Followers

Thursday, May 1, 2008

കാവ്യാംശമെല്ലാം

പരിദേവനങ്ങളുടെ

ഒരു പഴന്തുണി ഞാന്‍ ഇന്നലെയും

ഉണക്കാനിട്ടു.

കാവ്യാംശമെല്ലാം

വാറ്റിക്കളഞ്ഞ്‌ ശരിക്കും

ഉണക്കാന്‍ തന്നെയാണ്‌ തീരുമാനിച്ചത്‌.

എന്നാല്‍ വിദ്യാഭ്യാസം നേടിയ

സകലരും അതിനെ വ്യാഖ്യാനിച്ചു.

അത്‌ വെറുമൊരു പഴന്തുണി

മാത്രമായിരുന്നു.

അല്ല, പരിദേവങ്ങളുടെ

ഒരു രേഖ മാത്രമായിരുന്നു.

എത്രനോക്കിയിട്ടും അതില്‍ ഒന്നും

കാണാത്തവര്‍ പഴന്തുണിയെ ശപിച്ചു.

എന്തിന്‌ അവരെ കുറ്റം പറയണം?

ഞാന്‍ തൂക്കിയത്‌ പഴന്തുണി മാത്രമായിരുന്നല്ലോ.

ഒരു പഴന്തുണി ഞാന്‍ തൂക്കിയോ?

ഇല്ല.

പിന്നെയോ?

ഞാന്‍ ഉണക്കാനിട്ടത്‌ പരിദേവനങ്ങളോ?

ഇല്ല, ഒന്നുമില്ല.

പരിദേവനവുമില്ല, പഴന്തുണിയുമില്ല.

No comments: