Followers

Tuesday, November 25, 2014

നവമാധ്യമകാലത്തെ വായനയും ചിന്തയും



എം.കെ.ഹരികുമാർ
ടെലിവിഷന്റെയും മൊബൈൽയിൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഈ കാലത്ത്‌, വായന മരിച്ചു എന്ന്‌ പറയുന്നത്‌ വിഡ്ഢിത്തമായിരിക്കും. എന്നാൽ വായനയുടെ രൂപവും ഉള്ളടക്കവും മാറിയിരിക്കുന്നു.കഴിഞ്ഞ നൂറ്റാണ്ടുകളിലെ എഴുന്നൂറും എണ്ണൂൂറും  പേജുകളുള്ള നോവലിന്‌ ഇരുന്നൂറ്‌ പേജിൽ സംഗ്രഹീത രൂപമാണ്‌ ഇപ്പോൾ വിപണിയിലിറങ്ങുന്നത്‌. സെർവാന്തസിന്റെ ‘ഡോൺ ക്വിക്സോട്ട്‌, ടോൾസ്റ്റോയിയുടെ ‘അന്നാകരേനിന’ തുടങ്ങിയ കൃതികൾ ഇപ്പോൾ ചെറിയ എഡിഷനുകളിൽ പ്രത്യക്ഷപ്പെടുന്നു. മൂലകൃതി വേണ്ട, സംഗ്രഹീത രൂപങ്ങൾ മതി എന്നായിട്ടുണ്ട്‌. ഈ ചെറിയ പതിപ്പുകൾ സമഗ്രമായ ഒരു വായനയ്ക്ക്‌ പര്യാപ്തമാണോ? എങ്കിൽ മഹത്തായ കൃതികളെന്ന്‌ നാം വാഴ്ത്തിയ പലതും എഴുതിയവരൊക്കെ ഒന്നും എഡിറ്റ്‌ ചെയ്യാതെ വാരിവലിച്ചെഴുതി എന്ന്‌ പറയേണ്ടിവരും. നോവലിന്റെ സ്ഥൂലത അന്ധവിശ്വാസമായിരുന്നോ?
ചെറിയ എഡിഷനുകളിൽ പുറത്തിറങ്ങുന്ന കൃതികളിലൂടെ ഒരു വായനക്കാരൻ നേടുന്നത്‌ വ്യത്യസ്തമായ ഒരനുഭവമാണ്‌. അതായത്‌ രചയിതാവ്‌ ഉദ്ദേശിച്ചതോ, വിഭാവന ചെയ്തതോ ആയ സൗന്ദര്യബോധത്തിലേക്കൊന്നും പോകേണ്ടതില്ല; അവനവന്‌ ആവശ്യമുള്ളത്‌ ഇന്നത്തെ വായനക്കാരൻ പാചകം ചെയ്തെടുക്കുകയാണ്‌. ഒരു ബൃഹത്തായ അനുഭവത്തിന്റെ സമഗ്രവും നീതിപൂർവ്വകവും പരമ്പരാഗതവുമായ ലോകത്തെ അതേപടി ഏറ്റുവാങ്ങാൻ ഇന്നത്തെ അനുവാചകന്‌ താത്പര്യമില്ല. അവൻ സൂപ്പർമാർക്കറ്റിൽ നിന്ന്‌ കുറച്ച്‌ സാധനങ്ങൾ മാത്രം വാങ്ങിക്കൊണ്ടുപോകുന്നവനാണ്‌. അവന്‌ ചെറിയ തുണ്ടുകളുടെ രൂപത്തിലാണ്‌, അനുഭൂതിയും കാഴ്ചയും രുചിയും സെക്സും അറിവും എല്ലാം വേണ്ടത്‌.
പേടിപ്പെടുത്തുന്ന നിലവാരപ്പെടൽ
വായിക്കുന്നവരിൽ ഒരു വിഭാഗം ഇപ്പോഴും പുസ്തകങ്ങളിൽ താത്പര്യം പ്രദർശിപ്പിച്ചുപോരുന്നുണ്ട്‌. അവർ ലൈബ്രറികളിൽ വന്നു പുസ്തകമെടുത്തുകൊണ്ടു പോകുന്നു. എന്നാൽ അവരുടെ വായനയെപ്പറ്റിയുള്ള അവബോധത്തിനു ഇടിച്ചിൽ തട്ടിയിട്ടുണ്ട്‌. അവരെ വലിയൊരു രോഗം ബാധിച്ചിട്ടുണ്ട്‌; എന്താണ്‌ വായിക്കേണ്ടതെന്നറിയില്ല. അവർ വായനയോട്‌ നിഷ്കളങ്കമായ സമീപനമാണ്‌ പുലർത്തുന്നത്‌. ജീവിതത്തിന്റെ അഗാധതയോ തീവ്രമായ വ്രണം പോലെയുള്ള മനോവേദനയോ  തിരിച്ചറിയാനാവാത്തവിധം സാമാന്യവത്ക്കരണത്തിന്റെ പിടിയിലമർന്നുപോയ പുതിയ വായനക്കാരനുമുന്നിൽ  പുസ്തകം  തുറക്കപ്പെടുകയില്ല. മനുഷ്യാനുഭവങ്ങളുടെ ഏറ്റക്കുറച്ചിലുകൾ അസ്തമിച്ചു. പേടിപ്പെടുത്തുന്ന നിലവാരപ്പെടൽ സംഭവിക്കുകയാണ്‌. ദുരനുഭവങ്ങളുടെ നേർക്ക്‌ നിസ്സംഗതയാണുള്ളത്‌. എന്നാൽ ചെറിയ കാര്യങ്ങളുടെ പേരിൽ വല്ലാതെ വികാരവിവശരാവുകയും ചെയ്യുന്നു. ഒരു അമച്വർ ഗായകനു  പാടാൻ അവസരമില്ലെങ്കിൽ വിദേശത്തേക്ക്‌ കൊണ്ടുപോയി പണം സമ്പാദിച്ചുകൊടുക്കും. എന്നാൽ ടൗണിൽ, റോഡുവക്കിൽ പ്ലാസ്റ്റിക്‌ ഷീറ്റുകൊണ്ട്‌ മറച്ച്‌ ഒരു കൂര എന്ന പേരിട്ട്‌ താമസിക്കുന്നവരെ ഉദാസീനതയോടെയാണ്‌ നോക്കുന്നത്‌. സഹായിക്കാതിരിക്കുക എന്ന വ്രതം നോറ്റവരാണ്‌ വായനയുടെ കമ്പം കേറി പുസ്തകശാലയിലേക്കോടുന്നത്‌.
പുസ്തകങ്ങളുടെ സംഗ്രഹം, പുസ്തകാഭിപ്രായങ്ങൾ, ഇന്റർനെറ്റിലെ കമന്റുകൾ, വിക്കിപ്പീഡിയ കുറിപ്പുകൾ, എന്നിവകൊണ്ട്‌ തൃപ്തിപ്പെടുന്നവർ ഏറിയിരിക്കുന്നു. വായനയിലൂടെ ലഭിക്കുന്ന അത്യുന്നതമായ ഏകാഗ്രതയും  മഹത്തായ ആദ്ധ്യാത്മികാനുഭൂതിയും വായനയുടെ കമ്പോളവത്ക്കരണത്തിലൂടെ ഒലിച്ചുപോയിരിക്കുന്നു. തുണ്ടുകളാണ്‌ പലർക്കും തൃപ്തിനൽകുന്നത്‌. ജീവിതവേഗത്തിന്റെ മറ്റൊരു ഭാഷ്യമാണ്‌ ഈ തുണ്ടുകളുടെ ആവിർഭാവത്തിനു പിന്നിലുള്ളത്‌. എട്ട്‌ മണിക്കൂർ, പന്ത്രണ്ട്‌ മണിക്കൂർ വണ്ടിയോടിക്കുന്നയാളിന്റെ മനസിൽ ക്ലാസിക്‌ നൃത്ത സങ്കൽപങ്ങൾക്കോ ക്ലാസിക്‌ സാഹിത്യഛന്ദസ്സുകൾക്കോ വിലയില്ല; അവൻ വളരെ റിയലിസ്റ്റിക്കാണ്‌. അവന്റെ കാൽപനികത ചെന്നവസാനിക്കുന്നത്‌ ഒരു മിനിട്ട്‌ സെക്സ്‌ വീഡിയോയിലോ രണ്ട്‌ മിനിട്ട്‌ റിംഗ്‌ ടോണിലോ, മൂന്ന്‌ മിനിട്ട്‌ ഹ്രസ്വചിത്രത്തിലോ ആയിരിക്കും. യൂ ട്യുബിന്റെ മൂന്ന്‌ മിനിട്ട്‌ ദൃശ്യാനുഭവം ഏറെക്കുറെ സ്വീകാര്യമായ ദൃശ്യമാതൃകയായി തീർന്നിരിക്കുന്നു. ഒരാൾ ഭാവനചെയ്യുന്ന ദൃശ്യം ഇന്ന്‌  സങ്കൽപത്തിലും സമയസൗകര്യത്തിലുമായിരിക്കും. ഒരാൾ സിനിമയും നൃത്തവും പ്രസംഗവും പാട്ടും എല്ലാം ആസ്വദിക്കുന്നത്‌ യൂ ട്യുബിന്റെ ഘടനയിലാണ്‌. 21-​‍ാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ദൃശ്യവിപ്ലവം നടക്കുന്നത്‌ യുടൂബിന്റെ ഫ്രെയിമിലാണ്‌. അതിനനുസരിച്ച്‌ പ്രത്യേക ദൃശ്യപാക്കേജുകൾ ലക്ഷക്കണക്കിനു എന്നപോലെ ഉണ്ടാകുകയാണ്‌.  ഷക്കീറ പാടിയ ‘വക്കാ വക്കാ’ എന്ന ഫുട്ബോൾ ഗാനം നമുക്ക്‌ ഏത്‌ ഭീഷണമായ ട്രാഫിക്‌ കുരുക്കിനിടയിലും ആസ്വദിച്ചുകിടക്കാം. ട്രാഫിക്കിന്റെ കുരുക്കിനിടയിൽ ദാഹിച്ചും വലഞ്ഞും വിശന്നും കഴിയുമ്പോൾ ഈ യൂ ട്യുബിന്റെ തുണ്ടാണ്‌ പ്രിയങ്കരമാവുന്നത്‌. ക്ലാസിക്‌ ലോകം ഇവിടെ കൊഴിഞ്ഞുവീഴുകയാണ്‌. ക്ലാസിക്‌ സങ്കൽപം എന്നതിന്റെ പ്രത്യേകതകൾ പരിശോധിക്കണം. ആദിമധ്യാന്തം, സ്വാഭാവചിത്രീകരണം, അഖണ്ഡത, ആദർശാത്മകത, ജീവിതവുമായി ബന്ധമില്ലാത്ത വാർപ്പുമാതൃക, രൂപഘടന, അനുഭവങ്ങളുടെ കേന്ദ്രീകരണം, അനുഭവങ്ങളുടെ ഉടമസ്ഥത തുടങ്ങിയ ഘടകങ്ങൾ ക്ലാസിസത്തിന്‌ ഉപേക്ഷിക്കാനാവില്ല. എന്നാൽ നവമാധ്യമ കാലത്തെ കലാസ്വാദകന്റെ മുന്നിൽ ഇതൊന്നുമില്ല. അവൻ സ്വയമറിയാതെതന്നെ ഏകാന്തതയെ  ചുമക്കുകയാണ്‌. അവന്‌ സ്വത്വത്തിലോ, വർഗത്തിലോ, ഭാവുകത്വത്തിലോ അടിയുറച്ചു നിന്നുകൊണ്ട്‌ ഈ കാലഘട്ടത്തിലെ ആയിരക്കണക്കിനു കലാതുണ്ടുകൾ ഉൾക്കൊള്ളാനാകില്ല.
ഫേസ്ബുക്ക്‌ ഇന്ന്‌ വായനയുടെ വേറൊരു ലോകം അനാവരണം ചെയ്തിരിക്കുന്നു. ദിവസത്തിൽ എപ്പോഴെങ്കിലും അവിടെ ചെല്ലുകയാണെങ്കിൽ നമുക്ക്‌ വിവിധ വിഷയങ്ങളെപ്പറ്റി പലർ എഴുതിയ കുറിപ്പുകൾ വായിക്കാം. വീഡിയോ കാണാം. ഈ കുറിപ്പുകളിലൂടെ അനേകം കാര്യങ്ങൾ മനസിലാക്കാം. വിജ്ഞാനമല്ല, വർത്തമാനമാണ്‌ വിഭവമായിത്തീരുന്നത്‌. ലോകവിജ്ഞാനം പിന്തള്ളപ്പെടുകയും അവനവന്റെ ചെറിയ കാര്യങ്ങളെ ജിജ്ഞാസയോടെ കാണേണ്ടിവരുകയും ചെയ്യുകയാണ്‌. അറിവിനെപ്പറ്റിയുള്ള ധാരണകൾക്ക്‌ പരിണാമം ഉണ്ടായി. പരമമായ ജ്ഞാനം ‘ചുമക്കാൻ’ ആർക്കും താൽപര്യമില്ല. അസ്തിത്വത്തിന്റെ ലഘുത്വമാണ്‌ ഏവരും ആഗ്രഹിക്കുന്നത്‌. ലോകം ഇതുവരെ നേടിയെന്ന്‌ അഹങ്കരിച്ചതെല്ലാം, നൊടിനേരംകൊണ്ട്‌ പ്രീതിപ്പെടുത്തുന്ന സമീപത്തെ കാഴ്ചകൾക്കായി കീഴടങ്ങുകയാണ്‌. നമ്മുടെ വീട്‌, നമ്മുടെ നേതാവ്‌, നമ്മുടെ തൊടി, നമ്മുടെ തത്ത, നമ്മുടെതന്നെ ഫോട്ടോ എന്നിങ്ങനെ ആ മഹത്വവൽക്കരണം വ്യാപിക്കുന്നു. നമ്മെത്തന്നെ വലുതാക്കി കാണിക്കുന്നതിന്‌ ഒരു മാധ്യമം മുന്നോട്ടു വന്നിരിക്കയാണ്‌. സാഹിത്യമോ സിനിമയോ അതുപോലുള്ള കലകളോ ഒരിക്കലും അതിന്റെ രചയിതാക്കളെ വാഴ്ത്താനല്ല പുറപ്പെട്ടത്‌. രചയിതാകളുടെ കയ്യിൽനിന്ന് ഈ ലോകം വഴുതിവീണിരിക്കുന്നു. രചയിതാക്കൾ എന്തു ഭാവന ചെയ്യുന്നുവോ , അതു ഉടൻ തന്നെ കാലത്തിന്റെ ചവിട്ടേറ്റ് തകരുന്നു.
ഭാവന പെട്ടെന്നു പഴകുന്നു
ഒരു കവിയുടെ ഭാവന അതു പൂർത്തിയാകുമ്പോൾതന്നെ അപ്രസക്തമാകുന്നു. കാരണം കാലം അതിവേഗം ഓടുകയാണ്. ആ ഓട്ടം  എല്ലാത്തിനെയും നിഷ്പ്രഭമാക്കുന്നു.അതായത് വ്യക്തിഗത ഭാവനയുടെ ഭാഷാപരമായ വ്യവഹാരത്തിനപ്പുറത്തേക്ക് ലോകം പെട്ടെന്ന് ചെന്നെത്തുന്നു. കവി തന്റെ വരുതിയിൽ പിടിച്ചുനിർത്തുന്നത് എന്തായാലും അത് പെട്ടെന്ന് പഴകിപ്പോകുന്നു. മാവിൻപൂക്കൾ നുള്ളിയതിനു കുഞ്ഞിനെ തല്ലിയ അമ്മയെക്കുറിച്ച് വൈലോപ്പിള്ളി പതിറ്റാണ്ടുകൾക്ക് മുൻപാണ്  എഴുതിയത് ; എന്നാൽ ആ പ്രമേയം അന്ന് പ്രസക്തമായിരുന്നു.ഇന്നു മാവിൻപൂക്കളോ മാവുതന്നെയോ ഒരു വികാരമല്ലാതായിരിക്കുന്നു. പ്രകൃതി തന്നെ പിഴുതു മാറ്റപ്പെടുന്നു. വിദ്യാഭ്യാസത്തിൽ നിന്ന് പ്രകൃതി മാറിപ്പോയിരിക്കുന്നു; മാവിനെപ്പറ്റിയുള്ള ചിന്തകൾ ഇന്നത്തെ സമൂഹം ഒരു ആധിയായി ഏറ്റെടുക്കില്ല. കാരണം ഒരു മെട്രോ പദ്ധതി വരുമ്പോൾ എത്ര മാവുകളാണ് പിഴുതുമാറ്റപ്പെടുന്നത്.! ആർക്കാണ് പരാതിയുള്ളത്.?
ഒരു സംവിധായകൻ സ്വന്തം കുടുംബമഹിമയും സൗഹൃദത്തിന്റെ ശക്തിയും കാണിക്കാൻ വേണ്ടി ചിത്രമെടുക്കില്ല. തന്റെ സൃഷ്ടിയിൽ നിന്ന്‌ തന്റെ പ്രതിരൂപം  എത്രമാത്രം മറച്ചുപിടിക്കാമെന്നാണ്‌ ആലോചിച്ചിരുന്നത്‌. ‘ബൈസിക്കിൾ തീവ്സ്‌’ കാണുന്ന നമ്മൾ അതിന്റെ സംവിധായകനായ ഡിസീക്കയുടെ വ്യക്തിവിശേഷം അറിയുന്നില്ല. അദ്ദേഹത്തെപ്പറ്റി ഒന്നും തന്നെ ആ ചിത്രം വച്ചു നീട്ടുന്നില്ല. അദ്ദേഹത്തിന്റെ ചിത്രമോ ജീവചരിത്രമോ ഒന്നും ലഭിക്കില്ല. അതിനു നാം വേറെ ഏതെങ്കിലും വഴിനോക്കണം. രചയിതാവിനെ മറച്ചു പിടിച്ചുകൊണ്ടാണ്‌ രചന ഉണ്ടാകുന്നത്‌. ഇത്‌ ഒരു പഴയ ആശയമാണിപ്പോൾ. കാരണം ഇന്ന്‌ രചന സ്വയം സംസാരിക്കുകയാണ്‌. രചന എന്ന സങ്കൽപം തന്നെ മറ്റൊന്നാണ്‌. ഒരാൾ ചരിത്രത്തിലെ തന്നെ ഏറ്റവും നൂതനമായ സൃഷ്ടി നടത്തേണ്ടതില്ല. തന്റെ സാന്നിദ്ധ്യമറിയിച്ചാൽ മതി;അതിനു അനശ്വരതയില്ല. ഒരു സന്ദേശം, അത്‌ കവിതയാകാം, ഫോട്ടോയാകാം, പാട്ടാകാം; അത്‌ തന്നെത്തന്നെ പ്രതിനിധീകരിക്കാനായി ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്താൽ മതി; അത്‌ ഒരു രചനയായി പ്രതിനിധീകരിച്ചുകൊള്ളും. ദിവസം പന്ത്രണ്ട്‌ മണിക്കൂറിലേറെ നേരം സോഷ്യൽ നെറ്റ്‌വർക്കിംഗ്‌ സൈറ്റുകളിൽ കഴിയുന്നവരുണ്ട്‌. ഇത്‌ മനഃശ്ശാസ്ത്രത്തിന്റെ കൂടി പ്രശ്നമാണ്‌. ഒരാൾക്ക്‌ കലാസൃഷ്ടിയിലൂടെ ലഭിക്കുന്നതിനേക്കാൾ കൂടിയ സാമൂഹിക ഇടപെടലും തിരിച്ചറിയലും മാനസികോല്ലാസവും വ്യക്തിത്വ പ്രകാശനവും ഉണ്ടാകുന്നു. ഒരാൾ താനൊരു പശുവിനെ വാങ്ങിയകാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുന്നതിന്റെ അർത്ഥമെന്താണ്‌? തനിക്ക്‌ ഒരു പശുവുണ്ടെന്നതിൽ അയാൾ അഭിമാനിക്കുന്നു എന്ന്‌ പറഞ്ഞാൽ ശരിയാവുകയില്ല; ഈ ലോകത്തിലെ ഏത്‌ സദ്‌വാർത്തയേക്കാളും മികച്ചതായി അയാൾ അവതരിപ്പിക്കുന്നത്‌ തന്റെ ഈ പ്രതിച്ഛായയാണ്‌. അതാണ്‌ അയാൾക്ക്‌ തനിമ നൽകുന്നത്‌. മറ്റൊരാൾ പാട്ട്‌ പാടുകയോ ചിത്രം വരയ്ക്കുകയോ കവിത എഴുതുകയോ ചെയ്യുന്നതിനു തുല്യമായി ഒരു പദവി പശുവുമൊത്തുള്ള ചിത്രം സമ്മാനിക്കുന്നു. കവിത ഇതുപോലുള്ള ചിത്രങ്ങൾക്കിടയിലെ ഒരു വിഭവം മാത്രമാണല്ലോ. അയാൾ പശുവുമൊത്ത്‌ നിൽക്കുന്ന ചിത്രം രചനയായി രൂപാന്തരപ്പെടുന്നു. ഒരു പ്രദേശത്തിന്റെ, ഒരു മനുഷ്യന്റെ പ്രചോദനങ്ങളും പ്രലോഭനങ്ങളും വലിയ വിതാനത്തിലേക്കുയർന്ന്‌ രചനാപരമായ പ്രതിച്ഛായ നേടുന്നു.
പുസ്തകവായനയ്ക്ക്‌ ബദലായി ഫേസ്ബുക്ക്‌ വായന വിവരവും വിനോദവും ലഘൂകരണവുമായാണ്‌ നിലനിൽക്കുന്നത്‌. പുസ്തകങ്ങളിലെ അറിവുകളെ എങ്ങനെ ചുരുക്കാമെന്നാണ്‌ നവമാധ്യമങ്ങൾ ആലോചിക്കുന്നത്‌. തൊള്ളായിരം പേജുള്ള നോവലുകളും അത്രതന്നെ വലിപ്പമുള്ള ചരിത്രകൃതികളും, ഒരാൾക്ക്‌ ജീവിതകാലത്ത്‌ എത്രയൊക്കെ വായിച്ചുതീർക്കാനാവും? അനുഭൂതി തേടുന്നവർ, ചരിത്രത്തെ എങ്ങനെ ലഘൂകരിക്കാമെന്ന് ചിന്തിക്കുന്നു.  വിവരങ്ങളുടെ മഹാപ്രവാഹത്തിൽ ഒലിച്ചുപോകാതിരിക്കാനാണ്‌ ആധുനിക മനുഷ്യൻ പാടുപെടുന്നത്‌. എത്രയെത്ര പാസ്‌വേഡുകൾ, അക്കൗണ്ട്‌ നമ്പരുകൾ, ഫോൺ നമ്പരുകൾ അവൻ സൂക്ഷിക്കണം? ഓർമ്മയുടെ വ്യാപ്തി പരിമിതമാണ്‌. ഓർമ്മശക്തി എത്രതന്നെ ഉണ്ടെങ്കിലും ഈ അക്കങ്ങളുടെ മഹാസമുദ്രത്തിൽ കൈകാലിട്ടടിക്കുകയേ നിവൃത്തിയുള്ളു. സൗഹൃദങ്ങളെപ്പോലും കൈകാര്യം ചെയ്യാൻ പറ്റാത്ത അവസ്ഥയാണുള്ളത്‌. വ്യക്തിപരമായി നാം നേടുന്ന സുഹൃത്തുക്കളെയെല്ലാം നേരിൽ കാണാൻ എപ്പോഴും സാധിക്കുമോ? ഫോണിലും ഇ-മെയിലുമായി സൗഹൃദം ചുരുണ്ടുകൂടി കിടക്കുകയാണ്‌. സ്കൂൾ പഠനകാലം തൊട്ട്‌ സൗഹൃദവലയം വിപുലമാകുന്നു. തൊഴിലിന്റെയും സംഘടനയുടെയും ഭാഗമായി അത്‌ വീണ്ടും വലുതാകുന്നു. എല്ലാവർക്കുമായി ഒരു സന്ദേശമയയ്ക്കാൻ തന്നെ എത്ര സമയവും പണവും ചെലവാക്കണം? എല്ലാവർക്കും ഒത്തുകൂടാനുള്ള സമയവും ഒത്തുവരുകയില്ല. അതുകൊണ്ടുതന്നെ പുതിയ സൗഹൃദങ്ങൾ എപ്പോഴും കാലത്തിന്റെയും സ്ഥലത്തിന്റെയും സസ്പെൻഷനിലാണ്‌ കഴിയുകയാണ്‌. അവിടെയാണ്‌ ഫേസ്ബുക്ക്‌ സൗഹൃദങ്ങൾ തലപൊക്കുന്നത്‌. വല്ലപ്പോഴും ഒരു സംഭാഷണം, ഒരു കമന്റ്‌, ഒരു ഫോട്ടോ ഷെയറിംഗ്‌, ചർച്ച,… അടുപ്പത്തിന്റെ പുനരാഗമനമാകുകയാണ്‌. നേരിൽ കാണാനോ സംസാരിക്കാനോ അവസരമില്ലാത്ത  സൗഹൃദങ്ങളാണ്‌ ഇന്നത്തേത്‌. പ്രണയം പോലും ഒരു മാധ്യമത്തിന്റെ ക്രമീകരണത്തിനനുസരിച്ചാണ്‌ ഉണ്ടാകുന്നതും കൊഴിയുന്നതും. ചാറ്റ്‌റൂമിൽ തുടങ്ങി ഒരു ഫോൺവിളി വരെയോ അത്‌ നീളും;  കാരണം രണ്ട്‌ സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ ആയിരിക്കും കമിതാക്കൾ , മിക്കപ്പോഴും താമസിക്കുന്നത്‌. രണ്ട്‌ ജില്ലകളിലായാൽപ്പോലും കൂടിക്കാണാൻ കഴിയണമെന്നില്ല. ഒരിക്കലും കാണുകയില്ലെന്ന്‌ ഉറച്ചുവിശ്വസിച്ചുകൊണ്ട്‌, എല്ലാം പറഞ്ഞ്‌ പറഞ്ഞ്‌ ജീവിതം കരിമ്പുപോലെ ചവച്ചു തുപ്പിക്കളയുകയാണ്‌ പലരും. ഒരു പ്രണയം കഴിയുന്നതോടെ ജീവിതത്തിന്റെ പ്രതീതികൾ ഉറയൂരി മറ്റൊന്നിനായി തയ്യാറെടുക്കുകയാണ്‌. കാണാൻ കഴിയാതെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നത്‌ രക്തസമ്മർദ്ദം കൂട്ടുകയും നിരാശയുണ്ടാക്കുകയും ചെയ്യും. കടുത്ത നൈരാശ്യത്തിലേക്ക്‌ പതിക്കുന്നതിനുമുമ്പ്‌, ആ സൗഹൃദത്തിൽ നിന്ന്‌ ഓടിയകലാനാവും  ശ്രമിക്കുക. മാധ്യമങ്ങളുടെ ഉള്ളടക്കത്തിനകത്താണ്‌ ഇന്നത്തെ പ്രണയം. ഇത്‌ പ്രണയത്തിന്റെ ലഘൂകരണമാണ്‌. വായനയിലും ഈ ലഘൂകരണമാണുള്ളത്‌.
ചിന്തയുടെ അനന്തരകാലം
മറ്റൊന്ന്‌, ചിന്തയ്ക്ക്‌ സംഭവിച്ച ന്യൂനീകരണമാണ്‌. ചിന്തയുടെ അനന്തരകാലമാണിത്‌. ആശയങ്ങൾക്കല്ല, പ്രദർശനങ്ങൾക്കും സാന്നിദ്ധ്യങ്ങൾക്കും വിവരങ്ങൾക്കുമാണ്‌ പ്രാമുഖ്യം കൈവന്നിരിക്കുന്നത്‌. സാഹിത്യകൃതിയുടെ വായന കേവലമായ അർത്ഥത്തിൽ വെറും ‘വായന’മാത്രമായി. അതിനു പിന്നിലുള്ള സാമൂഹ്യ, രാഷ്ട്രീയ പ്രശ്നങ്ങളൊക്കെ ഉപരിതലത്തിൽ മാത്രം ഒതുങ്ങുകയോ വിസ്മൃതമാവുകയോ ചെയ്യുന്നു. വായനയ്ക്ക്‌ അതിന്റെ സത്ത നഷ്ടമായിരിക്കുന്നു. സാഹിത്യകൃതിയുടെ കാര്യത്തിൽ വളരെ യാഥാസ്ഥിതികപക്ഷത്താണ്‌ വായനക്കാരുള്ളത്‌. ആശയങ്ങളുടെ ലോകത്തെ വെറുക്കുന്ന വെറും വികാരജീവികളെയാണ്‌ നാം പലപ്പോഴും കാണുന്നത്‌. ഈ വായനയുടെ ക്രമാനുഗതമായ വളർച്ചയാണ്‌ ഫേസ്ബുക്കിലും മറ്റ്‌ ഇ-ലോകത്തും ഉള്ളത്‌. ആഴത്തിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പില്ല. തിരക്കിട്ട ജോലിക്കിടയിലെ വിശ്രമ മാർഗം എന്ന നിലയിലാണ്‌ അത്‌ നിലനിൽക്കുന്നത്‌. പല പ്രമുഖരുടെയും കവിതകൾ ഇന്റർനെറ്റിൽ വരുന്നുണ്ട്‌. ഇതിനോടുള്ള ചിലരുടെ നിഷ്കളങ്കമായ പ്രതികരണങ്ങൾ ലജ്ജിപ്പിക്കുന്നതാണ്‌. എന്നാൽ അവരെ കുറ്റപ്പെടുത്താനാവില്ല. കുട്ടിക്ക്‌ പാലുകൊടുക്കേണ്ടതെങ്ങനെയാണ്‌, ഭർത്താവിനെ കിടപ്പറയിൽ സന്തോഷിപ്പിക്കേണ്ടതെങ്ങനെയാണ്‌ എന്നൊക്കെ ടിവി ചാനലിലേക്ക്‌ വിളിച്ചുചോദിക്കുന്ന അഭ്യസ്തവിദ്യരാണിവർ.
ആശയങ്ങളല്ല, വാർത്താധിഷ്ഠിത അനുഷ്ഠാനങ്ങളാണ്‌ മിഴിവുനേടുന്നത്‌. ഒരു ചർച്ചയിലും വിദഗ്ദ്ധർ ആവശ്യമില്ലാതായിരിക്കുകയാണ്‌. ഫേസ്ബുക്കിലും ബ്ലോഗിലുമൊക്കെ സംഭവിക്കുന്ന ചർച്ചകൾ, ടിവി ചാനലുകളിലെ ന്യൂസ്‌ അവറുകളിൽ അരങ്ങേറുന്ന ചർച്ചകൾപോലെ വിരസവും പ്രകടനാത്മകവുമാണ്‌. വാർത്താവതാരകൻ നേതൃത്വം കൊടുക്കുന്ന ചർച്ചകൾ എങ്ങുമെത്താനുള്ളതല്ല; അത്‌ അതിഭാവുകത്വത്തിന്റെ പിടിയിലമർന്നു കഴിഞ്ഞതാണ്‌. ഏത്‌ വിഷയത്തെപ്പറ്റിയും ആർക്കും എന്തും പറയാമെന്നതാണ്‌ ആശയാനന്തരകാല (Post Idea)ത്തെ നിയമം. ചർച്ച നയിക്കാനായി സ്ഥിരം ചാനലുണ്ടാവുന്നതുതന്നെ  അതിന്റെ അവിദഗ്ദ്ധതയ്ക്ക്‌ ഉദാഹരണമാണ്‌; ഫുട്ബോളിനെപ്പറ്റിയുള്ള ചർച്ചയിൽ സംഗീതസംവിധായകരും രാഷ്ട്രീയക്കാരും വ്യവസായികളുമാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. രാഷ്ട്രീയ ചർച്ചയിൽ നടന്മാരും ടിവി ആങ്കർമാരും വരുന്നു. ചർച്ച എവിടെയെങ്കിലുമെത്തണമെന്ന്‌ ആർക്കാണ്‌ നിർബന്ധമുള്ളത്‌. ജനങ്ങളെ നേരിട്ടുബാധിക്കുന്ന പ്രശ്നത്തേക്കാൾ, കണ്ട്‌ ചിരിക്കാവുന്ന സംഗതികൾക്കാണ്‌ മുൻതൂക്കം. ഏറ്റവും അപ്രധാനമായത്‌ പരമാവധി ഗൗരവത്തോടെ വാദപിടിവലികൾക്ക്‌ വിട്ടുകൊടുക്കുന്നത്‌ ആശയാനന്തര കാലത്തിന്റെ സവിശേഷതകളിലൊന്നാണ്‌. ഇതുതന്നെയാണ്‌ സാമൂഹ്യമാധ്യമങ്ങളിലുമുള്ളത്‌. ഫേസ്ബുക്ക്‌ ചർച്ചകളിൽ വരുന്നവർ വിഷയത്തെ പഠിക്കണമെന്ന്‌ എന്തിനാണ്‌ നിർബന്ധിക്കുന്നത്‌? അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിനാണ്‌ വില. എന്തെങ്കിലും പറയാനുണ്ടാവുന്നത്‌ രണ്ടാമത്തെ തലമാണ്‌. ഒന്നും പറയാനില്ലാതിരിക്കുകയും എന്തെങ്കിലും പറഞ്ഞുവെന്ന്  ഉറപ്പുവരുത്തുകയും ചെയ്യുകയാണ്‌ സംവാദങ്ങളുടെ രീതി.
എത്രയോ സംവാദങ്ങൾ രംഗം ഒഴിഞ്ഞിരിക്കുന്നു. തൊഴിലാളിവർഗ സാഹിത്യത്തെപ്പറ്റിയോ ബൂർഷ്വാസികളെപ്പറ്റിയോ സാർവദേശീയ സോഷ്യലിസ്റ്റ്‌ വിപ്ലവത്തെപ്പറ്റിയോ ഉള്ള ചർച്ചകൾ പൂർണമായി നാടുനീങ്ങിക്കഴിഞ്ഞു. ഇത്തരം പ്രമേയങ്ങൾ സാഹിത്യത്തിൽ നിന്നും സാമൂഹ്യജീവിതത്തിൽ നിന്നും  ഒഴിഞ്ഞുപോയിരിക്കുകയാണ്‌. തൊഴിലാളിക്കും മുതലാളിക്കും അപ്പുറത്തുള്ള ആശയരഹിതമേഖലയിലാണ്‌ ഇന്ന്‌ യുവാക്കൾ പങ്കെടുക്കുന്നത്‌.
മുറപ്പെണ്ണിനു ചുറ്റും മണ്ടിനടന്ന മലയാള സാഹിത്യകാരന്മാരൊക്കെ ഇപ്പോൾ ഒളിവിലാണ്‌. ഒരു കാലത്ത്‌ മലയാള സാഹിത്യത്തിന്റെ ഏറ്റവും അപരിഹാര്യമായ പ്രശ്നം മുറപ്പെണ്ണായിരുന്നു. മുറപ്പെണ്ണിനെ കിട്ടിയില്ലെങ്കിൽ നാടുവിടണമെന്ന സിദ്ധാന്തം തന്നെ ഇവർ പ്രചരിപ്പിച്ചു. സാമുവൽ ബക്കറ്റ്‌ (Samuel Beckett)മുതൽ റേമണ്ട്‌ ക്വിനേ (Raymond Queneau), റോബർട്ട്‌ ബൊലാനോ (Robert Bolano), സെസാർ  ഐറ (Cesar Aira),ജോൺ ഫോർബ്സ്‌ (John Forbes), മിഷേൽ ഡി ക്രെസ്റ്റർ (Michelle de crester), മാനുവൽ പ്യൂഗ്‌ (Manuel Puig) തുടങ്ങിയവർ മുറപ്പെണ്ണിനു ചുറ്റും കറങ്ങുകയായിരുന്നില്ലെന്ന്‌ ഓർക്കണം. വായനയുടെ നവമേഖലകൾ കണ്ടെത്തുന്നതിൽ സാഹിത്യകാരന്മാരും പരിശ്രമിക്കേണ്ടതുണ്ട്‌. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ പേരിൽ എത്രയോ മലയാള എഴുത്തുകാർ മുതലക്കണ്ണീരൊഴുക്കി. ഒന്നാന്തരം കള്ളത്തരമാണ്‌ മാർകേസിന്റെ പേരിൽ കെട്ടഴിച്ചുവിട്ടത്‌. മലയാളി എഴുത്തുകാർ മാർകേസിനെ ഇഷ്ടപ്പെടുന്നുവെന്ന്   ആരെങ്കിലും വിശ്വസിക്കുമോ? എങ്കിൽ മാർകേസിനെപ്പോലെ കേരളത്തിലെ  മണ്ണിനടിയിലായ ചരിത്രത്തെ ഇവരാരും എന്തുകൊണ്ട്‌ ഉൽഖനനം ചെയ്യുന്നില്ല. മാർകേസിന്റെ മാജിക്കിനു പകരം വരണ്ട യാഥാർത്ഥ്യത്തിന്റെ മുട്ടത്തൊണ്ടാണല്ലോ മിക്കവരും തള്ളിവിടുന്നത്‌. കഴിഞ്ഞ നൂറുവർഷത്തെ മലയാളിയുടെ സാമൂഹ്യജീവിതപ്രശ്നങ്ങളെ പ്രമേയമാക്കി വികസിപ്പിക്കാൻ ആർക്കെങ്കിലും കഴിഞ്ഞോ? ചിലർ നായർ തറവാടുകൾക്ക്‌ ചുറ്റും കറങ്ങി നടന്നു. സമൂഹത്തെ ആകെ കാണാൻ കഴിഞ്ഞില്ല.
ചിന്തയും ആശയവും നഷ്ടപ്പെട്ടാൽ വായനയും എഴുത്തും ഏത്‌ വഴിക്ക്‌ നീങ്ങുമെന്ന്‌ ആലോചിക്കുന്നത്‌ നന്നായിരിക്കും. ഈ കാലത്ത്‌ എഴുത്തുകാരും കവികളും എണ്ണത്തിൽ പെരുകിയത്‌ ഇതിനോടു ചേർത്തുവച്ച്‌ പരിശോധിക്കണം. അമ്പതുകളിലും അറുപതുകളിലും മുറപ്പെണ്ണിനെ കെട്ടാനായിരുന്നു എഴുത്തുകാർ നീങ്ങിയതെങ്കിൽ ഇപ്പോൾ ആശയങ്ങളെ വിട്ട്‌ ധാരാളം കവനങ്ങളിലേർപ്പെടാനും ഫേസ്ബുക്കിൽ അതറിയിക്കാനുമാണ്‌ പരിശ്രമം. എന്തെഴുതി എന്നതിലുപരി എത്രപേരെ കാണിച്ചു എന്നതിലാണ്‌ മികവ്‌. യാതൊന്നിനോടും പ്രതികരിക്കാനോ, അരുതാത്തതിനെ വിമർശിക്കാനോ കഴിവില്ലാത്ത ധാരാളം പേർ അവനവനെപ്പറ്റി, അവനവന്റെ മുറപ്പെണ്ണിനെപ്പറ്റി എഴുതിവിടുകയാണ്‌. യഥാർത്ഥ അരാഷ്ട്രീയതയുള്ളത്‌ ഇന്നത്തെ സാഹിത്യത്തിലാണ്‌ എന്ന്‌ വിശദീകരിക്കുമ്പോൾ അത്‌ നിരാകരണമായി കാണേണ്ടതില്ല. ഒന്നിലേക്കും ചുഴിഞ്ഞു നോക്കാനാവാതെ, സ്വന്തം പരിസരത്ത്‌ മാത്രം ഒതുങ്ങുന്നവരെയാണ്‌ കാണാനാകുന്നത്‌.
എഴുത്ത്‌ സാമ്പ്രദായികവും സാർവത്രികവുമായ കാലത്ത്‌ വ്യത്യസ്തനാവുക വളരെ പ്രയാസമാണ്‌. നവമാധ്യമങ്ങൾ നിലവാരപ്പെടുത്തലിന്റെ പാളമാണ്‌ പണിതിടുന്നത്‌. ഫേസ്ബുക്കിൽ പാവ്ലോ കൊയ്‌ലോയുണ്ട്‌; റയോൾ ഇഷൽമാനുണ്ട്‌; എഴുതുന്നവരും എഴുതാത്തവരുമുണ്ട്‌;  എല്ലാവർക്കും തുല്യപദവി മാത്രം. ആർക്കും പേജ്‌ തുടങ്ങാം. ആരെയും കാണിക്കാനായി തുറന്നുവയ്ക്കാം. എന്നാൽ ഇവിടെയും നമ്മുടെ ചില എഴുത്തുകാർ നാടുവാഴിത്തത്തിന്റെ അയിത്തം സൃഷ്ടിച്ചിരിക്കയാണ്‌. ഇക്കൂട്ടർ തങ്ങൾക്കിഷ്ടമില്ലാത്ത എഴുത്തുകാരെ ‘സുഹൃത്ത്‌ ‘ ആക്കുകയില്ല. തന്നെ വേണമെങ്കിൽ മറ്റുള്ളവർ സുഹൃത്താക്കാനായി അപേക്ഷ അയയ്ക്കട്ടെയെന്ന്‌  കരുതി സ്വയം ഊതിവീർപ്പിക്കുകയാണ്‌; വിഡ്ഢിത്തമാണിത്‌. ഫേസ്ബുക്കിൽ എഴുത്തുകാരുടെ ഗീർവാണങ്ങൾക്ക്‌ എന്ത്‌ വിലയാണുള്ളത്‌.? അവിടെ ജാതിയോ,പദവിയോ നോക്കാതെ ഇടപെടാൻ കഴിയുന്നവർ അനേകം പേരുണ്ടെന്നിരിക്കെ, പൊങ്ങച്ചക്കാർക്കും നാടുവാഴികൾക്കും വിലകിട്ടാൻ പോകുന്നില്ല.
പലതരം ഗുരുക്കന്മാർ
എല്ലാത്തരം വിവരങ്ങളുടെയും കുത്തൊഴുക്കിൽപ്പെട്ട് മനുഷ്യൻ കൂടുതൽ നിരക്ഷരനായിക്കൊണ്ടിരിക്കുകയാണ്.ഇന്ന് ആരോഗ്യത്തെപ്പറ്റിയുള്ള വിവരങ്ങൾ എത്രയോ ഇരട്ടി വർദ്ധിച്ചിരിക്കുന്നു. നൂറുകൂട്ടം ചികിൽസാ വിധികളും നൂറു നൂറു ഗുരുക്കന്മാരും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.മാനേജ്മെന്റ് ഗുരു, ഐ ടി ഗുരു, ഗൂഗിൾ ഗുരു,പരസ്യ ഗുരു, തുടങ്ങി പല്ലുതേയ്ക്കുന്നതിനു പോലും ഗുരുക്കന്മാരുണ്ട്.എന്നാൽ നമ്മെ ബാധിച്ചിരിക്കുന്ന അന്ധത കുറയുന്നില്ല. ഒരു പത്ര വാർത്ത ഇങ്ങനെ: നാലു വയസ്സൂള്ള പെൺകുട്ടിയെ ജെസിബി ഉപയോഗിച്ച് കൊല്ലുകയാണ്!.ആ പെൺകുട്ടിയുടെ അമ്മ അതിനു കൂട്ടു നിൽക്കുന്നു!. എല്ലാ ഗുരുക്കന്മാരും എതോ അപകടാവസ്ഥയിലാണ്.നവഗുരുക്കന്മാർ വന്നതോടെ പരമ്പരാഗത ഗുരുക്കന്മാരായ അദ്ധ്യാപകരും ആചാര്യന്മാരും മാറ്റു കുറഞ്ഞ് വെറും ശമ്പളം വാങ്ങുന്ന വർഗ്ഗമായി അധഃപ്പതിച്ചു.
നവഗുരുക്കന്മാർ ഒരു വൃത്തത്തിനുള്ളിൽ കറങ്ങുകയാവണം. അവർക്ക് ജീവിതത്തെ സമഗ്രതയിൽ കാണേണ്ട ആവശ്യമില്ല. പരശ്ശതം ആരോഗ്യ വഴികാട്ടികൾ ആളുകളെ പല തട്ടുകളിലാക്കിക്കഴിഞ്ഞു. ശരീരത്തെപ്പറ്റി വിഭിന്നങ്ങളായ കാഴ്ചപ്പാടുകളാണ് തലപൊക്കിയിരിക്കുന്നത്. എത്ര അറിവു നേടിയവനും ചെറിയ കാര്യങ്ങളിൽ തപ്പിത്തടയുകയണ്. അതിരാവിലെ എഴുന്നേറ്റ് കിലോമീറ്ററുകൾ നടക്കണമെന്നത് മലയാളികൾ പഠിച്ച പുതിയ വേദമാണ്. എന്നാൽ ഈ ദിർഘയാത്രകൾ ശരീരം എങ്ങനെ ഉൾക്കൊള്ളും? ശരീരത്തിനു ഈ നടത്തയുടെ അർത്ഥം മനസ്സിലാകുമോ?
ഒരു പ്രവൃത്തിയുടെ ഉദ്ദേശ്യം ശരീരത്തിനു വിനിമയം ചെയ്തു കിട്ടണം. എന്നാൽ വെറും നടത്ത, അതും ഭ്രാന്തമായ അവസ്ഥയിൽ, ഒന്നും തന്നെ ശരീരത്തിനു പറഞ്ഞു കൊടുക്കൂന്നില്ല. ശരീരത്തിനു അത് ഒരു പീഡനമായേ തോന്നൂ.
ചികിൽസ അന്ധവിശ്വാസത്തിന്റെ തലത്തിലേക്ക് താഴാൻ കാരണം വിവിധതരം പ്രചരണങ്ങളാണ്. സ്വന്തം ശരീരത്തോടുള്ള എല്ലാ സ്വാഭാവിക ബന്ധങ്ങളും നഷ്ടമായ ഒരു തലമുറയാണ് വളർന്നു വന്നിരിക്കുന്നത്.ഇന്ന് മനസ്സ് ഇല്ലാതായിരിക്കുന്നു. സ്വന്തം ശരീരം ഡോക്ടർമാർക്ക് എറിഞ്ഞുകൊടുക്കാനേ രോഗിക്ക് നിർവ്വാഹമുള്ളൂ. കാരണം അവൻ ഒരു നാൽക്കവലയിലാണ്.എന്തു തിരഞ്ഞെടുക്കും?ആധുനിക കാലത്ത് ജീവിക്കാൻ ആത്മാവ് വേണ്ടെന്ന് ഓസ്കാർ വൈൽഡ് പ്രവചിച്ചത് എത്ര ശരിയായിരിക്കുന്നു.ഇന്ന് ശരീരം മാത്രം മതി. അതിനെ എത്രവേണമെങ്കിലും ദണ്ഡിപ്പിക്കാം; ശരീരത്തിനു വേണ്ടിത്തന്നെ.
ആശയങ്ങളോ ചിന്തകളോ  പ്രസക്തമല്ലാതാവുകയും പ്രയോജനമൂല്യം മാത്രം വലുതാവുകയും ചെയ്യുകയാണ്.

No comments: