Followers

Wednesday, May 13, 2020

കഥ / ഫംഗസ് /എം കെ ഹരികുമാർ



കൊറോണയുടെ പശ്ചാത്തലത്തിൽ  ഫംഗസ് പുതിയൊരു വായനാനുഭവമാണ്.



അവന്റെ സമീപത്ത് ഒരു ഫംഗസ് വളർന്നിരുന്നു. അവനെ നിരീക്ഷിക്കാനായി മുളച്ചുപൊന്തിയതാണത്.

ഇത് വർഷങ്ങൾക്കു മുമ്പ് എഴുതിയ ‘ഫംഗസ് എന്ന കഥയുടെ പുനരാവിഷ്‌കാരമാണ്. എന്തിനാണ് ഒരു കഥ പുനരാവിഷ്‌കരിക്കുന്നത്? നാടകത്തിനും ബാലെയ്ക്കും ഇതുപോലെയുള്ള അവതരണങ്ങൾ ഉണ്ടാകാറുണ്ട്. തീർച്ചയായും സിനിമയ്ക്ക് സംഭവിക്കാറുണ്ട്. പലർക്കും ഇത് പരീക്ഷണവേദിയാണ്. ഷേക്‌സ്പിയറുടെ ‘ഹാംലറ്റ്’ എന്ന നാടകം പലർക്ക് പല രീതിയിൽ ചലച്ചിത്രമാക്കാം. അങ്ങനെയൊക്കെ കലാലോകത്ത് പതിവാണ്. ഇവിടെ പക്ഷേ, ഒരു കഥ വീണ്ടും പറയുകയാണ്. അതിന്റെ കാരണം വ്യക്തമാക്കാം. ആ ‘ഫംഗസ്’ ഇപ്പോൾ ഒരിടത്തുമില്ല. പത്തൊൻപതാം നൂറ്റാണ്ടിൽ, വ്‌ളാഡിമിർ സ്മിർനോവ് എന്ന സാഹിത്യകാരനാണ് ഇതെഴുതിയത്. സ്മിർനോവ് ചരിത്രത്തിൽ ഏറെക്കുറെ നിശ്ശബ്ദനായി കഴിയുകയാണ്. മൺമറഞ്ഞതുകൊണ്ട് സ്വാസ്ഥ്യം കിട്ടി. ഇപ്പോൾ വിദ്യാർത്ഥികളോ അദ്ധ്യാപകരോ ഒന്നും അദ്ദേഹത്തെ ശല്യപ്പെടുത്താറില്ല. എന്നാൽ മരണവുമായി പൊരുത്തപ്പെടാത്തവിധം, ചെറുത്തുനിൽക്കുന്ന തരത്തിലാണ് സ്മിർനോവിന്റെ മരണാനന്തരജീവിതം നീങ്ങുന്നത്.

അദ്ദേഹം സമ്പൂർണമായി പിൻവാങ്ങിയിരിക്കുകയാണ്. കാലങ്ങളുടെ ബാഹ്യമായ ബഹളങ്ങളോ വസ്തുക്കളുടെ രൂപപരിണാമമോ, ഒട്ടും വിശ്വസിക്കാൻ കൊള്ളാതായ മനുഷ്യരുടെ വൃത്താന്തങ്ങളോ കേൾക്കാൻ അദ്ദേഹത്തിനു താല്പര്യമില്ല. എന്നാൽ എഴുത്തിനു അവധി കൊടുത്തിട്ടില്ല.

ഇനി ഒരു രഹസ്യം പറയാം: ആ സ്മിർനോവ് മറ്റാരുമല്ല, ഈ ഞാൻ തന്നെയാണ്. എന്റെ സാഹിത്യലോകം ഇപ്പോൾ റഷ്യയിൽ ഇല്ല. അവിടെ പുത്തൻപുസ്തകങ്ങളുടെയും അന്താരാഷ്ട്ര പ്രസാധകരുടെയും വൻവിപണി രൂപപ്പെട്ടിരിക്കുന്നു. സാർ ഭരണത്തിൽ നിന്നും സ്റ്റാലിനിസ്റ്റ് റഷ്യയിൽ നിന്നും രക്ഷപ്പെട്ട് എത്തിയവരെ കാണാനേയില്ല. അന്ന് എന്നെപ്പോലെയുള്ള എഴുത്തുകാർ വേട്ടയാടപ്പെട്ട കഥയൊന്നും ഇപ്പോൾ ആർക്കുമറിയില്ല. കട്ടിയുള്ള കറുത്ത കുപ്പായംകൊണ്ട് അവർ കൊടും തണുപ്പിനെ മാത്രമല്ല പ്രതിരോധിക്കുന്നത്; എന്നെപ്പോലെയുള്ള എഴുത്തുകാരുടെ ഭൂതകാലത്തെയുമാണ്. കാലംതെറ്റി എന്ത് വരുന്നതും വിരോധാഭാസമാകും. എന്റെ ‘ഫംഗസ്’ സർവകലാശാലകൾ വലിച്ചെറിഞ്ഞെന്നാണ് കേട്ടത്. അവിടെനിന്ന് മുതുകത്ത് ചാട്ടകൊണ്ടുള്ള അടിയുടെ പാടുമായി പഴയ എഴുത്തുകാർ ഒന്നൊന്നായി പടിയിറങ്ങുകയാണ്. ക്രൂരയാഥാർത്ഥ്യങ്ങൾക്ക്  പകരം തടിച്ച ബർഗറുകളും ഒരിക്കലും മനുഷ്യനുമായി ആശയവിനിമയം നടത്താത്ത സിനിമകളും സ്ഥാനമുറപ്പിച്ചിരിക്കുന്നു. ‘ഫംഗസ്’ പഴയതുപോലെ ആവർത്തിക്കാൻ കഴിയില്ല. അത് മനസിൽനിന്നും നഷ്ടപ്പെട്ടു. ഏതോ ശൂന്യതയിൽ ആ കഥയും അതിന്റെ വർത്തമാനങ്ങളും അലയുകയാണ്. ഫംഗസിനു മൂന്നു തുടക്കങ്ങൾ സങ്കല്പിക്കാവുന്നതാണ്. ഒന്ന്, അതിലെ ടിൻ നിർമ്മാണ കമ്പനിയിലെ തൊഴിലാളിയായ ലെനിക്കോവ് വീട്ടിൽ നിന്നിറങ്ങുന്ന ദൃശ്യമാണ്. മറ്റൊന്ന്, അയാൾ ഒരു പൊതുവാഹനത്തിൽ കയറി ജോലിസ്ഥലത്ത് വന്നിറങ്ങുന്നതാണ്. മൂന്നാമത്, ലെനിക്കോവിനെ ഭയപ്പെടുത്തുന്ന മട്ടിൽ പണിസ്ഥലത്തും പൊതുഇടങ്ങളിലും വീടിനുസമീപത്തും ഫംഗസ് പ്രത്യക്ഷപ്പെടുന്നതാണ്. എവിടെനിന്നു തുടങ്ങിയാലും നിങ്ങൾ എത്തുന്നത് ഒരിടത്തായിരിക്കും. കാരണം ലെനിക്കോവിനു വ്യക്തമായത്, അയാളെ സാധാരണമായ ജീവിതവഴിയിൽനിന്ന് മാറാൻ പ്രേരിപ്പിച്ച കാര്യങ്ങളാണ്. അതിന് പ്രധാന കാരണം ഈ ഫംഗസാണ്.


എന്നാൽ  അതിനും എത്രയോ മുമ്പ് ഈ പ്രശ്‌നങ്ങൾ ആരംഭിച്ചിരുന്നു! അത് ശ്രദ്ധിച്ചിരുന്നില്ലെന്ന് പറഞ്ഞ് ഒഴിയാനായേക്കും.ലെനിക്കോവിന് പെട്രോവ്‌ന എന്ന ഭാര്യയും മൂന്ന് പെൺമക്കളുമുണ്ടായിരുന്നു. ഭാര്യയാകട്ടെ റഷ്യയിലെ പരമ്പരാഗതമായ ഉരുളക്കിഴങ്ങ് സൂപ്പ് (ഷിഹ്) ഉണ്ടാക്കുന്നതിൽ മിടുക്കിയായിരുന്നു. അവൾ അതു പാചകം ചെയ്യുമ്പോൾ, മുഖം പ്രസന്നമായിരിക്കുന്നത് കാണാം. അവൾ അത് പൂർത്തിയാക്കുന്നതിനിടയിൽ എന്തോ പിറുപിറുക്കുന്നതായി തോന്നിയിട്ടുണ്ട്, പ്രാർത്ഥിക്കുകയായിരിക്കുമോ? ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഒന്നും പ്രതികരിച്ചില്ല. പ്രാർത്ഥനയ്ക്ക് ഭംഗം വരുന്നതുപോലെ ചിന്തിച്ച് അവൾ പിന്തിരിയുമായിരുന്നു. മൂന്ന് പെൺമക്കളെയും അത് പഠിപ്പിക്കുന്നതിൽ അവൾ ഉത്സാഹിച്ചിരുന്നു. ഭർത്താവിന് ഷിഹ് ഉണ്ടാക്കിക്കൊടുത്താൽ, തന്റെ കടമയുടെ മുക്കാൽ പങ്കും നിറവേറ്റി എന്നാവും അവൾ കരുതുക. അതിനുശേഷം കുളിക്കാനും അലക്കാനുമൊക്കെ പോകും. ലെനിക്കോവ് ജോലിക്കു പോകുന്ന ദിവസങ്ങളിൽ ചിലപ്പോഴൊക്കെ അവൾ രാത്രിയിലാണ് പാകം ചെയ്യുക. അത് അയാളും ആസ്വദിച്ചിരുന്നു. രുചിയോടെ അത് കഴിക്കുന്ന ഭർത്താവിനെ അവൾ രഹസ്യമായി നോക്കും. തന്നോട് പ്രത്യേക സ്‌നേഹമോ അഭിനിവേശമോ തോന്നാനിടയാക്കുന്ന ആ സൂപ്പ് അവളുടെ ജീവിതത്തിലെ ഒരു തുറുപ്പുചീട്ടായിരുന്നു.

തെരുവുകളിൽ നിന്ന് പോലീസുകാർ പിടിച്ചുകൊണ്ടുപോയ ഒരു വൃദ്ധനെ ദിവസങ്ങൾക്കുശേഷം തിരിച്ചുകൊണ്ടുവരുന്നത് അവൾ ജനാലയിലൂടെ നോക്കി ഉറപ്പാക്കിയെങ്കിലും, അത് ഭക്ഷണം കഴിക്കുകയായിരുന്ന ലെനിക്കോവിനെ അറിയിച്ചില്ല.

എന്നാൽ അർദ്ധരാത്രി സൂപ്പ് കഴിച്ചിട്ടും ലെനിക്കോവ് പ്രസാദിച്ചില്ല. അയാളിലെ ഊർജം മുഴുവൻ ഏതോ പ്രാകൃതദൈവം വലിച്ചുകുടിച്ചതുപോലെ കാണപ്പെട്ടു. ചുമലുകൾ താഴേക്ക് ഇടിഞ്ഞതുപോലെയും തലമുടിനാരുകൾ ചകിരിനാരുപോലെ കനപ്പെട്ടതുപോലെയും കാണപ്പെട്ടു. കണ്ണുകൾക്ക് സ്വതവേ കുറച്ച് ചുവപ്പു നിറമുണ്ടായിരുന്നുവെങ്കിലും അന്ന് കൂടുതൽ ചുവന്നതായി തോന്നി. എന്നാൽ കോപമോ വിദ്വേഷമോ അതിൽ നിഴലിച്ചുമില്ല. ഒരു അരാജകവാദിയായ തത്ത്വജ്ഞാനിയുടെ അന്തർലീനമായ നിഷേധവും അപാരമായ സഹനശേഷിയും ലെനിക്കോവിനെ തന്നേക്കാൾ ഒരു പടികൂടി ഉയർന്ന ഒരു മനുഷ്യവ്യക്തിയാക്കുന്നതായി അവൾ സങ്കൽപ്പിച്ചു. അതും യാദൃച്ഛികമായിരുന്നു. അവൾ അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല. ഒരു പാത്രം ഒരിടത്തുവച്ചാൽ, അതവിടെതന്നെ പിറ്റേദിവസവും കാണണമെന്ന്, പൂച്ചയ്ക്ക് കൃത്യസമയത്ത് ഭക്ഷണം കൊടുക്കണമെന്ന്, സൂര്യൻ ഉദിച്ചുകഴിഞ്ഞാൽ വീട്ടിൽ ആരും ഉറങ്ങാൻ പാടില്ലെന്ന്, സൂര്യാസ്തമയം കഴിഞ്ഞാൽ വഴക്ക് പാടില്ലെന്ന് അവൾ നിർബന്ധം പിടിച്ചിരുന്നു. അവളുടെ ഇഷ്ടം എല്ലാവരും അംഗീകരിച്ചിരുന്നു. അതവർക്ക് വിലപ്പെട്ടതും തങ്ങൾ നേരത്തേതന്നെ ആഗ്രഹിച്ചതുമായ ഒരു വ്യവസ്ഥപോലെയായിരുന്നു.

ലെനിക്കോവിന് എന്തോ മാറ്റമുള്ളതുപോലെ പെട്രോവ്‌നയ്ക്കു തോന്നി. എങ്കിലും അതവൾ കാര്യമാക്കിയില്ല. തലേദിവസത്തെ വസ്ത്രങ്ങൾ അലക്കാനിട്ട കൂട്ടത്തിൽ ആ വിചാരത്തെയും അവൾ ഉപേക്ഷിച്ചു. അവൾ പതിവുപോലെ രാവിലെതന്നെ വീട്ടുജോലികളിൽ മുഴുകി.

പതിവില്ലാതെ ലെനിക്കോവിന്റെ മനസിൽ അസ്വാഭാവികമായ ചില അനുരണനങ്ങൾ ഉണ്ടായി. അയാൾ ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയപ്പോൾതന്നെ തലചൊറിയുകയും വസ്ത്രത്തിനുള്ളിൽ പൊരുത്തപ്പെടാനാവാത്ത വിധം ചൂട് കൂടുകയും ചെയ്തു. വസ്ത്രത്തിനാണോ ചൂട്, ശരീരത്തിനാണോ ചൂട് എന്ന കാര്യത്തിൽ ഒരു തീർപ്പിലെത്താൻ കഴിഞ്ഞില്ല.

ലെനിക്കോവ് സ്വമേധയാ ഒരു വിമതനായിരുന്നു. എന്നാൽ ആ സ്വഭാവത്തെ ചങ്ങലക്കിടുന്നതിൽ എന്നും വിജയിച്ചു. വിവാഹം കഴിഞ്ഞതോടെ ലെനിക്കോവിന് വിമതമനോഭാവത്തിൽ നിന്നുള്ള വിടുതൽ ഒരാവശ്യമെന്നപോലെ അംഗീകരിക്കേണ്ടിവന്നു. തന്റെയുള്ളിലെ കലമ്പലും തിരയേറ്റങ്ങളും മറ്റാരെയും അറിയിക്കാതെ കൊണ്ടുനടക്കാൻ അയാൾക്കറിയാമായിരുന്നു. മനസിനു കടുത്ത ഭാരം തോന്നുമ്പോൾ ചുണ്ടുകൾ നനയ്ക്കുകയും കണ്ണുകൾ തള്ളി തുറിച്ചുനോക്കുകയും ചെയ്യുമായിരുന്നു. ഇതൊരു കതാർസിസ് ആയിരുന്നു. കമ്പനിയിലെ ജോലിക്ക് മുൻപ് ലെനിക്കോവിന് ഒരു ഗ്രാമീണ പടക്കനിർമ്മാണശാലയിലായിരുന്നു ജോലി. മരുന്നു നിറയ്ക്കുകയും പടക്ക ഉല്പന്നങ്ങൾ പായ്ക്കു ചെയ്യുകയുമായിരുന്നു ജോലി. ഖനികളിലും മറ്റും ആവശ്യമായ സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിൽ അയാൾക്ക് പ്രത്യേക കമ്പമുണ്ടായിരുന്നു. പാറകൾ പൊട്ടിത്തെറിക്കുന്നത് കാണാൻ വലിയ ഹരമായിരുന്നു. താൻ തകർക്കാൻ മോഹിച്ച പലതും അതിൽ വെന്തുതീരുന്നതായി സ്വപ്നം കാണാൻ കഴിഞ്ഞു. എന്നാൽ ജോലിയില്ലാത്തപ്പോൾ വല്ലാതെ മനം വിരസമാകും. അതുമാറ്റാൻ അയാൾക്ക് കതാർസിസ് വേണമായിരുന്നു. സ്വയം കണ്ടുപിടിച്ച ചില അടവുകളായിരുന്നു ഇതെല്ലാം. ഇടതുകൈകൊണ്ട് മൂക്കിന്റെ താഴെ മീശ അമർത്തി തടവിക്കൊണ്ടിരിക്കുന്നത് ഒരു രസമായിരുന്നു. കണ്ണുകൾ ഇടവിട്ട് ചിമ്മിനോക്കും. മൂക്കിലെ രോമങ്ങൾ നീണ്ടുവന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കും. മൂക്കിലെ രോമം മൂക്കിനു താഴേക്ക് നീളുന്നത് ലോകാവസാനം പോലെ ഭീകരമായിരുന്നു ലെനിക്കോവിന്. അയാൾ അത് തടയാനായി തന്റെ വീട്ടിലെ മേശക്കരികിൽ പെട്ടെന്ന് എടുക്കാവുന്നവിധം ഒരു കത്രിക സൂക്ഷിച്ചിരുന്നു. അതിനോട് ചേർന്ന് കൈപ്പിടിയിലൊതുക്കാവുന്ന ഒരു കണ്ണാടിയുമുണ്ടായിരുന്നു. കൈകൾ രണ്ടും ശക്തിയായി വീശി നടക്കുകയും അനാവശ്യമായി ഗോഷ്ടികാണിച്ച് അപരിചിതരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുമായിരുന്നു. ഇതെല്ലാം ലെനിക്കോവിനെ സ്വന്തം അസ്തിത്വത്തിൽ പിടിച്ചുനിർത്താൻ ഏറെ സഹായിച്ചു. അയാൾ സ്വന്തം കലഹങ്ങളെ പുറത്തേക്ക് വിടാതെ കെട്ടിനിർത്തുന്നതിൽ, ഇന്ത്യൻ പുരാണത്തിലെ കാർത്ത്യവീരാർജുനന്റെ അവതാരമായിരുന്നു. അയാൾ എല്ലാ കലഹങ്ങൾക്കും കാതോർത്തു. ഭൂതകാലത്തിന്റെ അടുപ്പിൽ അയാൾ പലതരം വിപ്ലവങ്ങൾ വേവിച്ചു. സഹപാഠികൾക്കിടയിൽ, ആശയപരമായ സഹയാത്ര ചെയ്തവർക്കിടയിൽ, പ്രാകൃത കമ്മ്യൂണിസ്റ്റുകാർക്കിടയിൽ അയാൾ വിമതനായി സ്വയം നിറഞ്ഞുനിന്നു. പ്രാകൃത കമ്മ്യൂണിസ്റ്റുകാർ ആദ്യത്തെ അരാജകവാദികളെപ്പോലെ റഷ്യയിലെ ഏകാധിപതികളെ ചെറിയ ക്യാമ്പുകളുണ്ടാക്കി സാങ്കല്പികമായി വിചാരണ ചെയ്തുകൊണ്ടിരുന്നു. രാത്രി ഏറെ നേരം വൈകിയാണ് അവർ വീട്ടിലേക്ക് മടങ്ങിയിരുന്നത്. പന്ത്രണ്ട് പേരിൽ കവിയാത്ത സംഘമായിരുന്നു. അവർ മടങ്ങുമ്പോൾ സാമൂഹ്യമാറ്റത്തിനു ചാലകശക്തിയാകേണ്ടവരാണ് ഓരോരുത്തരുമെന്ന വിചാരം പ്രബലമായിരിക്കും.

എന്നാൽ പെട്ടെന്നുതന്നെ ഇരുളിന്റെ ഒരു കഷണം ശരീരം ഭേദിച്ചു അവരുടെ മനസിനുള്ളിലേക്ക് തെറിച്ചുവീണ്, അവരെ വിഷാദത്തിലാക്കുമായിരുന്നു. വൈകാരികമായി വിമതമാവാൻവേണ്ടി പലരും ലഹരി ഉപയോഗിച്ചു. ചിലർ വേശ്യകളെ തേടിപ്പോകുമായിരുന്നു. വേശ്യകളിൽ ഏറെക്കുറെ കാണപ്പെട്ട വികാരം പെട്ടെന്നുതന്നെ ഉണ്ടാകുകയും അസ്തമിക്കുകയും
ചെയ്യുന്ന പ്രണയമായിരുന്നു. ലെനിക്കോവ് ആ ക്ഷിപ്രപ്രണയത്തെ ഒരാശ്വാസമായാണ് സ്വീകരിച്ചത്. അയാൾക്ക് ലെവ്‌നയെന്ന വേശ്യ തന്റെ അരാജക, വിമതപക്ഷങ്ങളെ മെരുക്കുന്നതിനുള്ള ഉപകരണമായിരുന്നു. തന്റെ കട്ടിയുള്ള മീശരോമങ്ങൾ അവൾ ചുണ്ടുകൾകൊണ്ട് ഉഴിയുന്നത് ലെനിക്കോവിന് പതിന്മടങ്ങ് ഊർജമാണ് നൽകിയത്. മീശ അവസാനിക്കുന്നിടത്ത് ലെനിക്കോവിന്റെ മൃദുവായതും ചാന്ദ്രശോഭയാർന്നതുമായ ത്വക്ക് എപ്പോഴും ഒരു കലാപകാരിയായ ചുംബനം കാത്തുകിടന്നു. അതിലേക്ക് തന്റെ തീവെട്ടികളുമായി യാത്രചെയ്യാൻ ലെവ്‌നയ്ക്ക് സന്തോഷമേയുണ്ടായിരുന്നുള്ളൂ. ഇന്നത്തെ സ്വസ്ഥതയും അടിമത്തവും അവസാനിപ്പിച്ച് ഒരു പുതിയ ലോകക്രമം ഉണ്ടാക്കുകയാണെങ്കിൽ, അത് കാത്തുസൂക്ഷിക്കാൻ അതിന്റെ പീഡനഭാരം അറിയാത്ത ഒരു തലമുറയ്ക്കാകുമോ എന്ന് അയാൾ ശങ്കിച്ചിരുന്നു. വിപ്ലവം ഒരു ദർശനമാണ്. അത് നിലവിലുള്ളതും ചിരപരിചിതമായതും ചിലരെയെങ്കിലും സുഖിപ്പിക്കുന്നതുമായ തെറ്റുകളെ നീക്കം ചെയ്യാൻ വരുന്ന കലപ്പയാണ്. മനുഷ്യരുടെ മനോനിലയാണ് മാറാനുള്ളത്. എന്നാൽ മാറ്റങ്ങൾ ഒരു തുടർപ്രക്രിയയാണ്. മാറ്റത്തിനായി നിലയുറപ്പിക്കുന്നവർ മാറാനുള്ളവരാണ്. കുറേക്കൂടി അവർ മാറുമ്പോൾ അതുൾക്കൊള്ളാൻ എത്രപേർ ബാക്കിയുണ്ടാവും? സംഘടനയോ ഭരണമോ കൈവശം വന്നാൽ, അത് മറ്റൊരു ന്യൂനപക്ഷത്തിന്റെ ഉദയമായിരിക്കില്ലെന്ന് പറയാനൊക്കുമോ? തീർച്ചയായും നയിക്കുന്നവരുടെ ഒരു മനോഘടനയും അതിന്റെ തുടർച്ചയും വരേണ്ടതുണ്ട്. പുത്തൻ രാഷ്ട്രീയക്രമത്തിന് ഒരു നേതൃത്വമനോഭാവമുണ്ടാകും. തൊഴിലാളിയിലും തൊഴിലാളി നേതാവിലും അരാജകവാദിയുണ്ട്. അത് തലനീട്ടുന്നത് സൗകര്യപ്രദമായ ഭരണക്രമമുണ്ടാകുമ്പോഴാണ്. അപ്പോൾ നേതാവാകുന്നവന് അനുയായികളിൽ നിന്ന് ഭിന്നമായ മനോഘടന ആവശ്യമായിവരും. മറ്റൊരു യുക്തിയും അതിജീവനവുമാണ് വേണ്ടത്. ഏതാനും പേരുടെ ഭാവിയല്ല, രാജ്യത്തിന്റെ ഭാവി എന്ന നിലയിലുള്ള വ്യതിയാനം പ്രകടമാവും. ഇത് കുഴപ്പിക്കുന്ന പ്രശ്‌നമായി മാറുമ്പോൾ ലെനിക്കോവ് എല്ലാം മറന്ന് ലെവ്‌നയോട് ചേർന്നിരിക്കും. അവൾ അതിസാമർത്ഥ്യമുള്ളവളും ചിരിക്കുമ്പോൾ ഗാഢമായ അടുപ്പം സൃഷ്ടിക്കാൻ കഴിവുള്ളവളുമാണ്. അവളുടെ ചിരി ഒരു വഴിപോലെയാണ്. അത് യാത്രികനെ ക്ഷണിക്കുന്നു. നല്ല നിലാവുള്ള രാത്രിയിൽ ഒരാൾ തന്നോടുതന്നെ ഹൃദ്യമായ സംഭാഷണത്തിലേർപ്പെടുന്നതുപോലെ, വിട്ടുകൊടുക്കാൻ തോന്നാത്ത സാമീപ്യമാണത്. ലെവ്‌ന നൽകുന്ന സമാധിയിൽ, അയാൾ സ്‌നാനം കഴിഞ്ഞെന്നപോലെ വിശുദ്ധനായി പുറത്തേക്ക് പോകും. തൊട്ടുപിന്നാലെ ഉടമസ്ഥനില്ലാത്ത ചിന്താതരംഗങ്ങൾ ആക്രമിക്കാൻ എത്തുകയായി.

എന്റെ ചിന്തയിൽ ആ രാത്രി പതിനെട്ടാം നൂറ്റാണ്ടിലെ തിമോത്തി എന്ന കലാകാരൻ വരച്ച ‘നഷ്ടപ്പെട്ടവരുടെ രാത്രി’ എന്ന ചിത്രമാണ്. ഇത് എന്നിൽ എത്രയോ കാലമായി ആഴ്ന്നുപോയതാണ്. നിറങ്ങൾ പ്രകൃതിയായി രൂപന്തരപ്പെടുന്നതിന്റെ രഹസ്യമെന്താണ്? ഗ്രാമീണരായ സ്ത്രീകൾ വിറകുശേഖരിക്കാൻ പോകുന്നതും അവർ വൈകുന്നേരങ്ങളിൽ ഒരുമയോടെ തിരിച്ചെത്തുന്നതും എന്നെ എപ്പോഴും ബാധിച്ചിട്ടുണ്ട്. അതിൽ പ്രത്യക്ഷത്തിൽ ദുഃഖിക്കാനൊന്നുമില്ല. എങ്കിലും അവരിലൊരാളാകാൻ എനിക്കാഗ്രഹമുണ്ടായിരുന്നു. എനിക്ക് നഷ്ടപ്പെട്ടതെന്തോ അവരിൽ കാണുകയാണ്. അവർ കാലത്തെയാണോ പകരുന്നത്? അവർ നടന്നുപോകുന്ന ദൃശ്യം നിശ്ചലതയിൽ എന്താണ് സംവേദനം ചെയ്യുന്നതെന്ന് ആലോചിച്ച് ഞാൻ ഒന്നുമെഴുതാനാവാതെ ഇരുന്നിട്ടുണ്ട്. സായാഹ്നങ്ങൾ എനിക്ക് ഭ്രാന്തമായത് ചിലത് തന്നിട്ടുപോകുമായിരുന്നു. വളരെ ചെറിയ ഇലകളുള്ള ഒരു വൃക്ഷം ചില പള്ളികൾക്കു സമീപം കണ്ടിട്ടുണ്ട്. അതിന്റെ പേരറിയണമെന്നില്ല; അല്ല, പേരറിയാൻ ഞാൻ ശ്രമിച്ചിട്ടുമില്ല. പേരറിയാതെ, ആ മരം പള്ളിമുറ്റങ്ങളിൽ ഇപ്പോഴും നിൽക്കുന്നു.

എന്റെ ചരിത്രാതീതകാലം എന്ന് പറയുന്നത്, ‘ഫംഗസ്’ പുനരാവിഷ്‌കരിക്കുന്ന ഈ കാലമാണ്. ആ മരങ്ങളിൽ സന്ധ്യാനേരങ്ങളിൽ ചില പക്ഷികൾ വേഗത്തിൽ പറന്നുവന്ന് അലമ്പുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. എന്റെ സിരാപടലങ്ങളിൽ എത്രയോ ആഴമേറിയ ഏതോ മേടുകൾ ഉണ്ടെന്ന് തോന്നുന്നമാതിരി, ആ പക്ഷികളുടെ പറക്കൽ എന്നെ ഉന്മത്തനാക്കുമായിരുന്നു. അവയോടൊപ്പമാണ് ഞാനെന്ന് തോന്നും. അവ ചെറിയ ഇലകളെ ആകാശത്തിലേക്ക് വലിച്ചെടുക്കുകയാണെന്ന് കരുതുന്നത് സുഖമുള്ള കാര്യമാണ്. ആ ചെറിയ പച്ചയിലകൾ അതിനുമുകളിലുള്ള നീലാകാശത്തിന്റെ ചെറിയ ചെറിയ ശകലങ്ങൾ കാണിച്ചുതരും. നീലാകാശത്തിന്റെ ഗാഢത ഒരു തീവ്രപ്രണയത്തിന്റെ അജ്ഞാതമായ രാഗമാണ്. അത് സമുദ്രാന്തരഭാഗത്തെ അഗാധനിശ്ശബ്ദതയുടെ വർണാഭമായ ഒരു നിമിഷമാണ്. അതിലേക്ക് നമുക്ക് ചെല്ലണമെങ്കിൽ വലിയൊരു സ്വപ്നം ജീവിച്ചുതീർക്കണം. പേരറിയാത്ത ആ വലിയ മരങ്ങളുടെ ഇലകൾ എത്രയോ ആത്മീയമൂല്യമുള്ളവയാണ്. അവർ വളരെ നിശ്ശബ്ദമായി ആ സൗകുമാര്യമായ ആകാശത്തുനിന്നുള്ള സന്ദേശങ്ങൾ സമാഹരിക്കാൻ തയ്യാറെടുക്കുകയായിരുന്നു. പക്ഷികൾ അവിടേക്കാണ് എന്തോ മറന്നുവച്ചതുപോലെ പാറിപ്പറന്നുവന്നത്. അവ സുപ്രധാനമായ കുറെകാര്യങ്ങളിന്മേൽ ചർച്ച നടത്തുകയാണ്. അവയ്ക്ക് ആകാശത്തിന്റെ നിബിഡമായ ധ്യാനത്തെക്കുറിച്ച് അറിയണമെന്നില്ല. സന്ധ്യയിൽ അവ ചായം ചേർക്കുകയാണ്. ശാബ്ദികമായ സൗന്ദര്യംകൊണ്ട് അവ സന്ധ്യയെ ജൈവമാക്കുന്നു.

ലെനിക്കോവ് നടന്നുപോകുന്ന ആ രാത്രിയിലേക്ക് ഞാൻ എപ്പോഴും കൊണ്ടുവരാൻ ശ്രമിച്ചത് സന്ധ്യയിൽ കണ്ട ആ പക്ഷിക്കരച്ചിലിന്റെയും വൃക്ഷത്തിന്റെയും ചിത്രമായിരുന്നു. അത് ആ പെയിൻറിംഗിൽ കുറച്ചൊക്കെ പ്രകടമായിരുന്നു.

ലെനിക്കോവ് തനിച്ചായിരുന്നു. ലെവ്‌ന നൽകിയ പൈശാചികവും ഉന്മത്തവുമായ ലൈംഗിക ചോദനകളെ കുടഞ്ഞുകളയാൻ അയാൾ അനുവദിച്ചില്ല. രണ്ടു വലിയ കുന്നുകൾക്കിടയിലെ ഇടവഴിയിലൂടെ നടക്കുമ്പോൾ അയാൾ പകലിന്റെ ഒടുവിൽ മനുഷ്യന്റെ അരാജകമായ വിമതശബ്ദങ്ങളെ ന്യായീകരിക്കാൻ ശ്രമിച്ചതോർത്ത് തെല്ല് ചമ്മൽ തോന്നിയെങ്കിലും, അതിൽ മുഴുകാതെ അയാൾ ലെവ്‌നയുടെ വന്യമായ ആഭിചാരത്തിലൂടെ താൻ എത്രമാത്രം വിപ്ലവമുക്തനും വ്യാമുഗ്ദ്ധനുമായി എന്നോർത്ത് ആശ്വസിച്ചു. ഇതൊന്നും നീണ്ടുനിൽക്കുന്നതല്ലെന്ന് അറിയാമായിരുന്നു. മാഞ്ഞുപൊയ്‌ക്കൊള്ളട്ടെ, ”ഈ മായക്കാഴ്ചകളുടെ പങ്ക് നിങ്ങൾക്കുള്ളതാണ്” അയാൾ ഇരുവശത്തു നിന്ന കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളുമുള്ള പ്രകൃതിയെ നോക്കി പറഞ്ഞു.

അയാൾ ഒരിലയെ സ്പർശിച്ചു. അതിന്റെ ഒരറ്റം നുള്ളിയെടുത്തു.

”എന്താണ്?” അയാൾ സ്വയം ചോദിച്ചു.

”കാലാതിവർത്തിയായ ഒരു ഗാനമാലപിക്കുകയാണ്; അത് നിശ്ശബ്ദവുമാണ്.” പ്രകൃതിയുടെ സ്വരമെന്നപോലെ അയാളുടെ മനസിൽ മന്ത്രിച്ചു.

”എനിക്കു കേൾക്കാനാവുന്നുണ്ട്.” അയാൾ പറഞ്ഞു.

ചീവീടുകളുടെയോ ഒറ്റപ്പെട്ട പക്ഷികളുടെയോ ശബ്ദങ്ങൾ ചിലപ്പോൾ നിങ്ങളെ പിന്തിരിപ്പിച്ചേക്കാം. എന്നാൽ നിങ്ങൾ മനസിന്റെ നിശ്ശബ്ദതയിൽ, മറ്റൊരാളായിനിന്ന് അറിയുന്ന നേരിടൽ ഉണ്ടല്ലോ, അതാണ് മൗനമായി, സംഗീതമായി ഇപ്പോൾ പരിണമിച്ചുകൊണ്ടിരിക്കുന്നത്”.

എന്താ, ആ ഉത്തരം പ്രകൃതിക്ക് വേണ്ടി തന്റെയുള്ളിലാണ് വന്നതെന്നറിഞ്ഞ് അയാൾ കടം വാങ്ങിയ ബോധലഹരിയിൽ സാവധാനം ചുവടുകൾ വച്ചു; കരയിലകളിൽ കാലുപതിയുമ്പോൾ ഒച്ചകേൾക്കാതെ.

ലെനിക്കോവ് അന്ന് പതിവിനനുസരിച്ച് കമ്പനിയിലെത്തി. സാധാരണ വിശേഷങ്ങൾക്കപ്പുറത്തേക്ക് സംഭാഷണം കടന്നുപോകാതിരിക്കാൻ ശ്രദ്ധിച്ചു. അന്ന് പുതുതായി രണ്ടുപേർ ജോലിയിൽ ചേർന്നിട്ടുണ്ടായിരുന്നു. അവരോടെല്ലാം വിശേഷങ്ങൾ ചോദിച്ചതല്ലാതെ ഒരു സംഭാഷണത്തിനു മുതിർന്നില്ല. വളരെ യാന്ത്രികവും എന്നാൽ തന്റെ നിർവ്വികാരത മറ്റാരും അറിയാത്തമട്ടിൽ അടക്കിപ്പിടിച്ചുമാണ് സംസാരിച്ചത്. എന്താണ് പറഞ്ഞതെന്ന് ഓർത്തിരിക്കാനിടയില്ലാത്ത മട്ടിൽ അയാൾ സ്വയം വിസ്മൃതനായിരുന്നു.

‘ഫംഗസ്’ അതേപടി പുനർനിർമ്മിക്കാൻ, ഞാൻ അശക്തനാണ്. എന്റെ കാലങ്ങൾ എവിടെയോ ഒഴുകിപ്പോയിരിക്കുന്നു. ഞാനിപ്പോൾ ജന്മാന്തര ജീവിതത്തിന്റെ അറിവുകളിലൂടെ പോകുകയാണ്. ഇവിടെ ലെനിക്കോവിനെ ഞാൻ പലയിടത്തുനിന്നായി പെറുക്കിയെടുക്കുകയാണ്. പെട്ടെന്ന് ഒരു ക്ഷോഭം, അന്ന് ലെനിക്കോവിനെ പിടികൂടി. വളരെ മൗനിയായതുതന്നെ എന്തിന്റെയോ തുടക്കമായിരുന്നു. ഏതൊക്കെയോ ഭൂതകാലങ്ങളിലേക്ക് അയാൾ വഴുതിപ്പോയി. പ്രാകൃത കമ്മ്യൂണിസ്റ്റുകാരുടെ രഹസ്യസങ്കേതങ്ങളിലും അരാജകവാദികളുടെ സാഹിത്യകൂടാരങ്ങളിലും ഒറ്റപ്പെട്ടത് ദഹിക്കാത്ത ഭക്ഷണമായി അയാൾ കൊണ്ടുനടക്കുകയായിരുന്നല്ലോ. വിവാഹശേഷം മറ്റൊരാളായി മാറാൻ പ്രയാസമുണ്ടായില്ല. ഭാര്യയുടെ പ്രിയപ്പെട്ട പുരുഷൻ എന്ന പ്രമേയത്തിലേക്ക് സാവധാനം എത്തിച്ചേർന്നത് കുടുംബത്തിനു അനുഗ്രഹമായി. ഭൂതകാലം നമുക്ക് ഇതുപോലെ നന്നാക്കിയെടുക്കാനാവും.

ഫംഗസിലെ പ്രധാന കഥാപാത്രമായ ലെനിക്കോവിന് ഓർമ്മകളിൽ പല ഭാവങ്ങളുണ്ട്. സ്വതന്ത്രവും രാഷ്ട്രീയമായി അനാഥവുമായ യൗവ്വനകാലത്ത് അയാൾ നിഷിതോവ എന്ന യുവതിയുടെ പ്രിയപ്പെട്ടവനായിരുന്നു. അന്ന് അയാളെ അവൾ ലെ എന്നാണ് വിളിച്ചിരുന്നത്. ലെ ഇപ്പോഴത്തെപ്പോലെ വിളറിയ രൂപത്തിലായിരുന്നില്ല. തല നിറയെ മുടിയും വശങ്ങളിലേക്ക് ചാഞ്ഞ മീശയും നീളൻ കുപ്പായവും ദൂരേക്ക് നോക്കുന്ന പ്രകൃതവും ലെയെ ഒരു അന്യഗ്രഹജീവിയാക്കിയിരുന്നു. അയാൾ എല്ലാറ്റിനെയും നിസാരവത്കരിക്കുകയും നിഷിതോവയുടെ സാന്നിദ്ധ്യത്തെമാത്രം വിലമതിക്കുകയും ചെയ്തു. നിഷിതോവയെ കാണാനാവാത്ത ദിവസങ്ങളിൽ ലെ വീടിന്റെ മട്ടുപ്പാവിൽ മുഷിഞ്ഞിരുന്ന് ദൂരെ റോഡിലൂടെ പോകുന്ന യാത്രികരെ നോക്കുമായിരുന്നു. കാഴ്ചയിലൂടെ വ്യക്തമാകാത്തവിധം ദൂരത്താണ് ആ പാത പൊയ്‌ക്കൊണ്ടിരുന്നത്. അതിലേ പോകുന്നവരും വരുന്നവരും ലെയുടെ മനസിലെ ആഗ്രഹങ്ങളായിരുന്നു. എന്നും കുട്ടിയായിരിക്കാൻ ആഗ്രഹിച്ച ആ യുവാവ് ഒരു ദിവസം അപ്രത്യക്ഷനായി. നിഷിതോവ അന്വേഷിച്ച് പല തവണ വീട്ടിൽ വന്നു. ആർക്കും ഒരു വിവരവും ഇല്ലായിരുന്നു. പിന്നീട് അവർ തമ്മിൽ കണ്ടിട്ടേയില്ല.

ലെയുടെ വീട്ടുകാര്യങ്ങളൊന്നും ലെനിക്കോവിനു ഓർമ്മയില്ല. അവർ രണ്ടു വ്യക്തികളെപ്പോലെ അകന്നുപോയിരിക്കുന്നു. നിഷിതോവ നൽകിയ പ്രണയവും ലൈംഗികാനുഭൂതികളും അയാൾ ഓർമ്മിക്കാറേയില്ല. തന്നെ എപ്പോഴും ഭൂതകാലം വഞ്ചിക്കുകയാണെന്ന് അയാൾ അടുത്ത കൂട്ടുകാരോട് പറയുമായിരുന്നു. വളരെ അടുപ്പമുള്ള ഒരാളെ എങ്ങനെയാണ് ജീവിതത്തിൽ കൊണ്ടുനടക്കേണ്ടതെന്നതിനെക്കുറിച്ച് ലെനിക്കോവിന് ഇപ്പോൾ വ്യക്തതയില്ല. ഒരാളോടുള്ള സ്‌നേഹം ഉപാധികൾ മാത്രമാണോ? വാസ്തവത്തിൽ നമ്മൾ വ്യക്തിയെ സ്‌നേഹിക്കുന്നു എന്ന് പറയുന്നത് യഥാർത്ഥമാണോ? ചില ആശയപരമായ വിഷയങ്ങളും അതിന്മേലുള്ള വൈകാരികമായ പങ്കിടലും എന്നതിനപ്പുറം സ്ഥായിയായ എന്തെങ്കിലും വ്യക്തികൾക്കിടയിലുണ്ടോ? ഒരാൾ തന്റെ മനസിനോട് കുറച്ചുനേരത്തേക്ക് കള്ളം പറയുകയാണെന്ന് കരുതുക. എത്രയും സ്‌നേഹമുണ്ടെന്ന് തുറന്നുപറയാൻ ഒരു കാരണമുണ്ടാവുന്നത് പെട്ടെന്നാണ്. ആ കാരണം അവിടെത്തന്നെ കാണുമോ? എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാം. ഒരാൾ സ്‌നേഹിക്കുന്നത് തന്റെ ഭൂതകാലത്തെയാണെന്ന് പറഞ്ഞാലും തെറ്റില്ല. താൻ എന്തായിരുന്നുവെന്ന് മറ്റൊരാളോട് പറയുന്നതിന്റെ ഒരു ഭാഷയാണ് ഇഷ്ടം. ഞാൻ ഇഷ്ടപ്പെടുമ്പോൾ എന്റെ ഭൂതകാലം കുറേക്കൂടി സമഗ്രമായി ശുദ്ധിനേടും. പൂർവകാലത്തിന്റെ പ്രാബല്യം ഓരോ ഇഷ്ടത്തിലുമുണ്ട്. ആ ഇഷ്ടം മുമ്പെങ്ങോ ഉണ്ടായിരുന്നതാണ്. അതവർക്ക് നിഷേധിക്കാനാവില്ല. എന്നാൽ അത് കുറെകഴിയുമ്പോൾ നിഷിദ്ധവുമാണ്. ഉപാധികൾ ഇല്ലാതാവുമ്പോൾ സ്‌നേഹിച്ച ശരീരം ശവത്തിനു തുല്യമാവുന്നു. ശവത്തിനു വിനിമയം ചെയ്യാനില്ലാത്തതുകൊണ്ട് കുറേക്കഴിയുമ്പോൾ സ്വയം തിരുത്തിപ്പറഞ്ഞ് നമ്മൾ രക്ഷപ്പെടുന്നു. സ്‌നേഹത്തിനു ഉറപ്പില്ല. അത് വ്യക്തിയെയല്ല ഉന്നം വയ്ക്കുന്നത്. താൻ അർത്ഥമാക്കുന്ന ശീലങ്ങളെയോ സങ്കല്പങ്ങളെയോ സ്വപ്നങ്ങളെയോ ഭാവിയെയോ ആണ്.

സർ നിക്കോഫ് ഫിലിക്‌സിന്റെ ‘നായകൻ മലമുകളിലേക്ക്’ എന്ന കഥ ഓർക്കുകയാണ്. അതിലെ നായകനായ പൂട്ടോവ്‌സ്‌കി തന്റെ കാമുകിയോട് പറഞ്ഞത്, ഇപ്പോൾ പ്രേമം കിട്ടിയാലും താൻ സന്തോഷിക്കുകയില്ല, തന്നെ വർഷങ്ങളോളം പ്രേമിക്കാനുള്ള ഉറപ്പുവേണമെന്നാണ്. ,വർത്തമാനകാലത്ത് മാത്രമാണ് പെണ്ണ് ജീവിക്കുന്നതെന്ന വാസ്തവികതയെ ഉൾക്കൊണ്ടതിന്റെ വേദനയിൽ അവൻ ആവശ്യപ്പെട്ടത് അവളോട് ഭാവിയിലേക്ക് വരാനാണ്. ഒരു പ്രവാചകനെപ്പോലെ അവൻ പ്രഖ്യാപിച്ചു: ”ഭാവിയിലേക്ക് വരു പ്രിയതമേ. നിന്നെ ഞാൻ എന്റെ ശരീരത്തിന്റെ സിരകളിലൂടെയും ഹൃദയവികാരങ്ങളിലൂടെയും കടത്തിക്കൊണ്ടുപോകും. ഇപ്പോൾ നീ പറയുന്നതൊന്നും ഞാൻ കാര്യമാക്കില്ല. ഞാനത് ശ്രദ്ധിക്കുന്നില്ല. എന്റെ ഇരു ചെവികളെയും ഞാൻ നിന്റെ ഇപ്പോഴത്തെ വാക്കുകളിൽ നിന്ന് അകറ്റിനിർത്തുകയാണ്. ഈ പ്രപഞ്ചത്തിന്റെ ഭാവിയിലെവിടെയോ ഉള്ള നിന്റെ പൊട്ടിച്ചിരികൾക്കായി അവ കാത്ത് നിൽക്കുകയാണ്. ആ കർണങ്ങൾ എന്റെ ശരീരത്തിനപ്പുറത്തേക്കും കുതികൊള്ളാൻ ഭാവിക്കുകയാണ്.”

സ്‌നേഹത്തെ പിന്തുടർന്ന്, അത് അവ്യക്തവും അനൈഹികവും ദൈവികവുമായപ്പോൾ ലെനിക്കോവ് ഒഴിഞ്ഞോടുകയായിരുന്നു. സ്‌നേഹം ദൈവികമാണെന്ന് പറയുന്നത് ചമൽക്കാരമാണ്. പ്രാകൃത കമ്മ്യൂണിസ്റ്റുകൾ അതിനെ എതിർക്കുകയാണ് ചെയ്തത്. അവർ സമകാലികമായ കമ്മ്യൂണിസ്റ്റുകാരെപ്പോലെ അധികാരത്തെക്കുറിച്ച് അറിവുനേടുകയോ ഏതെങ്കിലും രാജ്യത്ത് നേതൃത്വം ഏറ്റെടുക്കുകയോ ചെയ്തവരല്ല. അവർ ഒളിവിലും അലച്ചിലിലും തർക്കത്തിലും ബൗദ്ധികമായ ആശയസംഘട്ടനത്തിലുംകൂടി തങ്ങളുടെ ഇരുണ്ടകാലത്തെ ജീവിച്ചുതീർക്കുകയായിരുന്നു. സ്‌നേഹം ദൈവികമാണെങ്കിൽ അതിനെ എങ്ങനെ മാനുഷികമാക്കാമെന്ന് ചിന്തിക്കണമെന്ന് അവൻ ഒരു അരാജകകവിയെ ഉദ്ധരിച്ചുകൊണ്ട് വാദിച്ചു. പ്രേമിക്കാതിരിക്കുമ്പോൾ ദൈവികമായതും പ്രേമിക്കുമ്പോൾ മാനുഷികമായതുമാണത്രേ സംഭവിക്കുന്നതെന്ന് പ്രാചീന റഷ്യൻ ഏകാന്ത തത്ത്വചിന്തകർക്ക് അഭിപ്രായമുണ്ടായിരുന്നു. അവർ ഇരുണ്ടകാലത്തിലൂടെ വെളിച്ചത്തിനുവേണ്ടി അലയുകയായിരുന്നു. എന്നാൽ അവർ തേടിയ വെളിച്ചം ദൈവത്തിൽ നിന്ന് നിർബാധം ലഭിക്കുമെന്ന് സങ്കല്പിക്കപ്പെട്ടതായിരുന്നില്ല. ഒരിടത്ത് ദൈവമായ സ്‌നേഹം സ്ഥിരമായി ഇരുപ്പുണ്ടെങ്കിൽ, അത് നേടുന്നതിൽ ഒരു സ്‌നേഹമയി എന്ന നിലയിൽ യാതൊരു പങ്കും പറ്റാനില്ലെന്നാണ് ആ മതം വിളിച്ചറിയിക്കുന്നത്.

സ്‌നേഹിക്കുന്നതിനുമുമ്പുതന്നെ ദൈവികസ്‌നേഹം ഇവിടുണ്ട്. അപ്പോൾ ഒരാൾ സ്‌നേഹിക്കുമ്പോൾ, തീവ്രമായി സ്‌നേഹിക്കുമ്പോൾ വികാരഭാരംകൊണ്ട് അയാളുടെ മനസ് മുറിഞ്ഞ് ചോരവരും. ആ ചിന്താഭാരവും വ്രണിതമായ ഓർമ്മകളുടെ നോവും എന്തിനു അനുഭവിക്കണം? കാരണം അയാളുടേത് ഏകപക്ഷീയവും സ്വയം നിർമ്മിതവുമായ ഒരാവേശമാണല്ലോ. അയാൾ തനിക്കുവേണ്ടിമാത്രമാണ് അത് അന്വേഷിക്കുന്നത്; അന്വേഷിക്കുകയല്ല, നിർമ്മിക്കുകയാണ്. ദൈവത്തിന്റേതായി കണ്ടുപിടിക്കപ്പെട്ട ഏറ്റവും സുതാര്യവും മഹത്തരവുമായ ഒരു അവസ്ഥയെ മാനുഷികമെന്ന് മാത്രം വിളിക്കാനൊക്കുമോ? അങ്ങനെ വിളിക്കുമ്പോൾ മനുഷ്യന് അതിൽ ഒരു അദ്ധ്വാനവും കാഴ്ചപ്പാടും വേണ്ടേ? അത് അവന്റേതായ ഒരു സങ്കല്പവും വ്യതിരിക്തമായ ചുവടുവയ്പുമല്ലേ? ഒരാൾ ഒന്നിനെ വെറുതെ നോക്കി ഇഷ്ടപ്പെടുന്നതും ആ വസ്തുവിനെ തീക്ഷ്ണമായി പിന്തുടരുന്നതും രണ്ടാണ്. രണ്ടിലും ദൈവികമായ സ്‌നേഹമുണ്ട്. എന്നാൽ മനുഷ്യൻ അവന്റെ ശക്തികൊണ്ടാണ് സ്‌നേഹിക്കുന്നത്. അവന് ശക്തി കുറവാണെങ്കിൽ സ്‌നേഹത്തിനും ശക്തി കുറവായിരിക്കും. അപ്പോൾ സ്‌നേഹം അവന്റേതാണ്. ഇതാണ് മുതലാളിത്ത, ഏകാധിപത്യ ബദലുകൾ തേടാനായി മനുഷ്യത്വത്തെ കേവലാദർശമായി ഉയർത്തിക്കൊണ്ടുവന്ന പ്രാകൃത കമ്മ്യൂണിസ്റ്റുകാരും അലഞ്ഞുതിരിയുന്നുവരുടെ കമ്മ്യൂൺ എന്ന് വിശേഷിപ്പിക്കാവുന്ന എഴുത്തുകാരുടെ കൂട്ടവും സ്വീകരിച്ച മനോഭാവം.

ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് ,താൻ എന്തുകൊണ്ടാണ് കുറച്ചുനേരത്തേക്കെങ്കിലും കോപിഷ്ടനും അസ്വസ്ഥനുമായതെന്ന് ലെനിക്കോവിനു മനസിലായത്. അയാൾ ഒരു കുടുംബനാഥനും പെൺകുട്ടികളുടെ അച്ഛനുമാണെന്ന യാഥാർത്ഥ്യമൊക്കെ മറന്നുപോയിരുന്നു. അയാളുടെ മനസിൽ, ആ കമ്പനിയുടെ കാർഷെഡിനു പുറത്ത്, ഭിത്തിയോട് ചേർന്ന് കാണപ്പെട്ട ഫംഗസിന്റെ ഒരു കൂട്ടമായിരുന്നു. വെള്ളയും പച്ചയും ഇളംനീലയും കലർന്ന ആ ഫംഗസ് മറ്റേതോ ലോകത്തെയാണ് പെട്ടെന്ന് ഓർമ്മിപ്പിച്ചത്. മനുഷ്യജീവിതത്തിൽ അപരത്വവുമായി ബന്ധപ്പെടാനുള്ള ധാരാളം ഇടനാഴികളുണ്ടെന്ന് പുരാതന റഷ്യൻ മന്ത്രവാദിയും ചികിത്സകനുമായ തർജയേവ് വിശ്വസിച്ചിരുന്നു. അതിന്റെ വെളിച്ചത്തിലാണ് തർജയേവ് തന്റെ ശിഷ്യരെയും രോഗികളെയും സന്ദർശകരെയും പരിശോധിച്ചിരുന്നത്. ലെനിക്കോവ് ആ മന്ത്രവാദിയെക്കുറിച്ച് നല്ലതുപോലെ അറിയാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ എത്രയൊക്കെ അറിയാൻ ആഗ്രഹിച്ചാലും അത്രയുമോ അതിലേറെയുമോ ദുരൂഹത പിന്നെയും അവശേഷിക്കുന്നത് കാണാം. മനുഷ്യരുടെ ജീവിതത്തിനു അപാരവും അദൃശ്യവുമായ സുഷിരങ്ങളുണ്ടത്രെ. ചില പക്ഷികൾ, നിലാവിന്റെ കനം, കാറ്റിന്റെ വേഗം, ചെറുജാതി സസ്യങ്ങൾ തുടങ്ങിയവയിലൂടെ മനുഷ്യർക്ക് അഭൗമവും അതിരറ്റതുമായ സന്ദേശങ്ങൾ ലഭിക്കാവുന്നതാണ്. എന്നാൽ യുക്തിയുടെ കടുത്ത മേലങ്കിയണിഞ്ഞിട്ടുള്ളതിനാൽ ഇതൊന്നും അവനു വ്യക്തമാവുകയില്ല. അവൻ ഇങ്ങനെയുള്ള സൂക്ഷ്മമായ അറിവുകളെ നിരാകരിച്ച്, ആ സ്ഥാനത്ത് കാര്യകാരണബന്ധങ്ങളെയും ഫലവത്തായ ഭാവിയെയും പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നതെന്നും തർജയേവ് എഴുതിയിട്ടുണ്ട്. ജീവിതത്തോട് അടിയറവ് പറയുന്നവരാണ് തർജയേവിനെ കാണാനോടുന്നത്. എല്ലാ അഹന്തയും ഉപേക്ഷിച്ച് ചെല്ലുന്നവർക്ക് അദ്ദേഹം ചില വിലപ്പെട്ട പാഠങ്ങൾ കൊടുക്കും. ജന്മാന്തര രഹസ്യങ്ങൾ, ചില പ്രത്യേക ദിവസങ്ങളിൽ കാണുന്ന ചെടികൾ, പൂക്കൾ, പക്ഷികൾ, അസാധാരണമായ ശബ്ദത്തോടെ പാഞ്ഞുപോകുന്ന വാഹനങ്ങൾ, ചില പൂച്ചകളുടെ നോട്ടം തുടങ്ങിയവ വിശകലനം ചെയ്യുക തർജയേവിന്റെ പദ്ധതികളായിരുന്നു. കേൾവിക്കാരനെ ഞെട്ടിച്ചുകൊണ്ട് ഒരു കാഴ്ചയുടെ ഗണിതശാസ്ത്രം തന്നെ അദ്ദേഹം മുന്നോട്ടുവയ്ക്കും. ഏതാനും മണിക്കൂർ കഴിഞ്ഞുള്ള കാര്യങ്ങൾ വരെ നായകൾക്ക് നിരീക്ഷിക്കാനാവുമെന്നും പൂച്ചകൾ മനുഷ്യരെ മക്കളായി കാണുന്നുവെന്നും തർജയേവ് വിവരിച്ചിട്ടുണ്ട്. മരിച്ചവർ ചന്ദ്രനിലേക്കാണ് പോകുന്നതെന്നും ചന്ദ്രന്റെ ബിംബത്തിൽ നിന്ന് പ്രകാശം വിതറുന്നത് മരിച്ചവരുടെ തുടർ ജീവിതവിശേഷമാണെന്നും തർജയേവ് പലപ്പോഴായി രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രകളിൽ നാം അവിചാരിതമായി കണ്ടുമുട്ടുകയും പെട്ടെന്നുതന്നെ പിരിയുകയും ചെയ്യുന്നവർ പല ലോകങ്ങളിൽ ജീവിക്കുന്നവരാണെന്നും അദൃശ്യവും അജ്ഞാതവുമായ ചില കാരണങ്ങൾകൊണ്ട് ഒരു സമയത്ത് അവരോടൊപ്പം നാം കാണപ്പെടുന്നതാണെന്നും അദ്ദേഹം ഉറപ്പിക്കും.

ലെനിക്കോവിന്റെ മനസിൽ തർജയേവിന്റെ സിദ്ധാന്തങ്ങൾ വന്നു മിന്നിമറഞ്ഞെങ്കിലും, ഫംഗസ് മനസിലുണ്ടാക്കിയ അങ്കലാപ്പ് മാറിയില്ല. അത് സമകാലിക മനുഷ്യരുടെ നരകതുല്യവും സർവവ്യാപിയും ആയ ഏതോ അർത്ഥത്തെ വഹിക്കുന്നതായി തോന്നാതിരുന്നില്ല. ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യർ, അവരറിയാതെതന്നെ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നു. ക്രൂദ്ധവും വേർപിരിയാൻ തയ്യാറെടുക്കുന്നതും പെട്ടെന്ന് കലഹത്തിലേക്ക് ആഗിരണം ചെയ്യുന്നതും വെറുക്കുന്നതും സംശയിക്കുന്നതുമായ മനുഷ്യത്വമാണ് എവിടെയുമുള്ളതെന്ന് ലെനിക്കോവ് പൊടുന്നനെ ചിന്തിച്ചു. ഒരു കല്ലെടുത്തുവച്ച് അതിനുമുകളിൽ മറ്റൊന്നുവച്ച് നാം നിരന്തരമായ ബന്ധങ്ങളും വിശ്വാസങ്ങളും കെട്ടിപ്പൊക്കുകയാണ്. എന്നാൽ നമുക്ക് എവിടെ ചെന്നാലും സ്വസ്ഥതയോ സംശയരഹിതമായ ഒരു ഇടനാഴിയോ ലഭിക്കുന്നില്ല. എല്ലായിടത്തും ചെല്ലാം. രണ്ടാമതൊന്ന് ആരെയും നോക്കേണ്ടതില്ല. ആദ്യനോട്ടം പോലും വെല്ലുവിളിയാവുകയാണ്. ഈ ലോകം എന്റേതാണെന്ന ചിന്തയിൽ ഓരോ മനുഷ്യനും പരമാവധി വേഗത്തിൽ ജീവിതത്തിലേക്കു എടുത്തുചാടുകയും ചവിട്ടിമെതിച്ച് പാഞ്ഞുപോകുകയുമാണ്. ഒരു ഓട്ടത്തിനു പരിധിയില്ല.

ലെനിക്കോവ് ആ ഫംഗസുമായി വീട്ടിലേക്ക് കയറി. മുറിക്കുള്ളിൽ വസ്ത്രം മാറി, കുളിച്ച്, ഭക്ഷണം കഴിക്കുന്നതിനിടയിൽ അയാൾ എല്ലാവരോടും സ്‌നേഹത്തിലാണ് പെരുമാറിയതെങ്കിലും, താൻ എവിടെയോ നഷ്ടപ്പെടുകയായിരുന്നെന്ന് സ്വയം അറിഞ്ഞു. ഉറങ്ങാൻ കിടന്നപ്പോൾ, ഫംഗസ് അയാളിലേക്ക് കുറേ ഓർമ്മകൾ കുടഞ്ഞിട്ടു. അതാദ്യമായല്ല ഫംഗസ് കാണുന്നതെന്ന് പെട്ടെന്ന് ഓർത്തു. ഇതിനു മുമ്പും ആ ഫംഗസ് കണ്ടിട്ടുണ്ട്. എവിടെയായിരുന്നു? ഒരിടത്തല്ല, പല സ്ഥലങ്ങളിൽ. ഒരു വിവാഹത്തിൽ പങ്കുകൊണ്ട അവസരം മനസിലേക്ക് വന്നു. അന്ന് വധൂവരന്മാർ ക്ഷണിതാക്കളെ സ്വീകരിക്കാനായി മുറ്റത്ത് നിന്നപ്പോഴായിരുന്നു ശ്രദ്ധിച്ചത്. അവരുടെ പിന്നിലെ ഭിത്തിയിൽ വർണങ്ങളിൽ സ്വയം മറച്ച് ആ ഫംഗസ് കൂട്ടത്തോടെ നിന്നു. അധികമൊന്നുമില്ല. പത്തോ പന്ത്രണ്ട് അടരുകൾ. റഷ്യൻ അധികാരതേർവാഴ്ചയിലും സാധാരണക്കാരുടെയും കൃഷിക്കാരുടെയും അടിമത്തത്തിലും യാതൊന്നും സംഭവിക്കാത്തവിധം വിശ്വാസത്തോടെയാണ് ഫംഗസിന്റെ നിറങ്ങൾ കാണപ്പെട്ടത്. അതിനെ അവിടെ ആരും ശ്രദ്ധിച്ചതായി ഓർക്കുന്നില്ല. സാറിസ്റ്റ് റഷ്യയുടെ സാംസ്‌കാരിക ബാക്കിപത്രമൊക്കെ പിന്നീട് പലരും തിരഞ്ഞുപോയിട്ടുണ്ട്. അത് തേടിച്ചെല്ലാൻ എന്റെ മനസ് വെമ്പിയെങ്കിലും വസ്തുതകളും മനുഷ്യരുടെ മുഖങ്ങളും ഒന്നും വിളിച്ചുപറയുന്നുണ്ടായിരുന്നില്ല. കലാകാരന്മാർക്ക്, എഴുത്തുകാർക്ക്, കവികൾക്ക് ഓടിയൊളിക്കാം. തീർച്ചയായും, ഭരണകൂടങ്ങൾ ആവിഷ്‌കാരത്തിനു ബദലായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ സ്വയം തുറന്നുകാണിക്കാനാഗ്രഹിക്കുന്ന കലാകാരന്മാർക്ക് ഭ്രാന്ത് വരും. അവരെ ആരും തന്നെ വ്യക്തമായി ഉൾക്കൊള്ളണമെന്നില്ല; അതിന്റെ ആവശ്യവുമില്ല. അവർ വരയ്ക്കുന്നതിലും എഴുതുന്നതിലും തങ്ങളുടെ ഭ്രാന്ത് കൂടി കൂട്ടിച്ചേർക്കും. വെറോണിക്ക ലിവിൻസ്‌കി എന്ന ചിത്രകാരന്റെ ‘ആപ്പിൾ പാത്രം’ ചുളുങ്ങിയതും തുറന്ന ഭാഗം ഇടുങ്ങിയതുമായിരുന്നു. ഉള്ളിലേക്ക് ചെന്ന ആപ്പിളിനു പുറത്തേക്ക് പോരാൻ കഴിയാതെ കുഴങ്ങുന്ന പോലെ, ആ ലോഹപ്പാത്രത്തിന്റെ ചുവട്ടിൽ ഒരു ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു. ഇങ്ങനെയൊരു പാത്രം ഒരിടത്തും വാങ്ങാൻ കിട്ടില്ലായിരുന്നു. വാങ്ങിയശേഷം ആരോ നശിപ്പിച്ചതാണ്. വളരെ പഴക്കമുള്ളതുമാണ്. അതിനകത്ത് എങ്ങനെ ആപ്പിൾ നിറയ്ക്കാനായി? വെറോണിക്കയുടെ ഭ്രാന്ത് ആ ചിത്രത്തിന് അപസ്മാരത്തിന്റെ സൗന്ദര്യം നൽകി.

കവി എഴുതിയ വരികൾ യാഥാർത്ഥ്യത്തിനു ബദൽ അന്വേഷിക്കുന്ന രീതിയിലായിരുന്നു. മണ്ണിനടിയിൽ വർഷങ്ങളായി കഴിയുന്നവരുടെ ആകാശവും നക്ഷത്രങ്ങളും എന്ന് എഴുതിയത് ഓർക്കുന്നു. ഫിയോദോർ ചെസ്‌ലാവ് എന്ന കവി ഇഷ്ടികച്ചെടികൾ, കല്ലുദീപങ്ങൾ, പ്രാർത്ഥനാചുമരുകൾ, മൗനക്കട്ടകൾ, ഭയപാർശ്വങ്ങൾ, വിഷാദചെതുമ്പലുകൾ, കാല്പാദ സസ്യങ്ങൾ എന്നെല്ലാം എഴുതി വായനക്കാരെ സംഭ്രമിപ്പിച്ചു. അദ്ദേഹം വഴിവിട്ട ഭാവനയിൽ കയറി ഒളിച്ചതാണ്. ഭയത്തിനു മരുന്നില്ല; എന്നാൽ ഭാവന പ്രതിസന്ധിയിലാകുമ്പോൾ, അത് സ്വയം മരുന്നു കണ്ടുപിടിക്കും. കുർസ്‌കിലെ പ്രസിദ്ധ കവി അല്യോഷായുടെ വരികളിൽ നിന്നാണ് ഞാൻ ഫംഗസ് ‘ബാധ’യെക്കുറിച്ചറിയുന്നത്. ”പ്രതികാരബുദ്ധിയോടെ ഫംഗസ് എവിടെയും എപ്പോഴും വന്നു നിൽക്കും. നിങ്ങൾ കണ്ടുകൊണ്ടിരിക്കണമെന്നില്ല.” എന്നാണ് അല്യോഷ എഴുതിയത്. അന്ന് എനിക്ക് ഉറങ്ങാൻ ബുദ്ധിമുട്ട് നേരിട്ടു. ഞാൻ പലതവണ എഴുന്നേറ്റുനടന്നു. ഇരുട്ടിൽ എന്നെയാരോ ഭയപ്പെടുത്താൻ പതുങ്ങിയിരിക്കുന്നപോലെയുള്ള അന്തരീക്ഷം.

ഞാൻ ശുചിമുറിയിൽപ്പോയി നിന്നു. അന്നത്തെ ചീവീടുകളുടെ ശബ്ദത്തിന് ഭയസാന്നിദ്ധ്യവും ഗാഢതയും ഉണ്ടായിരുന്നു. അവ കരയുകയല്ലായിരുന്നു; ഭീഷണിപ്പെടുത്തുകയായിരുന്നു. അല്യോഷായുടെ വരികൾ ഒരു ഉണർത്തുപാട്ടായിരുന്നു. പതിറ്റാണ്ടുകൾക്കു മുമ്പുള്ള എന്നെ അത് വീണ്ടെടുത്തു തന്നു. ലെനിക്കോവിനെ സൃഷ്ടിച്ചപ്പോൾ അതു മറച്ചുപിടിക്കാനായി ഞാൻ അയാൾക്ക് ബൊഹീമിയൻ വിപ്ലവകാരിയുടെയും അലഞ്ഞുതിരിയുന്ന കലാകാരന്മാരുടെയും അന്തഃകരണത്തിന്റെ ഛായ നൽകി.

ലെനിക്കോവ് ഓർത്തു: ചിലത് വായിക്കാനുള്ള സൂചനകളാണ്. നമ്മൾ നടന്നു പോകുന്ന വഴികളിൽ പെട്ടെന്ന് ഒരു ദിവസം ഒരു മുയൽച്ചെവിയൻ ചെടി പ്രത്യക്ഷപ്പെടുക. മുയൽ പതുങ്ങിയിരിക്കുകയാണെന്ന് വിചാരിച്ച എന്റെ പൂർവ്വകാല വർഷങ്ങൾക്ക് വിട. ആ കാലം എന്നെ കബളിപ്പിച്ചു. ഞാൻ അത് കണ്ടപ്പോഴേ എന്റെ മനസിലൂടെ ഒരു ഇടിമിന്നൽ കടന്നുപോയി. അത് ഫംഗസ് ആയിരുന്നില്ലെങ്കിലും അതിന്റെ മുന്നോടിയായുള്ള ഒരാളഹനിവേദനമായിരുന്നു. ഞാൻ മുന്നോട്ടു നടന്നു. വിഷാദത്തിന്റെ പഴയ ഓലകൾകൊണ്ട് മേൽക്കൂരയിട്ട ആകാശം അന്ന് കൂടുതൽ ചൂടും സംത്രാസവുമാണ് എന്നിലേക്ക് കടത്തിവിട്ടത്. വേരറ്റ വൃക്ഷങ്ങൾ ആകാശത്തിലേക്ക് ഉയർന്നുപോകുന്നുണ്ടായിരുന്നു.

മനസ് മുറിവേൽപ്പിക്കപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് അതിനെക്കുറിച്ച് ഓർക്കാതിരിക്കുകയാണ്. റഷ്യൻ പ്രാചീന മതപണ്ഡിതനും അനുഷ്ഠാനവിദ്വാനുമായ ബോലേസ്ലാവ ലാസ്‌ലോ വലിയൊരു പാഠം പഠിപ്പിച്ചിട്ടുണ്ട്. ലെനിക്കോവിനു എപ്പോഴും അത് സഹായകമായിട്ടുണ്ട്.

ആ വാക്കുകൾ ഇങ്ങനെയാണ്: ഒരാൾ മുറിവേൽക്കുന്നു എന്ന് കരുതുക. മനസും ശരീരവും പതഞ്ഞുയരുന്നതുപോലെ തോന്നും. വേഗം പോയി തിരുത്താൻ നോക്കും. എന്നാൽ ജീവിതം ബീജഗണിതമല്ല. അത് പിന്നോട്ടാണ് വളരുന്നത്. ഭാവിയിലേക്കെന്ന് പറയുന്നത് ഉപരിതലത്തിലാണ്. അത് പ്രത്യക്ഷത്തിൽ കാലത്തെയാണ് തരണം ചെയ്യുന്നത്. എന്നാൽ അത് വളർത്തുന്നത് ഉള്ളിലോട്ടാണ്, താഴേക്കാണ്, പിന്നോട്ടാണ്. ഒരാൾ മുപ്പതുവയസുവരെ ജീവിക്കുന്നു എന്ന് കരുതുക. അയാൾ വളർത്തുന്നത് മുപ്പതു വയസിന്റെ കാലമാണ്. മുകളിലോട്ട് അയാൾക്ക് വളർത്താനാവില്ല. അത് അജ്ഞാതമാണ്. വളരുന്ന മുറയ്ക്ക് അതുവരെയുള്ള ജീവിതത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. പത്തുവയസുകാരനെ അപേക്ഷിച്ച് മുപ്പതുവയസുകാരനുള്ളത് ഭാവിയല്ല, ഭൂതമാണ്. പിന്നിലേക്ക് നാം പടർന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് മുറിവേൽപ്പിച്ചു എന്ന് തിരിച്ചറിയുമ്പോൾ അത് വളർച്ചയുടെ ആകെത്തുകയായ ഭൂതകാലത്തെ നശിപ്പിക്കുന്നതിനു ഇടയാക്കരുത്. മൗനം പാലിക്കുക. പുതിയ ഉറവിടങ്ങൾക്കായി ആലോചിക്കുക. ഭൂതകാലത്തെ പുനരുപയോഗത്തിനു പ്രാപ്തമാക്കുക. ഒരേതരം കട്ടകൾകൊണ്ട് ഉണ്ടാക്കിയ ഒരു ചത്വരം, പൊളിച്ചെടുത്ത് അതേ കട്ടകൾകൊണ്ട് വീണ്ടും പണിയാമെന്ന തത്ത്വമാണിത്. കട്ടകൾ സ്ഥാനം മാറുമെന്ന വ്യത്യാസമേയുള്ളൂ. ചത്വരത്തിന്റെ രൂപം മാറുന്നില്ല. ഇത് പ്രയോഗത്തിൽ വരുത്തുമ്പോൾ രൂപവും മാറ്റാം. എന്നാൽ ഭാവനയിലാകുമ്പോൾ അത് പുതിയ ഊർജ ഉറവിടങ്ങളായിമാറും. മനസ് സ്വന്തം മുറിവുകൾ ഉണ്ടാക്കാൻ കഴിവുനേടണം. ഇതാണ് ഏറ്റവും വലിയ അതിജീവനം. മനസിന് ആ ശക്തിയുണ്ട്. അതിന്റെ പ്രഭവത്തിലേക്ക് പോകാനുള്ള ഒരു വഴി എപ്പോഴും സൂക്ഷിക്കണം; എന്നേക്കുമായി അടച്ചുകളയരുത്. മനുഷ്യരിൽ തൊണ്ണൂറ് ശതമാനം പേർക്കും ഈ വഴിയെക്കുറിച്ചറിയില്ല. അതുകൊണ്ട് അവർ ചെറിയ പ്രശ്‌നങ്ങളെ നേരിടുമ്പോൾ, ഭൂതകാലത്തിലെ തന്റെ മുഴുവൻ വളർച്ചയും ഇല്ലാതായി എന്ന് വ്യാഖ്യാനിച്ച് അതിരുവിട്ട് സഞ്ചരിക്കും. ഇക്കാര്യത്തിൽ രാഷ്ട്രനേതാക്കൾ പോലുമുണ്ട്.

ലെനിക്കോവ് ശാന്തനായെങ്കിലും, അയാളെ ആശങ്കയും സന്ദേഹവും വിട്ടുമാറിയില്ല. അയാൾ ചുറ്റുപാടും സസൂക്ഷ്മം പരിശോധിക്കുന്ന ഒരു മനുഷ്യനാണിപ്പോൾ. എവിടെ ചെന്നാലും നന്നായി നിരീക്ഷിക്കും. അപ്രധാനമായി കാണുന്ന വസ്തുക്കൾപോലും അയാൾക്ക് വിലപ്പെട്ടതാണ്. കൂട്ടിയിട്ട തടികൾ, ചപ്പുചവറുകൾ എല്ലാം അയാൾ പരതും. എല്ലാറ്റിലും ഫംഗസ് ബാധയില്ലെന്ന് ഉറപ്പുവരുത്തും. അതിനു പരിധിയില്ലെന്ന് അയാൾക്കറിയാം. ഒരു ദിവസം വാങ്ങിക്കൊണ്ടുപോയ പച്ചക്കറികളിൽനിന്ന് അയാൾക്ക് ഒരു ഫംഗസിന്റെ കഷണം കിട്ടി. ആകാംക്ഷ അടക്കാനായില്ല. അതിനു ഇളംമഞ്ഞ നിറമായിരുന്നു. വീടിനുമുകളിൽ ഒരു പേപ്പർ വിരിച്ച് അത് അയാൾ ഉണക്കാൻ നോക്കി. ദിവസങ്ങൾ കഴിഞ്ഞിട്ടും അതിനു മാറ്റമൊന്നും സംഭവിച്ചില്ല. അത് അയാളുടെ ഒരു നിദ്രാസ്വപ്നമായിത്തീരുകയും ചെയ്തു.

ഒരു ദിവസം ലെനിക്കോവ് ഫുട്‌ബോൾ സ്റ്റേഡിയത്തിലിരിക്കുകയായിരുന്നു. നഗരത്തിലെ പ്രശസ്തമായ രണ്ട് ടീമുകൾ തമ്മിലുള്ള മത്സരമാണ്. ആ മത്സരത്തിനിടയിൽ തന്റെ ഭാര്യയെയും മുൻപ് സ്‌നേഹിച്ചിരുന്ന യുവതിയെയും അയാൾ ഓർത്തത് എന്തുകൊണ്ടെന്നറിയില്ല. ആ മുഖങ്ങൾ പെട്ടെന്ന് മനസിലേക്ക് തള്ളിക്കയറിവന്നു. അതുപോലെ ഇറങ്ങിപ്പോയി. ഉടനെ സാറിന്റെ ഭരണത്തിലെ ലോക്കപ്പ് പീഡനങ്ങളും ആസൂത്രിതമരണങ്ങളും അയാൾ ഓർമ്മിച്ചു. പട്ടണത്തിലെ ആളൊഴിഞ്ഞ ഭാഗത്ത് കൂട്ടിയിട്ട പത്ത് മനുഷ്യജഡത്തിനടുത്ത് സാമാന്യം തടിച്ചതും ജീർണിച്ചുതുടങ്ങിയതുമായ ഒരു നായയുടെ ജഡം കണ്ടതും മനസിൽ തെളിഞ്ഞു. അയാൾ ഫുട്‌ബോൾ കളി ഉപേക്ഷിച്ച് വേഗത്തിലിറങ്ങി നടന്നു. അപ്പോഴേക്കും ഫുട്‌ബോൾ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഒരു പന്ത് ഉയരത്തിലേക്ക് പോയി താഴേക്ക് വന്ന് നിലത്തുരുണ്ടു. ഒരു ഗോളി ആളഹഹത്യാപരമായവിധം പന്ത് തടഞ്ഞുകൊണ്ടു നിലത്തുവീണു. പന്ത് നാനാദിക്കുകളിൽ നിന്ന് ഒരേസമയം വരുന്നതായി ആ ഗോളിക്ക് തോന്നി. അപ്പോൾ പന്ത്, പലരുടേതെന്ന ധാരണയിൽ കളിക്കാർ പങ്കുവച്ചും താലോലിച്ചും മുന്നേറി. നൂറുകണക്കിനു കൈമാറ്റങ്ങൾക്കൊടുവിൽ ആ പന്ത് പട്ടണത്തിലെ മഞ്ഞ ജേഴ്‌സിയണിഞ്ഞ ടീമിന്റെ ഗോൾവലയിൽ ഔപനിഷദികമായ ഒന്നായി ചുരുങ്ങി. ലെനിക്കോവ് നേരത്തെതന്നെ പുറപ്പെട്ടിരുന്നതുകൊണ്ട് ഗോളിയുടെ പിന്നിൽ ധ്യാനത്തിലാണ്ടുപോയ പന്തിനെക്കുറിച്ചൊന്നും ഓർത്തില്ല. അയാൾ പട്ടണത്തിന്റെ വടക്കേ അറ്റത്തുള്ള വിജനമായ തെരുവിനടുത്തുള്ള, അറവുമാലിന്യങ്ങൾ കൊണ്ടിടുന്ന പ്രദേശത്തേക്ക് നടന്നു. അവിടെ കാട്ടുപക്ഷികൾ ചിറകടിച്ച് പറന്നും മറ്റൊരിടത്ത് ഇരുന്നും തങ്ങളുടെ ഒഴിവുവേളകളെ യുദ്ധഭീതിയിൽ നിന്നെന്നപോലെ ഒഴിപ്പിച്ചെടുത്തു. പിൻകാലിനു ക്ഷതം സംഭവിച്ച ഒരു നായ നടക്കാൻ വയ്യെങ്കിലും അക്ഷമയോടെ മാലിന്യങ്ങൾക്കിടയിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.

ലെനിക്കോവ് ചെല്ലുമ്പോൾ, അവിടെ ജഡങ്ങളൊന്നുമുണ്ടായിരുന്നില്ല. അയാൾ താൻ മുമ്പു കണ്ട ദൃശ്യം ഒന്നുകൂടി മനസിലിട്ട് നോക്കി. പത്ത് ജഡത്തിൽ നാലെണ്ണം സ്ത്രീകളുടേതായിരുന്നു. അവർ മധ്യവയസ് പിന്നിട്ടവരായിരുന്നു. രണ്ടുപേർ ഫ്രോക്ക് ധരിച്ചിരുന്നു. എന്നാൽ ആ വസ്ത്രങ്ങൾ മുഷിഞ്ഞതും കീറിയതുമായിരുന്നു. ഇളം ചാരനിറമുള്ള ഒരാളുടെ വസ്ത്രത്തിൽ ചോരപ്പാടുകളും മറ്റേയാളുടെ കറുത്ത വസ്ത്രത്തിൽ വെളുത്ത ദ്രാവകം ഒട്ടിപ്പിടിച്ച അടയാളങ്ങളും ഉണ്ടായിരുന്നു. പുരുഷന്മാരുടെ നഗ്നശവശരീരങ്ങൾ പലയിടത്തായി വികൃതമാക്കപ്പെട്ടിരുന്നു. തലയിൽ നിന്ന് ചോരവാർന്ന് ഒഴുകുന്നത് കാണാമായിരുന്നു. അതിൽ താരതമ്യേന പ്രായവും വലിപ്പവും കുറഞ്ഞ ഒരാളുടെ കാലുകൾ മറ്റ് രണ്ടുപേരുടെ വയറിനു മുകളിലായി തള്ളിവച്ചിരുന്നു. ജഡം വലിച്ചെറിഞ്ഞപ്പോൾ സംഭവിച്ചതാകാം. അഴുക്കുചാലിലേക്ക് കമിഴ്ത്തിയിട്ട നിലയിലായിരുന്നു മൂന്നുപേരുടെ മൃതദേഹങ്ങൾ. മൃതിയിൽ അവർ ശാന്തരും ചരിത്രമില്ലാത്തവരുമായി പരിണമിച്ചിരുന്നു.

ഫംഗസ് എന്ന കഥയെഴുതിയ സ്മിർനോവിനു ചരിത്രത്തിലെ മൃതദേഹങ്ങൾക്കിടയിൽനിന്ന് കാലത്തിന്റെ ഉപരിതലത്തിലേക്ക് നുഴഞ്ഞു കടക്കാനായി. അത് എന്റെ ആവശ്യമായിരുന്നു. മൃതിയുടെ വൈയ്‌ക്കോൽ കറ്റകൾ കൂട്ടിവച്ചിരിക്കുന്നതിനടിയിൽ എന്നെപ്പോലെ പലരെയും കണ്ടേക്കാം. അവരെല്ലാം ജീവിതത്തിൽ നിന്ന് അവധിയെടുത്തിരിക്കുകയാണ്. ക്ലോദ് മൊനെയുടെയും വാൻഗോഗിന്റെയും വൈയ്‌ക്കോൽകറ്റകളുടെ ചിത്രങ്ങൾ എന്നെ പെട്ടെന്ന് തീയിലേക്ക് പിടിച്ചിട്ടതുപോലെ പൊള്ളിച്ചു.

ലെനിക്കോവിന് ഇപ്പോൾ കുറേക്കൂടി മൃതിയുടെ തറനിലങ്ങൾ ബോധ്യപ്പെട്ടു. അവർ നഗരത്തിലെ പോലീസിന്റെ ചാരന്മാരുമായി ഏറ്റുമുട്ടിയ കർഷകരായിരുന്നു. കർഷകർക്ക് അടിമകളാകാമെങ്കിൽ, സാധാരണ പൗരന്മാർക്കും അതിനു തട മില്ലെന്ന് പോലീസുകാർ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഒരാൾ കർഷകനാകുമ്പോൾ ഒഴിഞ്ഞോടാൻ ഇടമില്ലാതാവും. കൃഷിയിടമാണ്, അയാളുടെ ശരീരം. അവിടെ വിളയുന്ന വസ്തുക്കൾ അധികാരികൾ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കർഷകർക്ക് ജീവിക്കണമെങ്കിൽ, അവർ വേറെ കൃഷിചെയ്യണം. നഗരത്തിന്റെ പുറത്ത് ഉപേക്ഷിക്കപ്പെട്ട തരിശുഭൂമിയിൽ കൃഷിചെയ്ത് ഭക്ഷണമുണ്ടാക്കണം. കർഷകരെ കവികളോട് ഉപമിക്കരുതെന്ന് തത്ത്വചിന്തകനും അദ്ധ്യാപകനുമായ ലെയ്‌നി സ്‌കിതോവ്‌സ്‌കി പറഞ്ഞത് ശ്രദ്ധേയമാണ്. കവികൾക്ക് വേറെ രാജ്യത്തേക്ക് പോകാം. അയാൾക്ക് കൂടെ കൊണ്ടുപോകാൻ ഒന്നുമില്ല. റഷ്യയിൽ നിന്ന് ജർമ്മനിയിലോ ഫ്രാൻസിലോ പോകുന്ന കവി അവിടെചെന്ന് തന്റെ പ്രകൃതിയെ വാരിക്കൂട്ടിയെടുക്കുന്നു. റഷ്യയുടെ മണ്ണിൽ ചിതറിക്കിടന്ന പ്രകൃതി അയാളുടെ ഓർമ്മയിൽനിന്ന് മറ്റൊന്നായി പിറവിയെടുക്കുന്നു. റഷ്യയുടെ മണ്ണിൽ ഉറങ്ങുന്ന, അയാളുടെ പ്രപിതാമഹന്മാർ, അയാൾ ജർമ്മനിയിൽ ചെല്ലുമ്പോഴേക്കും അനേകം ചരിത്രവസ്തുതകളും സ്വപ്നവസന്തങ്ങളുമായി പുനർജനിച്ചിട്ടുണ്ടാകും. മണ്ണിനടിയിലെന്നപോലെ, അയാളുടെ മനസിലും പൂർവ്വകാലം സ്ഥിരമായിരിക്കുന്നില്ല. ജീവിക്കാൻവേണ്ടി കവികൾ ഒളിച്ചോടുന്നു; എന്നാൽ അതിനുവേണ്ടിതന്നെ അവർ സ്വന്തം ഗതകാലത്തെ കശക്കി മറ്റൊന്നാക്കുന്നു. അവരെപ്പോലെ കർഷകർക്ക് ഓടിപ്പോകാനാവില്ല. അവർ പണിയെടുത്ത മണ്ണ് അവരുടെ മക്കളെപ്പോലെ കേഴുന്നുണ്ടാവും. ആ മണ്ണിൽ അവരുടെ മുൻതലമുറകളുടെ ശബ്ദങ്ങൾ മുഖരിതമാണ്. മഴയത്തും കാറ്റത്തും ഇരുട്ടത്തും ആ മണ്ണുകൾ മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു. അവയ്ക്ക് ഉറക്കമില്ല. എത്രയെത്ര വർഷങ്ങൾ, കാലങ്ങൾ പിന്നോട്ട് വളരാമെന്നാണ് മണ്ണുകൾ നോക്കുന്നത്. അവയുടെ ശബ്ദങ്ങൾ കൊച്ചുകുഞ്ഞുങ്ങളുടെ ചിരിയിൽപ്പോലുമുണ്ട്. പൂർവ്വികരാണ് ആ ചിരി നിർമ്മിക്കുന്നത്.

ലെനിക്കോവ് ഒന്നുകൂടി ശ്രദ്ധിച്ചു. ആ ശവങ്ങൾ കിടന്ന ഇടം ഇപ്പോൾ ആരോ കയ്യേറി പഴയ കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. ശവങ്ങൾ മറവുചെയ്തിട്ടുണ്ടാകുമോ? അതോ, അല്പം ദൂരെയായ കടലിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടാകുമോ? ഒരുപക്ഷേ, മൃതരായവർക്ക് കടലായിരിക്കും കൂടുതൽ സുരക്ഷിതം. വെള്ളത്തിന്റെ നീലിമയിൽ, മത്സ്യങ്ങളുടെ പവിഴത്താരകളിലൂടെ, വെളിച്ചത്തിന്റെ ആഗ്നേയശിരസുമായി, മൃണ്മയമായ ജീവിതപ്പാതകളെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് മത്സ്യക്കുഞ്ഞുങ്ങളെപ്പോലെ യാത്ര തുടരാം. സമുദ്രാന്തർഭാഗത്തെ വെണ്ണക്കൽ കൊട്ടാരത്തിൽ, മരിച്ചവർ സ്വീകരിക്കാനുണ്ടാവും. അവർ അവിടെ എത്തിച്ചേരാതിരിക്കില്ല. മൃതി അവസാനമല്ല; അത് മരണാനന്തര ജീവിതം എന്ന രഥ്യയാണ്. മൃതി ഔപചാരികതയും മൃത്യുനന്തര ജീവിതം അദൃശ്യവുമാണ്.

ലെനിക്കോവിനെ ഞെട്ടിച്ചുകൊണ്ടാണ് ആ ഫംഗസ് അവിടെ പ്രത്യക്ഷമായത്. ആദ്യമായി കാണുകയാണെന്നതിലുപരി, ഫംഗസിനെക്കുറിച്ച് അയാളുടെ മനസിൽ ഉരുണ്ടുകൂടിയ നൂറുകൂട്ടം ചിന്തകളും പ്രസക്തമാവുകയാണ്. ലെനിക്കോവിന്റെ കണ്ണിൽപ്പെട്ടതുകൊണ്ട് ഫംഗസിനു പുതുജന്മമാണെന്ന് പറയാനാവില്ല. ഫംഗസ് നിർദാക്ഷിണ്യമനോഭാവക്കാരാണ്. കട്ടിയുള്ള ഇലകൾ മാത്രമേയുള്ളൂ. അത് ആർദ്രമല്ല; ഇലയോ തണ്ടോ തടിയോ എന്ന് വേർതിരിക്കാനാവാത്തവിധം കൂടിക്കുഴഞ്ഞ് തടിച്ചുകുറുകിയ ആ ഫംഗസ് ശരീരം യാതൊരു എതിർപ്പിനെയും പേടിക്കുകയില്ല. എല്ലാ ദംഷ്ട്രകളെയും നിഷ്പ്രഭമാക്കാനുള്ള ഒരു നില്പ് അതിനുണ്ട്. അനേകം തടിയൻ വൃക്ഷങ്ങളും കൂറ്റൻ കെട്ടിടങ്ങളും ഉള്ള ഒരു നഗരാതിർത്തിയിൽപ്പോലും അവ കണ്ണുകൾ തുറന്നുപിടിച്ച് എല്ലാം നോക്കിക്കാണും.

ലെനിക്കോവിനു തോന്നിത്തുടങ്ങിയത് ഇങ്ങനെയാണ്: എന്നെ ആരോ പിന്തുടരുന്നുണ്ട്. വർഷങ്ങൾക്കു മുമ്പ് കമ്മ്യൂണിസ്റ്റാശയങ്ങൾ പ്രചരിപ്പിക്കുന്നതിനു മുമ്പ്, അതിനു സാദൃശ്യമുള്ള സമത്വവാദവും ചൂഷണവിരുദ്ധ വികാരവും ഉയർത്തിക്കൊണ്ടുവരുകയും അതിനായി രാത്രികൾ നീണ്ട ചർച്ച നടത്തുകയും ചെയ്ത് കാർഷികരംഗത്ത് ചില ആശയപ്രേരണകൾക്ക് കളമൊരുക്കിയ പ്രാകൃത കമ്മ്യൂണിസ്റ്റുകാർ എന്ന റാഡിക്കൽ സംഘത്തിൽ പ്രവർത്തിച്ചതിന്റെ
പേരിൽ തന്നെ ആരെങ്കിലും വേട്ടയാടുന്നുണ്ടോ? ആ ശവങ്ങൾ വാക്കുകളിലൂടെയല്ലാതെ എന്തെങ്കിലും സംസാരിക്കുന്നുണ്ടോ? ഫംഗസിനെ കാണുമ്പോൾ മാത്രമാണല്ലോ ഈ ഭയം ഉണ്ടാകുന്നത്. അണിയറയിൽ എന്തോ തയ്യാറാവുന്നുണ്ട്. കത്തി രാകി മൂർച്ച വരുത്തുകയാണോ? കുറ്റം ചെയ്യാത്തവരെ കുറ്റം ചെയ്തവർ ശിക്ഷിക്കുന്നതിൽ പുതുമയൊന്നുമില്ല. ഒരു വെറും തൊഴിലാളിയോ കൂലി ചോദിക്കുന്ന ദരിദ്രനോ, അനാഥമാക്കപ്പെട്ടതും വികൃതമാക്കപ്പെട്ടതുമായ ഒരു ശവമാകുന്നതിൽ ഈ കാലം അപാകത കാണുന്നില്ല. അങ്ങനെ എവിടെയെങ്കിലും കാണുന്നപക്ഷം, നിശ്ചയമായും നിയമപാലകർ അവിടെയെത്തി നടപടികൾ കൈക്കൊണ്ട് ശവങ്ങൾ നീക്കം ചെയ്യും. അതിനായി ദീർഘിച്ച കേസ് ഡയറികൾ എഴുതി ഉണ്ടാക്കാനും അത് ചർച്ചചെയ്ത് സമാപ്തിയിലെത്തിക്കാനും അവസരമുണ്ട്.

അനാഥശവങ്ങൾ സമുദ്രത്തിലോ, ആളുകൾ കടന്നുചെല്ലാത്ത കാടുകളുടെ തീരത്തുള്ള പുഴയിലോ കാണപ്പെടുന്നത് ഒരു സാമാന്യമായ നീതിയായി തോന്നുന്നിടത്ത് ഈ കാലം വിജയിക്കുകയാണ്. ശത്രുവിനെയല്ല, ശത്രുവാകാൻ പോകുന്നവനെയാണ് ആവശ്യം. അവനാണ് മരിക്കാൻ യോഗ്യൻ. നിഷ്പ്രയോജനകരവും നിരാശാജനകവുമായ അദ്ധ്വാനപ്രവർത്തനങ്ങളിൽ ഒരാൾ തണുത്തുറഞ്ഞ മണ്ണിൽ കമിഴ്ന്നു കിടന്ന് കരയുന്നതിൽ സ്വാഭാവികതയാണുള്ളത്. അങ്ങനെയും ഒരു ദൃശ്യം കാണാനിടയായി. ആളുകൾ കൂട്ടുംകൂടി നിൽക്കുന്നത് കണ്ടാണ്, അങ്ങോട്ട് ചെന്നത്. അത് ഒരു കാർഷിക വിളവെടുപ്പ് കേന്ദ്രമായിരുന്നു. അവിടെ കുറച്ചുപേർ ഒരു ഇംപ്രഷണിസ്റ്റിക് പെയിൻറിംഗിലെന്നപോലെ, പിന്നോട്ട് മാറി കുത്തിയിരിപ്പുണ്ടായിരുന്നു. അവർ എന്തെങ്കിലും വികാരം പ്രകടിപ്പിക്കുകയോ പരസ്പരം സംസാരിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. അവർ മൗനത്താൽ നിർമ്മിച്ച ഖരരൂപങ്ങളായിരുന്നു. അവരുടെ സ്തബ്ദത ഭൂമിയിൽ ഒട്ടിപ്പിടിച്ചിരിക്കുകയാണ്. അവർ നോക്കിയിരിക്കുന്ന സ്ഥലത്തേക്ക് ഞാൻ ധൃതിയിൽ കണ്ണോടിച്ചു. അവിടെ ഒരു മധ്യവയസ്‌കൻ മണ്ണിൽ മുഖമമർത്തി കരയുകയാണ്. അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. അയാൾ ഇനി തൊഴിൽ ചെയ്യുമെന്ന് പറയാനാവില്ല. അയാളെ ജോലിയിൽ നിന്ന് ഒഴിവാക്കുകയോ ശിക്ഷയ്ക്കു വിധിക്കുകയോ ചെയ്തതാകാം. അയാൾക്ക് ആരുമില്ലാതായിരിക്കുന്ന ഒരു ദിവസം. രാവിലെ ഉദിക്കുകയും വൈകിട്ട് അസ്തമിക്കുകയും ചെയ്യുന്ന സൂര്യൻ ഇത്രയും നിസ്സഹായമായിപ്പോയ ഒരു ദിവസം ഇതുവരെ കണ്ടിട്ടില്ല. അടുത്തുതന്നെ തലയുയർത്തി നിന്ന ഒരു പർപ്പിൾ മരത്തിനു പെട്ടെന്ന് ജരാനര വന്ന് പരിക്ഷീണമായതുപോലെ. ആ മരം അതിന്റെ പൂർവ്വാപരസമസ്യകളെ നിർധാരണം ചെയ്തു മടുത്തതുപോലെ കാണപ്പെട്ടു.

ഫംഗസ് കണ്ട മാത്രയിൽ ലെനിക്കോവിന്റെ മനസിനെ കലുഷിതമാക്കാൻ പോന്ന ഏതൊക്കെയോ പ്രകമ്പനങ്ങൾ ഉരുത്തിരിഞ്ഞു എന്നത് നേരാണ്. എന്താണ് അതിനു പിന്നിലുള്ളതെന്ന യാഥാർത്ഥ്യം അറിയില്ല. അയാൾ നാലുപാടും ചിതറിപ്പോകുകയാണ്. മനസ് വർത്തമാനകാലത്തിൽ നിന്ന് വഴുതി ഗതകാലത്തിന്റെ ഏകാന്തമായ തരിശുകളിലൂടെ പിടിവിട്ട് പായുകയാണ്. വിവാഹശേഷം വളരെ സൗമ്യനും സത്യവാനുമായിരുന്ന ലെനിക്കോവിനു ഇപ്പോൾ എല്ലാ ഗുണിതങ്ങളും കുഴപ്പക്കാരായിത്തീരുന്നു. ആറും നാലും ചേർന്നാൽ പത്ത് എന്ന് ഉറപ്പുപറയാൻ പറ്റാത്ത അവസ്ഥ. അയാൾ ആറിനെ ആറായും നാലിനെ നാലായും നിലനിർത്താൻ പാടുപെട്ടു. താൻ കൂട്ടിനോക്കുന്നതിനിടയിൽ ഈ അക്കങ്ങൾ അവയുടെ സ്വതസിദ്ധമായതും മറഞ്ഞിരിക്കുന്നതുമായ ദുരൂഹതയിലേക്ക് ആണ്ടുപോകുമോ എന്നാണ് അയാൾ ഭയപ്പെട്ടത്. ആറ് എന്തിനെയാണ് പ്രതിനിധികരിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും വെളിവായില്ല. നാലും അതുപോലെതന്നെ. ആറിന് സുവ്യക്തവും ഭാവിയെ ബാധിക്കുന്നതുമായ ഒരു സ്ഥിരത എങ്ങനെയുണ്ടാകുന്നുവെന്നും അത് വെറുമൊരു അക്കമെന്ന നിലയിൽ മനുഷ്യനുമായി എങ്ങനെയാണ് ബന്ധപ്പെടുന്നതെന്നും തലപുകഞ്ഞാലോചിച്ച് അയാൾ മൗനത്തിലാണ്ടു. നാലിന് സാർവത്രികവും സാർവലൗകികവുമായ ഒരു വിതാനം എങ്ങനെയാണ് ലഭിക്കുന്നത്? ആറ് എല്ലായ്‌പ്പോഴും ആറായിരിക്കുന്നതിന്റെ സാംഗത്യമെന്താണ്? ആറിന് ഏഴിനും അഞ്ചിനുമിടയിൽ മറ്റൊരു ഏകകമായിരിക്കാനാവുമോ? അല്ലെങ്കിൽ അനേകം ഏകകങ്ങളായിരിക്കാനാവുമോ? കേന്ദ്രമില്ലാത്ത വൃത്തംപോലെ, ആറും നാലും ചേരേണ്ടതിന്റെ ആവശ്യകതയും ലെനിക്കോവ് കണക്കുകൂട്ടാതിരുന്നില്ല. ഇത്തരം കൂടിച്ചേരലുകൾ ഭരണപരവും ഗൂഢവും ഏതാനും വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കുന്നതുമായ ഒരു അവ്യവസ്ഥയാണോ?

ശവശരീരങ്ങൾ അപ്രത്യക്ഷമായിടത്ത് ഫംഗസ് വളർന്നിരിക്കുന്നത് കണ്ട് മനസ്താപത്തോടെയും അശരീരമായ പരിഭ്രാന്തിയോടെയും ലെനിക്കോവ് വീട്ടിലേക്ക് മടങ്ങി. പിറ്റേദിവസം ജോലിക്കുപോയെങ്കിലും ശാരീരികമായ അസ്വസ്ഥതകൾ കാരണം പണിനിർത്തി നേരത്തേ ഇറങ്ങേണ്ടിവന്നു. വീട്ടുസാധനങ്ങൾ വിൽക്കുന്ന സ്ഥലത്തും ആളുകൾ കൂടിനിന്ന് വർത്തമാനം പറയുന്ന ഇടങ്ങളിലുമെല്ലാം വെറുതെ അലഞ്ഞു. ആ കണ്ണുകളിൽ ആരെയോ തിരയുന്ന ഭാവമായിരുന്നു. എന്നാൽ അതാരാണെന്ന് മാത്രം ലെനിക്കോവിനു അറിയില്ലായിരുന്നു. ലെനിക്കോവ് ഏതോ മാനസികപീഡനത്തിന്റെ വായ്ത്തലയിലൂടെ നടക്കുകയായിരുന്നു. തന്റെ മാനസികവ്യഥകൾക്ക് കൃത്യമായ ഒരുത്തരവാദിയെ കണ്ടെത്താനാവാതെ നിസഹായനായിപ്പോയ ലെനിക്കോവ് പക്ഷേ, തന്റെ ഉൽഭ്രാന്തമായ അന്തർലോകത്തെ
മറ്റുള്ളവരിൽ നിന്ന് പരമാവധി മറച്ചുപിടിച്ചുകൊണ്ടിരുന്നു. ഈ വ്യഗ്രത, അയാളുടെ കണ്ണുകൾക്ക് കൂടുതൽ പുറത്തേക്ക് തള്ളി നിൽക്കുന്നപോലെയൊരു പ്രതീതി നൽകി.

ലെനിക്കോവിന്റെ ശ്രദ്ധയെ പെട്ടെന്ന് പിടിച്ചെടുത്തത് ഒരു ബാലെ ട്രൂപ്പിന്റെ വാഹനമാണ്. അത് എന്തോ ആവശ്യത്തിനുവേണ്ടി പാതയോരത്ത് നിർത്തിയിട്ടിരിക്കുകയാണ്. സാധാരണ റഷ്യക്കാരികൾക്ക് അപ്രാപ്യമായ മുഖഭാവപ്രകടനങ്ങളും കണ്ണുകളുടെ പ്രണയാസക്തികളും സമ്മേളിച്ച നടിമാരെ അവിടെ കാണാനായി. അവരിൽ ചിലർ കണ്ണാടിയിൽ മുഖം നോക്കുകയും അലസമായി പരസ്പരം സംസാരിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. പലരും വസ്ത്ര
ധാരണത്തിൽ അശ്രദ്ധയുള്ളവരാണെന്ന് അയാൾ അനുമാനിച്ചു. അവരുടെ നഗ്നമായ ശരീരഭാഗങ്ങളുടെ നിറവും ചാരുതയും അവർ അണിഞ്ഞ ഏത് വസ്ത്രത്തേക്കാളും ആകർഷകമായിരുന്നു. തന്നെ അലട്ടിയിരുന്ന പ്രശ്‌നങ്ങളിൽ നിന്നെല്ലാം ഒരു വിടുതൽ ലഭിച്ചതായി, ലെനിക്കോവ് ആശ്വസിച്ചു. അയാളുടെ കണ്ണുകൾക്ക് മൂർച്ച കൂടുതലായിരുന്നതുകൊണ്ട്,
വാഹനത്തിലിരുന്ന ചില നടിമാരെങ്കിലും അയാളെ അസ്പഷ്ടമായ ഒരു കടംകഥയെ സമീപിക്കുന്നതുപോലെ നോക്കാതിരുന്നില്ല. ആ വാഹനത്തിനു സമീപം സ്വന്തം നില വീണ്ടെടുത്തപ്പോൾ ലെനിക്കോവിനു ആശ്വാസമായി. അയാൾ സമ്മിശ്ര നിറങ്ങളുള്ള ആ വാഹനത്തെ ബഹിരാകാശത്തു നിന്നു വന്ന ഒരു അത്ഭുതദ്വീപിനു സമാനമായി തൊടുകയും തലോടുകയും ചെയ്തു. എന്നാൽ അയാളുടെ കൈ തീക്കുണ്ഡത്തിൽ തൊട്ടിട്ടെന്നപോലെ പെട്ടെന്ന് പിൻവലിക്കേണ്ടിവന്നു. അയാൾക്ക് വിശ്വസിക്കാനായില്ല, ആ വാഹനത്തിലെ ഇനിയും വ്യക്തമാകാത്ത ചായക്കൂട്ടുകൾക്കിടയിൽ ഫംഗസിന്റെ ഒരു രൂപം കാണാനിടയായി. വ്യത്യസ്തരൂപത്തിലായിരുന്നു അത് ആലേഖനം ചെയ്തിരുന്നത്. ഇളംപച്ചയും ഇളംമഞ്ഞയും കലർന്ന ആ ഫംഗസ് ഒറ്റനോട്ടത്തിൽ മാരകമായി പരുക്കേല്പിക്കാവുന്ന ഒരു വന്യജീവിയെപ്പോലെ തോന്നിച്ചു. ഉയരം തീരെ കുറഞ്ഞതും തല കഴുത്തുമൂടി ഉടലിനോട് പറ്റിക്കൂടിയിരിക്കുന്നതുമായ ഒരു വന്യജീവിയെ അയാൾ സങ്കല്പിച്ചുനോക്കി. അത് ലെനിക്കോവിനെ നോക്കുകയാണ്. എന്നാൽ അതിന്റെ കണ്ണുകളെവിടെ? അതിനു കണ്ണുകൾ എല്ലായിടത്തുമുണ്ടായിരിക്കാം.
ലെനിക്കോവ് തന്റെ മുഖത്ത് വന്ന ഭയവും സംഭ്രമവുമെല്ലാം തുടച്ചുകളഞ്ഞ്, ഒരു വഴിപോക്കന്റെ നിഷ്‌കളങ്കതയുടെ പാളത്തിലൂടെ തിരിഞ്ഞുനടന്നു. തന്നെ ആ ഫംഗസ് പിന്തുടരാതിരിക്കില്ലെന്ന് അയാൾക്ക് ബോധ്യമുണ്ടായിരുന്നു. കുറേനേരം കഴിഞ്ഞപ്പോൾ ലെനിക്കോവ് ഒരു വലിയ മരത്തിനു ചുവട്ടിൽ നിന്നു. ഓർമ്മകൾ മഞ്ഞിൻകണങ്ങളോടെ അടർന്നുവീഴുന്ന, പ്രഭാതത്തിലെ ഇലകൾപോലെ മണ്ണിലേക്ക് താഴുന്നു. സാറിസ്റ്റ് റഷ്യയുടെ അലങ്കാരമായിരുന്ന കെട്ടിടങ്ങളിലെല്ലാം അകക്കണ്ണുകൊണ്ട് അയാൾ പരതി. ഒരു പൊടിപോലും കയറാത്തവിധം സുരക്ഷിതമായ അകത്തളങ്ങളിലെല്ലാം കൊലചെയ്യപ്പെട്ട മനുഷ്യരുടെ ശൈശവം കനത്ത വെളുപ്പായി തളംകെട്ടി നിന്നു.

സാറിന്റെ പോലീസുകാർ പിടിച്ചുകൊണ്ടുപോയി കാരാഗൃഹത്തിലാക്കിയ എനിക്ക് രണ്ടുദിവസം ഭക്ഷണമൊന്നും തന്നിരുന്നില്ല. ഞാൻ എന്തെങ്കിലും ചോദിച്ചപ്പോഴൊക്കെ എന്റെ വിശപ്പ്, സ്വപ്നത്തിന്റെ വാരിയെല്ലുകൾ, ആത്മാവിനു അയൽപക്കത്തെ അറിയാം തുടങ്ങിയ കൃതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു. ഞാൻ എന്തെങ്കിലും പറയുന്നതിനു തയ്യാറായിരുന്നില്ല. എനിക്ക് കൃതികളുടെ ഭാവിയെക്കുറിച്ച് ഒന്നുംതന്നെ ഓർക്കാൻ ശക്തിയില്ലായിരുന്നു. എന്നിലൂടെ കടന്നുപോയ വാക്കുകൾ മാത്രമായിരുന്നു അവയെല്ലാം. ആ വാക്കുകൾക്കുപോലും ഇപ്പോൾ എന്നോട് കരുണയില്ല. അതുകൊണ്ട് ഞാൻ മൗനത്തിന്റെ ചിതലരിച്ച നിലത്ത് കുത്തിയിരുന്നു.
പൊടുന്നനെ രണ്ട് പോലീസുകാർ തിരക്കിട്ട് അങ്ങോട്ട് നടന്നുവന്നു. അവരുടെ ബൂട്ടിന്റെ ശബ്ദങ്ങൾ വർഷങ്ങൾക്ക് മുമ്പ് ചവിട്ടുകൊണ്ട് മരിച്ച ആരുടെയോ കരച്ചിലാണെന്ന് ധരിക്കാൻ അസാമാന്യ വൈഭവമൊന്നും വേണ്ടായിരുന്നു. അവർ അറിയിച്ചത് ഇപ്രകാരമാണ്: ഒളിവുജീവികൾക്കും പ്രതിലോമചിന്തകർക്കും വേണ്ടി പേനയുന്തുന്ന തന്നെ ഇവിടെവച്ച് ഇല്ലാതാക്കാൻ പോകുകയാണ്. ഒരു സന്തോഷവാർത്ത അറിയിക്കുകയാണ്. തന്റെ എല്ലാ കൃതികളുടെയും കോപ്പികൾ തിരഞ്ഞുപിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാം ഇന്നുതന്നെ നശിപ്പിക്കും. ഒരുവാക്കുപോലും തന്റേതായി നിലനിൽക്കരുതെന്ന് ഭരണകൂടത്തിനു നിർബന്ധമുണ്ട്. നിങ്ങൾക്കെതിരെ പല കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രാചീന ഗൗളിശാസ്ത്രം കഥകളിലൂടെ പ്രചരിപ്പിക്കുന്നു, ലൈംഗിക വർണനകളിലൂടെ ചക്രവർത്തിയെ അപമാനിക്കുന്നു, കലാകാരന്മാരെ രഹസ്യത്തിന്റെ സന്ദേശവാഹകരാക്കുന്നു, അനാവശ്യ മിത്തുകളുണ്ടാക്കി ഭയം വിതയ്ക്കുന്നു, കുടുംബബന്ധങ്ങൾ തകർക്കുന്നവിധം വ്യക്തിവാദവും നിഷേധവാസനയും അടിച്ചേൽപ്പിക്കുന്നു… തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ. ഇതൊക്കെ നിഷേധിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, നിങ്ങളെ വധിക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമുള്ളതുപോലെ. നിങ്ങൾ മരിക്കുന്നതോടെ രണ്ട് കാര്യങ്ങൾ നടപ്പാകുമെന്ന് ഉപദേഷ്ടാവ് പറഞ്ഞു. ഒന്ന്, ഇതുപോലുള്ളവർ ഇനി പിന്തിരിയും, രണ്ട് ഭയം എന്ന വിത്ത് വിതയ്ക്കപ്പെടും. അത് എല്ലായിടത്തും മുളച്ചുപൊന്തും, ഒരു ഫംഗസ്‌പോലെ. ആ ഫംഗസ് നിന്നെയല്ല, നിന്റെ വായനക്കാരെയും അനുയാത്രികരെയും സഹപാഠികളെയും നിശാചാരികളെയും ഭയത്തിൽ മുക്കിക്കൊല്ലും. നിങ്ങൾ ജീവനുള്ള എലിയാണ്; അതെ, അവരെല്ലാം എലികളാണ്. എല്ലാവരെയും ഭയം എന്ന ജലാശയത്തിൽ മുക്കിക്കൊല്ലും. വെള്ളത്തിലേക്ക് താഴുന്ന സമയത്ത്, തലയുടെ ഭാഗം സുരക്ഷിതമാകണേയെന്ന് നിങ്ങളിലോരോരുത്തരും ആഗ്രഹിക്കാതിരിക്കില്ല. കർത്താവിനോട് പറയാനുള്ള ഏറ്റവും നല്ല കാര്യമിതാണ്. തല മുങ്ങിപ്പോകാതിരിക്കുക. ഈ തലയാണല്ലോ ഇരുമ്പിൽ ഒളിച്ചിരിക്കുന്ന അഗ്നി കണങ്ങളെ ദൃശ്യവൽക്കരിക്കാൻ വാക്കുകൾ ഉപയോഗിക്കാമെന്ന് പഠിപ്പിച്ചത്. ഭയത്തിന്റെ ജലാശയത്തിലേക്ക് പോകാൻ തയ്യാറെടുക്കുക. ഈ മുറിയിലേക്ക് വരുന്ന എലികൾ നിങ്ങളെ കടിച്ചുകൊല്ലും. നിങ്ങളെ ബോധരഹിതനാക്കുകയാണ് ഞങ്ങളുടെ ചുമതല.

അതിലൊരാൾ എന്നെ വലിയ ഒരു കമ്പിയിൽ കെട്ടിത്തൂക്കി. വെള്ളം നിറച്ച ഒരു വലിയ ടാങ്ക്, ട്രോളിയിൽ ഉന്തിക്കൊണ്ടുവന്ന് എന്നെ അതിനുള്ളിലാക്കി. സാവധാനമാണ് എന്റെ ശരീരം അതിനുള്ളിലേക്ക് താഴ്ന്നത്. അവർ ചിരിക്കുന്നതും, അറിയപ്പെടാത്തതും കബളിപ്പിക്കുന്നതുമായ ശബ്ദങ്ങളിൽ വിവരങ്ങൾ കൈമാറുന്നതും അവ്യക്തമായി കേട്ടു. എന്റെ കഴുത്തിന്റെ മുകളിൽ വെള്ളമെത്തിയപ്പോൾ പിന്നിൽ നിന്ന ഒരാൾ ‘ഫംഗസ്’ എന്ന കഥയുടെ പേര് പറയാൻ മറന്നില്ല. ജീവൻ പോകുന്ന സമയമാണെങ്കിലും ആ കഥയും അതിലെ കഥാപാത്രമായ ലെനിക്കോവിന്റെ മുഖവും എന്നെ ആശ്വസിപ്പിച്ചു. ഞാൻ അവർക്കായി ഇത്രയുമൊക്കെ സഹിക്കണമല്ലോ. സഹനം നല്ലൊരു മരുന്നാണ്. മനസിനുള്ള പരിഹാരമാണത്. ഓരോ പ്രശ്‌നവും അഴിയാക്കുരുക്കാണ്. ഒന്നുംതന്നെ നമുക്ക് അഴിച്ചെടുക്കാനാവില്ല. എന്നാൽ എല്ലാ സ്ഥാപനങ്ങളും സംഘങ്ങളും വിശ്വസിക്കുകയും നടപ്പാക്കാൻ ഒരുമ്പെടുക്കുകയും ചെയ്യുന്നത് അഴിക്കാൻ അസാധ്യമായി യാതൊന്നുമില്ല . വെള്ളം എന്റെ ശിരസിനെ മൂടുമ്പോൾ, എന്നെ വലയം ചെയ്തിരുന്ന വാക്കുകളുടെ പക്ഷികൾ മറ്റൊരു സൂര്യോദയം കാണാനായി പറന്നുപോയി. അവയുടെ ചിറകടിയൊച്ച എന്റെ ബോധലാർവകളിൽപ്പോലും ചെന്നു. പുതിയൊരു ലോകബന്ധത്തിന്റെ അരികുപറ്റി, ഞാൻ മനുഷ്യരുടെ അദൃശ്യവും സ്വകാര്യവുമായ തമസുകളിലൂടെ മരണാനന്തരജീവിതത്തിന്റെ ദ്യുതിയുമായി കടന്നുപൊയ്‌ക്കൊണ്ടിരുന്നു.

രാത്രിയിൽ  ലെനിക്കോവ് ഒരു വാഹനത്തിന്റെ ശബ്ദം കേട്ട് ജനലിലൂടെ നോക്കി. അതൊരു സൈനികവാഹനമായിരുന്നു. കറുത്തപുകയിൽ നിന്നുതിർന്ന രൂക്ഷഗന്ധം ലെനിക്കോവിനെ കുറച്ചുനേരത്തേക്കെങ്കിലും അസ്വസ്ഥനാക്കി. ആ അസ്വസ്ഥത പകൽ സെമിത്തേരിയിൽ കണ്ട ഫംഗസിലേക്ക് മനസിനെ അടുപ്പിച്ചു. അസ്ഥികൾ ചുട്ടെരിക്കുന്ന മണമായിരുന്നോ നേരത്തേയുണ്ടായിരുന്നതെന്ന് ശങ്കിച്ചെങ്കിലും അതല്ല എന്ന നിഗമനത്തിലെത്തി.

ആ ഫംഗസ് അവിടെത്തന്നെയുണ്ടാകുമോ എന്ന വിഡ്ഢിത്തം നിറഞ്ഞ ഒരു ചോദ്യം ചോദിക്കാനും അയാൾ മുതിർന്നു. സെമിത്തേരിയിൽ, കല്ലറയോട് ചേർന്ന് ആരാലും ശ്രദ്ധിക്കപ്പെടാതെ നിന്ന ആ ഫംഗസ് ഒരു ചെറിയ നിരയൊപ്പിക്കുകയായിരുന്നു. ചിലപ്പോഴത് ലോകക്രൂരതയ്ക്ക് ശമനമില്ലാത്ത ഈ രാത്രിയിൽ, അതിനെക്കുറിച്ചൊന്നും അറിയാനുള്ള പക്വതയോ
ബുദ്ധിയോ ഇല്ലാത്തതുകൊണ്ട് നിർവികാരമായിപ്പോയതാകാം. അതല്ലെങ്കിൽ തന്നെ കടിച്ചുകീറാൻവരുന്ന പുലിക്കുട്ടികൾക്കു നടുവിൽ കരയാനോ പരാതി പറയാനോ സ്വാർത്ഥമായി എന്തെങ്കിലും ചെയ്യാനോ ഒരുക്കമല്ലാതെ, മാംസം കടിച്ചുകീറുന്നിടത്തേയ്ക്ക് ഒന്നു നോക്കുകപോലും ചെയ്യാതെ, ഗൗരവം വിടാതെ സഹനത്തിന്റെ ശിലയാകാൻ മനസിനെ പാകപ്പെടുത്തുന്ന ഒരു മാൻകുട്ടിയെപ്പോലെയാകുമോ ആ ഫംഗസ്? രാത്രിയിൽ അത് ഈ റഷ്യയുടെ ഉള്ളിൽ എന്താണ് വേവിക്കുന്നത്, തിന്നുന്നത്, കൊല്ലുന്നത്, ചാകുന്നത്, എന്നെല്ലാം അറിഞ്ഞ് ശവക്കല്ലറകളെ അനുകരിച്ച് മൃതാവസ്ഥയിലേക്ക് പരിണമിക്കുന്നതായി അഭിനയിച്ചു.

പിറ്റേന്ന് ഒരവധി ദിവസമായിരുന്നു. രാവിലെ തന്നെ ഒരു സാഹിത്യമാസികയുടെ ആദ്യലക്കം സബ്‌സ്‌ക്രൈബ് ചെയ്യണമെന്നാവശ്യപ്പെട്ട്, പരിചയമുള്ള ദിമിത്രി, മിലാൻ എന്നിവർ വീട്ടിലേക്ക് കടന്നുവന്നു. അവരെ കണ്ടതോടെ ലെനിക്കോവിന് കൂടുതൽ ഊർജം കിട്ടിയതുപോലെയായി. അവർ പൊതുവേയുള്ള രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചും കർഷകരുടെ ദുരവസ്ഥയെക്കുറിച്ചും കവികളും കലാകാരന്മാരും ചേർന്ന് രൂപീകരിച്ച പുതിയ കൂട്ടത്തെക്കുറിച്ചും പുറത്തിറക്കാൻ പോകുന്ന മാസികയെക്കുറിച്ചും സംസാരിച്ചു.
ഇതിനിടയിൽ ദിമിത്രി താൻ പരിഭാഷപ്പെടുത്താൻ പോകുന്ന ഒരു നോവലിന്റെ സംഗ്രഹം വിവരിച്ചു. പന്നികളെക്കുറിച്ച് പഠിക്കൻ ചൈനയിൽനിന്ന് പോളണ്ടിലേക്കുപോയ ചാവോസിംഗ് എന്ന വനിത എഴുതിയ നോവലായിരുന്നു അത്. മനുഷ്യരിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണോ പന്നികളെക്കുറിച്ച് പഠിക്കാൻ ഈ വനിത തുനിഞ്ഞതെന്ന ചിന്ത ലെനിക്കോവിൽ അനുരണനങ്ങളുണ്ടാക്കി.

 അതിഥികൾ പോയശേഷം, പട്ടണത്തോട് ചേർന്ന് അലക്കുകാരും വാണിഭക്കാരും താമസിക്കുന്ന ഒരിടത്തേക്ക് ലെനിക്കോവ് യാത്ര തിരിച്ചു. അവിടെ ചെല്ലുന്നതുവരെ അയാൾ കാര്യമായി ഒന്നിനെയും ശ്രദ്ധിച്ചില്ല. പന്നികൾ എന്താവും തന്നോട് പറയുക എന്നുമാത്രം മനസ്സിൽ  ഉറപ്പിച്ചു. കാരണം അയാൾ ഒരു പന്നിവളർത്തൽ കേന്ദ്രത്തിലേക്കാണല്ലോ പോയത്. പന്നികൾ രാവിലെത്തെ ഭക്ഷണത്തിനുള്ള ഒരുക്കത്തിലായിരുന്നു. മുതിർന്ന ഒരു പന്നി തനിക്ക് നൽകപ്പെട്ട ഭക്ഷണം കഴിക്കാതെ മറ്റാരെയോ കാത്തുനിൽക്കുകയാണ്. ആ പന്നി, ഒരു പക്ഷേ ഒരു പിതാവായിരിക്കാം. അവന് കുട്ടികളെയും സ്ത്രീകളെയും വിളിക്കേണ്ടതുണ്ട്. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ കുറേ പന്നിക്കുഞ്ഞുങ്ങൾ അവിടേക്കെത്തി. അതിനൊപ്പം കുറെ മുതിർന്നവയും ഉണ്ടായിരുന്നു. അവർ വനിതകളായിരുന്നു. മുതിർന്ന ആൺപന്നി അവരെല്ലാം ഭക്ഷണം കഴിക്കുന്നത് നോക്കിനിൽക്കുകയാണ്. വിശ്രമത്തേക്കാൾ കൂടുതൽ ജാഗ്രതയാണ് മുഖ്യമെന്ന് ആ വലിയ പന്നി മറ്റുള്ളവരോട് പറയുന്നുണ്ടായിരുന്നു. എല്ലാ സന്തോഷവും നിലയ്ക്കുന്ന സമയം വന്നാലും, മനുഷ്യനിർമ്മിതമെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഈ ലോകത്ത് നമ്മൾ പാർക്കുന്ന ഈ സ്ഥലം ഒറ്റപ്പെട്ടതാണെന്ന് കരുതേണ്ട. ഇവിടേക്ക് നിത്യേന ആഹാരസാധനങ്ങളുമായി വരുന്ന വണ്ടികളും ആൾക്കാരും സ്‌നേഹമല്ല തരുന്നത്, മരണമാണ്. ഈ നാട്ടിൽ സ്‌നേഹമെന്നാൽ മരണമെന്നാണർത്ഥം. സ്‌നേഹം തന്നിട്ടേ ഇവരൊക്കെ കൊല്ലൂ. കൊല്ലുന്നതിനുമുമ്പ് അവസാന ആഗ്രഹം ചോദിക്കുന്നതു പുതിയൊരു സൗന്ദര്യശാസ്ത്രമാണ്. കൊല്ലപ്പെടുന്നതിന്റെയും കൊല്ലുന്നതിന്റെയും സൗന്ദര്യം അതിലുണ്ട്. ഒന്നിനെ തിരഞ്ഞെടുക്കുന്നത് മറ്റൊന്നിന്റെ സൗന്ദര്യബോധത്തിൽ തൂവൽചാർത്തുന്നതിനാണ്. ദയയില്ലാത്ത ഒരു പ്രവൃത്തി ചെയ്യുമ്പോൾ, കൊല്ലുമ്പോൾ ഇരയുടെ തലയിൽ ഒരു മയിൽപ്പീലി ചൂടിക്കുന്നത് എത്ര രസകരമാണ്! സത്യങ്ങൾ മനസിലാക്കിയാൽ നമുക്ക് പന്നികളാവാനേ മാർഗമുള്ളൂ.    മനുഷ്യർ പൊക്കം കൂടിയവരും നീണ്ടകൈകളുള്ളവരുമായി പരിണമിക്കുമ്പോൾ പന്നികളാവുന്നത് ഇടുങ്ങിയ ഒരു പന്ഥാവാണ്. അതിലേ പോകാനുള്ളവരുടെ നിര നീണ്ടതാണ്. നിശ്ശബ്ദരാക്കുന്നതും മരണത്തെ സൗന്ദര്യവൽക്കരിക്കുന്നതും ആചാരമാണ്; അതാണ് ഇപ്പോൾ ഭക്ഷണമായി മുന്നിലെത്തിയിരിക്കുന്നത്. നമുക്ക് ആകെ ചെയ്യാനുള്ളത്, ശബ്ദം പുറപ്പെടുവിക്കുകയും വാൽ നന്നായി ആട്ടുകയുമാണ്. ശബ്ദിക്കുന്നത് തുടരണം. അത് സ്‌നേഹം പ്രകടിപ്പിക്കാനാണെന്ന് അവർ കരുതുന്നത് നല്ലതാണ്. അവർ നമ്മെ കൗതുകത്തോടെയേ കാണൂ. ശബ്ദം, നമ്മൾ സന്തോഷത്തോടെ ജീവിക്കുകയാണെന്ന പ്രതിഛായ സൃഷ്ടിച്ചുകൊണ്ടിരിക്കണം. മരണത്തിനുള്ള കപ്പം എന്ന നിലയിൽ അവർ തന്നിരിക്കുന്ന ഈ കൂടും മറ്റു വസ്തുക്കളും കേടുകൂടാതെ തിരിച്ചേൽപ്പിക്കാനുള്ളതാണ്. അച്ചടക്കം നമ്മുടെ വലിയൊരു ആയുധമാണ്, കുറേക്കാലംകൂടി ജീവിക്കാൻ.കാട്ടുപന്നികളുടെ ഒരു സ്വഭാവവും എടുത്തുപോകരുത്. എല്ലാ അർത്ഥഭേദമുള്ള മൂളലുകളും ഞരക്കങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടാം. സ്‌നേഹത്തിന്റെ അർത്ഥം കൊല്ലാനുള്ള പ്രത്യേക അധികാരം എന്നാണ്. ഇതു മനസിലാക്കിയവരൊക്കെ നിശ്ശബ്ദരായി നീങ്ങിക്കൊണ്ടിരിക്കും.

ആൺപന്നിയുടെ ഉപദേശത്തിൽ ബാക്കിയുള്ളവരെല്ലാം പെട്ടെന്ന് ഗൗരവക്കാരായി. തലയുയർത്തുകയും സർവശക്തിയുമുപയോഗിച്ച് പുറത്തുനിന്നുള്ള അസാധാരണ ശബ്ദങ്ങൾക്കായി കാതോർക്കുകയും ചെയ്തു. പാഞ്ഞുപോകുന്ന വാഹനങ്ങൾക്കിടയിൽ തങ്ങളിൽ മൂപ്പെത്തിയവരെ തിരഞ്ഞുപിടിക്കാൻ വരുന്നവരെ അവർ ഓരോ നിമിഷവും പ്രതീക്ഷി
ക്കുന്നുണ്ട്.

ലെനിക്കോവ് മനസിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: പന്നികളിൽ വിശ്വസിക്കുവിൻ. അവർ നിങ്ങളെ ആശ്വസിപ്പിക്കും.

മനസിനു ഒരു തണുപ്പ്. ലെനിക്കോവ് രണ്ടുമൂന്ന് ചുവട് തിരിച്ചുനടന്നു. എന്നിട്ട് അനുതാപപൂർവം ആ പന്നികളെ നോക്കി. അപ്പോഴവർ നേരത്തെ കണ്ടതുപോലെ നിസഹായരോ നിരുപദ്രവകാരികളോ ആയിരുന്നില്ല. അവർ പരസ്പരം പോരടിക്കുന്നതും ശത്രുവിനെ എന്ന പോലെ തന്നെ ഇടയ്ക്ക് നോക്കുന്നതും അയാൾ കണ്ടു. ആ പന്നികളുടെ ചെവികളുടെ
സ്ഥാനത്ത് എന്താണ്? വീണ്ടും നോക്കി. ഇന്നലെ താൻ സെമിത്തേരിയിൽ കണ്ട, ലോകത്തിലെ ഏറ്റവും ശക്തിയുള്ള ആ ജീവിവർഗം തന്നെ; ഫംഗസ്. പന്നികൾ തലയാട്ടിയപ്പോൾ ചെവികളുടെ സ്ഥാനത്തിരുന്ന് ആ ഫംഗസ് അർത്ഥസൂചകമായി തന്നെ നോക്കുകയും വിലയിരുത്തുകയുമായിരുന്നു. അധികനേരം അവിടെ നിൽക്കാൻ ഇഷ്ടപ്പെട്ടില്ല. താൻ വഞ്ചിക്ക
പ്പെടുകയാണോ? ലെനിക്കോവ് കൈകൾ ഉടമസ്ഥരില്ലാത്തവിധം മേയാൻ വിട്ട്, തല കുമ്പിട്ട് നടന്നു. വാഹനങ്ങളുടെ ശബ്ദം അടുത്തെത്തിയപ്പോൾ, അയാൾ എന്തോ, പെട്ടെന്ന് തന്റെ മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും ഓർത്തു. ദൈനംദിന കാര്യങ്ങൾ മുടക്കമില്ലാതെ നടക്കുന്നിടത്തോളം താൻ സുരക്ഷിതനാണ്. അല്ലാതെ വരുമ്പോൾ, തനിക്ക് എന്താവും സംഭവി
ക്കുക? തനിക്ക് തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ? ജീവിതപരിസരത്ത് എന്നെങ്കിലുമൊരിക്കൽ ആ ഫംഗസ് വന്ന് എത്തിനോക്കാതിരിക്കില്ല. ഇളംനീലയും ഇളംമഞ്ഞയും കടുംപച്ചയും എന്നിങ്ങനെ ഏത് നിറസംയോജനത്തിലുമാകാം. വളരെ നിരുപദ്രവകാരികളാണ്. പാറക്കെട്ടുകൾക്കിടയിൽ ജീവിതം ഇനിയും മരിച്ചിട്ടില്ല എന്ന് കാണിച്ചുതരുന്ന ആ ഫംഗസ്, പക്ഷേ ഇപ്പോൾ ഒരു സൂചകമായിരിക്കുന്നു. അത് വരാതിരിക്കില്ല. വരുമ്പോഴൊക്കെ അതിന്റെ പശ്ചാത്തലമായി മനുഷ്യരോ, മൃഗങ്ങളോ, വാഹനങ്ങളോ, നമ്മുടെ ശ്രദ്ധ ആകർഷിക്കാനായി സമീപത്തുതന്നെയുണ്ടാവും.

ലെനിക്കോവിന് പഴയതെല്ലാം ഒന്നുകൂടി മനസിന്റെ തിരശ്ശീലയിൽ കാണാൻ തിടുക്കമായി. അയാൾ അത് കണ്ടുതുടങ്ങി. ഒരിക്കൽ സ്‌കൂളിൽ നിരയായി നിന്ന കുട്ടികളുടെ യൂണിഫോമിൽ, ഒരു പ്രത്യേക ആകൃതിയിൽ അതുണ്ടായിരുന്നു. അതവിടെത്തന്നെ നേരത്തെ ഉണ്ടായിരുന്നതാണോ എന്ന് പറയുന്നില്ല. എന്നാൽ താൻ കണ്ടതാണെന്ന് ലെനിക്കോവ് തീർച്ചപ്പെടുത്തി. പിന്നൊരിക്കൽ ഒരു പാർക്കിലിരിക്കുകയായിരുന്നു. ഒരു തടിബെഞ്ചിൽ ഇരുന്ന്, തൊട്ടടുത്തുള്ള ഒരു കല്ലിൽ കാലുയർത്തിവച്ച് പുസ്തകം വായിച്ചു. അതിലെ ഒരു അദ്ധ്യായത്തിന്റെ പേര്, ‘ഫംഗസ് നിങ്ങളെ തേടിവരും’ എന്നായിരുന്നു. തുടർന്ന് വായിച്ചു: അത് ചിലപ്പോൾ ഒരു മാലാഖയെപ്പോലെ സ്‌നേഹമയിയായാലോ? അതല്ലെങ്കിൽ ഒരു കാട്ടുകുരങ്ങന്റെ ചാട്ടംപോലെ ചടുലമായിരിക്കാം. അതുമല്ലെങ്കിൽ ഒരു പോലീസുകാരനോ പ്രണയിനിയോ ആകാം.
അതുമല്ലെങ്കിൽ ഒരു കാറ്റായി മാറാം. ലെനിക്കോവിനു മനസിലാക്കാനായി യാതൊന്നും അവശേഷിപ്പിക്കാതെ ആ വാക്യങ്ങൾ നീണ്ടുപോയി. പിന്നീട് ഭക്ഷണം കഴിക്കവെ, തക്കാളി വരട്ടിയ പാത്രത്തിൽ ആ ഫംഗസ് പോലെ എന്തോ ഉള്ളത് ശ്രദ്ധിച്ചു. അത് ആ പാത്രത്തിലെ ഒരു ചിത്രമായിരുന്നു. ഭക്ഷണം കഴിക്കാതെ എഴുന്നേൽക്കുകയായിരുന്നു.

എന്തുകൊണ്ടാണ് ഞാൻ ‘ഫംഗസ്’ എന്ന കഥയെഴുതിയതെന്ന് മരണാനന്തരം പല റഷ്യൻ എഴുത്തുകാരും എന്നോട് ചോദിച്ചിട്ടുണ്ട്. അവരിൽ ചിലരൊക്കെ സൈബീരിയയിൽ പീഡനമനുഭവിച്ചവരായിരുന്നു. വ്‌ളാദിമിർ നബോക്കോവ് ഒരു ചിത്രശലഭ പ്രിയനായിരുന്നുവല്ലോ. മരണത്തിനുശേഷം അദ്ദേഹം ചിത്രശലഭത്തിന്റെ ചിറകടി ശബ്ദത്താൽ ലോകത്തിനു
എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കാം എന്ന് പഠിക്കുകയാണ്. ഒരു ചെറിയ അനക്കത്തിനുപോലും ലോകഗതിയെ മാറ്റാനാകുമത്രേ. ഗുർജിഫ് പറഞ്ഞത് താൻ ചന്ദ്രനെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ചു എന്നാണ്. ചൈനാക്കാർ ചന്ദ്രനിൽ വിത്തിടാൻ വരുന്നത് ഭൂമിയിലെ ചെറിയ ജീവികളെപ്പോലും പരിഭ്രാന്തരാക്കുന്നുവത്രേ. ചന്ദ്രനെതിരായ ഓരോ ചലനവും ഭൂമിയിലെ സൗമ്യമനുഷ്യരെയും സൗമ്യജീവികളെയും ഭീകരരാക്കുമെന്നാണ് ഗുർജിഫിന്റെ വചനം. മനുഷ്യഗതിയെ ചന്ദ്രൻ എപ്പോഴും പരിശോധിക്കുന്നു. പിറന്നുവീഴുന്ന ഉടനെ ചില കുട്ടികൾ മരിക്കുന്നത്, ചന്ദ്രന് ആ കുട്ടിയോട് അമിത വാത്സല്യം തോന്നുന്നതുകൊണ്ടാണത്രേ!

‘ഫംഗസ്’ എന്ന കഥ എഴുതാൻ കാരണം, ആ സാധുസസ്യം എന്നെ ഭ്രാന്ത് പിടിപ്പിച്ചതുകൊണ്ടാണ്. എനിക്ക് ഗുരുതരമായ ഒരു രോഗമുണ്ടായിരുന്നു. പരിചിതരായ മനുഷ്യരെ അധികനേരം കണ്ടുകൊണ്ടിരിക്കാനാവില്ല. അവർ തന്നെ ചതിക്കുമെന്നും ഉപദ്രവിക്കുമെന്നും ഒറ്റിക്കൊടുക്കുമെന്നും വിചാരിച്ചാണ് ഭ്രാന്ത് വരുന്നത്. അവരുടെ സമീപത്ത് നിന്നും ഓടിമാറുകയേ തരമുള്ളൂ. ഒരർത്ഥത്തിൽ പോലീസുകാർ എന്റെ പുസ്തകങ്ങൾ കത്തിച്ചുകളഞ്ഞ് എന്നെ വധിച്ചത് വലിയ സൗകര്യമായി. അതൊരു രക്ഷപ്പെടലായിരുന്നു. പരിചിതരായ ആളുകളെ പോലീസുകാർ ഒന്നൊന്നായി വധിച്ചപ്പോൾ ഞാൻ നിരാശനാവുകയും കുറ്റബോധത്താൽ നീറുകയും ചെയ്തു. ഞാൻ അവരെ വണങ്ങാൻ, ഓരോരുത്തരുടെയും ശവകുടീരങ്ങൾ സന്ദർശിക്കുമായിരുന്നു. പൂക്കൾവച്ച് നടന്ന് തിരിഞ്ഞുനോക്കുമ്പോൾ ശവകുടീരത്തിനു ചുറ്റും ഫംഗസ് തലയുയർത്തി നിൽക്കുന്നത് കാണാം. ആ ഫംഗസ് എന്നെ അലോസരപ്പെടുത്തി. ചിലരുടെ മുഖത്തിനു പ്രത്യേക ആകൃതിയിലുള്ള ഫംഗസിന്റെ രൂപമായിരുന്നു. ചിലർക്ക് ഫംഗസിന്റെ നിറംപോലുമുണ്ടായിരുന്നു. പട്ടാളക്കാരെപ്പോലെ വന്ന്, നിലവാരമില്ലാത്ത സാഹിത്യകാരന്മാരും സാഹിത്യകാരികളും പേരുകേട്ട സ്ഥാപനങ്ങൾ പിടിച്ചെടുത്ത് തങ്ങളുടെ കൃതികൾ അച്ചടിപ്പിക്കുന്ന ഈ കാലത്ത് ഫംഗസുകൾ മുളയ്ക്കുകതന്നെ ചെയ്യും. അത് എവിടെയാണ് കാണുന്നതെന്ന് ബോധ്യപ്പെടുന്നവർക്ക് ഭയപ്പെടാൻ യോഗ്യതയുണ്ട്.

ലെനിക്കോവിനു ആ ഫംഗസ് മറ്റെന്തൊക്കെയോ ആണ്. അയാൾ താനുമായി ബന്ധമില്ലാത്തവരുടെ വസ്ത്രങ്ങളിലും ഷൂകളിലും വാഹനങ്ങളിലുമെല്ലാം ഫംഗസ് വളരുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഒരിക്കൽപ്പോലും, അയാൾ അത് പറിച്ചുകളഞ്ഞിട്ടില്ല.
ഒരു സൗന്ദര്യാരാധകനായതുകൊണ്ട് തന്നെ പേടിപ്പെടുത്തുന്നതിലും അയാൾക്ക് കൗതുകമുണ്ടായിരുന്നു. അയാൾ ദുഃഖത്തിന്റെ ഉപാസകനായില്ല. ദുരന്തങ്ങളും വിഷമതകളും ബാധിക്കുന്നത്, കൂടുതലും നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയുമാണ്. എല്ലാ വിപ്ലവങ്ങളും അതിന്റെ വിജയങ്ങളോടൊപ്പം നാശനഷ്ടങ്ങളുമാണ് കൊണ്ടുവരുക. നഷ്ടപ്പെടുന്നതാകട്ടെ, ഒരിടത്തും ഗതിയില്ലാത്തവർക്കും.

ലെനിക്കോവ് ഒരു കലാകാരനെപ്പോലെ ഇതെല്ലാം ഉൾക്കൊള്ളാനാഗ്രഹിച്ചു. അയാൾ ഒരു ചിത്രകാരനെ യാദൃച്ഛികമായി കണ്ടു; വിഖ്യാത ചിത്രകാരനായ ലെവി ഈവ്‌നോവ്. അയാൾ ‘ഫംഗസ്’ എന്ന പേരിൽ സ്വന്തം ചിത്രങ്ങളുടെ പ്രദർശനം നടത്തുകയായിരുന്നു. എല്ലാം ആകസ്മികമാണോ? ചിലതെല്ലാം പ്രകൃതി ആസൂത്രണം ചെയ്യുന്നുണ്ടോ? നമ്മുടെ
മനസിൽ ആധിപത്യം നേടുന്ന വികാരങ്ങളുടെ ബലത്തിൽ? മനസ് അതിന്റെ എഞ്ചിനീയറിംഗിലൂടെ ദുരനുഭവങ്ങളെ രൂപാന്തരപ്പെടുത്തുകയാണോ? ഒരു ചാർജ് കിട്ടുന്ന നിമിഷം, മനസ് അതിലേക്ക് ചാഞ്ഞുപൊയ്‌ക്കൊള്ളും. മനസിനു നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവില്ല എന്ന് വിശ്വസിക്കുന്ന ചിത്രകാരനാണ് ഈവ്‌നോവ്. മനസിനെ മനുഷ്യൻ തട്ടിയുണർത്തണം. ഒരു വശത്തേക്ക് ആകർഷിക്കണം. യേശുദേവൻ ആടുകളെ മേയ്ക്കുന്നത് ഇതല്ലേ സൂചിപ്പിക്കുന്നത്? മനസിൽ അനേകം ജീവിതങ്ങളുടെ ആടുകളുണ്ട്. പല ദിക്കുകളിലേക്ക് പോയാൽ പിടിച്ചുകൊണ്ടുവരണം. ഒരെണ്ണം വഴിമാറിപ്പോയാൽ, അതിനെക്കൂടി കൂട്ടത്തിലേക്ക് കൊണ്ടുവരുന്നതുവരെ ഒരു നല്ല ഇടയന് രക്ഷയുണ്ടാവില്ല. മനസിലെ അനുസരണയുള്ള എല്ലാ ചിന്തകളെയും ആടുകളെയും ഒരു ഇടയനു നിയന്ത്രിക്കാനാകണം. അപ്പോഴാണ് ലക്ഷ്യമുണ്ടാകുന്നത്.
”എന്തുകൊണ്ടാണ് താങ്കൾ ‘ഫംഗസ്’ എന്ന് ചിത്ര പ്രദർശനത്തിന് പേരിട്ടത്?” ലെനിക്കോവ് ചോദിച്ചു.
”ഞാൻ സാംസ്‌കാരിക ഏകശിലാഘടനയിൽ വിശ്വസിക്കുന്നില്ല. എനിക്ക് പലതാകണം. അതിനാണ് ചിത്രം വരയ്ക്കുന്നത്” ഈവ്‌നോവ് പറഞ്ഞു.
”എന്താണ് താങ്കൾ അർത്ഥമാക്കുന്നത്?” ലെനിക്കോവിനു സംശയമേറി.
”നമ്മൾ സന്തോഷത്തോടെയിരിക്കാൻ വിധിക്കപ്പെട്ടവരല്ല. നമുക്ക് ആകുലതകളാണ് വേണ്ടത്” അദ്ദേഹം വിശദീകരിച്ചു.
”അതെന്താ?” ലെനിക്കോവ് ചോദിച്ചു.
”ഓരോ ഋതുവിലും അതിനനുസരിച്ച് ജീവിക്കാനാകണം. മഴപെയ്യുമ്പോൾ ദീർഘനേരം നനഞ്ഞ് നടക്കണം. വലിയ വൃക്ഷങ്ങളിൽനിന്ന്, മഴപെയ്ത് തോർന്നതിനുശേഷമുള്ള ജലപ്പെയ്ത്ത് എത്ര സുന്ദരമാണ്! പക്ഷേ, മനുഷ്യർ അതിനു സമയം കൊടുക്കില്ല. അവർ അത് മറച്ചുപിടിക്കും. ഇലകൊഴിയുന്ന കാലത്ത് മരങ്ങളുടെ അടുത്തുപോകാൻ കഴിയണം. വെള്ളത്തിൽ കിടന്നുകൊണ്ട് സൂര്യാസ്തമയം കാണണം. ഒരു കാമുകിയുണ്ടെങ്കിൽ, അവളെ തികച്ചും വിജനമായ ഒരു താഴ്‌വരയിലേക്ക് കൂട്ടിക്കൊണ്ടുപോകണം. ഇടതൂർന്ന മരങ്ങൾക്കിടയിൽ, ചെറുചെടികളുടെയും വള്ളിപ്പടർപ്പുകളുടെയും തണുപ്പിലും അതിനെ തഴുകുന്ന കാറ്റിലും അവളോടൊത്ത് ശയിക്കണം. അവൾ മറ്റാർക്കും നൽകാത്ത പ്രേമമാവും തരുക. തിരക്കുകളുടെ ബഹളമില്ലാത്തതുകൊണ്ട്, മനുഷ്യരതി ആസ്വദിക്കുവാൻ സസ്യങ്ങൾക്കും അവസരമുണ്ടാകട്ടെ. കഴിയുമെങ്കിൽ ഇലയാട്ടത്തിനിടയിൽ വിവസ്ത്രനാവുക. ഏറ്റവും പ്രിയപ്പെട്ടതും ധ്യാനലീനവും നഗ്നവും പ്രേമതീവ്രവുമായ രതിയാണ് അവൾക്ക് നൽകേണ്ടത്. ശരീരത്തിന്റെ ഏറ്റവും പരിപാവനവും കാമപൂരിതവുമായ ഒന്ന്; ശരീരത്തെ സംഗീതാത്മകമാക്കുന്നത്.
രണ്ടുപേരും തനിച്ചായിരിക്കുന്ന ആ കാട്ടിൽ കാറ്റിനു ഒരു പ്രത്യേക സാരം പകരാനാവും.”
”ഇതൊക്കെ നമ്മുടെയൊക്കെ ജീവിതത്തിൽ അപ്രാപ്യമല്ലേ? കാല്പനികമല്ലേ ഇത്?” ലെനിക്കോവ് ഒന്നും മറച്ചുവയ്ക്കാതെ ചോദിച്ചു.
ജീവിതം ഇതുപോലെയാണ്. അത് തിരഞ്ഞ് ചെല്ലണം. പരിചിതമായതിൽ, ചിരപരിചിതമായതിൽ ജീവിതം വറ്റിവരണ്ടുപോയിട്ടുണ്ടാവും. തിരയുക, വയസ്സായാലും ജീവിതം തിരയുക. ക്ഷമയിലും സഹിഷ്ണുതയിലും ബുദ്ധിയിലും തിരയുക”.

ഗാലറി വിട്ട്, പടികളിറങ്ങി വരുമ്പോൾ ഒരു പോലീസുകാരൻ ദുർമന്ത്രവാദിയെപ്പോലെ, അപസ്മാരബാധയിൽ എന്നപോലെ ഉച്ചത്തിൽ എന്തോ ശബ്ദിച്ചുകൊണ്ട് ലെനിക്കോവിനെ തടഞ്ഞുനിർത്തി.
പകൽ കത്തിക്കരിഞ്ഞു കരിക്കട്ടയായപോലെ. ലെനിക്കോവ് ഇരുന്നുപോയി. അയാൾ തലയുയർത്തി ആ പോലീസുകാരനെ നോക്കി. അയാളുടെ തൊപ്പിയുടെ മുകളിൽ രണ്ട് ഫംഗസ് ഇലകൾ വളർന്നിട്ടുണ്ടായിരുന്നു. ഒന്നിന് തവിട്ടുനിറം, മറ്റേതിന് പച്ചനിറം.ആ ഇലകൾ  പകരുന്ന വികാരം എന്താണെന്ന് അറിയാൻ ലെനിക്കൊവ്  അശക്തനായിരുന്നു .

കഥ / ഫംഗസ് /എം  കെ ഹരികുമാർ


No comments: