Followers

Sunday, October 29, 2023

പ്രബുദ്ധതയ്ക്ക് ജാതിയില്ല :എം.കെ.ഹരികുമാർ


പാലക്കുഴ ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ സ്മൃതി യാത്രയുടെ ഉദ്ഘാടനസമ്മേളനത്തിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു



റിപ്പോർട്ട്: എൻ.രവി



പാലക്കുഴ (കൂത്താട്ടുകുളം): പ്രബുദ്ധതയ്ക്ക് ജാതിയില്ലെന്ന് വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തിൽ പാലക്കുഴ  മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ഏകദിന വൈക്കം സത്യാഗ്രഹ സ്മൃതിയാത്രയുടെ  ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വൈക്കം സത്യാഗ്രഹം കേരളത്തിൻ്റെ  യഥാർത്ഥ മനസ്സ് കാണിച്ചുതരുകയാണ്. വൈക്കത്ത് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള  സമരമായിരുന്നില്ല അത്. ക്ഷേത്രത്തിന് ചുറ്റമുള്ള റോഡിലൂടെ നടക്കാൻ വേണ്ടിയായിരുന്നു ആ സമരം. ഈഴവർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുമായിരുന്നു വിലക്ക്. വിലക്ക് ലംഘിച്ച ഇരുനൂറ്റി അറുപത് യുവാക്കളെ ദിവാൻ്റെ പട്ടാളം വെട്ടിക്കൊന്നു കുഴിച്ചുമൂടുകയാണ് ചെയ്തത് .വൈക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആ സ്ഥലത്താണ് നിർമ്മിച്ചിട്ടുള്ളത്. യുവാക്കളെ വെട്ടിക്കൊന്ന് കുഴിച്ചുമൂടിയ സ്ഥലം  ദളവാക്കുളം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡിലൂടെ ശ്രീനാരായണഗുരു വന്നപ്പോൾ അധികാരികൾ തടഞ്ഞതാണ് വൈക്കം സത്യാഗ്രഹസമരത്തിൻ്റെ ബീജമായി മാറിയത്. ഗുരു ഈ സംഭവത്തെക്കുറിച്ച് ടി.കെ.മാധവനുമായി സംസാരിച്ചു. അതിനെ തുടർന്നാണ് മാധവൻ  മഹാത്മാഗാന്ധിയെ കണ്ട് വൈക്കത്തെ കാര്യങ്ങൾ ചർച്ച ചെയ്തത്. താഴ്ന്ന ജാതിക്കാരുടെ അവകാശത്തിന് വേണ്ടിയുള്ള സമരത്തിൽ പാലക്കുഴയിൽ നിന്ന് രാമൻ ഇളയതിനെ പോലുള്ളവർ പങ്കെടുത്തത് സമൂഹത്തിലെ പ്രബുദ്ധരുടെ അണിചേരലായി കാണാവുന്നതാണ് .കേരളീയ സമൂഹത്തിൻ്റെ ഉല്പതിഷ്ണുത്വം അതായിരുന്നു. അധ:സ്ഥിത ജനതയോട് കൂറ് പ്രഖ്യാപിക്കാൻ പ്രബുദ്ധരായവർ ഒന്നിക്കുകയാണ്. ഇതാണ് മഹത്തായ സംസ്കാരം. പ്രബുദ്ധതയ്ക്ക് ജാതിയില്ല എന്ന സത്യമാണ് ഇവിടെ തെളിയുന്നത് -ഹരികുമാർ പറഞ്ഞു.

രാമൻ ഇളയത് പാലക്കുഴക്കാരനാണ്. അദ്ദേഹം നമുക്ക് പ്രചോദനമാകണം. അദ്ദേഹം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് പീഡനങ്ങൾ ഏറ്റവനാണ്. അദേഹത്തിൻ്റെ കണ്ണിൽ അധികാരികൾ ചുണ്ണാമ്പ് എഴുതി കാഴ്ചശക്തി നശിപ്പിച്ചു .അനീതിക്കെതിരെ സമരം ചെയ്ത് അന്ധനായ രാമൻ ഇളയതിൽ നിന്നു നാം പ്രചോദനം നേടണം .ജീവിതത്തിൽ  നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ ഉണ്ടാവണം. കേരളത്തിന് അത് അന്യമല്ല. മഹാനായ എഴുത്തുകാരൻ കേശവദേവ് അത് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം അധ:സ്ഥിതവിഭാഗങ്ങൾക്ക് വേണ്ടി പോരാടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേശവദേവിനു  എഴുതാൻ പത്രമോ പ്രസംഗിക്കാൻ വേദിയോ ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു.'ഓടയിൽ നിന്ന് 'എഴുതുന്ന സമയത്ത് അദ്ദേഹത്തിന് പ്രസാധകനോ പത്രമോ ഇല്ലായിരുന്നു.  ദേവ് അറബിക്കടലിൽ ഒളിവിൽ താമസിച്ചിട്ടുണ്ട്. തേങ്ങാപ്പൂളും വെളളവുമായിരുന്നു ഭക്ഷണം .പൊലീസുകാർക്ക് പോലും ദേവിനെ പേടിയായിരുന്നു. ഈ  സന്ദർഭത്തിൽ വി.ടി.ഭട്ടതിരിപ്പാടിനെ ഓർക്കുകയാണ്.വി.ടിയുടെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം എഴുതിയ  ലേഖനങ്ങളുടെ കൈയെഴുത്ത് കോപ്പി കാണിച്ചു തന്നത് അദ്ദേഹത്തിൻ്റെ മകൻ വാസുദേവനാണ്.വി.ടി. നമ്മുടെ കേരളത്തിൻ്റെ മനസ് പ്രതിനിധീകരിക്കുന്നു. അത്  അനർഘമായ നിമിഷമായിരുന്നു - ഹരികുമാർ പറഞ്ഞു.


ഇപ്പോൾ കവികൾ വളരെ സുരക്ഷിതമായ പാതയാണ് തേടുന്നത്.എഴുതാൻ പ്രചോദനം വേണ്ടാതായിട്ടുണ്ട്. അധികാരമുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എഴുതുന്നവരെ കാണാം. ഒരു കാലത്ത് കൂത്താട്ടുകുളത്ത് സി.ജെ. സ്മാരക സമിതിയുടെ പ്രസംഗപരിപാടികൾ ഒരു രൂപ ടിക്കറ്റെടുത്താണ് ആളുകൾ കേട്ടിരുന്നത്. കേരളത്തിൽ ഒരിടത്തും ഒരു രൂപ ടിക്കറ്റ് വച്ച് ആരും പ്രസംഗിച്ചിട്ടില്ല. സാധാരണക്കാർ ആ  പ്രസംഗങ്ങൾ കേൾക്കാൻ ഒരു രൂപ ടിക്കറ്റെടുത്തു .അവരുടെ വികാരവും രോമാഞ്ചവുമായിരുന്നു അത്.  കേരളത്തിലെ പ്രഗൽഭരായ എഴുത്തുകാർ ആ യോഗങ്ങളിൽ പ്രസംഗിച്ചു .ജി.ശങ്കരക്കുറുപ്പ്, വൈക്കം ചന്ദ്രശേഖരൻനായർ, എസ്. ഗുപ്തൻ നായർ തുടങ്ങിയവർ വന്നത് ഓർക്കുകയാണ്. വൈക്കത്തിൻ്റെ  പ്രസംഗം ഒരു നല്ല പാട്ടു കേൾക്കുന്ന പോലെയാണ്. അത്രയും ഹൃദ്യമായ പ്രസംഗം കേൾക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ കൂത്താട്ടുകുളത്ത്  ഒരു സാഹിത്യപരിപാടിയും നടക്കാറില്ല .ഒരു പുസ്തകപ്രകാശനം പോലും നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കൂത്താട്ടുകളത്ത് ഒരു സാഹിത്യസമ്മേളനം നടത്തണം -ഹരികുമാർ പറഞ്ഞു. 

a




പാലക്കുഴ പഞ്ചായത്ത് കെ.എ.ജയ അത്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് മെമ്പർ ജിബി സാബു, വെണ്ണല മോഹൻ, കെ.ജി.വിജയൻ ,സതീഷ് ബാബു ,എൻ.സി. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഡിസംബർ ഒന്നു മുതൽ പത്തു വരെയാണ് അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ പുസ്തകോത്സവം .

Saturday, October 21, 2023

ഭാഷയുടെ അന്ധമായ ആവർത്തനം ദുസ്സഹമായി: എം.കെ ഹരികുമാർ



റിപ്പോർട്ട് :എൻ. രവി

കാവ്യസാഹിതി കൊച്ചി കലൂർ റിന്യുവൽ സെൻ്ററിൽ നടത്തിയ ദ്വിദിന സാഹിത്യക്യാമ്പിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു. എം.തോമസ് മാത്യു ,ശ്രീകണ്ഠൻ കരിക്കകം ,മോഡറേറ്റർ ഷിബു എസ്.ബി എന്നിവർ സമീപം




കൊച്ചി: ഇന്നത്തെ സാഹിത്യരചനകളിൽ പൂർവ്വകാലങ്ങളിൽ ഉപയോഗിച്ച ഭാഷയുടെ, പ്രയോഗങ്ങളുടെ അന്ധമായ ആവർത്തനം അതിരുവിട്ടിരിക്കുകയാണെന്നു നോവലിസ്റ്റും സാഹിത്യവിമർശകനും കോളമിസ്റ്റുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

മലയാള കാവ്യസാഹിതിയുടെ നേതൃത്വത്തിൽ കൊച്ചി കലൂർ റിന്യുവൽ സെൻ്ററിൽ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിൽ (സാഹിത്യ സർഗാരാമം 2023)പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നമ്മുടെ ഭാഷ നമ്മുടേതല്ലാതായി മാറുകയാണ്. തൊണ്ണൂറ് ശതമാനം പ്രയോഗങ്ങളും മുമ്പ് പലരും ഉപയോഗിച്ചതാണ്. അതുകൊണ്ട് അത് വീണ്ടും ആവർത്തിച്ചുപയോഗിക്കുമ്പോൾ ചിന്ത നഷ്ടപ്പെടുന്നു. സ്വന്തം ഭാഷ എന്ന  സ്വപ്നത്തിനു വേണ്ടി എത്ര വർഷം അധ്വാനിച്ചാലും കുഴപ്പമില്ല. മഹാനായ സാഹിത്യകാരൻ ജോർജ് ഓർവെൽ പന്ത്രണ്ടു വർഷമെടുത്താണ് തൻ്റെ ശൈലി സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടുണ്ട് -ഹരികുമാർ പറഞ്ഞു.

മഹത്തായ കൃതികൾ വെട്ടിച്ചുരുക്കി പ്രസിദ്ധീകരിക്കുന്ന കാലമാണിത്.ഈ  സംഗ്രഹീത പുനരാഖ്യാനം സാഹിത്യകൃതികളെ വായനക്കാരിൽ നിന്നകറ്റും. ചങ്ങമ്പുഴയുടെ 'പാടുന്ന പിശാച്' വെട്ടിച്ചുരുക്കി പ്രസിദ്ധീകരിച്ചത് ഓർക്കുകയാണ്.ദസ്തയെവ്സ്കിയുടെ 'കരമസോവ് സഹോദരന്മാർ' ആയിരം  പേജുള്ള നോവലാണ് .അത് നൂറ് പേജിലേക്ക് ചുരുക്കി പ്രസിദ്ധീകരിക്കുന്നത് കണ്ടിട്ടുണ്ട്. കഥ മനസിലാക്കാനുള്ള വെമ്പലാണ് ഇത് വായിക്കുന്നവരിൽ കാണാനാവുന്നത്. എന്നാൽ ദസ്തയെസ്കി ഉയർത്തുന്ന ആശയങ്ങൾ ഉൾക്കൊള്ളാൻ ആ  കൃതിയുടെ സംഗ്രഹീത പുനരാഖ്യാനത്തിനു കഴിയില്ല.വായനക്കാരായ നിങ്ങൾ എന്തുകൊണ്ട് അതിനെ എതിർത്തില്ല ?.ബൈബിളിൽ പോലും ഇല്ലാത്ത മതദ്രോഹ വിചാരണയാണ് നോവലിൽ അവതരിപ്പിക്കുന്നത്. അതിൽ യേശുവിനെ നിശിതമായി വിചാരണ ചെയ്യുകയാണ്. ആ വിചാരണ വളരെ ദൈർഘ്യമേറിയതാണ്. ചിന്തയെ പിളർക്കുകയും വീണ്ടും പിളർക്കുകയും ചെയ്യുന്ന രീതിയിലാണ് അത് പുരോഗമിക്കുന്നത്. സാഹിത്യത്തിൻ്റെ മഹത്തായ അനുഭവം നാം  നേരിട്ടറിയേണ്ടതാണ്. സംഗ്രഹീത പുനരാഖ്യാനത്തിൽ അത് സാധ്യമാവുകയില്ല .
സാഹിത്യകലയിൽ വായനയും ക്രാഫ്റ്റും പ്രധാനമാണ്. വായിക്കുന്നത് പെട്ടെന്ന് നമ്മെ ഉണർത്തണമെന്നില്ല .ദീർഘിച്ച കാലയളവിൽ വായിക്കുകയാണെങ്കിൽ ജീവിതത്തെക്കുറിച്ച് കുറച്ചൊക്കെ  ഗ്രഹിക്കാനാവും. ഹെമിംഗ്വേയുടെ  കൃതികൾ ,അഭിമുഖങ്ങൾ തുടങ്ങിയവ വായിക്കുകയാണെങ്കിൽ അത് സാഹിത്യരചനയുടെ ഒരു യൂണിവേഴ്സിറ്റിയിലേക്ക് നമ്മെ കൊണ്ടെത്തിക്കും. അത് നമ്മെ ഉദ്ബുദ്ധരാക്കും. വായന ,രചന എന്നീ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്.അതിൽ ഏറ്റവും പ്രധാനമായി തോന്നിയത് ഒരാൾ എഴുതുന്ന കഥയുടെ ആദ്യ കോപ്പി പ്രസിദ്ധീകരിക്കരുതെന്ന ഉപദേശമാണ്. വീണ്ടും വീണ്ടും തിരുത്തി എഴുതണം. ഒരു നല്ല വാക്യം ഉണ്ടാവണം. ഹെമിംഗ്വേ തൻ്റെ കൃതികൾ പല തവണ പകർത്തി എഴുതിയ കാര്യം സൂചിപ്പിക്കുന്നുണ്ട് .A Farewel to Arms എന്ന നോവൽ അമ്പതു തവണ തിരുത്തിയെഴുതിയതായി അദ്ദേഹം അറിയിക്കുന്നു .പത്തു കഥകൾ എഴുതിയാൽ പത്തും അദ്ദേഹം പ്രസിദ്ധീകരിക്കുകയില്ല. ഒരെണ്ണം തിരഞ്ഞെടുത്ത ശേഷം ബാക്കി ഉപേക്ഷിക്കുമത്രേ .ഇത്രയും പരിപാവനമായി ,ആത്മാർത്ഥമായി തൻ്റെ മാധ്യമത്തെ സ്നേഹിക്കുന്ന എത്രപേരുണ്ടാവും? -ഹരികുമാർ ചോദിച്ചു.

ഹെമിംഗ്വേയുടെ നിലപാടുകളും ചിന്തകളും പുതിയ തലമുറ നിശ്ചയമായും മനസ്സിലാക്കണം. 'കിഴവനും കടലും' എന്ന നോവൽ മനുഷ്യൻ്റെ ശക്തിയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന ചിലരുടെ വാദം അപ്രസക്തമാണ്. മനുഷ്യനു മാത്രം എന്താണ് അഹങ്കരിക്കാനുള്ളത് ? അങ്ങനെയൊരു ഉദ്ദേശമല്ല ഹെമിംഗ്വേ യ്ക്കുണ്ടായിരുന്നത് .അദ്ദേഹം മനുഷ്യൻ എന്ന ജീവിയിലെ മൃഗത്തെ തുറന്നു കാണിക്കുകയാണ്.കടലിൽ ഉല്ലാസത്തോടെ നീന്തിത്തുടിച്ച് കഴിഞ്ഞ ഒരു വലിയ മത്സ്യത്തെ ബന്ധിച്ച ശേഷം ഇരുമ്പു ദണ്ഡുകൊണ്ട് കുത്തിയും ഇടിച്ചും പക പോക്കുകയാണ് ആ വൃദ്ധൻ . എന്നിട്ടും അയാളുടെ ക്രോധം അടങ്ങുന്നില്ല. ഒടുവിൽ കരയ്ക്കെത്തുമ്പോൾ അയാളോടൊപ്പം ആ മത്സ്യമല്ല ഉണ്ടായിരുന്നത്. അതിൻ്റെ അസ്ഥികൂടമാണ്.ഇത് ക്രൂരമാണ്. ഈ ക്രൂരത നോവലിൽ അനാവരണം ചെയ്യപ്പെടുകയാണ്.മനുഷ്യൻ മനുഷ്യത്വമില്ലാത്തവനാണ്. മറ്റു ജീവികൾക്കെല്ലാം അവയുടേതായ ഒരു സ്വഭാവമുണ്ട് .അത് വിട്ടു ജീവിക്കാൻ അവയ്ക്കാവില്ല. എന്നാൽ മനുഷ്യനോ ? അവനു സ്വഭാവമില്ല. രണ്ടുപേർ ഒരുമിച്ച് കിടന്നുറങ്ങുകയാണെങ്കിൽ അതിൽ ഒരാൾ പെട്ടെന്ന് പ്രകോപിതനായി മറ്റേയാളെ കൊല്ലാനിടയുണ്ട്. കാരണം, മനുഷ്യനെ പ്രവചിക്കാനാവില്ല .ഈ മനുഷ്യനിൽ മനുഷ്യത്വം കണ്ടെത്താനാണ് വൈക്കം മുഹമ്മദ് ബഷീർ എഴുതിയത്. അദ്ദേഹത്തിൻ്റെ  'ഒരു മനുഷ്യൻ' എന്ന കഥ ഒരു മോഷ്ടാവിന്റെയുള്ളിലും മനുഷ്യത്വമുണ്ടെന്ന് കാണിച്ചുതരുന്നു. അതിലെ പ്രധാന കഥാപാത്രത്തിന്റെ പേഴ്സ് ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരുവൻ അപഹരിക്കുന്നു. ഹോട്ടൽ ബില്ല് കൊടുക്കാൻ പണമില്ലാതെ മാനേജരുടെ മുന്നിൽ ഷർട്ടഴിച്ച് നിൽക്കേണ്ടി വരുന്ന അയാളെ സഹായിക്കാൻ മുന്നോട്ടുവരുന്നത് ആ  പേഴ്സ് മോഷ്ടിച്ചയാൾ തന്നെയാണ്. ഒരു മോഷ്ടാവിൽ പോലും മനുഷ്യത്വം നിലീനമാണ് ,നിക്ഷിപ്തമാണ് എന്ന് സ്ഥാപിക്കുന്ന ബഷീറിൽ എത്രയോ വലിയ അളവിൽ മനുഷ്യത്വമുണ്ടായിരിക്കണം!.ബഷീറിൻ്റെ കഥകൾ അദ്ദേഹം സ്വയം  നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്തതിന്റെ ഫലമാണ്. 'മാന്ത്രികപ്പൂച്ച' എന്ന നോവൽ അസാധാരണവും മൗലികവുമായ ഒരു ശൈലിയിൽ എഴുതപ്പെട്ടതാണ്. ഈ ലോകത്തിൽ ഒരാൾക്കും ആ  ഭാഷയോ ശൈലിയോ സൃഷ്ടിക്കാനാവില്ല. അത്രമാത്രം സർഗാത്മകമാണത്- ഹരികുമാർ ചൂണ്ടിക്കാട്ടി. 



ഇന്നത്തെ കഥാകൃത്തുക്കൾ  കഥകളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടി ശരാശരിക്കഥകൾ എഴുതിക്കൂട്ടുകയാണ്. ഒരു നല്ല കഥയെഴുതാൻ ശ്രമിക്കുക.അതിനായി സൂക്ഷ്മമായി ജീവിതത്തെ മനസിലാക്കുക .കഴിയാവുന്നിടത്തോളം ,ഭാഷയെ സുന്ദരമാക്കുക.ടി. പത്മനാഭൻ്റെ 'കത്തുന്ന ഒരു രഥചക്രം ' എന്ന കഥ സുന്ദരമാണ്. ആ ഒരു കഥ മാത്രം മതി പത്മനാഭനെ അറിയാൻ. ലളിതമായി എഴുതുക എന്ന തത്ത്വത്തിൽ മാത്രം വിശ്വസിച്ചാൽ വഞ്ചിതരാകും. ഒരു നല്ല വാക്യം ലളിതമായാൽ മാത്രം പോരാ; വ്യത്യസ്തമായ അർത്ഥങ്ങൾ സൃഷ്ടിക്കാനാവണം. ഒരു വാക്യത്തെ പല രീതിയിൽ വായിക്കാനാവണം. അപ്പോഴാണ് ഒരു നല്ല വാക്യമുണ്ടാവുന്നത്. ഫ്രഞ്ച് എഴുത്തുകാരനായ സാർത്ര് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് -ഹരികുമാർ പറഞ്ഞു .

എഴുത്തുകാരൻ്റെ ശ്രദ്ധ തൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങാൻ പാടില്ല.മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും തമസ്കരിക്കുന്ന ഒരു രാഷ്ട്രീയമുണ്ട്. ആ  രാഷ്ട്രീയത്തെക്കുറിച്ച് നിങ്ങൾ എഴുതേണ്ടതുണ്ട്. അതുകൊണ്ടാണ് യു.പി.ജയരാജിൻ്റെ കഥകൾ കൂടുതൽ സാംഗത്യം നേടുന്നത്. കഥയിലെ ഒരു പരാമർശം ഓർക്കേണ്ടതാണ്:
"നിങ്ങളുടെ രാമായണത്തിൽ പതിവ്രതയായ ഒരു പെണ്ണിൻ്റെ  പാവനചരിതമാണുള്ളതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ അപ്പനപ്പൂപ്പന്മാരും ,നിങ്ങളും നിങ്ങളുടെ മക്കളും ചെറുമക്കളും വായിച്ച് ഹൃദിസ്ഥമാക്കി. എന്നിട്ട് ഞങ്ങളുടെ ചെറ്റക്കതകുകൾ ചവിട്ടിപ്പൊളിച്ച് ഞങ്ങളുടെ പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തി. നിങ്ങളുടെ മഹാഭാരതത്തിൽ അന്യന്റെ മുതൽ അപഹരിച്ചും കള്ളച്ചൂതുകളിച്ച് സഹോദരങ്ങളെ തോൽപ്പിച്ചും കഴിഞ്ഞ അഹങ്കാരികളുടെ പതനചരിത്രമാണുള്ളതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ അപ്പനപ്പൂപ്പന്മാരും നിങ്ങളും നിങ്ങളുടെ മക്കളും ചെറുമക്കളും മഹാഭാരതം മുഴുവൻ മന:പാഠമാക്കി.എന്നിട്ട് ഞങ്ങളുടെ വിളഭൂമികൾ അപഹരിച്ചു. ഞങ്ങളെ കള്ളച്ചൂതുകളിച്ച് തോല്പിച്ച്  അടിമകളാക്കി." ഇതുപോലുള്ള അടിച്ചമർത്തപ്പെട്ട രാഷ്ട്രീയത്തെ കണ്ടുപിടിക്കുമ്പോഴാണ് ഒരു നല്ല കഥാകൃത്തിന്റെ സാമൂഹ്യബോധം  ഉണരുന്നത്- ഹരികുമാർ പറഞ്ഞു.






പ്രൊഫ.എം.തോമസ് മാത്യു , ശ്രീകണ്ഠൻ കരിക്കകം എന്നിവർ പ്രഭാഷണം നടത്തി .വിവിധ സെഷനുകളിലായി മലയാള കാവ്യസാഹിതി പ്രസിഡണ്ട് കാവാലം അനിൽ ,ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ ,ഇ.എൻ. നന്ദകുമാർ, മുഞ്ഞിനാട് പത്മകുമാർ ,ടി.പി.ശാസ്തമംഗലം തുടങ്ങിയവർ പ്രസംഗിച്ചു. 

a





 .

ജാതിയില്ലാത്തവരുടെ റിപ്പബ്ളിക്ക് എം.കെ.ഹരികുമാർ






ഒരു വലിയ കവി എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാൽ അതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് കുമാരനാശാൻ്റെ (1873 ഏപ്രിൽ 12-1924 ജനുവരി 16) ജീവിതം. സാമൂഹ്യമനുഷ്യനായി ഒരാൾ  രൂപാന്തരപ്പെടുകയും സമൂഹത്തിൻ്റെ  രോഗങ്ങളെ ചികിത്സിക്കുന്ന ആത്മീയ ഭിഷഗ്വരനായി മാറുകയും ചെയ്യുന്ന അത്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത്. എല്ലാ കവികളും സാമൂഹ്യ മനുഷ്യരല്ല .അവർ അകന്നു മാറുന്നവരാണ്. എത്ര പ്രകൃതിസ്നേഹമുണ്ടായാലും ,നമ്മൾ എഴുതുന്നത് കന്നുകാലികളെയോ പക്ഷികളെയോ വായിച്ചു കേൾപ്പിക്കാനാവില്ല. മനുഷ്യൻ തന്നെ വേണം ,പ്രണയമുള്ള മനുഷ്യൻ. ആശാനിൽ അതിഭാവുകത്വമില്ല .ഭാവുകത്വമേയുള്ളു. ഭാവുകത്വത്തെ പരിവർത്തനപ്പെടുത്തിയ കവിയാണ് ആശാൻ. അങ്ങനെയുള്ളവർ നൂറ്റാണ്ടിൽ തന്നെ വിരളമാണ്. ശീലിച്ച ഭാഷയിൽ നിന്ന്, ആലോചനകളിൽ നിന്ന് ,വഴക്കങ്ങളിൽ നിന്ന്, വീക്ഷണങ്ങളിൽ നിന്ന്, രുചികളിൽ നിന്ന് സമൂലമായ ഒരു മാറ്റം കൊണ്ടുവരുന്ന കവിയാണ് ഭാവുകത്വത്തെ മാറ്റുന്നവനായി അറിയപ്പെടുന്നത്. മാറ്റുവിൻ ചട്ടങ്ങളെ എന്നു പറഞ്ഞത് ,സാമൂഹ്യരാഷ്ട്രീയ അനാചാരങ്ങളെ മാത്രം ഉദ്ദേശിച്ചല്ല; കവിതയുടെ ജീർണതയെയും ലക്ഷൃം വച്ചിരുന്നു. കവിത ജീർണിക്കുന്നത് കവികളെല്ലാം ഒരുപോലെ ചിന്തിക്കുമ്പോഴാണ്. എല്ലാവരും ഒരേ വൃത്തത്തിനുള്ളിൽ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഭാവുകത്വമില്ല .പുതിയ ഒരു അഭിരുചിയുടെ പ്രസക്തി തന്നെ ഇല്ലാതാവുന്നു.

ആശാൻ അഭിരുചിയെ നവീകരിച്ചു. 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുന്നത് വിസ്മയങ്ങളുടെ ആകാശത്തെ ഭേദിച്ചുകൊണ്ട് അന്തരാത്മാവ് സൂചിമുഖി പക്ഷിയെപ്പോലെ പറക്കുന്ന അനുഭവം തരുകയാണ്. ആശാന് മുമ്പായിരുന്നെങ്കിൽ ഒരു കവി അങ്ങനെ പ്രയോഗിക്കില്ല ;പകരം അന്തമറ്റ നക്ഷത്രസമൂഹങ്ങളേ എന്നേ  വിളിക്കൂ .അല്ലെങ്കിൽ അനശ്വരതാരകങ്ങളെ എന്നു വിളിക്കും.
എന്നാൽ 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുമ്പോൾ അതിൽ ഒരു മിസ്റ്റിക് പ്രഭാവം കൈവരുന്നു .പ്രപഞ്ച നിഗൂഢതയുടെ നേർക്കുള്ള   വ്യക്തിനിഷ്ഠമായ വിലാപവും അതിശയവുമാണത്. 'ആ നല്ല ഹൈമവതഭൂവിൽ ' എന്ന് ആശാനു മാത്രമേ എഴുതാനൊക്കൂ. എന്തിനാണ് നല്ല എന്നു പ്രയോഗിച്ചത് ?അതിൽ പുരാതനത്വത്തിൻ്റെ അവിഭാജ്യമായ നന്മകൾ അടങ്ങിയിരിക്കുന്നു. പരിശുദ്ധവും അചുംബിതവുമായ പ്രകൃതിയെ ഒരു ചെറിയ വാക്കു കൊണ്ട് ഒപ്പിയെടുക്കുകയാണ്.

മറ്റൊരു രാഗം

പ്രകൃതി മനുഷ്യനാൽ നശ്വരമാക്കപ്പെട്ടതല്ല.; അത് നല്ല പ്രകൃതത്തിലുള്ളതാണ്. മനുഷ്യൻ്റെ മനസ്സിനെ വിശുദ്ധമാക്കുന്ന തരത്തിൽ ഹൈമവതഭൂവ് എന്ന പ്രയോഗത്തിൽ നവീനതയുണ്ട് .വേറെ വല്ല എഴുത്തുകാരായിരുന്നെങ്കിൽ ഹിമാലയ താഴ്വരകൾ എന്നേ എഴുതൂ. എന്നാൽ ആശാന് ഭാഷ മറ്റൊരു രാഗമാണ്. അത് സംഗീതമാണ് ,പ്രാപഞ്ചികതയുടെ ഏതോ കോണിൽ നിന്നു വരുന്ന രാഗം .
'നളിനി ' ഈ ഭാഗം നോക്കൂ:

സ്വന്തകർമ്മവശരായ് തിരിഞ്ഞിടു -
ന്നന്തമറ്റ ബഹുജീവകോടികൾ ,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണ് നാം "

ഓരോ ജീവിയും കർമ്മവിവശരായി നട്ടം തിരിയുകയാണ്. അവയ്ക്കിടയിലുള്ള ദുരൂഹമായ വഴികളിൽ വച്ച് നാം യാദൃച്ഛികമായി കണ്ടുമുട്ടുന്നു ,വേർപിരിയുന്നു .ഇതല്ലേ ജീവിതം ?

ഭാഷയുടെ അദൃശ്യതയിൽ ഒരു കവിയെ കാത്തിരിക്കുന്ന പലതുമുണ്ട്.  എന്തുകൊണ്ടാണ് ആശാൻ പുതിയ ഭാഷ സൃഷ്ടിച്ചത് ?അങ്ങനെയേ അനുഭവങ്ങളുടെ അന്തർ മണ്ഡലത്തിലേക്ക് കടക്കാനാവൂ.
ലോകത്തെ തൻ്റേത് മാത്രമായി കാണാനാവണം. അപ്പോഴാണ് ഭാഷയുണ്ടാവുന്നത്. മറ്റുള്ളവരുടെ മൂശയിൽ കയറിയിരിക്കുന്നവൻ അനുകർത്താവാണ്‌ .എല്ലാവർക്കും അറിയാവുന്ന മൂല്യങ്ങളെ വല്ലാതങ്ങ് വാഴ്ത്താൻ ആശാൻ തയ്യാറായിട്ടില്ല. നമ്മുടെ കവിതയിൽ അമ്മ ,അച്ഛൻ ബിംബങ്ങളൊക്കെ എടുത്തിട്ട് അലക്കി ബോറടിപ്പിക്കുന്നതിന് കാരണം ആവർത്തിക്കപ്പെട്ട ആശയങ്ങളിൽ  ഗത്യന്തരമില്ലാതെ കവികൾ ചുറ്റിത്തിരിയുന്നതുകൊണ്ടാണ്.

ആശാൻ തൊട്ടതെല്ലാം പുതിയതായി. 1907 ലാണല്ലോ 'വീണപൂവ്' പ്രസിദ്ധീകരിക്കുന്നത്. ആരും തന്നെ പ്രമേയമാക്കുകയില്ല ,വീണു  കിടക്കുന്ന ഒരു പൂവിനെ. ഒരു പെണ്ണിനെ ലൈംഗികച്ചുവയോടെ വർണ്ണിച്ചാൽ പെട്ടെന്ന് കവിത വിൽക്കാവുന്ന കാലമായിരുന്നല്ലോ അത്‌. എന്നാൽ കൊൽക്കത്തയിൽ പോയി കൂടുതൽ പഠിച്ച് മടങ്ങിയെത്തിയ ആശാൻ ആഗോളതലത്തിൽ കാവ്യശാഖയെ മറ്റൊരു മാനത്തിൽ സമീപിക്കുന്നു എന്നാണ് 'വീണപൂവി'ൽ നിന്ന് നാം മനസ്സിലാക്കുന്നത്. വീണപൂവ് ഒരു കാമുകിയുടെ പ്രതീകമാണെന്ന് ചില പ്രൊഫസർമാർ പറഞ്ഞിട്ടുണ്ട്; തെറ്റാണത്. കാമുകിയെ ആരെങ്കിലും വീണു കിടന്നു ജീർണിക്കാൻ പോകുന്ന പൂവായി സങ്കല്പിക്കുമോ ? വീണപൂവ് ഒരു വസ്തുവിനെ അതിൻ്റെ അനന്യതയിൽ നോക്കിക്കാണുകയാണ് ചെയ്യുന്നത്. പൂവ് പൂവ് മാത്രമാണ്, പ്രതീകമല്ല. പൂവിനു മറ്റൊന്നും ആകേണ്ട .ലോകത്തിലെ ഓരോ വസ്തുവിനും ഇങ്ങനെ തനിച്ചൊരു ജീവിതമുണ്ട്. പൂവ് പൂവിൽ തന്നെ അവസാനിക്കുന്നു. അതിൽ ഈ ലോകജീവിതത്തിൻ്റെ സാരം തേടുകയാണ് കവി.

എല്ലാം ശുദ്ധമാക്കുന്ന പ്രേമം

പ്രണയത്തെ മനുഷ്യാത്മാവിൻ്റെ  ഏറ്റവും ഉയർന്ന വിതാനമായി കാണാനാണ് ആശാൻ ഇഷ്ടപ്പെടുന്നത്. നളിനി ,ലീല എന്നീ കാവ്യങ്ങളിലൂടെ അത് തെളിയിച്ചു. 'ലീല'യിലെ പ്രണയം എങ്ങനെയാണ് മാംസത്തിൻ്റെയും കാമത്തിൻ്റെയും വിളികൾക്കപ്പുറത്ത് യഥാർത്ഥവും അന്തര്യാമിയുമായ ഒരു മൗലികഭാവത്തിൽ എത്തുന്നത്. അത് ശുദ്ധമായ മനുഷ്യാത്മാവിൻ്റെ ഒരു സാധ്യതയാണ് .ചിലപ്പോൾ നമുക്ക് സ്വയം വിമലീകരിക്കാൻ പ്രേമം വേണം.  എല്ലാ ലൗകികമോഹങ്ങളും മിഥ്യകളാവുകയും അതിനപ്പുറത്തുള്ള ചില മൂല്യങ്ങൾ അനിവാര്യമായി നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ട്.
ശരീരം അനുനിമിഷം ദുർബ്ബലമാകുന്നതാണ്. എന്നാൽ അതിനുള്ളിലും ചേതനയോടെ ഒരു ജീവി ത്രസിക്കുന്നുണ്ട്‌. ആ ജീവി ജീവിതത്തിൻ്റെ ഭാഗധേയത്തെക്കുറിച്ച് ചിന്തിക്കുന്നു. 



ആശാൻ്റെ പ്രണയത്തിൽ സന്യാസമുണ്ട്. നിളിനിയിൽ അത് വ്യക്തമാണ്. പ്രണയമകലുമ്പോൾ സന്യാസതുല്യമായ ശാന്തതയും വിരക്തിയുമുണ്ടാവുകയാണ്. പ്രണയം  ആത്മീയമായ ഒരു വിമോചനവും അറിവുമായി മാറുന്നു .ജീവിതത്തിൽ തികച്ചും പ്രായോഗികമായ രാഷ്ട്രീയാദർശനങ്ങളാണ് ആശാൻ ഉയർത്തിയത്. അതിൻ്റെ കാതൽ നിസ്സീമമായ മനുഷ്യത്വവും ഉണർവ്വുമാണ്. ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കെട്ടുകൾക്ക് പുറത്താണ് താൻ എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടാണ് ആശാൻ ശ്രീനാരായണഗുരുവിൻ്റെ ധർമ്മങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറായത്. കൂടുതൽ നല്ല മനുഷ്യനാവുക എന്ന പ്രലോഭനത്തിൽ നിന്നു ഹൃദയാലുവായ ആശാന് ഒഴിഞ്ഞുനില്ക്കാനാവില്ലായിരുന്നു. 'വിവേകോദയം' മാസികയുടെ പത്രാധിപരായിരുന്നത് അതുകൊണ്ടാണ്‌.

തൻ്റെ കാലഘട്ടത്തിലെ ബൗദ്ധികജീവിതത്തിൻ്റെ ഉന്നതമായ ഒരു ദിശാസൂചിയാകാൻ ഈ കവി  നിയുക്തനായി. കായിക്കരയിലെ കുമാരൻ ആശാനാകുന്നത് അങ്ങനെയാണ്. പ്രബുദ്ധതയുടെ ഐകമത്യം ആശാനെ  എ.ആർ .രാജരാജവർമ്മ തുടങ്ങിയ പണ്ഡിതന്മാരിലേക്ക് അടുപ്പിച്ചു. അദ്ദേഹം എ .ആറിൻ്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് 'പ്രരോദനം' എന്ന മഹത്തായ കാവ്യം എഴുതിയത് ഇതിനു ദൃഷ്ടാന്തമാണ്. ഈ പ്രബുദ്ധമനസ്സിനു ജാതിയില്ല. അതേസമയം ജൈവലോകപ്രണയവും പ്രബുദ്ധതയുമുണ്ട്. പ്രബുദ്ധതയ്ക്ക് അന്നും ഇന്നും ജാതിയില്ല. പ്രബുദ്ധതയാണ് മൂർച്ചയുള്ള വാൾ. അന്ധതയെ ആ വാൾ നിഗ്രഹിക്കുന്നു.

വാക്കുകളാകുന്ന പന്തങ്ങൾ

രാഷ്ട്രീയപ്രവർത്തനവും പത്രാധിപത്യവും ആശാനു  സ്വന്തം തൊഴിൽ ആയിരുന്നില്ല. ഉപജീവനത്തിന് ഓട് ഫാക്ടറി നടത്തുകയാണ് ചെയ്തത്. തൻ്റെ വീക്ഷണമനുസരിച്ചുള്ള ആഗോള മനുഷ്യസാഹോദര്യത്തെ ഉയർന്ന തലത്തിൽ നോക്കിക്കാണുന്ന ദർശനമാണ് ആശാൻ്റെ മൂലധനം. ശ്രീനാരായണഗുരുവിൽ നിന്ന് ബുദ്ധനിലേക്കും ബുദ്ധനിൽ നിന്ന് ഗുരുവിലേക്കും ആശാൻ സഞ്ചരിച്ചു.
അവശതയനുഭവിക്കുന്നവരോട്  അനുകമ്പയുണ്ടായിരുന്നു .അവർക്ക്   വേണ്ടിയാണ് അനീതിക്കെതിരെ നിരന്തരമായി അദ്ദേഹം വാക്കുകളാകുന്ന പന്തങ്ങൾ വീശിയെറിഞ്ഞത്.
സാഹിത്യവും സമൂഹവും രാഷ്ട്രീയവും വിപുലമായ ഒരു ശ്രേണിയിൽ എത്തുകയാണ്.

ആശാൻ്റെ ഗദ്യ ലേഖനങ്ങളിൽ സ്പന്ദിക്കുന്നത് പതിതൻ്റെ ആത്മാവാണ്. നിശ്ശബ്ദമാക്കപ്പെട്ടതിനു ഭാഷ നല്കി പുനരുജ്ജീവിപ്പിച്ച മാന്ത്രികനായി ഈ കവി മാറുന്നു.
അദ്ദേഹത്തിൻ്റെ ഗദ്യലേഖനങ്ങൾ വായിച്ച്  ആ കാലഘട്ടത്തിലെ  ഉൽപതിഷ്ണുക്കൾ ചിന്താക്കുഴപ്പം പരിഹരിച്ചു എന്ന അർത്ഥത്തിൽ ലളിതാംബിക അന്തർജനം ഒരു കഥയിൽ ആദരവോടെ സൂചിപ്പിച്ചിട്ടുണ്ട്.

ആശാൻ കവിത ബുദ്ധശരീരമാണെന്ന്  പറയട്ടെ .ദയയുള്ളവനായിരുന്നാൽ യാതന നമ്മെ ഏശുകയില്ലെന്ന ബുദ്ധദർശനമാണത്. നമ്മളിൽ എത്ര സ്നേഹമുണ്ടോ ,അത്രത്തോളം നമ്മെ ആർക്കും മുറിപ്പെടുത്താനാവില്ല. സ്നേഹാധിക്യത്തിലൂടെ നമ്മുടെ മനസ് വലുതാവുന്നു. അങ്ങനെയുള്ളവരുടെ ശരീരമാണ് ബുദ്ധശരീരം. തപസും യാതനയും ഏകാന്തതയുമെല്ലാം ആ ശരീരത്തിൽ തട്ടി പൂക്കളായിതീരുന്നു.  ലോകത്തെ മനസ്സിലാക്കാനായി ഓരോ നിമിഷവും തന്നിൽ കേന്ദ്രീകരിക്കുമ്പോൾ ബുദ്ധ ശരീരമുണ്ടാകുന്നു. അത് ലൗകികാസക്തികൾക്കപ്പുറത്ത് ഈ ലോകത്തെ സ്നേഹിക്കുകയാണ്. മഹത്വവും വിവേകവും ഒന്നിച്ചുദിക്കുകയാണ്. പാവപ്പെട്ടവരുടെയും താഴ്ന്ന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ചതുകൊണ്ട് ആശാൻ ഏറ്റവും വ്യക്തതയുള്ള ,ലക്ഷ്യബോധമുള്ള, പ്രതിബദ്ധതയുള്ള കവിയായി.

അതിനപ്പുറത്താണ് ഈ ബുദ്ധിജീവി കവിതയിൽ വലിയ വിപ്ളവം യാഥാർത്ഥ്യമാക്കിയത്. കവിതയിലെ  കളകൾ പറിച്ചു കളഞ്ഞ കവിയാണദ്ദേഹം. പഴകി ദ്രവിച്ച വിഷയങ്ങളെ നിർമ്മാർജനം ചെയ്ത അദ്ദേഹം ഉൽകൃഷ്ടമായ സംസ്കാരചിന്തകൾക്ക് കവിതയെ  എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന്  പഠിപ്പിച്ചു .കവിത നമ്മുടെ പ്രവചനാത്മകമായ അറിവാണ് .അത് നമ്മെ ആന്തരികമായി നേരെയാക്കുന്നു. കുഴഞ്ഞുമറിഞ്ഞ ഒരു ലോകത്ത് കവിത മരുന്നാണ്. അതുകൊണ്ട്  ഗൊയ്ഥെ ,മാത്യു ആർനോൾഡ് എന്നിവരെപോലെ ആശാൻ ഭാഷയിലൂടെ ചീത്ത അഭിരുചികളെയും ചിന്തകളെയും ചികിത്സിക്കുന്നതിൽ വിജയിച്ചു .
കവിതയെ ദാർശനികമാക്കുകയാണ് അതിൽ പ്രധാനം. ദാർശനികതയില്ലെങ്കിൽ കവിത വെറും പതിരായിപ്പോകും.

വെള്ളത്തിനു ജാതിയില്ല

ആശാൻ്റെ കവിത ജാതിയില്ലാത്തവരുടെ റിപ്പബ്ളിക്കാണ്. വീണപൂവ് ഒരു ജാതി ബോധത്തെയും ചൂണ്ടിക്കാണിക്കുന്നില്ല .നളിനിയും ലീലയും കേരളീയ സ്ത്രീകൾക്ക് മുന്നേ നടന്നവരാണ് .അവർക്ക് ജാതി ബോധമില്ല, ആത്മബോധമാണുള്ളത്. 'ദുരവസ്ഥ' ജാതിക്കാരെ തുരത്തുന്നു, ഗുരുവിൻ്റെ ഒരു മതം എന്ന ആശയം സ്ഥാപിക്കുന്നു.  ആശാൻ്റെ സീത ജാതിരഹിതമായ സ്ത്രീശരീരമാണ്. 'കരുണ'യിൽ സ്ത്രീയുടെ ഹൃദയം എന്ന ഏക ജാതി കാണാൻ കഴിവില്ലാത്ത ഉപഗുപ്തനെതിരെയാണ് ഉന്നം വയ്ക്കുന്നത് .ഇത്രയുമൊക്കെ പോരേ മലയാള കവിതയിൽ വലിയ വിപ്ളവം സൃഷ്ടിക്കാൻ ?

സ്ഥൂലവും ബാഹ്യവുമായ വസ്തുതകളെ അതിവൈകാരികതയോടെ  എഴുതുന്നവരെ ഇന്നു നാം  കാണുന്നുണ്ട്. അവർ രചനയിൽ സ്വന്തമായി ഒന്നും സംഭാവന ചെയ്യുന്നില്ല .മറിച്ച് ,ആശാൻ ബാഹ്യ വസ്തുക്കളെ അതേനിലയിൽ എടുക്കാതെ ,ആത്മീയതയുടെ സ്റ്റെതസ്കോപ്പുകൊണ്ട് പരിശോധിച്ച് ആവശ്യമായത് എടുത്ത് നവീനമാക്കി.

വസ്തുതയുടെ ആത്മാവിനനുസരിച്ചു നവസംവേദനപാതകൾ തിരഞ്ഞെടുത്തു. കവിതയിൽ സാമൂഹികവിഷയങ്ങൾ അവതരിപ്പിച്ചപ്പോഴൊക്കെ ഈ പ്രതിഭ നക്ഷത്രത്തെ പോലെ തിളങ്ങി.'ചണ്ഡാലഭിക്ഷുകി'യിൽ ജാതിചിന്ത എന്ന ചരടു പൊട്ടിച്ചു തീയിലിട്ടു .വെള്ളം കുടിക്കുന്നതിൽ പോലും ജാതിയുണ്ടെങ്കിൽ അത് മഹത്വമല്ല, പതനമാണെന്ന് വിളിച്ചു പറഞ്ഞു.സംസ്കാരചിത്തരാവൂ എന്ന ആഹ്വാനമായിരുന്നു അത്. ദാഹിക്കുന്നവന് വെള്ളം കൊടുക്കൂ എന്ന് ഒരു കവിക്ക് പറയേണ്ടി വന്നു.
ഭക്ഷ്യവസ്തുക്കൾക്ക് ജാതിയുണ്ടോ? ഒരു ഗ്ലാസ് വെള്ളത്തിനു ജാതിയില്ല. എന്നാൽ അത് ആര് ആർക്ക് കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ജാതിയുണ്ടാകുന്നു! .വെള്ളത്തെയും നാം അപമാനിക്കുന്നു.

ഈ കവി കവിതയിലൂടെ പ്രാപഞ്ചികസാരമാണ് തേടിയത്. സൂക്ഷ്മതകൾ ഒന്നൊന്നായി തിരഞ്ഞ് ചെല്ലുന്നത് കാണാം.'കരുണ'യിൽ ലൈംഗികതയെ തോൽപ്പിക്കുന്ന പ്രണയത്തെയാണ് കാണുന്നത്. ഒരു വേശ്യക്ക് ഗാഢവും ശുദ്ധവും തീക്ഷ്ണവുമായ പ്രേമമുണ്ടാകുന്നത് കാരുണ്യമായാണ് മനസ്സിലാക്കേണ്ടത്.
പ്രണയം ഒന്നും നേടാനല്ല; അത് മനസ്സിൻ്റെ കരുണാർദ്രമായ ഒരാശ്ളേഷമാണ്. വിഷാദത്തെ സകലതിലും ദർശിച്ച ആശാൻ ലോകത്തിൻ്റെ ഭാവിയെ കവിതയിലൂടെ പ്രവചിച്ചു. പ്രണയത്തിൻ്റെ ശുദ്ധവും സുതാര്യവുമായ അംശം കണ്ടെത്തുന്നതിനാണ് കവി കാമത്തെ ,ശരീരത്തെ വിട്ട് മറ്റൊരു അസ്തിത്വം തേടുന്നത്. കാമത്തിലൂടെ അറിയാനാവാത്ത പ്രണയമുണ്ട്.

വീണപൂവ് പ്രസിദ്ധീകരിച്ചതോടെ പരമ്പരാഗത കാവ്യരൂപങ്ങളായ
മുക്തകങ്ങൾ ,ചമ്പുക്കൾ, മണിപ്രവാളം, സന്ദേശകാവ്യങ്ങൾ, തുള്ളൽക്കവിതകൾ ,ആട്ടക്കഥകൾ ,തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ടു.
പകരം ,ആശാൻ ഭാരതത്തിൻ്റെ ഇനിയും കണ്ടെത്താത്ത സൗന്ദര്യ സമസ്യകളിലേക്ക് വായനക്കാരെ ക്ഷണിച്ചു. നളിനിയിലെ നായിക പ്രണയത്തിനു വേണ്ടി തപസ്വിയാകുന്നു. പ്രണയത്തെയും തപസ്സിനെയും അടുത്തടുത്ത് നിർത്തുകയാണ്. അദ്വൈതവും ബുദ്ധദർശനവും സമന്വയിക്കുകയാണ്.
ദൈവവും വൈയക്തികതയും ഒന്നിച്ചു ചേരുകയാണ്. കവിയുടെ ദിവാകരൻ ജ്ഞാനഭിക്ഷു മാത്രമല്ല, ലോകസേവകനുമാണ്. പ്രണയം ,തപസ്സ് ,ലോകസേവ എന്നിവയെല്ലാം ഒരാളിൽ കേന്ദ്രീകരിക്കുമ്പോൾ മാനുഷികതയ്ക്ക് പുതിയ അർത്ഥം ലഭിക്കുകയാണ്.
'ദുരവസ്ഥ'യിൽ മതാന്ധതയ്ക്കെതിരെ കവി ഗർജിക്കുന്നു. ആ ഗർജനം കാടിളക്കാൻ പോന്നതായിരുന്നു. ഇന്നത്തെ കവികൾക്ക് ഇങ്ങനെയൊന്നും എഴുതാൻ കഴിയില്ല.


ആശാൻ



കുട്ടികൃഷ്ണമാരാരും ജോസഫ് മുണ്ടശ്ശേരിയും എഴുത്തച്ഛനെക്കുറിച്ച് മൗനം പാലിക്കുമ്പോൾ ആശാനെ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്യുകയാണ്. 'പ്രയാണം 'എന്ന കൃതിയിൽ മുണ്ടശ്ശേരി, ആശാനെ മറ്റെല്ലാ മലയാളകവികൾക്കും മുകളിലാണ് നിർത്തുന്നത്. ആശാൻ വിപ്ളവകാരിയാണ്. കുഞ്ചൻ നമ്പ്യാർക്ക് ദാർശനികതയും നർമ്മവും കവിത്വവുമുണ്ടെങ്കിലും ആശാനെ പോലെ എന്നും നവീനത നിലനിർത്താനാവുന്നില്ല. എഴുത്തച്ഛൻ പുരാണങ്ങളുടെ സംഗ്രഹീത പുനരാഖ്യാനങ്ങളിലൂടെ വേദാന്തവും ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ചു. പക്ഷേ ,അനീതിക്കെതിരെ പൊരുതുകയും ഏറ്റവും മഹത്തായ മനുഷ്യത്വത്തെ തേടുകയും ചെയ്യുന്ന ആശാനുമായി താരതമ്യമില്ല.
കുമാരനാശാൻ്റെ നൂറ്റിയമ്പതാം ജന്മ ദിനത്തിൽ പ്രഗത്ഭനായ കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു എന്ന ആഹ്ളാദമുണ്ട്. ആശാനെ അറിയുക എന്ന ആഹ്വാനമാണ് ഈ ചിത്രം.


Tuesday, October 3, 2023

മറഞ്ഞിരിക്കുന്നതിൻ്റെ മറ മാറ്റുന്നതാണ് എഴുത്ത് :എം.കെ.ഹരികുമാർ


തലയോലപ്പറമ്പ് മുദ്ര സൊസൈറ്റിയുടെ ബഷീർ അവാർഡ് സമർപ്പണ ചടങ്ങിൽ എം.കെ. ഹരികുമാർ പ്രഭാഷണം നടത്തുന്നു

റിപ്പോർട്ട് :എൻ.രവി

തലയോലപ്പറമ്പ് :മറഞ്ഞിരിക്കുന്നതിന്റെ മറ മാറ്റി കാണിക്കുകയാണ് യഥാർത്ഥ സാഹിത്യരചനലൂടെ ഉദ്ദേശിക്കുന്നതെന്ന് വിമർശകനും എഴുത്തുകാരനും കോളമിസ്റ്റുമായ എം. കെ .ഹരികുമാർ അഭിപ്രായപ്പെട്ടു.

തലയോലപ്പറമ്പ് മുദ്ര ആർട്സ് സൊസൈറ്റിയുടെ വൈക്കം മുഹമ്മദ് ബഷീർ കഥാപുരസ്കാര സമർപ്പണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു സിനിമയ്ക്ക് കഥ പറയാൻ ഏതൊരാൾക്കും കഴിയും.കഥയില്ലാത്ത മനുഷ്യരില്ല. സ്വന്തം ജീവിതത്തിലെ അസുഖകരമായ സംഭവങ്ങളിൽ പോലും ഒരു കഥയുണ്ട്. എന്നാൽ കഥ പറയുന്നതും എഴുതുന്നതും തമ്മിൽ വ്യത്യാസമുണ്ട്. രചന ഒരാവിഷ്കാരമാണ്. അത് മറഞ്ഞിരിക്കുന്നതിൻ്റെ നേർക്കുള്ള നോട്ടമാണ് .മറ മാറ്റണം. മറഞ്ഞിരിക്കുന്നത് കാണാൻ പ്രയാസമാകയാൽ എഴുതുമ്പോൾ അത് പ്രത്യക്ഷമാകണം. എഴുതുക എന്നാൽ പുതിയതൊന്ന് കാണിച്ചു തരിക എന്നാണർത്ഥമാക്കേണ്ടത്. അതുകൊണ്ടാണ് എഴുതേണ്ടി വരുന്നത് -ഹരികുമാർ പറഞ്ഞു .

പലരും പൂർവകാല സാഹിത്യരചനകളെ ആവർത്തിക്കുന്നവരാണ്. അവർ കഥ എന്ന മാധ്യമത്തിൽ ഒന്നും തന്നെ സംഭാവന ചെയ്യുന്നില്ല. മൺമറഞ്ഞുപോയ എഴുത്തുകാരുടെ ശൈലിയും പ്രമേയവും ആവർത്തിക്കുന്നവരെയാണ് ഇന്ന് കൂടുതലും കാണുന്നത്. അവർ എഴുത്തിനെ ഗൗരവമായെടുക്കുന്നില്ല. എന്നാൽ ഇത്തരം രചനകൾ രാഷ്ട്രീയപക്ഷപാതിത്വത്തിൻ്റെ പേരിൽ നാടൊട്ടുക്ക് ചർച്ച ചെയ്യുന്നതായി നാം കാണുന്നു. സാഹിത്യരചനയുടെ സൗന്ദര്യപ്രശ്നങ്ങളോ ദാർശനികമായ ചിന്തകളോ ഇന്ന് ഒരിടത്തും ചർച്ച ചെയ്യുന്നില്ല. രാഷ്ട്രീയത്തിലെ പാർട്ടിക്കൂറും പാർട്ടി പക്ഷപാതിത്വവുമാണ് എഴുത്തുകാർ അമിതമായി പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത്. ആ പ്രകടനത്തിലൂടെ രാഷ്ട്രീയപക്ഷമുള്ളവരുടെ പ്രീതി സമ്പാദിക്കുകയാണ് ലക്ഷ്യം. സാഹിത്യമോ അതിന്റെ ആന്തരികമായ മൂല്യങ്ങളോ ചർച്ച ചെയ്യാനാവാത്ത വിധം നമ്മുടെ ബോധമണ്ഡലം രാഷ്ട്രീയപക്ഷപാതിത്വത്തിന്റെ അതിപ്രസരത്തിൽ മുങ്ങിയിരിക്കുകയാണ്. ഒരു കഥയെഴുതപ്പെട്ടാൽ ,ലേഖനം എഴുതപ്പെട്ടാൽ അത് നിഷ്കൃഷ്ടമായി വിലയിരുത്തപ്പെടാനുള്ള ഒരു സാഹചര്യവുമില്ല .അതിൻ്റെ ആവശ്യമില്ലാത്തവിധം വായനയുടെ ആഴം കുറഞ്ഞിരിക്കുന്നു. ഇതാണ് ഇന്ന് നാം നേരിടുന്ന പ്രശ്നം – ഹരികുമാർ പറഞ്ഞു .

കെ.ആർ .സുശീലൻ്റെ ‘മുഖചിത്രങ്ങൾ’ എന്ന കവിതാസമാഹാരം മോൻസ് ജോസഫ് എം.എൽ.എ യ്ക്ക് നല്കി എം.കെ.ഹരികുമാർ പ്രകാശനം ചെയ്യുന്നു. കെ.ആർ. സുശീലൻ ,ബേബി ടി കുര്യൻ ,കെ .എസ്. വിനോദ്,കെ.വി.പ്രദീപ്കുമാർ സമീപം .

ടെലിവിഷൻ ചാനലുകളുടെയും ഓൺലൈൻ ,യു ട്യൂബ് മാധ്യമങ്ങളുടെയും തത്സമയ , ഉപരിപ്ലവ നിലപാടുകൾ യാഥാർത്ഥ്യത്തെ അട്ടിമറിച്ചിരിക്കുകയാണ്. വായനക്കാരുടെ ,പ്രേക്ഷകരുടെ മനോനിലയെ മറ്റൊരു അയഥാർത്ഥ വഴിയിലൂടെ കടത്തിവിടുകയാണ്. യാഥാർത്ഥ്യം ഏതെന്ന് ശങ്കയുണ്ടാക്കുന്ന വിധമാണ് വാർത്തകളും പരസ്യങ്ങളും വന്നു നിറയുന്നത്. വാർത്താചാനലിൻ്റെ പരസ്യത്തിനു അതിന്റെ അവതാരകരുടെ ഫോട്ടോയാണ് കൊടുക്കുന്നത് .വാർത്തയുടെ പരസ്യമാണോ ,വാർത്താചാനലിന്റെ പരസ്യമാണോ ഇതെന്നു ചിന്തിക്കാൻ പോലും കഴിയാത്ത വിധം പ്രേക്ഷകൻ്റെ മനോനിലയെ വഴിമാറ്റുകയാണ്. നിയമസഭാമന്ദിരത്തിൽ ഒരു പ്രവാസിവനിത കയറിയതും ഒരു നിയമസഭാസാമാജികൻ സഞ്ചാരത്തിനിടയിൽ ഒരു ഹോട്ടലിൽ കയറി മുട്ടക്കറി കഴിച്ചതും അതിൻ്റെ വിലയെക്കുറിച്ച് തർക്കിച്ചതും പരാതി കൊടുത്തതും എല്ലാം പ്രൈം ടൈമിൽ ചർച്ച ചെയ്യുകയാണ്. എന്തിനാണ് ഈ ചർച്ചയെന്നു ആലോചിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് കാണികളെ എത്തിച്ചിരിക്കുന്നു. അവർ മുട്ടക്കറിയെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ച കണ്ടേ മതിയാകൂ. ഇതാണ് തങ്ങളുടെ ജീവിതത്തെ ബാധിച്ച യഥാർത്ഥ പ്രശ്നമെന്ന് അവർ ധരിച്ചു കൊള്ളണമെന്നാണ് ചാനലുകളുടെ നിലപാട്. കാണികളെ അവരുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് മാറ്റിനിർത്തി, കൃത്രിമവും വ്യാജവുമായ ഒരു വസ്തുത അടിച്ചേൽപ്പിക്കുന്നു. ഇങ്ങനെ വ്യാജയാഥാർത്ഥ്യങ്ങളാണ് ഇന്ന് സൃഷ്ടിക്കപ്പെടുന്നത്. ഒരു കലാകാരനെയോ ഗായകനെയോ നടനെയോ ഈ രീതിയിൽ സ്ഥാപനങ്ങൾക്കും പരസ്യങ്ങൾക്കും ചാനലുകൾക്കും നിർമ്മിച്ചെടുക്കാൻ സാധിക്കും. ഇപ്പോൾ സാഹിത്യത്തിലും ഇതു കാണാം .അവർ പ്രതിഭയെയല്ല, വ്യക്തിയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളാണ് അവതരിപ്പിക്കുന്നത്. ഒരു നടനെ തുടരെ കാണിച്ചുകൊണ്ട് നാട്യകലയെക്കുറിച്ചുള്ള ചിന്ത ഇല്ലാതാക്കുന്നു. നടനെ മാത്രം കണ്ടാൽ മതി ,നാട്യകലാവൈഭവമൊന്നും വേണ്ട. യാഥാർത്ഥ്യം വെറുമൊരു സങ്കല്പമാണിന്ന്. യാഥാർത്ഥ്യങ്ങൾ അട്ടിമറിക്കപ്പെട്ടതോടെ അഭിരുചികളും തമസ്കരിക്കപ്പെട്ടു. ഇവിടെ ഞാൻ തിരഞ്ഞെടുത്ത കഥയ്ക്കാണ് ബഷീർ പുരസ്കാരം നൽകിയിട്ടുള്ളത്. സംഘാടകർ എന്നെ മാത്രമാണ് ആ ജോലി ഏൽപ്പിച്ചത്. അവർ അയച്ചു തന്ന പത്ത് കഥകളിൽ നിന്ന് ഞാൻ ഒരെണ്ണം തിരഞ്ഞെടുത്തു .ഇത് എന്റെ അഭിരുചിയുടെ പ്രശ്നമാണ്. ഒരു അഭിരുചിയുള്ളതുകൊണ്ടാണ് അതിനിണങ്ങുന്ന ഒരു കഥ തിരഞ്ഞെടുത്തത്. അഭിരുചിയില്ലാത്ത യാളാണെങ്കിൽ ഏതു കഥയും പുരസ്കാരത്തിന് യോഗ്യമാണ്. അഭിരുചികൾ ഇല്ലാതായ കാലമാണിത്. അതുകൊണ്ടാണ് യാതൊരു മേന്മയുമില്ലാത്ത കൃതികൾ പ്രസാധകരും രാഷ്ട്രീയസംഘടനകളും ഏറ്റെടുത്ത് വിജയിപ്പിക്കുന്നത് -ഹരികുമാർ ചൂണ്ടിക്കാട്ടി .

എഴുത്തുകാരന്റെ ഭാഷ ആരെയെങ്കിലും സുഖിക്കാനുള്ളതല്ല. എല്ലാവരെയും സന്തോഷിപ്പിക്കുകയല്ല ലക്ഷ്യം. എല്ലാവരെയും പ്രീണിപ്പിക്കാൻ വേണ്ടി എഴുതുന്നവർ ഉപരിപ്ളവമായ കാഴ്ചകളാണ് കാണുന്നത്. അവരുടെ ഭാഷയ്ക്ക് ആഴമുണ്ടാവില്ല. എഴുത്തുകാരന്റെ ഭാഷ മാംസത്തിൽ തുളച്ചുകയറുന്ന കത്തി പോലെയാണ്. അതിനു സൂക്ഷ്മതയും തീവ്രതയും നിശിതമായ മനോഭാവവും വേണം. അത് അനുരഞ്ജനപ്പെടരുത്. അത് സത്യത്തെ മണ്ണിനടിയിൽ നിന്ന് മാന്തിയെടുക്കാനുള്ളതാണ്. മണ്ണിനടിയിൽ അടക്കം ചെയ്ത ശവം മാന്തിയെടുക്കുന്ന നായയെപ്പോലെയാവണം ഭാഷ. അത് നിർദ്ദയമായ അതിൻ്റെ കർമ്മത്തിൽ മുഴുകേണ്ടതാണ്. ആഴമേറിയ ഇടങ്ങളിലേക്ക് ഭാഷ കടന്നുചെല്ലണം. മണ്ണിൻ്റെ അടിയിലേക്ക് കുഴിച്ചു ചെന്നാൽ വെള്ളം ഒഴുകുന്ന ഒരു ചാൽ കാണാം. അതുപോലെ സത്യത്തിന്റെ നീർച്ചാൽ കാണാൻ മനസ്സിന്റെ അടിയിലേക്ക് കുഴിക്കണം. അപ്പോഴാണ് നല്ല കഥയെഴുതാനാവുന്നത് -ഹരികുമാർ പറഞ്ഞു.

കെ.ആർ.സുശീലന്റെ ‘മുഖചിത്രങ്ങൾ ‘(അക്ഷരദീപം പബ്ളിക്കേഷൻസ്,ആലുവ,9496989165)
എന്ന കവിതാസമാഹാരം എം.കെ.ഹരികുമാർ മോൻസ് ജോസഫ് എം.എൽ എക്ക് നൽകി പ്രകാശനം ചെയ്തു .”വൈക്കത്തെക്കുറിച്ച് ധാരാളം റിപ്പോർട്ടുകൾ എഴുതിയ സുശീലനു വൈക്കത്തിന്റെ സാംസ്കാരിക ജീവിതത്തിൽ ഒരിടമുണ്ട്. സുശീലൻ ദാർശനിക ചിന്തകളുള്ള കവിയാണ്. മൃത്യുവിനെയും പ്രേമത്തെയും സമന്വയിപ്പിക്കുന്ന ഈ കവിയുടെ ചില വരികൾ അതിശയിപ്പിച്ചു .’ആദിബീജം’ എന്ന കവിതയിലെ ഈ വരികൾ നോക്കുക:

“ഞാനൊരേകാന്ത പഥികൻ
സർവവുമെൻ്റേതെന്നു കരുതിയൊടുവിലതെല്ലാം
എന്റേതല്ലെന്നറിഞ്ഞൊരു പാവം
എന്റേതല്ലയീ നീലനഭസ്സും
എൻ്റേതല്ലയീ സൂര്യനും ചന്ദ്രനും
എൻ്റേതല്ലയീ ഭൂമിയും സ്വർഗവും
എൻ്റേതല്ലയീ വീടും കുടുംബവും
എൻ്റേതെന്നു ഭ്രമിച്ചവയൊക്കെയും
എൻ്റേതല്ലെന്നറിഞ്ഞൊരു പാവം! “

ജീവിതത്തിൻ്റെ ശാശ്വതസത്യം മിഥ്യയാണ്. ആ മിഥ്യയുടെ ദർശനത്തിലേക്കാണ് സുശീലൻ്റെ കവിത സഞ്ചരിക്കുന്നത് .എല്ലാ വ്യർത്ഥതകളും തന്നിലേക്ക് വരുന്നുവെന്ന് തിരിച്ചറിയുന്നത് ഒരു കവിയുടെ വിജയമാണ്. അവിടെയാണ് സുശീലൻ്റെ കവിതകൾ വായിക്കപ്പെടേണ്ടത്. ” -ഹരികുമാർ പറഞ്ഞു.

യു.വി.ജിതിൻ രചിച്ച ‘രക്തസാക്ഷിക്കുന്ന്’ എന്ന കഥയ്ക്കാണ് മുദ്രാ സൊസൈറ്റിയുടെ അവാർഡ് ലഭിച്ചത്. മോൻസ് ജോസഫ് എം.എൽ.എ അവാർഡ് സമ്മാനിച്ചു. മികച്ച അഞ്ചു കഥകൾ എഴുതിയവർക്ക് മെരിറ്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മുദ്ര പ്രസിഡൻറ് കെ .എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. മുദ്ര ആൻഡ് ബഷീർ ഫൗണ്ടേഷൻ ചെയർമാൻ കെ.വി.പ്രദീപ്കുമാർ ,മുദ്ര ജോയിൻ്റ് സെക്രട്ടറി എ. കെ. മണി, സി.എച്ച് വാസുദേവൻ പിള്ള ,ബേബി ടി കുര്യൻ എന്നിവർ പങ്കെടുത്തു.