critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Monday, August 11, 2025
ഗുരുവിൻ്റെ സൗന്ദര്യാത്മക ദൈവം/എം.കെ.ഹരികുമാർ
Wednesday, August 6, 2025
എം.ടി.വാസുദേവൻ നായരുമായി അഭിമുഖം / എം.കെ.ഹരികുമാർ
(2005 ജൂൺ 12നു കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ,എം.ടി യുമായുള്ള എൻ്റെ അഭിമുഖമാണിത്. ഈ കോപ്പി എൻ്റെ കൈയിലില്ലായിരുന്നു. പ്രിയ സുഹൃത്തും ചലച്ചിത്ര നിരൂപകനുമായ ശ്രീ എം.സി. രാജനാരായണൻ ഞാനാവശ്യപ്പെട്ട പ്രകാരം അയച്ചു തന്നതാണിത്. ഈ അഭിമുഖത്തിനു വേണ്ടി ഞാൻ എം.ടി യെ കണ്ടത് കോഴിക്കോട് കോസ്മോ ബുക്സ് കെട്ടിടത്തിലുള്ള അദ്ദേഹത്തിൻ്റെ ഓഫിസിൽ വച്ചായിരുന്നു).
എം.ടി. വാസുദേവന്‍നായര്‍
സംഭാഷണം
രണ്ടാമൂഴക്കാരന്‍ കൈവച്ച ഒരുമേഖലയിലും രണ്ടാമനല്ല. നോവലില്‍, ചെറുകഥയില്‍, തിരക്കഥയില്‍, പത്രപ്രവര്‍ത്തനത്തില്‍ അങ്ങനെ ഓരോ മേഖലയിലും 'എം.ടി. മാജിക്'. അതിന്റെ വിസ്മയങ്ങള്‍ കാട്ടി തലമുറകളെ കീഴടക്കി. എം.ടി.സാഹിത്യത്തിന് വാര്‍ദ്ധക്യമില്ല. മലയാളികളുടെ നിതാന്തയൗവ്വനമാണ് ആ വാങ്മയം.
ഞാന്‍ ഒരു വഴിയെപ്പറ്റി എഴുതുമ്പോള്‍, എനിക്ക് പരിചയമുള്ള ഒരു വഴിയായിരിക്കും. വീടാണങ്കില്‍, എന്റെ മനസ്സിലുള്ള വിടായിരിക്കും. സ്വന്തം വീടായിരിക്കണമെന്നില്ല. എഴുതുമ്പോള്‍ ഒരു പറമ്പോ വീടോ തോട്ടമോ വഴിയോ മനസ്സിലേക്ക് കയറിവരും. ഞാനത് ദൃശ്യവല്‍കരിക്കും
അമ്മയെപ്പറ്റി എഴുതുമ്പോള്‍, ആ ഇരുപ്പ്, മണ്ണെണ്ണവിളക്ക്, ഇരുട്ട് എല്ലാം മനസ്സിലേക്ക് ഓടിയെത്തും എഴുത്തില്‍ എല്ലാം ദൃശ്യവത്കരിക്കുന്നത് എന്റെ ശിലമാണ്...
എം.ടി വാസുദേവന്‍നായര്‍ അങ്ങനെയാണ് പറഞ്ഞുതുടങ്ങിയത്.
എഴുതാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നമ്മുടെ ഭാഷയിലുണ്ടായിരിക്കണം. അത് ലളിതമായിരിക്കണം. വ്യാഖ്യാതാവിന്റെ സഹായത്തോടെ മാത്രം മനസ്സിലാകുന്ന തരത്തിലാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഭാഷ വായനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്.
എന്റെ എഴുത്ത് പുതിയ തലമുറയെയും ആകര്‍ഷിക്കുന്നു എന്നു പറയുന്നതിന്റെ ഘടകം ഇതാകാം. അവരുടെയുള്ളിലേക്ക് ഒരാശയം കടത്തിവിടാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല. പ്രമേയത്തിന് അര്‍ഹിക്കുന്ന ഭാഷവേണം. 'രണ്ടാമൂഴ'ത്തിലെ ഭാഷ ആ സംസ്‌കൃതിയുമായി യോജിക്കുന്നതാണ്. അത് സൃഷ്ട്ടിച്ചതാണ്. അതിലെ ബിംബകല്പനകള്‍ ആ കാലത്തിന്റേതാണ്. സുരസുന്ദരിമാരുടെ വിരലുകളിലെ മുത്തിനെപ്പറ്റി പറയുന്നുണ്ട്. അത് ആ കാലമാണു കാണിക്കുന്നത്.
കാലം മായ്ക്കാത്ത, മഞ്ഞുമൂടാത്ത, വായനക്കാരനു മുന്നില്‍ ഒരിക്കലും രണ്ടാമൂഴക്കാരനാകാത്ത എഴുത്തിനെപ്പറ്റി എം.ടി ഇങ്ങനെ തുടര്‍ന്നു.
വലിയ വിജയം അവകാശപ്പെടുന്നില്ല. എന്റെ പുസ്തകങ്ങള്‍ വേഗത്തില്‍ വിറ്റഴിയുന്നു. അത് വീണ്ടും അച്ചടിക്കണമെന്ന് പ്രസാധകര്‍ പറയുന്നു. പുതിയ പതിപ്പുകള്‍ വരുന്നു. ഇതെല്ലാം എഴുത്തുകാരനെന്ന നിലയില്‍ എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. എവിടെയോ എന്റെ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരുണ്ട് എന്നറിയുന്നത് സംതൃപ്തി തരുന്ന കാര്യമാണ്. പക്ഷേ ഞാന്‍ വലിയ വിജയമൊന്നും അവകാശപ്പെടുന്നില്ല.
മറ്റു ചില മേഖലകളിലും ഞാന്‍ പ്രവര്‍ത്തിച്ചു ചില സിനിമകള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതി ചിലത് സംവിധാനം ചെയ്തു. അത്ഭുതകരമായ വിജയമാണെന്ന് തോന്നിയിട്ടില്ല. എനിക്ക് പരിമിതികള്‍ ഉണ്ട്. അത് ഞാന്‍ മനസ്സിലാക്കുന്നുണ്ട്.
പത്രപ്രവര്‍ത്തനത്തോട് എനിക്ക് ആദ്യം മുതലേ താത്പര്യമുണ്ടായിരുന്നു. അപ്രന്റിസ്ഷിപ്പ് കഴിഞ്ഞപ്പോള്‍ ഡെയ്‌ലിയില്‍ വര്‍ക്ക് ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ എനിക്കിഷ്ടം വീക്കിലിയായിരുന്നു. ഡെയ്‌ലിയാവുമ്പോള്‍ നൈറ്റ് ഡ്യൂട്ടിയുണ്ടാവും അത് സമയം അപഹരിക്കും. വായിക്കാന്‍ സമയം കുറഞ്ഞെങ്കിലോ എന്നു ശങ്കിച്ച് ഞാന്‍ വിക്കിലിയില്‍ത്തന്നെ ചേര്‍ന്നു.
സാഹിത്യപ്രവര്‍ത്തനത്തോടുള്ള താത്പര്യം ശരിക്കുമുണ്ടായിരുന്നു. അനേകം കൈയെഴുത്തുപ്രതികള്‍ വായിക്കാന്‍ കിട്ടുന്നു എന്നത് വലിയ കാര്യമാണ്. പലരുടെയും പുതിയ രചനകള്‍ ആദ്യമേ വായിക്കാം. ഇതില്‍നിന്ന് ചിലപ്പോള്‍ നല്ലൊരു രചന കണ്ടുകിട്ടുന്നത് ആഹഌദകരമാണ്. നല്ലതൊന്ന് കണ്ടെത്തുമ്പോള്‍ മടുപ്പുമാറും ചിലത് ഉത്തരവാദിത്വത്തോടെ വായിച്ചുതീര്‍ക്കേണ്ടതുണ്ട്, ധാരാളം സമയം നഷ്ടപ്പെടുത്തുമ്പോഴാവും മികച്ച ഒരു കൃതി നമ്മള്‍ കണ്ടെത്തുന്നത്. വലിയ സംതൃപ്തിയുടെ നിമിഷമാണിത്. ഇത് സാഹിത്യപത്രപ്രവര്‍ത്തനത്തിലെ സൗഭാഗ്യമായി ഞാന്‍ കരുതുന്നു. നമ്മുടെ അഭിരുചി മാത്രമല്ല സാഹിത്യപത്രപ്രവര്‍ത്തനത്തില്‍ പ്രധാനം. ലിറ്ററി ട്രെന്‍ഡുകള്‍ ശ്രദ്ധിക്കണം ഇഷ്ടാനിഷ്ടങ്ങളുടെ സങ്കുചിതത്വത്തില്‍പ്പെട്ടുപോകാതെ നോക്കണം. വായനകള്‍ക്കിടയില്‍ ഇതു നല്ലതാണ് എന്നു തോന്നുന്ന തരത്തില്‍ ഒരെണ്ണം കിട്ടുക എന്നതാണ് പ്രധാനം.
ചോദ്യം: ഏറ്റവും പുതിയ തലമുറയും എം. ടി കൃതികള്‍ വായിച്ച് അഭിമാനം കൊള്ളുന്നു. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
പുതിയ തലമുറയുമായി എനിക്ക് അടുപ്പമുണ്ട്. പത്താം കഌസ്സില്‍ പഠിക്കുന്നവരും
അതില്‍ ഉള്‍പ്പെടും. കത്തുകളിലൂടെയും മറ്റും അവരുടെ മനസ്സ് ഞാന്‍ കണ്ടിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ഈ കുട്ടികള്‍ നമ്മെ നോക്കുന്നതിലൂടെ, അവരുടെ ഭാവത്തിലൂടെ അതു മനസ്സിലാവും. എന്റെ രചനകള്‍ പുതിയ തലമുറയെയും സ്പര്‍ശിക്കുന്നു എന്നറിയുന്നത് സന്തോഷകരമാണ്.
-
എഴുത്ത് എങ്ങനെയാണ് ക്രിയാത്മകമായി നിലനിര്‍ത്തുന്നത്?
എഴുത്ത് ഓരോ ഘട്ടത്തിലും മാറുന്നുണ്ട്. ആദ്യം വിനോദമായിരുന്നു എഴുത്ത്. രാപകല്‍ ആലോചനയുമായി നടക്കുന്നൊരു കാലമുണ്ട്. ചില വരികള്‍ മനസ്സിലിട്ടുകൊണ്ടുനടക്കും. തുടക്കത്തില്‍ മിക്ക എഴുത്തുകാരും കവിത എഴുതാനാവും ശ്രമിക്കുക. അത് ശരിയാവുന്നില്ല എന്നു തോന്നുമ്പോള്‍ പിന്മാറുന്നു.
എല്ലാത്തിലും കഥ കാണുക, ഒരു ശീലമാവുന്നു. ആഴ്ചയില്‍ രണ്ടും മൂന്നും കഥകള്‍ എഴുതിയ കാലമുണ്ടായിരുന്നു. വാര്‍ഷികപ്പതിപ്പുകളുടെയും മറ്റും നിര്‍ബന്ധത്തിനു വഴങ്ങിക്കൊണ്ടാണ് അന്ന് എഴുതിയത്.
പകുതിയെഴുതി ഉപേക്ഷിച്ച ചില കഥകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് മിനുക്കിയെടുത്ത് പിന്നീട് നല്ല കഥകളാക്കി മാറ്റിയിട്ടുണ്ട്. എത്ര എഴുതിയാലും ശരിയാകില്ല എന്നു പറഞ്ഞ് ഉപേക്ഷിച്ച കഥകളുമുണ്ട്. ഇത് പ്രധാനമാണ് ഞാന്‍ ഈ കഥ എഴുതേണ്ടതുണ്ടോ എന്ന് സ്വയം ചോദിക്കണം. സ്വയം തര്‍ക്കിച്ചുകൊണ്ട് നല്ല കഥയ്ക്കുള്ള വാതില്‍ തുറക്കുകയാണു വേണ്ടത്.
എഴുത്തിലേക്കു വരുന്ന മുഹൂര്‍ത്തം ഏതാണ്?
നമ്മള്‍ അറിയാതെ മനസ്സില്‍ ചിലതെല്ലാം ഉണ്ടാകുന്നു. നാം നിത്യജീവിതത്തില്‍ അനുഭവിക്കുന്നത്. ഉള്ളില്‍ത്തട്ടുന്നത്. സൂക്ഷിച്ചുവയ്ക്കുന്നത്. ഉരുട്ടിക്കളിക്കുന്നത് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വയം പിന്തുടരാനുള്ള ജാഗ്രത വളരെ പ്രധാനമാണ്. ഇതില്‍ നിന്നാണ് എഴുത്തുവരുന്നത്.
വര്‍ഷങ്ങളോളം മനസ്സിലിട്ടുകൊണ്ടുനടന്ന ചില പ്രമേയങ്ങളുണ്ട്. 'ഷെര്‍ലക്' എന്ന കഥ നാലുവര്‍ഷം മനസ്സിലിട്ടുകൊണ്ടു നടന്നതാണ്. എഴുതാന്‍ സമയമായില്ല എന്നു തോന്നി നീട്ടിവച്ചു. പിന്നീട് സമയമായപ്പോള്‍ എഴുതി. 'കാഴ്ച' എന്ന കഥയും ഇതുപോലൊന്നാണ്. എന്നും മനസ്സിലുണ്ടായിരുന്ന പ്രമേയമായിരുന്നു അത്.
വായനക്കാരും എഴുത്തുമായുള്ള ബന്ധം?
നമ്മളെ മറ്റുള്ളവന്‍ ബാധിക്കേണ്ട കാര്യമില്ല നമ്മള്‍ എഴുതിവരുമ്പോള്‍, അദ്യശ്യരായ വായനക്കാരുണ്ടാവും. അവര്‍ കത്തെഴുതിയെന്നു വരില്ല. പക്ഷേ, അവരെ നമുക്കു കാണാം. വികാരങ്ങള്‍ തിരിച്ചറിയാം. അപ്പോള്‍ അവരുടെ പ്രതീക്ഷകള്‍ നാം കൈവിടരുത്. അവരുടെ ലെവലില്‍ നിന്ന് നാം താഴേക്കു പോയാല്‍ അവര്‍ വായിക്കാതാകും.
വിശ്വസ്തരായ ഒരുകൂട്ടം വായനക്കാരുടെ കാര്യമാണ് ഞാന്‍ പറയുന്നത്. ട്രസ്റ്റഡ് ആഡിയന്‍സ്. അവര്‍ എന്നില്‍ ഒരു വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. ഇതു നിലനില്ക്കുമ്പോഴാണ് എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് അസ്തിത്വം ഉണ്ടാകുന്നത്. അവര്‍ സ്തുതിച്ചുകൊണ്ട് കത്തെഴുതി ചുറ്റും കൂടണമെന്നില്ല. പക്ഷേ, അവരുടെ സാന്നിധ്യം നമുക്കറിയാന്‍ പറ്റും.
എഴുതിയതിലെല്ലാം സ്ഥായിയായ ഒരു വികാരത്തെ കണ്ടിട്ടുണ്ടോ?
എന്റെ ഓരോ നോവലും ഓരോ കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. അസുരവിത്തിനൊരു കാലം. മഞ്ഞിനൊരു കാലം, ഓരോന്നിനോടും പ്രത്യേക താത്പര്യമുണ്ട്. ഏതാണ് കൂടുതല്‍ ഇഷ്ടം എന്ന് പറയാനൊക്കില്ല
എഴുത്തിനുവേണ്ടതായ തയ്യാറെടുപ്പ് എന്താണ്?
ചര്‍ച്ചകള്‍കൊണ്ട് കാര്യമില്ല. ഏകാന്തതയില്‍ നാം മനസ്സിലിട്ട് പാകപ്പെടുത്തുന്നതായിരിക്കണം പ്രമേയങ്ങള്‍. ഇതിനു സമയം വേണം. വിഷയം നന്നായി അവതരിപ്പിക്കാന്‍ അതിന്റേതായ കടമ്പകളുണ്ട്. വേദനയുണ്ട്. ഇതിനപ്പുറം ഉള്ളതെല്ലാം ആനുഷംഗികമാണ്. മനസ്സിലെ നെരിപ്പോടില്‍ തീകൂട്ടി പരമാവധി ചോര്‍ ത്തിയെടുക്കാന്‍ കഴിയണം. വായന ക്കാരന് വിലപ്പെട്ടതു കിട്ടുന്നത് അപ്പോഴാണ്.
വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിടുന്നത്?
പുസ്തകങ്ങളെപ്പറ്റി, കഥകളെപ്പറ്റിയുള്ള ചില വിമര്‍ശനങ്ങള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ കാണാത്ത അര്‍ത്ഥത്തലം അവര്‍ കണ്ടിരിക്കാം. എന്റെ കൃതി ഒരു അസംസ്‌കൃതവസ്തുവായി സ്വീകരിച്ച് വിമര്‍ശകര്‍ പുതിയ സൃഷ്ടി നടത്തിയതായിത്തോന്നിയ അനുഭവമുണ്ടായിട്ടുണ്ട്.
ജീവിതത്തില്‍ വ്യര്‍ത്ഥതാബോധം തോന്നിയ സന്ദര്‍ഭമുണ്ടോ?
പലതും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്നു ചിന്തിക്കുമ്പോള്‍ വ്യര്‍ത്ഥത അനുഭവപ്പെടും. മനുഷ്യരാശിയെപ്പറ്റി ഭീകരമായ പലതും കേള്‍ക്കുമ്പോള്‍, ക്രൂരത കാണുമ്പോള്‍. വല്ലാത്ത വ്യര്‍ത്ഥതാബോധം തോന്നും നീതി നിഷേധിക്കപ്പെടുന്നതു കാണുമ്പോള്‍, തെറ്റിനെ തിരുത്താന്‍ കഴിയാതെ വരുമ്പോള്‍, നിഷ്‌കളങ്കതയെ തിരിച്ചറിയാതിരിക്കുമ്പോള്‍ എനിക്ക് എല്ലാം വ്യര്‍ത്ഥമായതായിത്തോന്നും. ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന് വേദനിക്കും.
പുസ്തകവായനയുടെ രീതി എങ്ങനെയാണ്? ഒരിക്കല്‍ കെ.പി. അപ്പന്‍ പറഞ്ഞു. ഗ്രബ്രിയേല്‍ ഗാര്‍സിയാ മാര്‍കേസിനെപ്പറ്റി പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആദ്യം പറഞ്ഞത് എം.ടിയാണെന്ന്. എങ്ങനെ ഇത്ര അഗാധവും വിശാലവുമായി പുസ്തകങ്ങളെ ശ്രദ്ധിക്കാന്‍ കഴിയുന്നു?
ഇന്നും വായനയുണ്ട്. ഷുഗര്‍ ഉള്ളതുകൊണ്ട് യാത്ര കുറച്ചു. രോഗം കൂടിയപ്പോള്‍ വീട്ടില്‍ത്തന്നെ കഴിഞ്ഞു. പണ്ടു വായിക്കാതെ മാറ്റിവച്ച കുറെ പുസ്തകങ്ങള്‍ ഈയിടെ വായിച്ചു.
പുറംരാജ്യങ്ങളില്‍ പോകുമ്പോള്‍ അവിടെ സാഹിത്യത്തില്‍ എന്തു നടക്കുന്നു എന്ന് അന്വേഷിക്കുന്നത് എന്റെ പ്രകൃതമാണ്. ചൈനയില്‍,അമേരിക്കയില്‍ എന്തു സംഭവിക്കുന്നു, നടക്കുന്നു എന്ന് അന്വേഷിക്കും.
എനിക്ക് ഓരോ സ്ഥലത്തും വായിക്കുന്ന നല്ല സുഹൃത്തുക്കളുണ്ട് അവര്‍ വായിച്ച നല്ല പുസ്തകങ്ങളെപ്പറ്റി എന്നെ അറിയിക്കും. ചിലത് അയച്ചു തരും ഓരോ എഴുത്തുകാരും ഏതെല്ലാം വേദികളിലാണ് എഴുതുന്നതെന്നറിയണം: പല ഭാഗങ്ങളിലും നല്ല കൃതികള്‍ വരുന്നുണ്ട്. അതു കിട്ടാനുള്ള സൗകര്യം വേണം.
മുമ്പ് അമേരിക്കയില്‍ പോയ അവസരത്തിലാണ് ഞാന്‍ മാര്‍കേസിനെപ്പറ്റി അറിയുന്നത്. ഏകാന്തതയുടെ ഒരു നൂറുവര്‍ഷങ്ങള്‍ ഇറങ്ങിയ കാലം. സ്പാനിഷ് അറിയുന്ന ഒരു പ്രൊഫസര്‍ അന്ന് മാര്‍കേസിനെപ്പറ്റി പറഞ്ഞു. ഒരുപക്ഷേ, നോബല്‍ സമ്മാനം കിട്ടിയേക്കുമെന്നും പറഞ്ഞു. ആ റിസര്‍ച്ച് സ്‌കോളര്‍ പറഞ്ഞതുകേട്ട് ഞാന്‍ ' ഏകാന്തതയുടെ ഒരു നൂറുവര്‍ഷങ്ങള്‍' വാങ്ങി. അത്ഭുതപ്പെട്ടുപോയി. ഇവിടെ ഞാന്‍ അത് ജി. എന്‍.പിള്ളയ്ക്കാണ് ആദ്യം വായിക്കാന്‍ കൊടുത്തത്. ആ പുസ്തകം കൈമറിഞ്ഞ് നഷ്ടപ്പെട്ടുപോയി. പിന്നെ ഞാന്‍ വേറൊരു കോപ്പി വാങ്ങുകയായിരുന്നു.
ഭാഷയില്‍ വന്ന മാറ്റങ്ങള്‍ എന്നെ അതിശയിപ്പിച്ചു. ഭാഷ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാമല്ലോ എന്നാണു ചിന്തിച്ചത്. നമുക്ക് അതുപോലെ എഴുതാന്‍ പറ്റിയിട്ടില്ല. സ്പാനിഷ് ഭാഷയിലുള്ള ഒറിജിനല്‍ അല്ല നാം വായിച്ചത്. ഇംഗ്ലീഷ് തര്‍ജ്ജമയാണ്. എങ്കിലും തൃപ്തി തോന്നി.
പുതിയ തലമുറയിലെ എഴുത്തിനെപ്പറ്റി?
ചില കഥകള്‍ വായിച്ചപ്പോള്‍ നല്ലതാണെന്നു തോന്നിയ അനുഭവമുണ്ട്. സുഭാഷ് ചന്ദ്രന്‍, മുരളി, സന്തോഷ്, പ്രിയ എ എസ്. എന്നിവരുടെ രചനകള്‍ ഭേദപ്പെട്ടതായിത്തോന്നി. ഇവര്‍ കഥയെഴുതുന്നത് വളരെ ഗൗരവത്തോടെയാണ്. അവാര്‍ഡ് നേടിയ സി. അഷ്‌റഫിന്റെ നോവല്‍ പുതുമയുള്ളതായിത്തോന്നി. വേറെയും നല്ല കഥാകൃത്തുക്കളുണ്ട്. പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് പറഞ്ഞതാണ്. എന്തിന് എഴുതി എന്നു ചോദിച്ചാല്‍ മറുപടിയുണ്ടാവണം.
ആധുനികതയെ എങ്ങനെ വീക്ഷിക്കുന്നു?
ആധുനികത പുതിയ മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കണം. പുതിയ പുതിയ വഴികള്‍ കണ്ടെത്തണം. ലേബലിലൊന്നും ഒരു കാര്യവുമില്ല. പുതിയ രചനാരീതികള്‍, ഭാഷയിലുള്ള പരീക്ഷണങ്ങള്‍ ആവശ്യമാണ്. വായനക്കാരനില്‍നിന്ന് അകലുന്ന കൃതികളോട് യോജിപ്പില്ല. കുമാരനാശാന്റെ കൃതികള്‍ വീണ്ടും വീണ്ടും വായിക്കുമ്പോള്‍ പുതിയ അര്‍ത്ഥങ്ങള്‍ കിട്ടുന്നു. ഇത് ശ്രദ്ധിക്കേണ്ടതാണ്.
ശൈലി കൃതിയുടെ ഭാഗം തന്നെയാണ്. വച്ചുകെട്ടല്. അലങ്കാരമല്ല ചര്‍മ്മംപോലെ തന്നെ, ശരീരത്തിന്റെ ഭാഗമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് ലാറ്റിനമേരിക്കന്‍ കൃതികളാണ് വായനക്കാരന് ഒരു പ്രയാസവുമുണ്ടാകുന്നില്ല. ചില പ്രയോഗങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. ഭാഷയുടെ നവീകരണം അത്യാവശ്യമാണ്.
എന്തുകൊണ്ടാണ് നമ്മുടെ കഥകള്‍ക്ക് ലോകമാര്‍ക്കറ്റില്‍ ഇടം കിട്ടാത്തത്?
അത് വിവര്‍ത്തനത്തിന്റെ പ്രശ്‌നമാണ് 'കുട്ട്യേടത്തി' ലോംഗ്മാന്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇത് ചെല്ലുന്നത് ഇവിടുത്തെ വായനാസമൂഹത്തിലേക്കു തന്നെയാണ്. അന്താരാഷ്ട്രതലത്തിലെത്തുന്നില്ല. വിദേശികള്‍ക്ക് താത്പര്യമുണ്ടാകുന്ന തരത്തില്‍ വിവര്‍ത്തനം ഉണ്ടാകണം. നമ്മുടെ വിവര്‍ത്തകര്‍മോശക്കാരല്ല എന്നര്‍ത്ഥം.
നമുക്ക് റഷ്യന്‍ ഭാഷ അറിയില്ലെങ്കിലും ദസ്തയേവിസ്‌കിയുടെ കൃതികള്‍ ഇംഗ്ലീഷില്‍ വന്നത് വായിച്ച് തൃപ്തിപ്പെട്ടു. ലോകം മുഴുവന്‍ റഷ്യന്‍ ക്ലാസിക്കുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ റഷ്യക്കാര്‍ പറയുന്നത്, റഷ്യന്‍ ക്ലാസിക്കുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം നന്നല്ല എന്നാണ്. അവര്‍ വേറെ പരിഭാഷകള്‍ പുറത്തിറക്കാന്‍ ആലോചിക്കുകയാണിപ്പോള്‍. 'ബ്രദേഴ്‌സ് കാരമസോവി'ന്റെ പോലും അവസ്ഥ ഇതാണ്. ഓരോ എഴുത്തുകാരനും വ്യത്യസ്്ത ഭാഷയുള്ളതുപോലെ, കഥാപാത്രങ്ങള്‍ക്കും ഭാഷണഭേദമുണ്ട്. ഈ ഭാഷാണഭേദങ്ങള്‍ വിവര്‍ത്തനത്തില്‍ വരുന്നില്ല. എങ്കില്‍പ്പോലും വിദേശകൃതികള്‍ നാമാസ്വദിച്ചുവെന്നതു ശരിയാണ്.
മലയാളഭാഷയിലെ കൃതികള്‍ നല്ല വിവര്‍ത്തനത്തോടെ വിദേശത്ത് എത്തിയിട്ടില്ല. ഇതിന് പ്രസാധകരും വേണം. ലോകനിലവാരത്തില്‍ മാര്‍ക്കറ്റ് ചെയ്യാനും കഴിയണം. പൂര്‍ണ്ണമായും ഇന്ത്യക്കാര്‍ ചെയ്യുന്ന വിവര്‍ത്തനമാണ് ഇപ്പോള്‍ വരുന്നത്. ഒരു കഥയില്‍ ആശാരിപ്പറമ്പ് എന്നൊരു വാക്കുണ്ട്. ഇത് ashariparampu എന്നുതന്നെയാണ് ഇംഗ്ലീഷ് വിവര്‍ത്തനത്തിലും ഉപയോഗിച്ചിരിക്കുന്നത്. carpenters Compound എന്ന് ഉപയോഗിച്ചാല്‍ എന്താണ് കുഴപ്പം? ഇതിപ്പോള്‍ ഒരു ഫാഷനായിരിക്കുകയാണ്.
നമ്മുടെ ഭാഷ മനസ്സിലാകാത്തവര്‍ക്ക് കൃതി മനസ്സിലാകണം. 'രണ്ടാമൂഴ'ത്തിന് ഒരു ജര്‍മ്മന്‍ തര്‍ജ്ജമ തയ്യാറാവുന്നുണ്ട്. അവര്‍ ഇംഗ്ലീഷില്‍ നിന്നാണ് തര്‍ജ്ജമ ചെയ്യുന്നത്, മലയാളികളുടെ സഹായത്തോടെ വേറൊരു ഓഡിയന്‍സിനു മുമ്പില്‍ അവര്‍ക്കുകൂടി സ്വീകാര്യമായ ഭാഷവേണം സ്വീകരിക്കാന്‍.
പുരസ്‌കാരങ്ങളെപ്പറ്റി എന്നാണ് പറയാനുള്ളത്?
ഞാന്‍ പുരസ്‌കാരങ്ങളെപ്പറ്റി ആലോചിക്കാറില്ല. പിലത് വന്നുചേരുകയാണ്. സന്തോഷത്തോടെ സ്വീകരിക്കാറുമുണ്ട്. പുരസ്‌കാരമാണ് ഒരെഴുത്തുകാരന്റെ വളര്‍ച്ചയുടെ പരമാവധി രേഖപ്പെടുത്തുന്നതെന്ന് ചിന്തിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം പരമാവധി എന്ന നിലയില്‍ ഞാന്‍ കാണുന്നത് ലോക കഌസ്സിക്കുകളെയാണ്. അവ കൊടുമുടിപോലെ നില്ക്കുന്നു. ദൂരെനിന്ന് അവയെ ആരാധിക്കുകയാണ് അതിനേക്കാള്‍, അവാര്‍ഡിനു പ്രാമുഖ്യം കൊടുക്കുന്നില്ല. ഞാന്‍ എഴുതിത്തുടങ്ങിയപ്പോള്‍ പുരസ്‌കാരങ്ങളെപ്പറ്റി യാതൊരു ചിന്തയുമില്ലായിരുന്നു. ഒരു കഥ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നപ്പോള്‍ അഞ്ചുരൂപ പ്രതിഫലമായി കിട്ടി. പിന്നീട് കൗമുദിയില്‍ നിന്ന് കെ.ബാലകൃഷ്ണന്‍ 10 രൂപ കഥയ്ക്ക് പ്രതിഫലമായി അയച്ചുതന്നു. രൂപ കിട്ടിയപ്പോള്‍ കഥാരചന ആദായമുള്ള കര്‍മ്മമാണല്ലോ എന്നുതോന്നി. ചന്ദ്രികയില്‍ ഒരുകാലത്ത് ഇടശ്ശേരിയും ഉറൂബും മറ്റും എഴുതിയിരുന്നു. പ്രതിഫലമായി കിട്ടിയ ചെക്ക് മാറിയെടുക്കാനായിരുന്നു പ്രയാസം. എഴുത്തിനൊപ്പം വരുമാനമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
കേരളത്തിന്റെ അവസ്ഥയെപ്പറ്റി എന്തുതോന്നുന്നു?
വൈരുദ്ധ്യങ്ങളുടെ ഒരു പ്രദേശമായിട്ടുണ്ട് നമ്മുടെ നാട്. സ്വത്വമില്ലാത്ത അവസ്ഥ കാണുന്നു. പക്ഷെ, കേരളം ബീഹാറോ ഒറിസയോ അല്ല. നമുക്ക് മാറ്റിയെടുക്കാന്‍ കഴിയുന്നതാണ്. പ്രതീക്ഷ തീരെ കെട്ടടങ്ങിയിട്ടില്ല. അവകാശബോധമുണ്ട്. പക്ഷെ, നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിനെന്തു പരിഹാരമെന്ന് ചിന്തിക്കണം. എന്നെപ്പോലുള്ളവര്‍ക്ക് ഈ വേദനകള്‍ പങ്കുവയ്ക്കാനേ കഴിയുന്നുള്ളൂ.
പുതിയ കേരളത്തിന്റെ പിറവിക്കു ശേഷമുള്ള മലയാളിയുടെ നാനാവിധമുള്ള മനുഷ്യാനുഭവങ്ങള്‍ സാഹിത്യ കൃതികളില്‍ ആവിഷ്‌കൃതമായോ?
പുതിയ കാലത്തിന്റെ വൈരുദ്ധ്യങ്ങളെപ്പറ്റി എഴുതിക്കഴിഞ്ഞിട്ടില്ല. ആദ്യകാലത്തെ കൃഷിഭൂമി സംബന്ധിച്ച തര്‍ക്കങ്ങളെപ്പറ്റി കൃതികള്‍ വന്നിട്ടുണ്ട്. ആ സംഘര്‍ഷങ്ങള്‍ കുറെ ഇപ്പോഴുമുണ്ട്. പുതിയ സംഘര്‍ഷങ്ങള്‍ ഉദ്ഭവിച്ചിട്ടുമുണ്ട്. ഭരിക്കുന്നവരും ഭരണീയരുമുണ്ട്. സാദാചാരത്തെപ്പറ്റിയുള്ള സംഘര്‍ഷങ്ങളുണ്ട്. ഇത് ഓരോ കാലത്തും മാറിക്കൊണ്ടിരിക്കും. രാജലക്ഷ്മിയുടെ 'മകള്‍' എന്ന കഥയില്‍ ഒരു കുട്ടിയെ ശകാരിക്കുന്നത് ചായപ്പീടികയില്‍ പോയി ചായകുടിച്ചതിനാണ്. അന്ന് അതു വലിയ സംഘര്‍ഷമുണ്ടാക്കിയിരിക്കണം. ഇന്നുകേട്ടാല്‍ തമാശ തോന്നും. ഇന്ന് ബാറില്‍ പോയാലും കുഴപ്പമില്ല എന്നായി. അതി സമ്പന്നതയുടെ പ്രകടനമാണ് ഒരുവശത്ത്. ഒപ്പമെത്താന്‍ ഇടത്തരക്കാരും തീവ്രമായി ശ്രമിക്കുകയാണ്. ഇഷ്ടംപോലെ കടം വാങ്ങി തുലയുന്നു. ആത്മഹത്യ ചെയ്യുന്നു. നമുക്കിന്ന് അയല്‍പക്കങ്ങളില്ല. സ്വന്തം കുടുംബത്തിന കത്തു തന്നെ തുരുത്തുകളായി മാറിയിരിക്കയാണ് നാം. ഇതെല്ലാം പുതിയ പ്രമേയങ്ങളാണ് ഇനിയും എഴുതാനുള്ളത്.
ഇത്തരം പ്രമേയങ്ങളെ അടിസ്ഥാനമാക്കി നോവല്‍ എഴുതുന്നുണ്ടോ?
ഒരു നോവല്‍ ആലോചിക്കുന്നുണ്ട്. 1924ലെ വെള്ളപ്പൊക്കം മുതല്‍ സ്വാതന്ത്ര്യലബ്ധിവരെയുള്ള കാലത്ത് ഗ്രാമങ്ങളില്‍ സംഭവിച്ച മാറ്റം എഴുതണം. ഈ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളിലൂടെ നൈതികമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് ലക്ഷ്യം.
സ്ത്രീപുരുഷ സങ്കല്പം മാറിയോ? പ്രമുഖ വിവര്‍ത്തകയായ പ്രേമ ജയകുമാറുമായുള്ള സംഭാഷണത്തില്‍, ഇപ്പോഴത്തെ മലയാളിപ്പെണ്‍കുട്ടികള്‍ കേരളത്തില്‍ ജനിച്ചുവളര്‍ന്ന മലയാളികളായ ചെറുപ്പക്കാരെ വിവാഹം കഴിക്കാന്‍ വിമുഖരാണെന്ന് സൂചിപ്പിക്കുകയുണ്ടായി...
പെണ്‍കുട്ടികള്‍ കുറെ അഡ്വാന്‍സ്ഡ് ആണ്. പക്ഷേ, പരമ്പരാഗതമായ രീതിയില്‍ പെണ്‍കുട്ടികളെ കാണാന്‍ ആണ്‍കുട്ടികളും ശ്രമിക്കുന്നു എന്ന് കരുതാന്‍ വയ്യ. പെണ്‍കുട്ടികള്‍ക്ക് ഇവിടത്തെ ആണുങ്ങളെപ്പറ്റി മതിപ്പു കുറയാന്‍ കാരണമുണ്ട്. സ്ത്രീപീഡനകഥകളും മറ്റും ഉണ്ടാകുന്നതും ശിക്ഷിക്കപ്പെടാതെ പോകുന്നതും അവരെ അകറ്റാന്‍ ഇടയാക്കിയിട്ടുണ്ടാകാം. വളരെ നന്നായി വായിക്കുന്ന പെണ്‍കുട്ടികളുണ്ട്. സീരിയല്‍ കാണുക മാത്രമല്ല അവര്‍ ചെയ്യുന്നത്. സ്ത്രീകളെ പീഡിപ്പിക്കുന്ന ആണുങ്ങളെ എന്തിനു കൊള്ളാം എന്നു ചിന്തിക്കുന്നതിലും ന്യായമുണ്ട്. ആണുങ്ങളുടെ ക്രൂരതകളുടെ കഥകളാണല്ലോ ചുറ്റും കേള്‍ക്കുന്നത്.
നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എവിടെപ്പോയാലും അഡ്ജസ്റ്റ് ചെയ്തു ജീവിക്കാനും പുതിയ ഭാഷ പഠിക്കാനും കഴിവുണ്ട് അവരുടെ സാമര്‍ത്ഥ്യത്തെയാണ് ഇത് കാണിക്കുന്നത്. എന്റെ രണ്ടു പെണ്‍മക്കളും അന്യഭാഷ സംസാരിക്കുന്നവരെയാണു വിവാഹം ചെയ്തത്. ഒരാള്‍ മറാഠിയെയും മറ്റെയാള്‍ തമിഴനെയും എനിക്ക് സമ്മതമായിരുന്നു.
കുടുംബബന്ധങ്ങളുടെ തകര്‍ച്ച ഏതുരീതിയിലാണ് കേരളീയ സമൂഹത്തെ ബാധിക്കുക?
ഏകാകികളുടെ തുരുത്തുകളാണ് ഇന്ന് കുടുംബമായി അറിയപ്പെടുന്നത്. കുട്ടികള്‍ക്ക് മാതാപിതാക്കളുമായി ചിന്തയും വികാരവും പങ്കുവയ്ക്കാന്‍ അവസരമില്ല. ന്യൂകഌയര്‍ ഫാമിലിയുടെ ഉള്ളില്‍ത്തന്നെ തുരുത്തുകള്‍ ഉണ്ടാവുകയാണ്.
കുട്ടികളുടെ അഭിരുചികള്‍ ആര്‍ക്കും അറിയാന്‍ പറ്റുന്നില്ല. ടെലിവിഷന്‍ ചാനല്‍ മാറ്റുന്നതിനെച്ചൊല്ലി കുട്ടികള്‍ പ്രകടിപ്പിക്കുന്ന അമര്‍ഷം ചെറിയ പ്രശ്‌നമായി കാണരുത്. രണ്ട് അഭിരുചികള്‍ തമ്മിലുള്ള വലിയ സംഘര്‍ഷമാണത്.
വീടുകള്‍ തമ്മിലുള്ള ബന്ധം പഴയതുപോലെ ഇന്നില്ല. അന്യോന്യമുള്ള കൂടിക്കാഴ്ചകളും കുറഞ്ഞു. ഒന്നും ചര്‍ച്ച ചെയ്യാനില്ല. ഇനിയും ഹെല്‍പ്‌ലൈനുകള്‍ വര്‍ദ്ധിക്കുമോ എന്നാണ് ആശങ്ക, കടക്കെണിയില്‍പ്പെട്ടവര്‍ മറ്റു വഴി അടയുമ്പോള്‍ കുട്ടികളെക്കൂടി കൊന്നിട്ട് മരിക്കുകയാണ്. ആരോടെങ്കിലും സംസാരിച്ചാല്‍ ഒരു വഴി തുറന്നുകിട്ടാതിരിക്കില്ല. പക്ഷേ, അതുണ്ടാകുന്നില്ല. കുട്ടികള്‍ നാളെ എന്തായിത്തിരുമെന്നു ചിന്തിക്കാന്‍ ഇവിടെ ആരുമില്ല. സമൂഹമെന്നത് ഒറ്റപ്പെട്ട ന്യൂകഌയസുകളായി മാറി.
വിദ്യാസമ്പന്നരായ മനോവൈക്യതക്കാരുടെ എണ്ണം കേരളത്തില്‍ ഏറുകയാണെന്നു തോന്നുന്നു...
'പെണ്‍കുട്ടികള്‍ക്ക് ഇവിടത്തെ ആണുങ്ങളെപ്പറ്റി മതിപ്പു കുറയാന്‍ കാരണമുണ്ട്'
ശരിയാണത്. ഇത്തരം സംഭവങ്ങളില്‍ വ്യക്തികള്‍ തന്നെ കേസെടുക്കാന്‍ മുന്നോട്ടുവരണം. നമ്മുടെ നിയമപരമായ അവകാശങ്ങളെപ്പറ്റി, ഭരണപരമായ അവകാശങ്ങളെപ്പറ്റി ബോധവല്‍ക്കരണം വേണം. വ്യക്തികളില്‍ നിന്ന് ദുഷ്ഫലങ്ങള്‍ നേരിടുമ്പോള്‍ ഇതു പ്രയോജനപ്പെടണം. ഓരോ പഞ്ചായത്തിലും ഈ പ്രശ്‌നങ്ങളെ മുന്‍നിറുത്തി കഌസ് വേണം. സാംസ്‌കാരിക നിലയങ്ങള്‍ ഉണ്ടാകണം.
പരിസ്ഥിതി, മഴ തുടങ്ങിയ വിഷയങ്ങളിലും ശരിയായ ബോധനം വേണ്ടതല്ലേ ജലസംസ്‌ക്കാരം ഉണ്ടാകണം. മഴവെള്ളം സൂക്ഷിക്കാനായാല്‍ പിന്നീട് ഉപയോഗിക്കാനാവും. റെയിന്‍ ഹാര്‍വെസ്റ്റ് എന്താണെന്ന് പഠിപ്പിക്കണം. നിയമസാക്ഷരതയും വര്‍ദ്ധിപ്പിക്കണം.
പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണമെന്ന് കുട്ടിക്കാലം മുതലേ പഠിപ്പിക്കണം. പാഠം പഠിപ്പിക്കുന്നതിനെക്കാള്‍. പ്രായോഗികമായ അവബോധമാണ് ഉണ്ടാകേണ്ടത്.
ചെടികള്‍ വച്ചുപിടിപ്പിക്കാനും തോട്ടമുണ്ടാക്കാനും കുട്ടി കുളെ ശീലിപ്പിക്കണം. കളിമണ്ണുകൊണ്ടു കുട്ടികള്‍ നിര്‍മ്മിച്ച വസ്തുക്കള്‍ മാഷന്മാര്‍ ടേബിളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന കാലം ഓര്‍ക്കുകയാണ്.
വിശ്വസ്തരായ ഒരുകൂട്ടം വായനക്കാരുടെ കാര്യമാണ് ഞാന്‍ പറയുന്നത്. ട്രഡ് ആഡിയന്‍സ്. അവര്‍ എന്നില്‍ ഒരു വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. ഇതു നിലനില്ക്കുമ്പോഴാണ് എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് അസ്തിത്വം ഉണ്ടാകുന്നത്.
ഒന്നും നേരെയാകില്ലെന്ന മട്ടിലാണ് പൊതു വേയുള്ള ചിന്ത...?
ഒന്നും നേരെയാവില്ല എന്ന ചിന്ത പാടില്ല. ഇത്രയും ബുദ്ധിയുള്ള മലയാളികള്‍ക്ക് ഇതിന് ഉത്തരം കാണാന്‍ കഴിയും.
ഒരിക്കല്‍ ദല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ ചെന്നപ്പോള്‍ എല്ലാ കസേരകളും ഒഴിഞ്ഞുകിടക്കുന്നതു കണ്ടു. അന്വേഷിച്ചപ്പോള്‍ എല്ലാവരും മറ്റൊരു മുറിയില്‍ ടി.വി കാണുകയാണെന്ന് വിവരം ലഭിച്ചു. നമ്മുടെ നാട് ആ നിലയില്‍ എത്തിയിട്ടില്ലല്ലോ. എല്ലാം ഭദ്രം എന്ന്. ഞാന്‍ പറയുന്നില്ല. നീതിയുടെയും സ്ത്രീയുടെയും കാര്യത്തില്‍ നമ്മുടെ
കൊല്‍ക്കത്തയില്‍ ഏത് അര്‍ദ്ധരാത്രിയിലും യാത്രചെയ്യാം. വീട്ടില്‍ തിരിച്ചുവരാം. ആ നിലയിലെത്താന്‍ കേരളത്തിനും കഴിയണം. സ്ത്രീകള്‍ക്ക് രാത്രിയില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഭൂഷണമാണോ എന്ന് നാം ചിന്തിക്കണം.
ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന തോന്നലുണ്ടോ?
1976ല്‍ ഭാതപ്പുഴ മരിക്കുന്നു എന്ന് ഞാനെന്റെ കോളത്തില്‍ എഴുതി. നിയമവിരുദ്ധമായ മണല്‍വാരലിനെപ്പറ്റിയായിരുന്നു അത്. പലയിടത്തും പ്രസംഗിച്ചു. ഒരു പ്രയോജനവുമുണ്ടായില്ല. പുഴ മരിച്ചുകഴിഞ്ഞു.
ഞാന്‍ അന്ന് ഗ്രാമത്തില്‍ ഭാരതപ്പുഴയോടു ചേര്‍ന്ന് ഒരു കോട്ടേജ് നിര്‍മ്മിച്ചത് പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍ പുഴവറ്റി. നടുക്ക് കാട് വളര്‍ന്നിരിക്കുന്നു. ലോറികള്‍ ഇരമ്പിപ്പായുന്നതാണ് ഒടുവില്‍ പോയപ്പോള്‍ കണ്ടത്. ഇപ്പോള്‍ ഞാനങ്ങോട്ട് പോകാറില്ല. ഇതെല്ലാം എന്റെ വേദനകളാണ്. ഉത്കണ്ഠകളാണ്. എനിക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ പ്രയാസം തോന്നും.
തിരക്കഥാകൃത്തായ എം.ടി എഴുതുന്ന സംഭാഷണങ്ങള്‍ ഹൃദ്യമാണ്. എങ്ങനെയാണ് സംഭാഷണങ്ങളിലെ റിഥം കണ്ടെത്തുന്നത്? 'വടക്കന്‍ വീരഗാഥ' പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു...?
എം.ടിയുടെ വടക്കന്‍പാട്ടിലെ റിഥം ആണ് ആ സിനിമയുടെ സംഭാഷണത്തില്‍ ഞാനുപയോഗിച്ചത്. 'വാരിക്കോരി വാഴ്ത്തുമൊഴി' തുടങ്ങിയ പ്രയോഗങ്ങള്‍ വടക്കന്‍പാട്ടിലുള്ളതാണ്. അതില്‍നിന്നു കിട്ടിയ പദാവലി കള്‍, ബിംബങ്ങള്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. 'നിറകൊണ്ട പാതിര' എന്ന് നാട്ടിലൊക്കെ പറയും ആ പ്രയോഗവും വടക്കന്‍പാട്ടിലുണ്ട്.
ഡയലോഗ് സാധാരണ ശൈലിയില്‍ തന്നെയാണ് എഴുതുന്നത്. പിന്നെ അതിനൊരു താളക്രമം ഉണ്ടാക്കുകയാണ്.
എഴുതുമ്പോള്‍ അഭിനയിച്ചു നോക്കുമോ?
അഭിനയം അത്രയ്ക്കില്ല. പക്ഷെ, എഴുതിയ സംഭാഷണങ്ങള്‍ ഞാന്‍ ഉറക്കെ വായിച്ചുനോക്കും. അത് റിഥം നിശ്ചയിക്കുന്നതില്‍ സഹായകമാണ്. ആവര്‍ത്തിക്കുന്ന വാക്കുകളുണ്ടെങ്കില്‍ കട്ടുചെയ്യും.
തിരക്കഥ സിനിമയായിക്കഴിയുമ്പോള്‍ എങ്ങനെയാണ് നിരീക്ഷിക്കുക?
തിരക്കഥ സംവിധായകര്‍ക്ക് നല്ല ഉപകരണമാണ്. നടന്മാര്‍ക്കും നടിമാര്‍ക്കും തിരക്കഥയില്‍ ഉള്ളതിനെക്കാള്‍ അല്പംകൂടി ജ്വലിപ്പിക്കാനാവും. ഇത് എക്‌സ്ട്രാ ആയി വരുന്നതാണ്. എഴുതിവച്ചതിനപ്പുറം പോകാന്‍ കഴിയണമെങ്കില്‍ പ്രതിഭയും വേണം. ഭാവത്തിലൂടെയാണ് നടീനടന്മാര്‍ ഇതു സാധിക്കുക. ചില ചലനങ്ങള്‍പോലും പ്രധാനമാണ്.
ഏതാണ് പുതിയ സിനിമ?
ഒരു ജാപ്പനീസ് പ്രോജക്ട് വന്നിട്ടുണ്ട്. ഇംഗ്ലീഷിലാണ് സിനിമ ചെയ്യുന്നത്. കേരളമാണ് പശ്ചാത്തലം പുതിയ കഥ ഇതിനായി എഴുതുകയാണ്. ജപ്പാനിലെ ഒരു പ്രമുഖ നടന്‍ അഭിനയിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്
എം. കെ.ഹരികുമാര്‍
ഏറ്റവും പ്രിയപ്പെട്ട കവി, കഥാകൃത്ത്, നോവലിസ്റ്റ് ഏറ്റവും പ്രിയപ്പെട്ട കവി ആരാണ്?
ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് വൈലോപ്പിള്ളിയെയും ഇടശ്ശേരിയെയുമാണ്. 'കുടിയൊഴിക്കല്‍' എത്ര പ്രാവശ്യം വായിച്ചിട്ടുണ്ടെന്ന് എനിക്കുതന്നെ അറിയില്ല. ഇടശ്ശേരിയോട് പ്രത്യേക ആദരവുണ്ട്.
ജി.ശങ്കരക്കുറുപ്പിന്റെയും പി.കുഞ്ഞിരാമന്‍നായരുടെയും കവിതകള്‍ വളരെ ഉന്നത നിലവാരത്തിലാണ് ഞാന്‍ കാണുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ കഥാകൃത്ത് ആരാണ്
എന്റെ അഭിപ്രായത്തില്‍ കാരൂരാണ് ഏറ്റവും വലിയ കഥാകൃത്ത്. അദ്ദേഹത്തിന്റെ കഥകള്‍ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നു. പുതുമ നശിക്കുന്നില്ല.
മറ്റു പലരുടെയും കഥകള്‍ ഇഷ്ടമാണെങ്കിലും ഇപ്പോഴും അമ്പരപ്പിക്കുന്നത് കാരൂരാണ്.
ഏറ്റവും പ്രിയപ്പെട്ട നോവലിസ്റ്റ് ആരാണ്?
തകഴിയുടെ നോവല്‍ പ്രത്യേകിച്ചും 'കയര്‍' വലിയ ഒരു കൃതിയായി ഞാന്‍ കാണുന്നു.
ഉറൂബിന്റെ ഉമ്മാച്ചു' എസ്.കെയുടെ 'തെരുവിന്റെ കഥ', ലളിതാംബികയുടെ ' അഗ്‌നിസാക്ഷി' തുടങ്ങിയ കൃതികളും ഇഷ്ടമാണ് ഇവരെയെല്ലാം ഞാന്‍ ആരാധിച്ചിട്ടുണ്ട്.
സ്‌കോളര്‍ഷിപ്പു കിട്ടിയ തുക കൊണ്ടാണ് ഞാന്‍ ഇവരുടെ പുസ്തകങ്ങള്‍ വാങ്ങിയത്. അന്നത്തെ ആ ഗ്ര ന്ഥശേഖരത്തില്‍ ബഷീര്‍, സി.വി തുടങ്ങിയവരുടെ കൃതികളുമുണ്ട്. പഴയ തലമുറയെ വായിച്ചാണ് പുതിയ എഴുത്തുകാര്‍ വരുന്നത്. സാഹിത്യം അനുസ്യൂതമായ ഒരു പ്രവാഹമാണ്. തുടര്‍ച്ചയാണ്.

എം.ടി.വാസുദേവൻ നായരുമായി അഭിമുഖം / എം.കെ.ഹരികുമാർ
INTEVIEW WITH M T VASUDEVAN NAIR
Wednesday, July 30, 2025
അക്ഷരജാലകം /എം.കെ.ഹരികുമാർ /കലാശാലകളിലെ സാഹിത്യചർച്ച/july 28, 2025
![]() |
Aksharajalakam |
യൂണിവേഴ്സിറ്റികളിലെ സാഹിത്യസംസ്കാരം ജീർണിച്ചു കഴിഞ്ഞിരിക്കുകയാണ് .നവമായ ഒരാലോചനയില്ല .അവിടെ സംഘടിപ്പിക്കുന്ന സാഹിത്യസമ്മേളനങ്ങളിൽ പുതിയ ഒരു ചിന്തയും ഉണ്ടാകുന്നില്ല. പഠിപ്പിക്കാൻ വേണ്ടി തയ്യാറാക്കുന്ന നോട്ടുകളുടെ ഒരു വലിച്ചു നീട്ടലാണ് സമ്മേളനങ്ങളിൽ കാണുന്നത്.മിക്കവാറും കലാശാല പണ്ഡിതന്മാരും കൊളോണിയലിസം എന്ന വാക്ക് തുടരെ ഉപയോഗിക്കുന്നത് കാണാം .സ്വാതന്ത്ര്യം കിട്ടിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ബ്രിട്ടീഷുകാരുടെ അടിമ ആയിരിക്കുന്നതിന്റെ മനോഭാവം പേറുകയാണ്. അവർ ഇപ്പോഴും സമകാലിക സാഹിത്യത്തെപ്പറ്റി പറയുമ്പോൾ സാമ്രാജ്യത്വം, സാമ്രാജ്യത്വാനന്തരം എന്നീ വാക്കുകളാണ് ആവർത്തിക്കുന്നത്. എന്തിനാണ് ഇവർ ഇത്തരം വാക്കുകൾ കൊണ്ട് ഒരു സാഹിത്യകൃതിയെ ആസ്വാദനത്തിൽ നിന്ന് അകറ്റിക്കൊണ്ടു പോവുന്നത് ?പാഠ്യപദ്ധതികളുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന പടുവാക്കുകൾ സാഹിത്യകതയുടെ വായനയിലും ആസ്വാദനത്തിലും കടന്നുവരുകയാണ്.അങ്ങനെ സാഹിത്യചർച്ച യാന്ത്രികമായിത്തീരുന്നു
കലാശാലകളിലെ സാഹിത്യം പൂർവ്വകാല വ്യവസ്ഥാപിതത്വത്തിൻ്റെ പിടിയിൽ തന്നെയാണ്. അവിടെ സ്വാതന്ത്ര്യം എന്ന അനുഭവത്തിന്റെ, ആശയത്തിന്റെ ഒരു അണു പോലും കാണാനില്ല .സ്വാതന്ത്ര്യത്തെ അനുഭവിക്കാത്തവനു അതിൻ്റെ ആഴത്തിലുള്ള കാഴ്ചകൾ ലഭിക്കുകയില്ല. കുറെ വർഷങ്ങൾക്കു മുൻപ് ഏതൊരു കലാശാലയിലെ അധ്യാപകന്റെയും രചനകളിൽ സ്വത്വം എന്ന വാക്ക് സാർവത്രികമായിരുന്നു.
ഇപ്പോൾ ആ വാക്ക് പിൻവലിച്ചിരിക്കുകയാണ്.
സ്വത്വം എന്നത് ആധുനികതയ്ക്കും മുമ്പുള്ള ഒരു ആശയമാണ്. അത് വംശീയമായ, നടുവാഴിത്ത സ്വഭാവമുള്ള വാക്കാണ്. മനുഷ്യൻ ഒരു സ്ഥിരം ഐഡൻ്റിറ്റി അഥവാ സ്വത്വം കൊണ്ടു നടക്കുന്നു എന്നു ചിന്തിക്കുന്നത് കാലഹരണപ്പെട്ട കാഴ്ചപ്പാടാണ്. അന്തർദേശീയ യാത്രകളും വ്യാപകമായ കുടിയേറ്റവും പുതിയ സാങ്കേതിക തൊഴിൽ മേഖലകളും തൊഴിൽ സാഹചര്യങ്ങളും മനുഷ്യരെ ആഗോളതലത്തിലേക്ക് പറിച്ചുനട്ടിരിക്കയാണ്. ഇതിനു പുറമേയാണ് ഡിജിറ്റൽ വ്യക്തിത്വത്തിൻ്റെ സർവ്വവ്യാപനം.
സ്വത്വം ,കൊളോണിയലിസം അപ്രസക്തമായി
എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അവതരിച്ച ഉത്തരാധുനികത എന്ന പ്രവണതയുടെ ഭാഗമായി ചില സൈദ്ധാന്തികർ പ്രാദേശികതയും സ്വത്വവും ഉയർത്തിക്കൊണ്ടുവന്നത് മുഖ്യധാരയിൽ കടന്നു വരാത്ത ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചായിരുന്നു. ചരിത്രത്തിൽ പ്രവേശനം കിട്ടാത്തവർക്ക് സ്വത്വപരമായ പ്രാതിനിധ്യം കൊടുക്കാമെന്നാണ് അവർ വിചാരിച്ചത്. അപ്പോഴും ഒരു തെറ്റു സംഭവിച്ചു.ഒരു സ്വത്വം ,ഇന്നത്തെ ആഗോള പരിപ്രേക്ഷ്യത്തിൽ ,സ്ഥിരമായി കൊണ്ടുനടക്കാനാവാത്ത വിധം ലോകം വികസിക്കുകയാണെന്നു മറന്നു.
ലോകത്തെ ,ഓരോ വ്യക്തിയും വികസിപ്പിക്കുകയാണ്. താൻ അടുക്കളയിൽ കയറി ഒരു കപ്പ് കാപ്പി തയ്യാറാക്കിയാൽ അതിലൂടെ ലോകത്തെ മാറ്റുകയാണ് ചെയ്യുന്നതെന്നു ഫ്രഞ്ച് സാഹിത്യകാരൻ ഷാങ് പോൾ സാർത്ര് നിരീക്ഷിക്കുന്നുണ്ട്. 'ഒരു മനുഷ്യൻ്റെ തീരുമാനം വലുതോ ചെറുതോ ആകട്ടെ ,അവനെ ഒരു നിയമനിർമ്മാതവാക്കുന്നു. അതാകട്ടെ ആകെ മാനവരാശിക്കു വേണ്ടിയുള്ളതാണ് .അവിടെ ആഴത്തിലുള്ള ,സമഗ്രമായ ഉത്തരവാദിത്തമുണ്ടായിരിക്കണം.' ഒരാൾ ചെയ്യുന്ന പ്രവൃത്തിയിലൂടെ ലോകത്തിനു മാറ്റം വരുന്നു .ലോകം അത്രയും കൂടി തുറന്നു കാണിക്കപ്പെടുന്നു. ആരാധനാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന കുറെ ആളുകളെ ഒരുവൻ വെടിവച്ച് വീഴുത്തുമ്പോൾ അതിലൂടെ ലോകം മാറുകയാണ്. ലോകത്തെ മറ്റൊരു കണ്ണിലൂടെ നോക്കാൻ പ്രാപ്തമാകുന്നു .അക്രമി ലോകത്തെയാകമാനം ഭീതിയിലേക്കും ആശങ്കയിലേക്കും തള്ളിവിടുന്നു.എന്നാൽ അങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നവൻ അതിൻ്റെ ഉത്തരവാദിത്തം ഏൽക്കേണ്ടതുണ്ട്. അവൻ അതിനു ഉത്തരവാദിയാണ്. അവൻ അതിൻ്റെ ശിക്ഷ കൈപ്പറ്റണം. അവൻ്റെ ജീവിതത്തെ അവൻ എറിഞ്ഞു കളഞ്ഞിരിക്കുന്നു.അത് ലോകത്തെ മാറ്റുകയാണ്. തെറ്റുകളെക്കുറിച്ചുള്ള അഗാധമായ ജ്ഞാനം ആവശ്യമായി വരുന്നു.അത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തത്ത്വചിന്തയിൽ നമ്മെക്കൊണ്ടെത്തിക്കും. മനുഷ്യൻ സ്വതന്ത്രനാകാൻ വിധിക്കപ്പെട്ടിരിക്കുകയാണെന്നു സാർത്ര് പറയുന്നുണ്ട്. അവൻ ഈ ലോകത്തിലെ ജീവിതത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. അനശ്വരമായ ഒരു മൂല്യവും അവനെ രക്ഷിക്കില്ല. അവൻ കണ്ണാടിക്കു മുമ്പിലെന്നപോലെ സ്വാതന്ത്ര്യത്തിന്റെ മുഖാമുഖമാണ് .അവൻ സ്വന്തം മൂല്യങ്ങൾ സൃഷ്ടിക്കണം. എങ്കിൽ മാത്രമേ അവനു ജീവിതമുണ്ടാവുകയുള്ളൂ. ഇതുവരെ നാം ജീവിച്ചത് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു തന്ന ലക്ഷ്യങ്ങളും പദ്ധതികളുമായിരുന്നെങ്കിൽ, അതിനുപകരം നാം സ്വയം സൃഷ്ടിക്കേണ്ടതുണ്ട് .നാം നമ്മെത്തന്നെ പുനരുല്പാദിപ്പിക്കണം.നമ്മിൽ മറ്റുള്ളവർ അടിച്ചേൽപ്പിച്ച ഉപയോഗശൂന്യമായ ചിന്തകളിൽ നിന്ന് രക്ഷപ്പെട്ട് സ്വയം സൃഷ്ടിക്കണം. നമ്മെക്കുറിച്ച് മറ്റുള്ളവർ പ്രതീക്ഷിച്ചതും നാം പ്രതീക്ഷിച്ചതും തമ്മിൽ അന്തരമുണ്ട് .ഇതാണ് സ്വാതന്ത്ര്യത്തിന്റെ നിമിഷം. ഇവിടെയാണ് സ്വതന്ത്രനാകാൻ വിധിക്കപ്പെടുന്നത് .വേറെ ഒരു മാർഗ്ഗമില്ല. ഇതാണ് എഴുത്തുകാരന്റെ അസ്തിത്വബോധം .അവൻ ഈ ലോകത്ത് എഴുതുന്നത് യാതൊന്നും ചിന്തിക്കാതിരിക്കാനല്ല. ചിന്തിക്കാതിരിക്കുന്നത് സ്വാതന്ത്ര്യമാണെന്നു കരുതുന്നവർ കണ്ടേക്കാം .യാതൊരു ഉത്തരവാദിത്വവുമേറ്റെടുക്കാതെ, ചിന്തയില്ലാതെ എഴുതിക്കൊണ്ടിരിക്കുന്നത് സുരക്ഷിതത്വമായി വ്യാഖ്യാനിക്കുന്നവരുണ്ട്.അവർ ചിന്താക്കുഴപ്പമില്ലാത്തവരാണ്. ചിന്തിക്കുന്നവർക്കാണ് ചിന്താക്കുഴപ്പമുള്ളത്. അത് നല്ല ലക്ഷണമാണ്.
ഒരു പുതിയ ചിന്തയുണ്ടാകുന്നില്ല
കലാശാലകളിലെ സമ്മേളനങ്ങളിൽ കാണുന്നത് സ്വാതന്ത്ര്യത്തിന്റെ അഭാവമാണ്. സ്വതന്ത്രമാകുന്നത് എങ്ങനെയാണെന്നു അറിയില്ല.അവർ പഠിച്ചത് തന്നെ വീണ്ടും വീണ്ടും പറയുന്നു. ഒരു പുതിയ വാക്ക് ,ചിന്ത അവിടെ പിറക്കുന്നില്ല. അവിടെ പുതിയ ഒരാശയം പിറവിയെടുക്കുന്നില്ലെന്നു നമുക്കറിയാം. അതേസമയം അവർ എല്ലാ നവമായ ആശയപ്രഭാങ്കുരങ്ങളെയും തമസ്കരിക്കുകയോ അവഗണിക്കുകയോ ചെയ്യുകയാണ്.
കലാശാല അധ്യാപകരിൽ ഭൂരിപക്ഷവും ഇപ്പോൾ എഴുത്തുകാരാണ് .അവർ വരണ്ട ഗവേഷണമാണ് മുന്നോട്ടുവയ്ക്കുന്നത്. സാഹിത്യം എങ്ങനെ ആസ്വദിക്കാതിരിക്കാം എന്ന ഗവേഷണ മാണത് .കലയുടെ രസാനുഭൂതി നഷ്ടപ്പെടുത്തിക്കളഞ്ഞാൽ പിന്നെ എന്താണുള്ളത്? ഷേക്സ്പിയറുടെ മാക്ബത്ത് എന്ന നാടകം പ്രമുഖ ജാപ്പനീസ് സംവിധായകനായ അകിറ കുറസോവ ചലച്ചിത്രമാക്കിയിട്ടുണ്ട്. മാക്ബത്തിനെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണകളെ അതേപടി പിന്തുടരുകയല്ല കുറസോവ ചെയ്തത് .അദ്ദേഹം സ്വയം സൃഷ്ടിക്കുകയായിരുന്നു. മാക്ബത്തിനെക്കുറിച്ചുള്ള ലോകധാരണകളെ തന്നിൽ നിന്ന് പിഴുത് മാറ്റുന്ന പ്രക്രിയയാണ് അദ്ദേഹത്തിൻ്റെ സംവിധാനം. അതിനു വേണ്ടി ജാപ്പനീസ് മിത്തുകളെ ഉപയോഗപ്പെടുത്തി. സംവിധായകൻ കലാസ്വാദകനായതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് .സംവിധായകൻ തന്നിലെ കലാകാരനെ പുറത്തെടുക്കാൻ വേണ്ടിയാണ് അത്യധ്വാനം ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യമാണത്. അത് സ്വാതന്ത്ര്യത്തിൻ്റെ അതിജീവനമാണ്. അതിനുവേണ്ടിയാണ് നടീനടന്മാരുടെ മേക്കപ്പും വസ്ത്രാലങ്കാരവും കലാസംവിധാനവും ഒരുക്കുന്നത്. ഷേക്സ്പിയർ കണ്ടിട്ടില്ലാത്ത ,കേട്ടിട്ടില്ലാത്ത ചലച്ചിത്രകലയുടെ ഭാഷയാണ് സംവിധായകൻ കണ്ടെത്തുന്നത്.
ഇതെല്ലാം അദ്ദേഹത്തിൻ്റേതായ അനുഭവസാക്ഷാത്കാരത്തിനുവേണ്ടി തിരഞ്ഞെടുക്കുന്നതാണ്. സംവിധായകന്റെ സ്വാതന്ത്ര്യത്തിന്റെ, കലാവബോധത്തിൻ്റെ അതിജീവനമാണത്. അങ്ങനെയാണ് സംവിധായകൻ ജീവിക്കുന്നത് .അയാൾ സ്വന്തം അസ്തിത്വത്തെ നിർവചിക്കുകയാണ്. ഇത് ജീവന്മരണ പ്രശ്നമാണ് . അയാൾക്ക് അങ്ങനെയേ നിലനിൽക്കാനാവൂ. ഒരു യഥാർത്ഥ കലാകാരൻ തന്റെ കലയുടെ മേഖലയിൽ ചെയ്യുന്ന ഓരോ പ്രവൃത്തിയും കലാകാരൻ എന്ന നിലയിലുള്ള ആത്മഹത്യ ഒഴിവാക്കാൻ വേണ്ടി നടത്തുന്ന കഠിന പരിശ്രമമായി കാണണം .താൻ മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ, വ്യാഖ്യാനിച്ച വസ്തുതകൾ അതേപടി അവതരിപ്പിച്ചാൽ അത് ഭീകരമായ ഒരു ആത്മഹത്യയായിരിക്കുമെന്ന് മറ്റാരെക്കാൾ അയാളാണ് മനസ്സിലാക്കുന്നത്.
എഴുത്തുകാരൻ്റെ രാഷ്ട്രീയം പാർട്ടികളുടേതാകരുത്
അദ്ധ്യാപകർ എഴുത്തുകാരാവുന്നത് നല്ലതാണ്. എന്നാൽ രാഷ്ട്രീയപാർട്ടികളുടെ വീക്ഷണത്തിൽ ഒതുങ്ങുന്നതും അതിനനുസരിച്ച് എഴുതുന്നതും എത്രയും ആപത്കരമാണ്. അത് സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും .ഗൗരവത്തിൽ ചിന്തിക്കുന്ന ഒരാൾ രാഷ്ട്രീയത്തെ സ്വയം നിർവ്വചിച്ചുകൊണ്ടായിരിക്കും എഴുതുക. ഓരോ വസ്തുവിൻ്റെയും നിലനില്പ് രാഷ്ട്രീയമാണ്. എം.സുകുമാരൻ ,യു.പി. ജയരാജ് തുടങ്ങിയ കഥാകൃത്തുക്കളുടെ കഥകളിലെ രാഷ്ട്രീയം പാർട്ടികളുടെ സംഭാവനയല്ല; അവർ കണ്ടെത്തിയതാണ്.
പാർട്ടികളുടെ സമീപനത്തിലെ യുക്തിവിചാരണയല്ല സാഹിത്യരചനയിൽ വേണ്ടത്. പാർട്ടികളുടെ യുക്തിപരമായ സമീപനം വളരെ സമകാലികമായിരിക്കും. അതിനു അതീതമായ ഒരു ഭാവിയെക്കുറിച്ച് ആലോചിക്കേണ്ടതില്ല. പാർട്ടികൾക്ക് പ്രായോഗികതയും പെട്ടെന്നുള്ള ഫലവുമാണ് പ്രധാനം. എന്നാൽ എഴുത്തുകാരന്റെ യുക്തി ഇതല്ല .അവന്റെ സാഹിത്യകല പരീക്ഷണങ്ങളിലൂടെയാണ് വളരുന്നത്. പഴകിയതും പുതിയതുമായ വായനക്കാരുടെ പിന്തുണയിൽ പോലും അവനു ജീവിക്കാനാവില്ല .അവൻ ഓരോ ഘട്ടത്തിലും പരീക്ഷിക്കപ്പെടും, വിചാരണ ചെയ്യപ്പെടും. അവൻ വിമർശനങ്ങളിലൂടെയാണ് അതിജീവിക്കേണ്ടത്. ഒരു സാഹിത്യകാരനും ,വിമർശനങ്ങളിലൂടെ കടന്നുവരാതെ നിലനിൽപ്പില്ല. ബാഹ്യമായ മറ്റു മാർഗ്ഗങ്ങളിലൂടെ സ്ഥാനം ഉറപ്പിക്കുന്നവർ വെയിൽ പോലെ അപ്രത്യക്ഷമാകുന്നതാണ് സാഹിത്യചരിത്രത്തിൽ കാണുന്നത്.
നമ്മുടെ കാലത്ത് കലാശാലകളിൽ എത്രയോ അനുസ്മരണ സമ്മേളനങ്ങൾ - കവികളുടെയും നോവലിസ്റ്റകളുടെയും പേരിലുള്ളത് നടക്കുന്നു. ഒന്നുപോലും ആരും ശ്രദ്ധിക്കുന്നില്ല. അവിടെ ഉത്പാദിപ്പിക്കപ്പെട്ട സാഹിത്യം ,പാഠം എന്താണെന്നു ആരും തിരിഞ്ഞുനോക്കുന്നില്ല .ക്ലാസിൽ പഠിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ കുറിപ്പുകൾ വിസ്തരിച്ചു പറയുന്നതല്ല പ്രഭാഷണം. പ്രഭാഷകനു ഒരു വീര്യം ഉണ്ടാവണം. അവൻ നിലവിലുള്ള സാഹിത്യ സംസ്കാരത്തെ ഒന്നു പിടിച്ചു കുലുക്കുവാൻ കെല്പുള്ളവനായിരിക്കണം. അവൻ പ്രഭാഷണത്തിൽ അബാധത്തെയും ആവിഷ്ക്കരിക്കണം.
വായനക്കാരുടെ ചൊറിയിൽ ചൊറിഞ്ഞുകൊടുക്കാനല്ല ഒരു പ്രഭാഷകൻ ശ്രമിക്കേണ്ടത്.
പ്രചാരണത്തിനു പോകുന്നവർ
എഴുത്തുകാർ അധ്യാപകരെ പോലെ തന്നെ രാഷ്ട്രീയകക്ഷികളുടെ വീക്ഷണത്തിന്റെ പ്രായോഗികതയിലേക്ക് നിപതിക്കുന്നത് സാംസ്കാരികമായ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. ഇത് ഇപ്പോൾ വളരെ പ്രകടമാണ്. എന്തെന്നാൽ ഇവർ വിദ്യാർത്ഥികളെയും പ്രലോഭിപ്പിക്കുകയാണ്. അവരും ഇതാണ് ശരിയെന്നു വിശ്വസിച്ച് ,ചിന്താക്കുഴപ്പമില്ലാതിരിക്കാൻ ,ചിന്ത വേണ്ടെന്നുവച്ച് ഏതെങ്കിലും സംഘടനയിൽ ചേരും .സാഹിത്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ഈ ചിന്താപരമായ ദാരിദ്ര്യം പിടികൂടിയിട്ടുണ്ട് . സാഹിത്യപരിഷത്തിലൊക്കെ ഇത് വ്യക്തമായി കാണാനുണ്ടല്ലോ.ഇനി പുതിയൊരു അന്വേഷണവും വേണ്ട, സദ്യയുണ്ടാൽ മതി എന്ന കടുത്ത നിലപാട് പലരെയും അലസരും നിഷ്ക്രിയരുമാക്കിയിരിക്കുകയാണ്.
സമീപകാലത്തെ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നത് ഓർക്കുമല്ലോ. അവിടെ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിക്ക് വേണ്ടി കുറെ എഴുത്തുകാർ പ്രചാരണം നടത്തിയത് കണ്ടു .വ്യക്തിപരമായി പിന്തുണ അറിയിക്കുന്നതിനെ ആർക്കും എതിർക്കാനാവില്ല. ഇതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ് .എന്നാൽ ഈ എഴുത്തുകാരുടെ പരസ്യമായ തിരഞ്ഞെടുപ്പു പ്രവർത്തനത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ വലിയ വിമർശനമുണ്ടായി. ഒരു കൂട്ടം എഴുത്തുകാരും വായനക്കാരും ഇതിനെതിരായി ഫേസ്ബുക്കിലും ആനുകാലികങ്ങളിലും എഴുതി. പ്രത്യക്ഷത്തിൽ എതിർപ്പ് പ്രകടിപ്പിക്കാത്ത ധാരാളം പേർ സ്വകാര്യമായി ഇതിനെതിരെ സംസാരിക്കുന്നത് മനസ്സിലാക്കാൻ കഴിഞ്ഞു .എന്തുകൊണ്ടാണ് ഭൂരിപക്ഷം ആളുകളെയും ഈ എഴുത്തുകാരുടെ പ്രവൃത്തി അലോസരപ്പെടുത്തിയത്? തിരഞ്ഞെടുപ്പു പ്രവർത്തനം മോശമായതുകൊണ്ടല്ല; പ്രചാരണത്തിനു പോയ എഴുത്തുകാരുടെ നിഗൂഢലക്ഷ്യം വളരെയേറെ തുറന്നുകാണിക്കപ്പെട്ടതുകൊണ്ടാണ്. സഹജീവിസ്നേഹമോ സഹതാപമോ കാണിക്കാത്ത ചിലർ വ്യക്തിപരമായ ലാഭം മുന്നിൽ കണ്ട് ആർത്തിയുടെ ചന്തയിലേക്ക് ചാടിയിറങ്ങിയതിൻ്റെ ദുർഗന്ധം നാട്ടിൽ പരന്നതായി പലരും പറയുന്നുണ്ടായിരുന്നു.സഹജീവിയായ എഴുത്തുകാരൻ മരുന്ന് മേടിക്കാൻ പൈസയില്ലാതെ കഷ്ടപ്പെടുകയാണെങ്കിൽ സഹായിക്കാൻ മനസ് കാണിക്കാത്ത സമ്പന്നരായ രചയിതാക്കളുണ്ട്. രോഗം ബാധിച്ച് കിടപ്പിലായ കവി രാഘവൻ അത്തോളി ഫെയ്സ്ബുക്കിലൂടെ തുടരെ സഹായം അഭ്യർത്ഥിക്കുകയാണ്. ആരും ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയുള്ള എഴുത്തുകാർ ഒരു തിരഞ്ഞെടുപ്പ് വരുമ്പോൾ ചാടിയിറങ്ങുന്നുണ്ടെങ്കിൽ അതിനു വേറൊരു അർത്ഥമാണുണ്ടാവുക. ഇവർ ഒരു രാഷ്ട്രീയനേതാവിനു വേണ്ടി അസാധാരണമായ എടുത്തുചാട്ടം നടത്തിയത് സ്വാർത്ഥമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണെന്നു വ്യക്തമാണ്.
എഴുത്തുകാരനെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ഉന്നതമായ വീക്ഷണമുള്ളവർ ഈ പ്രവൃത്തി നിന്ദ്യമാണെന്നു കരുതുന്നു. ഇന്നത്തെ ആർത്തിയുടെയും ദുരയുടെയും തൻകാര്യസാധ്യത്തിനു വേണ്ടിയുള്ള അതിരുവിട്ട ഊരുചുറ്റലിൻ്റെയും നാണംകെടലിൻ്റെയും ആത്മീയമായ തകർച്ചയുടെയും ജീവിതജീർണതയുടെയും ബീഭത്സമായ പ്രകടനമായേ എഴുത്തുകാരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ കാണാനൊക്കൂ എന്നു പറയാതിരിക്കാൻ കഴിയില്ല .ഇവർ സാംസ്കാരിക ലോകത്ത് നട്ടുവളർത്തുന്നത് ചീത്തപ്രവണതയാണ്.അവർക്ക് തിരഞ്ഞെടുപ്പിലോ ജയത്തിലോ അല്ല താല്പര്യമെന്നു വ്യക്തമാണ് .സ്വന്തം ലക്ഷ്യങ്ങൾ നേടാൻ വേണ്ടി ഒരു തിരഞ്ഞെടുപ്പിനെ വീണു കിട്ടിയ നിധി പോലെ ഉപയോഗിക്കുകയാണ് ചെയ്തത് .ഇങ്ങനെ ചിന്തയിൽ ദരിദ്രരായ എഴുത്തുകാരുടെ പ്രവൃത്തികൾ എങ്ങനെയെല്ലാം രാഷ്ട്രീയമായ അന്ധതയിലേക്ക് ഒരു ജനതയെ കൊണ്ടുപോയി അധ:പ്പതിക്കാമെന്നു സാർത്രിൻ്റ വാദങ്ങൾ ശരിവച്ചു കൊണ്ടു പറയുവാൻ സാധിക്കും.
രജതരേഖകൾ
1)വിശ്വൻ പടനിലം എഴുതിയ 'തേർഡ് ബെൽ'(ഓർമ്മകൾ ,ഫേബിയൻ) , 'അടുത്ത ബെല്ലിനു നാടകം ആരംഭിക്കും'(ഓർമ്മകൾ ,ഉണ്മ)എന്നീ പുസ്തകങ്ങൾ വായിച്ചു .പടനിലം എച്ച്എസ്എസ് അധ്യാപകനായിരുന്ന വിശ്വൻ നല്ലൊരു സാംസ്കാരിക പ്രവർത്തകനും നാടകനടനും രചയിതാവും കഥാകൃത്തുമാണ്. തൻ്റെ സർഗമേഖലയെ പലതായി തിരിച്ച്, സദാപ്രവർത്തനിരതമായ ജീവിതമാണ് വിശ്വൻേറത്. അദ്ദേഹത്തിനു പതിറ്റാണ്ടുകളായുള്ള സാംസ്കാരിക, സാഹിത്യപ്രവർത്തനത്തിന്റെ ഓർമ്മകളുണ്ട്. ജീവിതത്തെ സ്നേഹിച്ച ,അല്പം പോലും കാപട്യമില്ലാത്ത, എഴുത്തുകാരനാണ് വിശ്വൻ പടനിലം .വർഷങ്ങളായി തുടരുന്ന ആ സർഗ്ഗകർമ്മങ്ങൾ ഇതിന് തെളിവാണ് .ഈ ഓർമ്മകളിൽ ഗ്രാമം ,വിശേഷിച്ച് നൂറനാട് ,പടനിലം പ്രദേശങ്ങൾ, പ്രാചീനമായ ഒരു അനുഷ്ഠാനകലാരൂപം പോലെ ഉയർത്തെഴുന്നേൽക്കുകയാണ്. ആധുനികലോകത്തിൻ്റെ ചായക്കൂട്ടുകൾക്കിടയിൽ നഷ്ടപ്പെടാതിരിക്കാനാണ് താൻ ഈ ഓർമ്മകൾ എഴുതുന്നതെന്നു വിശ്വൻ പറയുന്നില്ലെങ്കിലും അതാണ് സത്യമെന്നു വായനക്കാർക്ക് ബോധ്യപ്പെടും .
2)ആധുനിക നാഗരികതയുടെ സാങ്കേതിക മുന്നേറ്റത്തിനിടയിൽ സമയം പങ്കുവെച്ച് തീരുമ്പോൾ ആത്മീയമായ ആവശ്യങ്ങൾക്കുള്ളത് കുറയും .പ്രാർത്ഥനയും ചിന്തയും വെറും ചടങ്ങായി മാറും. അതുകൊണ്ടായിരിക്കാം സാഹിത്യകൃതികൾ ഇപ്പോൾ വായനയെയല്ല നിർവ്വചിക്കുന്നത് ;ഒരു ഉല്‌പന്നം എന്ന നിലയിൽ അത് വിൽക്കുകയും വാങ്ങുകയും ചെയ്യുകയാണ്. വായിക്കുകയും മറക്കുകയും ചെയ്യുകയാണ്.
3)എം.ആർ. വിഷ്ണുപ്രസാദ് എഴുതിയ 'കുറുകെ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 22) എന്ന കവിത ഒരു ട്രാഫിക് കുരുക്കിൻ്റെ മനോഹരമായ സറിയലിസ്റ്റ് ആവിഷ്കാരമായിട്ടുണ്ട്. ഒരു വസ്തുവും നമ്മളും തമ്മിലുള്ള ബന്ധത്തിലെ അനന്യതയാണ് കവിതയിൽ അനാവൃതമാകേണ്ടത് .ആ വസ്തുവിനെ ആദ്യമായി കാണുകയാണെന്നു അനുവാചകനു തോന്നണം.
'അഴിഞ്ഞുപോയ
സീബ്രാവരകൾ
തലകുനിച്ച്
കടന്നുപോകുന്നു.
സ്വപ്നത്തിൽ
കൂട്ടിയിടിച്ചവർ
മുറിവൂതിയൂതി
ജനാല തുറക്കുന്നു.
നിസ്സാര പരിക്കുകളോടെ
അപകടത്തിൽപ്പെട്ട
തർക്കങ്ങൾ.'
4)ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ ഷാജി എൻ കരുണിനെക്കുറിച്ച് വിജയകൃഷ്ണൻ എഴുതിയ 'ദൃശ്യവിസ്മയങ്ങളുടെ രാജശില്പി'(ഗ്രന്ഥാലോകം ,ജൂൺ) നല്ലൊരു അവലോകനമാണ്. അരവിന്ദന്റെ ഛായാഗ്രാഹകനായിരുന്ന ഷാജി സ്വന്തം സിനിമ സംവിധാനം ചെയ്തപ്പോൾ ക്യാമറ കൈകാര്യം ചെയ്തില്ല ,അരവിന്ദനിൽ നിന്ന് ഏറെ വ്യത്യസ്തനായ ഹരിഹരന്റെ 'നഖക്ഷതങ്ങൾ','സർഗ്ഗം','പഞ്ചാഗ്നി' എന്നീ ചിത്രങ്ങൾക്ക് ഷാജി ഛായാഗ്രഹണം ചെയ്തപ്പോൾ അത് വലിയൊരു വിജയഘടകമായി, ഏറെയൊന്നും ചർച്ച ചെയ്യപ്പെടാത്ത 'മഞ്ഞ്' എന്ന സിനിമയുടെ ഒരേയൊരു ആകർഷക ഘടകം ഷാജി പകർത്തിയ നൈനിത്താളിന്റെ മനോഹാരിതയാണ് തുടങ്ങിയ നിരീക്ഷണങ്ങൾ അർത്ഥവത്തായിരിക്കുന്നു .
5)ഒഴുകുപാറ സത്യന്റെ 'അടുക്കള'(സ്ത്രീശബ്ദം, ജൂലായ് ) രസാനുഭൂതിയുണർത്തി.
'മിക്സി പോലുള്ള
അധികാരയന്ത്രങ്ങളിൽ
അരഞ്ഞുകൊണ്ടിരിക്കണം.
വേവിൻ്റെ നൊമ്പരങ്ങളിൽ
തിളച്ചു മറിയണം.
മുളകു ചിന്തകൾ
പുകഞ്ഞു നീറണം.
ഉള്ളി മോഹങ്ങൾ
കരഞ്ഞുതീർക്കണം .
ഇടയ്ക്ക് നെടുവീർപ്പിൻ്റെ
ഫ്രിഡ്ജിൽ മനമൊന്നു
തണുപ്പിക്കണം.'
എന്നാൽ അവസാനത്തെ വരി ശരിയായില്ല :
'പാകപ്പെടുത്തൽ മാത്രമല്ല
തിന്നു തീർക്കലാണ്
അടുക്കള ജീവിതം'.
ഒടുവിലത്തെ വരികളിലെത്തിയപ്പോൾ അതുവരെ നിലനിന്ന ഭയവും അസ്വസ്ഥതയും നേർത്തുപോയി .
6)ഒരു മികച്ച എഴുത്തുകാരന്റെ ജീവിതത്തിൽ വിവിധ വിഷയങ്ങൾ, ഓരോ കൃതിയിലും വ്യത്യസ്തമായ വിഷയങ്ങൾ ആവിഷ്കരിച്ചു എന്നു പറയാനാവില്ല. അങ്ങനെ ഒരു വൈവിധ്യം സാധ്യമല്ല. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരൻ അൽബർട്ടോ മൊറാവിയ പറഞ്ഞു: 'എല്ലാ നല്ല എഴുത്തുകാരും ഒരു പക്ഷിയെ പോലെയാണ്. ഒരേ പാട്ട് പാടുന്നു ;ഒരേ പ്രമേയമാണ് ജീവിതകാലമത്രയും. എൻ്റെ കാര്യത്തിൽ ഈ പ്രമേയം കലാപമാണ്.'
metrovartha , july 28, 2035
അക്ഷരജാലകം /എം.കെ. ഹരികുമാർ / സഹനത്തിൽ നിന്ന് സംസ്കൃതം /july 23, 2025
![]() |
Aksharajalakam |
ഒരു സ്വപ്നത്തിനു പിന്നാലെ യാത്ര ചെയ്യാൻ കഴിയുന്നവർ വളരെ വിരളമാണ്. നിലവിലുള്ള സുരക്ഷാകവചങ്ങൾ ഉപേക്ഷിച്ചു സാഹസികയാത്ര ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ സ്വതന്ത്രരാകുന്നതെന്നാണ് നോവലിസ്റ്റ് പാവ്ലോ കൊയ്ലോ 'ആൽക്കിമിസ്റ്റ്' എന്ന കൃതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഒരു ആട്ടിടയൻ യുവാവ് തൻ്റെ സ്വപ്നത്തിൽ കണ്ട നിധി തേടി ഈജിപ്തിലെ പിരമിഡിനടുത്തേക്ക് യാത്ര പോകുന്നു. ആ യാത്രയിൽ അയാൾ സ്വതന്ത്രനായിരുന്നു. യാത്രയിൽ പല വ്യക്തികളുമായി പരിചയപ്പെട്ടു .അപ്പോൾ അയാൾ തൻ്റെ പരിമിതമായ സാഹചര്യങ്ങളെ ഉപേക്ഷിക്കുകയായിരുന്നു.പലതും ഗ്രഹിച്ചു.നിധി തേടിപ്പോയ സാൻ്റിയാഗോ എന്ന ആ യുവാവ് ഒടുവിൽ താൻ യാത്ര തുടങ്ങിയ ഇടത്തേക്ക് തിരിച്ചെത്തുകയാണ്. അവിടെ ഒരു ഒഴിഞ്ഞ പള്ളിയുടെ സമീപത്തുള്ള മരത്തിന്റെ ചുവട്ടിൽ നിന്നു അയാൾക്ക് താൻ തേടി നടന്ന നിധി ലഭിക്കുന്നു .എന്നാൽ ഈ നിധിയേക്കാൾ വിലപ്പിടിപ്പുള്ളത് താൻ യാത്ര ചെയ്ത ഇടങ്ങളിലെ വിശേഷബുദ്ധിയുള്ള ചിലരുമായി സംസാരിക്കാനും സഹകരിക്കാനും കഴിഞ്ഞതാണെന്നു അയാൾ മനസ്സിലാക്കുന്നു.
അയാൾക്ക് ഈ ലോകത്തിൻ്റെ മൃദുലമായ സ്നേഹവും ബന്ധവും എന്താണെന്നു തിരിച്ചറിയാൻ കഴിഞ്ഞു. ലാഭനഷ്ടങ്ങളുടെയും പ്രതാപങ്ങളുടെയും ഭയങ്ങളുടെയും പിന്തുടർച്ചകളുടെയും ഇടയിൽ കിടന്നു വട്ടം കറങ്ങിയിരുന്ന അയാൾക്ക് അത് മനസ്സിലാക്കാനാവാത്ത കാര്യങ്ങളായിരുന്നു .സ്വർഗ്ഗം നമ്മുടെ അരികിലുണ്ട്; അല്ലെങ്കിൽ അതിൻ്റെ സൂചനകൾ ആരൊക്കെയോ നമ്മളിലേക്ക് സംക്രമിപ്പിക്കുന്നുണ്ട്.എന്നാൽ നമ്മുടെ അഹങ്കാരവും പദവിയും സമ്പത്തും അത് സ്വീകരിക്കാൻ തടസ്സമാവുന്നു. മറ്റൊരാളുടെ വാക്കുകൾ കേൾക്കാൻ കഴിയാത്ത വിധം ഈഗോ വളർന്നിരിക്കയാണ് .
സ്വയം അറിയുന്നത്
എത്രയോ പേർ അനവസരത്തിലും ആവശ്യത്തിലും നമുക്ക് വേണ്ടതായ വാക്കുകൾ പറഞ്ഞിരിക്കുന്നു .എന്നാൽ അതൊന്നും നമ്മൾ കേൾക്കുകയില്ല. കേൾക്കാനുള്ള മനസ്സില്ല. ഈ കഥാപാത്രം സാഹസികമായ യാത്രയ്ക്കൊടുവിൽ, അത് ഒരു സ്വപ്നത്തിൽ നിന്നു ലഭിച്ച പ്രചോദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു, യഥാർത്ഥമായ ജീവിതത്തെ അറിയുന്നു.സ്വത്തിൻ്റെ ഉടമസ്ഥതയോ വിനിയോഗമോ ആവശ്യമാണെങ്കിലും അതിനേക്കാൾ സ്വയം അറിയുന്നതിൻ്റെ ഭംഗിയുണ്ട്. സാൻറിയാഗോ തേടിയ നിധി ഈജിപ്തിലല്ല; അയാൾ നേരത്തെ ജീവിച്ച സ്ഥലത്ത് തന്നെയായിരുന്നു. നമ്മളിൽ സൂക്ഷിച്ച നിധി കാണാതെ, അത് ദൂരെ എവിടെയോ ഉള്ള ഒരു പിരമിഡിലുണ്ടെന്നു തെറ്റിദ്ധരിച്ച് യാത്ര ചെയ്യുന്ന സാൻ്റിയാഗോമാരല്ലേ ഭൂരിപക്ഷവും ?
സ്വപ്നങ്ങളെ മനസ്സിലാക്കുന്നതിൽ പിഴവ് സംഭവിക്കാം ;ഒരു ലക്ഷ്യമല്ല, അതിലേക്കുള്ള യാത്രയാണ് പ്രധാനമെന്നു കൊയ്ലോ പറയുന്നു. കൊയ്ലോ നിർദ്ദേശിക്കുന്ന സ്വയം പരിവർത്തനപ്പെടുത്താനുള്ള ഒരു മാർഗ്ഗം ഇതാണ്: "നാം സ്നേഹിക്കുമ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആരാണോ അതിനേക്കാൾ നല്ലൊരു മനുഷ്യജീവിയായി മാറാനാണ് എപ്പോഴും പരിശ്രമിക്കുന്നത്. നമ്മൾ നല്ലതാകാൻ പ്രയത്നിക്കുമ്പോൾ ചുറ്റിനുമുള്ളതെല്ലാം കൂടുതൽ നന്നാവുന്നു.' വളരെ ലളിതമായ ഒരു ജീവിതസത്യമാണിത്.ഏത് വസ്തുവിനെയും സ്നേഹിക്കാം; അതിനു ജീവൻ വേണമെന്നില്ല. സ്നേഹിക്കുമ്പോൾ നാം ഒരു പാലം പണിയുകയാണ് .അതുവരെ നമുക്ക് അജ്ഞാതമായ ഒരു ലോകമാണത്. നാം ഒരു ബന്ധത്തിന്റെ പാതയിൽ യാത്ര തുടങ്ങുകയാണ് .അത് തീർച്ചയായും നമ്മെ ഉണർത്തും. നമ്മുടെ ബുദ്ധി പോലും വർദ്ധിപ്പിക്കും. നാം ഇന്ദ്രിയങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കും. നമ്മുടെ ഇന്ദ്രിയങ്ങൾക്ക് സൂക്ഷ്മ ഗ്രഹണശക്തി ഉണ്ടാകാം .നാം ശാരീരികമായി മെച്ചപ്പെടുകയാണ്. അതിൻ്റെ ഭാഗമായി ആഭ്യന്തരലോകത്ത് വിശുദ്ധവും നന്മനിറഞ്ഞതുമായ അനുരണനങ്ങൾ ഉണ്ടാവുകയാണ് .ഒരു വിശുദ്ധ സന്ദേശം ലഭിച്ച പോലെ നാം ഉത്സുകരാവുന്നു.
സ്നേഹം എന്ന അനുഭൂതി
നമ്മെ കൂടുതൽ ശ്രദ്ധിക്കാൻ നമുക്ക് തോന്നുന്ന സന്ദർഭമാണിത്. വസ്തുവിനോടുള്ള സ്നേഹം നമ്മെ വലിയ മനുഷ്യരാക്കും. പുസ്തകങ്ങളെയോ വീട്ടുപകരണങ്ങളെയോ സ്നേഹിക്കാം; അവയ്ക്ക് ജീവനില്ലെങ്കിൽ പോലും തിരിച്ചു സ്നേഹിക്കും .നന്ദി കാണിക്കും. ഒരു വസ്തുവിനോടുള്ള സ്നേഹം അതിന്മേലുള്ള നിരീക്ഷണം ആർദ്രമാക്കും. ഒരു പൂപ്പാത്രമാണെന്നു കരുതുക .അതിനെ നാം എന്നും തുടച്ചു വൃത്തിയാക്കുക .അപ്പോൾ അത് തിളങ്ങിയിരിക്കും. അത് ജീവിതത്തിനു വേണ്ടി ത്രസിക്കും. നമ്മുടെ മനസ്സിൻ്റെ ഊർജ്ജ കണങ്ങളിലേക്ക് ആ പാത്രം അടുത്തു വരും .നമ്മുടെ ആരോ ആണ് അതെന്നു ഓർമിപ്പിക്കും .അത് സ്നേഹത്താൽ മാത്രം നേടുന്ന അനുഭൂതിയാണ് .എന്നാൽ അതിനെ ശ്രദ്ധിക്കാതായാൽ ഭംഗി നഷ്ടപ്പെടും. കറുത്ത പാടുകൾ വീഴും .അത് വിഷാദത്തിന്റെ അടയാളങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങും .അതിൻ്റെ സൂചനകളോട് ഈ ലോകം പ്രതികരിക്കുന്നില്ലല്ലോ എന്ന വിഷാദമാണത്. ഒടുവിൽ അത് ആത്മഹത്യ ചെയ്യും. ഇത് മനുഷ്യൻ സമീപിക്കുന്ന എല്ലാ വസ്തുക്കൾക്കും ബാധകമാണ് .നാമാണ് അതിന്റെ ചാലകശക്തി. ഒരു ചെടിക്ക് ദിവസവും വെള്ളമൊഴിച്ച് പരിപാലിക്കുന്ന പക്ഷം അത് ജീവൻ്റെ തുടിപ്പ് കാണിക്കും .അത് പ്രതിപ്രവർത്തിക്കുകയാണ് .ഈ ലോകത്ത് ഏറ്റവും അത്ഭുതകരമായത് ജീവനാണ് .ജീവനെ നമുക്ക് കൃത്രിമമായി സൃഷ്ടിക്കാനാവില്ല. അത് നൂറ്റാണ്ടുകളായുള്ള ഒരു യാത്രയിലൂടെ അതിജീവിച്ചു വരുന്നതാണ് .അത് എപ്പോഴും അത്ഭുതമാണ്. അത് ഏതോ രഹസ്യപ്രവർത്തനം പോലെ ഉണ്ടാവുകയാണ്.
പ്രത്യുൽപാദനത്തിലൂടെ ഒരു പുതുജീവൻ പിറക്കുന്നത് അത്ഭുതമാണ് .അങ്ങനെയൊരു സത്യത്തെ ഈ പ്രപഞ്ചം നിലനിർത്തിയിരിക്കുന്നു .അത് ആവർത്തിക്കുന്നു .അതിൽ നാം വിശ്വസിക്കുകയാണ് .ഒരു വിത്തിൽ നിന്നു നാമ്പ് പൊട്ടിമുളക്കുമെന്നു നാം വിശ്വസിക്കുകയും അതുപോലെ സംഭവിക്കുകയും ചെയ്യുന്നു .അതാണ് പ്രപഞ്ചത്തിന്റെ പദ്ധതി .ഒരു നെൽവിത്ത് നട്ടാൽ വളർന്നു കതിരുണ്ടായി വിളഞ്ഞു അതിൽ നിന്നു അരി ഉണ്ടാക്കിയെടുക്കാമെന്നത് പ്രപഞ്ചസത്യമാണ്. ആ സത്യത്തെ നശിപ്പിക്കാൻ ഒരു യൂണിവേഴ്സിറ്റിക്കും മതപുരോഹിതനും സാധ്യമല്ല .ഈ പ്രപഞ്ചസത്യത്തെ അനുഭവിക്കുകയാണ് നമ്മുടെ മാർഗ്ഗം.
സ്നേഹിക്കുന്നതോടെ ചുറ്റിനുമുള്ള ലോകം കൂടുതൽ നന്നാവും എന്നു പറഞ്ഞല്ലോ .നാം ഓരോന്നിനെയും അതാതിൻ്റെ ഇടത്തു നിന്നു നമ്മുടെ ആത്മാവിൻ്റെ സൂപ്പർ ഹൈവേയിലേക്ക് കൈപിടിച്ചു കയറ്റുകയാണ് . അങ്ങനെ പ്രാപഞ്ചികമായ ,ഏകവും സുന്ദരവുമായ ഒരു ബന്ധത്തിലേക്ക് നാം എത്തിച്ചേരുന്നു. അത് ഓർമ്മകൾ ഉല്പാദിപ്പിക്കുകയാണ് .നമ്മുടെ അസ്തിത്വത്തിനു അർത്ഥമുണ്ടാകുകയാണ്. നാം യാതൊന്നിലേക്കും മനസ്സ് കൊടുക്കാതെ അവനവനിൽ മാത്രം കെട്ടിക്കിടക്കുകയാണെങ്കിൽ അതുല്യമായ ഈ അനുഭൂതി നേടാനാവുകയില്ല .അന്യവൽക്കരണത്തിന്റെ ഫലമായി നാം തിന്മയെ തേടുകയാണ് ചെയ്യുക.
പ്രണമിക്കുമ്പോൾ
ഒരു ചിരിയിൽ എല്ലാം അടങ്ങിയിരിക്കുന്നു എന്നു ദസ്തയെവ്സ്കി പറഞ്ഞത് ശ്രദ്ധിക്കണം:'ഒരാളെ അയാളുടെ ചിരിയിലൂടെ നമുക്ക് മനസ്സിലാക്കാം. നിങ്ങൾക്ക് ഒരാളുടെ ചിരി ഇഷ്ടമാണെങ്കിൽ, അയാളെക്കുറിച്ച് എന്തെങ്കിലും അറിയുന്നതിനു മുമ്പ് ആത്മവിശ്വാസത്തോടെ പറയാനാവും അയാൾ ഒരു നല്ല മനുഷ്യനാണെന്ന്.' ഈ ചിരിയുണ്ടാകുന്നത് ശാന്തവും മൃദുലവുമായ ബന്ധം ചുറ്റുപാടിനോടു ഉണ്ടാകുമ്പോഴാണ് .വളരെ അനായാസമായ ചിരിയായിരിക്കുമത്. ആ ചിരി നൈസർഗികമായിരിക്കും. അത് ചുണ്ടുകൾക്കിടയിലായിരിക്കില്ല വിരിയുക; ഹൃദയത്തിലായിരിക്കും. ഹൃദയത്തിലുമല്ല ,അയാൾ സ്നേഹിച്ച വസ്തുക്കളുടെ മുമ്പിലായിരിക്കും - അയാൾ സ്നേഹിച്ച മനുഷ്യരുടെ പാദങ്ങൾക്ക് മുന്നിൽ പ്രണമിക്കുന്നതിൻ്റെ പ്രസാദമായിരിക്കും.
ആരുടെയും പാദങ്ങളിൽ നമസ്കരിക്കരുതെന്നു പറയുന്നവർക്ക് അതിൻ്റെ ന്യായം കാണുമായിരിക്കും. എന്നാൽ ജീവിതത്തിലെ സന്ദിഗ്ദ്ധമായ ഒരു ഘട്ടത്തിൽ നിന്ന് അത്ഭുതകരമായി നമ്മെ കരകയറ്റിയ ഒരാളുടെ അടുത്ത് ചെല്ലുമ്പോൾ നാം ദൈവികമായ ഒരു സാന്നിധ്യം അനുഭവിക്കുന്നുണ്ടെങ്കിൽ അവിടെ പ്രണമിക്കാം. അത് ഒരു ആത്മനവീകരണമാണ് .നമ്മെ നിലനിർത്തിയ എല്ലാ പ്രപഞ്ചശക്തികൾക്കും മുന്നിലാണ് ആ പ്രണാമം .ആരുടെ മുന്നിലാണോ നമസ്കരിക്കേണ്ടത് അയാൾ കേവലം ഒരു വ്യക്തിയായിരിക്കാം. എന്നാൽ സകല പ്രപഞ്ചശക്തികളും അനുകൂലമായി നിന്നാൽ മാത്രമേ ഒരു യാത്ര പുറപ്പെടാനും സ്നേഹിക്കാനും കൃഷി ചെയ്യാനും കണ്ടുമുട്ടാനും കഴിയൂ.
ഏതെങ്കിലുമൊരു തടസ്സം വന്നാൽ എല്ലാം തകിടം മറിയും. പ്രധാനപ്പെട്ട ചടങ്ങുകൾക്കെല്ലാം പ്രപഞ്ചശക്തികളുടെ ശാന്തമായ അനുഭവം വേണം.
എന്താണ് സരളമായ ആത്മീയത? അതിനു ഒരു ചിട്ടയുമില്ല .അത് ആത്മാവിന്റെ അന്വേഷണമാണ്, അനുഭൂതിയാണ്. ഒരാൾ സ്വയം അറിയുന്ന നിമിഷമാണത്. ഇത് ഒരു ഗാനമാണ്, ഈ ഗാനത്തിൽ ഞാൻ അലിയുന്നു ,ഒഴുകുന്നു എന്നറിയുമ്പോൾ ആത്മീയത ഉണ്ടാകുന്നു. ആത്മാവിന്റെ വിഹായസിലൂടെയുള്ള യാത്രയാണത്. യാതന സഹിക്കാം, എന്നാൽ യാതനയെക്കുറിച്ചുള്ള ഭയം അസഹനീയമാണെന്നു കൊയ്ലോ എഴുതിയിട്ടുണ്ട്.'നിങ്ങൾ ഹൃദയത്തിലേക്ക് ചെവിയോർക്കുക. അതിനെല്ലാമറിയാം. എന്തെന്നാൽ അത് ലോകത്തിന്റെ വലിയ ബോധത്തിൽ നിന്നുണ്ടായതാണ്. അത് ഒരു ദിവസം അങ്ങോട്ട് തിരിച്ചു പോകാനുള്ളതാണ്. നമുക്ക് ആത്മനിയന്ത്രണമുണ്ടാകുന്നത് ഒരു ഭാഗ്യം പോലെയാണ്. ഒരു മനുഷ്യനിൽ പലരാണ് ആധിപത്യം പുലർത്തുന്നത്. നാം ഒറ്റയ്ക്കല്ലല്ലോ. നമ്മെ നയിക്കുന്നത് ആരാണ്? ആരുടെയോ പ്രേരണയിൽ, ഏതോ കേട്ടുകേൾവിയിൽ നാം മുന്നോട്ടു കുതിക്കുകയാണ്. പൂർണമായി ചിന്തിച്ചല്ല പ്രവർത്തിക്കുന്നത് .ഒരാളെ പോലീസ് ഓടിക്കുകയായിരുന്നു. ഓടുന്ന വെപ്രാളത്തിൽ അയാൾ റോഡിലേക്ക് കുതിച്ചു .എന്നാൽ ഒരു വശത്തു നിന്ന് വാഹനം അതിവേഗം പാഞ്ഞുവന്നത് അയാൾ കണ്ടില്ല. അയാളെ അത് ഇടിച്ചു തെറിപ്പിച്ചു. ഒരു സെക്കൻഡിനുള്ളിലാണ് പല തീരുമാനങ്ങളും എടുക്കുന്നത്. പെട്ടെന്നു കാര്യങ്ങൾ ഗ്രഹിക്കാൻ ആരുടെ പക്കലും അനേകം ചാനലുകളില്ല .ഒരേയൊരു ബോധേന്ദ്രിയാണ് എല്ലാവരും ഉപയോഗിക്കുന്നത് .പഠിക്കാനും മീൻ പിടിക്കാനും വണ്ടിയോടിക്കാനും സന്ദേശങ്ങൾക്കു മറുപടി അയയ്ക്കാനും പ്രത്യേകം ബോധേന്ദ്രിയങ്ങളില്ല .ആകെ ഒന്നുമാത്രം. ബോധേന്ദ്രിയത്തിൻ്റെ തീരുമാനങ്ങൾ എപ്പോഴും ശരിയായിരിക്കില്ല. ധൃതി എല്ലാറ്റിൻ്റെയും താളം തെറ്റിക്കും. ഒരാൾക്ക് സ്വന്തം ഭാഗത്തെക്കുറിച്ച് ചിന്തിക്കാൻ ഈ ലോകത്ത് അവസരങ്ങളുണ്ടെന്നാണ് പാവലോ കൊയ്‌ലോ പറയുന്നത്. അതിനു പക്ഷേ ,അവനവൻ വിചാരിക്കണം. ഓരോരുത്തരെയും കാത്ത് ഓരോ നിധിയുണ്ടത്രേ. വ്യക്തിപരമായ കടമ്പകളാണ് ഏറ്റവും വലിയ പ്രതിബന്ധം .അവനവൻ്റെ കാലിലെ ചങ്ങല സ്വയം കെട്ടിയതാണെങ്കിൽ അത് അഴിച്ചു മാറ്റാൻ മറ്റാരും വരികയില്ല.
സംസ്കരിക്കേണ്ടത്
ഒരു ഉൾവിളി ഉണ്ടാവുക എന്നു പറയാറുണ്ട് .പ്രാപഞ്ചികബോധത്തിലേക്ക്, പ്രാപഞ്ചികമായ ജീവിതത്തിന്റെ ഒഴുക്കിലേക്ക് പ്രവേശനം കിട്ടുന്നതിന്റെ സൂചനയാണത്. കൊയ്ലോയുടെ വാക്കുകൾ:'ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനു മുമ്പ് പ്രപഞ്ചബോധം എല്ലാറ്റിനെയും പരീക്ഷിക്കുന്നു. അത് തിന്മയായത് കൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്; നമുക്ക് വേണ്ടിയാണ്. സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനു പുറമേ നമ്മുടെ യാത്രയിൽ പഠിച്ചതിലെല്ലാം വൈദഗ്ദ്ധ്യം നേടണം. ഇത് പലരും ശ്രദ്ധിക്കാറില്ല.'
തിരിച്ചടികളെക്കുറിച്ചാണ് ,അദ്ദേഹം ഓർമ്മിപ്പിക്കുന്നത്. എപ്പോഴും അനുകൂലമായിരിക്കുന്ന ഒരു വ്യവസ്ഥയുമില്ല. പ്രതിബന്ധങ്ങളെ പഠിക്കുകയാണ് പ്രധാനം .ജീവിതം നശിക്കുന്നതാണെന്നു കൂടി ഓർത്താൽ നല്ലതാണ് .ഈ നിമിഷത്തിൽ മാത്രമേ നമുക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ. ഭൂതകാലം ഓർമ്മകളായി ചിതറിപ്പോയിരിക്കുന്നു .ഭാവിയാകട്ടെ ആരുടെയും ഗ്യാരണ്ടിയല്ല. എന്നാൽ ഈ നിമിഷം സന്തോഷത്തോടെയിരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും? കൊയ്ലോ എഴുതുന്നു: നിങ്ങൾക്ക് ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെങ്കിൽ സന്തോഷം നേടാം .ജീവിതം ഒരു സൽക്കാരമാണ് ,നല്ലൊരു വിരുന്നാണ്. എന്തുകൊണ്ടെന്നാൽ ജീവിതം നാം ജീവിക്കുന്ന ഈ നിമിഷമാണ്.'
ജീവിതത്തിലെ ഈ നിമിഷത്തെ സംസ്കരിച്ചെടുക്കുക;അപ്പോൾ അത് സംസ്കൃതമാകുകയാണ്. ഏതു വികാരവും ചിന്തയും സംസ്കൃതമാക്കാം. അവ്യക്തതകളിൽ നിന്ന് ,കാലുഷ്യങ്ങളിൽ നിന്ന് ,അലങ്കോലങ്ങളിൽ നിന്ന് മിതത്വത്തിൻ്റെ ,സഹനത്തിൻ്റെ ,സംയമനത്തിൻ്റെ ,സഹിഷ്ണുതയുടെ അംബരാന്തത്തിലേക്ക് ഉയരുമ്പോഴാണ് ഈ സംസ്കൃതത്തിലെത്തിച്ചേരുന്നത്.
എല്ലാറ്റിലും കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. എല്ലാം ഒന്നാണ്.എല്ലാറ്റിനും തമ്മിൽ ഒരു ചേർച്ചയുണ്ട്. അത് അറിയുന്നതിനു കൊയ്ലോ നിർദ്ദേശിക്കുന്നത് ഇതാണ്: 'ഞാൻ എല്ലാവരെയും പോലെ ഒരുവനാണ്. ഈ ലോകത്തെ ഞാൻ കാണുന്നത്, ഇവിടെ എന്ത് നടന്നു കാണാൻ ആഗ്രഹിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലല്ല; യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ്.'
കുട്ടികളോടു അസാധാരണ ജീവിതം തിരഞ്ഞെടുക്കണമെന്നു ഉപദേശിക്കരുതെന്നു താവോയിസ്റ്റ് പരിശീലകനായ വില്യം മാർട്ടിൻ 'ദ് പേരൻ്റ്സ് താവോ ചേ ചിoഗ്' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അത് ഇങ്ങനെയാണ്: 'അവർ സാധാരണ ജീവിതത്തിൻ്റെ അത്ഭുതവും അതിശയവും കണ്ടുപിടിക്കട്ടെ. വളർത്തൃമൃഗങ്ങളും ആളുകളും മരിക്കുമ്പോൾ എങ്ങനെയാണ് വേദനിക്കേണ്ടതെന്നു പഠിപ്പിക്കുക .ഒരു കൈവന്ന് സ്പർശിക്കുമ്പോഴുണ്ടാകുന്ന അനന്തമായ ആനന്ദത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുക. അങ്ങനെ സാധാരണത്വത്തെ അവർ ചൈതന്യപൂർണമാക്കട്ടെ.'
രജതരേഖകൾ
1)അഞ്ചൽ ദേവരാജൻ എഴുതിയ 'ഗ്രീഷ്മായനം (ആശ്രയമാതൃനാട് ,ജൂലായ്) തീക്ഷ്ണവികാരങ്ങളുടെ ഉലയിൽ പാകപ്പെടുത്തിയ കവിതയാണ് .മണ്ണിൽ പുതഞ്ഞ കവിതയെ ഉയർത്തിയെടുക്കുകയാണദ്ദേഹം . വേനൽച്ചൂടിൽ കഷ്ടപ്പെടുന്ന ഒരു വൃക്ഷത്തിന്റെ ചിന്തകളാണിത് .കവി എഴുതുന്നു:
'ഉൽക്കകളിൽ വീണെരിയുന്ന സൂര്യനായ്
ഇരുളിൽ പൊരിമണലണിയുന്ന ഭൂമിയായ്
എന്നോ പിണങ്ങിയോരുന്നിദ്രഗീതമായ്
ഈ സൗരയൂഥത്തുരുത്തിൽ
ഒരിത്തിരി തീപ്പൊരി തേടുന്ന
പൂത്തിരിക്കോലമായുണരാൻ
ഉലയൂതിയിനിയുമിരിപ്പൂ ഞാൻ .'
കാല്പനികതയുടെ ഭംഗിയും അറിവിൻ്റെ കാന്തിയും പ്രസരിപ്പിച്ച കവിതയാണിത്. ഒരു വൃക്ഷം വേറിട്ട ഒരു മതാനുഭവമാണ്. മഹാസാഹിത്യകാരനായ ഹെർമൻ ഹെസ്സെ വൃക്ഷങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി:'വൃക്ഷങ്ങൾ പ്രബോധകരാണ്. കൂട്ടമായി ജീവിക്കുന്നത് കാണുമ്പോൾ ഞാൻ അവരെ ബഹുമാനിക്കുന്നു. ഒരു വൃക്ഷം ഒറ്റയ്ക്ക് നിൽക്കുന്നത് കാണുമ്പോഴും ഞാൻ ബഹുമാനിക്കുന്നു. ഏകാന്തവ്യക്തികളായ സംഗീതജ്ഞൻ ബീഥോവൻ ,തത്ത്വജ്ഞാനി നിഷെ എന്നിവരെ പോലെയാണ് ഒറ്റയ്ക്ക് നിൽക്കുന്ന വൃക്ഷങ്ങൾ.'
2)ബഹിരാകാശത്ത് പോയി വന്ന ശുഭാംശുവാണ് ഇന്നു ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക ജീവി. ഇന്നു സംസ്കാരം ആർജിക്കുകയാണ്. സാംസ്കാരം അപൂർവ അനുഭവമാണ്. ഇന്ത്യയിൽ മറ്റാർക്കും ഇല്ലാത്ത അനുഭവം ശുഭാംശുവിനുണ്ട് .ഏറ്റവും വിലകൂടിയ കാറിലോ വിമാനത്തിലോ സഞ്ചരിക്കുന്നവർക്ക്, ഏറ്റവും സമ്പന്നനായ ,ചെലവ് ചെയ്യുന്ന വ്യക്തികൾക്ക് ഈ ജ്ഞാനമില്ല , അനുഭവമില്ല. ഇന്നു സംസ്കാരം അപൂർവതയാണ്. ഏറ്റവും വിലകൂടിയ അനുഭവം വാങ്ങുന്നവനാണ് ഏറ്റവും വലിയ സാംസ്കാരിക ബുദ്ധിജീവി. ശുഭാംശുവിനെ പോലെ ബഹിരാകാശത്തെ മര്യാദയും ജീവിതരീതികളും സദാചാരവും മറ്റാർക്കും അറിയില്ല. ശുഭാംശുവിൻ്റെ ബഹിരാകാശ വസ്ത്രം ഇന്നു ഒരു ഇന്ത്യക്കാരനും ധരിച്ചിട്ടില്ല.
3)സ്വത്വം, സാങ്കേതികത ,വസ്തുനിഷ്ഠത, ആത്മനിഷ്ഠത തുടങ്ങിയ വിഭജനങ്ങളിലൂന്നിയുള്ള വിശകലനം ഇന്നു പ്രസക്തമല്ലെന്നു 'ഓട്ടോമോഡേണിസം' എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റോബർട്ട് സാമുവൽസ് അഭിപ്രായപ്പെടുന്നു. എല്ലാ അനുഭവങ്ങളെയും ഒന്നിപ്പിക്കുകയാണ് ഓട്ടോമോഡേണിസം .അവിടെ ആത്മീയം ,ഭൗതികം എന്ന വേർതിരിവില്ല. ഒരു ഓട്ടോമോഡേൺ പ്രക്രിയയാണ് ഇന്നത്തെ ജീവിതം. അത് എല്ലാറ്റിനെയും നവീകരിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം പഴയ ജീവിതരീതിയുമായി ആധുനിക സാങ്കേതികത ഇഴുകിച്ചേരുകയും ചെയ്യുന്നു.
4)സ്നേഹം ഒന്നിൻ്റെയും ഉടമസ്ഥത അവകാശപ്പെടുന്നില്ല .അത് സ്വാതന്ത്ര്യത്തെ തുറന്നു വിടുകയാണ് ചെയ്യുന്നതെന്നു ടാഗോർ പറഞ്ഞു. സ്നേഹം സ്വന്തമാക്കാനുള്ളതല്ലെന്നും സ്വതന്ത്രമാക്കാനുള്ളതാണെന്നും പറഞ്ഞാൽ ഇന്നത്തെ കമിതാക്കൾ സമ്മതിക്കുമോ എന്നറിയില്ല. ഇന്നു സ്നേഹം എന്നു പറയുന്നത് ഒരു പ്രായോഗിക നോട്ടമായി ചുരുങ്ങിപ്പോയിട്ടുണ്ട് .യഥാർത്ഥ സ്നേഹം ചരാചരങ്ങളെ ബന്ധിപ്പിക്കുന്ന ചരടാണ്. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.
5)മലയാള ചെറുകഥയിൽ അത്ഭുതകരമായ പരീക്ഷണവും പരിവർത്തനവും സാധ്യമാക്കിയ സക്കറിയയുടെ 'നസ്രാണി യുവാവും ഗൗളിശാസ്ത്രവും,''ഒരിടത്ത്' എന്നീ കഥകൾ വായിക്കണം .സാഹിത്യകലയുടെ നവാനുഭവം ലഭിക്കും .
6)മുമ്പൊരിക്കൽ ഒരു കഥാകൃത്ത് കേരള സാഹിത്യ അക്കാദമിയുടെ ഹാളിൽ ചേർന്ന യോഗത്തിൽ ഇങ്ങനെ പറഞ്ഞു: 'തൻ്റെ കഥകൾ വായനക്കാരിലേക്ക് എത്തിക്കാൻ ഒരു വിമർശകനെയും കണ്ടില്ല .ഇത് വളരെ നിരാശയുണ്ടാക്കി.' വളരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണിത്. ഒരു കഥാകൃത്തിനെ വായനക്കാരിലേക്ക് എത്തിക്കാനുള്ള വാഹനമോ ഏജൻസിയോ അല്ല സാഹിത്യവിമർശകൻ .അയാൾ ഒരു ഇടനിലക്കാരനല്ല ;ഒരു കലാകാരനാണ്.അയാൾ തൻ്റെ സർഗാത്മകമായ നിമിഷത്തിൽ, അഭിരുചിക്കനുസരിച്ച് സാഹിത്യത്തെയും കലയെയും തേടുകയാണ് ചെയ്യുന്നത് .ഒരാളുടെ പ്രമോഷനുവേണ്ടി എഴുതുന്നയാൾ വിമർശകനല്ല .വിമർശകനു ഒരു നിമിഷമുണ്ട് .അയാൾ സ്വയം കണ്ടെത്താനാണ് എഴുതുന്നത്.
7)ഒരു മികച്ച എഴുത്തുകാരന്റെ ജീവിതത്തിൽ വിവിധ വിഷയങ്ങൾ, ഓരോ കൃതിയിലും വ്യത്യസ്തമായ വിഷയങ്ങൾ ആവിഷ്കരിച്ചു എന്നു പറയാനാവില്ല. അങ്ങനെ ഒരു വൈവിധ്യം സാധ്യമല്ല. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരൻ അൽബർട്ടോ മൊറാവിയ പറഞ്ഞു: 'എല്ലാം നല്ല എഴുത്തുകാരും ഒരു പക്ഷിയെ പോലെയാണ്. ഒരേ പാട്ട് പാടുന്നു ;ഒരേ പ്രമേയമാണ് ജീവിതകാലമത്രയും. എൻ്റെ കാര്യത്തിൽ ഈ പ്രമേയം കലാപമാണ്.'
metrovartha daliy, july 23, 2025