Followers

Tuesday, November 25, 2014

കഥ/ സൂര്യവെളിച്ചത്തിന്റെ കൊമ്പുകൾ ശിരസ്സിലേന്തിയ മൃഗം:

എം.കെ.ഹരികുമാർ

(എന്റെ നോവൽ ”ജലഛായയുടെ പ്രസിദ്ധീകരണത്തിനു ശേഷം  ഫിക്ഷൻ എന്തെങ്കിലും എഴുതണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.
അപ്പോഴാണ് കോട്ടയത്ത് നിന്ന് പ്രസിദ്ധികരിക്കുന്ന  തന്മയുടെ പത്രാധിപർ ശ്രീ വിജോയ് സ്കറിയ ഒരു കഥ എഴുതണമെന്ന് എന്നോട് ആവശ്യപ്പെടുന്നത്. തന്മയുടെ ആഗസ്റ്റ്  ലക്കത്തിൽ ഈ കഥ പ്രസിദ്ധീകരിച്ചു.ജലഛായയുടെ ഒരു അദ്ധ്യായം തന്മയിൽ നേരത്തെ വന്നിരുന്നു:  എം.കെ.ഹരികുമാർ)

ഇപ്പോഴും ആ മൃഗം ജീവിച്ചിരിക്കുന്നുവവെന്ന് വിശ്വസിക്കുന്നവരുണ്ട്‌. കാരണം, അവരുടെ അനുഭവം അതാണ്‌. അവർ എത്രയോ കേട്ടു കഴിഞ്ഞിരിക്കുന്നു. അവരുടെ ഗ്രാമത്തിൽ  ഭൂരിപക്ഷവും ആ മൃഗവുമായി ഇണങ്ങിയും പിണങ്ങിയുമാണ്‌ കഴിഞ്ഞത്‌. ഏത്‌ കാര്യത്തിലും അവർ ആ മൃഗത്തിന്റെ അഭിപ്രായം തേടി.
ആ മൃഗത്തിനെ അവർ ‘പൂവൻ ചെന്നായ്‌’ എന്നാണ്‌ വിളിച്ചത്. തലയ്ക്ക്‌ മുകളിലെ പൂവ്‌ ഒരു കാരണമാണ്‌. അത്‌ കണ്ടു പരിചയിച്ച ചെന്നായയല്ല; ചെന്നായയോട്‌ സാമ്യമുണ്ട്‌. ചെന്നായയുടേതിനേക്കാൾ അൽപം പൊക്കം കൂടുതൽ തോന്നിക്കുന്നതു കൊണ്ടും വേഗത്തിൽ ഓടുന്നതു കൊണ്ടുമാണ്‌ അങ്ങനെ പേരിടാൻ പ്രേരിപ്പിച്ചത് എന്നാൽ അതിന്‌ കൊമ്പുകളുണ്ട്‌. ചിലർ ആ കൊമ്പുകൾ കണ്ടിട്ടുണ്ട്‌. രാത്രിയിൽ, അത്‌ സൂര്യരശ്മി പോലെ പ്രകാശിക്കും. മാനിന്റേതിനു സമാനമായ കൊമ്പുകളാണ്‌. ഇരുട്ടിൽ ആ കൊമ്പുകൾ പ്രകാശിക്കും. മൃഗം ഓടുമ്പോൾ, കൊമ്പുകൾ അന്തരീക്ഷത്തിൽ ചലിക്കുന്നതായേ തോന്നൂ.
പൂവൻ ചെന്നായെപ്പറ്റി പല കഥകളും പ്രചരിക്കുന്നുണ്ട്‌. അതിൽ ഒരു കഥ ഇങ്ങനെയാണ്‌. പൂവൻ ചെന്നായ ആരേയും ഉപദ്രവിക്കില്ല. അത്‌ രാത്രിയിൽ തന്റെ ഇണയെ തേടി ഓടുകയാണ്‌. പകൽ മുഴുവൻ ദൂരെയുള്ള പാറക്കെട്ടുകൾക്കിടയിൽ ഒളിച്ചിരിപ്പാണ്‌. വെളിച്ചത്തെ ഭയമാണതിന്‌. വെളിച്ചമുണ്ടാകുന്നതോടെ എല്ലാവരും അവരുടേതായ നിലയിൽ സ്വയം മറയ്ക്കുകയും, തനിക്ക്‌ മാത്രം അതിന്‌ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ്‌ അത്‌ അഭിമുഖീകരിക്കുന്നത്‌. രാത്രിയായാൽ അത്‌ ജ്ഞാനത്തിന്റെയും ഗാന്ധർവ്വമായ ലീലകളുടെയും മധ്യേ ഒരു സുരക്ഷിത പാത തേടുകയാണ്‌. ഒട്ടുംതന്നെ സമയം കളയാനില്ലാത്ത വിധം അത്‌ ഓടുന്നു. ആ ഓട്ടത്തിനിടയിൽ ചെന്നുപെടുന്നവരെ ചവിട്ടി വീഴിക്കുകയോ കുത്തുകയോ ചെയ്യുന്നത്‌ മനഃപൂർവ്വമല്ല. അന്ധാളിപ്പിൽ നിന്നുണ്ടാകുന്ന സ്വാഭാവികമായ ചെറുത്തുനിൽപ്പിന്റെ നിമിഷമാണത്‌. പൂവനെ പിന്തുടർന്നവരൊക്കെ നിരാശരായിട്ടേയുള്ളു. കുറേനേരം ഓടിക്കഴിയുമ്പോൾ പൂവനെ കാണാതാകും. അമിതവേഗതയാണോ, നിറം മാറുന്നതാണോ, അപ്രത്യക്ഷമാകുന്നതാണോ എന്നൊന്നും അറിയില്ല.
മറ്റു ചില വർത്തമാനങ്ങൾ ഇങ്ങനെയാണ്‌: പൂവന്‌ മനുഷ്യരുടെ ജീവിതവുമായി മുറിച്ചു മാറ്റാനാവാത്ത ബന്ധമുണ്ട്‌. പൂവനെ കാണുന്ന ഗർഭിണികൾ പ്രസവത്തോടനുബന്ധിച്ച്‌ കഷ്ടതകൾ അനുഭവിക്കുമെന്ന്‌ വിശ്വസിക്കപ്പെടുന്നു. കുഞ്ഞിന്‌ പൂവൻ പീഡയുണ്ടാകും. കുഞ്ഞിന്റെ സ്വഭാവം അന്തർമുഖവും വക്രവുമാകുകയാണ്‌ പതിവ്‌. ഇത്തരം കുഞ്ഞുങ്ങൾ അമ്മയുടെ അടുത്ത്‌ നിന്ന്‌ മാറില്ല. വീട്‌ വിട്ട്‌ പോകുകയുമില്ല. രേവതി, പൂയം, പൂരുരുട്ടാതി, അശ്വതി തുടങ്ങിയ നാളുകളിൽ ജനിച്ചവർ പൂവനെ കാണാതിരിക്കാൻ ശ്രദ്ധിക്കണം. അവർ രാത്രി സഞ്ചാരം ഒഴിവാക്കുകയാണ്‌ നല്ലത്‌. സെക്കന്റ്‌ ഷോയ്ക്ക്‌ പോകുന്നവർ ഒറ്റപ്പെടാതെ നോക്കണം. കയ്യിൽ നന്നായി കത്തുന്ന ഓലച്ചൂട്ടോ വലിയ ടോർച്ച്‌ ലൈറ്റോ ഉണ്ടായിരിക്കണം. പ്രകാശമുള്ള ഭാഗത്തേക്ക്‌ പൂവൻ എത്തിനോക്കില്ല. അവന്‌ പ്രകാശത്തെയാണല്ലോ ഭയം. പ്രകാശം അവനെ തളർത്തും. ലഹരി കഴിച്ച പോലെ വീഴും. ഈ നാളുകൾ ഒറ്റപ്പെട്ട ദർശനങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ ആപത്ത്‌ ഉറപ്പാണ്‌. അവർക്ക്‌ പല രോഗങ്ങളും പിടിപെടാം. ചിലർ പാട്ടു രോഗികളായി മാറിയിട്ടുണ്ട്‌. പൂവനെ കണ്ടതോടെ അവർ ‘പാട്ടുകാരായി’ മാറുകയാണ്‌. എന്നു പറഞ്ഞാൽ, ഒരിക്കലും കേട്ടിട്ടില്ലാത്ത പാട്ടുകൾ അവർ പാടിത്തുടങ്ങും. ചിലർ പഴയ പാട്ടുകൾ ഈണം മാറ്റിയാവും ആലപിക്കുക. എന്ത്‌ പ്രവൃത്തി ചെയ്യുമ്പോഴും അവരുടെ ചുണ്ടുകളിൽ നിന്ന്‌ ഈ പാട്ടുകൾ പ്രകാശംപോലെ പൊഴിഞ്ഞുകൊണ്ടിരിക്കും. അവർക്ക്‌ പാടാതിരിക്കാനാവില്ല. ചിലപ്പോൾ ജോലിക്ക്‌ പോകുന്നതു തന്നെ വെറുക്കും. വീട്ടിലിരുന്ന്‌ പാടേണ്ടി വരുന്നതാണ്‌ അവരുടെ ജീവിതം പ്രതിസന്ധിയിലാകാൻ കാരണം. ഇങ്ങനെ പാടി മരിക്കാൻ ഏതോ പ്രേരണയാൽ തീരുമാനിച്ചവർക്ക്‌ മോചനമില്ല.
അതുകൊണ്ട്‌ കുറേപ്പേരെങ്കിലും പൂവനെ പേടിസ്വപ്നമായി വിശേഷിപ്പിക്കുന്നു. ഭൂതകാലത്തിന്റെ മണ്ണിന്റെ അടരുകളിൽ നിന്ന്‌ ചില പാട്ടുകൾ ഉത്ഭവിച്ച്‌ വന്നിട്ടുണ്ട്‌. അതിന്‌ ഉടയോരില്ല. അത്‌ രംഗാവതരണങ്ങളിലും മറ്റും പിന്നീട്‌ ഉപയോഗിച്ചിട്ടുമുണ്ട്‌. ഗ്രാമത്തിലെ ചെറുപ്പക്കാർ തെങ്ങു കയറുമ്പോഴും മീൻ പിടിക്കുമ്പോഴും ആ പാട്ടുകൾ പാടും. അതു പക്ഷേ, രോഗമായി കാണാനാവില്ല. അവർ പൂവനേയും മറ്റും കളിയാക്കുന്നവരാണ്‌.ഒരു പഴയ പാട്ട്‌ ഇങ്ങനെയാണ്‌.
ഭൂമിക്കടിയിലെ മണ്ണിൽ നിന്ന്‌
രണ്ടു കൊമ്പുകൾ
ഉയരുകയായി.
സൂര്യനാളത്തിന്റെ ഈയം
പൂശിയ കൊമ്പുകൾ.
അവ മണ്ണിൽ നിന്ന്‌
പൊങ്ങി ഇരുട്ടിന്റെ
ശിഖരങ്ങളായി
തിളങ്ങുന്നു.
ആ കൊമ്പുകളിൽ
സൂര്യൻ ജീവിക്കുകയാണ്‌.
രാത്രിയിൽ സൂര്യനു ജീവിക്കാൻ
ഈ കൊമ്പുകൾ;
സൂര്യരശ്മി കൊണ്ടുണ്ടാക്കിയ
കൊമ്പുകൾ.
രാത്രിയിൽ പൂവന്റെ കണ്ണുകൾ ഈ കൊമ്പുകൾ തന്നെയാണെന്ന്‌ തോന്നും. കാരണം, പൂവന്റെ  കണ്ണുകൾ ആരും തന്നെ കണ്ടിട്ടില്ല. രാത്രി ആ കണ്ണുകളെ മൂടിയിട്ടുണ്ടാവും. പ്രകോപനപരമായ യാതൊന്നും തന്നെ ഭൂമിയിൽ ഇല്ലാതിരുന്നാലും പൂവൻ ചെന്നായ ആ ഗ്രാമത്തിലെ ഏതെങ്കിലുമൊരു വീഥിയിലൂടെ, അല്ലെങ്കിൽ കുറ്റിക്കാട്ടിലൂടെ ഓടുന്നുണ്ടാവും. വ്യാസനിർമ്മിതമായ നിശ്ശബ്ദതയുടെ പൗരാണികത്വത്തെ പുണർന്നുകൊണ്ട്‌, ഗതകാലത്തിലെ കുഞ്ഞുങ്ങളുടെ കാൽപ്പെരുമാറ്റം കേൾക്കാനായി ചെവിയോർത്തിട്ടെന്ന പോലെ ഓടിക്കൊണ്ടിരിക്കും.
പൂവനെപ്പറ്റി പല മാധ്യമങ്ങളും എഴുതിയിട്ടുണ്ട്‌. ഓല എന്ന ഗ്രാമത്തിലെ നിവാസികൾ നേരിടുന്ന പ്രശ്നം- പൂവൻ മിഥ്യയോ യാഥാർത്ഥ്യമോ എന്നതായിരുന്നു. പ്രമുഖ ചരിത്രകാരനായ പി.ജി.ലാൽ പണിക്കരുടെ ലേഖനത്തിന്റെ തലവാചകമാണിത്. അദ്ദേഹം ചരിത്രപരമായി ഇത്തരം പൂവൻമാർ ഉണ്ടാകുന്നതും അത്‌ എങ്ങനെ മിഥ്യയാകുന്നു എന്നതുമാണ്‌ വിശദീകരിച്ചത്. വളരെ പ്രചാരമുള്ള ഒരു പത്രത്തിൽ പൂവന്റെ ചിത്രം ചേർത്തത്‌ ചിത്രകാരന്റെ ഭാവനയിൽ എന്ന അടിക്കുറിപ്പോടെയായിരുന്നു. കറുത്ത പശ്ചാത്തലത്തിൽ പൊക്കമുള്ള ചെന്നായയുടെ ശരീരഘടനയോടെ ഒരു അവ്യക്തരൂപം; തിളങ്ങുന്ന കൊമ്പുകൾ മാത്രം കാണാം.
പൂവൻ ചെന്നായ ഭീഷണി സൃഷ്ടിക്കുന്നു; ലോക്കൽ പോലീസ്‌ കാവൽ ഏർപ്പെടുത്തി എന്ന വാർത്ത വന്നിട്ട്‌ അധികമായിട്ടില്ല. ഗ്രാമത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരാണ്‌. പൂവനെ വെടിവെയ്ക്കണമെന്ന ആവശ്യവുമായി പോലീസ്‌ സ്റ്റേഷനെ സമീപിച്ചത്. അവർ വലിയ ഒരു പരാതി എഴുതി നൽകുക മാത്രമല്ല ചെയ്തത്‌, അതിൽ ആയിരത്തൊരു പേരുടെ ഒപ്പും ചാർത്തിയിരുന്നു. പോലീസ്‌ അനുഭാവപൂർവ്വം കേസ്‌ പരിഗണിച്ചു. ഏതാനും പോലീസുകാരെ ഇരുട്ടിൽ തിരയാനായി നിയോഗിച്ചു. എന്നാൽ ആ തിരച്ചിൽ അധികം നീണ്ടുപോയില്ല. പാവപ്പെട്ട ചില പെണ്ണുങ്ങൾ രാത്രിയിൽ മുറ്റത്തിറങ്ങിയെന്നും, പൂവന്‌ പകരം പോലീസുകാരെ കണ്ട്‌ ഞെട്ടിയെന്നുമൊക്കെ പരാതി ഉയർന്നിരുന്നു. അതോടെ പോലീസുകാർ തിരച്ചിൽ മതിയാക്കി മടങ്ങുകയായിരുന്നു.
ഒരു കവി പൂവനെപ്പറ്റി എഴുതിയ വരികൾ കുറേക്കാലത്തേക്കെങ്കിലും വായനശാലയിലെ ചെറുപ്പക്കാർ സമയം കിട്ടിയപ്പോഴൊക്കെ ചർച്ച ചെയ്തു. ‘വൃക്ഷങ്ങൾ കരയുന്നതാരും ശ്രദ്ധിച്ചില്ല. ഏകാന്തതയിൽ, പൂവൻ ചെന്നായയും കരയുന്നു.’
പൂവൻ ചെന്നായ ചിലർക്ക്‌ ശുഭലക്ഷണമാണ്‌. അവർ പൂവന്റെ ഒരു ഏകദേശ ചിത്രം വരച്ച്‌ വീട്ടിൽ ലാമിനേറ്റ്‌ ചെയ്തു സൂക്ഷിച്ചു. കമിതാക്കളും വിവാഹിതരും സമാഗമവേളയിൽ പൂവന്റെ ദീർഘിച്ച ചാട്ടത്തിനായി കാതോർത്തു. ഒരു മീറ്ററിലേറെ ദൂരെ കാല്‌ മാറ്റിച്ചവിട്ടിയാണ്‌ പൂവൻ ഓടുന്നത്‌. ആ ഓട്ടത്തിൽ സംഗീതം കേട്ട ധന്യർ, അവരുടെ വേളകളെ സമ്മോഹനമാക്കാൻ പൂവനെ വാഴ്ത്തി. ഒരു കമിതാവ്‌ തന്റെ പ്രിയയുടെ കാതിനുതാഴെ ഉമ്മവെച്ച ശേഷം, തലപൊക്കി പൂവൻ ഓടുന്നുണ്ടോ എന്നു ചെവിയോർത്തു നോക്കി. അവൻ മതിവരാതെ അവളുടെ തത്തത്തൂവൽ പോലെ മൃദുലമായ കഴുത്തിലെ കുഴിയിൽ നിന്നും പ്രാണസുന്ദരമായ സിന്ദൂരം മുഖം കൊണ്ട്‌ തുടച്ചു കളഞ്ഞു. പലവട്ടം. അവന്റെ മുഖമത്രയും അവളുടെ കുഴിഞ്ഞ്‌ വിസ്തൃതമായ കണ്ഠത്തിൽ പൂഴ്ത്തിവെച്ചു. അവളാകട്ടെ, അവന്റെ മുഖം പൂർണ്ണമായി തന്റെ സമ്പൂർണ്ണമായ ഐന്ദ്രിയാനുഭവങ്ങളിലേക്ക്‌ വലിച്ചെടുക്കാൻ വെമ്പി. ശ്വാസം പിടിച്ചും മനസിനെ ഏകാഗ്രമാക്കിയും അവൾ അവന്റെ ചുണ്ടുകളുടെ മൈഥുനം ഏകാന്തതയിലെന്ന പോലെ ആവാഹിച്ചു. അവളുടെ കണ്ഠത്തിലെ പായൽ രോമങ്ങൾ ഏതോ ജ്ഞാനത്താൽ ഉണർന്നിട്ടെന്ന പോലെ ഉലഞ്ഞു വിലസി. അവരുടെ ക്രീഡയെ സമാശ്വസിപ്പിക്കുകയും മൂർച്ചപ്പെടുത്തുകയും ചെയ്തത്‌ പൂവൻ ചെന്നായ ആയിരുന്നുവെന്ന സത്യം മറ്റാരേക്കാളും ഉൾക്കൊണ്ടത്‌ അവർ തന്നെയായിരുന്നു.
അവർ പൂവനിൽ വിശ്വസിച്ചു. എത്ര വൈകിയാലും അവൻ ചതിക്കാതെ വന്ന്‌  അമർത്തപ്പെട്ട ആശകളെ വിളിച്ചുണർത്തും. അവൻ പൂർവ്വകാലങ്ങളുടെയെല്ലാം വിശ്വാസമാണ്‌. അവൻ ഇന്നലെയല്ല ഓടിത്തുടങ്ങിയത്‌. അവരുടെയെല്ലാം നഷ്ടപ്പെട്ട കാലം എവിടെയാണോ ഉത്ഭവിച്ചത്, അവിടെയും പൂവനുണ്ടായിരുന്നു. അവൻ ആയിരം കൈകളോടെ ആ നാട്ടുകാരെ പല വിധത്തിൽ ഇളക്കി മറിച്ചു കൊണ്ടിരുന്നു.
‘പൂവൻ:വിഭിന്ന ഗോത്രത്വരകളുടെ സംഗമവേദി’ എന്ന പേരിൽ പൗരധ്വനി എന്ന സംഘടന നടത്തിയ ചർച്ച വിഭിന്ന ആശയങ്ങളുടെ കൂട്ടിയുരുമ്മലായി മാറി. വൈദ്യനും പണ്ഡിതനുമായ ഹാഷിം ഇങ്ങനെ അഭിപ്രായപ്പെട്ടു: പൂവൻ ഒരു ചിന്തയും പ്രയോഗവുമാണ്‌. നമുക്ക്‌ ശാരീരിക ശുദ്ധി, മനഃശുദ്ധി എന്നിവ കൈവരിക്കണമെങ്കിൽ, ചില നിഷ്ഠകൾ ആവശ്യമാണ്‌. പൂവൻ അങ്ങനെയൊരു നിഷ്ഠയാണ്‌. അത്‌ ഇപ്പോൾ നിമിത്തങ്ങളുടെ നിമിത്തമായി നാമെല്ലാം അംഗീകരിച്ചിരിക്കുന്നു.
സ്കൂൾ അധ്യാപകനായ രാകേഷ്‌: നമ്മൾ പൂവനെപ്പറ്റി ഒരു ലഘുപുസ്തകം പ്രസിദ്ധീകരിക്കണം. കാരണം അത്‌ നമ്മുടെ ചരിത്രത്തെപ്പറ്റിയുള്ള ഗ്രാമീണ കാഴ്ചപ്പാടായിരിക്കും.
ചിട്ടിക്കാരനും മദ്യഷാപ്പ് മുതലാളിയുമായ കുട്ടൻ: പൂവനു നമ്മൾ കാരണവരുടെ സ്ഥാനം നൽകുകയാണ്‌ വേണ്ടത്‌. എല്ലാ വർഷവും മുടങ്ങാതെ നാം പൂവനുവേണ്ടി മദ്യവും ഭക്ഷണവും നൽകണം.
ലൈബ്രേറിയൻ മാത്യു: പൂവനെപ്പറ്റിയുള്ള ഈ ചർച്ച ഒരു മനോനിലയെ വെളിപ്പെടുത്തുന്നതായി എനിക്ക്‌ തോന്നുന്നു. നമ്മുടെയെല്ലാം മനസിലെ ഇരുട്ടാണ്‌ പൂവനിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നത്‌. നമുക്ക്‌ നമ്മുടെ തന്നെ ആദിമമായ ഉറവിടത്തിലേക്ക്‌ മടങ്ങാനുള്ള ചോദനയുണ്ട്‌. അത്‌ എപ്പോഴും നമ്മുടെ അഭയ സ്ഥാനവുമാണ്‌. പൂവൻ ഒരു മാനസികാവസ്ഥയുടെ സന്തതിയാണ്‌. ഫ്രോയ്ഡ്‌ പറഞ്ഞിട്ടുണ്ട്‌, നമ്മുടെ തന്നെ ഉത്കണ്ഠകളും വേവലാതികളുമാണ്‌ നമ്മുടെ കർമ്മങ്ങളെ നിയന്ത്രിക്കുന്നതെന്ന്‌. നമ്മുടെ അഗാധമായ ഇരുട്ടിലേക്കാണ്‌ പൂവനെ കാണുന്നതിലൂടെ നാം എത്തിച്ചേരുന്നത്‌.
എന്തുകൊണ്ടോ ചർച്ച എങ്ങുമെത്തിയില്ല. ഇത്തരം ചർച്ചകളിൽ എന്തുതന്നെ വെളിവാക്കപ്പെട്ടാലും ഗ്രാമവാസികൾ എന്തോ നിശ്ചയിച്ചുറപ്പിച്ചപോലെയായിരുന്നു. പൂവനിറങ്ങുന്ന രാത്രികളിൽ, അവന്റെ കാലൊച്ചകൾക്കരികെ ഒരു രാത്രിസമാഗമം കൊതിക്കാത്ത മിഥുനങ്ങളില്ലായിരുന്നു. ചില മിടുക്കികളായ സ്ത്രീകൾ, അർധനഗ്നകളായി രാത്രിയുടെ പച്ചിലകൾക്ക്‌ താഴെ കാത്തുനിന്നു. ഒരു വിടനോ, തെമ്മാടിയോ, ദുർമാർഗ്ഗിയോ നൊടി നേരം കൊണ്ട്‌ കാമദേവനും വിശുദ്ധനുമായി മാറുന്ന രാത്രിയായിരുന്നു അത്‌.
ഇത്തരം സംഭവങ്ങൾ ഗ്രാമത്തിനു പുതുതല്ല. സംഭോഗവും അതീന്ദ്രിയതയും കൈകോർത്തു. എന്നും അത്‌ ഉണ്ടായിക്കൊണ്ടിരുന്നു. ജീവിച്ചിരുന്നവർ തന്നെ ഐതിഹ്യകഥാപാത്രങ്ങളായി മാറുകയായിരുന്നു. ദേവകി എന്ന സ്ത്രീ പൂവന്റെ കഥകളിൽ ആകൃഷ്ടയായി വീട്‌ വിട്ട്‌ ഇറങ്ങിപ്പോകുകയായിരുന്നു. അവൾ ഒരു കൈക്കുഞ്ഞുമായാണ്‌ മടങ്ങിവന്നത്‌. ദേവകി പിന്നീട്‌ പലരുടെയും വർത്തമാനങ്ങളിൽ പടർന്നു. ദേവകി രാത്രിയിൽ ഉറങ്ങാതെ കിടന്നു. അവൾക്ക്‌ പൂവൻ ശുഭസൂചകവും മോക്ഷദായകവുമായിരുന്നു. ജീവസന്ധാരണത്തിനായി അവൾ പല വേലകൾ ചെയ്തു. എന്നാൽ അവളുടെ മനസ്‌ പിടിവിട്ട്‌ രാത്രിയിലെ നിശബ്ദതകളിലേക്ക്‌ ചേക്കേറുകയായിരുന്നു. ഓരോ അനക്കവും അവളെ കൂടുതൽ ജാഗ്രതയുള്ളവളാക്കി. അവൾ സ്വയം മറന്നു. ഒരു രാത്രിയിൽ അവൾ പൂവൻ ചെന്നായയുടെ പിന്നാലെ ഓടി ഓടി എവിടെയോ മറഞ്ഞു. പിന്നെ അവളെപ്പറ്റി ആരും ഒന്നും കേട്ടില്ല.
എന്നാൽ ഏറ്റവും വിചിത്രമായ കാര്യം, ജന്തു സംരക്ഷണ വകുപ്പും പുരാവസ്തു വകുപ്പും പോലീസും പൂവൻ ചെന്നായയെപ്പറ്റി വ്യത്യസ്തമായ ചിത്രങ്ങൾ അവതരിപ്പിച്ചു എന്നതാണ്‌. ജന്തു സംരക്ഷണ വകുപ്പിന്റെ പ്രസ്താവന ഇങ്ങനെ തുടരുന്നു: ഗ്രാമത്തിൽ ചർച്ച ചെയ്യുന്ന പൂവൻ ചെന്നായ എന്ന മൃഗം ഒന്നുകിൽ ചെന്നായോ അല്ലെങ്കിൽ മയിലോ ആയിരിക്കാനാണ്‌ സാധ്യത. വളരെ സാധാരണമായ ഈ മൃഗങ്ങളുടെ കാര്യത്തിൽ ദുർഗ്രഹത ഉണ്ടാകേണ്ടതില്ല. രാത്രിയിൽ കാണുന്നതുകൊണ്ട്‌ പലർക്കും വ്യക്തത കിട്ടിയിട്ടുണ്ടാകില്ല. അതുകൊണ്ടാണ്‌ ഈ മൃഗത്തിന്‌ അസാധാരണ സ്വഭാവമുള്ളതായി പറയപ്പെടുന്നത്‌. വീടിന്‌ ചുറ്റും മൂന്നു വലം വെച്ചു, ഭീകരമായ ഏതോ അവസ്ഥയെ ഓർമ്മപ്പെടുത്തുന്ന വിധം  ശബ്ദം പുറപ്പെടുവിച്ചു. ആൺകോഴികളുടെ പൂവ്‌ പറിച്ചെടുത്തു തിന്നു. കുളത്തിലിറങ്ങി കുളിക്കുന്നു, ചുവന്ന വസ്ത്രങ്ങൾ കടിച്ചെടുത്ത്‌ അപഹരിക്കുന്നു തുടങ്ങിയ വിവരങ്ങൾ എങ്ങനെ പ്രചാരത്തിൽ വന്നു എന്ന്‌ മനസ്സിലാകുന്നില്ല. ജന്തുശാസ്ത്രവകുപ്പ്‌, ഇതിനെപ്പറ്റി പഠിക്കുന്നതിന്‌ ആഫ്രിക്കൻ വന്യജീവികളെപ്പറ്റി  ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഗുസ്താവ്‌ സ്കോട്ട്ജെറാൾഡിനെ സമീപിച്ചിരിക്കുകയാണ്‌.
പുരാവസ്തു വകുപ്പാകട്ടെ, പൂവന്റെ കാൽപ്പാടുകൾ പതിഞ്ഞ ഭാഗം ഫോട്ടോയെടുത്തും വീഡിയോയിൽ ചിത്രീകരിച്ചും  സെമിനാറുകൾ നടത്തി. ഭൂമുഖത്തു നിന്നും മറഞ്ഞുപോയ ഏതോ പുരാതന ജീവിയുമായി സാമ്യമുള്ളതായാണ്‌ അനുമാനിക്കുന്നത്‌. കൂടുതൽ തെളിവുകൾ കിട്ടേണ്ടതുണ്ട്‌. പാറക്കെട്ടുകളിൽ ഉൽഖനനം ചെയ്ത്‌ കൂടുതൽ എന്തെങ്കിലും ശേഖരിക്കാൻ കഴിയുമോ എന്ന്‌ പരിശോധിച്ച്‌ വരികയാണ്‌. ഒരു പക്ഷേ, പൂവന്റെ പുരാതനമായ ശരീരാവശിഷ്ടങ്ങൾ കിട്ടുകയാണെങ്കിൽ ഇക്കാര്യത്തിൽ വളരെ മുമ്പോട്ടു പോകാൻ കഴിയും.
പോലീസ്‌ മറ്റൊരു നിലപാടിലാണ്‌ എത്തിച്ചേർന്നത്‌. അവരുടെ നിരീക്ഷണത്തിൽ ഇതുവരെയും പൂവനെപ്പറ്റി വ്യക്തമായ അറിവ്‌ ലഭിച്ചിട്ടില്ല. സേനയിലെ ചിത്രകാരന്മാർ പല പടങ്ങളും വരച്ചുനോക്കിയെങ്കിലും ദൃക്സാക്ഷികൾ പറയുന്നതുമായി ഒന്നും പൂർണ്ണമായി ഒത്തുപോയില്ല. പൂവൻ വന്നുവെന്ന്‌ ഉറപ്പിച്ചു പറയുന്നവർ തന്നെ, കൂടുതൽ ചോദ്യം ചെയ്യുമ്പോൾ ഒഴിഞ്ഞു മാറുകയോ കുഴയുകയോ ചെയ്യുന്നു. പലതിനും ഉത്തരമില്ല. വേറൊരു രീതിയിലും പറയാം; ഉത്തരങ്ങൾ ഉണ്ട്‌, ചോദ്യങ്ങളില്ല. പൂവൻ ഒരു ചെറിയ പശുക്കുട്ടിയെപ്പോലെ തുള്ളിച്ചാടി എന്നാണ്‌ ഒരു വൃദ്ധൻ പറഞ്ഞത്‌. നിലാവുള്ള രാത്രിയിൽ അത്‌ മണ്ണിൽ കൊമ്പുകളുരയ്ക്കാൻ പാടുപെടുന്നതായി കണ്ടുവെന്ന്‌ ചിലർ മൊഴി നൽകിയിട്ടുണ്ട്‌. പൂവന്റെ കാൽകുളമ്പിന്റെ പാടുകൾ എന്നപോലെ ചില അടയാളങ്ങൾ പരിചയപ്പെടുത്തിയവരുണ്ട്‌. എന്നാൽ അത്‌ വയൽ ഉഴുതുമറിക്കാൻ കൊണ്ടുപോയ കാളകളുടേതായിക്കൂടെന്നില്ല.
പൂവൻ ഇല്ലാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. പൂവന്റെ കടിയേറ്റവർ, ചുംബനമേറ്റവർ, വഴക്കു കേട്ടവർ,ബാധ കൂടിയവർ തുടങ്ങി പല വർഗ്ഗങ്ങൾ തന്നെയുണ്ടായി. ഏതോ കാലത്ത്‌ നിന്ന്‌ മനുഷ്യരുടെ യുഗത്തിലേക്ക്‌ എത്തിപ്പെട്ട ഗന്ധർവ്വ സാന്നിദ്ധ്യം പോലെ, ഋതുക്കളോടും പുരാണങ്ങളോടും ദൈവങ്ങളോടും ബന്ധപ്പെടുത്തി ആ മൃഗത്തെ വിലയിരുത്തിയവരുമുണ്ട്‌. എന്തിനാണ്‌ ജീവിതം? അത്‌ നമ്മുടെ തന്നെ ഒരു പ്രതിനിധാനമാണ്‌. നമ്മൾ നഷ്ടപ്പെട്ടത്‌ തിരയുകയാണ്‌. നമുക്ക്‌ വളരെ പ്രാരംഭദശയിൽ തന്നെ തിരിച്ചറിയാൻ കഴിഞ്ഞതിനെ വീണ്ടും തിരയേണ്ട അവസ്ഥയിലെത്തുന്നതിനെ ജീവിതം എന്നു വിളിക്കാം. അതുകൊണ്ട്‌, നാം ജീവിക്കുന്നത്‌, നമ്മുടെ ജീവിതമേയല്ല. നാം ഉള്ളിൽ എന്താണോ അതിന്റെ ബദൽ പതിപ്പാണ്‌. മോഹിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ ഒരു മൃഗം നമ്മെ വശീകരിക്കുകയാണ്‌. എന്തിന്‌? നമുക്ക്‌ അതിനൊപ്പം ഓടാൻ കഴിയില്ല. എന്നാൽ അത്‌ നമ്മേക്കാൾ വേഗത്തിൽ ചിന്തിക്കുന്നുണ്ടാവണം. പൂവനുമായി ഏതെങ്കിലുമൊക്കെ തലത്തിൽ പ്രതികരിച്ചും പ്രതിപ്രവർത്തിച്ചുമാണ്‌ അവിടുള്ളവർ ജീവിച്ചത്. അവർ രാത്രിയിൽ മാത്രമല്ല, പകലും പൂവനെ അനുഭവിച്ചു. പകൽ കുളങ്ങളിൽ കുളിക്കാനിറങ്ങിയവർ പൂവന്റെ നിഴൽ കണ്ട്‌ ഭയന്നു. മരത്തിന്‌ മുകളിൽ കയറിയവർക്ക്‌ അവന്റെ അനുഭൂതിയുണ്ടായി. മഴയിൽ, വെയിലിൽ അവർ പൂവനെ കണ്ടു. മഴത്തുള്ളികൾ ചതിച്ചില്ലായിരുന്നുവെങ്കിൽ പൂവനെ പിടിക്കാമായിരുന്നു. മഴ ദൂരെ നിന്ന്‌ വരുന്നതിനെപ്പറ്റി എത്രയോ പേർ സംസാരിച്ചിട്ടുണ്ട്‌. മഴയുടെ ശബ്ദത്തിൽ പൂവന്റെ പേടിയുണർത്തുന്ന ശബ്ദവും ഇരച്ചെത്തുമായിരുന്നു. അപ്രത്യക്ഷതകളിലെ പ്രത്യക്ഷതയും പ്രത്യക്ഷതകളിലെ അപ്രത്യക്ഷതയുമായി പൂവൻ ജീവിച്ചു.
മറ്റൊരു പ്രധാന വസ്തുത, പൂവന്‌ യഥാർത്ഥത്തിൽ ജീവിക്കേണ്ട ആവശ്യം തന്നെയില്ലായിരുന്നു എന്നതാണ്‌. പൂവൻ അവരിലെല്ലാം കലങ്ങി ഇല്ലാതാവുകയായിരുന്നു. പൂവനെ കണ്ടവരായി ആരുമില്ലെന്ന്‌ സർക്കാർ തന്നെയിപ്പോൾ വിജ്ഞാപനം പുറത്തു വിട്ടിരിക്കയാണ്‌. എന്തെല്ലാമാണ്‌ സർക്കാരിന്റെ കണ്ടെത്തലിൽ അടങ്ങിയിട്ടുള്ളത്‌?
പൂവൻ ചെന്നായ എന്ന ഒരു മൃഗം ജീവിച്ചിരിക്കുന്നില്ല. കാരണം അങ്ങനെയൊരു മൃഗത്തിന്റെ സാന്നിദ്ധ്യത്തെ ലോകത്തിലെ ഒരു ജന്തുഗവേഷകനും അംഗീകരിക്കുന്നില്ല. തെളിവിനായി ആ ജീവിയുടേതെന്നു പറയാവുന്ന ഒരു ശരീരഭാഗവും ആരുടെയും കൈവശമില്ല. പൂവൻ ചെന്നായ തീർത്തും ഒരു കൽപിത കഥയാണ്‌. അതിന്‌ യാഥാർത്ഥ്യവുമായി ബന്ധമില്ല. അത്‌ ആളുകൾ കാലങ്ങളിലൂടെ മെനഞ്ഞുണ്ടാക്കി വിശ്വസിപ്പിച്ച അഭൗതികമായ ഒരു സംഭവമാണ്‌. മറ്റുള്ളവർ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഏതൊരാൾക്കും അതിന്റെ ഭാഗമാകാൻ തോന്നും. വിശ്വസിക്കുക എന്നത്‌ മനുഷ്യന്റെ വിധിയാണ്‌. പൂവനിൽ വിശ്വസിച്ചില്ലെങ്കിൽ, ഗ്രാമവാസികൾ തമ്മിലുള്ള ആശയവിനിമയം പോലും അസാധ്യമായി മാറും. ആ ജീവിയെ വിശ്വസിച്ചതും അതിന്റെ അനുഭവം തങ്ങൾക്കുണ്ടായി എന്ന്‌ പലരും പറഞ്ഞതും പ്രത്യേക മനോനിലയുടെ  പ്രതിഫലനമാണ്‌. ഒരിക്കൽ പോലും, അങ്ങനെയൊരു ജീവിയുടെ സാന്നിദ്ധ്യം തെളിയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. രാത്രിയിൽ, അതിനെ തേടിയിറങ്ങിയ സ്ത്രീകൾ കണ്ടതും വിറച്ചതുമൊക്കെ അവർ തന്നെ കൽപ്പിച്ചുണ്ടാക്കിയ ചില ദൃശ്യങ്ങളാണ്‌. അവർ പൂവനെ അവരുടെ ശരീരത്തിന്റെ ഒരു അവയവം പോലെ കൊണ്ടു നടക്കുകയായിരുന്നു.
പൂവനെപ്പറ്റി പലരും വിരുദ്ധങ്ങളായ സങ്കൽപങ്ങളാണ്‌ പുലർത്തിയത്‌. എത്രയോ തർക്കങ്ങളും സംഘട്ടനങ്ങളുമാണ്‌ ഉണ്ടായത്‌. രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവർപോലും പൂവന്റെ പേരിൽ രണ്ടു തട്ടിലായിട്ടുണ്ട്‌. ഒരു പാർട്ടിക്കാർ തന്നെ പൂവന്റെ കാര്യം പറഞ്ഞ്‌ ഗ്രൂപ്പുകളായി പിരിഞ്ഞ്‌ സ്ഥിരവൈരത്തിലേക്ക്‌ വീണിട്ടുണ്ട്‌.
പൂവൻ എല്ലാവരെയും വളർത്തി; സംഹരിക്കുകയും ചെയ്തു. ചില മത്സ്യങ്ങൾ ജലത്തിൽ നീങ്ങുമ്പോൾ അവയുടെ കണ്ണുകൾക്ക്‌ മുകളിലായി എന്തോ തിളങ്ങുന്നതായി തോന്നും. സ്ഫടിക സമാനമായ ഒരു ഉപരിതലമാണത്രേ അത്‌. അവയുടെ സ്വപ്നങ്ങൾ കൂട്ടിവെയ്ക്കുന്ന ഇടം. നീന്തുമ്പോൾ മീനുകൾ സ്വപ്നങ്ങളെ കൂട്ടുപിടിക്കാറില്ല. എന്നാൽ അടിത്തട്ടിൽ വിശ്രമത്തിനായി നങ്കൂരമിടുമ്പോൾ, അവ സ്വപ്നങ്ങളെ ഒന്നൊന്നായി പുറത്തേക്കു കൊണ്ടുവരുന്നു. രാവിന്‌ അത്‌ തിളക്കം കൂട്ടുകയാണ്‌. ഈ ലോകത്തിന്റെ ഐന്ദ്രിയ മതങ്ങൾക്ക്‌ മുകളിൽ, മീനകൾ അനൈഹികമായ പ്രകാശരേണുക്കൾ ഉൽപാദിപ്പിക്കുന്നു. നിറമില്ലാത്ത ജലാശയത്തിൽ, അത്‌ സൂര്യനെയും നക്ഷത്രങ്ങളെയും ചുമന്നുകൊണ്ട്‌ അപരിചിതമായ ജീവിതാവിർഭാവങ്ങളിലേക്ക്‌ തിരയുന്നു. ഈ പൂവനും അതുപോലെയാകാം. എന്നാൽ ഒരിക്കലും വരാത്ത ഒരു ജീവിയെ എങ്ങനെ മത്സ്യങ്ങളുടെ നിത്യതയുമായി ബന്ധിപ്പിക്കും. പൂവന്റെ തലയിലെ ശിഖരങ്ങളോടു കൂടിയ കൊമ്പുകൾ, പലരുടെയും വിവരണം ചേർത്തുവെച്ചു നോക്കിയാൽ, സൂര്യന്റെ കത്തുന്ന പ്രകാശമാണ്‌. ആ കൊമ്പുകൾ മാത്രമാണ്‌ പ്രകാശം കോരിച്ചൊരിയുന്നത്‌. അത്‌ കലാപരമായും സൗന്ദര്യാത്മകമായും, ആ നാട്ടുകാരെ പ്രലോഭിപ്പിക്കുന്നതാവണം. അതുപോലെ പ്രകാശശിഖരങ്ങളുള്ള ഒരു ജീവിയെ പ്രതീക്ഷിക്കുന്നത്‌ കുറ്റമാണോ? സ്വപ്നം കാണുന്നത്‌ വലിയ പാപമാണോ? ജീവിച്ചിരിക്കുമ്പോഴല്ലാതെ, മരണാനന്തരം സ്വപ്നങ്ങൾ കൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടോ? അതുകൊണ്ട്‌ അവർ ജീവിപ്പിച്ച പൂവനെ വെറും സർക്കാർ കുറിപ്പിന്‌ തകർക്കാനാവില്ല.
ഈ പ്രപഞ്ചത്തിലെ ഏറ്റവും ഹൃദയശുദ്ധീകരണ ശക്തിയുള്ള സംഗീതം പോലെ പൂവന്റെ ഓർമ്മയെ താലോലിച്ചവരുണ്ട്‌. അവർ കിട്ടിയ സമയംകൊണ്ട്‌ രാത്രിയിലെ പ്രകാശമാനമായ കൊമ്പുകളുടെ ദൈവികതയിലും അപാര നിശീഥസ്വനങ്ങളിലും പരന്നൊഴുകാൻ തുടിച്ചു. നഷ്ടപ്പെടുമെന്നുറപ്പുള്ള എല്ലാ മായികദൃശ്യങ്ങളുടെയും ഈണങ്ങളുടെയും അനുഭവം അവരെ ഈ ജീവിതത്തിന്റെ മാറ്റ്‌ ഇരട്ടിയാക്കാൻ നിർബന്ധിച്ചു. അവർ സ്വയമറിയാതെ തന്നെ ആ അപാരതകളെ സ്വന്തം പരലോകവുമായും കൂട്ടിക്കുഴച്ചു. ഈ ലോകത്ത്‌ നിന്ന്‌ പൂവനെപ്പറ്റി ജ്യോത്സ്യന്മാരും ചില നിഗമനങ്ങളിലെത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ട വാദം ഇപ്രകാരമാണ്‌: പൂവൻ മനുഷ്യരുടെ ദൃഷ്ടിയിൽപ്പെടാതെയിരിക്കാനാണ്‌ രാത്രിയിൽ തിരക്കിട്ട്‌ പോകുന്നത്‌. മനുഷ്യരുടെ ദൃഷ്ടി പതിക്കുന്നതോടെ വാസ്തവികതയ്ക്ക്‌ മേൽ ദൂഷിതമായ ഒരു വലയം സൃഷ്ടിക്കപ്പെടുന്നു. വസ്തുവിനെ കളങ്കിതമാക്കുന്നു. അതുകൊണ്ട്‌ ആവിർഭാവത്തിനുമേൽ മനുഷ്യദൃഷ്ടി പതിക്കുന്നതിന്‌ മുമ്പുള്ള ശുദ്ധാവസ്ഥ നിലനിർത്താനാണ്‌ പൂവന്റെ വേഗയാത്ര.
മനുഷ്യദൃഷ്ടിക്ക്‌ ചന്ദ്രനുമായി ബന്ധമുള്ളതിനാൽ, അതിൽ ലോകജീവിതത്തെ പാപവലയത്തിൽ കുടുക്കുന്നതും മോഹിപ്പിക്കുന്നതും മലിനമാക്കുന്നതുമായ ഘടകങ്ങൾ ഉൾച്ചേർന്നിട്ടുണ്ട്‌. ചാന്ദ്രരശ്മികളുടെ സത്തയിൽ നിന്നാണ്‌ മനുഷ്യ നേത്രങ്ങൾ ഉടലെടുത്തിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഇരുട്ടിൽ  നേത്രങ്ങൾ ഒന്നും ചെയ്യാത്ത വസ്തുക്കളാണ്‌. ഈ സമയമാണ്‌ പൂവൻ ജ്വലിക്കുന്നത്‌. മനുഷ്യനേത്രങ്ങളുടെ ബലഹീനതയിലാണ്‌ അവന്റെ തുടിപ്പുകൾ പൂർണ്ണമാകുന്നത്‌. മനുഷ്യ നേത്രങ്ങളാകട്ടെ, നോക്കി നോക്കി രക്തമൂറ്റി ഭൂമിയുടെ ശ്മശാനത്തിലേക്ക്‌ എല്ലാറ്റിനെയും തള്ളിയിടുന്നു. മൃണ്മയമായതിനെയെല്ലാം അത്‌ പെട്ടെന്ന്‌ കണ്ടെത്തി ഇല്ലാതാക്കുന്നു. എങ്ങനെ വിടവാങ്ങും?. നിത്യമനോഹരമായ ഈ ദൃശ്യവും അതിന്റെ അലകളും എങ്ങനെ ഇവിടെ ഉപേക്ഷിക്കും? കുറേക്കാലം കഴിയുമ്പോൾ അവർ ഇവിടം വിട്ട്‌ പോകേണ്ടവരാണ്‌. അങ്ങനെ പോകുന്ന ഘട്ടത്തിൽ, പോയശേഷം, ഈ ദൃശ്യവും അതിന്റെ അവിസ്മരണീയമായ സംഗീതവും ഇവിടെ അടങ്ങാത്ത തിരകളെ പോലെ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയില്ലേ?. തീർച്ചയായും അങ്ങനെതന്നെ തിരയടിക്കും. പരലോകത്ത്‌ എത്തിയവർ, ഒരൊഴിവ്‌ കിട്ടിയാൽ പൂവനെ തേടി രാത്രിയിൽ ഇങ്ങോട്ടു വരാതിരിക്കില്ല. അങ്ങനെ പൂവൻ ഒരേസമയം ഇഹലോകത്തും പരലോകത്തും പ്രഭ ചൊരിയുകയാണ്‌. ജീവിക്കുന്നവരുടെയും മരിച്ചവരുടെയും ഓർമ്മയുടെ മാംസത്തിലെ അതിസൂക്ഷ്മ നാഡികളിലേക്കു പോലും അവൻ കയറി ഓടുകയാണ്‌. പ്രാണായാനങ്ങളുടെ വാതിലുകളിൽ അവൻ സദാ മുട്ടിവിളിക്കുകയാണ്‌. അദൃശ്യവും അപ്രവചനീയവുമായ ഒരാരവം അവൻ സദാ ഉയർത്തുകയാണ്‌. അവൻ ഒരേ സമയം ദൃശ്യത്തിലും അദൃശ്യത്തിലും ഓടുകയാണ്‌. പൂവനെവിട്ട്‌ മണ്ണിൽ ലയിക്കുന്നവർ, എങ്കിലും കലശലായ വിഷാദത്തിലൂടെ കടന്നു പോകാതിരിക്കില്ല. അവരുടെ പരലോകത്തെപ്പറ്റിയുള്ള സന്ദിഗ്ധാശിലാവസ്ഥയാണ്‌ കാരണം. പരലോകവുമായി നിത്യസമ്പർക്കം പുലർത്തുന്നവർക്ക്‌ പൂവന്റെ സംഗീതവും ദൃശ്യാനുഭവവും ഉൾക്കൊള്ളാനായില്ലെങ്കിൽ, മണ്ണുകളുടെ അടരുകൾക്കിടയിലിരുന്ന്‌ അവർക്ക്‌ ദുഃഖിക്കേണ്ടിവരും.
ഭൗതികലോകത്തു തന്നെ നാം വളരെ വ്യക്തിപരമായ ഒരഭൗമ ലോകം സൃഷ്ടിച്ചു കൊണ്ടാണ്‌ ജീവിക്കുന്നതെന്ന്‌ തിരിച്ചറിയാനാവുന്നു. ഈ ഭൂമിയിൽ നിന്ന്‌ വാങ്ങാനാവാത്ത, മനുഷ്യ സ്വഭാവത്തിനിണങ്ങാത്ത ചില ഭാവങ്ങൾ, യുക്തിയെ വെല്ലുവിളിച്ചുകൊണ്ട്‌ പ്രകടമാവുകയാണ്‌. നമ്മുടെ ദൈനംദിന പ്രവൃത്തികളിൽ അത്‌ ഉണ്ടായിരിക്കില്ല. ചില വേളകളിൽ അത്‌ പുറത്തേക്ക്‌ വന്ന്‌ നമ്മെ എവിടേക്കോ ഉയർത്തിക്കൊണ്ട്‌ പോകുന്നു. പൂവനും അതേ ചെയ്യുന്നുള്ളു എന്ന്‌ വാദിച്ചവരുണ്ട്‌. അവർ മിക്കവരും സ്മൃതികളായി കഴിഞ്ഞു. അവർ ഏതോ ദേശത്തിരുന്ന്‌ പൂവനെ ഉള്ളിലേക്ക്‌ വാരി നിറയ്ക്കുകയാണ്‌. അവരുടെ കണ്ണുകളടയുമ്പോഴും, പൂവൻ ഓടുകയായിരുന്നു. ജീവിതത്തിൽ നിന്ന്‌ മരണത്തിലേക്ക്‌. അല്ല, മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഇടനാഴിയിലേക്ക്‌.
പതിവുപോലെ പൂവനെ കാത്ത്‌ ഇപ്പോഴും ചെറുപ്പക്കാരും വീട്ടമ്മമാരും ഉറക്കമൊഴിയുന്നു. അവനുവേണ്ടി തൊടിയിലെ ചുവന്ന പട്ടുകൊണ്ടു മൂടിയ കല്ലിൽ ഭക്ഷണം കൊണ്ടു വയ്ക്കുന്നവരുണ്ട്‌.
ആ രാത്രിയിൽ, അവൻ വളരെ വേഗത്തിൽ ഓടുകയായിരുന്നില്ല; വലിയ ചുറ്റളവിൽ പ്രദക്ഷിണം വയ്ക്കുകയായിരുന്നു. പൂവൻ എന്തോ കണ്ട്‌ ഭയന്നിട്ടുണ്ടാകുമെന്ന്‌ മുതിർന്നവർ പറഞ്ഞത്‌ സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസമായി. ഒന്നരമീറ്ററിലേറെ ദൂരെയാണ്‌ പൂവൻ ഓരോ ചാട്ടത്തിലൂടെയും മറി കടന്നത്‌. ഇടയ്ക്ക്‌ ഭൂഗർഭത്തിലെ മുഴക്കം അടങ്ങിയ ശബ്ദവും പുറപ്പെടുവിച്ചിരുന്നു. ചെറിയ ചെടികൾ അവന്റെ ഓട്ടത്തിൽ ഇളകിയാടി. കാറ്റിനെ പിടിച്ചു കെട്ടുന്ന വിധം അവൻ രാത്രിയുടെ കരിയിലകൾക്കിടയിലൂടെ കുതിച്ചു പാഞ്ഞു. വെട്ടിത്തിളങ്ങിയ കൊമ്പുകൾ ജ്വാലാമുഖിയായ ഇടിമിന്നലിനെപ്പോലെ ഇലകളിൽ കുത്തിയുരുമ്മി നേരിയ ഒച്ചയുണ്ടാക്കുക തന്നെ ചെയ്തു. വൃക്ഷച്ചില്ലകളിൽ പുരാതന സ്മൃതികളുടെ കാറ്റുവീശി. തീവ്രമായ മഥനത്തിന്റെ പ്രകമ്പനം. ദൂരെ,വളരെ  ദൂരെ പൂവൻ ചെന്നായ ഒരാരവമായി അലിഞ്ഞ്‌ ചേരുന്നുണ്ടായിരുന്നു
.

No comments: