Followers

Thursday, June 18, 2020

കൊറോണ :മാസ്ക് ധരിച്ച് പിരിഞ്ഞ സൗഹൃദങ്ങൾക്കു വേണ്ടി . എം.കെ.ഹരികുമാർ




9995312097
Email  mkharikumar797@gmail.com


കൊറോണ വൈറസ് ഒരാഗോള വ്യാപനത്തിൻ്റെ പ്രക്രിയയിലൂടെ, മനുഷ്യരെക്കുറിച്ചുള്ള ധാരാളം സൗന്ദര്യ ,ദാർശനിക ചിന്തകളെ കശക്കിയെറിഞ്ഞിരിക്കുന്നു. മനുഷ്യൻ വെറുമൊരു ഇര എന്ന നിലയിൽ ഇപ്പോൾ ചുരുങ്ങുകയാണ്. ഒന്നിനെയും വെറുതെയങ്ങ് മഹത്വവത്ക്കരിക്കേണ്ടതില്ലെന്ന് കൊറോണക്കാലം  പ്രഖ്യാപിക്കുകയാണ്.ഒരു ഐസൊലേഷൻ വാർഡിനപ്പുറത്ത് മനുഷ്യന് അധികം സ്ഥലമില്ല .ക്വാറൻ്റൈനിലാണ് ധ്യാനം; ധ്യാനത്തിനു പദവിയോ സ്വത്തോ വേണ്ട . ജീവിതത്തെക്കുറിച്ചുള്ള വിശേഷണപദങ്ങൾ ഉച്ചരിക്കുമ്പോൾ തന്നെ കെട്ടഴിഞ്ഞു വീഴുകയാണ് .ജീവിതത്തെ തനിച്ചു കിട്ടുന്നത് ചിലപ്പോൾ ഇങ്ങനെയെല്ലാമാണ് ;അത് അധികമാനങ്ങളെ ലഘൂകരിക്കുകയും ജീവിതത്തെ അസ്തിത്വദു:ഖത്തിൽ നിന്ന് സാവകാശം മോചിപ്പിക്കുകയുമാണ്. ഫ്രഞ്ച് എഴുത്തുകാരൻ സാർത്രിൻ്റെ 'നോസിയ ' എന്ന നോവലിലെ കഥാപാത്രമായ റൊക്വിൻ്റിൻ ,ഒരു സമയത്ത് ചിന്തിച്ചത് താൻ ഒരു ബെഞ്ച് അല്ലെങ്കിൽ മരം ആയിരുന്നെങ്കിൽ നന്നായേനെ എന്നാണ്. മനുഷ്യനായിരിക്കുന്നത് ഭയാനകവും ശൂന്യതയുടെ ചൂടിൽ വേവുന്നതും മനംപിരട്ടലുണ്ടാക്കുന്നതുമായ അവസ്ഥയാണെന്ന് അയാൾ സ്വാനുഭവത്തിലൂടെ കണ്ടെത്തി.എല്ലാവർക്കും ഇങ്ങനെ തോന്നണമെന്നില്ല .എല്ലാവരും ഒരേ പോലെ വൈകാരികമായി ജീവിതത്തെ നേരിടുന്നില്ലല്ലോ. ഇത് ചിലരുടെ അനുഭവമാണ്.

അവരുടെ ഉൾക്കാതുകൾ അവരെ അസാധാരണമായ വിധം രോഗികളാക്കുന്നു. അതവരുടെ വ്യക്തിഗതമായ അറിവാണ്; അതേസമയം അവർ അതിൻ്റെ പേരിൽ ദുരിതമനുഭവിക്കുകയും ചെയ്യുന്നു.സ്ഥൂലമായതെല്ലാം സ്വയം പിൻ വാങ്ങുകയാണ്. വസ്ത്രം, സഞ്ചാരം ,ഭക്ഷണം ,ഓർമ്മ ,സൗന്ദര്യം ,ബന്ധങ്ങൾ ,മരണം തുടങ്ങിയവയെല്ലാം സ്ഥൂലമായിരുന്നു. കൊറോണ അതിനെയെല്ലാം ലഘൂകരിച്ചു, അതിവേഗത്തിൽ .മനുഷ്യർക്ക് വസ്ത്രത്തിൻ്റെ പേരിലുള്ള തനിമ ഗാന്ധിജി എന്നേ തള്ളിക്കളഞ്ഞതാണ്. ഗാന്ധിജിയെ പരിഷ്കൃതരും വിദ്യാസമ്പന്നരും മുതലാളിമാരും വിലയിരുത്തിയത് അദ്ദേഹം ധരിച്ച വസ്ത്രങ്ങളുടെയോ ചെരുപ്പുകളുടെയോ അടിസ്ഥാനത്തിലല്ലല്ലോ.

കൊറോണ വേഷങ്ങളുടെ ഗർവ്വ് അവസാനിപ്പിച്ചു.മുഖത്തിനു മേലേ ഒരു കർട്ടൻ വലിച്ചുകെട്ടേണ്ടി വന്നത് മുഖസൗന്ദര്യ ശസ്ത്രക്രിയകളെയും സൗന്ദര്യവർധക വസ്തുക്കളെയും  അപ്രസക്തമാക്കി. സൗന്ദര്യത്തെക്കുറിച്ചുള്ള ,നമ്മുടെ ബാഹ്യവും അനാത്മീയവുമായ നൈമിഷികസങ്കല്പങ്ങളെ തകർത്ത് പുതിയ മിഥ്യകളുടെയും പരിമിതികളുടെയും ഭാവികളുടെയും നവസൗന്ദര്യശാസ്ത്രമാണ് കൊറോണയുടെ കാലം പകരുന്നത് ;അതാകട്ടെ വ്യാകുലതകളും വ്യർത്ഥതകളും കൊണ്ട്  നിർമ്മിച്ചതുമാണ്.

ഓസ്ക്കാർ വൈൽഡ്
ഒരു വേഷം പലതും മൂടിവയ്ക്കുന്നുണ്ട്; പൂക്കൾ മൂടിവയ്ക്കുന്നത് വൃത്തികേടിനെയാണെന്ന് ഫ്രഞ്ച് നാടകകൃത്ത് ഷെനെ പറഞ്ഞല്ലോ. അതുപോലെ ആഡംബരഭ്രമവും ബാഹ്യസൗന്ദര്യജ്വരവും മനുഷ്യജീവിത യാഥാർത്ഥത്തെ മറയ്ക്കുകയാണ്. ആധുനിക മുതലാളിത്തം എത്ര വിധ്വംസകമായാണ് അതിൻ്റെ വർണ വിവേചനം ഒളിപ്പിച്ചിരിക്കുന്നതെന്ന് അമേരിക്കയിൽ ജോർജ് ഫ്ളോയിഡ് എന്ന കറുത്ത വർഗക്കാരനെ കാൽമുട്ട് കഴുത്തിലമർത്തി നഗരമധ്യത്തിൽ പരസ്യമായി ശ്വാസം മുട്ടിച്ചു കൊന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഫുടീകരിക്കുന്നുണ്ട് .
ഇവിടെ നാടകകൃത്ത് ഓസ്ക്കാർ വൈൽഡിൻ്റെ ഒരു ചിന്ത ഓർമ്മയിലെത്തുന്നു.മുഖത്തെ മാസ്ക് വേറൊരു അസ്തിത്വത്തിലേക്ക് നമ്മെ എത്തിക്കുന്നതിനെക്കുറിച്ചാണ്. "അവർക്ക് ആരെങ്കിലും ഒരു മാസ്ക് കൊടുക്കൂ ,അവർ തങ്ങളുടെ ശരിയായ മുഖം കാണിച്ചു തരും."
മറയ്ക്കാൻ പലതുമുള്ളവരാണ് നാം. മാസ്ക് അത് നന്നായി ചെയ്യുന്നതോടെ നമുക്ക് കൂടുതൽ യഥാർത്ഥമായ നമ്മളിലേക്ക് തിരിച്ചുപോകാം.

ദൈവത്തിൻ്റെ ഇടം

മനുഷ്യന് അവൻ്റെ ശരീരത്തിൻ്റെ അതിർത്തിയിലെവിടെയോ പുതിയ ദൈവത്തെ ,അകൽച്ചയുടെ തലത്തിൽ, കണ്ടെത്തേണ്ടി വന്നു. ഇതുവരെ കാണാത്ത വ്യാധിയും അതിനു കാരണമായ വൈറസിൻ്റെ ഉൾപ്പരിവർത്തനവും ഭാവിയെ നിർവ്വചിക്കാൻ പറ്റാത്ത വിധം അകറ്റുന്നു. യൂറോപ്യൻ പതിപ്പും ഇന്ത്യൻ പതിപ്പും രംഗപ്രവേശം ചെയ്തതായി ശാസ്ത്രലോകം വിലയിരുത്തുന്നു.ഇനിയും പതിപ്പുകൾ ഉണ്ടായേക്കാം. ഒരു അവബോധത്തിൻ്റെയോ ,നിർണയനത്തിൻ്റെയോ ബലത്തിൽപ്പോലും നീങ്ങാനാവാതെ വരുന്നു. ഒരു പക്ഷേ, വാക്സിൻ കണ്ടു പിടിക്കുന്നതിനു മുന്നേ തന്നെ മനുഷ്യൻ സ്വന്തം പ്രതിരോധശേഷി വർധിപ്പിച്ച് ,ആൻഡിബോഡിയുടെ കരുത്തിൽ വൈറസിനെ ചെറുത്തു തോല്പിച്ചേക്കാം. അപ്പോഴും അതൊരു പൂർണസജ്ജമായ നിലനില്പല്ല .യാദൃച്ഛികതകളുടെ ദൈവം എവിടെയോ വസിക്കുന്നു .ശരീരത്തിനുള്ളിൽ വസിക്കുന്ന ദൈവം അന്യൻ്റെ ശരീരത്തോടുള്ള അകലത്തിനുള്ളിൽ പുതിയ വ്യവഹാരമേഖല തിരഞ്ഞെടുത്തിരിക്കുന്നു.

പുതിയക്രമം

നിലവിൽ മുതലാളിത്ത  ലോകക്രമത്തിൽ ആഗോള അതിജീവനം കിട്ടിയാൽ മാത്രമേ അർത്ഥമുള്ളു. ഒരു കാർട്ടൂൺ പരമ്പരയോ ,പാവക്കുട്ടിയോ ,വിനോദപാർക്കോ ,സംഗീതമോ ,ഗുസ്തിയോ ,കലയോ ,സാഹിത്യമോ ,വിസ്കിയോ എന്തുമാകട്ടെ ,അതിനു ആഗോളബ്രാൻഡിംഗ് ലഭിച്ചില്ലെങ്കിൽ അസ്തിത്വമില്ല; ചരിത്രം നിർമ്മിക്കുന്നത് മുതലാളിത്തവും അതിൻ്റെ വിപണിയുമാണ്. അതിനായി വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. സർഗാത്മകത പിന്തള്ളപ്പെടുകയും വിപണിമൂല്യം പരമപ്രധാനമാകുകയും ചെയ്യുന്നു. വിപണിയുടെ അധീശത്വം പുതിയ സദാചാരമായിക്കഴിഞ്ഞു.

ഒരു വിവാഹത്തെ പ്രകീർത്തനത്തിനു യോഗ്യമാക്കുന്നത് എത്ര ആയിരം പേർക്ക് ബിരിയാണി വച്ചുവിളമ്പി എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വിവാഹം ,കല ,രാഷ്ട്രീയം എല്ലാം അതിൻ്റെ ആർഭാടത്തിലാണ് മൂല്യം കാണുന്നത്. യുവമിഥുനങ്ങളുടെ മാനസിക ചേർച്ച അനാവശ്യമാണ്.
മുതലാളിത്തം സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലേക്കും ആത്മാവുകളിലേക്കും ചേഷ്ടകളിലേക്കും മര്യാദകളിലേക്കും പടർന്നു കഴിഞ്ഞു.ഒരു ഓഫീസിൽ മുപ്പതോ നാല്പതോ വർഷം ഒരുമിച്ചു പ്രവർത്തിച്ചാലും പരസ്പരം ആത്മബന്ധമുണ്ടാകാത്തത് ഇതുകൊണ്ടാണ്. അതായത് ഒരാൾ മറ്റൊരാളുടെ ആത്മവസ്തുവല്ല ,ഉപഭോഗവസ്തുവാണ്.ഒരു ഇരയാകാതിരിക്കാൻ മുൻകൂർ സോഫ്റ്റ് വെയർ തലച്ചോറിൽ തയ്യാറാക്കി വച്ചിരിക്കയാണ്. ആത്മാവിനടുത്ത് ആരുമില്ല ;ആരുടെയും ഹൃദയത്തിൽ നമ്മളില്ല .നമ്മുടെ ഹൃദയത്തിലും മറ്റാരുമില്ല .ഇതല്ലേ ഭീകരമായ അന്യവത്ക്കരണം ?വാസ്തവത്തിൽ കൊറോണ വ്യാപനം ഈ സാമൂഹ്യ മായ അന്യവത്ക്കരണ വ്യാപനത്തിൻ്റെ പ്രത്യക്ഷവത്ക്കരണ മല്ലേ ?

മുതലാളിത്തത്തിൽ അവനവനു മാത്രമേ ജീവിതമുള്ളു;മറ്റെല്ലാം നിഴലുകളാണ്.സാഹിത്യ ,കലാരംഗങ്ങളിൽ ചീഞ്ഞഴുകിയ വൈയക്തിക ലക്ഷ്യങ്ങളുടെയും ഓക്കാനമുണ്ടാക്കുന്ന സ്വാർത്ഥ താല്പര്യങ്ങളുടെയും ദുരവസ്ഥയെ ചോദ്യം ചെയ്യാനോ ,അതിൽ നിന്നു മാറിനില്ക്കാനോ ശ്രമിക്കുന്നതിനു പകരം എസ്റ്റാബ്ളാഷ്മെൻ്റിൻ്റെ പുളിച്ച മോരു കുടിക്കാൻ സാംസ്കാരിക സ്ഥാപനങ്ങൾക്കു മുമ്പിൽ മുതിർന്നവരും അവരുടെ  യുവആശ്രിതരും തിക്കിത്തിരക്കുകയാണ്.


സംസ്കാരം വിലയ്ക്ക് വാങ്ങാമെന്ന നവമുതലാളിത്ത അതിബുദ്ധി ഇപ്പോൾ തത്കാലത്തേക്കെങ്കിലും റദ്ദാക്കപ്പെട്ടു. സ്വയം ജീവിക്കുന്നു ,താൻ മാത്രം അതിജീവിക്കുന്നു ,തൻ്റെ സമ്പാദ്യമാണ് എല്ലാറ്റിൻ്റെയും അവസാനം എന്ന ചിന്ത  മന്ദീഭവിച്ചിരിക്കയാണ്. മറ്റുള്ളവരുടെ രോഗം തന്നെ പല വിധത്തിലും ബാധിക്കും എന്ന സത്യം എല്ലാവരും അംഗീകരിച്ചിരിക്കുന്നു. ലോകത്തിൻ്റെ ഏത് കോണിലുള്ള രോഗാണുവും നമ്മെ  തേടി വരാം എന്ന വസ്തുതയാണ് ആഗോളവത്ക്കരണത്തിൻ്റെ ഒടുവിലത്തെ ഉദാഹരണം.

നേട്ടങ്ങൾ ,ചിലപ്പോൾ മിഥ്യകളായി മാറുന്നു. താലോലിച്ചിരുന്നത് ഓർമ്മകളായി അലറാം. അയ്യപ്പപ്പണിക്കർ ഹൂഗ്ളി നദി  കരകവിഞ്ഞപ്പോൾ അടങ്ങൂ അടങ്ങൂ എന്ന് പടിയത് ഓർക്കുകയാണ് .
പക്ഷേ, ഹൂഗ്ളി മനുഷ്യരുടെ ആഹ്വാനം കേൾക്കാറില്ല .എത്ര വില കൂടിയ മാസ്ക് ആണെങ്കിലും തടയേണ്ടത് വൈറസിനെയാണ്.മാസ് കിനടിയിലെ മുഖം ആരുടേതാണെന്ന് കോവിഡ് നോക്കുന്നില്ലല്ലോ .അതുകൊണ്ട് ഐഡൻ്റിറ്റി രാഷ്ട്രീയം ഏറ്റവും വലിയ ഒറ്റമൂലിയായി ഇനി അവതരിപ്പിക്കാനാവില്ല. വലിയ ആശുപത്രികളുടെ സാങ്കേതിക മൂല്യം വൈറസിനു മുന്നിൽ ഒന്നുമല്ല.

വൈറസ് സ്റ്റാറ്റസ് ഒരു സിവിക് ഐഡൻ്റിറ്റിയായി നിലനിന്നേക്കാനാണ് സാധ്യത. കാരണം ഭരണകൂടങ്ങൾക്ക് ഇന്നത്തെ ഭീകരപ്രവർത്തനങ്ങളെയും രാഷ്ട്രവിരുദ്ധശക്തികളെയും ഒതുക്കാൻ ഇത് സഹായിക്കും.സമൂഹത്തിൽ ഒരു നിരീക്ഷണം നിലനിർത്താൻ ഏറ്റവും സ്വീകാര്യമായ മാർഗം കൊറോണ തടയുന്നതിനു അവലംബിച്ച സംവിധാനമാണ്. ആരോഗ്യവകുപ്പിൻ്റെ പ്രോട്ടോക്കോൾ തുല്യതയുടെ പുതിയ മേഖലയാണ്.മാസ്ക് ധരിച്ച് വേർപിരിഞ്ഞ സൗഹൃദങ്ങൾ ഇനി എന്ന് ഒരുമിക്കും. ?

അണുകുടുംബവും തകരുന്നു.

മുതലാളിത്തത്തിൻ്റെ വളരെ ദീർഘവീക്ഷണത്തോടെയുള്ള ഒരു കൗശല പദ്ധതിയാണ് അണുകുടുംബം. ഉല്പന്നവും സേവനവും  വില്ക്കാൻ കണ്ടുപിടിച്ചതാണിത്. വളരെ മധുരമുള്ളതും മാർദ്ദവമുള്ളതുമായ ഒരു കുരുക്കാണിത്.അഴിക്കാൻ പറ്റില്ല. അഴിച്ചാൽ തന്നെ മോചനമില്ല .അണുകുടുംബത്തെ ലക്ഷ്യം വച്ചാണ് പുതിയ പല അഭിരുചികളും നിർമ്മിക്കപ്പെട്ടത്.അതിനായി സ്വകാര്യത എന്ന ആശയത്തെ വികസിപ്പിച്ചെടുത്ത് വ്യക്തിശുചിത്വം പോലെ മഹത്വവത്ക്കരിച്ചു.അംഗങ്ങൾ കൂടിയാൽ സ്വകാര്യത ഇല്ലാതാകുമെന്ന് മൂലധനത്തിൻ്റെ വിവിധ ധാരകളിലൂടെ ഒരു സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടു. വ്യക്തികൾ കുടുംബമാകുന്നതു തന്നെ സ്വകാര്യതയ്ക്ക് വേണ്ടിയാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. സ്വന്തം വീട് ,സ്വന്തം സ്വകാര്യത തുടങ്ങിയ ആശയങ്ങളാണ് പടമിടപാടു സ്ഥാപനങ്ങളും വാണിജ്യ മാധ്യമങ്ങളും സമൂഹത്തിലേക്ക് പ്രവഹിപ്പിച്ചത്. അവനവനു വേണ്ടി എന്ന മനശ്ശാസ്ത്രം വ്യക്തികളുടെ മനസ്സിൻ്റെ അഗാധഘടനകളിലേക്ക് സംക്രമിപ്പിച്ചു.പുതിയ അനേകം ആഗ്രഹങ്ങളുടെയും തെറ്റുകളുടെയും പ്രലോഭനങ്ങളുടെയും ഒരു രഹസ്യമേഖല അങ്ങനെ ഉദയം ചെയ്തു.


വീടുകളിലെ ലഹള ഇന്നു കാണുന്ന തരത്തിൽ രൂപകല്പ്ന ചെയ്തത് മുതലാളിത്ത വിപണി സമ്പദ് മേഖലയുടെ അനിവാര്യമായ ചില ലക്ഷ്യങ്ങളുടെ ഭാഗമായാണ്. അണുകുടുംബങ്ങൾ  ഇന്ന് ജീർണാവസ്ഥയിലാണെന്ന് അനുദിനമെന്നോണം പുറത്തുവന്നു കൊണ്ടിരിക്കുന്ന കൊലപാതകങ്ങൾ വിളിച്ചു പറയുന്നു.ഇതിനെല്ലാം പിറകിലുള്ളത് വ്യക്തികളുടെ സ്വകാര്യത ,അന്തസ്സ് തുടങ്ങിയ നവീന ആവശ്യങ്ങളാണ്. പുതിയ വീടുകൾ ,താമസസ്ഥലങ്ങൾ ഉണ്ടാകുന്നതാണ് വികസനം എന്ന് ഏറെക്കുറെ എല്ലാവരും സമ്മതിച്ചു കഴിഞ്ഞു.പുതിയ ഉപഭോഗവസ്തുക്കൾക്ക് വിപണി  ഉണ്ടാവണമെങ്കിൽ ഇതാവശ്യമാണ്.
ഈ അണുകുടുംബത്തെ അസ്ഥിരപ്പെടുത്തുകയോ അലങ്കോലമാക്കുകയോ ചെയ്യാൻ കൊറോണയുടെ വരവിനു കഴിഞ്ഞു. അണുകുടുംബ സൗന്ദര്യാത്മകതയെ വൈറസ് ബാധ എന്ന സംശയത്തിൻ്റെ മുനകൾ ആഴത്തിൽ ചികഞ്ഞിട്ടു.ബാംഗ്ളൂരിൽ നിന്നു കൊല്ലത്ത് എത്തിയ യുവതിയെ വീട്ടിൽ ക്വാറൻ്റൈനിൽ കഴിയാൻ അനുവദിക്കാതെ ഭർത്താവ് ഇറക്കിവിട്ടത് ഒരു സൂചനയാണ്. ഭാര്യ ഒരു വ്യക്തിഗത വൈറസ് സ്റ്റാറ്റസ് മാത്രം. വൈറസ് ബാധ ഇല്ലെങ്കിലും അതിൻ്റെ ദുരൂഹത നിലനില്ക്കുന്നതു കൊണ്ട് പല വിവാഹബന്ധങ്ങളിലും ഊഷ്മളത നഷ്ടപ്പെട്ടു. പ്രായമായവരും രോഗികളും ജീവിതത്തിൻ്റെ റിവേഴ്സ് ക്വാറൻ്റൈനിലേക്ക് എന്നേക്കുമായി വേർതിരിക്കപ്പെട്ടിരിക്കുന്നു. പല സൗഹൃദങ്ങളും അസ്തമിച്ചപോലെയായി.

കൊറോണയെ ചൂഴ്ന്ന് നില്ക്കുന്ന ദുരൂഹത ഏറുകയാണ്. ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാലും രോഗപ്രതിരോധശേഷിയുണ്ടെങ്കിൽ അത് ദോഷകരമായി പ്രവർത്തിക്കില്ലത്രേ. അതേസമയം മറ്റൊരാൾക്ക് രോഗാണുവിനെ കൈമാറാൻ അയാൾ പ്രാപ്തനായിരിക്കുകയും ചെയ്യും. പരിശോധനയിൽ ,രോഗമുണ്ടെങ്കിലും പോസിറ്റീവായി കാണിക്കണമെന്നില്ല; ഇതും വൈറസിൻ്റെ അസ്തിത്വത്തെ ദുർഗ്രഹമാക്കുന്നു. ചുരുക്കി പറഞ്ഞാൽ ഏതവസ്ഥയിലാണ് രോഗമുള്ളത് ,രോഗമില്ലാത്തത് എന്ന് വ്യക്തമായി പറയാൻ കഴിയില്ല.യാതൊരു രോഗലക്ഷണവുമില്ലാത്തയാൾ അനേകം പേർക്ക് രോഗം പകരാം എന്നുള്ളത് കാര്യങ്ങൾ സങ്കീർണമാക്കുന്നു. ആരാണ് നേര് ,ആരാണ് പൊയ് എന്നറിയാത്ത അവസ്ഥ. ഇതാണ് ഭാവിയെ കൂടുതൽ ആഴമുള്ളതാക്കുന്നത്‌. അതുകൊണ്ട് സംശയത്തിൻ്റെ ആനുകൂല്യം ഏതാണ്ട് എല്ലാ പൗരജനങ്ങൾക്കും ലഭിക്കുന്നു.

ജനാധിപത്യത്തിൻ്റെ ജലരേഖകൾ

ഒരു നേതാവ് എന്ന നിലയിലുള്ള റോൾ മിക്ക രാഷ്ടീയ പ്രവർത്തകർക്കും നഷ്ടപ്പെടുന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളിൽ കണ്ടത്. പലരും അർത്ഥശൂന്യമായ പ്രസ്താവനകളിൽ അഭയം തേടി. ഭരണാധികാരികളിലേക്ക് എല്ലാം ചുരുങ്ങി.എന്നാൽ അവരും നിഴലുകളായിരുന്നു. അവർക്ക് ദിനംപ്രതി കിട്ടുന്ന മെഡിക്കൽ  ഗവേഷണഫലങ്ങളായിരുന്നു മുഖ്യം. ആരോഗ്യരംഗത്തെ ഗവേഷകരും ഡോക്ടർമാരും ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളിലെ വൈറസ് സ്പെഷലിസ്റ്റുകളുമാണ് യഥാർത്ഥ നേതാക്കളായത്.ആഗോളവത്കരണകാലത്ത് ലോക പണമിടപാട് സ്ഥാപനങ്ങളാണ് വികസനത്തെയും കയറ്റുമതിയെയും നിയന്ത്രിച്ചത്.രാഷ്ട്രീയ നേതാക്കൾ ആ സ്ഥാപനങ്ങളുടെ നിർദ്ദേശങ്ങൾ നടപ്പാക്കുകയാണ് ചെയ്തത്. അതു കൊണ്ടാണ് കുടിയേറ്റ തൊഴിലാളികൾ, അത്മഹത്യാപരമായി , നൂറുകണക്കിനു കിലോമീറ്ററുകൾ നടന്നു പോകാൻ തീരുമാനിച്ചത്.അവർ നടന്ന വഴിയിൽ ഒരിടത്തും രാഷ്ട്രീയക്കാരോ ,രാഷ്ട്രീയ പാർട്ടി പ്രവർത്തകരോ ഉണ്ടായിരുന്നില്ല! .അവർ കണ്ടത് കൊറോണ സൃഷ്ടിച്ച വിജനതയാണ്.  കൊറോണയെ നിർവ്വചനാതീതമാക്കുന്നത് മന്ത്രിമാരല്ല;ചികിത്സയുടെ പ്രോട്ടോക്കോൾ തീരുമാനിക്കുന്നവരാണ്. അവർ ആരാണെന്ന് ജനങ്ങൾ അറിയുന്നില്ല ,അറിയേണ്ടതില്ല .


കുടിയേറ്റ തൊഴിലാളികളുടെ പലായനം ,നിരീക്ഷണത്തിനായി താമസം ,ടെസ്റ്റുകൾ ,ഭക്ഷണ വിതരണം ,ഗതാഗതം ,കർഫ്യു, മാസക് ധരിക്കൽ തുടങ്ങിയ വിഷയങ്ങളെല്ലാം ഭരണകൂടമാണ് നിശ്ചയിച്ചത് .ജനാധിപത്യത്തിനുള്ളിൽ വേറൊരു വിഭാഗമായി പൗരജീവിതം വഴിപിരിഞ്ഞൊഴുകി .

ജനാധിപത്യം പാതി മറയ്ക്കപ്പെട്ടു എന്ന് മനസ്സിലാക്കാം; ലോക്ക്ഡൗൺ കാലത്ത് ലോകത്തെ പല വാർത്തകളും പുറത്തു വന്നില്ലല്ലോ.ഏതാനും വിഷയങ്ങളിലേക്ക് മുഖ്യധാരാ ജീവിതം ഒതുങ്ങിപ്പോയി.പലയിടത്തും മാധ്യമപ്രവർത്തകർക്ക് എത്തിച്ചേരാനായില്ല .ഇപ്പോൾ സ്റ്റാറ്റിസ്റ്റിക്സ് മാത്രമാണ് വാർത്ത .ഹോട്ട്സ്പോട്ട് ഏതാണെന്നല്ല, എത്രയെണ്ണമുണ്ടെന്ന താണ് വാർത്ത .രോഗനിർണയം സ്റ്റാറ്റിസ്റ്റിക്സിൻ്റെ വിജയമായി മാറുന്നു .അവിടെ രോഗി എന്ന വ്യക്തി ഇല്ല .

മാധ്യമങ്ങളെയും ലോക്ക്ഡൗൺ ക്ഷീണിപ്പിച്ചു.രാജ്യങ്ങൾ നല്കുന്ന വൈറസ് സ്റ്റാറ്റസ് സ്വീകരിക്കാതെ നമുക്ക് വേറെ വഴിയില്ല .യുദ്ധരംഗത്ത് ഇതിനു സമാനമായ സാഹചര്യമുണ്ട് .രണ്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധം നടന്നു എന്ന് തെളിയിക്കാനാവശ്യമായ യാതൊന്നും ലോകജനതയുടെ പക്കലില്ല. യുദ്ധത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ നല്കുന്ന ഫോട്ടോകളും വീഡിയോകളുമാണ് മാധ്യമങ്ങളുടെ പക്കൽ ആകെയുള്ളത്. അത് വിശ്വസിക്കുന്നതാണ് രാഷ്ട്രീയ ധാർമ്മികത .

വാർത്തകൾ എല്ലാം തന്നെ കൊറോണയിൽ ധ്രുവീകരിച്ചു. ഏതാനും മാസങ്ങൾ ഇന്ത്യയൊട്ടാകെ കൊറോണകൊണ്ടാണ് ജീവിച്ചത്.പല സംഭവങ്ങളും ഉണ്ടായിടത്തു വച്ചുതന്നെ അപ്രത്യക്ഷമായി. പുതിയ നിയമങ്ങൾ ഉണ്ടായി. അതിൻ്റെ പേരിൽ ആയിരക്കണക്കിനു കേസുകളും നാട്ടുനടപ്പും ഉണ്ടായി.വാഹനങ്ങൾ റോഡിലിറക്കുന്നതും മാസ്ക് ധരിക്കാതിരിക്കുന്നതും പുതിയ നിയമമമായി. ലോകത്ത് വേറൊന്നും ഉണ്ടായിരുന്നില്ല. ഒരു നിഗൂഢമായ ലോകത്തിൻ്റെ സാന്നിദ്ധ്യമല്ല: മറിച്ച് ലോകം തന്നെ അപ്രത്യക്ഷമായതു പോലെ നാം വിശ്വസിച്ചു. അല്ലെങ്കിൽ ലോകത്തെക്കുറിച്ച് ചിന്തിക്കാൻ വിസ്മരിച്ചു. ലോകം ചുരുങ്ങിപ്പോയി. ലോകം വെൻറിലേറ്ററും ഹൈഡ്രോക്സി ക്ലോറോക്വിനുമായി ചുരുങ്ങി. മനുഷ്യജീവിതം ഐസൊലേഷൻ വാർഡിൻ്റെ ഒരു അനുബന്ധമായി മാറി.

ചൈനയിൽ നിന്നുള്ള ചില വീഡിയോകൾ കണ്ടിരുന്നു.തെരുവിൽ രോഗബാധിതരായി വീണു കിടക്കുന്നവരെ കണ്ടു. വെടിയൊച്ചകൾ കേട്ടു . പൊലീസ് വന്ന് വീടുകൾ പുറത്തു നിന്നു പൂട്ടുന്നതു കാണാമായിരുന്നു. വൈറസ് കാലത്ത് ചോദ്യം ചെയ്യലുകളില്ല;അനുസരിക്കൽ മാത്രമേയുള്ളു.കാറോടിച്ചു പോകുന്നത് ഏത് ഉദ്യോഗസ്ഥനായാലും ആൻ്റിബോഡി ടെസ്റ്റ് നടത്തും. രോഗലക്ഷണമുള്ളവരെ അപ്പോൾ തന്നെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും .
കൊറോണ കമ്മ്യൂണിസം പോലെയാണ്. എല്ലാവരും തുല്യരാണ്. കൊറോണയിൽ സൈനികവാഴ്ചയുടെ നിശ്ശബ്ദ സാന്നിദ്ധ്യമുണ്ട്; വേറെ വഴിയില്ല .ചികിത്സാകേന്ദ്രത്തിൽ തത്ത്വചിന്താപരമായ മൗനം ഏകാന്തതയെ ആവാഹിക്കുകയാണ്.

ജനാധിപത്യത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തിനാണ് വിലയെങ്കിൽ കൊറോണയിൽ ആരോഗ്യരക്ഷാപ്രവർത്തകരുടെ പ്രത്യേക ആവരണത്തിനാണ് വില. ശരീരം മുഴുവൻ മൂടിയ ആ വേഷം ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും ഒരു ഫോട്ടോഗ്രാഫിക് ഇഫ്കടായി നിലനില്ക്കുകയാണ്. കൊറോണ രാജ്യങ്ങളെ ആരോഗ്യ റിപ്പബ്ളിക്കുകളാക്കിയിരിക്കുന്നു. രാജ്യങ്ങളുടെ സാംസ്കാരിക ചിന്തകളും ആവിഷ്കാര ഉപാധികളും  ചില്ലുകൂട്ടിലേക്ക് പിൻവാങ്ങിയിരിക്കുന്നു. മരണത്തെ നേരിടാനുള്ള മാർഗങ്ങളും പ്രതിരോധശേഷിയും മറ്റെല്ലാറ്റിനെയും തള്ളിമാറ്റി പ്രദർശനയോഗ്യമാകുകയും ചെയ്യുന്നു. രോഗം വന്നവരുടെയും സുഖപ്പെട്ടവരുടെയും മരിച്ചവരുടെയും കണക്ക് മാത്രമാണ് കൊറോണക്കാലത്ത് സംസ്കാരം.


ബ്രിട്ടനിലെ വിജനമായ നഗരങ്ങളിലൂടെ ആടുകളും പന്നികളും കൂട്ടമായി നടന്നു നീങ്ങുന്ന ദൃശ്യം കാണാനിടയായി.അവ കാട്ടിൽ നിന്നു വന്നതാകാം; അല്ലെങ്കിൽ അവയെ വളർത്തുന്ന ഫാമുകളിൽ നിന്ന് ഇറങ്ങിപ്പോന്നതാകാം. മാംസാഹാരമായി മാറേണ്ടിയിരുന്ന അവരാണ് യഥാർത്ഥ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ അർത്ഥമാരാഞ്ഞത്.അവർ  ചരിത്രം കീഴടക്കുകയായിരുന്നു.അവർ മൃഗങ്ങളായി ജനിച്ച് മനുഷ്യരായി ജീവിക്കുകയായിരുന്നു. ഒരു പന്നിക്ക് മനുഷ്യജീവിതമുണ്ട്. അത് സഫലമാവുന്നത് മനുഷ്യന് ആ ജീവിതം നഷ്ടപ്പെടുമ്പോഴാണ്‌.

പുതിയ സമ്പദ് മേഖലകൾ

കൂടുതൽ ഗോളാന്തരമായതും മുതൽ മുടക്കുള്ളതുമായ ഉല്പാദനങ്ങളേക്കാൾ ചെറിയ ഇടങ്ങളിലേക്ക് മനുഷ്യൻ മാറുന്നത് മനസുകൊണ്ടാണ്.ഒരു വീണ്ടുവിചാരമുണ്ടായിരിക്കുന്നു. കൊറോണ വ്യാപിച്ചതിനുശേഷം സസ്യഭുക്കായ ധാരാളം പേരുണ്ട് .അനാസക്തിയുടെ ഒരു മഹാക്ഷീരപഥം കുറച്ചു പേരിലെങ്കിലും ഉരുത്തിരിയുകയാണ്. മറ്റുള്ളവരെ ,മറ്റുള്ളതിനെ അലോസരപ്പെടുത്താതെ കഴിഞ്ഞു പോകുന്നവനാണ് യഥാർത്ഥ ജീവിതം  ജീവിക്കുന്നതെന്ന വേദാന്തം രൂപപ്പെട്ടിരിക്കുന്നു. ദ്രോഹികൾ സകലതിനെയും നശിപ്പിക്കുന്നത് ,അവരുടെ ഉള്ളിൽ തിന്മ നിറയുന്നതുകൊണ്ടാണ് .സമ്പത്ത് ,സമ്പാദ്യം എന്നിവയൊക്കെ ഒരാളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് മുൻപിൽ നിഷ്ക്രിയമാണെന്ന് വെറുതെ പറഞ്ഞാൽ മനസിലാകില്ല.എന്നാൽ കൊറോണയുടെ പേരിൽ ലോകത്തിൻ്റെ രണ്ട് ധ്രുവങ്ങളിലായവർക്ക് അത് വേഗത്തിൽ മനസ്സിലാകും.രാജ്യങ്ങളിലെ നേതാക്കളോ മറ്റ് പ്രമുഖരോ നിശ്ശബ്ദരായിപ്പോകുന്ന നിമിഷമാണത്. മഹാശക്തിശാലികൾ ,കർമ്മവ്യഗ്രതയുള്ളവർ എവിടെയോ സ്വയം തടവറയിലായി.

ഒരാൾ വൈറസിൻ്റെ അദൃശ്യ സാന്നിദ്ധ്യമാണെന്ന ചിന്ത, എല്ലാറ്റിനെയും അവിശ്വസിക്കാനാണ്  പ്രേരിപ്പിക്കുന്നത്.ഈ അവിശ്വാസം അയാളുടെ സ്വഭാവത്തെപോലും മാറ്റുകയാണ്. അതുകൊണ്ട് അടുപ്പമുള്ളവരെ ഫോൺ ചെയ്യാൻപോലും മടിച്ചവരുണ്ട്. കൊറോണ എന്നും മാനവരാശിയോടൊപ്പമുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ വിഭാഗം  പ്രഖ്യാപിച്ചത് ലോകത്തെ പുതിയൊരു സാമ്പത്തിക ക്രമത്തിലേക്ക് നയിക്കാനാണെന്ന് വ്യക്തം. ഏകാന്തജീവിതങ്ങൾക്ക് വീണ്ടും സാധ്യത തെളിയുകയാണ്. അറുപതുകളിലും മറ്റും ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ ഒരു തരംഗമുണ്ടായിരുന്നു .രാജ്യം ചുറ്റി നടന്നു ജീവിച്ച അവർ വല്ലപ്പോഴുമാണ് വീടുകളിൽ എത്തിയിരുന്നത്.നാട്ടിൽ തന്നെ ഒറ്റയാനായി നടന്നവരുണ്ടായിരുന്നു.അവർ സ്വന്തമായി ഒരു കുടുംബം എന്ന സങ്കല്പത്തിലേക്ക് ആകർഷിക്കപ്പെട്ടില്ല. അവരുടെ വർഗം കൂടുതൽ കരുത്തോടെ ഉയിർത്തുവരാൻ പോകുകയാണ്. അമിതസുഖമല്ല ,അമിത ജാഗ്രതയും നിയന്ത്രണവുമായിരിക്കും ഇനി പ്രധാനമാവുക.

സാമ്പത്തികമായ നഷ്ടത്തിൽ നിന്ന് കുറെ കഴിഞ്ഞായാലും രാഷ്ട്രങ്ങൾ രക്ഷപ്പെടുമായിരിക്കും. പക്ഷേ ,കൊറോണ തകർത്തു കളഞ്ഞ ദരിദ്ര ജീവിതങ്ങൾക്കായി എല്ലാ രാജ്യങ്ങളും ചേർന്ന് ഒരു പാക്കേജ് ഉണ്ടാക്കുകയാണ് വേണ്ടത്.ദരിദ്ര രാജ്യങ്ങളിലെ കുട്ടികൾ അസ്ഥിരൂപങ്ങളായി ഭക്ഷണത്തിനു വേണ്ടി ഇഴയുന്നത് മുതലാളിത്ത രാജ്യങ്ങളിലെ മാധ്യമങ്ങളിൽ ഒരു ഫീച്ചർ വിഷയമായി ഇപ്പോഴും അവശേഷിക്കുകയാണ്. ധനശേഷിയുള്ള രാജ്യങ്ങളിലെ മുഴുവൻ പൗരജനങ്ങളും ചേർന്ന് ഇതിനായി പിരിവെടുക്കണം.അതിനു വേണ്ടിക്കൂടിയാകണം ജി 7 രാജ്യങ്ങളും ജി 20 രാജ്യങ്ങളും നിലകൊള്ളേണ്ടത് .ആഫ്രിക്കൻ രാജ്യങ്ങളിലെ പട്ടിണി മാറ്റാൻ ഐക്യരാഷ്ട്രസഭയ്ക്ക് പരിമിതി ഉണ്ടായിരിക്കാം. എന്നാൽ മറ്റ് രാഷ്ട്രങ്ങൾ ഇതിനായി നീക്കിവയ്ക്കാൻ ഒരു ഫണ്ട് കണ്ടെത്തുകയാണ് വേണ്ടത്. വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണിത്. ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്താൽ ഇക്കാര്യത്തിൽ ഉറച്ച ചുവടുകൾ വയ്ക്കാനാവും. പട്ടിണി ആധുനിക ലോകത്തിനു ഒട്ടും ഇണങ്ങില്ല .നേരത്തേ ദാരിദ്യത്താൽ വലഞ്ഞ രാജ്യങ്ങളാണ് കൊറോണ മൂലം കൂടുതൽ ദുരിതക്കയത്തിലേക്ക് വീണത്. അവിടങ്ങളിലെ മരണം മുതലാളിത്ത മാധ്യമലോകം  റിപ്പോർട്ടു ചെയ്യാതിരിക്കുന്നതിൽ അത്ഭുതമില്ല .

കൊറോണ സമ്പന്നരെ തറപറ്റിച്ച സംഭവങ്ങളുമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ വീടു (4500O സ്ക്വയർ ഫീറ്റ് ) വയനാട്ടിൽ പണികഴിപ്പിച്ച ജോയി അറയ്ക്കൽ എന്ന വ്യവസായി  ദുബായിയിൽ തൻ്റെ സ്വപ്നപദ്ധതിയായ റിഫൈനറി പൂർത്തിയാക്കാനാവാത്ത മനോവിഷമത്തിൽ അവിടെ ബഹുനിലമന്ദിരത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിച്ചത് ഓർക്കുമല്ലോ. അപ്രതീക്ഷിതമായ സാമ്പത്തിക തിരിച്ചടിയാണ് കൊറോണ വരുത്തി വച്ചത്.കൊറോണ ഒരു പാഠമായി നില്ക്കുകയാണ്.


കുറെ കാര്യങ്ങൾക്ക് കൊറോണ 'നോ' പറഞ്ഞു കഴിഞ്ഞു.  അമിതസ്വാതന്ത്ര്യം,ഭീകരപ്രവർത്തനം പ്രകൃതിചൂഷണം ,അത്യാഘോഷം ,ആസക്തികളുടെ വിളയാട്ടം ,അതിസമ്പന്നതയുടെ ക്രൂരതകൾ ,ടൂറിസത്തിൻ്റെ മറവിലുള്ള ധർമ്മധ്വംസനം തുടങ്ങിയവയെല്ലാം നിയന്ത്രിക്കാൻ രോഗവ്യാപനംകൊണ്ടു കഴിഞ്ഞു.കഴിഞ്ഞ നൂറ്റാണ്ടിലെ യുദ്ധങ്ങൾ ഉണ്ടാക്കിയ നാശം കൊറോണയ്ക്ക് അപ്രാപ്യമായിരിക്കാം. എന്നാൽ അതിവേഗത്തിൻ്റെയും അതിസാങ്കേതികതയുടെയും നൂറ്റാണ്ടിൽ പെട്ടെന്നുണ്ടാകുന്ന  ബ്രേക്ക് ആന്തരികമായ പരിവർത്തനത്തിനു സഹായിക്കാതിരിക്കില്ല. ക്രൂരത ഒരു വ്യവസായമാകുന്നതും അത് സമ്പത്തും സംസ്കാരവുമാകുന്നതും ആധുനിക മനുഷ്യൻ്റെ ജീവിത ശൈലിയുടെ ഭാഗമാണ്. കോഴികൾക്കും ഞണ്ടുകൾക്കും മാനവസംസ്കാരത്തിൻ്റെ നിർദ്ദയവും ക്രൂരവുമായ ഭക്ഷാവ്യവസായത്തിൽ ഒഴിച്ചുകൂടാനാവാത്ത പങ്കാളിത്തമാണ് നല്കപ്പെട്ടിരിക്കുന്നത്. അവയുടെ മേൽ മനുഷ്യൻ നൂറ്റാണ്ടുകളായി തുടരുന്ന അതിക്രമം ഒരു രുചി സംസ്കാരത്തിൻ്റെ നിലനില്പിനായി ഡിസൈൻ ചെയ്തതാണ്.

വ്യക്തികളുടെ വൈറസ് സ്റ്റാറ്റസ്

ഇസ്രായേലിൽ കൊറോണ വാഹകരെ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്നത്  ഭീകരപ്രവർത്തകരുടെ മേൽ പ്രയോഗിക്കുന്ന സാങ്കേതികവിദ്യയാണെന്ന്  പ്രമുഖ നരവംശശാസ്ത്രജ്ഞനായ നോവാ ഹരാരി ഒരു ലേഖനത്തിൽ എഴുതിയത് ശ്രദ്ധിക്കണം. ശരീര ഊഷ്മാവ് ,രക്തസമ്മർദ്ദം എന്നിവ മനസ്സിലാക്കാനുള്ള ബയോമെട്രിക് ഉപകരണങ്ങൾ ഓരോ വ്യക്തിയിലും ഘടിപ്പിക്കുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. കാരണം ഇപ്പോൾ കൊറോണ ശമിച്ചാലും അത് വീണ്ടും വന്നേക്കാം. പുതിയ തരംഗങ്ങളുണ്ടായേക്കാം  എന്ന സാധ്യത രാഷ്ട്രങ്ങളെ അതിജാഗ്രതയിലേക്ക് നയിക്കും. അവിടെ പ്രജ എന്ന സങ്കല്പം ഉണ്ടാകില്ല. മറ്റ് പദവികളോ ,അറിവുകളോ റദ്ദാക്കപ്പെടുന്നു.എന്നാൽ നിരീക്ഷണവും സ്റ്റാറ്റിസ്റ്റിക്സും മുന്നാട്ടു പോകുന്നു. ഈ സാഹചര്യത്തിൽ
ഒരു വ്യക്തി നിലനില്ക്കുന്നു എന്ന് പറഞ്ഞാൽ അതിൻ്റെയർത്ഥം അയാൾ കൊറോണയുമായി ഏത് തരത്തിലുള്ള ബന്ധമാണ് സ്ഥാപിച്ചത് എന്നാണ് .രോഗമുണ്ടോ ,വരാൻ സാധ്യതയുണ്ടോ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാ ബന്ധങ്ങളിലും നിഴലിക്കും.
കോവിഡ് കാലത്തും പിന്നീടും സെക്സ് ഒരു വലിയ ഉരകല്ലായി രൂപാന്തരപ്പെടുന്നു. ഇണകൾക്കുപോലും സെക്സ് നിഷേധിക്കപ്പെടുന്നത് പുതിയ സാമൂഹിക പ്രശ്നമാകും. ആളുകളുമായി ഇടപഴകാത്തത് സദ് സ്വഭാവമായി വിലയിരുത്തപ്പെടും.


രോഗിയും മുതലാളിത്തവും

സമ്പന്ന രാജ്യങ്ങളിൽ ആരോഗ്യരംഗത്ത് സംഭവിക്കുന്ന ഗവേഷണങ്ങൾ ചികിത്സയുടെ വേഗത്തെ വർധിപ്പിച്ചിട്ടുണ്ട്. മൂത്രം പരിശോധിച്ചാൽ കാൻസർ കണ്ടു പിടിക്കാൻ കഴിയുമെന്ന് ഒരു ജാപ്പനീസ് ഗവേഷണസംഘം കണ്ടെത്തിയതായി വായിച്ചിരുന്നു. സ്പെഷലൈസേഷൻ മുതലാളിത്തത്തിൻ്റെ അരുമസന്താനമാണ്. ഓരോ രോഗത്തിനും സ്പെഷലിസ്റ്റുകൾ എന്ന നിലയെത്തിയിട്ടുണ്ട് .കരൾ ,കണ്ണ് ,കിഡ്നി ,ഹൃദയം ,കാൽമുട്ട് ,തൊണ്ട ,മൂത്രാശയം ,സ്തനം ,കാല്പാദം ,കുടൽ എന്നിങ്ങനെ ഓരോ അവയവത്തിനും പ്രത്യേക ചികിത്സ എന്ന ആശയം കൂടുതൽ രോഗികളെ ആകർഷിക്കാൻ സഹായിക്കും.ചികിത്സ എന്ന സങ്കല്പത്തെ നവീനകാലത്തെ ആരോഗ്യബോധമാക്കി വിപുലീകരിക്കുകയാണ് ഹൈടെക് ആശുപത്രികൾ ചെയ്യുന്നത്. രോഗിയും ഹൈടെക് ആയി മാറുന്നു. കൃത്രിമ അവയവങ്ങൾ ശരീരത്തിനുള്ളിൽ നിക്ഷേപിക്കുന്നത് ഇതിനു തെളിവാണ്.


സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർക്ക് ശരീരത്തെയാകെ നോക്കേണ്ടതില്ല. ഉപകരണങ്ങളാണ് രോഗങ്ങൾ കണ്ടു പിടിക്കുന്നത്.രോഗലക്ഷണങ്ങൾ ഉപകരണങ്ങളിലേക്ക് നീങ്ങാനുള്ള ചവിട്ടുപടി മാത്രമാണ്. ഉപകരണങ്ങൾ എന്താണ് രോഗമെന്ന് വിധിച്ചാൽ പിന്നെ ഡോക്ടർക്ക് ഒന്നും ചെയ്യാനാവില്ല.ഉപകരണങ്ങൾക്ക് ഒരു കോടതി പദവിയാണുള്ളത്. അതിനു അപ്പീലില്ല.ഡോക്ടർ രോഗനിർണയം നടത്തുന്നില്ല എന്ന  വലിയ യാഥാർത്ഥ്യത്തെയാണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ രോഗികൾ തങ്ങളുടെ പ്രത്യേക പദവിയായി അംഗീകരിക്കുന്നത്. അവിടെ ശരീരം ഒരു പ്രവൃത്തി മേഖലയാണ്. രോഗി ഉല്പന്നമാണ്.മുതലാളിത്തത്തിൽ ഉല്പന്നത്തിനു മാത്രമാണ് പ്രാധാന്യം .ഉല്പാദനോപാധികളെ യാന്ത്രികമാക്കുന്നതിൽ അത് പ്രതിജ്ഞാബദ്ധമാണ്. രോഗി ഒരു പാക്കേജാണ്.അത് കയറ്റി അയയ്ക്കാനുള്ളതാണ്. അതിനാണ് ടൂറിസം വികസിപ്പിക്കുന്നത്. ടൂറിസം വികസിക്കാത്ത  കമ്പോഡിയ ,വിയറ്റ്നാം , സൗത്ത് സുഡാൻ ,സൊമാലിയ ,ബംഗ്ളാദേശ് ,പാകിസ്ഥാൻ ,ക്യൂബ തുടങ്ങിയ  ഇടങ്ങളിലേക്ക് രോഗിയെ കയറ്റി അയയ്ക്കാനൊക്കില്ല .വികസിത രാജ്യങ്ങളിലേക്ക് അവയവങ്ങൾ കയറ്റി അയയ്ക്കുന്നതാണ് അടുത്ത ഘട്ടം.എന്നാൽ സൂപ്പർ സ്പെഷ്യാലിറ്റികൾ ഒരിക്കലും ആരോഗ്യം വാഗ്ദാനം ചെയ്യാറില്ല .അതിനു രോഗി എന്ന് അറിയപ്പെടുന്നവൻ വീട്ടിൽ പോയി അതികാലത്ത് നടക്കാൻ പോവുകയോ ,ട്രഡ്മില്ലിൽ പരിശീലിക്കുകയോ വേണം.ഈ സംവിധാനത്തെ കേന്ദ്രീകൃതമായ മുതലാളിത്തത്തിലേക്കും ഉല്പന്ന  വ്യവസ്ഥയിലേക്കും സംക്രമിപ്പിക്കുന്ന ഒരു പുതിയ പുലരിയാണ് കൊറോണ.

വൈറസ് വാഹകരുടെ മരണം

വൈറസ് ബാധിക്കുന്നവരാണ് ഇന്ന് ഏറ്റവും അന്യവത്ക്കരണം നേരിടുന്നത്. അവർ അന്യവത്ക്കരണത്തിൻ്റെ പ്രത്യക്ഷതയാണ്.നവലോകത്തിൻ്റെ വേഗതയിലെ ഇടർച്ചയാണ് മരണം. വേഗതയുടെ പതനമാണ് മരണം. കൊറോണയിലെ മരണം ഒരു വാർത്തപോലുമില്ല.വിദൂരനാടുകളിൽ മരിക്കുന്നവരെ അവിടെ ആരൊക്കെയോ സംസ്കരിക്കുന്നു ;അന്ത്യോപചാരമില്ല, ആളനക്കമില്ല. മരണം ഒരു അന്യഗ്രഹ വിചാരമാകുന്നു. അത് ജീവിച്ചിരിക്കുന്നവരുടെ ഭൗതികതയ്ക്ക് പുറത്ത് മറ്റൊരു അപ്രശസ്ത ജീവിതതുരങ്കമാവുന്നു.

വൈറസ് വ്യാപനത്തിൽ മരണം ഒരു പ്രോട്ടോകോൾ മാത്രമായി.മറ്റാർക്കും പ്രവേശനമില്ലാത്ത മരണത്തിൻ്റെ വ്യവഹാരം .ചൈനീസ് എഴുത്തുകാരി ഫാംഗ് ഫാംഗ് വൂഹാനിലെ കൊറോണക്കാലത്ത് എഴുതിയ ഡയറി വിവാദമായിരുന്നു. അതിനെതിരെ അധികാരികളുടെ വിമർശനമുയർന്നപ്പോൾ ചൈനയ്ക്ക് പുറത്തുള്ളവരാണ് അതിനെ  സത്യത്തിൻ്റെ ഭാഷയിലുള്ള വെളിപ്പെടുത്തലായി അംഗീകരിച്ചത്.വൂഹാനിലെ മനുഷ്യരുടെ വിലാപങ്ങളും പീഡനങ്ങളും  മരണങ്ങളും അവർ തുറന്നെഴുതി .പാശ്ചാത്യലോകം ചൈനയിലെ കൊറോണ വിശേഷങ്ങൾ അറിഞ്ഞത് ഇങ്ങനെയാണ്‌.

പ്രമുഖ ചൈനീസ് നോവലിസ്റ്റ് യാൻ ലിയാൻകെ (yan Lianke) വിദ്യാർത്ഥികളോടുള്ള ഒരു ഓൺലൈൻ പ്രഭാഷണത്തിൽ ,സത്യം വിളിച്ചു പറഞ്ഞ ഫാംഗ് ഫാംഗിനെ പ്രശംസിക്കുന്നുണ്ട്. എന്നാൽ ചൈനയെ ഇപ്പോൾ ഭീകരമായ മറവി ബാധിച്ചതായി അദ്ദേഹം തുറന്നു പറയുന്നു. കൊറോണ നാളുകളെപ്പറ്റി ആർക്കും ഒന്നും ഓർമ്മയില്ലാത്ത പോലെ പെരുമാറുന്നു. എവിടെയോ ഭയം കെട്ടിനില്ക്കുന്ന പോലെ.

മനഷ്യൻ്റെ വിശേഷഗുണമാണ് ഓർമ്മ. ഓർമ്മകളെ കണ്ടെത്തുകയും പരിരക്ഷിക്കുകയും വേണം. ഇതിനുള്ള കഴിവിൻ്റെ പേരാണ് മനുഷ്യൻ.ഓർമ്മകൾ ഇല്ലാതായാൽ മനുഷ്യൻ പൊങ്ങുതടി പോലെ ലക്ഷ്യമില്ലാതെ ഒഴുകി നടക്കും.യുവഎഴുത്തുകാർക്കായി സംഘടിപ്പിച്ച ഒരു ഇ സെമിനാറിൽ അദ്ദേഹം ഇങ്ങനെ ആഹ്വാനം ചെയ്തു:
''എത്ര പേർ മരിച്ചു എന്നറിയില്ല. അന്വേഷിച്ചാലും ഒന്നും കിട്ടാൻ പോകുന്നില്ല.എന്നാൽ എല്ലാം വിജയകരമായി നേരിട്ടു എന്നവകാശപ്പെട്ടുകൊണ്ട് ആഘോഷത്തിൻ്റെ ഒരാരവം കേൾക്കുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളെക്കുറിച്ച് ആരും ഓർക്കുന്നില്ല .ഓർമ്മകൾ മായ്ച്ചുകളയുകയാണല്ലോ പതിവ്. എന്നാൽ നമ്മൾ സ്വന്തം ഓർമ്മകളെ തീക്ഷ്ണമായി ഓർമ്മിച്ചെടുക്കണം ,കണ്ടെത്തണം.കോവിഡ് നേരിട്ട തലമുറകൾ ഓർമ്മകളുള്ളവരായിരിക്കണം " .
മൈക്കലാഞ്ജലോ


ഉള്ളിൽ ജീവിക്കുന്ന എഴുത്തുകാരെയും കലാകാരന്മാരെയുമാണ് കോവിഡ് ബാധിക്കുക. അവർക്ക് അവനവനിൽ നിന്ന് എങ്ങോട്ടും പോകാനാവില്ല. ഇതിനുമുമ്പും പ്ലേഗ് ഉണ്ടായിരുന്നല്ലോ. പതിനാറാം
നൂറ്റാണ്ടിലെ ഇറ്റാലിയൻ ചിത്രകാരനും ശില്പിയുമായിരുന്ന മൈക്കലാഞ്ജലോ തൻ്റെ മനസ്സിനെയാണ് ആ കാലത്തെ കറുത്ത മരണങ്ങൾ ബാധിച്ചതെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. തൻ്റെ സുഹൃത്തും ചിത്രകാരനുമായ വസാ രി (vasari )ക്ക് അദ്ദേഹം ഇങ്ങനെ എഴുതി: "മരണം കൊത്തി വച്ചിട്ടില്ലാത്ത ഒരു ചിന്തയും എന്നിലുണ്ടാകുന്നില്ല ".
ഇത് വ്യക്തമാക്കുന്നത് ഒരു യഥാർത്ഥ കലാകാരനു ഇതുപോലുള്ള സന്ദർഭങ്ങളിൽ വലിയ പദ്ധതികൾ പ്രഖ്യാപിക്കാനുള്ള ഏകാന്തത ലഭിക്കില്ല എന്നാണ്. കൊറോണ നമ്മുടെ ജീവിതവീക്ഷണത്തെ മാറ്റി, തത്ത്വചിന്തയെയും.