ഗുരുവിന്റെ ജാതി മത ദൈവ ദർശനം പുതിയൊരു മതമാണ് :എം. കെ. ഹരികുമാർ
തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദർശനം പുതിയൊരു മതമാണെന്ന് പ്രമുഖ നിരൂപകനും നോവലിസ്റ്റുമായ എം. കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.
ശ്രീനാരായണ ക്ലബിന്റെ നേതൃത്വത്തിൽ തന്റെ 'ശ്രീനാരായണായ' എന്ന നോവലിനെ മുൻ നിറുത്തി ഇരുപത്തിയൊന്നാം നുറ്റാണ്ടിലെ മതദർശനത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതസമന്വയമാണ് ഈ നൂറ്റാണ്ടിനാവശ്യം.ഒരു മതവും നമുക്ക് അന്യമല്ലെന്ന് ഗുരു പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കുകയാണ് വേണ്ടത്.എല്ലാ മതങ്ങളും നമ്മുടേതാണ് . ഒരു ജാതി എന്നത് മനുഷ്യത്വം എന്ന അനുകമ്പയാണെന്ന ഗുരുതത്വമാണ് ഉൾകൊള്ളുന്നത് .ഒരു മതമെന്നത് മറ്റെല്ലാമതങ്ങളുടെയും സാരമാണ് . ഇതാണ് സ്ഥായിയായ മൈത്രി .ഒരു ദൈവമാകട്ടെ നമ്മളിൽ ഓരോരുത്തരിലുമുള്ള ദൈവമാണ് .അത് പുറത്തുപോയി തേടേണ്ടതല്ല .ആ ദൈവത്തെ താഴെവീഴാതെ പരിപാലിക്കേണ്ടത് നമ്മുടെ മാത്രം ചുമതലയാണ് . തിന്മയ്ക്ക് പകരം മനസ്സിലെ നന്മകൊണ്ടാണ് ദൈവത്തെ തേടേണ്ടത് . ഇതിനു നിരന്തര ജാഗ്രത വേണം .അനുകമ്പയുള്ളവരെയാണ് മനുഷ്യനെന്ന് വിളിക്കേണ്ടതെന്ന് ഗുരു ഉപദേശിച്ചിട്ടുണ്ട് .ഏത് ദൈവത്തെ ആരാധിച്ചാലും മനുഷ്യൻ നന്നാവുമെങ്കിൽ അത് ശ്രീനാരായണ ദർശനമായിത്തീരും .എല്ലാ മതങ്ങളും തമ്മിൽ പരസ്പര സഹവർത്തിത്ത്വം ഉണ്ടാകുകയാണെങ്കിൽ മതങ്ങളുടെ മതം എന്ന ഗുരു ആദർശത്തിൽ എത്താനാകും- ഹരികുമാർ പറഞ്ഞു .
ഈ കാലഘട്ടം ഗുരുവിന്റെ മതത്തെ തേടുകയാണ് .എല്ലാ മതങ്ങളും ഒരു കുടക്കീഴിലണെന്ന വിശേഷപ്പെട്ട അറിവ് നേടണം.അതിലുടെ ഗുരുമതത്തിലെത്താം. ഗുരുവിന്റെ മതത്തെ മനസ്സിൽ വയ്ക്കുന്നവർക്ക് മറ്റേത് മതത്തിലും വിശ്വസിച്ചുകൊണ്ടുതന്നെ ഇതിൽ തുടരാം. ഏതു ദൈവത്തിലും വിശ്വസിച്ചുകൊണ്ട് ഗുരുവിന്റെയടുത്തുവരാം .ഇത് വേലിക്കെട്ടുകൾ തകരുന്ന കാലമാണ് . സംസ്കാരത്തിന്റെ ചതുരക്കള്ളിയിൽ ഇന്നു ജിവിക്കാനാകില്ല .വ്യത്യസ്ത ദേശ, ഭാഷ, സംസ്കാരങ്ങളുടെ ഒത്തൊരുമയിലാണ് ഗുരുവിന്റെ മതം യാഥർത്ഥ്യമാകുന്നത് .ഗുരുദർശനത്തെ സങ്കുചിതമായി വ്യാഖ്യാനിക്കുകയും ഗുരുവിനെ സാമാന്യവൽക്കരിക്കുകയും ചെയ്യുന്നതുകണ്ട് വേദനിച്ചാണ് 'ശ്രീനാരായണായ' എന്ന ബൃഹത് നോവൽ എഴുതിയതെന്നും ഹരികുമാർ പറഞ്ഞു.
ഡോ ഷിനു , കനകരാഘവൻ ,രാധാകൃഷ്ണൻ ആലുമ്മൂട്ടിൽ എന്നിവർ പ്രസംഗിച്ചു
No comments:
Post a Comment