critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ /
pho:9995312097
harikumarm961@yahoo.com
This is 37th year of my writing in Malayalam(KERALAM, INDIA) literature
and have till
date contributed 25 books to my credit.It includes poems, novels,
criticism, columns, short fiction etc I published my first article in 1982 in SAMKRAMANAM MONTHLY .Most of my works have been well received by the literary circle and readers, which
include prose , columns, short fiction and poems. M.K.Harikumar Times blog would reveal more about me
and my works.
I have also scripted for a movie, CHITHARIYAVAR.And my hundreds of
essays ,columns , poems, short fiction (already published in various
journals ) are yet to come out in book form .
It has
been in the back of mind for several years to travel the length and
breadth of our great country with diverse culture and way of living in
our 29 states to write down 1000 poems in a book form which would
consist of nearly 1000 pages..This could be titled POETRY INDIA in English and Malayalam.
I am confident of creating a '' work of
art" as it will depict all in poetic format, describing people of
each state, their culture, their art forms, their living styles, their
marriages, their funerals, their weather, how they have adopted to live
and survive in severe weather conditions,the beautiful landscapes of
theirs and many other aspects of human lives WITH PHOTOGRAPHS.
I will script every
thing in in-depth details leaving nothing untouched.When published,
this great work of art would sell like hot cake and would certainly be a
most sought after literary work for students and literary enthusiasts.
As i gestimate,this huge
project of mine will involve lot of travel through out India ,boarding
& lodging ,to accomplish my task would cost approximately
Rs.18 to Rs. 20 lakhs ..For the completion of the project would take at least 7
to 8 months.
I wish to co operate with the like minded people.
വലിയ ആഘോഷങ്ങൾക്കിടയിൽ അയ്യപ്പൻകവിതകൾ വേണ്ടപോലെ വായിക്കപ്പെട്ടില്ല
എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. ഒരു സ്ഥിരം വാസസ്ഥലമില്ലാതെ, എല്ലാ
ആവാസവ്യവസ്ഥകളിലും നിത്യവും അതിനായി, എല്ലാ സൗഹൃദങ്ങളിലും അനിവാര്യമായ
പുഴുക്കുത്തായി, ഒന്നിലും നിലനിൽക്കാനാഗ്രഹിക്കാതെ പുറത്തേക്ക് പോയ
അയ്യപ്പനെ ഒരു അസ്തിത്വമാക്കിയത് കവിതയാണ്. എല്ലാ മിഥ്യകളെയും തഴഞ്ഞ്
മുന്നോട്ടുപോയ അയ്യപ്പനെ അതിനു സഹായിച്ചതു തന്റെ കവിതയാണ്. എന്നാൽ
അദ്ദേഹത്തെ മലയാളികൾ ആവശ്യാനുസരണം വായിച്ചില്ല. അലഞ്ഞുതിരിഞ്ഞ
അയ്യപ്പനെയാണ് പലരും വായിച്ചതു. അദ്ദേഹത്തിന്റെ മുറിഞ്ഞ
കൂട്ടുകെട്ടുകളെയും ഭഗ്നബിംബങ്ങളെയും ചേർത്തുവയ്ക്കാൻ ശ്രമിച്ചു. വളരെ
എളുപ്പത്തിൽ സമീപിക്കാവുന്നവിധം നിസ്സാരമാണ് ആ കവിതകൾ എന്ന
മുൻവിധിയുണ്ടായി. അതിനു കാരണം ആ ജീവിതത്തിന്റെ തുറന്ന പ്രകൃതമാണ്.
അയ്യപ്പൻ എഴുതിയത് തന്റെ വേരറ്റ ജീവിത പ്രകൃതിയെ തന്നെയാണെന്ന്
ധരിച്ചവരുണ്ട്. ആ രീതിയിൽ ഒരു വായന ഇവിടെയുണ്ടായി. എന്നാൽ ഇപ്പോൾ
അയ്യപ്പന്റെ കവിതകളെ പുനർവായിക്കുകയാണ്. സമീപകാല യുവകവിതയുടെ തലത്തിലോ
മലയാളത്തിലെ ആധുനികകവിതയുടെ (1960നും 1990നും ഇടയിൽ പ്രത്യക്ഷപ്പെട്ട കവിത)
പശ്ചാത്തലത്തിലോ ഒതുങ്ങുന്നതല്ല അയ്യപ്പന്റെ കവിത.
ആധുനിക കവിതയുടെ പൊതുസ്വഭാവത്തിൽ അയ്യപ്പൻ വ്യത്യസ്തനായി നിൽക്കുന്നത്
ഒരു അത്ഭുതമായി തോന്നാം. അതിവാചാലത, അതിവൈകാരികത, മഹത്വവൽക്കരണം, രൗദ്രത
തുടങ്ങിയ സ്വഭാവസവിശേഷതകളായിരുന്നു ആധുനിക കവിതയ്ക്ക്
ഉണ്ടായിരുന്നതെങ്കിൽ, അയ്യപ്പൻ ആ കാലത്ത് ജീവിച്ചുകൊണ്ട് അതിനെയെല്ലാം
കബളിപ്പിക്കുകയും വഴിമാറി നടക്കുകയും ചെയ്തു. പ്രോഫസർമാരും ഉയർന്ന സർക്കാർ
ഉദ്യോഗസ്ഥരും ജീവിതം ശൂന്യമാണെന്നും തങ്ങൾ മഹാദുഃഖം പേറുന്നവരാണെന്നും പാടി
നടന്നത് കണ്ട് വിഷണ്ണനായ അയ്യപ്പൻ അതിനെ മറികടക്കാനാണ് ഒരു
ഉദ്യോഗത്തിലും ഒതുങ്ങാതെ സ്വന്തം ജീവിതം കൊണ്ടുതന്നെ ആത്മാവിന്റെ നഗ്നത
കോരിയെടുത്തത്. വലിയ ശമ്പളം പറ്റുന്നവർ തങ്ങളുടെ ജീവിതം ഭദ്രമാക്കിയശേഷം
അശാന്തിയെക്കുറിച്ച് പാടിയതിൽ ഒരു ഏങ്കോണിപ്പ് ഈ കവിക്ക്
തോന്നിയിരിക്കണം. അയഥാർത്ഥവും കപടവുമായ ഒരു മനോഭാവം കവിതയിൽ
പതഞ്ഞുയരുന്നതും അത് ബൗദ്ധികമായ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നതും അദ്ദേഹത്തെ
ഞെട്ടിക്കുകയോ തകർക്കുകയോ ചെയ്തിരിക്കണം. സർക്കാരിന്റെ സുരക്ഷിതത്വത്തിൽ
കഴിഞ്ഞുകൊണ്ട്, ബൗദ്ധികശക്തിയാൽ അശരണരെ പാടിയുറക്കുന്നതിൽ അസുഖകരമായ ഒരു
ശീലം രൂപപ്പെടുന്നത് കാണാമായിരുന്നു. കവിത ജീവിതത്തിന്റെ തനത്
നിസ്സഹായതകളിൽ നിന്നും ധർമ്മവ്യസനങ്ങളിൽ നിന്നുമാണ് ഉണ്ടാകേണ്ടത്.
ആശാനും മറ്റും എഴുതിയത് നമ്മുടെ മുന്നിലുണ്ട്. ‘ദുരവസ്ഥ’ എഴുതുമ്പോൾ, ആ
കവിത തന്നെക്കൂടി ബാധിക്കുന്നതാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
എന്നാൽ ആധുനികകവിതയിലെ ജീവിതവിചാരങ്ങളിൽ അതെഴുതിയവർക്ക് വ്യക്തിപരമായ
പങ്കില്ല. അവർ വ്യസനങ്ങൾ അനുഭവിക്കാതെ, ചിന്തകൊണ്ട് വ്യസനങ്ങൾ
അവതരിപ്പിക്കുകയായിരുന്നു. അയ്യപ്പൻ ഇവിടെയാണ് തന്റെ സത്യസന്ധതയുടെ ആഴം
ലോകത്തിനു കാണിച്ചുകൊടുക്കാൻ വേണ്ടി സ്വയം അനാവരണം ചെയ്യാൻ തീരുമാനിച്ചതു.
എപ്പോഴും അദ്ദേഹത്തിനു ചിന്തേരിട്ടപോലെ മിനുസപ്പെട്ട് നിൽക്കാൻ
കഴിഞ്ഞിട്ടുണ്ടാവില്ല. ആരെയും വശീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ.
ഒരു മികച്ച പ്രതിച്ഛായയ്ക്കുവേണ്ടി അഭിനയിക്കേണ്ട കാര്യവുമില്ലായിരുന്നു.
സൗഹൃദങ്ങൾ അതുകൊണ്ടുതന്നെ അനിവാര്യമായി മുറിഞ്ഞുകൊണ്ടിരുന്നു.
മേൽവിലാസമില്ലാത്തതിന്റെ യാതൊരു ഉത്ക്കണ്ഠയും അദ്ദേഹത്തിനില്ലായിരുന്നു.
താൻ ജീവിച്ചതു കവിതയ്ക്ക് വേണ്ടി മാത്രമാണെന്ന് പറയാവുന്ന തരത്തിൽ
ആഴത്തിൽ ചിന്തിച്ച ഒരു കവിയെ മാത്രമാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ
അവസാനപാതിയിൽ നമുക്ക് കാണാനാകുന്നത്. ഈ പ്രശ്നത്തെയും അതിനു വ്യാപ്തി
നൽകിയ കവിതയെയുമാണ് ഇനി വിശകലനം ചെയ്യേണ്ടത്. അയ്യപ്പന്റെ കവിതകൾക്കുള്ള
നൈസർഗികശക്തി ആ കാലഘട്ടത്തിലെ മറ്റാർക്കുമില്ല. കാരണം, അദ്ദേഹം നടന്നുപോയ
വഴിയാണത്. ആ കവിതകളിൽ നിന്ന് വേറിട്ട ഒരു ആത്മകഥ അദ്ദേഹത്തിനുണ്ടാകില്ല.
ഒരാളുടെ ആത്മാവിന്റെ കണ്ടുപിടിത്തങ്ങളാണല്ലോ കവിതയായും കഥയായും മറ്റും
പുറത്തുവരുന്നത്. ഇതുതന്നെ പ്രത്യേക തരത്തിലുള്ള ആത്മകഥകളുമാണ്. വേറൊരു
ആത്മകഥ ഉണ്ടാവുക അസാധ്യമാണ്. കവിക്ക് താൻ നടന്നതും ഭക്ഷണം കഴിച്ചതും
കുടുംബജീവിതം നയിച്ചതുമൊക്കെ എഴുതാം. പക്ഷേ, അതിൽ ആത്മകഥ എന്ന
സാഹിത്യത്തിനു ഇടമുണ്ടാവില്ല. കവിതയാണ് ആത്മകഥ. അതാകട്ടെ വ്യക്തി എന്ന
കർതൃത്വത്തെ പേറുന്നുമില്ല. വെറും വ്യക്തിയുടെ കഥയല്ല അത്. കവിത
എഴുതുന്നയാൾ വ്യക്തിയുടെ തനത്ഭാവമല്ല; വ്യക്തിയേക്കാൾ ഉയർന്നതും തീക്ഷ്ണവും
ശുദ്ധവുമായ ഒരു പ്രതിനിധാനമാണത്. തനിക്കുപോലും അജ്ഞാതമായ ഒരു
ജ്ഞാനമണ്ഡലത്തിലേക്ക് ഉയരുന്നത് കവി കാണുകയാണ്. അത മറഞ്ഞിരിക്കുന്ന
അപാരതയുടെ വെളിപ്പെടലാണ്. അയ്യപ്പൻ എന്ന കവിയിൽ രണ്ട് തരത്തിലുള്ള
വെളിപാട് അന്തർഭവിച്ചിട്ടുണ്ട്. കാലുവെന്ത് നടന്ന വഴികളിൽ നിന്ന്
മനസിലാക്കാൻ കഴിഞ്ഞ ഏറ്റവും താഴ്‌ന്ന മനുഷ്യസമൂഹങ്ങളുടെ ഒറ്റപ്പെടലിന്റെയും
നിത്യമായ നരകത്തിന്റെയും ബലാബലങ്ങളാണ് ഒന്ന്. രണ്ടാമത്തേത്, ഒരാൾ
ഒറ്റയ്ക്ക് സ്വതന്ത്രമാകുന്നതിന്റെ നീക്കിയിരുപ്പുകൾക്കായി
കാത്തിരിക്കാത്തതിന്റെ, ഒന്നിലും ഭ്രമിക്കാതെ സ്വയം നിരൂപാധികമായ
അസ്തിത്വമാകുന്നതിന്റെ വെളിപാടാണ്.
അതുല്യവും ഉത്കൃഷ്ടവുമായ കവിവ്യക്തിത്വമാണ് അയ്യപ്പൻ നേടിയത്.
ഒരുപക്ഷേ, യാഥാസ്ഥിതികരും സ്വാർത്ഥരുമായ ചിലരെങ്കിലും പ്രതിച്ഛായ നോക്കാതെ
ചുറ്റിത്തിരിയുന്ന അയ്യപ്പനിൽ നിന്ന് അകലം പാലിച്ചുകാണും. അത് ആ
കാലഘട്ടത്തിന്റെ ഒരു ചേഷ്ടയായി കണ്ടാൽ മതി. ഒരു യഥാർത്ഥ ജീനിയസ് ഏത്
മേഖലയിൽ വന്നാലും ഉപരിവർഗ ബുദ്ധിജീവികളും സമ്പന്നരും പ്രതാപികളുമായ ചിലർ
അവനിൽ നിന്ന് അകന്ന് നിൽക്കാൻ നോക്കും. ഇത് സർഗാത്മക ഭീരുത്വമാണ്.
തങ്ങളുടെ അവസരവാദത്തെയും ലാഭക്കൊതിയെയും അറപ്പുള്ളവാക്കുന്ന ഭോഗേച്ഛയെയും ഈ
ജീനിയസ് അപകടപ്പെടുത്തുമോ എന്ന ശങ്കയാണ് ഇതിനു പിന്നിലുള്ളത്. സ്വയം
കഴുതയാണെന്ന് ബോധ്യമുള്ളവർക്ക് കൂടുതൽ ഭാരം കയറ്റുന്നതിനോട്
എതിർപ്പുണ്ടായിരിക്കും. എല്ലാ യാഥാസ്ഥിതിക സമൂഹങ്ങളും അവരുടെ
കപടമൂല്യങ്ങളുടെ കാവൽക്കാരാകാൻ നോക്കും. അല്ലെങ്കിൽ അങ്ങനെ ഭാവിക്കും.
കവിക്ക് ഇതിനെതിരെ പോരാടാൻ വലിയ ആയുധങ്ങളൊന്നുമില്ല. സ്വകവിതയുടെ
വക്താക്കളെ ഒരു രാഷ്ട്രീയപാർട്ടിപോലും അംഗീകരിക്കുകയില്ല. വ്യവസ്ഥിതിയുടെ
ജോലിക്കാരായി നിന്നുകൊണ്ട് വ്യവസ്ഥാപിതമല്ലാത്ത ആത്മാകുലതകൾ അനുഭവിക്കാൻ
എത്രത്തോളം സാധ്യതയുണ്ട് എന്ന് ചിന്തിക്കാവുന്നതാണ്. മറ്റു കവികളെല്ലാം
സമൂഹത്തിൽ പേരും അംഗീകാരവും നേടിയെടുത്തത് അവരുടെ തൊഴിലിന്റെയും ജനിച്ച
സാമൂഹിക ശ്രേണിയുടെയും വിദ്യാഭ്യാസത്തിന്റെയും കൂടി ഫലമായാണ്.
ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കും പ്രോഫസർമാർക്കും സർക്കാർ
ഉദ്യോഗസ്ഥർക്കും ധാരാളം സുഹൃത്തുക്കളെ അനായാസമായി ലഭിക്കും. അവരെ
സഹായിക്കാനും സ്നേഹിക്കാനും പലരും മുന്നോട്ടുവരും. എന്നാൽ ഇതൊന്നുമില്ലാത്ത
അയ്യപ്പൻ ഒരു അംഗീകൃത സ്ഥാപനമാകുകയില്ല. അദ്ദേഹം ഒരാളിൽനിന്ന് പണം
വാങ്ങിയാൽ അത് ദാനമോ ഔദാര്യമോ ആയി നിർവചിക്കപ്പെടും. എന്നാൽ വലിയ
ഉദ്യോഗത്തിലിരിക്കുന്നവന് പണത്തിന്റെ ആവശ്യമുണ്ടായാൽ സഹായവുമായി
അതുപോലെയുള്ളവർ അങ്ങോട്ടെത്തും. അതിനെ വേണമെങ്കിൽ കടം എന്ന് വിളിക്കാം.
എല്ലാ പലായനങ്ങളും പ്രേമഭംഗങ്ങളും വഴിപിരിയലുകളും അയ്യപ്പനിലേക്ക്
കവിതയായി ഇരച്ചെത്തിക്കൊണ്ടിരുന്നു. കവിതയ്ക്കല്ലാതെ മറ്റൊന്നിനും ആ
പണിശാലയിൽ ഇടമില്ലായിരുന്നു. എല്ലാ അസംസ്കൃതവസ്തുക്കളും കൊണ്ടുവരുന്നു;
എന്നാൽ അതെല്ലാം അവിടെനിന്ന് തിരിച്ചിറങ്ങുന്നത് കവിതയായാണ്. എല്ലാം ഒരേ
കണ്ണിലൂടെ പുനർനിർണയിക്കപ്പെടുന്നു. അയ്യപ്പൻ എന്ന വ്യക്തി ഇവിടെ പലതായി
മുറിച്ചുമാറ്റപ്പെടുന്നു. എന്നാൽ എല്ലാറ്റിന്റെയും പേര് കവിതയെന്നാണ്.
അയ്യപ്പന്റെ കവിത വിമർശകനെ ഇപ്പോൾ പ്രചോദിപ്പിക്കുകയാണ്. ഈ രചനകൾ ഒരു
പുതിയ സൈദ്ധാന്തിക സമീപനം ആവശ്യപ്പെടുന്നുണ്ട്. കവിതാനിർമ്മാണം, തുടർച്ച,
ചിന്ത, കർത്തൃത്വം എന്നീ വിഷയങ്ങളിൽ ഒരു പുനർവിചിന്തനം ആവശ്യമായി
വന്നിരിക്കുകയാണ്. പരമ്പരാഗതമായ കവിതകളല്ല ഇവിടെ കാണുന്നത്. നമ്മുടെ
സാഹിത്യചരിത്രത്തെ വേറിടൽകൊണ്ട് നിറയ്ക്കാൻ ഈ കവിതകൾക്ക് കഴിയും.
ഗതാനുഗതികത്വത്തിൽ നിന്ന് ആത്മാവിന്റെ ശൈഥില്യത്തിലേക്കും ചിതറലിന്റെ
രഹസ്യത്തിലേക്കും അത് വായനക്കാരനെ നയിക്കുന്നു. ചങ്ങമ്പുഴയ്ക്ക് ശേഷം
കാവ്യകലയെ സമൂലമായ പരിവർത്തനത്തിനും ആത്മീയ സമസ്യകൾക്ക് ഉത്തരം
കണ്ടെത്താനും പ്രാപ്തമാക്കിയ കവിയാണ് അയ്യപ്പൻ.
അവന് ആകാശത്തിൽ
മഴവില്ലൊന്നുണ്ടായി
അവനെയ്ത അമ്പേറ്റ്
ആ വില്ല് മുറിഞ്ഞുപോയി
ഇങ്ങനെ സ്വന്തം മഴവില്ല് പൊട്ടിച്ചുകളയാൻ സ്വാതന്ത്ര്യത്തിന്റെ മത്ത്
പിടിച്ച കവിക്ക് പ്രയാസമില്ല. പാരമ്പര്യത്തെ അറിഞ്ഞിടത്തോളം വച്ച്
പിന്നിൽ ഉപേക്ഷിക്കുകയാണ്. സ്വയം എന്തെങ്കിലും ആണെന്ന് സ്ഥാപിക്കാനല്ല,
താൻ എന്തല്ല എന്ന് വിളിച്ചുപറയാനും ത്രാണി വേണം. മറ്റുള്ളവരുടെ വിജ്ഞാനവും
ഭാരവും ചുമന്ന് കുനിഞ്ഞ ശിരസ്സുമായി നിൽക്കുന്ന വരേണ്യകവികൾക്കിടയിലൂടെ,
തനിക്കിഷ്ടമുള്ളതെല്ലാം യുക്തി തെറ്റിച്ച് വിളിച്ചുപറഞ്ഞ് ഒരു
ഭ്രാന്തനെപ്പോലെ അയ്യപ്പൻ നീങ്ങുകയാണ്. അയ്യപ്പന് പുറംലോകത്തിന്റെ
യുക്തികൊണ്ട് ഒന്നും പരിഹരിക്കാനില്ല. എന്നാൽ ആന്തരികയുക്തി ഒരു
മരീചികയുമായിരിക്കുന്നു.
ആകാശത്തിലേക്ക് പറക്കുന്ന പോത്തിന്റെ പുറകേ നടക്കുക
ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കരുത്
ഇത് മാർക്ക് ഷഗാലിനെയോ സാൽവദോർ ദാലിയെയോ ഓർമ്മിപ്പിക്കാതിരിക്കില്ല. ഒരു
ചിത്രകാരന് യഥാർത്ഥ വസ്തുവല്ല പ്രചോദനം. ആ വസ്തുവിൽ താൻ കണ്ടതാണ്
പ്രധാനം. ഈ കവിയും വസ്തുക്കളിൽ മറ്റൊന്തോ ആണ് തിരഞ്ഞത്. ആകാശത്തിലേക്ക്
പറക്കുന്ന പോത്ത് തന്റെ അന്തരംഗത്തിന്റെ ചായക്കൂട്ടാണ്. അത്
മിഥ്യയായലെന്താണ്? അതിന്റെ പിന്നാലെ നടക്കുന്നതോടെ അതൊരു സാരവത്തായ
യാത്രയായി മാറുന്നു.
തുടർച്ചയുടെ ഭംഗം
അമൂർത്തവും അപൂർണവുമെന്ന് തോന്നുന്ന കവിതകൾ ഒരു ആഭ്യന്തര പദ്ധതിയാണ്.
അത് ഭാഷയുടെ ശക്തിയെയും സൗന്ദര്യത്തെയും ചൂണ്ടിക്കാണിക്കുന്നു. അയ്യപ്പൻ
രണ്ട് ഭാഷയിൽ അറിവ് നേടിയിരുന്നു. അതിലൊന്ന് ഗദ്യവും മറ്റേത്
പദ്യവുമായിരുന്നു. ഗദ്യത്തിലെഴുതണമെങ്കിൽ പദ്യത്തിന്റെ ദൗർബല്യം കൂടി
അറിയണം. വെറുതെ ഈണമുണ്ടാക്കിക്കൊണ്ടിരിക്കലാണല്ലോ മിക്കപ്പോഴും
പദ്യത്തിന്റെ ജോലി. ഏത് തലപോയ അനുഭവത്തിന്റെയും ശരീരഭാഗങ്ങളെടുത്ത്
ഈണമുണ്ടാക്കിയാൽ മതിയെന്ന് പദ്യം വിചാരിക്കുന്നു. മരണാനന്തര ചടങ്ങുകളിൽ
ആലപിക്കപ്പെടുന്ന ചില ഈണങ്ങളെയാണ് അത് പൈന്തുടരുന്നത്. അതിന് ഉള്ള്
പൊള്ളി നിൽക്കുന്ന കവിയെ ആവശ്യമില്ല; അയാളുടെ ജീവിതത്തെയും. പദ്യം
ഉള്ളുപൊള്ളയായ വെറും ഈണമാണെന്ന് മനസിലാക്കി അതിൽ നിന്ന് ജീവൻ
രക്ഷിക്കാനായി ഓടുന്നവനാണ് ഗദ്യത്തിൽ അഭയം തേടുന്നത്. ഗദ്യമാകട്ടെ
മറ്റൊരു ഈണം നൽകി അവനെ അനുഗ്രഹിക്കുന്നു. വൈകാരികതയുടെ കുറേക്കൂടി
സത്യസന്ധമായ ഒരു ഉച്ചാരണം സാധ്യമാവുകയാണ്. അയ്യപ്പന് ഈ രണ്ട് ഭാഷയിലും
സ്വാധീനമുണ്ടായിരുന്നതുകൊണ്ട്, രണ്ടിന്റെയും ഓജസ്സ് ഊറ്റിക്കുടിച്ച്
അദ്ദേഹം വളർന്നു. നാട്ടുവഴക്കങ്ങളല്ല, തന്റെ വന്യമായ, അനാഥമായ യാത്രകളുടെ
വീര്യമാണ് അതിൽ നിറഞ്ഞത്. ആരെയും പ്രീതിപ്പെടുത്താൻ അദ്ദേഹം
ഒന്നുമെഴുതിയില്ല. എന്നാൽ തന്റെ ഉൾക്കണ്ണിൽ കണ്ടതെല്ലാം വലിച്ചു
പുറത്തിടുകയും ചെയ്തു. ഭാഷ പേപിടിച്ച ഒരു നായയെപ്പോലെ ഓടിക്കിതച്ച്
ചെന്ന് കവിതയിലെ യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന്റെ മണ്ണ് മാന്തി ശവം
വലിച്ചെടുക്കുന്നു. അപ്പോൾ ആ നായ എങ്ങോട്ടൊക്കെയോ നോക്കി കുരയ്ക്കും.
പക്ഷേ, ആ കുര ഒരാക്രമണവും തകർക്കലുമാണ്. അതിൽ പ്രാകൃതമായ നീതി
സംഭവിച്ചിരിക്കുന്നു.
“മണ്ണ് പിളർന്നുപോയ
പ്രേമമേ
മണക്കുന്ന ഒരു കരിമ്പനയാകുക”
(പ്രേമം നിശ്ശബ്ദമായതുകൊണ്ട്)
ബധിരനായതുകൊണ്ട്
അവനത് കേൾക്കാനാവില്ല
മനുഷ്യനുമായുള്ള ഒരഭിമുഖം
(മനുഷ്യനും മൃഗവുമായുള്ള അഭിമുഖം)
നമ്മുടെ കോളേജ് മലയാളം ക്ലാസുകളിലെ മലയാളത്തെ അടക്കം ചെയ്തശേഷം അതിനു മുകളിലാണ് അയ്യപ്പൻ തന്റെ അനാവൃതമായ ഭാഷയുടെ ചെടികൾ നട്ടത്.
കിണറിനെ സ്നേഹിക്കണം
മരിച്ച പ്രണയം
ഈ ആഴത്തിലാണ്
(ഇടവേളകൾ)
വസന്തം കാണാൻ
വാതിൽ തുറക്കുമ്പോൾ
വെറ്റിലയ്ക്ക് ചുണ്ണാമ്പു കിട്ടാതെ
മുത്തശ്ശി മരിച്ച
മുറിയുടെ ഗന്ധം
(ശ്രാദ്ധം)
ഒരു അക്കാദമിക് എലിപ്പെട്ടിക്കുള്ളിൽ ഭാഷയെ ഞെരുക്കാൻ സമ്മതിക്കാത്ത ഈ കവി
വാക്കുകളെ അന്തരീക്ഷത്തിലേക്ക് പറത്തിവിട്ടു. പഠിപ്പിക്കുന്ന ഭാഷയിൽ
തന്റെ കവിത ഒതുങ്ങില്ലെന്ന് അദ്ദേഹം എന്നേ അറിഞ്ഞതാണ്. എവിടെയും
വിലക്കില്ലാത്തവന് മാത്രമേ ഇതുപോലെ ഭൂതകാലത്തെ മായ്ച്ചുകളഞ്ഞവന്റെ കവിത
സൃഷ്ടിക്കാനാവൂ. അയ്യപ്പനുവേണ്ടിയാണ് കവിത ചുറ്റിത്തിരിഞ്ഞത്. കാരണം
അദ്ദേഹത്തിനു മാത്രം സൃഷ്ടിക്കാൻ സാധിക്കുന്ന കവിതയാണല്ലോ ഇത്. എല്ലാ
പ്രേമങ്ങളും തകരുമെന്ന് മുൻകൂട്ടി കണ്ട് പ്രേമിക്കുന്നവന്റെ മുകളിൽ ഒരു
വാളുണ്ട്. പ്രേമിക്കുമ്പോൾ അവൻ ആ വാളിനെയും നോക്കും. ചുംബിക്കുമ്പോൾ
അവന്റെ ചുണ്ടുകൾ പാതി ആ വാളിന്റെ വായ്ത്തലയിലും ഉരുമും.
അയ്യപ്പന്റെ കവിതകൾ വായിച്ചപ്പോൾ ആ രചനാരീതിയിൽ അപൂർവ്വമായ ചില സംഗതികൾ
കാണാനിടയായി. അതിലൊന്നാണ് തുടർച്ചയുടെ ഭംഗം. ഇത്
പൈന്തുടർച്ചയില്ലാതിരിക്കുക എന്ന ഗുണമാണ്. ഒരു ഡിസ്കണക്ടിവിറ്റി. അതായത്
എഴുതിവരുന്ന മുറയ്ക്ക് കവിക്ക് തന്റെ വരികളുടെ തുടർച്ച നഷ്ടമാവുകയാണ്;
താൻ എന്താണ് എഴുതുന്നതെന്ന് കവി മറന്നുപോകുന്നപോലെ. ഒരു വരി
എഴുതിക്കഴിയുമ്പോൾ അതിനു പിന്നെ തുടർച്ച ലഭിക്കാതെ വരുന്നു. അടുത്തവരി
മറ്റൊരു കവിതയിലെ ഏതോ വരിയുടെ തുടർച്ചയായി തോന്നാം. ഈ പ്രവണതയെ
സൈദ്ധാന്തികമായി കാണാവുന്നതാണ്. കവിത തന്റെ മനസിന്റെ ഒരു ക്രമമാണെന്ന്
കവിക്ക് വാദിക്കാവുന്നതാണ്. അത് വായനക്കാരന്റെ തുടർച്ചയല്ല. കവിയുടെ
മനസിൽ പല കവിതകളുമുണ്ട്. അതിൽ നിന്നാണ് ഒരു കവിത നമുക്ക് ലഭിക്കുന്നത്.
എന്നാൽ നമുക്ക് ഇഷ്ടപ്പെട്ട ഒരു പഴമോ സ്ഥലമോ വ്യക്തിയോ ഒന്നുമല്ല
കവിതയിലൂടെ ഈ കവി ആവിഷ്കരിക്കുന്നത്. അത് വളരെ വ്യക്തിനിഷ്ഠവും
തനിക്കുമാത്രം ബോധ്യപ്പെട്ടതുമായ ചില വികാരങ്ങളാണ്. അത് യഥാർത്ഥമായ
വസ്തുവിനെക്കുറിച്ചാണെന്ന് പറയാൻപോലും കവി അശക്തനാണ്. ഭൗതികളോകത്തിന്റെ
നിർദയമായ നോട്ടത്തിൽ പല വഴിക്ക് തെറിച്ചുപോയ തന്റെ സത്യാത്മകതയെ
പെറുക്കിക്കൂട്ടാനാണ് കവി ശ്രമിക്കുന്നത്. അതിന്റെ അന്തർമുഖതയും
അപ്രത്യക്ഷതയുമാണ് വാക്കുകളിലുടെ വരുന്നത്.
‘പുര’ എന്ന കവിതയിൽ തുടർച്ചയുടെ ഭംഗം കാണം.
“തീ പിടിച്ചതു
പുരയ്ക്കോ
തലയ്ക്കോ.
ഋതുഭംഗത്താൽ
ക്ഷയിച്ചുപോയ് സൂര്യൻ
രശ്മിയെ പൊട്ടിച്ചുതിന്നുന്നു
പച്ചില.
വേണ്ടാത്ത പുസ്തകം
വലിച്ചെറിയുന്നു കടലിൽ
കടൽ കൊണ്ടുപോയ്
കവിതയെ പാടുന്നുകടൽ
പാതിരാക്കവിത.
പഥികനില്ല
നിഴലില്ലാതെ
പൊള്ളുന്നു ഭൂമി
ഇതിൽ ഓരോ ഖണ്ഡത്തിലും വേറിട്ട ധ്വനികളും ആശയങ്ങളുമുണ്ട്. ഒന്ന്
മറ്റൊന്നിന്റെ തുടർച്ചയല്ല. അത് പല കവിതകളുടെ ഭാഗവുമായി
നിരീക്ഷിക്കാവുന്നതാണ്. എന്നാൽ പരസ്പരം ചേരാത്ത ഈ ഖണ്ഡങ്ങൾ അയ്യപ്പന് ഒരു
ചേർച്ചയാണ്. തന്റെ കവിത ഒരു യാഥാർത്ഥ്യമല്ലെന്നും അത്
യാഥാർത്ഥ്യത്തെക്കുറിച്ചുള്ള തന്റെ ചിതറിയ സന്ദേഹങ്ങളാണെന്നും കവി
കരുതുന്നുണ്ടാവണം. നവകവിതയുടെ ഒരു പൊതുഘടനയാണിതെന്ന് പറയാം. എന്താണ്
എഴുതുന്നതെന്ന് ചോദിച്ചാൽ ആശാനും വള്ളത്തോളിനുമൊക്കെ ഒരു പ്രമേയം
ഉത്തരമായി തരാനുണ്ടായിരുന്നു. അവർ ആ പ്രമേയത്തെ വികസിപ്പിക്കുകയാണ്.
അതാണ് അവരുടെ ധൈഷണികമായ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തത്തിൽ
ഒതുങ്ങിനിന്നുകൊണ്ടാണ് അവർ തങ്ങളുടെ ഛന്ദസ്സ് അവതരിപ്പിക്കുന്നത്.
അയ്യപ്പന്റെയോ പിന്നീട് വന്ന നവകവികളുടെയോ കാര്യത്തിൽ മറ്റൊരു
താളക്രമമാണുള്ളത്. അവർ ഒരു പ്രമേയത്തെ തന്നെ സംശയിക്കുന്നു. ഏത് വസ്തുവും
പ്രമേയവും തങ്ങളെ വഞ്ചിക്കുമെന്ന് അവർ ചിന്തിക്കുന്നു; അല്ലെങ്കിൽ തങ്ങൾ
ഒരു പ്രമേയമായി പരിഗണിക്കുമ്പോൾതന്നെ അത് ശിഥിലമായി തുടങ്ങുന്നു.
യാഥാർത്ഥ്യംതന്നെ മായികമായിത്തീരുന്നു. അത് അവിശ്വസനീയമാണ്. അതുകൊണ്ട്
അതിന്റെ പിടിതരാത്ത സ്വഭാവത്തെയാണ് കവി എന്ന നിലയിൽ ഒരാൾ പൈന്തുടരുന്നത്.
അതുകൊണ്ട് അയ്യപ്പന്റെ ‘ചുവന്ന പട്ടം’ എന്ന കവിത വായിക്കുന്നതിനുമുമ്പ്
അത് ഒരു കുട്ടി പറത്തിയ പട്ടമാണെന്നോ, അതിനു ചുവന്ന നിറമാണെന്നോ
അനുമാനിക്കരുത്. ആ പട്ടത്തിനു പിന്നാലെ പോയതിന് കുട്ടിയുടെ അമ്മ
ശാസിച്ചതോ പട്ടം ഇനി പറത്തിവിടരുതെന്ന് ആജ്ഞാപിച്ചതോ പ്രതീക്ഷിക്കരുത്.
ഇങ്ങനെയുള്ള പ്രതീക്ഷകളെയും അനുമാനങ്ങളെയും നിരാകരിക്കുന്നതുകൊണ്ടാണ് ഈ
കവിതയ്ക്ക് നവീന മനുഷ്യന്റെ അനുഭവ സങ്കീർണതകൾക്കിടയിലേക്ക് കയറി
പേടിസ്വപ്നംപോലെ ഒരിടപെടൽ നടത്താനാകുന്നത്.
‘ചുവന്ന പട്ടം’ എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധിക്കു:
ഇന്ന് സന്ധ്യയ്ക്ക്
നൂല് പൊട്ടിയ ഒരു ചുവന്നപട്ടം
നിന്റെ മുന്നിൽ പറന്നു വീണു
വൈദ്യുതിയേറ്റു വീണ
കാക്കയുടെ ചാക്കാലയ്ക്ക്
ഗ്രാമത്തിലെ എല്ലാ കാക്കകളുമെത്തിയിരുന്നു.
പുലർച്ചേ കേട്ടത്
ഇവരുടെ കൂട്ടക്കരച്ചിലായിരുന്നു
കൂട്ടിലെപ്പക്ഷിയുടെ നേത്രം
രണ്ടായി പിളരുന്നു
ഒറ്റക്കണ്ണുകൊണ്ട്
എന്റെ സ്വാതന്ത്ര്യത്തെ തുറിച്ചു
നോക്കുന്നു
ത്രിവർണക്കൊടി മുഷിഞ്ഞപ്പോൾ
വെളുത്തേടന് കൊടുത്തിരുന്നു.
ഇന്നത് തിരിച്ചുവന്നപ്പോൾ
വെളുത്തൊരു മുണ്ട്.
പക്ഷിക്കെതിരെ ഞാൻ
വെള്ളക്കൊടി കാട്ടി.
അപ്പോൾ ഒളിപ്പോരാളിയുടെ
കാലൊച്ചകളിൽ
ഒലീവിലകൾ”
വായനക്കാരൻ ഭ്രമിക്കേണ്ട. ഇത് അയ്യപ്പൻ എന്ന കവി മനസിൽകൊണ്ടുനടന്ന വിഭ്രാമകമായ ഒരു കുട്ടിക്കാലത്തെക്കുറിച്ചുതന്നെയാണ്.
പരിശുദ്ധമായി വരവേൽക്കപ്പെട്ട കുട്ടിക്കാലം അജ്ഞാതമായ ഒരു വൻകരപോലെയാണ്.
അവിടെയെത്താൻ ഇപ്പോൾ ഒരു വഴിയുമില്ല. പട്ടം പറന്നുവീണ കാര്യം സൂചിപ്പിച്ച
കവി പിന്നീട് എഴുതുന്നത് കാക്കകളെക്കുറിച്ചും കൂട്ടിലെ
പക്ഷിയെക്കുറിച്ചും ഒലീവിലകളെക്കുറിച്ചുമാണ്. തുടർച്ച നഷ്ടപ്പെട്ടത്
ബാഹ്യമായാണെങ്കിലും ഒരു കൊളാഷിനെ ഓർമ്മിപ്പിച്ചുകൊണ്ട് പല കാലങ്ങളെയും
ചേർത്തുവയ്ക്കാൻ നോക്കുന്നതുകാണാം. കവി സമീപിക്കുന്ന വിഷയം അദ്ദേഹത്തെ
കബളിപ്പിച്ചുകൊണ്ട് അങ്ങേയറ്റം കുഴഞ്ഞുമറിയുകയും ഉത്തരമില്ലാത്ത കുറേ
ചോദ്യങ്ങളായി പിരിയുകയും ചെയ്യുന്നു.
പലതരം കവികൾ
ഒരു കവിതയിൽതന്നെ പല കവികൾ, പല കർത്താക്കൾ പ്രത്യക്ഷമാകുകയാണ്. കവിതയുടെ
ഏക കേന്ദ്രീകൃതമായ അസ്തിത്വം ഇന്ന് ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. ഒരു
മൂർത്തമായ, യുക്തിപൂർണമായ അനുഭവമല്ല കവിത. അത് സ്വയം ചോദിക്കുന്നതുപോലെ
ഒരാത്മാന്വേഷണമാണ്. അത് ചിലപ്പോൾ അസംബന്ധങ്ങൾകൊണ്ട് യുക്തിയുണ്ടാക്കാൻ
പരിശ്രമിക്കുന്നു. അല്ലെങ്കിൽ മതിഭ്രമങ്ങളിലൂടെ ഒഴുകിയൊഴുകി ഒരു
കരയിലെത്താമോ എന്ന് ആലോചിക്കുന്നു. ജീവിതം ഒരു മൂർത്തവസ്തുവല്ല; അത്
വ്യക്തിപരമായ ഒരു നിർമ്മിതിയുമല്ല; അത് സമസ്യയാണ്. ചോദ്യങ്ങൾ
ചോദിച്ചുകൊണ്ട് അതിനെ സജീവമാക്കി നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്.
‘വാക്കും പ്രയോഗവും’ എന്ന കവിതയിൽ പല കവികൾ ഒരുമിച്ചുവന്ന് സമ്മേളിക്കുന്നത് കാണാം.
“ഈ കഠാരം
കൊലയ്ക്കു കൊണ്ടുപോകേണ്ട
ഒരു കൊമ്പൻ പല്ല്
ഇപ്പോൾ എന്ത് പ്രകാശം
ഇരുട്ടിൽ ചിരിക്കില്ല
ചുവക്കും.
അവൻ വെളിച്ചത്തോട്
നീതി പുലർത്തിയില്ല
ഭൂതം ചുരത്തിലോടിച്ചവനെ
ഭാവിയുടെ കയം
അഭയം നൽകി.
ജലപ്പിശാച്ച്
വർത്തമാനത്തിന്റെ
കെട്ടുപോയ വഴിവിളക്കിന്റെ ചുവട്ടിൽ
പ്രത്യക്ഷണാകുന്നു”
ഈ കവിതയിൽ പല കവികളാണ് സംസാരിക്കുന്നത്. വേറെ വേറെ
ജീവചരിത്രമുള്ളവരെപ്പോലെ ആ കവികൾ സംസാരിക്കുന്നു. അവരെയെല്ലാം തന്നിൽ
ജീവിപ്പിക്കുക എന്ന വലിയ ഭാരമാണ് ഇവിടെ കവി ഏറ്റെടുക്കുന്നത്.
എങ്ങനെയാണ് വ്യത്യസ്ത മാനങ്ങളുള്ള അപരകവികൾ ഒരാളിൽതന്നെ കൂട്ടുകൂടി
സ്വരവ്യതിയാനങ്ങൾ തീർക്കുന്നത്. അത് ഈ കാലത്തിന്റെ പ്രത്യേകതയാണ്.
യാതൊരു വ്യക്തിക്കും ഒരു നിശ്ചിതമായ ഐഡന്റിറ്റിയിൽ ജീവിക്കാനാവില്ല.
പുറംലോകത്തിന്റെ സമ്മർദ്ദങ്ങളും പ്രലോഭനങ്ങളും ഓരോ വ്യക്തിയെയും
മാറ്റുന്നു. അയാൾ എങ്ങനെ പുറമെനിന്ന് വരുന്ന ആവേശങ്ങളെ മെരുക്കാമെന്നാണ്
ചിന്തിക്കുന്നത്. അതിന്റെ തള്ളലിൽ അയാൾ വീണുപോവുകയേയുള്ളൂ. തന്റെ യുക്തി
കൈമോശം വന്നുവേന്ന തിരിച്ചറിവ് അയാളെ കോപാകുലനും സംശയാലുവുമാക്കുന്നു.
കവിയിൽ ഇത് നേരത്തേ സംഭവിക്കുന്നത്. കാലത്തിന്റെ സൂക്ഷ്മചലനങ്ങൾ
അയാൾക്ക് നേരത്തെ തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതുകൊണ്ടാണ്.
‘നദി കരയുന്നതെന്തിന്?’ എന്ന കവിതയിലും ഇതുപോലെ പല കവികൾ കടന്നുവരുന്നു.
“അഞ്ചു വയസ്സുകാരൻ
വള്ളമുണ്ടാക്കി
നദിയിലൊഴുക്കി”
എന്ന ആദ്യഖണ്ഡത്തിനുശേഷം വരുന്ന ചില ഖണ്ഡങ്ങൾ ഇവിടെ കുറിക്കുകയാണ്:
“പ്രത്യയശാസ്ത്രങ്ങളെയും
പ്രതീക്ഷകളെയും തകർത്ത
കൊടിയുമായ്
നദിയൊഴുകി”
“ഒഴുകിത്തുടങ്ങിയതുമുതൽ
ഒടുവിലെത്തിച്ചേരുംവരെ
ഓരോ ദുരന്തങ്ങളുമോർത്തോർത്ത്
നദി കരയുന്നു
കരഞ്ഞുകൊണ്ടേയൊഴുകുന്നു.”
‘നദി’ എന്ന പ്രമേയത്തെക്കുറിച്ച് പല രീതിയിൽ ദുഃഖിതരായ കവികളെ ഇവിടെ
കാണാം. അവർക്ക് നദികളെക്കുറിച്ച് ഓർക്കാൻ പല കാരണങ്ങളുണ്ട്. അവർ
നദികളെക്കുറിച്ചുള്ള വിഷാദാത്മകമായ സ്മൃതികൾ തങ്ങളാലാവുംവിധം ഇവിടെ
പങ്കുവയ്ക്കുന്നു. ആ കർതൃത്വങ്ങളെല്ലാം അയ്യപ്പനിൽ പല കാലങ്ങളിലായി രൂപം
പ്രാപിച്ചതുമാണ്.
ശ്രദ്ധയുടെ വിച്ഛേദം
സ്വസ്ഥമായ ഒരു ചിന്തനം അസാധ്യമാകുംവിധം വാർത്തകളും സംഭവങ്ങളും ദുരന്തങ്ങളും
പെരുകുകയാണല്ലോ. മനുഷ്യൻ ഒരു ആഗോളജീവിയായെങ്കിലും അവന്റെ സ്വകാര്യഇടം തീരെ
ചുരുങ്ങിയിരിക്കുന്നു. അവന് സ്വയം ബോധ്യപ്പെടാനാവാത്തവിധം ലൗകിക പുകമറ
രൂപപ്പെട്ടിരിക്കുന്നു. അതുകൊണ്ട് കവിക്ക് അവന്റെ കവിതത്തന്നെ
നഷ്ടപ്പെടുന്നു. എന്ത് തന്നെയാണെങ്കിലും ഒന്നേ കവിക്ക് നോക്കാനുള്ളൂ. പോൾ
വലേറി പറഞ്ഞതുപോലെ ഒന്നിനെ കാണണമെങ്കിൽ അതിന്റെ പേരു മറന്നേക്കണം.
അതിനുള്ളിലെ ലോകവുമായാണ് കവി സംവദിക്കുന്നത്.
അപ്രത്യക്ഷമാകുന്ന അടയാളങ്ങൾ’ എന്ന കവിതയിൽ ഇങ്ങനെ കുറിക്കുന്നു:
“സമയം തെറ്റിയ വണ്ടിയിലാണ്
ഞാനും സഞ്ചരിച്ചതു
എനിക്കെല്ലാം നഷ്ടപ്പെട്ടു”
ഈ കവിതയിൽ തന്നെ മറ്റൊരിടത്ത്, ഇതെല്ലാം മറന്ന് കവി ഇങ്ങനെ വിവരിക്കുന്നു:
“നിലാവിനെ തിന്നു തീർത്ത പക്ഷി
ഈ മരക്കൊമ്പിലാവുമോ?
വർത്തമാനകാലത്തിന്റെ
കുടലെടുക്കുമെന്ന്
കശാപ്പുകാരന്റെ അശരീരി.”
ഒരു കവിതയുടെ ആകെ ശരീരംതന്നെ പലരുടെ ജീവിതങ്ങൾ കൊണ്ട് നിറയുന്നു. മറ്റൊരു
ഭാഷയിൽ പറഞ്ഞാൽ ഒരു കവിതത്തന്നെ പല ജീവിതങ്ങൾ ജീവിക്കുന്നു. ജീവിതത്തിന്റെ
ഗതിഭ്രംശങ്ങളും മറവികളും ഭ്രാന്തൻ ഓട്ടങ്ങളും കവിതയ്ക്കും
ഏറ്റെടുക്കേണ്ടിവരുന്നു. മനുഷ്യനെപ്പോലെ കവിതയ്ക്കും മറവിരോഗം
ബാധിക്കുന്നു. ഇതാണ് എ. അയ്യപ്പൻ മലയാള കവിതയ്ക്ക് നൽകിയ സഞ്ചാരപഥങ്ങൾ.