദീർഘിച്ച
നോവലാണ്;ഏഴ് വോള്യമാണ്. അത് വായിക്കാനായി ലൈബ്രറിയിലേക്ക് പോകുന്ന ഒരു
വായനക്കാരനെ കണ്ടെത്താൻ പ്രയാസമായിരിക്കും. എന്നാൽ എഐ(ആർട്ടിഫിഷ്യൽ
ഇൻറലിജൻസ്)പഠിക്കാൻ പോകുന്നവരെ കാണാം. എഐ സാങ്കേതികവിദ്യയിലൂടെ
നെപ്പോളിയനെയും സ്റ്റാലിനെയും ഹിറ്റ്ലറെയും വീഡിയോയിൽ കാണിച്ചുതരുന്ന പുതിയ
അഭിരുചി പിറവിയെടുക്കുകയാണ്. പ്രാചീന ദൃശ്യകലയിലുള്ള അഭിരുചി മരിച്ചു
എന്നു പറയാമെന്നു തോന്നുന്നു. നഗരത്തിലെ മനുഷ്യർക്ക് പ്രാചീന
ദൃശ്യകലകളേക്കാൾ ആസ്വദിക്കാനാവുന്നത് ഹൈടെക് രംഗവേദികളിലെ
ആവിഷ്ക്കാരങ്ങളാണ്.
കൊലപാതകത്തിൻ്റെ കൊറിയോഗ്രഫി
മൾട്ടിമീഡിയ
ദൃശ്യവത്ക്കരണത്തിൻ്റെ സാധ്യതകൾ വലുതാണ്. രാമപുരത്തു വാര്യരുടെ കാലത്ത്
അജ്ഞാതമായിരുന്ന ആസ്വാദന പ്രക്രിയകളും ഉള്ളടക്ക സ്വാംശീകരണങ്ങളും ഇപ്പോൾ
കാണാനാകും.ഡച്ച് ചിത്രകാരനായ വാൻഗോഗിന്റെ ചിത്രങ്ങൾ ക്യാൻവാസിൽ കാണാൻ
ഗാലറിയിൽ പോകണം .എന്നാൽ വാൻഗോഗിന്റെ ചിത്രങ്ങൾ ദിവസം ഒന്ന് എന്ന കണക്കിൽ
ഫെയ്സ്ബുക്കിൽ കാണാം. വാൻഗോഗ് ജീവിച്ചിരുന്ന കാലത്ത് തൻ്റെ ഒരേയൊരു
ചിത്രമാണ് പ്രദർശിപ്പിച്ചത്. അദ്ദേഹത്തിനെ ആർക്കും വേണ്ടായിരുന്നു.
അദ്ദേഹത്തിൻ്റെ ആയിരത്തി എണ്ണൂറ് ചിത്രങ്ങൾ ആവശ്യക്കാരില്ലാതെ അവശേഷിച്ചു.
വാൻഗോഗിൻ്റെ ആത്മഹത്യയ്ക്കു ശേഷം പുതിയൊരു വാൻഗോഗ്
ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. ആ ചിത്രങ്ങളിലെ കലാമൂല്യം തേടി
ലോകമെമ്പാടുമുള്ള കലാകാരന്മാരും ആസ്വാദകരും വർദ്ധിച്ച ആവേശത്തോടെ രംഗത്തു
വന്നിരിക്കുന്നു. ഓരോ ചിത്രവും സൂക്ഷ്മമായി പഠിക്കപ്പെടുകയാണ് .വാൻഗോഗിൻ്റെ
വായനയും കാഴ്ചപ്പാടുകളും കലാസങ്കേതങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഇപ്പോൾ
അദ്ദേഹത്തിൻ്റെ ചിത്രങ്ങളുടെ ത്രീഡി എക്സിബിഷൻ സംഘടപ്പിക്കുന്ന തിരക്കിലാണ്
ആരാധകർ. വാൻഗോഗ് അനുഭവം മികവുറ്റതാക്കാൻ സ്പെഷ്യൽ ബ്രോഡ്കാസ്റ്റിംഗും
ഉണ്ടായിരുന്നു.'സ്റ്റാറി നൈറ്റ്' എന്ന ചിത്രം അനിമേഷനിലൂടെ
കാണിച്ചുതരുകയാണ്. വാൻഗോഗിൻ്റെ ചിത്രങ്ങളുടെ ത്രീഡി മോഡൽ
പ്രദർശിപ്പിക്കുന്നത് നഗരങ്ങളിൽ കലാസ്വാദകർക്ക് ഹരമായി കഴിഞ്ഞിട്ടുണ്ട്.
വാൻഗോഗിനു സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന തിയേറ്റർ അനുഭവമാണ് ഇപ്പോൾ
സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.ഇതിൻ്റെയ ർത്ഥം പത്തൊമ്പതാം നൂറ്റാണ്ടിലെ
പോസ്റ്റ് ഇംപ്രഷണിസ്റ്റിക് പെയിൻ്റിംഗിനോടുള്ള താത്പര്യം പുതിയ
പരിപ്രേക്ഷ്യമായി വളർന്നു എന്നാണ്.വാൻഗോഗിൽ അവസാനിച്ച അഭിരുചി മറ്റൊരു
രീതിയിൽ ഇപ്പോൾ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.
ഇപ്പോൾ
സിനിമകളിൽ, ജീവിതത്തിലെന്നപോലെ, ക്രൂരത ഉയിർത്തെഴുന്നേൽക്കുകയാണ്.
യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേൽക്കേണ്ടത് ക്രിസ്തുവാണ് ,ക്രിസ്തുവിൻ്റെ
സഹനവും സ്നേഹവുമാണ്. അതിനു വിരുദ്ധമായി ക്രൂരത ഉയിർത്തെഴുന്നേൽക്കുന്നു
.ഹിറ്റ്ലറും മുസ്സോളിനിയും ഉയിർത്തെഴുന്നേൽക്കുന്നു. ക്രൂരത ഒരു കഥയായി
മാറുന്നു .ക്രൂരതയിൽ ആസ്വദിക്കാൻ പലതുമുണ്ടെന്ന ഒരു സൗന്ദര്യശാസ്ത്രം
സൃഷ്ടിക്കപ്പെടുകയാണ്. ഒരാളെ കൊല്ലുന്നതിന്റെ ദൃശ്യം എങ്ങനെ ഏറ്റവും
'മനോഹരമായി' ദൃശ്യവത്കരിക്കാമെന്നാണ് ലോകത്തിലെ ചില ചലച്ചിത്രകാരന്മാർ
ആലോചിക്കുന്നത്. ദക്ഷിണ കൊറിയൻ സംവിധായകനായ കിംകി ഡുക്ക് ക്രൂരത
ദൃശ്യവത്ക്കരിക്കുന്നതിൽ തൃഷ്ണയോടെ ഇടപെട്ടു.മലയാളത്തിൽ 'മാർക്കോ' എന്ന
ചിത്രത്തിൻ്റെ സംവിധായകൻ ഹനീഫ് അദേനി, 'ജാട്ട്' എന്ന ഹിന്ദി ചിത്രത്തിൻ്റെ
സംവിധായകൻ ഗോപിചന്ദ് മാലിനേനി തുടങ്ങിയവർ ക്രൂരതയെ ,അക്രമത്തെ കലയായി
വികസിപ്പിക്കുകയാണ്. കൊലപാതകത്തിനു ഒരു കൊറിയോഗ്രാഫി
കണ്ടെത്തിയിരിക്കുന്നു. വെള്ളിത്തിരയിലെ കൊലപാതകം ദൃശ്യചാര്യത
ആവശ്യപ്പെടുന്നുണ്ട്. പണം മുടക്കി തീയേറ്ററിൽ വന്നിരിക്കുന്നവർക്കു
മുമ്പിലാണ് ആ കൊറിയോഗ്രഫി ചരിത്രത്തിൽ ഇടം പിടിക്കുന്ന വിധം
അവതരിപ്പിക്കേണ്ടത്.
അക്രമത്തിൻ്റെ സൗന്ദര്യശാസ്ത്രം
കിംകി
ഡുക്ക് ഇപ്പോൾ നമ്മോടൊപ്പമില്ല. മൃഗങ്ങളോടുള്ള ക്രൂരത ഡുക്കിൻ്റെ
സിനിമകളിൽ ആവർത്തിക്കുന്നു. ഏത് ചിത്രകാരനോടും വീഡിയോഗ്രാഫറോടും
മത്സരിച്ചുള്ള ഒരു ചിത്രീകരണമാണ് വേണ്ടത് .എന്തുകൊണ്ട് അക്രമരംഗങ്ങൾ ഷൂട്ട്
ചെയ്യുന്നു എന്ന ചോദ്യത്തിനു ഡുക്ക് നൽകിയ മറുപടി ഈ സമൂഹത്തിൽ മൃഗങ്ങൾ
നേരിടുന്ന ദുരന്തം എന്താണെന്നു കാണിച്ചുകൊടുക്കാൻ വേണ്ടി താൻ അത്
ചിത്രീകരിക്കുന്നു എന്നാണ്. മനുഷ്യസമൂഹത്തിൽ മനുഷ്യൻ മനുഷ്യനോടു ചെയ്യുന്ന
അക്രമത്തിനു അവസാനമില്ല. ജാതിയുടെയും മതത്തിൻ്റെയും പണത്തിന്റെയും
ദേശത്തിന്റെയും പ്രേമത്തിന്റെയും പേരിൽ മനുഷ്യൻ സഹജീവികളെ ആക്രമിക്കുകയും
കൊല്ലുകയും ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ് .ഈ സ്വഭാവത്തെ ഇന്നത്തെ
ചലച്ചിത്രകാരന്മാർ ഒരു സൗന്ദര്യശാസ്ത്രമായി വികസിപ്പിക്കുകയാണ് .മനുഷ്യനിൽ
ക്രൂരതയുടെ ഒരു വലിയ അധ്യായം അടങ്ങിയിരിക്കുന്നു .ക്രൂരത
ചെയ്യുന്നതോടൊപ്പം അത് മറ്റുള്ളവരെ കാണിക്കാനുള്ള വാശിയും പ്രകടമാണ്.
ആക്രമിക്കുന്ന മനസ്സിന്റെ ഒരു അനുബന്ധമാണിത്. ആക്രമിക്കുക മാത്രമല്ല അതിൽ
ഒരു കാഴ്ചയുടെ ലോകം കണ്ടെത്തുകയും ചെയ്യുന്നു.ക്രൂരമായ അക്രമരംഗങ്ങൾക്ക്
പ്രേക്ഷകർ ഏറുകയാണ് .പ്രേക്ഷകനു വേണ്ടത് വെറും അക്രമമല്ല,
സൗന്ദര്യവൽക്കരിച്ച അക്രമരംഗങ്ങളാണ്. നവീനമായ സാങ്കേതികവിദ്യയിൽ
ദൃശ്യ-ശബ്ദസംവിധാനം മികവോടെ ചിത്രീകരിച്ചെടുക്കുന്ന രംഗങ്ങൾ പ്രേക്ഷകനെ
ആകർഷിക്കുന്നു. അവൻ അത് തന്റെ ഉപഭോഗവസ്തുക്കളിലൊന്നായി പരിഗണിക്കുകയാണ്.
സമൂഹത്തിലെ
വയലൻസ് വർദ്ധിച്ചുവരുകയാണ്. ചെറിയ പിണക്കമോ അപമാനമോ വലിയ
പ്രതികാരത്തിലേക്ക് നീങ്ങാം. കൊലപാതകത്തിനുള്ള സാധ്യത വർദ്ധിക്കുകയാണ്.
വീടുകളിൽ സംഭവിക്കുന്ന കൊലപാതകങ്ങളും സാമ്പത്തികമായ ലക്ഷ്യത്തോടെയുള്ള
അക്രമങ്ങളും ക്രൂരതയിൽ പിന്നിലല്ല. ഇതാണ് സിനിമകളിൽ കാണുന്നത്. 'ജാട്ട്'
സിനിമയിൽ തോട്ടത്തിനു നടുവിലുള്ള വഴിയിലേക്ക് മനുഷ്യൻ്റെ തല വെട്ടിയെടുത്ത്
എറിയുന്ന ദൃശ്യങ്ങളുണ്ട്. സമൂഹത്തിൻ്റെ പല കോണുകളിലും അക്രമവും ക്രൂരതയും
കുറയുന്നില്ല .ഒരു വഴക്ക് തുടങ്ങിയാൽ അറ്റം കാണാതെ ആരും ആയുധം താഴെ
വയ്ക്കുന്നില്ല.എല്ലാ സാരോപദേശങ്ങളും മതസൂക്തങ്ങളും പരാജയപ്പെട്ടതിനു
ഇതിനേക്കാൾ കൂടുതൽ തെളിവു വേണോ?മതപുരോഹിതന്മാർക്ക് ഇന്നത്തെ മനുഷ്യരെ
സ്വാധീനിക്കാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല. അഭിരുചികൾ പുതിയ കലയിലൂടെ
തിരിച്ചെത്തുന്ന പുതിയ യാഥാർഥ്യമാണിത്.
ഭീമൻ -ദുശ്ശാസനൻ ദ്വന്ദം
മഹാഭാരതത്തിൽ
ഭീമസേനൻ ദുശ്ശാസനനെ കൊല്ലുന്നത് അങ്ങേയറ്റം ക്രൂരമായാണ്. കൈകൾ
പറിച്ചെടുക്കുകയും മാറു പിളർന്നു ചോര കോരുകയുമാണ് ചെയ്യുന്നത്. ഈ ക്രൂരത
അവസാനിച്ചിട്ടില്ല. പരിഷ്കൃത മനുഷ്യനിലൂടെ അതാവർത്തിക്കുകയാണ് ചെയ്യുന്നത്.
മനുഷ്യൻ്റെ അബോധത്തിൽ ഭീമനും ദുശ്ശാസനനും തമ്മിലുള്ള സംഘട്ടനം നടക്കുകയാണ്
.ഒരു ഇന്ത്യക്കാരന്റെ മജ്ജയിൽ പോലും ഭീമ-ദുശ്ശാസന സംഘട്ടനമുണ്ട്.ഇത് പുതിയ
കാലത്ത് പല രീതികളിൽ പുനരാനയിക്കപ്പെടുകയാണ്. സിനിമയ്ക്ക് ഈ ക്രൂരതയോ
അക്രമമോ ഉപേക്ഷിക്കാനാവില്ല. ഭൂരിപക്ഷം പ്രേക്ഷകരുടെയും
ജീവിതസങ്കല്പത്തിലും ചിന്താമണ്ഡലത്തിലും മാറ്റം വന്നു കഴിഞ്ഞു .പ്രേക്ഷകർ
ക്രൂരതയെ മനുഷ്യൻ്റെ അടിസ്ഥാനസ്വഭാവമായാണ് കാണുന്നത്. അവൻ അത് കാണാനാണ്
വരുന്നത്. സൗന്ദര്യബോധത്തിന്റെ പൂർത്തീകരണമാണ് ഒരു കൊലപാതക ദൃശ്യത്തിലൂടെ
അവൻ അനുഭവിക്കുന്നത് .പ്രതികരിക്കാത്ത, ശിക്ഷിക്കാത്ത കഥാപാത്രത്തെ അവനു
താങ്ങാനാവില്ല .അവൻ ജീവിതത്തിൽ ചെയ്യാനാഗ്രഹിക്കുന്നത് ചെയ്തു കാണിക്കുന്ന
കഥാപാത്രത്തെയാണ് സിനിമയിൽ പ്രതീക്ഷിക്കുന്നത്.
അക്രമവാസന
പ്രേക്ഷകൻ്റെ ഒരു ഉപഭോഗ വിഷയമാണെന്നു പറഞ്ഞല്ലോ. അവൻ അതിൽ കലയുടെ
കൂട്ടിച്ചേർക്കൽ ആഗ്രഹിക്കുന്നു .രക്തം തളം കെട്ടിക്കിടക്കുന്നതും
മനുഷ്യൻ്റെ ശരീരം നുറുങ്ങി അവയവങ്ങൾ പലയിടത്തായി ചിതറി അവശേഷിക്കുന്നതും
പ്രേക്ഷകനിൽ ഉണർത്തുന്നത്, പക്ഷേ ക്രൂരതയല്ല. അവനെ അതിൻ്റെ കലാപരമായ
വിന്യാസമാണ് വശീകരിക്കുന്നത്. നിഴലും വെളിച്ചവും വർണ്ണവും ശബ്ദവും
സംയോജിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന ദൃശ്യാത്മകത കണ്ണുനിറയെ കാണുകയാണ്
അവൻ.വേറൊരിടത്തും ഇത്ര നന്നായി ഇത് കാണാനാവില്ലല്ലോ. ഒരു പ്രേക്ഷകനു
കത്തിക്കുത്ത് കാണാൻ അവസരമില്ല .അവൻ സിനിമയെയാണ് ഇതിനു ആശ്രയിക്കുന്നത് .
സിനിമയിലെ ശരീരം
സിനിമയിൽ
മനുഷ്യശരീരം കലയുടെ ആവിഷ്കാരത്തിനുള്ളതാണ്. അത് കേവലം ശരീരമല്ല ;കുത്താനും
വെട്ടാനും മറവുചെയ്യാനുമുള്ള ഒരു സാധനമാണ് .ഇവിടെ ക്രൂരത ഒരു
കലാരൂപമാവുകയാണ്. കാണുന്നതിലൂടെ ,ഒരാൾ കലാപ്രവർത്തനത്തിൽ പങ്കെടുക്കുകയാണ്.
സിനിമയിൽ ഒരാളുടെ ശരീരം അയാളുടേതു പോലുമല്ല ;അത് പ്രേക്ഷകരുടേതാണ്.
പ്രേക്ഷകരുടെ കലാപരമായ ജിജ്ഞാസയ്ക്ക് വെള്ളവും വളവും കൊടുക്കുന്നത്
സംവിധായകരാണ് . ഒരു സംവിധായകൻ ഒരു കൊലപാതകം കണ്ടിരിക്കേണ്ടതാണ്. ഒരു ലഹള
ശരിക്കും നേരിൽ കാണാൻ അവസരം കിട്ടിയാൽ കാണണം. അപ്പോഴാണ് ആ സംഭവങ്ങളുടെ
സെല്ലുലോയ്ഡ് സൗന്ദര്യം എങ്ങനെ സൃഷ്ടിക്കാമെന്നു ആലോചിക്കാനാവുകയുള്ളൂ .ഒരു
സംവിധായകനു അക്രമരംഗങ്ങൾ നേരിൽ കാണാൻ അവസരമില്ലെന്നോർക്കണം.എല്ലായിടത്തും
അയാൾ എത്തുന്നില്ലല്ലോ. അപ്പോൾ അയാൾ ആശ്രയിക്കുന്നത് പത്രവാർത്തകളെയും
സിനിമകളെയും സാഹിത്യകൃതികളെയുമാണ്. ഇതിൽനിന്നെല്ലാം സംവിധായകൻ തൻ്റെ
ഭാവനയ്ക്കൊത്ത് ചിലത് കണ്ടെടുക്കുന്നു. അത് ചിത്രീകരിക്കുന്നത്
അതിവേഗത്തിലാണ്. നവപ്രേക്ഷകൻ്റെ മനസിൻ്റെ വേഗത്തിനൊപ്പമെത്താനുള്ള
ഓട്ടമാണ്.പൂർണമായി ഒന്നും കാണിക്കേണ്ടതില്ലെന്നാണ് പുതിയ ചലച്ചിത്രകാരന്മാർ
പറയുന്നത്. പ്രേക്ഷകൻ്റെ മനസിൽ കാര്യങ്ങൾ എത്തിച്ചാൽ മതി. കൊല്ലുന്ന രംഗം
കാണിക്കേണ്ടതില്ലല്ലോ. കത്തി വീശുന്നതിന്റെ ഒരു ഭാഗം കാണിച്ചാൽ മതി
;പിന്നീട് കാണിക്കുന്നത് കഴുത്തില്ലാത്ത ശരീരം മറിഞ്ഞുവീഴുന്ന ഒരു രംഗമാണ്
.ഒന്നും ശരിയായി കാണിക്കുകയില്ല. അതിവേഗത സിനിമയെ വല്ലാതെ
ഗ്രസിച്ചിരിക്കുകയാണ് .രജനികാന്തും ഐശ്വര്യയും പ്രേമിക്കുന്ന രംഗം
വ്യക്തമായി കാണിക്കുകയില്ല.നമ്മളിൽ ഒരു ധാരണയുണ്ടാക്കുകയാണ് ചെയ്യുന്നത്.
സിനിമയിലെ
അക്രമവും ക്രൂരതയും അനിവാര്യമാണെന്നല്ല പറയുന്നത് .അത് സിനിമാറ്റിക്
യാഥാർത്ഥ്യമായി പുനരവതരിപ്പിക്കപ്പെടുന്നതിൽ കലാപരമായ ഒരു പുതിയ അഭിരുചി
പ്രവർത്തിക്കുന്നുണ്ട് .കലയിൽ സത്യം എന്നാൽ എന്താണെന്ന ചോദ്യത്തിനു സൽമാൻ
റുഷ്ദി നൽകുന്ന മറുപടി ഇതാണ്: 'സംഭവിച്ചതിന്റെ തൽസ്ഥിതി വിവരണമല്ല കഥ ;അത്
സത്യമല്ല. നമുക്ക് നേരിട്ട് പരിചയമില്ലാത്ത, കണ്ടിട്ടില്ലാത്ത
,ജീവിച്ചിട്ടില്ലാത്ത ആളുകൾ ഇടപഴുകുന്നതിന്റെ ചിത്രമാണത്.'
രജതരേഖകൾ
1)നിറങ്ങളെക്കുറിച്ചും
പ്രകാശത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ ഫോട്ടോഗ്രഫിയിൽ പരീക്ഷിച്ച
കലാകാരനാണ് ദത്തൻ പുനലൂർ. അദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ, പ്രകൃതിയായാലും
ജീവികളായാലും മനുഷ്യരായാലും, ധ്യാനത്തിന്റെ വിവിധ തലങ്ങൾ അനുഭവിക്കാനാകും.
വെളിച്ചത്തിൻ്റെ ആരോഹണം എന്നു അദ്ദേഹം വിശേഷിപ്പിക്കുന്ന ഈ ദൃശ്യാത്മകമായ
ഉൾക്കൊള്ളൽ നിമിഷത്തിനുള്ളിലേക്ക് കാലത്തെ കടത്തിക്കൊണ്ടുപോവുകയാണ്.
അനുഭവങ്ങളുടെ ഒരു പുതിയ വാസ്തുശില്പത്തെ അവതരിപ്പിക്കുകയാണ്. പ്രകൃതിയിലെ
ഓരോ വസ്തുവിനും അസ്തിത്വമുണ്ടെന്നു പ്രഖ്യാപിക്കുകയാണ് ദത്തൻ. അദ്ദേഹം
കലാകൗമദിയിൽ പ്രസിദ്ധീകരിക്കുന്ന ഫോട്ടോയും കുറിപ്പും ഇതിലേക്ക് ശ്രദ്ധ
ക്ഷണിക്കുകയാണ് .ഒരു ചെറിയ ജീവിയിൽ നമുക്ക് നമ്മെത്തന്നെ കാണാനാകും. രണ്ടു
പ്രാവുകൾ സ്നേഹലാളനയിൽ മുഴുകുന്നത് വികാരത്തിനുള്ളിലെ ധ്യാനപൂർണമായ ഒരു
നിമിഷത്തിന്റെ ഉദ്ഘോഷണമായി അദ്ദേഹം ആവിഷ്ക്കരിച്ചു.ഓരോ ഫോട്ടോയും
ആത്മനിമിഷത്തിൻ്റെ ഒരു ഫ്രെയിമായി രൂപാന്തരപ്പെടുന്നു. മൗലികമായ ഒരു
ആത്മസംവേദനവും കലാഭിമുഖ്യവുമാണത്.
2)പി.മുരളീധരൻ
എഴുതിയ 'ഇഡ്ഡലീയം'(ഗ്രന്ഥാലോകം ,ഏപ്രിൽ) ഇഡ്ഡലിയുടെ ആത്മകഥ എഴുതാൻ
ശ്രമിച്ചതിന്റെ ദുരന്തമായി കലാശിച്ചു. സങ്കീർണമായ അനേകം സംഘർഷങ്ങളിലൂടെ,
അസ്തിത്വസമസ്യകളിലൂടെ ആടി ഉലയുന്ന മനുഷ്യർ ഇവിടെയുള്ളപ്പോൾ ഇഡ്ഡലിയുടെ
ആത്മകഥ എഴുതാൻ പോകുന്നത് എത്രമാത്രം അന്യവത്കരിക്കപ്പെട്ടവരായിരിക്കും.
മാത്രമല്ല, കഥയുടെ ഒടുവിൽ കുപ്പത്തൊട്ടിയിൽ കിടക്കുന്ന ഇഡ്ഡലിയെ
ഇറച്ചിക്കഷണം പ്രേമിക്കാൻ ശ്രമിക്കുന്നതും അത് നിരസിക്കപ്പെടുന്നതുമൊക്കെ
എഴുതിയിരിക്കുന്നു!. ഈ കഥ ഒളിച്ചോട്ടമാണ്, ഒരു മനുഷ്യനിൽ നിന്ന്,
മനുഷ്യത്വത്തിൽ നിന്ന്.
3)അന്തരിച്ച
ലാറ്റിനമേരിക്കൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസെയെക്കുറിച്ച് കുറെ ലേഖനങ്ങൾ
കണ്ടു. യോസയുടേതിനേക്കാൾ മികച്ച നോവൽ മലയാളത്തിലുണ്ടായാൽ അതിനെ
തമസ്കരിക്കാൻ നോക്കുന്നവർ യോസയുടെ പേരിൽ കണ്ണീർവാർക്കുന്നതിലെ കാപട്യം
തിരിച്ചറിയേണ്ടതാണ്.മാർകേസ് ,പ്രൂസ്ത് ,ദസ്തയെവ്സ്കി ,കാഫ്ക
തുടങ്ങിയവരുമായി താരതമ്യം ചെയ്യുമ്പോൾ യോസ വലിയ എഴുത്തുകാരനല്ല .യോസ
ഇന്നത്തെ നിലയിലേക്ക് വളർന്നതിനു പിന്നിൽ അദ്ദേഹത്തിൻ്റെ പദവിയും
രാഷ്ട്രീയസ്വാധീനവും പങ്കുവഹിച്ചിട്ടുണ്ട്. 1990ലെ പെറു തിരഞ്ഞെടുപ്പിൽ യോസ
പ്രസിഡൻ്റ് സ്ഥാനാർത്ഥിയായിരുന്നു; തോറ്റുപോയി. ചില
രാഷ്ട്രത്തലവന്മാരുമായി അടുത്തബന്ധം ഉണ്ടായിരുന്ന യോസ പെറുവിലെ ലിബറൽ
പാർട്ടിയായ ലിബർട്ടി മൂവ്മെൻ്റിൻ്റെ നേതൃനിരയിലായിരുന്നിട്ടുണ്ട്. പിന്നീട്
ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ അമരത്തുണ്ടായിരുന്നു.
4)ഹരികുമാർ
ഇളയിടത്ത് എഴുതിയ 'കുത്തിയോട്ടം :അനുഷ്ഠാനത്തിനൊരു പദകോശം' എന്ന ലേഖനം
(ഒരുമ, മാർച്ച്)ഒരു പ്രാചീനകലയുടെ ആചാരപരമായ വ്യാകരണത്തിന്റെയും
സൗന്ദര്യത്തിന്റെയും അഭിരുചികൾ തേടിപ്പോവുകയാണ്. തിരുവനന്തപുരം മുതൽ
കോട്ടയം വരെയുള്ള അഞ്ച് ജില്ലകളിൽ അരങ്ങേറിയിരുന്ന കുത്തിയോട്ടത്തിൽ
ഉപയോഗിക്കുന്ന വാക്കുകൾ പ്രത്യേക സംവേദനശേഷിയുള്ളവയാണ്. ഉദാഹരണത്തിനു
,ഉരു,എണ്ണയിടീൽ തുടങ്ങിയ വാക്കുകൾ .ഹരികുമാർ എഴുതിയ 'ഓണാട്ടുകരയുടെ
പൂരോത്സവം'(ബോധി ബുക്സ്) ഒരു ഗ്രാമസംസ്കൃതിയുടെ ഓർമ്മകൾ സ്വാംശീകരിക്കുന്ന
പുസ്തകമാണ് .
5)ഉദയശങ്കർ എഴുതിയ 'അഖ്ലസ് മൊഹ്താബ്
സനോഫറിനോട് എസ്താർ മർമ്മരംകൊണ്ടു'(എഴുത്ത് ,ഏപ്രിൽ) എന്ന കഥ ആർക്കെങ്കിലും
മനസ്സിലാകുമെന്നു തോന്നുന്നില്ല .ഈ ടൈറ്റിൽ തന്നെ വായനക്കാരെ
അകറ്റുകയാണ്. ഈ കഥയുടെ ഒരു വിവരണം നൽകാൻ നിവൃത്തിയില്ല. കാരണം ,ഇതിൽ
യുക്തിയോ ജീവിതമോ ഇല്ലല്ലോ.
6)ഓഷോയെക്കുറിച്ച്
സജി അഭിരാമം (അക്ഷിത മാസിക, മാർച്ച്)എഴുതിയ ലേഖനത്തിൽ ഇങ്ങനെ വായിക്കാം:
"ഓഷോയുടെ ചിതാഭസ്മം പൂണെയിലെ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
സ്മാരകഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: 'ഓഷോ ഒരിക്കലും ജനിച്ചില്ല
,ഒരിക്കലും മരിച്ചില്ല .ഭൂമിയെന്ന ഗ്രഹം സന്ദർശിക്കുക മാത്രമാണ് ചെയ്തത്.'
ഓഷോ ചെയ്ത പ്രഭാഷണങ്ങൾ അറുനൂറിൽപ്പരം വോള്യങ്ങളിലായി മുപ്പതിലധികം ഭാഷകളിൽ
പ്രസിദ്ധീകരിച്ചു.'
ധാരാളം പ്രസംഗിച്ച ഓഷോ
ആശയപരമായ പ്രത്യുൽപാദത്തിൽ മുൻപന്തിയിലായിരുന്നു. എന്നാൽ അദ്ദേഹം
ഭാഗവതത്തിലോ വിവേകാനന്ദനിലോ കാണുന്ന സർവ്വാശ്ളേഷിയായ സ്നേഹത്തെയോ
ധർമ്മത്തെയോ ഉൾക്കൊണ്ടില്ല. അദ്ദേഹം ഒരു നഗരവാസിയുടെ ആത്മവിചാരവും
ധർമ്മവുമാണ് അന്വേഷിച്ചത് .എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി അവനവലിലേക്ക്
കേന്ദ്രീകരിച്ച് സുഖം തേടുന്നതിനെ ഓഷോ മഹത്വവത്ക്കരിച്ചു. മറ്റുള്ളവർക്ക്
ഗുണം ചെയ്യുമ്പോഴാണ് സുഖം ലഭിക്കുന്നതെന്ന ഇന്ത്യൻ ആശയത്തിനെതിരാണിത്.
7)അർജൻ്റൈൻ
എഴുത്തുകാരൻ ഫെർനാണ്ടോ സൊറെൻറിനോ പറഞ്ഞു: 'മിക്കപ്പോഴും പ്രശസ്തി
വാണിജ്യത്തിൻ്റെ ഒരു ഉൽപ്പന്നമെന്നതിൽ കവിഞ്ഞൊന്നുമല്ല; അതിനു സാഹിത്യപരമായ
മേന്മയുമായി യാതൊരു ബന്ധവുമില്ല.'