critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Friday, December 18, 2009
നിരൂപകനെ ഓർക്കുമ്പോൾ
ച്ഛെ, നിരൂപണമോ? എന്തു നിരൂപണം? ഇവിടെ മാരാർക്കുശേഷം മുണ്ടശ്ശേരിയ്ക്കുശേഷം എന്തു നിരൂപണം? ഏതു നിരൂപകൻ" എന്നു ചോദിക്കുന്ന ചിലർ ഇന്നു നമ്മുടെ നാട്ടിലുണ്ട്. മാരാരും മുണ്ടശ്ശേരിയും ജീവിച്ചിരുന്ന കാലത്ത് മൺമറഞ്ഞു പോയ ചില ആംഗലേയ നിരൂപകരുടെ പേരെടുത്തു പറഞ്ഞ് കേരളത്തിൽ (മലയാളത്തിൽ) ഒരൊറ്റ നിരൂപകൻപോലുമില്ല എന്നു ഈ താവഴിക്കാർ കുറ്റം പറഞ്ഞിട്ടുണ്ട്. പക്ഷെ മരിച്ചുകഴിഞ്ഞാൽ ബഹുമാനം കൂടുമല്ലോ. അതുകൊണ്ട് ഒരു കാലത്ത് മാരാരെയും മുണ്ടശ്ശേരിയേയും ചീത്ത പറഞ്ഞു കൊണ്ട് നടന്നവർ ഇന്നവരുടെ പേരും പറഞ്ഞാണ് ജീവിച്ചിരിക്കുന്ന നിരൂപകരെ ആക്ഷേപിക്കുന്നത്.
ഇന്നു നിരൂപണത്തെക്കുറിച്ചും, നിരൂപകരത്തെക്കുറിച്ചും, നിരൂപകരെക്കുറിച്ചും ധാരാളം ആക്ഷേപങ്ങൾ ഉയർന്നു വരുന്നുണ്ട്. 'എന്തിനെക്കുറിച്ചാണ് ഇന്നു ആക്ഷേപങ്ങളില്ലാത്തത്?' എന്നു പറഞ്ഞ് ഈ ആരോപണങ്ങളെ നൂറുശതമാനവും തള്ളിക്കളയണം എന്ന് ഈ ലേഖകൻ പറയുന്നില്ല. (ഈ പംക്തിയിൽ ഈയാളും നിരൂപകന്റെ വേഷത്തിലാണല്ലോ) എന്നാൽ എല്ലാ ആരോപണങ്ങളും അതേപടി ശരിയല്ല എന്നും സവിനയം പറയട്ടെ. 'നനച്ചടിച്ചാൽ പറക്കെ തെറിയ്ക്കും' എന്നൊരു ചൊല്ലുണ്ട്. പക്ഷെ ഇവിടെ പരക്കെ തെറിക്കുകയല്ല ചെയ്യുന്നത്. എല്ലാവരേം ചേർത്ത് നിർത്തി നനച്ച് തലയ്ക്കടിക്കുക തന്നെയാണ് ചെയ്യുന്നത്, ചില കഥാകാരന്മാരും കവികളും എഴുതുന്നതെല്ലാം നല്ലതാണ് എന്നു വിശ്വസിക്കുന്ന നല്ലതാണെന്നു മാത്രമേ പറയപ്പെടാവൂ എന്നു കരുതുന്ന എഴുത്തുകാരെല്ലാം-കവിയായാലും കഥാകൃത്തായാലും നോവലിസ്റ്റായാലും നിരൂപകനായാലും നമ്മുടെ സാഹിത്യസമൂഹത്തിനു ശാപം തന്നെയാണ്.
ഇവിടെ കഥാകാരന്മാരും കവികളും അല്ല വിഷയം. നിരൂപകരാണ്. ഇന്നു മലയാളം പ്രസിദ്ധീകരണങ്ങളിൽ വരുന്ന പുസ്തക നിരൂപണങ്ങളിൽ പലതും ഒരു പുസ്തക വാർത്ത മാത്രമേ ആകുന്നുള്ളു എന്നതു സത്യമാണ്. "നല്ല പുറംചട്ട ഡെമ്മി 1/8, ഒന്നാംതരം കടലാസ്, ആയിരത്തോളം പേജുകൾ, വില വെറും അറുപതുരൂപ, ഒന്നാം കിട പ്രസാധകർ... ഇങ്ങനെ പോകണം നിരൂപണം. പിന്നെ സിനിമാ നോട്ടീസിലേതുപോലെ കഥാസാരവും (പലതും അതിനും മെനക്കെടാറില്ല)ഇതിലൊക്കെ അസഹനീയം ഇത്തരം വികൃതമായ ലേഖനങ്ങൾ സമാഹരിച്ച് പുസ്തകമാക്കി ഇറക്കുന്നവരും കുറവല്ല എന്നതാണ്. ഈ അടുത്തകാലത്തു പ്രസിദ്ധ നോവലിസ്റ്റായ എം.കെ.മേനോനുമായി (വിലാസിനി)നടന്ന ഒരു സൗഹൃദ സംഭാഷണത്തിനിടയിൽ അദ്ദേഹം ചോദിച്ച ചോദ്യം വളരെ ശ്രദ്ധേയമാണ്. 'ഇവിടെ പുസ്തകം വായിച്ചിട്ട് നിരൂപണം നടത്തുന്ന എത്ര പേരുണ്ട്?' അദ്ദേഹത്തിന്റെ അഭിപ്രായത്തോട് സാമാന്യേന യോജിക്കാതിരിക്കാൻ കഴിഞ്ഞില്ല. എന്നിട്ട് ഈ ലേഖകൻ വ്യക്തിഗതമായ സ്വന്തം വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
'പുസ്തകം വായിച്ച് പഠിപ്പ് മനനംചെയ്ത് മാത്രം എഴുതുന്ന ചുരുക്കം ചിലരെങ്കിലും ഇവിടെയുണ്ട് എന്ന് സമ്മതിച്ചേതീരു' എന്ന് ഈ ലേഖകൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ കമന്റ്കൂടി ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. 'ഇപ്പോൾ നിങ്ങൾക്കങ്ങിനെയുള്ള ശീലവും നിർബന്ധവുമൊക്കെ ഉണ്ടെങ്കിൽ കുറെക്കൂടി പേരെടുത്തു വരുമ്പോൾ അതൊക്കെ മാറിക്കോളും .പിന്നെന്തുമെഴുതാം' .
ഈ പ്രസ്താവന വിലാസിനി നടത്തിയത് നിരൂപകരെ മാത്രം ഉദ്ദേശിച്ചാണെങ്കിലും സാഹിത്യരംഗത്തിലെ പലരേയും എസ്റ്റാബ്ലിഷ്മന്റിന്റെ ഈരോഗം ബാധിച്ചിട്ടുണ്ട്. എന്നതു സത്യം.
ഇത്രയും കാര്യങ്ങൾ ഞാനിവിടെ പറഞ്ഞത് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് എം.കെ.ഹരികുമാർ എഴുതിയ പഠനം വായിച്ചുകഴിഞ്ഞാണ്. ഹരികുമാർ വിജയനേയും വിജയന്റെ ഇതിഹാസത്തെയും വായിക്കുകയും പഠിക്കുകയും മനനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു നിരൂപകൻ-യഥാർത്ഥ നിരൂപകൻ നോവലിസ്റ്റും കവിയും കഥാകാരനുമൊക്കെയാണ്. അയാൾ വെറും ഒരു വായനക്കാരനല്ല. ഒരു കവിയ്ക്കുള്ളതുപോലെ കഥാകാരനുള്ളതുപോലെ സ്വന്തമായ ബിംബങ്ങളും സങ്കൽപങ്ങളും ഉള്ളയാളാണ്. യഥാർത്ഥത്തിൽ കവിയുടേയും കഥാകാരന്റെയും ബിംബങ്ങളേയും കഥാപാത്രങ്ങളേയും നിരൂപകൻ ഉൽകൃഷ്ടനായ കവിയുടേയും കഥാകാരന്റേയും മനസ്സു സ്വീകരിച്ച് ഒരു പുനഃസൃഷ്ടി നടത്തുകയാണ് ചെയ്യുന്നത്. ആത്മായനങ്ങളുടെ ഖസാക്കിൽ ഹരികുമാർ ഈ കൃത്യം നിർവ്വഹിക്കുന്നു. വിജയന്റെ മനസ്സ് വ്യാപരിച്ച എല്ലാ തലങ്ങളുടെയും ആഴങ്ങളിലേയ്ക്ക് ഹരികുമാറിന്റെ മനസ്സും കടന്നുപോയിരിക്കുന്നു. വിജയന്റെ കഥാപാത്രങ്ങളെ തന്റെകൂടി അന്തർദൃഷ്ടിയുടെ മുമ്പിൽ പുനസൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അങ്ങനെ കഥാപാത്രങ്ങളുടേയും കഥയുടേയും ബിംബപ്രതിബിംബങ്ങളും മാനങ്ങളും വായനക്കാരന് വിവരിച്ചുകൊടുക്കുന്നു.
നോക്കു "ഖസാക്കിന്റെ ഓർമ്മകൾ മൊല്ലാക്കയെ വിഴുങ്ങുന്നു, നൈസാമലിയുടെ ഓർമ്മകൾ മാധവൻനായരെ പരിരംഭണം ചെയ്യുന്നു. രവിയുടെ ചിന്തകൾ ഖസാക്കിനെ ഗ്രസിക്കുന്നു. പ്രസാദത്തിന്റെ മണ്ണിൽ വേരുകളാഴ്ത്തിനിൽക്കുന്ന വൃക്ഷത്തെപ്പോലെയാണ് ഖസാക്ക്. എങ്കിലും അതിന്റെ ചുവടുകൾ ചലനസ്വഭാവമുള്ളവയാണ്." ഇത്. ഖസാക്കിന്റെ ഇതിഹാസം എന്ന കഥയുടെ സിനോപ്സിസല്ല. മറിച്ച് പ്രതിഫലനമാണ്. ഈ പ്രതിഫലനം നൽകുന്നയാളാണ് നിരൂപകൻ. നിരൂപകൻ കർക്കശക്കാരനും വളഞ്ഞ വഴി സ്വീകരിക്കുന്നവനും ആകരുത്. കഥാകാരനും കവിയും സ്വീകരിച്ച ദുരൂഹങ്ങളായ അംശങ്ങളെ വരെ നിർമ്മലമായ തെളിനീരാക്കി ഒഴുക്കാൻ ശ്രമിയ്ക്കേണ്ടവനാണ് നിരൂപകൻ. അങ്ങനെയുള്ള നിരൂപകന്റെ വാക്കുകളിൽ, വാക്കുകളുടെ മാജിക്കോ നൂലാമാലയോ കുടുങ്ങാൻ പാടില്ല. അയത്ന ലളിതമായിട്ട് വായനക്കാരനനുഭവപ്പെടണമെന്നർത്ഥം. വിജയന്റെ ഇതിവൃത്തം തന്നെയാണ് ഹരികുമാറിന്റേയും ഇതിവൃത്തം എന്നത് ശരി. പക്ഷെ കഥാകൃത്തിന്റെ ഭാഷ എന്തു തന്നെയായാലും നിരൂപകന്റെ ഭാഷ ലളിത സുന്ദരമാകുന്നതാണ് ഭംഗി എന്നുകൂടി ഹരികുമാറിനെ ഓർമ്മിപ്പിക്കട്ടെ.
പുസ്തകം:
ആത്മായനങളുടെ ഖസാക്ക്
എം. കെ .ഹരികുമാര്
എം. കെ ഹരികുമാറിന്റെ 'ആത്മായനങ്ങളുടെ ഖസാക്കി'ന് ആദ്യമായി ഒരു റിവ്യൂ എഴുതിയത് ശ്രീ സി. പി. രാജശേഖരനാണ്. ആ റിവ്യൂ ആണ് ഇവിടെ പുനപ്രസിദ്ധീകരിക്കുന്നത് .
അതു 1985 ല് തൃശൂര് എക്സ്പ്രസ്സ് പത്രത്തിലാണ് പ്രസിദ്ധീകരിച്ചത്. അതിന് നിമിത്തമായതാകട്ടെ, എഡിറ്റര് ശ്രീ പി. ശ്രീധരനും.
Subscribe to:
Post Comments (Atom)
1 comment:
thnks for this post
Post a Comment