navadwaitham-vijayante novelukalilute
m k harikumar
dc books
second impression, july 2010
price 160/
സമന്വയത്തിന്റെ ലാവണ്യം
book review
സമന്വയത്തിന്റെ ലാവണ്യം
ദേശമംഗലം രാമകൃഷ്ണൻ
" എന്റെ ജ്യേഷ്ഠന്റെ ജീവൻ ഹരികുമാറിന്റെ ഈ ആസ്വാദനം അറിയുമെന്നു തന്നെ ഞാൻ കരുതുന്നു" എന്ന് ഒ.വി.ഉഷ. "ഒരു ഋഷിയോട് പ്രകടിപ്പിക്കേണ്ട കൃതജ്ഞതയുടെയും നീതിയുടെയും വിനീതമായ ഒരു നിദർശനമാണിത്..." എന്ന് എം.ലീലാവതി - എം.കെ.ഹരികുമാറിന്റെ 'നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ' എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണിവ. സൈദ്ധാന്തികവും പ്രതികരണാത്മകവുമായ ഹരികുമാറിന്റെ വിചിന്തനങ്ങളെ അടുത്തു കാണിച്ചു തരുന്നുണ്ട് ഈ സ്പർശിനികൾ. മതം, തത്ത്വം, സംസ്കൃതി, സൂക്ഷ്മവിനിമയങ്ങൾ, കാഴ്ച എന്നീ ഖണ്ഡങ്ങളിലേയും ഉപഖണ്ഡങ്ങളിലേയും സൂക്ഷ്മമായ പ്രതികരണക്കുറിപ്പുകൾ ഒ.വി.വിജയൻ എന്ന വ്യക്തിയുടെ സത്തയും ആ സത്ത കിനിഞ്ഞിറങ്ങുന്ന ആഖ്യാനാവിഷ്കാരങ്ങളുടെ വിവിധതലങ്ങളും വ്യുൽപാദിപ്പിക്കുന്നു 'ഖസാക്കിന്റെ ഇതിഹാസം'മുതൽക്കുള്ള വിജയരചനകളിലെ 'അനുഭവത്തിന്റെ സിംഫണി' വായനക്കാരനിലേക്കു സംക്രമിപ്പിക്കാൻ പോന്ന ഒരു ആസ്വാദനരീതിശാസ്ത്രമാണ് ഹരികുമാർ ഇവിടെ കൈക്കൊണ്ടിട്ടുള്ളത്. യുക്തികളുടെവരട്ടുതത്ത്വശാസ്ത്രത്തെവെടിഞ്ഞുകൊണ്ടുള്ള, നൈസർഗ്ഗികതയുടെ രീതിശാസ്ത്രം പുലർത്തുന്ന, വിജയന്റെ ആഖ്യാനങ്ങളെ അതേപരിമാണത്തോടെത്തന്നെയാണ് ഈ നിരൂപകൻ സമീപിച്ചിട്ടുള്ളത്.
വിജയൻ "ഒരു പാരമ്പര്യത്തെയും അതേപടി പൈന്തുടർന്നിട്ടില്ല. അതേ സമയം, വലിയ പാരമ്പര്യത്തെ, സ്മൃതിയിലും ബോധത്തിലും ആഴത്തിൽ ചലനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പൗരാണികതയെ നിരന്തരം ജപിച്ചുവരുത്തി പുതിയ വിതാനങ്ങളിലൂടെ അനുഭവശാസ്ത്രമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു." എന്ന വിലയിരുത്തൽ പാളിപ്പോയിട്ടില്ല. അനുഭവങ്ങളുടെ ഭൂപ്രദേശമാണ് പൗരാണികതയെന്നും അത് വെറും ചരിത്രമോ സംഭവമോ അല്ലെന്നും ഹരികുമാർ ബോധ്യപ്പെടുത്തുന്നുണ്ട്. പൗരാണികതയെ സമകാലിക ജീവിതത്തിന്റെ അവിഭാജ്യമായ ഊർജ്ജമാക്കിമാറ്റുന്ന എഴുത്തുകാരന്റെ വ്യക്തിസത്ത യാത്രയെയും വഴിയെയും രണ്ടായി കാണുന്നില്ല. നിശ്ശബ്ദതയിൽ കൂടണഞ്ഞു ജ്വലിക്കുന്ന മനുഷ്യന്റെ 'യാന്ത്രികവും നിരാസ്പദവുമായ നിരാശ'യെ പറ്റിയാണ് വിജയൻ എഴുതുന്നത്. മയിലിന്റെയും ഇലയുടെയും നിറങ്ങൾ ഇണചേരുന്ന ഒരു പ്രകൃതിയും മനുഷ്യപ്രകൃതിയും തേടിയുള്ള അനാദിയായ യാത്രയുടെ വ്യർത്ഥതയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. കൃഷ്ണനീലിമയുടെ പൊരുൾ തേടലാണ് ഈ യാത്രയെ തെല്ലെങ്കിലും സാർത്ഥകമാക്കുന്നത്. ഇങ്ങനെ വിജയന്റെ ആഖ്യാനങ്ങൾ വിരുദ്ധ ദ്വന്ദ്വങ്ങളുടെ സംഘർഷവും ലയവുമായി അനുഭവപ്പെടുന്നു. പരോക്ഷതകളുടെ അകക്കളങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നാടകമാണിത്.
വിജയൻ എഴുതിത്തുടങ്ങുന്ന കാലത്ത് മിക്ക എഴുത്തുകാർക്കും പൂർണ്ണരായ മനുഷ്യരെ അവതരിപ്പിക്കാനായിരുന്നു താൽപര്യമെന്നും അതിനു നേർവിപരീതമാണ് വിജയന്റെ രീതിയെന്നും മാമൂലുകൾക്കനുസരിച്ചുള്ള കഥാപാത്രസൃഷ്ടിയിൽ മുഴുകി സ്വയം ബന്ധനസ്ഥനാകാൻ അദ്ദേഹം ആഗ്രഹിച്ചില്ലെന്നും ഹരികുമാർ പറയുന്നു. അദ്ദേഹം അങ്ങനെ മലയാള നോവലിന്റെ ബന്ധങ്ങളെ അഴിച്ചു എന്നു കാണിക്കാനാണ് ഹരികുമാർ ഈ ബൃഹദ്പഠനത്തിൽ ശ്രമിച്ചിട്ടുള്ളത്. മലയാള നോവൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിനും മുമ്പും പിമ്പും എന്നൊരു ബലതന്ത്രം സ്ഥാപിക്കാൻ തന്നെ ഒ.വി.വിജയനു കഴിഞ്ഞുവേന്ന് ഈ പഠനം വെളിപ്പെടുത്തിത്തരുന്നുണ്ട്. 1970-ലെ ഓടക്കുഴൽ സമ്മാനം ആ കൃതിക്കാണ് കിട്ടിയത്. അന്ന് ജി.ശങ്കരക്കുറുപ്പ് എൻ.വി.കൃഷ്ണവാരിയർക്കെഴുതി: "ഖസാക്കിന്റെ ഇതിഹാസം സമ്മാനാർഹമായി പ്രഖ്യാപിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. കേരളത്തിലെ 'വെർജിൻ' മണ്ണുള്ള ഒരുതടത്തിൽ വേരൂന്നിയ അനുഭവങ്ങളുടെ മനോഹരമായ നവീനാവിഷ്കാരമാണ് വിജയന്റെ ഗദ്യകാവ്യം. ആധുനികന്മാരും അത്യാധുനികന്മാരും കേരളത്തിന്റെയും ഭാരതത്തിന്റെയും ജീവിതത്തടങ്ങളിൽ ഇങ്ങനെ പ്രതിഭയെ സഞ്ചരിപ്പിച്ചിരുന്നെങ്കിൽ!". ഈ ആശ്ചര്യവും പ്രശംസയും ഇന്നും ചൂടാറാതെ നില നിൽക്കുകയാണല്ലോ.
ഇതിഹാസത്തിന്റെ വരവോടെയാണ് കവിതയ്ക്കു തുല്യമായ നിലയിൽ നോവലിനു പഠനങ്ങൾ ഉണ്ടായിത്തുടങ്ങിയതെന്ന ഹരികുമാറിന്റെ അഭിപ്രായം അർത്ഥവത്താണ്. അദ്ദേഹത്തിന്റെ 'ആത്മായനങ്ങളുടെ ഖസാക്ക്' തന്നെ ഉദാഹരണം. കാവ്യാത്മകമായ അനുഭവസാന്ദ്രത ഗദ്യത്തിൽ സംഭവിച്ചതിന്റെ തിരിച്ചറിവാണ് ഇതിനുപ്രേരകമെന്ന് അദ്ദേഹം കണ്ടെത്തുന്നു. "ഖസാക്ക് നൽകിയ ചിന്തകളുടെ, അനുഭൂതികളുടെ, മഴ അപാരമായിരുന്നു. ജീവിതത്തിന്റെ നേർക്ക് നവീനമായൊരു ആദ്ധ്യാത്മികവിശുദ്ധിയും നഗ്നതയും പ്രദർശിപ്പിക്കാൻ ഈ നോവലിനു കഴിഞ്ഞു. മുമ്പൊരിക്കലുമില്ലാത്ത മനോവിചാരങ്ങളുടെ ഹിമസാഗരങ്ങൾ അത് നൽകി" എന്ന് പറയുന്നിടത്ത് ഈതിബാധകളില്ലാത്ത വിവൃതമായ സഹൃദയത്വമാണ് മുന്നിട്ടുനിൽക്കുന്നത്. "ജീവിതത്തെ അപഗ്രഥിക്കുകയോ, നിലപാടുകളിലോ നിക്ഷിപ്തനിഗമനങ്ങളിലോ എത്താൻ ശ്രമിക്കുകയോ ചെയ്യാതെ സൗന്ദര്യാത്മകതയുടെ സാധ്യതകൾ തേടുകയാണ് ഒ.വി.വിജയൻ" എന്നെഴുതുമ്പോൾ നിരൂപകന്റെ വിശകലനബുദ്ധി തെളിഞ്ഞുവരികയും ചെയ്യുന്നു. ധർമ്മപുരാണം, മധുരംഗായതി, ഗുരുസാഗരം, പ്രവാചകന്റെ വഴി, തലമുറകൾ എന്നീ ആഖ്യാനങ്ങളെക്കുറിച്ചുള്ള ആസ്വാദനവിശകലനങ്ങളുടെ നിലപാടുതറയും ഇതുതന്നെയാണ്. നൈരന്തര്യഭംഗമില്ലാതെ, ആത്മവഞ്ചനയില്ലാതെ, ഹരികുമാർ വിജയനെ വെളിപ്പെടുത്തുന്നു; ഒപ്പം സ്വയം വെളിപ്പെടുത്തുകയും ചെയ്യുന്നു. ഒരു ജന്മത്തിൽ, ഒരു അനുഭവത്തിൽ, സംഭവിക്കുന്ന അനേകം ധാതുക്കളുടെ പ്രയാണം അനുഭവിപ്പിക്കാൻ ഒ.വി.വിജയന് തന്റെ കൃതികളിലൂടെ സാധിക്കുന്നു. "ലോകം ഏൽപ്പിക്കുന്ന അംഗീകൃതമായ തത്ത്വശാസ്ത്രങ്ങളുടെ ആവർത്തനമല്ല വിജയന്റെ ദർശനം" എന്ന കണ്ടെത്തലിലാണ് ഹരികുമാറിന്റെ നവാദ്വൈത സങ്കൽപനം തൃപ്തിപ്പെടുന്നത്. വ്യാവഹാരിക ലോകത്തുവെച്ച് നിഗ്രഹിക്കപ്പെട്ട പേലവ സങ്കൽപങ്ങളെയും അറിവുകളെയും അടുത്തുകാണിച്ചുതരുന്നു ഇത്.
നമ്മുടെ കാലത്തിന് നഷ്ടമായ ആത്മസാധ്യതകൾ വീണ്ടെടുക്കുക എന്ന അർത്ഥത്തിലാണ് ഹരികുമാറിന്റെ നവാദ്വൈതസങ്കൽപനം. വൈരുദ്ധ്യാത്മകതലങ്ങളുടെ ആഗിരണവും നിരാസവും ഒന്നിച്ചുനടക്കുന്ന ഒരു പ്രക്രിയയാണത്. മതേതരവും സംഘേതരവുമായ ഒരന്വേഷണമാണത്. 'വായുവിന്റെ, പൂവിന്റെ, ജലത്തിന്റെ കവിത എന്നതുപോലെയാണ് ഇതിന്റെ അവസ്ഥ' എന്ന് ഹരികുമാർ പറയുന്നു. പൂർവവിധികളെ മറികടന്ന് മുന്നോട്ടുപോകുന്ന ഭാഷാ ദർശനവും ദർശനശൈലിയും ഒ.വി.വിജയന്റെ എല്ലാ കൃതികളിലും സമന്വയത്തിന്റെ ആത്മീയത പ്രസരിപ്പിക്കുന്നുണ്ട്. "ഭാഷയെ മന്ത്രധ്വനിയാക്കി, മൗനത്തിന്റെയും വചനത്തിന്റെയും സമന്വയത്തിലൂടെ പ്രപഞ്ചസാരാംശത്തിലേയ്ക്കു നയിക്കാൻ കഴിയുമ്പോഴാണ് അതിനു സ്വന്തമായി ദർശനം കിട്ടുന്നത്." വിജയന്റെ ഭാഷയ്ക്ക് ഈ സിദ്ധിയുണ്ടെന്ന് ഹരികുമാർ സ്ഥാപിക്കുന്നു. സ്നേഹത്തിന്റെ മൃതിസ്വരങ്ങൾ, ചിരിയുടെ ഉപനിഷത്ത്, മരിച്ച ആത്മാക്കളുടെ പ്രതിഫലമായ ജഡങ്ങൾ, ചുംബനത്തിന്റെ ആർദ്രസംഗീതം ശൈവസർപ്പങ്ങളുടെ ലാസ്യമായിനീണ്ടു, നിരന്തരതയുടെ സാരം, ദേഹം വെടിഞ്ഞ മിഥുനങ്ങൾ, പുറപ്പാടുകളുടെ കമാനമായ ആകാശം - ഇങ്ങനെ ഭാഷയെ നവമായൊരു അദ്വൈതദർശനത്തിലേയ്ക്കുയർത്തിയെന്നതാണ് ഒ.വി.വിജയന്റെ മഹത്തായ സംഭാവന - അദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും സൂക്ഷ്മസ്പർശിനിയാണിത്.
No comments:
Post a Comment