Followers

Friday, May 20, 2011

ഹരികുമാറിന്റെ നവചിന്തകൾ







സുകുമാർ അഴിക്കോട്‌

ഒരു പുതിയ സാഹിത്യദാർശനികൻ രംഗത്ത്‌ എത്തിയിരിക്കുന്നു എന്നു നമ്മെ അറിയിക്കുന്ന ദുർലഭഗൗരവമായ ഒരു കൃതിയാണ്‌ ശ്രീ.എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' . ചെറിയ പുസ്തകമാണ്‌. ഇതിലടങ്ങിയ കാഴ്ചകളെക്കുറിച്ച്‌ പ്രാമാണികമായി എഴുതാൻ കഴിവുള്ള മൂന്നു പേരുടെ അഭിപ്രായങ്ങൾ ആദ്യത്തെ നാൽപതോളം പുറങ്ങളിൽ കാണാം. ബാക്കി എൺപതോളം പുറങ്ങളിലാണ്‌ മാനിഫെസ്റ്റോ കൊടുത്തിരിക്കുന്നത്‌.
പുസ്തകമേ ചെറുതായിട്ടുള്ളൂ. ഗ്രന്ഥകാരന്റെ ലക്ഷ്യവും ചിന്തയും ഒന്നും ചെറുതല്ല ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട്‌ കുറച്ച്‌ മാസം കഴിഞ്ഞെങ്കിലും ആ കാലയളവിനുള്ളിൽ മറ്റു സാഹിത്യകൃതികൾക്ക്‌ ലഭിച്ചുകാണാറുള്ള പഠനമോ വിമർശനമോ ഇതിന്‌ കിട്ടിയില്ല എന്നാണ്‌ എന്റെ അറിവ്‌. സാധാരണ പുസ്തക അഭിപ്രായക്കാർ ഇത്‌ മാറ്റി വെക്കുന്നുവെങ്കിൽ അത്‌ മനസിലാക്കാവുന്നതേയുള്ളു.
ചിന്ത വികസിക്കുന്നത്‌ അതിന്റെ പൂർവ്വദശകളെ അനന്തരദശകൾ നിരസിക്കുന്നതിലൂടെയാണ്‌ എന്ന ആശയത്തിലാണ്‌ ഹരികുമാറിന്റെ ചിന്തകൾ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌. പ്രപഞ്ചത്തിന്റെ ചലനാത്മകത കാരണം ചിന്തയിലും സാഹിത്യത്തിലുമുള്ള പൂർവ്വനിരാസം സ്വാഭാവികവും അനിവാര്യവുമാണ്‌. നിരാസം എന്ന്‌ പറഞ്ഞതുകൊണ്ട്‌ ഹരികുമാർ ഏതോ ഒരു നവനിഷേധത്തിന്റെ വക്താവാണെന്ന്‌ ധരിക്കരുത്‌. പ്രപഞ്ചഘടന നിരാസത്തെ നിർമ്മാണത്തിൽ എത്തിക്കുന്നു.
യാഥാർത്ഥ്യത്തെ അന്വേഷിച്ചുകൊണ്ടുള്ള ഈ നിരന്തര പ്രയാണത്തിന്റെ ഏകാത്മകതയെ അദ്ദേഹം നവാദ്വൈതം എന്ന്‌ വിളിച്ചിരിക്കുന്നു.
തത്വചിന്തയിൽ സംജ്ഞകളെ തീരെ വർജ്ജിക്കുക എളുപ്പമല്ല. വേദാന്തത്തിൽ തന്നെ ജഡം, മായ തുടങ്ങിയ സംജ്ഞാവലിയിൽ കുടുങ്ങി അദ്വൈതത്തിന്റെ മുഖം കണ്ടെത്താൻ പല ആചാര്യമാർക്കും സാധിക്കാതെ പോയ കാര്യം മറക്കരുത്‌. അദ്വൈതചിന്തയെ ആരും ഒരു കുറ്റിയിലും കെട്ടിനിർത്തിയിട്ടില്ല. ആചാര്യശങ്കരൻ, സത്യസാക്ഷാൽകാരം അനുഭവത്തിൽ അവസാനിക്കുമ്പോഴേ യാഥാർത്ഥ്യമാകുകയുള്ളുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്‌. ഇഹലോകജീവിതത്തിൽ അത്‌ സാധിക്കുകയില്ലെന്ന്‌ ഭാഷ്യങ്ങളിൽ കാണാം. സംജ്ഞകളിൽ കുരുങ്ങി സർവ്വതും ഇല്ലാത്തതാണെന്നുവരെ പറഞ്ഞു നടക്കുന്ന അദ്വൈതവേദാന്തികൾ നാട്ടിൽ നിറഞ്ഞു.
ഈ വിപത്ത്‌ അറിയാത്ത ആളല്ല ശ്രീ ഹരികുമാർ. ഇന്ത്യയുടെ ആത്മീയത ബ്രാഹ്മണ പൗരോഹത്യമല്ലെന്നും ഓരോരുത്തരും പരമസത്യം അന്വേഷിക്കുന്ന രീതിയാണ്‌ അതെന്നും അദ്ദേഹം എഴുതുന്നത്‌ ശ്രദ്ധിക്കുക. നമ്മുടെ ബോധത്തിൽ ഈ ആത്മീയധാതു സമ്പത്ത്‌ ഉണ്ടെന്നുളള ഗ്രന്ഥകാരന്റെ നിരീക്ഷണം, നാനാവിധ സിദ്ധാന്തികളുടെ കലാപ ഭൂമിയായ നമ്മുടെ ആധുനിക സാഹിത്യകാരന്മാരുടെ മനസ്സിൽ ഉടനെത്തേണ്ട വലിയൊരു നിഗമനമാണ്‌.
ഇന്ത്യയെ സത്യപൂർണ്ണതയിൽ കാണാൻ ശങ്കരഭാഷ്യങ്ങളോ ഭഗവത്‌ ഗീതയോ അല്ല പഠിക്കേണ്ടത്‌ ; ഉപനിഷത്തുകളിലെ ആർഷചിന്തകളാണ്‌. ഹരികുമാർ മിക്കവാറും സ്വന്തം മനനവിചാരങ്ങളിലൂടെ എത്തിച്ചേർന്ന സത്യത്തിന്റെ, ഉപനിഷത്തിന്റെ നിമിഷമാണിത്‌. സുപ്രസിദ്ധമായ 'നേതിവാദം ഏത്‌ ചിന്തയെയും 'ഇതല്ല' എന്ന നിരാസത്തിലൂടെ മറ്റൊന്നാവാൻ നമ്മെ പ്രചോദിപ്പിക്കുന്നു. സത്യമെന്താണെങ്കിലും സത്യത്തിന്റെ സത്യം എന്ന മട്ടിൽ കൂടുതൽ അന്വേഷണത്തിലൂടെ പ്രാപിക്കേണ്ടതാണെന്ന്‌ ഉപദേശിച്ചതു ഞാനിവിടെ അനുസ്മരിച്ചുകൊളളട്ടെ.
ആധുനികരായ എഴുത്തുകാർ മനനമില്ലാത്ത മനസ്സുകളുടെ ആവിഷ്ക്കാരോപാധിയായി വാക്കിനെ പ്രകോപിപ്പിക്കുമ്പോൾ ഭാഷ മൃതപ്രായമാകുന്നു എന്ന കാഴ്ചയും ശ്രദ്ധേയമാണ്‌. എഴുത്ത്‌ ഇന്ന്‌ മറ്റൊന്നിലൂടെ മാറ്റൊലിയായി മന്ദീഭവിച്ചിരിക്കുന്നു. അവിടെ നിന്ന്‌ പ്രത്യാനയിക്കപ്പെടണമെങ്കിൽ നിരാസത്തിലൂടെയുള്ള നിർമ്മിതിയുടെ മാർഗ്ഗം സാഹിത്യകാരന്മാർ അനുസരിക്കണം എന്ന്‌ ഗ്രന്ഥകാരൻ വ്യക്തമാക്കിയിരിക്കുന്നു. പഴയ സാഹിത്യകാരന്മാർ സാഹിത്യത്തിന്റെ ജീവൻ ഭാവരമണീയമാണെന്ന്‌ പറഞ്ഞ ഉടനെ, ആ രമണീയത ഓരോ നിമിഷത്തിലും പുതുമ ഉൾക്കൊള്ളുന്നതാണ്‌ എന്ന്‌ വിശദീകരിച്ചിട്ടുണ്ട്‌. അതിനാൽ ഹരികുമാറിന്റെ ചിന്താഗതി വേണ്ടതുപോലെ പ്രചാരം നേടുകയാണെങ്കിൽ, കേരളത്തിലെങ്കിലും വലിയ എതിർപ്പുകളില്ലാതെ സ്വീകരിക്കപ്പെടുമെന്നാണ്‌ എന്റെ പ്രതീക്ഷ.
സാഹിത്യവിമർശകൻ എന്ന നിലയ്ക്ക്‌ കൈകൊള്ളാവുന്ന ഏറ്റവും അവികലമായ ഒരു ചിന്താഗതിയിൽ പരസഹായമെന്യേ എത്തിച്ചേർന്ന ഹരികുമാറിനെ എഴുത്തുകാരെങ്കിലും അഭിനന്ദിക്കേണ്ടതാണ്‌. വിമർശനമെന്നത്‌ നിരാസ സിദ്ധാന്തങ്ങളുടെ സമവായനയാണ്‌. വിവേകപൂർവ്വമായി സത്യത്തെ തള്ളുകയും പ്രാപ്യമായി നിലനിർത്തുകയും അങ്ങനെ ചിന്താപുരോഗതിയുടെ ഡയലക്റ്റിക്സ്​ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഒരു മാനസികപ്രക്രിയയാണ്‌ അത്‌. ഗീതയിലെ സിദ്ധാന്തങ്ങളേക്കാൾ ഞാൻ വിലമതിക്കുന്നത്, ഒടുവിൽ പാർത്ഥനോട്‌ കൃഷ്ണൻ, ഞാൻ പറഞ്ഞതെല്ലാം കേട്ടിട്ട്‌ വിമർശിച്ച്‌ മനസ്സിലാക്കിയതിനുശേഷം ഇതുപോലെ ചെയ്യുക എന്ന്‌ ഉപദേശിക്കുന്ന ഭാഗമാണ്‌.
ഗീതയിലെ ഒരു അനുശാസനവും ആശയരഹസ്യത്തിൽ ഇരിക്കില്ല. ഈ ദർശനത്തിൽ നിരാസം എന്നുമുണ്ട്‌. ഇന്നത്തെ സാഹിത്യപ്രവർത്തകർക്ക്‌ ഈ കാഴ്ചപ്പാട്‌ സ്വന്തം ശൈലിയിൽ ചൂണ്ടികാണിച്ചുകൊടുത്ത ഹരികുമാർ വലിയൊരു സേവനമാണ്‌ ആശയരംഗത്ത്‌ ചെയ്തിരിക്കുന്നത്‌.
നാം ദൈവമാകയാൽ പ്രാർത്ഥന അനാവശ്യമാണെന്നാണ്‌ അദ്വൈതികളുടെ അഭിപ്രായം. താൻ നിരീശ്വരനാണെന്ന്‌ ശങ്കരൻ പറഞ്ഞു. . ഈ ബോധപ്രാപ്തി മനുഷ്യരെ അഹങ്കാരികളാക്കില്ല. കാരണം എഴുത്തച്ഛൻ പാടിയതുപോലെ, അഖിലം ഞാനാണെന്ന ഭാവത്തിൽ എത്തുന്നവന്‌ ഞാനെന്ന ഭാവം ഉണ്ടാവില്ല.
ഒരു സ്വതന്ത്രചിന്താശാലി സാഹിത്യലോകത്തിൽ പ്രത്യക്ഷപ്പെടുന്നത്‌ വല്ലപ്പോഴും ആയിരിക്കും. ഇക്കാലത്ത്‌ ആംഗലവിദ്യാഭ്യാസം അഭ്യസ്തവിദ്യരുടെ ധിഷണാമണ്ഡലത്തെ ഓരോ ചെറു കോളനിയായി രൂപപ്പെടുത്തിവിട്ടിരിക്കുകയാണ്‌. ആന്തരമായ ഈ പരോക്ഷ പാരതന്ത്ര്യത്തിന്റെ യുഗത്തിൽ ടാഗോർ 'ഗീതാജ്ഞലി' യിൽ പാടിയതുപോലെ ജ്ഞാനസ്വതന്ത്രമായ മനസ്സോടും ശിരസ്സോടും കൂടിയ ഒരു യുവലേഖനെ കണ്ടുമുട്ടാൻ ഇടയായതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്‌.
ശ്രീ ഹരികുമാർ മലയാളസാഹിത്യത്തിൽ പ്രവേശിച്ച ആ കാലത്തു തന്നെ ഒരു ചിന്താപ്രതിഭയുടെ അങ്കുരങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ ഞാൻ കണ്ട്‌ അഭിനന്ദിച്ചിരുന്നു. ആത്മായനങ്ങളുടെ ഖസാക്ക്‌, മനുഷ്യാബരാന്തങ്ങൾ എന്നീ ഗ്രന്ഥങ്ങളുടെ ശീർഷകങ്ങൾ ചില വായനക്കാരെ അൽപം അകറ്റുന്നതിന്‌ ഇടയാക്കിയിരുന്നെങ്കിലും അവയ്ക്കെല്ലാമപ്പുറത്ത്‌ നിന്ന്‌ ഒരു പുതിയ ചക്രവാളത്തിലേയ്ക്ക്‌ നോട്ടം എത്തിക്കുന്ന ഉത്സുകനായ ഒരു യുവാവിനെ ഞാൻ കണ്ടിരുന്നു. എന്റെ ആ ദൂരക്കാഴ്ച ഇന്ന്‌ ഫലം അണിഞ്ഞുകാണുമ്പോൾ ഞാൻ ചരിതാർത്ഥനായിരിക്കുന്നു.

ഈ ഗ്രന്ഥത്തിലെ വ്യത്യസ്തമായ ഒരു ഭാഗം 'വാക്യങ്ങൾ' എന്ന സാരസൂക്തങ്ങളാണ്‌. മിക്ക വാക്യങ്ങളും സുഭാഷിതങ്ങൾ എന്ന വർഗ്ഗത്തിൽപ്പെടുത്തത്തക്കവണ്ണം ചിന്തയുടെ പ്രകാശവും ബുദ്ധിയുടെ സൂക്ഷ്മതയും പ്രകടിപ്പിക്കുന്നവയാണ്‌.
എങ്കിലും ഏകവാക്യങ്ങൾ അർത്ഥപൂർണ്ണിമയിലെത്താൻ പ്രയാസമാണ്‌. വാക്യത്തിന്റെ അർത്ഥം പൂർണ്ണമായി തീരുന്നത്‌, അന്യവാക്യങ്ങളുടെ സാഹചര്യം, സൃഷ്ടിക്കുന്ന പശ്ചാതലത്തിലാണ്‌.തത്ത്വമസി എന്നത്‌ ഒറ്റ മഹാവാക്യമാണെന്ന പ്രസിദ്ധിയുണ്ടായിട്ടും ശ്വേതകേതുവിന്റെ കഥയിൽ ആ വാക്യം വരുമ്പോഴാണ്‌ അതിന്റെ അർത്ഥം തെളിഞ്ഞുവരിക.
നവാദ്വൈതത്തിന്റെ സുന്ദരമായ ഒരു ദൃഷ്ടാന്തമായിട്ടുണ്ട്‌ 'ജലാത്മകത'. വെള്ളം എന്നും ഒരു ഒഴുക്കായിരിക്കുന്നതുപോലെ ചിന്ത എന്നും ഒരു നിത്യധാരയാണ്‌ എന്ന്‌ ചുരുക്കം. വെള്ളത്തെപ്പറ്റിയുള്ള പരമസത്യം അത്‌ സ്വയം നിരപ്പ്‌ കണ്ടെത്തുന്നു (water finds its level}എന്നതാണല്ലോ. വെള്ളം ഒഴുകുന്നത്‌ അതിന്റെ നിരപ്പ്​
കണ്ടെത്താനാണ്‌. നവചിന്തകൾക്ക്‌ നൂതനത്വം കൽപിക്കുന്നതിൽ യുക്തിഭംഗമുണ്ട്‌.
നവചിന്താപ്രവണത നൂതനമാണെങ്കിൽ നവത്വം എന്തിനാണ്‌ ? നിരന്തരമായി നടക്കുന്നത്‌ ? പരിവർത്തനം നിരന്തരമാണെന്ന്‌ പറയുമ്പോൾ ആ പരിവർത്തനനിയമത്തിന്‌ എവിടെവച്ചെങ്കിലും ഒരു മാറ്റം ഉണ്ടാകണമല്ലോ.പരിവർത്തനം പരിവർത്തനവിധേയമാകുമ്പോൾ കേവലത -അഥവാ - വെള്ളത്തിന്റെ നിരപ്പ്‌ അനുഭവപ്പെടുന്നു. ആ അനുഭവം മനുഷ്യന്‌ പ്രാപ്യമല്ലായിരിക്കാം. പക്ഷേ മാറ്റത്തിന്റെ പരമമായ പ്രേരണ ഇതാണ്‌.
ശ്രീ ഹരികുമാർ ഈ വശം കണ്ടിട്ടുണ്ട്‌ എന്ന്‌ സമ്മതിക്കുന്നു. പക്ഷേ ചിന്താപരമായ നിശ്ചേഷ്ടത ഒരു ദേശീയ സംസ്ക്കാരമാക്കി ഉയർത്തിയവരുടെ മുമ്പിൽ അനസ്യൂതമായ നിരാസവാദം അതിന്റെ ഫലം ഉളവാക്കാതിരിക്കില്ല.
ലോകത്തിലെ മഹാന്മാരുടെ ചിന്തകങ്ങളെല്ലാം ചേർന്ന്‌ ഒരു മഹാചിന്തയെ അവതരിപ്പിക്കുന്നു എന്ന ഒരു ഏകവാക്യം ഞാൻ കുറിക്കട്ടെ. ഈ ഗ്രന്ഥനിരൂപണത്തിൽ ഞാൻ പറയാൻ ഉദ്ദേശിച്ച ആശയം ഇതാണ്‌ : - ആചാര്യന്മാർ അദ്വൈതം എന്ന ഈ പുസ്തകത്തിൽ നവാദ്വൈതം എന്ന്‌ പറഞ്ഞിട്ടുണ്ടെങ്കിലും, അവയുടെ വ്യത്യാസം കൂടുതലും വായനാഭേദത്തിന്റേതാണ്‌. നമുക്ക്‌ ചിന്തകളുടെ സമവായന ആണ്‌ ആവശ്യം ; വ്യത്യസ്തതയല്ല. വ്യത്യസ്തത, വേദത്തിൽ പ്രസ്താവിച്ചതുപോലെ വാക്കുകളുടെ വ്യത്യാസമാണ്‌ - സത്യം ഒന്ന്‌, വിദ്വാന്മാർ പലതരത്തിൽ പറയുന്നു എന്ന പ്രശസ്ത സൂക്തം ശ്രദ്ധിക്കുക. തന്റെ വ്യത്യസ്ത വചനത്തിലൂടെ സത്യത്തിന്റെ ഏകത്വം കണ്ടെത്താനുള്ള ശ്രീ ഹരികുമാറിന്റെ അസാധാരണമായ അന്വേഷണസാഹസമായ ഈ ഗ്രന്ഥം അർത്ഥവത്തായ വിമർശനങ്ങൾക്കൊണ്ട്‌ ആദരിക്കപ്പെടട്ടെ എന്ന്‌ ആശംസിച്ചുകൊള്ളുന്നു.
ഈ ഗ്രന്ഥം ഒരാശയനിവേദനമാണ്‌. ഇതിന്‌ മാനിഫെസ്റ്റോ എന്ന പൊതു പ്രസ്താവന സ്വഭാവമുള്ള പേര്‌ എത്രത്തോളം ഇണങ്ങും ?.

എന്റെ മാനിഫെസ്റ്റോ
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്‌
തൃശൂർ, വില : 85 രൂപ

No comments: