Followers

Thursday, August 3, 2023

അക്ഷരജാലകം/കംപ്ളീറ്റ് എഡിറ്റർ /എം.കെ.ഹരികുമാർ

 നല്ല വ്യക്തികളെക്കുറിച്ച് അമെരിക്കൻ എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്വേ പറഞ്ഞത് ഓർക്കുകയാണ്: 'നല്ലയാളുകൾക്ക് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. അവർ സാഹസികരായിരിക്കും. അവർ സത്യം പറയുന്ന ശീലമുള്ളവരാണ് .അവർ ത്യാഗം ചെയ്യും. എന്നാൽ അവരുടെ മേന്മകൾ അവരെ വഴങ്ങുന്ന സ്വഭാവമുള്ളവരാക്കും .അവർക്ക് പലപ്പോഴും മുറിവേൽക്കേണ്ടി വരുന്നു. അങ്ങനെ അവർ പ്രതിസന്ധികളെ  നേരിടുന്നു.'(എ ഫെയർ വെൽ ടു ആംസ്').മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ആരെയും ആകർഷിക്കുന്ന വ്യക്തിത്വമായി നിറഞ്ഞു നിൽക്കുകയാണ് ആർ.ഗോപീകൃഷ്ണൻ(ഗോപി സാർ).അദേഹം വിടവാങ്ങുമ്പോൾ മെട്രോവാർത്തയുടെ ചീഫ് എഡിറ്ററായിരുന്നു .അതിനുമുമ്പ് മംഗളം, കേരളകൗമുദി എന്നിവിടങ്ങളിൽ ഡെപ്യൂട്ടി എഡിറ്ററായിരുന്നിട്ടുണ്ട്.

മനസുകൊണ്ട് തലകുനിക്കാതെ അദ്ദേഹവുമായി ഇടപെടനാകില്ല .ഉൽകൃഷ്ടമായ വ്യക്തിത്വഘടനയും ആദർശപരമായ കാഴ്ചപ്പാടുമായിരുന്നു അദ്ദേഹത്തിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ .അദ്ദേഹം തൊഴിലിൽ എപ്പോഴും റിസ്ക് എടുക്കുമായിരുന്നു. ഗതാനുഗതികത്വം ഇഷ്ടമല്ലായിരുന്നു. താൻ എവിടെ പ്രവർത്തിക്കുന്നുവോ അവിടം മികവുറ്റതാക്കണമെന്നായിരുന്നു ചിന്ത. നിസ്വാർത്ഥവും ശുദ്ധവും സ്നേഹത്തിനു ക്ഷാമമില്ലാത്തതുമായ ആ ഔദ്യോഗിക ജീവിതം മാന്യതയാൽ സൗമ്യമായിരുന്നു.

ഗോപിസാർ പറഞ്ഞതെല്ലാം സത്യമായിരുന്നു. വ്യക്തിപരമായോ തൊഴിൽപരമായോ ഇടപെടുന്ന ഒരു ഘട്ടത്തിലും അദ്ദേഹം കള്ളം പറഞ്ഞതായി അനുഭവമില്ല .എന്താണോ പറയുന്നത് അത് നടപ്പാക്കിയിരിക്കും. ഇങ്ങനെയുള്ള വ്യക്തികൾ സ്വഭാവദൃഢതക്കുള്ളവരായിരിക്കും. ത്യജിക്കുന്നത് ഒരു പൊതുമനസ്സുള്ളവരുടെ പ്രത്യേകതയാണ്. എത്രയോ വലിയ അവസരങ്ങൾ ,നേട്ടങ്ങൾ അദ്ദേഹം വേണ്ടെന്നുവച്ചു. എന്നാൽ തൊഴിൽ പരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഉണ്ടാകാറുള്ള  തിരിച്ചടികൾ പോലും പ്രവൃത്തിയിലെ ശുദ്ധിയിൽ നിന്നു പിന്തിരിപ്പിച്ചില്ല. അതിൽ നിന്നുള്ള മുറിവുകൾക്ക് ഒരു സുഖമുണ്ട് .ഗോപി സാർ അതും ആസ്വദിച്ചിരുന്നു. 

മൂല്യങ്ങളിൽ ഉറച്ച് 

പക്വമായ ഒരാദർശ മനസാണ് ഗോപി സാറിനുണ്ടായിരുന്നത്. അത് ആർജിക്കുന്നതിലാണ് മഹത്വം. എല്ലാറ്റിൻ്റെയും നന്മയും ശുദ്ധിയും  ഉൾക്കൊള്ളാൻ കഴിയുന്നവർക്ക് മാത്രമേ ഇതിനുള്ള ക്ഷമ കിട്ടൂ. കേവലം വ്യക്തിയായിരിക്കുന്നവർക്ക് അനാവശ്യമായ ഇഷ്ടാനിഷ്ടങ്ങൾ ധാരാളമുണ്ടാകും. അതെല്ലാം അവർ തൊഴിലിടങ്ങളിൽ പ്രകടമാക്കുകയും ചെയ്യും. ഗോപിസാർ അങ്ങനെയായിരുന്നില്ല. പരസ്പരം പൊരുത്തമുള്ള ചിന്ത പ്രധാനമാണ്, ധാരാളം പ്രൊഫഷണലുകളെ നയിക്കുന്ന ഒരാളിനു പ്രത്യേകിച്ചും .മൂല്യങ്ങളിലുള്ള സ്ഥിരതയാണ് അതിൽ പ്രധാനം.ഗോപി സാർ അതിനു ഏറ്റവും നല്ല ഉദാഹരണമാണ് .ബാഹ്യമായ പരിഗണനകൾക്കപ്പുറത്ത് എല്ലാത്തിനെയും മൂല്യപരമായി തന്നിലേക്ക് വലിച്ചടുപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അപ്പോഴാണ് നേതൃത്വഗുണം നാമറിയുന്നത്.

ഏതൊരു രംഗത്തും സ്ഥിരമായി പ്രവർത്തിക്കണമെങ്കിൽ നേതൃഗുണം വേണം. ഇത് പക്ഷേ ,വ്യക്തി താൽപര്യങ്ങളെ മറികടന്ന് കൂട്ടായ  വിജയത്തെ മുന്നിൽ കാണുന്നവരുടെ സവിശേഷതയാണ്. ഒരു പത്രത്തിന്റെ നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളെക്കുറിച്ചും അറിവുള്ള എഡിറ്റർമാർ വളരെ വളരെ കുറവാണ്. പത്തു പേജുള്ള ഒരു പത്രം 50,000 കോപ്പി അച്ചടിക്കണമെങ്കിൽ അതിനു എത്ര അളവ് ന്യൂസ് പ്രിൻ്റ് വേണമെന്ന്  അറിയാവുന്ന ഒരു എഡിറ്ററായിരുന്നു ഗോപിസാർ. വാർത്തകൾ എങ്ങനെ പത്രത്തിൽ സംവിധാനം ചെയ്യണം, അതിൻ്റെ ഭാഷ എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹത്തിനു  വ്യക്തമായ ധാരണയുണ്ടായിരുന്നു. ഒരു സമ്പൂർണ എഡിറ്ററായിരുന്നു അദ്ദേഹം -ഒരു കംപ്ളീറ്റ് എഡിറ്റർ .

കേരളത്തിലെ ഒന്നാന്തരം സ്പോർട്സ് ലേഖകനായിരുന്ന ഗോപിസാർ ടൈ ബ്രേക്ക് എന്ന പേരിൽ ഒരു കോളം മംഗളം പത്രത്തിൽ എഴുതിയിരുന്നു. സാധാരണ പത്രഭാഷയ്ക്കുപരി സൗന്ദര്യമുള്ള ഒരു എഴുത്തായിരുന്നു അത്. അതുപോലെയാണ് രാഷ്ട്രീയ സംഭവങ്ങളിലുള്ള അറിവ് .തത്സമയം വാർത്തകൾ ശേഖരിക്കാനും അതിനെ വിശകലനം ചെയ്യാനും വായനക്കാർക്ക് ആവശ്യമുള്ളതു മാത്രം അതിൽ നിന്ന് വേർതിരിച്ചെടുത്ത് പ്രസിദ്ധീകരിക്കാനുമുള്ള മികവ് പ്രശംസനീയമാണ്.കെ .കരുണാകരൻ ,കെ.ആർ. ഗൗരിയമ്മ തുടങ്ങിയവരുമായി ഗോപി സാർ ചെയ്ത അഭിമുഖങ്ങൾ ഓരോ കാലത്തും അദ്ദേഹം എത്ര സമകാലികനായിരുന്നുവെന്നും രാഷ്ട്രീയ അന്തർനാടകങ്ങളെ നിഷ്പക്ഷമായ ബുദ്ധിയുപയോഗിച്ച് എങ്ങനെ മനസ്സിലാക്കുന്നുവെന്നും  കാണിച്ചുതരുന്നു. അദ്ദേഹം ഒരുകാലത്ത് രാഷ്ട്രീയ ലേഖനങ്ങൾ എഴുതിയിരുന്നു .ആദ്യം മംഗളത്തിലും പിന്നീട് കലാകൗമുദിയിലും .

രാഷ്ട്രീയ ,സാമൂഹ്യപ്രശ്നങ്ങളെപ്പറ്റി ഞാൻ ഗോപിസാറുമായി ഫോണിൽ ധാരാളം സംസാരിച്ചിട്ടുണ്ട് .സംസ്ഥാന കോൺഗ്രസിലെ അധികാര മാറ്റവും  ഉമ്മൻചാണ്ടിയുടെ രോഗവുമെല്ലാം  ചർച്ചചെയ്തിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ രോഗത്തെക്കുറിച്ച് വളരെ സങ്കടത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.ഉമ്മൻ ചാണ്ടിക്ക് രോഗം വന്നില്ലായിരുന്നെങ്കിൽ പത്രവായനക്കാർക്ക് ആവേശം പകരുന്ന പല മാറ്റങ്ങളും കോൺഗ്രസിൽ സംഭവിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതോർക്കുന്നു .അതുപോലെ സോഷ്യൽ മീഡിയ രംഗത്തും ബ്ലോഗ് ,യൂട്യൂബ്, വിക്കിപീഡിയ തുടങ്ങിയ ഓൺലൈൻ വാർത്താ ,ഉള്ളടക്ക ഇടനാഴികളിൽ എന്തു സംഭവിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചുകൊണ്ടിരുന്നു. മഹാനായ ഇന്ത്യൻ ചലച്ചിത്രസംവിധായകൻ  സത്യജിത് റായി(1921-1992)യുടെ ജന്മശതാബ്ദിയെക്കുറിച്ച് ഓർമ്മിപ്പിച്ചത് ഗോപിസാറാണ്. ആ പ്രചോദനത്തിലാണ് റായിയുടെ 'പഥേർ പാഞ്ചാലി' എന്ന വിഖ്യാതസിനിമയുടെ 65 വർഷം എന്ന വിഷയത്തിൽ ഞാൻ ലേഖനം എഴുതി 'അക്ഷരജാലക'ത്തിൽ പ്രസിദ്ധീകരിച്ചത്. 

അറിവ് ഒരു തൃഷ്ണ 

'മംഗള'ത്തിൽ ജോലി ചെയ്യുന്ന അവസരത്തിൽ രാത്രി എട്ടര മണിയായി കാണും ,ഗോപി സാർ എന്നെ അടുത്തേക്ക് വിളിച്ചു .ഞാൻ ചെന്നപ്പോൾ അദ്ദേഹം ഒരു മുഖവുരയുമില്ലാതെ പറഞ്ഞു ,എം.ടിക്ക് ജ്ഞാനപീഠം ലഭിച്ചിരിക്കയാണ്,ഒരു ലേഖനം ഉടനെ എഴുതിത്തരണം. ഞാൻ തത്കാലത്തേക്ക് മറ്റു ജോലികൾ മാറ്റി വച്ച് ഡസ്കിലിരുന്ന് അര മണിക്കുർ കൊണ്ട് ഒരു ലേഖനം എഴുതിക്കൊടുത്തു .അദ്ദേഹത്തിനു  അത് ഇഷ്ടപ്പെട്ടു ;പറയുകയും ചെയ്തു .അത് എഡിറ്റോറിയൽ പേജിൽ പിറ്റേദിവസം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അന്ന് പെട്ടെന്ന് ആ ലേഖനം എഴുതിക്കൊടുത്തതിനെപ്പറ്റി പിൽക്കാലത്ത് ചില സുഹൃത്തുക്കളോട് അദ്ദേഹം പലവട്ടം പറഞ്ഞതായി ഞാൻ അറിഞ്ഞിട്ടുണ്ട്.ഇതായിരുന്നു ഗോപിസാറിൻ്റെ പ്രത്യേകത. അദ്ദേഹം ഓരോന്നിലും മനസ്സ് കൊടുത്തു പ്രവർത്തിക്കുകയായിരുന്നു. സൂക്ഷ്മമായ കണ്ടെത്തലും കൃത്യനിർവ്വഹണവും വേഗത്തിലായിരുന്നു . കുമാരനാശാൻ്റെ നൂറ്റിയൻപതാം ജന്മദിനം പ്രമാണിച്ച് ഞാൻ മെട്രോ വാർത്തയിൽ എഴുതിയ ഒരു ഫുൾ പേജ് ലേഖനവും (കവിതയുടെ ബുദ്ധശിരസ്സ്) മഹാകവി അക്കിത്തം അന്തരിച്ചപ്പോൾ എഴുതിയ ലേഖനവും (കവിതയുടെ നതോന്നത)ഗോപിസാറിൻ്റെ പ്രേരണയിലായിരുന്നു. 

തത്ത്വചിന്താപരവും  പ്രചോദനാത്മകവുമായ പ്രഭാഷകരിൽ സാർ ഏറ്റവും ശ്രദ്ധയോടെ പിന്തുടർന്നത് മഹാത്രിയ ,ജഗ്ഗു വാസുദേവ് (സദ്ഗുരു) എന്നിവരെയാണ്.യാദൃശ്ചികമായാണ് ഗോപിസാറുമായി  മഹാത്രിയയെക്കുറിച്ച് സംസാരിച്ചത്. എന്നാൽ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അദേഹം  മഹാത്രിയയുടെ ജീവചരിത്രത്തിൻ്റെ ഒരു സംഗ്രഹം തന്നെ നൽകി. അദ്ദേഹത്തിൻ്റെ ആത്മീയ പ്രഭാഷണത്തെക്കുറിച്ചും അൽമാ മാറ്റർ എന്ന സ്ഥാപനത്തെക്കുറിച്ചും 'ഹയർ ഡീപ്പർ ബിയോണ്ട്' എന്ന വാർഷിക സമ്മേളനത്തെക്കുറിച്ചും ഇൻഫിനിറ്റി ഡോട്ട് കോമിനെക്കുറിച്ചും  അദ്ദേഹം സംസാരിച്ചു. അറിവ് ഒരു തൃഷ്ണയായിരുന്നു .ജഗ്ഗി വാസുദേവിൻ്റെ (സദ്ഗുരു) ആശയപരമായ വ്യക്തതയെക്കുറിച്ചും പ്രാചീനഗ്രന്ഥങ്ങളിലുള്ള പാണ്ഡിത്യത്തെക്കുറിച്ചും സാർ പറഞ്ഞതോർക്കുന്നു. 

ഇതിനു പുറമെയാണ് സിനിമയിലും സാഹിത്യത്തിലുമുള്ള താല്പര്യം. വെറും താൽപര്യമല്ല ,ഒരു എഡിറ്റർക്ക് വേണ്ട ആഴമുള്ള അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം ചോദിച്ചു ,നമ്മുടെ മമ്മൂട്ടിയെക്കുറിച്ച് എന്താണ് അഭിപ്രായം? ഞാൻ മമ്മൂട്ടിയുടെ വിധേയൻ, മതിലുകൾ ,ഒരു വടക്കൻ വീരഗാഥ ,ന്യൂഡൽഹി ,ആവനാഴി, മൃഗയ തുടങ്ങിയ സിനിമകളെക്കുറിച്ച് പറഞ്ഞു. ഉടനെ അദ്ദേഹം പറഞ്ഞു, എന്നാൽ ഒരു ലേഖനം വേണം ,മെട്രോ വാർത്തയുടെ ഒരു സ്പെഷ്യൽ വരുന്നുണ്ട് ,അതിൽ ചേർക്കാനാണ്. ആ ലേഖനം കവർ സ്റ്റോറിയായിട്ടാണ് സാർ അച്ചടിച്ചത്. ചലച്ചിത്രമേഖലയിലെ ചലനങ്ങളെല്ലാം ഗോപിസാറിനു ഹൃദിസ്ഥമായിരുന്നു. ഒരിക്കൽ ഞാൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്' എന്ന സിനിമയെക്കുറിച്ച് 'അക്ഷരജാലക'ത്തിൽ ദീർഘമായി എഴുതി. പിന്നീട് ആ സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. അപ്പോൾ  അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു ,ഹരികുമാർ എഴുതിയത് യഥാർത്ഥമായി ,അതിനാണ് അവാർഡ് എന്ന്. ആ ലേഖനം പുന:പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചായിരുന്നു സാർ ആവേശത്തോടെ പറഞ്ഞത്. 

പാശ്ചാത്യ നവോത്ഥാനത്തിൻ്റെയും മാധ്യമസ്വാതന്ത്ര്യത്തിൻ്റെയും ആശയങ്ങൾ സ്വാംശീകരിച്ച ഗോപി സാർ മാറിയ കാലത്തിൻ്റെ പൊരുളുകൾക്കായി കാതോർത്തു. അദ്ദേഹം സത്യാത്മകതയുടെ വക്താവായിരുന്നു. അതുകൊണ്ടു തന്നെ മതേതരത്വം, സഹോദര്യം , സത്യം ,സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളിൽ നിന്ന് ഊർജം സ്വീകരിച്ചാണ് അദ്ദേഹം വളർന്നതും ജീവിച്ചതും. തത്സമയ റിപ്പോർട്ടുകളുടെയും ഇരുപത്തിനാലു മണിക്കൂർ വാർത്താ സംപ്രേഷണത്തിന്റെയും മാധ്യമ വിസ്ഫോടനങ്ങളുടെയും കാലത്ത് വ്യക്തികൾക്ക് എത്രമാത്രം ശരിയായ വാർത്തകൾ കിട്ടുന്നു എന്ന വിഷയത്തിൽ അദ്ദേഹം ഉത്ക്കണ്ഠാകുലനായിരുന്നു. വാർത്തകൾ പരിശോധിക്കാനോ ,തെറ്റ് തിരുത്താനോ, ആഭ്യന്തരമായി ചർച്ച ചെയ്യാനോ സാധിക്കാത്ത വിധം അമിതവേഗത നമ്മുടെ മാധ്യമലോകത്തെ പിടിച്ചുലയ്ക്കുകയാണ്. അപ്പോഴും പ്രിൻ്റു ചെയ്തു വരുന്ന വാർത്തയുടെ കൃത്യതയും സത്യസന്ധതയും പാകതയും മറ്റൊന്നിനും  അവകാശപ്പെടാനാവില്ലെന്നാണ് ഗോപീകൃഷ്ണൻ വിശ്വസിച്ചത്. അത് സത്യവുമാണ്. വാർത്തയ്ക്ക്  പിന്നിലുള്ള വ്യക്തികൾക്കല്ല, വാർത്തയ്ക്കാണ് പ്രാധാന്യമെന്നു  വാദിച്ചു. ഒരു സമ്പൂർണ്ണ വാർത്താപത്രികയിലേക്കുള്ള ദൂരം അളക്കുന്നതിനു മനുഷ്യനും അവൻ്റെ സാഹോദര്യവും മാത്രമല്ല ,കലയും മാനുഷികതയും ധർമ്മവും അറിവും വേണമെന്ന നിലപാടിൽ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല .

ബഹുസ്വരത ,സഹിഷ്ണുത 

അതാണ് വായനക്കാർക്ക് വിശ്വാസയോഗ്യമാവുന്നത് .പത്രങ്ങൾ വാർത്തയെ സംവിധാനം ചെയ്യുന്ന രീതി ,അതിൻ്റെ മുൻഗണനാ ക്രമങ്ങൾ, വിചിന്തനങ്ങൾ അവതരണങ്ങൾ ,ബഹുസ്വരത ,ഉത്തരവാദിത്വം, സഹിഷ്ണുത തുടങ്ങിയ പ്രമാണങ്ങൾ ഉപേക്ഷിക്കാൻ ഒരു ഘട്ടത്തിലും തയ്യാറായില്ല.എന്നാൽ  അദ്ദേഹത്തിൻ്റെ സമകാലികരായ പലരും ഈ മൂല്യങ്ങളിൽ നിന്ന് പിൻവാങ്ങിയിരുന്നു. പത്രം ഒരാദർശമാണ് ;പത്രപ്രവർത്തകനാണ് അതിനു രക്തം പകരേണ്ടത്. പത്രപ്രവർത്തകൻ്റെ ജോലി പണമുണ്ടാക്കാനുള്ളതല്ല; അവൻ ഇരുപത്തിനാലു മണിക്കൂറും പണിയെടുക്കുന്നത് പ്രഭാതത്തിൽ പുറത്തിറങ്ങുന്ന ഒരു പത്രത്തിന് വേണ്ടിയാണ്. അതിൽ ത്യാഗത്തിന്റെ ഒരോഹരിയുണ്ട്. സങ്കീർണമായ സംഘർഷങ്ങളും തിരിച്ചടികളും അതിൽ നേരിടേണ്ടി വരും. ഇതെല്ലാം സഹിക്കുമ്പോൾ മനസ് നഷ്ടപ്പെടാതെ നോക്കുന്നതിലായിരുന്നു ഗോപി സാറിൻ്റെ വിജയം .മെട്രോവാർത്തയെ മനോഹരമായ ,സമഗ്രവും സുന്ദരവുമായ വാർത്താപത്രികയാക്കുന്നതിൽ ഗോപീകൃഷ്ണൻ ഉന്നതമായ  നിലപാടെടുത്തു .അത് മൈത്രിയും സഹവർത്തിത്വവും സത്യാന്വേഷണവും  പ്രധാനമായി കണ്ടതിൻ്റെ ഫലമാണ്.

ഇത് എംബെഡഡ് ജേർണലിസത്തിൻ്റെ കാലമാണ്. പ്രമുഖ ഫ്രഞ്ച്  ഉത്തരാധുനിക ചിന്തകനും സൈദ്ധാന്തികനുമായ ഷാങ് ബോദ്രിയാർ പറഞ്ഞു ,നമ്മുടേത് ഹൈപ്പർ റിയാലിറ്റി(അതിയാഥാർത്ഥ്യം അഥവാ കൃത്രിമ യാഥാർത്ഥ്യം)യുടെയും വ്യാജ വേഷത്തിൻ്റെയും കാലമാണെന്ന് .കമ്പ്യൂട്ടറിൽ സൗന്ദര്യവൽക്കരിച്ച ചരിത്രപുരുഷന്മാരെയാണ് നാമിപ്പോൾ കാണുന്നത്. അതുപോലെ യുദ്ധരംഗത്തെ വാർത്തകൾ മിലിട്ടറി യൂണിറ്റുകളാണ് നൽകുന്നത്.പത്രപ്രവർത്തകർ സൈനികർ നൽകുന്ന വാർത്തകളെ മാത്രം ആശ്രയിക്കുന്നു .അതാണ്  മാധ്യമങ്ങളിൽ വരുന്നത് . യുദ്ധങ്ങളിൽ എന്ത് സംഭവിച്ചുവെന്ന് ലോകത്തിനു അറിയില്ലെന്ന് ബോദ്രിയാർ അഭിപ്രായപ്പെടുന്നുണ്ട്. വാർത്തകൾ നൽകിയത് മിലിട്ടറി യൂണിറ്റുകളാണല്ലോ. ഇതാണ് എംബെഡഡ് ജേർണലിസം .ഇതിൽ സത്യമെത്രയുണ്ട് ? ഇതിനെക്കുറിച്ച് ഗോപിസാർ ഇങ്ങനെ പറഞ്ഞു: 'ഇറാക്ക് യുദ്ധകാലത്ത് അമെരിക്കൻ മിലിട്ടറി യൂണിറ്റുകൾ നൽകിയ വാർത്തകളാണ് ലോകത്ത് എവിടെയും അച്ചടിച്ചത്. മറ്റുള്ളവർ തരുന്ന വാർത്തകൾകൊണ്ട് നമുക്ക് എത്രകാലം തൃപ്തിപ്പെടാൻ കഴിയും? വാർത്തയുടെ ഉറവിടം തന്നെ ഇല്ലാതാവുകയാണ്.'അതിയാഥാർത്ഥ്യത്തിന്റെയും വ്യാജവേഷങ്ങളുടെയും കാലത്ത് സാമൂഹ്യ ഉത്തരവാദിത്വവും മാനുഷികമായ വകതിരിവും  കൈവിടാതെ പ്രവർത്തിക്കുകയാണ് ഭാവിയുടെ പത്രപ്രവർത്തകൻ നേരിടാൻ പോകുന്ന വെല്ലുവിളി. ഗോപി സാർ ഇത് തിരിച്ചറിഞ്ഞിരുന്നു. 

ജീവിതസത്യം കണ്ടെത്തുന്നു

ഡയാന രാജകുമാരിയുടെ ജീവിതകഥ രചിച്ച ഗോപിസാറിൻ്റെ സാഹിത്യ തൃഷ്ണകൾ അവസാനിച്ചിരുന്നില്ല. ഡാൻ ബ്രൗൺ പരിഭാഷയ്ക്കുമപ്പുറത്ത്  അത് 'കടൽ പറഞ്ഞ കടങ്കഥ' എന്ന നീണ്ടകഥയിലേക്ക് വ്യാപിക്കുകയായിരുന്നു. കുറേക്കൂടി വലിയ നോവൽ എഴുതാൻ സാറിൻ്റെ മനസ്സിൽ ചില പദ്ധതികളുണ്ടായിരുന്നു.'കടൽ പറഞ്ഞ കടങ്കഥ' എനിക്കാണ് സാർ ആദ്യം വായിക്കാൻ അയച്ചു തന്നത്. ഞാൻ അത് ആസ്വദിച്ചു വായിച്ചു. ഞങ്ങൾ ഫോണിലൂടെ ദീർഘനേരം അതിനെക്കുറിച്ച് സംസാരിച്ചു.ഈ  കൃതിക്ക് ഒരു മിത്തിക്കൽ സ്വഭാവമാണുള്ളത്. ഇതിൽ താമരസ്വാമി ഒരു മിത്താണ്. അതേസമയം ഇത് കടലിൻ്റെ കഥയുമാണ് .പരമ്പരാഗത കടൽ കഥകളിൽ നിന്ന് വ്യത്യസ്തമായി  ആത്മാവിലേക്ക് നടത്തുന്ന അന്വേഷണമാണിത്. നമ്മുടെയുള്ളിലെ ഗുരുവിനെ കണ്ടെത്താനുള്ള ശ്രമം. അവബോധങ്ങളുടെ അന്തിമമായ പവിത്രതയാണ് ലക്ഷ്യം വയ്ക്കുന്നത്. എവിടെ നിന്നോ ഒരു ദിവസം ഗ്രാമത്തിലെത്തുന്ന ഗുരു പലർക്കും പലതാണ്. യാഥാർത്ഥ്യത്തെക്കുറിച്ച് സുസ്ഥിരമായ ഒരഭിപ്രായമല്ല സാഹിത്യകാരനുള്ളത്. യാഥാർഥ്യം പലതായി വ്യാഖ്യാനിക്കപ്പെടുന്നിടത്താണ് ഗാർസിയ മാർകേസിൻ്റെ 'ഹാൻഡ്സൊമെസ്റ്റ് ഡ്രൗണ്ട് മാൻ ഇൻ ദ് വേൾഡ്,' 'എ വെരി ഓൾഡ് മാൻ വിത്ത് എനോർമസ് വിങ്സ്' തുടങ്ങിയ കഥകൾ ജീവിക്കുന്നത്. 
കഥകൾ ഭാവനയിലാണുള്ളതെങ്കിലും അവിടെയും ജീവിതമുണ്ട്. ഗുരുവായി പ്രത്യക്ഷപ്പെടുന്നത് ഒരു വ്യക്തിയായി തോന്നാമെങ്കിലും അത് അറിവിൻ്റെ ഭിന്നതലങ്ങളാണ് സൂചിപ്പിക്കുന്നത്. മനുഷ്യവ്യക്തികൾ ഭിന്നതയിലാണുള്ളത്. രമ്യത ഒരവബോധമാണ്.അപ്പോഴും നാം ഭിന്നരാണ്.ഗോപീകൃഷ്ണൻ എന്ന കഥാകൃത്തിൻ്റെ ആത്മസാക്ഷാത്കാരം അല്ലെങ്കിൽ സാർത്ഥകമായ പരിപ്രേക്ഷ്യം എന്ന നിലയിൽ അവതരിപ്പിക്കുന്ന ഒരാശയം ഈ കഥയിലുണ്ട്: 'ഈ മണ്ണിലിട്ട വിത്തുകൾ ഉറക്കം കഴിയുമ്പോൾ ഉണർന്നു തലപൊക്കും. ചോരയിലെഴുതിയതെല്ലാം താഴെയുണ്ട് മക്കളേ .വർഗീയത, ജാത്യഭിമാനം , വെറുപ്പ് ,ശത്രുത ,പക തുടങ്ങി എല്ലാം .നല്ല കാര്യങ്ങളെല്ലാം ഉയർന്ന് ആകാശത്തു തങ്ങി നിൽക്കും. ദൈവാധീനം, കാവൽ മാലാഖ, മലക്കുകൾ എന്നെല്ലാം പറയുന്നത് ഇതാണ്.' മനുഷ്യജീവിതത്തിന്റെ അല്ലെങ്കിൽ അസ്തിത്വത്തിന്റെ രഹസ്യത്തിലേക്ക് കഥാകൃത്ത് പ്രവേശിക്കുന്നതാണ് നാം കാണുന്നത്. ഇത്രയും വ്യക്തമായി ജീവിതസത്യം മനസ്സിലാക്കിത്തന്ന രചനകൾ കുറവാണ്. മനുഷ്യൻ പേറുന്ന അസംബന്ധവും യുക്തിരഹിതമായ ഉദ്വേഗങ്ങളും ദ്രവിച്ചു പോകുന്ന സന്ദർഭമാണിത്. 

ഇംഗ്ലീഷ് ദാർശനിക കവി ജോൺ ഡൺ ഇങ്ങനെ പറഞ്ഞു : 'ദൈവത്തിനു അനേകം പരിഭാഷകരുണ്ട്; ചിലത് പരിഭാഷപ്പെടുത്തുന്നത് കാലമാണ് ,രോഗം മറ്റു ചിലത് പരിഭാഷപ്പെടുത്തുന്നു ,യുദ്ധം ചിലത് പരിഭാഷപ്പെടുത്തുന്നു ,നീതിയും ചിലതെല്ലാം പരിഭാഷപ്പെടുത്തുന്നു.' കാലവും രോഗവും യുദ്ധവും നീതിയും പരിഭാഷകരാകുമ്പോൾ ജീവിതത്തിനു പല അടിത്തട്ടുകളും പ്രതലങ്ങളുമുള്ളതായി നമുക്ക് ബോധ്യപ്പെടുന്നു .വിവിധ അർത്ഥങ്ങൾ ഗ്രഹിക്കാനാവുന്ന സന്ദർഭങ്ങൾ ഉണ്ടാകുന്നത് ഇങ്ങനെയാണ്. ഇവിടെ ഗോപീകൃഷ്ണൻ തൻ്റെ കഥയിലൂടെ ജീവിതത്തിന്റെ രഹസ്യത്തിനുള്ളിലേക്ക് ചെന്ന് ചിലതെല്ലാം പരിഭാഷപ്പെടുത്തുന്നു. അകമേ നിറയുന്ന സത്യമാണത്.

ഇൻഡ്യൻ ഇംഗ്ലീഷ് കവിയും ഇലസ്ട്രേറ്റഡ് വീക്ക്ലിയുടെ എഡിറ്ററുമായിരുന്ന പ്രീതിഷ് നന്ദി പറഞ്ഞത് ഒരു എഡിറ്ററെ കിട്ടുക ഏറ്റവും പ്രയാസമായിരിക്കുമെന്നാണ്. നല്ല എഡിറ്റർക്ക് വലിയ ക്ഷാമമാണ്. അപൂർവ്വ ജീവിയാണത്രേ എഡിറ്റർ. എന്നാൽ മലയാളം സംഭാവന ചെയ്ത ഒരു നല്ല എഡിറ്ററായിരുന്നു ആർ. ഗോപീകൃഷ്ണൻ .


No comments: