Followers

Sunday, October 5, 2008

തൂവലില്‍ നിന്ന് കുടഞ്ഞിട്ടിട്ടെന്നപോലെ ഒരു ചാറ്റല്‍മഴ

സംസ്കാരചടങ്ങ്‌ കഴിഞ്ഞയുടനെയാണ്‌
അവര്‍ അനുസ്മരണ വേദിയിലെത്തിയത്‌.
ഒരോരുത്തരും പരേതനെ പലരീതിയില്‍ വിഭജിച്ചു.
ഒരാള്‍ പറഞ്ഞത്‌ കാലം ആ നേതാവിന്‍റെ മുമ്പില്‍
തോറ്റുപോയെന്നാണ്‌.
മറ്റൊരാള്‍ , അവിവാഹിതനായ
ആ പരേതന്‍റെ ജീവിതം
ധന്യമായിരുന്നുവെന്ന് തട്ടിവിട്ടു.
അപ്പോള്‍ അടുത്തുള്ള ഒരു ഹോട്ടലിലേക്ക്‌
ഭക്ഷണവുമായിപോയ ഒരു വാനില്‍ നിന്ന്
പൊരിച്ച കോഴിയുടെ മണം ഗാഢമായി പരന്നു.
വേദിയിലിരുന്നവരെല്ലാം
അ മണം ഒരു മുക്തിപോലെ ആസ്വദിച്ചു.
ചിലര്‍ അടുത്തുതന്നെ ഒരു കോഴിയെ
കൊലപ്പെടുത്തുന്നത്‌ മനസ്സിലിട്ട്‌ താലോലിച്ചു.
മറ്റൊരാള്‍ ,പരേതന്‍റെ ഒരു ലേഖനത്തിലെ
ചില വാക്യങ്ങള്‍ ഉദ്ധരിച്ച്‌
ജീവന്‍മരണ പോരാട്ടമെന്താണെന്ന് വിശദീകരിച്ചു.
അപ്പോഴാണ്‌ ," ചെട്ടിക്കുളങ്ങര ഭരണി നാളില്‍ ഉത്സവം
കണ്ടു നടക്കുമ്പോള്‍ കുപ്പിവള കുടയ്ക്കുള്ളില്‍
ചിപ്പിവളക്കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പമിഴിയുടെ തേരോട്ടം "
എന്ന് യേശുദാസ്‌ ഒരു ലോട്ടറിക്കച്ചവടക്കാരന്‍റെ
സൈക്കിളിലിരുന്ന് പാടി കടന്നു പോയത്‌ .
യോഗം അവസാനിച്ചതും ഒരു ചാറ്റല്‍മഴ,
തന്‍റെ തൂവലില്‍ നിന്ന് കുടഞ്ഞിട്ടിട്ടെന്നപോലെ
ഒരു കാക്ക ചിറകടിച്ച്‌ പറന്നതും ഒരുമിച്ചായിരുന്നു.
ആ വേദി താല്‍ക്കാലികമായെങ്കിലും ,
മറ്റൊരു ഒച്ചപ്പാടിനായി തയ്യാറെടുത്തു.
അക്ഷര ജാലകം

1 comment:

Sanal Sasidharan said...

ആ തലക്കെട്ടിനോട് നീതിപുലർത്താത്ത കുറിപ്പ് എന്ന് ഒറ്റവായനയിൽ തോന്നി