Followers

Wednesday, July 30, 2025

അക്ഷരജാലകം /എം.കെ.ഹരികുമാർ /കലാശാലകളിലെ സാഹിത്യചർച്ച/july 28, 2025



Aksharajalakam 



യൂണിവേഴ്സിറ്റികളിലെ  സാഹിത്യസംസ്കാരം ജീർണിച്ചു കഴിഞ്ഞിരിക്കുകയാണ് .നവമായ ഒരാലോചനയില്ല .അവിടെ  സംഘടിപ്പിക്കുന്ന സാഹിത്യസമ്മേളനങ്ങളിൽ പുതിയ ഒരു ചിന്തയും ഉണ്ടാകുന്നില്ല. പഠിപ്പിക്കാൻ വേണ്ടി തയ്യാറാക്കുന്ന നോട്ടുകളുടെ ഒരു വലിച്ചു നീട്ടലാണ് സമ്മേളനങ്ങളിൽ കാണുന്നത്.മിക്കവാറും കലാശാല പണ്ഡിതന്മാരും കൊളോണിയലിസം എന്ന വാക്ക് തുടരെ ഉപയോഗിക്കുന്നത് കാണാം .സ്വാതന്ത്ര്യം കിട്ടിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും  ബ്രിട്ടീഷുകാരുടെ അടിമ ആയിരിക്കുന്നതിന്റെ മനോഭാവം പേറുകയാണ്. അവർ ഇപ്പോഴും സമകാലിക സാഹിത്യത്തെപ്പറ്റി പറയുമ്പോൾ സാമ്രാജ്യത്വം, സാമ്രാജ്യത്വാനന്തരം എന്നീ വാക്കുകളാണ് ആവർത്തിക്കുന്നത്. എന്തിനാണ് ഇവർ ഇത്തരം വാക്കുകൾ കൊണ്ട് ഒരു സാഹിത്യകൃതിയെ ആസ്വാദനത്തിൽ നിന്ന് അകറ്റിക്കൊണ്ടു പോവുന്നത് ?പാഠ്യപദ്ധതികളുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന പടുവാക്കുകൾ സാഹിത്യകതയുടെ വായനയിലും ആസ്വാദനത്തിലും കടന്നുവരുകയാണ്.അങ്ങനെ സാഹിത്യചർച്ച യാന്ത്രികമായിത്തീരുന്നു

കലാശാലകളിലെ സാഹിത്യം  പൂർവ്വകാല വ്യവസ്ഥാപിതത്വത്തിൻ്റെ പിടിയിൽ തന്നെയാണ്. അവിടെ സ്വാതന്ത്ര്യം എന്ന അനുഭവത്തിന്റെ, ആശയത്തിന്റെ ഒരു അണു പോലും കാണാനില്ല .സ്വാതന്ത്ര്യത്തെ അനുഭവിക്കാത്തവനു അതിൻ്റെ  ആഴത്തിലുള്ള കാഴ്ചകൾ ലഭിക്കുകയില്ല. കുറെ വർഷങ്ങൾക്കു മുൻപ് ഏതൊരു കലാശാലയിലെ അധ്യാപകന്റെയും രചനകളിൽ സ്വത്വം എന്ന വാക്ക് സാർവത്രികമായിരുന്നു. 
ഇപ്പോൾ ആ വാക്ക് പിൻവലിച്ചിരിക്കുകയാണ്.

സ്വത്വം എന്നത് ആധുനികതയ്ക്കും മുമ്പുള്ള ഒരു ആശയമാണ്. അത് വംശീയമായ, നടുവാഴിത്ത സ്വഭാവമുള്ള വാക്കാണ്. മനുഷ്യൻ ഒരു സ്ഥിരം ഐഡൻ്റിറ്റി അഥവാ സ്വത്വം കൊണ്ടു നടക്കുന്നു എന്നു ചിന്തിക്കുന്നത് കാലഹരണപ്പെട്ട കാഴ്ചപ്പാടാണ്. അന്തർദേശീയ യാത്രകളും വ്യാപകമായ കുടിയേറ്റവും പുതിയ സാങ്കേതിക തൊഴിൽ മേഖലകളും തൊഴിൽ സാഹചര്യങ്ങളും മനുഷ്യരെ ആഗോളതലത്തിലേക്ക് പറിച്ചുനട്ടിരിക്കയാണ്. ഇതിനു പുറമേയാണ് ഡിജിറ്റൽ വ്യക്തിത്വത്തിൻ്റെ സർവ്വവ്യാപനം.

സ്വത്വം ,കൊളോണിയലിസം അപ്രസക്തമായി 

എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അവതരിച്ച ഉത്തരാധുനികത എന്ന പ്രവണതയുടെ ഭാഗമായി ചില  സൈദ്ധാന്തികർ പ്രാദേശികതയും സ്വത്വവും ഉയർത്തിക്കൊണ്ടുവന്നത് മുഖ്യധാരയിൽ കടന്നു വരാത്ത ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചായിരുന്നു. ചരിത്രത്തിൽ പ്രവേശനം കിട്ടാത്തവർക്ക് സ്വത്വപരമായ പ്രാതിനിധ്യം കൊടുക്കാമെന്നാണ് അവർ വിചാരിച്ചത്. അപ്പോഴും ഒരു തെറ്റു സംഭവിച്ചു.ഒരു സ്വത്വം ,ഇന്നത്തെ ആഗോള പരിപ്രേക്ഷ്യത്തിൽ ,സ്ഥിരമായി കൊണ്ടുനടക്കാനാവാത്ത വിധം ലോകം വികസിക്കുകയാണെന്നു മറന്നു.

ലോകത്തെ ,ഓരോ വ്യക്തിയും വികസിപ്പിക്കുകയാണ്.  താൻ അടുക്കളയിൽ കയറി ഒരു കപ്പ് കാപ്പി തയ്യാറാക്കിയാൽ അതിലൂടെ  ലോകത്തെ മാറ്റുകയാണ് ചെയ്യുന്നതെന്നു ഫ്രഞ്ച് സാഹിത്യകാരൻ ഷാങ് പോൾ സാർത്ര് നിരീക്ഷിക്കുന്നുണ്ട്. 'ഒരു മനുഷ്യൻ്റെ തീരുമാനം വലുതോ ചെറുതോ ആകട്ടെ ,അവനെ ഒരു  നിയമനിർമ്മാതവാക്കുന്നു. അതാകട്ടെ ആകെ മാനവരാശിക്കു വേണ്ടിയുള്ളതാണ് .അവിടെ ആഴത്തിലുള്ള ,സമഗ്രമായ ഉത്തരവാദിത്തമുണ്ടായിരിക്കണം.' ഒരാൾ ചെയ്യുന്ന പ്രവൃത്തിയിലൂടെ ലോകത്തിനു മാറ്റം വരുന്നു .ലോകം അത്രയും കൂടി തുറന്നു കാണിക്കപ്പെടുന്നു. ആരാധനാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന കുറെ ആളുകളെ ഒരുവൻ വെടിവച്ച് വീഴുത്തുമ്പോൾ അതിലൂടെ ലോകം മാറുകയാണ്. ലോകത്തെ മറ്റൊരു കണ്ണിലൂടെ നോക്കാൻ പ്രാപ്തമാകുന്നു .അക്രമി  ലോകത്തെയാകമാനം ഭീതിയിലേക്കും ആശങ്കയിലേക്കും തള്ളിവിടുന്നു.എന്നാൽ അങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നവൻ അതിൻ്റെ ഉത്തരവാദിത്തം ഏൽക്കേണ്ടതുണ്ട്.  അവൻ അതിനു ഉത്തരവാദിയാണ്. അവൻ അതിൻ്റെ ശിക്ഷ കൈപ്പറ്റണം. അവൻ്റെ ജീവിതത്തെ അവൻ എറിഞ്ഞു കളഞ്ഞിരിക്കുന്നു.അത് ലോകത്തെ മാറ്റുകയാണ്. തെറ്റുകളെക്കുറിച്ചുള്ള അഗാധമായ ജ്ഞാനം ആവശ്യമായി വരുന്നു.അത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തത്ത്വചിന്തയിൽ നമ്മെക്കൊണ്ടെത്തിക്കും. മനുഷ്യൻ സ്വതന്ത്രനാകാൻ വിധിക്കപ്പെട്ടിരിക്കുകയാണെന്നു സാർത്ര് പറയുന്നുണ്ട്. അവൻ ഈ ലോകത്തിലെ ജീവിതത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. അനശ്വരമായ ഒരു മൂല്യവും അവനെ രക്ഷിക്കില്ല. അവൻ കണ്ണാടിക്കു മുമ്പിലെന്നപോലെ സ്വാതന്ത്ര്യത്തിന്റെ മുഖാമുഖമാണ് .അവൻ സ്വന്തം മൂല്യങ്ങൾ സൃഷ്ടിക്കണം. എങ്കിൽ മാത്രമേ അവനു ജീവിതമുണ്ടാവുകയുള്ളൂ. ഇതുവരെ നാം ജീവിച്ചത് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു തന്ന ലക്ഷ്യങ്ങളും പദ്ധതികളുമായിരുന്നെങ്കിൽ, അതിനുപകരം നാം സ്വയം സൃഷ്ടിക്കേണ്ടതുണ്ട് .നാം നമ്മെത്തന്നെ പുനരുല്പാദിപ്പിക്കണം.നമ്മിൽ മറ്റുള്ളവർ അടിച്ചേൽപ്പിച്ച ഉപയോഗശൂന്യമായ ചിന്തകളിൽ നിന്ന് രക്ഷപ്പെട്ട് സ്വയം സൃഷ്ടിക്കണം. നമ്മെക്കുറിച്ച് മറ്റുള്ളവർ പ്രതീക്ഷിച്ചതും നാം പ്രതീക്ഷിച്ചതും തമ്മിൽ അന്തരമുണ്ട് .ഇതാണ് സ്വാതന്ത്ര്യത്തിന്റെ നിമിഷം. ഇവിടെയാണ് സ്വതന്ത്രനാകാൻ വിധിക്കപ്പെടുന്നത് .വേറെ ഒരു മാർഗ്ഗമില്ല. ഇതാണ് എഴുത്തുകാരന്റെ അസ്തിത്വബോധം .അവൻ ഈ ലോകത്ത് എഴുതുന്നത് യാതൊന്നും ചിന്തിക്കാതിരിക്കാനല്ല. ചിന്തിക്കാതിരിക്കുന്നത് സ്വാതന്ത്ര്യമാണെന്നു കരുതുന്നവർ കണ്ടേക്കാം .യാതൊരു ഉത്തരവാദിത്വവുമേറ്റെടുക്കാതെ, ചിന്തയില്ലാതെ  എഴുതിക്കൊണ്ടിരിക്കുന്നത് സുരക്ഷിതത്വമായി വ്യാഖ്യാനിക്കുന്നവരുണ്ട്.അവർ ചിന്താക്കുഴപ്പമില്ലാത്തവരാണ്.  ചിന്തിക്കുന്നവർക്കാണ് ചിന്താക്കുഴപ്പമുള്ളത്. അത് നല്ല ലക്ഷണമാണ്. 

ഒരു പുതിയ ചിന്തയുണ്ടാകുന്നില്ല 

കലാശാലകളിലെ സമ്മേളനങ്ങളിൽ കാണുന്നത് സ്വാതന്ത്ര്യത്തിന്റെ അഭാവമാണ്. സ്വതന്ത്രമാകുന്നത് എങ്ങനെയാണെന്നു അറിയില്ല.അവർ പഠിച്ചത് തന്നെ വീണ്ടും വീണ്ടും പറയുന്നു. ഒരു പുതിയ വാക്ക് ,ചിന്ത അവിടെ പിറക്കുന്നില്ല. അവിടെ പുതിയ ഒരാശയം പിറവിയെടുക്കുന്നില്ലെന്നു നമുക്കറിയാം. അതേസമയം അവർ എല്ലാ നവമായ ആശയപ്രഭാങ്കുരങ്ങളെയും തമസ്കരിക്കുകയോ അവഗണിക്കുകയോ  ചെയ്യുകയാണ്.

കലാശാല അധ്യാപകരിൽ ഭൂരിപക്ഷവും ഇപ്പോൾ എഴുത്തുകാരാണ് .അവർ വരണ്ട ഗവേഷണമാണ് മുന്നോട്ടുവയ്ക്കുന്നത്. സാഹിത്യം എങ്ങനെ ആസ്വദിക്കാതിരിക്കാം എന്ന ഗവേഷണ മാണത് .കലയുടെ രസാനുഭൂതി നഷ്ടപ്പെടുത്തിക്കളഞ്ഞാൽ പിന്നെ എന്താണുള്ളത്? ഷേക്സ്പിയറുടെ മാക്ബത്ത് എന്ന നാടകം പ്രമുഖ ജാപ്പനീസ് സംവിധായകനായ അകിറ കുറസോവ ചലച്ചിത്രമാക്കിയിട്ടുണ്ട്. മാക്ബത്തിനെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണകളെ അതേപടി പിന്തുടരുകയല്ല കുറസോവ ചെയ്തത് .അദ്ദേഹം സ്വയം സൃഷ്ടിക്കുകയായിരുന്നു. മാക്ബത്തിനെക്കുറിച്ചുള്ള ലോകധാരണകളെ തന്നിൽ നിന്ന്  പിഴുത് മാറ്റുന്ന പ്രക്രിയയാണ്  അദ്ദേഹത്തിൻ്റെ സംവിധാനം. അതിനു വേണ്ടി ജാപ്പനീസ് മിത്തുകളെ ഉപയോഗപ്പെടുത്തി. സംവിധായകൻ കലാസ്വാദകനായതുകൊണ്ടാണ് ഇത്  സംഭവിക്കുന്നത് .സംവിധായകൻ തന്നിലെ കലാകാരനെ പുറത്തെടുക്കാൻ വേണ്ടിയാണ് അത്യധ്വാനം ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യമാണത്. അത് സ്വാതന്ത്ര്യത്തിൻ്റെ അതിജീവനമാണ്. അതിനുവേണ്ടിയാണ് നടീനടന്മാരുടെ മേക്കപ്പും വസ്ത്രാലങ്കാരവും കലാസംവിധാനവും ഒരുക്കുന്നത്. ഷേക്സ്പിയർ കണ്ടിട്ടില്ലാത്ത ,കേട്ടിട്ടില്ലാത്ത ചലച്ചിത്രകലയുടെ ഭാഷയാണ് സംവിധായകൻ കണ്ടെത്തുന്നത്. 

ഇതെല്ലാം അദ്ദേഹത്തിൻ്റേതായ  അനുഭവസാക്ഷാത്കാരത്തിനുവേണ്ടി തിരഞ്ഞെടുക്കുന്നതാണ്. സംവിധായകന്റെ സ്വാതന്ത്ര്യത്തിന്റെ, കലാവബോധത്തിൻ്റെ  അതിജീവനമാണത്. അങ്ങനെയാണ്  സംവിധായകൻ ജീവിക്കുന്നത് .അയാൾ സ്വന്തം അസ്തിത്വത്തെ നിർവചിക്കുകയാണ്. ഇത് ജീവന്മരണ പ്രശ്നമാണ് . അയാൾക്ക് അങ്ങനെയേ നിലനിൽക്കാനാവൂ. ഒരു യഥാർത്ഥ  കലാകാരൻ തന്റെ കലയുടെ മേഖലയിൽ ചെയ്യുന്ന ഓരോ പ്രവൃത്തിയും കലാകാരൻ എന്ന  നിലയിലുള്ള ആത്മഹത്യ ഒഴിവാക്കാൻ വേണ്ടി നടത്തുന്ന കഠിന പരിശ്രമമായി  കാണണം .താൻ മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ, വ്യാഖ്യാനിച്ച വസ്തുതകൾ അതേപടി അവതരിപ്പിച്ചാൽ അത് ഭീകരമായ ഒരു ആത്മഹത്യയായിരിക്കുമെന്ന് മറ്റാരെക്കാൾ അയാളാണ് മനസ്സിലാക്കുന്നത്.

എഴുത്തുകാരൻ്റെ രാഷ്ട്രീയം പാർട്ടികളുടേതാകരുത് 

അദ്ധ്യാപകർ എഴുത്തുകാരാവുന്നത് നല്ലതാണ്. എന്നാൽ രാഷ്ട്രീയപാർട്ടികളുടെ വീക്ഷണത്തിൽ ഒതുങ്ങുന്നതും അതിനനുസരിച്ച് എഴുതുന്നതും എത്രയും ആപത്കരമാണ്. അത് സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും .ഗൗരവത്തിൽ ചിന്തിക്കുന്ന ഒരാൾ രാഷ്ട്രീയത്തെ സ്വയം നിർവ്വചിച്ചുകൊണ്ടായിരിക്കും എഴുതുക. ഓരോ വസ്തുവിൻ്റെയും നിലനില്പ് രാഷ്ട്രീയമാണ്. എം.സുകുമാരൻ ,യു.പി. ജയരാജ് തുടങ്ങിയ കഥാകൃത്തുക്കളുടെ കഥകളിലെ രാഷ്ട്രീയം പാർട്ടികളുടെ സംഭാവനയല്ല; അവർ കണ്ടെത്തിയതാണ്.  

പാർട്ടികളുടെ സമീപനത്തിലെ യുക്തിവിചാരണയല്ല സാഹിത്യരചനയിൽ വേണ്ടത്.  പാർട്ടികളുടെ യുക്തിപരമായ സമീപനം വളരെ സമകാലികമായിരിക്കും. അതിനു അതീതമായ ഒരു ഭാവിയെക്കുറിച്ച് ആലോചിക്കേണ്ടതില്ല. പാർട്ടികൾക്ക് പ്രായോഗികതയും പെട്ടെന്നുള്ള ഫലവുമാണ് പ്രധാനം. എന്നാൽ എഴുത്തുകാരന്റെ യുക്തി ഇതല്ല .അവന്റെ സാഹിത്യകല പരീക്ഷണങ്ങളിലൂടെയാണ് വളരുന്നത്. പഴകിയതും പുതിയതുമായ വായനക്കാരുടെ പിന്തുണയിൽ പോലും അവനു ജീവിക്കാനാവില്ല .അവൻ ഓരോ ഘട്ടത്തിലും പരീക്ഷിക്കപ്പെടും, വിചാരണ ചെയ്യപ്പെടും. അവൻ വിമർശനങ്ങളിലൂടെയാണ് അതിജീവിക്കേണ്ടത്. ഒരു സാഹിത്യകാരനും ,വിമർശനങ്ങളിലൂടെ  കടന്നുവരാതെ നിലനിൽപ്പില്ല. ബാഹ്യമായ മറ്റു മാർഗ്ഗങ്ങളിലൂടെ സ്ഥാനം ഉറപ്പിക്കുന്നവർ വെയിൽ പോലെ അപ്രത്യക്ഷമാകുന്നതാണ് സാഹിത്യചരിത്രത്തിൽ കാണുന്നത്.

നമ്മുടെ കാലത്ത് കലാശാലകളിൽ  എത്രയോ അനുസ്മരണ സമ്മേളനങ്ങൾ - കവികളുടെയും നോവലിസ്റ്റകളുടെയും പേരിലുള്ളത് നടക്കുന്നു. ഒന്നുപോലും ആരും ശ്രദ്ധിക്കുന്നില്ല. അവിടെ ഉത്പാദിപ്പിക്കപ്പെട്ട സാഹിത്യം ,പാഠം എന്താണെന്നു ആരും തിരിഞ്ഞുനോക്കുന്നില്ല .ക്ലാസിൽ പഠിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ കുറിപ്പുകൾ വിസ്തരിച്ചു പറയുന്നതല്ല  പ്രഭാഷണം. പ്രഭാഷകനു ഒരു വീര്യം ഉണ്ടാവണം. അവൻ നിലവിലുള്ള സാഹിത്യ സംസ്കാരത്തെ ഒന്നു പിടിച്ചു കുലുക്കുവാൻ കെല്പുള്ളവനായിരിക്കണം. അവൻ പ്രഭാഷണത്തിൽ അബാധത്തെയും ആവിഷ്ക്കരിക്കണം.
വായനക്കാരുടെ ചൊറിയിൽ ചൊറിഞ്ഞുകൊടുക്കാനല്ല ഒരു പ്രഭാഷകൻ ശ്രമിക്കേണ്ടത്. 

പ്രചാരണത്തിനു പോകുന്നവർ 

എഴുത്തുകാർ അധ്യാപകരെ പോലെ തന്നെ രാഷ്ട്രീയകക്ഷികളുടെ വീക്ഷണത്തിന്റെ പ്രായോഗികതയിലേക്ക് നിപതിക്കുന്നത്  സാംസ്കാരികമായ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. ഇത് ഇപ്പോൾ വളരെ പ്രകടമാണ്. എന്തെന്നാൽ ഇവർ വിദ്യാർത്ഥികളെയും പ്രലോഭിപ്പിക്കുകയാണ്. അവരും ഇതാണ് ശരിയെന്നു വിശ്വസിച്ച് ,ചിന്താക്കുഴപ്പമില്ലാതിരിക്കാൻ ,ചിന്ത വേണ്ടെന്നുവച്ച് ഏതെങ്കിലും സംഘടനയിൽ ചേരും .സാഹിത്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ഈ ചിന്താപരമായ ദാരിദ്ര്യം പിടികൂടിയിട്ടുണ്ട് . സാഹിത്യപരിഷത്തിലൊക്കെ ഇത് വ്യക്തമായി കാണാനുണ്ടല്ലോ.ഇനി പുതിയൊരു അന്വേഷണവും വേണ്ട, സദ്യയുണ്ടാൽ മതി എന്ന കടുത്ത നിലപാട് പലരെയും അലസരും നിഷ്ക്രിയരുമാക്കിയിരിക്കുകയാണ്.

സമീപകാലത്തെ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നത് ഓർക്കുമല്ലോ. അവിടെ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിക്ക് വേണ്ടി കുറെ എഴുത്തുകാർ പ്രചാരണം നടത്തിയത് കണ്ടു .വ്യക്തിപരമായി പിന്തുണ അറിയിക്കുന്നതിനെ ആർക്കും എതിർക്കാനാവില്ല. ഇതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ് .എന്നാൽ ഈ എഴുത്തുകാരുടെ പരസ്യമായ തിരഞ്ഞെടുപ്പു  പ്രവർത്തനത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ വലിയ വിമർശനമുണ്ടായി.  ഒരു കൂട്ടം എഴുത്തുകാരും വായനക്കാരും ഇതിനെതിരായി ഫേസ്ബുക്കിലും ആനുകാലികങ്ങളിലും എഴുതി. പ്രത്യക്ഷത്തിൽ എതിർപ്പ് പ്രകടിപ്പിക്കാത്ത ധാരാളം പേർ സ്വകാര്യമായി ഇതിനെതിരെ സംസാരിക്കുന്നത് മനസ്സിലാക്കാൻ കഴിഞ്ഞു .എന്തുകൊണ്ടാണ് ഭൂരിപക്ഷം ആളുകളെയും ഈ എഴുത്തുകാരുടെ പ്രവൃത്തി  അലോസരപ്പെടുത്തിയത്? തിരഞ്ഞെടുപ്പു പ്രവർത്തനം  മോശമായതുകൊണ്ടല്ല; പ്രചാരണത്തിനു പോയ എഴുത്തുകാരുടെ നിഗൂഢലക്ഷ്യം വളരെയേറെ തുറന്നുകാണിക്കപ്പെട്ടതുകൊണ്ടാണ്.  സഹജീവിസ്നേഹമോ സഹതാപമോ കാണിക്കാത്ത ചിലർ വ്യക്തിപരമായ ലാഭം മുന്നിൽ കണ്ട് ആർത്തിയുടെ ചന്തയിലേക്ക് ചാടിയിറങ്ങിയതിൻ്റെ ദുർഗന്ധം നാട്ടിൽ പരന്നതായി പലരും പറയുന്നുണ്ടായിരുന്നു.സഹജീവിയായ എഴുത്തുകാരൻ മരുന്ന് മേടിക്കാൻ പൈസയില്ലാതെ കഷ്ടപ്പെടുകയാണെങ്കിൽ സഹായിക്കാൻ മനസ് കാണിക്കാത്ത സമ്പന്നരായ രചയിതാക്കളുണ്ട്. രോഗം ബാധിച്ച് കിടപ്പിലായ കവി രാഘവൻ അത്തോളി ഫെയ്സ്ബുക്കിലൂടെ തുടരെ സഹായം അഭ്യർത്ഥിക്കുകയാണ്. ആരും ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയുള്ള എഴുത്തുകാർ ഒരു തിരഞ്ഞെടുപ്പ് വരുമ്പോൾ ചാടിയിറങ്ങുന്നുണ്ടെങ്കിൽ അതിനു വേറൊരു അർത്ഥമാണുണ്ടാവുക. ഇവർ ഒരു രാഷ്ട്രീയനേതാവിനു വേണ്ടി അസാധാരണമായ എടുത്തുചാട്ടം നടത്തിയത് സ്വാർത്ഥമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണെന്നു വ്യക്തമാണ്. 

എഴുത്തുകാരനെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ഉന്നതമായ വീക്ഷണമുള്ളവർ ഈ പ്രവൃത്തി നിന്ദ്യമാണെന്നു കരുതുന്നു. ഇന്നത്തെ ആർത്തിയുടെയും ദുരയുടെയും തൻകാര്യസാധ്യത്തിനു വേണ്ടിയുള്ള അതിരുവിട്ട ഊരുചുറ്റലിൻ്റെയും നാണംകെടലിൻ്റെയും ആത്മീയമായ തകർച്ചയുടെയും ജീവിതജീർണതയുടെയും ബീഭത്സമായ പ്രകടനമായേ എഴുത്തുകാരുടെ  തിരഞ്ഞെടുപ്പ് പ്രചാരണത്തെ കാണാനൊക്കൂ എന്നു പറയാതിരിക്കാൻ കഴിയില്ല .ഇവർ സാംസ്കാരിക ലോകത്ത് നട്ടുവളർത്തുന്നത് ചീത്തപ്രവണതയാണ്.അവർക്ക് തിരഞ്ഞെടുപ്പിലോ ജയത്തിലോ അല്ല താല്പര്യമെന്നു വ്യക്തമാണ് .സ്വന്തം ലക്ഷ്യങ്ങൾ നേടാൻ വേണ്ടി ഒരു തിരഞ്ഞെടുപ്പിനെ വീണു കിട്ടിയ നിധി പോലെ ഉപയോഗിക്കുകയാണ് ചെയ്തത് .ഇങ്ങനെ ചിന്തയിൽ ദരിദ്രരായ എഴുത്തുകാരുടെ പ്രവൃത്തികൾ എങ്ങനെയെല്ലാം രാഷ്ട്രീയമായ അന്ധതയിലേക്ക് ഒരു ജനതയെ കൊണ്ടുപോയി അധ:പ്പതിക്കാമെന്നു സാർത്രിൻ്റ വാദങ്ങൾ ശരിവച്ചു കൊണ്ടു പറയുവാൻ സാധിക്കും.

രജതരേഖകൾ 

1)വിശ്വൻ പടനിലം എഴുതിയ 'തേർഡ് ബെൽ'(ഓർമ്മകൾ ,ഫേബിയൻ) , 'അടുത്ത ബെല്ലിനു നാടകം ആരംഭിക്കും'(ഓർമ്മകൾ ,ഉണ്മ)എന്നീ പുസ്തകങ്ങൾ വായിച്ചു .പടനിലം എച്ച്എസ്എസ് അധ്യാപകനായിരുന്ന വിശ്വൻ നല്ലൊരു സാംസ്കാരിക പ്രവർത്തകനും നാടകനടനും രചയിതാവും കഥാകൃത്തുമാണ്. തൻ്റെ സർഗമേഖലയെ പലതായി തിരിച്ച്, സദാപ്രവർത്തനിരതമായ ജീവിതമാണ് വിശ്വൻേറത്. അദ്ദേഹത്തിനു പതിറ്റാണ്ടുകളായുള്ള സാംസ്കാരിക, സാഹിത്യപ്രവർത്തനത്തിന്റെ ഓർമ്മകളുണ്ട്. ജീവിതത്തെ  സ്നേഹിച്ച ,അല്പം പോലും കാപട്യമില്ലാത്ത, എഴുത്തുകാരനാണ് വിശ്വൻ പടനിലം .വർഷങ്ങളായി  തുടരുന്ന ആ സർഗ്ഗകർമ്മങ്ങൾ  ഇതിന് തെളിവാണ് .ഈ ഓർമ്മകളിൽ ഗ്രാമം ,വിശേഷിച്ച് നൂറനാട് ,പടനിലം പ്രദേശങ്ങൾ, പ്രാചീനമായ ഒരു അനുഷ്ഠാനകലാരൂപം പോലെ ഉയർത്തെഴുന്നേൽക്കുകയാണ്. ആധുനികലോകത്തിൻ്റെ ചായക്കൂട്ടുകൾക്കിടയിൽ നഷ്ടപ്പെടാതിരിക്കാനാണ് താൻ ഈ ഓർമ്മകൾ എഴുതുന്നതെന്നു വിശ്വൻ  പറയുന്നില്ലെങ്കിലും അതാണ് സത്യമെന്നു വായനക്കാർക്ക് ബോധ്യപ്പെടും .

2)ആധുനിക നാഗരികതയുടെ സാങ്കേതിക മുന്നേറ്റത്തിനിടയിൽ സമയം പങ്കുവെച്ച് തീരുമ്പോൾ ആത്മീയമായ ആവശ്യങ്ങൾക്കുള്ളത് കുറയും .പ്രാർത്ഥനയും ചിന്തയും വെറും ചടങ്ങായി മാറും. അതുകൊണ്ടായിരിക്കാം സാഹിത്യകൃതികൾ ഇപ്പോൾ വായനയെയല്ല നിർവ്വചിക്കുന്നത് ;ഒരു ഉല്‌പന്നം എന്ന നിലയിൽ അത് വിൽക്കുകയും വാങ്ങുകയും ചെയ്യുകയാണ്. വായിക്കുകയും മറക്കുകയും ചെയ്യുകയാണ്. 

3)എം.ആർ. വിഷ്ണുപ്രസാദ് എഴുതിയ 'കുറുകെ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 22) എന്ന കവിത ഒരു ട്രാഫിക് കുരുക്കിൻ്റെ മനോഹരമായ സറിയലിസ്റ്റ് ആവിഷ്കാരമായിട്ടുണ്ട്. ഒരു വസ്തുവും നമ്മളും തമ്മിലുള്ള ബന്ധത്തിലെ അനന്യതയാണ് കവിതയിൽ അനാവൃതമാകേണ്ടത് .ആ വസ്തുവിനെ ആദ്യമായി കാണുകയാണെന്നു അനുവാചകനു തോന്നണം.

'അഴിഞ്ഞുപോയ 
സീബ്രാവരകൾ 
തലകുനിച്ച്
കടന്നുപോകുന്നു.
സ്വപ്നത്തിൽ 
കൂട്ടിയിടിച്ചവർ 
മുറിവൂതിയൂതി
ജനാല തുറക്കുന്നു.
നിസ്സാര പരിക്കുകളോടെ
അപകടത്തിൽപ്പെട്ട 
തർക്കങ്ങൾ.'

4)ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ ഷാജി എൻ കരുണിനെക്കുറിച്ച് വിജയകൃഷ്ണൻ എഴുതിയ 'ദൃശ്യവിസ്മയങ്ങളുടെ  രാജശില്പി'(ഗ്രന്ഥാലോകം ,ജൂൺ) നല്ലൊരു അവലോകനമാണ്. അരവിന്ദന്റെ ഛായാഗ്രാഹകനായിരുന്ന ഷാജി സ്വന്തം സിനിമ സംവിധാനം ചെയ്തപ്പോൾ ക്യാമറ കൈകാര്യം ചെയ്തില്ല ,അരവിന്ദനിൽ നിന്ന് ഏറെ  വ്യത്യസ്തനായ ഹരിഹരന്റെ 'നഖക്ഷതങ്ങൾ','സർഗ്ഗം','പഞ്ചാഗ്നി' എന്നീ ചിത്രങ്ങൾക്ക് ഷാജി  ഛായാഗ്രഹണം ചെയ്തപ്പോൾ അത് വലിയൊരു വിജയഘടകമായി, ഏറെയൊന്നും ചർച്ച ചെയ്യപ്പെടാത്ത 'മഞ്ഞ്' എന്ന സിനിമയുടെ ഒരേയൊരു ആകർഷക ഘടകം ഷാജി പകർത്തിയ നൈനിത്താളിന്റെ മനോഹാരിതയാണ് തുടങ്ങിയ നിരീക്ഷണങ്ങൾ അർത്ഥവത്തായിരിക്കുന്നു .

5)ഒഴുകുപാറ സത്യന്റെ 'അടുക്കള'(സ്ത്രീശബ്ദം, ജൂലായ് ) രസാനുഭൂതിയുണർത്തി. 

'മിക്സി പോലുള്ള 
അധികാരയന്ത്രങ്ങളിൽ 
അരഞ്ഞുകൊണ്ടിരിക്കണം. 
വേവിൻ്റെ നൊമ്പരങ്ങളിൽ 
തിളച്ചു മറിയണം.
മുളകു ചിന്തകൾ 
പുകഞ്ഞു നീറണം.
ഉള്ളി മോഹങ്ങൾ 
കരഞ്ഞുതീർക്കണം .
ഇടയ്ക്ക് നെടുവീർപ്പിൻ്റെ 
ഫ്രിഡ്ജിൽ മനമൊന്നു 
തണുപ്പിക്കണം.'

എന്നാൽ അവസാനത്തെ വരി ശരിയായില്ല :
'പാകപ്പെടുത്തൽ മാത്രമല്ല
തിന്നു തീർക്കലാണ് 
അടുക്കള ജീവിതം'.
ഒടുവിലത്തെ വരികളിലെത്തിയപ്പോൾ അതുവരെ നിലനിന്ന ഭയവും അസ്വസ്ഥതയും നേർത്തുപോയി . 

6)ഒരു മികച്ച എഴുത്തുകാരന്റെ ജീവിതത്തിൽ വിവിധ വിഷയങ്ങൾ, ഓരോ കൃതിയിലും വ്യത്യസ്തമായ വിഷയങ്ങൾ ആവിഷ്കരിച്ചു എന്നു  പറയാനാവില്ല. അങ്ങനെ ഒരു വൈവിധ്യം സാധ്യമല്ല. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരൻ അൽബർട്ടോ മൊറാവിയ പറഞ്ഞു: 'എല്ലാ നല്ല എഴുത്തുകാരും ഒരു പക്ഷിയെ പോലെയാണ്. ഒരേ പാട്ട് പാടുന്നു ;ഒരേ പ്രമേയമാണ് ജീവിതകാലമത്രയും. എൻ്റെ  കാര്യത്തിൽ ഈ പ്രമേയം കലാപമാണ്.'


metrovartha , july 28, 2035

അക്ഷരജാലകം /എം.കെ. ഹരികുമാർ / സഹനത്തിൽ നിന്ന് സംസ്കൃതം /july 23, 2025


Aksharajalakam



ഒരു സ്വപ്നത്തിനു പിന്നാലെ യാത്ര ചെയ്യാൻ കഴിയുന്നവർ വളരെ വിരളമാണ്. നിലവിലുള്ള സുരക്ഷാകവചങ്ങൾ ഉപേക്ഷിച്ചു  സാഹസികയാത്ര ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ സ്വതന്ത്രരാകുന്നതെന്നാണ് നോവലിസ്റ്റ്  പാവ്ലോ കൊയ്ലോ 'ആൽക്കിമിസ്റ്റ്' എന്ന കൃതിയിൽ  ചൂണ്ടിക്കാണിക്കുന്നത്. ഒരു ആട്ടിടയൻ യുവാവ് തൻ്റെ സ്വപ്നത്തിൽ കണ്ട നിധി തേടി ഈജിപ്തിലെ പിരമിഡിനടുത്തേക്ക് യാത്ര പോകുന്നു. ആ യാത്രയിൽ അയാൾ സ്വതന്ത്രനായിരുന്നു. യാത്രയിൽ പല വ്യക്തികളുമായി പരിചയപ്പെട്ടു .അപ്പോൾ അയാൾ തൻ്റെ പരിമിതമായ സാഹചര്യങ്ങളെ ഉപേക്ഷിക്കുകയായിരുന്നു.പലതും ഗ്രഹിച്ചു.നിധി തേടിപ്പോയ സാൻ്റിയാഗോ എന്ന ആ യുവാവ് ഒടുവിൽ താൻ യാത്ര തുടങ്ങിയ ഇടത്തേക്ക് തിരിച്ചെത്തുകയാണ്. അവിടെ ഒരു ഒഴിഞ്ഞ പള്ളിയുടെ സമീപത്തുള്ള മരത്തിന്റെ ചുവട്ടിൽ നിന്നു അയാൾക്ക് താൻ തേടി നടന്ന  നിധി ലഭിക്കുന്നു .എന്നാൽ ഈ നിധിയേക്കാൾ വിലപ്പിടിപ്പുള്ളത് താൻ യാത്ര ചെയ്ത ഇടങ്ങളിലെ വിശേഷബുദ്ധിയുള്ള ചിലരുമായി സംസാരിക്കാനും സഹകരിക്കാനും കഴിഞ്ഞതാണെന്നു അയാൾ മനസ്സിലാക്കുന്നു.

അയാൾക്ക് ഈ ലോകത്തിൻ്റെ മൃദുലമായ സ്നേഹവും ബന്ധവും എന്താണെന്നു തിരിച്ചറിയാൻ കഴിഞ്ഞു. ലാഭനഷ്ടങ്ങളുടെയും പ്രതാപങ്ങളുടെയും ഭയങ്ങളുടെയും പിന്തുടർച്ചകളുടെയും ഇടയിൽ കിടന്നു വട്ടം കറങ്ങിയിരുന്ന അയാൾക്ക് അത്  മനസ്സിലാക്കാനാവാത്ത കാര്യങ്ങളായിരുന്നു .സ്വർഗ്ഗം നമ്മുടെ അരികിലുണ്ട്; അല്ലെങ്കിൽ അതിൻ്റെ സൂചനകൾ ആരൊക്കെയോ നമ്മളിലേക്ക് സംക്രമിപ്പിക്കുന്നുണ്ട്.എന്നാൽ നമ്മുടെ അഹങ്കാരവും പദവിയും സമ്പത്തും അത് സ്വീകരിക്കാൻ തടസ്സമാവുന്നു. മറ്റൊരാളുടെ വാക്കുകൾ കേൾക്കാൻ കഴിയാത്ത വിധം ഈഗോ വളർന്നിരിക്കയാണ് .

സ്വയം അറിയുന്നത് 

എത്രയോ പേർ അനവസരത്തിലും ആവശ്യത്തിലും നമുക്ക് വേണ്ടതായ വാക്കുകൾ പറഞ്ഞിരിക്കുന്നു .എന്നാൽ അതൊന്നും നമ്മൾ കേൾക്കുകയില്ല. കേൾക്കാനുള്ള മനസ്സില്ല. ഈ കഥാപാത്രം സാഹസികമായ യാത്രയ്ക്കൊടുവിൽ, അത് ഒരു സ്വപ്നത്തിൽ നിന്നു ലഭിച്ച പ്രചോദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു, യഥാർത്ഥമായ ജീവിതത്തെ അറിയുന്നു.സ്വത്തിൻ്റെ ഉടമസ്ഥതയോ  വിനിയോഗമോ ആവശ്യമാണെങ്കിലും  അതിനേക്കാൾ സ്വയം അറിയുന്നതിൻ്റെ ഭംഗിയുണ്ട്. സാൻറിയാഗോ തേടിയ നിധി ഈജിപ്തിലല്ല; അയാൾ  നേരത്തെ ജീവിച്ച സ്ഥലത്ത് തന്നെയായിരുന്നു. നമ്മളിൽ സൂക്ഷിച്ച നിധി കാണാതെ, അത് ദൂരെ എവിടെയോ ഉള്ള ഒരു പിരമിഡിലുണ്ടെന്നു തെറ്റിദ്ധരിച്ച് യാത്ര ചെയ്യുന്ന സാൻ്റിയാഗോമാരല്ലേ  ഭൂരിപക്ഷവും ?

സ്വപ്നങ്ങളെ മനസ്സിലാക്കുന്നതിൽ പിഴവ് സംഭവിക്കാം ;ഒരു ലക്ഷ്യമല്ല, അതിലേക്കുള്ള യാത്രയാണ് പ്രധാനമെന്നു കൊയ്ലോ പറയുന്നു. കൊയ്ലോ നിർദ്ദേശിക്കുന്ന സ്വയം പരിവർത്തനപ്പെടുത്താനുള്ള ഒരു മാർഗ്ഗം ഇതാണ്: "നാം സ്നേഹിക്കുമ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആരാണോ  അതിനേക്കാൾ നല്ലൊരു  മനുഷ്യജീവിയായി മാറാനാണ് എപ്പോഴും പരിശ്രമിക്കുന്നത്. നമ്മൾ നല്ലതാകാൻ പ്രയത്നിക്കുമ്പോൾ ചുറ്റിനുമുള്ളതെല്ലാം കൂടുതൽ നന്നാവുന്നു.' വളരെ ലളിതമായ ഒരു ജീവിതസത്യമാണിത്.ഏത് വസ്തുവിനെയും സ്നേഹിക്കാം; അതിനു ജീവൻ വേണമെന്നില്ല.  സ്നേഹിക്കുമ്പോൾ നാം ഒരു പാലം പണിയുകയാണ് .അതുവരെ നമുക്ക് അജ്ഞാതമായ ഒരു ലോകമാണത്.  നാം ഒരു ബന്ധത്തിന്റെ പാതയിൽ യാത്ര തുടങ്ങുകയാണ് .അത് തീർച്ചയായും നമ്മെ ഉണർത്തും. നമ്മുടെ ബുദ്ധി പോലും വർദ്ധിപ്പിക്കും. നാം ഇന്ദ്രിയങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കും. നമ്മുടെ ഇന്ദ്രിയങ്ങൾക്ക് സൂക്ഷ്മ ഗ്രഹണശക്തി ഉണ്ടാകാം .നാം ശാരീരികമായി മെച്ചപ്പെടുകയാണ്. അതിൻ്റെ ഭാഗമായി ആഭ്യന്തരലോകത്ത് വിശുദ്ധവും നന്മനിറഞ്ഞതുമായ അനുരണനങ്ങൾ ഉണ്ടാവുകയാണ് .ഒരു വിശുദ്ധ സന്ദേശം ലഭിച്ച പോലെ നാം ഉത്സുകരാവുന്നു.

സ്നേഹം എന്ന അനുഭൂതി 

നമ്മെ കൂടുതൽ ശ്രദ്ധിക്കാൻ നമുക്ക് തോന്നുന്ന സന്ദർഭമാണിത്.  വസ്തുവിനോടുള്ള സ്നേഹം നമ്മെ വലിയ മനുഷ്യരാക്കും. പുസ്തകങ്ങളെയോ വീട്ടുപകരണങ്ങളെയോ സ്നേഹിക്കാം; അവയ്ക്ക് ജീവനില്ലെങ്കിൽ പോലും  തിരിച്ചു സ്നേഹിക്കും .നന്ദി കാണിക്കും. ഒരു വസ്തുവിനോടുള്ള സ്നേഹം അതിന്മേലുള്ള നിരീക്ഷണം ആർദ്രമാക്കും. ഒരു പൂപ്പാത്രമാണെന്നു കരുതുക .അതിനെ നാം എന്നും  തുടച്ചു വൃത്തിയാക്കുക .അപ്പോൾ അത് തിളങ്ങിയിരിക്കും. അത് ജീവിതത്തിനു വേണ്ടി ത്രസിക്കും. നമ്മുടെ മനസ്സിൻ്റെ ഊർജ്ജ കണങ്ങളിലേക്ക് ആ പാത്രം അടുത്തു വരും .നമ്മുടെ ആരോ ആണ് അതെന്നു ഓർമിപ്പിക്കും .അത് സ്നേഹത്താൽ മാത്രം നേടുന്ന അനുഭൂതിയാണ് .എന്നാൽ അതിനെ ശ്രദ്ധിക്കാതായാൽ ഭംഗി നഷ്ടപ്പെടും. കറുത്ത പാടുകൾ വീഴും .അത് വിഷാദത്തിന്റെ അടയാളങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങും .അതിൻ്റെ  സൂചനകളോട് ഈ ലോകം പ്രതികരിക്കുന്നില്ലല്ലോ എന്ന വിഷാദമാണത്. ഒടുവിൽ അത് ആത്മഹത്യ ചെയ്യും. ഇത് മനുഷ്യൻ സമീപിക്കുന്ന എല്ലാ വസ്തുക്കൾക്കും ബാധകമാണ് .നാമാണ് അതിന്റെ ചാലകശക്തി. ഒരു ചെടിക്ക് ദിവസവും വെള്ളമൊഴിച്ച് പരിപാലിക്കുന്ന പക്ഷം അത് ജീവൻ്റെ തുടിപ്പ് കാണിക്കും .അത് പ്രതിപ്രവർത്തിക്കുകയാണ് .ഈ ലോകത്ത് ഏറ്റവും അത്ഭുതകരമായത് ജീവനാണ് .ജീവനെ നമുക്ക് കൃത്രിമമായി സൃഷ്ടിക്കാനാവില്ല. അത് നൂറ്റാണ്ടുകളായുള്ള ഒരു യാത്രയിലൂടെ അതിജീവിച്ചു വരുന്നതാണ് .അത് എപ്പോഴും അത്ഭുതമാണ്. അത് ഏതോ രഹസ്യപ്രവർത്തനം പോലെ ഉണ്ടാവുകയാണ്. 

പ്രത്യുൽപാദനത്തിലൂടെ ഒരു പുതുജീവൻ പിറക്കുന്നത് അത്ഭുതമാണ് .അങ്ങനെയൊരു  സത്യത്തെ ഈ പ്രപഞ്ചം നിലനിർത്തിയിരിക്കുന്നു .അത് ആവർത്തിക്കുന്നു .അതിൽ നാം വിശ്വസിക്കുകയാണ് .ഒരു വിത്തിൽ നിന്നു നാമ്പ് പൊട്ടിമുളക്കുമെന്നു നാം വിശ്വസിക്കുകയും അതുപോലെ സംഭവിക്കുകയും ചെയ്യുന്നു .അതാണ് പ്രപഞ്ചത്തിന്റെ പദ്ധതി .ഒരു നെൽവിത്ത് നട്ടാൽ വളർന്നു  കതിരുണ്ടായി വിളഞ്ഞു അതിൽ നിന്നു അരി ഉണ്ടാക്കിയെടുക്കാമെന്നത് പ്രപഞ്ചസത്യമാണ്. ആ സത്യത്തെ നശിപ്പിക്കാൻ ഒരു യൂണിവേഴ്സിറ്റിക്കും  മതപുരോഹിതനും സാധ്യമല്ല .ഈ പ്രപഞ്ചസത്യത്തെ അനുഭവിക്കുകയാണ് നമ്മുടെ മാർഗ്ഗം.

സ്നേഹിക്കുന്നതോടെ ചുറ്റിനുമുള്ള ലോകം കൂടുതൽ നന്നാവും എന്നു പറഞ്ഞല്ലോ .നാം ഓരോന്നിനെയും അതാതിൻ്റെ ഇടത്തു നിന്നു നമ്മുടെ ആത്മാവിൻ്റെ സൂപ്പർ ഹൈവേയിലേക്ക് കൈപിടിച്ചു കയറ്റുകയാണ് . അങ്ങനെ പ്രാപഞ്ചികമായ ,ഏകവും സുന്ദരവുമായ ഒരു ബന്ധത്തിലേക്ക് നാം എത്തിച്ചേരുന്നു. അത് ഓർമ്മകൾ ഉല്പാദിപ്പിക്കുകയാണ് .നമ്മുടെ അസ്തിത്വത്തിനു  അർത്ഥമുണ്ടാകുകയാണ്. നാം യാതൊന്നിലേക്കും മനസ്സ് കൊടുക്കാതെ അവനവനിൽ മാത്രം കെട്ടിക്കിടക്കുകയാണെങ്കിൽ അതുല്യമായ ഈ അനുഭൂതി നേടാനാവുകയില്ല .അന്യവൽക്കരണത്തിന്റെ ഫലമായി നാം തിന്മയെ തേടുകയാണ് ചെയ്യുക.

പ്രണമിക്കുമ്പോൾ 

ഒരു ചിരിയിൽ എല്ലാം അടങ്ങിയിരിക്കുന്നു എന്നു ദസ്തയെവ്സ്കി പറഞ്ഞത് ശ്രദ്ധിക്കണം:'ഒരാളെ അയാളുടെ ചിരിയിലൂടെ നമുക്ക് മനസ്സിലാക്കാം. നിങ്ങൾക്ക് ഒരാളുടെ ചിരി ഇഷ്ടമാണെങ്കിൽ, അയാളെക്കുറിച്ച് എന്തെങ്കിലും അറിയുന്നതിനു മുമ്പ് ആത്മവിശ്വാസത്തോടെ പറയാനാവും അയാൾ ഒരു നല്ല മനുഷ്യനാണെന്ന്.' ഈ ചിരിയുണ്ടാകുന്നത് ശാന്തവും മൃദുലവുമായ ബന്ധം ചുറ്റുപാടിനോടു   ഉണ്ടാകുമ്പോഴാണ് .വളരെ അനായാസമായ ചിരിയായിരിക്കുമത്. ആ ചിരി നൈസർഗികമായിരിക്കും. അത് ചുണ്ടുകൾക്കിടയിലായിരിക്കില്ല വിരിയുക; ഹൃദയത്തിലായിരിക്കും. ഹൃദയത്തിലുമല്ല ,അയാൾ സ്നേഹിച്ച വസ്തുക്കളുടെ മുമ്പിലായിരിക്കും - അയാൾ സ്നേഹിച്ച മനുഷ്യരുടെ പാദങ്ങൾക്ക് മുന്നിൽ പ്രണമിക്കുന്നതിൻ്റെ പ്രസാദമായിരിക്കും.

ആരുടെയും പാദങ്ങളിൽ  നമസ്കരിക്കരുതെന്നു പറയുന്നവർക്ക് അതിൻ്റെ ന്യായം കാണുമായിരിക്കും. എന്നാൽ ജീവിതത്തിലെ സന്ദിഗ്ദ്ധമായ ഒരു ഘട്ടത്തിൽ നിന്ന് അത്ഭുതകരമായി നമ്മെ കരകയറ്റിയ ഒരാളുടെ അടുത്ത് ചെല്ലുമ്പോൾ നാം ദൈവികമായ ഒരു സാന്നിധ്യം അനുഭവിക്കുന്നുണ്ടെങ്കിൽ അവിടെ പ്രണമിക്കാം. അത് ഒരു ആത്മനവീകരണമാണ് .നമ്മെ നിലനിർത്തിയ എല്ലാ പ്രപഞ്ചശക്തികൾക്കും മുന്നിലാണ് ആ പ്രണാമം .ആരുടെ മുന്നിലാണോ നമസ്കരിക്കേണ്ടത് അയാൾ കേവലം ഒരു വ്യക്തിയായിരിക്കാം. എന്നാൽ  സകല പ്രപഞ്ചശക്തികളും അനുകൂലമായി നിന്നാൽ മാത്രമേ ഒരു യാത്ര പുറപ്പെടാനും സ്നേഹിക്കാനും കൃഷി ചെയ്യാനും കണ്ടുമുട്ടാനും കഴിയൂ.
ഏതെങ്കിലുമൊരു തടസ്സം വന്നാൽ എല്ലാം തകിടം മറിയും. പ്രധാനപ്പെട്ട ചടങ്ങുകൾക്കെല്ലാം പ്രപഞ്ചശക്തികളുടെ ശാന്തമായ അനുഭവം വേണം.

എന്താണ് സരളമായ ആത്മീയത? അതിനു ഒരു ചിട്ടയുമില്ല .അത് ആത്മാവിന്റെ അന്വേഷണമാണ്, അനുഭൂതിയാണ്. ഒരാൾ സ്വയം അറിയുന്ന നിമിഷമാണത്. ഇത് ഒരു ഗാനമാണ്, ഈ ഗാനത്തിൽ ഞാൻ അലിയുന്നു ,ഒഴുകുന്നു എന്നറിയുമ്പോൾ ആത്മീയത ഉണ്ടാകുന്നു. ആത്മാവിന്റെ വിഹായസിലൂടെയുള്ള യാത്രയാണത്.  യാതന സഹിക്കാം, എന്നാൽ യാതനയെക്കുറിച്ചുള്ള ഭയം അസഹനീയമാണെന്നു കൊയ്ലോ എഴുതിയിട്ടുണ്ട്.'നിങ്ങൾ ഹൃദയത്തിലേക്ക് ചെവിയോർക്കുക. അതിനെല്ലാമറിയാം. എന്തെന്നാൽ അത് ലോകത്തിന്റെ വലിയ ബോധത്തിൽ നിന്നുണ്ടായതാണ്. അത് ഒരു ദിവസം അങ്ങോട്ട് തിരിച്ചു പോകാനുള്ളതാണ്. നമുക്ക് ആത്മനിയന്ത്രണമുണ്ടാകുന്നത് ഒരു ഭാഗ്യം പോലെയാണ്. ഒരു മനുഷ്യനിൽ പലരാണ് ആധിപത്യം പുലർത്തുന്നത്. നാം ഒറ്റയ്ക്കല്ലല്ലോ. നമ്മെ നയിക്കുന്നത് ആരാണ്? ആരുടെയോ പ്രേരണയിൽ, ഏതോ കേട്ടുകേൾവിയിൽ നാം മുന്നോട്ടു കുതിക്കുകയാണ്. പൂർണമായി ചിന്തിച്ചല്ല പ്രവർത്തിക്കുന്നത് .ഒരാളെ പോലീസ് ഓടിക്കുകയായിരുന്നു. ഓടുന്ന വെപ്രാളത്തിൽ അയാൾ റോഡിലേക്ക് കുതിച്ചു .എന്നാൽ ഒരു വശത്തു നിന്ന് വാഹനം അതിവേഗം പാഞ്ഞുവന്നത് അയാൾ കണ്ടില്ല. അയാളെ അത് ഇടിച്ചു തെറിപ്പിച്ചു.  ഒരു സെക്കൻഡിനുള്ളിലാണ് പല തീരുമാനങ്ങളും എടുക്കുന്നത്. പെട്ടെന്നു കാര്യങ്ങൾ ഗ്രഹിക്കാൻ ആരുടെ പക്കലും അനേകം ചാനലുകളില്ല .ഒരേയൊരു ബോധേന്ദ്രിയാണ് എല്ലാവരും ഉപയോഗിക്കുന്നത് .പഠിക്കാനും മീൻ പിടിക്കാനും വണ്ടിയോടിക്കാനും സന്ദേശങ്ങൾക്കു മറുപടി അയയ്ക്കാനും പ്രത്യേകം ബോധേന്ദ്രിയങ്ങളില്ല .ആകെ ഒന്നുമാത്രം. ബോധേന്ദ്രിയത്തിൻ്റെ  തീരുമാനങ്ങൾ എപ്പോഴും ശരിയായിരിക്കില്ല. ധൃതി എല്ലാറ്റിൻ്റെയും താളം തെറ്റിക്കും. ഒരാൾക്ക് സ്വന്തം ഭാഗത്തെക്കുറിച്ച് ചിന്തിക്കാൻ ഈ ലോകത്ത് അവസരങ്ങളുണ്ടെന്നാണ് പാവലോ കൊയ്‌ലോ പറയുന്നത്. അതിനു പക്ഷേ ,അവനവൻ വിചാരിക്കണം. ഓരോരുത്തരെയും കാത്ത് ഓരോ നിധിയുണ്ടത്രേ. വ്യക്തിപരമായ കടമ്പകളാണ് ഏറ്റവും വലിയ പ്രതിബന്ധം .അവനവൻ്റെ കാലിലെ ചങ്ങല സ്വയം കെട്ടിയതാണെങ്കിൽ അത് അഴിച്ചു മാറ്റാൻ മറ്റാരും വരികയില്ല. 

സംസ്കരിക്കേണ്ടത് 

ഒരു ഉൾവിളി ഉണ്ടാവുക എന്നു പറയാറുണ്ട് .പ്രാപഞ്ചികബോധത്തിലേക്ക്, പ്രാപഞ്ചികമായ ജീവിതത്തിന്റെ ഒഴുക്കിലേക്ക് പ്രവേശനം കിട്ടുന്നതിന്റെ സൂചനയാണത്. കൊയ്ലോയുടെ വാക്കുകൾ:'ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനു മുമ്പ് പ്രപഞ്ചബോധം എല്ലാറ്റിനെയും പരീക്ഷിക്കുന്നു. അത് തിന്മയായത് കൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്; നമുക്ക് വേണ്ടിയാണ്. സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനു പുറമേ നമ്മുടെ യാത്രയിൽ പഠിച്ചതിലെല്ലാം വൈദഗ്ദ്ധ്യം നേടണം. ഇത് പലരും  ശ്രദ്ധിക്കാറില്ല.'

തിരിച്ചടികളെക്കുറിച്ചാണ് ,അദ്ദേഹം ഓർമ്മിപ്പിക്കുന്നത്. എപ്പോഴും അനുകൂലമായിരിക്കുന്ന ഒരു വ്യവസ്ഥയുമില്ല. പ്രതിബന്ധങ്ങളെ പഠിക്കുകയാണ് പ്രധാനം .ജീവിതം നശിക്കുന്നതാണെന്നു കൂടി ഓർത്താൽ നല്ലതാണ് .ഈ നിമിഷത്തിൽ മാത്രമേ നമുക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ. ഭൂതകാലം ഓർമ്മകളായി ചിതറിപ്പോയിരിക്കുന്നു .ഭാവിയാകട്ടെ ആരുടെയും ഗ്യാരണ്ടിയല്ല. എന്നാൽ ഈ നിമിഷം സന്തോഷത്തോടെയിരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും? കൊയ്ലോ എഴുതുന്നു:  നിങ്ങൾക്ക് ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെങ്കിൽ സന്തോഷം നേടാം .ജീവിതം ഒരു  സൽക്കാരമാണ് ,നല്ലൊരു വിരുന്നാണ്. എന്തുകൊണ്ടെന്നാൽ ജീവിതം നാം ജീവിക്കുന്ന ഈ നിമിഷമാണ്.'

ജീവിതത്തിലെ ഈ നിമിഷത്തെ സംസ്കരിച്ചെടുക്കുക;അപ്പോൾ അത്  സംസ്കൃതമാകുകയാണ്. ഏതു വികാരവും ചിന്തയും സംസ്കൃതമാക്കാം. അവ്യക്തതകളിൽ നിന്ന് ,കാലുഷ്യങ്ങളിൽ നിന്ന് ,അലങ്കോലങ്ങളിൽ നിന്ന് മിതത്വത്തിൻ്റെ ,സഹനത്തിൻ്റെ ,സംയമനത്തിൻ്റെ ,സഹിഷ്ണുതയുടെ അംബരാന്തത്തിലേക്ക് ഉയരുമ്പോഴാണ് ഈ സംസ്കൃതത്തിലെത്തിച്ചേരുന്നത്. 

എല്ലാറ്റിലും കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. എല്ലാം ഒന്നാണ്.എല്ലാറ്റിനും തമ്മിൽ ഒരു ചേർച്ചയുണ്ട്. അത് അറിയുന്നതിനു കൊയ്ലോ നിർദ്ദേശിക്കുന്നത് ഇതാണ്: 'ഞാൻ എല്ലാവരെയും പോലെ ഒരുവനാണ്. ഈ ലോകത്തെ ഞാൻ കാണുന്നത്, ഇവിടെ എന്ത് നടന്നു കാണാൻ ആഗ്രഹിക്കുന്നു എന്നതിൻ്റെ  അടിസ്ഥാനത്തിലല്ല; യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ  ആശ്രയിച്ചാണ്.'
കുട്ടികളോടു അസാധാരണ ജീവിതം തിരഞ്ഞെടുക്കണമെന്നു ഉപദേശിക്കരുതെന്നു താവോയിസ്റ്റ്  പരിശീലകനായ വില്യം മാർട്ടിൻ 'ദ് പേരൻ്റ്സ് താവോ ചേ ചിoഗ്' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അത്  ഇങ്ങനെയാണ്: 'അവർ സാധാരണ ജീവിതത്തിൻ്റെ അത്ഭുതവും അതിശയവും കണ്ടുപിടിക്കട്ടെ. വളർത്തൃമൃഗങ്ങളും ആളുകളും  മരിക്കുമ്പോൾ എങ്ങനെയാണ് വേദനിക്കേണ്ടതെന്നു പഠിപ്പിക്കുക .ഒരു കൈവന്ന്  സ്പർശിക്കുമ്പോഴുണ്ടാകുന്ന അനന്തമായ ആനന്ദത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുക. അങ്ങനെ സാധാരണത്വത്തെ അവർ ചൈതന്യപൂർണമാക്കട്ടെ.'

രജതരേഖകൾ 

1)അഞ്ചൽ ദേവരാജൻ എഴുതിയ 'ഗ്രീഷ്മായനം (ആശ്രയമാതൃനാട് ,ജൂലായ്) തീക്ഷ്ണവികാരങ്ങളുടെ ഉലയിൽ പാകപ്പെടുത്തിയ കവിതയാണ് .മണ്ണിൽ പുതഞ്ഞ കവിതയെ ഉയർത്തിയെടുക്കുകയാണദ്ദേഹം . വേനൽച്ചൂടിൽ കഷ്ടപ്പെടുന്ന ഒരു വൃക്ഷത്തിന്റെ ചിന്തകളാണിത് .കവി എഴുതുന്നു:

'ഉൽക്കകളിൽ വീണെരിയുന്ന സൂര്യനായ് 
ഇരുളിൽ പൊരിമണലണിയുന്ന ഭൂമിയായ് 
എന്നോ പിണങ്ങിയോരുന്നിദ്രഗീതമായ്
ഈ സൗരയൂഥത്തുരുത്തിൽ 
ഒരിത്തിരി തീപ്പൊരി തേടുന്ന 
പൂത്തിരിക്കോലമായുണരാൻ 
ഉലയൂതിയിനിയുമിരിപ്പൂ ഞാൻ .'

കാല്പനികതയുടെ ഭംഗിയും അറിവിൻ്റെ കാന്തിയും പ്രസരിപ്പിച്ച കവിതയാണിത്. ഒരു വൃക്ഷം വേറിട്ട ഒരു മതാനുഭവമാണ്. മഹാസാഹിത്യകാരനായ ഹെർമൻ ഹെസ്സെ വൃക്ഷങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി:'വൃക്ഷങ്ങൾ പ്രബോധകരാണ്. കൂട്ടമായി ജീവിക്കുന്നത് കാണുമ്പോൾ ഞാൻ അവരെ ബഹുമാനിക്കുന്നു. ഒരു വൃക്ഷം ഒറ്റയ്ക്ക് നിൽക്കുന്നത് കാണുമ്പോഴും ഞാൻ ബഹുമാനിക്കുന്നു. ഏകാന്തവ്യക്തികളായ സംഗീതജ്ഞൻ  ബീഥോവൻ ,തത്ത്വജ്ഞാനി നിഷെ എന്നിവരെ പോലെയാണ് ഒറ്റയ്ക്ക് നിൽക്കുന്ന വൃക്ഷങ്ങൾ.'

2)ബഹിരാകാശത്ത് പോയി വന്ന ശുഭാംശുവാണ് ഇന്നു ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക ജീവി. ഇന്നു സംസ്കാരം ആർജിക്കുകയാണ്.  സാംസ്കാരം അപൂർവ അനുഭവമാണ്. ഇന്ത്യയിൽ മറ്റാർക്കും ഇല്ലാത്ത അനുഭവം ശുഭാംശുവിനുണ്ട് .ഏറ്റവും വിലകൂടിയ കാറിലോ വിമാനത്തിലോ സഞ്ചരിക്കുന്നവർക്ക്, ഏറ്റവും സമ്പന്നനായ ,ചെലവ് ചെയ്യുന്ന വ്യക്തികൾക്ക് ഈ ജ്ഞാനമില്ല , അനുഭവമില്ല. ഇന്നു സംസ്കാരം അപൂർവതയാണ്. ഏറ്റവും വിലകൂടിയ അനുഭവം വാങ്ങുന്നവനാണ് ഏറ്റവും വലിയ സാംസ്കാരിക ബുദ്ധിജീവി. ശുഭാംശുവിനെ പോലെ ബഹിരാകാശത്തെ മര്യാദയും ജീവിതരീതികളും സദാചാരവും മറ്റാർക്കും അറിയില്ല. ശുഭാംശുവിൻ്റെ  ബഹിരാകാശ വസ്ത്രം ഇന്നു ഒരു ഇന്ത്യക്കാരനും ധരിച്ചിട്ടില്ല. 

3)സ്വത്വം, സാങ്കേതികത ,വസ്തുനിഷ്ഠത, ആത്മനിഷ്ഠത തുടങ്ങിയ വിഭജനങ്ങളിലൂന്നിയുള്ള വിശകലനം ഇന്നു പ്രസക്തമല്ലെന്നു 'ഓട്ടോമോഡേണിസം' എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റോബർട്ട് സാമുവൽസ് അഭിപ്രായപ്പെടുന്നു. എല്ലാ അനുഭവങ്ങളെയും ഒന്നിപ്പിക്കുകയാണ് ഓട്ടോമോഡേണിസം .അവിടെ ആത്മീയം ,ഭൗതികം എന്ന വേർതിരിവില്ല. ഒരു ഓട്ടോമോഡേൺ പ്രക്രിയയാണ് ഇന്നത്തെ ജീവിതം. അത് എല്ലാറ്റിനെയും നവീകരിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം പഴയ ജീവിതരീതിയുമായി ആധുനിക സാങ്കേതികത ഇഴുകിച്ചേരുകയും  ചെയ്യുന്നു.

4)സ്നേഹം ഒന്നിൻ്റെയും ഉടമസ്ഥത അവകാശപ്പെടുന്നില്ല .അത് സ്വാതന്ത്ര്യത്തെ തുറന്നു വിടുകയാണ്  ചെയ്യുന്നതെന്നു ടാഗോർ പറഞ്ഞു. സ്നേഹം സ്വന്തമാക്കാനുള്ളതല്ലെന്നും  സ്വതന്ത്രമാക്കാനുള്ളതാണെന്നും പറഞ്ഞാൽ ഇന്നത്തെ കമിതാക്കൾ സമ്മതിക്കുമോ എന്നറിയില്ല. ഇന്നു സ്നേഹം എന്നു പറയുന്നത് ഒരു പ്രായോഗിക നോട്ടമായി ചുരുങ്ങിപ്പോയിട്ടുണ്ട് .യഥാർത്ഥ സ്നേഹം ചരാചരങ്ങളെ ബന്ധിപ്പിക്കുന്ന ചരടാണ്. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.

5)മലയാള ചെറുകഥയിൽ അത്ഭുതകരമായ പരീക്ഷണവും പരിവർത്തനവും സാധ്യമാക്കിയ  സക്കറിയയുടെ 'നസ്രാണി യുവാവും ഗൗളിശാസ്ത്രവും,''ഒരിടത്ത്' എന്നീ കഥകൾ വായിക്കണം .സാഹിത്യകലയുടെ നവാനുഭവം ലഭിക്കും .

6)മുമ്പൊരിക്കൽ ഒരു കഥാകൃത്ത് കേരള സാഹിത്യ അക്കാദമിയുടെ ഹാളിൽ ചേർന്ന യോഗത്തിൽ ഇങ്ങനെ പറഞ്ഞു: 'തൻ്റെ കഥകൾ വായനക്കാരിലേക്ക് എത്തിക്കാൻ ഒരു വിമർശകനെയും കണ്ടില്ല .ഇത് വളരെ നിരാശയുണ്ടാക്കി.' വളരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണിത്. ഒരു കഥാകൃത്തിനെ വായനക്കാരിലേക്ക് എത്തിക്കാനുള്ള വാഹനമോ ഏജൻസിയോ അല്ല സാഹിത്യവിമർശകൻ .അയാൾ ഒരു ഇടനിലക്കാരനല്ല ;ഒരു കലാകാരനാണ്.അയാൾ തൻ്റെ സർഗാത്മകമായ നിമിഷത്തിൽ, അഭിരുചിക്കനുസരിച്ച് സാഹിത്യത്തെയും കലയെയും  തേടുകയാണ് ചെയ്യുന്നത് .ഒരാളുടെ പ്രമോഷനുവേണ്ടി എഴുതുന്നയാൾ വിമർശകനല്ല .വിമർശകനു ഒരു നിമിഷമുണ്ട് .അയാൾ സ്വയം കണ്ടെത്താനാണ് എഴുതുന്നത്.

7)ഒരു മികച്ച എഴുത്തുകാരന്റെ ജീവിതത്തിൽ വിവിധ വിഷയങ്ങൾ, ഓരോ കൃതിയിലും വ്യത്യസ്തമായ വിഷയങ്ങൾ ആവിഷ്കരിച്ചു എന്നു  പറയാനാവില്ല. അങ്ങനെ ഒരു വൈവിധ്യം സാധ്യമല്ല. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരൻ അൽബർട്ടോ മൊറാവിയ പറഞ്ഞു: 'എല്ലാം നല്ല എഴുത്തുകാരും ഒരു പക്ഷിയെ പോലെയാണ്. ഒരേ പാട്ട് പാടുന്നു ;ഒരേ പ്രമേയമാണ് ജീവിതകാലമത്രയും. എൻ്റെ  കാര്യത്തിൽ ഈ പ്രമേയം കലാപമാണ്.'

metrovartha daliy, july 23, 2025

M K HARIKUMAR -BOOKS AND ACTIVITIES

 

 


 

 M K Harikumar hails from Koothattukulam, located in Ernakulam, Kerala. His father is M. K. Krishnan, and his mother is Sarojini Krishnan. He completed his education at Koothattukulam Government UPS, Koothattukulam High School, Kuravilangad Devamatha College, and Muvattupuzha Nirmala College. He was a member of the editorial committee of Mangalam and Kerala Kaumudi publications. His first article was published in the magazine ‘Sankramanam’ (Thiruvananthapuram).

He is a member of the Executive committee of the official language of the Government of Kerala. He served as the editor of the magazine ‘malayalasameeksha.com’. Currently, he is the editor of the online portal ‘my Impressio.com’. He was awarded the Junior Fellowship by the Ministry of Culture, Government of India. In 1998, he started the weekly literary column ‘Aksharajalakam’ in Kerala Kaumudi. Later, Akshara Jalakam continued for several years in Kalakaumudi. Now, after 28 years, Aksharajalakam continues in Metrovartha Daily.The two volumes of Aksharajalakam have been honored with the Abu Dhabi Shakti Award. His novel Sreenarayanaya has been honoured by The Sivagiri Math  with the Sree Narayana Award.

The Global Human Rights Trust and the Manipur Asian International University jointly conferred upon him an Honorary Doctorate.

He currently writes columns IN Pachhamalayalam
(Anudhavanam), Gurudevan (On Guru and the Politics of the Soul), and ‘Sahodaran’ (What is Literature? What is Art?).

His book ‘Navadvaitham – Vijayante Novels’ received the Vilasini Award from the Kerala Sahitya Academi. He has received numerous accolades and awards such as the Ankanam Award, Dubai Excellence Award, London Boolok Award, Mumbai Ragasudha Award, Pune Pravasi Shabdam Award, Kerala Sahitya Academi Scholarship, Oruma Award, Dr. M. Leelavathi's C. P. Menon Award, Express Herald Award for Best Columnist in Malayalam (USA), Swathi Award, Samakalika Kerala Award, and Thrissur Sahridayavedi Award.

His first work, ‘Athmayanangalude Khazakki’ (1984), led to the creation of the Athmayanangalude Khazakki Award, which has been presented for over two decades to outstanding works in various fields of literature. He has published 35 books in total.

ഡോ.എം.കെ ഹരികുമാർ 

സ്വദേശം കൂത്താട്ടുകുളം .അച്ഛൻ എം. കെ. കൃഷ്ണൻ .അമ്മ സരോജിനി കൃഷ്ണൻ .കൂത്താട്ടുകുളം ഗവൺമെൻറ് യുപിഎസ്, കൂത്താട്ടുകുളം ഹൈസ്കൂൾ, കുറവിലങ്ങാട്  ദേവമാതാകോളജ് ,മൂവാറ്റുപുഴ നിർമ്മലാകോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മംഗളം, കേരളകൗമുദി എന്നിവിടങ്ങളിൽ പത്രാധിപസമിതിയംഗമായിരുന്നു. ആദ്യ ലേഖനം 'സംക്രമണം' മാസികയിൽ (തിരുവനന്തപുരം) അച്ചടിച്ചു.

കേരളസർക്കാരിൻ്റെ ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉന്നതതല സമിതിയംഗമാണ്. മലയാളസമീക്ഷ.കോം എന്ന മാസികയുടെ എഡിറ്ററായിരുന്നു. ഇപ്പോൾ മൈ ഇംപ്രസിയോ ഡോട്ട് കോം എന്ന ഓൺലൈൻ പോർട്ടലിൻ്റെ എഡിറ്ററാണ്.കേന്ദ്ര സർക്കാരിൻ്റെ സാംസ്കാരികവകുപ്പിൻ്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു. 1998 ൽ കേരളകൗമുദിയിൽ 'അക്ഷരജാലകം എന്ന പ്രതിവാര സാഹിത്യപംക്തി ആരംഭിച്ചു .പിന്നീട് കലാകൗമുദിയിൽ അക്ഷരജാലകം വർഷങ്ങളോളം തുടർന്നു. 28 വർഷം പിന്നിട്ട അക്ഷരജാലകം ഇപ്പോൾ 'മെട്രോവാർത്ത'യിൽ തുടരുന്നു. ഇന്നു ഇന്ത്യയിൽ ഇത്രയും ദീർഘകാലമായി തുടരുന്ന ഒരു സാഹിത്യ പംക്തി വേറെയില്ല.  അക്ഷരജാലകത്തിനു (രണ്ടു വാല്യങ്ങൾ) അബുദാബി ശക്തി അവാർഡ് ലഭിച്ചു.ശിവഗിരി മഠത്തിൻ്റെ പുരസ്കാരം 'ശ്രീനാരായണായ'യ്ക്ക് ലഭിച്ചു. 

ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും മണിപ്പൂർ ഏഷ്യൻ ഇൻറർനാഷണൽ യൂണിവേഴ്സിറ്റിയും ചേർന്നു ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.
ഇപ്പോൾ പച്ചമലയാളം (അനുധാവനം), ഗുരുദേവൻ(ഗുരുവും ആത്മാവിൻ്റെ രാഷ്ട്രീയവും),സഹോദരൻ(എന്താണ് സാഹിത്യം ,കല?)പംക്തികൾ എഴുതുന്നു.

നവാദ്വൈതം - വിജയൻ്റെ നോവലുകളുടെ എന്ന പുസ്തകത്തിനു കേരള സാഹിത്യഅക്കാദമിയുടെ വിലാസിനി പുരസ്കാരം ലഭിച്ചു. അങ്കണം അവാർഡ് ,ദുബായ് എക്സലൻസ് അവാർഡ്, ലണ്ടൻ ബൂലോക അവാർഡ് ,മുംബൈ രാഗസുധ അവാർഡ് ,പൂനെ പ്രവാസിശബ്ദം അവാർഡ് ,കേരള സാഹിത്യഅക്കാഡമി സ്കോളർഷിപ്പ്, ഒരുമ അവാർഡ് ,ഡോ.എം. ലീലാവതി ഏർപ്പെടുത്തിയ സി.പി. മേനോൻ അവാർഡ് ,മലയാളത്തിലെ ഏറ്റവും  മികച്ച കോളമിസ്റ്റിനുള്ള എക്സ്പ്രസ് ഹെറാൾഡ് അവാർഡ് (അമേരിക്ക),സ്വാതി അവാർഡ് ,സമകാലികകേരളം അവാർഡ് ,തൃശൂർ സഹൃദയവേദി അവാർഡ് തുടങ്ങിയവയും ലഭിച്ചു. ആദ്യകൃതിയായ 'ആത്മായനങ്ങളുടെ ഖസാക്കി'(1984)ൻ്റെ പേരിൽ രണ്ടു പതിറ്റാണ്ടിലേറെക്കാലം വിവിധ ശാഖകളിൽപ്പെട്ട കൃതികൾക്ക് 'ആത്മായനങ്ങളുടെ ഖസാക്ക്  അവാർഡ്' സമ്മാനിച്ചിരുന്നു .35 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.



Tuesday, July 22, 2025

കരുണ: ആശാൻ്റെ മതനിഷേധം എം.കെ.ഹരികുമാർ



ശതാബ്ദി പിന്നിടുന്ന 'കരുണ ' കാവ്യത്തെ മതവത്ക്കരിക്കാനുള്ള തുടർശ്രമങ്ങളെ നിരാകരിച്ചു കൊണ്ടു ആശാൻ്റെ പ്രക്ഷുബ്ധമായ മതനിഷേധവാസനകൾ തിരഞ്ഞു ചെല്ലുകയാണ് ഈ ലേഖനത്തിൽ .




കുമാരനാശാൻ്റെ 'കരുണ' വായിച്ച് അത് ബുദ്ധമതം പ്രചരിപ്പിക്കാൻ വേണ്ടി എഴുതിയതാണെന്നു വാദിക്കുന്നത് ചിന്തിക്കാനറിയാത്തവരാണ്. ഇക്കൂട്ടർ ഒരു കൃതിയുടെ ഉപരിതലത്തിൽ ചുറ്റിക്കറങ്ങുകയാണ് .പലർ  ചേർന്നുള്ള വായനയാണിത്. ഒരാൾ വെറുതെയൊരു നിഗമനം അവതരിപ്പിച്ചാൽ പിന്നെ അത് ഏറ്റുപാടുന്നവരുണ്ട്. അവർ ആലോചിക്കാൻ വിസമ്മതിക്കുകയാണ്. ഉപഗുപ്തൻ മോക്ഷം കൊടുത്തുവെന്നു പറയുന്നവരും ബുദ്ധമതത്തിന്റെ കാരുണ്യം പ്രചരിപ്പിക്കാനാണ് ഈ കാവ്യം എഴുതിയതെന്നു പറയുന്നവരും ചീത്ത അഭിരുചിയുടെ ലോകം സൃഷ്ടിക്കുക മാത്രമല്ല, ഒരു കാവ്യത്തെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. പ്രധാനമായി നാം പരിശോധിക്കേണ്ടത് ആശാനു ബുദ്ധമതത്തോടുള്ള സമീപനമാണ്. എന്തുകൊണ്ട് ആശാൻ ഉപഗുപ്തൻ്റെയും വേശ്യയുടെയും കഥ തിരഞ്ഞെടുത്തു? ലഭ്യമായ ഒരു കഥ ആ കാവ്യപ്രതിഭയ്ക്ക് സഞ്ചരിക്കാനുള്ള ഒരു പ്രമേയമാണെന്നു കണ്ടു കൗതുകത്തിനുവേണ്ടി എഴുതുന്നതല്ല. ഇത് നമ്മുടെ സമൂഹത്തിന്റെ വളരെ ആഴത്തിലുള്ള ഒരു അനുഭവമായി കവി പരിവർത്തനപ്പെടുത്തുകയാണ്. ആശാൻ ബുദ്ധമതാനുയായി അല്ല; ബുദ്ധമതത്തോടു ആദരവുള്ളപ്പോൾ തന്നെ അതിൽ വന്നുപെട്ടിരിക്കുന്ന ദുര്യോഗങ്ങളെ കാണാതിരിക്കുന്നില്ല. ബുദ്ധമതത്തിന്റെ വിമർശകനാണ് ആശാൻ .'മിതവാദി' മാസികയിൽ പ്രസിദ്ധീകരിക്കുന്നതിനായി സി.കൃഷ്ണൻ വക്കീലിനു ആശാൻ അയച്ച 'മതപരിവർത്തനരസവാദം' എന്ന കത്താണ് ഇക്കാര്യത്തിലുള്ള ഏറ്റവും ആധികാരികമായ രേഖ. ആശാനു ബുദ്ധമതത്തോടു പ്രത്യേകിച്ച് ഒരു അടുപ്പമില്ല. ബുദ്ധമതത്തിലെ ആശയങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അതിനെ വിമർശിക്കുകയും ചെയ്യുന്നതാണ് ഈ കത്ത്.

ഈഴവരെയും തീയ്യരെയും ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്യിക്കുന്നതിനു കൃഷ്ണൻ വക്കീൽ ചെയ്തുവന്ന പ്രവർത്തനങ്ങളെ വിശദമായ വാദങ്ങളുന്നയിച്ചു എതിർക്കുകയാണ് ഈ കത്തിൽ. തന്നെ ബുദ്ധമതവിശ്വാസിയാക്കാനുള്ള ചിലരുടെ ശ്രമങ്ങളെപ്പറ്റി ആശാൻ എഴുതുന്നത് ഇങ്ങനെയാണ്: "ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല എൻ്റെ ഏതെങ്കിലും കൃതികളിൽ മതത്തെ ഉപലംഭിച്ച് ഞാൻ ചെയ്യുന്ന നിർദ്ദേശങ്ങളെല്ലാം മതപരിഷ്കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവർത്തനത്തെ മുൻനിർത്തിയല്ലെന്നും നിഷ്കർഷിച്ചു വായിച്ചു നോക്കുന്ന ആർക്കും അറിയാമെന്നാണ് എൻ്റെ ധാരണ .പരിഷ്ക്കരണത്തിൽ എൻ്റെ  ആദർശം മുൻപ് പറഞ്ഞിട്ടുള്ള 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്നുള്ള ശ്രീനാരായണമതം ആണെന്നു ഞാൻ ഒരിക്കൽ കൂടി പറഞ്ഞേക്കാം. നിങ്ങളുടെ തൃശ്ശൂർ ലേഖകൻ ,ശ്രീമാൻ കുഞ്ഞുണ്ണി , ഞാൻ ആറ്റിങ്ങൽ വച്ച് ഈയിടെ ചെയ്ത ഒരു പ്രസംഗത്തിൽ എൻ്റെ മതം ബുദ്ധമതമാണെന്നു പ്രസ്താവിച്ചതായി പറഞ്ഞുകാണുന്നു. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല .എനിക്ക് ബുദ്ധഭഗവാനിലും ബുദ്ധമതത്തിലും ഭക്തിബഹുമാനങ്ങൾ ഉണ്ടെന്നുള്ളത് ശരിതന്നെ. അത് എന്റെ ഇപ്പോഴത്തെ ആദർശത്തിനു വിരുദ്ധമല്ലായ്കയാൽ  തുടർന്നുകൊണ്ടിരിക്കുമെന്നുള്ളതാകുന്നു."

ശുദ്ധമായ ബുദ്ധമതം എവിടെയുമില്ല 

ഇതിൽനിന്നു ആശാൻ ബുദ്ധമതത്തിന്റെ അനുയായിയോ പ്രചാരകനോ അല്ലെന്നു കൃത്യമായി വ്യക്തമാക്കപ്പെടുകയാണ്. ഇത് മനസ്സിലാക്കാത്തതുകൊണ്ടായിരിക്കാം ചിലർ ആശാൻകൃതികൾ വായിച്ച് അദ്ദേഹത്തിൻ്റെ 'ബുദ്ധമതബന്ധം' ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ആശാൻ ബുദ്ധമതത്തിന്റെ വിമർശകനാകുന്നതിനു കാരണമുണ്ട്. ബുദ്ധതത്ത്വങ്ങളല്ല പിന്നീട് ബുദ്ധമതത്തിൽ നാം കാണുന്നത്. ആശാൻ്റെ നിരീക്ഷണം ഇതാണ്: "ഉത്തരദേശ ബുദ്ധമതം അല്ലെങ്കിൽ മഹായാന ബുദ്ധമതം മന്ത്രങ്ങൾ, തന്ത്രങ്ങൾ ,കൂടപത്രങ്ങൾ, ജന്തുബലികൾ എന്നു വേണ്ട, ദുഷിച്ച ഹിന്ദുമതത്തിലുള്ളതിൽ പതിന്മടങ്ങ്  ഭയങ്കരമായ അനവധി ദുരാചാരങ്ങൾക്ക് അട്ടിപ്പേറു സിദ്ധിച്ച തറവാടാണെന്നുള്ളത് പ്രസിദ്ധമാണ്. ഹീനയാന ബുദ്ധമതവും അതിൻ്റെ ആദിസിദ്ധാന്തങ്ങളിൽ നിഷ്കർഷയോടുകൂടിയല്ല ഇന്നു ദക്ഷിണദേശങ്ങളിൽ അനുഷ്ഠിച്ചു വരുന്നത്. അതുകൊണ്ട് ആ സങ്കല്പവും ശരിയല്ല. ഇവിടെ ഒന്നുകൂടി പറയാനുണ്ട്. ബുദ്ധമതത്തെപ്പറ്റി നിങ്ങൾ പറയുമ്പോഴൊക്കെ അതിൻ്റെ  നിർദോഷ ഭാഗങ്ങളെ മാത്രവും, ഹിന്ദുമതത്തെപ്പറ്റി പറയുമ്പോൾ ദോഷാംശങ്ങളെ മാത്രവും ഉദാഹരിക്കുന്നതായി കാണുന്നു."

ബുദ്ധമതത്തെപ്പറ്റി, അവിടെ തലപൊക്കിയിരിക്കുന്ന ദുരാചാരങ്ങളെപ്പറ്റി ബോധവാനായ ആശാൻ ഒരിക്കലും അതിനോടു പ്രതിപത്തി കാണിക്കുകയില്ല. ബുദ്ധതത്ത്വം വേറെ മതം വേറെ എന്ന കാഴ്ചപ്പാടാണ് പ്രധാനം. കുമാരനാശാൻ്റെ മതം എന്നു പറയുന്നത് നിലവിലുള്ള ഏതെങ്കിലും മതമല്ല; അത് ശ്രീനാരായണഗുരുവിൻ്റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന തത്ത്വമാകുന്നു. ശ്രീനാരായണധർമ്മപരിപാലന യോഗത്തിന്റെ സെക്രട്ടറി എന്ന നിലയിലും ഒരു രചയിതാവ് എന്ന നിലയിലും അദ്ദേഹം പിന്തുടർന്ന മതമാണിത്. "ശ്രീനാരായണധർമ്മം എന്ന പദം ശ്രീനാരായണഗുരുവിൻ്റെ മതം എന്ന അർത്ഥത്തെയാണ് വിവക്ഷിക്കുന്നത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നുള്ളതാണ് ആ മതം എന്നു നിങ്ങൾക്കും അറിയാമല്ലോ." ഇതാണ് ആശാൻ സുവ്യക്തമായി പ്രതിപാദിക്കുന്ന തൻ്റെ വീക്ഷണം. ഈ വീക്ഷണവുമായി യോജിക്കാത്തതാണ് ബുദ്ധമതം എന്നും ഈ കത്തിൽ വിവരിക്കുന്നുണ്ട്. ഗുരു ഒരു ദൈവം എന്നു പറയുന്നത് ബുദ്ധമതത്തിനു എതിരാണെന്നു ആശാൻ വ്യാഖ്യാനിക്കുന്നുണ്ട്. "ഒരു ദൈവം എന്ന ശബ്ദത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈശ്വരനു ബുദ്ധമതത്തിൽ യാതൊരു സ്ഥാനവുമില്ല" എന്നാണ് ആശാൻ സൂചിപ്പിക്കുന്നത്. ശുദ്ധമായ ബുദ്ധമതം ഒരിടത്തും കാണാനില്ല എന്നും അറിയിക്കുന്നുണ്ട്. "അവർ വിശ്വസിച്ചു വരുന്നത് നമ്മൾ പറയുന്ന ശുദ്ധമായ ബുദ്ധമതമല്ല, അതിൻ്റെ പുറത്ത് പടർന്നുകേറിയിരിക്കുന്ന കാടും പടർപ്പുകളും ആകുന്നു. അവർ ബുദ്ധമുനിയെത്തന്നെ ഈശ്വരനിർവിശേഷമായി ആരാധിക്കുകയും അവതാരങ്ങളിലും അത്ഭുതകഥകളിലും ദേവന്മാരിലും യക്ഷന്മാരിലും പിശാചുക്കളിലും വിശ്വസിക്കുകയും എല്ലാ പ്രകാരത്തിലുള്ള അന്ധപാരമ്പര്യത്തെയും അബദ്ധവിശ്വാസത്തെയും പുലർത്തുകയും ചെയ്യുന്നു."ഇതാണ് ആശാൻ്റെ ബുദ്ധമതവിമർശനത്തിന്റെ കാതൽ.

ആശാൻ അദ്വൈതി 

ആത്മാവും ഈശ്വരനുമില്ലാത്ത ഒരു മതത്തെ യോഗീന്ദ്രന്മാർക്കല്ലാതെ മറ്റാർക്കും മനസ്സിലാക്കാൻ കഴിയില്ലെന്നും ആശാൻ അഭിപ്രായപ്പെടുന്നു .ഈ പശ്ചാത്തലത്തിൽ നിന്നു നോക്കിയാൽ 'കരുണ'യിലെ ഉപഗുപ്തനെ ആശാൻ എങ്ങനെയാണ് വീക്ഷിച്ചിരുന്നതെന്നു വ്യക്തമാകുന്നു.

"ശരിശരി! പരദു:ഖശമനമോർത്തല്ലോ മറ്റും
ശരണത്രയീധനന്മാർ ഭിക്ഷ തെണ്ടുന്നു .

തിരിഞ്ഞു രക്ഷ നൽകുന്ന ദേവതകളല്ലോ സാക്ഷാൽ 
ധരണിയിൽ നടക്കുമിദ്ധർമ്മദൂതന്മാർ."

എന്ന നിരീക്ഷണം ഉപഗുപ്തനെതിരെയുള്ളതാണ്. ഉപഗുപ്തൻ പരദു:ഖശമനത്തിനായി ഒന്നും ചെയ്തില്ലല്ലോ .സ്നേഹം ദുഃഖമാണെന്നു വാസവദത്തയെ ചൂണ്ടി കവി പറയുകയാണ്. സ്നേഹം ദുഃഖമായി പരിണമിച്ചതിനുമപ്പുറം അവൾ ഇപ്പോൾ ചോരക്കളമായിരിക്കുകയാണ്. അപേക്ഷിച്ചാൽ തിരിച്ചു രക്ഷനൽകുന്ന ഉപഗുപ്തനെ കാണാനില്ലായിരുന്നല്ലോ. 

ഹാ! സുഖങ്ങൾ വെറും ജാലം, ആരറിവൂ നിയതിതൻ 
ത്രാസു പൊങ്ങുന്നതും താനേ താണുപോവതും."

ജീവിതം മിഥ്യയാണെന്ന സങ്കല്പം ബുദ്ധമതത്തിലില്ല. ബുദ്ധമതം  മനുഷ്യശക്തിയിലാണ് വിശ്വസിക്കുന്നത്. അത് മനുഷ്യമഹത്വത്തിന്റെ യാത്രയിലാണ് നിർവ്വാണത്തെ കാണുന്നത്.വാസവദത്തയുടെ മരണം നിർവ്വാണമല്ലല്ലോ. പാപത്തിന്റെ ഓഹരിയാണ്. മറ്റൊരിടത്ത്  ഹൈന്ദവമായ ഒരു കല്പനയെ കാവ്യപരമായ ശോഭയിലേക്ക് ഉയർത്തുകയാണ് ആശാൻ .

"തടിയനരയാലത് തലയിൽത്തീകാളും  നെടും
ചുടലബ്ഭൂതം കണക്കേ ചലിച്ചു നില്പൂ."

ചുടലബ്ഭൂതമെന്ന മിത്ത് ബുദ്ധമതത്തിൻ്റേതല്ല .

"ഉടഞ്ഞ ശംഖ്യപോലെയുമുരിച്ചു മുറിച്ച വാഴത്തട പോലെയും തിളങ്ങുമസ്ഥിഖണ്ഡങ്ങൾ."

ഈ ബിംബങ്ങളൊന്നും ബുദ്ധമതവുമായി ബന്ധമുള്ളതല്ല.  ആശാനിലെ അദ്വൈതിയാണ് ജീവിതത്തെ നിശൂന്യതയായി കാണുന്നത്. ഈ ബിംബകല്പനകളെല്ലാം ഉത്ഭവിക്കുന്നതിനു ആധാരമായ പ്രജ്ഞ ആശാൻ തന്നെ  വ്യക്തമാക്കിയിട്ടുണ്ട്. 'ആത്മോപദേശശതക'ത്തിൻ്റെ ആദ്യശ്ളോകത്തിന്റെ വ്യാഖ്യാനത്തിൽ എഴുതുന്നു :
"സ്ഥൂലദൃഷ്ടിയിൽ അദൃശ്യങ്ങളായ പരമാണുക്കൾ സൂക്ഷ്മബുദ്ധിയിൽ പർവ്വതങ്ങൾ പോലെ മഹത്തുക്കളായിരിക്കും .അവ അദൃശ്യങ്ങളാകുന്നതുവരെ ബുദ്ധി പരിശോധിക്കുകയും ചെയ്യും. ഒടുവിൽ ബുദ്ധിയിൽ അവയുടെ അഭാവം കാണപ്പെടും. അഭാവം അധികരണത്തെ വിട്ട് അന്യമല്ല. അതുകൊണ്ടും (ബുദ്ധിയിൽ കാണപ്പെട്ട സകല പദാർത്ഥങ്ങളുടെയും)അഭാവം ബുദ്ധി തന്നെയാകുന്നു. ഇങ്ങനെ സകല പദാർത്ഥങ്ങളും ബുദ്ധിയിൽ നിന്നു വിഷയരൂപമായുണ്ടായി തത്ത്വപരിശോധനയിൽ അതിൽത്തന്നെ അന്തർദ്ധാന ആകാശത്തിൽ ഉണ്ടാകുന്ന ഒരു മന്ദമായ ചലനം ശബ്ദമായും തീവ്രചലനം പ്രകാശമായും തീവ്രതരചലനം വൈദ്യുതശക്തിയായും തീരുന്നു എന്നും മറ്റുമുള്ള പ്രകൃതിശാസ്ത്രസിദ്ധാന്തവും ഒരു പദാർത്ഥംതന്നെ നാനാപദാർത്ഥങ്ങളായിത്തീരുന്നു എന്നുള്ളതിനെ തെളിയിക്കുന്നുണ്ട്. "

" ഈ ഭുവനം മുഴുവനും ആ അറിവാകുന്ന ഒന്നിൽ തന്നെ നാനാപ്രകാരേണ തോന്നുന്ന തോന്നലാകയാൽ എല്ലാം അറിവ് അല്ലെങ്കിൽ ചിന്മാത്രമാകുന്നു" എന്നാണ് ആശാൻ ചിന്തിക്കുന്നത്. ആശാൻ ബുദ്ധമതത്തെ വിമർശിക്കാനാണ് 'കരുണ' എഴുതിയത്; ചിലർ പറയുന്നതുപോലെ പതിതയായ ഒരു സ്ത്രീക്ക് മോക്ഷം കൊടുക്കുന്നത് വിവരിക്കാനല്ല. ഒരു സന്യാസിക്ക് പോലും അയാൾ നിശ്ചയിച്ച ഒരു അതിർവരമ്പുണ്ടെന്നു വ്യക്തമാക്കുകയാണ് ആശാൻ. അവിടെ ആശയവും ആദർശവും ചേർന്നു ഒരു സാങ്കല്പിക ആകാശമാണ് സൃഷ്ടിക്കുന്നത്. അതിനുള്ളിൽ മന:സമാധാനവും ശാന്തിയും തേടുന്നത് ,ജീവിതത്തെ ആഴത്തിൽ മനസ്സിലാക്കുന്നവർക്ക്, പൊള്ളത്തരമാണ്. ഇതിൽ മതമല്ല ,മത നിഷേധമാണുള്ളത്. ഒരു സ്ത്രീയോടു കരുണ കാണിക്കാൻ വൈകിയ ഒരു ഉപഗുപ്തൻ്റെ മതത്തിനു എന്ത് പ്രസക്തി എന്ന ചോദ്യമാണ് ഈ കാവ്യത്തിനടിയിൽ മുഴങ്ങുന്നത്. 

ശുചിത്വത്തെ സ്പർശിക്കാത്ത ശുദ്ധി എന്താണ് ?

ആശാൻ മതപരിവർത്തനത്തെ ഒരു ഘട്ടത്തിലും പിന്തുണയ്ക്കുന്നില്ല. ജാതീയമായി അപമാനിക്കപ്പെടുന്നവർ  മതം മാറി എവിടെച്ചെന്നാലും ആ വേർതിരിവും നിന്ദയും തുടരുക തന്നെ ചെയ്യുമെന്നാണ് ആശാൻ്റെ വാദം. മാത്രമല്ല, ആ പരിശ്രമങ്ങൾ ഗുരുവിനെ തന്നെ മതം മാറ്റാൻ ശ്രമിക്കുന്നതു പോലെ ഗുരുത്വമില്ലാത്ത പ്രവൃത്തിയിരിക്കുമെന്നും ആശാൻ  സൂചിപ്പിക്കുന്നുണ്ട് .ബുദ്ധമതത്തോടു ആദരവുണ്ട്. ബുദ്ധനോടു ബഹുമാനമുണ്ട് .സത്യാന്വേഷികളായ മനുഷ്യരോടു തോന്നുന്ന അടുപ്പമാണത്. അത് പരീക്ഷിക്കാനുള്ള അവസരമാണ് 'കരുണ'യിൽ ഒരുക്കുന്നത്. ഉപഗുപ്തൻ്റെ മുന്നിലെ ഏറ്റവും  ദുർഘടമായ ഒരു സന്ദർഭമാണ് വാസവദത്തയുടെ സാമീപ്യം. വാസവദത്തയുടെ കഥയിൽ ഒരു ബുദ്ധസന്യാസിക്ക് സ്വയം പരിശോധന ചെയ്യാനാവശ്യമായ നിമിഷങ്ങളാണുള്ളത്. നാം കൊണ്ടുനടക്കുന്ന പരിശുദ്ധി അല്ലെങ്കിൽ അസ്പൃശ്യത എന്ന  പൗരോഹിത്യവീക്ഷണം എത്രമാത്രം ആപൽക്കരമാണെന്നു കാണണം. പുരോഹിതന്മാർ, പൂജാരിമാര്‍ തുടങ്ങിയവർ ഭക്തരോടു ഒരകൽച്ച സൂക്ഷിക്കുന്നുണ്ട്. ഭക്തന്മാർ എത്ര ശുചിത്വത്തോടെയാണ് ചെന്നിട്ടുള്ളതെങ്കിലും പുരോഹിതന്മാരും പൂജാരിമാരും സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കും. ഇത് ഏതുതരം  ശുദ്ധിയാണെന്നു മനസ്സിലാകുന്നില്ല. ശുചിത്വമുള്ള ഒരാളെ സ്പർശിച്ചാൽ  നഷ്ടപ്പെടുന്ന ശുദ്ധി എന്താണ്? ശ്രീകോവിലിനുള്ളിലെ ദൈവം  അസ്പൃശ്യതയിലല്ല നിലനിൽക്കുന്നത്. അത് സർവചരാചരസ്പർശയോഗ്യമാണ്.വനത്തിനുള്ളിൽ ഒരു കല്ലിൽ ഒരില വെച്ച് അതിൽ ഒരു തിരി കത്തിച്ചാൽ നമ്മുടെ ദൈവമായി. ദൈവം എവിടെയുമുണ്ടല്ലോ. ഇതാണ് നശ്വരതയുടെ പ്രാണൻ. എല്ലാം നശിക്കുന്ന ഈ ലോകത്ത് നാം തന്നെ ദൈവികതയുടെ പ്രതിനിധാനവും ആവിഷ്ക്കർത്താവും ആകുകയാണ്. ദൈവം അവിടെ നമ്മുടെ ഭാവനയാണ്. ആ ഭാവനയിൽ എത്രയും വിശുദ്ധി നിറയ്ക്കുകയാണ് ഉദ്ദേശശുദ്ധിയായി മാറുന്നത്. എന്നാൽ അസ്പൃശ്യത ദൈവത്തിനെതിരെയുള്ള  കലാപമാണ്. അകന്നു നിൽക്കുന്നതല്ല ദൈവികത .എന്തെന്നാൽ ദൈവം നമ്മളിൽ തന്നെയാണുള്ളത്. നാം പരമാവധി ശുദ്ധി പാലിക്കുമ്പോൾ നമ്മുടെ ദൈവവും ശുദ്ധി പാലിക്കുന്നു.  നാം രക്തദാഹിയാകുമ്പോൾ ദൈവവും രക്തദാഹിയാകുന്നു. അത് നമ്മുടെ തിരഞ്ഞെടുപ്പാണ് .നാം കർമ്മങ്ങളിലൂടെ ദൈവികത ആർജിക്കേണ്ടിയിരിക്കുന്നു. ദൈവികതയെന്നാൽ ശുദ്ധിയും  നേരായി മാർഗവും സദാചാരവും സദ്ചിന്തയും നന്മയുമാകുന്നു. അത് വേണമോ വേണ്ടയോ എന്നു നമുക്ക് തീരുമാനിക്കാം .

വാസവദത്തയുടെ ക്ഷണം ലഭിക്കുമ്പോൾ ഉപഗുപ്തൻ തൻ്റെ  സന്യാസത്തിലുള്ള വിഭിന്നത , അകൽച്ച ,അസ്പൃശ്യത പുറത്തെടുക്കുന്നു. അയാൾ മുൻവിധികളോടെ എല്ലാറ്റിനെയും കാണുകയാണ് .അനുഭവിക്കുമ്പോൾ ഉണ്ടാകേണ്ട ബോധ്യവും തിരഞ്ഞെടുപ്പും അയാൾ പരീക്ഷിക്കുന്നില്ല. അയാൾ സ്വയം കരുതുന്നത് ,താനാണ് ഈ ലോകത്തിൻ്റെ സകല ശുദ്ധിയും  സംഭരിച്ചുവച്ചിരിക്കുന്നത് എന്നാണ്. അതുകൊണ്ട് അയാൾക്ക് ചലിക്കാനാവുകയില്ല .ഏതൊരു ചലനവും തന്നേക്കാൾ ശുദ്ധി കുറഞ്ഞ മറ്റൊന്നുമായുള്ള അടുപ്പത്തിനോ സ്പർശത്തിനോ കാരണമാകുമെന്നയാൾ ചിന്തിക്കുന്നു. അതുകൊണ്ട് അയാൾ മാനവികത മാറ്റിവെച്ച് അസ്പൃശ്യതയെ മുറുക്കിപ്പിടിക്കുന്നു. അയാൾ തൻ്റെ  സാങ്കല്പികശുദ്ധിയുടെ വത്മീകത്തിൽ ഭദ്രമാണെന്നു വിചാരിക്കുന്നു.

പൗരോഹിത്യത്തെ ആക്രമിക്കുന്നു 

യഥാർത്ഥത്തിൽ നമ്മുടെ ഏകാന്തതയും സമാധാനവുമെല്ലാം അപരനിന്ദയിൽ അധിഷ്ഠിതമാണ്.  മറ്റുള്ള ദീനസ്വരങ്ങൾ കേൾക്കാനുള്ള കാതുകൾ നമുക്കില്ല. ആരുടെയും ദുഃഖം മനസ്സിലാക്കാനുള്ള ഹൃദയമില്ല. അതുകൊണ്ട് നാം ശാന്തരം കഠിനഹൃദയരുമായിരിക്കുന്നു.ഈ വ്യാജത്വമാണ് ഉപഗുപ്തനെ  അകറ്റുന്നത് .ആശാൻ ഈ മതസങ്കൽപ്പത്തെ, കൃത്രിമബോധ്യത്തെ ,പൗരോഹിത്യത്തെയാണ് ആക്രമിക്കുന്നത് .ഇത്തരം ആക്രമണങ്ങൾ വളരെ പ്രകടമാകാതെ നോക്കേണ്ടതുണ്ട്. അത് മതവികാരങ്ങളെ ചീത്തയാക്കാതെ ശ്രദ്ധിക്കണം. അതുകൊണ്ട് ആശാൻ ഉപഗുപ്തനെ പ്രത്യക്ഷത്തിൽ ആദരിക്കുന്നു.എന്നാൽ വാസവദത്തയ്ക്ക് ഉപഗുപ്തൻ്റെ മിഥ്യാപ്രേരിതമായ  ശുദ്ധിയെക്കുറിച്ചുള്ള സങ്കല്പം മനസ്സിലാകുന്നില്ല. അവൾക്ക് ക്ഷമ നശിക്കുകയാണ് .അവൾ ഒരു 'മനുഷ്യനെ'യാണ് തേടുന്നത്. അവൾ ജീവിതമാകുന്ന സത്യത്തിലാണുള്ളത്.ആദർശത്തെക്കാൾ അനുഭവത്തെ സാക്ഷ്യപ്പെടുത്തുന്നു. തൻ്റെ കൈയിൽ പണമില്ലാത്തതുകൊണ്ടാവാം ആ ഉപഗുപ്തൻ വരാത്തതെന്നു വാസവദത്ത അനുമാനിക്കുന്നു. കാരണം അവൾ ഒരു വേശ്യയാണല്ലോ. വേശ്യയായ ഒരുവൾ ക്ഷണിക്കുമ്പോൾ ഉപഗുപ്തനു തോന്നാനിടയുള്ളത്  അത് ലൈംഗികവൃത്തിക്കുവേണ്ടിയാ
യിരിക്കുമെന്നാണ്.

"ഗുണബുദ്ധിയാൽ ഞാൻ തോഴി, കൊതിപ്പതക്കോമളന്റെ
പ്രണയം മാത്രമാണെന്നു പറഞ്ഞില്ലേ നീ " ഇതാണ് യഥാർത്ഥ വാസവദത്ത .അവൾ മനുഷ്യത്വത്തിലേക്കുയരാൻ ഒരവസരം തേടുന്നു .ഉപഗുപ്തനാകട്ടെ തൻ്റെ അസ്പൃശ്യതയെ ദിവ്യമാക്കി കൊണ്ടുനടക്കുന്നു. അതുകൊണ്ട് ആശാൻ കരുണ എഴുതിയത് താൻ ബുദ്ധമതക്കാരനാണെന്നു സ്ഥാപിക്കാനല്ല ,മറിച്ച് ബുദ്ധപൗരോഹിത്യത്തെയും മനഷ്യത്വമില്ലാത്ത വിശ്വാസങ്ങളെയും അപലപിക്കാനാണ്. 

കരുണയുടെ പരഭാഗശോഭ /.കെ.ഹരികുമാർ

 



ആശാൻ 'കരുണ' എഴുതിയത് ബുദ്ധമതത്തിന്റെ പ്രായോഗിക പ്രചാരകർ ജീവിതത്തിലുടനീളം നിസങ്കോചം, അപരിചിതർക്കും പതിതർക്കും സ്നേഹദാഹികൾക്കും കരുണ ചൊരിഞ്ഞത് വിവരിക്കാനല്ല .അങ്ങനെയൊരു കരുണ എവിടെയുമില്ലെന്നു ജ്ഞാനദൃഷ്ടിയായ ആശാനറിയാം. ആശാനും  അതുപോലുള്ള ബുദ്ധിശാലികളും മാത്രമേ അതറിയുന്നുള്ളൂ. പലരും കരുണ എന്നൊക്കെ പറയും എന്നല്ലാതെ മനസ്സിൽ അതിനു
സ്ഥാനം നൽകി കാണുന്നില്ല .കരുണ ചെയ്യുന്നവരെക്കുറിച്ച് കഥകൾ വായിച്ചു രസിക്കുന്നവരോ, കരുണയെക്കുറിച്ച് പ്രസംഗിക്കുന്നവരോ  ജീവിതത്തിൽ കരുണ കാണിക്കേണ്ട അവസരം വന്നാൽ പെട്ടെന്നു പിൻവലിയുക മാത്രമല്ല വല്ലാത്ത സന്ദേഹികളായി മാറുകയും ചെയ്യും. മനുഷ്യൻ അവനിൽ തന്നെ മറ്റൊരു റോൾ കണ്ടെത്തി അത് വികസിപ്പിക്കും. ഒരു സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് അതിൻ്റെ ഭാഗമാണ് താനെന്നു വരുത്തി തീർക്കാൻ ഭൂരിപക്ഷം പേർക്കും കഴിവുണ്ട്. കാരണം മനുഷ്യനു തനിമയില്ല. അവൻ എന്തെങ്കിലും ആയിരിക്കാൻ ഇഷ്ടപ്പെടുന്നില്ല; മാറിക്കൊണ്ടിരിക്കാനാണ് നോക്കുന്നത് .'കരുണ' ഒരു കാവ്യം എന്ന നിലയിൽ മനസ്സിൻ്റെ ശൂന്യതയുടെ വിങ്ങലും തീവ്രദു:ഖവും പതനവും വിഹ്വലതയുമാണ് ചിത്രീകരിക്കുന്നത്. തിളങ്ങി നിൽക്കുന്നതെല്ലാം വിളറിപ്പോകുന്നതായി കവി കാണുന്നു. സത്യം ഏതാണെന്ന തിരച്ചിലാണ് പുരോഗമിക്കുന്നത്. സ്നേഹമാണോ  തിരസ്കാരമാണോ തകർച്ചയാണോ മരണമാണോ സത്യമെന്നു ആശാൻ അന്വേഷിക്കുന്നു.

"ജനരഹിതമാം മേലേക്കരയിലങ്ങങ്ങുകരും -
പനയും പാറയും പുറ്റും പാഴ്ചെടികളും

വെളിയിടങ്ങളും വായ്ക്കും സ്ഥലം കാണാം ശൂന്യതയ്ക്കു
കളിപ്പാനൊരുക്കിയിട്ട കളം കണക്കെ.

നെടിയ ശാഖകൾ വിണ്ണിൽ നിവർന്നു മുട്ടിയിലയും 
വിടപങ്ങളും ചുരുങ്ങി വികൃതമായി,
നടുവിലങ്ങു നിൽക്കുന്നു വലിയൊരശ്വത്ഥം ,മുത്തു 
തടികൾ തേഞ്ഞും തൊലികൾ പൊതിഞ്ഞു വീർത്തും.

ചുടലദലങ്ങളിലും ശൃംഗഭാഗത്തിലും വെയിൽ 
തടവിച്ചുവന്നു കാറ്റിലിളകി മെല്ലെ,

തടിയനരയാലതു തലയിൽത്തീകാളും നെടും -
ചുടലബ്ഭൂതം കണക്കെ ചലിച്ചു നില്പൂ

അടിയിലതിൻ ചുവട്ടിലധികം പഴക്കമായ്ക്ക -
ല്ലുടഞ്ഞും പൊളിഞ്ഞുമുണ്ടൊരിൽത്തറ ചുറ്റും. 

ഇടുങ്ങിയ മാളങ്ങളിലിഴഞ്ഞേറും പാമ്പുകൾ പോൽ 
വിടവുതോറും പിണഞ്ഞ വേരുകളോടും.

പറന്നടിഞ്ഞരയാലിൻ പഴുത്ത പത്രങ്ങളൊട്ടു 
നിറംമങ്ങി നിലംപറ്റിക്കിടപ്പൂ നീളെ ."

ഈ വിവരണം ,ജീവിതം കാരുണ്യത്തിൽ നിന്നു വളരെ അകലെയാണെന്നു സൂചിപ്പിക്കുന്നുണ്ട്. പ്രകൃതിബിംബങ്ങൾ അത് ആലേഖനം ചെയ്തിരിക്കയാണ്. പ്രകൃതിബിംബങ്ങൾ ഒരു കാവ്യത്തിനു വേണ്ടി തയ്യാറായിരിക്കുന്നില്ല. അത് ഒരു കവി നോക്കുമ്പോൾ മാത്രമാണ് അനാവരണം ചെയ്യപ്പെടുന്നത്. പ്രകൃതി  അർത്ഥങ്ങളുടെ സൂചകങ്ങളും  ബിംബങ്ങളുമാണ് നിറച്ചുവച്ചിരിക്കുന്നത്. ആത്മബോധത്തിന്റെ പ്രേരണയിൽ ഒരാൾ നോക്കുമ്പോൾ ഓരോ ചിത്രം തെളിഞ്ഞുവരികയാണ്. വെളിയിടങ്ങൾ കവിക്ക് ശൂന്യതയുടെ കളിസ്ഥലമാകുന്നത് അതുകൊണ്ടാണ്. വെളിയിടങ്ങളിൽ അന്തർഗതമായ ഒരു അവസ്ഥയെ തൊട്ടു കാണിക്കുന്നു. അതിൻ്റെ അഗാധമായ ചിത്രം ശൂന്യതയുടേതാണ്. അത് മനുഷ്യജീവിതത്തിന്റെ നിസ്സഹായതയെക്കുറിച്ച്, നിത്യദാഹത്തെക്കുറിച്ച് അറിവുകൾ നൽകുന്നു .അശ്വത്ഥത്തിന്റെ തടികൾ തേഞ്ഞു തൊലി ജീർണിച്ചുമിരിക്കുന്നു. ഒരു അരയാൽ നിൽപ്പുണ്ട് .അത് തലയിൽ തീ കാളുകയാണ് .അത് നരകത്തീയിലാണ് .അത് ഒരു ചുടലബ്ഭൂതത്തെ പോലെ അനൈഹികമായ ജീവിതാർത്ഥങ്ങളിലേക്ക് ക്ഷണിച്ചു ഭയപ്പെടുത്തുന്നു. ജീവിതം അപ്രതീക്ഷിതമായ വീഴ്ചകളുടേതാണ്. എന്നാൽ ഓരോ വീഴ്ചയും ഒറ്റയ്ക്കാണ്. സഹായഹസ്തം കിട്ടാൻ പ്രയാസമാണ് .കാഴ്ചക്കാരായി നിൽക്കുന്നവരെയാണ് കാണാനുണ്ടാവുക.

അരയാലിൽ മനുഷ്യജീവിതത്തിന്റെ വേദനയും അന്ധാളിപ്പും വിറയലും ദുസ്വപ്നവും ആവേശിച്ചിരിക്കുന്നു. മനുഷ്യൻ്റെ ചുറ്റുപാടുകളിൽ അവൻ്റെ ജീവിതാർത്ഥങ്ങൾ വിവരിച്ചിരിക്കുന്നു എന്നാണ് ആശാൻ പറയുന്നത് .കരുണ തേടിച്ചെല്ലുമ്പോൾ മരങ്ങൾ പോലും പേടിസ്വപ്നത്തിൽ എന്നപോലെ കാണപ്പെടുകയാണ്. ഈ അനാഥത്വമാണ് കരുണയിലുടനീളം കാണുന്നത്. ജീവിതം കരുണയില്ലാത്ത ഒരു ഏർപ്പാടാണ് .അവിടെ ചിലർ കരുണയുടെ പുരുഷന്മാർ എന്നപോലെ വന്നു നിശ്ചലചിഹ്നങ്ങളായി മാറുന്നതല്ലാതെ അവരെ ആശ്രയിക്കുന്നവർക്ക് യാതൊന്നും നല്കാനാവുന്നില്ല .കരുണ മറ്റൊരു ഗ്രഹമാണ് .അതുമായി മനുഷ്യനു എന്താണ് ബന്ധം?

ഉപഗുപ്തൻ ഒരു ലബോറട്ടറിയല്ല 

വാസവദത്ത സുഖാന്വേഷണത്തിന്റെയും സമ്പന്നതയുടെയും ജീവിതമാണ് തേടിയത് .അത് അവൾ നേടുകയും ചെയ്തു .ഏതാണ് കൂടുതൽ സുഖം എന്ന കാര്യത്തിൽ മാത്രമേ സംശയം ഉണ്ടായിരുന്നുള്ളൂ. ദരിദ്രനായി ജീവിക്കുന്നവനു ഏറ്റവും നന്നായി ദരിദ്രനാവാൻ തോന്നുകയില്ല. അവൻ പല വിധത്തിൽ ദരിദ്രനായിരിക്കുമ്പോഴും അതിൻ്റെ ഏറ്റക്കുറച്ചിലുകൾ നേരെയാക്കാൻ അവൻ ശ്രമിക്കയില്ല. എന്നാൽ  സമ്പത്തിൻ്റെ കാര്യത്തിൽ വിവിധ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറായ വാസവദത്തയ്ക്ക് മുമ്പിൽ ധാരാളം വഴികളുണ്ടായിരുന്നു .അവൾ സൗന്ദര്യത്തെ പല രീതിയിൽ വ്യാഖ്യാനിച്ചു. ശരീരത്തിലും ധനത്തിലും സ്വപ്നത്തിലും പ്രലോഭനത്തിലും പ്രണയത്തിലും അവൾ സൗന്ദര്യത്തെ ദർശിച്ചു. അവൾ അനുഭൂതികൾക്കു പിന്നാലെ ശാശ്വതത്വം തേടിയലഞ്ഞു.  നശ്വരമായ ജീവിതത്തിൻ്റെ സുഖാനുഭവങ്ങൾ ശാശ്വതമാണെന്ന ധാരണയിൽ ജീവിക്കാൻ അവൾ സ്വയം നിർബന്ധിച്ചു.എന്തും തനിക്ക് എത്തിപ്പിടിക്കാവുന്നതേയുള്ളൂ എന്ന ചിന്ത അങ്ങനെയുണ്ടാകുന്നതാണ്. തന്നിലേക്കാണ് എല്ലാ സുന്ദരവസ്തുക്കളും തിരിഞ്ഞിരിക്കുന്നതെന്നു  വിശ്വസിക്കുന്നതിലാണ് അവൾ ആത്മരതി അനുഭവിച്ചത് .ഉപഗുപ്തൻ അവളുടെ പ്രത്യക്ഷമായ മോക്ഷത്തിന്റെ ചതുരംഗക്കളത്തിലെ ഒരു കരുവായിരുന്നു .എന്നാൽ അതിൽ അവൾക്ക് പ്രതീക്ഷയുണ്ടായിരുന്നു .ഉപഗുപ്തനെ തന്നിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന വിശ്വാസമാണ് അവൾക്കുണ്ടായിരുന്നത്. തന്നേക്കാൾ മികച്ചതെന്നു തോന്നുന്നതെല്ലാം അവളെ ആകർഷിച്ചു. അതുകൊണ്ടാണ് അവൾ വീണ്ടും വീണ്ടും ഉപഗുപ്തനു വേണ്ടി താൽപര്യപ്പെടുന്നത്. അതവൾക്ക് ഒരു ആവശ്യമായിരുന്നു. മനസ്സിലെ ശൂന്യതയകറ്റാൻ സ്വയം അറിയാതെ മനുഷ്യൻ സ്വീകരിക്കുന്ന മാർഗങ്ങളിലൊന്നാണിത്. ബുദ്ധൻ്റെ  വഴിയിൽ സഞ്ചരിക്കുന്ന ഉപഗുപ്തനാകട്ടെ പ്രകടനാത്മകമായ ഒരു പ്രശ്നപരിഹാരലബോറട്ടറിയല്ല. ജീവിതം എന്ന ലബോറട്ടറിയിൽ നിന്നകന്നു തന്നിലെ ശാന്തതയിൽ അഭിരമിച്ച് അതിൻ്റെ ആത്മീയമായ ബുദ്ധിയിൽ ഒഴുകി പോവുകയായിരുന്നു ഉപഗുപ്തിൽ. ഈ ലോകജീവിതത്തെ അയാൾ രണ്ടുതരത്തിൽ കാണുകയാണ്. ഒന്ന്, തന്റെയും തന്നെ പോലുള്ളവരുടെയും നോട്ടത്തിലൂടെ ഉരുത്തിരിയുന്ന അർത്ഥാന്വേഷണത്തിൻ്റെയും നിർദ്ധാരണത്തിന്റെയും ശാന്തമായ ഒരു താഴ്വര. രണ്ട് ,ലക്ഷ്യങ്ങൾ പലതായി പെരുകുകയാൽ ഏത് വേണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായതു കൊണ്ട് ,അതിൻ്റെ പേരിൽ പടവെട്ടുന്ന മനസുള്ളവർ .ഒരിടത്ത് കൃത്രിമവും അടഞ്ഞതും വികേന്ദ്രീകൃതവുമായ ഒരു ശാന്തത. മറ്റൊരിടത്ത് അനേകം ആശ്രയസ്ഥാനങ്ങൾ ഉള്ളതുകൊണ്ട് ഏത് തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ നിശ്ചയമില്ലാതെ സ്വയം കലഹിക്കുന്നവർ .

യഥാർത്ഥത്തിൽ ഒരു ബുദ്ധസന്യാസി, അച്ചടക്കമില്ലാതെ കാടുകയറി ചിന്തിക്കുന്നതിനെതിരാണ്.അതേസമയം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബാധ്യസ്ഥനുമാണ് .ഇക്കാര്യം ബുദ്ധൻ പറഞ്ഞിട്ടുണ്ട്. ഒരു ബുദ്ധസന്യാസിക്ക് ലോകാവസാനത്തെക്കുറിച്ചോ പ്രപഞ്ചത്തിൻ്റെ അനന്തതയെക്കുറിച്ചോ ചിന്തിക്കാൻ സമയമില്ല. തഥാഗതൻ മരണത്തിനുശേഷം നിലനിൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ബുദ്ധൻ വിശദീകരിച്ചിട്ടില്ല. ഇക്കാര്യം മാലൂങ്ക്യപുത്രൻ എന്ന അനുയായി ബുദ്ധനോടു തന്നെ ചോദിച്ചിട്ടുണ്ട്. ഇതിനു ബുദ്ധൻ നൽകുന്ന മറുപടി നൂറ്റാണ്ടുകളായുള്ള സംശയങ്ങളെ ദൂരീകരിക്കാൻ സഹായിക്കുന്നതാണ്: "താൻ  ഒരിക്കലും പരിശുദ്ധജീവിതം ജീവിക്കാമെന്നു പറഞ്ഞ് ആരെയും പ്രലോഭിപ്പിച്ചിട്ടില്ലെന്നു ബുദ്ധൻ സൂചിപ്പിക്കുന്നു. ഒരാൾക്ക് വിഷം പുരട്ടിയ അമ്പുകൊണ്ട് മുറിവേറ്റു എന്നു കരുതുക. അയാളെ ഒരു ശുശ്രൂഷകന്റെ അടുത്ത് കൊണ്ടുപോകുന്നു. അപ്പോൾ അയാൾ പറയുമോ ആരാണ് ഇത് എയ്തതെന്നു അറിയാതെ താൻ ഈ അമ്പു വലിച്ചൂരിയെടുക്കാൻ അനുവദിക്കില്ലെന്ന് ?അമ്പെയ്തയാളുടെ ജാതിയും കുടുംബവും ഏതാണെന്നു അറിയണമെന്ന് ? അയാളുടെ നിറവും ഗ്രാമവും പട്ടണവും അറിയണമെന്ന് ?ഏത് തരം അമ്പാണെന്നു അറിയാതെ അത് ഊരിയെടുക്കാൻ അനുവദിക്കില്ലെന്നു പറയുമോ?ഏത് തരം വസ്തുകൊണ്ടാണ് ആ അമ്പ് നിർമ്മിച്ചതെന്നറിയാതെ ചികിത്സ തുടരരുതെന്നു പറയുമോ?പ്രപഞ്ചത്തിൻ്റെ അനശ്വരതയെക്കുറിച്ച് അറിയാതെ ഗുരുവിന്റെ കീഴിൽ ഒരു പരിശുദ്ധജീവിതം വേണ്ട എന്നു ആരെങ്കിലും പറയുമോ?എന്നാൽ  പരിശുദ്ധമായ ജീവിതം ഇതിനെയൊന്നും ആശ്രയിച്ചല്ല  തുടരുന്നത്. താൻ എന്തു വിശദീകരിച്ചു, വിശദീകരിച്ചില്ല എന്ന് തിരിച്ചറിയുക . പ്രപഞ്ചത്തിന്റെ അനശ്വരതയെക്കുറിച്ചോ മരണാനന്തര ജീവിതത്തെക്കുറിച്ചോ താൻ ഒന്നും പറഞ്ഞിട്ടില്ല .എന്തുകൊണ്ട് ?അതറിഞ്ഞിട്ടു നമുക്ക് ഒരു പ്രയോജനവുമില്ല. ഇത് അടിസ്ഥാനപരമായി നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടതല്ല. അത് സാക്ഷാത്കാരത്തിനോ ശാന്തതയ്ക്കോ സഹായകരമല്ല .അതുകൊണ്ടാണ് അതിനെക്കുറിച്ച് പറയാത്തത്." ബുദ്ധൻ്റെ വാക്കുകളാണിത്. 

വൈമുഖ്യം എന്ന പ്രശ്നം 

ബുദ്ധൻ ദു:ഖത്തെക്കുറിച്ചാണ് കൂടുതൽ പറഞ്ഞത് .എങ്ങനെ ദുഃഖത്തിൽ നിന്നും മോചിതനായി ശുദ്ധനാകാമെന്നാണ് പഠിപ്പിച്ചത്. കാരണം, അത് ജീവിതത്തിനു പ്രത്യക്ഷത്തിൽ ഗുണമുള്ളതാണ്.അതുകൊണ്ട് 'കരുണ'യിൽ ഉപഗുപ്തൻ സങ്കീർണമായ ബൗദ്ധിക ,ആത്മീയ ചിന്തകളിൽപ്പെട്ട് അന്തർമുഖനായിപ്പോയി എന്നു പറയാനാവില്ല. പിന്നെ എന്തുകൊണ്ടാണ് ഉപഗുപ്തൻ 'സമയമായില്ല' എന്നു പറഞ്ഞ് ഒഴിവാകുന്നത്? അദ്ദേഹത്തെ അലട്ടുന്ന ഒരു മന:ശാസ്ത്രപ്രശ്നമുള്ളതായി  കാണാവുന്നതാണ് .ദുഃഖം എങ്ങനെ ഉണ്ടാകുന്നു ,അത് എങ്ങനെ മനുഷ്യനെ കാർന്നുതിന്നുന്നു, അതിൽ നിന്നു എങ്ങനെ പുറത്തു കടക്കാം തുടങ്ങിയ പ്രശ്നങ്ങൾ അദ്ദേഹം അനുഭവിക്കുന്നുണ്ടാകും.അദ്ദേഹം ജീവിതത്തിൽ രൂഢമായ ആശകളിൽ നിന്നുള്ള വൈമുഖ്യ(Aversion)മാണ് മുഖ്യചിന്താവിഷയമാക്കിയിരിക്കുന്നത് . ദുഃഖനിവാരണത്തിന്റെ കാര്യത്തിൽ ഈ വൈമുഖ്യം പ്രധാനമാണെന്നു ബുദ്ധൻ വിവരിച്ചിട്ടുണ്ട്. അതുകൊണ്ട് എവിടെ തൊട്ടാലും ദുഃഖം തന്നിലേക്ക് സംക്രമിക്കുമെന്ന ബോധ്യത്തിൽ ഉപഗുപ്തൻ എല്ലാറ്റിൽ നിന്നും അസ്പൃശ്യനായി നിലകൊണ്ടു. ഈ മാനസികാവസ്ഥ അത്യന്തം അപകടകരമാണ്. സ്നേഹം ഒരു അമൂർത്ത സങ്കല്പമാകുന്നത് ഇവിടെയാണ്. എല്ലാവരെയും സ്നേഹിക്കുന്നു എന്നു പ്രഖ്യാപിച്ചു കൊണ്ട് എല്ലാറ്റിൽ നിന്നും വിമുഖ നായി നിലനിൽക്കുകയാണ് .എന്നാൽ പ്രായോഗികമായ സ്നേഹമില്ല. ഒരു വ്യക്തിയോടു സ്നേഹം കാണിക്കാൻ ഇത്തരം ഉപഗുപ്തന്മാർക്ക് സാധിക്കില്ല. അവർ വ്യക്തിപരമായ വൈമുഖ്യത്തെ പരമപ്രധാനമായി കാണുന്നു. അവർക്ക്  സ്നേഹം എന്ന തത്ത്വം മതി.ആ തത്ത്വത്തിൽ ഉൾച്ചേർന്നിരിക്കുന്ന മാനുഷികമായ വികാരത്തിൻ്റെ കാല്പനികത മതിയാവും. വ്യക്തിപരമായ സ്നേഹം വൈകാരികമായ ഏറ്റക്കുറച്ചിലുകളുടേതാണ്. രണ്ടു വ്യക്തികൾക്ക് പരസ്പരം സ്നേഹിക്കണമെങ്കിൽ അതിനു ഒരു മാനദണ്ഡമോ ഉപാധിയോ ഇല്ല. രണ്ടുപേർക്കും ഒരേ പോലെ സ്നേഹിക്കാനാവില്ല. സ്നേഹം ഓരോരുത്തരുടേതുമാണ്. ഓരോ വിധത്തിലാണ് ഓരോരുത്തരും സ്നേഹത്തെ വിധിക്കുന്നത്. സ്നേഹം ഒരു വിധിയാകാറുണ്ട് .എന്നാൽ അത് എല്ലാവർക്കും ഒരുപോലെയല്ല .ബുദ്ധസന്യാസിയുടെ സ്നേഹം വ്യക്തിഗതമായതല്ല ;അത് ആദർശാത്മകവും  മന:ശാസ്ത്രപരവുമാണ്. ഉപഗുപ്തനു വ്യക്തി,ദുഃഖമാണ്; ദു:ഖത്തിൻ്റെ കാരണമാണ്. അതുകൊണ്ട് വ്യക്തിയുടെ ശ്രദ്ധ മറ്റിടങ്ങളിലേക്ക്  പായിക്കേണ്ടത് അയാളുടെ ലക്ഷ്യമാണ് .ദു:ഖം വന്നു സ്പർശിക്കുമോ എന്നു ഭയന്നതുകൊണ്ടാണ് വാസവദത്തയിൽ നിന്നു ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത്. അദ്ദേഹത്തിൻ്റെ മുൻവിധിയാണത്. അദ്ദേഹത്തിൻ്റെ മനസ്സ് ഇങ്ങനെ സജ്ജീകരിച്ചിരിക്കുകയാണ്. ഉപഗുപ്തന്റെ മനസ്സ് സന്ദേഹത്തിൻ്റെ പിടിയിലാണ്. സ്വയം എന്താണെന്നു ചിന്തിക്കാൻ കഴിയാത്ത തരത്തിൽ മനസിൽ സന്ദേഹം വളരുന്നു. അത് സ്വാർത്ഥതയായിത്തീരുന്നു. ഉപഗുപ്തൻ്റെ മനസ് അനേകം ആശങ്കകളാൽ തകരുകയാണ് .ശാന്തി തേടിയ ആ മനസ്സിൽ അസ്പൃശ്യതയും അകൽച്ചയും സന്ദേഹവും വിമുഖതയും ആധിപത്യമുറപ്പിക്കുന്നു.ഇതാണ് ഉപഗുപ്തൻ വാസവദത്തയുടെ ക്ഷണം സ്വീകരിക്കാത്തതിനു കാരണം. ഇത് ബുദ്ധന്റെ കുഴപ്പമല്ല ;ഒരു ബുദ്ധമതാനുയായി തന്നെത്തന്നെ ആരാധിക്കുന്ന അവസ്ഥയിൽ നിന്നുണ്ടായതാണ്. എന്നാൽ താൻ ആരുമല്ലെന്നാണ് ചിന്തിക്കേണ്ടത്. യഥാർത്ഥ ബുദ്ധനെ പോലും അന്ധമായി പിന്തുടരാൻ പാടില്ലെന്നാണ് ബുദ്ധതത്ത്വം. ഓരോന്നിനെയും സ്വന്തം നിലയ്ക്ക് പരിശോധിക്കണം.ബുദ്ധൻ നൽകിയ ഈ ഉപദേശം അനുയായികൾക്ക് അവരുടെ പരിമിതികൾക്കകത്ത് ഒരു പ്രതിബന്ധമായി മാറി. അവർക്ക് മുന്നിൽ വരുന്ന എന്തിനെയും അതേനിലയിൽ നേരിടാനാവാതെ വന്നു.

ഉപഗുപ്തനിൽ സ്നേഹമില്ല 

സംശയരഹിതമായി യാതൊന്നുമില്ല, സത്യം തേടിയുള്ള യാത്രയിൽ എന്ന പ്രശ്നം ഉള്ളതിനാൽ സ്നേഹവും ത്യാഗവും അസാധ്യമായിത്തീരുന്നു. എയ്തുവിടുന്ന അസ്ത്രങ്ങൾ തന്നിലേക്കു തന്നെ വന്നുകൊണ്ടിരിക്കുന്നു. ഒരു ചോദ്യം തുടങ്ങിയാൽ അത് എവിടെയും പോകാതെ ഉത്ഭവിച്ച സ്ഥലത്തു തന്നെ വന്നുചേരുന്നു. തനിക്ക് പുറത്ത് മറ്റൊരു ലോകം തേടാനാവാത്ത വിധം  സത്യവും അതിനെക്കുറിച്ചുള്ള ചിന്തകളും അത് നേടുന്നതിനുള്ള മുന്നൊരുക്കങ്ങളും തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഇതാണ് ഉപഗുപ്തനെ പിന്നോട്ടുവലിച്ചത്. 

അയാൾക്ക് ജീവിതത്തിൽ സ്നേഹാനുഭവമില്ല. അയാൾക്ക് ആരെയും സ്നേഹിക്കേണ്ടതില്ല. കാരണം അയാൾക്ക് സ്നേഹം ഒരാശയമാണ് .അത് അനുഭവിക്കണമെങ്കിൽ സംശയങ്ങളുടെയും ചോദ്യങ്ങളുടെയും നൂറു കടമ്പകൾ കടക്കേണ്ടതുണ്ട്. സ്നേഹിക്കപ്പെടാൻ യോഗ്യതയുള്ള വസ്തുവിനെ തന്നെ ആരായേണ്ടതുണ്ട്. അതിൻ്റെ  പരിശുദ്ധമായ അവസ്ഥ സ്ഥിരീകരിക്കേണ്ടതുണ്ട്. വാസ്തവത്തിൽ ഇതുതന്നെയാണ് വെല്ലുവിളി. കാരണം പ്രകൃതിയിൽ ചിന്തകൾക്കും സ്വഭാവത്തിനും മാറ്റം വരുന്നുണ്ട്.ഒന്നും പ്രവചനാത്മകമല്ല. വിശുദ്ധി എന്നത് നിത്യമായ ഒരു അവസ്ഥയല്ല. ആപേക്ഷികമാണ് വിശുദ്ധി. ബുദ്ധൻ ഇങ്ങനെ പറഞ്ഞു : "സംശയിക്കുന്ന സ്വഭാവത്തെക്കാൾ ഭയാനകമായ മറ്റൊന്നില്ല. സംശയം ജനങ്ങളെ ഭിന്നിപ്പിക്കുന്നു .അത് നല്ല ബന്ധങ്ങൾ തകർക്കുകയും സൗഹൃദങ്ങൾ ശിഥിലമാക്കുകയും ചെയ്യുന്ന ഒരു വിഷയമാണ്. അസ്വസ്ഥപ്പെടുത്തുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്ന മുള്ളാണത്. അത് എല്ലാറ്റിനെയും കൊല്ലുന്ന വാളാണ്. "

എത്ര ഭീകരമായ ഒരവസ്ഥയാണ് ബുദ്ധൻ വിവരിക്കുന്നത്. എന്നാൽ ഈ അവസ്ഥ ബുദ്ധമതത്തിൽ തന്നെയാണുള്ളത്. സത്യന്വേഷണത്തിൽ ആരെയും അന്ധമായി വിശ്വസിക്കരുതെന്നു ബുദ്ധൻ തന്നെ പറഞ്ഞിട്ടുണ്ട്.  "എവിടെയെങ്കിലും കേട്ടതുകൊണ്ടോ മതഗ്രന്ഥങ്ങളിൽ എഴുതിവച്ചിട്ടുള്ളതുകൊണ്ടോ ഗുരുക്കന്മാർ അരുളിച്ചെയ്തതുകൊണ്ടോ വിശ്വസിക്കരുത്. നിരീക്ഷണവും അപഗ്രഥനവും കഴിഞ്ഞശേഷം യുക്തിക്കു നിരക്കുന്നതാണെങ്കിൽ, എല്ലാവർക്കും ഗുണമുള്ളതാണെങ്കിൽ മാത്രം അംഗീകരിക്കുക" എന്നാണ് ബുദ്ധൻ്റെ നിലപാട്. ഇത് ഫലത്തിൽ ഔദ്യോഗിക ഭരണകൂടത്തിൻ്റെ സമീപനത്തിനു തുല്യമാണ്. വ്യക്തിയില്ല, വസ്തുത മാത്രം. വ്യക്തിപരമായ അടുപ്പമോ വിശ്വാസമോ വർജിക്കണമെന്നാണ് സാരം. ഇതിൻ്റെ തുടർചലനങ്ങളാണ് ഉപഗുപ്തനിൽ കാണുന്നത് .അയാൾ യാതൊന്നിനെയും വിശ്വസിക്കുകയോ യാതൊന്നിനെയും സ്നേഹിക്കുകയോ ചെയ്യരുതെന്നു നേരത്തെ തീരുമാനിച്ചയാളാണ് .അതുകൊണ്ട് ഉപഗുപ്തനിൽ കാരുണ്യമില്ല എന്നു അനുമാനിക്കാവുന്നതാണ്. അയാൾ  കാരുണ്യമില്ലാത്തവനാണെന്നു  തെളിയിക്കാൻ ആശാൻ മറ്റൊരു സന്ദർഭം ഉപയോഗപ്പെടുത്തുകയാണ്. 'സമയമായില്ല' എന്നു അയാൾ പറഞ്ഞതിന്റെ വെളിച്ചത്തിൽ ഏതാണ് യഥാർത്ഥ സമയമെന്നു ആശാന്റെ അന്തരംഗത്തിൽ ചോദ്യമുയർത്തുന്നുണ്ട്. സ്നേഹം അഭ്യർത്ഥിച്ചു കാത്തിരുന്ന ഒരു സ്ത്രീയുടെ പതനം കാണാനാണ് അയാൾ കാത്തിരുന്നത്. അതാണല്ലോ യഥാർത്ഥ സമയം. അവിടേക്ക്  അയാൾ ഓടിക്കിതച്ചെത്തുകയാണ്. ആ സമയം ,ഉപഗുപ്തനെ വാസവദത്ത നോക്കുന്ന സമയത്ത് ആശാൻ 'പാവം' എന്ന് അവളെ വിളിക്കുന്നത് ഒരു യഥാർത്ഥ വായനക്കാരനെ നടക്കുക തന്നെ ചെയ്യും .എന്തുകൊണ്ടാണ് ആശാൻ ആ വാക്ക് ഉപയോഗിച്ചത്? എല്ലാ ഗോപുരങ്ങളും താഴെ വീഴുന്നതിന്റെ ശബ്ദമാണ് അതിലുള്ളത്. അവൾ ബുദ്ധനിലും ഉപഗുപ്തനിലും വിശ്വസിച്ചത് വെറുതെയായി. അവൾ കാരുണ്യത്തിലും സ്നേഹത്തിലും ആത്മബന്ധത്തിലും വിശ്വസിച്ചത് വെറുതെയായി .അവൾ കാത്തിരുന്നതും ഓർമിച്ചതും വെറുതെയായി. ജീവിതം തന്നെ വെറുതെയായി. 

കാരുണ്യത്തിൻ്റെ വിസ്ഫോടനം 

ഈ അവസ്ഥ അവളിൽ  അലംഘനീയമായി അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുകയാണ്. ഈ സമയത്ത് ആശാൻ 'പാവം' എന്നു വിളിക്കുന്നത് കാരുണ്യത്തിന്റെ വിസ്ഫോടനമായി കാണണം.  കാരുണ്യത്തിന്റെ മൂന്നുധാരകൾ ഇവിടെ കൂടിച്ചേരുന്നു. ആശാൻ്റെ കാരുണ്യം, കവിയുടെ കാരുണ്യം, കവിതയുടെ കാരുണ്യം. ഈ ധാരകൾ മറ്റെവിടെയുമില്ലെന്നാണ് തെളിയുന്നത്.
അതെ ,എവിടെയുമില്ല;അതുകൊണ്ടാണ് ആശാനു ഇത് എഴുതേണ്ടി വന്നത്. ലോകജീവിതത്തിന്റെ ആദർശവും മോക്ഷവുമെല്ലാം പൊള്ളയാണെന്നു സ്ഥാപിക്കപ്പെടുകയാണ് .

"സ്മരിക്കുന്ന പൂർവ്വരാഗമവനെ നോക്കിക്കണ്ണാൽത്താൻ
ചിരിക്കയും കരകയും ചെയ്യുന്നു പാവം." 

ഉപഗുപ്തൻ അവളുടെയടുത്ത് കൈകൾ പിന്നിൽ ചേർത്ത് കുനിഞ്ഞു നിൽക്കുകയാണ്. അയാളുടെ പരാജയവും ആശയപരമായ വീഴ്ചയും മറയ്ക്കാനാണ് കൈകൾ പിന്നിൽ വച്ചിരിക്കുന്നത്.എന്താണ് വൈകിയതെന്നും ഇതാണോ നേരത്തെ സൂചിപ്പിച്ച 'സമയം' എന്നും അവൾ ആ കിടപ്പിലും ചോദിക്കുന്നുണ്ട്. എന്നാൽ ആശാൻ ഇത് കൗശലപൂർവ്വം മറച്ചുവെക്കുകയാണ്.ഇത് ധ്വനിപ്പിക്കുകയാണ് ചെയ്യുന്നത് .ഇത് രചനാകൗശലമാണ്. അവൾ ചോദിച്ചത് കേൾക്കാനാവാത്ത വിധം താഴ്ന്നശബ്ദത്തിലാണ്. അതുകൊണ്ട് കേട്ടില്ല എന്നാണ് ആശാൻ പറയുന്നത്. ഇവിടെയാണ് യഥാർത്ഥ അനുവാചകൻ ഉണരേണ്ടത്. അവൾ പറഞ്ഞത് എങ്ങനെ മനസ്സിലാക്കാം? ആശാൻ അതിനൊരു ഉപാധിവയ്ക്കുന്നു. ഉപഗുപ്തൻ്റെ മറുപടിയിലൂടെ അവൾ എന്താണ് ചോദിച്ചതെന്നു ഊഹിക്കാമെന്നാണ് കവിയുടെ നിലപാട്.

എന്താണ് ഉപഗുപ്തൻ്റെ ഉത്തരങ്ങൾ? അത് ഇങ്ങനെ സംഗ്രഹിക്കാം: "ഞാൻ താമസിച്ചു പോയില്ല.നീ കരയരുത് ,എന്നെച്ചൊല്ലി കരയരുത്. നിൻ്റെ നല്ല കാലത്ത് നീയുമായി ഒരു ബാന്ധവം സാധ്യമായില്ലെനിക്ക് .നിൻ്റെ സൗന്ദര്യത്തിൽ മോഹിച്ച ഒരു സുഹൃത്തായി എന്നെ കാണരുത്. നിൻ്റെ അകൃത്രിമമായ പ്രണയത്തെ  ഞാനറിയുന്നു. അത് നിൻ്റെ മഹത്വമായി ഞാൻ കാണുന്നു. അതിനെനിക്ക് നന്ദിയുണ്ട്. ഏറ്റവും വലിയ വിപത്തിലും നിന്നെ ഒരാൾ പരിചരിക്കുന്നു .അത് അത്ഭുതമാണ്. നിൻ്റെ കണ്ണുനീരിൽ ഞാൻ ദാക്ഷിണ്യമാണ് കാണുന്നത്. ദാക്ഷിണ്യമുള്ള നീ നിയതിയുടെ പിടിയിൽപ്പെട്ടു ക്രൂരത ചെയ്തു .ധനദാഹവും സൗന്ദര്യവും നിന്നെ വഞ്ചിക്കുകയായിരുന്നു .ഭോഗം അതിചപലമാണ്. രതിമോഹത്താൽ ജയിക്കുന്നത് അവിദ്യയാണ്. ഏതായാലും ഇത് നന്നായി.(അതു നിൽക്ക, വിപത്തിതൊരതുലാനുഗ്രഹമായ് നീ മതിയിലോർക്കണം സഖീ ,എന്തുകൊണ്ടെന്നോ?)  സാരമില്ല .നിൻ്റെ നഷ്ടമെല്ലാം ഗുരുവിന്റെ ഈ സാമീപ്യം കൊണ്ട് നേടിയെടുക്കാവുന്നതാണ്. ആരും അപഹരിക്കാത്ത ശാന്തി നിനക്ക് കൈവരാൻ പോവുകയാണ്. നീ പേടിക്കരുത്. ശാശ്വതശാന്തി ലഭിക്കാൻ പോവുകയാണ്. ബുദ്ധഭഗവാന്റെ പാദങ്ങൾ തുടച്ച കൈകളാണിത്. അതുകൊണ്ട് നിൻ്റെ നെറ്റിയിൽ ഞാൻ തലോടിയാൽ മതി, നിനക്ക് ശാന്തി ലഭിക്കും."

പളുങ്കുപാത്രത്തിൽ മാലിന്യം 

ബുദ്ധൻ പറഞ്ഞതു കൂടി ഓർക്കണം. "എന്തെങ്കിലും തരത്തിൽ മനസിനു മുറിവേറ്റവരാണ് എല്ലാവരും. അവരുടെ മുറിവുണക്കാനുള്ള ഒരു സഹായമാണ് നാം നീട്ടി കൊടുക്കേണ്ടത്. ഇത്തരം പ്രവൃത്തികളിലൂടെ നാം നമ്മെ തന്നെയാണ് സുഖപ്പെടുത്തുന്നത്. " ഉപഗുപ്തൻ്റെ വാക്കുകൾ ശ്രദ്ധിച്ചാലറിയാം ,അയാൾ അഗാധമായി ചിന്തിക്കുന്നില്ല. ഭാഗിക വീക്ഷണമാണത്. അയാൾ തന്നേക്കാൾ മഹത്തരമായി ഒന്നിനെയും കാണുന്നില്ല. അയാൾക്ക് യാതൊന്നിലേക്കും ഇറങ്ങിച്ചെല്ലാനാവുകയില്ല. അയാൾ അന്യവത്ക്കരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. രക്തം വാർന്നു മരിക്കാൻ പോകുന്ന ഒരു സ്ത്രീയെ നോക്കി നിൻ്റെ സൗന്ദര്യത്തിൽ ഭ്രമിക്കാത്ത ഒരുവനാണ് താനെന്നു പറയാനുളള ക്രൂരതയാണ് അയാളുടെ സന്യാസത്തിൻ്റെ കാതൽ .എന്നിട്ട് അവളുടെ പ്രണയത്തെ മാനിക്കുന്നുവെന്നു പറയുന്നു.എന്തിനാണ് ഈ അവസ്ഥയിൽ ,അവളുടെ നഷ്ടപ്പെട്ട സൗന്ദര്യത്തെ അപമാനിക്കുന്നത് ? അയാൾ പ്രണയത്തെ എങ്ങനെയാണ് മാനിക്കുന്നത്? പ്രണയത്തെ അറിയാത്ത ഒരാൾ എങ്ങനെ അതിനെ മാനിക്കും? അയാൾ അത് പ്രണയമാണെന്നു  തിരിച്ചറിഞ്ഞതുകൊണ്ടാണോ ഒഴിഞ്ഞുമാറിയത്? എങ്കിൽ അത് എത്ര മനുഷ്യത്വഹീനമാണ്. ഒരാളുടെ പ്രണയം നിരാകരിക്കുന്നത് എങ്ങനെയാണ് മഹത്വമാകുന്നത് ?വാസവദത്തയുടെ  കരച്ചിൽ കണ്ട് അത് തന്നെക്കുറിച്ച് ഓർത്തതുകൊണ്ടാണെന്നു അയാൾ തെറ്റിദ്ധരിക്കുന്നു .അയാൾക്ക് അല്പം പോലും വൈകാരികക്ഷമതയില്ലെന്നതിനു ഇതാണ് ഏറ്റവും നല്ല തെളിവ് . അവൾ കരഞ്ഞത് ശരീരത്തിലെ അവയവങ്ങൾ മുറിച്ചുമാറ്റിയതു കൊണ്ടും ആ സമയത്ത് ഉപഗുപ്തൻ ആവശ്യമില്ലാതെ അവിടെ ചെന്നതിന്റെ ഫലമായുണ്ടായ അപമാനം സഹിക്കാൻ കഴിയാത്തതുകൊണ്ടുമാ ണ്. മരിക്കാൻ കിടക്കുന്ന നിസ്സഹായയ്ക്ക് ദാക്ഷിണ്യമുണ്ടെന്ന് !വിപത്തുണ്ടായാൽ അത് പലതും ഓർമ്മിച്ചെടുക്കാൻ സഹായിക്കുമെന്നു പറയുന്ന ഈ സന്യാസി എത്ര മനുഷ്യത്വമില്ലാത്തവനാണ് !ഈ മനുഷ്യനെ പുറത്തു കൊണ്ടുവരാൻ വേണ്ടിയാണ് ആശാൻ കരുണ എഴുതിയത് .ആശാന് ഇതാവശ്യമായിരുന്നു. കവി എല്ലാ കപട, പൊങ്ങച്ച ചേഷ്ടകളും നശിപ്പിച്ചു കളയുകയാണ് .മൂടിവെച്ച പളുങ്കുപാത്രത്തിൽ മാലിന്യമാണെന്നു തുറന്നു പറയാൻ ഇങ്ങനെതന്നെയാണ് സമീപിക്കേണ്ടത്. മഹത്വം ഉണ്ടെന്നു പുകഴ്ത്തപ്പെട്ട ഒന്നിനെ വേരോടെ പിഴുതെടുക്കാൻ ഈ മാർഗം തന്നെയാണ് വേണ്ടത് .ഇതും പോരാഞ്ഞ്, അവളുടെ വേദനയും നഷ്ടപ്പെട്ട ശരീരവും ഗുരുകടാക്ഷത്താൽ നീങ്ങിക്കിട്ടുമെന്നു ഉപഗുപ്തൻ പറയുന്നു! എല്ലാ നഷ്ടവും തീരാൻ പോവുകയാണെന്ന്! എങ്ങനെയാണ് ഈ യുവാവിനു ശാന്തി നല്കാനുള്ള സിദ്ധിയുണ്ടാവുന്നത് ?നിർവ്വാണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് പടിപടിയായി ,സാത്വികമായി സഞ്ചരിച്ച് ,സ്വയം ത്യജിച്ച് നെടേണ്ടതാണ്. എങ്കിലും അതിനു ഉറപ്പില്ല. അത് ഒരാൾ വിചാരിച്ചാൽ കൊടുക്കാൻ കഴിയില്ല .

തീവ്രമായി വഞ്ചിച്ച ,അന്യൻ്റെ  ദുഃഖത്തെ ദൂരീകരിക്കാൻ യാതൊന്നും ചെയ്യാത്ത ,സ്വന്തം മഹത്വവൽക്കരണത്തിലും  താത്ത്വികമായ ഗർവ്വിലും വിശ്വസിക്കുന്ന ഒരാൾ മറ്റൊരാളുടെ വേദന എങ്ങനെയാണ് തുടച്ചുമാറ്റുന്നത് ?ഈ അസംബന്ധമാണ് 'കരുണ'യിൽ തുറന്ന കാട്ടുന്നത്.ഉപഗുപ്തനിൽ കരുണയില്ല .അയാളുടെ മനസ്സ് വരണ്ടുപോയിരിക്കുന്നു. അയാൾ വെറും ഉപചാരവാക്കുകളാണ് പുറപ്പെടുവിക്കുന്നത്. അതാകട്ടെ പരനിന്ദയും അവഹേളനവും നിറഞ്ഞതുമാണ് .കരുണ മനുഷ്യനിൽ അന്തർലീനമായിരിക്കേണ്ടതാണ്. മുറിവുണക്കുന്നവനാണ് ദയമുള്ളവനെന്നു ബുദ്ധൻ പറയുന്നത് അതുകൊണ്ടാണ്.മുറിവുണക്കണമെങ്കിൽ തന്നിൽ നിന്നു തന്നെ ഒരാൾ പുറത്തുവരണം.മറ്റുള്ളവർ സന്തോഷത്തോടെയിരിക്കാനാണ് ഒരു ബുദ്ധസന്യാസി ശ്രമിക്കേണ്ടതെന്നു ദലൈലാമ പറഞ്ഞത് ഓർക്കുകയാണ്. ഇവിടെ ഉപഗുപ്തനു അങ്ങനെയൊരു ചിന്തയില്ല .അയാൾ ഒളിച്ചോടുകയാണ് ചെയ്യുന്നത് .കരുണ ജീവിതത്തിൽ വളരെ അപൂർവമാണ്.മനുഷ്യപ്രകൃതിയിൽ അത് ദൃശ്യമല്ല. അത് നാം സൃഷ്ടിച്ചെടുക്കേണ്ടതാണ്. ആശാൻ കരുണ്യത്തിൻ്റെ ശോഭ വർദ്ധിപ്പിക്കുകയാണ് ചെയ്തത്. കരുണ എന്ന വികാരത്തിൻ്റെ പരഭാഗശോഭയാണിത്. കരുണയ്ക്ക് തിളക്കം കൂടിയത് തൊട്ടടുത്ത് സ്നേഹരാഹിത്യവും മറവിയും ആത്മപൂജയും നിന്ദയും നിയന്ത്രണാതീതമായതുകൊണ്ടാണ്. ചുറ്റും ഇരുട്ടാണ്. ഉടുത്തുകെട്ടുകളും ആദർശങ്ങളും കരിപിടിച്ചു പാഴായിരിക്കുന്നു. വാസവദത്ത എന്ന സ്ത്രീക്ക് കാരുണ്യം ലഭിച്ചില്ല. അതാണ് ലോകസഭാവം.കരുണ എവിടെയാണുള്ളതെന്ന തിരച്ചിൽ കവിതയിലൂടെ പ്രകടമാവുകയാണ് .അങ്ങനെ കരുണയ്ക്കു ആകർഷകത്വം ഏറുന്നു.





Monday, July 21, 2025

അനുധാവനം /എം.കെ.ഹരികുമാർ (june)



ചിത്രശലഭപ്പറക്കലിൽ ഒളിപ്പിച്ചിരിക്കുന്നത് 


എല്ലാം പൂർവ്വനിശ്ചിതമാണെന്ന ഒരു ചിന്തയുണ്ട് .ഇന്ത്യൻ ശാസ്ത്രങ്ങളിൽ എല്ലാം നിർവ്വചിക്കപ്പെട്ടതാണ്;ആത്മീയത മുതൽ നക്ഷത്രബന്ധം വരെ. ബൈബിളിലെ സഭാപ്രസംഗകൻ പറഞ്ഞത് ശ്രദ്ധിക്കുക: "എല്ലാറ്റിനും ഒരേ ശ്വാസമാണുള്ളത്. മനുഷ്യനു മൃഗത്തേക്കാൾ യാതൊരു മേന്മയുമില്ല.എല്ലാം മിഥ്യയാണ്. എല്ലാം  ഒരിടത്തേക്ക് പോകുന്നു. എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം പൊടിയിലേക്ക് മടങ്ങുന്നു. മനുഷ്യൻ്റെ പ്രാണൻ മേല്പോട്ടും മൃഗത്തിൻ്റെ താഴെ മണ്ണിലേക്കും പോകുന്നുവോ? ആർക്കറിയാം! "

ജീവിതത്തെക്കുറിച്ച് ഇത്രയും ആഴത്തിൽ ഒരു ദർശനം വേറെ എവിടെയാണുള്ളത് ?ഈ കാണുന്നതിൻ്റെയെല്ലാം അന്ത്യം  ഉറപ്പാണ് ;എന്നാൽ അതൊന്നും നമ്മോടൊപ്പമല്ല .ഓരോന്നിനും അതാതിൻ്റെ അന്ത്യം കരുതപ്പെട്ടിരിക്കുന്നു. ഒരന്ത്യമുള്ളതു കൊണ്ടാണ് നാം സ്വതന്ത്രരായിരിക്കുന്നത്. ഒരു നായ സ്വതന്ത്രനായിരിക്കുന്നത് അതിനു നിരുപാധികമായ ഒരു മരണം ഉറപ്പായിട്ടുള്ളതുകൊണ്ടാണ്. ഒരന്ത്യമാണ് നമ്മെ വേറിട്ടതാക്കുന്നത്. എന്തെന്നാൽ ഓരോ വഴിക്ക് മടങ്ങാനാവും .ഒരു പൂച്ചയോ എലിയോ ചത്തു കിടക്കുന്നത് കണ്ടു മനുഷ്യനു പറയാൻ കഴിയുമോ, താൻ അതിനെക്കാൾ മികച്ച രീതിയിൽ അവസാനിക്കുമെന്ന് ? ഒരുത്തൻ്റെയും കപടമുഖം കാണാതെ ,മരണാനാന്തരവിചാരങ്ങളില്ലാതെ അവയ്ക്ക് സ്വതന്ത്രമായി മരിക്കാനാകുന്നുണ്ട്. മരണശേഷമുള്ള സ്വർഗ്ഗത്തിലെ എൻട്രി ഉറപ്പാക്കാൻ വേണ്ടി സമയം പാഴാക്കേണ്ടി വന്നില്ലല്ലോ എന്ന ചാരിതാർത്ഥ്യം അവയ്ക്കുണ്ട്. നമ്മൾ ജീവിതത്തോടൊപ്പം മരണാനന്തരജീവിതവും നയിക്കുന്നു എന്ന അസംബന്ധമുണ്ട്. നാം ഈ ലോകത്തെ വളരെ കുറച്ചു മാത്രമാണ് മനസ്സിലാക്കുന്നത് .നമ്മൾ വലിയ വ്യക്തികളൊന്നുമല്ല .നാം പരിമിതികളുടെ കൂടാണ് .യഥാർത്ഥ സ്നേഹിതനെ പോലും ക്രൂരമായി  വിചാരണ ചെയ്ത് ,അന്യവത്ക്കരിച്ച്, ആത്മസംതൃപ്തി നേടുന്ന ചീത്തസ്വഭാവമാണ് നമ്മുടേത്. നാം കാണുന്നത് ഒരു വശം മാത്രമാണ്.  നാം എന്നെങ്കിലും ഭാവിയെ കണ്ടിട്ടുണ്ടോ ?ഈ ലോകം ഭാവിയും കൂടി ചേർന്നതാണ്. മനുഷ്യർക്ക്  എന്നും ഭൂതകാലം മതി ;പഴയ കണ്ണാടി പോലെ അത് നിത്യേന തുടച്ചു വൃത്തിയാക്കുന്ന ഭീരുവാണ് മനുഷ്യൻ.


സൽമാൻ റുഷ്ദി പറഞ്ഞു: " മനുഷ്യരായ നമുക്ക് വസ്തുക്കളെ പൂർണമായി കാണാനുള്ള കഴിവില്ല. നാം ദൈവമല്ല, മുറിവേറ്റ ജീവികളാണ് .പൊട്ടിയ ചില്ലുകളാണ് .വിള്ളൽ വീണ, ചിതറിയ കാഴ്ചകൾക്ക് മാത്രമേ അത് ഉപകരിക്കൂ. നമ്മൾ ഭാഗിക മനുഷ്യരാണ് ,എല്ലാ അർത്ഥത്തിലും. അർത്ഥം എന്നത് കഷണങ്ങൾ കൊണ്ട്, അന്ധവിശ്വാസങ്ങൾ കൊണ്ട്, കുട്ടിക്കാലത്തെ മുറിവുകൾ കൊണ്ട് , പത്രലേഖനങ്ങൾ കൊണ്ട് ,പഴയ സിനിമകൾ കൊണ്ട് ,ചെറിയ വിജയങ്ങൾ കൊണ്ട് ,സ്നേഹിച്ചവരും വെറുത്തവരുമായ ആളുകളെ കൊണ്ട്  ഉണ്ടാക്കിയ ദുർബലമായ എടുപ്പാണ്.തീർത്തും അപര്യാപ്തമായ വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ഈ ബോധത്തെ മരണം വരെ നാം ഉപേക്ഷിക്കുകയില്ല." നമ്മളിൽ വ്യത്യസ്തരൊന്നുമില്ല .എല്ലാം ഒരേതരമാണ്.ഇതൊക്കെ അറിയുന്ന ഒരാൾ എഴുതുമ്പോൾ എന്തെല്ലാം പരീക്ഷണങ്ങളും അപകടകരമായ ഭാവനകളും ഉണ്ടാകേണ്ടതാണ്.മുറിവുകൾ പൂക്കളായി പരിവർത്തനപ്പെടണം. അപകർഷതകൾ ചിത്രശലഭപ്പറക്കലുകളായി മാറണം .പരാജയങ്ങൾ മറ്റു രാഗങ്ങളും പാതകളുമായി രൂപപ്പെടണം. ചിത്രശലഭപ്പറക്കലിൽ ഒളിപ്പിച്ചിരിക്കുന്നത് നമ്മെത്തന്നെയാണെന്നു അറിയണം. അതിനുപകരം എന്താണ് സംഭവിക്കുന്നത്? ചിന്തകൾ ചത്ത പാമ്പിനെ പോലെ നിശ്ചലമായിരിക്കുന്നു. സ്വതന്ത്രമായ മനസ്സ് എവിടെ? വിദ്യാഭ്യാസം ഇന്നത്തെ സാംസ്കാരിക സാഹചര്യത്തിൽ സ്വാതന്ത്ര്യത്തെ തടയുകയാണ് ചെയ്യുന്നത്. 

നോവൽ പ്രമോഷനു വേണ്ടി ഏതറ്റം വരെയും 

നിരാശ ബാധിച്ച നോവലെഴുത്തുകാർ പ്രമോഷനു വേണ്ടി ഏതറ്റം വരെയും പോകുകയാണ്. അടുത്തിടെ ഒരു യുവ നോവലിസ്റ്റ് നോവൽ പ്രമോഷൻ നടത്തിയത് ഒരു രാഷ്ട്രീയ നേതാവിനെ ഉപയോഗിച്ചാണ് .നേതാവ് നോവലിനെ പ്രശംസിക്കുന്ന വീഡിയേകൾ കാണാനായി. വേറൊരു സുഹൃത്ത് തൻ്റെ നോവൽ പ്രമോഷനു വേണ്ടി ഒരു തമിഴ് സിനിമാതാരത്തെയാണ് സമീപിച്ചത്. താരം നോവൽ വായിക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ പോവുകയാണ്. ഇതൊക്കെ കാണുമ്പോൾ കഷ്ടം എന്നു പറയാനാണ് തോന്നുന്നത്. ആരാണ് എഴുത്തുകാരൻ എന്നു മനസിലാക്കാൻ ഇവർക്ക് കഴിവില്ല .കേശവദേവ് ,സി.ജെ.തോമസ് ,എം.ഗോവിന്ദൻ ,കുറ്റിപ്പുഴ തുടങ്ങിയവരെ അറിയാൻ ഇവർക്ക് സമയമില്ല. നോവൽ എഴുതാൻ ഉപയോഗിക്കുന്ന ബുദ്ധിയുടെ കാൽ ശതമാനമെങ്കിലും ഇതിൽ  ചെലവഴിക്കുക. ഇത്തരം തറവേലകൾ കൊണ്ട് തരം താഴാമെന്നു മാത്രം. താനൊരു കഴമ്പില്ലാത്ത വ്യക്തിയാണെന്നു തെളിയിക്കുകയാണ് നോവലിസ്റ്റ് .എഴുത്തുകാരന്റെ അല്ലെങ്കിൽ എഴുത്തുകാരിയുടെ റോൾ എന്താണെന്നു മനസ്സിലാക്കുക. സ്വയം അധ:പതിക്കാതിരിക്കുക.ഇത്തരക്കാരുടെ കൃതികൾ വായിക്കാൻ തോന്നുകയില്ല. ഉണ്ണികൃഷ്ണൻ തിരുവാഴിയോട് ,വി.പി. ശിവകുമാർ തുടങ്ങിയവരെ പോലെ ഉയർന്ന നിലവാരമുള്ള എഴുത്തുകാർ പുതിയ തലമുറയിൽ ഇല്ലെന്നു തോന്നുന്നു. ഇതിലൊന്നുമല്ല എഴുത്തുകാരന്റെ മിടുക്ക്.സ്വന്തം മാധ്യമത്തെ എത്രത്തോളം നവീകരിക്കുകയും ആഴത്തിൽ അനുഭവിപ്പിക്കുകയും ചെയ്യുന്നു എന്നാണ് നോക്കേണ്ടത്. നിലവിലുള്ള ആഖ്യാനരീതിയെ വെല്ലുവിളിക്കണം! 

So you must risk placing real emotion at the centre of your work .Write straight into the emotional centre of things.

Anne Lamott

കവിത കാവ്യാത്മകമാകരുത് 

കെ.എ.ജയശീലൻ മിക്കപ്പോഴും ബുദ്ധികൊണ്ടാണ് കവിത എഴുതുന്നത്. കവിതയെ അദ്ദേഹം പൂർവ്വകവികളുടെ കാല്പനിക നവോന്മേഷത്തിലേക്ക്  ആനയിക്കുകയാണ്. ആധുനികതയുടെ അപരാഹ്ന ജീർണത എന്നു വിളിക്കാം. കാവ്യവസ്തുവല്ല കവിത: വസ്തുവിനെ, അതിൻ്റെ ജീവതത്ത്വപരമായ ഉണ്മയെ പുറത്തു കൊണ്ടുവരുന്ന വിചാരമാണത്.അത് ഒരു പട്ടം ചരടറ്റ് പറക്കുന്നതു പോലെയാകണം. ഒരു വലിയ അഗാധതയ്ക്ക് മുകളിലൂടെ ചരടിന്മേൽ എന്ന പോലെയുള്ള യാത്രയാണത്. വായനക്കാരൻ ചരടിൽ ബന്ധിച്ച പട്ടമല്ല ;ചരടറ്റ് പറക്കാനാണ് അവൻ്റെ അന്തർ മനസ്സ് പറയുന്നത്. എന്നാൽ കവികൾ വ്യവസ്ഥാപിതത്വത്തെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ച് പൂർവ്വകാലത്തിലേക്കു കൊണ്ടുപോയി കെട്ടിയിടുന്നു. ചിത്രശലഭത്തിൻ്റെ കാലത്തെക്കുറിച്ചാണ് കവി വിചാരിക്കുന്നത്. എന്നാൽ ഈ വിചാരം ഒരു കവിചേതനയിൽ ഉരുകിച്ചേർന്നു മറ്റൊന്നാകുന്നില്ല.

"പത്തുനിമിഷത്തിൽ 
പത്തുദിവസത്തെ കുത്തിനിറയ്ക്കാൻ
കഴിഞ്ഞാൽപ്പോലും 
കാലത്തെ വീണ്ടും 
വലിച്ചുവിടർത്തണം
മാലോകർ ജീവനോടൊ-
പ്പമാകാൻ.
ഒറ്റപ്പൂമേലും
ശരിക്കുമിരിക്കില്ല 
മറ്റേപ്പൂവിൻ്റെ 
വിചാരംമൂലം "

ജയശീലൻ്റെ 'ചിത്രശലഭങ്ങൾ ഇത്ര ധൃതിപിടിച്ച്'(മാതൃഭൂമി ആഴ്ചപ്പതിപ്പ് , മെയ് 18)എന്ന കവിതയിലെ വരികളാണ്. കവി ഇവിടെ നിലവാരപ്പെടുകയാണ് ചെയ്യുന്നത്. ഓർമ്മകൾ കുഴിച്ചെടുക്കുന്നതിൽ കവിക്ക് വേണ്ടത്ര സമയം കിട്ടിയിട്ടില്ല. ഒരു ശലഭം അതിൻ്റെ ആനന്ദത്തിന്റെ സമ്പദ് വ്യവസ്ഥയിൽ തൃപ്തമല്ല എന്നു കവിക്ക് എങ്ങനെ പറയാൻ കഴിയും? നമ്മെക്കാൾ ഋജുവായി, അനായാസമായി ആനന്ദം നേടാൻ കഴിയുമെന്നിരിക്കെ മനുഷ്യരെപ്പോലെ സർവീസിൽ കയറി മുപ്പതു വർഷം കുറ്റിയടിച്ചു കിടക്കാൻ ശലഭത്തിനു  സമയമില്ലല്ലോ.ജയശീലൻ കവിത എഴുതിയശേഷവും ശലഭത്തിൻ്റെ ആ പഴയ ലോകം അതേപോലെ നിലനിൽക്കുന്നു; ഒരു മാറ്റവും സംഭവിച്ചില്ല .ഇതാണ് കവിത നിലവാരപ്പെട്ടതാണെന്നു പറയാൻ കാരണം. ഡിലൻ തോമസ് (Dylan Thomas)നല്ല കവിത യാഥാർത്ഥ്യത്തിനുള്ള ഒരു സംഭാവനയാണെന്നു പറഞ്ഞത് ഓർക്കുകയാണ് .നല്ല കവിത എഴുതപ്പെടുന്നതോടെ ലോകം പഴയതുപോലെ ആയിരിക്കില്ല.

"A good poem helps to change the shape of the universe ,helps to extend everyone's knowledge of himself and the world around him."

ആശയഭംഗിയുള്ള പ്രസ്താവനയാണ് ഡിലൻ തോമസിൻ്റേത്. കവിത ഒരു വസ്തുവിന്റെ വിധി ,വർത്തമാനം, ഭാവി എന്നിവ മാറ്റുന്നു. പകരം മറ്റൊരു മാനം നല്കുന്നു .ഈ ലോകത്തിൻ്റെ  രൂപത്തെ മാറ്റുകയാണ് ഒരു മികച്ച കവിത ചെയ്യുന്നത്. അല്ലെങ്കിൽ കവിത ഒരു ബദ്ധപ്പാട് മാത്രമായിരിക്കും. നമുക്ക് നമ്മെക്കുറിച്ചുള്ള അറിവിനെ വികസിപ്പിക്കാൻ കവിത പര്യാപ്തമാവണം. അങ്ങനെ പുതിയൊരു ലോകത്തെ കാണാൻ കഴിയണം. ജയശീലൻ്റെ കവിത പരമ്പരാഗതമായ അക്കാദമിക് ചതുപ്പുനിലങ്ങളിൽ തന്നെയാണ്. കവിത കാവ്യാത്മകമാകരുത്. കാവ്യാത്മകത എന്നു പറയുന്നത് പൂർവ്വകാലത്തെ കവിതകളും അതിനെക്കുറിച്ചുള്ള ചർച്ചകളും  ചേർന്നുണ്ടാക്കിയതാണ് .ആ കാവ്യാത്മകത ഒരു ഭാരമാണ് .അതിനെ മറികടക്കേണ്ടതുണ്ട്. കാവ്യാത്മകമല്ലാത്ത ഭാഷയിലാണ്, ചിന്തയിലാണ് യഥാർത്ഥ കവിത ഒരു പിറവിക്കായി തയ്യാറെടുക്കുന്നത് .

The only interesting answers are those that destroy the questions .
-Susan sontag


ലക്ഷം കോപ്പിക്കാർ വരവായി 

ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞ് എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് അത് മികച്ചതാണെന്നു സഹൃദയർ അംഗീകരിക്കുന്നതെന്നോർക്കണം.  ഒരു സ്ഥാപനത്തിൻ്റെ ആശീർവാദമല്ല  ഉദ്ദേശിക്കുന്നത്. കുറെ വായനക്കാരുടെ മനസ്സിൽ അതിനൊരു സ്ഥാനം കിട്ടുന്നു എന്ന അർത്ഥത്തിലാണ് .കാലത്തിൻ്റെ പരീക്ഷണമുണ്ട്. അതിനെ അതിജീവിക്കണം. പത്തുവർഷം പോലും ഒരു കാലമല്ല. പരമാവധി ചർച്ച ചെയ്ത് അതിൻ്റെ ഭാവുകത്വപരമായ വ്യതിയാനങ്ങൾ പരിശോധിക്കേണ്ടതുണ്ട് .ഒരു നല്ല കൃതിയിൽ അനേകം നിഴലുകൾ ഉണ്ടായിരിക്കും .അത് ചിലപ്പോൾ ഒറ്റ വായനയ്ക്ക് ലളിതമായി തോന്നുമെങ്കിലും ആഴത്തിൽ ചിന്തിക്കുന്നവർക്ക് കൂടുതൽ പരതി നോക്കേണ്ടിവരും. ഭാഷ ,സംസ്കാരം, സ്വരം, സംഗീതം, കല ,സാമൂഹിക ജീവിതത്തിന്റെ പ്രതിസ്പന്ദങ്ങൾ തുടങ്ങി പലതലങ്ങളിലൂടെയാണ് അത് മുന്നോട്ടുപോകുന്നത്. എന്നാൽ ഈ വക കാര്യങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത ചിലർ പ്രബലരായ പ്രസാധകരുടെ വിപണന തന്ത്രങ്ങളിലൂടെ കൂടുതൽ കോപ്പി അച്ചടിച്ചു എന്ന തരത്തിൽ പ്രചാരണവുമായി ഇറങ്ങിയിരിക്കയാണ്. ഒന്നരലക്ഷം കോപ്പി വിറ്റ പുസ്തകം എന്ന് അവകാശപ്പെട്ടുകൊണ്ട് പരസ്യം ചെയ്യുന്ന എഴുത്തുകാരെ ഇപ്പോൾ കാണാറുണ്ട് .ഇക്കൂട്ടർക്ക് പുസ്തകങ്ങൾ എങ്ങനെയാണ് അതിൻ്റെ ദീർഘമായ സമരങ്ങളിലൂടെ ഭാവുകത്വപരമായ ആലോചനകൾ ഉറപ്പിച്ചെടുക്കുന്നതെന്ന് അറിയില്ല. എഴുത്തുകാരൻ തൻ്റെ ഫോട്ടോ പതിച്ച പരസ്യങ്ങളിൽ ഒന്നോ രണ്ടോ ലക്ഷം കോപ്പി വിറ്റ കൃതിയാണെന്ന് അവകാശപ്പെടുന്നതിൽ ഈ കാലത്തിൻ്റെ സകല അസംബന്ധങ്ങളും അന്തസ്സാര ശൂന്യതകളും പത്തി വിടർത്തിയാടുന്നതായാണ് തോന്നുന്നത്. ദയനീയമായ ഒരു കാഴ്ചയാണിത്. എന്താണ് എഴുത്തുകാരന് അർത്ഥമാക്കുന്നത്? കുറേപ്പേർ മറ്റെന്തെങ്കിലും താൽപര്യത്തിന്റെ പേരിൽ രണ്ടു ലക്ഷം കോപ്പി വാങ്ങിയാൽ അത് മികച്ച കൃതിയായി അംഗീകരിക്കപ്പെട്ടു എന്നോ? തെറ്റായ നിലപാടാണിത്.ഒരു ആൾക്കൂട്ടത്തിനും ഒരു കൃതി മികച്ചതാക്കാൻ കഴിയില്ല .ലക്ഷം  പേരല്ല ഒരു നല്ല കൃതി കണ്ടെടുക്കുന്നത് .ഒരു സംഗീത ബാൻഡിനു അത് ഇണങ്ങും.സംഗീത ബാൻഡ് ഭാവുകത്വപരമായ സമസ്യ സൃഷ്ടിക്കുന്നില്ലല്ലോ. മികച്ച പൈങ്കിളി നോവൽ ഏതെന്നു കണ്ടെത്താൻ ലക്ഷം പേരുടെ ഒപ്പ് സഹായകമാണ്.ആൾക്കൂട്ടത്തെ പെട്ടെന്നു തൃപ്തിപ്പെടുന്ന കൃതി രണ്ടാമതൊന്നു വായിക്കാൻ ഒന്നുമുണ്ടാവില്ല. അതിൽ ഒരു പുതിയ ഭാവുകത്വത്തിന്റെ ചലനമില്ല .ഉള്ളി തൊലിക്കുന്ന പോലെയാണ്. ആൾക്കൂട്ടത്തിനു ഒരു സാമാന്യമായ അഭിരുചിയാണുള്ളത്. ഒരിക്കലും മികച്ച കൃതി സാമാന്യമായ അഭിരുചിയല്ല പകരുന്നത്. ഉറൂബ് ,ത കഴി തുടങ്ങിയവർ തങ്ങളുടെ കൃതികൾ ലക്ഷത്തിൽ കൂടുതൽ വിറ്റു എന്നു പറഞ്ഞ് പരസ്യം ചെയ്യുമായിരുന്നോ ?എങ്കിൽ പിന്നെ അവർ ഖണ് വി 

ഹ്വാൻ റുൾഫോയുടെ 'പെഡ്രോ  പരാമോ' അച്ചടിച്ച കാലത്ത് രണ്ടായിരം കോപ്പി പോലും വിറ്റില്ല. പിന്നീട് പല എഴുത്തുകാർ അതിനെപ്പറ്റി എഴുതുകയും പറയുകയും ചെയ്ത ശേഷമാണ് വിവിധ ഭാഷകളിലേക്ക്, മികച്ച കൃതി എന്ന നിലയിൽ , മൊഴിമാറ്റം ചെയ്യപ്പെട്ടത്.'ഖസാക്കിന്റെ ഇതിഹാസം' എത്ര പതിറ്റാണ്ടുകൾ നീണ്ട ചർച്ചയിലൂടെയാണ് ഇന്നത്തെ നിലയിൽ എത്തിയത്. എന്നാൽ ഇന്നു എഴുത്തുകാർ ഇത്തരം ചരിത്രപരമായ അറിവുകളുടെ അഭാവം കൊണ്ട്, തങ്ങളുടെ കൃതികൾ ലക്ഷം കോപ്പി വിറ്റു എന്നു പറഞ്ഞു മസിൽ പിടിച്ചു നിൽക്കുകയാണ്. എഴുത്തുകാരൻ അധ:പതനത്തിന്റെ ചിഹ്നമായി മാറരുത്. ചിന്താപരമായ പരിമിതി മനസ്സിലാക്കാം ;പക്ഷേ ഇത് നല്ല വായനക്കാരെ അപമാനിക്കുന്നതാണ്. 

കാവ്യാത്മകമാകാതെ കമലാദാസിന്റെ കവിതകൾ

കമലാദാസ് ഒരിക്കൽ പറഞ്ഞു, തനിക്ക് ടി.എസ്.എലിയറ്റിനെ പോലെയോ എസ്റാ പൗണ്ടിനെ പോലെയോ കവിതയെഴുതാനാവില്ലെന്ന് .ഒരു സ്വകാര്യസംഭാഷണത്തിലാണ് ഇങ്ങനെ സൂചിപ്പിച്ചത്. അവർക്ക് കവിത ബുദ്ധിപരമായ, അക്കാദമിക്  പരീക്ഷണമല്ല. ആ കവിതകൾ  ചരിത്രത്തോടു പോലും മുഖം തിരിച്ചു നിൽക്കുകയാണ് .മറ്റു കവികളുടെ ഭാഷണങ്ങളിലെ പൊതുവായ വാങ്മയങ്ങളും ബിംബാത്മക സംവേദനങ്ങളും അവർ ശ്രദ്ധിക്കുന്നേയില്ല .അവർ കവിതയെ സ്വന്തം ശരീരം പോലെ അനുഭവിക്കുകയാണ്. അതുകൊണ്ട് അതിനു കാവ്യചരിത്രമോ കാവ്യശാസ്ത്രമോ അന്യമായിരിക്കും. അവർ മനസ്സിലേക്ക് നോക്കുന്നതിൽ ഒരു പ്രാപഞ്ചികമായ നഗ്നത ആവിർഭവിച്ചിട്ടുണ്ട്. അവർക്ക് ആ നഗ്നത ഒഴിവാക്കാനാവില്ല. അവർ ഇങ്ങനെയാണ് ഓരോ വസ്തുവിനെയും നോക്കുന്നത്. അതുകൊണ്ട് വസ്തുവിനും കവിക്കുമിടയിൽ ഒരു സ്വകാര്യലോകം സൃഷ്ടിക്കപ്പെടുന്നു.കമലാദാസിൻ്റെ Words എന്ന കവിത നോക്കൂ:

"എൻ്റെ ചുറ്റും വാക്കുകളാണ്,
വാക്കുകൾ ,വാക്കുകൾ .
അവ എന്നിൽ ഇലകൾ പോലെ കിളിർക്കുകയാണ് ,
ഒരിക്കലും അവസാനിക്കാതെ .

എന്നാൽ ഞാനെന്നോടു മന്ത്രിക്കുന്നു -
വാക്കുകൾ ശല്യമാണ് ;
അതിനെ കരുതിയിരിക്കുക .
അവ പലതുമാണ് .

ഓടുന്ന കാലുകൾ നിലയ്ക്കേണ്ട
ഒരഗാധതയുണ്ട്.
തളർന്ന തിരമാലകളോടെ 
ഒരു കടൽ കാണാം .
ആളുന്ന വായുവിൻ്റെ പൊട്ടിത്തെറി.
നിങ്ങളുടെ സുഹൃത്തിൻ്റെ 
കഴുത്തു മുറിക്കാൻ വളരെ
യോഗ്യമായ ഒരു കത്തി. 
വാക്കുകൾ ഒരു ശല്യമാണ്. 
അത് ഒരു മരത്തിലെ ഇലകൾ എന്നപോലെ 
എന്നിൽ വളരുകയാണ് .
ഒരിക്കലും വളരാതിരിക്കില്ല -
എൻ്റെയുള്ളിലെ അഗാധമായ ഒരു മൗനത്തിൽ നിന്ന്."

കമലാദാസ് അന്തരംഗത്തിലെ രചനാപരമായ ആധിയെക്കുറിച്ച്  എഴുതുകയാണ്. ഇതാണ് കവിതയായി നിലനിൽക്കുന്നത്. അതുകൊണ്ട് അതിനു ചരിത്രത്തിലെ കവിതകളുടെ പിന്തുണയോ ഭാഷയോ ആവശ്യമില്ല. കവിത സ്വയം അനാവരണം ചെയ്യുകയാണ്. അത് ആവിർഭാവത്തിൽ സത്യവും ശുദ്ധവുമാണെങ്കിൽ വേറെ ഏതോ രാഗമാണ്. അത് കാവ്യാത്മകമാകാൻ വേണ്ടി അലങ്കാരം തേടിപ്പോവുകയില്ല. കവിത സ്വയം ഒരു അലങ്കാരമാവുകയാണ്. കാവ്യശരീരം തന്നെ അലങ്കാരമാണ് .പുറത്തുനിന്നു തുന്നിച്ചേർക്കേണ്ട അലങ്കാരം ആവശ്യമില്ല .ബുദ്ധികൊണ്ടുള്ള അലങ്കാര നിർമ്മിതി ഇവിടെയില്ല. കവി കവിതയെ അനുകരിക്കാൻ പാടില്ല. അപ്പോൾ അത് മറ്റു കവിതകളുടെ മുഴക്കമായിത്തീരും .നാം വായിച്ച മറ്റു കവിതകൾ മനസ്സിലുണ്ടാകും. എന്നാൽ സർഗാത്മകസിദ്ധിയുള്ളവർ  എഴുതുമ്പോൾ വായിച്ച കവിതകളുടെ ഓർമ്മയിൽനിന്നു പുതിയൊരു വഴി തനിയെ രൂപപ്പെടുകയാണ് ചെയ്യുക. അലങ്കാരത്തിനു വേണ്ടിയുള്ള അലങ്കാരം കവിതയ്ക്ക് ഭാരമാണ്.  കവിത പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ഈ പ്രക്രിയയ്ക്ക് പുറത്താണ്.

അഴീക്കോട് ജന്മശതാബ്ദിയിൽ ഒഴിഞ്ഞ പ്രസംഗവേദികൾ 

സുകുമാർ അഴീക്കോട് ഒരു പ്രക്ഷോഭകാരിയാകുന്നത് മനസ്സിൽ ഒന്നും ബാക്കിവയ്ക്കാതെ തുറന്നു പറഞ്ഞതുകൊണ്ടാണ്. പത്രാധിപന്മാരെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഇത്രയും പരസ്യമായി വിമർശിച്ച എഴുത്തുകാരൻ ഈ നാട്ടിൽ വേറെയില്ല. ഈ നാട്ടിലെ സാഹിത്യകൃതികളെ വിമർശിച്ചുകൊണ്ടു മാത്രമായില്ല, അധികാര കേന്ദ്രങ്ങളോടും കലഹിക്കണമെന്നാണ്  അഴീക്കോട് തീരുമാനിച്ചത്. മാതൃഭൂമി പത്രത്തിൻ്റെ ഉടമയായിരുന്ന എം.പി. വീരേന്ദ്രകുമാറുമായി അഴീക്കോട് കലഹിച്ചതിനു ചരിത്രത്തിൽ സമാനതകളില്ല. ഒരു പ്രമുഖ പത്രത്തിൻ്റെ ഉടമസ്ഥനുമായി ദീർഘനാൾ പിണങ്ങിയിരിക്കാൻ ആരും ഇഷ്ടപ്പെടുകയില്ലല്ലോ. ആ യുദ്ധത്തിൽ അഴീക്കോട് ജയിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ആത്മകഥ  പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചു. അദ്ദേഹം സാഹിത്യ അക്കാദമി അധ്യക്ഷനോ എംഎൽഎയോ ആയില്ല. സർക്കാരിൻ്റെ പദവികളൊന്നും തേടി പോയിട്ടില്ല .അക്കാദമി പ്രസിഡൻ്റായില്ല. പത്മശ്രീ പോലും നിരസിച്ചു. സർക്കാരിൻ്റെ ഇത്തരം ബഹുമതികൾ പൗരന്മാരോട് വിവേചനം കാണിക്കുന്നതിനു തെളിവാണെന്നു വാദിച്ചു. എത്രയോ പേർ നമ്മുടെ നാട്ടിൽ പത്മശ്രീക്ക് വേണ്ടി അലഞ്ഞു നടക്കുന്നു. ജി.ശങ്കരക്കുറുപ്പിനെതിരെ രൂക്ഷമായ വിമർശനമാണ് അഴീക്കോട് ഉയർത്തിയത്. ഇക്കാര്യത്തിൽ മുണ്ടശ്ശേരിയും മാരാരും അഴീക്കോടിനൊപ്പമായിരുന്നു. ശങ്കരക്കുറുപ്പിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ ,തകഴി പങ്കെടുത്ത യോഗത്തിൽ, മുണ്ടശ്ശേരി ചെയ്ത പ്രസംഗത്തിൽ കവിയെ  വേദിയിലിരുത്തിക്കൊണ്ട് ആ കവിതകളെ വിമർശിക്കുകയാണ് ചെയ്തത്. സാഹിത്യകൃതിയുടെ വിമർശനത്തിൽ പുനരാലോചനയാണ് വേണ്ടതെന്ന ആശയമാണ് അഴീക്കോടു പിന്തുടർന്നത്. എഫ്. ആർ. ലിവിസിൻ്റെ ചിന്തയാണിത്. 

ഒരു ആശയത്തെ വീണ്ടും വീണ്ടും പരിശോധിക്കേണ്ടതുണ്ട്. മാരാരും മുണ്ടശ്ശേരിയും അതാണ് ചെയ്തത്. മുണ്ടശ്ശേരി ,മാരാര് ,അഴീക്കോട് എന്ന വിമർശകത്രയും മലയാള കാവ്യാസ്വാദനത്തിൽ, കവിതയുടെ വായനയിൽ വലിയ ആധിപത്യം പുലർത്തി. ഒരു പുതിയ ക്രമം സൃഷ്ടിച്ചു .ഇപ്പോഴും ആ ക്രമം നിലനിൽക്കുന്നു. മലയാളകാവ്യശാഖയുടെ തൊള്ളായിരത്തി അമ്പതു വരെയുള്ള വായനയെ ഈ വിമർശകത്രയം ക്രമീകരിച്ച രീതിയിൽനിന്ന് വേറിട്ട് മറ്റൊരു വായന ശക്തി പ്രാപിച്ചില്ല.  മുണ്ടശ്ശേരി ആശാൻ്റെ കവിതയെ ഏകാന്തസൗന്ദര്യമായി വീക്ഷിച്ചു. ആശാന്റെ രചനകളെ സമഗ്രമായി വിലയിരുത്തി.അതിനു വിരുദ്ധമായ ഒരു വായന ഇപ്പോഴും മലയാള സാഹിത്യത്തിലില്ല .ഈ ആധിപത്യം സാധ്യമാക്കുന്നതിൽ വിമർശകത്രയത്തിന്റെ കൂട്ടായ പങ്കാളിത്തം ഉണ്ടായിരുന്നു.

പ്രഭാഷണ വേദിയിൽ അഴീക്കോടിൻ്റെ  അഭാവം ഒരു ശൂന്യതയാണ്.ഇന്നു അനീതിയോട് പ്രതികരിക്കാൻ ആരുമില്ല .ഇന്നത്തെ പ്രഭാഷകർ തങ്ങളുടെ രാഷ്ട്രീയ പാർട്ടി ബന്ധങ്ങൾ ഒന്നുകൂടി ഉറപ്പിക്കുകയാണ്. സ്വന്തം കാര്യസാധ്യത്തിനായി പ്രസംഗിക്കുകയാണ്. അപ്രിയമായതിനെ എതിർക്കുന്നില്ല. വിമർശനം എന്ന ഗുണം പ്രഭാഷകരിൽ കാണാനില്ല.

എംടിയോട് മലയാളസാഹിത്യം ചെയ്തത്

നല്ലൊരു മലയാളശൈലിയും ക്രാഫ്റ്റും  സ്വന്തമായുള്ള എം.ടി ക്ക് വളര്‍ത്തുമൃഗങ്ങൾ ,ഇരുട്ടിൻ്റെ ആത്മാവ്, ദു:ഖത്തിൻ്റെ താഴ്വരകൾ തുടങ്ങിയ കഥകൾ എഴുതിയ ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സ്വന്തം ഗ്രാമമായ കൂടല്ലൂരും വ്യക്തിജീവിതവും കുടുംബപശ്ചാത്തലവുമാണ് അദ്ദേഹത്തിൻ്റെ എഴുത്തിനെ പ്രചോദിപ്പിച്ചത് എന്നു പൊതുവേ പറയാറുണ്ട്. യഥാർത്ഥ വസ്തുതകളെക്കാൾ അതിനോടുള്ള സമീപനമാണ് എം.ടി.യുടെ പ്രത്യേകത.  ഒരു അലംകൃതമായ കാല്പനികതയാണത്. അയ്ൻ റാന്ത് (Ayn Rand) ഒബ്ജക്റ്റീവ് എന്ന ഗ്രന്ഥത്തിൽ തന്റെ കാല്പനികത സാധാരണമല്ലെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്.  അതിനെ അവർ
Romantic Realism എന്നാണ് വിളിക്കുന്നത് .

ജീവിതം എങ്ങനെയായാൽ നന്നായിരിക്കുമെന്നാണ് റാന്ത്  ആലോചിക്കുന്നത് .വിഷാദത്തിനും ഏകാന്തതയ്ക്കും കൂടുതൽ മനോഹാരിത വേണം .ഇതാണ് അവരുടെ കാല്പനികതയുടെ സവിശേഷത. യാഥാർഥത്തിലുള്ള മാനുഷിക മൂല്യങ്ങളെ പരിരക്ഷിക്കുകയും ഉയർന്ന ഒരു ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയാണ് റാന്തിൻ്റേത്. ജീവിതത്തെ കൂടുതൽ സുന്ദരമാക്കുന്ന ആശയമാണത് .യാഥാർത്ഥത്തിലുള്ളതിനേക്കാൾ സുന്ദരമാക്കുന്ന ഘടകങ്ങൾ നിലനിൽക്കുന്നുണ്ടാവും. നഷ്ടപ്പെടാത്ത മനുഷ്യചേതനയുടെ വഴിയാണത്.ഇതിനോട് സാമ്യമുള്ളതാണ് എം.ടിയുടെ കഥാലോകം. അദ്ദേഹം യാഥാർത്ഥ്യത്തെ സുന്ദരമാക്കി. ദു:ഖത്തിൻ്റെ താഴ്വരകൾ ,ഷെർലക് തുടങ്ങിയ കഥകളിൽ അതുകാണാം .എന്നാൽ എം.ടിയെ  മലയാളത്തിലെ ഏതാനും വിമർശകരും വായനക്കാരും ചേർന്ന് ഒരു കള്ളിയിലേക്ക് ഒതുക്കുകയാണ് ചെയ്തത് . 

ഒരുകാലത്ത് എം.ടിയെക്കുറിച്ച് എഴുതുന്ന ലേഖനങ്ങളിലെല്ലാം ഭഗ്നപ്രണയത്തിൻ്റെ ഓർമ്മപ്പെടുത്തലാണ് ഉണ്ടായിരുന്നത്. ഏതാനും കഥകളിൽ നഷ്ടപ്പെട്ട പ്രണയമുണ്ടെന്നതൊഴിച്ചാൽ അദ്ദേഹം അതിൻ്റെ വക്താവൊന്നുമല്ല. എം. ടിയുടെ 'ഇരുട്ടിൻ്റെ ആത്മാവ്' എന്ന കഥയും 'അസുരവിത്ത് 'എന്ന നോവലും ആ സാഹിത്യലോകത്തിലെ മൂർച്ചയേറിയ ഉപകരണങ്ങളായിരുന്നു. ആ നിലയ്ക്ക് പ്രതിഷേധാത്മകമായി വളരേണ്ടതായിരുന്നു എംടിയുടെ സാഹിത്യം .എന്നാൽ ചിലർ എം.ടിയെ ഭഗ്നപ്രണയത്തിലും കൂടല്ലൂരിലും തളച്ചിട്ടു .ഈ രീതിയിൽ എഴുതിയെഴുതി അദ്ദേഹത്തിൻ്റെ മനസിനെ സ്വാധീനിച്ചു. ആ മനസ്സിൽ 'ഇതാണ് തന്റെ വഴി' എന്ന ബോധം അങ്കരിപ്പിച്ചു.

'രണ്ടാമൂഴം' ഇത്രയും സ്വീകരിക്കപ്പെട്ടത് എം.ടിയുടെ ശൈലിയുടെ മഹത്വം കൊണ്ടാണ്. 'വടക്കൻ വീരഗാഥ' എന്ന തിരക്കഥ എം.ടിയുടെ ഭാവനയാണ്.ഇതിനേക്കാൾ ബൃഹത്തായ ,ഗഹനമായ കൃതികൾ അദ്ദേഹത്തിനു എഴുതാൻ കഴിയുമായിരുന്നു. മഹാഭാരതകഥയെ ഭീമൻ്റെ പക്ഷത്തുനിന്നു വായിക്കുന്നത് ശ്രദ്ധേയമാണ്. എന്നാൽ അത് എം. ടിയുടെ പ്രതിഭയുടെ പരിധിയാണെന്നു പറയരുത്. അതിനപ്പുറം പോകാൻ കഴിയും. ഭീമൻ പാണ്ഡവരിൽ രണ്ടാമനായിരിക്കെ രണ്ടാമൂഴമാണല്ലോ അയാൾക്കു വിധിക്കപ്പെട്ടത്.ഭീമൻ ബുദ്ധിപരമായല്ല ,വികാരപരമായാണ് പെരുമാറുന്നത്.ഭീമൻ ,വാസ്തവത്തിൽ,എംടിയൻ സാഹിത്യത്തിൻ്റെ അത്യാവശ്യഘടകമല്ല .

സിനിമയിലും എം.ടിയെ ഒരു നിശ്ചിത പാതയിൽ കുരുക്കിയാടാനാണ് ചിലർ ശ്രമിച്ചത്.കടവ് ,മഞ്ഞ് ,ഒരു ചെറുപുഞ്ചിരി എന്നീ സിനിമകളിലാണ് എം.ടി അന്തരംഗം ഗൗരവം വീണ്ടെടുത്തത്. അത് അനിവാര്യമായിരുന്നു. ആരാധകരുടെയും വിമർശകരുടെയും കണ്ണുവെട്ടിച്ചാണ് ഇത് ചെയ്തത്. മറ്റു സിനിമകളെല്ലാം അദ്ദേഹത്തിൻ്റെ നഷ്ടങ്ങളായിരുന്നു.

ഒരു കഥാകാരനെന്ന നിലയിൽ എം.ടിയെ ത്രികോണപ്രേമത്തിലേക്കും കൂടല്ലൂരിൻ്റെ പുരാവൃത്തത്തിലേക്കും  ചിലർ സ്ഥിരമായി ബന്ധിപ്പിക്കാൻ ശ്രമിച്ചു. ഇതിനെക്കുറിച്ച് അദ്ദേഹം  ബോധവാനായിരുന്നുവെങ്കിലും അത് പൂർണമായി തകർത്തു പുറത്തുവരാൻ കഴിഞ്ഞില്ല. ആരാധകരുടെ ബന്ധനം  അത്ര ഭയങ്കരമായിരുന്നു. ഇത് മനസ്സിലാക്കി കൊണ്ട് ചില ഇടവേളകളിൽ അതിനെ പൊട്ടിക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് മഞ്ഞ് ,വാരാണസി എന്നീ  നോവലുകൾ. ഷെർലക് എന്ന കഥയും മറ്റൊന്നല്ല. ഈ നോവലുകളാണ് എം.ടിയുടെ യഥാർത്ഥ ഭാവാർത്ഥ മേഖലകൾ.എം.ടിയൻ ഭാവനയുടെ കുതറലും പ്രതിഷേധവും വിചിന്തനവും ഈ കൃതികളിലുണ്ട്. 'മഞ്ഞി'ൽ ,അദ്ദേഹം മനുഷ്യന്റെ ഏറ്റവും അഗാധമായ വികാരം എന്താണെന്നു അന്വേഷിക്കുന്നു. അത് പ്രണയമാണോ ,കാത്തിരിപ്പാണോ, ശൂന്യതയാണോ, ഓർമ്മയാണോ? മനുഷ്യൻ ഏത് പ്രതികൂല സാഹചര്യത്തിലും കയറിപ്പിടിക്കാൻ ആഗ്രഹിക്കുന്നത് എന്താണ് ? 'വാരാണസി' എം.ടിയുടെ മനസ്സിൽ എരിഞ്ഞ ചിതയുടെ നേർച്ചിത്രമാണ്. തന്നെ ബാധിച്ച സാഹിത്യപരമായ ഫോർമുലകളെയും ഭഗ്നപ്രേമ സിദ്ധാന്തങ്ങളെയും കുടഞ്ഞുകളയാൻ അദ്ദേഹം ശ്രമിച്ചത് ഈ കൃതിയിലാണ്. ജീവിതത്തിൻ്റെ ആത്യന്തിക നിശൂന്യതയും തീവ്രമായ വിരക്തിയും മനസിലൂടെ കടന്നുപോകുകയാണ്. എം.ടി ആരാധകരും സ്ഥിരം എം.ടി നിരൂപകരും ഈ കൃതിയെ തമസ്കരിക്കുകയാണ് ചെയ്തത്.  'രണ്ടാമൂഴ'മാകട്ടെ സുകുമാർ അഴീക്കോട്, എം.കൃഷ്ണൻ നായർ എന്നിവരുടെ വിമർശനത്തിനു ഇരയാവുകയും ചെയ്തു.എംടിയൻ പന്ഥാവിൽ നിന്നകന്നു നിന്നു കൊണ്ടുള്ള വിലയിരുത്തലായി ഇതിനെ കണ്ടാൽ മതി. 

എൺപതുകളിൽ എം.ടിയെക്കുറിച്ച് കെ.പി.അപ്പനും വി.രാജകൃഷ്ണനും എഴുതിയ ലേഖനങ്ങൾ പുതിയ ദിശയിലേക്കു ചൂണ്ടുന്നതായിരുന്നു.  ക്ലീഷേകളിൽ നിന്നും കൂടല്ലൂർ പുരാണത്തിൽ നിന്നും പ്രേമഭംഗ പുരാവൃത്തങ്ങളിൽ നിന്നും മോചിപ്പിച്ചുകൊണ്ട് അപ്പൻ 'മഞ്ഞി'നെ വിശകലനം ചെയ്തു. 'മഞ്ഞ്' സമയതീരങ്ങളിലെ സംഗീതമാണെന്നു നിരീക്ഷിച്ചതിലൂടെ അതിലെ കാലം മനുഷ്യചേതനയുടെ അപഭ്രംശമാണെന്ന സൂചനയാണ്  നൽകിയത്. എം.ടിയെക്കുറിച്ച് നല്ല നിരീക്ഷണങ്ങൾ അവതരിപ്പിച്ച വി.രാജകൃഷ്ണനെ ഓർക്കുന്നു. അന്ന്   അദ്ദേഹം എഴുതിയ ലേഖനങ്ങൾ പുതുമയുള്ളതായിരുന്നു. എം.ടിയുടെ വിടവാങ്ങലിനു ശേഷം, ഈ വിഷയത്തിൽ രാജകൃഷ്ണനുമായുള്ള ഒരു അഭിമുഖം ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.


മഹാനായ കവി ടി.എസ് എലിയറ്റ് objective  correlative എന്ന സിദ്ധാന്തത്തിൽ പറയുന്നത് ഇതാണ് :
A set of objects ,situations,a chain of events which shall be the formula of that particular emotion.
എന്താണ് ആ പ്രത്യേക വികാരം? വായനക്കാരനിൽ ഉദ്ദീപിപ്പിക്കപ്പെടുന്ന  വികാരം അതിനു വേണ്ടി കരുതിക്കൂട്ടിയുള്ള വിവരണത്തിലൂടെയാകേണ്ടതില്ല. ചില വസ്തുക്കളും സാഹചര്യവും തുടർ സംഭവങ്ങളും സവിശേഷമായ ഒരു വികാരത്തിലേക്ക് വായനക്കാരനെ നയിക്കും. ഈ പശ്ചാത്തലത്തിലാണ് എം.ടിയുടെ സാഹിത്യജീവിതത്തെക്കുറിച്ചുള്ള വികാരത്തെ ഇവിടെ പരാമർശിച്ചത്. ചില കൃതികൾ, സിനിമകൾ ,സംഭവങ്ങൾ ,തിരക്കഥകൾ സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.

A

എഴുത്തുകാരൻ്റെ ജീവിതം 

എഴുത്തുകാരനാവുക എന്നു പറഞ്ഞാൽ അനശ്വരതയിലേക്കുള്ള പാസ്പോർട്ടാണെന്നു ധരിക്കേണ്ട. അങ്ങനെ ഒരു അനശ്വരതയും പ്രതീക്ഷിക്കേണ്ട. അനശ്വരത ഒരു അജ്ഞാത സമുദ്രമാണ്. അവിടെ നമ്മളൊന്നുമില്ല. പ്രകൃതിയിൽ എല്ലാം വിസ്മരിക്കപ്പെടുകയാണ് .പ്രകൃതി നിയമമാണത്. എത്രയോ പക്ഷികൾ പറന്ന ആകാശമാണിത് .ഒരു പക്ഷിയെ പോലും ആകാശം ഓർക്കുന്നില്ല. എത്ര ക്രൂരമാണ് ആകാശം! ആരാണ് ഓർമ്മയുടെ കലവറ സൂക്ഷിക്കുന്നത് ചരിത്രപുസ്തകങ്ങളോ? ചരിത്ര പുസ്തകങ്ങൾ തന്നെ വിസ്മരിക്കപ്പെടുകയാണ്. എഴുത്തുകാരനാവുന്നത് ലോകാ വസാനം വരെ നിലനിൽക്കാനാണെന്ന ചിന്ത അസംബന്ധമാണ്. വളരെ മൗലികമായി ചിന്തിച്ച 
സഭാപ്രസംഗകനെ ഓർക്കുകയാണ്.
അവനവനോട് സത്യം പറയാനാണ് എഴുതേണ്ടത് .സന്തോഷം അനുഭവിക്കാനുള്ള അവസരമാണത്. അതാണ് കിട്ടാവുന്ന സന്തോഷം. അത് നഷ്ടപ്പെടുത്തുകയാണ് പലരും . കിട്ടിയ സമയം വ്യാജബോധ്യങ്ങളുമായി ജീവിക്കുകയാണ് .സ്വയം ജീവിക്കുക .സ്വയം സത്യം  പറഞ്ഞതിൻ്റെ തെളിവായി എന്തെങ്കിലും എഴുതുക. അതാണ് അനശ്വരത . 

വെറുതെ ഭാഷ സൃഷ്ടിക്കാൻ വേണ്ടിയല്ല എഴുതുന്നത് 

വെറുതെ ഭാഷ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ് എഴുതുന്നതെന്നു  പറയുന്നവരുണ്ടെങ്കിൽ അത് മൗഢ്യമാണെന്നു അറിയിക്കട്ടെ. ഒരു ദിവസം രാവിലെ ഉണർന്നിരുന്ന് ഭാഷ സൃഷ്ടിച്ചാൽ അത് കൃത്രിമമാകും. ജീവിതമാണ് എഴുതുന്നത്. എഴുത്തുകാരൻ യാഥാർത്ഥ്യങ്ങളെ സൂക്ഷ്മമായി കണ്ടെത്താനാണ് പ്രയത്നിക്കുന്നത്. നിരന്തരമായ പ്രയത്നമാണത്. ഏറ്റവും സത്യസന്ധമായ തിരഞ്ഞെടുപ്പ് വേണം. വാക്കുകൾക്ക് സൂക്ഷ്മത വേണം.  അതിനിടയിൽ സർഗാത്മകമായ മനസ്സ് സ്വാഭാവികമായി ആവിഷ്കരിക്കുന്ന ആശയങ്ങൾ അതിന്റേതായ ഒരു ഭാഷ സൃഷ്ടിക്കുകയാണ് .അത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഭാഷയല്ല .അങ്ങനെ സംഭവിച്ചാൽ അത് പൈങ്കിളിയോ കഥാപ്രസംഗമോ ആയേക്കാം. ഭാഷയിൽ പ്രകടനാത്മകതയും അതിവൈകാരികതയും രാഷ്ട്രീയ പ്രസംഗത്തിനു കൊള്ളാം . സാഹിത്യത്തിൽ അത് ദോഷമാണ്. അമിട്ടുപോലെ പൊട്ടുന്ന വാക്കുകൾ യാഥാർത്ഥ്യം നശിപ്പിക്കും. വിമർശകൻ സൃഷ്ടിക്കുന്നത്  എഴുത്തുകാരനു സ്വപ്നം കാണാൻ കഴിയാത്ത ഭാവുകത്വമാണ്. അത്  മനസ്സിലാക്കാൻ കഴിവില്ലാത്തവൻ ചീത്ത പറയുന്നതു കൊണ്ട് പ്രയോജനമില്ല .ഒരു നല്ല അവഗണന അവൻ അർഹിക്കുന്നു .

മാർക് ട്വെയ്ൻ - ജീവചരിത്രം 

അമേരിക്കൻ ധിഷണാശാലിയും 
സാഹിത്യകാരനുമായ മാർക് ട്വെയ്ൻ എഴുതിയ (Mark Twain)ആത്മകഥ പ്രസിദ്ധമാണ്. നാലു വാല്യങ്ങളിൽ പ്രസിദ്ധീകരിച്ചു.The adventures of Tom Sawyer, The Adventures of Huckleberry Finn തുടങ്ങിയ കൃതികൾ വിവിധ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു.

റോൺ ചെർനോവ് (Ton Chernov) രചിച്ച Mark Twain എന്ന പുതിയ ജീവചരിത്രം സുദീർഘമാണ് ,ആയിരത്തിലേറെ പേജുണ്ട്. അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞ ട്വെയ്ൻ എഴുത്തുകാരനെക്കുറിച്ചുള്ള സങ്കൽപ്പം മാറ്റിമറിച്ചതായി ചെർനോവ്  എഴുതുന്നുണ്ട് .ഇത്രയും സംഭവങ്ങൾ നിറഞ്ഞ ജീവിതം മറ്റൊരു എഴുത്തുകാരനും അമേരിക്കയിൽ അവകാശപ്പെടാനാവില്ലത്രേ .ജീവിതത്തിൽ പല വേഷങ്ങളും ചെയ്തു. പ്രിൻറർ ,പൈലറ്റ് ,പത്രപ്രവർത്തകൻ, നോവലിസ്റ്റ് ,പ്ലാറ്റ്ഫോം ആർട്ടിസ്റ്റ്, പ്രസാധകൻ ,രാഷ്ട്രീയ വിമർശകൻ.. തുടങ്ങി പല ജോലികൾ .ജോലി ലഹരിയായിരുന്നു .പ്രശസ്തിക്ക് വേണ്ടി അദ്ദേഹം വിവാദങ്ങളുണ്ടാക്കി. എഴുത്തുകാരൻ എന്ന നിലയിൽ താരമായി .സ്വന്തം സ്വരം കേൾപ്പിച്ച എഴുത്തുകാരനാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉദ്ധരിക്കുന്നത് ട്വെയ്നിൻ്റെ വാക്കുകളാണ് .ആയിരക്കണക്കിനു മാഗസിൻ ലേഖനങ്ങളും മുപ്പത്  പുസ്തകങ്ങളും എഴുതി. 

ഋത്വിക് ഘട്ടക്ക് എഴുതിയ കഥ 

മഹാ ചലച്ചിത്രകാരനായ ഋത്വിക് ഘട്ടക്ക് എഴുതിയ 'ഒരു യക്ഷിക്കഥ' (മലയാളം പരിഭാഷ: കുന്നത്തൂർ രാധാകൃഷ്ണൻ ,പച്ചമലയാളം ,മെയ്) അപ്രതീക്ഷിതമായ ഒരു ആഘാതം പോലെ മനസ്സിനെ ഉലച്ചു. പത്രാധിപനും പത്രം ഉടമയും തമ്മിലുള്ള സംഘർഷമാണ് വിഷയം.

ചട്ടവിരുദ്ധമായി എഡിറ്റോറിയൽ എഴുതിയതിനു ശകാരിച്ച പത്രം ഉടമയെ പത്രാധിപർ തൻ്റെ മുറിയിൽ അടച്ചിട്ട് പൊതിരെ തല്ലി ബോധം കെടുത്തുന്നു.ഒന്നും സംഭവിക്കാത്ത പോലെ അയാൾ മുറിക്കു പുറത്തേക്ക് പോകുന്നു. 20 വർഷമായി കൊണ്ടുനടന്ന ഭാരമാണ് പൊട്ടിയൊഴുകിയത്. അയാൾ സ്വന്തം ജീവിതം മറന്ന് ആ കസേരയിൽ ഇരുന്ന് ജോലി ചെയ്യുകയായിരുന്നു. അത് മനസ്സിനെ മുറിപ്പെടുത്തി. അടക്കിപ്പിടിച്ച ശാന്തത ഒരു നിമിഷം പൊട്ടിത്തകരുകയാണ്. സ്വന്തം ഭാര്യയെ ശുശ്രൂഷിക്കുവാൻ പോലും സമയം കിട്ടിയില്ല. ഭാര്യ മരിച്ചതിന്റെ ദുഃഖവും  അയാളെ തകർത്തിരുന്നു. അയാൾ ക്ഷോഭത്തോടെ പറയുന്നു: "നിന്നെപ്പോലെയുള്ള ഒരു മുടിയനായ ബുദ്ധിജീവിയുടെ വാഴ്ച സഹിച്ചുകൊണ്ട് എൻ്റെ ജീവിതത്തിലെ വിലപ്പെട്ട 20 വർഷങ്ങൾ ഞാൻ ഈ  കസേരയിലിരുന്നു. നിൻ്റെ  ചങ്ങാതിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു ഞാൻ ആകർഷകമായ എല്ലാത്തരം വാർത്തകളുമെഴുതി. സത്യം ഞാൻ പ്രസിദ്ധീകരിച്ചില്ല. ഞാൻ അനുഭവിച്ച ആന്തരിക സംഘർഷം നിനക്ക് സങ്കൽപ്പിക്കാനാവില്ല ഇനി അതൊന്നും പ്രശ്നമല്ല .ആ ജീവിതം ഞാൻ ഉപേക്ഷിച്ചു. "

നമ്മൾ എവിടെയും കാണാത്ത ഒരു സംഭവമാണിത് .അതിനു കഥയിൽ സ്വഭാവികത നൽകിയിരിക്കുന്നു. ഘട്ടക്കിനു കഥാപാത്രങ്ങളുടെ മനസ് പിന്തുടരാനറിയാം. ഒരു പത്രാധിപർ എന്താണ് ഉള്ളിൽ അമർത്തുന്നതെന്ന് മനസിലാവുന്നു. പത്രാധിപരും കുറ്റബോധത്തോടെയാണ് ജീവിക്കുന്നത്. ഇത് പരിഭാഷ ചെയ്ത കുന്നത്തൂർ രാധാകൃഷ്ണനെ അനുമോദിക്കുന്നു.

പത്തൊപതാം നൂറ്റാണ്ടിലെ  ദസ്തയെവ്സ്കി 

പത്തൊൻപതാം നൂറ്റാണ്ടിൽ ദസ്തയെവ്സ്കി പുതിയൊരു നോവൽ  രൂപം പരീക്ഷിച്ചു. അദ്ദേഹത്തിൻ്റെ  Poor Folk (പാവപ്പെട്ടവർ)എന്ന ആദ്യനോവലിൽ രണ്ടു കമിതാക്കൾ തമ്മിലുള്ള കത്തിടപാടുകളിലൂടെയാണ് നോവൽ എഴുതിയിരിക്കുന്നത്. ഇന്നും മലയാള നോവലിൽ ഇതുപോലുള്ള ആശയങ്ങൾ കാണാനില്ല. ഒരാൾ കത്തെഴുതുന്നു, മറ്റേയാൾ മറുപടി എഴുതുന്നു. എത്ര ദീർഘവീക്ഷണമുള്ള ക്രാഫ്റ്റ്. ഉത്തരാധുനികത മുമ്പേ ദർശിച്ച എഴുത്തുകാരൻ .

തീക്ഷ്ണമായ പ്രണയജിവിത്തിലേക്ക് ആണ്ടിറങ്ങിയ അവർക്ക് പിരിയാനാണ് വിധി. മക്കാർ ദേവുഷ്കിൻ എന്ന യുവാവാണ് കാമുകൻ. വർവാറ അലക്സേയെവ്നാ കാമുകിയും. രണ്ടുപേരും ദരിദ്രരാണ്. ദരിദ്രരുടെ പ്രണയത്തെ സമ്പന്നൻ്റെ ജീവിത സാഹചര്യങ്ങളും കാഴ്ചപ്പാടുകളും അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ കാമുകിക്ക് ബിക്കോവ് എന്ന ധനികനെ വിവാഹം കഴിച്ച് നാടുവിടേണ്ടി വരുന്നു. ഒളിച്ചോട്ടമല്ല ; സാമ്പത്തിക യുദ്ധാനന്തരം  അനിവാര്യമായ വേർപെടൽ. അവൾ അവസാനം എഴുതിയ കത്തിലെ വരികൾ ഇങ്ങനെയാണ്: "നിങ്ങൾ തീവ്രമായി സ്നേഹിച്ച എന്നെ ഓർക്കണം. ഞാൻ എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും .നിങ്ങളാണ് എൻ്റെ ഏക മിത്രം. ഇപ്പോൾ വേർപിരിയുന്നതാണ് ഉത്തമം .ഞാൻ കരയുകയാണ്." അതിനു മറുപടിയായി ദേവുഷ്കിൻ വികാരവിവശനായി എഴുതുന്നു: " നീയെന്തിനു ഇത് ചെയ്തു? നിനക്ക് വേണ്ടി മാത്രമാണ് ഞാൻ ജീവിച്ചത്. നീ അദ്ദേഹത്തോടു പറഞ്ഞ് തിരിച്ചുവരണം .നീ വീണ്ടും കത്തുകൾ എഴുതണം."

മനസ്സിലെ സ്നേഹം ഒരു ദരിദ്രനെ രക്ഷിക്കാത്ത അവസ്ഥയാണ്. അവൻ  നിരാലംബനായി അവൻ്റെ സ്നേഹിതയ്ക്ക് വേണ്ടി കരയുന്നു. സ്നേഹം ഒരു രോഗമോ ഭ്രാന്തോ ആണ്. അതില്ലാതെ ചിലർക്ക് ജീവിക്കാനായില്ല. അവളും അവനോടുള്ള സ്നേഹം കൊണ്ട് കരയുന്നു .അവർ പക്ഷെ ഒരുമിക്കില്ല .

നിലപാടുകൾ, നിദർശനങ്ങൾ 

1)വത്സൻ അഞ്ചാംപീടിക ഫെയ്സ്ബുക്കിൽ 'പാനലെഴുത്തുകാരെ മാത്രം പ്രമോട്ട് ചെയ്യുന്ന പത്രാധിപന്മാർ' എന്നു പ്രയോഗിച്ചിരിക്കുന്നു. പാനലിസ്റ്റുകളെ  മാത്രം പ്രമോട്ട് ചെയ്യുന്ന ചീത്ത സംസ്കാരം എല്ലാവർക്കും മനസ്സിലായി എന്നു കാണുന്നതിൽ സന്തോഷമുണ്ട്. അടുത്ത ഓണപ്പതിപ്പാലെ  എഴുത്തുകാർ ആരൊക്കെയാണെന്നു മുൻകൂട്ടി പറയാനാവും!.

2)കാക്കനാടൻ്റെ കഥാലോകത്തെപ്പറ്റി റഷീദ് പാനൂർ എഴുതിയ ലേഖനം 'കാക്കനാടന്റെ കഥകളുടെ ശക്തിയും സൗന്ദര്യവും'(ചില്ല മാസിക, മെയ് ) വിശകലനം ചെയ്യുന്ന നല്ലൊരു ഓർമ്മപ്പെടുത്തലാണ് .കാക്കനാടൻ സ്റ്റാറ്റസ്കോ നിലനിർത്താൻ വേണ്ടിയല്ല എഴുതിയത് .'ആൾവാർ തിരുനഗറിലെ പന്നികൾ','മരണത്തിന്റെ ആകൃതി' എന്നീ കഥകൾ വായിക്കുമ്പോൾ അദ്ദേഹത്തിനു ഏതൊക്കെ അവാർഡ് കിട്ടിയെന്ന് ആരും തിരക്കില്ല .കാക്കനാടൻ്റെ കഥകൾ ആസ്വദിക്കാൻ ശേഷിയില്ലാത്തവരാണ്  ഇന്നത്തെ ഭൂരിപക്ഷം യുവ എഴുത്തുകാരും.

3)ഒ.വി.വിജയൻ 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിൻ്റെ ഒരു അദ്ധ്യായം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഇലസ്ട്രേറ്റഡ് വീക്ക്ലിയിൽ പ്രസിദ്ധപ്പെടുത്തിയത് വായിച്ചിട്ട്  നരേന്ദ്രപ്രസാദ് പറഞ്ഞു:'കാര്യമായി ഒന്നും മനസിലായില്ല.' വി.പി.ശിവകുമാറിൻ്റെ തിരുവനന്തപുരത്തുള്ള വീട്ടിൽ കണ്ടപ്പോഴായിരുന്നു പ്രതികരണം.

4)കെ.എൻ. ഷാജി 'നിയോഗം' എന്ന മാസിക നടത്തിയത് ഫോർട്ടുകൊച്ചിയിലാണ് .ദ് പ്രസ് എന്ന ബോർഡ് കണ്ടിട്ട് ഒരു വിദേശി വന്നു  ചോദിച്ചു: ന്യൂസ് പേപ്പർ പ്ളീസ്.അന്ന്  ജയനാരായണൻ ,ടി.ആർ ,മോപ്പസാങ് വാലത്ത് തുടങ്ങിയവർ വാരാന്ത്യത്തിൽ അവിടെ വരാറുണ്ടായിരുന്നു.

5)പത്മരാജൻ്റെ ഫോട്ടോ കണ്ടാൽ പ്രായം മനസ്സിലാക്കാൻ പറ്റുന്നില്ല, ഇപ്പോഴും.

6)റേഡിയോയിൽ ജോലി ചെയ്ത ദമ്പതികളെക്കുറിച്ച് മുഹമ്മദ് റോഷൻ എഴുതിയ 'ദമ്പതിവാണിയുടെ വിശേഷം (കലാപൂർണ, മെയ് )രസത്തോടെ വായിച്ചു. എൺപതുകളിൽ ധാരാളം കഥകൾ എഴുതിയ മുഹമ്മദ് റോഷൻ ഇപ്പോൾ മൗനത്തിലാണ്. റേഡിയോ ദമ്പതികളിൽ പ്രസിദ്ധി നേടിയ പി.ഗംഗാധരൻ നായർ, ടി.പി. രാധാമണി എന്നിവരെക്കുറിച്ച് വിവരിക്കുന്നു. ടി.പി രാധാമണിയുടെ ശബ്ദം കേട്ടാൽ ഏതൊരു ശിലാഹൃദയനും പ്രേമം തോന്നും . അവർ വിവേകവും അന്തസ്സുമുള്ള ഒരു മഹിളയാണെന്നു ആ സംഭാഷണം, ശബ്ദം ബോധ്യപ്പെടുത്തി തരും.

7)ടി.പി.ശാസ്തമംഗലം ചവറ കെ.എസ്. പിള്ളയെക്കുറിച്ച് എഴുതിയ  ലേഖനത്തിൻ്റെ പേര് 'കവിത തുളുമ്പുന്ന കാവ്യതല്ലജങ്ങൾ'(കലാപൂർണ്ണ, മെയ് ) എന്നാണ് .കവി പുംഗവൻ ,കാവ്യതല്ലജം, കവിത തുളുമ്പുക എന്നൊക്കെ എഴുതുന്നത് ക്രൂരമാണ്. ഇത് ക്ലീഷേക്കും അപ്പുറമാണ്. അതിനേക്കാൾ ഭയാനകമാണ്. ജീർണിച്ച പ്രയോഗമാണ്. 
8)ആമയും മുയലും കഥയെ അപനിർമ്മിച്ച് ഡോ. സുകേഷ് എഴുതിയ 'ഫോൺകോൾ'(കലാപൂർണ, മെയ്) രസം പകർന്നു. 

"പരസ്പരം ഫോൺ നമ്പറുകൾ കൈമാറുമ്പോഴേക്കും 
ആമയുടെ
തിളക്കമാർന്ന കണ്ണുകൾ 
മുയലിന്റെ കണ്ണുകളിലെ 
ദൈന്യത 
ഊറ്റിക്കളഞ്ഞിരുന്നു."

9)എൻ്റെ സുഹൃത്ത് ഒരു നോവൽ എഴുതി .പ്രകാശനം ചെയ്യുന്നില്ലത്രേ. ഒരു പ്രമുഖ തമിഴ് സിനിമാനടൻ്റെ  കൈയിൽ നോവൽ പിടിപ്പിച്ച് ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിൽ ഇടാനാണ് പദ്ധതി. നൂറാം പതിപ്പിന്റെ ആഘോഷത്തിനു വരുമോ എന്നു ചോദിക്കുകയും ചെയ്തു.

10)സത്യൻ മാടാക്കര 'മീഡിയ ഫേസ് കേരള'യിൽ എഴുതുന്ന ലേഖനങ്ങൾ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നു.സാമൂഹിക ബോധമുള്ള എഴുത്തുകാരനാണ് സത്യൻ. നിശിതമായ ചില നിരീക്ഷണങ്ങളുണ്ട്. 

11)ഫൈസൽ ബാബ ഫെയ്സ്ബുക്കിൽ 'ഓപ്പൺ പേജ്' എന്ന പേരിൽ എഴുതുന്ന കുറിപ്പുകൾ സാഹിത്യത്തിലും കലയിലും പ്രതീക്ഷി ജനിപ്പിക്കും. ബാവയ്ക്ക് നല്ല വായനയും ചിന്തയുമുണ്ട്. ലോകകലയെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള അവലോകനങ്ങൾ ശ്രദ്ധാലുക്കളായ വായനക്കാരെ ആകർഷിക്കം.



  •