Followers

Wednesday, February 3, 2010

ഏറ്റവും കൂടുതൽ പേർ വായിക്കുന്ന കോളം-ശൈലേഷ്‌ തൃക്കളത്തൂർ



ശൈലേഷ്‌ തൃക്കളത്തൂർ , phone:9447817320
മലയാളത്തിൽ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന സാഹിത്യകോളം എം.കെ.ഹരികുമാർ 'കലാകൗമുദി'യിൽ എഴുതുന്ന അക്ഷരജാലകമാണ്‌. അക്ഷരവുമായി ബന്ധമുള്ളവരും സാഹിത്യലോകത്തെ സംഭവവികാസങ്ങൾ അറിയാനാഗ്രഹിക്കുന്നവരും ഇതു വായിക്കുന്നു. കലാകൗമുദി കയ്യിൽ കിട്ടിയാൽ ഞാൻ ആദ്യം വായിക്കുന്നത്‌ 'അക്ഷരജാലക'മാണ്‌. എന്തുകൊണ്ടോ ഞാൻ അതിന്‌ അഡിക്റ്റ്‌ ആയിത്തീർന്നു.
ഹരികുമാർ ഓരോ എഴുത്തുകാരെക്കുറിച്ചും എന്തു പറഞ്ഞു എന്ന്‌ അറിയാൻ എനിക്കു വലിയ ജിജ്ഞാസയാണ്‌. ഈ ജിജ്ഞാസ ഞാൻ ഹരികുമാറുമായി പങ്കുവയ്ക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞത്‌ ' അക്ഷരജാലകം'വായിച്ച്‌ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ചിലർ വിളിച്ചു പറഞ്ഞ കാര്യങ്ങളാണ്‌.

കോട്ടയത്തുള്ള ഒരു പത്രപ്രവർത്തക ശനിയാഴ്ച വിളിച്ച്‌ ഹരികുമാറിനോടു പറഞ്ഞു: ഇനി താങ്കളുടെ കോളം വായിക്കാൻ രണ്ട്‌ ദിവസം കൂടി കാത്തിരിക്കണമല്ലോ! തിങ്കളാഴ്ചയാണ്‌ 'കലാകൗമുദി' ഇറങ്ങുന്നത്‌. മറ്റൊരു യുവാവ്‌ കാസർകോടുനിന്ന്‌ വിളിച്ചു ചോദിച്ചു: എന്തൊക്കെയായിരിക്കും സർ അടുത്ത ലക്കത്തിൽ എഴുതിയിട്ടുണ്ടാവുക എന്നറിയാൻ ജിജ്ഞാസയുണ്ടെന്ന്‌.

ഇത്തരം വിളികൾ ഇപ്പോൾ സാധാരണമാണ്‌. തിരുവനന്തപുരത്ത്‌ സെക്രട്ടേറിയേറ്റിൽ ജോലിയുള്ള ഒരു എഴുത്തുകാരൻ ഹരികുമാറിന്‌ എഴുതിയത്‌ താൻ ഒരു വെബ്‌ മാഗസിനിൽ എഴുതിയ കഥ ഒന്നു കാണുമോ എന്ന്‌ ചോദിച്ചായിരുന്നു. ഹരികുമാർ അതിനു മറുപടി എഴുതിയപ്പോൾ ആ യുവാവ്‌ ഇങ്ങനെ എസ്‌.എം.എസ്‌ അയച്ചു: words are few to express my ineffable gratitude. in fact, today is the red letter day in my life. How fortunate I am. കൊല്ലത്ത്‌ നിന്ന്‌ ഒരു സുഹൃത്ത്‌ ഞായറാഴ്ച വിളിച്ചിട്ട്‌ പറഞ്ഞത്‌, ഹരികുമാർ, താങ്കളുടെ കോളം നാളെ (തിങ്കളാഴ്ച)വായിക്കാമല്ലോ എന്നാണ്‌. ഹരികുമാർ ഇത്‌ കേട്ട്‌ പൊട്ടിച്ചിരിക്കുകപോലും ചെയ്തു.

ആഴ്ചതോറും നാലു പേജുകളാണ്‌ ഹരികുമാർ എഴുതുന്നത്‌. ഇത്‌ ഇന്നത്തെ സാഹിത്യത്തിനുള്ള ഹരികുമാറിന്റെ നാലു പേജുകളാണ്‌. ഇതിൽ ഹരികുമാർ സാഹിത്യമെഴുതുന്നത്‌ പ്രത്യേകരീതിയിലാണ്‌. ഇത്‌ വെറുമൊരു സാഹിത്യകോളവുമല്ല. കോളത്തിന്റെ സവിശേഷതയെപ്പറ്റി അദ്ദേഹം പറഞ്ഞത്‌ ഇതാണ്‌:- ഞാൻ സാഹിത്യമാണെന്ന മുൻധാരണയിൽ എഴുതാറില്ല. പ്രത്യേകിച്ചും കോളം. കോളം എഴുത്തുകാർ ക്കുള്ളതല്ല, വായനക്കാർക്കുള്ളതാണ്‌. ബുദ്ധിജീവികൾക്ക്‌ കോളം ആവശ്യമില്ലല്ലോ? സാഹിത്യവുമായി അടുത്ത ബന്ധമില്ലാത്തവർക്കും വായിക്കാനും രസിക്കാനും കഴിയണം. എന്റെ കോളം ആ ലക്ഷ്യം നിറവേറ്റുന്നുണ്ടെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌. വലിയ ജാഡയൊന്നും എന്നിൽ നിന്ന്‌ പ്രതീക്ഷിക്കേണ്ട. സാഹിത്യവിഷയങ്ങൾപോലും 'സാഹിത്യപര'മായല്ല എഴുതേണ്ടത്‌. സാഹിത്യം അതിന്റെ അടിയിലുള്ള ടോൺ ആവുകയേ ചെയ്യാവൂ. എന്തിലും സാഹിത്യപരമെന്ന്‌ വിശേഷിപ്പിക്കാവുന്ന ചിന്തകളെ പിൻതുടരാൻ പറ്റും. ഞാൻ എല്ലാ വിഷയങ്ങളോടും പ്രതികരിക്കാനാണ്‌ ശ്രമിക്കുന്നത്‌."

എന്നാൽ ചില എഴുത്തുകാർ ഹരികുമാറിനെ വിമർശിച്ചതു, അദ്ദേഹം സാഹിത്യം വിട്ട്‌ സിനിമയേയും മറ്റും വിലയിരുത്തുന്നു എന്നാണ്‌. സമകാലീനമായ അനുഭവം എന്ന നിലയിൽ സിനിമയെ എങ്ങനെ ഒഴിവാക്കാനാവും?
ഇന്ത്യയിലെന്നല്ല, ലോകത്തിൽത്തന്നെ 'അക്ഷരജാലകം' പോലൊരു കോളമുണ്ടാവില്ല. ലോകത്തിലെ പ്രധാന കോളങ്ങളെ രണ്ടായിതിരിക്കാം.
ഒന്ന്‌, സെലിബ്രിറ്റികളെ ഇന്റർവ്യൂ ചെയ്തുണ്ടാക്കുന്ന ഷോബിസ് കോളങ്ങളാണ്‌.
രണ്ട്‌, രാഷ്ട്രീയവും സാമൂഹ്യവുമായ വിഷയങ്ങളെപ്പറ്റിയുള്ള കോളങ്ങളാണ്‌.
ഇവയിലൊന്നും 'അക്ഷരജാലകം' പോലെ വിഷയ വൈവിധ്യമോ, സ്വതന്ത്ര വീക്ഷണമോ ഇല്ല. അവയ്ക്ക്‌ തത്വചിന്താപരവും ദാർശനികവുമായ നിലവാരവും ഉണ്ടാകാറില്ല.
'അക്ഷരജാലകം' ഇപ്പോൾ ഹരികുമാറിന്റെ ബ്ലോഗുകളിലും പ്രസിദ്ധീകരിക്കുന്നുണ്ട്‌. ഇതോടെ ബ്ലോഗുകളുടെ ട്രാഫിക്‌ വർദ്ധിച്ചിട്ടുണ്ട്‌. പ്രധാന സോഷ്യൽ നെറ്റ്‌ വർക്കുകളായ ഫേസ്ബുക്ക്‌, ട്വിറ്റർ എന്നിവയിൽ ഹരികുമാറിന്റെ ബ്ലോഗുകൾ ലിങ്ക്‌ ചെയ്തിട്ടുണ്ട്‌.
അതേസമയം, മറ്റൊരു പ്രധാനകാര്യം ഈയിടെ സംഭവിച്ചു. ലോകത്തിലെ അതിവേഗം വികസിക്കുന്ന റീജനൽ സോഷ്യൽ നെറ്റ്‌വർക്കായി ഗോ‍ഗിൾ വിലയിരുത്തിയ കൂട്ടം ഡോട്ട്‌ കോം www.koottam.com ഹരികുമാറിന്റെ കോളം പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്‌ പുതിയ വഴിത്തിരിവായി. കൂട്ടത്തെപ്പറ്റി ഹരികുമാർ 'അക്ഷരജാലക'ത്തിൽ എഴുതിയ കുറിപ്പിൽ നിന്നാണ്‌ തുടക്കം. ഈ കുറിപ്പ്‌ കൂട്ടം പ്രവർത്തകർ അവരുടെ മുക്കാൽ ലക്ഷം വായനക്കാർക്ക്‌ അയച്ചു കൊടുത്തു. ഇതിനു ശേഷമാണ്‌ എല്ലാ ചൊവ്വാഴ്ചയും 'കൂട്ട'ത്തിനുവേണ്ടി എന്തെങ്കിലും എഴുതാൻ നിര്‍ദേശിച്ചത് . ഹരികുമാർ 'കൂട്ട'ത്തിനു വേണ്ടി ഇപ്പോൾ എല്ലാ ചൊവ്വാഴ്ചയും കൂട്ടം ബ്ലോഗിൽ എഴുതുന്നുണ്ട്‌.

'ഖസാക്കിന്റെ ഇതിഹാസ'ത്തെപ്പറ്റി മറ്റൊരു പുസ്തകം അദ്ദേഹം എഴുതുകയാണ്‌. ഇതേപ്പറ്റി ഹരികുമാർ പറഞ്ഞത്‌ ഇങ്ങനെയാണ്‌- കൂട്ടത്തിലെ ജ്യോതികുമാറും ജയമോഹനുമാണ്‌ ഖസാക്കിനെ ഒരിക്കൽകൂടി സമീപിക്കാൻ എന്നോടാവശ്യപ്പെടുന്നത്‌. 25 വർഷങ്ങൾക്ക്‌ മുമ്പാണല്ലോ ഞാൻ 'ഖസാക്കിന്റെ ഇതിഹാസ'ത്തെപ്പറ്റി 'ആത്മായനങ്ങളുടെ ഖസാക്ക്‌' എന്ന പുസ്തകമെഴുതിയത്‌. ഇപ്പോൾ 25 വർഷങ്ങൾക്ക്‌ ശേഷം വീണ്ടും ആ നോവലിനെ സമീപിക്കുകയാണ്‌. അത്‌ പുതുമയുള്ള ആശയമാണെന്ന്‌ ജ്യോതികുമാറും ജയമോഹനും പറഞ്ഞത്‌ എനിക്ക്‌ ആവേശമായി. കൂട്ടത്തിന്റെ ഒരു ലക്ഷത്തി എഴുപത്തയ്യായിരം വായനക്കാർക്ക്‌ എന്റെ ആഴ്ചതോറുമുള്ള ബ്ലോഗ്പോസ്റ്റിനൊപ്പം 'അക്ഷരജാലക'ത്തിന്റെ ലിങ്കും അയക്കുന്നുണ്ട്‌."

ഹരികുമാറിന്റെ ഈ പ്രസ്താവനയെ വലിയ സാംഗത്യത്തോടെ കാണേണ്ടതാണ്‌. ആഴ്ചതോറും ഇത്രയും വായനക്കാരുള്ള ഏത്‌ എഴുത്തുകാരനാണ്‌ ഇവിടെയുള്ളത്‌? 'അക്ഷരജാലകം' ഇപ്പോൾ കേരളത്തിൽ മാത്രമല്ല കോണ്ടിനെന്റൽ ആയാണ്‌ വായിക്കപ്പെടുന്നതെന്ന്‌ ഇതിലൂടെ മനസ്സിലാക്കാം.
'അക്ഷരജാലക'ത്തിൽ പേരു പരാമർശിക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ മിക്ക എഴുത്തുകാരും. അനുകൂലിച്ച്‌ വേണമെന്നില്ല, വിമർശിച്ചുകൊണ്ടായാലും ഹരികുമാർ ഒന്ന്‌ എഴുതിയാൽ മതി, അത്‌ ഇന്ന്‌ അംഗീകാരമായാണ്‌ പലരും കണക്കാക്കുന്നത്‌.
1998ലാണ്‌ 'അക്ഷരജാലകം'എന്ന്‌ പേരിൽ ഹരികുമാർ 'കേരളകൗമുദി' പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ പ്രതിവാര കോളം ആരംഭിക്കുന്നത്‌. അത്‌ ആറു വർഷത്തോളം തുടർന്നു. പിന്നീട്‌ കലാകൗമുദി 1500-​

ലക്കം മുതല്‍ റീലോഞ്ച്‌ ചെയ്തതോടെ ഈ കോളം അതിലേക്ക്‌ മാറ്റുകയായിരുന്നു. തീക്ഷണവും നിശിതവുമായ നിരീക്ഷണങ്ങളും ചിന്തകളും വരാൻ തുടങ്ങിയതോടെ പെട്ടെന്ന്‌ ശ്രദ്ധയിലേക്ക്‌ വന്നു.

ചിലർ പറയാറുണ്ട്‌ ,ഹരികുമാർ മുമ്പ്‌ സാഹിത്യവാരഫലം എന്ന കോളമെഴുതിയിരുന്ന എം.കൃഷ്ണൻനായരുടെ പിന്നാലെ വന്നവനാണെന്ന്‌ .എന്നാൽ അതേപ്പറ്റി ഹരികുമാർ പറഞ്ഞത്‌ ഇതാണ്‌: "എം.കൃഷ്ണൻനായരും ഞാനും തമ്മിൽ എം. എന്ന അക്ഷരത്തിലേ സാമ്യമുള്ളു. എനിക്കു കൃഷ്ണൻനായർ പ്രചോദനമായിട്ടില്ല. അദ്ദേഹത്തിൽ നിന്ന്‌ കടം കൊള്ളാവുന്നതായി ഒരാശയവും ഞാൻ കണ്ടിട്ടില്ല. ഞങ്ങൾ കാഴ്ചപ്പാടിലും ചിന്തയിലും വായനയിലും വ്യത്യസ്തതയുള്ളവരാണ്‌. കോളത്തിന്റെ ഘടനയിലും സാമ്യമില്ല. അദ്ദേഹം വർഷങ്ങളോളം ആനുകാലിക സാഹിത്യത്തെപ്പറ്റി എഴുതിയതുകൊണ്ട്‌ പിന്നീട്‌ ആര്‌ സാഹിത്യകോളമെഴുതിയാലും ഇതുപോലുള്ള സാദൃശ്യം പറച്ചിലുകൾ ഉണ്ടാകുക സ്വാഭാവികമാണ്‌. സൂക്ഷിച്ച്‌ വായിക്കുന്നവർക്ക്‌ അത്‌ മനസ്സിലാകും."

ഹരികുമാറിന്റെ ഈ പ്രസ്താവന ശരിയാണെന്ന്‌ ബോധ്യപ്പെടുത്തുന്നതാണ്‌ പ്രമുഖ കവി ചെമ്മനം ചാക്കോ കലാകൗമുദിയിൽ ഏതാനും മാസങ്ങൾക്ക്‌ മുമ്പെഴുതിയ കത്ത്‌. 'അക്ഷരജാലകം' പക്വതയെത്തിയ കോളമാണെന്നും അത്‌ സമകാലിക ലോകത്തിനു അഭിമാനിക്കാവുന്നതാണെന്നുമാണ്‌ ചെമ്മനം ചാക്കോ വിലയിരുത്തിയത്‌.
ആളുകൾ ഓരോ ആഴ്ചയും അതീവ താൽപര്യത്തോടെ നോക്കിയിരിക്കുന്ന ഒരേയൊരു ലിറ്റററി പീസാണ്‌ ഹരികുമാറിന്റെ 'അക്ഷരജാലകം'. ഇപ്പോൾ ഹരികുമാറിനാണ്‌ വായനക്കാരുള്ളത്‌, അതിന്‌ ആരും അസൂയപ്പെട്ടിട്ടും കാര്യമില്ല.
ലോകസാഹിത്യത്തിലെ പുതിയ ട്രെൻഡുകൾ അറിയാൻ ഈ കോളമാണ്‌ ഇന്ന്‌ വായനക്കാർ ആശ്രയിക്കുന്നത്‌. ഉത്തരാധുനികത (Post modernism) മരിച്ചുവെന്ന് ഹരികുമാറാണ്‌ ആദ്യമെഴുതിയത്‌. നിക്കോളാസ്‌ ബോറിയാദി (Nicholas Bauriyad)ന്റെ alter modernism അലൻ കിർബിയുടെ (Alen Kirby) ഡിജി മോഡേണിസം (Digi modernism) റൗൾ ഏഷൽമാ(Roaul Eshelman ന്റെ പെർഫോമാറ്റിസം എന്നീ നൂതന സിദ്ധാന്തങ്ങളെ ഹരികുമാർ മലയാളിക്ക്‌ പരിചയപ്പെടുത്തിയത്‌ ഈ പംക്തിയിലൂടെയാണ്‌. ഈ എഴുത്തുകാരുമായി ഈ-മെയിലിൽ അഭിമുഖം നടത്തിയാണ്‌ ഹരികുമാർ ഈ ആശയങ്ങളെ വായനക്കാർക്കായി അവതരിപ്പിച്ചത് .

'അക്ഷരജാലക'ത്തിന്റെ പ്രസക്തഭാഗങ്ങൾ ഇംഗ്ലീഷിൽ വായിച്ച റിയോൾ ഇഷെൽമാൻ കമന്റ്‌ ചെയ്തത്‌ ഇങ്ങനെയാണ്‌. " ഹരികുമാറിന്റെ എഴുത്തുകൾ അദ്ദേഹം സമ്പന്നനായ ഒരു ചിന്തകനും തീക്ഷണ വിമർശനബുദ്ധിയുള്ള നിരീക്ഷകനാണെന്നും ബോധ്യപ്പെടുത്തുന്നു. മനുഷ്യജീവിതത്തിലും പ്രകൃതിയിലും അദ്ദേഹം ഒരേ സമയം ആത്മീയമൂല്യങ്ങൾ തേടുന്നു. യാഥാസ്ഥിതികത്വത്തെ മറികടക്കാനായി അദ്ദേഹം നമ്മേക്കാൾ വലിയ യാഥാർത്ഥ്യങ്ങളെക്കുറിച്ച്‌ ബോധവൽക്കരിക്കുന്നു.

No comments: