Followers

Thursday, June 25, 2015

പ്രമേയവും എഴുത്തും




എം.കെ.ഹരികുമാർ
തൊള്ളായിരത്തിമുപ്പതുകളിൽ സാഹിത്യത്തിലെ ആധുനികർ വിശ്വസിച്ചതു, തങ്ങൾ ആവിഷ്കരിച്ച സ്വാതന്ത്ര്യവും ആദർശവും ലോകത്തിനു പുതിയൊരു സൗന്ദര്യശാസ്ത്രവും ദിശാബോധവും നൽകുമെന്നാണ്‌. യുക്തിയിലും ഭൗതികതയിലും സാങ്കേതികതയിലും ഈ ലോകം മുങ്ങിച്ചാകുമെന്ന്‌ ഒന്നാം ലോകയുദ്ധത്തോടെ എഴുത്തുകാർ തീർച്ചയാക്കി. പൂർവ്വനിശ്ചിതമായ സാഹിത്യ മാതൃകകളോട്‌ പ്രതിഷേധിച്ചുകൊണ്ട്‌ ആധുനികർ സ്വന്തം നിലയിൽ ചില വിശ്വാസങ്ങളെ അവതരിപ്പിച്ചു. ആന്തരികവും ചിന്താപരവുമായ ധാർമ്മികതയിലൂടെ, ഈ ലോകത്തെ തന്നെ നിഷേധിക്കുകയാണ്‌ അവർ ചെയ്തത്‌. എന്നാൽ ക്രമേണ ആധുനികതയും ഉട്ടോപ്പിയ ആയി, എസ്‌റാ പൗണ്ടും ടി.എസ്‌. എലിയയും ഉട്ടോപ്പിയകളായി.
തത്ത്വങ്ങളെ നിഷേധിക്കാൻ ശ്രമിച്ച ആധുനികത പരാജയപ്പെട്ടു. പകരം തത്ത്വങ്ങളുടെ പുതിയ വ്യവഹാര വ്യവസ്ഥകൾ ഉണ്ടാകുകയാണ്‌ ചെയ്തത്‌. നാഗരികതയെ തള്ളിപ്പറഞ്ഞ്‌ ആധുനികർ ഭൂതകാലത്തിലേക്കും സ്വന്തം ബോധ്യങ്ങളിലേക്കും ഊളിയിട്ടു. എന്നാൽ ഇന്ന്‌ നാഗരികത എന്നത്‌ കപടമായ തുറസ്സായി നിൽക്കുന്നു. ആധികാരവും പണവുമാണ്‌ അതിന്റെ മുഖമുദ്രകൾ. ആറ്റംബോംബിനെ പേടിച്ചവർക്ക്‌ ഇന്ന്‌ ഉപഗ്രഹയുദ്ധത്തെ നേരിടേണ്ടതുണ്ട്‌. ശത്രുരാജ്യത്ത്‌ സൈന്യം അർധരാത്രിയിൽ അതിക്രമിച്ചു കയറി തീവ്രവാദിയെ വധിക്കുന്നതിന്റെ തത്സമയ വീഡിയോ കണ്ട്‌ ആസ്വദിക്കുകയാണ്‌ സൈന്യത്തെ അയച്ച രാജ്യത്തിന്റെ തലവൻ (ബിൻലാദൻ വധം ഓർക്കുക). ഇന്ന്‌ സാങ്കേതികത ഒരു ഭാരമല്ല; ഒരാവശ്യമായി തീർന്നിരിക്കുന്നു. സാങ്കേതികത വെറുമൊരു യാന്ത്രികതയല്ല; അത്‌ പരസ്പര ബന്ധമുള്ള വ്യവസ്ഥയുടെ വ്യാവഹാരിക നിയമമാണ്‌. മനുഷ്യൻ അതിന്റെ ഉൽപന്നമാണ്‌. രോഗിയായി ആശുപത്രിയിൽ ചേക്കേറുന്ന മനുഷ്യൻ ഈ നവസാങ്കേതികതയുടെ ഇര മാത്രമാണ്‌. രോഗിക്ക്‌ വേറെ രാഷ്ട്രീയമോ ആദർശമോ ഒന്നുമില്ല. അവൻ സ്കാൻ മേഷിന്റെയും ലാബ്‌ ടെസ്റ്റുകളുടെയും അന്തിമവിധിക്കായി കിടന്നുകൊടുത്താൽ മതി. അത്രയേ അവനു സ്വാതന്ത്ര്യമുള്ളു. അവൻ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഈ സാങ്കേതിക കണ്ണുകൾ അവനിൽ ചൂഴ്‌ന്ന്‌ ഇറങ്ങിയിരിക്കും.
ആധുനികത ഘോഷിച്ച സ്വാതന്ത്ര്യത്തിന്റെയടിയിൽ ഇപ്പോഴൊന്നുമില്ല. ഇന്ന്‌ ആ സ്വാതന്ത്ര്യം ഉള്ളടക്കമില്ലാതെ കഷ്ടപ്പെടുകയാണ്‌. ആൽബേർ കമ്യുവിന്റെ നായകനെപ്പോലെ സ്വന്തം അമ്മ മരിച്ചതു എന്നാണെന്ന്‌ അറിയില്ലെന്ന്‌ തുറന്നുപറയുന്നതോ, തന്റെ ചുറ്റിനുമുള്ളവരെ നോക്കി താൻ അന്യനാണെന്ന്‌ വീമ്പിളക്കുന്നതോ ഒരു സ്വാതന്ത്ര്യമേയല്ല; അത്‌ അന്തർമുഖതയും നിസ്സംഗതയും മാത്രമാണ്‌. ഇതിലൊന്നും പൂർണ്ണമായി ആസ്വദിക്കാവുന്ന ഒന്നുമില്ല. ക്ലാസിക്‌ സാഹിത്യത്തിന്റെ ചതിക്കുഴികളിൽ നിന്ന്‌ മാറുന്നതു നല്ലതാണ്‌. എന്നാൽ നാം എത്തിപ്പെട്ട വിമോചന മേഖലകൾ ഇന്ന്‌ തരിശായിതീർന്നിരിക്കുന്നു. ഇതിന്റെ ഫലമായാണ്‌ മനുഷ്യന്‌ അവന്റെ ചരിത്രത്തെയും സാമുഹ്യജീവിതത്തെയും നഷ്ടപ്പെട്ടു എന്ന തോന്നലുണ്ടായത്‌. ആധുനികത വിശ്വസിച്ച ചിന്തയിലോ, പ്രമാണത്തിലോ ഒന്നും തന്നെ ഇന്ന്‌ ആരും വിശ്വസിക്കുന്നില്ല.
ഉത്തരാധുനികർ ഈ വിശ്വാസരാഹിത്യത്തെയാണ്‌ ആഘോഷമാക്കി മാറ്റിയത്‌. അസ്തിവാരം നഷ്ടപ്പെട്ട മനുഷ്യൻ എന്തിനെക്കുറിച്ചാണ്‌ എഴുതേണ്ടതെന്ന്‌ പാശ്ചാത്യ നിരൂപകൻ ജെസേ മാറ്റ്സ്‌ (Jesse Matz)ചോദിക്കുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. ഒരു പുതുമ സൃഷ്ടിക്കാൻ കഴിയാത്തവിധം എല്ലാ സാഹിത്യരൂപങ്ങളും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ഏറെക്കുറെ കഥയും കവിതയുമൊക്കെ നമുക്ക്‌ പ്രവചിക്കാവുന്ന തലത്തിലേക്ക്‌ താഴുകയാണ്‌. അതുകൊണ്ടാണ്‌ വിമർശനത്തിനും ക്ഷയമുണ്ടായിരിക്കുന്നത്‌.  പൂർണമായി ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന ഒരു സോഫ്റ്റ്ഡ്രിങ്ക്‌ കുപ്പിപോലെയാണ്‌ പരമ്പരാഗത സാഹിത്യരൂപങ്ങൾ. അതിൽ എന്താണ്‌ പുതിയതായി നിറയ്ക്കാനുള്ളത്‌? സൃഷ്ടി എന്ന്‌ പറയുന്നതിൽ തന്നെ ഒരു ചതി മറഞ്ഞിരിക്കുന്നു. സർഗാത്മകമായി യാതൊന്നും ഇല്ലാതെ തന്നെ വ്യാജസൗന്ദര്യശാസ്ത്രപ്രകടനമായി മാറുകയാണ്‌ മിക്ക രചനകളും. എല്ലാം മിക്കവാറും നാം കണ്ടു കഴിഞ്ഞു. സൗന്ദര്യത്തിനും അർത്ഥത്തിനും വേണ്ടിയുള്ള പരിശ്രമങ്ങളൊക്കെ, പലതിനെയും മൂടാനുള്ള ആവരണം മാത്രമാണെങ്കിലോ? സംസ്കാരം എന്നതിന്റെ പേരിൽ ഇതുവരെ എന്തെല്ലാമാണ്‌ വിലയിരുത്തപ്പെട്ടിട്ടുള്ളത്‌, അതിനെയെല്ലാം അതാതിന്റെ സ്ഥാനത്ത്‌ നിർത്താൻ വേണ്ടി മാത്രമാണ്‌ കലയെന്ന പദം ഉപയോഗിക്കുന്നത്‌. രൂപം എന്ന്‌ ആശയംപോലും പഴയതായിക്കഴിഞ്ഞു.
എന്താണ്‌ ഇന്ന്‌ കലയിലെ വിപ്ലവം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌? അല്ലെങ്കിൽ ഈ രംഗത്ത്‌ ഇനി വിപ്ലവം സാധ്യമാണോ? കവിതയെന്നോ കഥയെന്നോ കേൾക്കുന്ന മാത്രയിൽ തന്നെ അത്‌ കേട്ടുപഴകിയ ഒരാശയത്തിലേക്ക്‌ നയിക്കുമെന്ന്‌ ഉറപ്പാക്കുകയാണ്‌. ഒന്നും തന്നെ വിനിമയം ചെയ്യാനില്ലാത്തവരെയും കാണാം. അവർ ജാള്യത മറയ്ക്കാൻ, പിടിതരാത്തവിധം യാഥാർത്ഥ്യത്തെ ഉന്മൂലനം ചെയ്യാനുള്ള ഭാഷ ഉപയോഗിക്കുന്നു. ഒന്നിനെയും വിലമതിക്കാനില്ലാത്തവിധം വാക്കുകൾകൊണ്ട്‌ ശൂന്യത ഉണ്ടാക്കുകയാണ്‌. ഉത്തരാധുനികർ ഈ ശൂന്യതയെ മറികടക്കുന്നതിനായി കൽപിതകഥയെ തന്നെ അപനിർമ്മിച്ചു. കഥ പറയുന്നതുതന്നെ പ്രമേയമാക്കികൊണ്ട്‌ ഘടനാപരമായ നോവലുകൾ എഴുതി. റഷ്യൻ എഴുത്തുകാരനായ വ്ലാഡിമിർ നബോക്കോവ ​‍്‌  (Vladimir Nabokov)ന്റെ Pale fire (1962) എന്ന നോവലിന്റെ പ്രമേയം ഒരു കവിതയെപ്പറ്റിയുള്ള വിചിന്തനമാണ്‌. വ്യാഖ്യാനം എന്ന ശാസ്ത്രത്തെ കളിയാക്കുകയാണ്‌ നോവലിസ്റ്റ്‌. കവിതയുടെ വ്യഖ്യാനം നോവലിനുള്ള പ്രമേയമാകുന്നു. വലിയ ആഴങ്ങളൊന്നുമില്ലാത്ത കവിതയിൽ ചരിത്രപരമായ സന്ദിഗ്ദ്ധതയും സംഘർഷവും കണ്ടുപിടിക്കാൻ  ഒരാൾ തുനിയുന്നു. ആ കവിതയിലെ വിവക്ഷിക്കപ്പെടുന്ന വ്യക്തി താനാണെന്ന്‌ അയാൾ കരുതുന്നു. സാഹിത്യരചന വ്യാഖ്യാനങ്ങൾ ആവശ്യപ്പെടാറുണ്ട്‌. പലതും സമസ്യ എന്ന നിലയിലാണല്ലോ എഴുതപ്പെടുന്നത്‌. അതുകൊണ്ടുതന്നെ വായനയുടെ വിഭിന്ന സമീപനങ്ങൾ അനിവാര്യമായിത്തീരുന്നു. ഈ വ്യാഖ്യാനാത്മക സാഹിത്യത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ്‌ നബോക്കാവിന്റെ നോവൽ നീങ്ങുന്നത്‌. ഇത്‌ സത്യത്തെപ്പറ്റിയുള്ള വ്യത്യസ്തമായ ആശയം തേടുന്നു. ആധുനികർ സകലതിനെയും ചോദ്യം ചെയ്തപ്പോൾ തന്നെ, ഏതോ സത്യത്തെ തങ്ങൾ തേടുന്നതായി ഭാവിച്ചിരുന്നു. സത്യത്തിന്റെ ആന്വാഖേയമായ അസ്തിത്വമാണ്‌ അവരെ അലട്ടിക്കൊണ്ടിരുന്നത്‌. ജീവിതത്തിന്‌ ഒരർത്ഥമുണ്ടെന്നും, ആ അർത്ഥം യുക്തിയിലൂടെ കണ്ടെത്താൻ പ്രയാസമാണെന്നും അവർ സിദ്ധാന്തത്തിലൂടെ സമർത്ഥിക്കുന്നു. ഭാഷയിലും ഇതേ സമീപനം തുടരുന്നു. സത്യത്തെ പകരാൻ കഴിയാത്തതുകൊണ്ട്‌ താൻ മൗനം പാലിക്കുകയാണെന്ന്‌ യുജിൻ ജോലാസ്‌ എന്ന നിരൂപകൻ പറഞ്ഞു. തങ്ങൾ അനുഭവിക്കുന്നത്‌ എന്താണോ അതിനുള്ളിൽ സത്യത്തിന്റെ ഇരിപ്പിടം എവിടെയോ ഉണ്ട്‌ എന്ന ചിന്ത കാരണം, ആ സത്യത്തെ തേടുന്നതാണ്‌ പ്രധാനമെന്ന്‌ അവർ വാദിച്ചു. ആ സത്യമാകട്ടെ വെളിപ്പെടുന്നുമില്ല. കാഫ്കയുടെ കൃതികളിൽ, ഒരിക്കലും പിടിതരാത്ത സത്യമാണുള്ളത്‌! എന്തോ പിടിതരാതെ ദൂരെ മാറി നിൽക്കുകയാണ്‌. അത്‌ കണ്ടെത്താൻ നിസ്സഹായനായ മനുഷ്യൻ വിധിക്കപ്പെടുന്നു. അതായത്‌, നമ്മുടെ അനുഭവങ്ങൾക്കോ അറിവുകൾക്കോ, വികാരങ്ങൾക്കോ വിലയൊന്നുമില്ല. അവകൊണ്ടൊന്നും ഈ ലോകത്തിന്റെ പൂട്ട്‌ തുറക്കാനാവില്ല. ഈ അവസ്ഥയെയാണ്‌ നബോക്കോവ്‌ പാരഡി എന്ന കലാതന്ത്രം ഉപയോഗിച്ച്‌ തകർക്കുന്നത്‌. ഇതിനെക്കുറിച്ച്‌ ജീസ്മാറ്റ്സ്‌ പറയുന്നത്‌ ഇതാണ്‌. ഒരു നോവൽ ഒരു സത്യമായ യാഥാർത്ഥ്യം അന്വേഷിക്കുകയല്ല; അതേസമയം അത്‌ കഥ എന്ന ശിൽപത്തെത്തന്നെ ഉൽപാദിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. കഥയ്ക്ക്‌ പിന്നിൽ വേറെ സത്യമൊന്നുമില്ലെന്നാണ്‌ നാം മനസിലാക്കുന്നത്‌, ആ കഥ തന്നെ അതിന്റെ വ്യാജത്വത്തെ പ്രതിപാദിക്കുന്നു. (That fiction is really just all about its own falsity.) നബോക്കാവിന്റെ നോവലിൽ പൂർത്തിയാകാത്ത കവിതയെക്കുറിച്ചുള്ള വിവരണമാണ്‌ ജീവിതം. നബോക്കാവ്‌ ഫിക്ഷന്റെ നാട്യത്തെ തുറന്നു കാണിക്കുകയാണ്‌ ചെയ്തത്‌. ഒരാൾ കഥ പറയുകയാണെങ്കിൽ, ആ കഥ തന്നെയാണ്‌ അതിന്റെ പ്രാതിനിധ്യം ഏറ്റെടുക്കുന്നത്‌. ഒരാശയത്തിന്റെയോ ആദർശത്തിന്റെയോ പ്രാതിനിധ്യമല്ല. ഭാഷയ്ക്കപ്പുറം, ചിന്തയ്ക്കപ്പുറം മറ്റൊന്നും തന്നെ അവശേഷിക്കുന്നില്ലെന്നാണ്‌ നബോക്കോവിന്റെ മതം. അദ്ദേഹം സാഹിത്യത്തിന്റെ ചരിത്രപരമായ അനുശാസനങ്ങളിൽ നിന്ന്‌ അകന്നുമാറിയാണ്‌ നിൽക്കുന്നത്‌.
പ്രമേയങ്ങൾ അവസാനിച്ചു എന്ന്‌ തോന്നുന്നത്‌, മാധ്യമപരമായ ചരിത്രബോധത്തിൽ നിന്നും സൗന്ദര്യശാസ്ത്രത്തെപ്പറ്റിയുള്

ള അറിവിൽ നിന്നും ഒരാൾ പക്വമായ അവസ്ഥയിലെത്തുമ്പോഴാണ്‌. എഴുതിയതുതന്നെ എഴുതുകയാണ്‌ ഭൂരിപക്ഷവും. അതുകൊണ്ടാണ്‌ ചിലർ കഥയെതന്നെ ആഖ്യാനവിഷയമാക്കുന്നത്‌. കഥയുടെ പരാജയത്തെപ്പറ്റിയുള്ള കഥയാണ്‌ നബോക്കോവ്‌ എഴുതിയത്‌. കൃത്രിമമായ അർത്ഥമോ, വിശ്വാസമോ, സത്യമോ സൃഷ്ടിക്കാതിരിക്കുകയാണ്‌ തന്റെ ലക്ഷ്യമെന്ന്‌ നബോക്കോവ്‌ ഇതിലൂടെ ധ്വനിപ്പിക്കുന്നു.
പ്രത്യേകമായ സൗന്ദര്യ നിർമ്മാണമായി ഇതിനെ കാണണം. രചനയ്ക്ക്‌ പുതിയ പ്രമേയവും ആഖ്യാനവും നൽകുമ്പോഴാണ്‌ അത്‌ വിജയകരമാകുന്നത്‌. ചിലർ ആരും തൊടാത്ത വിഷയങ്ങൾക്കായി പരതുന്നു. അത്തരം പ്രമേയങ്ങൾ ഉണ്ടെങ്കിൽ തന്നെ, അത്‌ ഫലവത്താകണമെങ്കിൽ ആഖ്യാനപരമായ വേറിടൽ സംഭവിക്കണം. ആഖ്യാനമോ പ്രമേയമോ അതുല്യമാകുക എന്ന സങ്കൽപം കാലഹരണപ്പെട്ടു. എന്താണോ പറയാൻ ശ്രമിക്കുന്നത്‌, അതിനെതന്നെ ഇഴപിരിച്ച്‌ പരിശോധിക്കുകയാണെങ്കിൽ, ആഖ്യാനത്തിനുള്ളിൽ മറ്റൊന്ന്‌ കാണാനാകും. എന്റെ ‘ജലഛായ’യിൽ, ലൂക്ക്‌ ജോർജിനെ മുൻനിർത്തി കഥപറയാൻ ഞാൻ ഒരുമ്പെട്ടിട്ടില്ല. അങ്ങനെ ചെയ്താൽ അത്‌ സാമ്പ്രദായിക കഥയായിപ്പോകും. ലൂക്ക്‌ ജോർജ്‌ എന്ന കഥാപാത്രം തന്നെ പ്രമേയമാകുകയും അയാളുടെ ചിന്തകൾ ആഖ്യാനമാകുകയും ചെയ്യുന്നതോടെ അതിന്റെ സ്വഭാവം മറ്റൊന്നാകുന്നു. ലൂക്കിനെ ജോർദ്ദാൻ എന്ന യുവതി ഇന്റർവ്യു ചെയ്യുന്നു, ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം. ഉത്തരങ്ങൾ സ്വാഭാവികമായി ആഖ്യാനാത്മകമാകുന്നു, കാരണം അത്‌ ചുറ്റിനുമുള്ള ലോകത്തെക്കൂടി ഉൾക്കൊള്ളുന്നു.
നോവലിസ്റ്റ്‌ ഈ സമൂഹത്തിനു സാരോപദേശം പറഞ്ഞുകൊടുക്കേണ്ടവനല്ല; അയാൾ എന്നും രാവിലെ സുഭാഷിതങ്ങൾ പ്രക്ഷേപണം ചെയ്യേണ്ടതില്ല. നോവലിസ്റ്റ്‌ തന്റെ ലോകത്തെ, യാഥാർത്ഥ്യത്തെപ്പറ്റിയുള്ള അവബോധത്തെ ഏറ്റവും സർഗാത്മകമായി അവതരിപ്പിക്കാനാണ്‌ നോക്കേണ്ടത്‌. അയാൾ ഒരാദർശത്തിന്റെ വക്താവാകുന്നത്‌, കലാത്മകത നശിപ്പിച്ചുകളയും. ടർക്കിഷ്‌ നോവലിസ്റ്റ്‌ ഒർഹൻ പാമുക്‌ (Orhan Pamuk) പറയുന്നത്‌ ശ്രദ്ധിക്കു: I don’t write my novels to be ethically correct. ധാർമ്മികമായ ശരിക്കുവേണ്ടി എഴുതിയാൽ കല എവിടെപ്പോകുമെന്നാണ്‌ പാമുക്കിന്റെ ധ്വനി. സത്യസന്ധതയോടെ ലോകത്തെ തേടുക; എഴുതുന്നതിൽ വിശ്വസിക്കുക; എന്താണ്‌ ഉള്ളിൽ സംഭവിക്കുന്നതെന്ന്‌ കണ്ടുപിടിക്കുക. കണ്ടുപിടിച്ചു എന്ന്‌ കരുതിയിട്ടുള്ളതു വീണ്ടും കണ്ടുപിടിക്കുക. രാഷ്ട്രീയത്തെയോ സംഘടനകളെയോ സംരക്ഷിക്കാൻ വേണ്ടി സൗന്ദര്യാത്മകത നഷ്ടപ്പെടുത്താതിരിക്കുക. ഈ കാലഘട്ടത്തിലെ ഉത്തരവാദിത്തമുള്ള നോവലിസ്റ്റിന്‌ ഇതൊക്കെ പരിഗണിക്കാതിരിക്കാനാവില്ല. ഒരാൾ എഴുതുന്നത്‌ ഒരു സൈക്കിളിനെക്കുറിച്ചാണെന്ന്‌ സങ്കൽപിക്കുക. ഇവിടെ സൈക്കിൾ പ്രമേയവും അത്‌ എങ്ങനെ എഴുതുന്നു എന്നത്‌ അതിന്റെ രൂപവുമാണ്‌. രൂപം എന്നാൽ എഴുത്ത്തന്നെയാണ്‌. എന്നാൽ സൈക്കിളിനെ ഒന്നിന്റെയും പ്രതീകമാക്കാതെ, മറ്റൊന്നിന്റെ പ്രാതിനിധ്യം ഏറ്റെടുപ്പിക്കാതെ എഴുതുകയാണെങ്കിൽ അത്‌ പുതിയ ലോകം തുറക്കും. എന്താണ്‌ സൈക്കിൾ എന്നാവും ആലോചിക്കുക. സൈക്കിൾ എന്താണോ അതുതന്നെയാണ്‌ എഴുത്തും. സൈക്കിളിൽ നിന്ന്‌ വേർപെട്ട്‌ ഒന്നും തന്നെ എഴുതാനുണ്ടാകില്ല, അത്‌ കഥയാണെങ്കിൽ, സൈക്കിളിന്റെ ആന്തരികമായ രൂപമായിരിക്കും എഴുത്തിനും ഉണ്ടാകുക. ഇവിടെ പ്രമേയവും എഴുത്തും ഒന്നും തന്നെയായിരിക്കും. സൈക്കിളിനു വേണ്ടി ഉപയോഗിക്കുന്ന ഭാഷ, അതിനു മാത്രമുള്ളതാണ്‌. അതോടുകൂടി, ആ സൈക്കിൾ അതിന്റെ ലോകത്തെ മാത്രം സുവിശേഷമാക്കുന്നു.

No comments: