critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Tuesday, August 26, 2025
Monday, August 25, 2025
നോവൽ തെറാപ്പി /എം.കെ.ഹരികുമാർ
അക്ഷരജാലകം
നോവൽ
തെറാപ്പി എന്ന ഒരു മേഖല രൂപപ്പെടുകയാണെന്നു തോന്നുന്നു. സംഗീതത്തിലൂടെ
രോഗശാന്തി തെളിയിക്കപ്പെട്ടിട്ടുണ്ട്. രോഗികളെയും മാനസികനില തെറ്റിയവരെയും
സംഗീതത്തിലൂടെ പരിചരിക്കാറുണ്ട്. സംഗീതം ഇതരജീവികളിലും ആന്തരിക
ചലനങ്ങളുണ്ടാക്കുമെന്നു നിരീക്ഷണങ്ങളുണ്ട്. നോവൽ തെറാപ്പി എന്നു പറഞ്ഞത്
പുതിയ തെറാപ്പി എന്ന അർത്ഥത്തിലല്ല ;നോവൽ വായനയിലൂടെ ഒരു തെറാപ്പി
സാധ്യമാകുന്നു എന്ന ധാരണയിലാണ്.മനസ്സിനു ഉത്തേജനം നല്കുന്ന പുസ്തകങ്ങളുണ്ട്
.അക്കൂട്ടത്തിൽ നോവലുകളുണ്ട് .റിച്ചാർഡ് ബാക് എഴുതിയ 'ജോനഥൻ ലിവിംഗ്സ്റ്റൺ
സീഗൾ',പാവ്ലോലോ കൊയ്ലോയുടെ 'ആൽക്കമിസ്റ്റ്',വിക്ടർ ഫ്രാങ്ക്ലിന്റെ
ഓർമ്മക്കുറിപ്പുകളടങ്ങിയ 'മാൻസ് സേർച്ച് ഫോർ മീനിംഗ്',തോറോയുടെ കാടോർമ്മകൾ
വിവരിക്കുന്ന 'വാൽഡൻ',റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിൻ്റെ
'മെഡിറ്റേഷൻസ്', ചൈനീസ് നോവലിസ്റ്റ് യു ഹുവയുടെ 'ക്രോണിക്കിൾ ഓഫ് എ ബ്ലഡ്
മർച്ചന്റ്',ഖലിൽ ജിബ്രാന്റെ ജീവിതസാരത്തെ പരാമർശിക്കുന്ന 'ദ് പ്രോഫറ്റ്'
തുടങ്ങിയ പുസ്തകങ്ങൾ വായിക്കുന്നത് ഒരു തെറാപ്പിയായി കാണാവുന്നതാണ്.
വായനയുടെ വേളയിൽ ആശ്വാസം ലഭിക്കും. നോവൽ വായനയിലൂടെ ആത്മശാന്തിയും
സംഗീതബോധവും നേടാനാഗ്രഹിക്കുന്നവർക്ക് ഇ.പി. ശ്രീകുമാറിന്റെ 'സ്വരം'(ഡിസി)
വായിക്കാം.
കുട്ടിക്കാലം മുതലുള്ള സംഗീതപഠനവും
തൻ്റെ അച്ഛൻ്റെ ഓർമ്മ നഷ്ടപ്പെട്ട കാലത്തെക്കുറിച്ചുള്ള ചിന്തകളും ഈ കൃതി
എഴുതാൻ പ്രേരിപ്പിച്ചതായി അദ്ദേഹം കുറിക്കുന്നുണ്ട്: 'പ്രപഞ്ചത്തിലെ സമസ്ത
ജീവജാലങ്ങളെയും സ്വാധീനിക്കാൻ കഴിവുള്ള ,നിയന്ത്രിക്കാൻ കഴിയുന്ന സംഗീതം
എന്ന മഹാപ്രതിഭാസത്തെ മനസ്സിലാക്കി. അങ്ങനെ അനേകകാലം കൊണ്ട് ശേഖരിച്ച
വിവരങ്ങളും അറിവിലേക്ക് ചേർത്ത അനുഭവസാക്ഷ്യങ്ങളും എന്നിലെ സംഗീതചിന്തകൾ
അതിരില്ലാതെ വളരുവാനും തനത് സംഗീതസങ്കൽപ്പനങ്ങൾ രൂപപ്പെടുവാനും ഇടയാക്കി.ആ
സങ്കല്പങ്ങളിൽ ശ്രുതിയും രാഗവും താളവും ലയവും എനിക്ക് മാത്രം പ്രാപ്യമായ
സവിശേഷ പൂർണഭംഗിയാർജിച്ചു.' ഓർമ്മകളെ ശുദ്ധികരിക്കാനും സംഗീതത്തിനുള്ളിലെ
സംഗീതം അറിയാനുമാണ് ഈ നോവൽ രചിച്ചത് .നോവൽ എഴുതുന്നതും തെറാപ്പിയാണെന്നു
ഇതിലൂടെ തെളിയുകയാണ്.സംഗീതത്തിൽ അഭിനിവേശമുള്ളവർക്ക് 'സ്വരം' ആദ്യന്തം
രസാനുഭവമായിരിക്കും. എന്നാൽ സംഗീതപാണ്ഡിത്യമില്ലാത്തവർക്ക്, അത്
ആസ്വദിക്കാൻ മനസ്സുള്ളവർക്ക് ഇത് നല്ല ഓർമ്മകൾ സമ്മാനിക്കും.
മറവിയുടെ നിർമ്മാണം
മനുഷ്യമനസ്സിലെ
ഓർമ്മകൾ പഠന വിഷയമാണ്. എത്ര പഠിച്ചാലും തീരില്ല. ഓർമ്മകൾ ഇല്ലാതാകുന്നത്
തലച്ചോറിലെ കോശങ്ങൾ നഷ്ടപ്പെടുന്നതുകൊണ്ടാണെന്നു പറയുന്നത് ശാസ്ത്രീയ
വിശദീകരണമാണ് .എന്നാൽ അതിനപ്പുറം മനുഷ്യമനസ്സ് പിൻവാങ്ങുന്നതിൻ്റെ
സൂചനകളായി അതിനെ കാണാവുന്നതാണ്. ജീവിതത്തിൽ കാര്യമായൊന്നും ചെയ്യാനില്ലാതെ
വരുമ്പോൾ ജീവിതപ്രേമം കൊണ്ടുനടന്ന ഒരു മനസ്സ് സാവധാനം തകരും .അത്
തലച്ചോറിനെ ബാധിക്കുമെന്നു പറയുന്നത് രസാവഹമായിരിക്കില്ല. ഒരു
പിൻവാങ്ങലിനുള്ള അബോധത്വര മനസ്സിനെ പിന്നോട്ട് വലിക്കുന്നു.പരിചിതമായതിൽ
നിന്ന് രക്ഷനേടാൻ തോന്നും. മൗനം അനുവാദമില്ലാതെ മനസ്സിലേക്ക് ഇഴഞ്ഞു താവളം
ഉറപ്പിക്കും. ശരീരത്തിനു ക്ഷയമുണ്ടാകുന്നു. നിശ്ചലമായതിൽ നിന്ന് നവോന്മേഷം
ഉണ്ടാവുകയില്ല .
ജീവിതം ഒരു ചക്രമാണെന്നു
പറയാറുണ്ട്. ജനനം - മരണം എന്ന ചക്രം .എന്നാൽ ജീവിതം യാത്രയുമാണ് .ആ
യാത്രയ്ക്ക് ഒരു പ്രചോദനം വേണം. അത് ഒരു വ്യക്തിയാകാം, ഉപാസനയാകാം ,
കലയാകാം ,സ്വപ്നമാകാം. ഇതെല്ലാം നഷ്ടപ്പെടുന്നവർ മനസ്സിൽ ദ്രവിക്കുകയാണ്
.അവർക്ക് ഭാഷ നഷ്ടപ്പെടുകയാണ് .അവർ പറയുന്നത് വ്യക്തമായി കേൾക്കാമെങ്കിലും
അർത്ഥം ആർക്കും ഗ്രഹിക്കാനാവില്ല. അവർക്ക് സംവേദനം ചെയ്യാൻ കഴിഞ്ഞാൽ പോലും
അതിനു ആരും വില കൊടുക്കുകയില്ല .ഈ ലോകം പ്രതാപത്തിലും പ്രതികാരത്തിലും
അധികാരത്തിലും ഹിംസയിലുമാണ് ചുറ്റിത്തിരിയുന്നത്.തെറ്റു ചെയ്യാത്തവർ
ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കും. ഓർമ്മകൾ നശിപ്പിക്കാൻ വേണ്ടിയാണ് വീണ്ടും
വീണ്ടും ഓർക്കുന്നത് പോലും. ഒരേ കാര്യം തന്നെ ഓർക്കുന്നത് ഓർമ്മ
ഇല്ലാതാക്കുകയാണ്.
മറവിയായിരിക്കും നിർമ്മിക്കപ്പെടുക. ഒന്നും ഓർക്കാനില്ലാത്തവർക്ക് മറവി ആശ്വാസമാണ് .എല്ലാം മറക്കുക എന്ന് മനസ്സിൽ പറഞ്ഞു പോകും.
വസ്തുക്കൾ ആത്മഹത്യ ചെയ്യും
ദൈവ
ചിന്തയിൽ, പ്രാർത്ഥനയിൽ എല്ലാ വിഷയങ്ങളിൽ നിന്നും രക്ഷിക്കൂ എന്നാണ്
പറയുക. ഈ രക്ഷ ഓർമ്മകളിൽ നിന്നുള്ള രക്ഷയാണ്. നമ്മളിൽ നിന്ന് നോവിക്കുന്ന
ഓർമ്മകൾ മാത്രം എടുത്തു മാറ്റാൻ പ്രകൃതിക്കു താത്പര്യമില്ല .നമ്മൾ
ആവശ്യപ്പെടുന്നത് അതേപടി പ്രകൃതി മനസ്സിലാക്കണമെന്നില്ല .ഓർമ്മകൾ എന്നു
പറയുമ്പോൾ അതിൽ നല്ലതും ചീത്തയുമെല്ലാം ഉൾപ്പെടും. ഇതിനു തെളിവെന്നോണം ഒരു
ഭാഗം നോവലിലുണ്ട് :'സംഭവങ്ങളെ ശ്രദ്ധയോടെ ഓർമ്മയിൽ സൂക്ഷിക്കാതിരുന്നാൽ അവ
ക്രമേണ നശിക്കുന്നു .ഷെൽഫിൽ വെച്ചിട്ടുള്ള വസ്തുക്കൾ ഇടയ്ക്കൊക്കെ എടുത്ത്
ഉപയോഗിച്ചില്ലെങ്കിൽ അവയുടെ തിളക്കം നഷ്ടപ്പെടുകയോ അവ കേടുവരികയോ
ചെയ്യില്ലേ? പുതിയ ഓർമ്മകൾ പഴയവയെ മറക്കാൻ നിർബന്ധിക്കും. ഓർമ്മകളെ നാം
കോഡ് രൂപത്തിൽ സൂക്ഷിക്കുന്നതുകൊണ്ട് ചിലത് തിരിച്ചെടുക്കാൻ കഴിയാതെ
വരും.' ഇതിൽ നിന്ന് നോവലിസ്റ്റ് ഓർമ്മകളുടെ കാര്യത്തിൽ പുലർത്തുന്ന ജാഗ്രത
വ്യക്തമാണ്.
ഏതൊരു വസ്തുവിലും നമ്മുടെ ശ്രദ്ധ
ചെന്നില്ലെങ്കിൽ ജീവിതത്തോടുള്ള വിമുഖത പ്രകടിപ്പിക്കും .അത് മങ്ങിപ്പോകും.
അത് ആത്മഹത്യ ചെയ്യും. നാം ജീവൻ കൊടുക്കുന്നതുകൊണ്ടാണ് നമ്മുടെ പരിസരവും
വാക്കുകളും ചലിക്കുന്നത്. അല്ലെങ്കിൽ അതെല്ലാം മൃതാവസ്ഥയെ ഓർമ്മിപ്പിക്കും
.നമുക്ക് ജീവിതം വേണമെങ്കിൽ നാം ചുറ്റുമുള്ളവയെയും ജീവിപ്പിക്കണം. അത്
നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
അമെരിക്കൻ
നോവലിസ്റ്റ് റിച്ചാർഡ് ബാക് എഴുതി: 'നിങ്ങളുടെ മനസ്സിനെ മാറ്റിമറിക്കാൻ
നിങ്ങൾക്ക് സ്വാതന്ത്യമുണ്ട്, ഒരു പുതിയ ഭാവിയോ വ്യത്യസ്തമായ ഒരു ഭൂതകാലമോ
തിരഞ്ഞെടുക്കാൻ. നാം നമ്മുടെ ഭൂതകാലം തിരഞ്ഞെടുക്കുന്നത് വലിയ ഒരു ആശയമാണ്
.ഓരോ ഓർമ്മയും ഓർക്കും തോറും മാറുകയാണ്. മാർസൽ പ്രൂസ്തിൻ്റെ ഒരു
വാക്യമുണ്ട് .ഓരോന്നും നാം ഓർക്കുമ്പോൾ അത് ആരംഭത്തിൽ, ഭൂതകാലത്തിൽ
എങ്ങനെയായിരുന്നുവോ അതിൽ നിന്ന് വ്യതിചലിചാരിക്കുമെന്ന് .
എന്തും
സoഗീതമായി കാണുന്ന നോവലിസ്റ്റ് ഇങ്ങനെ കുറിക്കുന്നു:'പണ്ട് ഞാൻ, നന്നായി
കൂർക്കം വലിച്ചിരുന്ന അമ്മാവൻ്റെ കൂർക്കംവലി ശ്രുതി അളന്നു.അത്
ഒന്നരക്കട്ടയായിരുന്നു. ഉച്ചത്തിൽ മാത്രം സംസാരിച്ചിരുന്ന ബാധിര്യം ബാധിച്ച
അമ്മായി മൂന്നു കട്ട ശ്രുതിയിലാണ് സംസാരിച്ചിരുന്നത്. അമ്മാവൻ്റെ
ഉറക്കത്തിൽ അരികിലിരുന്നു കുറേനേരം രണ്ടുകട്ട ശ്രുതിയിട്ടപ്പോൾ കൂർക്കംവലി
രണ്ടു കട്ടയിലേക്ക് മാറി.'
എല്ലാ വികാരങ്ങളുടെയും ആന്തരിക ധ്യാനം
നമ്മുടെയൊക്കെ
ജീവിതം ഓരോ ശ്രുതിയിലാണ്. അത് ഓരോ ഒറ്റയടിപ്പാതയായി നീളുകയാണ്.
സമാന്തരങ്ങൾക്കിടയിൽ മൗനം ഘനീഭവിക്കുകയാണ്. സംഭാഷണങ്ങളുടെ അദൃശ്യത .
അനുഭവങ്ങളുടെ അസ്പൃശ്യത. എന്തെന്നാൽ വ്യക്തിഗതമായി ഹൃദയത്തിലാണ്
സംഗീതമുള്ളത്. അത് ഒരാളുടേതാണ്.ഛാന്ദോഗ്യോപനിഷത്തിൽ ഹൃദയത്തെ
നിർവ്വചിക്കുന്നുണ്ട്. ഹൃദയത്തിലാണ് ആത്മാവുള്ളത്. ഹൃദി അയം എന്നതാണ്
ഹൃദയത്തിൻ്റെ നിർവ്വചനം .ഹൃദയത്തിൽ ഇതാ ആത്മാവ് എന്നാണർത്ഥം.
സ്വഹൃദയത്തിലാണ് ആത്മാവുള്ളതെന്നു അറിയാനുള്ള ഉപാധിയാണ് സംഗീതം. അതുകൊണ്ട്
ഹൃദയാകാശത്തെ കാമിക്കുന്നവൻ ബ്രഹ്മത്തെ അനുഭവിക്കുന്നു. സംഗീതം
പ്രാപഞ്ചികമായ ലയമാണ്. എല്ലാ വികാരങ്ങളുടെയും
ആന്തരികധ്യാനമാണ്.ശബ്ദത്തിലാണ് സംഗീതം .ഓം എല്ലായിടത്തുമുണ്ട്. അതാണ്
ബ്രഹ്മം.എന്നാൽ അത് സംഗീതമായി എല്ലാവരും അനുഭവിക്കുന്നില്ല. അത്
ഹൃദയത്തിലുള്ളതായി പലരും അറിയുന്നില്ല.
സംഗീതം
ഓർമ്മയിൽ നിന്നാണ് പിറക്കുന്നതെന്ന അറിവിൽ നോവലിസ്റ്റ് മനുഷ്യത്വത്തെയാണ്
തേടുന്നത് .അസ്തിത്വത്തിൻ്റെ അതിഗഹനമായ അടരുകളിലേക്ക് യാത്ര ചെയ്യുകയാണ്
ലക്ഷ്യം. അതിനായി ഓർമ്മ, മറവി ,സംഗീതം എന്നിവയെ ആശ്രയിക്കുന്നു. മനുഷ്യനു
ഒന്നും ഓർക്കാൻ കഴിയുന്നില്ലെങ്കിൽ, സംഗീതം സ്വാധീനിക്കുമോ? സംഗീതം
അബോധത്തിലാണുള്ളതെങ്കിൽ അതിൻ്റെ സൂചന തരുമോ ?എങ്കിൽ ധ്വനി ഏത് വാക്കിലും
തിരയണം. 'ഇരുപത്തിരണ്ട് ശ്രുതികളെപ്പറ്റി സിദ്ധാർത്ഥസർ പറഞ്ഞത് പല
ദിവസങ്ങളെടുത്താണ്. ഏത് ശബ്ദവും ധ്വനിയാണെന്നു പറഞ്ഞായിരുന്നു തുടക്കം.
ധ്വനിയിൽ നിന്നാണ് നാദത്തിലെത്തുന്നത്. ധ്വനി സംഗീതാത്മകമാകുമ്പോൾ അത്
നാദമാകുന്നു. മണിയടി ശബ്ദം നാദമാണെന്നു പറയാം. ഒരു സ്റ്റീൽ ഗ്ലാസ്സിൽ സ്പൂൺ
കൊണ്ടു തട്ടുമ്പോൾ അതും നാദമാകുന്നു. തിരഞ്ഞെടുത്ത നാദത്തിൽ നിന്നും
സംഗീതം ഉണ്ടാവുമ്പോഴാണ് ശ്രുതി നാം തിരിച്ചറിയുന്നത്.
സപ്തസ്വരസഞ്ചാരത്തിന്മേൽ ഷഡ്ജത്തിനും കീഴ് ഷഡ്ജത്തിനും മധ്യേ അനേകം
ഫ്രീക്വൻസികളുണ്ട്. അവയ്ക്കുള്ളിലൂടെ യാത്ര ചെയ്യുമ്പോൾ സഞ്ചാരം
തടസ്സപ്പെടുത്തുന്ന ചില ബിന്ദുക്കളുണ്ട്. ആ മർമ്മങ്ങൾക്ക് നാദങ്ങളെ തമ്മിൽ
ബന്ധിപ്പിക്കാനുള്ള കഴിവുണ്ട്. മർമ്മങ്ങളിൽ സ്വരസഞ്ചാരം നിലയ്ക്കുമ്പോൾ
അവിടെ തങ്ങി നിൽക്കുന്ന നാദം കമ്പനം കൊള്ളുന്നത് ശ്രവണേന്ദ്രിയ സിദ്ധിക്ക്
കേൾക്കാനാവും. കേവലം 45 മില്ലി സെക്കൻഡ് നേരം മാത്രം കേൾവിയിൽ
ഒട്ടിനിൽക്കുന്ന അതിൻ്റെ അനന്യത പ്രത്യേകം തിരിച്ചറിയാനാകും .അതാണ് ശ്രുതി
.തിരഞ്ഞെടുത്ത നാദങ്ങളിൽ നിന്നും 22 ശ്രുതികളെ കണ്ടെത്തിയിട്ടുണ്ട്
,സപ്തസ്വരസഞ്ചാരത്തിൽ. ഈ ശ്രുതികളിൽ നിന്നാണ് സ്വരങ്ങൾ ഉണ്ടാകുന്നത് .'
മറവി ഒരു രാഗമാണ്
ഇങ്ങനെ
അപഗ്രഥിക്കുമ്പോൾ സംഗീതത്തിന്റെ സഞ്ചാരപഥം വ്യക്തമാകുന്നു .എന്നാൽ സംഗീതം
നമ്മുടെ ലൗകികവും അലൗകികവുമായ അനുഭവങ്ങളെ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത്
.അസ്തിത്വത്തിൻ്റെ ഒരടി മുകളിൽ വിഹരിക്കാൻ അത്
സഹായിക്കുന്നു.ലോകജീവിതത്തിൻ്റെ , സംസാരത്തിന്റെ ലാഭനഷ്ടങ്ങളോടോ ,മൃതിയോടോ
സന്ധിചെയ്യാത്ത മനസ്സിൻ്റെ ആയിത്തീരലാണത് .മനസ്സ് നിശ്ശബ്ദതയുടെ ഒരിടമാണ്.
എന്നാൽ അതിൽ മനുഷ്യൻ തൃപ്തനല്ല .അവൻ അപാരതയുടെ രമ്യതയ്ക്ക് വേണ്ടി
ദാഹിക്കുന്നു .ആൽഡസ് ഹക്സിലി പറഞ്ഞതുപോലെ ,നിശ്ശബ്ദതയ്ക്ക് ശേഷം
പ്രകടിപ്പിക്കാനാവാത്തത് പ്രകടിപ്പിക്കാനായി തൊട്ടടുത്തുള്ളത് സംഗീതമാണ്.
മൗനം
ഒരു ഭാഷയാണ്. മൗനത്തിലും സംഗീതമുണ്ട്. സംഗീതമാകട്ടെ , ശരീരത്തിൻ്റെയും
ഇന്ദ്രിയങ്ങളുടെയും ആകാശത്തിൻ്റെയും ഭാഷയാണ് .ഒരു സാകല്യതയാണത്.
വാക്കുകളായോ തരംഗങ്ങളായോ നിലനിന്നിട്ടില്ലാത്ത ഒരവസ്ഥയാണത്. ഇതിൻ്റെ
സാക്ഷ്യത്തിനു 'സ്വരം' ജീവിതത്തിന്റെ ബോധാബോധങ്ങളിൽ സംഗീതം എങ്ങനെയെല്ലാം
സ്വാധീനം ചെലുത്തുന്നുവെന്നു അന്വേഷിക്കുകയാണ്. മറവിയിലാണ്ടു പോയ
മനസ്സിന്റെ സംഗീതത്തിന്റെ വിലോലമായ ഒരു കണം ജീവത്തായ അനുരണനങ്ങളിലേക്ക്
കൈപിടിച്ചുയർത്തുന്നുണ്ടോ എന്നു ചിന്തിക്കുന്നു.
'എന്നിലെ
ഓർമ്മകൾ അയഥാർത്ഥമാകുന്നുണ്ടോ, മിഥ്യാസ്മൃതികൾ എന്നിൽ വളർന്നു
തുടങ്ങുകയാണോ'എന്നീ ചോദ്യങ്ങൾ ബോധത്തിനപ്പുറമുള്ള മേഖലകൾ ഖനനം ചെയ്യാനുള്ള
ഒരു വാതിൽ തുറക്കുകയാണ്. മറവി ഒരു രാഗമാണ്. മറവി വേറൊരു ഓർമ്മയാവും
സൃഷ്ടിക്കുക .അതിൻ്റെ സ്വച്ഛന്ദമായ ഒഴുക്കിൽ അസാധാരണമായ സംവാദങ്ങൾ ,കാഴ്ചകൾ
സംഭവിക്കുകയാണ് .മനുഷ്യർക്ക് യാഥാർത്ഥ്യത്തിനപ്പുറത്തും ജീവിതമുണ്ട് .അവർ
അയഥാർത്ഥമെന്നു മറ്റുള്ളവർ കരുതുന്നതിൽ നിന്ന് ജീവജലം തേടുന്നു. ഓർമ്മ
മനുഷ്യൻ്റെ സമരമാർഗ്ഗമാണ് .മറവിരോഗം ബാധിച്ചാലും ഈ സമരം അവസാനിക്കുകയില്ല
.പുതിയ തുറന്നുകൾ തേടി അടഞ്ഞ വാതിലുകൾ മുട്ടിത്തുറക്കാൻ വിധിക്കപ്പെടുകയാണ്
.ഓർമ്മ എന്ന പ്രക്രിയ എത്ര വന്യമായാലും ,എത്ര അബദ്ധസഞ്ചാരിണിയായാലും
മനുഷ്യൻ്റെ നിലനിൽപ്പിനു ആവശ്യമാണ് .ഒരു മറവിരോഗി സ്വമേധയാ സഞ്ചരിക്കുകയാണ്
ഓർമ്മയുടെ ക്ഷീരപഥങ്ങളിൽ ,മറ്റൊരു കൂടിക്കാഴ്ചയെക്കുറിച്ച്
പ്രതീക്ഷയില്ലാതെ .
സമൂഹത്തിന്റെ ആരോഗ്യകരമായ
ഓർമ്മകളിൽ നിന്ന് വേർപെടുത്തപ്പെട്ടാലും മനുഷ്യൻ ഓർമ്മകൾ സ്വയം സൃഷ്ടിച്ച്
സഞ്ചരിക്കുകയാണ് .'ഞാൻ ചിന്തിക്കുന്നു ,അതുകൊണ്ട് ഞാൻ നിലനിൽക്കുന്നു'എന്ന്
സാർത്ര് പറഞ്ഞു .ഞാൻ അനുഭവിക്കുന്നു, അതുകൊണ്ട് ഞാൻ നിലനിൽക്കുന്നു' എന്നു
മിലാൻ കുന്ദേര പറഞ്ഞു. വാസ്തവത്തിൽ ,ചിന്തയ്ക്ക് താളം തെറ്റും,
വികാരമെന്നത് തെറ്റായി മനസ്സിലാക്കപ്പെടും. വേദനിക്കുന്നതിന്റെ അർത്ഥം ഒരു
മറവിരോഗി അറിയണമെന്നില്ല .അതുകൊണ്ട് ബോധമുണ്ടായിരിക്കുകയും അബോധപ്രേരണയിൽ
എന്നപോലെ ചില ആവേഗങ്ങളോടു പ്രതികരിക്കുകയും ചെയ്യുമ്പോഴും മനുഷ്യൻ
ജീവിക്കുകയാണ്.
രജതരേഖകൾ
1)മലയാളകഥയിൽ
താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് കാരൂരിന്റെ കഥകളാണെന്നു എം.ടി.വാസുദേവൻ
നായർ ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ എന്തുകൊണ്ടോ കാരൂരിനെ മലയാള
മാധ്യമലോകം തഴഞ്ഞിരിക്കയാണ്. കാരൂർ കഥകളെ ആഘോഷിക്കാൻ ഒരു
സാഹിത്യസംഘത്തെയും കാണാനില്ല. എന്താ ,കേരളത്തിലെ ഏറ്റവും വലിയ സെമിനാർ
കാരൂരിൻ്റ കഥകളെക്കുറിച്ചായിക്കൂടെ ?
2)പി.എ.നാസിമുദ്ദീൻ്റെ
കവിതകളെക്കാൾ നല്ലത് ബഷീറിനെക്കുറിച്ച് അദ്ദേഹം എഴുതിയ 'ഉന്മാദിയായ ബഷീർ:
ലോകസ്നേഹത്തിന്റെ ആനന്ദലഹരി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 6 -12)എന്ന
ലേഖനമാണ്.വൈരൂപ്യത്തെയും സൗന്ദര്യത്തെയും ഒരുമിച്ച് ഇണക്കുന്ന അത്ഭുതസിദ്ധി
ബഷീറിൽ കാണാമെന്നു ലേഖകൻ ഉദാഹരണസഹിതം സ്ഥാപിക്കുന്നു.
2)സച്ചു
തോമസ് എഴുതിയ 'കണക്ക് ക്ലാസിൽ തോമസ് ഹാർഡി'(മാതൃഭൂമി ആഴ്ചപ്പതിപ്പ്
,ജൂലായ് 6-17)നല്ല പോലെ ബോറടിപ്പിച്ചു. കവി കവിത എന്ന മാധ്യമത്തെ വല്ലാതെ
അപകീർത്തിപ്പെടുത്തുകയാണ് . ടെലിവിഷൻ ചാനലുകളിലെ രാഷ്ട്രീയചർച്ചയുടെ ഭാഷ
കവിതയ്ക്ക് അപമാനമായിത്തീരുമെന്നു മനസിലാക്കുക.
3)ചങ്ങമ്പുഴയ്ക്കും
ഇടപ്പള്ളിക്കും നേരിടേണ്ടി വന്ന എതിർപ്പിനെക്കുറിച്ച് (ചങ്ങമ്പുഴ
ആത്മാർത്ഥതയുടെ വെല്ലുവിളി)എന്ന ലേഖനത്തിൽ മുണ്ടശ്ശേരി എഴുതുന്നുണ്ട്.
'പൊതുവേ, അന്നുവരെ വാഴ്ച നടത്തിയിരുന്ന ന്യൂനപക്ഷഭാവനാസമ്പ്രദായങ്ങൾക്ക്
എതിരെ നിന്നാണ് അവ കരുത്തിട്ടത്. ഈ സവിശേഷതയാണ് ആ കവിതകളിലെ സർവപ്രധാനമായ
അംശം ;എന്നുവച്ചാൽ എതിർപ്പുകളെ ക്ഷണിച്ചു വരുത്തിയ അംശം ,അവർ മേൽവിലാസമുള്ള
കവികളായ നിമിഷം തൊട്ട് അവരുടെ ജീവിതത്തിൻ്റെ ഏതിളുമ്പിലും വിഷം
കലർത്തക്കവണ്ണം തുളച്ചുകയറിക്കൊണ്ടിരുന്നു.'
4)കന്നഡ
കവി ജി.എസ്. ശിവരുദ്രപ്പയുടെ കവിതകൾ നടരാജൻ ബോണക്കാട് (പച്ചമലയാളം, ജൂലായ്
) പരിഭാഷപ്പെടുത്തിയിരിക്കുന്നു. 'തിരിച്ചുവരവ് 'എന്ന കവിത ഇങ്ങനെ
തുടങ്ങുന്നു '
'ഞാൻ തിരിച്ചു വരുമ്പോൾ
ആരും എന്നെ അറിയുകയില്ല .
ഞാൻ തിരിച്ചു വന്നേക്കും
നിങ്ങളുടെ ഉദ്യാനത്തിലെ
വേപ്പിൽ പാർക്കുന്ന
ഒരു പക്ഷിയെ പോലെ .
നിങ്ങളുടെ വരാന്തയിലെ
ഫാനിനു മുകളിൽ
ഞാൻ ഉണ്ടാക്കിയിരിക്കും, ഒരു കൂട്.
നിങ്ങളെന്നെ ആട്ടിയോടിക്കും.
അല്ലെങ്കിൽ ഒരു ചാറ്റൽമഴക്ക് ശേഷം
നിങ്ങളുടെ വീടിനു ചുറ്റും വിരിക്കപ്പെട്ട
പച്ച പോലെ ഞാൻ തിരിച്ചുവരും. നിങ്ങൾക്ക് സമാശ്വാസം അനുഭവപ്പെടും
തെല്ല് ആഹ്ളാദവും
ഞാനവിടെ ചിതറിക്കിടക്കുന്നതറിയാതെ .'
അന്യവത്ക്കരിക്കപ്പെട്ട ആത്മാവിൻ്റെ ഏറ്റുപറച്ചിലാണിത്. ഒരു തിരിച്ചുവരവിനു എപ്പോഴും സാധ്യതയുണ്ട് ,നാം അകന്നുപോയ ഇടങ്ങളിലേക്ക്.
5)പ്രമുഖ
നാടകകൃത്തും എഴുത്തുകാരനുമായ തിക്കോടിയൻ ഒരു ഘട്ടത്തിൽ കടുത്ത ആത്മനിന്ദ
അനുഭവിച്ചിരുന്നു എന്നു അനുമാനിക്കേണ്ടി വരും .തന്നെപ്പോലെയുള്ളവരെ
സാംസ്കാരികനായകരായി കാണുന്നവരുടെ ഗതികേട് ഓർത്ത് ദുഃഖിക്കുകയാണെന്നു
അദ്ദേഹം പ്രസംഗിച്ചു. സാംസ്കാരിക പ്രവർത്തകർക്ക് ഈ ലോകത്തെക്കുറിച്ച്
ഒന്നുമറിയില്ലെന്നാണ് അദ്ദേഹം വിവരിച്ചത് .
6)ഒ.വി.വിജയന്റെ
'ധർമ്മപുരാണ'ത്തിലെ രാഷ്ട്രീയവിമർശനവും അസുഖകരമായ പരാമർശങ്ങളും വളരെ
വിവാദമായതാണല്ലോ. ഇതിൽ സദാചാരധ്വംസനമുണ്ടെന്നു കെ.പി.അപ്പൻ
ചൂണ്ടിക്കാണിക്കുന്നുണ്ട് .എന്നാൽ ഈ നോവൽ നമ്മെ
വേട്ടയാടിക്കൊണ്ടിരിക്കുമെന്നും ഇതിനു മറുപടി പറയുന്നതുവരെ രാഷ്ട്രീയത്തിൽ
നമുക്ക് ബുദ്ധിപരമായ ജീവിതമില്ലെന്നുമാണ് അപ്പൻ എഴുതിയത്
.രാഷ്ട്രീയപാർട്ടികളെ ഉപജീവിച്ചു കഴിയുന്ന എത്രയോ സംഘടനകളും എഴുത്തുകാരും
മലയാളത്തിലുണ്ട് !.എന്നിട്ടും അവർ ഇതിനു മറുപടി പറഞ്ഞിട്ടില്ല. അതുകൊണ്ട്
കേരളത്തിലെ എഴുത്തുകാരുടെ രാഷ്ട്രീയത്തിൽ ബുദ്ധിപരമായ ജീവിതമില്ല എന്ന
വസ്തുതയ്ക്ക് ഇത് അടിവരയിടുന്നു.
7)ആത്മകഥാപരമായ
അനുഭവത്തോടെ ഫ്രഞ്ച് സ്ത്രീപക്ഷവാദിയും എഴുത്തുകാരിയുമായ സിമോങ് ദേ ബുവേ
എഴുതി:'പുരുഷൻ ഒരു മനുഷ്യജീവിയാണെന്നു നിർവചിക്കപ്പെട്ടിരിക്കുന്നു
;എന്നാൽ ഒരു സ്ത്രീ ഒരു പെണ്ണ് (പെൺലിംഗം)മാത്രമാണ്.എപ്പോഴെങ്കിലും അവൾ
ഒരു മനുഷ്യജീവിയായി പെരുമാറുകയാണെങ്കിൽ ,പുരുഷനെ അനുകരിക്കുകയാണെന്നു
കുറ്റപ്പെടുത്തും .
കലാശാലകളിലെ സാഹിത്യചർച്ച/എം.കെ.ഹരികുമാർ
അക്ഷരജാലകം
യൂണിവേഴ്സിറ്റികളിലെ
സാഹിത്യസംസ്കാരം ജീർണിച്ചു കഴിഞ്ഞിരിക്കുകയാണ് .നവമായ ഒരാലോചനയില്ല
.അവിടെ സംഘടിപ്പിക്കുന്ന സാഹിത്യസമ്മേളനങ്ങളിൽ പുതിയ ഒരു ചിന്തയും
ഉണ്ടാകുന്നില്ല. പഠിപ്പിക്കാൻ വേണ്ടി തയ്യാറാക്കുന്ന നോട്ടുകളുടെ ഒരു
വലിച്ചു നീട്ടലാണ് സമ്മേളനങ്ങളിൽ കാണുന്നത്.മിക്കവാറും കലാശാല
പണ്ഡിതന്മാരും കൊളോണിയലിസം എന്ന വാക്ക് തുടരെ ഉപയോഗിക്കുന്നത് കാണാം
.സ്വാതന്ത്ര്യം കിട്ടിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ബ്രിട്ടീഷുകാരുടെ
അടിമ ആയിരിക്കുന്നതിന്റെ മനോഭാവം പേറുകയാണ്. അവർ ഇപ്പോഴും സമകാലിക
സാഹിത്യത്തെപ്പറ്റി പറയുമ്പോൾ സാമ്രാജ്യത്വം, സാമ്രാജ്യത്വാനന്തരം എന്നീ
വാക്കുകളാണ് ആവർത്തിക്കുന്നത്. എന്തിനാണ് ഇവർ ഇത്തരം വാക്കുകൾ കൊണ്ട് ഒരു
സാഹിത്യകൃതിയെ ആസ്വാദനത്തിൽ നിന്ന് അകറ്റിക്കൊണ്ടു പോവുന്നത്
?പാഠ്യപദ്ധതികളുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന പടുവാക്കുകൾ സാഹിത്യകതയുടെ
വായനയിലും ആസ്വാദനത്തിലും കടന്നുവരുകയാണ്.അങ്ങനെ സാഹിത്യചർച്ച
യാന്ത്രികമായിത്തീരുന്നു
കലാശാലകളിലെ സാഹിത്യം
പൂർവ്വകാല വ്യവസ്ഥാപിതത്വത്തിൻ്റെ പിടിയിൽ തന്നെയാണ്. അവിടെ സ്വാതന്ത്ര്യം
എന്ന അനുഭവത്തിന്റെ, ആശയത്തിന്റെ ഒരു അണു പോലും കാണാനില്ല
.സ്വാതന്ത്ര്യത്തെ അനുഭവിക്കാത്തവനു അതിൻ്റെ ആഴത്തിലുള്ള കാഴ്ചകൾ
ലഭിക്കുകയില്ല. കുറെ വർഷങ്ങൾക്കു മുൻപ് ഏതൊരു കലാശാലയിലെ അധ്യാപകന്റെയും
രചനകളിൽ സ്വത്വം എന്ന വാക്ക് സാർവത്രികമായിരുന്നു.
ഇപ്പോൾ ആ വാക്ക് പിൻവലിച്ചിരിക്കുകയാണ്.
സ്വത്വം
എന്നത് ആധുനികതയ്ക്കും മുമ്പുള്ള ഒരു ആശയമാണ്. അത് വംശീയമായ, നടുവാഴിത്ത
സ്വഭാവമുള്ള വാക്കാണ്. മനുഷ്യൻ ഒരു സ്ഥിരം ഐഡൻ്റിറ്റി അഥവാ സ്വത്വം കൊണ്ടു
നടക്കുന്നു എന്നു ചിന്തിക്കുന്നത് കാലഹരണപ്പെട്ട കാഴ്ചപ്പാടാണ്. അന്തർദേശീയ
യാത്രകളും വ്യാപകമായ കുടിയേറ്റവും പുതിയ സാങ്കേതിക തൊഴിൽ മേഖലകളും തൊഴിൽ
സാഹചര്യങ്ങളും മനുഷ്യരെ ആഗോളതലത്തിലേക്ക് പറിച്ചുനട്ടിരിക്കയാണ്. ഇതിനു
പുറമേയാണ് ഡിജിറ്റൽ വ്യക്തിത്വത്തിൻ്റെ സർവ്വവ്യാപനം.
സ്വത്വം ,കൊളോണിയലിസം അപ്രസക്തമായി
എന്നാൽ
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അവതരിച്ച ഉത്തരാധുനികത എന്ന പ്രവണതയുടെ
ഭാഗമായി ചില സൈദ്ധാന്തികർ പ്രാദേശികതയും സ്വത്വവും ഉയർത്തിക്കൊണ്ടുവന്നത്
മുഖ്യധാരയിൽ കടന്നു വരാത്ത ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചായിരുന്നു.
ചരിത്രത്തിൽ പ്രവേശനം കിട്ടാത്തവർക്ക് സ്വത്വപരമായ പ്രാതിനിധ്യം
കൊടുക്കാമെന്നാണ് അവർ വിചാരിച്ചത്. അപ്പോഴും ഒരു തെറ്റു സംഭവിച്ചു.ഒരു
സ്വത്വം ,ഇന്നത്തെ ആഗോള പരിപ്രേക്ഷ്യത്തിൽ ,സ്ഥിരമായി കൊണ്ടുനടക്കാനാവാത്ത
വിധം ലോകം വികസിക്കുകയാണെന്നു മറന്നു.
ലോകത്തെ
,ഓരോ വ്യക്തിയും വികസിപ്പിക്കുകയാണ്. താൻ അടുക്കളയിൽ കയറി ഒരു കപ്പ്
കാപ്പി തയ്യാറാക്കിയാൽ അതിലൂടെ ലോകത്തെ മാറ്റുകയാണ് ചെയ്യുന്നതെന്നു
ഫ്രഞ്ച് സാഹിത്യകാരൻ ഷാങ് പോൾ സാർത്ര് നിരീക്ഷിക്കുന്നുണ്ട്. 'ഒരു
മനുഷ്യൻ്റെ തീരുമാനം വലുതോ ചെറുതോ ആകട്ടെ ,അവനെ ഒരു
നിയമനിർമ്മാതവാക്കുന്നു. അതാകട്ടെ ആകെ മാനവരാശിക്കു വേണ്ടിയുള്ളതാണ് .അവിടെ
ആഴത്തിലുള്ള ,സമഗ്രമായ ഉത്തരവാദിത്തമുണ്ടായിരിക്കണം.' ഒരാൾ ചെയ്യുന്ന
പ്രവൃത്തിയിലൂടെ ലോകത്തിനു മാറ്റം വരുന്നു .ലോകം അത്രയും കൂടി തുറന്നു
കാണിക്കപ്പെടുന്നു. ആരാധനാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന കുറെ ആളുകളെ
ഒരുവൻ വെടിവച്ച് വീഴുത്തുമ്പോൾ അതിലൂടെ ലോകം മാറുകയാണ്. ലോകത്തെ മറ്റൊരു
കണ്ണിലൂടെ നോക്കാൻ പ്രാപ്തമാകുന്നു .അക്രമി ലോകത്തെയാകമാനം ഭീതിയിലേക്കും
ആശങ്കയിലേക്കും തള്ളിവിടുന്നു.എന്നാൽ അങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നവൻ
അതിൻ്റെ ഉത്തരവാദിത്തം ഏൽക്കേണ്ടതുണ്ട്. അവൻ അതിനു ഉത്തരവാദിയാണ്. അവൻ
അതിൻ്റെ ശിക്ഷ കൈപ്പറ്റണം. അവൻ്റെ ജീവിതത്തെ അവൻ എറിഞ്ഞു
കളഞ്ഞിരിക്കുന്നു.അത് ലോകത്തെ മാറ്റുകയാണ്. തെറ്റുകളെക്കുറിച്ചുള്ള അഗാധമായ
ജ്ഞാനം ആവശ്യമായി വരുന്നു.അത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള
തത്ത്വചിന്തയിൽ നമ്മെക്കൊണ്ടെത്തിക്കും. മനുഷ്യൻ സ്വതന്ത്രനാകാൻ
വിധിക്കപ്പെട്ടിരിക്കുകയാണെന്നു സാർത്ര് പറയുന്നുണ്ട്. അവൻ ഈ ലോകത്തിലെ
ജീവിതത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്.
അനശ്വരമായ ഒരു മൂല്യവും അവനെ രക്ഷിക്കില്ല. അവൻ കണ്ണാടിക്കു
മുമ്പിലെന്നപോലെ സ്വാതന്ത്ര്യത്തിന്റെ മുഖാമുഖമാണ് .അവൻ സ്വന്തം മൂല്യങ്ങൾ
സൃഷ്ടിക്കണം. എങ്കിൽ മാത്രമേ അവനു ജീവിതമുണ്ടാവുകയുള്ളൂ. ഇതുവരെ നാം
ജീവിച്ചത് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു തന്ന ലക്ഷ്യങ്ങളും
പദ്ധതികളുമായിരുന്നെങ്കിൽ, അതിനുപകരം നാം സ്വയം സൃഷ്ടിക്കേണ്ടതുണ്ട് .നാം
നമ്മെത്തന്നെ പുനരുല്പാദിപ്പിക്കണം.നമ്മിൽ മറ്റുള്ളവർ അടിച്ചേൽപ്പിച്ച
ഉപയോഗശൂന്യമായ ചിന്തകളിൽ നിന്ന് രക്ഷപ്പെട്ട് സ്വയം സൃഷ്ടിക്കണം.
നമ്മെക്കുറിച്ച് മറ്റുള്ളവർ പ്രതീക്ഷിച്ചതും നാം പ്രതീക്ഷിച്ചതും തമ്മിൽ
അന്തരമുണ്ട് .ഇതാണ് സ്വാതന്ത്ര്യത്തിന്റെ നിമിഷം. ഇവിടെയാണ് സ്വതന്ത്രനാകാൻ
വിധിക്കപ്പെടുന്നത് .വേറെ ഒരു മാർഗ്ഗമില്ല. ഇതാണ് എഴുത്തുകാരന്റെ
അസ്തിത്വബോധം .അവൻ ഈ ലോകത്ത് എഴുതുന്നത് യാതൊന്നും ചിന്തിക്കാതിരിക്കാനല്ല.
ചിന്തിക്കാതിരിക്കുന്നത് സ്വാതന്ത്ര്യമാണെന്നു കരുതുന്നവർ കണ്ടേക്കാം
.യാതൊരു ഉത്തരവാദിത്വവുമേറ്റെടുക്കാതെ, ചിന്തയില്ലാതെ
എഴുതിക്കൊണ്ടിരിക്കുന്നത് സുരക്ഷിതത്വമായി വ്യാഖ്യാനിക്കുന്നവരുണ്ട്.അവർ
ചിന്താക്കുഴപ്പമില്ലാത്തവരാണ്. ചിന്തിക്കുന്നവർക്കാണ്
ചിന്താക്കുഴപ്പമുള്ളത്. അത് നല്ല ലക്ഷണമാണ്.
ഒരു പുതിയ ചിന്തയുണ്ടാകുന്നില്ല
കലാശാലകളിലെ
സമ്മേളനങ്ങളിൽ കാണുന്നത് സ്വാതന്ത്ര്യത്തിന്റെ അഭാവമാണ്.
സ്വതന്ത്രമാകുന്നത് എങ്ങനെയാണെന്നു അറിയില്ല.അവർ പഠിച്ചത് തന്നെ വീണ്ടും
വീണ്ടും പറയുന്നു. ഒരു പുതിയ വാക്ക് ,ചിന്ത അവിടെ പിറക്കുന്നില്ല. അവിടെ
പുതിയ ഒരാശയം പിറവിയെടുക്കുന്നില്ലെന്നു നമുക്കറിയാം. അതേസമയം അവർ എല്ലാ
നവമായ ആശയപ്രഭാങ്കുരങ്ങളെയും തമസ്കരിക്കുകയോ അവഗണിക്കുകയോ ചെയ്യുകയാണ്.
കലാശാല
അധ്യാപകരിൽ ഭൂരിപക്ഷവും ഇപ്പോൾ എഴുത്തുകാരാണ് .അവർ വരണ്ട ഗവേഷണമാണ്
മുന്നോട്ടുവയ്ക്കുന്നത്. സാഹിത്യം എങ്ങനെ ആസ്വദിക്കാതിരിക്കാം എന്ന ഗവേഷണ
മാണത് .കലയുടെ രസാനുഭൂതി നഷ്ടപ്പെടുത്തിക്കളഞ്ഞാൽ പിന്നെ എന്താണുള്ളത്?
ഷേക്സ്പിയറുടെ മാക്ബത്ത് എന്ന നാടകം പ്രമുഖ ജാപ്പനീസ് സംവിധായകനായ അകിറ
കുറസോവ ചലച്ചിത്രമാക്കിയിട്ടുണ്ട്. മാക്ബത്തിനെക്കുറിച്ചുള്ള പരമ്പരാഗതമായ
ധാരണകളെ അതേപടി പിന്തുടരുകയല്ല കുറസോവ ചെയ്തത് .അദ്ദേഹം സ്വയം
സൃഷ്ടിക്കുകയായിരുന്നു. മാക്ബത്തിനെക്കുറിച്ചുള്ള ലോകധാരണകളെ തന്നിൽ
നിന്ന് പിഴുത് മാറ്റുന്ന പ്രക്രിയയാണ് അദ്ദേഹത്തിൻ്റെ സംവിധാനം. അതിനു
വേണ്ടി ജാപ്പനീസ് മിത്തുകളെ ഉപയോഗപ്പെടുത്തി. സംവിധായകൻ
കലാസ്വാദകനായതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് .സംവിധായകൻ തന്നിലെ കലാകാരനെ
പുറത്തെടുക്കാൻ വേണ്ടിയാണ് അത്യധ്വാനം ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ
സ്വാതന്ത്ര്യമാണത്. അത് സ്വാതന്ത്ര്യത്തിൻ്റെ അതിജീവനമാണ്. അതിനുവേണ്ടിയാണ്
നടീനടന്മാരുടെ മേക്കപ്പും വസ്ത്രാലങ്കാരവും കലാസംവിധാനവും ഒരുക്കുന്നത്.
ഷേക്സ്പിയർ കണ്ടിട്ടില്ലാത്ത ,കേട്ടിട്ടില്ലാത്ത ചലച്ചിത്രകലയുടെ ഭാഷയാണ്
സംവിധായകൻ കണ്ടെത്തുന്നത്.
ഇതെല്ലാം
അദ്ദേഹത്തിൻ്റേതായ അനുഭവസാക്ഷാത്കാരത്തിനുവേണ്ടി തിരഞ്ഞെടുക്കുന്നതാണ്.
സംവിധായകന്റെ സ്വാതന്ത്ര്യത്തിന്റെ, കലാവബോധത്തിൻ്റെ അതിജീവനമാണത്.
അങ്ങനെയാണ് സംവിധായകൻ ജീവിക്കുന്നത് .അയാൾ സ്വന്തം അസ്തിത്വത്തെ
നിർവചിക്കുകയാണ്. ഇത് ജീവന്മരണ പ്രശ്നമാണ് . അയാൾക്ക് അങ്ങനെയേ
നിലനിൽക്കാനാവൂ. ഒരു യഥാർത്ഥ കലാകാരൻ തന്റെ കലയുടെ മേഖലയിൽ ചെയ്യുന്ന ഓരോ
പ്രവൃത്തിയും കലാകാരൻ എന്ന നിലയിലുള്ള ആത്മഹത്യ ഒഴിവാക്കാൻ വേണ്ടി
നടത്തുന്ന കഠിന പരിശ്രമമായി കാണണം .താൻ മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ,
വ്യാഖ്യാനിച്ച വസ്തുതകൾ അതേപടി അവതരിപ്പിച്ചാൽ അത് ഭീകരമായ ഒരു
ആത്മഹത്യയായിരിക്കുമെന്ന് മറ്റാരെക്കാൾ അയാളാണ് മനസ്സിലാക്കുന്നത്.
എഴുത്തുകാരൻ്റെ രാഷ്ട്രീയം പാർട്ടികളുടേതാകരുത്
അദ്ധ്യാപകർ
എഴുത്തുകാരാവുന്നത് നല്ലതാണ്. എന്നാൽ രാഷ്ട്രീയപാർട്ടികളുടെ വീക്ഷണത്തിൽ
ഒതുങ്ങുന്നതും അതിനനുസരിച്ച് എഴുതുന്നതും എത്രയും ആപത്കരമാണ്. അത്
സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും .ഗൗരവത്തിൽ ചിന്തിക്കുന്ന ഒരാൾ
രാഷ്ട്രീയത്തെ സ്വയം നിർവ്വചിച്ചുകൊണ്ടായിരിക്കും എഴുതുക. ഓരോ
വസ്തുവിൻ്റെയും നിലനില്പ് രാഷ്ട്രീയമാണ്. എം.സുകുമാരൻ ,യു.പി. ജയരാജ്
തുടങ്ങിയ കഥാകൃത്തുക്കളുടെ കഥകളിലെ രാഷ്ട്രീയം പാർട്ടികളുടെ സംഭാവനയല്ല;
അവർ കണ്ടെത്തിയതാണ്.
പാർട്ടികളുടെ സമീപനത്തിലെ
യുക്തിവിചാരണയല്ല സാഹിത്യരചനയിൽ വേണ്ടത്. പാർട്ടികളുടെ യുക്തിപരമായ സമീപനം
വളരെ സമകാലികമായിരിക്കും. അതിനു അതീതമായ ഒരു ഭാവിയെക്കുറിച്ച്
ആലോചിക്കേണ്ടതില്ല. പാർട്ടികൾക്ക് പ്രായോഗികതയും പെട്ടെന്നുള്ള ഫലവുമാണ്
പ്രധാനം. എന്നാൽ എഴുത്തുകാരന്റെ യുക്തി ഇതല്ല .അവന്റെ സാഹിത്യകല
പരീക്ഷണങ്ങളിലൂടെയാണ് വളരുന്നത്. പഴകിയതും പുതിയതുമായ വായനക്കാരുടെ
പിന്തുണയിൽ പോലും അവനു ജീവിക്കാനാവില്ല .അവൻ ഓരോ ഘട്ടത്തിലും
പരീക്ഷിക്കപ്പെടും, വിചാരണ ചെയ്യപ്പെടും. അവൻ വിമർശനങ്ങളിലൂടെയാണ്
അതിജീവിക്കേണ്ടത്. ഒരു സാഹിത്യകാരനും ,വിമർശനങ്ങളിലൂടെ കടന്നുവരാതെ
നിലനിൽപ്പില്ല. ബാഹ്യമായ മറ്റു മാർഗ്ഗങ്ങളിലൂടെ സ്ഥാനം ഉറപ്പിക്കുന്നവർ
വെയിൽ പോലെ അപ്രത്യക്ഷമാകുന്നതാണ് സാഹിത്യചരിത്രത്തിൽ കാണുന്നത്.
നമ്മുടെ
കാലത്ത് കലാശാലകളിൽ എത്രയോ അനുസ്മരണ സമ്മേളനങ്ങൾ - കവികളുടെയും
നോവലിസ്റ്റകളുടെയും പേരിലുള്ളത് നടക്കുന്നു. ഒന്നുപോലും ആരും
ശ്രദ്ധിക്കുന്നില്ല. അവിടെ ഉത്പാദിപ്പിക്കപ്പെട്ട സാഹിത്യം ,പാഠം
എന്താണെന്നു ആരും തിരിഞ്ഞുനോക്കുന്നില്ല .ക്ലാസിൽ പഠിപ്പിക്കാൻ വേണ്ടി
തയ്യാറാക്കിയ കുറിപ്പുകൾ വിസ്തരിച്ചു പറയുന്നതല്ല പ്രഭാഷണം. പ്രഭാഷകനു ഒരു
വീര്യം ഉണ്ടാവണം. അവൻ നിലവിലുള്ള സാഹിത്യ സംസ്കാരത്തെ ഒന്നു പിടിച്ചു
കുലുക്കുവാൻ കെല്പുള്ളവനായിരിക്കണം. അവൻ പ്രഭാഷണത്തിൽ അബാധത്തെയും
ആവിഷ്ക്കരിക്കണം.
വായനക്കാരുടെ ചൊറിയിൽ ചൊറിഞ്ഞുകൊടുക്കാനല്ല ഒരു പ്രഭാഷകൻ ശ്രമിക്കേണ്ടത്.
പ്രചാരണത്തിനു പോകുന്നവർ
എഴുത്തുകാർ
അധ്യാപകരെ പോലെ തന്നെ രാഷ്ട്രീയകക്ഷികളുടെ വീക്ഷണത്തിന്റെ
പ്രായോഗികതയിലേക്ക് നിപതിക്കുന്നത് സാംസ്കാരികമായ വലിയൊരു ശൂന്യതയാണ്
സൃഷ്ടിക്കുന്നത്. ഇത് ഇപ്പോൾ വളരെ പ്രകടമാണ്. എന്തെന്നാൽ ഇവർ
വിദ്യാർത്ഥികളെയും പ്രലോഭിപ്പിക്കുകയാണ്. അവരും ഇതാണ് ശരിയെന്നു
വിശ്വസിച്ച് ,ചിന്താക്കുഴപ്പമില്ലാതിരിക്കാൻ ,ചിന്ത വേണ്ടെന്നുവച്ച്
ഏതെങ്കിലും സംഘടനയിൽ ചേരും .സാഹിത്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ഈ
ചിന്താപരമായ ദാരിദ്ര്യം പിടികൂടിയിട്ടുണ്ട് . സാഹിത്യപരിഷത്തിലൊക്കെ ഇത്
വ്യക്തമായി കാണാനുണ്ടല്ലോ.ഇനി പുതിയൊരു അന്വേഷണവും വേണ്ട, സദ്യയുണ്ടാൽ മതി
എന്ന കടുത്ത നിലപാട് പലരെയും അലസരും നിഷ്ക്രിയരുമാക്കിയിരിക്കുകയാണ്.
സമീപകാലത്തെ
ഒരു ഉപതെരഞ്ഞെടുപ്പ് നടന്നത് ഓർക്കുമല്ലോ. അവിടെ ഇടതുപക്ഷത്തിന്റെ
സ്ഥാനാർത്ഥിക്ക് വേണ്ടി കുറെ എഴുത്തുകാർ പ്രചാരണം നടത്തിയത് കണ്ടു
.വ്യക്തിപരമായി പിന്തുണ അറിയിക്കുന്നതിനെ ആർക്കും എതിർക്കാനാവില്ല. ഇതൊക്കെ
ഓരോരുത്തരുടെയും ഇഷ്ടമാണ് .എന്നാൽ ഈ എഴുത്തുകാരുടെ പരസ്യമായ
തിരഞ്ഞെടുപ്പു പ്രവർത്തനത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ വലിയ
വിമർശനമുണ്ടായി. ഒരു കൂട്ടം എഴുത്തുകാരും വായനക്കാരും ഇതിനെതിരായി
ഫേസ്ബുക്കിലും ആനുകാലികങ്ങളിലും എഴുതി. പ്രത്യക്ഷത്തിൽ എതിർപ്പ്
പ്രകടിപ്പിക്കാത്ത ധാരാളം പേർ സ്വകാര്യമായി ഇതിനെതിരെ സംസാരിക്കുന്നത്
മനസ്സിലാക്കാൻ കഴിഞ്ഞു .എന്തുകൊണ്ടാണ് ഭൂരിപക്ഷം ആളുകളെയും ഈ എഴുത്തുകാരുടെ
പ്രവൃത്തി അലോസരപ്പെടുത്തിയത്? തിരഞ്ഞെടുപ്പു പ്രവർത്തനം
മോശമായതുകൊണ്ടല്ല; പ്രചാരണത്തിനു പോയ എഴുത്തുകാരുടെ നിഗൂഢലക്ഷ്യം വളരെയേറെ
തുറന്നുകാണിക്കപ്പെട്ടതുകൊണ്ടാണ്. സഹജീവിസ്നേഹമോ സഹതാപമോ കാണിക്കാത്ത ചിലർ
വ്യക്തിപരമായ ലാഭം മുന്നിൽ കണ്ട് ആർത്തിയുടെ ചന്തയിലേക്ക്
ചാടിയിറങ്ങിയതിൻ്റെ ദുർഗന്ധം നാട്ടിൽ പരന്നതായി പലരും
പറയുന്നുണ്ടായിരുന്നു.സഹജീവിയായ എഴുത്തുകാരൻ മരുന്ന് മേടിക്കാൻ പൈസയില്ലാതെ
കഷ്ടപ്പെടുകയാണെങ്കിൽ സഹായിക്കാൻ മനസ് കാണിക്കാത്ത സമ്പന്നരായ
രചയിതാക്കളുണ്ട്. രോഗം ബാധിച്ച് കിടപ്പിലായ കവി രാഘവൻ അത്തോളി
ഫെയ്സ്ബുക്കിലൂടെ തുടരെ സഹായം അഭ്യർത്ഥിക്കുകയാണ്. ആരും
ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയുള്ള എഴുത്തുകാർ ഒരു തിരഞ്ഞെടുപ്പ് വരുമ്പോൾ
ചാടിയിറങ്ങുന്നുണ്ടെങ്കിൽ അതിനു വേറൊരു അർത്ഥമാണുണ്ടാവുക. ഇവർ ഒരു
രാഷ്ട്രീയനേതാവിനു വേണ്ടി അസാധാരണമായ എടുത്തുചാട്ടം നടത്തിയത് സ്വാർത്ഥമായ
ലക്ഷ്യങ്ങൾക്ക് വേണ്ടിയാണെന്നു വ്യക്തമാണ്.
എഴുത്തുകാരനെക്കുറിച്ചും
എഴുത്തിനെക്കുറിച്ചും ഉന്നതമായ വീക്ഷണമുള്ളവർ ഈ പ്രവൃത്തി നിന്ദ്യമാണെന്നു
കരുതുന്നു. ഇന്നത്തെ ആർത്തിയുടെയും ദുരയുടെയും തൻകാര്യസാധ്യത്തിനു
വേണ്ടിയുള്ള അതിരുവിട്ട ഊരുചുറ്റലിൻ്റെയും നാണംകെടലിൻ്റെയും ആത്മീയമായ
തകർച്ചയുടെയും ജീവിതജീർണതയുടെയും ബീഭത്സമായ പ്രകടനമായേ എഴുത്തുകാരുടെ
തിരഞ്ഞെടുപ്പ് പ്രചാരണത്തെ കാണാനൊക്കൂ എന്നു പറയാതിരിക്കാൻ കഴിയില്ല .ഇവർ
സാംസ്കാരിക ലോകത്ത് നട്ടുവളർത്തുന്നത് ചീത്തപ്രവണതയാണ്.അവർക്ക്
തിരഞ്ഞെടുപ്പിലോ ജയത്തിലോ അല്ല താല്പര്യമെന്നു വ്യക്തമാണ് .സ്വന്തം
ലക്ഷ്യങ്ങൾ നേടാൻ വേണ്ടി ഒരു തിരഞ്ഞെടുപ്പിനെ വീണു കിട്ടിയ നിധി പോലെ
ഉപയോഗിക്കുകയാണ് ചെയ്തത് .ഇങ്ങനെ ചിന്തയിൽ ദരിദ്രരായ എഴുത്തുകാരുടെ
പ്രവൃത്തികൾ എങ്ങനെയെല്ലാം രാഷ്ട്രീയമായ അന്ധതയിലേക്ക് ഒരു ജനതയെ
കൊണ്ടുപോയി അധ:പ്പതിക്കാമെന്നു സാർത്രിൻ്റ വാദങ്ങൾ ശരിവച്ചു കൊണ്ടു പറയുവാൻ
സാധിക്കും.
രജതരേഖകൾ
1)വിശ്വൻ
പടനിലം എഴുതിയ 'തേർഡ് ബെൽ'(ഓർമ്മകൾ ,ഫേബിയൻ) , 'അടുത്ത ബെല്ലിനു നാടകം
ആരംഭിക്കും'(ഓർമ്മകൾ ,ഉണ്മ)എന്നീ പുസ്തകങ്ങൾ വായിച്ചു .പടനിലം എച്ച്എസ്എസ്
അധ്യാപകനായിരുന്ന വിശ്വൻ നല്ലൊരു സാംസ്കാരിക പ്രവർത്തകനും നാടകനടനും
രചയിതാവും കഥാകൃത്തുമാണ്. തൻ്റെ സർഗമേഖലയെ പലതായി തിരിച്ച്,
സദാപ്രവർത്തനിരതമായ ജീവിതമാണ് വിശ്വൻേറത്. അദ്ദേഹത്തിനു
പതിറ്റാണ്ടുകളായുള്ള സാംസ്കാരിക, സാഹിത്യപ്രവർത്തനത്തിന്റെ ഓർമ്മകളുണ്ട്.
ജീവിതത്തെ സ്നേഹിച്ച ,അല്പം പോലും കാപട്യമില്ലാത്ത, എഴുത്തുകാരനാണ് വിശ്വൻ
പടനിലം .വർഷങ്ങളായി തുടരുന്ന ആ സർഗ്ഗകർമ്മങ്ങൾ ഇതിന് തെളിവാണ് .ഈ
ഓർമ്മകളിൽ ഗ്രാമം ,വിശേഷിച്ച് നൂറനാട് ,പടനിലം പ്രദേശങ്ങൾ, പ്രാചീനമായ ഒരു
അനുഷ്ഠാനകലാരൂപം പോലെ ഉയർത്തെഴുന്നേൽക്കുകയാണ്. ആധുനികലോകത്തിൻ്റെ
ചായക്കൂട്ടുകൾക്കിടയിൽ നഷ്ടപ്പെടാതിരിക്കാനാണ് താൻ ഈ ഓർമ്മകൾ
എഴുതുന്നതെന്നു വിശ്വൻ പറയുന്നില്ലെങ്കിലും അതാണ് സത്യമെന്നു
വായനക്കാർക്ക് ബോധ്യപ്പെടും .
2)ആധുനിക
നാഗരികതയുടെ സാങ്കേതിക മുന്നേറ്റത്തിനിടയിൽ സമയം പങ്കുവെച്ച് തീരുമ്പോൾ
ആത്മീയമായ ആവശ്യങ്ങൾക്കുള്ളത് കുറയും .പ്രാർത്ഥനയും ചിന്തയും വെറും
ചടങ്ങായി മാറും. അതുകൊണ്ടായിരിക്കാം സാഹിത്യകൃതികൾ ഇപ്പോൾ വായനയെയല്ല
നിർവ്വചിക്കുന്നത് ;ഒരു ഉല്‌പന്നം എന്ന നിലയിൽ അത് വിൽക്കുകയും വാങ്ങുകയും
ചെയ്യുകയാണ്. വായിക്കുകയും മറക്കുകയും ചെയ്യുകയാണ്.
3)എം.ആർ.
വിഷ്ണുപ്രസാദ് എഴുതിയ 'കുറുകെ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 22) എന്ന
കവിത ഒരു ട്രാഫിക് കുരുക്കിൻ്റെ മനോഹരമായ സറിയലിസ്റ്റ്
ആവിഷ്കാരമായിട്ടുണ്ട്. ഒരു വസ്തുവും നമ്മളും തമ്മിലുള്ള ബന്ധത്തിലെ
അനന്യതയാണ് കവിതയിൽ അനാവൃതമാകേണ്ടത് .ആ വസ്തുവിനെ ആദ്യമായി കാണുകയാണെന്നു
അനുവാചകനു തോന്നണം.
'അഴിഞ്ഞുപോയ
സീബ്രാവരകൾ
തലകുനിച്ച്
കടന്നുപോകുന്നു.
സ്വപ്നത്തിൽ
കൂട്ടിയിടിച്ചവർ
മുറിവൂതിയൂതി
ജനാല തുറക്കുന്നു.
നിസ്സാര പരിക്കുകളോടെ
അപകടത്തിൽപ്പെട്ട
തർക്കങ്ങൾ.'
4)ഛായാഗ്രാഹകനും
ചലച്ചിത്ര സംവിധായകനുമായ ഷാജി എൻ കരുണിനെക്കുറിച്ച് വിജയകൃഷ്ണൻ എഴുതിയ
'ദൃശ്യവിസ്മയങ്ങളുടെ രാജശില്പി'(ഗ്രന്ഥാലോകം ,ജൂൺ) നല്ലൊരു അവലോകനമാണ്.
അരവിന്ദന്റെ ഛായാഗ്രാഹകനായിരുന്ന ഷാജി സ്വന്തം സിനിമ സംവിധാനം ചെയ്തപ്പോൾ
ക്യാമറ കൈകാര്യം ചെയ്തില്ല ,അരവിന്ദനിൽ നിന്ന് ഏറെ വ്യത്യസ്തനായ ഹരിഹരന്റെ
'നഖക്ഷതങ്ങൾ','സർഗ്ഗം','പഞ്ചാഗ്നി' എന്നീ ചിത്രങ്ങൾക്ക് ഷാജി ഛായാഗ്രഹണം
ചെയ്തപ്പോൾ അത് വലിയൊരു വിജയഘടകമായി, ഏറെയൊന്നും ചർച്ച ചെയ്യപ്പെടാത്ത
'മഞ്ഞ്' എന്ന സിനിമയുടെ ഒരേയൊരു ആകർഷക ഘടകം ഷാജി പകർത്തിയ നൈനിത്താളിന്റെ
മനോഹാരിതയാണ് തുടങ്ങിയ നിരീക്ഷണങ്ങൾ അർത്ഥവത്തായിരിക്കുന്നു .
5)ഒഴുകുപാറ സത്യന്റെ 'അടുക്കള'(സ്ത്രീശബ്ദം, ജൂലായ് ) രസാനുഭൂതിയുണർത്തി.
'മിക്സി പോലുള്ള
അധികാരയന്ത്രങ്ങളിൽ
അരഞ്ഞുകൊണ്ടിരിക്കണം.
വേവിൻ്റെ നൊമ്പരങ്ങളിൽ
തിളച്ചു മറിയണം.
മുളകു ചിന്തകൾ
പുകഞ്ഞു നീറണം.
ഉള്ളി മോഹങ്ങൾ
കരഞ്ഞുതീർക്കണം .
ഇടയ്ക്ക് നെടുവീർപ്പിൻ്റെ
ഫ്രിഡ്ജിൽ മനമൊന്നു
തണുപ്പിക്കണം.'
എന്നാൽ അവസാനത്തെ വരി ശരിയായില്ല :
'പാകപ്പെടുത്തൽ മാത്രമല്ല
തിന്നു തീർക്കലാണ്
അടുക്കള ജീവിതം'.
ഒടുവിലത്തെ വരികളിലെത്തിയപ്പോൾ അതുവരെ നിലനിന്ന ഭയവും അസ്വസ്ഥതയും നേർത്തുപോയി .
6)ഒരു
മികച്ച എഴുത്തുകാരന്റെ ജീവിതത്തിൽ വിവിധ വിഷയങ്ങൾ, ഓരോ കൃതിയിലും
വ്യത്യസ്തമായ വിഷയങ്ങൾ ആവിഷ്കരിച്ചു എന്നു പറയാനാവില്ല. അങ്ങനെ ഒരു
വൈവിധ്യം സാധ്യമല്ല. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരൻ അൽബർട്ടോ മൊറാവിയ
പറഞ്ഞു: 'എല്ലാ നല്ല എഴുത്തുകാരും ഒരു പക്ഷിയെ പോലെയാണ്. ഒരേ പാട്ട്
പാടുന്നു ;ഒരേ പ്രമേയമാണ് ജീവിതകാലമത്രയും. എൻ്റെ കാര്യത്തിൽ ഈ പ്രമേയം
കലാപമാണ്.'
കരമസോവ് സഹോദരന്മാർ @ 65 /എം.കെ.ഹരികുമാർ
അക്ഷരജാലകം
ഈ
ലോകത്തിലെ ഏറ്റവും വലിയ നോവലകളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന 'ബ്രദേഴ്സ്
കരമസോവ്' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ട് അറുപത്തിയഞ്ച് വർഷം
പിന്നിട്ടിരിക്കുന്നു.മലയാളവായനക്കാരെ ഏറ്റവുമധികം സ്വാധീനിച്ച കൃതിയാണിത്.
1960 ജൂണിലാണ് എൻ.കെ.ദാമോദരൻ്റെ പരിഭാഷയിൽ നോവൽ സാഹിത്യപ്രവർത്തക സഹകരണ
സംഘം പ്രസിദ്ധീകരിച്ചത്. 1881 ലാണ് ദസ്തയെവ്സ്കി വിടവാങ്ങുന്നത്.
രണ്ടുവർഷംകൊണ്ടെഴുതിയ ഈ നോവൽ 'റഷ്യൻ മെസഞ്ചർ' എന്ന മാസികയിൽ 1879 മുതൽ 1880
വരെ സീരിയലായി പ്രസിദ്ധീകരിക്കുകയായിരുന്നു.1881 ൽ പുസ്തകമായി .എന്നാൽ
നോവൽ ദസ്തയെവ്സ്കിക്ക് മുഴുമിപ്പിക്കാനായില്ല .1881 ഫെബ്രുവരി ഒൻപതാം തീയതി
അദ്ദേഹത്തിനു എഴുതാൻ കഴിയാത്ത വിധം അസ്വാസ്ഥ്യമുണ്ടായി. അപ്പോൾ 59
വയസായിരുന്നു.
അദ്ദേഹം മോസ്കോയിലാണ് ജനിച്ചത്.
പിതാവ് ഒരു ഡോക്ടറായിരുന്നു. പതിനെട്ടു വയസാകുന്നതിനു മുമ്പേ
ദസ്തയെവ്സ്കിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു .രണ്ടുതവണ വിവാഹം കഴിച്ച
അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഏഴുവർഷം കഴിഞ്ഞപ്പോൾ മരണമടഞ്ഞു. രണ്ടാം
ഭാര്യയാണ് അന്ന സ്നിറ്റ്കിന. അന്ന നേരത്തെ തന്നെ അദ്ദേഹത്തിന്റെ
സഹായിയായിരുന്നു. സാമ്പത്തിക ബാധ്യതയിൽപ്പെട്ട അദ്ദേഹം പ്രസാധകരിൽ നിന്നും
മുൻകൂറായി പണം വാങ്ങിയിരുന്നു.തുക മടക്കികൊടുക്കാൻ വേണ്ടി കഠിനമായി
അധ്വാനിച്ചാണ് നോവലുകൾ എഴുതിക്കൊണ്ടിരുന്നത്.
59
വയസ്സിനുള്ളിൽ ഇത്രയധികം ഗഹനമായ ആശയധാരകളുടെ കെട്ടഴിച്ച, ചിന്താപരമായ
മാനങ്ങളുമുള്ള, മാനസികഘടന അനാവരണം ചെയ്ത കൃതികൾ എഴുതിയ വേറൊരാളില്ല
.ഇരുപത്തിമൂന്നു വയസിൽ സാഹിത്യരംഗത്ത് എത്തിയ അദ്ദേഹം പതിനാറ് നോവലുകൾ
എഴുതി. ഒടുവിലത്തേതാണ് 'കരമസോവ് സഹോദരന്മാർ'.1843 ൽ മിലിറ്ററി സ്കൂളിൽ ജോലി
നേടിയ അദ്ദേഹത്തിനു അത് തുടർന്നുകൊണ്ടു പോകാനായില്ല. ചൂതുകളിച്ചും
ധൂർത്തടിച്ചും എല്ലാം തുലച്ചു. പട്ടിണി കിടക്കേണ്ടി വന്നു.
കടം വീട്ടാൻ വേണ്ടി എഴുതി
അദ്ദേഹത്തിന്റെ
പ്രിയപ്പെട്ട കഥാകൃത്തായിരുന്നു ഗോഗോൾ .ഗോഗോളിൻ്റെ ചില കഥകൾ
മനപ്പാഠമായിരുന്നു. കടം തീർക്കാനുള്ള വ്യഗ്രതയിൽ സാഹിത്യരചനയിൽ നിന്ന്
കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു .സാഹസികമായ
തീരുമാനമായിരുന്നു. കടം കയറിയ ദസ്തയെവ്സ്കിക്ക് മറ്റെല്ലാം മാറ്റിവെച്ച്
എഴുതേണ്ടി വന്നു. വലിയൊരു സമ്മർദ്ദത്തിനു നടുവിൽ കഴിഞ്ഞതുകൊണ്ടാണ് ഇഡിയറ്റ്
,കരമസോവ് സഹോദരന്മാർ എന്നീ ദീർഘമായ കൃതികൾ എഴുതിയത് .ഒരു ബൃഹത് നോവൽ
എഴുതിയാൽ സാമ്പത്തികമായി രക്ഷപ്പെടാമെന്ന ചിന്ത സ്വാധീനിച്ചിരിക്കണം.
ജീവിക്കാനുള്ള ഓട്ടത്തിൽ അദ്ദേഹം ഭ്രാന്തമായി ചിന്തിച്ചു .എല്ലാ
വ്യവസ്ഥകൾക്കും കുറുകെ സഞ്ചരിച്ചു. മനുഷ്യമനസ്സിൽ മറവ് ചെയ്യപ്പെട്ട അജ്ഞാത
ത്വരകളെ വീണ്ടെടുക്കാനായി മാമൂലുകൾക്ക് വെളിയിലേക്ക് കടന്നു
.മനുഷ്യനെക്കുറിച്ച് അപരിചിതമായ ചില പാഠങ്ങൾ രചിച്ചു. ജീവിതം എത്ര
മനോഹരമാണെന്നു പറയുന്ന കവികൾക്ക് ബദലായി അതിനുള്ളിലെ നരകത്തെ
ചൂണ്ടിക്കാണിച്ചു. ഒന്നിലും നിലയുറപ്പിക്കാനോ വിശ്വസിക്കാനോ കഴിയാത്ത ഒരു
തെമ്മാടിയാണ് മനുഷ്യനെന്നു അദ്ദേഹം കണ്ടുപിടിച്ചുകൊണ്ടിരുന്നു. മനുഷ്യൻ ഏതു
വികാരത്തെ ഗാഢമായി ആശ്ളേഷിച്ചാലും അതെല്ലാം അസംബന്ധത്തിലും
യുക്തിരാഹിത്യത്തിലുമാണ് അവസാനിക്കുന്നത് .മനുഷ്യനു ക്ലിപ്തമായ ഒരു ഉത്തരം
ഒന്നിനുമില്ല. അവൻ സ്വയം അജ്ഞാതനായിരിക്കുന്നു. അതാണ് അവൻ്റെ പ്രതിലോമ വശം.
അവൻ എല്ലാത്തിനെയും എതിർക്കുകയോ നശിപ്പിക്കുകയോ ചെയ്യാൻ വേണ്ടിയാണ്
ശബ്ദിക്കുന്നത്. അവൻ ആരെയും സ്നേഹിക്കുന്നില്ല. സ്നേഹിക്കുമ്പോൾ തന്നെ
വെറുക്കുകയും ചെയ്യുന്നു .
പീറ്റേഴ്‌സ്
ഗ്രൂപ്പിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പിൽ അംഗമായതിൻ്റെ പേരിൽ ദസ്തയെവ്സ്കിയെ
വിപ്ലവകാരി എന്നു കണ്ട് പോലീസ് പിടിച്ചുകൊണ്ടുപോയി, കോടതിയിൽ വിചാരണ
ചെയ്തു, വെടിവെച്ചു കൊല്ലാൻ വിധിക്കുകയായിരുന്നു.വെടിവയ്ക്കാൻ നിരത്തി
നിർത്തിയിരുന്ന വിപ്ലവകാരികളെ കൊല്ലുന്നില്ല , നാടുകടത്തുക മാത്രമാണ്
ചെയ്യുന്നതെന്ന സന്ദേശം അവസാന നിമിഷം എത്തിയതോടെയാണ് രക്ഷപ്പെട്ടത്.
ഒരർത്ഥത്തിൽ പിൽക്കാലജീവിതം ബോണസായിരുന്നു.യാതൊരു കുറ്റബോധവുമില്ലാതെ
ജീവിക്കാം. നേരത്തെ വധിക്കപ്പെടാനുള്ള എല്ലാ 'യോഗ്യത'യും
ഉണ്ടായിരുന്നിട്ടും അതിൽ നിന്ന് രക്ഷപ്പെട്ടതുകൊണ്ട് പിന്നീടുള്ള
ജീവിതത്തിനു ഒരു അയവു വന്നു. സൈബീരിയയിലെ ജയിലിൽ നിന്ന് മോചിതനായ ശേഷം
പ്രേമവും വിവാഹവുമെക്കെയായി കുറേക്കാലം കടന്നുപോയി.അക്കാലത്ത് കാര്യമായി
ഒന്നും എഴുതാൻ സാധിച്ചില്ല.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു
.പിന്നീട് സഹോദരൻ നടത്തിക്കൊണ്ടിരുന്ന 'ടൈം' മാസികയുടെ ചുമതലയേറ്റു.
അക്കാലത്താണ് 'ദ് ഹൗസ് ഓഫ് ദ് ഡെഡ്' എഴുതിയത്. തുടർന്ന് 'ദ് ഇൻസൾട്ടഡ്
ആൻഡ് ദ് ഇൻഞ്ചുവേർഡ്' എഴുതി.
എന്നാൽ ജീവിതത്തിൽ
കഷ്ടപ്പാടുകൾ ഏറി വന്നു. സഹോദരൻ മരിച്ചതോടെ സഹോദരന്റെ ഭാര്യയെ മക്കളെയും
കൂടി നോക്കേണ്ടി വന്നു. അങ്ങനെയാണ് പ്രസാധകൻ്റെ അഡ്വാൻസ് വാങ്ങി
ജീവിക്കേണ്ടിവന്നത് .ഇത് ജീവിതത്തിലെ സ്വാതന്ത്ര്യം നശിപ്പിച്ചു. പക്ഷേ
സർഗാത്മതയ്ക്ക് വിളയാടാനുള്ള അവസരമായി.'ബ്രദേഴ്സ് കരമസോവ്' എന്ന രചനയാണ്
ദസ്തയെവ്സ്കിയെ ഏറ്റവും പ്രസിദ്ധനാക്കിയത്. ഒരു സാഹിത്യകാരൻ
എന്നതിനപ്പുറത്തേക്ക് അത് അദ്ദേഹത്തെക്കൊണ്ടെത്തിച്ചു. എൻ.കെ. ദാമോദരൻ
പരിഭാഷപ്പെടുത്തിയ 'കരമസോവ് സഹോദരന്മാർ'ക്ക് ഇടയാറന്മുള കെ.എം.വർഗീസ്
എഴുതിയ അവതാരികയിൽ ഇങ്ങനെ വായിക്കാം: 'റഷ്യയിലെ സാംസ്കാരിക സംഘടനകളുടെ
ആദ്യത്തെ കമ്മിസാർ ആയിരുന്ന ലൂനാ ഷാർസ്കി 1920 ൽ ഇങ്ങനെ എഴുതി: റഷ്യ
അവളുടെ കണ്ടകാവ്യാകീർണ്ണവും, എന്നാൽ മഹിമാപൂർണവുമായ മാർഗത്തിലൂടെ
മുന്നേറുകയാണ് .പിന്നിൽ അവളുടെ ഉത്കൃഷ്ട പ്രവാചകന്മാർ എല്ലാവരുമുണ്ട്.
ഇക്കൂട്ടത്തിൽ ഏറ്റവും അത്ഭുതപ്രവാചകനായി, സമുജ്ജലനായി നിലകൊള്ളുന്നത്
ഫയദോർ ദസ്തയെവ്സ്കിയാണ്.'ഇരുപതാം നൂറ്റാണ്ടിന്റെ പ്രവാചകൻ കാൾ മാർക്സല്ല,
ദസ്തയെവ്സ്കിയാണെന്നു അൽബേർ കമ്യു പറഞ്ഞത് ഇതിനോടു ചേർത്തുവച്ചു കാണണം.
യാതനകളിൽ ജീവിക്കുമ്പോൾ
യാതനകളും
വേദനകളും ജീവിക്കാനുള്ളതാണെന്ന വിചിത്രമായ ഒരു മാർഗ്ഗമാണ്
ദസ്തയെവ്സ്കിയുടേത്. അദ്ദേഹം ആഴമുള്ള ദുഃഖത്തിൽ നിന്ന് ജീവിതത്തിന്റെ
ഏറ്റവും ശുദ്ധമായ ഭാവത്തെ തേടുകയാണ് ചെയ്തത്. ഒരു കുറ്റവാളിയുടെ
മാനസികാവസ്ഥയെ സ്കാൻ ചെയ്യാൻ അദ്ദേഹം എപ്പോഴും താല്പര്യപ്പെട്ടു .പലപ്പോഴും
അദ്ദേഹം സ്വന്തം മനസ്സിനെ തന്നെ അവിശ്വസിച്ചു.താൻ ഒരു അപരാധിയും
വഞ്ചകനുമാണെന്നു അഭിദർശിച്ചു. ഒരു മനുഷ്യനിലും സത്യസന്ധനായ ക്രിസ്തു
ജീവിക്കുന്നില്ലെന്ന് അറിഞ്ഞ അദ്ദേഹം മനുഷ്യമോചനത്തിനുവേണ്ടി കുരിശിലേറാത്ത
ഒരു മിശിഹായെ അന്വേഷിച്ചുകൊണ്ടിരുന്നു.
ദസ്തയെവ്സ്കിയിൽ
ഒരു കുറ്റവാളി ഉണ്ടായിരുന്നുവെന്നു മന:ശാസ്ത്രജ്ഞനായ ഫ്രോയ്ഡ്
എഴുതിയിട്ടുണ്ട്. കരമസോവ് കുടുംബമാണ് ഈ നോവലിൽ നിറയുന്നത് .ദിമിത്രി, ഇവാൻ
,അല്യോഷ എന്നീ സഹോദരന്മാർ മനുഷ്യാവസ്ഥയുടെ മൂന്നു ധാരകളെ
പ്രതിനിധീകരിക്കുന്നു.ഇവരും പിതാവ് ഫയദോർ പാവ്ലോവിച്ചുമായുള്ള ബന്ധം
നോവലിൻ്റെ കേന്ദ്ര ബിന്ദുവാണ്. പിതാവ് കൊല്ലപ്പെടുന്നു. ദിമിത്രി
സംശയിക്കപ്പെടുന്നു. യഥാർത്ഥ കൊലയാളി, പിതാവിന്റെ സേവകനും
അവിഹിതസന്തതിയുമായ സ്മെർദ്യയോകോവാണ് .പിതാവ് പാവ്ലോവിച്ചിനു ഗ്രൂഷെങ്ക എന്ന
സ്ത്രീയോട് കമ്പമുണ്ട്. എന്നാൽ അയാളുടെ മകൻ ദിമിത്രിയും അവളെ
കാമിക്കുന്നു. പിതാവ് കൊല്ലപ്പെടുമ്പോൾ ദിമിത്രി സംശയത്തിൻ്റെ
നിഴലിലാകുന്നത് ഇങ്ങനെയാണ്.
ലോകാത്ഭുതമായ
'ബ്രദേഴ്സ് കരമസോവ്' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എൻ.കെ. ദാമോദരൻ
മറ്റൊരു വീരചരിതമാണ് രചിച്ചത് .ആയിരത്തിലേറെ പേജുള്ള ഈ സങ്കീർണ നോവൽ,
പരിഭാഷയ്ക്കപ്പുറം ഒരു മൗലികകൃതിയുടെ എല്ലാവിധത്തിലുള്ള രുചിമുകുളങ്ങളും
ഒപ്പിയെടുക്കുകയാണ്. മനുഷ്യമനസ്സിലേക്ക് നിർബാധം പതിക്കുക എന്നത്
ദസ്തയെവ്സ്കിയുടെ അനിവാര്യമായി വീഴ്ചയായിരുന്നു. പാതാളം തീർച്ചയായുമുണ്ട്
.അത് മനുഷ്യമനസിന്റെ അന്തർലോകമാണ് . അവിടേക്ക് നാം നേരിട്ട് പോകേണ്ടതില്ല.
നാം ഭാഗികമായി അവിടെയാണ്. മനുഷ്യാസ്തിത്വത്തിന്റെ ഒരു ഭാഗം അവിടെയാണ്.
അവിടെ നാം ബലഹീനരോ ദുരന്തകഥാപാത്രങ്ങളോ ആയിത്തീരുന്നു. അതുകൊണ്ടുതന്നെ
ദുഷിതമായി നാം നിഷ്കളങ്കമാണ്. ഒരു കുട്ടിയുടെ നിഷ്കളങ്കതയുടെ അനിവാര്യമായ
തെറ്റുകൾ മാനവരാശിക്കാകെയുണ്ട്. നമ്മുടെ കുറ്റകൃത്യങ്ങളിൽ നിന്ന്
രക്ഷപ്പെടാനുള്ള ഒരു കസർത്ത് ഒരുവശത്തും അതിലേക്ക് ആഴ്ന്നിറങ്ങാനുള്ള
വെമ്പൽ മറുവശത്തുമുണ്ട് .ഇത് രണ്ടും തമ്മിലുള്ള സംഘർഷത്തിലാണ് മനുഷ്യൻ.
ഉള്ളിൽ ഭൂതാവിഷ്ടനായ മറ്റൊരുവൻ
അവൻ എങ്ങനെയാണ് ഈ സാഹചര്യത്തിൽ ഒരു യുക്തിജീവിയായിക്കുന്നത് ? അവൻ്റെ യുക്തി അവനെ ചതിക്കുന്നതാകാം.
ദസ്തയെവ്സ്കി
എഴുതി: 'എല്ലാറ്റിനുമുപരി നിങ്ങളോട് കള്ളം പറയരുത്. അവനവനോട് കള്ളം
പറയുന്നവനു ,സ്വന്തം നുണ മാത്രം കേൾക്കുന്നവനു തന്നിലുള്ളതോ
ചുറ്റിനുമുള്ളതോ ആയ സത്യത്തെ വേർതിരിച്ചെടുക്കാൻ കഴിയാതാവുകയും,
മറ്റുള്ളവരോടോ തന്നോടോ ഒരു ബഹുമാനവും തോന്നാതാവുകയും ചെയ്യുന്ന
ഒരവസ്ഥയിലെത്തിച്ചേരും. അങ്ങനെ എല്ലാവിധ ആദരവും ഇല്ലാതാകുന്നതോടെ അവനിൽ
സ്നേഹം എന്നെന്നേക്കുമായി അപ്രത്യക്ഷമാകും." ഇത്രയും കൃത്യമായി
,മനോവിശകലനത്തിൻ്റെ സൂക്ഷ്മതയിൽ, സമൂഹത്തെയും വ്യക്തിയെയും ഒരുപോലെ
ബാധിക്കുന്ന പ്രശ്നത്തെ ദസ്തയെവ്സ്കി പത്തൊൻപതാം നൂറ്റാണ്ടിലാണ്
അപഗ്രഥിച്ചത്. മനുഷ്യവിചാരങ്ങളുടെ അന്തർഘടനകൾ അഴിച്ചുനോക്കി ശൂന്യത കണ്ട
സാഹിത്യകാരനാണ് അദ്ദേഹം .എവിടെയാണ് ദൈവം എന്ന ചോദ്യത്തിന് മുഴക്കം
കിട്ടുന്നത് ഇവിടെയാണ്.
എൻ.കെ ദാമോദരൻ്റെ
പരിഭാഷയുടെ ഗുണം അതിൽ ദസ്തയെവ്സ്കിയുടെ മനസ് സ്പന്ദിക്കുന്നു എന്നതാണ്.
തെറ്റിനും ശരിക്കുമിടയിൽ, ചോദ്യോത്തരങ്ങളും ആത്മവിശകലനങ്ങളും വിശ്വാസവും
ആത്മനിന്ദയുമായി നടക്കുന്ന ഒരാളെ ദാമോദരൻ തന്റെ ഭാഷയിൽ
സന്നിഹിതമാക്കിയിരിക്കുകയാണ്. പരിഭാഷയുടെ മാജിക്കാണിത്. ഒരു സാധാരണ
മനുഷ്യന്റെയുള്ളിൽ ഭൂതാവിഷ്ടനായ മറ്റൊരുവനുണ്ടെന്ന വിചിത്രമായ അനുഭവമാണ്
ദസ്തയെവ്സ്കിയുടെ കൃതികളിലുള്ളത് .ഇവിടെ നോവൽ വെറുമൊരു കഥ പറയാനുള്ളതല്ല
.പിതാവ് കൊല്ലപ്പെടുന്നു, മകനെ സംശയിക്കുന്നു. ഇതിനിടയിൽ രണ്ടുപേരും
കാമിച്ച ഒരു സ്ത്രീയുടെ സാന്നിധ്യം എരിവു കൂട്ടുന്നു. ഒരു ക്രൈം
ത്രില്ലറിനുള്ള വസ്തുക്കളാണിത്. എന്നാൽ ഇത് ക്രൈം ത്രില്ലറല്ല.
മാനവരാശിയുടെ എല്ലാകാലത്തെയും ജീവിതരഹസ്യം വെളിപ്പെടുത്തുകയാണ്.
മനുഷ്യനെ
കണ്ടെത്താൻ വേണ്ടിയാണ് അദ്ദേഹം ഒരു കഥ പറയുന്നത്. 'ആശയവിപ്ലവം' എന്ന
അധ്യായത്തിൽ അയൽക്കാരനെ എങ്ങനെയാണ് സ്നേഹിക്കാൻ കഴിയുക എന്നു ഐവാൻ
ചോദിക്കുന്നുണ്ട് .അയൽക്കാരനെ സ്നേഹിക്കുക അസാധ്യമാണെന്നു അവൻ പറയുന്നു
.അകലെയുള്ളവരെ സ്നേഹിക്കാം ,ഒരാൾ അടുത്തുള്ളപ്പോൾ സ്നേഹമില്ലാതാകും
എന്നിങ്ങനെ അവൻ വാദിക്കുന്നു. യഥാർത്ഥത്തിൽ രോഗപീഡിതനായ ഒരുവൻ്റെ സേവകനായി
സ്വയം പ്രഖ്യാപിച്ചവൻ അവനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് ആത്മപീഡനവ്യഗ്രത
കൊണ്ട് ചെയ്യുന്നതാണെന്നു ഐവാനു അഭിപ്രായമുണ്ട് .സ്നേഹം എന്ന പ്രക്രിയയിൽ
സ്നേഹരാഹിത്യവും ആത്മപീഡനവും കാണുകയാണ്.ഐവാൻ തുടർന്നു പറയുന്ന ഭാഗം ദാമോദരൻ
ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു:'എൻ്റെ ആലോചനകളിൽ മാനവരാശിയോട്
ക്രിസ്തുസദൃശമായ സ്നേഹം ഭൂമിയിൽ അസാധ്യമായ ഒരത്ഭുതമാണ് .ക്രിസ്തു
ദൈവമായിരുന്നു .എന്നാൽ നാം ദൈവങ്ങളല്ലല്ലോ .ദൃഷ്ടാന്തത്തിന്, ഞാൻ കഠിനമായി
ദുഃഖിക്കുന്നുവെന്നിരിക്കട്ടെ .എൻ്റെ ദുഃഖം എത്രയെന്നറിയാൻ ഒരു അന്യനു
ഒരിക്കലും സാധിക്കില്ല. എന്തെന്നാൽ അയാൾ ഞാനല്ല .എന്നിൽ നിന്ന്
വ്യതിരിക്തനാണ് .മാത്രമല്ല ,ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ ദുഃഖത്തെ
അംഗീകരിക്കാൻ അപൂർവ്വമായേ സന്നദ്ധനാകാറുള്ളു.(അതൊരു പ്രത്യേകംഗീകാരമെന്ന
മട്ടിൽ).അത് എന്തുകൊണ്ടാണെന്നാണ് നിൻ്റെ വിചാരം? എൻ്റെ ഗന്ധം അയാൾക്ക്
പിടിക്കാത്തതുകൊണ്ട്, എനിക്ക് ഒരു മൂഢന്റെ മുഖഭാവമുള്ളതുകൊണ്ട്, ഒരിക്കൽ
ഞാൻ അയാളുടെ കാലിൽ ചവിട്ടിയിട്ടുണ്ടെന്നുള്ളതുകൊണ്ട്. സാധാരണദുഃഖവും
അസാധാരണദുഃഖവുമുണ്ട്. എന്നെ അസ്തഗർവ്വനാക്കുന്ന അപമാനകരവും ഹീനവുമായ ദുഃഖം
(ഉദാ:വിശപ്പ്)എൻ്റെ ഉപകർത്താവ് ഒരുവേള സമ്മതിച്ചു തന്നേക്കാം. എന്നാൽ
കുറെക്കൂടി ഉൽകൃഷ്ടമായ വ്യസനം ,ഉദാഹരണത്തിനു ഒരു ആശയത്തിനു വേണ്ടിയുള്ള
വ്യസനം - അയാൾ വളരെ അപൂർവമായേ സമ്മതിച്ചു തരൂ.ഒരു ആശയത്തിനു വേണ്ടി
വ്യസനിക്കുന്ന മനുഷ്യനുണ്ടായിരിക്കുമെന്ന് അയാൾ സങ്കൽപ്പിക്കുന്ന ഒരു
മുഖഭാവമല്ലായിരിക്കും എന്നിൽ ദർശിക്കുന്നത്. തന്നിമിത്തം ക്ഷണത്തിൽ
അയാൾക്ക് എന്നോട് അപ്രീതിയുണ്ടാവുന്നു.'
ദസ്തയെവ്സ്കി
ആത്മനിന്ദയിൽ അധ:പതിച്ചു സൗന്ദര്യം തേടുകയാണ് ചെയ്തത് .എന്നാൽ അജ്ഞാതമായ
ഒരു തലം മനുഷ്യനുണ്ട്. അതിനെപ്പറ്റി അദ്ദേഹം ഇങ്ങനെ പറഞ്ഞു:
'മനുഷ്യചേതനയെന്നത് ഇപ്പോഴും അജ്ഞാതമാണ് .ശാസ്ത്രത്തിനും അതപരിചിതമാണ്,
നിർവ്വചനാതീതവും അത്ഭുതാവഹവുമാണ് .ആർക്കുമതേക്കുറിച്ച് ഒരു അന്തിമനിർണയു
സാധ്യമല്ല.'
മനുഷ്യമനസ്സിൽ നിറയെ വൈരുദ്ധങ്ങളാണ്.
നമ്മൾ ഒരാളെ സ്നേഹിച്ചതുകൊണ്ട് അതിനു പരിഹാരമാകില്ല. ചിലപ്പോൾ സ്നേഹത്തെ
ഒരു കുറ്റകൃത്യമായി വിലയിരുത്തിയേക്കാം. സ്നേഹം ഒരാപേക്ഷിക വികാരമാണ്. അത്
നിലനിൽക്കുന്നത് വിവിധ കാരണങ്ങളാൽ നാം പലതിനെയും ഒഴിവാക്കുന്നതിന്റെ
മറുപുറത്താണ്.
രജതരേഖകൾ
1)റഫീക്ക്
അഹമ്മദിൻ്റെ കാടകം (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഓഗസ്റ്റ് 10-16)സർവസാധാരണമായ
ഒരു പരിസ്ഥിതി കവിതയാണ്. കവി പുതുതായി ഒന്നും പറയുന്നില്ല. കാടിനോടുള്ള
ആദിമമായ അഭിനിവേശമാണ് .ഓണക്കാലത്ത് ഓണത്തെ പ്രകീർത്തിക്കുന്നതു പോലെ
ആവർത്തന വിരസമാണ് ,ക്ളീഷേയാണിത് . വിഷ്ണുനാരായണൻ നമ്പൂതിരി , സുഗതകുമാരി
തുടങ്ങിയവരുടെ കവിതകളുടെ വിദൂരധ്വനി ഇതിൽ കേൾക്കാം:
പാലപൂക്കും മണത്തിൽ കടമ്പിൻ
മാലതൂങ്ങും ശിഖരത്തിൽനിന്നും കാലുമാട്ടിയിരുന്നെൻ്റെ നേരെ
നോക്കുകാ,ദിമമാം കുറുമ്പോടെ
ഹാ ,വനജ്യോത്സ്നയാലിരുട്ടിന്മേൽ ശീതളാനല സുസ്മേരയായി
നീ മുടിക്കെട്ടഴിച്ചു നീരാടും
കാട്ടുപൂഞ്ചോലയെന്നന്തരംഗം.'
മുടിക്കെട്ടഴിച്ച് നീരാടൽ , കാട്ടുപൂഞ്ചോല, ഏഴിമല പൂഞ്ചോല തുടങ്ങിയവയൊക്കെ ക്ളീഷേയാണ്. യാതൊരു വികാരവും ജനിപ്പിക്കാത്ത പ്രയോഗങ്ങൾ.
2)ഡോ.എം.ലീലാവതിയുടെ
'ധ്വനിപ്രയാണ'(ആത്മകഥ)ത്തെക്കുറിച്ച് ഡോ. പ്രിയ വർഗീസ് എഴുതിയ റിവ്യു
'ധ്വനിപ്രയാണത്തിലെ സ്ത്രീചരിത്രം'(സ്ത്രീശബ്ദം, ജൂലൈ) കേരള ചരിത്രഘട്ടവും
സമുദായ പശ്ചാത്തലവും സാഹിത്യതാൽപര്യവും ചർച്ചചെയ്യുന്നു .ലീലാവതി
ടീച്ചറുടെ ജീവിത പുസ്തകം 'സാഹിത്യനിരൂപണത്തിൽ ഒരു പെണ്ണിൻ്റെ
സാഹസസഞ്ചാരങ്ങൾ 'എന്ന ടാഗ് ലൈനോടുകൂടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ടീച്ചറുടെ വിമർശനജീവിതത്തെ ഒരു പെണ്ണിൻ്റെ സഞ്ചാരമായി
നിരീക്ഷിക്കുന്നതിനപ്പുറത്ത് പാണ്ഡിത്യവും സഹൃദയത്വവും ചേർന്ന ഒരു
ജൈത്രയാത്രയായി കാണുന്നതാണ് നല്ലത്. ഒരു ജെൻഡർ പൊളിറ്റിക്സ്, ടീച്ചർക്ക്
ഭാരമായിരിക്കും. പ്രിയയുടെ ലേഖനത്തിലെ ഈ നിരീക്ഷണം ശ്രദ്ധേയമാണ് :'ഏത്
എഴുത്തിനും ആശയവിനിമയം എന്നതിനപ്പുറം സ്വയം സ്വാന്തനം എന്നൊരു തലം
കൂടിയുണ്ട്. എഴുത്തിന്റെ പ്രേരണകളിൽ പ്രധാനമാണത്. ശ്രദ്ധയോടെ
സ്മരിക്കുന്നതും ഒരു തരത്തിൽ ശ്രാദ്ധമൂട്ടു തന്നെ എന്ന് സ്മൃതി
പ്രയാണത്തിൻ്റെ തുടക്കത്തിൽ ലീലാവതി ടീച്ചർ എഴുതുന്നുണ്ട്.'
3)റഷ്യൻ
ചലച്ചിത്രസംവിധായകനായ ആന്ദ്രേ താർക്കോവ്സ്കി തന്റെ ' സ്കൾപ്റ്റിംഗ് ഇൻ
ടൈം' എന്ന ആത്മകഥയിൽ എഴുതിയത് ഇങ്ങനെ: 'ഇന്നത്തെ ബഹുജനസംസ്കാരം
'ഉപഭോക്താവി'നെയാണ് ലക്ഷ്യം വയ്ക്കുന്നത് .കൃത്രിമത്വത്തിന്റെ
സംസ്കാരമാണത്. ഇത് മനുഷ്യൻ്റെ ആത്മാവിനെ മുരടിപ്പിക്കുന്നു. അവനും അവൻ്റെ
അസ്തിത്വത്തിൻ്റെ നിർണായകമായ പ്രശ്നങ്ങൾക്കുമിടയിൽ വിടവുണ്ടാക്കുന്നു.
ആത്മീയജീവിയായ മനുഷ്യനിൽ നിന്ന് അവനെ തന്നെ അകറ്റുകയാണ്.'
4)സത്യജിത്
റായിയോ അടൂർ ഗോപാലകൃഷ്ണനോ ക്രൂരമായി വിമർശിക്കപ്പെട്ടേക്കാം .ഫേസ്ബുക്ക്
സംസ്കാരത്തിന്റെ സ്വഭാവമാണിത്. റായിയുടെ ഒരു സിനിമ പോലും
കണ്ടിട്ടില്ലാത്തവർക്ക് അദ്ദേഹത്തിൻ്റെ പടങ്ങളെ അധിക്ഷേപിക്കാൻ ഒരു
പ്രയാസവും ഉണ്ടാവില്ല .അതിനു നല്ല പിന്തുണ കിട്ടും. അതാണ് പുത്തൻ
ഫേസ്ബുക്ക് ജനാധിപത്യം .സോഷ്യൽ മീഡിയയിലെ ഇടം ഏതൊരാൾക്കും എന്തും വിളിച്ചു
പറയാനുള്ളതാണ്. നൃത്തം പഠിക്കാത്തവർക്ക് പത്മാ സുബ്രഹ്മണ്യം നൃത്തം
ചെയ്യുന്നത് ശരിയല്ലെന്നു പറയാം .അതിനു പിന്തുണ കിട്ടും .ഇത് ആശയാനന്തര
കാലമാണ്. ഇവിടെ ആശയങ്ങളില്ല . ഇവിടെ ചരിത്രം എരിഞ്ഞുതീരുകയാണ് .മറവി
മൂർച്ചയുള്ള ഒരു ആയുധമാണ് .അതുപയോഗിച്ച് ഏത് ഷേക്സ്പിയറിനെയും വീഴ്ത്താം.
5)ടെലിവിഷൻ
ചാനലുകളിലെ ചർച്ചയും അവതരണവും വെച്ചുകൊണ്ട് നമുക്ക് ജീവിതത്തിൻ്റെ
മുൻഗണനകൾ നിശ്ചയിക്കാനാവില്ല. ഒരു രാഷ്ട്രീയനേതാവ് ഹോട്ടലിൽ കയറി
പ്രഭാതഭക്ഷണം കഴിക്കുന്നു. മുട്ടക്കറിയുടെ വിലയെക്കുറിച്ച്
തർക്കമുണ്ടാകുന്നു .അത് വാർത്തയാവുകയാണ്!. ഒന്നോ രണ്ടോ ദിവസം പ്രൈം ടൈമിൽ
ചാനലുകൾ ചർച്ചചെയ്യുകയാണ്! മുട്ട എക്സ്പെർട്ടുകൾ വന്ന് അവരുടെ മുട്ട
അനുഭവങ്ങൾ പറയുകയാണ്!. കാമ്പില്ലാത്ത വിഷയങ്ങളിൽ അനാവശ്യമായി ചർച്ചചെയ്ത്
എന്തോ സൃഷ്ടിക്കാനാണ് ആധുനിക മാധ്യമങ്ങൾ ശ്രമിക്കുന്നത്.
ദു:ഖിതർക്ക് വേണ്ടി നക്ഷത്രങ്ങൾ പ്രകാശം ചൊരിയുന്നു/എം.കെ.ഹരികുമാർ
അക്ഷരജാലകം
നക്ഷത്രങ്ങൾ
ദു:ഖിതർക്ക് ജീവിതത്തിൻ്റെ ഇരുട്ടിൽ വഴികാണിച്ചു കൊടുക്കുമോ? തീർച്ചയായും
വഴി കാണിക്കും. ഡച്ച് പെയിൻ്റർ വാൻഗോഗി (1853-1890)ൻ്റെ ഒരു ചിത്രത്തിൻ്റെ
രഹസ്യം, റഷ്യൻ കവി വ്ളാഡിമിർ മയക്കോവ്സ്കി (1893-1930)യുടെ ഒരു കവിത
വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തിയതിൻ്റെ കൗതുകകരമായ ചില ഏടുകൾ
പരിശോധിക്കുന്നത് രസകരമായിരിക്കും.
വാൻഗോഗ് വരച്ച 'ദ് സ്റ്റാറി
നൈറ്റ്'(നക്ഷത്രാങ്കിതമായ രാത്രി,1889) എന്ന ചിത്രം ചരിത്രപ്രസിദ്ധമാണ്;
കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ ചരിത്രത്തിലെ ഒരു മഹാത്ഭുതമാണ്.
ചിത്രകലയിലെ
ഒരു ദുരന്തമായിരുന്നു വാൻഗോഗ് എന്നോർക്കണം. അദ്ദേഹം രണ്ടായിരത്തിനടുത്ത്
ചിത്രങ്ങൾ വരച്ചെങ്കിലും ,ജീവിച്ചിരുന്നപ്പോൾ ഒരേയൊരു ചിത്രമാണ്
വിറ്റഴിഞ്ഞത്. ഏതാനും ചിത്രങ്ങൾ മാത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
പാരീസിലെ ചില നവതരംഗവാദികളായ കലാകാരന്മാരോടൊപ്പമായിരുന്നു ആ പ്രദർശനം.
എന്നാൽ അന്നത്തെ ചിത്രകലാനിരൂപകരും കച്ചവടക്കാരും വൻഗോഗിനെ
മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു.പ്രകൃതിയായാലും
വീട്ടുപകരണമായാലും വാൻഗോഗ് വരയ്ക്കുമ്പോൾ സംഭവിക്കുന്ന നിറപ്പകർച്ച,
വൈകാരികമായ ഭാവുകത്വത്തിന്റെ മൂർച്ച അന്നത്തെ കലാവിമർശനത്തിൻ്റെ
പരിധിക്കപ്പുറത്തായിരുന്നു. അതുകൊണ്ട് അവർ അദ്ദേഹത്തെ അവഗണിച്ചു. ഇപ്പോൾ
അവഗണനയ്ക്ക് ലോകം ക്ഷമാപണം നടത്തുകയാണ്. കൊടുക്കാത്ത ആദരവ്
കുടഞ്ഞിടുകയാണ്.വാൻഗോഗിൻ്റെ ഓരോ ചിത്രവും ആഘോഷിക്കപ്പെടുകയാണ് .
'ദ്
സ്റ്റാറ്റി നൈറ്റ്' എന്ന ചിത്രം വരച്ചത് അദ്ദേഹം ആത്മഹത്യ ചെയ്യുന്നതിനു
ഒരു വർഷം മുമ്പായിരുന്നു .പട്ടിണിയും കലാപരമായ മാനസികാവസ്ഥയുടെ
ഉന്മത്തജ്വരവും മൂലം വാൻഗോഗിൻ്റെ അവസ്ഥ ദുർബലമായിരുന്നു. അദ്ദേഹം രോഗിയും
കലാകാരനുമായിരിക്കുന്നതിൻ്റെ അനിവാര്യമായ ചുറ്റുപാടിലായിരുന്നു.
ദാരിദ്ര്യവും അരാജകത്വവും ഉൾവലിയലും അദ്ദേഹത്തിൻ്റെ കലാനിർമ്മാണത്തിനു
അത്യാവശ്യ ഘടകങ്ങളായിരുന്നു .ഇത് അദ്ദേഹം തന്നെ അറിഞ്ഞിട്ടുണ്ടാവണം.
രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ , ദുർഗത്തിലകപ്പെട്ട ഒരുവനെ പോലെ തൻ്റെ
അരക്ഷിത മാനസികാവസ്ഥയുടെ കാട്ടിനുള്ളിൽ അകപ്പെടുകയായിരുന്നു.വാൻഗോഗ്
വായിക്കുന്നതും കത്തുകളിൽ കുറിക്കുന്നതും വരയ്ക്കുന്നത്യം ഏറെക്കുറെ
സമാനമായിരുന്നു. നവീനമായ അഭിരുചിയുള്ളതുകൊണ്ട് ഗതാനുഗതികത്വത്തിൻ്റെ
പരിചിതമായ സാഹചര്യങ്ങളോട് മമത പുലർത്താനായില്ല.അദ്ദേഹത്തിൻ്റെ വര
പ്രകൃതിയെ പുതുതായി ആവിഷ്കരിക്കുകയായിരുന്നു.
സത്യസന്ധത തീവ്രം
ഓരോ
വസ്തുവിനെയും കലയിലും കാഴ്ചയിലും നവീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.അതിൽ
നിന്ന് മാറി ഒത്തുതീർപ്പിലെത്താൻ കഴിയാത്ത വിധം മാനസികനില മറ്റൊരു മാർഗം
അവലംബിക്കുകയായിരുന്നു. രോഗഭീതിയും ആശങ്കയും ഉൾക്കണ്ഠയും
മൂർധന്യാവസ്ഥയിലെത്തിയപ്പോൾ അദ്ദേഹത്തെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ
പ്രവേശിപ്പിക്കേണ്ടിവന്നു. കലാപ്രവർത്തനത്തെ വിശുദ്ധമായ ഒരാചാരമോ,
സ്വപ്നാത്മകമായ സഞ്ചാരമോ, പ്രാർത്ഥനയോ വെളിപാടോ ആയി കാണുന്ന വാൻഗോഗിന്
മറ്റൊരു ജീവിതം അസാധ്യമായിരുന്നു. വാൻഗോഗ് എന്ന കലാകാരൻ തന്നിൽ എങ്ങനെയാണോ
ജീവിച്ചത് അതിനു സമാനമായ പ്രതിച്ഛായയാണ് മറ്റുള്ളവരിലും
സൃഷ്ടിച്ചത്.അദ്ദേഹത്തിൻ്റെ സത്യസന്ധത അത്ര തീവ്രമായിരുന്നു. ഒരു മുഖപടം
തുന്നിപ്പിടിപ്പിച്ചു ജീവിക്കാത്ത ആ ചിത്രകാരൻ സ്വയം തെളിയിക്കാനല്ല ,സ്വയം
അറിയാനാണ് വരച്ചത്. പൊട്ടറ്റോ ഈറ്റേഴ്സ് ,വീറ്റ് ഫീൽഡ് വിത്ത് ക്രൗസ്
,ആൽമണ്ട് ബ്ളോസംസ് ,കേഫ് ടെറസ് അറ്റ് നൈറ്റ് ,സ്റ്റാറി നൈറ്റ് ഓവർ ദ് റോൺ
,എ പെയർ ഓഫ് ഷൂസ് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ ജീവിതാനുഭവം, ജ്ഞാനം,
പ്രബോധനാത്മകത, ദിവ്യദർശനം തുടങ്ങിയവ വെളിപ്പെടുത്തുന്നു.
തുടക്കത്തിൽ
സൂചിപ്പിച്ചതു പോലെ വാൻഗോഗും മയക്കോവ്സ്കിയും തമ്മിൽ നാം കാണുന്ന
വൈകാരികമായ ,ആശയപരമായ ഐക്യം എങ്ങനെ രൂപപ്പെട്ടു എന്ന് അന്വേഷിക്കാം. ഇവർ
തമ്മിൽ കണ്ടിട്ടില്ല .വാൻഗോഗിൻ്റെ വിടവാങ്ങലിനു ശേഷമാണ് മയക്കോവ്സ്കി
ജനിക്കുന്നത്. ഡച്ച് പോസ്റ്റ് ഇംപ്രഷണിസ്റ്റ് പെയിൻ്ററായ വാൻഗോഗ് കടുത്ത
വികാരക്കൂട്ടാണ് കലയിൽ പ്രയോഗിച്ചത്. ഒരു വസ്തുവിനെ വെറുതെ പ്രതിനിധാനം
ചെയ്യുന്നതിനു പകരം അതിനോട് വരയ്ക്കുന്നയാളിനുള്ള ഇഷ്ടം ,ബന്ധം, വികാരം
തുടങ്ങിയവ സന്നിവേശിപ്പിച്ചു .മങ്ങിയും അലസമായും കിടന്ന നിറങ്ങളെ
പ്രോജ്വലിപ്പിക്കുകയാണ് വാൻഗോഗ് ചെയ്തത് .അനുവാചകരെ ഞെട്ടലോടെ ഉണർത്താൻ
ശ്രമിച്ചു. ഒരു രാത്രിയോ പകലോ പൂവോ മരമോ നദിയോ തന്നെ ഉന്മാദത്തിലേക്ക്
തള്ളിവിടുന്നതെങ്ങനെയെന്ന് ചിത്രീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. അതിലൂടെ
ചിത്രകാരൻ പ്രബോധകനാകുന്നു.
മനുഷ്യൻ്റെ വൈകാരിക
ബന്ധം മറയ്ക്കാനല്ല ,വെളിപ്പെടുത്താനാണ് ഇവിടെ ബ്രഷ്
അന്വേഷിക്കുന്നത്.മനുഷ്യൻ വികാരങ്ങൾ കൊണ്ട് ജീവിക്കുന്നു. അവൻ ഉറങ്ങുകയല്ല
,ഉണർന്നു ജീവിക്കുകയാണ്. പ്രകടമായ ചിത്രണമാണത്. ഹൃദയത്തിൽ ഒരു സംവാദം
ഉണ്ടാവുകയാണ്. അത് ആത്മീയമായ ഉണർവായിത്തീരുന്നു. ഈ ലോകജീവിതത്തെയും കടന്ന്
മറ്റ് പലയിടങ്ങളിലേക്കും ഒരു സ്വപ്നാടകനെ പോലെ സഞ്ചരിക്കാൻ
പ്രേരിപ്പിക്കുന്നു .ഒരു വികാരം വെറുതെ പ്രകടിപ്പിക്കുകയല്ല, അത്
ബോധോദയമായിത്തീരുകയാണ്.'ദ് സ്റ്റാറി നൈറ്റ്' വരച്ചത് മാനസികരോഗാശുപത്രിയിൽ
കഴിഞ്ഞ കാലത്താണല്ലോ. പാരീസിലെ സെയിൻ്റ് പോൾ കേന്ദ്രത്തിൽ കഴിഞ്ഞ
ദിവസങ്ങളിലായിരുന്നു അത് സംഭവിച്ചത്. ഉറക്കമില്ലാത്ത ഒരു രാത്രിയിൽ വാൻഗോഗ്
ജനാലയിൽ കൂടി പുറത്തേക്ക് നോക്കി. നക്ഷത്രങ്ങൾ ഹതാശരായ മനുഷ്യരെ
ആശ്വസിപ്പിക്കാനായി ആഭിചാര കർമ്മത്തിലേർപ്പെടുന്ന രാത്രിയായിരുന്നു അത്.
ജീവിതത്തിൽ ഓരോന്നും വേദനിപ്പിച്ചും ശാസിച്ചും കടന്നുപോകുമ്പോൾ അശരണരെ
നോക്കാൻ ആകാശത്ത് നക്ഷത്രങ്ങളുണ്ടെന്നത് വലിയ ആശ്വാസമാണ് .ഒരു
ഏകാധിപതിക്കും അത് തടയാനാവില്ല. തടവറയിൽ കിടക്കുന്നവനും തരം കിട്ടിയാൽ
നക്ഷത്രങ്ങളെ നോക്കാം. നക്ഷത്രങ്ങൾ ആശ്വസിപ്പിക്കുമെന്നാണ് വാൻഗോഗിൻ്റെ
ചിത്രം സൂചിപ്പിക്കുന്നത്.ഈ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കണം.അത്
യഥാർത്ഥത്തിലുള്ള ഒരു ഭൂവിഭാഗമല്ല . മാനസികാരോഗ്യകേന്ദ്രത്തിന്റെ ജനാലയിൽ
കൂടി നോക്കിയാൽ ചിത്രത്തിൽ കാണുന്ന ഒരു കാഴ്ച കിട്ടില്ലെന്നാണ്
ഇതിനെക്കുറിച്ച് അന്വേഷിച്ച വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. അത് ചിത്രകാരൻ
തന്റെ അന്തരംഗത്തിന്റെ വ്യാമിശ്രമായ ലോകത്തെ ആവിഷ്കരിക്കാൻ വേണ്ടി
സൃഷ്ടിച്ചതാണ്. സൈപ്രസ് മരങ്ങൾ ആ ചിത്രകാരന്റെ മനോനിലയെക്കുറിച്ച്
മാത്രമല്ല ചിന്തകളെക്കുറിച്ചും അറിവ് പകരുകയാണ്.
രാത്രിയെ സ്നേഹിച്ചു
സൈപ്രസ്
മരങ്ങൾക്ക് മതപരമായ വിശുദ്ധി കൽപ്പിക്കപ്പെട്ടിട്ടുണ്ട് .അത്
സെമിത്തേരികളിൽ വളരുന്നതായി കാണാം. അതുകൊണ്ട് ബോധപൂർവ്വമാണ് ആ മരങ്ങളെ
കാൻവാസിൽ ഉൾപ്പെടുത്തിയതെന്നു മനസിലാക്കാം. താൻ രോഗിയും വിവശനുമാകയാൽ
മരണത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കാതിരിക്കില്ല. ജീവിതത്തിൽ ഹതാശനായ
ഒരുവനു മരണമല്ലാതെ മറ്റെന്താണുള്ളത് ?
രാത്രിയെ
സ്നേഹിച്ച ചിത്രകാരനാണ് വാൻഗോഗ്. പകലിനേക്കാൾ മനോഹാരിതയും വശ്യതയും
രാത്രിക്കുണ്ടെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ
യാതൊന്നിനെക്കുറിച്ചും തനിക്ക് കൃത്യമായി ഒന്നും പറയാനില്ലെങ്കിലും ഈ
നക്ഷത്രങ്ങളെ കാണുമ്പോൾ ഞാനറിയാതെ സ്വപ്നാടകനായി മാറുമെന്നു ഒരു കത്തിൽ
രേഖപ്പെടുത്തിയിട്ടുണ്ട്. നക്ഷത്രങ്ങൾ അനൈഹികമായ ഒരു ആലംബമായിരുന്നു.
ജീവിതം പിടിതരാത്തതും ചതിക്കുന്നതുമാണെങ്കിലും അവിടെ സാന്ത്വനത്തിനു
വകയുണ്ട്. അത് രാത്രിയിൽ പ്രകാശിക്കുന്ന നക്ഷത്രങ്ങളാണ്. അളവറ്റ
കാരുണ്യമാണ് അതിൽ ദർശിച്ചത്.
'ദി സ്റ്റാറി
നൈറ്റി'ലെ നക്ഷത്രങ്ങൾ ആകാശത്തിൽ നിന്ന് പുറത്തേക്ക് ചാടാൻ ഉത്സുകരാണെന്നു
തോന്നിപ്പിക്കുകയാണ്. ആ നക്ഷത്രങ്ങൾ വികാരാവേശത്താൽ എവിടേക്കോ
പുറപ്പെടാനായി, പരിസരം മറന്ന പോലെ ,കുതറുകയാണ്. അവ ആകാശത്ത് വല്ലാത്ത
സമ്മർദ്ദം അനുഭവിക്കുകയാണ്. അവയ്ക്ക് എന്തോ പറയാനുണ്ട്. ആ നക്ഷത്രങ്ങൾ
ഭൂമിയിലെ ജീവിതവുമായി ഭാവുകത്വപരമായ ബന്ധത്തിലാണ്. എന്തിനാണ് ഈ നക്ഷത്രങ്ങൾ
അമിതമായ വികാരവായ്പോടെ ,ശബ്ദമുണ്ടാക്കുന്ന വിധം, പെരുമാറുന്നതെന്ന്
വർഷങ്ങളോളം ആലോചിച്ചു.ഒരു കലാകാരൻ്റെ ലോകത്തേക്ക് പ്രവേശനം കിട്ടുന്നതിനു
അയാളുടെ കലാസൃഷ്ടി മാത്രം മതിയാവുകയില്ല എന്ന തോന്നലിലാണ് അത്
കൊണ്ടെത്തിച്ചത്.
ഒരുപക്ഷേ മാനസികാരോഗ്യത്തിന്റെ
കാര്യത്തിൽ വിഷമതകൾ നേരിട്ടതുകൊണ്ട് വാൻഗോഗിന് നക്ഷത്രങ്ങളെ
വരയ്ക്കുന്നതിൽ അമിതമായ ഒരു ഉത്സാഹം വന്നതാകാം. നക്ഷത്രങ്ങൾ ഒരു
കലാവസ്തുവായി പരിണമിച്ചതാകാമെന്നു വിചാരിച്ചു. എന്നാൽ കാലാന്തരത്തിൽ റഷ്യൻ
വിപ്ലവകവി മയക്കോവ്സ്കിയുടെ 'ലിസൺ' എന്ന കവിത വായിക്കാനിടവന്നപ്പോൾ
പൂർവ്വകാലത്ത് കുഴപ്പിച്ച വാൻഗോഗ് ചിത്രത്തിൻ്റെ പൂട്ടു തുറക്കാൻ അത്
സഹായകമായി. കലാസൃഷ്ടിയുമായുള്ള പാരസ്പര്യത്തിന്റെ ഒരു പുതിയ അധ്യായമായി അത്
രൂപം കൊണ്ടു. ഒരു കലാസൃഷ്ടിയുമായി, ഒന്നിലധികം കലാസൃഷ്ടികളുമായി അസ്വാദകൻ
അല്ലെങ്കിൽ വിമർശകൻ സ്ഥാപിക്കുന്ന പാരസ്പര്യം എന്ന ആശയമായി അത്
രൂപാന്തരപ്പെടുകയായിരുന്നു. ഒരു ചിത്രം നാം കാണുന്നു, അത് അവിടെ
തീരുന്നില്ല. അത് നമ്മെ അലട്ടുകയാണ്.അത് കാഴ്ചക്കപ്പുറത്ത് പല
ഘട്ടങ്ങളിലൂടെ നമ്മെ വളർത്തുന്നു. ആ ചിത്രവുമായി ആശയപരമായ കൊടുക്കൽ
വാങ്ങലുകൾ നടത്തുന്നു .അത് നമ്മെ വൈകാരികമായി നിലനിർത്തുന്നു.
ചിലപ്പോഴൊക്കെ ജീവിപ്പിക്കുന്നു, ഓർമ്മകളായി പുനർജനിക്കുന്നു. ജീവദായകമായ
സൃഷ്ടിയായി മാറുന്നു; തുടരെ അർത്ഥങ്ങൾ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു
.മാത്രമല്ല, വിമർശകൻ്റെ ജീവിതത്തിൻ്റെ ഭാഗമാകുന്നു.
മയക്കോവ്സ്കിയുടെ കവിത
ഈ ഘട്ടത്തിലാണ് മയക്കോവ്സ്കിയുടെ 'ലിസൺ'(കേൾക്കുക)വായിക്കുന്നത്.
ആ കവിത ഇങ്ങനെയാണ് :
'കേൾക്കുക! ,
നക്ഷത്രങ്ങൾ പ്രകാശിക്കുന്നുണ്ടെങ്കിൽ അത് ആവശ്യമുള്ള ആരോ ഒരാൾ ഉണ്ടെന്നാണർത്ഥം .
ആരെങ്കിലുമത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ
ആ തീപ്പൊരികളെ മഹത്തരമായി കരുതുന്നവരുണ്ടെന്നാണർത്ഥം.
ഉച്ചകഴിഞ്ഞുള്ള പൊടിയുടെ ചുഴിയിൽ ചുറ്റിത്തിരിഞ്ഞ്
അവൻ ദൈവത്തിലേക്ക് കുതിക്കുകയാണ്,
വൈകിപ്പോയെന്ന് ഭയന്ന് .
കണ്ണുനീരിൽ, അവൻ ദൈവത്തിൻ്റെ ബലിഷ്ഠമായ കൈയിൽ ചുംബിക്കുന്നു.
ഒരു നക്ഷത്രം, തനിക്ക് ആശ്വാസം പകരാൻ ഉണ്ടാകുമെന്ന ഉറപ്പ് തരണമെന്ന് അപേക്ഷിക്കുന്നു.
അവൻ ശപഥം ചെയ്യുന്നു,
നക്ഷത്രരഹിതമായ
ആ അഗ്നിപരീക്ഷയിൽ പിടിച്ചുനിൽക്കാൻ തനിക്കാവില്ല. പിന്നീട് അവൻ അത്ഭുതപരതന്ത്രനായി,
വിവശനായി;
എന്നാൽ പുറമേ ശാന്തനായിരുന്നു. അവൻ എല്ലാവരോടുമായി പറയുന്നു:
എല്ലാം ശരിയല്ലേ ?
നിങ്ങൾ പേടിക്കേണ്ടതില്ല ,അല്ലേ ?
ശ്രദ്ധിക്കുക ,
നക്ഷത്രങ്ങൾ പ്രകാശിക്കുന്നുണ്ടെങ്കിൽ അതാവശ്യമുള്ള
ഒരുവനുണ്ടെന്നാണർത്ഥം.
അത് ഇങ്ങനെ വിശദമാക്കാം:
എല്ലാ സായംസന്ധ്യകളിലും,
ഒരു നക്ഷത്രമെങ്കിലും
നമ്മുടെ വീടിനു മുകളിലേക്ക്
ഇറങ്ങി വന്നിട്ടുണ്ടാകണം .'
ഈ
കവിത വായിച്ചപ്പോഴാണ്, യഥാർത്ഥത്തിൽ, വാൻഗോഗിൻ്റെ 'ദ് സ്റ്റാറി
നൈറ്റ്'എന്താണെന്നു അറിഞ്ഞത് .യാദൃച്ഛികമാണിത് ;വല്ലാത്ത ഒരു ആഘാതം
പോലെയാണ് ഇ കവിത മനസ്സിലേക്ക് വന്നത്. ഒരു ഉൽക്ക പോലെ തോന്നി. അതുവരെ
അജ്ഞാതമായിരുന്ന ഒരു സമുദ്രത്തിലേക്ക് തോണി തുഴയാനുള്ള മാർഗമാണ് കവിത
തന്നത്. വാൻഗോഗിൻ്റെ നക്ഷത്രങ്ങൾ വിഭ്രാമകമായി ,ഭൂമിയിലേക്ക് കുതിച്ചുചാടാൻ
വെമ്പൽ കൊള്ളുന്നത് ഭൂമിയിലെ പതിതർക്ക്, അനാഥർക്ക്, ദു:ഖിതർക്ക് വെളിച്ചം
കൊടുക്കാൻ വേണ്ടിയാണ് .അല്ലെങ്കിൽ എന്തിന് ഈ പ്രകാശം ?പാവങ്ങൾക്ക് ഇരുട്ടിൽ
ഒരു തിരി കത്തിച്ചുകൊടുക്കുന്നതുപോലെയാണ്. ദരിദ്രർക്കും ദുഃഖിതർക്കും
കൈത്താങ്ങായി നക്ഷത്രങ്ങളുണ്ടെന്ന മഹത്തായ ആശയമാണ് വാൻഗോഗ് വരച്ചത്. അത്
മയക്കോവ്സ്കിയുടെ കവിതയിലൂടെ വെളിവാക്കപ്പെടുകയാണ്.
ഈ
കവിത വാൻഗോഗിനെ ഉദ്ദേശിച്ച് എഴുതിയതല്ല ;അങ്ങനെ ഒരു സൂചനയുമില്ല.
സാധാരണക്കാർക്ക് വേണ്ടി ശബ്ദിച്ച കവിയാണ് അദ്ദേഹം. തീർച്ചയായും നിരാലംബരെ
മനസിൽ കാണാതിരിക്കില്ല .സാഹിത്യകലയിൽ നവീനതയുടെ അവശ്യകതയെക്കുറിച്ച്
സംസാരിച്ച കവിയാണ്. അദ്ദേഹം പാവപ്പെട്ടവർക്ക് വേണ്ടി നക്ഷത്രങ്ങൾ
പാടുപെടുന്നത് കാണാതിരിക്കില്ല. വാൻഗോഗിൻ്റെ നക്ഷത്രങ്ങൾ
പ്രകാശിക്കുന്നതിൻ്റെ അർത്ഥം മയക്കോവ്സ്കിയുടെ കവിതയിൽ നിന്ന്
കണ്ടെടുക്കുന്നത് സാഹിത്യവിമർശനത്തിൻ്റെ ആശയപരവും വൈകാരികവുമായ പുരാവസ്തു
ഖനനത്തിൻ്റെ, മനസുകളുടെ പാരസ്പര്യത്തിൻ്റെ അസുലഭനിമിഷമാണ്. ഇക്കാര്യം
മയ്ക്കോവ്സ്കി ചിന്തിച്ചിട്ടില്ല എന്നതാണ് വൈകാരിക സംവേദനത്തിൻ്റെ ലോകത്ത്
ജീവിക്കുന്നവനെ പ്രചോദിപ്പിക്കുന്നത്
രജതരേഖകൾ
1)കവിത
ഇന്ന് ഒരു പൊതുമാധ്യമമാണ്.പൊതുവൃത്താന്തമാണ് .ജനാധിപത്യവത്ക്കരിക്കപ്പെട്ട
ഒരിടമാണ്. അവിടെ എല്ലാവരും സ്വതന്ത്രരാണ് .കവിതയുടെ അവാർഡ്
ആർക്കുവേണമെങ്കിലും കൊടുക്കാം .ആരും വിമർശിക്കാൻ പോവു .കാരണം ,അത് എല്ലാ
കവികളുടെയും അവകാശമാണ്.
2)രമ്യ തുറവൂർ എഴുതിയ
'ജനലരികിലെ കുട്ടി'(പച്ചക്കുതിര ഓഗസ്റ്റ്) എങ്ങനെയാണ് കവിത ഒരു
പൊതുസ്വരമായി, ഓരോരുത്തരുടെയും ഭാവനയുടെ ഓഹരിയായി മാറുന്നതെന്ന്
കാണിച്ചുതരുന്നു. പാദങ്ങളില്ലാത്ത ഒരു സ്ത്രീ ജനലിലൂടെ നോക്കുകയാണ്.
കുട്ടികൾ അകലെ തോട്ടിൽ നിന്ന് മീൻ പിടിക്കുകയാണ് .
'അന്തിയാകുമ്പോൾ
എൻ്റെ കാൽവിരിലുകൾക്കിടയിലെ
മീൻകുഞ്ഞുങ്ങൾ
തോട്ടുകടവത്തേക്കൊരു പോക്കുണ്ട്.
കാട്ടുപൊന്തയ്ക്കിടയിലൊളിപ്പിച്ച ഉമ്മകൾ ചുണ്ടിൽ കൊരുത്ത് കൂട്ടത്തിലിളയമീൻ കയറിവരും. കളഞ്ഞുപോയ കൊലുസും മുറിഞ്ഞുപോയ കഥകളുമായി
മറ്റുള്ളവ പിന്നാലെയും.'
3)റഷീദ്
പാനൂർ എഴുതിയ ഒരു കത്തിൽ (പച്ചമലയാളം,ആഗസ്റ്റ്) ചോദിക്കുന്നത് ഇങ്ങനെ:
'വിശ്വസാഹിത്യത്തിനുള്ള ആദ്യ നോബൽ സമ്മാനം കിട്ടിയത് 1901 ൽ സളളി പ്രൂദോം
എന്ന ഒരിടത്തരം ഫ്രഞ്ച് കവിക്കാണ്. ഇന്ന് പ്രൂദോം എവിടെ ? ടോൾസ്റ്റോയ്
വിശ്വസാഹിത്യത്തിൻ്റെ വിശാലമായ രാജവീഥിയിൽ മങ്ങാതെ നിലനിൽക്കുന്നു. ഇരുപതാം
നൂറ്റാണ്ടിലെ വിശ്വസാഹിത്യത്തെ ഏറ്റവും സ്വാധീനിച്ച കാഫ്ക ,ജോയ്സ്,
കസാൻദ്സാക്കിസ്, ഖലിൽ ജിബ്രാൻ തുടങ്ങിയ മഹാരഥന്മാർക്ക് നോബൽ
നൽകിയിട്ടില്ല.'അവാർഡ് മുതലാളിമാരുണ്ടെന്നു ചെമ്മനം ചാക്കോ പറഞ്ഞത്
ഓർക്കുകയാണ്.
4)ചവറ കെ.എസ്. പിള്ളയെക്കുറിച്ച്
സുഹൃത്തുക്കൾ എഴുതിയ ലേഖനങ്ങളുടെ സമാഹാരം നല്ലൊരു ആദരവായി. ഒരു കവിയെ
ആദരിക്കേണ്ടതെങ്ങനെയെന്നു വ്യക്തമാക്കുന്നതാണ് 'കെ.എസ്. ജീവിതം കാലം
എഴുത്ത്'(പച്ചമലയാളം) എന്ന പുസ്തകം. ജയൻ മഠത്തിൽ എഡിറ്റ് ചെയ്ത ഈ
പുസ്തകത്തിൽ ഒഎൻവി, പ്രഭാവർമ്മ ,പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, മലയത്ത്
അപ്പുണ്ണി ,ചേപ്പാട് ഭാസ്കരൻ നായർ, സരോജിനി ഉണ്ണിത്താൻ ,എൻ.എസ്. സുമേഷ്
കൃഷ്ണൻ, പ്രൊഫ.എസ്. ശിവദാസ് തുടങ്ങി വലിയൊരു നിര
അണിനിരക്കുന്നുണ്ട്.ഒ.എൻ.വി എഴുതിയത് ഇങ്ങനെയാണ്:'പൂവില്ലാക്കാലത്തെ
പൂവിളി പോലെ ,ഇരുണ്ട നിശാമുഖത്ത് മെല്ലെ വിരിയുന്ന നിലാക്കതിരുകൾ പോലെ,
ജാലകത്തിലൂടെ മുറിക്കുള്ളിലേക്ക് കടന്നുവരുന്ന മിന്നാമിന്നികൾ പോലെ ,എല്ലാ
ദുഃഖദുരിതങ്ങൾക്കിടയിലും സാന്ത്വനവാക്കുകൾ പോലെ ചവറ കെ.എസ്. പിള്ളയുടെ
കവിതകൾ നമ്മെ തേടിവരുന്നു.'
ചവറ കെ.എസ്. പിള്ള
എല്ലാ തലമുറകളിൽ ഉൾപ്പെട്ട എഴുത്തുകാരോടു സമഭാവനയോടെ പെരുമാറുന്ന ഉന്നത
വ്യക്തിത്വമാണ്. കവിതയുടെ നനവും നന്മയും അദ്ദേഹം സ്വന്തം ശരീരത്തിലും
മനസ്സിലും ഏറ്റെടുത്തിരിക്കുന്നു .നമ്മുടെ കാലത്തെ ഏറ്റവും അനാസക്തനായ
കവിയാണ് കെ.എസ്.
5)യു.പി. ജയരാജ് മലയാളകഥയിലെ
ഏകാന്തസൗന്ദര്യമാണ്,നിത്യപ്രചോദനമാണ്. ചൂഷിതരുടെ ഭാഗത്തുനിന്നുകൊണ്ട്
ചൂഷകരെ എതിർക്കുന്ന സ്വരമാണ് മിക്ക കഥകളിലുമുള്ളത്. സമൂഹത്തിൽ ജീവിക്കുന്ന
ഓരോ വ്യക്തിയും സ്വയം തിരിച്ചറിവ് നേടുമ്പോഴാണ് ജയരാജിൻ്റെ കഥകൾ
ആസ്വദിക്കപ്പെടുക .'അഭിനവകഥകൾ'(ഡിസി) എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം
ജയരാജന്റെ കഥകളുടെ സമ്പൂർണ്ണ പതിപ്പാണ്. ബിഹാർ , മഞ്ഞ്, നിരാശാഭരിതനായ
സുഹൃത്തിനു ഒരു കത്ത്, ഓക്കിനാവയിലെ പതിവ്രതകൾ ,ഇന്ത്യൻ തെരുവുകളെപ്പറ്റി
ചില രഹസ്യങ്ങൾ തുടങ്ങിയ കഥകൾ വായിക്കണം. സിരകളിലേക്ക് അഗ്നി
പ്രവഹിക്കുന്നതുപോലെ തോന്നും.
6)പി.കെ. ഗോപിയുടെ
കവിതകളോടുള്ള ആദരസൂചകമായി 'ഒരുമ' ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ്
'ജലാത്മകം ജന്മാവകാശം'. പി.കെ.ഗോപി തന്നെയാണ് ലേഖനങ്ങൾ
സമാഹരിച്ചിരിക്കുന്നത്. പോൾ മണലിൽ ,സുധാകരൻ ചന്തവിള ,ഡോ. എം.ഡി. മനോജ്,
ഡോ.റോഷ്നി സ്വപ്ന, പ്രീത് ചന്ദനപ്പിളളി, ഡോ. ആര്യ ഗോപി, കൂടൽ ഷാജി ,അജീഷ്
ജി ദത്തൻ ,ജി.സതീശൻ തുടങ്ങിയവരുടെ ലേഖനങ്ങൾ ചേർത്തിരിക്കുന്നു. കവി തൻ്റെ
അനുഭവം ഇങ്ങനെ വിവരിക്കുന്നു:'ഓരോ നിമിഷവും അക്ഷരങ്ങളിങ്ങനെ തെളിഞ്ഞു
കത്തുമ്പോൾ ഇരുട്ട് അകന്നകന്നു പോകുന്നതായി എനിക്കനുഭവപ്പെടുന്നു. ഞാനോ
ഉടമയും അടിമയുമല്ലാത്ത കാവ്യസ്വാതന്ത്ര്യത്തിന്റെ മഹാവിഹായസിലെ
ചിറകുറയ്ക്കാത്ത ചെറിയൊരു ദേശാടനക്കിളി.'
7)ഫ്രഞ്ച് നോവലിസ്റ്റ് മാർസൽ പ്രൂസ്ത് തൻ്റെ നേര് വെട്ടിത്തുറന്നു പറഞ്ഞു: 'സ്നേഹിക്കുക എന്നു പറയുന്നത് പരസ്പരമുള്ള പീഡനമാണ്.'
ജീവിതാസക്തിയുടെ വേദാന്തം /എം.കെ.ഹരികുമാർ
അക്ഷരജാലകം
വ്യവസ്ഥാപിതമായ
ഭാഷയിൽ, ശൈലിയിൽ, ഉള്ളടക്കത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ട്
പരിവർത്തനോന്മുഖചിന്തയുള്ളവർ എഴുതുന്നു. അവർ ഭൂതകാലത്തിലെ രൂപങ്ങളെ അതേപടി
പിന്തുടരാത്തത് ഒരു അനുസരണക്കേടായി കാണേണ്ടതില്ല. ഒരാൾ അയാളോടു സത്യസന്ധത
കാണിക്കുകയാണ്. ചിലർക്ക് നിലനിൽക്കുന്ന വ്യവസ്ഥയുടെ പരിധിക്കുള്ളിൽ നിന്ന്
ചിന്തിക്കാനാവില്ല. അവരുടെ മനോവിചാരങ്ങൾ മതിലുകൾ ഭേദിച്ച് പായുന്നുണ്ടാവും
.അവരുടെ മനസ്സിൻ്റെ വേഗം അപാരമായിരിക്കും. അവർ ഒരു യാഥാസ്ഥിതിക
വ്യവസ്ഥയെക്കാൾ പ്രിയപ്പെട്ടതായി കാണുന്നത് മനസ്സിൻ്റെ സ്വപ്നങ്ങളും
സ്വതന്ത്രമായ സഞ്ചാരങ്ങളുമായിരിക്കും. ഒരു രാത്രിയെക്കുറിച്ച് എഴുതുമ്പോൾ
എന്തിനാണ് ധാരാളം പേർ പലകാലങ്ങളിൽ ഉപയോഗിച്ച അലങ്കാരങ്ങളും ഭാഷാശൈലികളും
കടമെടുക്കുന്നത് ? രാത്രിയെ വൈകാരികമായ പ്രശ്നത്തിന്റെ നൂലാമാലയിൽ നിന്ന്
പുറത്ത് കടക്കാനുള്ള ഒരു പ്രത്യാശയായി കാണുന്നവരുണ്ടാകും.
ഓരോ
എഴുത്തുകാരനും അല്ലെങ്കിൽ എഴുത്തുകാരിയും അവരുടെ വഴിയിൽ സ്വന്തം ഭാഷയുടെ
ചങ്ങലക്കെട്ടുകൾ പൊട്ടിക്കാൻ വിധിക്കപ്പെട്ടവരാണ്. അവർ സ്വതന്ത്രമായി
ജീവിക്കുന്നതിൽ അഭിരമിക്കുന്നു .കഴിഞ്ഞ നൂറ്റാണ്ടിൽ, ഫ്രാൻസിൽ നോവോ
റോമൻ(നവനോവൽ) എന്ന സാഹിത്യ നവോത്ഥാനപ്രസ്ഥാനത്തിനു നേതൃത്വം കൊടുത്ത അലൻ
റോബ്ബേ ഗ്രിയേ ഇങ്ങനെ പറഞ്ഞു:'എഴുത്തുകാരൻ തൻ്റെ ആശയങ്ങളുടെ ആത്യന്തികമായ
അർത്ഥത്തിൽ സ്വയം എത്തിച്ചേരേണ്ടതുണ്ട് .സ്വയം തിരഞ്ഞെടുത്ത ദിശയിലാണ് അയാൾ
പുരോഗമിക്കേണ്ടത്.'ഇതാണ് സർഗാത്മകത .നാം ചരിത്രത്തിൽ മറ്റാരുടെയെങ്കിലും
ഒരു പകർപ്പാവുകയല്ലല്ലോ ശരിയായ എഴുത്തിൻ്റെ ലക്ഷ്യം?വേറിട്ടതാകാനാണ് ഒരു
സമരം വേണ്ടിവരുന്നത്. പഴയ ക്രമം മാറ്റി പുതിയ ക്രമം സൃഷ്ടിക്കുന്നത്
പരമ്പരാഗത വിപ്ലവങ്ങളുടെ സ്വഭാവമാണ്. എന്നാൽ പുതിയ ക്രമം സൃഷ്ടിക്കുന്നതോടെ
അതും യാന്ത്രികമായിത്തീരുന്നു.
വിപ്ളവങ്ങൾക്കു ശേഷം
റഷ്യൻ
വിപ്ലവത്തിൻ്റെ ഫലമായി നല്ലൊരു കമ്മ്യൂണിസ്റ്റ് ഭരണം നിലവിൽ വന്നു
.വിഭാഗീയതയും അടിച്ചമർത്തലും വെറുപ്പും അവസാനിക്കുമെന്നായിരുന്നു
എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ സ്റ്റാലിൻ ഭരണം തുടങ്ങിയതോടെ,
പതിറ്റാണ്ടുകളായി പല രാജ്യങ്ങളും ചൂഷണം ചെയ്ത റഷ്യയെ അതിവേഗം
ഉയർത്തിയെടുക്കാൻ വേണ്ടി കർക്കശമായ ഭരണ സംവിധാനം ഉപയോഗിച്ച്
അഭിപ്രായസ്വാതന്ത്യത്തെ അടിച്ചമർത്തി.നാടകകൃത്തുക്കൾക്ക് നാടകമെഴുതി
തങ്ങളുടെ പ്രതിഷേധം അറിയിക്കേണ്ടി വന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ്
ഭരണത്തിനെതിരെ അമ്പതുകളുടെ ഒടുവിൽ സി.ജെ.തോമസ് 'വിഷവൃക്ഷം' എന്ന നാടകമെഴുതി
പ്രതിഷേധിച്ചത് ഓർക്കണം .ഇതിന്റെയർത്ഥം ഇതാണ്: ഒരു വ്യവസ്ഥിതി മാറി
മറ്റൊരു വ്യവസ്ഥിതി വരുന്നു. അതിനു വേണ്ടി ധാരാളം പേർ ജീവൻ വെടിയുന്നു
.പലരും എഴുതി ഒരു ചരിത്രമുണ്ടാക്കുന്നു. ധാരാളം സാഹിത്യകൃതികളും ലേഖനങ്ങളും
എഴുതപ്പെടുന്നു. ഒരു കാലുഷ്യം ഉണ്ടാവുകയാണ്. പുതിയ ആശയങ്ങൾ ചർച്ച
ചെയ്യപ്പെടുന്നു. അന്തരീക്ഷത്തിൽ നാമെല്ലാം അഭിമാനുഷരായി മാറുന്നു. നമുക്ക്
നമ്മെക്കുറിച്ച് തന്നെ അത്ഭുതകരമായ വ്യാമോഹങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്
.നാം എന്നെന്നേക്കുമായി എല്ലാം മാറ്റിയെഴുതി ഒരു പുതിയ ലോകക്രമം ഉണ്ടാക്കി
എന്നെല്ലാം വിചാരിക്കും .പക്ഷേ പിന്നീട് ഫലത്തിൽ ഇതെല്ലാം
തിരിച്ചടിക്കുകയാണ്. ഒരു പുതിയ ഉദ്യോഗസ്ഥവൃന്ദം വരുകയാണ് .അവർ അധികാരത്തെ
ഒരിടത്ത് കേന്ദ്രീകരിക്കുന്നു .പൗരന്മാർ പുറത്താവുകയും നിയമങ്ങളും മാറിയ
വ്യവസ്ഥയും മാത്രം ഉയർന്നു വരികയും ചെയ്യുന്നു. സംശയത്തിൻ്റെ പേരിൽ പലരെയും
ഒഴിപ്പിക്കുകയോ വധിക്കുകയോ ചെയ്യുന്നു. അതാണല്ലോ സോവിയറ്റ് യൂണിയനിൽ
കണ്ടത്.
അവിടെയാണ് റൊബ്ബേ ഗ്രിയേയുടെ വാക്യത്തിൻ്റെ ശക്തി കാണേണ്ടത്.
അദ്ദേഹം
പരമ്പരാഗത വിപ്ലവത്തിലുള്ളതു പോലെ ഒരു ജയബിന്ദു കാണുന്നില്ല .ഒരിടത്ത്
വിപ്ലവം അവസാനിക്കുന്നുവെന്ന് കരുതുന്നില്ല. ഒരു പുതിയ ആശയം
സ്ഥാപിക്കപ്പെടുകയോ തുടരുകയോ അല്ല ;എഴുത്തുകാരൻ അവൻ്റെ സ്വന്തം ആശയപരമായ
ഔന്നത്യത്തിലെത്തുകയാണ് .അത് മറ്റൊരാൾക്ക് അനുവർത്തിക്കാനാവണമെന്നില്ല.
എഴുത്തുകാരൻ സ്വന്തം ദിശ കണ്ടുപിടിക്കുകയാണ് .അതിൽ നിരന്തരം യാത്ര
ചെയ്യുകയാണ്. അത് എവിടെയെത്തുമെന്ന് പറയാനാവില്ല. എവിടെയെങ്കിലും
എത്തണമെന്ന് നിർബന്ധമൊന്നുമില്ല. അയാൾ തൻ്റെ ആശയങ്ങളുടെ ആത്യന്തികമായ
പ്രകിയകളെ എവിടേക്കോ കൊണ്ടുപോവുകയാണ്.
മലയാളകഥയിൽ,
യു.പി. ജയരാജിന്റെ 'നിങ്ങളുടെ ലോകങ്ങളിൽ ഹാ ജീവിതം','മൃതചേതനയുടെ
സ്മൃതിയിൽ','സ്വാർത്ഥനായ ഒരഹങ്കാരിയുടെ ജീവിതത്തിൽ നിന്ന്' എന്നീ കഥകൾ
പരമ്പരാഗത കഥപറച്ചിൽ രീതിയിൽ നിന്ന് മാറി മറ്റൊരു വഴിയിലാണ്
സഞ്ചരിക്കുന്നത്. ആത്മനിഷ്ഠവും വ്യക്തിപരവുമായ ആലോചനകൾ എന്ന നിലയിലാണ്
'കഥകൾ പുരോഗമിക്കുന്നത് .മനുഷ്യർക്ക് ശരീരം മാത്രമല്ല മനസ്സുമുണ്ടെന്ന
അറിവ് ഈ കഥകൾ കൂടുതൽ വായിക്കാൻ പ്രേരിപ്പിക്കുന്നു. ഈ കഥകൾ
വായിച്ചിട്ടുള്ളവർക്ക് ലയ ചന്ദ്രലേഖ എഴുതിയ 'ബ്രേക്ക് അപ്പ്'(പച്ചമലയാളം,
ഓഗസ്റ്റ് )ഒരു നൂതന തരംഗമായി അനുഭവപ്പെടും.
ജയരാജിൻ്റെ കഥ
ജയരാജിന്റെ
'നിങ്ങളുടെ ലോകങ്ങളിൽ ഹാ ജീവിതം 'എന്ന കഥ അതിന്റെ ടൈറ്റിൽ പോലെ തന്നെ
അവനവനിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നതാണ്. കഥയിൽ ഒരു ഭാഗത്ത് ഇങ്ങനെ
വായിക്കാം: ' നിങ്ങളുടെ വീട്ടിൽ ചിന്തകളും വികാരങ്ങളും ഓർമ്മകൾ പോലും
മലിനമായി തീർന്നിരിക്കുന്നു. നിങ്ങളുടെ എന്തും വ്യാപാരവൽക്കരിക്കുന്ന
സ്വാർത്ഥത നിറഞ്ഞ വാക്കുകളും എല്ലാറ്റിനെയും വിഷമയമാക്കുന്ന കുത്സിതമായ
പ്രവർത്തനങ്ങളും നിങ്ങളുടെ സ്ത്രീകളുടെ നിർലജ്ജമായ നോട്ടങ്ങളും ഉരുണ്ടു
നിറഞ്ഞ മുലകളും നിങ്ങളുടെ കുട്ടികൾ ഉരുട്ടിക്കളിക്കുന്ന ബേബി ഫുഡിൻ്റെ
ടിന്നുകളും കൊഞ്ചിപ്പാടുന്ന നഴ്സറി റൈമും ഇവയൊക്കെയും
മനംപുരട്ടലുണ്ടാക്കുന്നു.'
താൻ ഉൾപ്പെട്ട
വ്യവസ്ഥയിൽ ഒരാൾ അനുഭവിക്കുന്ന സ്വാഭാവികമായ ദീനമാണിത്. അയാൾ അത്
തിരിച്ചറിയുകയാണ് .തനിക്ക് കുറേക്കൂടി വിശാലമായ ലോകവും അതിൻ്റെ
വിമർശനവുമുണ്ട് എന്ന് അയാൾ പ്രഖ്യാപിക്കുകയാണ്. ഈ കഥയിൽ തന്നെ തുടർന്ന്
എഴുതുന്നത് യൗവനത്തോടുള്ള വിമർശനമാണ്: 'നിങ്ങളുടെ യൗവനത്തെപ്പറ്റിയുള്ള
വായാടിത്തങ്ങളാണ് എന്നിൽ ഓക്കാനത്തിനു തുല്യമായത് സൃഷ്ടിക്കുന്നത് എന്ന്
ദയവായി ധരിച്ചാലും .എന്തായിരുന്നു നിങ്ങൾക്ക് യൗവനം? ഇരുട്ട് പുതച്ച
പാതകളിൽ മുന്നോട്ടു ചുവടുവയ്ക്കാനറച്ചു കൊണ്ട് പതുങ്ങി നിന്നവൻ്റെ
ജാള്യതയായിരുന്നുവോ യൗവ്വനം ?നിശ്ശബ്ദത ഒരു മഹാമൗനമായി വളർന്ന് നിങ്ങളുടെ
ലോകത്തെ ഗ്രസിച്ചപ്പോൾ ഒന്ന് അലറി വിളിക്കാൻ പോലുമാവാതെ തൊണ്ടയിൽ കുരുങ്ങി
നിന്ന ഗദ്ഗദം പോലത്തെ രോഷമായിരുന്നുവോ യൗവ്വനം?'
ലയ
ചന്ദ്രലേഖയുടെ കഥയിൽ രണ്ടുപേർ തമ്മിലുള്ള ബന്ധത്തിന്റെ ഒരു എപ്പിസോഡ്
മാത്രമാണ് പറയുന്നത് .രണ്ടുപേർ പ്രേമിച്ചു, എന്നാൽ രണ്ടു
വ്യക്തികളായിരിക്കുന്നതിന്റെ സ്വകാര്യതയിൽ അവർ പിരിയുകയാണ്. ഇത് നേർരേഖയിൽ
പറയുകയല്ല കഥാകാരി .അവർ അതിനെ ശില്പപരമാക്കുന്നു. മനോഹരമായ ഒരു പാത്രത്തിൽ
വച്ച പൂക്കൾക്ക് ഭംഗി കൂടും. രണ്ടു പേർ വേർപിരിയുന്നത് ആഴമുള്ള
മുറിവായിരിക്കെത്തന്നെ മറക്കാനുള്ളതുമാണ്.ഒരു പൂവിൻ്റെ ഞരമ്പുകൾ പോലെ
മനസ്സിലെ ചിന്താധാരകൾ ഒരു കേന്ദ്രത്തിൽ നിന്ന് പുറപ്പെടുന്നു.
മനുഷ്യർക്കിടയിൽ ഒരു കടലാണുള്ളത്. എന്നാൽ ആ കഥാപാത്രം വലിയൊരു
രമ്യതയെക്കുറിച്ചും സൂചിപ്പിക്കുന്നു. ഒരു കാറ്റിനാൽ ,ഒരേയൊരു കാറ്റിനാൽ
ഞാനും നീയും നമ്മളും ബന്ധിക്കപ്പെട്ടിരിക്കയല്ലേ. എനിക്ക് നിന്നിൽ നിന്നോ
നിനക്ക് എന്നിൽ നിന്നോ ഒരിക്കലും വിടുതൽ ഇല്ല. എന്തെന്നാൽ എൻ്റെയും
നിന്റെയും പ്രാണൻ ഒന്നാകുന്നു .അതൊരൊറ്റ ശ്വാസമാണ്.'
നാം
സ്നേഹത്തിൻ്റെ തത്ത്വത്തിലാണുള്ളത് അകലെയാണെന്നു തോന്നുമെങ്കിലും ഏതോ
ചരടു കൊണ്ടു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.നാം കണികകളാണ്.
എവിടെനിന്നോ ഉടലെടുത്തവർ. ജീവിതാസക്തി നമ്മെ ഉണർവ്വിലേക്ക്
,വേദാന്തത്തിലേക്ക് ഉയർത്തുകയാണ് .കഥയിലെ വാക്യങ്ങൾ: 'ഇവിടെ
ജീവിച്ചിരിക്കുന്നവരും ജീവിച്ചു കടന്നുപോയവരുമായ എത്രയെത്ര ജീവനുകളുടെ
ഉഛ്വനിശ്വാസങ്ങളുടെ മിശ്രണമാണ് ഈ വിധം എന്റെ കൈക്കുമ്പിളിൽ തൊട്ടു കടന്നു
പോകുന്നത് ? എൻ്റെ സ്നേഹിതർ... എനിക്കിനിയും അജ്ഞാതരായവർ, എൻ്റെ പിറവിക്കും
മുന്നേ മൺമറമറഞ്ഞവർ, ഭൂഖണ്ഡത്തിന്റെ മറ്റേതോ ഒരറ്റത്ത് അന്യോന്യമറിയാതെ
പുലരുന്നവർ ,പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ ,ചിതലുകൾ...'
പുതിയ ഫീൽ
സ്നേഹത്തിൻ്റെ
വഴിയിൽ അനേകം ദലമർമ്മരങ്ങളുണ്ട്. ഓരോന്നും ഓരോ ലോകമാണ്.
മനുഷ്യമനസ്സിലേക്ക് നിരുപാധികമായി സഞ്ചരിക്കുന്ന ഒരാളുടെ വിഭിന്നമായ
വെളിപാടുകളാണ് ഈ കഥയിലുള്ളത്.(കഥ മാഗ്സ്റ്ററിലും വായിക്കാം) .അസാധാരണമായ
രചനയാണിത്.മലയാളകഥയുടെ ഗതാനുഗതികത്വത്തിൽ നിന്നുള്ള മോചനമാണ്. പുതിയ ഫീൽ
തരുകയാണ്. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയിലും മനസ് കൊടുക്കുക എന്ന് സെൻ
ബുദ്ധിസ്റ്റ് ആചാര്യനായ തീച്ച് നാത് ഹാൻ പറഞ്ഞത് ഓർക്കുക. ഓരോ വരിയിലും
ജീവിക്കുന്നു. ഓരോ നിമിഷവും വിലപ്പെട്ടതാണ്. നാം ഒരു കാലെടുത്ത്
വയ്ക്കുമ്പോൾ അത് മനസ്സ് അറിയുകയാണെങ്കിൽ അപ്പോഴാണ് ജീവിക്കുന്നത്.
ചിന്തയും അങ്ങനെ തന്നെ. ഏതാണ് മനസ്സിലെ ചിന്തയെന്ന് തിരിച്ചറിഞ്ഞ് അതിനെ
പരിചരിക്കുക .അപ്പോൾ ആത്മബോധത്തിന്റെ പുതിയൊരു ചുവര് ലഭിക്കും.
ഒരു
പ്രമേയമുള്ളതുകൊണ്ട് നല്ല കഥയെഴുതാനാവില്ല. അതിനെ എങ്ങനെ സംവിധാനം
ചെയ്യണമെന്നു പഠിക്കണം. ഇവിടെ ലയ ചന്ദ്രലേഖ അതിൽ
വിജയിച്ചിരിക്കുന്നു.രണ്ടുപേർ തമ്മിലുള്ള താൽക്കാലിക ബന്ധത്തെ മയിലിൻ്റെ
നൃത്തം പോലെ മനോഹരമായി സന്നിവേശിപ്പിക്കുകയാണ് കഥാകൃത്ത്. മനസ്സിൻ്റെ ഓരോ
പീലിയും ആനന്ദത്തിൽ ഏർപ്പെടുകയാണ്. വിഷാദം ദ്രവിച്ചു പോവുകയാണ്. ജീവിതത്തിൽ
മറയ്ക്കപ്പെട്ട ആനന്ദം ഏതു ഘട്ടത്തിലും പുറത്തെടുക്കുകയാണ് പ്രധാനം.ഇവിടെ
കലാസൃഷ്ടിയെ വിലയിരുത്താനുതകുന്ന തരത്തിലുള്ള ഒരു വാദം ഉന്നയിക്കുന്നുണ്ട്.
ഈ കഥയിൽ സ്ത്രീ കഥാപാത്രം കാണുന്ന പല സ്വപ്നങ്ങളിൽ ഒന്നാണത്.
സ്വപ്നങ്ങളിലൂടെ മനസ്സ് ആവിഷ്കരിക്കുകയാണ്.നിബിഡമായ വനത്തിൽ ഒറ്റയ്ക്ക്
പൂത്ത് നിൽക്കുന്ന ഒരു കുഞ്ഞു വയലറ്റ് പൂവിനെ സ്വപ്നം കണ്ടത്
വിശദമാക്കുന്ന ഭാഗത്ത് ആത്മബോധം മാത്രമല്ല കലാനുഭവവുമാണ് തെളിയുന്നത്.ഓരോ
മനുഷ്യനും ഓരോ കലാവസ്തുവാണ് .അത് പൂ പോലെയാണ് .അത് വിരിയുന്നത്
മറ്റൊരെയെങ്കിലും കാണിക്കാനല്ല. കഥാകാരി എഴുതുന്നു: 'ആ പൂവിനെ ആരും
കാണുന്നില്ല. അതിൻ്റെ ഭംഗിയെപ്പറ്റി, മനോഹരമായ കടും നിറത്തെപ്പറ്റി,
ഇതളുകളുടെ മൃദുത്വത്തെപ്പറ്റി മറ്റാരും അറിഞ്ഞിരിക്കാൻ ഇടയില്ല. ഒരു
ചിത്രശലഭവും തേനുണ്ണാനായി അതിൻ്റെ പക്കലേക്ക് ആവേശത്തോടെ ചിറകനക്കുന്നില്ല.
ഒരൊറ്റ വണ്ടിനോ തേനീച്ചക്കോപോലും ഇവിടെ ഇത്തരമൊരു പുഷ്പമുണ്ടെന്നു
അറിവേയില്ല. ലോകത്താർക്കും ഇങ്ങനെയൊരു മനോഹരമായ പൂവിനെപ്പറ്റിയോ അതിൻ്റെ
ഹൃദയഹാരിയായ സുഗന്ധത്തെപ്പറ്റിയോ അറിഞ്ഞുകൂടാ.'
അതിജീവിക്കുന്നിടത്ത് ആനന്ദം
ഓരോ
വ്യക്തിക്കും സ്വന്തം മനോഹാരിതയുണ്ട്. അത് വർണ്ണാഭമാണ്, സുഗന്ധപൂർണമാണ്.
അത് ആരെയും ബോധ്യപ്പെടുത്താൻ വേണ്ടിയല്ല നിലനിൽക്കുന്നത്. ഒരു പൂവ് വനത്തിൽ
ഒറ്റയ്ക്ക് വിരിയുന്നു. നാം കണ്ടില്ലെങ്കിലും അതിനൊരു കുഴപ്പവുമില്ല. അത്
സ്വന്തം പിറവിയിൽ സന്തുഷ്ടയാണ്. ഓരോ ജീവനും അതിജീവിക്കുന്നിടത്താണ് ആനന്ദം;
മറ്റൊന്നിനെ തോൽപ്പിക്കുന്നതിലോ നശിപ്പിക്കുന്നതിലോ അല്ല. ഈ ലോകത്തിലെ
മാത്സര്യവും കോപവും വിഭാഗീയതയും നമ്മെ തോൽപ്പിക്കാനാണ് ഉണ്ടായിട്ടുള്ളത്.
അത് നമ്മെ പിന്നോട്ട് പിടിച്ചു വലിക്കുന്നു .അത് മുന്നോട്ടുവന്ന് പുരസ്കാരം
നൽകിയില്ലെങ്കിലും സ്വന്തം കർമ്മവ്യഗ്രതയിൽ മുഴുകുന്നതാണ് പ്രകൃതിബോധം.
പ്രേമവും അതുപോലെയാണ് .അത് യാതൊന്നും അപഹരിക്കുന്നില്ല ;അപഹരിക്കരുത്. അത്
മന്ദമാരുതനാണ്. തഴുകി കടന്നു പോവുകയാണ് .ഒരു അവകാശവാദവുമില്ല. എല്ലാം
ഓർക്കുകയും മറക്കുകയും ചെയ്യുന്ന പോലെ പ്രകൃതി സന്നിഹിതമാവുകയാണ്.
കഥയിലെ
രൂപപരമായ പരീക്ഷണം കഥാകൃത്തിൻ്റെ വ്യക്തിപരമായ സാധ്യതയാണ് .സ്വന്തം തോടു
പൊട്ടിച്ച് പുറത്തു വരുന്ന ജീവിയെപ്പോലെയാണ് അപ്പോൾ കഥാകത്ത്.
രജതരേഖകൾ
1)ഗണേഷ്
പന്നിയത്ത് എഴുതിയ 'വിധി' (കലാപൂർണ്ണ, ആഗസ്റ്റ് ) അർത്ഥവത്തായ,
കാലികപ്രസക്തിയുള്ള കഥയാണ്. തൻ്റെ കുഞ്ഞിനെ വിട്ടുകിട്ടാനും അവനെ
പാലൂട്ടാനും ഒരു സ്ത്രീ നീതിപാലകർക്കു മുമ്പിൽ, കോടതിയിൽ യാചിക്കുകയാണ്
.പക്ഷേ അവർ ചിരിക്കുകയാണ്. കുഞ്ഞിനെ നൽകിയില്ലെന്നു മാത്രമല്ല ,അവളുടെ
മുലകൾ അരിഞ്ഞെടുക്കുകയും ചെയ്തു. നീതി തേടി അലയുന്ന, ഹതാശയായ ഒരുവളുടെ
വളരെ യഥാർത്ഥമായ ചിത്രമാണ് അവതരിപ്പിക്കുന്നത് .നീതി ദുർഗ്രഹമാണ്
;ചിലപ്പോൾ അകാരണമായാണ് നീതിപാലകർ ക്രൂരത പ്രവർത്തിക്കുന്നത്. ഒരു കുറ്റവും
ചെയ്യാത്തവനെ ആളുമാറി പിടിച്ചു മർദ്ദിച്ചവശനാക്കുന്ന
സംഭവങ്ങളുണ്ടാകുകയാണ്. കഥാകൃത്ത് ,മനുഷ്യന്റെ എക്കാലത്തെയും ആശങ്കയെ
മനോഹരമായി അവതരിപ്പിച്ചു.
2)ജീവിതത്തിലെ
അദൃശ്യമായ നൃത്തത്തെക്കുറിച്ച് എഴുതിയ രണ്ടു കവിതകൾ ശ്രദ്ധേയമായി. പി.ടി.
പ്രമീഷിന്റെ 'ധാരണയില്ലാത്ത വിധം', പൗർണമി വിനോദിന്റെ 'നർത്തകി'(കലാപൂർണ്ണ,
ആഗസ്റ്റ്) എന്നീ കവിതകൾ യാദൃശ്ചികമായി ഒരേ വിഷയത്തിൻ്റെ രണ്ട് അടരുകൾ
കാണിച്ചതന്നു. ജീവിതാവേശം, ജീവിതവേഗം ,ജീവിതസൗന്ദര്യം, അജ്ഞാതലയം
തുടങ്ങിയവയാണ് കവിയുടെ നർത്തകിയായി മാറുന്നത്.
ആ നർത്തകി ചിലപ്പോൾ നമ്മെ ആവേശിക്കുന്നു. വേറൊരവസരത്തിൽ അത് നൃത്തം മതിയാക്കി മടങ്ങുന്നു. പൗർണമി എഴുതുന്നു:
'നിങ്ങളെ തനിച്ചാക്കി
ഒരുനാൾ പറയാതെ
സൂര്യനൊപ്പം വെറുതെ
ഇറങ്ങിപ്പോവുകയും ചെയ്യും'.
പ്രമീഷന്റെ കവിതയിലെ വരികൾ : 'നൃത്തത്തിനിടയിൽ പൊടുന്നനെ
ആ നർത്തകി മരിച്ചുവീഴുമെന്ന്,
താളം പിടിച്ചിരിക്കും കാണികൾ
ഒട്ടുമേ കരുതിയിട്ടുണ്ടാവില്ല. ചിലങ്കയുടെ താളവും പാട്ടും -
താങ്ങിയെടുത്തവരെ കൊണ്ടുപോകുമ്പോഴും അകമ്പടിയാവുന്നു.'
3)ഗ്രന്ഥകാരനും
ദാർശനിക ഉപന്യാസ കാരനും അഭിഭാഷകനുമായ പാവുമ്പ സഹദേവൻ വൃക്ഷങ്ങളെ
സ്നേഹിച്ചുകൊണ്ട് കുറിപ്പുകൾ എഴുതാറുണ്ട്. 'വിപ്ലവത്തിന്റെ ഫാൻ്റസി
കുറുപ്പുകൾ' എന്ന പേരിൽ അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതിയത് തകർന്നുപോയ
വിപ്ലവങ്ങളുടെ പിന്നാമ്പുറം അന്വേഷിക്കുകയാണ്. വിപ്ലവങ്ങൾ
പരാജയപ്പെടാനുള്ളതാണ്. അത് ചാരമായിക്കഴിയുമ്പോൾ യാതൊന്നുമറിയാത്ത വേറൊരു
തലമുറ ആ വഴിയേ വരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾ: 'യഥാർത്ഥത്തിൽ വിപ്ലവങ്ങൾ
മനുഷ്യമനസ്സിൽ വിടരുന്ന കാല്പനിക പുഷ്പങ്ങൾ മാത്രമാണ്. അതുകൊണ്ടാണ്
വിപ്ലവങ്ങൾ പലപ്പോഴും ഭൂമിയിലെ സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കുന്നത്.
സ്വപ്നങ്ങളെല്ലാം മിഥ്യകളാണെന്നറിയുമ്പോൾ, വിപ്ലവകാരികൾ ഫാന്റസിയുടെ
മറ്റൊരു മിഥ്യാലോകം സൃഷ്ടിച്ചു സ്വർഗ്ഗാരോഹണത്തിന് പാഴ്ശ്രമം നടത്താറുണ്ട്.
വിപ്ലവത്തിന്റെ മഹാപ്രസ്ഥാനത്തിൽ പരാജയപ്പെട്ട് ഭൂമിയിലേക്ക്
നിലംപതിക്കുന്നവർ അനുഭവിക്കുന്ന ഒക്ടോബർ വിപ്ളവത്തിൻ്റെ മാസ്മരികമായ
സുഗന്ധങ്ങൾ അവരെ വീണ്ടും വിപ്ളവത്തിൻ്റെ വാഗ്ദത്തഭൂമികൾ അന്വേഷിക്കാൻ
പ്രേരിപ്പിക്കുന്നുണ്ട്.' 'വാഗ്ദത്ത ഭൂമി' ക്ളീഷേയാണെങ്കിലും
പരിവർത്തനത്തിനു വേണ്ടിയുള്ള വിളി അവസാനിക്കുന്നില്ല.
4)ഗുരു,പതാക,
മരണം ദുർബ്ബലം തുടങ്ങിയ നോവലുകളെഴുതിയ കെ. സുരേന്ദ്രനെക്കുറിച്ച്
ഡോ.എം.എ. കരീം എഴുതിയ പുസ്തകമാണ് 'ആഖ്യാനശൈലിയുടെ ഹൃദയതാളം'(പ്രഭാത്)
.സുരേന്ദ്രനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ഇത് തുടക്കമാകട്ടെ.
5)ശ്രീവരാഹം
ബാലകൃഷ്ണന്റെ കഥകളുടെ സമാഹാരം 'കഥകൾ' എന്ന പേരിൽ
പ്രസിദ്ധീകരിച്ചിരിക്കുന്നു (പരിധി).പുസ്തകത്തിനു പേരിടാൻ പോലും വയ്യാതായി
എന്നു തോന്നുന്നു. തീരെ അമച്വറായ ഒരാൾക്ക് മാത്രമേ ഇങ്ങനെയൊരു പേരിടാനാവൂ.
6)സമകാലിക
ജീവിതത്തിലെ സംഭവങ്ങൾ അവതരിപ്പിച്ച് അതിൻ്റെ മാനസിക സംഘർഷങ്ങൾ
ഒപ്പിയെടുക്കുകയാണ് കെ.ആർ.സുരേന്ദ്രൻ അശാന്തം, താണ്ഡവം(പ്രഭാത്)എന്നീ ചെറിയ
നോവലുകളിലൂടെ .കലയെയും ആവിഷ്കാരത്തെയും ഗൗരവത്തോടെ ഉൾക്കൊള്ളുന്നതിലാണ്
നോവലിസ്റ്റിൻ്റെ വിജയം .ഈ നോവലിസ്റ്റ് അതിനു വേണ്ടി പരിശ്രമിക്കുന്നുണ്ട്.
7)പ്രമുഖ
നോവലിസ്റ്റ് പാവ്ലോ കൊയ്‌ലോ 'ദ് ആർച്ചർ' എന്ന നോവലിൽ സമയത്തെ എങ്ങനെയാണ്
ഉപയോഗിക്കേണ്ടതെന്നു വിശദമാക്കുന്നുണ്ട് :'നിങ്ങളുടെ വിരസമായ നിമിഷങ്ങളെ ,
എന്താണ് നിങ്ങളെ ഭയപ്പെടുത്തുന്നതെന്നു കണ്ടെത്താൻ ഉപയോഗിക്കുക. നല്ല
ഉണർവ്വുള്ള നിമിഷങ്ങളെ മനസിൻ്റെ ആന്തരികമായ ശാന്തിയെ അറിയാൻ ഉപയോഗിക്കുക.'
8)അമേരിക്കൻ
നോവലിസ്റ്റ് ചക്ക് പൊളനക്ക് പറഞ്ഞു :നിങ്ങൾ പ്രേമിക്കുന്നയാളും നിങ്ങളെ
പ്രേമിക്കുന്നയാളും ഒരിക്കലും ഒരു വ്യക്തിയായിരിക്കില്ല.
അഴീക്കോട്: വിമർശനത്തിലെ തീ /എം.കെ.ഹരികുമാർ
വൈകുന്നേരം
ഒരു മണിക്കൂർ പ്രസംഗിക്കുന്നത് അഴീക്കോടിന്റെ ആത്മീയമായ ആവശ്യമായിരുന്നു.
അദ്ദേഹം അത് അത്രമാത്രം ഇഷ്ടപ്പെട്ടു. അതിൽനിന്നു കിട്ടുന്ന ആനന്ദം
പറഞ്ഞറിയിക്കുന്നതിനും അപ്പുറമായിരുന്നു. തന്നിലെ അധ്യാപകനും വിമർശകനും
രാഷ്ട്രീയമനുഷ്യനും ഒരുമിക്കുന്ന ഒരു അധികാരബിന്ദുവായിരുന്നു ഓരോ പ്രസംഗവും
.അത് അഴീക്കോടിനു സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള ബോധവും
ലോകത്തെക്കുറിച്ചുള്ള വീക്ഷണവും ചേരുന്നതായിരുന്നു .ആശയപരമായ ജീവിതത്തിന്റെ
സംവേദനത്തിനും പാരസ്പര്യത്തിനും പ്രഭാഷണം വേണമായിരുന്നു .അഴീക്കോട് ഒരു
യഥാർത്ഥ പ്രഭാഷകനാകാനാണ് പ്രയത്നിച്ചത്. അതിനുവേണ്ടി തീവ്രമായി ആഗ്രഹിച്ചു.
പ്രഭാഷണകലയുടെ മനസാക്ഷിയാവുകയായിരുന്നു ലക്ഷ്യം. എന്താണ് പ്രഭാഷണം? അത്
ഒരു പണ്ഡിതന്റെ വർത്തമാനമല്ല ;ഒരു ചടങ്ങിൽ ഒന്നോ രണ്ടോ മണിക്കൂർ ഏതെങ്കിലും
വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതല്ല ;ഒരു പ്രബന്ധാവതരണമല്ല .പ്രഭാഷണം
നാടിൻ്റെ ,നാട്ടുകാരുടെ മറയ്ക്കപ്പെട്ട വാക്കുകളുടെ പ്രവാഹമാണ് .അത്
അമർത്തപ്പെട്ട അവസ്ഥയിൽനിന്നു പ്രമുക്തി തേടുന്ന വാക്കുകളാണ് . ഒരു
സമൂഹത്തിൻ്റെ നിരന്തരമായ സത്യാന്വേഷണം പൊതുമണ്ഡലത്തിലേക്ക്
ആവിർഭവിക്കുന്നത് പ്രഭാഷണത്തിലൂടെയാണ്. പ്രഭാഷണം പുതിയ ഭാഷണമാണ്. അത്
പ്രതിപ്രവർത്തനവും പാരസ്പര്യവുമാണ്. അത് ആരും പറയാത്തതാണ് .എന്നാൽ അത്
സത്യമാണ്. സത്യമായതുകൊണ്ടാണ് അതിനു പ്രമുക്തി കിട്ടാൻ പ്രയാസപ്പെടുന്നത്. ഈ
ദുരവസ്ഥ മറികടക്കുന്നവനാണ് യഥാർത്ഥ പ്രഭാഷകൻ .
ഇവിടെ
ഇപ്പോൾ പ്രഭാഷണം എന്നാൽ ഏതെങ്കിലും പാർട്ടിക്കെതിരെയുള്ള ബഹളമാണ്. അത്
ഗവേഷണബുദ്ധിയും പാണ്ഡിത്യവും പ്രകടിപ്പിക്കാനുള്ള മാധ്യമമായിരിക്കും.
പ്രഭാഷണം വിജ്ഞാനവും പാണ്ഡിത്യവും വിതരണം ചെയ്യാനുള്ളതല്ല. അതൊക്കെ
കേൾവിക്കാർക്ക് സ്വരൂപിക്കാവുന്നതേയുള്ളു.ഇവിടെയാണ് അഴീക്കോട് പ്രഭാഷണത്തെ
വീണ്ടെടുക്കുന്നത്. അദ്ദേഹം അടിയുറച്ച് വിശ്വസിച്ച ആദർശങ്ങൾക്ക്
ചിറകുവിരിച്ച് പറക്കാൻ പ്രഭാഷണം ആവശ്യമായിരുന്നു .ആ പ്രഭാഷണത്തിൽ സ്വന്തം
ചിന്തയും വ്യാഖ്യാനവുമാണ് പ്രാമുഖ്യം തേടുന്നത്. താൻ പറയുന്ന സത്യത്തെ
,ധർമ്മത്തെ ഉദ്ദീപിപ്പിക്കുന്ന വാക്യങ്ങളുടെ സഞ്ചാരമാണ് അഴീക്കോട്
പ്രധാനമായി കണ്ടത്. ആ സത്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം പ്രസംഗിച്ചത്.
പ്രസംഗം കേവലമായ വർത്തമാനമല്ല .അത് കലഹിക്കുന്ന അർത്ഥങ്ങളാണ് ;കുതറുന്ന
ബോധ്യങ്ങളാണ് .തുടലു പൊട്ടിച്ച് ഓടുന്ന പ്രക്ഷുബ്ധ വികാരങ്ങളാണ്.
അന്തരാർത്ഥത്തിൽ മന്ത്രിച്ചത്
ഒരു
പ്രഭാഷകനെന്ന നിലയിൽ നമ്മുടെ സാംസ്കാരികജീവിതത്തിൽ രാഷ്ട്രീയസാന്ദ്രമായ
അർത്ഥമായി തീരുകയായിരുന്നു അഴീക്കോട്. രാഷ്ട്രീയമെന്നാൽ ഏതെങ്കിലും
പാർട്ടിയുടെ കാഴ്ചയോ പ്രവർത്തനമോ അല്ല ;സ്വതന്ത്രമായ അവകാശബോധമാണ് .ഏറ്റവും
കുറഞ്ഞത് ,ഓരോ വസ്തുവിന്റെയും ജീവന്റെയും സ്വാതന്ത്ര്യബോധമാണ്;
സ്വാതന്ത്ര്യബോധത്തിൻ്റെ നിർവ്വഹണമാണ്. സ്വാതന്ത്ര്യം
വേണമെന്നാഗ്രഹിക്കുന്നവർക്കു അത് കൊടുക്കണമെന്നാണ് അഴീക്കോടിന്റെ
രാഷ്ട്രീയം. അദ്ദേഹം എല്ലാ വിഭാഗീയതകൾക്കും ജാതികൾക്കും മതങ്ങൾക്കും
അപ്പുറത്ത് നിൽക്കുകയാണ് ചെയ്തത്.എല്ലാ മതങ്ങളുടെയും സാരാംശത്തെയാണ്
അദ്ദേഹം ഉൾക്കൊണ്ടത്;ഒരുമയെയാണ് സ്നേഹിച്ചത് .അത് ആത്മാവിൻ്റെ
അന്തരാർത്ഥത്തിൽ മന്ത്രിച്ചു.എന്നാൽ ഈ ലോകം വിഭിന്നതകളിലേക്ക്
ആസക്തമാവുന്നതാണ് നാം കാണുന്നത്. ഒന്നു മറ്റൊന്നിനോട് ചേരുന്നില്ല
.താരതമ്യേന പൂർണ്ണമാവാൻ ,അദ്വൈതമായ ഒരു സിരാകേന്ദ്രത്തിലേക്ക്
യോജിപ്പിക്കപ്പെടാൻ ഒന്നും ആഗ്രഹിക്കുന്നില്ല. ഭിന്നത കണ്ടുപിടിക്കുകയും
വീണ്ടും വീണ്ടും ഭിന്നിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതാണ് അഴീക്കോടിനെ
ഒരു കലഹിക്കുന്ന പ്രഭാഷകനാക്കിയത്. കല ഹം അനീതിയോടും അധർമത്തോടുമാണ്.
ശാരീരികമായ ഒരാവശ്യമായും പ്രഭാഷണത്തെ കണ്ടു. പ്രഭാഷണവേളയിൽ, അദ്ദേഹത്തിൻ്റെ
ശരീരമാകെ ആ പ്രക്രിയയിൽ പങ്കെടുക്കുകയാണ്. എന്തുകൊണ്ടാണ് അത്
സംഭവിക്കുന്നത്? താൻ പറയുന്നത് തൻ്റെ നേരാണെന്ന ചിന്തയാണ് അതിനോടുള്ള
തീക്ഷ്ണമായ കൂടിച്ചേരലായി മാറുന്നത്. പ്രഭാഷകനായ അഴീക്കോടിനെ പ്രഭാഷണത്തിൽ
നിന്നു വേർപ്പെടുത്താനാവില്ല. അദ്ദേഹം തന്നെയാണ് പ്രഭാഷണവിഷയം .
ഈ
തന്മയീഭാവമാണ് അഴീക്കോടിൻ്റെ എഴുത്തിനു ദീർഘവീക്ഷണവും ആന്തരിക ഗൗരവവും
നൽകുന്നത്. വിമർശിക്കുന്നത് നിലവിലുള്ളതും ഉറച്ചതും യാഥാസ്ഥിതികവുമായതിനെ
എതിർക്കാനാണ് .വിമർശനം എന്ന വാക്കിൽ തന്നെ ഒരു തിരസ്കാരമൂല്യം
അന്തർഭവിച്ചിട്ടുണ്ട്. നിലവിലുള്ളതിനെ, ഉപയോഗിച്ച് മുഷിഞ്ഞതിനെ ,അർത്ഥം
നഷ്ടപ്പെട്ടതിനെ ,ഗതാനുഗതികത്വത്തെ എതിർക്കുന്നില്ലെങ്കിൽ അത്
വിമർശനമാകില്ല. 'ഖണ്ഡനമാണ് വിമർശനം' എന്ന ലേഖനത്തിൽ അഴീക്കോട് എഴുതുന്നു:
'മനോനിഷ്ടമായ ആ ശുദ്ധകലാ മാതൃകാബോധത്തോടു നീതിപുലർത്തണമെന്നു അഭിവാഞ്ചയുള്ള
ഒരു വിമർശകനും വൈകല്യജഡിലമായ സാധാരണ കൃതികളെ വെറുതെ പ്രശംസിച്ചു വിടുവാൻ
സാധ്യമല്ല. അതിനാൽ വിമർശനം എന്നുവച്ചാൽ ഖണ്ഡനം എന്നു പോലും ധരിച്ചാൽ
തെറ്റില്ല .പ്രതികൂലവിമർശനത്തിനു പകരമായി വിമർശകനു ചെയ്യാവുന്ന ഒരു
പണിയുണ്ട് .അത് വിമർശിക്കാതിരിക്കലാണ്."
സാഹിത്യത്തിൽ
പൂർണതയോടെ പ്രത്യക്ഷപ്പെടുന്ന കൃതികൾ തീരെയില്ല. ഷേക്സ്പിയർ
,ദസ്തയെവ്സ്കി, ടോൾസ്റ്റോയ് തുടങ്ങിയവരെ പോലും വിമർശിച്ചവരുണ്ട്. അഴീക്കോട്
തുടർന്നു എഴുതുന്നു: "ഏത് കൃതിയും പൂർണാദർശത്തിൽനിന്ന് അല്പം
താണിരിക്കുമെങ്കിൽ ഏത് വിമർശനവും ഖണ്ഡനം ആയിരിക്കും എന്നു പറയും. ഒരേ
അഭിപ്രായം എല്ലായ്പ്പോഴും പുനരാവർത്തിച്ച് പറയുന്നതുകൊണ്ട് ഈ കൃത്യം
നിറവേറ്റാൻ കഴിയില്ല. ഇടയ്ക്കിടെ വിവിധങ്ങളായ വീക്ഷണകോണങ്ങളിൽ നിന്നുകൊണ്ട്
വിമർശപക്ഷങ്ങൾ നവീകരിക്കപ്പെടുകയോ പരിഷ്ക്കരിക്കപ്പെടുകയോ
ചെയ്തുകൊണ്ടേയിരിക്കണം." സാഹിത്യസമീപനം, സൗന്ദര്യബോധം, ഭാവുകത്വം തുടങ്ങിയവ
കാലോചിതമായി പരിഷ്ക്കരിക്കപ്പെടണമെന്നാണ് അഴീക്കോട് അഭിപ്രായപ്പെടുന്നത്.
അദ്ദേഹം പാരമ്പര്യത്തിൻ്റെയോ ക്ളാസിക് കൃതികളുടെയോ തനിയാവർത്തനം
ഇഷ്ടപ്പെട്ടില്ല .ഒരു കൃതിയുടെ അർത്ഥങ്ങൾ ആസ്വാദനക്ഷമമാകുന്ന പക്ഷം അതിനു
പുതിയൊരു മൂല്യം ഉണ്ടാവണം. വിവേകപൂർണ്ണമായ ഒരു വായന അതാവശ്യപ്പെടുന്നുണ്ട്.
ഒരേ മട്ടിൽ ഒരു കൃതി വായിച്ചുകൊണ്ടിരിക്കാൻ പാടില്ല. സാഹിത്യകലയിൽ ഇത് ഒരു
അധമപ്രവൃത്തിയാണ്. വായനക്കാരനെന്ന നിലയിൽ വിമർശകൻ്റെ അസ്തിത്വം
അർത്ഥവത്താകുന്നത് ശീലിച്ചുപോയ വായനയിൽനിന്നു അകന്നുമാറി
സഞ്ചരിക്കുമ്പോഴാണ് .ഓരോ കാലഘട്ടത്തിലും വായനയുടെ സംസ്കാരം മാറണം .പുതിയ
ശൈലിയും ആസ്വാദനരീതിയും ഉണ്ടാവണം .ഒരേ തരം വായന ജീർണിച്ചതാണ്. വിമർശകൻ
തൻ്റെ അഭിപ്രായങ്ങൾ ധീരമായി പ്രകടിപ്പിക്കുമ്പോഴാണ് അയാൾ ഒരു ആസ്വാദകനായി
നിലനിൽക്കുന്നത്. അഴീക്കോടിൻ്റെ ഭാഷയിൽ 'സ്വപ്രയത്ന സ്ഥൈര്യം' മാത്രമാണ്
പ്രധാനമായിട്ടുള്ളത്.
പുനർമൂല്യവിചാരണ
എഫ്.ആർ.
ലിവിസിൻ്റെ Revaluation:Tradition and development in English Poetry എന്ന
കൃതിയിൽ മനുഷ്യനും കലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മനുഷ്യാനുഭവത്തെ
സമീപിക്കേണ്ട രീതിയെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. സാഹിത്യവിമർശനം ഒരു
പുനർമൂല്യവിചാരണയാണ് എന്ന ആശയമാണ് ലിവിസ് അവതരിപ്പിക്കുന്നത് .സാഹിത്യം
പരമമായ ഒരു പന്ഥാവാണ്. അതിലൂടെ നാം നമ്മുടെ ഐന്ദ്രിയവും വൈകാരികവുമായ
ജീവിതത്തെ പുതുക്കുകയും പുതിയ അവബോധത്തിൽ എത്തിക്കുകയുമാണ് ചെയ്യുന്നത്
.ഇതാണ് വീക്ഷണപരമായ നവീകരണം; അല്ലെങ്കിൽ ഖണ്ഡനം എന്നതുകൊണ്ട് അഴീക്കോട്
ഉദ്ദേശിക്കുന്നത് .
കുറേക്കൂടി വ്യക്തമായി
അഴീക്കോട് തൻ്റെ അഭിരുചിക്കു നിദാനമായ നിലപാട് വിശദീകരിക്കുന്നുണ്ട്.
"ആവിഷ്കരിക്കപ്പെടുന്ന അനുഭൂതി മഹത്തും ആവിഷ്കരണരീതി അവികലവുമായിട്ടുള്ള കല
ഉത്തമകല; അനുഭൂതി തുച്ഛമായാൽ അധമകല; ആവിഷ്കരണരീതി ദുഷ്ടമായാൽ വികലകല. ഒരു
കൃതി അധമമോ വികലമോ എന്നു സോപാധികവും ഹൃദയംഗമവുമായി തെളിയിക്കേണ്ട കടമ
വിമർശകനുണ്ട്. വ്യക്തികളുടെ വികാരങ്ങൾ പേടിച്ച് അതിൽ നിന്ന് ഒഴിയുന്ന ആൾ
വിമർശകനാവില്ല. വായനക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വന്നുചേരുന്ന പിഴവ്
തീർത്തുകൊടുക്കലാണ് വിമർശനത്തിന്റെ ഉദ്ദേശ്യങ്ങളിൽ ഒന്നെന്ന് എലിയട്ട്
പറയുമ്പോൾ അദ്ദേഹവും റിച്ചാർഡ്സിൻ്റെ കൂടെത്തന്നെ." ചീത്ത അഭിരുചിക്കെതിരെ
പൊരുതേണ്ടവനാണ് വിമർശകൻ എന്ന കാഴ്ചയിലാണ് അഴീക്കോട് ജീവിച്ചത് .വളരെ
ആഴത്തിലുള്ള ഒരു ബോധത്തിൽ നിന്നുണ്ടാകുന്നതാണ്. ഒരു വിമർശകന്റെ
സൃഷ്ടികർമ്മം പ്രാഥമികമായി തന്നെ അഭിരുചിയിലാണ് പൂർത്തിയാകുന്നത്.
അഭിരുചിയാകട്ടെ നിരന്തരമായി വികസിക്കുന്നതാണ്. ഒരാൾ എഴുതി തുടങ്ങുമ്പോഴുള്ള
അഭിരുചിയല്ല പിന്നീടുണ്ടാകുന്നത്. വായനയും മനനവും സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ
പുതുക്കുന്നു ,വികസിപ്പിക്കുന്നു.
വിമർശകത്രയം
അഴീക്കോട്
ശുദ്ധസൗന്ദര്യവും കലയുമാണ് തേടിയതെങ്കിലും അതിനെ പുതിയതായി
അനുഭവിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു .ഉപനിഷത്തും കാളിദാസനും കുമാരനാശാനും
അഴീക്കോടിനെ ഭാവുകത്വപരമായി നിരന്തരം നവീകരിച്ച ഘടകങ്ങളാണ്. ഓരോ വായനയും
പുതിയ വിചിന്തനമായി .അതിനുവേണ്ടി സാഹിത്യത്തെ തത്ത്വചിന്തയോടും
സാമൂഹികവിചാരത്തോടും ചേർത്തുവച്ചാണ് പരിശോധിച്ചത്. ഒരു
പുസ്തകത്തെക്കുറിച്ചുള്ള കേട്ടുകേൾവിയായി പുലർത്തുന്ന വിശ്വാസങ്ങൾ
തിരുത്തപ്പെടാനുള്ള ഉത്തരവാദിത്തം വിമർശകൻ ഏറ്റെടുക്കണം.
വിമർശനത്തെക്കുറിച്ച് ഉയർന്നു കേൾക്കുന്ന പ്രതിഷേധസ്വരങ്ങൾ നല്ല
സൂചനയായിട്ടാണ് കാണുന്നത്. വിമർശനം വികസിക്കുന്നു എന്നതിൻ്റെ തെളിവാണത്രേ
അത്. വിമർശനം അസഹിഷ്ണുക്കളെ സൃഷ്ടിച്ചുകൊണ്ടിരിക്കും. അത് വിമർശനത്തിനു
ശക്തിയുള്ളതുകൊണ്ടാണ്. വിമർശനത്തിന്റെ മേലുള്ള അസഹിഷ്ണതയേറുന്തോറും
വിമർശകന്റെ ഭാഗത്തുനിന്ന് ആശയപരിവർത്തനത്തിനുള്ള യുദ്ധകാഹളം
മുഴങ്ങിക്കൊണ്ടിരിക്കും. അനുഭൂതിയും വിവേചനവും മൂല്യബോധവുമുള്ള പക്വമാനസനായ
ഒരു വായനക്കാരൻ സ്വാഭിപ്രായപ്രകടന ധീരനാവുകയാണെങ്കിൽ, നമുക്ക് ആവശ്യമുള്ള
വിമർശകൻ്റെ ഒത്ത അളവായി. പണ്ടത്തെ തലമുറയിൽ ഈ അളവിനൊത്ത ഒരാളെ
നമുക്കുണ്ടായിട്ടുള്ളു . സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള. ഇന്നാവട്ടെ
മുണ്ടശ്ശേരി ,മാരാര് എന്നിവർ വ്യൂഹമുഖത്തിൽ നിന്നുകൊണ്ട് നീങ്ങി നീങ്ങി
മുന്നേറുന്ന ഒരു നല്ല സേനാബലമുണ്ട്. വിമർശനത്തിന്റെ മാത്രമല്ല,
സാഹിത്യത്തിൻ്റെ തന്നെ ജയക്കൊടിയാണ് അവരുടെ കൈയിലുള്ളത്." ഇവിടെ ഓർക്കേണ്ട
ഒരു വസ്തുത, മലയാളവിമർശനത്തിൽ മുണ്ടശ്ശേരി, മാരാർ, അഴീക്കോട് എന്നിവർ
ചേർന്ന വിമർശകത്രയം ഉണ്ടായിരുന്നു എന്നതാണ്. നവീകരണത്തിലും മൂല്യത്തിലും
എതിർപ്പിലും മൂവരും നടപ്പാക്കിയ സാഹിത്യമൂല്യചർച്ചകൾ ഒരു ദിശയിലേക്ക്
നീങ്ങുന്നത് കാണാം. മലയാളകവിതയിൽ കുമാരനാശാനെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട്
മുണ്ടശ്ശേരി തുടങ്ങിവച്ച പരിവർത്തനവാദം നമ്മുടെ വായനയെ ആകെ നവീകരിച്ചു.
ഇതിനു അനുകൂലമായ നിലപാടാണ് മാരാരും അഴീക്കോടും സ്വീകരിച്ചത് .അവർ ഏറ്റവും
വലിയ കവിയായി കുമാരനാശാനെ കണ്ടു. എഴുത്തച്ഛനേക്കാൾ വലിയ കവിയാണ് കുമാരനാശാൻ
എന്നാണ് മൂവരും ചിന്തിച്ചത്. കവിത്രയം എന്ന സങ്കല്പം ഗുണപരമല്ലെന്ന
നിലപാടിനു ബലം വന്നത് അങ്ങനെയാണ്. ആശാൻ്റെ കാലാതിവർത്തിയായ നവമാനവ
സങ്കല്പവും വിപ്ലവാശയങ്ങളും ഇവിടെ മുഖ്യഭാവുകത്വത്തെ
നിർണയിക്കുകയായിരുന്നു.
മുണ്ടശ്ശേരി ,മാരാര്
,അഴീക്കോട് എന്നിവരടങ്ങിയ വിമർശകത്രയം മലയാള കാവ്യസംസ്കാരത്തെ പൊളിച്ചു
പുതിയൊരു ക്രമമുണ്ടാക്കി. അതാണ് ഇപ്പോൾ നമ്മുടെ വായനയിൽ ആധിപത്യം
പുലർത്തുന്നത്.മുണ്ടശ്ശേരിയും മാരാരും അഴീക്കോടും എങ്ങനെയാണ് ഒരുപോലെ
ശങ്കരക്കുറുപ്പിനെയും ചങ്ങമ്പുഴയെയും എതിർത്തത് ?ആശയപരമായ ,ബുദ്ധിപരമായ
ഐക്യമാണ് അവരിൽ കാണാനാവുന്നത്. ഒരു ത്രയമുണ്ടാകണമെതിൽ ഇങ്ങനെ ആന്തരികമായ
കരുത്തിലും രുചിയിലും രമ്യതയുണ്ടാവണം. അവരുടെ സർഗാത്മകമായ വിപ്ലവവും
വിമർശനപരമായ എതിരിടലും ഒരേ അഭിരുചിയുടെ വിവിധ മാനങ്ങളായിരിക്കണം
അഭിവ്യഞ്ജിപ്പിക്കേണ്ടത് .
മലയാളകവിതയിൽ ആഴമുള്ള
വിമർശനം ഇനിയും ഉണ്ടാകേണ്ടതുണ്ടെന്നാണ് അഴീക്കോട് അഭിപ്രായപ്പെടുന്നത്.
ചെറുശ്ശേരി, എഴുത്തച്ഛൻ ,നമ്പ്യാർ തുടങ്ങിയ കവികളെക്കുറിച്ചൊക്കെ
,പാഠ്യപുസ്തകങ്ങളുടെ പീഠികയിൽ അച്ചടിച്ചുവച്ചിരിക്കുന്ന കുറെ ജീർണിച്ച
നിശ്ചേതനാഭിപ്രായങ്ങളല്ലാതെ ,പുനഃപരിശോധനകളും ആശയനവീകരണങ്ങളും ഒട്ടും
പുറത്തുവന്നിട്ടില്ല." കാവ്യത്തിന്റെ വായന എപ്പോഴും പുതിയതാകണമെന്ന ആശയമാണ്
ഇവിടെ ഉദ്ബോധിപ്പിക്കുന്നത്. പരമ്പരാഗത വായനകൊണ്ട് തൃപ്തിപ്പെടുന്ന മലയാളം
അധ്യാപകരിൽ നിന്നുള്ള അകൽച്ച വ്യക്തം. അദ്ദേഹം ഒരിക്കൽ പറഞ്ഞു: "നമ്മുടെ
വ്യക്തിത്വം ഒരു സ്ഥാപനത്തിന്റെയോ സംഘടനയുടെ യോ പരിധിക്കകത്ത്
തളച്ചിടപ്പെടാൻ പാടില്ല."എത്ര അധ്യാപകർക്ക് മനസ്സിലാകും ഇതിൻ്റെ ഉള്ളടക്കം ?
ഓരോരുത്തരും സ്വയം തടവറ സൃഷ്ടിച്ച് അതിനുള്ളിൽ കയറിയിരിക്കുകയാണ് .
വിമർശിക്കാൻ ഭയമുള്ളവർ സ്തുതിപാഠങ്ങൾ ചമയ്ക്കുകയാണ്.
വിമർശനചിന്തയില്ലാത്തവർ ജീർണതയാണ് പ്രചരിപ്പിക്കുന്നത്. ചിന്തയിൽ അനക്കമറ്റ
ഒരു ജീവി എന്നു വിമർശകൻ സ്വയം വിശേഷിപ്പിക്കരുതെന്നു അഴീക്കോട് എപ്പോഴും
ഓർമ്മിപ്പിക്കുന്നുണ്ട്.
നളിനിയുടെ വിമർശകർക്ക് താക്കീത്
ഏതാനും
മാസങ്ങൾക്കു മുമ്പ് ഒരു പ്രൊഫസർ കുമാരനാശാന്റെ 'നളിനി'യെക്കുറിച്ച് എഴുതിയ
ലേഖനത്തിൽ ആ കാവ്യത്തിലെ നായിക വ്യഭിചാരിണിയാണെന്ന വിഡ്ഢിത്തം
തട്ടിവിടുകയുണ്ടായി. വിചാരജീവിതം നശിച്ച ഇത്തരക്കാർക്ക് അഴീക്കോട്
ക്രാന്തദർശിയെ പോലെ എത്രയോ വർഷങ്ങൾക്ക് മുൻപ് ഇതിനു മറുപടി പറഞ്ഞതാണ് !
'നളിനി പാംസുലയോ ? എന്ന ലേഖനത്തിൽ വിശദമായി തന്നെ മറുപടി പറയുന്നു.
ആശാൻ്റെ അദ്വൈതബോധവും യോഗാനുഭൂതിയും ഗ്രഹിച്ചിട്ടില്ലാത്ത വിമർശകർ അന്നും
ഉണ്ടായിരുന്നു. നളിനിയിൽ മുപ്പത്തഞ്ചാം ശ്ലോകം ഇങ്ങനെയാണ്:
"സന്തതം മിഹിരനാത്മശോഭയും
സ്വന്തമാം മധു കൊതിച്ച വണ്ടിനും
ചന്തമാർന്നരുളിനിൽക്കുമോമലേ ,
ഹന്ത! ധന്യമിഹനിൻ്റെ ജീവിതം ."
എന്നെഴുതിയത്
ദുർവ്യാഖ്യാനം ചെയ്തവരാണ് നളിനി പാംസുല (വ്യഭിചാരണി)യാണെന്നു സ്ഥാപിക്കാൻ
ശ്രമിച്ചത് .നളിനിയെ ആശാൻ 'ഉഷസ്സന്ധ്യ പോലെ പാവനാംഗിയാൾ' എന്നു
വിവരിക്കുന്നത് മറന്നുകൊണ്ടാണ് ഈ ആക്ഷേപം. "അതിശുഭ്രമായ ഹൈമവതഭൂവിൻ്റെ
പ്രശാന്തമായ പശ്ചാത്തലത്തിൽ പോലും തെളിഞ്ഞുമിന്നത്തക്ക വണ്ണം
പരിശുദ്ധതയുടെ പരവെൺകോടിയിലെത്തിയ ഒരു വ്യക്തിജീവിതത്തെ
ചിത്രീകരിക്കണമെന്നതായിരുന്നു കാവ്യരചനയിൽ ആശാന്റെ ഉന്നം " എന്നു അഴീക്കോട്
സമർത്ഥിക്കുന്നത് കാണാം .ശ്ളോകത്തിൽ താമരയുടെയും വണ്ടിയുടെയും സ്ഥാനം
മനസ്സിലാക്കാൻ കഴിവില്ലാത്തവരുണ്ടാകാം. അവരാണ് ഈ വിധം ദരിദ്രവാദം
ഉന്നയിച്ചത്. താമര എന്താണ് ചെയ്യുന്നത്? ഏകകാലത്ത് സൂര്യനു ആത്മശോഭയും
വണ്ടിനു മധുവും നൽകുന്നു. മധു ഉപഹാരമാണ് .ഇത് തിരിച്ചറിയാതെ അധ:പതിച്ച,
ബലഹീനമായ ,വിധ്വംസകമായ സാഹിത്യാസ്വാദനത്തിനും വിലയിരുത്തലിനും എതിരെ
അത്യശക്തമായി പ്രതികരിച്ച യഥാർത്ഥ ഗുരുവാണ് സുകുമാർ അഴീക്കോട്. അദ്ദേഹം
നമ്മുടെ സാഹിത്യഭാവനയുടെ ക്രമത്തെയും ചരിത്രത്തെയും സാരമായി സ്വാധീനിച്ചു.
പതിറ്റാണ്ടുകളോളം സാഹിത്യതത്ത്വചിന്തയും വിമർശന ആശയങ്ങളും വിശകലനം ചെയ്തു.
കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലം മലയാളസാഹിത്യവിമർശനത്തിന്റെ കാറും കോളും
അഴീക്കോടായിരുന്നു. അഴീക്കോടിൻ്റെ വ്യക്തിപരമായ അഭിരുചിയും മലയാളികൾ
ഏറ്റെടുക്കുകയായിരുന്നു.അത് വായനയുടെ സംസ്കാരമായി നമ്മളിൽ അലിഞ്ഞു ചേർന്നു.
അഴീക്കോടിൻ്റെ വിമർശനത്തിൽ ധർമ്മപുത്രരുടെ നേരും ഭീമസേനൻ്റെ പോരാട്ടങ്ങളും
അടങ്ങിയിരിക്കുന്നു. അദ്ദേഹം വ്യക്തിഗതമായ അനുഭവങ്ങളല്ല ,മൂല്യങ്ങളിലെ
മൗലികമായ പുനരാലോചനകളാണ് വിമർശനത്തിൽ പ്രതിഷ്ഠിച്ചത് .ആ മനീഷിയുടെ
ജന്മശതാബ്ദിയിൽ ഇത് വിചാരഘോഷമാകട്ടെ .
Monday, August 11, 2025
ഗുരുവിൻ്റെ സൗന്ദര്യാത്മക ദൈവം/എം.കെ.ഹരികുമാർ
ഗുരുദർശനവിചാരങ്ങളിൽ വഴിത്തിരിവാകുന്ന ലേഖനം
ഗുരുവിൻ്റെ
ആത്മീയചിന്തകളിലും കൃതികളിലും നിലനിൽക്കുന്ന തീവ്രവും നിഷ്കളങ്കവും
സർവവ്യാപിയുമായ ഭാവമാണ് ദൈവം. ആത്മാനുഭവമായ ദൈവവുമായുള്ള ഒരു നിരന്തരമായ
മുഖമുഖമാണത്. ദൈവത്തെ ആരായുകയും കണ്ടെത്തുകയും പുനരാവിഷ്ക്കരിക്കുകയും
ചെയ്യുന്ന അനന്തമായ പ്രക്രിയയാണത്. മിക്കവാറും രചനകളും ദൈവത്തെയാണ്
പ്രമേയമാക്കിയിരിക്കുന്നത് .ഗുരുവിൻ്റെ അരുവിപ്പുറം പ്രതിഷ്ഠ തന്നെ ഒരു
ദൈവത്തെ കണ്ടെത്തലാണ്. അവിടെ മനുഷ്യർക്ക് ദൈവമിരിക്കുന്ന അറ തുറന്നു
കൊടുക്കുകയാണ് ചെയ്തത്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർതിരിവുകൾ
എത്രമാത്രം അഗാധമായിരുന്നുവോ അതിനേക്കാൾ ഭയാനകമായിരുന്നു ദൈവത്തിൽനിന്നുള്ള
വിച്ഛേദം. മനുഷ്യരെ ദൈവത്തിൽനിന്നകറ്റി നിർത്തുന്ന ഒരു സാമൂഹ്യസാഹചര്യമാണ്
ഉണ്ടായിരുന്നത്. ദൈവം വിലക്കപ്പെടുകയായിരുന്നു. ദൈവത്തെ മനുഷ്യരിൽനിന്നു
അകറ്റിനിർത്തുന്ന ഒരു സാമൂഹ്യസംവിധാനം പ്രവർത്തിച്ചിരുന്നു. അത് വരേണ്യരുടെ
ഒരു സദാചാരവും പൊതുധാരണയും സാമൂഹികമായ ക്രമവുമായിരുന്നു.
ജാതീയമായി
ഒറ്റപ്പെട്ടാലും തീരുന്നതായിരുന്നില്ല ദൈവവുമായുള്ള അകൽച്ച .ഇതാണ്
ഗുരുവിൻ്റെ അരുവിപ്പുറം പ്രതിഷ്ഠയിലേക്ക് നയിച്ചത്. ഒരു സ്വാശ്രയ
,സ്വാഭിമാന, സ്വതന്ത്ര ,നിരാസ്പദ ദൈവം വേണമായിരുന്നു. ദൈവങ്ങളുടെ
ചരിത്രത്തിൽനിന്നു ,അതിൻ്റെ കുഴഞ്ഞുമറിഞ്ഞ തത്ത്വശാസ്ത്രങ്ങളിൽനിന്നു ,
ദൈവികമായ ആരാധനയുടെ മടുപ്പിക്കുന്ന ആചാരങ്ങളിൽനിന്നു , മാനുഷികമായ എല്ലാ
പരിഗണനകളും തമസ്കരിക്കപ്പെടുന്ന ദൈവചിന്തകളിൽനിന്നു ഒരു മോചനം
വേണമായിരുന്നു.ശുദ്ധനായ ഒരു മാനവനു വിലക്കുകളില്ലാതെ, ഉപാധികളില്ലാതെ
കടന്നു ചെല്ലാനാവുന്ന ഒരു ദൈവം വേണമായിരുന്നു. അതാണ് അരുവിപ്പുറത്തു
കണ്ടത്. ആ ദൈവം ഭാരതത്തിൻ്റെ നൂറ്റാണ്ടുകളായുള്ള മാമൂലുകളും സ്വാർത്ഥരായ
ആളുകളുടെ അന്ധമായ ഏകപക്ഷീയതയും ചുമക്കുന്നില്ലെന്നു ഗുരു ഉറപ്പുവരുത്തി
.അതുകൊണ്ടാണ് പരമ്പരാഗത രൂപത്തിലുള്ള വിഗ്രഹം ഒഴിവാക്കിയത് .
നൂറ്റാണ്ടുകളായി
പുരോഹിതർ കൊണ്ടുനടന്ന, നിർമ്മിച്ചെടുത്ത യുക്തിയുടെ ദൈവം എന്ന ശിൽപ്പമല്ല
ഗുരു സ്ഥാപിച്ചെടുത്തത്. ആത്മീയമായ ഉണർവ്വിനും വെളിച്ചത്തിനും വേണ്ടി
യാതൊരാൾക്കും സമീപിക്കാവുന്ന പാരസ്പര്യത്തിന്റെ ദൈവമാണത്. ജാതിയോ വർണ്ണമോ
ഇല്ലാത്ത ഒരു ദൈവത്തിനു ഒരു ചെറുസസ്യത്തെപോലെ വളരാനാവും.
പ്രാർത്ഥനാനിർഭരമായി, അകളങ്കിതമായി പ്രപഞ്ചചേതനയിലേക്ക് അഭയം തേടാൻ
കാത്തുനിൽക്കുന്ന ഏതൊരു മനുഷ്യനും വളരെ സരളമായി സംവദിക്കാവുന്ന ദൈവമാണത്.
ഈ ദൈവം മനുഷ്യനുമായി ഒരു ബന്ധം നിലനിർത്തുന്നു .മനുഷ്യൻ്റെ ശേഷിക്കൊത്ത്
അവനു ആവിഷ്കരിക്കാവുന്ന ദൈവമാണത്. ഗുരുവിൻ്റെ ദൈവം കേവലം ഒരു മൂർത്തിയോ
ദേവനോ അവതാരമോ അല്ല .ഗുരു അന്വേഷിക്കുന്ന ദൈവമാണത് .പല പേരുകളിൽ ,ഗുരു ആ
ദൈവവുമായി സംവാദത്തിലേർപ്പെടുന്നു.ഗുരുവിൻ്റെ കൃതികളിൽ ഈ
സംവാദാത്മകതയുണ്ട്. ആ ദൈവത്തിൽ സൗന്ദര്യമാണ് നിറയുന്നത്. അത്
മനുഷ്യമനസ്സിന്റെ ഏറ്റവും ഉന്നതമായ വിചാരവുമായി കൂടിച്ചേർന്നാണ്
നിലകൊള്ളുന്നത്. കലാപരമായ അനുഭൂതിക്ക് സമാനമായ ആത്മീയവികാരമാണ് ആ ദൈവം
.ദൈവവുമായി ഒരു നിമിഷം പോലും അകലാൻ അനുവദിക്കരുതെന്നാണ് ഗുരു
അപേക്ഷിക്കുന്നത് . ദൈവത്തോടാണ് ഇത് പറയുന്നത് .ദൈവവുമായി
സംസാരിക്കുകയാണ്.അതിൻ്റെയർത്ഥം ദൈവം മനസ്സിലാണുളളത് എന്നാണ് .
ബോധത്തിൽ
അറിയാത്തതൊന്നും നമ്മളുമായി ബന്ധമുള്ളതല്ല. ഈ ലോകത്തെ നമ്മൾ അറിയുന്നത്
മനസ്സിലൂടെയാണ്. മനസിൽ ഒരേസമയമല്ല ,പല കാലങ്ങളിലായാണ് അത്
നിലനിൽക്കുന്നത്. ഈ ലോകം വിപുലമായിക്കൊണ്ടിരിക്കുകയാണ്. ബാല്യകാലത്തുള്ള
ലോകമല്ല യൗവനത്തിൽ കാണുന്നത്. ലോകത്തെക്കുറിച്ചുള്ള ധാരണ അറിവ്
വർദ്ധിക്കുന്തോറും മാറുന്നു. ലോകം നാം എപ്പോഴും തിരയുകയാണ്. കണ്ടതു തന്നെ
വീണ്ടും കാണുമ്പോൾ മറ്റൊന്നാവും ഗ്രഹിക്കാനാവുക .
ദൈവം
മനസ്സിനുള്ളിലാണിരിക്കുന്നത്. ആ മനസ്സ് ഇല്ലാതായാൽ ദൈവവും ഇല്ലാതാകും.
മനസ്സിൻ്റെ സമനില തെറ്റിയാൽ ദൈവം താഴെ വീഴും . ദൈവത്തെ നിലനിർത്താൻ നാം
സമനിലയിൽ തുടരേണ്ടതുണ്ട്.
"ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കോ -
രാവിവൻ തോണി നിൻ പദം "
എന്നു
എഴുതിയിരിക്കുന്നതിൽ ദൈവം മനസിലാണെന്നും അത് ഒരു നിമിഷം പോലും
നഷ്ടപ്പെടുത്തരുതെന്നുമാണ് അപേക്ഷിക്കുന്നത് .മനസ്സിലിരിക്കുന്ന
ദൈവത്തോടാണ് പ്രാർത്ഥിക്കുന്നത് .അതുകൊണ്ട് അത് ആത്മനിഷ്ടവും
കർമ്മപ്രധാനവുമാണ്. ഒരാൾ ഉണർന്നിരുന്നാലല്ലേ അയാളുടെ ദൈവത്തെ
അറിയാനൊക്കൂ.ഞങ്ങളെ കൈവിടരുതെന്നു പറഞ്ഞതിലൂടെ എപ്പോൾ വേണമെങ്കിലും അത്
നഷ്ടപ്പെടാവുന്നതാണെന്ന ധ്വനി പരക്കുന്നു. ഒരു ജാഗ്രത വേണമെന്നു സാരം.
ദൈവം വെറുതെ കിട്ടുന്നതല്ല; ഒരു വലിയ കോവിലിൽനിന്നു സുലഭമായി കിട്ടുന്നതല്ല
ദൈവം. ഈ ലോകത്ത് സർവ്വത്ര നിറഞ്ഞ് ദൈവം നിൽക്കുന്നുണ്ടെങ്കിലും അത്
നമുക്ക് കിട്ടണമെന്നില്ല .അത് വിരളമായിട്ടാണ് കാണപ്പെടുന്നത്. ദൈവം
നാവികനാണ്. ജീവിതമാകുന്ന സാഗരത്തിൽ അകപ്പെട്ട മനുഷ്യർക്ക് ദൈവത്തിന്റെ തോണി
വേണം, രക്ഷപ്പെടാൻ. ദൈവത്തിന്റെ പാദമാണ് ആ തോണി. ഈ സംസാരചക്രത്തിന്റെ
ദുരിതത്തിൽനിന്നു രക്ഷപ്പെടാൻ ദൈവത്തിൻ്റെ തോണി വേണം. സമുദ്രത്തിലേക്ക് ഒരു
തോണി എത്തുന്നു; അത് ദൈവത്തിൻ്റെ പാദമായി സങ്കൽപ്പിച്ചിരിക്കുന്നു. ആ
പാദത്തിൽ അഭയം തേടുകയാണ് മനുഷ്യർ.
ദൈവികതയുടെ എഞ്ചിനീയറിംഗ്
ഗുരു
ആവിഷ്കരിക്കുന്ന ഈ ദൈവം ഒരു കോവിലിൽ കാണുന്ന വിഗ്രഹം പോലെ ഒന്നല്ല.
ഗുരുവിൻ്റെ ദൈവം ഒരു പാരസ്പര്യസംക്രമണ (reciprocal penetration)മാണ്. അത്
നമ്മോടു സംസാരിക്കുന്നുണ്ട് .അത് നമ്മളിൽ തന്നെയുള്ള ഒരു അപരത്വമാണ് .നാം
സംസാരിക്കുന്നതുകൊണ്ടു അത് സജീവമാകുന്നു. ദൈവത്തെ മനസ്സിലേക്ക്
കൊണ്ടുവരുമ്പോൾ അത് അനുഭൂതിയായി മാറുന്നു .കലാനുഭൂതിയാണത്. സൗന്ദര്യമാണ് ആ
ദൈവം.ദൈവത്തെ ഒരു ആവിക്കപ്പലായി കാണുക .ആ ആവിക്കപ്പൽ ദൈവത്തിൻ്റെ
പാദമാണെന്നു പറയുക .ഇതിൽ കാണുന്നതെന്താണ് ?കലാനുഭവമാണ്. അത് ഭാവനയിൽ
കാണാനുള്ളതാണ്. അതിൽ സൗന്ദര്യാനുഭവമുണ്ട്.
അത്
ഒരു ചിത്രത്തിൽ ആലേഖനം ചെയ്താൽ അവാച്യമായ അനുഭൂതിയുണ്ടാവും .ദൈവവുമായുള്ള
സംവാദമായി ഇത് ഉയർത്തപ്പെടുകയാണ് .ഈ ദൈവം ശ്രീകോവിലിലിരിക്കുന്ന ഒരു
മൂർത്തിയല്ല ;അതിനേക്കാൾ മനസ്സുമായി വിനിമയം ചെയ്യുന്ന ഒരു അർത്ഥമാണ്. അത്
ആലോചിക്കുന്തോറും സുന്ദരമായി തോന്നും. ഗുരുവിൻ്റെ ദൈവം സൗന്ദര്യാനുഭവമാണ്
.അത് ഒരാൾ സ്വയം അനുഭവിക്കേണ്ടതാണ്. അത് പറഞ്ഞാൽ മനസ്സിലാകണമെന്നില്ല.
ദൈവത്തെ അറിയാതെ വെറുതെ ആരാധിക്കുകയല്ല, ദൈവവുമൊത്ത് ചിന്തിക്കുകയാണ്.
"നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടി -
ക്കുള്ള സാമഗ്രിയായതും "
ഇവിടെ
ഗുരുവിൻ്റെ ദൈവികതയുടെ എഞ്ചിനീയറിങ്ങ് കൂടുതൽ സൗന്ദര്യാത്മകമായി
ബോധ്യപ്പെടും. നീ സൃഷ്ടിയാണെന്നു ദൈവത്തോടാണ് പറയുന്നത് .ദൈവം
സൃഷ്ടിയാണെന്നു പറഞ്ഞാൽ എല്ലാ സൃഷ്ടിപ്രതിഭാസവും ദൈവമാണ് എന്നാണർത്ഥം.
എവിടെ സൃഷ്ടിയുണ്ടോ അവിടെ ദൈവമുണ്ട്. മനുഷ്യൻ ഒരു സൃഷ്ടിയാണ് .വിത്തിൽ
നിന്നു മുളയ്ക്കുന്ന വൃക്ഷം ഒരു സൃഷ്ടിയാണ് .പാത്രം ഒരു സൃഷ്ടിയാണ്. കവിത
സൃഷ്ടിയാണ്. ഒരു കഥ സൃഷ്ടിയാണ് .പെയിൻറിംഗ് സൃഷ്ടിയാണ് . കണ്ടുപിടിത്തം
സൃഷ്ടിയാണ്.പെൻസുലിൻ എന്ന മരുന്ന് സൃഷ്ടിയാണ്. സർഗാത്മകമായതെല്ലാം
സൃഷ്ടിയാണ്. ബുദ്ധിപരമായ നേട്ടം സൃഷ്ടിയാണ്. ശാസ്ത്രീയമായ അറിവുകൾ
സൃഷ്ടിയാണ് .ലോകം സൃഷ്ടിപരമാണ് .അത് വീണ്ടും വീണ്ടും സൃഷ്ടിപ്രക്രിയയിൽ
മുഴുകുകയാണ്. സൃഷ്ടി പ്രാപഞ്ചികമായ നൈരന്തര്യമാണ് .ഒരു മരച്ചീനി
തണ്ടിൽനിന്നു അനേകം മുളകൾ ഉണ്ടാകുന്നു. ഓരോന്നും സൃഷ്ടിപ്രക്രിയയുടെ
ഭാഗമാകുന്നു. കലയും ശാസ്ത്രവും ദൈവമാണെന്നു ഗുരു അർത്ഥമാക്കുകയാണ്.
ദൈവത്തിൻ്റെ അംശം പലതലങ്ങളിൽ പ്രകാശിക്കുകയാണ് .സ്രഷ്ടാവും ദൈവം തന്നെ
.മനുഷ്യൻ സ്രഷ്ടാവാണ് .
സന്താനോല്പാദനം നാം
സ്രഷ്ടാവാണെന്നു തെളിയിക്കുന്നു. അതുകൊണ്ട് മനുഷ്യൻ ദൈവമാണ്. മനുഷ്യനിൽ
നിന്നു വേർപെട്ട ഒരു ദൈവമില്ല .മനുഷ്യൻ തന്നെ ദൈവമാകുകയാണ് .മനുഷ്യനിലാണ്
ദൈവത്തെ അന്വേഷിക്കേണ്ടത്. മനുഷ്യബോധം കൊണ്ടാണ് ദൈവത്തെ അറിയാൻ
ശ്രമിക്കുന്നത്. അതുകൊണ്ട് മനുഷ്യബോധത്തിൽ ദൈവമിരിക്കുന്നു. സൃഷ്ടിജാലവും
ദൈവമാണ്. എന്തെല്ലാം സൃഷ്ടികളാണുള്ളത്! പ്രാണികൾ ,സസ്യങ്ങൾ, ജന്തുക്കൾ,
പറവകൾ തുടങ്ങി അനേകായിരം സൃഷ്ടികളുടെ ഒരു കൂട്ടമുണ്ട്. അതെല്ലാം ദൈവമാണ്.
ദൈവത്തെ ഇങ്ങനെ വിപുലമായി അനുഭവിക്കണമെന്നാണ് സാരം.നാം അന്തരംഗത്തിന്റെ
വ്യാപ്തി വർദ്ധിപ്പിക്കുമ്പോഴാണ് പരസ്പര സംവാദയോഗ്യമായ ജീവൻ്റെ അനേകം
രൂപങ്ങൾ എങ്ങനെ ഒരിടത്ത് സഹവർത്തിക്കുന്നു എന്നാരായാൻ കഴിയുന്നത്.
പ്രപഞ്ചമാണുള്ളത് ;നമ്മൾ എന്ന പ്രപഞ്ചം .അതിൽ നമ്മുടെ വിചാരങ്ങൾ
,പ്രവൃത്തികൾ ദൈവത്തെ അഭിവ്യഞ്ജിപ്പിക്കുകയാണ്.
എല്ലാ
സൃഷ്ടികളുമായി നാം പുലർത്തേണ്ടുന്ന രമ്യത ദൈവികതയുടെ ഭാഗമാണ്.
പരസ്പരാശ്രയത്വവും പരസ്പരവിനിമയവും ദൈവത്തെ അറിയുന്നതിൻ്റെ എൻജിനീയറിംഗാണ്.
മറ്റൊന്നുകൂടി ഗുരു അറിയിക്കുന്നുണ്ട്. അത് സൃഷ്ടിയുടെ സാമഗ്രിയാണ്.
മനുഷ്യസൃഷ്ടിക്ക് പ്രധാനമായ സാമഗ്രികൾ അണ്ഡവും ബീജവുമാണ്. അണ്ഡവും ബീജവും
പരസ്പരം പിന്തുണയ്ക്കണം. അത് പ്രാപഞ്ചികമായ ശരിയുടെ പ്രതീകമാണ്.
ജീവനുള്ളതും ജീവനില്ലാത്തതും സാമഗ്രിയാണ്. സൃഷ്ടിക്ക് വേണ്ട ശേഷി,ബുദ്ധി,
ശരീരം ,ആലോചന ,കാഴ്ച, കേൾവി തുടങ്ങിയവയെല്ലാം സാമഗ്രിയാണ്. അന്നവും ജലവും
വായുവും മണ്ണും ആകാശവും മനസ്സും സാമഗ്രിയാണ്. അതുകൊണ്ട് അവയെല്ലാം ദൈവമാണ്.
ദൈവത്തിൻ്റെ ലോകം വിപുലമാകുന്നതിനനുസരിച്ച് മനുഷ്യൻ്റെ ലോകവും
വികസിക്കുന്നു.
ഒരു മനുഷ്യൻ എന്ന നിലയിൽനിന്നു വിവേകവും
സംവേദനവുമുള്ള മനുഷ്യനിലേക്കു പ്രയാണം ചെയ്യുന്നതാണ് ദൈവികതയുടെ
എൻജിനീയറിങ്ങിൽ ഗുരു വിഭാവന ചെയ്യുന്നത്.
ദൈവത്തെ മനസിൽ കണ്ടുമുട്ടുന്നു
അവിടെയാണ്
നടുക്കുന്ന ഒരു ചോദ്യം ഉയർന്നുവരുന്നത്. നാം ദൈവമാണെന്നു പറഞ്ഞല്ലോ.
ഒരേസമയം സൃഷ്ടി, സ്രഷ്ടാവ് , സൃഷ്ടിജാലത്തിലെ അംഗം ,സൃഷ്ടിക്കുള്ള സാമഗ്രി
എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നാം ദൈവമാണെന്നിരിക്കെ അത്
സാക്ഷാത്കരിക്കുന്നത് എങ്ങനെയാണ് ? ദൈവമായിരിക്കെ കിരാതവും മനുഷ്യനെന്ന
പദത്തിനു ചേരാത്തതും അധമവുമായ പ്രവൃത്തികൾ ചെയ്യുന്നതിലേക്ക്
ആകർഷിക്കപ്പെടുന്നതിലൂടെ ദൈവമെന്ന അവസ്ഥയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
മഹത്തായ സൃഷ്ടിയായ മനുഷ്യൻ ദൈവത്തിൻ്റെ സാമഗ്രിയുമാണ്. ദൈവത്തെ അവൻ
മനസ്സിലാണ് കണ്ടുമുട്ടുന്നത് .അവൻ ദൈവത്തെ സൃഷ്ടിക്കുന്നതിനുള്ള ഒരു
അസംസ്കൃതവസ്തുവാണ്. അസംസ്കൃതവസ്തുക്കൾ പൂർണമായും അവനാണ് വിതരണം
ചെയ്യുന്നത്.അങ്ങനെ അവൻ്റെ സങ്കല്പത്തിനൊത്ത് രൂപപ്പെടുന്ന ദൈവത്തെ യഥാർത്ഥ
ലക്ഷ്യത്തിലെത്തിക്കുന്നതിൽ മിക്കപ്പോഴും പരാജയപ്പെടുന്നു.
ദൈവത്തെ
നിലനിർത്താൻ അവൻ ബാധ്യസ്ഥനാണ് .അവൻ്റെ ചിന്തകളാണ് ദൈവത്തെ സൂക്ഷ്മത്തിൽ
നിന്നും സ്ഥൂലത്തിലേക്കും തിരിച്ചും സഞ്ചരിച്ച് ഒരാകാശം
രൂപപ്പെടുത്തുന്നതിനിടയാക്കുന്നത്. അവനു ദൈവത്തിൻ്റെ വളർച്ചയിൽ പങ്കുണ്ട്.
എല്ലാ വിദ്യാഭ്യാസവും നേടിയ ശേഷവും അന്യർക്ക് ഉപകരിക്കാത്ത
പ്രവൃത്തികളിലേർപ്പെടുന്നത് അവനിലെ ദൈവത്തെ വേണ്ടപോലെ
മനസ്സിലാക്കാത്തതുകൊണ്ടാണ്. തൻ്റെയുള്ളിലെ ദൈവം എല്ലാം അനുവദിക്കുന്നു.
മനുഷ്യൻ ചെയ്യുന്നതിൻ്റെയെല്ലാം ഭവിഷ്യത്ത് ദൈവത്തെ ബാധിക്കുന്നു. ഒരുവൻ
ദുഷിച്ച വാസനകളാൽ പ്രചോദിതനായി മനുഷ്യരെയും പ്രകൃതിയെയും ദ്രോഹിച്ച്
രക്തത്തിനായി ദാഹിക്കുകയാണെങ്കിൽ അവന്റെ ദൈവം അത്
സമ്മതിച്ചുകൊടുക്കേണ്ടിവരും. അവൻ ആ ദൈവത്തെ അങ്ങനെ വാസനാവികൃതിയിലാണ്
നിലനിർത്തിയിരിക്കുന്നത് .മറ്റൊരാളോടുള്ള ശത്രുത ,വെറുപ്പ് തുടങ്ങിയ
വികാരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തീരുമാനിക്കുന്ന ഒരുവൻ അവൻ്റെ
ദൈവത്തോടു പ്രാർത്ഥിക്കുന്നത് അതിനു തടസ്സമുണ്ടാവരുതെന്നായിരിക്കും. അവന്റെ
അരുതായ്കകൾക്കെല്ലാം ദൈവം കൂട്ടുനിൽക്കുമെന്നാണ് ചിന്ത. ഇങ്ങനെയാണ്
ദൈവത്തെ കെടുത്തിക്കളയുന്നത്.എന്നാൽ സദ്കർമ്മങ്ങളിലൂടെ, പരോപകാരപ്രദമായ
ചിന്തകളിലൂടെ ചുറ്റുമുള്ളവർക്ക് ഗുണം ചെയ്യുന്നവൻ അവന്റെ ദൈവത്തെ
മഹത്വപ്പെടുത്തുന്നു. ആ ദൈവം ആരെയും ചീത്തയാക്കാനോ അപകീർപ്പെടുത്താനോ
പ്രേരിപ്പിക്കുന്നില്ല. മനുഷ്യനിലെ പ്രവൃത്തികളുടെ മനോഹാരിതകൊണ്ടു ദൈവം
കൂടുതൽ ഉയർത്തപ്പെടുന്നു. ഇതാണ് ഗുരുവിൻ്റെ സൗന്ദര്യാത്മക ദൈവം .ഇത്
മതങ്ങളിലോ ആരാധനാലയങ്ങളിലോ കാണുന്ന അമൂർത്ത ദൈവമല്ല. മനുഷ്യൻ
സദ്ബുദ്ധികൊണ്ടും ശുദ്ധികൊണ്ടും സംവദിച്ചും പ്രതിപ്രവർത്തിച്ചും
സൃഷ്ടിക്കുന്നതാണ്.ഇവിടെ ദൈവവുമായി മനുഷ്യൻ നിരന്തരമായ സംഭാഷണത്തിലാണ്.
ദൈവത്തിനു ച്യുതി വരാതിരിക്കാൻ വേണ്ടി മനുഷ്യൻ കരുതിയിരിക്കണം. അത് അവനെ
കൂടുതൽ കരുത്തനും കർമ്മ ശ്രദ്ധയുള്ളവനുമാക്കുന്നു. മനുഷ്യൻ
ദൈവത്തോടൊപ്പമാകുന്നത് അങ്ങനെയാണ് .അവൻ്റെയുള്ളിലെ ദൈവവും അവനും മുഖാമുഖം
വരുന്നു.
ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡിൻ്റെ ഒരു
പ്രസ്താവന നോക്കുക: "ഒരനുഭവത്തിനു മേൽ ഒരു ക്രമം കൊണ്ടുവരുന്നതാണ് കല.ഈ
ക്രമത്തെ ആസ്വാദനക്ഷമമാക്കുന്നതാണ് സൗന്ദര്യാത്മകത.' എല്ലാവർക്കും
അനുഭവങ്ങളുണ്ട്. എന്നാൽ അതിനു അർത്ഥമോ അനുഭൂതിയോ ഉണ്ടാകണമെന്നില്ല. അതിൽ
അന്തർലീനമായ വികാരത്തെ വ്യവസ്ഥ ചെയ്യാൻ കഴിയണമെന്നില്ല. അനുഭവത്തെ
ക്രമപ്പെടുത്തി ,അർത്ഥോല്പാദനത്തിനു വേണ്ടി സജ്ജീകരിക്കുമ്പോൾ ആവശ്യമായത്
മാത്രമാണ് എടുക്കുക. അത് മനുഷ്യവികാരങ്ങളുടെ ഉദ്ദീപനത്തിനു വേണ്ടി
ക്രമപ്പെടുത്തുകയാണ് ചെയ്യുന്നത്. സൗന്ദര്യാത്മകമാകുന്നത്, മനുഷ്യന്റെ
ചിന്തയിൽ ആസ്വാദനക്ഷമമായ , വൈകാരികമായ ഒരു അനുഭവക്രമം ഉണ്ടാകുമ്പോഴാണ്.
ലൂയി
ബാരഗൻ (Louis Barragon)പറയുന്നു ,വാസ്തുശില്പം കലയായി മാറുന്നത് അത്
അന്തരീക്ഷത്തിൽ ഒരു സൗന്ദര്യാത്മക വികാരം ജനിപ്പിക്കുമ്പോഴാണെന്ന്. അത്
കലയെ സ്നേഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നവർക്ക് സന്തോഷം നൽകും.
ദൈവം ചിന്തയിൽ ഒരു അനുസ്യൂതി
ഒരു
സൗന്ദര്യാത്മക വസ്തു (aesthetic object)എന്ന നിലയിലാണ് ഗുരുവിന്റെ ദൈവം
വികസിക്കുന്നത്. അത് നിശ്ചലമായിരിക്കുന്ന വിഗ്രഹമല്ല; മറിച്ച്
,ചലനാത്മകമായ ഒരു ഭാവിയാണ് സംസാരിക്കുന്നത്. സൗന്ദര്യാരുക വസ്തു അതിൻ്റെ
ആകർഷണം കൊണ്ട് നമ്മെ പ്രീതിപ്പെടുത്തുന്നു. ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന
ഏതൊരു വസ്തുവിനും ഒരു സൗന്ദര്യാത്മക വസ്തുവാകാൻ കഴിയും. വികാരങ്ങളിൽ
പരിപൂർണതയുടെ പുതിയ ക്രമവും സന്തോഷവും ജനിപ്പിക്കണം. സൗന്ദര്യാത്മക വസ്തു
വൈകാരിക ലോകത്തിൽ ഒരു പ്രതികരണമുണ്ടാക്കുന്നു .അതാകട്ടെ ആ വസ്തുവിന്റെ
പ്രായോഗികമായ, വസ്തുസ്ഥിതി പ്രധാനമായ അസ്തിത്വത്തിനപ്പുറമാണ് നമ്മെ
സ്വാധീനിക്കുന്നത്. നാം വൈകാരികതലത്തിൽ ഒരു പരിവർത്തനത്തിനായി
നിർബന്ധിക്കപ്പെടുന്നു. നമ്മളിൽ അദൃശ്യമായിരുന്ന ഒരു സത്ത അതിൽ
ഉണ്ടായിരിക്കുന്നു .ഇങ്ങനെ സമസ്ത വസ്തുക്കളെയും വ്യക്തിപരവും
പ്രാപഞ്ചികവുമായ ഒരു കാലാവസ്തുവായി കാണുകയും അതിൽനിന്നു കിട്ടുന്ന
വൈകാരികമായി ഉണർവ്വിൽ ദൈവികതയിലേക്ക് ഉയരുകയുമാണ് ഗുരു ചെയ്തത് .ഇവിടെ
പ്രാചീനമായ വർണവെറിയോ വേദാത്മകമായ ശാഠ്യമോ ജാതീയമായ അസമത്വമോ ഒന്നുമില്ല.
അതെല്ലാം പരാജയപ്പെട്ടിരിക്കുന്നു. സർവകാലങ്ങളെയും കടന്നു പോകുന്ന സ്നേഹവും
ആനന്ദവുമാണ് ബാക്കിയാവുന്നത്.
" അങ്ങേത്തിരുവുള്ളൂറി '
യൊരൻപിൻ വിനിയോഗം " എന്ന് ആശാൻ ഗുരുവിനെക്കുറിച്ചെഴുതിയത്
ഇവിടെ
സംഗതമാണ്. ദൈവത്തിൽ അനുഭവിക്കുന്നത് വൈകാരികമായ അവസ്ഥയുടെ പൂർത്തീകരണമാണ്.
അത് വ്യക്തിനിഷ്ഠമാണ് .ഗുരുവിൻ്റെ ദൈവം ഒരുവനിൽ ചിന്തകൾ
ഉല്പാദിപ്പിച്ചുകൊണ്ടിരിക്കും. അത് ദൈവമെന്ന ബിന്ദുവിൽ അവസാനിക്കുകയല്ല
.ദൈവം വൈകാരികമായ ബന്ധം ,അത്ഭുതം ,ആകാംക്ഷ ,സൗന്ദര്യബോധത്തിൻ്റെ അനുരണനം
(aesthetic resonance) തുടങ്ങിയ വ്യാമിശ്രമായ അവസ്ഥകളിലേക്ക്
നയിക്കുകയാണ്. ഗുരുവിന്റെ ദൈവം ചിന്തയിൽ ഒരു അനുസ്യൂതിയാണ്. അതിൽ വ്യക്തി
ഇടപെടുകയാണ്. ഫ്രഞ്ച് ചിത്രകാരൻ ഹെൻട്രി മാറ്റിസ്(Henry Mattise)പറഞ്ഞു:
Colour
is a means of exerting a direct influence on the soul. വർണം
ചിത്രകാരന്റെ അന്തരംഗവുമായി സവിശേഷ വിനിമയം സാധ്യമാക്കുന്നുണ്ട്. വർണം ഒരു
വാതിലാണ്. അതിലൂടെ നോക്കുമ്പോൾ ലോകത്തെ മറ്റൊരു രീതിയിലാണ് കാണുക. വർണം
കലാകാരന്റെ മനസ്സിലേക്ക് തുറക്കുകയാണ്. അകം കാഴ്ചകളെ ഒപ്പിയെടുക്കാനുള്ള
മാധ്യമമാണ് വർണം. ഒരു വർണം വിവിധ വ്യതിയാനങ്ങളിൽ കാൻവാസിലേക്ക്
ആവാഹിക്കുന്നു.
ദൈവം ഒരു കലാവസ്തു
വർണത്തെ,
യഥാർത്ഥത്തിൽ, കലാകാരൻ കണ്ടെത്തുന്നതാണ് .അത് പ്രകൃതിയിൽനിന്നു നേരിട്ടു
പകർത്തുന്നതല്ല .കലാകാരൻ ആത്മാനുഭവത്തിന്റെ സൂക്ഷ്മത കളിലേക്കാണ്
വർണങ്ങളിലൂടെ നമ്മെ ക്ഷണിക്കുന്നത്. വർണം പല ഷേഡുകളിൽ കലാകാരനിൽ
ആവിഷ്കാരത്തിനു നിർബന്ധിക്കുന്നു. വർണം ഒരു ഭൗതികവസ്തുവല്ല ;അത് അതീതമായ
ലോകാനുഭവങ്ങളുടെ പ്രത്യക്ഷസൂചനകൾ മാത്രമാണ്. അതുകൊണ്ട് കലാകാരൻ
വർണവുമായാണ് സംവദിക്കുന്നത്.
ഗുരുവിൻ്റെ ദൈവം ഈ രീതിയിലാണ്
നിലകൊള്ളുന്നത് .അത് പരമ്പരാഗതമായ ആരാധനാമൂർത്തിയല്ല:
സ്വാതന്ത്ര്യത്തിലേക്കുള്ള ചിറകടിയൊച്ചയാണ്. ബന്ധനസ്ഥനായ ഒരുവൻ
സ്വതന്ത്രനായി സഞ്ചരിക്കുന്ന വിഹായസാണ് ഗുരുവിൻ്റെ ദൈവം .ഗുരു ദൈവത്തെ,
കലാകാരൻ നിറമെന്ന പോലെ ,പല ഷെയ്ഡുളിൽ ആവിഷ്കരിക്കുന്നു. ഒരു സൗന്ദര്യാത്മക
ദൈവത്തിനു നമ്മുടെ മനസ്സിൽ അറിവിന്റെയും ആനന്ദത്തിന്റെയും പാറ്റേണുകൾ
സൃഷ്ടിക്കാനാവും. അത് കാണുന്നതിനും അപ്പുറമാണ്, കേൾക്കുന്നതിനും
അപ്പുറമാണ്. കലാവസ്തുവായ പെയിൻ്റിംഗ് ചിത്രകാരൻ്റെ വിവിധ വികാരങ്ങൾ
പ്രതിഫലിപ്പിക്കുകയാണ്. ഒരു അലംകൃതമായ രീതിയിൽ വസ്തുക്കളെ ചിത്രകാരൻ
വിന്യസിക്കുകയാണ്. ഇതാകട്ടെ കലാകാരന്റെ മനസ്സിനെ പുറത്തുകൊണ്ടുവരാൻ
വേണ്ടിയാണ്. ഗുരുവിന്റെ ദൈവം ഒരു കാലാവസ്തുവിൻ്റെ ധർമ്മവും നിറവേറ്റുന്നു.
പല വികാരങ്ങൾ അത് ഉയിർപ്പിക്കുന്നു. മനസ്സിൻ്റെ വിപുലമായ ഭാവങ്ങൾ ,തലങ്ങൾ
ദൈവത്തിലൂടെ പുറത്തുവരുന്നു.ഗുരു ദൈവത്തെ ഒരേ രീതിയിലല്ല ഉൾക്കൊള്ളുന്നത്.
അത് ആത്മാവിന്റെ അനേകം പ്രതിഛായകളായി വർത്തിക്കുന്നു.
'ഇന്ദ്രിയവൈരാഗ്യ'ത്തിൽ ഇങ്ങനെ വായിക്കാം:
"കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെൻ -
പ്രാണൻ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം ,
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ
ചേണുറ്റ ചെങ്കഴലുതന്നു ജയിക്ക ശംഭോ!"
കണ്ടതിനൊന്നും
ശാശ്വതത്വമില്ല. എല്ലാ മായുകയാണ്. കണ്ടതെല്ലാം വിസ്മൃതമായിരിക്കുന്നു.
ഇക്കാര്യത്തിൽ കണ്ണിനു ഒരു ദുഃഖവുമില്ല. ജീവൻ പോയാൽ, നേരത്തെ
കണ്ടതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ലല്ലോ. കണ്ടതിന്റെ നിറം, തരം
തുടങ്ങിയവയെല്ലാം ശൂന്യതയിൽ വിലയം പ്രാപിക്കുന്നു. ശേഷിക്കുന്നത്
ഒന്നുമില്ല. എല്ലാ കാഴ്ചകളും ഇല്ലാതായ ശേഷം ദൈവത്തിൻ്റെ പാദങ്ങൾ കണ്ടാൽ മതി
എന്നാണ് എഴുതിയിരിക്കുന്നത്. ഇവിടെ ദൈവത്തിൻ്റെ സൗന്ദര്യാത്മകത
ദർശിക്കാം.നാം കണ്ടതൊക്കെ വ്യർത്ഥമാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ നേടിയതെല്ലാം
വ്യർത്ഥം. അതിനപ്പുറമുള്ള ഒരു ദൈവികതയെ പ്രതീക്ഷിക്കുകയാണ്.ഇത്
'ദൈവദശക'ത്തിൽ പ്രതിപാദിച്ച ദൈവത്തേക്കാൾ അമൂർത്തമാണ്. ഒരേ ദൈവത്തെ
പലരീതിയിൽ വീക്ഷിക്കുകയാണ്. ദൈവം മനസിൽ സൃഷ്ടിച്ച പ്രതിഛായകളാണ്
എഴുതുന്നത് .ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും ആവിഷ്കരിക്കുകയുമാണ്.
ദൈവം
അദൃശ്യമാണെന്ന സുപ്രധാനമായ അറിവ് പതിയെ തെളിഞ്ഞുവരുകയാണ് .ദൈവത്തിനു
അദൃശ്യമായിരിക്കാനേ കഴിയൂ. പ്രത്യക്ഷതകൾ നമ്മുടെ ഐന്ദ്രിയാനഭവങ്ങളുടെ
ഭാഗമാണ്. ചോദ്യം ചോദിക്കുമ്പോൾ നേരിട്ടു വന്ന് ഉത്തരം തരുന്ന ഒരു ദൈവം
അസാധ്യമാണ്. ദൈവം നമ്മുടെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കാൻ നിൽക്കുകയല്ലല്ലോ.
ദൈവത്തിനു നമ്മുടെ ചിന്തയുടെ അതിരുകൾക്കപ്പുറത്താണ് നിൽക്കാനാവുന്നത്.
നമുക്ക് കാണാനാവാത്തതുമുണ്ടല്ലോ. അത് കാണാൻ ദൈവത്തിനാവും. നമുക്ക്
കേൾക്കാനാവാത്തതു കേൾക്കാൻ ദൈവത്തിനേ കഴിയൂ. കാണാനാവാത്തതും
കേൾക്കാനാവാത്തതുമുണ്ടെന്നത് സത്യമാണ് .അതുകൊണ്ട് ആ മേഖലകളുടെ ഉടമസ്ഥത
ദൈവത്തിനു നൽകുന്നതിൽ സൗകര്യമുണ്ട്. നമ്മുടെ അദൃശ്യതകൾക്കെല്ലാം നമുക്ക്
ആലോചിക്കാവുന്നത് ദൈവത്തെയാണ്. പ്രകൃതിയിലും ജീവിതത്തിലും പലതും
മറഞ്ഞിരിക്കുന്നു. ആ അദൃശ്യതയുമായി ഗുരു സംവദിക്കുകയാണ്. അതുകൊണ്ടാണ്
എല്ലാ കാഴ്ചകളും അവസാനിച്ചാലും ദൈവത്തിൻ്റെ പാദത്തിന്റെ ആശ്രയം
ഉണ്ടാകുമെന്നു വിചാരിക്കുന്നത്.
അർത്ഥം നല്ലതാണെങ്കിൽ അത് ദൈവമാണ്
'അർദ്ധനാരീശ്വരസ്തവ'ത്തിൽ എഴുതുന്നത് മറ്റൊരു പ്രതിഛായയിലാണ് :
"ദാരിദ്ര്യം കടുതായ് ,ദഹിച്ചു തൃണവും ദാരുക്കളും ദൈവമേ !
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
നീയൊന്നുമോർത്തീലയോ ?
ആരുളളിത്ര കൃപാമൃതം ചൊരിയുവാ-
നെന്നോർത്തിരുന്നോരിലീ -
ക്രൂരത്തീയിടുവാൻ തുനിഞ്ഞതഴകോ ?
കൂറർദ്ധനാരീശ്വരാ!"
ലോകജീവിതം
ദാരിദ്ര്യം ,വറുതി, കലാപം ,വംശീയ വിദ്വേഷം തുടങ്ങിയവയുടെ പിടിയിലാണ്.
എന്തുകൊണ്ട് ദൈവം ഇടപെടുന്നില്ല എന്നാണ് ചോദ്യം? ദൈവത്തെ ഗുരു ഭാവനയിൽ
കാണുകയാണ്. ഒരു ചിത്രമാണിത്. ജിവിതത്തിലെ വറുതി പരിഹരിക്കാൻ ആരാണുള്ളത്?
ലോകത്ത് സങ്കടങ്ങൾ അവസാനിക്കില്ല. ഒരു പ്രശ്നം കഴിയുമ്പോൾ മറ്റൊന്നു
വന്നേക്കാം. ആരുടെ ജീവിതവും സുരക്ഷിതമല്ല. ഇങ്ങനെയേ ജീവിതത്തിനു
നിലനില്പുള്ളു. അത് ആനയെപ്പോലെ ഇടയുന്നു .പ്രാവിനെ പോലെ കുറുകുന്നു.
സിംഹത്തെപ്പോലെ കടിച്ചുകീറുന്നു. പുഴുവിനെപ്പോലെ ചവിട്ടിയരയ്ക്കപ്പെടുന്നു.
എല്ലാവരും വാർദ്ധക്യത്തിൽ കടുത്ത പീഡയനുഭവിക്കുന്നു. എല്ലാ കുട്ടികളും
മറ്റുള്ളവരുടെ ദയയിലാണ് വളരുന്നത്. ആ ദയ നഷ്ടപ്പെട്ടാൽ എല്ലാം തകിടം
മറിയും. അതുകൊണ്ട് ആരു സുരക്ഷാകവചമൊരുക്കും?
സൗന്ദര്യാത്മക
ദൈവം മനസ്സിൽ വിരിയിക്കുന്ന പ്രതിഛായകൾ ആത്മബന്ധമാണ് സൃഷ്ടിക്കുന്നത്.
'പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധി വേണം' എന്നു ഗുരു
പറയുന്നതിൽ സൗന്ദര്യാത്മക ദൈവമാണുള്ളത് .മതസാഹിത്യവും ആചാരങ്ങളും
എങ്ങനെയായിരുന്നാലും മനുഷ്യൻ ദുഷിച്ചാൽ ഫലമില്ലെന്നു ഗുരു പറയുന്നതിന്റെ
പൊരുളെന്താണ് ?വലിയ ക്ഷേത്രങ്ങളോ സങ്കീർണമായ ആചാരങ്ങളോ ഉച്ചത്തിലുള്ള
പ്രാർത്ഥനയോ പ്രയോജനം ചെയ്യുന്നില്ല, മനുഷ്യനിൽ സത്യവും നീതിയുമില്ലെങ്കിൽ
.പ്രവൃത്തിയിലാണ് ദൈവം. ഈ ദൈവത്തിനു പേരോ ശരീരമോ ഇല്ല. അത് പ്രവൃത്തിയുടെ
അർത്ഥമാണ് .അർത്ഥം നല്ലതാണെങ്കിൽ അത് ദൈവമാണ്. ആ ദൈവം നമ്മെ കൂടുതൽ
നന്നാക്കുന്നു, പ്രചോദിപ്പിക്കുന്നു. മനുഷ്യനായി പിറന്നതിനു
അർത്ഥമുണ്ടെന്നു കാണിച്ചുതരുന്നു. അർത്ഥമില്ലാത്ത ജീവിതത്തിനു ഒരർത്ഥം
കണ്ടെത്തുകയാണ് മനുഷ്യൻ്റെ ലക്ഷ്യം. "സൂക്ഷ്മമറിഞ്ഞവനു മതം പ്രമാണമല്ല"
എന്നു ഗുരു പറഞ്ഞതിലൂടെ ദൈവത്തെ മതങ്ങളിൽനിന്നു മോചിപ്പിക്കുകയാണ് ചെയ്തത്
.മതം വേണ്ടാത്ത ഒരു സാരഗ്രാഫിയാണ് ഗുരുവെന്നു സൂചിതമാവുന്നു.പൊരുളുകൾക്ക്
മുന്നിൽ ആത്മാവിൽ നഗ്നനായി നിൽക്കുന്ന ഒരു അന്വേഷകനു ചിട്ടകളും
ചട്ടക്കൂടുകളും വേണ്ട; മനസ്സിലെ നേരു മതി. ആ നേരിനെ നഷ്ടപ്പെടുത്താതെ
നിലനിർത്താനാണ് ഓരോ നിമിഷവും മന്ത്രിക്കുന്നത്.
മതത്തിലൂടെയാണ്
നാം പൊതുവെ ദൈവത്തെ തേടുന്നത്. ദൈവങ്ങൾ സൃഷ്ടിച്ചതല്ല മതം .അത്
മനുഷ്യരുടേതാണ്. ക്രിസ്തുമതവും ബുദ്ധമതവും അവരുടെ ജീവിതകാലത്തിനു ശേഷം
സ്ഥാപിക്കപ്പെട്ടതാണ്. ഗുരു കാണുന്നത് മതം ആവശ്യമില്ലാത്ത പ്രവാചകനെയാണ്.
അതിൻ്റെയർത്ഥം സൂക്ഷ്മാർത്ഥങ്ങളെ ഗ്രഹിച്ച ജ്ഞാനിക്ക് ദൈവം മതരഹിതമായ
ലോകത്താണുള്ളതെന്നാണ്.അതുകൊണ്ട് ദൈവവുമായി നേരിട്ടുള്ള സംവാദം
ആലോചിക്കാവുന്നതാണ്.
സകലബന്ധങ്ങളുടെ അന്തസാരം
ദൈവം ബോധത്തിലാണെന്നു പറഞ്ഞുവല്ലോ. 'ഇന്ദ്രിയവൈരാഗ്യ'ത്തിലെ ഈ ശ്ലോകം നോക്കുക:
"നീരും നിരന്ന നിലവും കനലോടു കാറ്റും
ചേരും ചിദംബരമതിങ്കലിരുന്നിടും നീ
പാരിൽ കിടന്നലയുമെൻ പരിതാപമെല്ലാ-
മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ!"
പഞ്ചഭൂതങ്ങൾ
ചിദംബരത്തിലാണുള്ളതെന്നു ഗുരു അറിയിക്കുന്നു. ബോധമെന്ന ആകാശമാണത്.
ബോധത്തിലൂടെ നാം ലോകത്തെ അറിയുന്നു. ഭൂമിയിൽ കഴിയുന്ന ഒരുവനെ ആരാണ്
ദൈവവുമായി ബന്ധിപ്പിക്കുന്നത് ? അവൻ തന്നെയാണ് ആ ദൈവത്തെ കണ്ടെത്തേണ്ടത്.
ജലാലുദ്ദീൻ റൂമിയുടെ ഒരു വാക്യം ശ്രദ്ധിക്കണം: The beauty you see in me
is a reflection of you .സൗന്ദര്യം കണ്ടെത്തുന്നത് അവനവൻ്റെ സിദ്ധിയാണ്
,വിധിയാണ്. നിങ്ങളിലെ സൗന്ദര്യബോധമാണ് നിർണായകം. റൂമി പറയുന്നത് ,നിങ്ങൾ
അദ്ദേഹത്തിൽ കാണുന്ന സൗന്ദര്യം, മഹത്വം, രമ്യത നിങ്ങളുടെ തന്നെ
പ്രതിഫലനമാണ് എന്നാണ്. ഈ പ്രതിബിംബിക്കൽ ഒരു ലോകാനുഭവസാരമാണ് .ഈ ലോകത്ത്
നാം ഓരോരുത്തരും മറ്റുള്ളവരിൽ നമ്മെ കാണാൻ പ്രാപ്തരാണ് .ഒരു കുട്ടിയിൽ
നമ്മെ കാണണം .ഒരു ദരിദ്രനിൽ മറ്റാരെയുമല്ല കാണേണ്ടത്. ഒരു നായയിൽ ,പൂച്ചയിൽ
നമ്മെത്തന്നെ ദർശിക്കണം. അതാണ് ലോകസാരമായിത്തീരുന്നത്. നിങ്ങൾ കാണുന്ന
സൗന്ദര്യം നിങ്ങളുടെ തന്നെ പ്രതിഫലനമാണ്. ഒരു പൂച്ചയിൽ മനുഷ്യനെ
കാണുന്നവനാണ് അതിനെക്കുറിച്ച് കവിത എഴുതുന്നത്. അപ്പോഴാണ് മാനുഷികതയുടെ
വ്യാപ്തി അനാവൃതമാകുന്നത്. സൗന്ദര്യം നമ്മളിലാണുള്ളത്. അത് ഉള്ളതുകൊണ്ട്
മറ്റുള്ളവരിലും ദർശിക്കുന്നു .ചിലയിടങ്ങളിൽ നമ്മുടെ സൗന്ദര്യബോധത്തിനു
പെട്ടെന്നു ഐക്യം പ്രകടിപ്പിക്കാൻ തോന്നും. നിഗൂഢമായിരുന്നത് അനുകൂല
സാഹചര്യം വരുമ്പോൾ പുറത്തുവരുന്നു. ഒരു മന്ദാരപ്പൂവിൽ സൗന്ദര്യം കാണുന്നത്
നമ്മളിൽ ആ സൗന്ദര്യം നിലനിൽക്കുന്നതുകൊണ്ടാണ്. എന്താണ് ഈ സൗന്ദര്യം ?അത്
നമ്മുടെ തന്നെ ആന്തരികമായ പ്രപഞ്ചലയമാണ്. നാം തന്നെയാണല്ലോ പ്രപഞ്ചം.നമ്മൾ ഈ
നക്ഷത്രങ്ങൾക്കും ഗാലക്സികൾക്കും ഒപ്പം ജീവിക്കുകയാണ്. അവയെല്ലാം നമ്മുടെ
ജീവിതത്തെ സ്വാധീനിക്കുന്നു. സൗന്ദര്യം എത്ര സ്പഷ്ടമായി നമ്മെ
നിർവ്വചിച്ചിരിക്കുന്നു .പ്രപഞ്ചത്തിൻ്റെ സഞ്ചാരവ്യൂഹത്തിലെ ഒരണുമാത്രമാണ്
നാം .പ്രപഞ്ചത്തിനൊപ്പം അണുവും ജീവിക്കുന്നു. നാം തനിച്ചല്ല, ഒരു
ബ്രഹ്മാണ്ഡവ്യൂഹമാണ് ഒപ്പമുള്ളത്. അതിലെ ഒരു സഹസഞ്ചാരിയായ നാം
സ്വതന്ത്രമായി ജീവിക്കുന്നില്ല; അതിൻ്റെ കൂടെ ജീവിക്കുകയാണ്. അതുകൊണ്ട്
നമുക്ക് അന്യവത്ക്കരിക്കാനോ അകലാനോ കഴിയില്ല. അകന്നിരിക്കുമ്പോഴും ഒരു വലിയ
വ്യവസ്ഥയുടെയും വ്യൂഹത്തിൻ്റെയും ഭാഗമാണ്.ഈ ബോധമുണ്ടാവുമ്പോൾ നമുക്ക്
എല്ലാറ്റിനോടും അടുപ്പം തോന്നും .ഒന്നും അന്യമല്ലെന്നറിയാം. വേർപിരിയുകയും
മരിക്കുകയും ചെയ്യുന്നത് ദുഃഖം ഉണ്ടാക്കുമല്ലോ. ദുഃഖം ഭൗതികതയിൽ
ജീവിക്കുന്ന മനുഷ്യരെയെല്ലാം നോവിക്കും. നാം വികാരങ്ങൾ കൊണ്ടാണ്
ജീവിക്കുന്നത്. സ്നേഹിക്കാതെ നമുക്ക് ജീവിക്കാനാകില്ല .എന്തിനോടെങ്കിലും,
ആരോടെങ്കിലുമുള്ള സ്നേഹമാണ് ജീവിതത്തിന്റെ അടിസ്ഥാനം. എല്ലാത്തിലും
ഏറ്റവും വിശുദ്ധവും നിഷ്കളങ്കവും ദാർശനികവുമായ താദാത്മ്യമാണ്
സൗന്ദര്യാനുഭവമായിത്തീരുന്നത്. ആ വസ്തുവിനോടു ഇഷ്ടം തോന്നാം.
അതിനെക്കുറിച്ച് മനസ്സിൽ തിരിച്ചും മറിച്ചും ചിന്തിക്കും .ചിന്തയിൽ
നിന്നാണ് എല്ലാം ഉടലെടുക്കുന്നത്.'സുബ്രഹ്മണ്യകീർത്തന'ത്തിൽ ഗുരു ദൈവത്തെ
അഭി ദർശിക്കുന്നത് മനസ്സിൻ്റെ സൗന്ദര്യാത്മകഭാവങ്ങളെ
സമന്വയിപ്പിച്ചുകൊണ്ടാണ് .
ചന്തച്ചെന്തീമിഴിച്ചെങ്കതിർനിര ചൊരിയി-
ച്ചന്ധകാരനകറ്റി -
ച്ചിന്താസന്താനമേ
" എന്നു സുബ്രഹ്മണ്യനെ അഭിസംബോധന ചെയ്യുന്നു.ഇരുട്ടിനെ അകറ്റുന്ന
ഭംഗിയുള്ള ചുവന്ന കണ്ണുകളാണ് സുബ്രഹ്മണ്യൻ്റേത്. ഈ ശ്ളോകത്തിൽ
സുബ്രഹ്മണ്യനൊപ്പം ശിവനെയും ഗുരു കാണുകയാണ്.ശിവനും സുബ്രഹ്മണ്യനും
ഒരുമിച്ചു വരുന്നു. സ്വയം പിച്ചക്കാരനെന്നു ഗുരു പിന്നീടു
വിശേഷിപ്പിക്കുന്നുണ്ട്. എച്ചിൽ ചോറുണ്ടു നടക്കുന്നയാളാണെന്നും അതുകൊണ്ട്
'വല്ലോമൊരു ഗതി തരണേ'യെന്നും ഗുരു അപേക്ഷിക്കുന്നു .ഗുരുവിൻ്റെ അക്കാലത്തെ
ജീവിതം അവധൂതൻ്റേതായിരുന്നു. അപ്പോൾ ദൈവത്തെക്കുറിച്ചുള്ള ഭാവന ഏറ്റവും
തീവ്രമാകുന്നുണ്ട്. സുബ്രഹ്മണ്യനിൽ അത് കാണുകയാണ്. ഇവിടെ ദൈവം, ഗുരു ഈ
ലോകത്ത് കണ്ട സകല സാക്ഷാത്കാരഭാവങ്ങളുടെയും ആകെ ത്തുകയാണ്. എല്ലാറ്റിനോടും
ഗുരുവിനു അനുകമ്പയും സ്നേഹവുമാണ് ഉണ്ടായിരുന്നത്. അങ്ങനെ എല്ലാറ്റിനെയും
തന്നിലേക്ക് അടുപ്പിച്ചു നിർത്തുകയായിരുന്നു. ഒരു സകലബന്ധങ്ങളുടെ അന്തസാരം ഈ
ദൈവികതയുടെ പരപ്പാണ്. എല്ലാറ്റിലും കണ്ട ദൈവം ഒരു രൂപമാർജിക്കുകയാണ്.
ശുചിത്വം ദൈവത്തിൻ്റെ ഒരു പ്രവേശന കവാടം
ഗുരുവിൻ്റെ
സർവസ്വവുമായ അനുകമ്പയുടെയും മമതയുടെയും തലത്തിൽ സമഭാവന മാത്രമേയുള്ളൂ
.ജാതിയോ മതമോ ഇല്ല .ദൈവമാകട്ടെ, ഗുരുവിന്റെ സൗന്ദര്യാത്മകമായ ബോധത്തിന്റെ
സാരസ്വതവുമാണ്. ബോധത്തിന്റെ ഏറ്റവും ഉന്നതമായ ഒരു തലമാണത്.
അസ്തിത്വത്തിൻ്റെ ഒരുപടി മുകളിൽ അത് നിലനിൽക്കുന്നു. "ചൊല്ലെല്ലാമുണ്ടു
ചരടായെഴും പൊരു-
ളെല്ലയിലേറിനിന്നാടു പാമ്പേ"എന്നു
'കുണ്ഡലിനിപ്പാട്ടി'ൽ എഴുതുന്നത് ഇത് ഉറപ്പിക്കുന്നു. എല്ലാ ചൊല്ലും കടന്നു
ചെല്ലുമ്പോൾ പൊരുളാണ് അവശേഷിക്കുന്നത്. അവിടേക്കെത്തണം. ആ പൊരുളിന്റെ
ഉച്ചയിൽനിന്നു ആടണമെന്നാണ് ആവശ്യപ്പെടുന്നത്.
ദൈവങ്ങൾക്ക്
വേണ്ടി നിർമ്മിക്കുന്ന ക്ഷേത്രങ്ങൾ എത്ര ബൃഹത്താണ്. ദൈവത്തിന്റെ
മഹത്വത്തിനനുസരിച്ചാണ് ഇത് സങ്കല്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഗുരു
ക്ഷേത്രത്തിനു പ്രതീകാത്മക ഭംഗിയാണ് വിഭാവന ചെയ്യുന്നത്. ചെറിയ
ക്ഷേത്രമാണെങ്കിലും വൃത്തിയുണ്ടായാൽ മതി. യാന്ത്രികമായി വന്നു വഴിപാട്
നടത്തി, സ്വന്തം കാര്യങ്ങൾ അവതരിപ്പിച്ച് മടങ്ങുന്ന ഒരു ഏർപ്പാടല്ല
ഗുരുവിനു ക്ഷേത്രം. അത് ഒരു ശുദ്ധീകരണശാലയാണ് - മനസിൻ്റെ .ഒരു സംഭാഷണത്തിൽ
അത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "എല്ലാവരും ഈശ്വരനെയാണ് ആരാധിക്കുന്നത്,
ബിംബത്തെയല്ല. ഇതിന്റെ (ക്ഷേത്രത്തിൻ്റെ) ചുറ്റും പൂന്തോട്ടം ഉണ്ടാക്കണം.
നല്ല വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് ചുറ്റും തറകൾ കെട്ടണം. അപ്പോൾ
ജനങ്ങൾക്ക് വന്നിരുന്നു കാറ്റു കൊള്ളാം. എല്ലാ ക്ഷേത്രങ്ങളിലും വായനശാലകൾ
ഉണ്ടായിരിക്കണം. ക്ഷേത്രം ഒരറ്റത്ത് അങ്ങനെ നിന്നു കൊള്ളട്ടെ. ഭംഗിയും
വൃത്തിയുമുള്ള സ്ഥലമാണെങ്കിൽ ജനങ്ങൾ വരും. നല്ല വിചാരങ്ങൾ ഉണ്ടാകും.
ആരോഗ്യം വർദ്ധിക്കും."
ഇവിടെ ദൈവത്തെ മറ്റു
മാർഗങ്ങളിൽക്കൂടി അനുഭവിപ്പിച്ച് മനുഷ്യനെ അർത്ഥവത്തായ കർമ്മത്തിലേക്ക്
ആകർഷിക്കാനാണ് ഗുരു ഉദ്ദേശിക്കുന്നത്. ക്ഷേത്രം ആരാധിക്കുന്നതിനു
എന്നതുപോലെ കാറ്റുകൊള്ളാനും ഉപകരിക്കണം. അവിടെ വന്നാൽ മനോഹരമായ പൂക്കൾ
കണ്ടു മതിമറന്നു നിൽക്കണം. പൂക്കളുടെ ഗന്ധം പരക്കട്ടെ. ക്ഷേത്രങ്ങൾ
വായിക്കാനും പഠിക്കാനുമുള്ള ശാന്തമായ ഇടമാകണം. ദൈവം മനസ്സിലേക്ക് വരുന്നത്,
ചിലപ്പോൾ , വായനയിലൂടെയും പുസ്തകങ്ങളിലൂടെയുമാണ് .എന്തൊരു മഹത്തായ ആശയം!
ഇതാണ് ഗുരുവിൻ്റെ സൗന്ദര്യാത്മക ദൈവത്തിൻ്റെ ഒരു സുന്ദരനിമിഷം.
ക്ഷേത്രത്തിനു ചുറ്റും ശുചിയായിരിക്കണം. ശുചിത്വം ദൈവത്തിൻ്റെ ഒരു
പ്രവേശനകവാടമാണ് .അശുദ്ധവും ദുർഗന്ധം നിറഞ്ഞതും വൃത്തിഹീനവുമായ ഒരിടത്ത്
ദൈവത്തെ പ്രതീക്ഷിക്കേണ്ടതില്ലല്ലോ. പരമ്പരാഗതമായ ദൈവചിന്തയെ അപനിർമ്മിച്ചു
കാറ്റും വെളിച്ചവും കയറുന്ന ,സുഗന്ധമുള്ള, വായിക്കാനും ചിന്തിക്കാനും
കഴിയുന്ന ഒരു പരിസരമാക്കി പരിവർത്തനപ്പെടുത്തുന്നു .ഇത് സൗന്ദര്യാത്മകമായ
സംവാദമാണ് .ദീർഘവും നിരന്തരവുമായ ഒരു അർത്ഥസംവാദത്തിലൂടെ ഒരു ദൈവത്തെ
സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
സൗന്ദര്യത്തെ പുനരുജ്ജീവിപ്പിക്കുന്ന ശിവൻ
ദൈവികത
ഗുരുവിന്റെ വ്യക്തിപരമായ നോട്ടമോ വിചിന്തനമോ എന്നതിനപ്പുറമാണ്. അതിനു
സാമൂഹ്യവും രാഷ്ട്രീയവുമായ മാനങ്ങളുണ്ട് .അത് ഗുരുവിൻ്റെ ഉപകരണമാണ്.
അതുകൊണ്ടാണ് പതിതൻ്റെ ഒറ്റപ്പെടലും പാരതന്ത്ര്യവും ഉയർന്നുവരുന്ന
ഘട്ടങ്ങളിലെല്ലാം ഗുരു ദൈവത്തെയും ദൈവസ്തുതിയെയും ഉപകരണങ്ങളായി
ഉയർത്തിക്കൊണ്ടുവരുന്നത്.
ഫ്രഞ്ച് സാഹിത്യകാരനായ ആൽബേർ കമ്യു
പറഞ്ഞു: Beauty no doubt ,does not make revolutions.But a day will come
when revolutions will have need of beauty. സൗന്ദര്യം വിപ്ലവം
കൊണ്ടുവരികയില്ല. വിപ്ലവങ്ങൾക്ക് സൗന്ദര്യത്തിന്റെ ആവശ്യമുള്ള ഒരു ദിവസം
വരും. എന്തിനാണ് വിപ്ലവത്തിനു സൗന്ദര്യം? വിപ്ലവങ്ങൾക്കും അതിന്റേതായ
തിരിച്ചടികളും കുഴപ്പങ്ങളും സംഭവിക്കും.പല വിപ്ലവങ്ങളും മനുഷ്യ
നിന്ദകൊണ്ടും കൊലകൾകൊണ്ടും ക്രൂരതുകൊണ്ടും വിലകെട്ടു പോയിട്ടുണ്ട്
.ചൈനയിലെ സാംസ്കാരിക വിപ്ളവത്തിൻ്റെ ഭാഗമായി ഒരു ദശലക്ഷത്തിലധികം പേർ
കൊല്ലപ്പെട്ടു എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. മനുഷ്യരുടെ സകല സംസ്കാരവും
ഇല്ലാതാക്കുന്ന പ്രവൃത്തികളുണ്ടായി .വിപ്ളവം വിജയിച്ചു എന്നു പറയുന്നത്
മനുഷ്യൻ്റെ മഹത്വം നഷ്ടപ്പെടുത്തിക്കൊണ്ടാകരുത്.
അതുകൊണ്ടാണ്
കമ്യു പറയുന്നത് വിപ്ലവത്തിനു സൗന്ദര്യം ആവശ്യമായിവരുമെന്ന്. മനുഷ്യമനസിനെ
വിമലീകരിച്ച് സ്വതന്ത്രമായി ചിന്തിക്കാനും അന്യരുടെ ജീവൻ സംരക്ഷിക്കാനും
സാധ്യമായ തരത്തിൽ വളരേണ്ടതുണ്ട് .മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കപ്പെടണം.
സ്നേഹവും അഹിംസയും പുലരണം .സൗന്ദര്യം മനസ്സുകളെ വിഘടിപ്പിക്കുകയല്ല,
ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത്. ഡാവിഞ്ചിയുടെ 'മൊണാലിസ' എല്ലാവരെയും
യോജിപ്പിക്കുകയാണ് ,വിഘടിപ്പിക്കുകയല്ല. സൗന്ദര്യ പ്രചോദിപ്പിക്കും. നല്ല
ഒരു പാട്ട് കേട്ടാൽ അതുപോലെ പാടാൻ തോന്നും. സൗന്ദര്യം ജീവിതത്തിനു അർഥം
നൽകുകയാണ്.
ഗുരുവിൻ്റെ ദൈവം ജീവിതത്തിനു അർത്ഥം
നൽകുകയും അധർമ്മത്തെയും അനീതിയെയും ഹിംസയെയും എതിർക്കുകയും ചെയ്യുന്നു.
അരുവിപ്പുറത്തെ ശിവൻ ജാതിഭേദത്തെയും മതവൈരത്തെയും എതിർക്കുകയും രമ്യതയുടെ
സൗന്ദര്യത്തെ പുന:രുജ്ജീവിപ്പിക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെ ദൈവം
സാംസ്കാരികജീവിതത്തിൽ ഇടപെടുന്നു. ജാതി,മതഭേദങ്ങളെ മറികടന്ന്
ഒരുമിപ്പിക്കുന്ന ശക്തിയായിത്തീരുന്നു. സൗന്ദര്യത്തിന്റെ ആവശ്യകതയാണ് ഇത്
കാണിക്കുന്നത്.
Subscribe to:
Comments (Atom)





.jpg)
.jpg)



.jpg)














