Followers

Wednesday, March 27, 2024

ജാതിയില്ലാത്തവരുടെ റിപ്പബ്ളിക്ക് /എം.കെ.ഹരികുമാർ






ഒരു വലിയ കവി എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാൽ അതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് കുമാരനാശാൻ്റെ (1873 ഏപ്രിൽ 12-1924 ജനുവരി 16) ജീവിതം. സാമൂഹ്യമനുഷ്യനായി ഒരാൾ  രൂപാന്തരപ്പെടുകയും സമൂഹത്തിൻ്റെ  രോഗങ്ങളെ ചികിത്സിക്കുന്ന ആത്മീയ ഭിഷഗ്വരനായി മാറുകയും ചെയ്യുന്ന അത്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത്. എല്ലാ കവികളും സാമൂഹ്യ മനുഷ്യരല്ല .അവർ അകന്നു മാറുന്നവരാണ്. എത്ര പ്രകൃതിസ്നേഹമുണ്ടായാലും ,നമ്മൾ എഴുതുന്നത് കന്നുകാലികളെയോ പക്ഷികളെയോ വായിച്ചു കേൾപ്പിക്കാനാവില്ല. മനുഷ്യൻ തന്നെ വേണം ,പ്രണയമുള്ള മനുഷ്യൻ. ആശാനിൽ അതിഭാവുകത്വമില്ല .ഭാവുകത്വമേയുള്ളു. ഭാവുകത്വത്തെ പരിവർത്തനപ്പെടുത്തിയ കവിയാണ് ആശാൻ. അങ്ങനെയുള്ളവർ നൂറ്റാണ്ടിൽ തന്നെ വിരളമാണ്. ശീലിച്ച ഭാഷയിൽ നിന്ന്, ആലോചനകളിൽ നിന്ന് ,വഴക്കങ്ങളിൽ നിന്ന്, വീക്ഷണങ്ങളിൽ നിന്ന്, രുചികളിൽ നിന്ന് സമൂലമായ ഒരു മാറ്റം കൊണ്ടുവരുന്ന കവിയാണ് ഭാവുകത്വത്തെ മാറ്റുന്നവനായി അറിയപ്പെടുന്നത്. മാറ്റുവിൻ ചട്ടങ്ങളെ എന്നു പറഞ്ഞത് ,സാമൂഹ്യരാഷ്ട്രീയ അനാചാരങ്ങളെ മാത്രം ഉദ്ദേശിച്ചല്ല; കവിതയുടെ ജീർണതയെയും ലക്ഷൃം വച്ചിരുന്നു. കവിത ജീർണിക്കുന്നത് കവികളെല്ലാം ഒരുപോലെ ചിന്തിക്കുമ്പോഴാണ്. എല്ലാവരും ഒരേ വൃത്തത്തിനുള്ളിൽ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഭാവുകത്വമില്ല .പുതിയ ഒരു അഭിരുചിയുടെ പ്രസക്തി തന്നെ ഇല്ലാതാവുന്നു.

ആശാൻ അഭിരുചിയെ നവീകരിച്ചു. 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുന്നത് വിസ്മയങ്ങളുടെ ആകാശത്തെ ഭേദിച്ചുകൊണ്ട് അന്തരാത്മാവ് സൂചിമുഖി പക്ഷിയെപ്പോലെ പറക്കുന്ന അനുഭവം തരുകയാണ്. ആശാന് മുമ്പായിരുന്നെങ്കിൽ ഒരു കവി അങ്ങനെ പ്രയോഗിക്കില്ല ;പകരം അന്തമറ്റ നക്ഷത്രസമൂഹങ്ങളേ എന്നേ  വിളിക്കൂ .അല്ലെങ്കിൽ അനശ്വരതാരകങ്ങളെ എന്നു വിളിക്കും.
എന്നാൽ 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുമ്പോൾ അതിൽ ഒരു മിസ്റ്റിക് പ്രഭാവം കൈവരുന്നു .പ്രപഞ്ച നിഗൂഢതയുടെ നേർക്കുള്ള   വ്യക്തിനിഷ്ഠമായ വിലാപവും അതിശയവുമാണത്. 'ആ നല്ല ഹൈമവതഭൂവിൽ ' എന്ന് ആശാനു മാത്രമേ എഴുതാനൊക്കൂ. എന്തിനാണ് നല്ല എന്നു പ്രയോഗിച്ചത് ?അതിൽ പുരാതനത്വത്തിൻ്റെ അവിഭാജ്യമായ നന്മകൾ അടങ്ങിയിരിക്കുന്നു. പരിശുദ്ധവും അചുംബിതവുമായ പ്രകൃതിയെ ഒരു ചെറിയ വാക്കു കൊണ്ട് ഒപ്പിയെടുക്കുകയാണ്.

മറ്റൊരു രാഗം

പ്രകൃതി മനുഷ്യനാൽ നശ്വരമാക്കപ്പെട്ടതല്ല.; അത് നല്ല പ്രകൃതത്തിലുള്ളതാണ്. മനുഷ്യൻ്റെ മനസ്സിനെ വിശുദ്ധമാക്കുന്ന തരത്തിൽ ഹൈമവതഭൂവ് എന്ന പ്രയോഗത്തിൽ നവീനതയുണ്ട് .വേറെ വല്ല എഴുത്തുകാരായിരുന്നെങ്കിൽ ഹിമാലയ താഴ്വരകൾ എന്നേ എഴുതൂ. എന്നാൽ ആശാന് ഭാഷ മറ്റൊരു രാഗമാണ്. അത് സംഗീതമാണ് ,പ്രാപഞ്ചികതയുടെ ഏതോ കോണിൽ നിന്നു വരുന്ന രാഗം .
'നളിനി ' ഈ ഭാഗം നോക്കൂ:

സ്വന്തകർമ്മവശരായ് തിരിഞ്ഞിടു -
ന്നന്തമറ്റ ബഹുജീവകോടികൾ ,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണ് നാം "

ഓരോ ജീവിയും കർമ്മവിവശരായി നട്ടം തിരിയുകയാണ്. അവയ്ക്കിടയിലുള്ള ദുരൂഹമായ വഴികളിൽ വച്ച് നാം യാദൃച്ഛികമായി കണ്ടുമുട്ടുന്നു ,വേർപിരിയുന്നു .ഇതല്ലേ ജീവിതം ?

ഭാഷയുടെ അദൃശ്യതയിൽ ഒരു കവിയെ കാത്തിരിക്കുന്ന പലതുമുണ്ട്.  എന്തുകൊണ്ടാണ് ആശാൻ പുതിയ ഭാഷ സൃഷ്ടിച്ചത് ?അങ്ങനെയേ അനുഭവങ്ങളുടെ അന്തർ മണ്ഡലത്തിലേക്ക് കടക്കാനാവൂ.
ലോകത്തെ തൻ്റേത് മാത്രമായി കാണാനാവണം. അപ്പോഴാണ് ഭാഷയുണ്ടാവുന്നത്. മറ്റുള്ളവരുടെ മൂശയിൽ കയറിയിരിക്കുന്നവൻ അനുകർത്താവാണ്‌ .എല്ലാവർക്കും അറിയാവുന്ന മൂല്യങ്ങളെ വല്ലാതങ്ങ് വാഴ്ത്താൻ ആശാൻ തയ്യാറായിട്ടില്ല. നമ്മുടെ കവിതയിൽ അമ്മ ,അച്ഛൻ ബിംബങ്ങളൊക്കെ എടുത്തിട്ട് അലക്കി ബോറടിപ്പിക്കുന്നതിന് കാരണം ആവർത്തിക്കപ്പെട്ട ആശയങ്ങളിൽ  ഗത്യന്തരമില്ലാതെ കവികൾ ചുറ്റിത്തിരിയുന്നതുകൊണ്ടാണ്.

ആശാൻ തൊട്ടതെല്ലാം പുതിയതായി. 1907 ലാണല്ലോ 'വീണപൂവ്' പ്രസിദ്ധീകരിക്കുന്നത്. ആരും തന്നെ പ്രമേയമാക്കുകയില്ല ,വീണു  കിടക്കുന്ന ഒരു പൂവിനെ. ഒരു പെണ്ണിനെ ലൈംഗികച്ചുവയോടെ വർണ്ണിച്ചാൽ പെട്ടെന്ന് കവിത വിൽക്കാവുന്ന കാലമായിരുന്നല്ലോ അത്‌. എന്നാൽ കൊൽക്കത്തയിൽ പോയി കൂടുതൽ പഠിച്ച് മടങ്ങിയെത്തിയ ആശാൻ ആഗോളതലത്തിൽ കാവ്യശാഖയെ മറ്റൊരു മാനത്തിൽ സമീപിക്കുന്നു എന്നാണ് 'വീണപൂവി'ൽ നിന്ന് നാം മനസ്സിലാക്കുന്നത്. വീണപൂവ് ഒരു കാമുകിയുടെ പ്രതീകമാണെന്ന് ചില പ്രൊഫസർമാർ പറഞ്ഞിട്ടുണ്ട്; തെറ്റാണത്. കാമുകിയെ ആരെങ്കിലും വീണു കിടന്നു ജീർണിക്കാൻ പോകുന്ന പൂവായി സങ്കല്പിക്കുമോ ? വീണപൂവ് ഒരു വസ്തുവിനെ അതിൻ്റെ അനന്യതയിൽ നോക്കിക്കാണുകയാണ് ചെയ്യുന്നത്. പൂവ് പൂവ് മാത്രമാണ്, പ്രതീകമല്ല. പൂവിനു മറ്റൊന്നും ആകേണ്ട .ലോകത്തിലെ ഓരോ വസ്തുവിനും ഇങ്ങനെ തനിച്ചൊരു ജീവിതമുണ്ട്. പൂവ് പൂവിൽ തന്നെ അവസാനിക്കുന്നു. അതിൽ ഈ ലോകജീവിതത്തിൻ്റെ സാരം തേടുകയാണ് കവി.

എല്ലാം ശുദ്ധമാക്കുന്ന പ്രേമം

പ്രണയത്തെ മനുഷ്യാത്മാവിൻ്റെ  ഏറ്റവും ഉയർന്ന വിതാനമായി കാണാനാണ് ആശാൻ ഇഷ്ടപ്പെടുന്നത്. നളിനി ,ലീല എന്നീ കാവ്യങ്ങളിലൂടെ അത് തെളിയിച്ചു. 'ലീല'യിലെ പ്രണയം എങ്ങനെയാണ് മാംസത്തിൻ്റെയും കാമത്തിൻ്റെയും വിളികൾക്കപ്പുറത്ത് യഥാർത്ഥവും അന്തര്യാമിയുമായ ഒരു മൗലികഭാവത്തിൽ എത്തുന്നത്. അത് ശുദ്ധമായ മനുഷ്യാത്മാവിൻ്റെ ഒരു സാധ്യതയാണ് .ചിലപ്പോൾ നമുക്ക് സ്വയം വിമലീകരിക്കാൻ പ്രേമം വേണം.  എല്ലാ ലൗകികമോഹങ്ങളും മിഥ്യകളാവുകയും അതിനപ്പുറത്തുള്ള ചില മൂല്യങ്ങൾ അനിവാര്യമായി നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ട്.
ശരീരം അനുനിമിഷം ദുർബ്ബലമാകുന്നതാണ്. എന്നാൽ അതിനുള്ളിലും ചേതനയോടെ ഒരു ജീവി ത്രസിക്കുന്നുണ്ട്‌. ആ ജീവി
ജീവിതത്തിൻ്റെ ഭാഗധേയത്തെക്കുറിച്ച് ചിന്തിക്കുന്നു.

ആശാൻ്റെ പ്രണയത്തിൽ സന്യാസമുണ്ട്. നിളിനിയിൽ അത് വ്യക്തമാണ്. പ്രണയമകലുമ്പോൾ സന്യാസതുല്യമായ ശാന്തതയും വിരക്തിയുമുണ്ടാവുകയാണ്. പ്രണയം  ആത്മീയമായ ഒരു വിമോചനവും അറിവുമായി മാറുന്നു .ജീവിതത്തിൽ തികച്ചും പ്രായോഗികമായ രാഷ്ട്രീയാദർശനങ്ങളാണ് ആശാൻ ഉയർത്തിയത്. അതിൻ്റെ കാതൽ നിസ്സീമമായ മനുഷ്യത്വവും ഉണർവ്വുമാണ്. ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കെട്ടുകൾക്ക് പുറത്താണ് താൻ എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടാണ് ആശാൻ ശ്രീനാരായണഗുരുവിൻ്റെ ധർമ്മങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറായത്. കൂടുതൽ നല്ല മനുഷ്യനാവുക എന്ന പ്രലോഭനത്തിൽ നിന്നു ഹൃദയാലുവായ ആശാന് ഒഴിഞ്ഞുനില്ക്കാനാവില്ലായിരുന്നു. 'വിവേകോദയം' മാസികയുടെ പത്രാധിപരായിരുന്നത് അതുകൊണ്ടാണ്‌.

തൻ്റെ കാലഘട്ടത്തിലെ ബൗദ്ധികജീവിതത്തിൻ്റെ ഉന്നതമായ ഒരു ദിശാസൂചിയാകാൻ ഈ കവി  നിയുക്തനായി. കായിക്കരയിലെ കുമാരൻ ആശാനാകുന്നത് അങ്ങനെയാണ്. പ്രബുദ്ധതയുടെ ഐകമത്യം ആശാനെ  എ.ആർ .രാജരാജവർമ്മ തുടങ്ങിയ പണ്ഡിതന്മാരിലേക്ക് അടുപ്പിച്ചു. അദ്ദേഹം എ .ആറിൻ്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് 'പ്രരോദനം' എന്ന മഹത്തായ കാവ്യം എഴുതിയത് ഇതിനു ദൃഷ്ടാന്തമാണ്. ഈ പ്രബുദ്ധമനസ്സിനു ജാതിയില്ല. അതേസമയം ജൈവലോകപ്രണയവും പ്രബുദ്ധതയുമുണ്ട്. പ്രബുദ്ധതയ്ക്ക് അന്നും ഇന്നും ജാതിയില്ല. പ്രബുദ്ധതയാണ് മൂർച്ചയുള്ള വാൾ. അന്ധതയെ ആ വാൾ നിഗ്രഹിക്കുന്നു.

വാക്കുകളാകുന്ന പന്തങ്ങൾ

രാഷ്ട്രീയപ്രവർത്തനവും പത്രാധിപത്യവും ആശാനു  സ്വന്തം തൊഴിൽ ആയിരുന്നില്ല. ഉപജീവനത്തിന് ഓട് ഫാക്ടറി നടത്തുകയാണ് ചെയ്തത്. തൻ്റെ വീക്ഷണമനുസരിച്ചുള്ള ആഗോള മനുഷ്യസാഹോദര്യത്തെ ഉയർന്ന തലത്തിൽ നോക്കിക്കാണുന്ന ദർശനമാണ് ആശാൻ്റെ മൂലധനം. ശ്രീനാരായണഗുരുവിൽ നിന്ന് ബുദ്ധനിലേക്കും ബുദ്ധനിൽ നിന്ന് ഗുരുവിലേക്കും ആശാൻ സഞ്ചരിച്ചു.
അവശതയനുഭവിക്കുന്നവരോട്  അനുകമ്പയുണ്ടായിരുന്നു .അവർക്ക്   വേണ്ടിയാണ് അനീതിക്കെതിരെ നിരന്തരമായി അദ്ദേഹം വാക്കുകളാകുന്ന പന്തങ്ങൾ വീശിയെറിഞ്ഞത്.
സാഹിത്യവും സമൂഹവും രാഷ്ട്രീയവും വിപുലമായ ഒരു ശ്രേണിയിൽ എത്തുകയാണ്.

ആശാൻ്റെ ഗദ്യ ലേഖനങ്ങളിൽ സ്പന്ദിക്കുന്നത് പതിതൻ്റെ ആത്മാവാണ്. നിശ്ശബ്ദമാക്കപ്പെട്ടതിനു ഭാഷ നല്കി പുനരുജ്ജീവിപ്പിച്ച മാന്ത്രികനായി ഈ കവി മാറുന്നു.
അദ്ദേഹത്തിൻ്റെ ഗദ്യലേഖനങ്ങൾ വായിച്ച്  ആ കാലഘട്ടത്തിലെ  ഉൽപതിഷ്ണുക്കൾ ചിന്താക്കുഴപ്പം പരിഹരിച്ചു എന്ന അർത്ഥത്തിൽ ലളിതാംബിക അന്തർജനം ഒരു കഥയിൽ ആദരവോടെ സൂചിപ്പിച്ചിട്ടുണ്ട്.

ആശാൻ കവിത ബുദ്ധശരീരമാണെന്ന്  പറയട്ടെ .ദയയുള്ളവനായിരുന്നാൽ യാതന നമ്മെ ഏശുകയില്ലെന്ന ബുദ്ധദർശനമാണത്. നമ്മളിൽ എത്ര സ്നേഹമുണ്ടോ ,അത്രത്തോളം നമ്മെ ആർക്കും മുറിപ്പെടുത്താനാവില്ല. സ്നേഹാധിക്യത്തിലൂടെ നമ്മുടെ മനസ് വലുതാവുന്നു. അങ്ങനെയുള്ളവരുടെ ശരീരമാണ് ബുദ്ധശരീരം. തപസും യാതനയും ഏകാന്തതയുമെല്ലാം ആ ശരീരത്തിൽ തട്ടി പൂക്കളായിതീരുന്നു.  ലോകത്തെ മനസ്സിലാക്കാനായി ഓരോ നിമിഷവും തന്നിൽ കേന്ദ്രീകരിക്കുമ്പോൾ ബുദ്ധ ശരീരമുണ്ടാകുന്നു. അത് ലൗകികാസക്തികൾക്കപ്പുറത്ത് ഈ ലോകത്തെ സ്നേഹിക്കുകയാണ്. മഹത്വവും വിവേകവും ഒന്നിച്ചുദിക്കുകയാണ്. പാവപ്പെട്ടവരുടെയും താഴ്ന്ന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ചതുകൊണ്ട് ആശാൻ ഏറ്റവും വ്യക്തതയുള്ള ,ലക്ഷ്യബോധമുള്ള, പ്രതിബദ്ധതയുള്ള കവിയായി.

അതിനപ്പുറത്താണ് ഈ ബുദ്ധിജീവി കവിതയിൽ വലിയ വിപ്ളവം യാഥാർത്ഥ്യമാക്കിയത്. കവിതയിലെ  കളകൾ പറിച്ചു കളഞ്ഞ കവിയാണദ്ദേഹം. പഴകി ദ്രവിച്ച വിഷയങ്ങളെ നിർമ്മാർജനം ചെയ്ത അദ്ദേഹം ഉൽകൃഷ്ടമായ സംസ്കാരചിന്തകൾക്ക് കവിതയെ  എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന്  പഠിപ്പിച്ചു .കവിത നമ്മുടെ പ്രവചനാത്മകമായ അറിവാണ് .അത് നമ്മെ ആന്തരികമായി നേരെയാക്കുന്നു. കുഴഞ്ഞുമറിഞ്ഞ ഒരു ലോകത്ത് കവിത മരുന്നാണ്. അതുകൊണ്ട്  ഗൊയ്ഥെ ,മാത്യു ആർനോൾഡ് എന്നിവരെപോലെ ആശാൻ ഭാഷയിലൂടെ ചീത്ത അഭിരുചികളെയും ചിന്തകളെയും ചികിത്സിക്കുന്നതിൽ വിജയിച്ചു .
കവിതയെ ദാർശനികമാക്കുകയാണ് അതിൽ പ്രധാനം. ദാർശനികതയില്ലെങ്കിൽ കവിത വെറും പതിരായിപ്പോകും.

വെള്ളത്തിനു ജാതിയില്ല

ആശാൻ്റെ കവിത ജാതിയില്ലാത്തവരുടെ റിപ്പബ്ളിക്കാണ്. വീണപൂവ് ഒരു ജാതി ബോധത്തെയും ചൂണ്ടിക്കാണിക്കുന്നില്ല .നളിനിയും ലീലയും കേരളീയ സ്ത്രീകൾക്ക് മുന്നേ നടന്നവരാണ് .അവർക്ക് ജാതി ബോധമില്ല, ആത്മബോധമാണുള്ളത്. 'ദുരവസ്ഥ' ജാതിക്കാരെ തുരത്തുന്നു, ഗുരുവിൻ്റെ ഒരു മതം എന്ന ആശയം സ്ഥാപിക്കുന്നു.  ആശാൻ്റെ സീത ജാതിരഹിതമായ സ്ത്രീശരീരമാണ്. 'കരുണ'യിൽ സ്ത്രീയുടെ ഹൃദയം എന്ന ഏക ജാതി കാണാൻ കഴിവില്ലാത്ത ഉപഗുപ്തനെതിരെയാണ് ഉന്നം വയ്ക്കുന്നത് .ഇത്രയുമൊക്കെ പോരേ മലയാള കവിതയിൽ വലിയ വിപ്ളവം സൃഷ്ടിക്കാൻ ?

സ്ഥൂലവും ബാഹ്യവുമായ വസ്തുതകളെ അതിവൈകാരികതയോടെ  എഴുതുന്നവരെ ഇന്നു നാം  കാണുന്നുണ്ട്. അവർ രചനയിൽ സ്വന്തമായി ഒന്നും സംഭാവന ചെയ്യുന്നില്ല .മറിച്ച് ,ആശാൻ ബാഹ്യ വസ്തുക്കളെ അതേനിലയിൽ എടുക്കാതെ ,ആത്മീയതയുടെ സ്റ്റെതസ്കോപ്പുകൊണ്ട് പരിശോധിച്ച് ആവശ്യമായത് എടുത്ത് നവീനമാക്കി.

വസ്തുതയുടെ ആത്മാവിനനുസരിച്ചു നവസംവേദനപാതകൾ തിരഞ്ഞെടുത്തു. കവിതയിൽ സാമൂഹികവിഷയങ്ങൾ അവതരിപ്പിച്ചപ്പോഴൊക്കെ ഈ പ്രതിഭ നക്ഷത്രത്തെ പോലെ തിളങ്ങി.'ചണ്ഡാലഭിക്ഷുകി'യിൽ ജാതിചിന്ത എന്ന ചരടു പൊട്ടിച്ചു തീയിലിട്ടു .വെള്ളം കുടിക്കുന്നതിൽ പോലും ജാതിയുണ്ടെങ്കിൽ അത് മഹത്വമല്ല, പതനമാണെന്ന് വിളിച്ചു പറഞ്ഞു.സംസ്കാരചിത്തരാവൂ എന്ന ആഹ്വാനമായിരുന്നു അത്. ദാഹിക്കുന്നവന് വെള്ളം കൊടുക്കൂ എന്ന് ഒരു കവിക്ക് പറയേണ്ടി വന്നു.
ഭക്ഷ്യവസ്തുക്കൾക്ക് ജാതിയുണ്ടോ? ഒരു ഗ്ലാസ് വെള്ളത്തിനു ജാതിയില്ല. എന്നാൽ അത് ആര് ആർക്ക് കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ജാതിയുണ്ടാകുന്നു! .വെള്ളത്തെയും നാം അപമാനിക്കുന്നു.

ഈ കവി കവിതയിലൂടെ പ്രാപഞ്ചികസാരമാണ് തേടിയത്. സൂക്ഷ്മതകൾ ഒന്നൊന്നായി തിരഞ്ഞ് ചെല്ലുന്നത് കാണാം.'കരുണ'യിൽ ലൈംഗികതയെ തോൽപ്പിക്കുന്ന പ്രണയത്തെയാണ് കാണുന്നത്. ഒരു വേശ്യക്ക് ഗാഢവും ശുദ്ധവും തീക്ഷ്ണവുമായ പ്രേമമുണ്ടാകുന്നത് കാരുണ്യമായാണ് മനസ്സിലാക്കേണ്ടത്.
പ്രണയം ഒന്നും നേടാനല്ല; അത് മനസ്സിൻ്റെ കരുണാർദ്രമായ ഒരാശ്ളേഷമാണ്. വിഷാദത്തെ സകലതിലും ദർശിച്ച ആശാൻ ലോകത്തിൻ്റെ ഭാവിയെ കവിതയിലൂടെ പ്രവചിച്ചു. പ്രണയത്തിൻ്റെ ശുദ്ധവും സുതാര്യവുമായ അംശം കണ്ടെത്തുന്നതിനാണ് കവി കാമത്തെ ,ശരീരത്തെ വിട്ട് മറ്റൊരു അസ്തിത്വം തേടുന്നത്. കാമത്തിലൂടെ അറിയാനാവാത്ത പ്രണയമുണ്ട്.

വീണപൂവ് പ്രസിദ്ധീകരിച്ചതോടെ പരമ്പരാഗത കാവ്യരൂപങ്ങളായ
മുക്തകങ്ങൾ ,ചമ്പുക്കൾ, മണിപ്രവാളം, സന്ദേശകാവ്യങ്ങൾ, തുള്ളൽക്കവിതകൾ ,ആട്ടക്കഥകൾ ,തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ടു.
പകരം ,ആശാൻ ഭാരതത്തിൻ്റെ ഇനിയും കണ്ടെത്താത്ത സൗന്ദര്യ സമസ്യകളിലേക്ക് വായനക്കാരെ ക്ഷണിച്ചു. നളിനിയിലെ നായിക പ്രണയത്തിനു വേണ്ടി തപസ്വിയാകുന്നു. പ്രണയത്തെയും തപസ്സിനെയും അടുത്തടുത്ത് നിർത്തുകയാണ്. അദ്വൈതവും ബുദ്ധദർശനവും സമന്വയിക്കുകയാണ്.
ദൈവവും വൈയക്തികതയും ഒന്നിച്ചു ചേരുകയാണ്. കവിയുടെ ദിവാകരൻ ജ്ഞാനഭിക്ഷു മാത്രമല്ല, ലോകസേവകനുമാണ്. പ്രണയം ,തപസ്സ് ,ലോകസേവ എന്നിവയെല്ലാം ഒരാളിൽ കേന്ദ്രീകരിക്കുമ്പോൾ മാനുഷികതയ്ക്ക് പുതിയ അർത്ഥം ലഭിക്കുകയാണ്.

'ദുരവസ്ഥ'യിൽ മതാന്ധതയ്ക്കെതിരെ കവി ഗർജിക്കുന്നു. ആ ഗർജനം കാടിളക്കാൻ പോന്നതായിരുന്നു. ഇന്നത്തെ കവികൾക്ക് ഇങ്ങനെയൊന്നും എഴുതാൻ കഴിയില്ല.

കുട്ടികൃഷ്ണമാരാരും ജോസഫ് മുണ്ടശ്ശേരിയും എഴുത്തച്ഛനെക്കുറിച്ച് മൗനം പാലിക്കുമ്പോൾ ആശാനെ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്യുകയാണ്. 'പ്രയാണം 'എന്ന കൃതിയിൽ മുണ്ടശ്ശേരി, ആശാനെ മറ്റെല്ലാ മലയാളകവികൾക്കും മുകളിലാണ് നിർത്തുന്നത്. ആശാൻ വിപ്ളവകാരിയാണ്. കുഞ്ചൻ നമ്പ്യാർക്ക് ദാർശനികതയും നർമ്മവും കവിത്വവുമുണ്ടെങ്കിലും ആശാനെ പോലെ എന്നും നവീനത നിലനിർത്താനാവുന്നില്ല. എഴുത്തച്ഛൻ പുരാണങ്ങളുടെ സംഗ്രഹീത പുനരാഖ്യാനങ്ങളിലൂടെ വേദാന്തവും ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ചു. പക്ഷേ ,അനീതിക്കെതിരെ പൊരുതുകയും ഏറ്റവും മഹത്തായ മനുഷ്യത്വത്തെ തേടുകയും ചെയ്യുന്ന ആശാനുമായി താരതമ്യമില്ല.
കുമാരനാശാൻ്റെ നൂറ്റിയമ്പതാം ജന്മ ദിനത്തിൽ പ്രഗത്ഭനായ കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു എന്ന ആഹ്ളാദമുണ്ട്. ആശാനെ അറിയുക എന്ന ആഹ്വാനമാണ് ഈ ചിത്രം.



'കരുണ'യിലെ ഉപഗുപ്തൻ അപ്രിയനാകുന്നത് എന്തുകൊണ്ട് ?/എം.കെ.ഹരികുമാർ

 





'കരുണ'യെക്കുറിച്ച് ചട്ടപ്പടി ,അല്ലെങ്കിൽ മുൻവിധിയോടെയുള്ള ലേഖനങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കരുണ വായിക്കുന്ന ഒരു പ്രേക്ഷകന്  പ്രത്യക്ഷത്തിൽ എത്തിച്ചേരാവുന്ന അനുമാനങ്ങളിലും നിരീക്ഷണങ്ങളിലുമാണ് ഇന്നത്തെ പഠനങ്ങൾ ചെന്നുമുട്ടുന്നത്. 'കരുണ'യിലെ പ്രധാന കഥാപാത്രമായ വാസവദത്ത ഒരു ധനികയായ വേശ്യയായിരുന്നു. അവൾ ആപത്ശങ്കയിൽ ഒരാളെ വധിക്കുന്നു. അങ്ങനെ അവൾ ശിക്ഷിക്കപ്പെടുന്നു. ലോകത്തിലേക്കും വച്ച് ഏറ്റവും ക്രൂരമായ ശിക്ഷയാണ് അവൾക്ക് വിധിച്ചത്.

"കരചരണശ്രവണനാസികൾ മുറിച്ചു ഭൂ-
നരകമാം ചുടുകാട്ടിൻ നടുവിൽ തള്ളി .
ഹാ! മതിമോഹത്താൽ ചെയ്തു സാഹസമൊ,ന്നതിനിന്നി-
പ്പുമൃദുമേനിയാൾ പെറ്റും പാടു കണ്ടില്ലേ !"

കൈകാലുകളും മൂക്കും ചെവിയും മുറിച്ചുമാറ്റിയാൽ പിന്നെ മനുഷ്യശരീരത്തിന് എന്ത് പ്രസക്തി? എന്നാൽ ആ അവസ്ഥയിലും വാസവദത്ത 'കരുണ'യിൽ അവശേഷിക്കുന്നു. അവളെ ശുശ്രൂഷിക്കാൻ ഒരു പരിചാരിക മാത്രമാണുള്ളത് .ആ പരിചാരിക നേരത്തെ തന്നെ വാസവദത്തയൊടൊപ്പം  കഴിഞ്ഞിരുന്നതാണ്. യജമാനത്തിയുടെ പ്രവൃത്തികൾ എന്തുതന്നെയായിരുന്നാലും ആ തോഴിക്ക് അവളെ വിട്ടു പോകാൻ തോന്നുന്നില്ല. അത് ഈ കവിതയിൽ ആശാൻ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ബോംബാണ് .സാധാരണ വായനക്കാരോ നിയമാനുസൃത ലേഖന കർത്താക്കളോ ഇത് കണ്ടെന്ന് വരില്ല. ലോകം വാസവദത്തയെ തള്ളിക്കളയുകയാണ്, വെറുതെ ശിക്ഷിക്കുകയല്ല .വധിക്കുക പോലുമല്ല; അപമാനിച്ചു നോവിക്കുകയാണ്.ഈ ലോകത്തിന് ആവശ്യമില്ലാത്തവളാണ് അവളെന്ന് ഓർമ്മിപ്പിക്കുകയും ക്രൂരമായി നിന്ദിക്കുകയും ചെയ്യുന്ന ശിക്ഷയാണത്. എന്തിനാണ് അത്തരമൊരു ശിക്ഷ? അത് സ്ത്രീയോടുള്ള വിവേചനമായി  കാണാം.

സ്നേഹം ആർക്കും വേണ്ടാതെ 

ഒരു സ്ത്രീ കുറ്റം ചെയ്തതുകൊണ്ടാണ് ഈ ശിക്ഷ കണ്ടുപിടിക്കപ്പെട്ടത്. വാസവദത്തയെ തോഴി ഒഴികെ ആരും സ്നേഹിക്കുന്നില്ല .എല്ലാവർക്കും അവളുടെ മാംസം മതിയായിരുന്നു. അവൾ ധനികയായതുകൊണ്ട് അവളുടെ സൗന്ദര്യത്തിന് വിലയുണ്ടായി. അവളെ കാത്ത് ധനികർ വരുന്നതു അതുകൊണ്ടാണ്.അവളിൽ പുരുഷന്മാർക്ക് വേണ്ട സൗന്ദര്യവും വശ്യതയുമുണ്ടായിരുന്നു. അതിലേക്ക് ആകർഷിക്കപ്പെടുന്നത് സാധാരണമായിരുന്നു. എന്നാൽ വാസവദത്തയ്ക്ക് വൈകാരികമായ, സാമ്പത്തികമായ നേട്ടമുണ്ടായതല്ലാതെ  ആന്തരികമായ സുഖം കിട്ടിയിരുന്നില്ല. അവളിൽ സ്നേഹം ആർക്കും വേണ്ടാതെ അവശേഷിച്ചു .തന്നിലെ സ്നേഹത്തെ എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയായിരുന്നു അവൾ.

"അർത്ഥഭാണ്ഡങ്ങൾതൻ കനംകുറഞ്ഞുപോകുന്നു ,തോഴീ -
യിത്തനുകാന്തിതൻ വിലയിടിഞ്ഞിടുന്നു ."

ഭൗതികസ്വത്തിലും ശരീരകാന്തിയിലും തനിക്ക് വിശ്വസിക്കാൻ തോന്നുന്നില്ല എന്ന സങ്കടമാണവൾ അറിയിക്കുന്നത്. അവൾ വ്യർത്ഥത അനുഭവിക്കുകയാണ്. അതുകൊണ്ട് അവൾ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആഗ്രഹിക്കുന്നു. താൻ തുടർന്നുവരുന്ന ജീവിതരീതിയിൽ എന്തോ ഒരു അപഭ്രംശം സംഭവിച്ചിട്ടുണ്ടെന്ന് അവൾ തിരിച്ചറിയുകയാണ്.  ഭൗതികസുഖത്തിൽ എന്തോ ഒരു ന്യൂനതയുണ്ടെന്ന ബോധ്യമാണത്. അതിരുവിട്ട സുഖങ്ങളും സമ്പത്തും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നിരർത്ഥകമായി തോന്നാം. അവൾ അത് പങ്കുവയ്ക്കുന്നത് തോഴിയോട് മാത്രമാണ്.ആ തോഴിക്ക് വാസവദത്തയുടെ ഹൃദയം അറിയാം. അവൾ അനുഭവിച്ച അനാഥത്വവും സ്വാർത്ഥതയും മനസ്സിലാക്കിയ തോഴി അവളോട് അനുതാപം പ്രകടിപ്പിക്കുക മാത്രമല്ല, സ്നേഹം കൊടുക്കുകയും ചെയ്യുന്നു. അവൾ വിശ്വസ്തയായിരുന്നു. ആ തോഴി മാനവരാശിയുടെ മഹത്വത്തെ ഉദാഹരിക്കുകയാണ്. തോഴിയോട് കടപ്പാടും സ്നേഹവും തോന്നുന്ന നിമിഷമാണിത്.

അവൾ ചുറ്റിനുമുള്ള ക്രൂരമായ ലോകത്തിൻ്റെ ബധിരകർണങ്ങൾക്ക് ബദലായി മാറുന്നു .പാരസ്പര്യത്തിന്റെ മൃദുത്വവും മനുഷ്യത്വവുമാണവൾ. അവളിലാണ് ആശാൻ വിശ്വസിച്ചത്. എന്നാൽ അത് കാവ്യത്തിന്റെ പൂമുഖത്ത് വന്ന് ബഹളമുണ്ടാക്കുന്നില്ല. തോഴിയാണ് ഈ കവിതയുടെ പശ്ചാത്തലം. അവൾ വിശ്വത്തിൻ്റെ  രമ്യതയുടെ ഒരു വനമാണ് .അവിടെ സമാനമനസ്കർക്ക് ആശ്വാസം ലഭിക്കും .

മോക്ഷം കൊടുക്കാനോ ?

ആശാൻ്റെ കരുണ നമ്മെ ചതിക്കുകയാണ്. എന്തെന്നാൽ നമ്മൾ വളരെ അനുസരണയുള്ള, ആരെങ്കിലും ചൂണ്ടിക്കാണിച്ച വഴിയെ മാത്രം സഞ്ചരിച്ച് ശീലിച്ചവരാണ് .നമുക്ക് ഒളിപ്പിച്ചത് കണ്ടെത്താൻ ധൈര്യമില്ല. എല്ലാവരും ഒരേ ശ്വാസത്തിൽ പറയുന്നത് ഏറ്റുപറയുകയാണല്ലോ പൊതുവായ രീതി. ഏത് വീക്ഷണത്തിനാണോ കൈയടി കിട്ടുന്നത് അങ്ങോട്ട് ചായും. അതാണ് നമ്മുടെ സാഹിത്യകലയിലെ നാട്ടുനടപ്പ്. അതുതന്നെയാണ് സമീപകാല 'കരുണാ' കാവ്യവിമർശനത്തിലും കാണുന്നത്.

മിക്കവരും പറയുന്നത് വാസവദത്തയുടെ ക്ഷണം നിരാകരിച്ച ഉപഗുപ്തൻ അവൾക്ക് ചുടലക്കാട്ടിൽ മോക്ഷം കൊടുത്തുവെന്നാണ്. ഉപഗുപ്തൻ അത്രയ്ക്ക് മഹാനായ ഒരു വ്യക്തിയാണോ ?വാസ്തവത്തിൽ ആശാൻ ഉപഗുപ്തന്മാരുടെ  വ്യക്തികേന്ദ്രീകൃതമായ 'മോക്ഷസംസ്കാര'ത്തെ എതിർക്കുകയും അവരെ തീരെ രക്ഷയില്ലാത്ത ഒരു പരിതസ്ഥിതിയിലെത്തിച്ച് വട്ടം കറക്കുകയുമാണ് ചെയ്യുന്നത്. 

"ഗുണബുദ്ധിയാൽ ഞാൻ തോഴി, കൊതിപ്പതക്കോമളന്റെ 
പ്രണയം മാത്രമാണെന്ന് പറഞ്ഞില്ലേ നീ."
എന്ന് വാസവദത്ത വ്യക്തമായി പറയുന്നുണ്ട്. എന്നാൽ നമ്മുടെ ഭാഷാപണ്ഡിതന്മാർക്ക് ഇത് മനസ്സിലാകുന്നില്ല. അവൾ ഉപഗുപ്തനെ ക്ഷണിച്ചത് ലൈംഗികശമനത്തിനല്ല. അവൾ തൻ്റെ ആത്മസത്യത്തിൻ്റെ പതാകയായ പ്രണയത്തെ കണ്ടുമുട്ടുകയാണ് .അത് തുറന്നു പറയുകയാണ്. ആ പ്രണയമാണ് അവളെ അത്രത്തോളം ശുദ്ധതയിലേക്ക് ഉയർത്തുന്നത്. അവൾ എത്ര ശുദ്ധയായിരുന്നാലും ഈ ലോകം അതൊന്നും കാണാൻ പോകുന്നില്ല .ലോകം നോക്കുന്നത് ഉപഗുപ്തന്മാരിലൂടെയാണ്. എവിടെയും ഉപഗുപ്തൻ നിറഞ്ഞു നിൽക്കുകയാണ്. അധികാരസ്ഥാപനങ്ങൾ, പ്രേമഭാജനങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപാഠികൾ തുടങ്ങിയവരിലെല്ലാം ഈ ഉപഗുപ്തൻ നിറഞ്ഞു നിന്ന് ചിരിക്കുകയാണ്. അയാൾ, അർഹിക്കുന്ന മനസ്സുകളുടെ നേരെ നോക്കുകയില്ല. ജീവിച്ചിരിക്കുമ്പോൾ സസ്യത്തെപ്പോലെ സൂര്യകിരണങ്ങളിൽ തളിർത്ത് ഉല്ലസിക്കുമ്പോൾ പരിഗണിക്കുകയില്ല.സ്വന്തം കർമ്മവിശേഷം വച്ചു നോക്കിയാൽ വാസവദത്തയ്ക്ക് പ്രണയമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ അങ്ങനെയൊന്നു തോന്നിക്കൂടെന്നുണ്ടോ ?പ്രണയത്തിന് പ്രത്യേക അതിർത്തിയോ കാലമോ ആരും നിശ്ചയിച്ചിട്ടില്ല.

"വശംവദസുഖ ഞാനീ വശക്കേടെനിക്ക് വരാൻ
വശമില്ലെന്നാലും വന്നതയുക്തമല്ല
വിശപ്പിന്നു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും.
അനുരക്തരഹോ! ധനപതികൾ നിത്യമെൻകാലിൽ 
കനകാഭിഷേകം ചെയ്തു തൊഴുതാൽപ്പോലും 
കനിഞ്ഞൊരു കടാക്ഷിപ്പാൻ മടിക്കും
കണ്ണുകൾ കൊച്ചു -
മുനിയെക്കാണുവാൻ മുട്ടിയുഴറുന്നുല്ലോ."

വാസവദത്തയുടെ വാദമുഖങ്ങൾ ഒരു മനുഷ്യഹൃദയത്തിന്റെ ഉന്നതിയിലേക്കുള്ള പടവുകളാണ്. അവൾ മടുത്ത ജീവിതത്തിൽ നിന്ന് മറ്റൊരു ഉണർവിലേക്ക് രക്ഷപ്പെടാനാണ് നോക്കുന്നത് .ധാരാളം പേർ പിന്നാലെ വരുന്നുണ്ടെങ്കിലും അവരോടൊന്നും തോന്നാത്ത വികാരമാണ് അവൾക്ക് ഉപഗുപ്തനോടുള്ളത്. അയാളുടെ പ്രത്യക്ഷത്തിൽ അവൾ അനിർവചനീയമായ ഒരു ശാന്തി പ്രതീക്ഷിക്കുന്നു. 

സ്നേഹത്തിൽ യാതനയുണ്ട് 

ഉപഗുപ്തൻ  ബുദ്ധമതവിശ്വാസിയാണല്ലോ. എന്നാൽ അദ്ദേഹത്തിനു ബുദ്ധൻ്റെ സ്നേഹതത്ത്വത്തെക്കുറിച്ച് വലിയ വിവരമില്ല. വിയറ്റ്നാമീസ് സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാൻ (Thich Nhat Hanh)എഴുതിയ True Love :A Practice for Awakening the Heart എന്ന കൃതിയിൽ ബുദ്ധതത്ത്വങ്ങളിൽ അധിഷ്ഠിതമായ സ്നേഹത്തിൻ്റെ ആന്തരികവ്യാപ്തിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ബുദ്ധൻ്റെ ഒരു വാക്യം ഹാൻ ഉദ്ധരിക്കുന്നുണ്ട്: " മറ്റൊരാളോടുള്ള നിങ്ങളുടെ സ്നേഹം, മറ്റൊരാളെ സ്നേഹിക്കാനുള്ള ആഗ്രഹം ,നിങ്ങൾക്ക് സ്വയം സ്നേഹിക്കാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു." ഈ രീതിയിൽ സ്നേഹത്തെ മനസ്സിലാക്കിയിട്ടുണ്ടോ 'കരുണ'യിലെ ഉപഗുപ്തൻ ? സ്നേഹത്തിൽ യാതനയുണ്ട്. അയാൾ വാസവദത്തയുടെ അടുത്തേക്ക് വരുന്നില്ല .സ്നേഹത്തിന് എന്താണ് വില?ഒരാൾ സ്നേഹത്തോടെ ക്ഷണിക്കുമ്പോൾ അത് മനസ്സിലാക്കാതെ ,കാമപൂരണത്തിനാണെന്ന് പറയുന്നത് തെറ്റല്ലേ? അല്ലെങ്കിൽ തെറ്റായ മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ച ഒരു സ്ത്രീയെ കാണുന്നതും സംസാരിക്കുന്നതും തന്റെ യശസ്സിനു ക്ഷതമേൽപ്പിക്കുമെന്ന് കരുതുകയാണെങ്കിൽ അത് ഒരു സന്യാസിക്ക് ചേർന്നതല്ലല്ലോ. സന്യാസി വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളേണ്ടവനാണ്.വാസവദത്തയെ മനസ്സിലാക്കുന്നതിൽ ഉപഗുപ്തൻ പരാജയപ്പെടുകയാണ്.

ബുദ്ധമതത്തിൽ ഈ മനസ്സിലാക്കലിനു പ്രാധാന്യമുണ്ട്. നമ്മെ സ്നേഹിക്കുന്നയാളെ മനസ്സിലാക്കണം. ഹാൻ എഴുതുന്നു: "മനസ്സിലാക്കലില്ലാതെ സ്നേഹം സാധ്യമല്ല. ഒരാളെ മനസ്സിലാക്കാൻ നാം എന്ത് ചെയ്യണം ?നമ്മൾ ആ വ്യക്തിയെ അറിയണം."ഇവിടെ വാസവദത്ത ശുദ്ധമായ പ്രേമത്താലാണ് ഉപഗുപ്തനെ ക്ഷണിച്ചതെന്ന് വെളിപ്പെടുത്തുന്നുണ്ട്. അപ്പോൾ അവളെ മനസ്സിലാക്കുന്നതിൽ ഉപഗുപ്തൻ പരാജയപ്പെടുകയാണ്.

ഹാൻ എഴുതുന്നു: "മനസിലാക്കലില്ലാതെ സ്നേഹം സാധ്യമല്ല. ഒരാളെ മനസിലാക്കാൻ നാമെന്ത് ചെയ്യണം ?മറ്റൊരാളുടെ യാതന മനസ്സിലാക്കാത്തവൻ എങ്ങനെയാണ് ഉപഗുപ്തനാവുന്നത് ? ഹാൻ അത് പ്രത്യേകം ഓർമ്മിപ്പിക്കുന്നു: "In Buddhism we talk about a Bodhisattva called Avalokiteswara,the one who has the ability to listen and to understand the suffering of others."

പരമമായ ഒരു മാനവികതയാണിത്. നമ്മെ സ്നേഹിക്കുന്നവരുടെ ആത്മീയയാതന അറിയാത്തവർ എങ്ങനെയാണ് മോക്ഷം കൊടുക്കുന്നത്?ഇവിടെ ഉപഗുപ്തൻ പറയുന്നത് 'സമയമായില്ല' എന്നാണ്. എന്താണ് അയാളുടെ സമയം?വാസവദത്ത ചോര വാർന്നൊലിച്ച് ചുടുകാട്ടിൽ കിടക്കുന്ന സമയമാണോ അത് ?എങ്കിൽ അതെത്ര ക്രൂരമാണ് '
ആത്മീയപാതയിൽ സഞ്ചരിക്കുന്നവർ ഇത്രമാത്രം അപരഹൃദയജ്ഞാനമില്ലാത്തവരാകരുത് എന്നല്ലേ ആശാൻ നിശബ്ദമായി പറയുന്നത്? ഇവിടെ ആശാൻ ഉൽബുദ്ധരായ വായനക്കാരെ ക്ഷണിക്കുകയാണ്.അവരാണ് ഉപഗുപ്തനെ അറിയേണ്ടത്. സാംസ്കാരിക വിമർശനം ഇവിടെ ആരംഭിക്കേണ്ടിയിരിക്കുന്നു. ഒരു സ്ത്രീ അപമാനിതയായി കിടക്കുമ്പോൾ അവിടെ വിളിക്കാതെ ചെന്നു തത്ത്വപ്രസംഗം നടത്തുന്നത്  ഉചിതമാണോ ?ആ സന്ദർശനത്തിൽ എന്ത് മതമാണുള്ളത് ?മോക്ഷം കൊടുക്കാന്നുവെന്ന് പറയുന്നത് പരമ്പരാഗതമായ ഒരു വിശ്വാസമാണ്. അത് ആശാൻ ഓർമ്മിപ്പിക്കുന്നത് ആ പ്രത്യേക സന്ദർഭത്തിൻ്റെ വൈരുദ്ധ്യവും ജുഗുപ്സയും ശ്രദ്ധയിൽ കൊണ്ടുവരാനാണ്. ആശാന് വ്യക്തമായറിയാം ,യഥാർത്ഥസ്നേഹത്തെ നിന്ദിച്ച ഉപഗുപ്തന് മോക്ഷം നൽകാവില്ലെന്ന് .മാത്രമല്ല ,മോക്ഷം ഒരാൾ മറ്റൊരാൾക്ക് കൊടുക്കുന്നതല്ല; കൊടുക്കാനുമാവില്ല .നിർവ്വാണം എന്താണെന്ന് നിർവ്വചിക്കാൻ ബുദ്ധനു പോലും കഴിഞ്ഞിട്ടില്ല. മോക്ഷം സ്വയം നേടേണ്ടതാണ്. ശാശ്വതവും അപാരവും ഉന്നതവുമായ അറിവാണത്. അവിടെയെത്താൻ മറ്റൊരാളുടെ സഹായം ഉപകരിക്കില്ല .സ്വന്തം മാർഗങ്ങളുടെ യാതനയും അറിവുമാണ് അതിന് സഹായിക്കുന്നത്. ഉപഗുപ്തന് പറ്റിയ അബദ്ധം അയാൾ വാസവദത്തയുടെ അന്ത്യനിമിഷത്തിലാണ് അറിയുന്നത്.

'കരുണ' അപൂർണമാണ് 

വേദനിച്ചു കരയുന്ന വാസവദത്തയോട് 'ഇല്ല ,ഞാൻ താമസിച്ചുപോയില്ലെടോ സരള ശീലേ -
യല്ലൽ നീയിന്നെന്നെച്ചൊല്ലിയാർന്നിടായ്ക്കെടോ
ശോഭനകാലങ്ങളിൽ നീ ഗമ്യമായില്ലെനിക്ക് നിൻ
സൗഭഗത്തിൻ മോഹമാർന്ന സുഹൃത്തല്ല ഞാൻ."

ജീവിതത്തിൻ്റെ ഏറ്റവും വലിയ ദുരിതമനുഭവിക്കുന്ന ഒരു സ്ത്രീയോട് ഉപഗുപ്തൻ പറയുകയാണ് 'താമസിച്ചുപോയില്ലെടോ' എന്ന്! എത്ര ദയാരഹിതമാണിത് !സരളശീലേ എന്ന് വിളിക്കാനുള്ള യന്ത്രമനസ്സ് എവിടെ നിന്നു വരുന്നു? "നിൻ സൗഭഗത്തിൽ മോഹമാർന്ന സുഹൃത്തല്ല " എന്ന് പറയുന്നതിലൂടെ  അയാൾ ഒരിക്കൽക്കൂടി തൻ്റെ അല്പത്തം വിളമ്പുന്നു. സൗഭഗത്തിൽ മോഹിച്ചു എന്ന് വാസവദത്ത എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അയാൾ തെറ്റായി വ്യാഖ്യാനിക്കുകയാണ്. അയാൾ  മനുഷ്യമഹത്വത്തിന്റെ പ്രതീകമായ സ്നേഹത്തിൽ വിശ്വസിക്കുന്നില്ല.

വാസവദത്തയെ ചിതയിൽ വച്ചപ്പോൾ അയാൾ എന്തിന് കരഞ്ഞു ?ആ ചോദ്യത്തിനുത്തരം ആശാൻ്റെ പക്കലുണ്ടായിരുന്നു. എന്നാൽ 'കരുണ' എഴുതി പൂർത്തിയാക്കിയ കാവ്യമല്ല എന്നോർക്കണം .അത് അപൂർണമാണ്. ആശാൻ്റെ രചനാരീതി  നോക്കിയാൽ അറിയാം, എഴുതിയ കവിതയിൽ വീണ്ടും വീണ്ടും മാറ്റങ്ങൾ വരുത്താറുണ്ട്. ആശാൻ ബോട്ടപകടത്തിൽ മരിക്കുമ്പോൾ  'കരുണ'യുടെ കൈയെഴുത്ത് പ്രതി പെട്ടിയിൽ ഉണ്ടായിരുന്നു. അത്  യാത്രയ്ക്കിടയിൽ സമയം കിട്ടുന്ന മുറയ്ക്ക് തിരുത്തുക എന്ന ഉദ്ദേശത്തോടെയാണ് കൂടെ കൊണ്ടുനടന്നതെന്ന് വ്യക്തം .മൂന്ന് ദിവസത്തെ യാത്രയാണ് ആശാൻ ഉദ്ദേശിച്ചിരുന്നത്. രാത്രിയിൽ സമയം കിട്ടുമ്പോൾ കവിത തിരുത്തും. സുഹൃത്തുക്കൾ ഉണ്ടെങ്കിൽ കവിത വായിച്ച് ചർച്ച ചെയ്യാറുണ്ട്. ബോട്ടപകടത്തിൻ്റെ തലേന്നും ആശാൻ ബോട്ടിൽ വച്ച് 'കരുണ' വായിച്ച് ചർച്ച ചെയ്തിരുന്നു. അത് കഴിഞ്ഞാണ് ഉറങ്ങാൻ പോയത് .'കരുണ'യുടെ ബാക്കിഭാഗം ആശാൻ്റെ മനസിലുണ്ടായിരുന്നു. 

വാസവദത്തയെ ചിതയിൽ വച്ചപ്പോൾ ,യാതൊരു മാനുഷിക വികാരത്തിനും വശപ്പെടാത്ത ഉപഗുപ്തൻ എന്തിനു കരഞ്ഞു ?അത് ആശാൻ വിശദീകരിക്കാനായി മാറ്റി വച്ചതാകാനാണ് സാധ്യത. അയാളുടെ ജീവിതം ആദർശത്തിൻ്റെ പൊങ്ങുതടിയിലാണുള്ളതെന്നും അതൊരിക്കലും യഥാർത്ഥ ജീവിതത്തെ അനുകമ്പയോടെ കണ്ടിട്ടില്ലെന്നും സ്ഥാപിക്കാനാണ് ആശാൻ കരുണ എഴുതിയത്. ആ കണ്ണുനീർ അയാളുടെ തത്ത്വശാസ്ത്രത്തിന്റെയും ആദർശത്തിന്റെയും പരാജയമാണെന്ന് വ്യക്തമായി തന്നെ ആശാന് പറയാനാകുമായിരുന്നു.

ആശാൻ എസ്റ്റാബ്ലിഷ്മെൻ്റിന് വേണ്ടി കവിതയെഴുതിയിട്ടില്ല .നിലവിലുള്ള ധാരണയെ ,വ്യവസ്ഥയെ തിരുത്തുകയായിരുന്നു ലക്ഷ്യം .കരുണ എഴുതാൻ ബുദ്ധകഥയെ ഉപജീവിച്ചിട്ടുണ്ട്.പോൾ കാരൂസി (Paul Carus)ൻ്റെ The Gospel of Buddha യിലെ ഒരു കഥയാണിത് .ആ കഥ ഒരു മാറ്റവും വരുത്താതെ പദ്യത്തിലാക്കിയാൽ ആശാനിലെ കലാപകാരിക്ക് എവിടെയാണ് ഇടം കിട്ടുക ?ഈ ബുദ്ധകഥയെ തൻ്റെ പരിവർത്തനശക്തികൊണ്ട് പുതിയൊരു ചിന്താവിപ്ളവത്തിലേക്ക് നയിക്കുകയായിരുന്നു ലക്ഷ്യം .വിവേകത്തോടെ 'കരുണ' വായിക്കണം. പ്രത്യക്ഷത്തിൽ കാണുന്ന കഥയല്ല ശ്രദ്ധിക്കേണ്ടത്. അതിനപ്പുറം വായിക്കണം. എങ്ങനെയാണ് സന്യാസത്തിൻ്റെയും സദാചാരത്തിൻ്റെയും മിനുസപ്പെടുത്തിയ പൊതുധാരണകൾ മനുഷ്യജീവിതത്തെ ചതിക്കുന്നതെന്ന് പറഞ്ഞു തരുന്ന ഉഗ്രമായ കവിതയാണിത്. ലോകസാഹിത്യത്തിൽ തന്നെ മികച്ച ഒരു രചനയാണിത്.



കരുണ: ആശാൻ്റെ വിമർശനം എന്തിനോട് ?/ എം.കെ.ഹരികുമാർ




 
Chronicle of a death Fortold എന്ന പേരിൽ ഗബ്രിയേൽ ഗാർസിയ മാർകേസ് എഴുതിയ നോവൽ ഓർക്കുമല്ലോ. 'പ്രവചിക്കപ്പെട്ട മരണത്തിൻ്റെ നാൾവഴികൾ' എന്ന് പരിഭാഷപ്പെടുത്താം. വാസവദത്തയുടെ ജീവിതവും മരണവും ഒരു ബുദ്ധകഥയിൽ കണ്ട് പ്രചോദിതനായാണ് കുമാരനാശാൻ 'കരുണ' എഴുതിയത്. എന്നാൽ വെറുതെ ഒരു പുരാവൃത്തം എഴുതുകയായിരുന്നില്ല ആശാൻ്റെ ലക്ഷ്യം.പ്രവചിക്കപ്പെട്ട ആ മരണത്തെ വെറുതെ പിന്തുടരുന്നതിൽ അർത്ഥമില്ല. ആശാൻ്റെ കാവ്യപരമായ പ്രചോദനങ്ങൾ കഥയുടെ വിവരണത്തിൽ അവസാനിക്കുന്നില്ല. അതിനു കുറേക്കൂടി വിപുലവും നാനാതരത്തിലുള്ളതുമായ അർത്ഥങ്ങളുണ്ടാവും. ഒരു വ്യാഖ്യാനവും വിമർശനവുമില്ലാതെ ആശാൻ ഒരു കൃതിയും എഴുതിയിട്ടില്ല. 'ചിന്താവിഷ്ടയായ സീത' ആർഷഭാരതത്തിൻ്റെ  അധികാരവ്യവസ്ഥയിൽ ഒരു സ്ത്രീ അനുഭവിക്കുന്ന പാരതന്ത്ര്യത്തെയാണ് ആഖ്യാനം ചെയ്യുന്നത് .അതിലൂടെ ബലിഷ്ടമായ ഭാരതീയ സംസ്കൃതിയിലെ ചില വിപരീതങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് ആശാൻ ചെയ്തത് .അർദ്ധനാരീശ്വരം എന്ന സങ്കല്പം രാമായണത്തിൽ ചിതറിവീഴുകയായിരുന്നു. അവിടെ സീത പുറത്താക്കപ്പെടുന്നു .സീതയ്ക്ക് ഭൂമിയുടെ അറകളിൽ അഭയം തേടേണ്ടി വന്നു. നിന്ന നില്പിൽ ഭൂമി പിളർന്നു പോകണമെന്ന് ആഗ്രഹിക്കുന്ന തരത്തിൽ സീതയെ ദുരിതത്തിലാക്കുകയായിരുന്നു. സ്ത്രീയുടെ പവിത്രതയും നിരപരാധിത്വവും തെളിയിക്കാൻ എവിടെയും ഒരു മാർഗ്ഗവുമില്ലെന്ന ഗതികേടാണ് ആശാൻ തുറന്നു കാണിക്കുന്നത്.

വിമർശനാത്മക മനസ് 

'ദുരവസ്ഥ' കേരളീയ മതഭ്രാന്തിന്റെ നേർക്കുള്ള അസ്ത്രമെയ്ത്താണ്. 'ചണ്ഡാലഭിക്ഷുകി' ജാതിയുടെ തമ്പുരാക്കന്മാരെ കളിയാക്കുകയാണ്. ജലത്തിനെന്ത് ജാതി എന്ന് ചോദിച്ചുകൊണ്ട് ആശാൻ ശരീരങ്ങളുടെ നിർവ്യാജമായ സത്യം എഴുതി തെളിയിക്കുന്നു. ഈ വിമർശനാത്മക മനസ് ആശാൻ്റെ കവിതകൾക്ക് ഒരു മുഴക്കം സമ്മാനിക്കുന്നുണ്ട്. നിലവിലുള്ള വ്യവസ്ഥയെ പിടിച്ചുലയ്ക്കുകയും  പുതിയ ക്രമപ്രശ്നം ഉന്നയിക്കുകയുമാണ് ആശാൻ്റെ രീതി. 
സ്റ്റാറ്റസ്കോ നിലനിർത്താൻ വേണ്ടി ആശാൻ എഴുതാറില്ല.ഒരു മാറ്റം അനിവാര്യമാണെന്ന ചിന്തയിലൂടെയാണ് ആശാൻ്റെ  കാവ്യാത്മകമായ ചിന്തകൾ സഞ്ചരിക്കുന്നത്. വേറൊരു പുസ്തകത്തിൽ വായിച്ച കഥ കവിതയാക്കി തൃപ്തിയടയുന്ന പ്രകൃതമല്ല ആശാന്റേത്. ആശാന് അതിൽ ചില വിയോജിപ്പുകളുണ്ടാകും. അത് ആവിഷ്കരിക്കാനാണ് ആശാൻ എഴുതുന്നത്.വാസവദത്തയുടെ കഥ വളരെ പ്രശസ്തമായിരുന്നു. അത് പുനരാഖ്യാനം ചെയ്യുക മാത്രമല്ല ആശാൻ്റെ ലക്ഷ്യം. വാസവദത്ത ഒടുവിൽ മരിക്കുകയാണല്ലോ. ആ മരണത്തെ വായനക്കാരുടെ മുന്നിൽ അതേപടി പകർത്തിവയ്ക്കുകയാണെങ്കിൽ അത് പദ്യനിർമ്മാണത്തിൽ കവിഞ്ഞ് ഒന്നുമല്ലെന്ന് ആശാനറിയാം. അതുകൊണ്ട് ആശാൻ 'കരുണ' എന്നു പേരിട്ടു വാസവദത്തയുടെ  ചരിത്രം വിവരിക്കുന്നത് തന്റെ ജീവിതാഭിമുഖ്യം ,തത്ത്വചിന്ത, പ്രതിഷേധം തുടങ്ങിയവ  വ്യക്തമാക്കാനാണ് .പരമ്പരാഗതമായ സന്യാസം, മനുഷ്യത്വം, കരുണ,മരണം എന്നീ സമസ്യകളെപ്പറ്റി ആശാനുള്ള വ്യത്യസ്തമായ ആശയങ്ങൾ ഈ കൃതിയിലൂടെ അനാവൃതമാകുന്നുണ്ട്.

വാസവദത്തയുടെ ജീവിതം വളരെ സ്വാർത്ഥവും സുഖപ്രേരിതവുമായിരുന്നു. അവൾ സമ്പത്തിനെയും പ്രൗഢിയെയും സ്നേഹിച്ചു. അവൾ യഥാർത്ഥത്തിൽ സ്നേഹത്തിന്റെ മഹത്വത്തിൽ വിശ്വസിച്ചിട്ടില്ലായിരുന്നു. അവൾ  സമൂഹത്തിൽ മാന്യന്മാരോട് സൗഹൃദം കൂടി അവരുടെയിടയിൽ ആകർഷകത്വം നിലനിർത്താനാണ് ജീവിച്ചത്. അതിൽ അവൾക്ക് കുറ്റബോധമില്ലായിരുന്നു. എന്നാൽ ഒരു ദിവസം അവൾക്ക് പ്രകൃതിയിലെ മൃദുവായ, സുന്ദരമായ പ്രേമത്തെക്കുറിച്ച് വൈകാരിക ജ്ഞാനമുണ്ടായി .അതിന് നിമിത്തമായത് ഒരു ഉപഗുപ്തനാണ്. ആ ഉപഗുപ്തനെ തൻ്റെ വസതിയിലേക്ക് ക്ഷണിക്കുന്നു. അയാളാകട്ടെ ആ ക്ഷണം നിരസിക്കുന്നു .വാസവദത്തയെക്കുറിച്ച് കേട്ട കഥകൾ അയാളെ അവളിൽ നിന്ന് അകറ്റിയെന്നതാണ് വാസ്തവം . അവളുമായി അടുക്കുന്നത് തന്നിലെ സന്യാസഭാവത്തിന് ക്ഷീണമുണ്ടാക്കുമെന്നതാവാം കാരണം.
"സമയമായില്ല പോലും സമയമായില്ല പോലും 
ക്ഷമയെൻ്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി "
എന്ന് വാസവഭത്ത വിലപിക്കുന്നു. ഉപഗുപ്തനെ അവൾ ശരിക്കും പ്രേമിക്കുകയാണ്. ഈ പ്രേമം ശുദ്ധമാണ്. അതുകൊണ്ടാണ് മറ്റാരോടും തോന്നാത്ത ഒരു വികാരം അവൾക്കുണ്ടായത്.

പ്രണയം മാത്രം 

വെറുമൊരു വേശ്യയായാണ് അയാൾ തന്നെ കാണുന്നതെന്നോർത്ത് അവൾ തകരുന്നു .ഉപഗുപ്തന്റെ കൈയിൽ പണമില്ല എന്ന് ചിന്തിച്ചിട്ടുണ്ടാവാം. എന്നാൽ വാസവദത്തയ്ക്ക് ഉപഗുപ്ത നിലുള്ള താല്പര്യം രതിയല്ല , പ്രണയമാണ്.ശാരീരികമായ ദാഹമല്ല അത്. ഒരു വേശ്യക്ക് ശാരീരികമായ  ദാഹമില്ല .അവൾക്ക് മറ്റുള്ളവരുടെ  ദാഹം ശമിപ്പിക്കണമെന്നു പോലും തോന്നണമെന്നില്ല .അവൾ ഒരു ലൈംഗികവ്യാപാരി മാത്രമാണ്‌ . അതേസമയം ഇവിടെ വാസവദത്ത ഉപഗുപ്തനുമായുള്ള ബന്ധത്തെ ലൈംഗികവ്യാപാരമായി കാണുന്നില്ല. 'പ്രണയം മാത്രമാണെന്ന് പറഞ്ഞില്ലേ നീ' എന്ന് തോഴിയോട് അവൾ ചോദിക്കുന്നത് അതിന് തെളിവാണ്.

"അനുരക്തരഹോ! ധനപതികൾ നിത്യമെൻ കാലിൽ 
കനകാഭിഷേകം ചെയ്തു തൊഴുതാൽപ്പോലും 
കനിഞ്ഞൊരു കടാക്ഷിപ്പാൻ മടിക്കും കണ്ണുകൾ കൊച്ചു -
മുനിയെക്കാണുവാൻ മുട്ടിയുഴറുന്നല്ലോ."

ശരീരസൗന്ദര്യമുള്ളവർ എന്തിനാണ് സ്ത്രീകളിൽ നിന്ന് അകലുന്നത് എന്ന നിർവ്യാജമായ ചോദ്യവും അവൾ ഉയർത്തുന്നുണ്ട്. അവൾ ഉപഗുപ്ത നിലുള്ള പ്രതീക്ഷ വിടുന്നില്ല. അവനാൽ അല്പമെങ്കിലും അനുരാഗം അവശേഷിക്കുന്നുണ്ടോ എന്ന് ആരായിരുന്നു .
"അനുനയം ചൊൽമാൻ ചെവി തരുന്നുണ്ടോ? സഖീ ,യവ -
ന്നനുരാഗാങ്കുരം വാക്കിൽ സ്ഫുരിക്കുന്നുണ്ടോ?"

വാസവദത്തയുടെ അടുത്ത് വരുന്നതിൽ ലൈംഗിക വിചാരം വേണ്ട എന്ന് അവൾ തറപ്പിച്ചു പറയുന്നു. ഉപഗുപ്തനിണങ്ങുന്ന സന്ദർശനമാവാം.  ഒരു സന്യാസിക്ക് മനുഷ്യോപകാരപ്രദമായ സമ്പർക്കമാവാം. ലോകക്ഷേമമാണല്ലോ സന്യാസത്തിന്റെ പൊതു തത്ത്വം.അന്യർക്ക് ആയുസ്സും വപുസ്സും  ബലിചെയ്ത ഗുരുവിനെ ആശാൻ 'ഗുരുസ്തവ'ത്തിൽ ' പ്രതിപാദിക്കുന്നുണ്ടല്ലോ. ആ സങ്കല്പത്തിൽ നോക്കുമ്പോൾ സന്യാസിക്ക് ലോകോപകാരപ്രദമായ സ്നേഹവും സംവാദവും ആരോടുമാവാം. വാസവദത്തയോട് എന്താണ് പറയേണ്ടതെന്ന് സന്യാസിക്ക് തീരുമാനിക്കാം .അതിനുള്ള സന്യാസതത്ത്വമാണ് ഉൽകൃഷ്ടമായത്.  ആ സന്യാസദീക്ഷയാണ് സ്നേഹത്തിലും ദയയിലും  ജീവിതങ്ങളെ മുക്കിയെടുക്കുന്നത്. മറ്റുള്ളവരുടെ ക്ഷേമമാർഗത്തിൽ ഒരു നക്ഷത്രമായി സഞ്ചരിക്കാൻ സന്യാസിക്കു കഴിയണം .സന്യാസിക്ക് സ്വന്തം എന്ന നിലയിൽ യാതൊന്നുമില്ലല്ലോ.

'യതിമര്യാദയിൽത്തന്നെയവനോർക്കിൽ ക്ഷണിക്കുമെൻ
സദനത്തിൽ വന്നു ഭിക്ഷ ഗ്രഹിക്കാമല്ലോ "

ഇത്രയും വാസവദത്ത സ്വയം വെളിപ്പെടുത്തുകയാണ്. അവൾ അതുവരെ തുടർന്നുവന്ന പുരുഷ ബന്ധങ്ങളിൽ നിന്നുള്ള വിടുതലാണിത്. അവൾ തന്റെ പരിശുദ്ധമായ ജീവിതത്തെ ചെളിയിൽ നിന്ന് ഉയർത്തിയെടുക്കാൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തെ അപലപിക്കാൻ പാടില്ല. ഏതൊരു മനുഷ്യാത്മാവിനും നന്നാവാൻ ഒരു ഊഴമുണ്ട്. അത് മനുഷ്യത്വത്തിന്റെ ഉദയമാണ് .തെറ്റ് ചെയ്തവർക്കും മാനസാന്തരപ്പെടാം.

ഉപഗുപ്തൻ്റെയുള്ളിൽ അയിത്തം 

അത് മാനുഷികമായി കാണണം. തെറ്റിലൂടെ നടന്നവൻ എന്നും അങ്ങനെയല്ല. അവനിൽ അദമ്യമായ ഒരു വിളി ഉണ്ടായിക്കൂടെന്നില്ല . സാത്വികമായ അഭിലാഷങ്ങൾ മനുഷ്യനിൽ അസ്തമിക്കുന്നില്ല .ചില ഇടവേളകളിൽ അത് മറഞ്ഞു പോകുന്നു .ഭിക്ഷയാചിക്കാൻ വാസവദത്തയുടെ വസതിയിൽ ചെല്ലുന്നതിനെ ഉപഗുപ്തൻ ഇഷ്ടപ്പെട്ടില്ല എന്നാണോ ഇതിനർത്ഥം? എങ്കിൽ അത് നടുക്കമുണ്ടാക്കുന്നതാണ്. സ്വന്തം ഇഷ്ടത്തിനു ജീവിച്ച  വാസവദത്തയുമായി ഉപഗുപ്തനു അയിത്തമുണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം.അവൾ നിഷ്കാമ സൗന്ദര്യാരാധിക മാത്രമായിരിക്കാൻ ഇഷ്ടപ്പെട്ടു.

"അത് ചെയ്യുമായിരുന്നാലത്രമാത്രമായ് മിഴിക്കാ-
മധുരാകൃതിയെ നോക്കി ലയിക്കാമല്ലോ!"

ഉപഗുപ്തൻ ഭിക്ഷ യാചിക്കുന്നത് കണ്ടു നിൽക്കാൻ അവൾ ഇഷ്ടപ്പെടുന്നു. എന്തുകൊണ്ട് ?സ്നേഹത്തിൽ നിന്നുണ്ടായ ആരാധന നിമിത്തം. സംഗീതത്തിലും പാട്ടിലും തനിക്കുള്ള കഴിവുകൾ ഈ ഉപഗുപ്തനെ കാണിച്ചു കൊടുക്കാൻ അവൾ ആഗ്രഹിക്കുന്നു. അത് ശുദ്ധ പ്രണയത്തിൻ്റെ ലക്ഷണമാണ്. ഒരു വേശ്യ ഇതാഗ്രഹിക്കുകയില്ല. 

"വ്യർത്ഥമായ് തോന്നുന്നു കഷ്ടമവൻ കാണാതെനിക്കുള്ള 
നൃത്തഗീതാദികളിലെ നൈപുണിപോലും "

ഇത് സഹൃദയത്വത്തിൻ്റെ ലക്ഷണമാണ്. കലാകാരി തന്റെ കലാപ്രകടനം താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നയാളിന്റെ മുന്നിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ എന്തിന് അപഹസിക്കണം? അതിലെ നന്മ കാണുകയാണ് വേണ്ടത്.

വാസവദത്തയെക്കുറിച്ചുള്ള മുൻവിധികളും തന്നെക്കുറിച്ചുള്ള മിഥ്യാധാരണകളും ഉപഗുപ്തനെ ഒരു തടവറയിലാക്കുകയാണ് ചെയ്തത്. അയാൾക്ക് തുറന്ന് ചിന്തിക്കാനായില്ല .അയാൾ പരമ്പരാഗതമായ ധാരണകളുടെ വത്മീകത്തിനകത്തായിരുന്നു. അയാൾ ഒരു പാപകർമ്മം തുടങ്ങിവച്ചു. അതിൻ്റെ പരിസമാപ്തിക്കും കാർമ്മികത്വം വഹിക്കേണ്ടിവന്നു. കളരിപ്പയറ്റിൽ എതിരെ നിൽക്കുന്ന ആളിന്റെ വെട്ടു കൊള്ളാതിരിക്കാൻ പല അടവുകളുണ്ട്. അടവുകൾ മാറിമാറി നോക്കണം. പ്രബുദ്ധനായ ഏത് യോഗിയും തന്റെ നേർക്ക് വരുന്ന മിഥ്യകളെയും അസംബന്ധങ്ങളെയും തിന്മകളെയും നേരിടും .അടവുകൾ പ്രയോഗിക്കണം. പാപം തീണ്ടാതിരിക്കാൻ ഒഴിഞ്ഞു മാറണം. ഉപഗുപ്തൻ മുൻവിധിയോടെയാണെങ്കിലും അതാണ് ചെയ്തത്. കളങ്കിതയായ വാസവദത്ത  'ജീവിതത്തിൻ്റെ ഒരു ഘട്ടത്തിൽ നിർവ്യാജമായ സ്നേഹത്തിൻ്റെ മഹത്വമറിഞ്ഞ് ഉപഗുപ്തനിൽ  അനുരാഗബദ്ധയായി .അത് നിരുപദ്രവകരമായിരുന്നു. ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ അവസാനിക്കുമായിരുന്നു ആ കൂടിക്കാഴ്ച .പവിത്രബന്ധത്തിന്റെ സുഗന്ധം പേറി തിരിച്ചു പോകാമായിരുന്നു.എന്നാൽ ആ സംയോഗത്തെ ഉപഗുപ്തൻ അവഗണിച്ചു. അത് മനുഷ്യത്വരഹിതമായി പരിണമിച്ചു.

പാപങ്ങൾ തേടി വരും 

പിന്നീട് ഒരു കൊലക്കുറ്റത്തിന് വാസവദത്ത പിടിയിലായി .നന്മകൾ പുലരാത്ത ലോകമാണിതെന്ന് അവൾ ചിന്തിച്ചിട്ടുണ്ടാകണം. ഉപഗുപ്തനു മുന്നിൽ ഹൃദയം അനാവരണം ചെയ്യാൻ ശ്രമിച്ചു ,ഫലമുണ്ടായില്ല. സത്യം കേൾക്കാൻ കഴിവില്ലാത്തവരുടെ പ്രതിനിധിയായി ഉപഗുപ്തൻ കാണപ്പെട്ടു .വാസവദത്ത തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോയി.കുറ്റകത്യം ചെയ്യാനിടവന്നത് അങ്ങനെയാണ് .അവളെ അധികാരികൾ ശിക്ഷിച്ചു. കൈകാലുകൾ വെട്ടിമാറ്റി ചുടുകാട്ടിലെറിഞ്ഞു. രക്തം വാർന്ന്  മരണത്തിനുവേണ്ടി യാചിക്കുന്ന അവളെ ആരു നോക്കാൻ ?ആ തോഴിയാണ് അവളെ സഹായിക്കുന്നത്. എന്നാൽ ദുർഘടമായ ഒരു സാഹചര്യത്തിൽ എല്ലാ ആശകളുമറ്റു മരണത്തെ പ്രതീക്ഷിച്ചു കഴിയുന്ന വാസവദത്തയെ കാണാൻ ഉപഗുപ്തൻ വന്നു. ആ സ്ഥലം തന്നെ പാപത്തിന്റെ ഭീകരത ബോധ്യപ്പെടുത്തുന്നു.

"വെളിയിടങ്ങളും വായ്ക്കും സ്ഥലം കാണാം ശൂന്യതയ്ക്ക്- 
കളിപ്പാനൊരുക്കിയിട്ട കളം കണക്കേ 
നെടിയ ശാഖകൾ വിണ്ണിൽ നിവർന്നുമുട്ടിയിലയും 
വിടപങ്ങളും ചുരുങ്ങി വികൃതമായി ,
നടുവിലങ്ങു നിൽക്കുന്നു വലിയൊരശ്വത്ഥം ,മൂത്തു
തടികൾ തേഞ്ഞും തൊലികൾ പൊതിഞ്ഞു വീർത്തും ."

ആ അശ്വത്ഥം ആ സന്ദർഭത്തിൻ്റെ കാഠിന്യം അറിയിക്കുന്നുണ്ട്. ഉപഗുപ്തൻ പേറിയ പാപമാണവിടെ വേറൊരു രീതിയിൽ അഭിവ്യഞ്ജിപ്പിക്കുന്നത്.ക്ഷണിക്കാതെ വരാനും അറിയാം ഉപഗുപ്തന്. അവിടെ ഉപഗുപ്തൻ്റെ ആവശ്യമില്ല .സ്നേഹത്തോടെ ക്ഷണിച്ചിട്ടും ,അത് മനസ്സിലാക്കാൻ ശക്തിയില്ലാതിരുന്ന ഉപഗുപ്തൻ, മരണവെപ്രാളത്തിൽ ശരീരപിണ്ഡം മാത്രമായി കിടക്കുന്ന വാസവദത്തയെ കണ്ടു എന്ത് ഉണർത്തിക്കാനാണ് !.

എന്നാൽ ഈ കൂടിക്കാഴ്ച അയാൾ വിചാരിച്ചാൽ പോലും ഒഴിവാക്കാൻ കഴിയില്ല. ചെയ്ത പ്രവൃത്തികൾ എന്തുതന്നെയായാലും അവനവൻ്റെ പാപകർമ്മങ്ങൾ തേടി വരികതന്നെ ചെയ്യും. അത് ഒരു അപ്രതീക്ഷിതമായ പൂട്ടാണ് .അവിടെ എല്ലാ പ്രബുദ്ധവചനങ്ങളും നിലംപൊത്തും .പ്രകൃതി ഒരുക്കുന്ന കെണിയാണിത്. ചെയ്ത പ്രവൃത്തികളുടെ ഫലമാകാമതെന്ന് ചിന്തിക്കുന്നവരുണ്ട്.

സ്നേഹയോഗിയാണവൾ എന്ന് മനസ്സിലാക്കാൻ ഉപഗുപ്തനു ചുടലക്കാട്ടിൽ വരേണ്ടിവന്നു .ഇതാണ് ആശാൻ സ്ഥാപിക്കുന്നത്. ആ ഉപഗുപ്തനു പാപത്തിൽ നിന്ന് വിട്ടൊഴിയാനാവില്ല .പല അടവുകളും പ്രയോഗിച്ചു. പലയിടത്തും ഒഴിഞ്ഞു മാറിയെങ്കിലും, ഇവിടെ ഇതാ അയാൾ കാലിടറി വീഴുന്നു! . അയാൾക്ക്  കുറ്റബോധമുണ്ടായി. തനിക്ക് ഒന്നും ചെയ്യാനില്ലല്ലോ എന്ന വ്യഥ ബാക്കിയാവുന്നു.

"ഹാ! മിഴിച്ചുനിന്നവനങ്ങമ്മഥുരയിലെ മുഖ്യ -
കാമനീയകത്തിൻ ഭസ്മകദംബം കണ്ടു !
ആ മഹാൻ്റെ കണ്ണിൽനിന്നാച്ചാമ്പലിലൊരശ്രുകണം
മാമലകീഫലമ്പോലെയടർന്നു വീണു. "

എന്തിനാണ് അയാൾ കരഞ്ഞത് ?ഉള്ളു പൊള്ളിച്ച കരച്ചിലാണത്.ആ കരച്ചിലിൽ എല്ലാമുണ്ട്. അത് ഒഴിവാക്കാനാവാത്ത പാപകർമ്മത്തിന്റെ മുന്നിൽ മനുഷ്യൻ ചെയ്യുന്ന പ്രായശ്ചിത്തമാണ്.